വിഭാഗം - 7

27:83
  • وَيَوْمَ نَحْشُرُ مِن كُلِّ أُمَّةٍ فَوْجًا مِّمَّن يُكَذِّبُ بِـَٔايَـٰتِنَا فَهُمْ يُوزَعُونَ ﴾٨٣﴿
  • എല്ലാ സമുദായത്തില്‍നിന്നും, നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കുന്ന ഓരോ സമൂഹത്തെ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! എന്നിട്ട്, അവര്‍ തടഞ്ഞ് നിയന്ത്രിക്കപ്പെടുന്നതാകുന്നു.
  • وَيَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം مِن كُلِّ أُمَّةٍ എല്ലാ സമുദായത്തില്‍നിന്നും فَوْجًا ഓരോ സമൂഹത്തെ, കൂട്ടത്തെ مِّمَّن يُكَذِّبُ വ്യാജമാക്കുന്നവരില്‍പെട്ട بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ فَهُمْ എന്നിട്ടു അവര്‍ يُوزَعُونَ തടഞ്ഞു നിയന്ത്രിക്കപ്പെടും

അല്ലാഹുവിന്‍റെ ലക്ഷ്യങ്ങളില്‍ വിശ്വസിക്കാത്ത ഓരോ സമൂഹത്തെയും തടഞ്ഞുവെച്ച് ഒരുമിച്ചു കൂട്ടി നിന്ദ്യമായ നിലയില്‍ ഒന്നടങ്കം അന്ന് വിചാരണ നിലയത്തിലേക്ക് കൊണ്ടുവരുന്നതാണ്.

27:84
  • حَتَّىٰٓ إِذَا جَآءُو قَالَ أَكَذَّبْتُم بِـَٔايَـٰتِى وَلَمْ تُحِيطُوا۟ بِهَا عِلْمًا أَمَّاذَا كُنتُمْ تَعْمَلُونَ ﴾٨٤﴿
  • അങ്ങനെ, അവര്‍ വന്നാല്‍ അവന്‍ [അല്ലാഹു] പറയും: 'എന്‍റെ ലക്ഷ്യങ്ങളെക്കുറിച്ച് സൂക്ഷ്മമായറിയാതെ നിങ്ങള്‍ അവയെ വ്യാജമാക്കിയോ?! അതല്ലെങ്കില്‍, നിങ്ങള്‍ എന്തായിരുന്നു പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്?!
  • حَتَّىٰ إِذَا جَاءُوا അങ്ങനെ അവര്‍ വന്നാല്‍ قَالَ അവന്‍ പറയും أَكَذَّبْتُم നിങ്ങള്‍ വ്യാജമാക്കിയോ بِآيَاتِي എന്‍റെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ وَلَمْ تُحِيطُوا بِهَا നിങ്ങള്‍ അവയെക്കുറിച്ചു സൂക്ഷ്മമാക്കാതെ عِلْمًا അറിവ് (സൂക്ഷ്മമായറിയാതെ) أَمَّاذَا അതല്ലെങ്കില്‍ എന്താണ് كُنتُمْ നിങ്ങളായിരുന്നത് تَعْمَلُونَ പ്രവര്‍ത്തിക്കുക
27:85
  • وَوَقَعَ ٱلْقَوْلُ عَلَيْهِم بِمَا ظَلَمُوا۟ فَهُمْ لَا يَنطِقُونَ ﴾٨٥﴿
  • അവര്‍ അക്രമം പ്രവര്‍ത്തിച്ചതുനിമിത്തം അവരില്‍ (ശിക്ഷയുടെ) വാക്ക് സംഭവിക്കുന്നതുമാണ്. അപ്പോള്‍ അവര്‍ (ഒരക്ഷരവും) ഉരിയാടുകയില്ല.
  • وَوَقَعَ സംഭവിക്കുകയും ചെയ്യുന്നതാണ് الْقَوْلُ വാക്ക് عَلَيْهِمഅവരില്‍, അവര്‍ക്ക് بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതുകൊണ്ട് فَهُمْ അപ്പോള്‍ അവര്‍ لَا يَنطِقُونَ മിണ്ടുകയില്ല, ഉരിയാടുകയില്ല

അവരുടെ കണ്മുമ്പില്‍ തന്നെ സ്ഥിതിചെയ്തിരുന്ന അനേകം ലക്ഷ്യങ്ങളെപ്പറ്റി വേണ്ടതുപോലെ മനസ്സിലാക്കുവാനും, അതുവഴി അല്ലാഹുവിലും അവന്‍റെ നിര്‍ദ്ദേശങ്ങളിലും വിശ്വസിക്കുവാനും തയ്യാറാകാതെ, അവയെ അപ്പാടെ നിഷേധിച്ചു വന്നവരോട് അല്ലാഹു തന്‍റെ സന്നിധിയില്‍വെച്ച് സഗൗരവം ചോദിക്കുന്ന ചോദ്യങ്ങളാണത്. എന്ത് മറുപടിയാണവര്‍ക്ക് പറയുവാനുണ്ടാകുക?!   അതിഭയങ്കരമായ ആ വിപല്‍ ഘട്ടത്തില്‍ ഒരക്ഷരം പോലും മിണ്ടുവാന്‍ അവര്‍ക്ക് സാധ്യമല്ല. അല്ലാഹു നമ്മെ കാക്കട്ടെ. آمين

27:86
  • أَلَمْ يَرَوْا۟ أَنَّا جَعَلْنَا ٱلَّيْلَ لِيَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّقَوْمٍ يُؤْمِنُونَ ﴾٨٦﴿
  • അവര്‍ക്ക് ശാന്തമായി (അടങ്ങി)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ണു കാണത്തക്കനിലയില്‍ പകലിനെയും നാം ഉണ്ടാക്കിയിട്ടുള്ളത് അവര്‍ കണ്ടിട്ടില്ലേ?! നിശ്ചയമായും, അതില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് (പല) ദൃഷ്ടാന്തങ്ങളുണ്ട്.
  • أَلَمْ يَرَوْا അവര്‍ കണ്ടിട്ടില്ലേ أَنَّا جَعَلْنَا നാം ഉണ്ടാക്കിയിട്ടുണ്ടെന്ന് اللَّيْلَ രാത്രിയെ لِيَسْكُنُوا അവര്‍ ശാന്തമായിരിക്കുവാന്‍, അടങ്ങുവാന്‍ വേണ്ടി فِيهِ അതില്‍ وَالنَّهَارَ പകലിനെയും مُبْصِرًا കാണാവുന്നതായി, കാണത്തക്കവണ്ണം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ ദൃഷ്ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക് يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു

ഉറങ്ങുവാനും, വിശ്രമിക്കുവാനും തക്കവണ്ണം രാത്രിയെ ശാന്തമയമായും, ജോലി ചെയ്‌വാനും, ഉപജീവന മാര്‍ഗ്ഗമന്വേഷിക്കുവാനും ഉപയുക്തമായ നിലയില്‍ പകലിനെ വെളിച്ചം നിറഞ്ഞതായും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത് ഓരോരുവനും, നിത്യം കണ്ടനുഭവിച്ചു വരുന്നതാണല്ലോ. ഇതെല്ലം എങ്ങിനെ, ആര്‍, എന്തിനായി ഏര്‍പ്പെടുത്തിയെന്നൊന്നും ചിന്തിക്കാത്തതിനെപ്പറ്റി അവരെ ആക്ഷേപിക്കുകയാണ്.

27:87
  • وَيَوْمَ يُنفَخُ فِى ٱلصُّورِ فَفَزِعَ مَن فِى ٱلسَّمَـٰوَٰتِ وَمَن فِى ٱلْأَرْضِ إِلَّا مَن شَآءَ ٱللَّهُ ۚ وَكُلٌّ أَتَوْهُ دَٰخِرِينَ ﴾٨٧﴿
  • കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം (ഓര്‍ക്കുക)! അപ്പോള്‍, അല്ലാഹു ഉദ്ദേശിക്കുന്നവരൊഴിച്ച് ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (എല്ലാംതന്നെ) ഭയവിഹ്വലതയിലായിത്തീരുന്നതാണ്.
    എല്ലാവരും അവന്‍റെ അടുക്കല്‍ എളിയവരായ നിലയില്‍ ചെല്ലുകയും ചെയ്യും.
  • وَيَوْمَ يُنفَخُ ഊതപ്പെടുന്ന ദിവസം فِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَفَزِعَ അപ്പോള്‍ ഭയവിഹ്വലതയിലാകും, പേടിച്ചു നടുങ്ങും مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും إِلَّا مَن യാതൊരു കൂട്ടരൊഴികെ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ച وَكُلٌّ എല്ലാവരും أَتَوْهُ അവന്‍റെ അടുക്കല്‍ വരുന്നതാണ്, ചെല്ലും دَاخِرِينَ എളിയവരായിട്ട്, നിസ്സാരന്മാരായിക്കൊണ്ട്

ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന ഒന്നാമത്തെ കാഹളമൂത്താണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനു ശേഷം‍ വീണ്ടും രണ്ടുപ്രാവശ്യംകൂടി കാഹളത്തില്‍ ഊതപ്പെടുമെന്നും, അതില്ല- ഒരു പ്രാവശ്യം മാത്രമേ ഊതപ്പെടുകയുള്ളുവെന്നും മഹാന്മാര്‍ക്കിടയില്‍ രണ്ട് പക്ഷം കാണാം. കാഹളത്തില്‍ ഊതപ്പെടുന്ന സന്ദര്‍ഭത്തില്‍ താഴെ പറയുന്ന സംഭവങ്ങള്‍ നടക്കുന്നതായി ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നും ഹദീസുകളില്‍നിന്നും മനസ്സിലാക്കാം. 1) അപ്പോള്‍ എല്ലാവരും ഭയവിഹ്വലരും, പരിഭ്രമചിത്തരുമായിത്തീരുന്നു. 2) അപ്പോള്‍ എല്ലാവരും നാശമടഞ്ഞുപോകുന്നു. 3) അപ്പോള്‍ എല്ലാവരും രണ്ടാമത്തെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. അഥവാ പുനരെഴുന്നേല്‍പിക്കപ്പെടുന്നു. ആകയാല്‍, ഭയവിഹ്വലതയുടെ ഊത്ത് (نَفْخَة الفَزَعُ) എന്നും, മരണത്തിന്‍റെ ഊത്ത് (نَفْخَةُ الصَّعِقُ) എന്നും, എഴുന്നേല്‍പ്പിന്‍റെ ഊത്ത് (نفخة القيام ) എന്നും, ഇങ്ങനെ മൂന്ന് ഊത്തുകള്‍ ഉണ്ടാകുമെന്നാണ് പല മഹാന്മാരും പറയുന്നത്. മറ്റൊരു വിഭാഗം പറയുന്നത്: ഭയവിഹ്വലതയുടെയും, നാശത്തിന്‍റെയും ഊത്തുകള്‍ വെവ്വേറെയല്ല – രണ്ടും ഒന്നുതന്നെയാണ് – എന്നാകുന്നു. الله اعلم വാസ്തവം ഏതായിരുന്നാലും ശരി, ഈ ആയത്തില്‍ പ്രസ്താവിച്ച ഊത്ത് ഒന്നാമത്തേതുതന്നെ. സൂറത്തു – സുമറില്‍ അല്ലാഹു പറയുന്നു:-

وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۖ ثُمَّ نُفِخَ فِيهِ أُخْرَىٰ فَإِذَا هُمْ قِيَامٌ يَنظُرُونَ – سورة الزمر : ٦٨

(കാഹളത്തില്‍ ഊതപ്പെടും; അപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച് ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ബോധംകെട്ട് സ്തംഭിക്കുന്നതാണ്- അഥവാ നാശമടയുന്നതാണ്- എന്നിട്ട് മറ്റൊരു പ്രാവശ്യം അതില്‍ ഊതപ്പെടും. അപ്പോഴതാ, അവര്‍ എഴുന്നേറ്റ് നോക്കുന്നവരായിരിക്കും.) ഇടിമിന്നലോ മറ്റോ ഏറ്റു പെട്ടെന്ന് ബോധരഹിതമാകുന്നതിനും, മരണമടയുന്നതിനും ഉപയോഗിക്കുന്ന വാക്കാണ്‌ صَعِقَ എന്നുള്ളത്. സൂ: സുമറിലെ ഈ ആയത്തില്‍ പറഞ്ഞ ആദ്യത്തെ ഊത്തും, നാം വായിച്ചുകൊണ്ടിരിക്കുന്ന ആയത്തില്‍ കാണുന്ന ഭയവിഹ്വലതയുടെ ഊത്തും ഓരോന്നും പ്രത്യേകം വെവ്വേറെ ഉണ്ടാകുന്നതാണോ അല്ലേ എന്നതിലാണ് അഭിപ്രായവ്യത്യാസമുള്ളത്. ഏതായാലും, അവസാനത്തെ ഊത്ത് പുനരെഴുന്നേല്‍പ്പിന്നുള്ളതു തന്നെ. സൂ: സുമറില്‍വെച്ച് കൂടുതല്‍ വിവരം കാണാം. ان شاء الله

صُور (സ്വൂര്‍) എന്ന വാക്കിനാണ് കാഹളം എന്നര്‍ത്ഥം കൊടുത്തത്. കൊമ്പ് എന്നും അര്‍ത്ഥം ഉണ്ട്. ഇസ്രാഫീല്‍ (عليه السلام) എന്ന മലക്കാണ് കാഹളത്തില്‍ ഊതുകയെന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. എന്നാല്‍ കാഹളം എങ്ങിനെയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ നമുക്കറിഞ്ഞുകൂടാ. കാഹളത്തില്‍ ഊതുമ്പോള്‍, ഭയവിഹ്വലതയും, നാശവും ബാധിക്കാത്ത ചിലരുണ്ടായിരിക്കുമെന്ന് ഈ രണ്ട് ആയത്തുകളിലും  إِلَّا مَن شَاءَ اللَّـهُ (അല്ലാഹു ഉദ്ദേശിച്ചവരൊഴികെ) എന്നു പറഞ്ഞതില്‍നിന്ന് വ്യക്തമാണ്. ഇവര്‍ ആരായിരിക്കുമെന്നുള്ളതും തിട്ടപ്പെടുത്തിപറയുവാന്‍ നമുക്ക് സാധ്യമല്ല. 89-ാം വചനത്തില്‍ കാണുന്ന സജ്ജനങ്ങളില്‍ ഉള്‍പ്പെടുത്തിത്തന്ന് അന്നത്തെ ഭയങ്കരതകളില്‍നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ അമീന്‍. ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന മറ്റൊരു സംഭവവികാസത്തെപ്പറ്റി അടുത്ത ആയത്തില്‍ പ്രസ്താവിക്കുന്നു:-

27:88
  • وَتَرَى ٱلْجِبَالَ تَحْسَبُهَا جَامِدَةً وَهِىَ تَمُرُّ مَرَّ ٱلسَّحَابِ ۚ صُنْعَ ٱللَّهِ ٱلَّذِىٓ أَتْقَنَ كُلَّ شَىْءٍ ۚ إِنَّهُۥ خَبِيرٌۢ بِمَا تَفْعَلُونَ ﴾٨٨﴿
  • പര്‍വ്വതങ്ങളെ നിനക്കു കാണാം- അവ നിശ്ചലങ്ങളാണെന്ന് നീ ധരിച്ചേക്കും; അവയാകട്ടെ, മേഘം ചലിക്കുന്ന പ്രകാരം ചലിക്കുന്നതാണ്.
    എല്ലാ വസ്തുക്കളെയും വ്യവസ്ഥാപിതമായി (കൈകാര്യം) ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം! നിശ്ചയമായും, അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞനാകുന്നു.
  • وَتَرَى നീ കാണും, നിനക്കു കാണാം, നീ കാണുന്നു الْجِبَالَ പര്‍വ്വതങ്ങളെ تَحْسَبُهَا നീ അവയെ ധരിച്ചേക്കും, ധരിക്കുന്നു, ഗണിക്കും جَامِدَةً നിശ്ചലമെന്ന്, ഇളകാത്തതായി وَهِيَ അവ, അവയാകട്ടെتَمُرُّ ചലിക്കും, ചലിക്കുന്നു, നടക്കും مَرَّ السَّحَابِ മേഘത്തിന്‍റെ ചലനം (മേഘം ചലിക്കുമ്പോലെ) صُنْعَ اللَّـهِ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം الَّذِي أَتْقَنَ വ്യവസ്ഥാപിതമാക്കിയ كُلَّ شَيْءٍ എല്ലാ വസ്തുവെയും إِنَّهُ നിശ്ചയമായും അവന്‍ خَبِيرٌ സൂക്ഷ്മമായറിയുന്നവനാണ് بِمَا تَفْعَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ

നിശ്ചലമായിക്കാണുന്ന ഈ വമ്പിച്ച പര്‍വ്വതങ്ങള്‍ ഖിയാമത്തുനാളില്‍ അടിപുഴങ്ങി മേഘംപോലെ അതിവേഗതയില്‍ ഓടിക്കറങ്ങുന്നതാണ്. വളരെ വലിപ്പമുള്ള വസ്തുക്കള്‍ ഒരേ രേഖയില്‍ അതിവേഗം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, അവ ഒരിടത്ത് നിശ്ചലമായി നിലകൊള്ളുകയാണെന്ന് തോന്നുമല്ലോ. ഖിയാമത്തുനാളില്‍ മലകളില്‍ ഉണ്ടാകുന്ന ഈ സ്ഥിതിമാറ്റത്തെക്കുറിച്ച് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുള്ളതാണ്;

وَتَسِيرُ الْجِبَالُ سَيْرًا – سورة الطور : ١٠

(മലകള്‍ ഒരു നടത്തം നടക്കും)

وَيَوْمَ نُسَيِّرُ الْجِبَالَ- سورة الكهف : ٤٧

(മലകളെ നാം നടത്തുന്ന ദിവസം)

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا – سورة النبإ : ٢٠

(മലകള്‍ നടത്തപ്പെടുകയും ചെയ്യും, എന്നിട്ട്, അവ കാനല്‍പോലെയാകുന്നതാണ്.)

എന്നൊക്കെയുള്ള വചനങ്ങള്‍ ഇതിനെക്കുറിച്ചാകുന്നു. സൂ: ത്വാഹാ 105- 107 ഉം അവയുടെ വ്യാഖ്യാനവും നോക്കുക. പര്‍വ്വതങ്ങളടക്കമുള്ള എല്ലാ വസ്തുക്കളെയും, അതിസമര്‍ത്ഥമാംവണ്ണം വ്യവസ്ഥാപിതമായി കൈകാര്യം ചെയ്യുന്ന അതേ ലോകനിയന്താവായ അല്ലാഹുവിന്‍റെ പ്രവര്‍ത്തനം തന്നെയാണ് അന്നത്തെ ദിവസം പര്‍വ്വതങ്ങളില്‍ ഈ വമ്പിച്ച മാറ്റം ഉണ്ടാക്കുന്നതും. അല്ലാതെ, അവന്‍റെ പ്രവര്‍ത്തനത്തിലോ, വ്യവസ്ഥയിലോ എന്തെങ്കിലും ക്രമക്കേടോ, ന്യൂനതയോ സംഭവിക്കുന്നതുകൊണ്ടല്ല ഇത് ഉണ്ടാകുന്നത് എന്നുകൂടി പ്രസ്താവിച്ചത് ശ്രദ്ധേയമാണ്.

മലകളുടെ ചലനത്തെപ്പറ്റി ഇവിടെ പ്രസ്താവിച്ചത് ഖിയാമത്തുനാളിലെ സംഭവമെന്ന നിലക്കല്ലെന്നും, നിലവിലുള്ള അവസ്ഥ വിവരിച്ചതാണെന്നും ചില വ്യഖ്യാതാക്കള്‍ക്ക് അഭിപ്രായമുണ്ട്. അതായത്: ഭൂമി സദാ അതിവേഗത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു അതിനെത്തുടര്‍ന്ന് ഭൂമിയിലുള്ള പര്‍വ്വതങ്ങളും – ഇതര വസ്തുക്കളെപ്പോലെത്തന്നെ- അതോടൊപ്പം ചുറ്റിത്തിരിയുന്നതിനെയാണ് ഈ വചനം കുറിക്കുന്നതെന്നു സാരം. അവയുടെ ഈ ചലനം കാഴ്ചയില്‍ മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ട് അവ നിശ്ചലമാണെന്ന് തോന്നുമല്ലോ. ആയത്തിലെ تَرَى ,تَحْسَبُ,تَمُرُّ എന്നീ ക്രിയാരൂപങ്ങള്‍ ഓരോന്നും ഭാവികാലത്തെയും, വര്‍ത്തമാനകാലത്തെയും (المستقبل والحال ) കുറിക്കുവാന്‍ ഉതകുന്ന രൂപത്തില്‍ ( مضارع ) ആകകൊണ്ട് രണ്ടാമത് പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞുകൂടാത്തതാണ്. صُنْعَ اللَّـهِ الَّذِي أَتْقَنَ كُلَّ شَيْءٍ ( എല്ലാ വസ്തുവെയും വ്യവസ്ഥാപിതമായി കൈകാര്യം ചെയ്തിട്ടുള്ള അല്ലാഹുവിന്‍റെ പ്രവര്‍ത്തനം) എന്ന വാക്യമാവട്ടെ, ഈ രണ്ടഭിപ്രായത്തിനും എതിരാകുന്നുമില്ല. പക്ഷെ, മറ്റു ചില വസ്തുതകള്‍ വെച്ചുനോക്കുമ്പോള്‍ ഈ വചനം, ഖിയാമത്തുനാളിലുണ്ടാകുന്ന സ്ഥിതിമാറ്റത്തെത്തന്നെയാണ് ഉദ്ദേശിക്കുന്നതെന്നു വെക്കുവാന്‍ നമ്മെ നിര്‍ബ്ബന്ധിക്കുന്നത് കാണാം.

ഒന്നാമതായി ഇവിടത്തെ സന്ദര്‍ഭം അന്ത്യനാളിനെക്കുറിച്ചുള്ള വിവരണമാണ്. 82 മുതല്‍ 87 കൂടിയ ആയത്തുകളും, തുടര്‍ന്നുള്ള 89, 90 എന്നീ ആയത്തുകളും നോക്കുക. അപ്പോള്‍ ഇടക്കുവെച്ച് ഈയൊരു വചനം അതില്‍നിന്ന് അടര്‍ത്തിയെടുക്കുവാന്‍ ന്യായം കാണുന്നില്ല. അതേ സമയത്ത് ഖിയാമത്തുനാളില്‍ പര്‍വ്വതങ്ങള്‍ തല്‍സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യപ്പെടുമെന്നും, തട്ടിത്തകര്‍ത്തപ്പെടുമെന്നും, പൊടിപാറ്റപ്പെടുമെന്നും മറ്റുമുള്ള അനേകം വിവരങ്ങള്‍ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു പറയാറുള്ളതുമാണ്. 2-ാമതായി ഖുര്‍ആന്‍റെ അവതരണ കാലത്ത് ഭൂമിയുടെ ചലനത്തെക്കുറിച്ച് പൊതുവില്‍ ആര്‍ക്കും അറിവില്ലായിരുന്ന സ്ഥിതിക്ക് പിന്നീട് സ്ഥാപിക്കപ്പെട്ട ഈ ശാസ്ത്രതത്വത്തെപ്പറ്റിയാണ്‌ ഈ വചനത്തില്‍ പ്രസ്താവിക്കുന്നതെന്ന് അന്നുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ വിഷമമുണ്ടാവുക സ്വാഭാവികമാണ്. മുമ്പുള്ള മഹാന്മാര്‍ ആരും അങ്ങിനെ മനസ്സിലാക്കുകയോ, പറയുകയോ ചെയ്തതായി അറിയില്ല. പില്‍ക്കാലത്ത് മാത്രം കണ്ടുപിടിക്കപ്പെട്ട ചില ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളെ ഖുര്‍ആന്‍ സൂചിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്യാറുണ്ടെങ്കിലും ഖുര്‍ആന്‍റെ അവതരണകാലത്തുള്ളവര്‍ക്ക് മനസ്സിലാക്കുവാന്‍ കഴിയാത്തതും, പില്‍ക്കാലക്കാര്‍ക്ക് മാത്രം ഗ്രഹിക്കുവാന്‍ സാധിക്കുന്നതുമായ പ്രസ്താവനകള്‍ ഖുര്‍ആനില്‍ കാണപ്പെടാറില്ല. അത് കേവലം യുക്തിവിരുദ്ധവുമാണ്. വിശദാംശം ഗ്രഹിക്കുന്നതില്‍ ഏറ്റക്കുറവുണ്ടാകുന്നതാണെങ്കിലും, ഖുര്‍ആന്‍ ഒന്നാമതായി അഭിമുഖീകരിക്കുന്ന ജനതക്ക് അതിലെ ആശയങ്ങള്‍ മുഴുവനും ഗ്രാഹ്യമാകണമല്ലോ. 3-ാമതായി ഭൂമി ചലിച്ചുകൊണ്ടിരിക്കുന്നതിനോടൊപ്പം അതിനെത്തുടര്‍ന്ന് ചലിക്കുന്ന മലകള്‍ മാത്രമല്ല, ഭൂമിയൊന്നിച്ചു ചലിച്ചുകൊണ്ടിരിക്കുന്ന അതിലെ സകല വസ്തുക്കളും നമ്മുടെ ദൃഷ്ടിയില്‍ നിശ്ചലമായിത്തന്നെയാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍, ഒരു മണിക്കൂറില്‍ ഏറെക്കുറെ 1000 നാഴിക വേഗതയില്‍ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഭൂമി തന്നെയും നമ്മുടെ ദൃഷ്ടിയില്‍ നിശ്ചലമായിട്ടാണ് തോന്നുന്നത്. എന്നിരിക്കെ, അവയെക്കുറിച്ചൊന്നും പറയാതെ, ആപേക്ഷികചലനം ചെയ്യുന്ന മലകളെക്കുറിച്ച് മാത്രം എടുത്തുപറയുന്നതില്‍ വലിയ പാഠമൊന്നും കാണപ്പെടുന്നില്ല. الله ٲعلم

27:89
  • مَن جَآءَ بِٱلْحَسَنَةِ فَلَهُۥ خَيْرٌ مِّنْهَا وَهُم مِّن فَزَعٍ يَوْمَئِذٍ ءَامِنُونَ ﴾٨٩﴿
  • ആര്‍ നന്മയും കൊണ്ട് വന്നുവോ അവന് അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും. അവര്‍, അന്നത്തെ ദിവസം ഭയവിഹ്വലതയില്‍ നിന്നും നിര്‍ഭയന്മാരുമായിരിക്കും.
  • مَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالْحَسَنَةِ നന്മയും കൊണ്ടു فَلَهُ എന്നാല്‍ അവന്നുണ്ടുخَيْرٌ ഉത്തമമായതു مِّنْهَا അതിനെക്കാള്‍, അതുനിമിത്തം وَهُم അവര്‍, അവരാകട്ടെ مِّن فَزَعٍ ഭയവിഹ്വലതയില്‍ നിന്നു, പരിഭ്രമത്തെപ്പറ്റി يَوْمَئِذٍ അന്നു, ആ ദിവസം آمِنُونَ നിര്‍ഭയമായിരിക്കും, വിശ്വസ്തരാണ്
27:90
  • وَمَن جَآءَ بِٱلسَّيِّئَةِ فَكُبَّتْ وُجُوهُهُمْ فِى ٱلنَّارِ هَلْ تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٩٠﴿
  • ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവരുടെ മുഖങ്ങള്‍ (കുത്തിക്കൊണ്ട്) നരകത്തില്‍ മറിച്ചിടപ്പെടുകയും ചെയ്യും. 'നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?! (എന്ന് അവരോട് പറയപ്പെടും.)
  • وَمَن جَاءَ ആര്‍ വന്നുവോ, ആരെങ്കിലും വന്നാല്‍ بِالسَّيِّئَةِ തിന്മയുമായി فَكُبَّتْ എന്നാല്‍ മറിച്ചിടപ്പെടും, കമിഴ്ത്തിവീഴ്ത്തപ്പെടും وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ هَلْ تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുമോ إِلَّا مَا യാതൊന്നിന്നല്ലാതെ كُنتُمْ നിങ്ങളായിരുന്നു تَعْمَلُونَ (അതു) പ്രവര്‍ത്തിച്ചിരുന്നു

‘നന്മ’ (ٱلْحَسَنَة) കൊണ്ടുദ്ദേശ്യം സല്‍ക്കര്‍മ്മങ്ങളും, ‘തിന്മ’ (ٱلسَّيِّئَة) കൊണ്ടുദ്ദേശ്യം ദുഷ്കര്‍മ്മങ്ങളുമാണെന്ന് സാമാന്യമായിപ്പറയാം. എന്നാല്‍, അല്ലാഹുവിലും അവന്‍റെ ഏകത്വത്തിലും (തൌഹീദിലും) നിഷ്കളങ്കമായി വിശ്വസിക്കുന്നതാണ്‌ എല്ലാ നന്മകളിലുംവെച്ച് ഏറ്റവും പ്രധാനമായത് എന്നും, അതില്ലാത്തപക്ഷം മറ്റുള്ള കാര്യങ്ങളൊന്നുംതന്നെ അല്ലാഹുവിന്‍റെ അടുക്കല്‍ പരിഗണിക്കപ്പെടുകയില്ലെന്നും പറയേണ്ടതില്ല. (സൂ: ഫുര്‍ഖാന്‍ 23 പോലുള്ള സ്ഥലങ്ങളില്‍) ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണിത്. തിന്മകളുടെ കൂട്ടത്തില്‍ ഏറ്റവും വമ്പിച്ചത് ദൈവനിഷേധവും, ബഹുദൈവവിശ്വാസവുമാകുന്നു. ഇതുകൊണ്ടാണ് ചില മഹാന്മാര്‍ ഇവിടെ ‘നന്മ’യെ തൗഹീദിന്‍റെ വാക്യം (كلمة التوحيد ) എന്നും, തിന്മയെ കുഫ്റിന്‍റെ വാക്യം (كلمة الكفر ) എന്നും വ്യാഖ്യാനിച്ചിട്ടുള്ളത്‌. നന്മയുമായി വന്നിട്ടുള്ള സജ്ജനങ്ങള്‍ക്ക് അവരുടെ സല്‍ക്കര്‍മ്മങ്ങളുടെ അളവില്‍ കവിഞ്ഞ തോതിലാണ് പ്രതിഫലം നല്‍കപ്പെടുന്നത്. മാത്രമല്ല ആ ഭയങ്കര ദിവസത്തില്‍ യാതൊരു പേടിയും പരിഭ്രമവും കൂടാതെ രക്ഷപ്പെടുന്നവരുമായിരിക്കും അവര്‍. فَلَهُ خَيْرٌ مِّنْهَا എന്ന വാക്യത്തിനാണ് ‘അതിനെക്കാള്‍ ഉത്തമമായതുണ്ടായിരിക്കും’ എന്നു തര്‍ജ്ജമ കൊടുത്തതു. ഇതില്‍ مِّنْهَا എന്ന വാക്കിന് ‘അതിനെക്കാള്‍ എന്നും’ അതു നിമിത്തം എന്നും അര്‍ത്ഥം വരാവുന്നതാണ്. പല വ്യാഖ്യാതാക്കളും രണ്ടാമത്തെ അര്‍ത്ഥമാണിവിടെ സ്വീകരിച്ചിട്ടുള്ളതും.

ഏതായാലും, നന്മയുടെ പ്രതിഫലം, അതിന്‍റെ തോതില്‍ കവിഞ്ഞതായിരിക്കുമെന്നും, തിന്മയുടെ പ്രതിഫലം അതിന്‍റെ അളവനുസരിച്ചു മാത്രമായിരിക്കുമെന്നും അല്ലാഹു സ്പഷ്ടമാക്കിയിട്ടുള്ളതാകുന്നു. സൂ: അന്‍ആമില്‍ ഇപ്രകാരം പറയുന്നു:-

مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ۖ وَمَن جَاءَ بِالسَّيِّئَةِ فَلَا يُجْزَىٰ إِلَّا مِثْلَهَا وَهُمْ لَا يُظْلَمُونَ – سورة الأنعام : ١٦٠ 

(ആര്‍ നന്മയും കൊണ്ടുവന്നുവോ അവന് അതിന്‍റെ പത്തത്രയുമുണ്ടായിരിക്കും. ആര്‍ തിന്മയുംകൊണ്ട് വന്നുവോ അവന് അതിന്‍റെ അത്രയല്ലാതെ പ്രതിഫലം നല്‍കപ്പെടുകയില്ല. അവര്‍ അക്രമിക്കപ്പെടുന്നതുമല്ല. ) സൂ: ഖസ്വസ്വ് 84- ലും ഈ ആശയം കാണാം. ഈ പ്രസ്താവന പൊതുവില്‍ എല്ലാവര്‍ക്കും ബാധകമാകുന്നു. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന ഭാഗ്യവാന്മാര്‍ക്ക് അവന്‍ കണക്കില്ലാതെ നല്‍കുന്നു.

(وَاللَّـهُ يَرْزُقُ مَن يَشَاءُ بِغَيْرِ حِسَابٍ – سورة النور)

ചരിത്രലക്ഷ്യങ്ങള്‍, പ്രകൃതിദൃഷ്ടാന്തങ്ങള്‍, ഖിയാമത്തുനാളിലെ സംഭവവികാസങ്ങള്‍, സന്മാര്‍ഗ്ഗികളുടെയും, ദുര്‍മ്മാര്‍ഗ്ഗികളുടെയും സ്ഥിതിഗതികള്‍ എന്നിങ്ങിനെ വിവിധ വിഷയകമായി പ്രതിപാദിച്ചശേഷം സംസാരഗതി മറ്റൊരു രൂപത്തിലേക്ക് മാറ്റിക്കൊണ്ട് അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തിന്‍റെ നയവും, മാര്‍ഗ്ഗവും സംക്ഷിപ്തമായി അവസാനത്തെ വചനങ്ങളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് മനസ്സമാധാനം നല്‍കുന്നതോടൊപ്പം ദുര്‍മ്മാര്‍ഗികള്‍ക്ക് വളരെ കനത്ത ഒരു താക്കീതും അതില്‍ കാണാം:-

27:91
  • إِنَّمَآ أُمِرْتُ أَنْ أَعْبُدَ رَبَّ هَـٰذِهِ ٱلْبَلْدَةِ ٱلَّذِى حَرَّمَهَا وَلَهُۥ كُلُّ شَىْءٍ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ ﴾٩١﴿
  • (നബിയേ, പറഞ്ഞേക്കുക:) 'ഈ രാജ്യത്തെ അലംഘനീയ [പരിപാവന] മാക്കിയിട്ടുള്ളവനായ അതിന്‍റെ റബ്ബിനെ ആരാധിക്കുവാന്‍ മാത്രമാണ് എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നത്. എല്ലാ വസ്തുവും അവന്‍റേതത്രെ. ഞാന്‍ 'മുസ്ലിം' കളില്‍ പെട്ടവനായിരിക്കുവാനും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു.
  • إِنَّمَا أُمِرْتُ നിശ്ചയമായും എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَعْبُدَ ഞാന്‍ ആരാധിക്കുവാന്‍ (മാത്രം) رَبَّ هَـٰذِهِ الْبَلْدَةِ ഈ രാജ്യത്തിന്‍റെ റബ്ബിനു (നാഥനു) الَّذِي യാതൊരുവന്‍ حَرَّمَهَا അതിനെ അലംഘനീയമാക്കിയ (ബഹുമാനപ്പെടുത്തിയ) وَلَهُ അവനുള്ളതാണ്, അവന്‍റേതാണ് كُلُّ شَيْءٍ എല്ലാ വസ്തുവും وَأُمِرْتُ ഞാന്‍ കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു أَنْ أَكُونَ ഞാന്‍ ആയിരിക്കുവാന്‍ مِنَ الْمُسْلِمِينَ മുസ്ലിംകളില്‍(പെട്ടവന്‍)
27:92
  • وَأَنْ أَتْلُوَا۟ ٱلْقُرْءَانَ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَقُلْ إِنَّمَآ أَنَا۠ مِنَ ٱلْمُنذِرِينَ ﴾٩٢﴿
  • 'ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും (കല്പിക്കപ്പെട്ടിട്ടുണ്ട്). എന്നാല്‍, ആരെങ്കിലും നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നതായാല്‍, അവന്‍ തനിക്ക് (ഗുണത്തിനു)വേണ്ടിത്തന്നെ നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നു. (നബിയേ) ആരെങ്കിലും വഴിപിഴച്ചു പോകുന്നതായാല്‍, നീ പറഞ്ഞേക്കുക: 'ഞാന്‍ മുന്നറിയിപ്പുനല്‍കുന്നവരില്‍ പെട്ടവന്‍ മാത്രമാണ്' എന്ന്.
  • وَأَنْ أَتْلُوَ ഞാന്‍ പാരായണം ചെയ്‌വാനും, ഓതുവാനും الْقُرْآنَ ഖുര്‍ആന്‍ فَمَنِ എന്നാല്‍, ആര്‍, ആരെങ്കിലും اهْتَدَىٰ സന്മാര്‍ഗ്ഗം പ്രാപിച്ചാല്‍, നേര്‍മാര്‍ഗ്ഗം സ്വീകരിച്ചു(വെങ്കില്‍) فَإِنَّمَا يَهْتَدِي എന്നാല്‍ നിശ്ചയമായും അവന്‍ നേര്‍മാര്‍ഗ്ഗം സ്വീകരിക്കുന്നു لِنَفْسِهِ തനിക്കുവേണ്ടിത്തന്നെ وَمَن ضَلَّ ആര്‍ വഴിപിഴച്ചുവോ فَقُلْ അപ്പോള്‍ നീ പറയുക إِنَّمَا أَنَا നിശ്ചയമായും ഞാന്‍ مِنَ الْمُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവരില്‍ (പെട്ടവന്‍) മാത്രമാണ്
27:93
  • وَقُلِ ٱلْحَمْدُ لِلَّهِ سَيُرِيكُمْ ءَايَـٰتِهِۦ فَتَعْرِفُونَهَا ۚ وَمَا رَبُّكَ بِغَـٰفِلٍ عَمَّا تَعْمَلُونَ ﴾٩٣﴿
  • (വീണ്ടും) പറയുക: ' അല്ലാഹുവിന് സര്‍വ്വ സ്തുതിയും ! അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ (അടുത്ത്)കാണിച്ചുതന്നേക്കുന്നതാണ്; അപ്പോള്‍ നിങ്ങള്‍ക്കത്
    മനസ്സിലായിക്കൊള്ളും!' നിന്‍റെ റബ്ബ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അശ്രദ്ധനല്ലതന്നെ.
  • وَقُلِ നീ പറയുകയും ചെയ്യുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് سَيُرِيكُمْ അവന്‍ നിങ്ങള്‍ക്കു(അടുത്തു) കാണിച്ചുതരും آيَاتِهِ അവന്‍റെ ദൃഷ്ടാന്തങ്ങള്‍ فَتَعْرِفُونَهَا അപ്പോള്‍ നിങ്ങള്‍ക്കതു മനസ്സിലാകും, അതറിഞ്ഞുകൊള്ളും وَمَا رَبُّكَ നിന്‍റെ റബ്ബല്ല بِغَافِلٍ (ഒട്ടും) അശ്രദ്ധന്‍ عَمَّا تَعْمَلُونَനിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെകുറിച്ചു

‘ഈ രാജ്യം’ എന്നു പറഞ്ഞത് മക്കയെ ഉദ്ദേശിച്ചാകുന്നു. അല്ലാഹുവിനെ ആരാധിക്കുവാന്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ട കഅ്ബഃ എന്ന വിശുദ്ധ ദേവാലയം മക്കയിലാണ് സ്ഥിതിചെയ്യുന്നത്. ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വസിക്കുന്നതും അവിടെത്തന്നെ. അതിന്‍റെ ചുറ്റുപാടുമുള്ള ജനതയെ തൗഹീദിലേക്ക് തിരുമേനി ക്ഷണിച്ചുകൊണ്ടിരിക്കുന്ന കാലവുമാണത്. ഈ നിലക്കാണ് ‘ ഈ രാജ്യത്തിന്‍റെ റബ്ബ്’ എന്ന് പറഞ്ഞത്. ‘അതിനെ അലംഘനീയമാക്കി’ (حَرَّمَهَا) എന്നതിന്‍റെ താല്‍പര്യം, അവിടെവെച്ച് രക്തം ചിന്തുക, അക്രമം നടത്തുക, കയ്യേറ്റം ചെയ്യുക മുതലായവയെല്ലാം അതി കര്‍ശനമായി മുടക്കപ്പെടുകയും (‘ഹറാ’മാക്കുകയും) ഇതരരാജ്യങ്ങള്‍ക്കില്ലാത്ത ബഹുമാനം കല്‍പിക്കപ്പെടുകയും (‘ഹുര്‍മത്താ’ക്കുകയും) ചെയ്തിരിക്കുന്നുവെന്നത്രെ. ഈ അര്‍ത്ഥത്തില്‍ തന്നെയാണ് അതിന്ന് ‘ഹറം’ (الحرم) എന്നു പറയുന്നതും.

‘ഞാന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുവാനും’ (وَأَنْ أَتْلُوَ الْقُرْآنَ) എന്നു പറഞ്ഞതിന് രണ്ടു തരത്തില്‍ ഉദ്ദേശ്യം കല്പിക്കപ്പെട്ടുകാണാം.

ഒന്ന്: ഖുര്‍ആന്‍റെ സാരോദ്ദേശ്യങ്ങളും, തത്ത്വരഹസ്യങ്ങളും കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കുവാന്‍ വേണ്ടി അതു എപ്പോഴും വായിക്കുവാന്‍ എന്നും, രണ്ട്: പ്രബോധനം എന്ന നിലക്ക് ജനങ്ങളില്‍ അത് ഓതികേള്‍പ്പിക്കുവാന്‍ എന്നുമാണത്. ഖുര്‍ആന്‍ നിത്യപാരായണം ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെയും, ആവശ്യത്തെയും കുറിച്ച് നിരവധി ഖുര്‍ആന്‍ വാക്യങ്ങളും, നബിവചനങ്ങളും വന്നിട്ടുള്ളതാണ്.

ഈ സൂറത്തിലെ അവസാനത്തെ വാക്യം വളരെ ഗൗരവമേറിയ ഒരു വസ്തുത – എല്ലാവരും സദാസമയത്തും ഓര്‍മിച്ചുകൊണ്ടിരിക്കേണ്ടുന്നതും, എല്ലാവരുടെയും നന്മതിന്മകളുടെ ഏറ്റക്കുറവിന് നിദാനമായിരിക്കുന്നതുമായ ഒരു യാഥാര്‍ത്ഥ്യം – ചൂണ്ടിക്കാട്ടുന്നു. وَمَا رَبُّكَ بِغَافِلٍ عَمَّا تَعْمَلُونَ (നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് നിന്‍റെ റബ്ബ് അശ്രദ്ധനല്ല തന്നെ.) ഇമാം അഹ്മദ്ബ്നു ഹമ്പല്‍ (رحمه الله) സാധാരണ ചെല്ലാറുണ്ടായിരുന്നതായി ഉദ്ധരിക്കപ്പെടുന്ന രണ്ടു മുറി പദ്യങ്ങള്‍ ഈ വാക്യത്തിന്‍റെ ഒരു വിവരണമത്രേ. :-

اِذا ما خلوْتَ الدَّهْرَ يَوْما فَلا تَقُلْ * خَلَوْتُ وَلاكِن قُلْ علَيَّ رَقيبٌ
وَلاَ تَحْسَبدنَّ اللهَ يغْفُلُ ساعةً * وَلاَ اَنَّ ماَ يَخْفىَ عَلَيهِ يَغيبُ

സാരം: വല്ലവേളയിലും, ആരുമില്ലാതെ നീ തനിച്ചായിരുന്നാല്‍ ഞാന്‍ തനിച്ചാണെന്ന് നീ കരുതിപ്പോകരുത്. എങ്കിലും നിന്നെ മേല്‍നോട്ടം ചെയ്യുന്ന ഒരാളുണ്ടെന്ന് ഓര്‍ത്തുകൊള്ളണം. ഒരു വിനാഴിക നേരമെങ്കിലും അല്ലാഹു അശ്രദ്ധനായിരിക്കുമെന്നോ, ഒളിച്ചുവെക്കുന്ന ഏതെങ്കിലും കാര്യം അവന്‍ അറിയാതെ പോകുമെന്നോ ഒരിക്കലും നീ ധരിച്ചേക്കുകയുമരുത്.

അല്ലാഹു നമ്മെ സല്‍പാതയില്‍ നടത്തിതരുകയും, നമ്മുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യട്ടെ. ആമീന്‍.

[كان الفراغ من تفسير هذه السورة بحمدالله يوم الثالث من ربيع الاول سنة ١٣٨١ ه الموفق ٦۱-۸-۱٦ م]