നംൽ (ഉറുമ്പ്)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 93 – വിഭാഗം ( റുകൂഅ് ) 7

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

27:1
  • طسٓ ۚ تِلْكَ ءَايَـٰتُ ٱلْقُرْءَانِ وَكِتَابٍ مُّبِينٍ ﴾١﴿
  • 'ത്വാ-സീന്‍.' (*) ഇവ ഖുര്‍ആന്‍റെയും, സുവ്യക്തമായ വേദഗ്രന്ഥത്തിന്‍റെയും ആയത്തുകളാകുന്നു [വചനങ്ങളാകുന്നു].
  • طسٓ ത്വാ-സീന്‍ تِلْكَ അവ, ഇവ ءَايَٰتُ ٱلْقُرْءَانِ ഖുര്‍ആന്റെ ആയത്തുകളാണ് وَكِتَابٍ വേദഗ്രന്ഥത്തിന്റെയും مُّبِينٍ സ്പഷ്ടമായ, സുവ്യക്തമായ
27:2
  • هُدًى وَبُشْرَىٰ لِلْمُؤْمِنِينَ ﴾٢﴿
  • (അവ) സത്യവിശ്വാസികള്‍ക്കു മാര്‍ഗ്ഗദര്‍ശനവും, സന്തോഷവാര്‍ത്തയുമാകുന്നു.
  • هُدًى മാര്‍ഗ്ഗദര്‍ശനം وَبُشْرَىٰ സന്തോഷവാര്‍ത്തയും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
27:3
  • ٱلَّذِينَ يُقِيمُونَ ٱلصَّلَوٰةَ وَيُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْـَٔاخِرَةِ هُمْ يُوقِنُونَ ﴾٣﴿
  • അതായത്, നമസ്കാരം നിലനിറുത്തുകയും, 'സകാത്ത്' കൊടുക്കുകയും ചെയ്യുന്നവര്‍; അവര്‍ പരലോകത്തെക്കുറിച്ചാകട്ടെ, ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. (ഇങ്ങിനെയുള്ളവര്‍ക്ക്.)
  • الَّذِينَ يُقِيمُونَ നിലനിറുത്തുന്നവര്‍ക്കു الصَّلَاةَ നമസ്കാരം وَيُؤْتُونَ കൊടുക്കുകയും ചെയ്യുന്ന الزَّكَاةَ സകാത്ത് وَهُم അവരാകട്ടെ بِالْآخِرَةِ പരലോകത്തെപ്പറ്റി هُمْ يُوقِنُونَ അവര്‍ ദൃഢമായി വിശ്വസിക്കുന്നു

(*) ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെപ്പറ്റി ഒന്നിലധികം സ്ഥലത്ത് നാം പ്രസ്താവിച്ചിട്ടുണ്ട്.

27:4
  • إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ ﴾٤﴿
  • നിശ്ചയമായും, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍, അവര്‍ക്കു തങ്ങളുടെ പ്രവൃത്തികള്‍ നാം ഭംഗിയാക്കി കാണിച്ചുകൊടുത്തിരിക്കുകയാണ്. അതിനാല്‍, അവര്‍ അന്ധാളിച്ചു (പരിഭ്രമചിത്തരായി)ക്കൊണ്ടിരിക്കുന്നു.
  • إِنَّ الَّذِينَ لَا يُؤْمِنُونَ നിശ്ചയമായും വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ زَيَّنَّا നാം ഭംഗിയാക്കിക്കാണിച്ചിരിക്കുന്നു, അലങ്കാരമാക്കിയിരിക്കുന്നു لَهُمْ അവര്‍ക്കു أَعْمَالَهُمْ അവരുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ فَهُمْ അതിനാല്‍ അവര്‍ يَعْمَهُونَ അന്ധാളിച്ചു (പരിഭ്രമിച്ചു)കൊണ്ടിരിക്കുന്നു
27:5
  • أُو۟لَـٰٓئِكَ ٱلَّذِينَ لَهُمْ سُوٓءُ ٱلْعَذَابِ وَهُمْ فِى ٱلْـَٔاخِرَةِ هُمُ ٱلْأَخْسَرُونَ ﴾٥﴿
  • കഠിന ശിക്ഷയുണ്ടായിരിക്കുന്നവരത്രെ അക്കൂട്ടര്‍. അവര്‍ പരലോകത്തിലാകട്ടെ, ഏറ്റവും നഷ്ടപ്പെട്ടവരും തന്നെ.
  • أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَهُمْ അവര്‍ക്കാണ് سُوءُ الْعَذَابِ കഠിനശിക്ഷ, കടുത്ത ശിക്ഷ وَهُمْ അവരാകട്ടെ فِي الْآخِرَةِ പരലോകത്തില്‍ هُمُ അവര്‍തന്നെ الْأَخْسَرُونَ ഏറ്റം നഷ്ടപ്പെട്ടവര്‍
27:6
  • وَإِنَّكَ لَتُلَقَّى ٱلْقُرْءَانَ مِن لَّدُنْ حَكِيمٍ عَلِيمٍ ﴾٦﴿
  • നിശ്ചയമായും, അഗാധജ്ഞനും, സര്‍വ്വജ്ഞനുമായുള്ള ഒരുവന്‍റെ പക്കല്‍നിന്ന് നിനക്കു ഖുര്‍ആന്‍ ഏറ്റു തരപ്പെട്ടുകൊണ്ടിരിക്കുന്നു.
  • وَإِنَّكَ നിശ്ചയമായും നീ لَتُلَقَّى നിനക്കു ഏറ്റു തരപ്പെടുന്നു الْقُرْآنَ ഖുര്‍ആന്‍ مِن لَّدُنْ പക്കല്‍നിന്നു, അടുക്കല്‍ നിന്നു حَكِيمٍ ഒരു അഗാധജ്ഞന്‍റെ عَلِيمٍ സര്‍വ്വജ്ഞനായ

പരലോകജീവിതത്തിലും, മരണാനന്തരമുള്ള രക്ഷാശിക്ഷയിലും വിശ്വസിക്കാത്ത കാരണത്താല്‍, തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം തന്നെ നല്ല കാര്യങ്ങളാണെന്ന ഒരു ധാരണ അല്ലാഹു അവരില്‍ ഉളവാക്കിയിരിക്കുകയാണ്. അതിനാല്‍, തങ്ങളുടെ ഭാവിയെക്കുറിച്ചോ, ഭാവിക്കുവേണ്ടി പരിശ്രമിക്കുന്നതിനെക്കുറിച്ചോ അവര്‍ക്ക് ഒട്ടും ശ്രദ്ധയില്ല. അങ്ങനെ, അവര്‍ ദുര്‍ന്നടപ്പിലും  ദുര്‍മാര്‍ഗ്ഗത്തിലും മുഴുകി മതിമറന്നുകൊണ്ടിരിക്കുന്നു. യുദ്ധത്തില്‍ കൊല്ലപ്പെടുക, ബന്ധനത്തില്‍ അകപ്പെടുക മുതലായ കടുത്ത ശിക്ഷകള്‍ അവര്‍ക്കു ഇഹത്തില്‍ വെച്ചുതന്നെ അനുഭവപ്പെടും. പരലോകത്താകട്ടെ, ഏറ്റവും വമ്പിച്ച നാശനഷ്ടങ്ങള്‍ക്ക് അവര്‍ പാത്രമാണുതാനും. സര്‍വ്വജ്ഞനും, അഗാധജ്ഞനുമായ അല്ലാഹുവില്‍നിന്നും നല്‍കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഖുര്‍ആന്‍റെ പ്രബോധനം സ്വീകരിക്കുക ഒന്നു മാത്രമാണ് അവര്‍ക്കുള്ള രക്ഷാമാര്‍ഗ്ഗം

27:7
  • إِذْ قَالَ مُوسَىٰ لِأَهْلِهِۦٓ إِنِّىٓ ءَانَسْتُ نَارًا سَـَٔاتِيكُم مِّنْهَا بِخَبَرٍ أَوْ ءَاتِيكُم بِشِهَابٍ قَبَسٍ لَّعَلَّكُمْ تَصْطَلُونَ ﴾٧﴿
  • മൂസാ തന്‍റെ വീട്ടുകാരോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'നിശ്ചയമായും, ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു; അതിനടുത്തുനിന്ന് വല്ലവര്‍ത്തമാനവും ഞാന്‍ നിങ്ങള്‍ക്ക് കൊണ്ടുവരാം; അല്ലെങ്കില്‍ (അതില്‍നിന്നു) കൊളുത്തിയെടുത്ത ഒരു തീപന്തം നിങ്ങള്‍ക്കു കൊണ്ടുവരാം. നിങ്ങള്‍ക്ക് തീ കായാമല്ലോ.
  • إِذْ قَالَ مُوسَىٰ മൂസാ പറഞ്ഞ സന്ദര്‍ഭം لِأَهْلِهِ തന്‍റെ വീട്ടുകാരോടു, സ്വന്തക്കാരോടു إِنِّي آنَسْتُ നിശ്ചയമായും ഞാന്‍ കണ്ടിരിക്കുന്നു نَارًا ഒരു തീ سَآتِيكُم ഞാന്‍ നിങ്ങള്‍ക്കു വന്നേക്കാം مِّنْهَا അതില്‍നിന്നു, അവിടെ നിന്നു بِخَبَرٍ വല്ല വര്‍ത്തമാനവും കൊണ്ട് أَوْ آتِيكُم അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വരും بِشِهَابٍ ഒരു തീപന്തംകൊണ്ട്, തീനാളംകൊണ്ട് قَبَسٍ കൊളുത്തിയെടുത്ത, പകര്‍ത്തിയെടുത്ത لَّعَلَّكُمْ നിങ്ങള്‍ക്കാവാം تَصْطَلُونَ തീ കായും, ശൈത്യശമനം വരുത്തും

മൂസാ (അ) നബി ഭാര്യാസമേതം മദ്‌യനില്‍നിന്ന് സ്വദേശത്തേക്ക് പോകും മദ്ധ്യേ സീനാതാഴ്വരയില്‍ എത്തിയിരിക്കുകയാണ്. രാത്രിയും, തണുപ്പും, വഴി അറിയായ്കയും – എല്ലാം കൂടി – വിഷമത്തില്‍ പെട്ടുകൊണ്ടിരുന്ന അവസരത്തിലാണ് അങ്ങകലെ ഒരു തീ അദ്ദേഹം കാണുന്നത്. സൂ: ത്വാഹായിലും മറ്റും ഈ സംഭവം ഇതിനു മുമ്പ് പ്രസ്താവിച്ചുപോയിട്ടുള്ളതാകുന്നു.

27:8
  • فَلَمَّا جَآءَهَا نُودِىَ أَنۢ بُورِكَ مَن فِى ٱلنَّارِ وَمَنْ حَوْلَهَا وَسُبْحَـٰنَ ٱللَّهِ رَبِّ ٱلْعَـٰلَمِينَ ﴾٨﴿
  • അങ്ങിനെ, അദ്ദേഹം അതിനടുത്തുവന്നപ്പോള്‍ അദ്ദേഹത്തോട് വിളിച്ചുപറയപ്പെട്ടു: '(ഈ) തീയില്‍ ഉള്ളവരും, അതിന്‍റെ പരിസരത്തുള്ളവരും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. 'ലോകരക്ഷിതാവായ അല്ലാഹു മഹാപരിശുദ്ധനുമത്രെ!
  • فَلَمَّا جَاءَهَا അങ്ങനെ അദ്ദേഹം അതിനടുത്തു വന്നപ്പോള്‍ نُودِيَ വിളിച്ചുപറയപ്പെട്ടു, വിളിക്കപ്പെട്ടു أَن بُورِكَ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, ആശീര്‍വ്വദിക്കപ്പെട്ടിരിക്കുന്നു എന്നു مَن فِي النَّارِ തീയില്‍ ഉള്ളവര്‍ وَمَنْ حَوْلَهَا അതിന്‍റെ പരിസരത്തുള്ളവരും, ചുറ്റുപാടുള്ളവരും وَسُبْحَانَ اللَّـهِ അല്ലാഹു മഹാ പരിശുദ്ധനുമത്രെ رَبِّ الْعَالَمِينَ ലോകരക്ഷിതാവായ
27:9
  • يَـٰمُوسَىٰٓ إِنَّهُۥٓ أَنَا ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ﴾٩﴿
  • 'മൂസാ, നിശ്ചയമായും (കാര്യം): പ്രതാപശാലിയായ, അഗാധജ്ഞനായ അല്ലാഹുവത്രെ ഞാന്‍.'
  • يَا مُوسَىٰ മൂസാ إِنَّهُ നിശ്ചയമായും അത് (കാര്യം) أَنَا اللَّـهُ ഞാന്‍ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയായ الْحَكِيمُ അഗാധജ്ഞനായ, യുക്തിമാനായ

‘തീയില്‍ ഉള്ളവരും – അഥവാ അതിനടുത്തുള്ളവരും – അതിന്‍റെ പരിസരത്തുള്ളവരും’ എന്നു പറഞ്ഞതില്‍ മൂസാ (അ) നബിയും, അവിടെ സന്നിഹിതരായ മലക്കുകളും, ആ പരിശുദ്ധ താഴ്‌വരയുടെ പരിസരപ്രദേശങ്ങളായ ഫലസ്തീന്‍, ശാം മുതലായ സ്ഥലങ്ങളിലുള്ളവരും ഉള്‍പ്പെട്ടിരിക്കും. കേവലം അഭൗതികമായ ആ തീ, അപ്രമേയമായ ദിവ്യവെളിപാടിന്‍റെ മഹത്തായ ഒരു പ്രകാശനമായിരുന്നു. അത് അല്ലാഹുവല്ല. നമുക്ക് പരിചയപ്പെട്ട തീയുമല്ല. അതില്‍നിന്ന് മൂസാ (അ) നബി കേട്ട സംസാരവും തന്നെ, നമ്മുടെ ഊഹത്തിനും, ധാരണക്കും അതീതമായ സ്വഭാവത്തിലുള്ളതായിരിക്കും. നമ്മുടെ അനുമാനത്തിനും, രൂപനിര്‍ണ്ണയത്തിനും, ഇവിടെ സ്ഥാനമില്ല. ലോകരക്ഷിതാവായ അല്ലാഹു നമ്മുടെ ഊഹങ്ങളില്‍നിന്നും അനുമാനങ്ങളില്‍നിന്നുമെല്ലാം വളരെ പരിശുദ്ധനത്രെ. (وَسُبْحَانَ اللَّهِ رَبِّ الْعَالَمِينَ) അല്ലാഹു മൂസാ (അ) നബിയോട് പറഞ്ഞു:-

27:10
  • وَأَلْقِ عَصَاكَ ۚ فَلَمَّا رَءَاهَا تَهْتَزُّ كَأَنَّهَا جَآنٌّ وَلَّىٰ مُدْبِرًا وَلَمْ يُعَقِّبْ ۚ يَـٰمُوسَىٰ لَا تَخَفْ إِنِّى لَا يَخَافُ لَدَىَّ ٱلْمُرْسَلُونَ ﴾١٠﴿
  • 'നിന്‍റെ വടി (നിലത്ത്) ഇടുക!' (അദ്ദേഹം അത് ഇട്ടു.) അനന്തരം, അതൊരു സര്‍പ്പമെന്നോണം പിടഞ്ഞു നടക്കുന്നതായി കണ്ടപ്പോള്‍, അദ്ദേഹം പിന്തിരിഞ്ഞോടി - പിന്നോക്കം നോക്കിയതുമില്ല. (അല്ലാഹു പറഞ്ഞു:) 'മൂസാ നീ ഭയപ്പെടേണ്ടാ; നിശ്ചയമായും ഞാന്‍: എന്‍റെ അടുക്കല്‍ 'മുര്‍സലു'കള്‍ ഭയപ്പെടുന്നതല്ല;-
  • وَأَلْقِ ഇടുക (എന്നും) عَصَاكَ നിന്‍റെ വടി فَلَمَّا رَآهَا അനന്തരം (എന്നിട്ടു) അദ്ദേഹം അതു കണ്ടപ്പോള്‍ تَهْتَزُّ പിടഞ്ഞു നടക്കുന്നതായി, തുള്ളിച്ചലിക്കുന്നതായി كَأَنَّهَا جَانٌّ അതൊരു സര്‍പ്പമെന്നപോലെ وَلَّىٰ അദ്ദേഹം തിരിഞ്ഞു, പിന്‍വാങ്ങി مُدْبِرًا പിന്‍തിരിഞ്ഞവനായി, പിന്നിട്ടുകൊണ്ടു وَلَمْ يُعَقِّبْ അദ്ദേഹം പിന്നോക്കം നോക്കിയതുമില്ല, മടങ്ങിയതുമില്ല يَا مُوسَىٰ ഹേ മൂസാ لَا تَخَفْ നീ ഭയപ്പെടേണ്ട إِنِّي നിശ്ചയമായും ഞാന്‍ لَا يَخَا فُ ഭയപ്പെടേണ്ടതില്ല لَدَيَّ എന്‍റെ അടുക്കല്‍ الْمُرْسَلُونَ മുര്‍സലുകള്‍
27:11
  • إِلَّا مَن ظَلَمَ ثُمَّ بَدَّلَ حُسْنًۢا بَعْدَ سُوٓءٍ فَإِنِّى غَفُورٌ رَّحِيمٌ ﴾١١﴿
  • 'പക്ഷേ, ആരെങ്കിലും, അക്രമം പ്രവര്‍ത്തിക്കുകയും,പിന്നീട് തിന്മക്കുശേഷം നന്മ പകരമാക്കുകയും ചെയ്യുന്നതായാല്‍,- അപ്പോള്‍, നിശ്ചയമായും ഞാന്‍ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.'
  • إِلَّا പക്ഷേ, എങ്കിലും مَن ظَلَمَ ആരെങ്കിലും അക്രമം പ്രവര്‍ത്തിച്ചു ثُمَّ بَدَّلَ പിന്നെ പകരമാക്കി حُسْنًا നന്മയെ بَعْدَ سُوءٍ തിന്മയുടെ ശേഷം فَإِنِّي غَفُورٌ എന്നാല്‍ ഞാന്‍ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണ്
27:12
  • وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍ ۖ فِى تِسْعِ ءَايَـٰتٍ إِلَىٰ فِرْعَوْنَ وَقَوْمِهِۦٓ ۚ إِنَّهُمْ كَانُوا۟ قَوْمًا فَـٰسِقِينَ ﴾١٢﴿
  • 'നിന്‍റെ കൈ നിന്‍റെ കുപ്പായമാറില്‍ കടത്തുക; യാതൊരു ദൂഷ്യവും കൂടാതെ അത് വെളുത്തതായി (പ്രകാശിച്ചു കൊണ്ട്) പുറത്തു വരുന്നതാണ്;- ഫിര്‍ഔനിന്‍റെയും, അവന്‍റെ ജനങ്ങളുടെയും അടുക്കലേക്കുള്ള ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് (ഈ രണ്ടു ദൃഷ്ടാന്തങ്ങള്‍). നിശ്ചയമായും, അവര്‍ തോന്ന്യവാസികളായ ഒരു ജനതയായിരിക്കുന്നു.'
  • وَأَدْخِلْ നീ കടത്തുകയും ചെയ്യുക يَدَكَ നിന്‍റെ കൈ فِي جَيْبِكَ നിന്‍റെ കുപ്പായമാറില്‍ تَخْرُجْ അതു പുറത്തുവരും بَيْضَاءَ വെളുത്തതായി مِنْ غَيْرِ سُوءٍ ഒരു ദൂഷ്യവും (കേടും)കൂടാതെ فِي تِسْعِ آيَاتٍ ഒമ്പതു ദൃഷ്ടാന്തങ്ങളില്‍ പെട്ടതായി إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്കു وَقَوْمِهِ അവന്‍റെ ജനങ്ങളുടെയും إِنَّهُمْ كَانُوا നിശ്ചയമായും അവര്‍ ആകുന്നു, ആയിരിക്കുന്നു قَوْمًا ഒരു ജനത فَاسِقِينَ തോന്ന്യവാസികളായ

വലുപ്പത്തില്‍ പെരുമ്പാമ്പുപോലെയും, കുതിച്ചോട്ടത്തിലും, ശക്തിയിലും ചെറുസര്‍പ്പം പോലെയുമായിരുന്നതു കൊണ്ടാണ് ഈ പാമ്പിനെപ്പറ്റി ചിലപ്പോള്‍ ثعبان (പെരുമ്പാമ്പ്‌) എന്നും, ചിലപ്പോള്‍ كانها جان (സര്‍പ്പമെന്നപോലെ) എന്നും അല്ലാഹു പ്രസ്താവിച്ചത്. വേഗത്തില്‍ കുതിച്ചുപായുന്ന സര്‍പ്പങ്ങള്‍ക്ക് جان (ജാന്ന്) എന്നു പറയാറുണ്ട്.

ഫിര്‍ഔനിനും ജനതക്കും അല്ലാഹുവിന്‍റെ പക്കല്‍നിന്ന് മൂസാ (അ) നബി കൈക്ക് വെളിപ്പെട്ട ഒമ്പത് ദൃഷ്ടാന്തങ്ങളില്‍ പ്രധാനമായ രണ്ടെണ്ണമായിരുന്നു വടി പാമ്പാകുന്നതും, കൈ വെളുത്ത് പ്രകാശിതമാകുന്നതും. ഈജിപ്തില്‍ വെച്ചുണ്ടായ മറ്റു ദൃഷ്ടാന്തങ്ങള്‍ ജലപ്രളയം, വെട്ടുകിളി, പേന്‍, തവള, രക്തം, മഴയില്ലായ്മ നിമിത്തമുണ്ടായ വരള്‍ച്ച, ഉൽപന്നങ്ങളുടെ ദൗര്‍ല്ലഭ്യം എന്നിവയായിരുന്നു. (സൂ: അഅ് റാഫ്: 130-133). ഫിര്‍ഔനും ജനതയും നശിപ്പിക്കപ്പെടുന്നതിന് മുമ്പുണ്ടായതാണ് ഇതെല്ലാം. പിന്നീട് ഇസ്രാഈല്യരില്‍ വെളിപ്പെട്ട ദൃഷ്ടാന്തങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

27:13
  • فَلَمَّا جَآءَتْهُمْ ءَايَـٰتُنَا مُبْصِرَةً قَالُوا۟ هَـٰذَا سِحْرٌ مُّبِينٌ ﴾١٣﴿
  • അങ്ങനെ, അവര്‍ക്ക് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കണ്ണുതുറപ്പിക്കത്തക്ക നിലയില്‍ (വ്യക്തമായി) വന്നപ്പോള്‍ അവര്‍ പറഞ്ഞു: 'ഇത് പ്രത്യക്ഷമായ ഒരു ജാലവിദ്യയാണ്‌' എന്ന്!
  • فَلَمَّا جَاءَتْهُمْ അങ്ങനെ അവര്‍ക്കു വന്നപ്പോള്‍ آيَاتُنَا നമ്മുടെ ദൃഷ്ടാന്തങ്ങള്‍ مُبْصِرَةً കണ്ണു തുറപ്പിക്കുന്ന നിലയില്‍, കാണത്തക്കവിധം قَالُوا അവര്‍ പറഞ്ഞു هَـٰذَا سِحْرٌ ഇതു ആഭിചാരമാണ്,ജാലവിദ്യയാണ്‌ مُّبِينٌ പ്രത്യക്ഷമായ, തനി
27:14
  • وَجَحَدُوا۟ بِهَا وَٱسْتَيْقَنَتْهَآ أَنفُسُهُمْ ظُلْمًا وَعُلُوًّا ۚ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلْمُفْسِدِينَ ﴾١٤﴿
  • തങ്ങളുടെ മനസ്സുകള്‍ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ - അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് - അവര്‍ അവയെ നിഷേധിക്കുകയും ചെയ്തു. തന്നിമിത്തം നോക്കുക: (ആ) കുഴപ്പക്കാരുടെ പര്യവസാനം എങ്ങിനെയായിത്തീര്‍ന്നു?!
  • وَجَحَدُوا بِهَا അവര്‍ അവയെ നിഷേധിച്ചു, നിരാകരിച്ചു وَاسْتَيْقَنَتْهَا അവയെ ഉറപ്പായി വിശ്വസിച്ചിരുന്നിട്ടും, ദൃഢമായിക്കണ്ടിരിക്കെ أَنفُسُهُمْ അവരുടെ മനസ്സുകള്‍ ظُلْمًا അക്രമമായിട്ടു وَعُلُوًّا പൊങ്ങച്ചമായും, ഔന്നത്യമായും فَانظُرْ തന്‍നിമിത്തം നോക്കുക كَيْفَ كَانَ എങ്ങിനെ ആയിത്തീര്‍ന്നു, എങ്ങിനെയുണ്ടായി عَاقِبَةُ പര്യവസാനം, കലാശം الْمُفْسِدِينَ നാശകാരികളുടെ

സംശയത്തിനു പഴുതില്ലാത്തവിധം അവരുടെ മനസ്സിന് ബോധ്യം വന്നിട്ടുപോലും ആ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കളഞ്ഞു. പൊങ്ങച്ചവും അക്രമമനസ്ഥിതിയും മാത്രമാണിതിന് അവരെ പ്രേരിപ്പിച്ചത്. അതിന്‍റെ ഫലമോ? ഏറ്റവും കടുത്തതുതന്നെ. ചിരകാലമായി അവര്‍ ആസ്വദിച്ചുവന്നിരുന്ന എല്ലാ സുഖസൗകര്യങ്ങളും, സകലവിധ പ്രതാപങ്ങളും വിട്ടേച്ച് അതിദാരുണമായ നിലയില്‍ ഈ ജീവിതത്തോട് യാത്ര പറയേണ്ടിവന്നു. ആകമാനം സമുദ്രത്തില്‍ മുക്കിനശിപ്പിക്കപ്പെട്ടു. പരലോകശിക്ഷയാകട്ടെ, എല്ലാറ്റിനേക്കാള്‍ വമ്പിച്ചതും!

അടുത്ത ആയത്ത് മുതല്‍ സുലൈമാന്‍ (അ) നബിയുടെ വൃത്താന്തം ആരംഭിക്കുന്നു:-

വിഭാഗം - 2

27:15
  • وَلَقَدْ ءَاتَيْنَا دَاوُۥدَ وَسُلَيْمَـٰنَ عِلْمًا ۖ وَقَالَا ٱلْحَمْدُ لِلَّهِ ٱلَّذِى فَضَّلَنَا عَلَىٰ كَثِيرٍ مِّنْ عِبَادِهِ ٱلْمُؤْمِنِينَ ﴾١٥﴿
  • തീര്‍ച്ചയായും, ദാവൂദിനും സുലൈമാനും, നാം ജ്ഞാനം നല്‍കുകയുണ്ടായി.
    രണ്ടാളും പറയുകയും ചെയ്തു: 'സത്യവിശ്വാസികളായ തന്‍റെ അടിയാന്മാരില്‍ മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്കിയവനായ അല്ലാഹുവിന് സര്‍വ്വസ്തുതിയും!
  • وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം കൊടുക്കുകയുണ്ടായി دَاوُودَ وَسُلَيْمَانَ ദാവൂദിനും സുലൈമാന്നും عِلْمًا ജ്ഞാനം وَقَالَا അവര്‍ (രണ്ടാളും) പറയുകയും ചെയ്തു الْحَمْدُ لِلَّـهِ അല്ലാഹുവിനു സര്‍വ്വസ്തുതിയും الَّذِي فَضَّلَنَا ഞങ്ങള്‍ക്കു ശ്രേഷ്ഠത നല്‍കിയവനായ عَلَىٰ كَثِيرٍ മിക്കവരെക്കാളും, അധികമാളുകളെക്കാളും مِّنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍നിന്നു الْمُؤْمِنِينَ സത്യവിശ്വാസികളായ

പ്രവാചകവര്യന്‍മാരും, അതോടൊപ്പം അനിതരസാധാരണമായ പ്രതാപശക്തിയും, അതിശക്തമായ ഭരണാധികാരവും ഒത്തിണങ്ങിയ രണ്ടു മഹാരാജാക്കളും കൂടിയായിരുന്നു ദാവൂദ് നബിയും, സുലൈമാന്‍ നബിയും (അ). മുമ്പുള്ളവര്‍ക്ക് അപരിചിതമായിരുന്ന പടയങ്കിനിര്‍മ്മാണം, ഇരുമ്പുകൊണ്ടുള്ള വിവിധ സാമഗ്രികളുടെ ഉപയോഗം, പര്‍വ്വതങ്ങളുടെ ‘തസ്ബീഹും’ (സ്തുതികീര്‍ത്തനങ്ങള്‍) പക്ഷിമൃഗാദികളുടെ സംസാരവും മനസ്സിലാക്കുവാനുള്ള പ്രത്യേക അറിവ് ഇങ്ങിനെ പലതും ഈ രണ്ട് പ്രവാചകശ്രേഷ്ഠന്‍മാരുടെ സവിശേഷതകളാകുന്നു. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ടായിരിക്കും ‘…..മിക്കവരെക്കാളും ഞങ്ങള്‍ക്ക് ശ്രേഷ്ഠത നല്‍കിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും’ എന്ന് രണ്ടുപേരും പറഞ്ഞത്. അടുത്ത വചനവും നോക്കുക:-

27:16
  • وَوَرِثَ سُلَيْمَـٰنُ دَاوُۥدَ ۖ وَقَالَ يَـٰٓأَيُّهَا ٱلنَّاسُ عُلِّمْنَا مَنطِقَ ٱلطَّيْرِ وَأُوتِينَا مِن كُلِّ شَىْءٍ ۖ إِنَّ هَـٰذَا لَهُوَ ٱلْفَضْلُ ٱلْمُبِينُ ﴾١٦﴿
  • സുലൈമാന്‍ ദാവൂദിന് അനന്തരാവകാശിയായി. അദ്ദേഹം പറഞ്ഞു: 'ഹേ മനുഷ്യരെ, നമുക്ക് പക്ഷികളുടെ സംസാരം [ഭാഷണം] പഠിപ്പിക്കപ്പെട്ടിരിക്കുന്നു; എല്ലാ (ആവശ്യമായ) വസ്തുക്കളില്‍നിന്നും (വേണ്ടുന്നത്ര) നമുക്ക് നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും, ഇതു തന്നെയാണ് പ്രത്യക്ഷമായ യോഗ്യത (അഥവാ അനുഗ്രഹം.)
  • وَوَرِثَ അവകാശമെടുത്തു, അനന്തരാവകാശിയായി سُلَيْمَانُ സുലൈമാന്‍ دَاوُودَ ദാവൂദിനെ, ദാവൂദിന്ന് وَقَالَ അദ്ദേഹം പറയുകയും ചെയ്തു يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ عُلِّمْنَا നമുക്കു പഠിപ്പിക്കപ്പെട്ടിരിക്കുന്നു مَنطِقَ الطَّيْرِ പക്ഷികളുടെ സംസാരം (ഭാഷണം) وَأُوتِينَا നമുക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍നിന്നും إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْفَضْلُ യോഗ്യത, ശ്രേഷ്ടത, അനുഗ്രഹം, ദയവ് الْمُبِينُ സ്പഷ്ടമായ

ദാവൂദ് (അ) നബിയെപ്പോലെ അദ്ദേഹത്തിന്‍റെ പുത്രനായ സുലൈമാന്‍ (അ) നബിയും പ്രവാചകനും, രാജാവുമായി. രാജാവെന്ന നിലക്ക് കൂടുതല്‍ ഖ്യാതിയും അദ്ദേഹത്തിനുണ്ടായി. ഖത്താദഃ (قتادة رض) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു:- ‘പിതാവായ ദാവൂദ് നബിയില്‍നിന്നും അദ്ദേഹം പ്രവാചകത്വവും, രാജത്വവും അറിവും അനന്തരമെടുത്തു. (അഥവാ, ഈ കാര്യങ്ങള്‍ പിതാവിനെപ്പോലെ പുത്രന്നും ഉണ്ടായിരുന്നു). ദാവൂദ് നബിക്ക് നല്‍കപ്പെട്ടതെല്ലാം അദ്ദേഹത്തിനും കൊടുക്കപ്പെട്ടിരുന്നു. കൂടുതലായി, പിശാചുക്കളെയും കാറ്റിനെയും അദ്ദേഹത്തിന് വിധേയമാക്കുകയും ചെയ്തു. ഭരണസ്ഥലത്തിന്‍റെ വൈപുല്യത്തിലും, ന്യായാധിപത്യവിഷയത്തിലും അദ്ദേഹം പിതാവിനെക്കാള്‍ യോഗ്യനായിരുന്നു. സുലൈമാന്‍ (അ) നബിയെക്കാള്‍ ഇബാദത്തില്‍ മുഴുകിയ ആളും, അല്ലാഹുവിനോട് കൂടുതല്‍ നന്ദിയുള്ള ആളുമായിരുന്നു പിതാവ്’.

തങ്ങള്‍ക്കുമാത്രം അപൂര്‍വ്വമായി സിദ്ധിച്ചിട്ടുള്ള പ്രത്യേക അനുഗ്രഹങ്ങളെ ജനങ്ങളില്‍ പ്രഖ്യാപനം ചെയ്യുക വഴി, അദ്ദേഹം അല്ലാഹുവിനോട് തനിക്കുള്ള നന്ദി പ്രകാശിപ്പിക്കുകയും, അവന്‍റെ ദയാദാക്ഷിണ്യം സ്മരിക്കുകയും ചെയ്യുകയാണ്. ഓരോ ജീവിക്കും അതിന്‍റെ വിചാരവികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ ചില ശബ്ദങ്ങളോ, ചേഷ്ടകളോ അല്ലാഹു നല്‍കിയിരിക്കും. അത് മനസ്സിലാക്കുവാന്‍ സുലൈമാന്‍ (അ) നബിക്ക് അവന്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കും. എന്നിങ്ങനെയാണ് ഇമാം ബൈള്വാവീ (القاضى البيضاوى – رح) യെപ്പോലുള്ള ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. الله اعلم

ഈ ‘പുരോഗമനയുഗ’ത്തില്‍പോലും – ജന്തുശാസ്ത്ര വിദഗ്ദന്‍മാരുടെ സുദീര്‍ഘമായ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കു ശേഷം – വളരെ ചുരുക്കം ജീവികളുടെ മാത്രം ചില ഇംഗിതങ്ങളും, ശബ്ദവ്യത്യാസങ്ങളും മനസ്സിലാക്കുവാനേ ഇതഃപര്യന്തം സാധിതമായിട്ടുള്ളു. തുടര്‍ന്നുവരുന്ന പരിശ്രമഫലമായി കൂടുതല്‍ മനസ്സിലാക്കുവാന്‍ അവര്‍ക്ക് ഏറെക്കുറെ സാധിച്ചെന്നുവന്നേക്കാം. എന്നാല്‍, സുലൈമാന്‍ (അ) നബിക്കും, ദാവൂദ് (അ) നബിക്കും ഈ തുറയില്‍ ലഭിച്ച അറിവ് അത്തരത്തില്‍ പെട്ടതല്ല. അത് തനി ദൈവികവും, തികച്ചും സൂക്ഷ്മവും വ്യക്തവുമായിട്ടുള്ളതും ആയിരുന്നുവെന്ന് താഴെ വചനങ്ങളില്‍നിന്നു നമുക്ക് കാണുവാന്‍ കഴിയും. സര്‍വ്വശക്തനായ അല്ലാഹു അവന്‍റെ പ്രവാചകന്മാര്‍ മുഖേന വെളിപ്പെടുത്തുന്ന ഇതുപോലെയുള്ള അസാധാരണ കാര്യങ്ങളെ വളച്ചുതിരിച്ച് വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുന്നത് പരമ വിഡ്ഢിത്തവും അവന്‍റെ ശക്തിമാഹാത്മ്യത്തെയും, മഹാനുഗ്രഹങ്ങളെയും കുറിച്ചുള്ള വിശ്വാസക്കുറവുമാകുന്നു. സുലൈമാന്‍ (അ) നബിക്ക് ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളില്‍ ചിലത് തുടര്‍ന്നുള്ള ആയത്തുകളില്‍ വിവരിക്കുന്നു:-

27:17
  • وَحُشِرَ لِسُلَيْمَـٰنَ جُنُودُهُۥ مِنَ ٱلْجِنِّ وَٱلْإِنسِ وَٱلطَّيْرِ فَهُمْ يُوزَعُونَ ﴾١٧﴿
  • സുലൈമാന്ന് ജിന്ന്, മനുഷ്യന്‍, പക്ഷി എന്നിവയില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ ശേഖരിക്കപ്പെട്ടു. എന്നിട്ട് അവര്‍ [സൈന്യങ്ങള്‍] തടഞ്ഞു നിയന്ത്രിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്;-
  • وَحُشِرَ ശേഖരിക്കപ്പെട്ടു, ഒരുമിച്ചു കൂട്ടപ്പെട്ടു لِسُلَيْمَانَ സുലൈമാന്നു جُنُودُهُ അദ്ദേഹത്തിന്‍റെ സൈന്യങ്ങള്‍ مِنَ الْجِنِّ ജിന്നുകളില്‍നിന്നുള്ള وَالْإِنسِ മനുഷ്യരില്‍നിന്നും وَالطَّيْرِ പക്ഷികളില്‍നിന്നും فَهُمْ എന്നിട്ട് അവര്‍ يُوزَعُونَ തടയപ്പെട്ടുകൊണ്ടു (നിയന്ത്രിക്കപ്പെട്ടുകൊണ്ടു) ഇരിക്കുന്നു, വിഹിതിക്കപ്പെടുകയാണ്
27:18
  • حَتَّىٰٓ إِذَآ أَتَوْا۟ عَلَىٰ وَادِ ٱلنَّمْلِ قَالَتْ نَمْلَةٌ يَـٰٓأَيُّهَا ٱلنَّمْلُ ٱدْخُلُوا۟ مَسَـٰكِنَكُمْ لَا يَحْطِمَنَّكُمْ سُلَيْمَـٰنُ وَجُنُودُهُۥ وَهُمْ لَا يَشْعُرُونَ ﴾١٨﴿
  • അങ്ങനെ, അവര്‍ ഉറുമ്പിന്‍ താഴ്വരയില്‍ കൂടി ചെന്നപ്പോള്‍, ഒരു ഉറുമ്പ് പറഞ്ഞു: 'ഹേ! ഉറുമ്പുകളെ, നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ പ്രവേശിച്ചുകൊള്ളുവിന്‍: സുലൈമാനും, തന്‍റെ സൈന്യങ്ങളും നിങ്ങളെ (ചവിട്ടി) ചതച്ചുകളയാതിരിക്കട്ടെ; അവരാകട്ടെ, (അത്) അറിയുന്നതുമല്ല.
  • حَتَّىٰ إِذَا أَتَوْا അങ്ങനെ അവര്‍ ചെന്നപ്പോള്‍ عَلَىٰ وَادِ النَّمْلِ ഉറുമ്പിന്‍ താഴ്വരയിലൂടെ قَالَتْ പറഞ്ഞു نَمْلَةٌ ഒരു ഉറുമ്പ് يَا أَيُّهَا النَّمْلُ ഹേ, ഉറുമ്പുകളേ ادْخُلُوا പ്രവേശിക്കുവിന്‍ مَسَاكِنَكُمْ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ لَا يَحْطِمَنَّكُمْ നിങ്ങളെ ചതക്കാതെ ഇരിക്കട്ടെ سُلَيْمَانُ സുലൈമാന്‍ وَجُنُودُهُ തന്‍റെ സൈന്യങ്ങളും وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിയുന്നതുമല്ല, അവര്‍ ഗ്രഹിക്കുകയുമില്ല

സുലൈമാന്‍ നബി (അ) യുടെ സൈന്യത്തില്‍ മനുഷ്യവിഭാഗം മാത്രമല്ല, ജിന്നുകളും, പക്ഷികളുമുണ്ട്. എന്നാല്‍ ജിന്നുവിഭാഗത്തെയും, പക്ഷിവിഭാഗത്തെയും ഏതെല്ലാം തരത്തിലുള്ള സൈനികസേവനങ്ങള്‍ക്കാണ് അദ്ദേഹം ഉപയോഗപ്പെടുത്തിയിരുന്നതെന്ന് ഇവിടെ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ജിന്നുകളെയും, പിശാചുക്കളെയും സുലൈമാന്‍ (അ) നബിക്ക് അല്ലാഹു കീഴ്പ്പെടുത്തിയിരുന്നുവെന്നും, മനുഷ്യന് കേവലം പ്രയാസപ്പെട്ട പല ഭാരിച്ച പ്രവര്‍ത്തനങ്ങളും അവരെക്കൊണ്ട് അദ്ദേഹം നടത്തിവന്നിരുന്നുവെന്നും, ഖുര്‍ആന്‍ (21:82; 34:12, 13; 38:37 മുതലായ) പലേടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. 39-ാം വചനത്തില്‍, ബില്‍ഖീസ് റാണിയുടെ സിംഹാസനം സബഇല്‍നിന്നും അതിവേഗം കൊണ്ടുവരുവാന്‍ ഒരു ജിന്ന് സന്നദ്ധത പ്രകടിപ്പിച്ച വിവരം പ്രസ്താവിച്ചിരിക്കുന്നതും കാണാം. ചിലതരം പക്ഷികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കി അവ മുഖാന്തരം വാര്‍ത്തകളും, ദൗത്യങ്ങളും ദൂരദിക്കുകളിലേക്ക് എത്തിക്കുന്ന സമ്പ്രദായം മുന്‍കാലത്തുവിശേഷിച്ചും നടപ്പുണ്ടായിരുന്നു. സുലൈമാന്‍ (അ) നബിയുടെ പക്ഷീ സൈന്യവിഭാഗത്തില്‍ ഒരു മരംകൊത്തിപ്പക്ഷിയും ഉണ്ടായിരുന്നതായും, ആ പക്ഷി സബഇലെ ജനങ്ങളെയും ബില്‍ഖീസ് റാണിയെയും സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന് സമര്‍പ്പിച്ചതായും, അതിന്‍റെ പക്കല്‍ തന്നെ റാണിക്ക് ഒരു കത്ത് കൊടുത്തയച്ചതായും അടുത്ത ചില വചനങ്ങളിലും കാണാം. പക്ഷികളുടെ ഭാഷ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് അല്ലാഹു ഇതിനു മുമ്പ് പ്രസ്താവിച്ചു കഴിഞ്ഞതാണ്. ആ നിലക്ക് അദ്ദേഹം പക്ഷി വിഭാഗത്തെ പല പ്രകാരത്തിലും ഉപയോഗപ്പെടുത്തിയേക്കുന്നതിലും അസാംഗത്യമില്ല.

ഇബ്നു അബ്ബാസും (റ) മറ്റും പ്രസ്താവിച്ചതായി മുജാഹിദ് (റ), സഈദുബ്നു ജുബൈര്‍ (റ) മുതലായവര്‍ ഉദ്ധരിക്കുന്ന ഒരു നിവേദനത്തില്‍ പ്രസ്തുത മരക്കൊത്തിയെക്കൊണ്ടുള്ള പ്രയോജനത്തെക്കുറിച്ചു പ്രസ്താവിക്കുന്നു: മരുഭൂമിയില്‍ കൂടി യാത്രചെയ്യുമ്പോള്‍ സുലൈമാന്‍ നബിക്ക് വെള്ളത്തിന്‍റെ ആവശ്യം നേരിടുന്ന പക്ഷം, ഭൂമിക്കടിയില്‍ വെള്ളം സ്ഥിതിചെയ്യുന്ന സ്ഥാനം ആ പക്ഷി അറിയിച്ചുകൊടുത്തിരുന്നു; അപ്പോള്‍ അദ്ദേഹം ജിന്നുകളെക്കൊണ്ട് യഥാസ്ഥാനത്തു കുഴിപ്പിച്ച് വെള്ളം എടുത്തിരുന്നു; അങ്ങനെ ഒരു ദിവസം വെള്ളത്തിന്‍റെ സ്ഥാനം പരിശോധിക്കേണ്ടുന്ന ഘട്ടം നേരിട്ടപ്പോഴാണ് (20-ാം വചനത്തില്‍ പ്രസ്താവിക്കുന്നതുപോലെ) മരക്കൊത്തിയെ അന്വേഷിച്ചതും, അതിനെ കാണാതായതും. ഇതാണ് പ്രസ്തുത നിവേദനത്തിലുള്ളത്.

സുലൈമാന്‍ (അ) നബി തന്‍റെ സൈന്യസമേതം ഒരു യാത്രയിലാണ്. അതിന്‍റെ ബഹുലതയും, വിഭാഗ വൈവിധ്യവും നിമിത്തം അതിലെ ഓരോ സംഘവും, ഓരോ വിഭാഗവും നീങ്ങുന്നതും, ചലിക്കുന്നതുമെല്ലാം ക്രമം തെറ്റാതെ ചിട്ടയനുസരിച്ച് വേണമല്ലോ. അതിനായി ഇന്നിന്നവര്‍ ഇന്നിന്നപ്രകാരമെന്നുള്ള ശരിയായ ഒരു നിയന്ത്രണത്തോടെയാണ് സൈന്യം നീങ്ങുന്നത്. അതിനിടക്ക് ഒരു ഉറുമ്പിന്‍ നഗരത്തിന്‍റെ അടുക്കല്‍ സൈന്യം എത്തിച്ചേര്‍ന്നു. അപ്പോഴാണ്‌ ഒരു ഉറുമ്പ് തന്‍റെ കൂട്ടുകാരെ – അല്ലാഹു പ്രസ്താവിച്ചതു പോലെ – താക്കീത് ചെയ്യുന്നത്. ആ പട്ടാളസംഘം അക്രമമായി തങ്ങളെ ഉപദ്രവിക്കുമെന്ന് ഉറുമ്പിന് അഭിപ്രായമില്ല. പക്ഷേ, സൈന്യം അതിന്‍റെ തിരക്കുകോലാഹലങ്ങള്‍ക്കിടയില്‍ ആ പാവങ്ങളുടെ സ്ഥിതിഗതികളെപ്പറ്റി ഗൗനിക്കാതെ – തങ്ങളെ ചവിട്ടിത്തേക്കുവാന്‍ കാരണമായേക്കുമെന്നാണതിന്‍റെ ഭയം. എന്നാല്‍, സുലൈമാന്‍ (അ) നബി ഒരു സാധാരണ രാജാവല്ല. അദ്ദേഹത്തിന്‍റെ സൈന്യവിഭാഗം തന്നെ അതിന് തെളിവാണ്. ഉറുമ്പിന്‍റെ താക്കീത് അദ്ദേഹം കേട്ടു.

27:19
  • فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِىٓ أَنْ أَشْكُرَ نِعْمَتَكَ ٱلَّتِىٓ أَنْعَمْتَ عَلَىَّ وَعَلَىٰ وَٰلِدَىَّ وَأَنْ أَعْمَلَ صَـٰلِحًا تَرْضَىٰهُ وَأَدْخِلْنِى بِرَحْمَتِكَ فِى عِبَادِكَ ٱلصَّـٰلِحِينَ ﴾١٩﴿
  • അപ്പോള്‍, അതിന്‍റെ വാക്കുനിമിത്തം അദ്ദേഹം പുഞ്ചിരിക്കൊണ്ട് ചിരിച്ചു. അദ്ദേഹം (ഇങ്ങിനെ) പറയുകയും ചെയ്തു:- 'റബ്ബേ, എനിക്കും, എന്‍റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള നിന്‍റെ അനുഗ്രഹത്തിന് നന്ദി കാണിക്കുവാനും, നീ തൃപ്തിപ്പെടുന്ന സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ! നിന്‍റെ കാരുണ്യം കൊണ്ട്, സദ്‌വൃത്തരായ നിന്‍റെ അടിയാന്മാരില്‍ എന്നെ നീ ഉള്‍പ്പെടുത്തിത്തരുകയും വേണമേ!'
  • فَتَبَسَّمَ അപ്പോള്‍ അദ്ദേഹം പുഞ്ചിരിതൂകി ضَاحِكًا ചിരിച്ചുംകൊണ്ട് مِّن قَوْلِهَا അതിന്‍റെ വാക്കു നിമിത്തം وَقَالَ അദ്ദേഹം പറയുകയും ചെയ്തു رَبِّ റബ്ബേ أَوْزِعْنِي എനിക്കു പ്രചോദനം നല്‍കേണമേ, തോന്നിപ്പിക്കേണമേ, എന്നെ നിയന്ത്രിക്കേണമേ أَنْ أَشْكُرَ ഞാന്‍ നന്ദി കാണിക്കുവാന്‍ نِعْمَتَكَ നിന്‍റെ അനുഗ്രഹത്തിനു الَّتِي أَنْعَمْتَ നീ അനുഗ്രഹം ചെയ്തിട്ടുള്ള عَلَيَّ എനിക്കു, എന്‍റെ മേല്‍ وَعَلَىٰ وَالِدَيَّ എന്‍റെ മാതാപിതാക്കള്‍ക്കും وَأَنْ أَعْمَلَ ഞാന്‍ പ്രവര്‍ത്തിക്കുവാനും صَالِحًا സല്‍ക്കര്‍മ്മം, നല്ലതു تَرْضَاهُ നീ തൃപ്തിപ്പെടുന്ന وَأَدْخِلْنِي എന്നെ പ്രവേശിപ്പിക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്യേണമേ بِرَحْمَتِكَ നിന്‍റെ കാരുണ്യംകൊണ്ടു فِي عِبَادِكَ നിന്‍റെ അടിയാന്മാരില്‍ الصَّالِحِينَ സദ്‌വൃത്തരായ, നല്ലവരായ

ഉറുമ്പിന്‍റെ സംസാരവും, താക്കീതും കേട്ടതോടെ, ഉറുമ്പിന്‍ കൂട്ടത്തെ രക്ഷിക്കുവാന്‍ വേണ്ടുന്ന നടപടികള്‍ അദ്ദേഹം സ്വീകരിച്ചിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ അതിനേക്കാള്‍ വലിയ ഒരു മാതൃകാ സ്വഭാവമാണ് നമുക്കിവിടെ അദ്ദേഹത്തില്‍നിന്ന് പഠിക്കുവാനുള്ളത്. ഉറുമ്പിന്‍റെ സംസാരം മനസ്സിലാക്കുവാന്‍ കഴിഞ്ഞതിലുള്ള അഭിമാനമോ, കേവലം നിസ്സാര ജന്തുവായ അതിന്‍റെ താക്കീതിനെക്കുറിച്ചുള്ള അവഗണനയോ ഒന്നുമല്ല അദ്ദേഹത്തില്‍നിന്ന് പ്രകടമായത്. അത് മനസ്സിലാക്കുവാന്‍ സാധിച്ചത് അല്ലാഹു തനിക്ക് ചെയ്ത വലിയ ഒരനുഗ്രഹമാണെന്ന് അദ്ദേഹത്തിന് ബോദ്ധ്യമാണ്. അതിലും, അതുപോലെയുള്ള മറ്റു പല അനുഗ്രഹങ്ങളിലും അദ്ദേഹം അല്ലാഹുവോട് നന്ദി കാണിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ കടമ നിര്‍വ്വഹിക്കുവാന്‍ വേണ്ടുന്ന പ്രചോദനത്തിനായി അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയാണ്. തനിക്കു മാത്രമല്ല, തന്‍റെ മാതാപിതാക്കള്‍ക്കു സിദ്ധിച്ച അനുഗ്രഹങ്ങളും അദ്ദേഹം വിസ്മരിക്കുന്നില്ല. ഇതാണ് അല്ലാഹു ഇവിടെ ആ പ്രാര്‍ത്ഥന പ്രത്യേകം എടുത്തുദ്ധരിച്ചതില്‍നിന്ന് നാം മനസ്സിലാക്കേണ്ടത്.

ഉറുമ്പിന്‍റെ സംഭവത്തില്‍നിന്ന് നമുക്ക് മറ്റൊരു പാഠവും കൂടി ലഭിക്കുന്നുണ്ട്. ആ ഉറുമ്പിന്‍റെ – മിക്കവാറും ഉറുമ്പിന്‍കൂട്ടത്തിലെ വീട്ടുനായികയായിരിക്കാം അത്- ദീര്‍ഘദൃഷ്ടിയും, ഉത്തരവാദിത്വബോധവും, മറ്റുള്ളവരുടെ കാര്യത്തില്‍ അതിനുള്ള താല്‍പര്യവും നോക്കുക! കാര്യങ്ങളില്‍ ചിട്ട, സ്ഥിരോത്സാഹം, സഹകരണം ആദിയായവയില്‍ ഉറുമ്പ് മനുഷ്യരെ കവച്ചുവെക്കുന്നു. ഒരു ഉറുമ്പുമാളം പരിശോധിച്ചാല്‍, ഭൂമിക്കുള്ളില്‍ പല അറകളും, നിലകളും, തെരുവുകളും കാണാം. വേനല്‍ക്കാലത്തേക്കും, മഴക്കാലത്തേക്കുമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകം പ്രത്യേകം സൂക്ഷിക്കപ്പെട്ടിരിക്കും. നനവ് പറ്റിയ ധാന്യങ്ങള്‍ വെയിലുള്ളപ്പോള്‍ പുറത്തുകൊണ്ടുവന്നു ഉണക്കി വീണ്ടും സൂക്ഷിക്കും. മുളച്ചു നഷ്ടപ്പെടുവാന്‍ ഇടയാകുന്ന വിത്തുകള്‍ക്ക് തുളയുണ്ടാക്കിവെച്ചിരിക്കും. മഴവെള്ളം കുത്തനെ ഉള്ളില്‍ വീഴാതിരിക്കുവാനായി ഉള്ളറകള്‍ തിരിഞ്ഞും വളഞ്ഞും താണും പൊന്തിയും കൊണ്ടായിരിക്കും തയ്യാറാക്കപ്പെട്ടിരിക്കുക. ഉറുമ്പിന്‍റെ ഘ്രാണശക്തിയാണെങ്കില്‍, ആശ്ചര്യമാംവണ്ണം വമ്പിച്ചതാണ്. വളരെ ദൂരത്തുള്ള വസ്തുക്കള്‍പോലും മണത്തറിഞ്ഞ് അതിവേഗം ഉറുമ്പിന്‍കൂട്ടം വരിവരിയായി അങ്ങോട്ട്‌ ഘോഷയാത്ര നടത്തുന്നത് നാം സാധാരണ കാണാറുള്ളതാണ്. ഇതുപോലെത്തന്നെ ഇതരജീവികളില്‍നിന്നും നമുക്ക് അനേകം പാഠങ്ങള്‍ ലഭിക്കുവാനുണ്ട്. ഓരോന്നിനും അതിന്‍റേതായ സവിശേഷതയും, സാമര്‍ത്ഥ്യവും സര്‍വ്വശക്തനാല്‍ പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു.

നബി (സ) അരുളി ചെയ്തതായി ഇമാം അഹ്മദ് (റ) മുതലായവര്‍ ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു: ‘സുലൈമാന്‍ (അ) (*) നബി മഴക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ പുറപ്പെടുകയുണ്ടായി. അപ്പോള്‍ ഒരു ഉറുമ്പ് മലര്‍ന്നുകിടന്ന് അതിന്‍റെ കാലുകള്‍ ആകാശത്തിനുനേരെ പൊക്കിപ്പിടിച്ചുകൊണ്ട് ഇങ്ങിനെ പറയുന്നതായി അദ്ദേഹം കണ്ടു. ‘അല്ലാഹുവേ, ഞങ്ങളും നിന്‍റെ സൃഷ്ടികള്‍ തന്നെ. ഞങ്ങള്‍ക്ക് നീ വെള്ളം കുടിക്കുവാന്‍ തരാതെ ഞങ്ങള്‍ക്ക് നിവൃത്തിയില്ല’. (اللَّهُمَّ إنّا خَلْقٌ مِن خَلْقِكَ لَيْسَ بِنا غِنًى عَنْ سُقْياكَ) അപ്പോള്‍ അദ്ദേഹം (കൂടെയുള്ളവരോട്) പറഞ്ഞു: ‘നിങ്ങള്‍ക്കു മടങ്ങാം. മറ്റുള്ളവരുടെ പ്രാര്‍ത്ഥനമൂലം നിങ്ങള്‍ക്ക് വെള്ളം കിട്ടിപ്പോയി!’

(ارْجِعُوا فَقَدْ سُقِيتُمْ بِدَعْوَةِ غَيْرِكُمْ – رواه احمد و صححه الحاكم)

സാധാരണക്കെതിരായി ഖുര്‍ആനില്‍ കാണപ്പെടുന്ന എല്ലാ സംഭവങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്യുവാന്‍ താല്പര്യപൂര്‍വ്വം മിനക്കെടാറുള്ളവര്‍ മേല്‍ പ്രസ്താവിച്ച ഉറുമ്പിന്‍റെ കഥയിലും, തുടര്‍ന്നു വരുന്ന മരക്കൊത്തിപ്പക്ഷിയുടെ കഥയിലും – എന്നുവേണ്ട ഈ സൂറത്തിലെ പല പ്രസ്താവനകളിലും – അവരുടേതായ ദുര്‍വ്യാഖ്യാനങ്ങളും വ്യാജപ്രസ്താവനകളും ഇറക്കുമതി ചെയ്ത് പൊതുജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. അവയെക്കുറിച്ചുള്ള നിരൂപണം ഈ സൂറത്തിന്‍റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണാം. അത് സശ്രദ്ധം വായിച്ചറിയേണ്ടതാകുന്നു.


(*) ദാറുഖ്വുത്ത്നീ (റ)യുടെ രിവായത്തില്‍ ഒരു ‘പ്രവാചകന്‍’ ( نبي من الانبياء ) എന്നാണുള്ളത്.


സുലൈമാന്‍ (അ) നബിയുടെ യാത്രയിലുണ്ടായ മറ്റൊരു പ്രധാന സംഭവം അടുത്ത ആയത്തുകളില്‍ അല്ലാഹു വിവരിക്കുന്നു:-

27:20
  • وَتَفَقَّدَ ٱلطَّيْرَ فَقَالَ مَا لِىَ لَآ أَرَى ٱلْهُدْهُدَ أَمْ كَانَ مِنَ ٱلْغَآئِبِينَ ﴾٢٠﴿
  • അദ്ദേഹം പക്ഷികളെ പരിശോധിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്താണെനിക്ക്? (ആശ്ചര്യം തന്നെ;) മരക്കൊത്തി(പ്പക്ഷി)യെ കാണുന്നില്ലല്ലോ! അഥവാ, അത് ഹാജറില്ലാത്തവരുടെ കൂട്ടത്തില്‍ ആയിരിക്കയാണോ?
  • وَتَفَقَّدَ അദ്ദേഹം പരിശോധിച്ചു الطَّيْرَ പക്ഷികളെ فَقَالَ അപ്പോള്‍ (എന്നിട്ടു) പറഞ്ഞു مَا لِيَ എനിക്കെന്താണ് لَا أَرَى ഞാന്‍ കാണുന്നില്ല الْهُدْهُدَ മരക്കൊത്തിയെ أَمْ كَانَ അഥവാ അതായിരിക്കുന്നുവോ مِنَ الْغَائِبِينَ ഹാജറില്ലാത്തവരില്‍, മറഞ്ഞുപോയവരില്‍

27:21
  • لَأُعَذِّبَنَّهُۥ عَذَابًا شَدِيدًا أَوْ لَأَا۟ذْبَحَنَّهُۥٓ أَوْ لَيَأْتِيَنِّى بِسُلْطَـٰنٍ مُّبِينٍ ﴾٢١﴿
  • 'സത്യമായിട്ടും, ഞാന്‍ അതിനെ കഠിനമായ ശിക്ഷ ശിക്ഷിക്കും; അല്ലെങ്കില്‍ അതിനെ അറുത്തു (കൊന്നു)കളയും. അല്ലാത്തപക്ഷം, ഒരു വ്യക്തമായ ന്യായവും കൊണ്ട് അത് എന്‍റെ അടുക്കല്‍ വരുകതന്നെ വേണം'.
  • لَأُعَذِّبَنَّهُ സത്യമായും ഞാനതിനെ ശിക്ഷിക്കും عَذَابًا شَدِيدًا കഠിനമായ ശിക്ഷ أَوْ അല്ലെങ്കില്‍ لَأَذْبَحَنَّهُ ഞാനതിനെ തീര്‍ച്ചയായും അറുക്കും أَوْ لَيَأْتِيَنِّي അല്ലെങ്കില്‍ അത് എന്‍റെ അടുക്കല്‍ വരണം (വന്നാലൊഴികെ) بِسُلْطَانٍ ഒരു ന്യായംകൊണ്ടു, വല്ല രേഖയുമായി مُّبِينٍ വ്യക്തമായ

സുലൈമാന്‍ (അ) തന്‍റെ സൈന്യത്തിലെ പക്ഷിവിഭാഗം പരിശോധിച്ചപ്പോള്‍ മരക്കൊത്തിപ്പക്ഷിയെ കണ്ടില്ല. നിയമപ്രകാരം അതും ഹാജറുണ്ടാകേണ്ടിയിരുന്നു. അതിന്‍റെ അഭാവത്തിന്ന് കാരണം മനസ്സിലായതുമില്ല. അതുകൊണ്ട് തക്കതായ ന്യായമില്ലാത്തപക്ഷം, സൈന്യത്തില്‍ ഹാജറില്ലാത്തതിന്‍റെ പേരില്‍ അതിനെ അറുത്ത് കൊലചെയ്തോ മറ്റോ കഠിനമായി ശിക്ഷിക്കുമെന്ന് താക്കീത് പുറപ്പെടുവിച്ചു. പക്ഷേ, കാര്യം അദ്ദേഹം ഊഹിച്ചപോലെയായിരുന്നില്ല. അത് ഹാജറില്ലാതിരിക്കുവാന്‍ മതിയായ കാരണം – പ്രവാചകവര്യനും, മഹാരാജാവുമായിരുന്ന അദ്ദേഹത്തിന്ന് അജ്ഞാതമായിരുന്ന ഒരു വമ്പിച്ച വര്‍ത്തമാനം – അതിന്ന് പറയുവാനുണ്ടായിരുന്നു.

27:22
  • فَمَكَثَ غَيْرَ بَعِيدٍ فَقَالَ أَحَطتُ بِمَا لَمْ تُحِطْ بِهِۦ وَجِئْتُكَ مِن سَبَإٍۭ بِنَبَإٍ يَقِينٍ ﴾٢٢﴿
  • അങ്ങനെ, അത് [മരക്കൊത്തി] വിദൂരമല്ലാത്തവണ്ണം (അല്‍പം) താമസിച്ചു. എന്നിട്ട് (വന്ന് ഇങ്ങിനെ) പറഞ്ഞു: 'അങ്ങുന്ന് സൂക്ഷ്മമായറിഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു; 'സബഇ'ല്‍ നിന്നും ദൃഢമായ ഒരു വാര്‍ത്തയുമായി ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുകയാണ്.
  • فَمَكَثَ അങ്ങനെ അതു താമസിച്ചു غَيْرَ بَعِيدٍ വിദൂരമല്ലാത്ത നിലയില്‍ (കുറച്ചുസമയം) فَقَالَ എന്നിട്ടു അതു പറഞ്ഞു أَحَطتُ ഞാന്‍ സൂക്ഷ്മമായറിഞ്ഞിരിക്കുന്നു بِمَا യാതൊരു കാര്യത്തെക്കുറിച്ചു لَمْ تُحِطْ بِهِ അങ്ങുന്നു (താങ്കള്‍) അതിനെപ്പറ്റി സൂക്ഷ്മമായറിഞ്ഞിട്ടില്ല وَجِئْتُكَ ഞാന്‍ അങ്ങയുടെ അടുക്കല്‍ വന്നിരിക്കുന്നു مِن سَبَإٍ സബഇല്‍നിന്നു بِنَبَإٍ ഒരു വാര്‍ത്തയുംകൊണ്ടു يَقِينٍ ദൃഢമായ, ഉറപ്പായ
27:23
  • إِنِّى وَجَدتُّ ٱمْرَأَةً تَمْلِكُهُمْ وَأُوتِيَتْ مِن كُلِّ شَىْءٍ وَلَهَا عَرْشٌ عَظِيمٌ ﴾٢٣﴿
  • 'നിശ്ചയമായും, അവരെ [സബഉകാരെ] ഭരിച്ചുവരുന്ന ഒരു സ്ത്രീയെ ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ വസ്തുക്കളില്‍നിന്നും (ആവശ്യമായത്ര) അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു. ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ട്.'
  • إِنِّي നിശ്ചയമായും ഞാന്‍ وَجَدتُّ ഞാന്‍ കണ്ടെത്തിയിരിക്കുന്നു امْرَأَةً ഒരു സ്ത്രീയെ تَمْلِكُهُمْ അവള്‍ അവരെ ഭരിക്കുന്നു وَأُوتِيَتْ അവള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നു مِن كُلِّ شَيْءٍ എല്ലാ വസ്തുക്കളില്‍ നിന്നും وَلَهَا അവള്‍ക്കുണ്ടുതാനും عَرْشٌ ഒരു സിംഹാസനം عَظِيمٌ വമ്പിച്ച, മഹത്തായ

അറേബ്യാഅര്‍ദ്ധദ്വീപിന്‍റെ തെക്കുപടിഞ്ഞാറെ മൂലയിലായി യമനിലാണ് ‘സബഉ്’ (سبأ) സാമ്രാജ്യം സ്ഥിതിചെയ്തിരുന്നത്. വമ്പിച്ച ഒരു പ്രാചീന അറബി ഗോത്രമാണ് സബഉ്. അബീസീനിയക്കാര്‍ എന്നറിയപ്പെടുന്ന ഹബ്ശഃ ഗോത്രങ്ങള്‍ (الحبشة) ഇവരില്‍ നിന്നും അബീസീനിയയില്‍ കുടിയേറിപ്പാര്‍ത്തവരാണെന്നാണ് കരുതപ്പെടുന്നത്. തെക്കേകടല്‍ തീരത്തിന്നും, അബീസീനിയായുടെ വടക്കുകിഴക്കേ കടല്‍തീരത്തിന്നുമിടയില്‍ ചെങ്കടലിന് 12 നാഴിക മാത്രമേ വീതിയുള്ളൂ. ഈ കടലിടുക്കാണ് ബാബുല്‍മന്‍ദബ് (باب المنذب ) എന്നു പറയപ്പെടുന്നത്. ക്രിസ്താബ്ദത്തിന് 10-11 നൂറ്റാണ്ടുകള്‍ക്കുമുമ്പ് അറേബ്യായില്‍ നിന്ന് അബീസീനിയയിലേക്ക് ആക്രമണങ്ങള്‍ നടത്തപ്പെട്ടിരുന്നുവത്രെ. സുലൈമാന്‍ (അ) നബിയുടെ ഭരണകാലം ക്രിസ്താബ്ദത്തിന്ന് മുമ്പ് 992 മുതല്‍ 952വരെയുള്ള 40 കൊല്ലക്കാലമായിരുന്നുവെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അബീസീനിയായിലെ ഭാഷയായ എത്തോപ്യന്‍ ഭാഷയുടെ അക്ഷരമാല, സബഇയന്‍ അക്ഷരമാല – അഥവാ ഹിംയരിയന്‍ അക്ഷരങ്ങള്‍ (الحروف الحميرية) – തന്നെയായിരുന്നു.

അനേകം ശാഖോപശാഖകള്‍ ഉള്‍ക്കൊണ്ടിരുന്ന സബഉ് ഗോത്രത്തിന്‍റെ ജനയിതാവ് യശ്ജൂബ് മകന്‍ സബഉ് (سبأ بن يشجب) ആയിരുന്നു. അറേബ്യന്‍ ഗോത്രങ്ങളുടെ പതിവനുസരിച്ച് സബഇന്‍റെ സന്താനപരമ്പരകള്‍ അതേപേരില്‍തന്നെ അറിയപ്പെട്ടു. മആരിബിലെ അണക്കെട്ട് (سدمآرب) എന്ന ചരിത്രപ്രസിദ്ധമായ പ്രാചീന അണക്കെട്ട് സബഉ് നിര്‍മ്മിച്ചതാണ്. വിശുദ്ധ ഖുര്‍ആനില്‍ ഈ അണക്കെട്ടിനെ സംബന്ധിക്കുന്ന ഒരു ചരിത്രപാഠം സൂറത്തു-സബഇല്‍ പ്രസ്താവിച്ചിട്ടുള്ളത് അല്ലാഹു ഉദ്ദേശിച്ചാല്‍ നമുക്ക് അവിടെവെച്ച് കാണാവുന്നതാണ്. തുബ്ബഉ് രാജാക്കള്‍ (التبابعة) എന്ന പേരില്‍ അറിയപ്പെടുന്ന ഹിംയരീ രാജവംശമായിരുന്നു അവിടുത്തെ നാടുവാഴികള്‍. ഇവരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അക്കൂട്ടത്തില്‍, വളരെ പ്രതാപത്തോടുകൂടി നാടുവാണിരുന്ന ഒരു റാണിയെക്കുറിച്ചാണ് ഇവിടെ പ്രസ്താവിക്കുന്നത്, ബില്‍ഖീസ് (بلقيس) എന്ന പേരിലാണ് ഈ റാണി അറിയപ്പെടുന്നത്.

ബൈബിളില്‍ സബഇലെ (ശേബായിലെ) രാജ്ഞി സുലൈമാന്‍ (അ) നബിയുടെ അടുക്കല്‍ ചെന്നതും, അദ്ദേഹത്തിന്‍റെ ജ്ഞാനവും, പ്രതാപവും കണ്ട് വളരെയധികം പ്രശംസിച്ചതും വിവരിച്ചിരിക്കുന്നത് കാണാം. (1. രാജാക്കള്‍, അ: 10; 2. ദിനവൃത്താന്തം, അ; 9 നോക്കുക) പക്ഷെ, ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടുള്ള ഈ സംഭവങ്ങള്‍ അതില്‍ പ്രതിപാദിച്ചു കാണുന്നില്ല.

ഒരു മഹാരാജാവിനുണ്ടായിരിക്കേണ്ടുന്ന എല്ലാവിധ ശക്തികളും, വിഭവങ്ങളും, അവള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അനിതരസാധാരണമായ ഒരു വമ്പിച്ച സിംഹാസനവും അവള്‍ക്കുണ്ടെന്നും ഉണര്‍ത്തിച്ചുകൊണ്ടുള്ള ആ ചെറുവിവരണം വഴി, ബില്‍ഖീസിന്‍റെ രാജകീയ പ്രതാപങ്ങളും, ഭൗതിക യശസ്സും മരക്കൊത്തി സുലൈമാന്‍ (അ) നബിയെ തെര്യപ്പെടുത്തി. തുടര്‍ന്നുകൊണ്ട് ആ ജനതയുടെ മതപരമായ നിലപാടും വിവരിക്കുന്നു:-

27:24
  • وَجَدتُّهَا وَقَوْمَهَا يَسْجُدُونَ لِلشَّمْسِ مِن دُونِ ٱللَّهِ وَزَيَّنَ لَهُمُ ٱلشَّيْطَـٰنُ أَعْمَـٰلَهُمْ فَصَدَّهُمْ عَنِ ٱلسَّبِيلِ فَهُمْ لَا يَهْتَدُونَ ﴾٢٤﴿
  • 'അവളെയും, അവളുടെ ജനതയെയും അല്ലാഹുവിനെ വിട്ട് സൂര്യന്നു സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യുന്നതായി ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അവരുടെ കര്‍മ്മങ്ങള്‍ പിശാച് അവര്‍ക്കു ഭംഗിയാക്കിക്കാണിച്ചു അവരെ (നേരായ) മാര്‍ഗ്ഗത്തില്‍ നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, അവര്‍ സന്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല;
  • وَجَدتُّهَا ഞാനവളെകണ്ടെത്തി وَقَوْمَهَا അവളുടെ ജനതയെയും يَسْجُدُونَ അവര്‍ സുജൂദു ചെയ്യുന്നു لِلشَّمْسِ സൂര്യനു مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ, അല്ലാഹുവിനെ കൂടാതെ وَزَيَّنَ ഭംഗിയാക്കിക്കാട്ടുകയും ചെയ്തിരിക്കുന്നു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാച് أَعْمَالَهُمْ അവരുടെ കര്‍മ്മങ്ങള്‍, പ്രവൃത്തികള്‍ فَصَدَّهُمْ എന്നിട്ടു അവരെ തടഞ്ഞു عَنِ السَّبِيلِ മാര്‍ഗ്ഗത്തില്‍നിന്ന് فَهُمْ അതിനാല്‍ അവര്‍ لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നില്ല, സന്‍മാര്‍ഗ്ഗം പ്രാപിക്കുന്നില്ല

27:25
  • أَلَّا يَسْجُدُوا۟ لِلَّهِ ٱلَّذِى يُخْرِجُ ٱلْخَبْءَ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَيَعْلَمُ مَا تُخْفُونَ وَمَا تُعْلِنُونَ ﴾٢٥﴿
  • '(പിശാച് അവരെ തടയുന്നത്) ആകാശങ്ങളിലും, ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നതിനെ വെളിക്കു കൊണ്ടുവരുകയും, നിങ്ങള്‍ മറച്ചുവെക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ സുജൂദ് [സാഷ്ടാംഗനമസ്കാരം] ചെയ്യാതിരിക്കുവാനത്രെ.
  • أَلَّا يَسْجُدُوا അവര്‍ സുജൂദ് ചെയ്യാതിരിക്കുവാന്‍ لِلَّـهِ അല്ലാഹുവിന് الَّذِي يُخْرِجُ വെളിക്കു വരുത്തുന്നവനായ, പുറത്തു കൊണ്ടുവരുന്ന الْخَبْءَ ഒളിഞ്ഞു കിടക്കുന്നതിനെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَيَعْلَمُ അറിയുകയും ചെയ്യുന്നു مَا تُخْفُونَ നിങ്ങള്‍ മറച്ചു (ഒളിച്ചു) വെക്കുന്നതു وَمَا تُعْلِنُونَ നിങ്ങള്‍ പരസ്യമാക്കുന്നതും, വെളിവാക്കുന്നതും
27:26
  • ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِ ۩ ﴾٢٦﴿
  • 'അല്ലാഹുവാകട്ടെ, അവനല്ലാതെ യാതൊരു ആരാധ്യനുമില്ല; മഹത്തായ 'അര്‍ശി' [സിംഹാസനത്തി]ന്‍റെ നാഥനാണ് (അവന്‍).'
  • اللَّـهُ അല്ലാഹുവാകട്ടെ لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ رَبُّ الْعَرْشِ അര്‍ശിന്‍റെ റബ്ബാണ്, സിംഹാസനത്തിന്‍റെ നാഥനാണ് (ഉടമസ്ഥനാണ്) الْعَظِيمِ മഹത്തായ

മരക്കൊത്തിയുടെ നിലപാടും, പ്രസ്താവനയും മുമ്പില്‍വെച്ച് നോക്കുമ്പോള്‍ 25, 26 എന്നീ ആയത്തുകളില്‍ അല്ലാഹുവിന്‍റെ ഗുണവിശേഷങ്ങളായി പ്രസ്താവിച്ച കാര്യങ്ങള്‍ ഇവിടെ പ്രത്യേകം അര്‍ത്ഥവത്താണെന്നുകാണാം. ഇബ്നു അബ്ബാസ് (റ) പറഞ്ഞതുപോലെ, ഭൂമിക്കടിയില്‍ വെള്ളത്തിന്‍റെ സ്ഥാനം സുലൈമാന്‍ (അ) നബിക്ക് അറിയിച്ചുകൊടുക്കുക ഈ മരക്കൊത്തിയുടെ ജോലിയാണല്ലോ. സബഇലെ റാണിയെക്കുറിച്ചും മറ്റും അദ്ദേഹത്തിന് അജ്ഞാതമായിരുന്ന ചില കാര്യങ്ങള്‍ അത് വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. എന്നാല്‍, സുലൈമാന്‍ (അ) നബിക്കോ, മരക്കൊത്തിക്കോ- മറ്റാര്‍ക്കും തന്നെയുമോ ആകാശഭൂമികളില്‍ ഒളിഞ്ഞു കിടപ്പുള്ള എല്ലാ കാര്യങ്ങളും, എല്ലാ രഹസ്യപരസ്യങ്ങളും അറിയുക സാദ്ധ്യമല്ല തന്നെ. അല്ലാഹുവിനു മാത്രമേ അതറിയുകയുള്ളു. അല്ലാഹു ചിലര്‍ക്കു ചില കാര്യങ്ങള്‍ അറിയിച്ചുകൊടുക്കുന്നത് മാത്രമേ അവര്‍ക്കറിയുവാന്‍ സാധിക്കുകയുള്ളു. എന്നിങ്ങനെയുള്ള സൂചനകള്‍ 25-ാം ആയത്തില്‍ അടങ്ങുന്നു. സബഇലെ റാണിക്ക് ഒരു വമ്പിച്ച സിംഹാസനമുണ്ടെന്ന് പറഞ്ഞുവല്ലോ. ആ സിംഹാസനമാകട്ടെ, മറ്റേത് രാജകീയ സിംഹാസനമാകട്ടെ, അതിനെക്കാളെല്ലാം മഹത്തരമായ ഒരു സിംഹാസനം വേറെയുണ്ട്. അതായത്, അഖിലാണ്ഡത്തിന്‍റെ സ്രഷ്ടാവും ഭരണാധിപനുമായ അല്ലാഹുവിന്‍റെ സിംഹാസനം (‘അര്‍ശ്’) അതിനെ അപേക്ഷിച്ച് മറ്റെല്ലാ സിംഹാസനങ്ങളും കേവലം നാമമാത്രങ്ങളാകുന്നു. എന്നൊക്കെ 26-ാം വചനത്തിലും സൂചനയുണ്ട്.

27:27
  • قَالَ سَنَنظُرُ أَصَدَقْتَ أَمْ كُنتَ مِنَ ٱلْكَـٰذِبِينَ ﴾٢٧﴿
  • അദ്ദേഹം [സുലൈമാന്‍] പറഞ്ഞു: 'നീ സത്യം പറഞ്ഞതാണോ, അഥവാ നീ അസത്യവാന്‍മാരില്‍പെട്ടിരിക്കുന്നുവോ എന്ന് നാം നോക്കാം:
  • قَالَ അദ്ദേഹം പറഞ്ഞു سَنَنظُرُ നാം നോക്കാം أَصَدَقْتَ നീ സത്യം പറഞ്ഞിരിക്കയാണോ أَمْ كُنتَ അഥവാ നീ ആയിരിക്കുന്നുവോ مِنَ الْكَاذِبِينَ വ്യാജകാരന്‍മാരില്‍പെട്ട (വന്‍)

27:28
  • ٱذْهَب بِّكِتَـٰبِى هَـٰذَا فَأَلْقِهْ إِلَيْهِمْ ثُمَّ تَوَلَّ عَنْهُمْ فَٱنظُرْ مَاذَا يَرْجِعُونَ ﴾٢٨﴿
  • 'എന്‍റെ ഈ എഴുത്തുംകൊണ്ട് നീ പോകുക; എന്നിട്ട് അതവര്‍ക്ക് ഇട്ടുകൊടുക്കുക. പിന്നീട് നീ അവരില്‍നിന്നു മാറിനിന്ന് അവര്‍ (അതിനെപ്പറ്റി) എന്തു മറുപടി പറയുന്നുവെന്ന്നോക്കുക.'
  • اذْهَب നീ പോകുക بِّكِتَابِي هَـٰذَا എന്‍റെ ഈ എഴുത്തുംകൊണ്ടു فَأَلْقِهْ എന്നിട്ടതു ഇട്ടേക്കുക إِلَيْهِمْ അവര്‍ക്കു, അവരിലേക്കു ثُمَّ تَوَلَّ പിന്നീടു നീ പിന്‍മാറിക്കൊള്ളുക عَنْهُمْ അവരില്‍നിന്നു فَانظُرْ എന്നിട്ടു നോക്കുക مَاذَا എന്തൊന്നാണ് يَرْجِعُونَ അവര്‍ മടക്കുന്നതു (മറുപടി പറയുന്നതു)

എഴുത്തുകള്‍ കൊടുത്തയക്കുവാനും മറ്റും പരിശീലിപ്പിക്കപ്പെടാറുള്ള സാധാരണ പക്ഷികളെപ്പോലെ ഒരു പക്ഷിയല്ല സുലൈമാന്‍ (അ) നബിയുടെ മരക്കൊത്തിയെന്ന് ഇതില്‍നിന്ന് മനസ്സിലാകുന്നു. കാരണം, കത്ത് കൊണ്ടുപോയി കൊടുക്കുവാന്‍ മാത്രമല്ല, അത് കൊടുത്തശേഷം മാറിനിന്ന് അവിടെയുണ്ടാകുന്ന പ്രതികരണം മനസ്സിലാക്കി വരുവാനും കൂടി അദ്ദേഹം അതിനെ ചുമതലപ്പെടുത്തുന്നു. സുലൈമാന്‍ (അ) നബിക്ക് അതിന്‍റെ ഭാഷ മനസ്സിലാകുന്നതുപോലെ, അദ്ദേഹത്തിന്‍റെ ഭാഷ അതിനും മനസ്സിലായിരുന്നുവെന്നും ഇതില്‍നിന്ന് വ്യക്തമാകുന്നു. ഇതിലെല്ലാം അടങ്ങിയ രഹസ്യം അല്ലാഹുവിനു മാത്രമേ അറിയൂ.

മരക്കൊത്തി കത്തുമായ് പറന്ന് യമനിലെത്തി. എങ്ങിനെയോ റാണിയുടെ മുമ്പില്‍ കത്തിട്ടു. അവള്‍ ദ്വിഭാഷികള്‍ മുഖേന അത് വായിച്ചറിഞ്ഞു. ഉള്ളടക്കം കണ്ട് പരിഭ്രമിച്ചു. തന്‍റെ കാര്യാലോചന സഭ വിളിച്ചുകൂട്ടി ആലോചന നടത്തി.

27:29
  • قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ إِنِّىٓ أُلْقِىَ إِلَىَّ كِتَـٰبٌ كَرِيمٌ ﴾٢٩﴿
  • അവള്‍ പറഞ്ഞു: 'ഹേ, പ്രധാനികളേ! നിശ്ചയമായും, എനിക്ക് മാന്യമായ ഒരു എഴുത്ത് (ഇതാ) ഇട്ടുതരപ്പെട്ടിരിക്കുന്നു!
  • قَالَتْ അവൾ പറഞ്ഞു يَٰٓأَيُّهَا ٱلْمَلَؤُا۟ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ إِنِّىٓ നിശ്ചയമായും ഞാൻ أُلْقِىَ إِلَى എനിക്ക് ഇട്ടുതരപ്പെട്ടിരിക്കുന്നു كِتَٰبٌ ഒരെഴുത്ത് كَرِيمٌ മാന്യമായ, ബഹുമാനപ്പെട്ട
27:30
  • إِنَّهُۥ مِن سُلَيْمَـٰنَ وَإِنَّهُۥ بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ ﴾٣٠﴿
  • 'അതു സുലൈമാനില്‍ നിന്നുള്ളതാണ്. അത്: പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍;-
  • إِنَّهُ നിശ്ചയമായും അതു مِن سُلَيْمَانَ സുലൈമാനില്‍ നിന്നുള്ളതാണ് وَإِنَّهُ നിശ്ചയമായും അത് بِسْمِ اللَّـهِ അല്ലാഹുവിന്‍റെ നാമത്തില്‍ الرَّحْمَـٰنِ പരമകാരുണികനായ الرَّحِيمِ കരുണാനിധിയായ
27:31
  • أَلَّا تَعْلُوا۟ عَلَىَّ وَأْتُونِى مُسْلِمِينَ ﴾٣١﴿
  • 'എന്നോട് നിങ്ങള്‍ ഔന്നത്യം കാണിക്കരുത്; നിങ്ങള്‍ 'മുസ്‌ലിംകളായി'ക്കൊണ്ട് എന്‍റെ അടുക്കല്‍ വരുകയും ചെയ്യുക. എന്നത്രെ.'
  • أَلَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (മേന്‍മ-യോഗ്യത) കാണിക്കരുതെന്നാണ് عَلَيَّ എന്‍റെ മേല്‍ - എന്നോട് وَأْتُونِي നിങ്ങള്‍ എന്‍റെ അടുക്കല്‍ വരുകയും ചെയ്യണം مُسْلِمِينَ മുസ്‌ലിംകളായിക്കൊണ്ടു, അനുസരിക്കുന്നവരായിട്ടു

സബഉകാരുടെ മതപരവും, രാജകീയവുമായ നിലപാട് മരക്കൊത്തിയുടെ പ്രസ്താവനയില്‍ നിന്ന് സുലൈമാന്‍ (അ) മനസ്സിലാക്കിയ ശേഷം, അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം അയച്ച ആ കത്തിലെ ഉള്ളടക്കമാണിത്. ഇബ്രാഹിം (അ) നബിയും, മൂസാ (അ) നബിയും അവരവരുടെ കാലത്തെ രാജാക്കളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചിരുന്നുവല്ലോ. നബി (സ) തിരുമേനിയുടെ കാലത്തുള്ള പല രാജാക്കള്‍ക്കും അവിടുന്നും ഇങ്ങിനെ കത്തുകള്‍ അയച്ചിട്ടുള്ളത് പ്രസിദ്ധമാണ്.

‘മുസ്‌ലിംകള്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘അനുസരണമുള്ളവര്‍, കീഴൊതുങ്ങിയവര്‍’ എന്നൊക്കെയാണ്, ഈ വാക്കര്‍ത്ഥത്തെ അടിസ്ഥാനമാക്കിക്കൊണ്ട് ഇവിടെ രണ്ട് പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. സുലൈമാന്‍ നബിക്ക് കീഴൊതുങ്ങിക്കൊണ്ട് വരണം എന്നും, അല്ലാഹുവിനോട് അനുസരണമുള്ളവരായി – അഥവാ ഇസ്‌ലാമിനെ അംഗീകരിച്ചുകൊണ്ട് -വരണം എന്നുമാണത്. എന്നാല്‍ 44-ാം വചനത്തില്‍ ‘ഞാന്‍ സുലൈമാനോടൊപ്പം ലോകരക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു’വെന്ന് രാജ്ഞി സുലൈമാന്‍ (അ) നബിയുടെ മുമ്പില്‍വെച്ച് പ്രസ്താവിച്ചിട്ടുള്ളത്‌ കാണാം. എന്നിരിക്കെ, ഇവിടെയും 38, 42 എന്നീ വചനങ്ങളിലും ‘മുസ്‌ലിംകള്‍’ എന്ന വാക്കിന് ഈ അര്‍ത്ഥം കല്‍പിക്കുവാനാണ് ന്യായമുള്ളത്. (കൂടുതല്‍ വിവരം വഴിയെ വരും).