വിഭാഗം - 3

27:32
  • قَالَتْ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَفْتُونِى فِىٓ أَمْرِى مَا كُنتُ قَاطِعَةً أَمْرًا حَتَّىٰ تَشْهَدُونِ ﴾٣٢﴿
  • അവള്‍ പറഞ്ഞു: ' ഹേ, പ്രധാനികളേ! എന്‍റെ കാര്യത്തില്‍ (ഞാന്‍ എന്തു വേണമെന്ന്) നിങ്ങള്‍ എനിക്ക് തീരുമാനം പറഞ്ഞു തരണം. നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരായിട്ടല്ലാതെ, ഞാന്‍ ഒരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല.'
  • قَالَتْ അവള്‍ പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ, പ്രമുഖ സംഘമേ أَفْتُونِي നിങ്ങള്‍ എനിക്കു തീരുമാനം പറഞ്ഞുതരണം. فِي أَمْرِي എന്‍റെ കാര്യത്തില്‍ مَا كُنتُ ഞാനല്ല, ഞാനായിട്ടില്ല قَاطِعَةً ഖണ്ഡിതമായി തീരുമാനിക്കുന്നവള്‍, ഉറപ്പിച്ചു പറയുന്നവള്‍ أَمْرًا ഒരു കാര്യവും حَتَّىٰ تَشْهَدُونِ നിങ്ങള്‍ എന്‍റെ അടുക്കല്‍ സന്നിഹിതരാവാതെ
27:33
  • قَالُوا۟ نَحْنُ أُو۟لُوا۟ قُوَّةٍ وَأُو۟لُوا۟ بَأْسٍ شَدِيدٍ وَٱلْأَمْرُ إِلَيْكِ فَٱنظُرِى مَاذَا تَأْمُرِينَ ﴾٣٣﴿
  • അവര്‍ പറഞ്ഞു: ' നാം പ്രാബല്യമുള്ളവരും, ശക്തിമത്തായ സമരവീര്യമുള്ളവരുമാകുന്നു; അധികാരം അവിടുത്തേക്കാകുന്നു; ആകയാല്‍, എന്താണ് കല്പിച്ചരുളുന്നതെന്ന് അവിടുന്നു (തന്നെ ആലോചിച്ചു) നോക്കുക.'
  • قَالُوا അവര്‍ പറഞ്ഞു نَحْنُ നാം ഞങ്ങള്‍ أُولُو قُوَّةٍ പ്രാബല്യം (ശക്തി) ഉള്ളവരാണ് وَأُولُو بَأْسٍ സമരവീര്യം (ആക്രമണശക്തി) ഉള്ളവരും شَدِيدٍ ശക്തിമത്തായ وَالْأَمْرُ അധികാരം, കാര്യം إِلَيْكِ അങ്ങേക്കാണ്, അങ്ങയുടെ അടുക്കലാണ് فَانظُرِي അതുകൊണ്ടു (ആലോചിച്ചു)നോക്കുക مَاذَا എന്തൊന്നാണ് تَأْمُرِينَ അങ്ങുന്നു കല്‍പിക്കുന്നത്

വേണമെങ്കില്‍ ഒരു യുദ്ധത്തിനുള്ള കഴിവും, കോപ്പും നമുക്കുണ്ട്. നാമെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അവിടുന്നുതന്നെയാണ്. അവിടുത്തെ കല്‍പന ഏതും നിറവേറ്റാന്‍ ഞങ്ങള്‍ തയ്യാറുമാണ്. എന്നത്രെ ഉപദേശകസമിതിയുടെ മറുപടി. ഇതില്‍ ഒരു സമരസൂചനയുണ്ടെന്ന് റാണിക്ക് തോന്നിയിരിക്കാം.

27:34
  • قَالَتْ إِنَّ ٱلْمُلُوكَ إِذَا دَخَلُوا۟ قَرْيَةً أَفْسَدُوهَا وَجَعَلُوٓا۟ أَعِزَّةَ أَهْلِهَآ أَذِلَّةً ۖ وَكَذَٰلِكَ يَفْعَلُونَ ﴾٣٤﴿
  • അവള്‍ പറഞ്ഞു: ' നിശ്ചയമായും, രാജാക്കള്‍ ഒരു രാജ്യത്തു പ്രവേശിച്ചാല്‍, അവരതിനെ നാശപ്പെടുത്തുകയും, അന്നാട്ടുകാരിലുള്ള പ്രതാപശാലികളെ നിന്ദ്യന്‍മാരാക്കുകയും ചെയ്യുന്നതാണ്. അങ്ങിനെയാണവര്‍ പ്രവര്‍ത്തിക്കുക.
  • قَالَتْ അവള്‍ പറഞ്ഞു إِنَّ الْمُلُوكَ നിശ്ചയമായും രാജാക്കള്‍ إِذَا دَخَلُوا അവര്‍ പ്രവേശിച്ചാല്‍ قَرْيَةً ഒരു രാജ്യത്ത്, നാട്ടില്‍ أفْسَدُوهَا അവരതു നശിപ്പിക്കും, കുഴപ്പപ്പെടുത്തും وَجَعَلُوا അവര്‍ ആക്കുകയും ചെയ്യും أَعِزَّةَ أَهْلِهَا അതിലെ ആളുകളില്‍ പ്രതാപശാലികളെ أَذِلَّةً നിന്ദ്യന്മാര്‍, നിസ്സാരന്മാര്‍ وَكَذَٰلِكَ അപ്രകാരമത്രെ يَفْعَلُونَ അവര്‍ ചെയ്യുക
27:35
  • وَإِنِّى مُرْسِلَةٌ إِلَيْهِم بِهَدِيَّةٍ فَنَاظِرَةٌۢ بِمَ يَرْجِعُ ٱلْمُرْسَلُونَ ﴾٣٥﴿
  • 'ഞാന്‍ അവരുടെ അടുക്കലേക്ക് ഒരു സമ്മാനവും കൊണ്ട് ആളയക്കുകയാണ്; എന്നിട്ട് എന്തു (വിവരവും) കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കുകയുമാണ്.'
  • وَإِنِّي നിശ്ചയമായും ഞാന്‍ مُرْسِلَةٌ അയക്കുന്നവളാണ് (അയക്കുകയാണ്) إِلَيْهِم അവരുടെ അടുക്കലേക്കു بِهَدِيَّةٍ ഒരു സമ്മാനവും കൊണ്ടു فَنَاظِرَةٌ എന്നിട്ടു നോക്കുന്നവളാണ് (പരിശോധിക്കുകയാണ്) بِمَ يَرْجِعُ എന്തുംകൊണ്ടു മടങ്ങുന്നു എന്ന് الْمُرْسَلُونَ ദൂതന്‍മാര്‍, അയക്കപ്പെട്ടവര്‍

ഒരു നാട്ടിനെ ആക്രമിക്കുമ്പോള്‍ അവിടെ പലവിധ നാശനഷ്ടങ്ങളും വരുത്തലും, അവിടെയുള്ള പ്രധാനികളുടെ നേരെ കയ്യേറ്റം നടത്തലും രാജാക്കളുടെ സാധാരണ പതിവാണ്. അതുകൊണ്ട് ഈ എഴുത്തയച്ചവര്‍ നമ്മുടെ നാട്ടിനെ അങ്ങനെ നശിപ്പിക്കാന്‍ ഇടവരുത്തുന്നത് ശരിയല്ല. അദ്ദേഹത്തിന്‍റെ എല്ലാ സ്ഥിതിഗതികളും മനസ്സിലാക്കിവരത്തക്കവണ്ണം തല്‍ക്കാലം കുറെ സമ്മാനങ്ങളുമായി ഒരു ദൗത്യസംഘത്തെ അയക്കാനും, അവര്‍ മടങ്ങിവന്നശേഷം വേണ്ടത് ചെയ്‌വാനുമാണ്‌ ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതായിരുന്നു റാണിയുടെ അഭിപ്രായം. അനന്തരം, വളരെ വിലപിടിച്ച ഒരു രാജകീയ സമ്മാനവുമായി ഒരു സംഘത്തെ റാണി ശാമിന്‍റെ തലസ്ഥാനമായ ബൈത്തുല്‍ മുഖദ്ദസ്സിലേക്കയച്ചു. (*)


(*) റാണി സുലൈമാന്‍ (عليه السلام) നബിയുടെ കീര്‍ത്തികേട്ട് അദ്ദേഹത്തെ പരിശോധിക്കാന്‍ ചെന്നപ്പോള്‍ അനവധി സ്വര്‍ണ്ണവും, രത്നങ്ങളും, സുഗന്ധദ്രവ്യങ്ങളും ഒട്ടകങ്ങളില്‍ കയറ്റിക്കൊണ്ടുവന്നിരുന്നുവെന്ന് ബൈബിളില്‍ (1 രാജാക്കള്‍ 10-ലും മറ്റും) പ്രസ്താവിച്ചു കാണാം.

27:36
  • فَلَمَّا جَآءَ سُلَيْمَـٰنَ قَالَ أَتُمِدُّونَنِ بِمَالٍ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيْرٌ مِّمَّآ ءَاتَىٰكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴾٣٦﴿
  • അങ്ങനെ, അവന്‍ [ദൂതന്‍] സുലൈമാന്‍റെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ എനിക്കു ധനം കൊണ്ട് സഹായം നല്‍കുകയാണോ?! എന്നാല്‍, (അറിഞ്ഞേക്കുക:) എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളത് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനെക്കാള്‍ ഉത്തമമായിട്ടുള്ളതാണ്. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ സമ്മാനം മൂലം സന്തോഷംകൊള്ളുന്നു (എന്നുമാത്രം)
  • فَلَمَّا جَاءَ അങ്ങനെ അവന്‍ വന്നപ്പോള്‍ سُلَيْمَانَ സുലൈമാന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു أَتُمِدُّونَن നിങ്ങള്‍ എനിക്കു സഹായം നല്‍കുകയാണോ بِمَالٍ ധനംകൊണ്ടു فَمَا آتَانِيَ اللَّـهُ എന്നാല്‍ അല്ലാഹു എനിക്കു നല്‍കിയിട്ടുള്ളത് خَيْرٌ ഉത്തമമാകുന്നു, നല്ലതാണ് مِّمَّا آتَاكُم നിങ്ങള്‍ക്കവന്‍ നല്‍കിയതിനെക്കാള്‍ بَلْ പക്ഷേ, എങ്കിലും أَنتُم നിങ്ങള്‍ بِهَدِيَّتِكُمْ നിങ്ങളുടെ സമ്മാനംകൊണ്ട് تَفْرَحُونَ നിങ്ങള്‍ സന്തോഷിക്കുന്നു

27:37
  • ٱرْجِعْ إِلَيْهِمْ فَلَنَأْتِيَنَّهُم بِجُنُودٍ لَّا قِبَلَ لَهُم بِهَا وَلَنُخْرِجَنَّهُم مِّنْهَآ أَذِلَّةً وَهُمْ صَـٰغِرُونَ ﴾٣٧﴿
  • 'നീ അവരുടെ [നിന്നെ അയച്ചവരുടെ] അടുക്കലേക്കു മടങ്ങിക്കൊള്ളുക; തീര്‍ച്ചയായും, നാം അവരുടെ അടുക്കല്‍ അവര്‍ക്ക് നേരിടുവാന്‍ കഴിവില്ലാത്ത സൈന്യങ്ങളുമായി വരുന്നതാണ്. നിസ്സാരന്മാരായിക്കൊണ്ട് - നിന്ദ്യന്മാരായ നിലയില്‍ - അവിടെ നിന്നും നാം അവരെ പുറത്താക്കുകതന്നെ ചെയ്യും'.
  • ارْجِعْ നീ മടങ്ങിപ്പോകുക إِلَيْهِمْ അവരുടെ അടുക്കലേക്കു فَلَنَأْتِيَنَّهُم എന്നാല്‍ തീര്‍ച്ചയായും നാമവരുടെ അടുക്കല്‍ വരും بِجُنُودٍ സൈന്യങ്ങളുമായി لَّا قِبَلَ നേരിടുവാന്‍ കഴിവില്ലാത്ത لَهُم അവര്‍ക്കു بِهَا അതിനെ وَلَنُخْرِجَنَّهُم നാമവരെ തീര്‍ച്ചയായും പുറത്താക്കയുംചെയ്യും مِّنْهَا അവിടെനിന്നു أَذِلَّةً നിന്ദ്യന്മാരായി وَهُمْ അവര്‍ صَاغِرُونَ നിസ്സാരന്മാര്‍ (എളിയവര്‍) ആയിട്ടു

കുറെ ധനം തന്ന് തൃപ്തിപ്പെടുത്തി എന്നെ പാട്ടിലാക്കാമെന്ന് കരുതേണ്ട: നിങ്ങളെക്കാള്‍ എത്രയോ ഉന്നതമായ നിലയില്‍ യശസ്സും, സമ്പത്തുമെല്ലാം അല്ലാഹു എനിക്ക് നല്‍കിയിട്ടുണ്ട്. നിങ്ങളുടെ സമ്മാനങ്ങള്‍കൊണ്ട് നിങ്ങള്‍ക്ക് സന്തോഷിക്കാമെങ്കിലും എനിക്കതിന് ആവശ്യമില്ല എന്നൊക്കെയാണ് ആദ്യത്തെ വചനത്തില്‍ സുലൈമാന്‍ (عليه السلام) പറഞ്ഞതിന്‍റെ സാരം.

സമ്മാനം കൊണ്ടുവന്ന ദൗത്യസംഘത്തില്‍നിന്നും, അവരുടെ കൈവശം റാണി സ്വാഭാവികമായും ഏല്‍പ്പിച്ചയച്ചിരിക്കാനിടയുള്ള ദൗത്യങ്ങളില്‍നിന്നും സബഉകാരെക്കുറിച്ച് അദ്ദേഹം ചില വസ്തുതകള്‍ മനസ്സിലാക്കിയിരിക്കുമല്ലോ. കൂടാതെ, 33-ാം വചനത്തില്‍ ‘നാം പ്രാബല്യവും ശക്തിമത്തായ സമരവീര്യവും ഉള്ളവരാണെ’ന്ന്  റാണിയുടെ ഉപദേശകസമിതി അഭിമാനപൂര്‍വ്വം റാണിയോട് പ്രസ്താവിച്ചതും, വേണ്ടിവന്നാല്‍ ഒരു യുദ്ധത്തിന് തങ്ങള്‍ ഒരുക്കമാണെന്ന് സൂചിപ്പിച്ചതും സുലൈമാന്‍ (عليه السلام) ഇതിനകം അറിഞ്ഞിരിക്കുകയും ചെയ്തിരിക്കും. കത്ത് കൊടുത്തയച്ചപ്പോള്‍, കത്ത് കൊണ്ടുപോയി അവള്‍ക്ക് ഇട്ടുകൊടുത്തശേഷം അവരില്‍നിന്ന് മാറിനിന്ന് അവരുടെ മറുപടി എന്താണെന്ന് നോക്കിവരാന്‍ അദ്ദേഹം മരക്കൊത്തിയെ ഏല്‍പിച്ചതും സ്മരണീയമാണ്. ചുരുക്കത്തില്‍, തൗഹീദിന്‍റെ രാഷ്ട്രമായ അദ്ദേഹത്തിന്‍റെ സാമ്രാജ്യത്തോട് ശിര്‍ക്കിന്‍റെ സാമ്രാജ്യമായ സബഉരാഷ്ട്രം ഒരു സമരത്തിന് പുറപ്പെടുവാന്‍ ഭാവമുണ്ടെന്ന് അദ്ദേഹം കണ്ടു. ആ ഭാവം മുളയില്‍തന്നെ അദ്ദേഹം നുള്ളിക്കളയുന്നതാണ് 37-ാം വചനത്തില്‍ കാണുന്നത്. അങ്ങിനെ, ദൗത്യസംഘം തിരിച്ചുപോയി. ബില്‍ഖീസും സൈന്യവും മുസ്ലിംകളായിക്കൊണ്ട് തന്‍റെ അടുക്കല്‍ വരുമെന്ന് വഹ് യുമൂലമോ മറ്റോ അദ്ദേഹത്തിന് മനസ്സിലായി.

27:38
  • قَالَ يَـٰٓأَيُّهَا ٱلْمَلَؤُا۟ أَيُّكُمْ يَأْتِينِى بِعَرْشِهَا قَبْلَ أَن يَأْتُونِى مُسْلِمِينَ ﴾٣٨﴿
  • അദ്ദേഹം (തന്‍റെ ആളുകളോടു) പറഞ്ഞു: ' ഹേ, പ്രധാനികളേ! നിങ്ങളില്‍ ഏതൊരുവനാണ്, അവര്‍ എന്‍റെ അടുക്കല്‍ 'മുസ്‌ലിംകളാ'യി വരുന്നതിനുമുമ്പ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്നുതരുക?'
  • قَالَ അദ്ദേഹം പറഞ്ഞു يَا أَيُّهَا الْمَلَأُ ഹേ പ്രധാനികളേ أَيُّكُمْ നിങ്ങളില്‍ ഏതാളാണ്, ആരാണ് يَأْتِينِي എനിക്കു കൊണ്ടുവന്നുതരുക بِعَرْشِهَا അവളുടെ സിംഹാസനത്തെ قَبْلَ أَن يَأْتُونِي അവര്‍ എന്‍റെ അടുക്കല്‍ വരുംമുമ്പ് مُسْلِمِينَ മുസ്‌ലിംകളായി, അനുസരണമുള്ളവരായി

27:39
  • قَالَ عِفْرِيتٌ مِّنَ ٱلْجِنِّ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن تَقُومَ مِن مَّقَامِكَ ۖ وَإِنِّى عَلَيْهِ لَقَوِىٌّ أَمِينٌ ﴾٣٩﴿
  • ജിന്നുകളില്‍പെട്ട ഒരു ' ഇഫ്‌രീത്ത്' [മല്ലന്‍] പറഞ്ഞു: ' അങ്ങയുടെ (ഈ) സ്ഥാനത്തുനിന്നും അങ്ങുന്ന് എഴുന്നേല്‍ക്കുന്നതിനുമുമ്പായി ഞാന്‍ അത് അങ്ങേക്ക് കൊണ്ടുവന്നു തരാം. നിശ്ചയമായും, ഞാന്‍ അതിന് കഴിവുള്ളവനും, വിശ്വസ്തനുമാണ്.'
  • قَالَ عِفْرِيتٌ ഒരു മല്ലന്‍ (ഭൂതത്താന്‍)പറഞ്ഞു مِّنَ الْجِنِّ ജിന്നുകളില്‍പെട്ട أَنَا آتِيكَ താങ്കള്‍ക്കു ഞാന്‍ വരാം بِهِ അതുംകൊണ്ടു قَبْلَ أَن تَقُومَ താങ്കള്‍ എഴുന്നേല്‍ക്കും മുമ്പു مِن مَّقَامِكَ താങ്കളുടെ സ്ഥാനത്തുനിന്നു وَإِنِّي നിശ്ചയമായും ഞാന്‍ عَلَيْهِ അതിനു, അതിന്മേല്‍ لَقَوِيٌّ ശക്തന്‍ (കഴിവുള്ളവന്‍) തന്നെ أَمِينٌ വിശ്വസ്തനായ, വിശ്വസ്തനുമാണ്‌
27:40
  • قَالَ ٱلَّذِى عِندَهُۥ عِلْمٌ مِّنَ ٱلْكِتَـٰبِ أَنَا۠ ءَاتِيكَ بِهِۦ قَبْلَ أَن يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَءَاهُ مُسْتَقِرًّا عِندَهُۥ قَالَ هَـٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ ﴾٤٠﴿
  • തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍നിന്നു ഒരു ജ്ഞാനം ഉണ്ടായിരുന്നവന്‍ പറഞ്ഞു: ' താങ്കളുടെ ദൃഷ്ടി താങ്കളിലേക്കു തിരിച്ചുവരും മുമ്പായി ഞാനത് താങ്കള്‍ക്കു കൊണ്ടുവന്നു തരാം.
    അങ്ങനെ, അത് [സിംഹാസനം] തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദേഹം പറഞ്ഞു: ' ഇത് എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹത്തില്‍പെട്ടതാണ്; ഞാന്‍ നന്ദി കാണിക്കുമോ, അതല്ല ഞാന്‍ നന്ദികേട് കാണിക്കുമോ എന്ന് എന്നെ അവന്‍ പരീക്ഷിക്കുവാന്‍ വേണ്ടിയാണ് (ഇത്) ആരെങ്കിലും നന്ദി കാണിക്കുന്നപക്ഷം, അവന്‍ തനിക്കുതന്നെ വേണ്ടിയാണ് നന്ദി കാണിക്കുന്നത്. വല്ലവനും നന്ദികേട് കാണിക്കുന്നുവെങ്കിലോ, എന്നാല്‍ നിശ്ചയമായും, എന്‍റെ രക്ഷിതാവ് അനാശ്രയനാണ്; ഉല്‍കൃഷ്ടനുമാണ്.
  • قَالَ الَّذِي യാതൊരുവന്‍ പറഞ്ഞു عِندَهُ തന്‍റെ പക്കലുണ്ട് عِلْمٌ ഒരു അറിവ് مِّنَ الْكِتَابِ വേദഗ്രന്ഥത്തില്‍നിന്നു, ഗ്രന്ഥത്തില്‍നിന്നു أَنَا آتِيكَ ഞാന്‍ താങ്കള്‍ക്കു കൊണ്ടുവരാം بِهِ അതിനെ قَبْلَ أَن يَرْتَدَّ മടങ്ങിവരുംമുമ്പു, തിരിച്ചുവരുംമുമ്പു إِلَيْكَ താങ്കള്‍ക്കു, താങ്കളിലേക്കു طَرْفُكَ താങ്കളുടെ ദൃഷ്ടി, കണ്ണ് فَلَمَّا رَآهُ അങ്ങനെ അതിനെ അദ്ദേഹം കണ്ടപ്പോള്‍ مُسْتَقِرًّا സ്ഥിതി ചെയ്യുന്നതായി عِندَهُ തന്‍റെ അടുക്കല്‍ قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِن فَضْلِ അനുഗ്രഹത്തില്‍പെട്ടതാണ് رَبِّي എന്‍റെ റബ്ബിന്‍റെ لِيَبْلُوَنِي എന്നെ അവന്‍ പരീക്ഷണം ചെയ്യാന്‍ വേണ്ടി أَأَشْكُرُ ഞാന്‍ നന്ദി കാണിക്കുമോ أَمْ അഥവാ, അതല്ലെങ്കില്‍ أَكْفُرُ താന്‍ നന്ദികേടു കാണിക്കുമോ (എന്നു) وَمَن شَكَرَ വല്ലവനും നന്ദി കാണിച്ചാല്‍ فَإِنَّمَا يَشْكُرُ എന്നാല്‍ നിശ്ചയമായും അവന്‍ നന്ദി കാണിക്കുന്നു لِنَفْسِهِ തനിക്കു വേണ്ടിത്തന്നെ وَمَن كَفَرَ വല്ലവനും നന്ദികേടു കാണിച്ചാല്‍ فَإِنَّ رَبِّي എന്നാല്‍ നിശ്ചയമായും എന്‍റെ റബ്ബ് غَنِيٌّ അനാശ്രയനാണ്, ധന്യനാണ് كَرِيمٌ മാന്യനാണ്, ഉല്‍കൃഷ്ടനാണ്

‘ദുസ്സാമര്‍ത്ഥ്യക്കാരന്‍, പോക്കിരി, ഊക്കന്‍, മല്ലന്‍, ദുഷ്ടന്‍ എന്നിങ്ങിനെ അര്‍ത്ഥങ്ങള്‍ വരാവുന്ന ഒരു വാക്കാണ്‌ عِفْرِيتٌ (ഇഫ്‌രീത്ത്) മനുഷ്യര്‍ക്ക് കഴിയാത്ത പല കാര്യങ്ങള്‍ക്കും കഴിവുള്ളവരാണല്ലോ ജിന്നുവര്‍ഗ്ഗം. ജിന്നുകളുടെ കൂട്ടത്തില്‍ തന്നെ കൂടുതല്‍ ശക്തിയും, സാമര്‍ത്ഥ്യവുമുള്ള ഒരു മല്ലന്‍ – അഥവാ ഭൂതത്താന്‍ – എന്നത്രെ ഇവിടെ ഉദ്ദേശ്യം. ‘ അങ്ങയുടെ സ്ഥാനത്തുനിന്ന് ‘എഴുന്നേല്‍ക്കും മുമ്പ്’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം, അങ്ങുന്ന് പതിവ് പ്രകാരം രാജസഭയില്‍നിന്ന് പിരിഞ്ഞുപോകാറുള്ള സമയത്തിനു മുമ്പ് എന്നത്രെ മിക്ക വ്യാഖ്യാതാക്കളും പ്രസ്താവിക്കുന്നത്. ഇത്രയും വേഗത്തില്‍ ആ സിംഹാസനം ഇവിടെ എത്തിക്കുവാന്‍ വേണ്ടുന്ന കഴിവുണ്ടെന്നു മാത്രമല്ല, അതില്‍ യാതൊരു ക്രമക്കേടും വഞ്ചനയും കൂടാതെ, തികച്ചും വിശ്വസ്തമായ നിലയില്‍ അത് നിര്‍വ്വഹിക്കുകയും ചെയ്തുകൊള്ളാമെന്നും അയാള്‍ സുലൈമാന്‍ (عليه السلام) നബിയെ ഉണര്‍ത്തി. പക്ഷേ അതിനെക്കാള്‍ വേഗത്തില്‍ സിംഹാസനം തന്‍റെ മുമ്പില്‍ എത്തിക്കാണണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അത് ഞാന്‍ നിര്‍വ്വഹിച്ചുകൊള്ളാമെന്ന് രണ്ടാമതൊരാള്‍ ഏറ്റുപറയുന്നു.

ഈ രണ്ടാമന്‍ ആരാണെന്ന് ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ‘തന്‍റെ പക്കല്‍ വേദഗ്രന്ഥത്തില്‍ നിന്ന് – അഥവാ കിതാബില്‍നിന്ന് – ഒരു ജ്ഞാനം ഉണ്ടായിരുന്ന ആള്‍’ എന്നാണ് ഇദ്ദേഹത്തെ അല്ലാഹു വിശേഷിപ്പിച്ചിരിക്കുന്നത്. ‘കിതാബ്’ എന്ന് പറഞ്ഞത് ഏതിനെ ഉദ്ദേശിച്ചാണ്? അതില്‍നിന്നും അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന ആ ജ്ഞാനം എന്തായിരുന്നു? എന്നൊന്നും ഇവിടെ പറയുന്നില്ല. ‘കിതാബ്’ കൊണ്ടുദ്ദേശ്യം പൊതുവിലുള്ള ദൈവിക വേദഗ്രന്ഥങ്ങള്‍ എന്നാണെന്നും, സുലൈമാന്‍ (عليه السلام) നബിക്ക് പ്രത്യേകം നല്‍കപ്പെട്ടിരുന്ന ദൈവികഗ്രന്ഥമാണെന്നും പറയപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പക്കലുണ്ടായിരുന്ന ജ്ഞാനംകൊണ്ടുദ്ദേശ്യം, അതിവേഗത്തില്‍ സിംഹാസനം കൊണ്ടുവരാന്‍ കഴിയത്തക്കവണ്ണമുള്ള ഒരാത്മീകശക്തി സിദ്ധിക്കുവാനുപകരിക്കുന്ന ഏതെങ്കിലും വിജ്ഞാനമായിരിക്കാം അത്. ഒന്നും തീര്‍ത്തുപറയുവാന്‍ നമുക്ക് തെളിവുകളില്ല. അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ നിശ്ചയമായും ഉത്തരം കിട്ടുന്ന അവന്‍റെ
അതിമഹത്തായ ചില തിരുനാമങ്ങള്‍ ( اسم الله الاظيم )അവന്നുണ്ടെന്ന് ഹദീസുകളില്‍ വന്നിടുണ്ട്. അതാണ്‌ ഇവിടെ ആ പ്രത്യേകജ്ഞാനംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നു. വാസ്തവം അല്ലാഹുവിനറിയാം. ‘താങ്കളുടെ ദൃഷ്ടി താങ്കള്‍ക്കു തിരിച്ചുവരുംമുമ്പായി ഞാന്‍ കൊണ്ടുവരാം’ എന്നാണല്ലോ ഇദ്ദേഹം പറഞ്ഞത്. ഈ വാക്കിന്‍റെ താല്പര്യം, താങ്കള്‍ കണ്ണുചിമ്മി മിഴിക്കുന്നതിനിടക്ക് കൊണ്ടുവരാമെന്നാണെന്നും, താങ്കള്‍ ഏതെങ്കിലും ഒരു വസ്തുവിലേക്ക് ദൃഷ്ടി പതിച്ചശേഷം, അതില്‍നിന്ന് കണ്ണെടുക്കുമ്പോഴേക്കു – അഥവാ- തുറന്ന കണ്ണടുക്കുമ്പോഴേക്കു- കൊണ്ടുവരാമെന്നാണെന്നും വരാം. ഇങ്ങിനെ ഒന്നിലധികം പ്രകാരത്തില്‍ ഈ വാക്കിനും അര്‍ത്ഥം നല്‍കപ്പെട്ടിരിക്കുന്നു. ഏതര്‍ത്ഥമായിരുന്നാലും, ഒട്ടും താമസംകൂടാതെ – തല്‍ക്ഷണം തന്നെ- കൊണ്ടുവരാമെന്നാണ് അതുകൊണ്ട് വിവക്ഷ.

ഇത് പറഞ്ഞ വ്യക്തി ഒരുപക്ഷേ, ആദ്യം മുമ്പോട്ടുവന്ന ‘ഇഫ്‌രീത്തി’നെക്കാള്‍ യോഗ്യനായ ഒരു ജിന്നോ മറ്റോ ആയിരിക്കാനിടയുണ്ട്. ഒരു മലക്കായിരുന്നുവെന്നും, ജിബ്രീല്‍ (അ) എന്ന മലക്കായിരുന്നുവെന്നും, സുലൈമാന്‍ (عليه السلام) നബിയുടെ ഒരു മന്ത്രിയായിരുന്നുവെന്നും പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. ഈ വക്താവ് സുലൈമാന്‍ (عليه السلام) നബി തന്നെയായിരുന്നുവെന്നും, അദ്ദേഹം ആദ്യം പറഞ്ഞ ‘ഇഫ്‌രീത്തി’നോട്‌ അങ്ങോട്ടു പറഞ്ഞ വാക്കാണിതെന്നുമത്രെ ഇമാം റാസി (رحمه الله) മുതലായ ചിലരുടെ ബലമായ അഭിപ്രായം (الله اعلم). ഒരു രാജാവും പ്രവാചകവര്യനും കൂടിയായ അദ്ദേഹത്തിന് മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത ചില ജ്ഞാനങ്ങള്‍ വേദഗ്രന്ഥത്തില്‍നിന്ന് ലഭിച്ചിരിക്കുന്നതില്‍ അത്ഭുതപ്പെടുവാനില്ല. എങ്കിലും, അദ്ദേഹത്തിന്‍റെ കൈക്ക് വെളിപ്പെട്ട ചില അസാധാരണ സംഭവങ്ങളെ വിവരിച്ചുകൊണ്ടുള്ള ഈ സന്ദര്‍ഭത്തില്‍, അദ്ദേഹത്തിന്‍റെ പേര്‍ – വ്യക്തമായോ, സൂചനയായോ – പ്രസ്താവിക്കാതിരിക്കാനും, ‘വേദഗ്രന്ഥത്തില്‍ നിന്നും ഒരു ജ്ഞാനമുണ്ടായിരുന്ന ആള്‍’ എന്നിങ്ങനെ അവ്യക്തമായ രൂപത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുവാനും കാരണം കാണുന്നില്ല. (*)


كما ذكره المرحوم الشيخ السيد قطب في تفسيرة , في ظلال القران (*)


എത്ര സമയംകൊണ്ടാണ്, ഏതു വിധേനയാണ് സിംഹാസനം കൊണ്ടുവരപ്പെട്ടതെന്ന് ഖുര്‍ആന്‍ സ്പഷ്ടമാക്കിയിട്ടില്ല. എങ്കിലും, കണ്ണടച്ചു മിഴിക്കുമ്പോഴേക്ക് – അഥവാ തുറന്ന കണ്ണ് അടക്കുമ്പോഴേക്ക് – തന്നെ അത് എത്തിക്കഴിഞ്ഞുവെന്നാണ്, ‘അങ്ങനെ അതു തന്‍റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍’ എന്ന വാചകത്തില്‍നിന്ന് വ്യക്തമാകുന്നത്. അല്ലാഹു സുലൈമാന്‍ (عليه السلام) നബിക്കു ചെയ്തുകൊടുത്തിട്ടുള്ള പ്രത്യേകാനുഗ്രഹങ്ങളില്‍പെട്ട ഒന്നാണ് ഈ സംഭവമെന്ന് അദ്ദേഹം തുടര്‍ന്നു പ്രസ്താവിക്കുന്നു. മാത്രമല്ല, അതില്‍ അദ്ദേഹത്തിന്‍റെ കൃതജ്ഞതയും, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ക്ക് മനുഷ്യന്‍ നന്ദിയുള്ളവനായിരിക്കേണ്ടതിന്‍റെ ആവശ്യകതയും, നന്ദികേട് കാണിക്കുന്നതിന്‍റെ കെടുതലും ആ പ്രസ്താവനയില്‍ അദ്ദേഹം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

സംഭവം വിവരിക്കുന്നത് അല്ലാഹു, വിവരണമാകട്ടെ വ്യക്തമായ ഭാഷയിലും, സംഭവമാണെങ്കില്‍, അനിതരസാധാരണമായ അനേകം അനുഗ്രഹങ്ങളും, കഴിവുകളും നല്‍കപ്പെട്ട പ്രവാചകവര്യനും, മഹാരാജാവുമായ സുലൈമാന്‍ (عليه السلام) നബിയെ സംബന്ധിക്കുന്നതും. ഒരു ചരിത്രവിവരണമെന്ന നിലക്കല്ല – കേവലം ഒറ്റപ്പെട്ട പ്രധാന സംഭവങ്ങളെന്നനിലക്കും അല്ലാഹുവിന്‍റെ ശക്തിമാഹാത്മ്യത്തിന്‍റെ
ദൃഷ്ടാന്തമെന്നനിലക്കുമാണ് – അതു ഉദ്ധരിക്കുന്നതും. എന്നിരിക്കെ, ഖുര്‍ആനില്‍ വിശ്വസിക്കുന്ന ഏതൊരാള്‍ക്കും അതിന്‍റെ വ്യക്തമായ പ്രസ്താവനകളെ അന്യഥാ വ്യാഖ്യാനിക്കുവാന്‍ പാടുള്ളതല്ല തന്നെ, ഖുര്‍ആന്‍റെ വാചകങ്ങളെ അവയുടെ പാട്ടിനു വിട്ടാല്‍ ഗ്രാഹ്യമാകുന്നതെന്തോ അതപ്പടി സ്വീകരിക്കുക, ഇതാണ് ഒരോരുത്തന്‍റെയും കടമ.

27:41
  • قَالَ نَكِّرُوا۟ لَهَا عَرْشَهَا نَنظُرْ أَتَهْتَدِىٓ أَمْ تَكُونُ مِنَ ٱلَّذِينَ لَا يَهْتَدُونَ ﴾٤١﴿
  • അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ അവള്‍ക്ക് അവളുടെ സിംഹാസനം (രൂപ) മാറ്റം വരുത്തിവിന്‍; അവള്‍ (യഥാര്‍ത്ഥം മനസ്സിലാക്കി) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ, അഥവാ (മനസ്സിലാകാതെ) നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്തവരില്‍പെട്ടവളായിത്തീരുമോ എന്നു നമുക്കുനോക്കാം.'
  • قَالَ അദ്ദേഹം പറഞ്ഞു نَكِّرُوا നിങ്ങള്‍ മാറ്റം വരുത്തുവിന്‍, അപരിചിതമാക്കുവിന്‍ لَهَا അവള്‍ക്കു عَرْشَهَا അവളുടെ സിംഹാസനം نَنظُرْ നമുക്കു നോക്കാം, നാം നോക്കുക أَتَهْتَدِي അവള്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കുമോ ( യഥാര്‍ത്ഥം കണ്ടെത്തുമോ) أَمْ تَكُونُ അതല്ല (അഥവാ) അവള്‍ ആയിത്തീരുമോ مِنَ الَّذِينَ യാതൊരുകൂട്ടരില്‍ പെട്ട(വള്‍) لَا يَهْتَدُونَ നേര്‍മ്മാര്‍ഗ്ഗം പ്രാപിക്കാത്ത (യഥാര്‍ത്ഥം കണ്ടെത്താത്ത)

ബില്‍ഖീസ് രാജ്ഞി തന്‍റെ അടുക്കല്‍ വരുമ്പോള്‍, അവളുടെ ബുദ്ധിശക്തി പരീക്ഷിക്കണമെന്നും, അല്ലാഹു തനിക്ക് നല്‍കിയിട്ടുള്ള പ്രവാചകത്വം തുടങ്ങിയ വമ്പിച്ച അനുഗ്രഹങ്ങളിലേക്ക് അവളുടെ ശ്രദ്ധ തിരിക്കണമെന്നും സുലൈമാന്‍ (عليه السلام) നബി ഉദ്ദേശിച്ചു. അതിനായി, അവള്‍ക്കു വേഗത്തില്‍ തിരിച്ചറിയാതിരിക്കത്തക്കവണ്ണം സിംഹാസനത്തിന്‍റെ ബാഹ്യരൂപത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹം തന്‍റെ സേവകന്മാരോടാവശ്യപ്പെട്ടു. ഒരു പക്ഷേ, സ്വാഭാവികമായും ആ സിംഹാസനത്തില്‍ ഉണ്ടായേക്കാവുന്ന അനിസ്‌ലാമിക കലാവൈഭവത്തിന്‍റെ പ്രതീകങ്ങളായ വശങ്ങളില്‍ മാറ്റം വരുത്തുകയായിരിക്കും ചെയ്തിരിക്കുക. الله اعلم

27:42
  • فَلَمَّا جَآءَتْ قِيلَ أَهَـٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُۥ هُوَ ۚ وَأُوتِينَا ٱلْعِلْمَ مِن قَبْلِهَا وَكُنَّا مُسْلِمِينَ ﴾٤٢﴿
  • എന്നിട്ട് അവള്‍ വന്നപ്പോള്‍(അവളോട്‌) ചോദിക്കപ്പെട്ടു: 'നിങ്ങളുടെ സിംഹാസനം ഇതുപോലെയാണോ?' അവള്‍ പറഞ്ഞു: 'ഇതു അതു തന്നെയാണെന്ന് തോന്നുന്നു. ഇതിനു [ഈ സംഭവത്തിനു] മുമ്പു തന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ 'മുസ്‌ലിംകളാ'കുകയും ചെയ്തിരിക്കുന്നു'
  • فَلَمَّا جَاءَتْ എന്നിട്ടു അവള്‍ വന്നപ്പോള്‍ قِيلَ പറയപ്പെട്ടു أَهَـٰكَذَا ഇപ്രകാരമാണോ عَرْشُكِ നിന്‍റെ (നിങ്ങളുടെ) സിംഹാസനം قَالَتْ അവള്‍ പറഞ്ഞു كَأَنَّهُ ഇതാണെന്ന പോലെയുണ്ട്, ഇതാണെന്നു തോന്നുന്നു هُوَ അതു وَأُوتِينَا ഞങ്ങള്‍ക്കു നല്‍കപ്പെടുകയും ചെയ്തിരിക്കുന്നു الْعِلْمَ അറിവു, ജ്ഞാനം مِن قَبْلِهَا ഇതിനു മുമ്പു തന്നെ وَكُنَّا ഞങ്ങളാകുകയും ചെയ്തിരിക്കുന്നു مُسْلِمِينَ മുസ്‌ലിംകള്‍, അനുസരണമുള്ളവര്‍

താന്‍ യമനില്‍ തന്‍റെ കോട്ടക്കകത്ത് സൂക്ഷിച്ചിട്ടുള്ള അതേ സിംഹാസനംതന്നെയാണിതെന്ന് അവള്‍ക്ക് ബോദ്ധ്യമായി. എങ്കിലും, ഒരു പക്ഷേ, ഏതാണ്ട് അതേ രൂപത്തിലുള്ള മറ്റൊന്നും ആവാന്‍ സാധ്യതയുണ്ടല്ലോ. ആകയാല്‍ ‘ഇത് അതുതന്നെ’ (انه هو) എന്ന് പറയാതെ, ഇത് അതുതന്നെയാണെന്ന് തോന്നുന്നു’ (كَأَنَّهُۥ هُوَ) എന്നുത്തരം പറഞ്ഞു. മാത്രമല്ല, അല്ലാഹുവിന്‍റെ അപാരമായ ശക്തി, സുലൈമാന്‍ (عليه السلام) നബിയുടെ പ്രവാചകത്വം, അദ്ദേഹത്തിന് അല്ലാഹു കൊടുത്തനുഗ്രഹിച്ചിട്ടുള്ള വമ്പിച്ച അനുഗ്രഹങ്ങള്‍, അദ്ദേഹത്തിന്‍റെ ശക്തിപ്രതാപം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ഇവിടെ എത്തിച്ചേരുന്നതിന് മുമ്പുതന്നെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും, ഞങ്ങള്‍ ഞങ്ങളുടെ ബഹുദൈവ വിശ്വാസം ഉപേക്ഷിച്ച് മുസ്‌ലിംകളായിക്കഴിഞ്ഞിട്ടുണ്ടെന്നും, അറിയിക്കുകയും ചെയ്തു. (‘മുസ്‌ലിംകള്‍’ എന്ന പ്രയോഗത്തെപ്പറ്റി ഇതിനുമുമ്പ് നാം സംസാരിച്ചു. കൂടുതല്‍ വിവരം 44-ാം വചനത്തിന്‍റെ വിവരണത്തിലും കാണാം.)

സുലൈമാന്‍ (عليه السلام) നബിയുടെ കത്തില്‍നിന്നും, സമ്മാനവുമായി അയക്കപ്പെട്ട ദൗത്യസംഘത്തിന്‍റെ നേരിട്ടുള്ള അനുഭവങ്ങളില്‍നിന്നും ഏറെക്കുറെ സ്ഥിതിഗതികള്‍ അവള്‍ക്ക് മുമ്പേ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പരീക്ഷണത്തില്‍നിന്ന് രാജ്ഞി ബുദ്ധിമതിയും, സദ്‌വിചാരക്കാരിയുമാണെന്നും വ്യക്തമായി. എന്നാല്‍, അവള്‍ ഇതേവരെ സത്യമാര്‍ഗ്ഗം സ്വീകരിക്കാതെ കഴിഞ്ഞുകൂടുവാനുള്ള കാരണം എന്തായിരുന്നു? ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നു:-

27:43
  • وَصَدَّهَا مَا كَانَت تَّعْبُدُ مِن دُونِ ٱللَّهِ ۖ إِنَّهَا كَانَتْ مِن قَوْمٍ كَـٰفِرِينَ ﴾٤٣﴿
  • അവള്‍ അല്ലാഹുവിനുപുറമെ (സൂര്യന്‍ മുതലായവയെ) ആരാധിച്ചുവന്നിരുന്നത് അവളെ തടഞ്ഞുകളഞ്ഞതാണ്; (കാരണം) നിശ്ചയമായും അവള്‍ അവിശ്വാസികളായ ഒരു ജനതയില്‍ പെട്ടവളായിരുന്നു.
  • وَصَدَّهَا അവളെ തടഞ്ഞുകളഞ്ഞു مَا كَانَت تَّعْبُدُ അവള്‍ ആരാധിച്ചുവന്നിരുന്നത് مِن دُونِ اللَّـهِ അല്ലാഹുവിനെ കൂടാതെ (പുറമെ) إِنَّهَا كَانَتْ നിശ്ചയമായും അവളായിരുന്നു مِن قَوْمٍ ഒരു ജനതയില്‍പെട്ട(വള്‍) كَافِرِينَ അവിശ്വാസികളായ

ബില്‍ഖീസിനെ സ്വീകരിക്കുവാന്‍ സ്ഫടികം കൊണ്ടുള്ള ഒരു കൊട്ടാരം സുലൈമാന്‍ (عليه السلام) തയ്യാറാക്കിയിരുന്നു. അതിന്‍റെ അടിഭാഗത്ത് വെള്ളം നിറച്ച് അതില്‍ മത്സ്യങ്ങളും മറ്റും അടക്കം ചെയ്ത് മീതെ സ്ഫടികം കൊണ്ട് വിതാനം ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു.

27:44
  • قِيلَ لَهَا ٱدْخُلِى ٱلصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَن سَاقَيْهَا ۚ قَالَ إِنَّهُۥ صَرْحٌ مُّمَرَّدٌ مِّن قَوَارِيرَ ۗ قَالَتْ رَبِّ إِنِّى ظَلَمْتُ نَفْسِى وَأَسْلَمْتُ مَعَ سُلَيْمَـٰنَ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴾٤٤﴿
  • 'കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക' എന്ന് അവളോടു പറയപ്പെട്ടു. എന്നിട്ട് അവളതു കണ്ടപ്പോള്‍ അതൊരു ജലാശയമാണെന്ന് അവള്‍ കണക്കാക്കുകയും, അവളുടെ ഇരുകണങ്കാലുകളില്‍നിന്നും (വസ്ത്രം പൊക്കി) നീക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ' ഇതു പളുങ്കുകളാല്‍ മിനുക്കിയുണ്ടാക്കപ്പെട്ട ഒരു കൊട്ടാരമത്രെ.' അവള്‍ പറഞ്ഞു: രക്ഷിതാവേ! ഞാന്‍ എന്‍റെ ആത്മാവിനോട് (എന്നോടുതന്നെ) അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. (ഇതാ ഇപ്പോള്‍) സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് ഞാന്‍ കീഴ്പ്പെടുകയും [മുസ്‌ലിമാവുകയും] ചെയ്തിരിക്കുന്നു'.
  • قِيلَ لَهَا അവളോടു പറയപ്പെട്ടു ادْخُلِي നീ പ്രവേശിക്കുക, കടക്കുക الصَّرْحَ കൊട്ടാരത്തില്‍ فَلَمَّا رَأَتْهُ അവള്‍ അതു കണ്ടപ്പോള്‍ حَسِبَتْهُ അവളതിനെ കണക്കാക്കി, ധരിച്ചു لُجَّةً ഒരു ജലാശയമാണെന്നു وَكَشَفَتْ അവള്‍ നീക്കുകയും (വെളിവാക്കുകയും)ചെയ്തു عَن سَاقَيْهَا അവളുടെ ഇരുകണങ്കാലുകളില്‍നിന്നു قَالَ അദ്ദേഹം പറഞ്ഞു إِنَّهُ صَرْحٌ നിശ്ചയമായും അതു ഒരു കൊട്ടാരമാകുന്നു مُّمَرَّدٌ മിനുസ്സമായുണ്ടാക്കപ്പെട്ട, മിനുക്കപ്പെട്ട مِّن قَوَارِيرَ പളുങ്കുകളാല്‍, സ്ഫടികങ്ങളാല്‍ قَالَتْ അവള്‍ പറഞ്ഞു رَبِّ എന്‍റെ റബ്ബേ, രക്ഷിതാവേ إِنِّي ظَلَمْتُ നിശ്ചയമായും ഞാന്‍ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു نَفْسِي എന്‍റെ ആത്മാവിനോടു, എന്നോടുതന്നെ وَأَسْلَمْتُ ഞാന്‍ കീഴ്പ്പെടുകയും ചെയ്തിരിക്കുന്നു مَعَ سُلَيْمَانَ സുലൈമാനോടൊപ്പം لِلَّـهِ അല്ലാഹുവിനു رَبِّ الْعَالَمِينَ ലോകരക്ഷിതാവായ

മുമ്പുതന്നെ ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, ഞങ്ങള്‍ മുസ്‌ലിംകളായിട്ടുണ്ടെന്നും ബില്‍ഖീസ് സന്ദര്‍ഭവശാല്‍ ആദ്യമേ (42-ാം വചനത്തില്‍) പ്രസ്താവിച്ചിരുന്നല്ലോ. അത് അവള്‍ സുലൈമാന്‍ (عليه السلام) നബിയുടെ അടുക്കല്‍ എത്തിയ ഉടനെയായിരുന്നു. സ്വീകരണം കഴിഞ്ഞ് അതിഥിയുടെ ഔദ്യോഗിക വാസസ്ഥലത്ത് – അവള്‍ക്കായി തയ്യാറാക്കപ്പെട്ട പളുങ്കുകൊട്ടാരത്തില്‍ – പ്രവേശിച്ച ശേഷമുള്ള പ്രഖ്യാപനമാണ് ഈ ആയത്തിന്‍റെ അവസാനത്തില്‍ കാണുന്നത്. താന്‍ ഇതിനു മുമ്പ് ശിര്‍ക്കിന്‍റെ മതം അനുഷ്ടിച്ചു വന്നത് നിമിത്തം തന്നോടുതന്നെ അക്രമം പ്രവര്‍ത്തിക്കയാണ് ചെയ്തിട്ടുള്ളതെന്ന് തനിക്ക് ബോധ്യമാണ്., ഇപ്പോള്‍ ആ മതം വിട്ടേച്ച് സുലൈമാന്‍ (عليه السلام) ഏതൊരു മതത്തിലേക്ക് ക്ഷണിക്കുന്നുവോ ആ മതം – ഇസ്‌ലാമാകുന്ന തൗഹീദിന്‍റെ മതം – സ്വീകരിച്ചു മുസ്‌ലിമായിക്കഴിഞ്ഞിട്ടുണ്ട്, എന്നൊക്കെയത്രെ ഈ പ്രഖ്യാപനത്തില്‍ ബില്‍ഖീസ് ചൂണ്ടിക്കാട്ടുന്നത്.

أَسْلَمْتُ (അസ് ലംതു) എന്ന വാക്കിന് ‘ഞാന്‍ അനുസരിച്ചു, ഞാന്‍ കീഴൊതുങ്ങി’ എന്നിങ്ങനെയാണ് വാക്കര്‍ത്ഥം. അല്ലാഹുവിന് കീഴൊതുങ്ങി എന്ന് വ്യക്തമാക്കിയിട്ടില്ലായിരുന്നുവെങ്കില്‍ (الله എന്നുകൂടി പറഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍) ആ വാക്കിന്‍റെ ഉദ്ദേശ്യം, സുലൈമാന്‍ (عليه السلام) നബിക്ക് കീഴൊതുങ്ങി എന്നും ആകാമായിരുന്നു. ‘അല്ലാഹുവിന് എന്നു വ്യക്തമാക്കിയതുകൊണ്ട് ഞാന്‍ മുസ്‌ലിമായി – അഥവാ അല്ലാഹുവിന്‍റെ കല്പനകള്‍ക്ക് കീഴൊതുങ്ങി- എന്ന് മാത്രമേ അതിന് വിവക്ഷ നല്‍കാവൂ. എന്നാല്‍, ഇസ്‌ലാമിനെ അംഗീകരിക്കുന്നതോടൊപ്പം തന്നെ സുലൈമാന്‍ (عليه السلام) നബിയുടെ പ്രവാചകത്വത്തില്‍ (നുബുവ്വത്തില്‍) വിശ്വസിക്കലും, അദേഹത്തിന്‍റെ ദിവ്യദൗത്യത്തെ (രിസാലത്തിനെ) അനുസരിക്കലും, അദ്ദേഹത്തിന്‍റെ ഭരണകൂടത്തിന് കീഴൊതുങ്ങലും സ്വാഭാവികമായി ഉണ്ടായിത്തീരുന്നു. مسلم (മുസ്‌ലിം) എന്ന പദം ഇതേ ക്രിയയില്‍ നിന്നുള്ള കര്‍ത്തൃനാമം (اسم الفاعل) ആകുന്നു. അതുകൊണ്ടാണ് 38,42 എന്നീ വചനങ്ങളിലെ ‘മുസ്‌ലിംകള്‍’ എന്ന വാക്കിനും ഇതേ വിവക്ഷ നല്‍കേണ്ടതാണെന്ന് നാം അവിടെ പ്രസ്താവിച്ചത്.

പിന്നീട് തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ എന്തൊക്കെയാണ്, ബില്‍ഖീസ് സ്വരാജ്യത്തേക്ക് തിരിച്ചുപോയി രാജ്യഭരണം തുടര്‍ന്നു നടത്തിയൊ, അല്ലെങ്കില്‍ സുലൈമാന്‍ (عليه السلام) നബിയോ മറ്റോ അവളെ വിവാഹം കഴിച്ചിരുന്നുവോ, എന്നൊന്നും അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അതിന് വിശ്വസനീയമായ ചരിത്രം കാണപ്പെടുന്നുമില്ല. ബൈബിളില്‍ ബില്‍ഖീസിന്‍റെ സംഭവത്തെക്കുറിച്ചു പറഞ്ഞുകാണുന്നതിന്‍റെ രത്നചുരുക്കം ഇപ്രകാരമാണ്:- ‘ശേബാരാജ്ഞി (സബഇലെ രാജ്ഞി) യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്നുള്ള (സുലൈമാന്‍ നബിക്കുള്ള) കീര്‍ത്തി കേട്ടിട്ട് പരീക്ഷിക്കേണ്ടതിനായി വന്നു. മഹത്തായ പരിവാരത്തോടും, സുഗന്ധവര്‍ഗ്ഗവും, പൊന്നും, രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടി യരൂശലേമില്‍ (ബൈത്തുല്‍മുഖദ്ദസ്സില്‍) വന്നു. തന്‍റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു. സകല ചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു. അവന്‍റെ ജ്ഞാനം, അരമന, ഭക്ഷണം, ഭൃത്യന്‍മാര്‍, അവരുടെ ഉടുപ്പ്, പാനപാത്രവാഹകന്മാര്‍, യഹോവയുടെ ആലയത്തിലേക്കുള്ള എഴുന്നെള്ളത്ത് എന്നിവ കണ്ടിട്ട് അവള്‍ അമ്പരന്നു. അവള്‍ പറഞ്ഞു: ‘ ഞാന്‍ എന്‍റെ ദേശത്തുവെച്ച് കേട്ട വര്‍ത്തമാനം സത്യം തന്നെ. ഞാന്‍ വന്നു കാണുന്നതുവരെ അത് വിശ്വസിച്ചില്ല. പാതി പോലും ഞാന്‍ അറിഞ്ഞിരുന്നില്ല. കേട്ട കീര്‍ത്തിയേക്കാള്‍ അധികമാണ് ഉള്ളത്. നിന്‍റെ ഭാര്യമാരും നിന്‍റെ ജ്ഞാനം കേള്‍ക്കുന്ന ഭൃത്യന്‍മാരും ഭാഗ്യവാന്‍മാര്‍. നിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍………….’ ശലോമോന്‍ രാജാവ് സ്വമേധയാ ശേബാരാജ്ഞിക്ക് രാജൌചിത്യംപോലെ കൊടുത്തത് കൂടാതെ അവള്‍ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം കൊടുത്തു. അങ്ങനെ അവള്‍ ഭൃത്യന്‍മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.’ (1 രാജാക്കള്‍ 10 ല്‍ 1-13 നോക്കുക.) الله اعلم

വിഭാഗം - 4

27:45
  • وَلَقَدْ أَرْسَلْنَآ إِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا أَنِ ٱعْبُدُوا۟ ٱللَّهَ فَإِذَا هُمْ فَرِيقَانِ يَخْتَصِمُونَ ﴾٤٥﴿
  • 'ഥമൂദ്' (ഗോത്രത്തി)ന്‍റെ അടുക്കലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെ നാം അയക്കുകയുണ്ടായി; 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍' എന്നു (പറഞ്ഞുകൊണ്ട്).
    അപ്പോഴതാ, അവര്‍ (അന്യോന്യം) വഴക്കടിച്ചുകൊണ്ടിരിക്കുന്ന രണ്ടു കക്ഷികളാകുന്നു!
  • وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായി, തീര്‍ച്ചയായും അയച്ചു إِلَىٰ ثَمُودَ ഥമൂദ്
    ഗോത്രത്തിലേക്കു أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ എന്നു اللَّـهَ അല്ലാഹുവിനെ فَإِذَا അപ്പോഴതാ هُمْ അവര്‍ فَرِيقَانِ രണ്ടു കക്ഷികള്‍, രണ്ടു വിഭാഗങ്ങള്‍ يَخْتَصِمُونَ കക്ഷി വഴക്കുകൂട്ടുന്ന, തര്‍ക്കിക്കുന്ന
27:46
  • قَالَ يَـٰقَوْمِ لِمَ تَسْتَعْجِلُونَ بِٱلسَّيِّئَةِ قَبْلَ ٱلْحَسَنَةِ ۖ لَوْلَا تَسْتَغْفِرُونَ ٱللَّهَ لَعَلَّكُمْ تُرْحَمُونَ ﴾٤٦﴿
  • അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളെ, നിങ്ങള്‍ നന്മയുടെ മുമ്പായി തിന്മക്ക് ധൃതികൂട്ടുന്നത് എന്തിനായിട്ടാണ്?!
    അല്ലാഹുവിനോട് നിങ്ങള്‍ക്കു മാപ്പിന്നപേക്ഷിച്ചുകൂടേ! നിങ്ങള്‍ക്കു കരുണ ചെയ്യപ്പെട്ടേക്കുമല്ലോ!'
  • قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ لِمَ എന്തിന് تَسْتَعْجِلُونَ നിങ്ങള്‍ ധൃതികൂട്ടുന്നു, ബദ്ധപ്പെടുന്നു بِالسَّيِّئَةِ തിന്മക്ക് قَبْلَ الْحَسَنَةِ നന്മയുടെ മുമ്പ് لَوْلَا تَسْتَغْفِرُونَ നിങ്ങള്‍ പാപമോചനം തേടാത്തതെന്താണ്, തേടിക്കൂടേ اللَّـهَ അല്ലാഹുവോട് لَعَلَّكُمْ നിങ്ങളായേക്കാം, നിങ്ങളാകുവാന്‍ വേണ്ടി تُرْحَمُونَ കരുണ ചെയ്യപ്പെടുന്ന (വര്‍)
27:47
  • قَالُوا۟ ٱطَّيَّرْنَا بِكَ وَبِمَن مَّعَكَ ۚ قَالَ طَـٰٓئِرُكُمْ عِندَ ٱللَّهِ ۖ بَلْ أَنتُمْ قَوْمٌ تُفْتَنُونَ ﴾٤٧﴿
  • അവര്‍ പറഞ്ഞു: '(സ്വാലിഹേ) നിന്നെക്കൊണ്ടും, നിന്‍റെ കൂടെയുള്ളവരെ (വിശ്വാസികളെ)ക്കൊണ്ടും ഞങ്ങള്‍ ശകുനപ്പിഴവിലായിരിക്കുന്നു.' അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ ശകുനപ്പിഴവ് അല്ലാഹുവിങ്കലത്രെ. മാത്രമല്ല, നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെടുന്ന ഒരു ജനതയാകുന്നു.'
  • قَالُوا അവര്‍ പറഞ്ഞു اطَّيَّرْنَا ഞങ്ങള്‍ ശകുനപ്പിഴയിലായി, ഞങ്ങള്‍ക്കു ലക്ഷണക്കേട് ബാധിച്ചു بِكَ നിന്നെക്കൊണ്ടു وَبِمَن مَّعَكَ നിന്‍റെകൂടെ (ഒന്നിച്ചു) ഉള്ളവരെക്കൊണ്ടും قَالَ അദ്ദേഹം പറഞ്ഞു طَائِرُكُمْ നിങ്ങളുടെ ലക്ഷണക്കേട്, ശകുനപ്പിഴ عِندَ اللَّـهِ അല്ലാഹുവിങ്കലാണ് بَلْ പക്ഷെ (അത്രയുമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تُفْتَنُونَ പരീക്ഷണം ചെയ്യപ്പെടുന്ന

സ്വാലിഹ് (عليه السلام) നബിയില്‍ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരുമാണ് രണ്ടു കക്ഷികള്‍ എന്നു പറഞ്ഞത്. നിഷേധവിഭാഗക്കാര്‍ കടുത്ത അക്രമികളും ധിക്കാരബുദ്ധികളുമായിരുന്നുവെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചുകാണാം.  സ്വാലിഹ്(عليه السلام) നബിയും അവരും തമ്മില്‍ നടന്നിട്ടുള്ള പല വാഗ്വാദങ്ങളുടെ കൂട്ടത്തില്‍ ചിലതാണ് ഈ ആയത്തുകളില്‍ കാണുന്നത്. അവര്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും, അവനോട് പാപമോചനത്തിന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നപക്ഷം അവര്‍ക്ക് ലഭിക്കുവാനിരിക്കുന്ന ഇഹപരനന്മകള്‍ക്കുവേണ്ടി പരിശ്രമിക്കുന്നതിനു പകരം, ‘ഹേ സ്വാലിഹേ! നീ ദൈവദൂതന്മാരില്‍ പെട്ടവനാണെങ്കില്‍, ഞങ്ങളോട് നീ താക്കീതു ചെയ്യുന്ന ആ ശിക്ഷ കൊണ്ടുവാ!’ (يَا صَالِحُ ائْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الْمُرْسَلِينَ : الأعراف) എന്നും മറ്റും തിന്മക്കുവേണ്ടി അവര്‍ ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നതിനെ അദ്ദേഹം ആക്ഷേപിക്കുകയാണ്. അവരുടെ മറുപടിയാകട്ടെ, സ്വാലിഹ് (عليه السلام) നബിയും, അദ്ദേഹത്തില്‍ വിശ്വസിച്ചവരും നിമിത്തം തങ്ങള്‍ക്ക് ശകുനപ്പിഴ ബാധിച്ചിരിക്കുകയാണെന്നും, നിലവിലുള്ള ക്ഷാമം, വരള്‍ച്ച, കക്ഷിത്തം ആദിയായവക്കെല്ലാം കാരണം അതാണെന്നുമായിരുന്നു. വാസ്തവം നേരെമറിച്ചാണെന്നും, അവരുടെ ദുഷ്ചെയ്തികള്‍ കാരണമായി അവര്‍ അല്ലാഹുവിന്‍റെ പരീക്ഷണത്തിന് വിധേയരായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞുനോക്കി. പക്ഷേ, അവരുടെ ധിക്കാരം വര്‍ദ്ധിക്കുകയാണുണ്ടായത്:-

27:48
  • وَكَانَ فِى ٱلْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِى ٱلْأَرْضِ وَلَا يُصْلِحُونَ ﴾٤٨﴿
  • (ആ) നഗരത്തില്‍ ഒമ്പതാളുകളുള്ള ഒരു സംഘം ഉണ്ടായിരുന്നു; അവര്‍ നാട്ടില്‍ നന്മയുണ്ടാക്കാതെ, കുഴപ്പമുണ്ടാക്കുകയായിരുന്നു.
  • وَكَانَ ഉണ്ടായിരുന്നു فِي الْمَدِينَةِ നഗരത്തില്‍, രാജ്യത്തില്‍ تِسْعَةُ رَهْطٍ ഒരു സംഘത്തിലെ ഒമ്പതാളുകള്‍ (ഒമ്പതാളുള്ള സംഘം) يُفْسِدُونَ അവര്‍ കുഴപ്പമുണ്ടാക്കുന്നു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَلَا يُصْلِحُونَ അവര്‍ നന്മയുണ്ടാക്കുകയുമില്ല (നന്മയുണ്ടാക്കാതെ)
27:49
  • قَالُوا۟ تَقَاسَمُوا۟ بِٱللَّهِ لَنُبَيِّتَنَّهُۥ وَأَهْلَهُۥ ثُمَّ لَنَقُولَنَّ لِوَلِيِّهِۦ مَا شَهِدْنَا مَهْلِكَ أَهْلِهِۦ وَإِنَّا لَصَـٰدِقُونَ ﴾٤٩﴿
  • അവര്‍ (തമ്മില്‍) പറഞ്ഞു: നിങ്ങള്‍ പരസ്പരം അല്ലാഹുവില്‍ ശപഥംചെയ്തു (ഇങ്ങിനെ) പറയണം:
    'നിശ്ചയമായും, ഇവനെ [സ്വാലിഹിനെ]യും, ഇവന്‍റെ ആള്‍ക്കാരെയും ഞങ്ങള്‍ രാക്കൊല നടത്തുന്നതാണ്; പിന്നീട് അവന്‍റെ അവകാശിയോട്: തന്‍റെ കുടുംബത്തിന്‍റെ നാശസംഭവത്തിങ്കല്‍ ഞങ്ങള്‍ ഹാജറുണ്ടായിട്ടില്ല എന്നും, ഞങ്ങള്‍ സത്യം പറയുന്നവര്‍തന്നെയാണ് എന്നും പറയുകയും ചെയ്യും'.
  • قَالُوا അവര്‍ പറഞ്ഞു تَقَاسَمُوا നിങ്ങള്‍ പരസ്പരം സത്യംചെയ്തു പറയണം, ശപഥം ചെയ്യുവിന്‍ بِاللَّـهِ അല്ലാഹുവില്‍, അല്ലാഹുവിനെക്കൊണ്ടു لَنُبَيِّتَنَّهُ നിശ്ചയമായും ഞങ്ങളവനെ രാക്കൊല ചെയ്യും, രാത്രി ഏര്‍പ്പാടു ചെയ്യും وَأَهْلَهُ അവന്‍റെ ആള്‍ക്കാരെയും, സ്വന്തക്കാരെയും ثُمَّ لَنَقُولَنَّ പിന്നെ ഞങ്ങള്‍ പറയും لِوَلِيِّهِ അവന്‍റെ ബന്ധുവോടു (അവകാശിയോടു) مَا شَهِدْنَا ഞങ്ങള്‍ ഹാജറായിട്ടില്ല, കണ്ടിട്ടില്ല مَهْلِكَ أَهْلِهِ തന്‍റെ സ്വന്തക്കാരുടെ (കുടുംബത്തിന്‍റെ) നാശസംഭവത്തില്‍ وَإِنَّا നിശ്ചയമായും ഞങ്ങള്‍ لَصَادِقُونَ സത്യം പറയുന്നവര്‍ തന്നെയാണ്.

ഥമൂദ്‌ ഗോത്രത്തിന് പ്രത്യക്ഷ ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവര്‍ കുതികാല്‍ വെട്ടി അറുത്തുകളയുകയുണ്ടായി. അതിനെത്തുടര്‍ന്ന് എനി അവര്‍ക്ക് മൂന്നുദിവസത്തെ അവധി മാത്രമേയുള്ളുവെന്ന് സ്വാലിഹ് (عليه السلام) അവര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. (٦٥:هود) ഈ അവസരത്തിലായിരുന്നു അദ്ദേഹത്തെയും കൂടെയുള്ള സത്യവിശ്വാസികളെയും രാക്കൊല നടത്തുവാന്‍ അവര്‍ തമ്മില്‍ ഗൂഢമായി പരിപാടിയിട്ടത്. അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഏറ്റവും വലിയ ധിക്കാരികളെക്കുറിച്ചാണ് ഒമ്പത് പേരുള്ള ഒരു സംഘം എന്ന് പറഞ്ഞത്. ഇവരില്‍ ഏറ്റവും നികൃഷ്ടനായ ഒരാളായിരുന്നു ഒട്ടകത്തിന്‍റെ നേരെ കയ്യേറ്റം നടത്താന്‍ ധൈര്യപൂര്‍വ്വം മുമ്പോട്ടു വന്നത്. അങ്ങനെ, ഗൂഢമായി സ്വാലിഹ് (عليه السلام) നബിയെയും കൂട്ടുകാരെയും ഏകോപിച്ചു കൊലചെയ്‌വാനും, അദ്ദേഹത്തിന്‍റെ സ്വന്തക്കാരോട് കുറ്റം നിഷേധിക്കുവാനും അവര്‍ പരസ്പരം ശപഥം ചെയ്തു തീരുമാനിച്ചു. പക്ഷേ, അല്ലാഹുവിന്‍റെ നിശ്ചയത്തിന്നെതിരില്‍ ആരുടെ ഗൂഢതന്ത്രവും നടക്കുകയില്ലല്ലോ. അല്ലാഹു പറയുന്നു:-

27:50
  • وَمَكَرُوا۟ مَكْرًا وَمَكَرْنَا مَكْرًا وَهُمْ لَا يَشْعُرُونَ ﴾٥٠﴿
  • അവര്‍ ഒരു (ഗൂഢ) തന്ത്രം പ്രയോഗിച്ചു; അവര്‍ അറിയാതെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
  • وَمَكَرُوا അവര്‍ തന്ത്രം നടത്തി, കുതന്ത്രം പ്രയോഗിച്ചു مَكْرًا ഒരു തന്ത്രം وَمَكَرْنَا നാമും തന്ത്രം നടത്തി مَكْرًا ഒരു തന്ത്രം وَهُمْ അവര്‍, അവരാകട്ടെ لَا يَشْعُرُونَ അറിയാതെ, അറിഞ്ഞിരുന്നില്ല

27:51
  • فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ مَكْرِهِمْ أَنَّا دَمَّرْنَـٰهُمْ وَقَوْمَهُمْ أَجْمَعِينَ ﴾٥١﴿
  • എന്നാല്‍, നോക്കുക: അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം എങ്ങിനെയാണുണ്ടായതെന്നു;
    അതായത്: അവരെയും അവരുടെ ജനതയെ മുഴുവനും നാം തകര്‍ത്തുകളഞ്ഞതു (എങ്ങിനെയാണെന്ന്)?!
  • فَانظُرْ എന്നാല്‍ നോക്കുക كَيْفَ كَانَ എങ്ങിനെയായി, എപ്രകാരമുണ്ടായി عَاقِبَةُ مَكْرِهِمْ അവരുടെ തന്ത്രത്തിന്‍റെ പര്യവസാനം أَنَّا دَمَّرْنَاهُمْ അതായതു നാംഅവരെ തകര്‍ത്തു കളഞ്ഞതു وَقَوْمَهُمْ അവരുടെ ജനതയെയും أَجْمَعِينَ മുഴുവനും, എല്ലാവരെയും
27:52
  • فَتِلْكَ بُيُوتُهُمْ خَاوِيَةًۢ بِمَا ظَلَمُوٓا۟ ۗ إِنَّ فِى ذَٰلِكَ لَـَٔايَةً لِّقَوْمٍ يَعْلَمُونَ ﴾٥٢﴿
  • എന്നിട്ടതാ അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം അവരുടെ വീടുകള്‍ വീണടിഞ്ഞ് (ശൂന്യമായി) കിടക്കുന്നു! നിശ്ചയമായും, അതില്‍ അറിയുന്ന ജനങ്ങള്‍ക്ക് ഒരു (വമ്പിച്ച) ദൃഷ്ടാന്തമുണ്ട്.
  • فَتِلْكَ എന്നിട്ടതാ بُيُوتُهُمْ അവരുടെ വീടുകള്‍ خَاوِيَةً വീണടിഞ്ഞു കിടക്കുന്ന നിലയില്‍ بِمَا ظَلَمُوا അവര്‍ അക്രമം പ്രവര്‍ത്തിച്ചതു നിമിത്തം إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّقَوْمٍ ഒരു ജനതക്കു يَعْلَمُونَ അറിയുന്ന
27:53
  • وَأَنجَيْنَا ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾٥٣﴿
  • വിശ്വസിക്കുകയും സൂക്ഷിച്ചുവരുകയും ചെയ്തവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
  • وَأَنجَيْنَا നാം രക്ഷപ്പെടുത്തുകയും ചെയ്തു الَّذِينَ آمَنُوا വിശ്വസിച്ചവരെ وَكَانُوا يَتَّقُونَ സൂക്ഷിച്ചുവരുകയും ചെയ്ത

സൂ: ശുഅറാഇലും മറ്റും ഥമൂദിന്‍റെ സംഭവം വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവര്‍ത്തിക്കേണ്ടതില്ല. അടുത്ത ആയത്തില്‍ ലൂത്ത്വ് (عليه السلام) നബിയുടെ സംഭവം വിവരിക്കുന്നു:-

27:54
  • وَلُوطًا إِذْ قَالَ لِقَوْمِهِۦٓ أَتَأْتُونَ ٱلْفَـٰحِشَةَ وَأَنتُمْ تُبْصِرُونَ ﴾٥٤﴿
  • ലൂത്ത്വിനെയും (പ്രസ്താവിക്കുക); അതായതു, അദ്ദേഹം തന്‍റെ ജനങ്ങളോടു പറഞ്ഞപ്പോള്‍: 'നിങ്ങള്‍ കണ്ടുംകൊണ്ടു തന്നെ (ഈ) ദുഷ്ടപ്രവൃത്തി ചെയ്യുകയാണോ?!'
  • وَلُوطًا ലൂത്ത്വിനെയും (പ്രസ്താവിക്കുക) إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِقَوْمِهِ തന്‍റെ ജനതയോടു أَتَأْتُونَ നിങ്ങള്‍ ചെല്ലുകയാണോ (ചെയ്യുകയാണോ) الْفَاحِشَةَ ദുഷ്ടപ്രവൃത്തി (നീചവൃത്തി)ക്കു وَأَنتُمْ നിങ്ങള്‍, നിങ്ങളാകട്ടെ تُبْصِرُونَ കണ്ടുംകൊണ്ടു

‘നിങ്ങള്‍ കണ്ടുകൊണ്ടു തന്നെ’ എന്ന വാക്ക് രണ്ട് പ്രകാരത്തില്‍ വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. അതായത്: ദുഷ്ടതയും നീചത്വവുമാണെന്ന് കണ്ടറിഞ്ഞുംകൊണ്ട് എന്നും, പരസ്പരം ഗോപ്യമാക്കുവാന്‍പോലും ശ്രമിക്കാതെ പരസ്യമായി അന്യോന്യം നോക്കിക്കൊണ്ട് തന്നെ എന്നും, ദുഷ് കൃത്യങ്ങളുടെ കൊള്ളരുതായ്മയെപ്പറ്റി അറിയാതെ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ വമ്പിച്ച തെറ്റാണല്ലോ അറിഞ്ഞുംകൊണ്ട് കല്‍പിച്ചുകൂട്ടി അതിന് മുതിരുന്നത്. അതുപോലെത്തന്നെ, പരസ്യമായും നിസ്സങ്കോചമായും ചെയ്യുന്ന അപരാധം, സ്വകാര്യമായും മറ്റുള്ളവര്‍ അറിയുന്നതില്‍ സങ്കോചപ്പെട്ടുകൊണ്ടും ചെയ്യുന്നതിനെക്കാളും വമ്പിച്ച ധിക്കാരമായിത്തീരുന്നു. മനുഷ്യന് ലജ്ജയില്ലാത്ത പക്ഷം ഏതു നീചകൃത്യവും ചെയ്‌വാന്‍ മടിയുണ്ടാവുകയില്ല. സൂ: അങ്കബൂത്തില്‍ ഇവരെ അഭിമുഖീകരിച്ചുകൊണ്ട് ലൂത്ത്വ് (عليه السلام) നബി ഇങ്ങിനെ പറഞ്ഞതായി കാണാം:  وَتَأْتُونَ فِي نَادِيكُمُ الْمُنكَرَ : العنكبوت (നിങ്ങള്‍ നിങ്ങളുടെ സദസ്സില്‍വെച്ച് ദുഷ് പ്രവൃത്തി ചെയ്യുകയും ചെയ്യുന്നു. (ഇവിടെ ദുഷ്ടപ്രവൃത്തി (الْفَاحِشَةَ) കൊണ്ടുള്ള ഉദ്ദേശ്യം അടുത്ത വചനത്തില്‍നിന്ന് മനസ്സിലാക്കാം. ലൂത്ത്വ് (عليه السلام) തുടര്‍ന്ന് പറയുന്നു.