27:55
  • أَئِنَّكُمْ لَتَأْتُونَ ٱلرِّجَالَ شَهْوَةً مِّن دُونِ ٱلنِّسَآءِ ۚ بَلْ أَنتُمْ قَوْمٌ تَجْهَلُونَ ﴾٥٥﴿
  • 'നിങ്ങള്‍ കാമ (നിവാരണ)ത്തിന്നു് സ്ത്രീകളെ വിട്ടു പുരുഷന്മാരുടെ അടുക്കല്‍തന്നെ ചെല്ലുകയാണോ (ചെയ്യുന്നത്)?! മാത്രമല്ല, നിങ്ങള്‍ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന ഒരു ജനതയത്രെ.
  • أَئِنَّكُمْ لَتَأْتُونَ നിങ്ങള്‍ ചെല്ലുക തന്നെയാണോ الرِّجَالَ പുരുഷന്മാരുടെ അടുക്കല്‍ شَهْوَةً കാമത്താല്‍, (കാമനിവാരണത്തിനു) مِّن دُونِ النِّسَاءِ സ്ത്രീകളെ വിട്ടു, സ്ത്രീകളെക്കൂടാതെ بَلْ എന്നാല്‍ (മാത്രമല്ല) أَنتُمْ നിങ്ങള്‍ قَوْمٌ ഒരു ജനതയാണ് تَجْهَلُونَ വിഡ്ഢിത്തം പ്രവര്‍ത്തിക്കുന്ന (മൂഢരായ)

ജുസ്ഉ് - 20

27:56
  • ۞ فَمَا كَانَ جَوَابَ قَوْمِهِۦٓ إِلَّآ أَن قَالُوٓا۟ أَخْرِجُوٓا۟ ءَالَ لُوطٍ مِّن قَرْيَتِكُمْ ۖ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ ﴾٥٦﴿
  • അപ്പോള്‍, അദ്ദേഹത്തിന്‍റെ ജനതയുടെ മറുപടി (ഇപ്രകാരം) പറയുകയല്ലാതെ (മറ്റൊന്നും) ആയിരുന്നില്ല; 'ലൂത്ത്വിന്‍റെ ആള്‍ക്കാരെ നിങ്ങളുടെ രാജ്യത്തുനിന്ന് പുറത്താക്കുക; അവര്‍ പരിശുദ്ധിയോടെ നടക്കുന്ന മനുഷ്യന്മാരാണ്.'
  • فَمَا كَانَ അപ്പോള്‍ ആയിരുന്നില്ല جَوَابَ قَوْمِهِ തന്‍റെ ജനതയുടെ മറുപടി إِلَّا أَن قَالُوا അവര്‍ പറയുകയല്ലാതെ أَخْرِجُوا നിങ്ങള്‍ പുറത്താക്കുക (ബഹിഷ്കരിക്കുക) آلَ لُوطٍ ലൂത്തിന്‍റെ ആള്‍ക്കാരെ, കുടുംബത്തെ مِّن قَرْيَتِكُمْ നിങ്ങളുടെ രാജ്യത്തുനിന്നു إِنَّهُمْ നിശ്ചയമായും അവര്‍ أُنَاسٌ ഒരു (തരം) മനുഷ്യരാണ് يَتَطَهَّرُونَ പരിശുദ്ധിയോടെ നടക്കുന്ന, ശുദ്ധത നടിക്കുന്ന

നിസ്സങ്കോചം പരസ്യമായി നീചകൃത്യങ്ങളും അക്രമങ്ങളും പ്രവര്‍ത്തിക്കുക പതിവായിരുന്ന ആ ജനതയെ ലൂത്ത്വ് (അ) എത്ര ഉപദേശിച്ചിട്ടും ഫലമുണ്ടായില്ല. ‘ലൂത്ത്വും, അവന്‍റെ ആളുകളും വളരെ പരിശുദ്ധരാണ്, കേവലം ദുഷ്ടന്മാരായ നമുക്കും അവര്‍ക്കും കൂടി ഒത്തിണങ്ങി രാജ്യത്തു കഴിഞ്ഞുകൂടുക സാദ്ധ്യമല്ല, അതുകൊണ്ട് അവരെ നാട്ടില്‍നിന്ന്  ബഹിഷ്കരികണം.’ ഇതായിരുന്നു ഒടുവിലത്തെ പ്രതികരണം. തോന്നിയവാസത്തിലും, നീചപ്രവൃത്തികളിലും, മുഴുകിയ ആളുകള്‍ക്ക് നാട്ടില്‍ അല്‍പം കക്ഷിബലം കൂടിയാകുമ്പോള്‍, പരിഹാസവും, ധിക്കാരവും കലര്‍ന്ന ഇത്തരം വാക്കുകള്‍ പ്രയോഗിക്കലും, അത് പ്രായോഗികമാക്കാന്‍ ശ്രമം നടത്തലും മുമ്പേയുള്ള പതിവാണ്.

27:57
  • فَأَنجَيْنَٰهُ وَأَهْلَهُۥٓ إِلَّا ٱمْرَأَتَهُۥ قَدَّرْنَٰهَا مِنَ ٱلْغَٰبِرِينَ ﴾٥٧﴿
  • എന്നാല്‍,അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ കുടുംബത്തെയും നാം രക്ഷപ്പെടുത്തി- അദ്ദേഹത്തിന്‍റെ ഭാര്യഒഴികെ; അവളെ നാം കഴിഞ്ഞുപോയവരുടെ [ശിക്ഷയില്‍ അകപ്പെട്ടവരുടെ] കൂട്ടത്തില്‍ കണക്കാക്കുകയാണ് ചെയ്തത്!
  • فَأَنجَيْنَاهُ എന്നാല്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَأَهْلَهُ തന്‍റെ കുടുംബത്തെയും, സ്വന്തക്കാരെയും إِلَّا امْرَأَتَهُ തന്‍റെ ഭാര്യയെ ഒഴികെ قَدَّرْنَاهَا നാമവളെ കണക്കാക്കി مِنَ الْغَابِرِينَ ശേഷിച്ചവരില്‍, കഴിഞ്ഞുപോയവരില്‍ (ഉള്‍പ്പെട്ടു പോയവരുടെ കൂട്ടത്തില്‍)
27:58
  • وَأَمْطَرْنَا عَلَيْهِم مَّطَرًا ۖ فَسَآءَ مَطَرُ ٱلْمُنذَرِينَ ﴾٥٨﴿
  • അവരുടെ മേല്‍ നാം ഒരു (കല്‍) മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ മഴ എത്ര ചീത്ത!
  • وَأَمْطَرْنَا നാം വര്‍ഷിപ്പിക്കയും ചെയ്തു عَلَيْهِم അവരുടെ മേല്‍ مَّطَرًا ഒരു മഴ فَسَاءَ എന്നാല്‍ എത്ര ചീത്ത, വളരെ മോശം مَطَرُ الْمُنذَرِينَ മുന്നറിയിപ്പുനല്‍കപ്പെട്ടവരുടെ മഴ

പ്രസ്തുത സംഭവത്തെപ്പറ്റി ഇതിനുമുമ്പ് കഴിഞ്ഞ സൂറത്തില്‍തന്നെ സവിസ്തരം പ്രസ്താവിക്കപ്പെട്ടുകഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അതാവര്‍ത്തിക്കുന്നില്ല. ചില പ്രവാചകന്മാരുടെയും, ജനങ്ങളുടെയും സംഭവങ്ങള്‍ വിവരിച്ച ശേഷം, തുടര്‍ന്നുകൊണ്ട് അല്ലാഹുവിന്‍റെ സൃഷ്ടിമാഹാത്മ്യങ്ങളും, അവനെ മാത്രം ആരാധിക്കുന്നതിന്‍റെ ആവശ്യകതയും അടുത്ത വചനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. മേല്‍പറഞ്ഞ പ്രവാചകന്മാര്‍ക്കും, സത്യവിശ്വാസികള്‍ക്കും രക്ഷ ലഭിച്ചതിന്‍റെയും, പ്രസ്തുത സംഭവങ്ങളില്‍നിന്ന് മനസ്സിലാക്കുവാനുള്ള ഗുണപാഠങ്ങളുടെയും പേരില്‍ അല്ലാഹുവിനെ സ്തോത്രം ചെയ്‌വാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് ഉപദേശിച്ചുകൊണ്ടാണ്, കനത്ത ചില ചോദ്യങ്ങളടങ്ങുന്ന ആ വചനങ്ങള്‍ തുടങ്ങുന്നത്:-

വിഭാഗം - 5

27:59
  • قُلِ ٱلْحَمْدُ لِلَّهِ وَسَلَٰمٌ عَلَىٰ عِبَادِهِ ٱلَّذِينَ ٱصْطَفَىٰٓ ۗ ءَآللَّهُ خَيْرٌ أَمَّا يُشْرِكُونَ ﴾٥٩﴿
  • (നബിയേ) പറയുക: 'സര്‍വ്വസ്തുതിയും അല്ലാഹുവിനത്രെ! അവന്‍ തിരഞ്ഞെടുത്തിട്ടുള്ള അവന്‍റെ (നല്ല) അടിയാന്മാരില്‍ 'സലാമും' [സമാധാന ശാന്തിയും] ഉണ്ട്! അല്ലാഹുവാണോ ഉത്തമം, അഥവാ അവര്‍ (അവനോടു) പങ്കുചേര്‍ക്കുന്നവയോ?!
  • قُلِ പറയുക الْحَمْدُ സര്‍വ്വസ്തുതിയും لِلَّـهِ അല്ലാഹുവിനാണ് وَسَلَامٌ സലാം, സമാധാനശാന്തി عَلَىٰ عِبَادِهِ അവന്‍റെ അടിയാന്മാര്‍ക്കു الَّذِينَ اصْطَفَىٰ അവന്‍ തിരഞ്ഞെടുത്തവരായ, തെളിയിച്ചെടുത്ത آللَّـهُ അല്ലാഹുവാണോ خَيْرٌ ഉത്തമം, നല്ലവന്‍, ഉല്‍കൃഷ്ടന്‍ ام അതല്ല (അല്ലെങ്കില്‍, അഥവാ) ما يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നത്
27:60
  • أَمَّنْ خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَأَنزَلَ لَكُم مِّنَ ٱلسَّمَآءِ مَآءً فَأَنۢبَتْنَا بِهِۦ حَدَآئِقَ ذَاتَ بَهْجَةٍ مَّا كَانَ لَكُمْ أَن تُنۢبِتُوا۟ شَجَرَهَآ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ هُمْ قَوْمٌ يَعْدِلُونَ ﴾٦٠﴿
  • അഥവാ, ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിക്കുകയും, ആകാശത്തുനിന്ന് നിങ്ങള്‍ക്കു ജലം ഇറക്കിത്തരുകയും ചെയ്തവനോ (-ആരാണ് ഉത്തമം)?! എന്നിട്ട് അതു [ജലം] കൊണ്ട് നാം [അല്ലാഹു] അഴകുള്ള തോപ്പുകള്‍ ഉല്‍പാദിപ്പിച്ചു: അവയിലെ വൃക്ഷങ്ങള്‍ ഉല്‍പാദിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് ആകുന്നതല്ല. അല്ലാഹുവിന്‍റെ കൂടെ (വേറെ) വല്ല ആരാധ്യനും ഉണ്ടോ?! (ചിന്തിച്ചു നോക്കുക!) എന്നാല്‍, അവര്‍ (ഈ യാഥാര്‍ത്ഥ്യം വിട്ട് ) തെറ്റിക്കളയുന്ന ഒരു ജനതയാകുന്നു!
  • أَمَّنْ അഥവാ (അതല്ല, അല്ലെങ്കില്‍) യതൊരുവനോ خَلَقَ السَّمَاوَاتِ അവന്‍ ആകാശങ്ങളെ സൃഷ്ടിച്ചു وَالْأَرْضَ ഭൂമിയെയും وَأَنزَلَ ഇറക്കുകയും ചെയ്തു لَكُم നിങ്ങള്‍ക്കുവേണ്ടി مِّنَ السَّمَاءِ ആകാശത്തു(ഉപരിഭാഗത്തു)നിന്നു مَاءً ജലം (മഴ) فَأَنبَتْنَا എന്നിട്ട് നാം ഉല്‍പാദിപ്പിച്ചു, മുളപ്പിച്ചു بِهِ അതുകൊണ്ടു حَدَائِقَ തോപ്പുകള്‍, തോട്ടങ്ങള്‍ ذَاتَ بَهْجَةٍ അഴകുള്ള (കിളുര്‍ത്ത) كَانَ لَكُمْ നിങ്ങള്‍ക്കു ആകുന്നതല്ല (സാധ്യമല്ല) أَن تُنبِتُوا നിങ്ങള്‍ ഉല്‍പാദിപ്പിക്കല്‍ شَجَرَهَا അവയിലെ വൃക്ഷങ്ങള്‍ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവോടുകൂടി بَلْ هُمْ എന്നാല്‍ (എങ്കിലും) അവര്‍ قَوْمٌ ഒരു ജനതയാകുന്നു يَعْدِلُونَ സമപ്പെടുത്തുന്ന, തെറ്റിപ്പോകുന്ന

മേല്‍ ഉദ്ധരിച്ച മഹല്‍കൃത്യങ്ങളും, വമ്പിച്ച അനുഗ്രഹങ്ങളും ചെയ്തുവരുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലാത്ത സ്ഥിതിക്ക് അവനെക്കാള്‍ ഉത്തമനും ശ്രേഷ്ഠനുമായ – അല്ലെങ്കില്‍ അവനോട് സമത്വം കല്‍പിക്കപ്പെടാവുന്ന – ഒരു ആരാധ്യന്‍ വേറെ ഉണ്ടാകുവാന്‍ യാതൊരു ന്യായവുമില്ല. പരമാര്‍ത്ഥം ഇതായിരുന്നിട്ടും അവര്‍ ചില വസ്തുക്കളെ അല്ലാഹുവിന് സമമായി ഗണിക്കുകയും, അവരെ ദൈവങ്ങളാക്കുകയും ചെയ്തുവരുകയാണ്. അങ്ങിനെ, അവര്‍ യഥാര്‍ത്ഥത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുന്നു.

قَوْمٌ يَعْدِلُونَ എന്ന വാക്കിന് ‘ സമപ്പെടുത്തുന്ന ജനത’ എന്നും, തെറ്റിപ്പോകുന്ന ജനത’ എന്നും അര്‍ത്ഥം വരാം, ആദ്യത്തെ അര്‍ത്ഥപ്രകാരം നേര്‍വഴി വിട്ട് വക്രവഴിയിലേക്ക് തെറ്റിപോകുന്ന ജനത എന്നും, രണ്ടാമത്തെ അര്‍ത്ഥപ്രകാരം അല്ലാഹുവിനോട് മറ്റുള്ളവരെ സമപ്പെടുത്തുന്ന ജനത എന്നും താല്പര്യമായിരിക്കും.

27:61
  • أَمَّن جَعَلَ ٱلْأَرْضَ قَرَارًا وَجَعَلَ خِلَٰلَهَآ أَنْهَٰرًا وَجَعَلَ لَهَا رَوَٰسِىَ وَجَعَلَ بَيْنَ ٱلْبَحْرَيْنِ حَاجِزًا ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ ﴾٦١﴿
  • അല്ലെങ്കില്‍, ഭൂമിയെ ഒരു ഭവനമാക്കുകയും, അതിനിടയില്‍ക്കൂടി നദികളുണ്ടാക്കുകയും, അതിന് [ഭൂമിക്ക്] ആണികളെ [ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ] ഉണ്ടാക്കുകയും, രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ ഒരു (തരം) തടസ്സം ഏര്‍പ്പെടുത്തുകയും ചെയ്തവനോ (-ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ആരാധ്യനും ഉണ്ടോ?! (ആലോചിച്ചു നോക്കൂ!)
    എന്നാല്‍, അധികമാളുകളും അറിയുന്നില്ല!
  • أَمَّن جَعَلَ അല്ലെങ്കില്‍ ആക്കിയവനോ الْأَرْضَ ഭൂമിയെ قَرَارًا ഭവനം, പാര്‍പ്പിടം, താവളം وَجَعَلَ ആക്കുകയും, ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും (ചെയ്തു) خِلَالَهَا അതിന്‍റെ ഇടയില്‍കൂടി أَنْهَارًا നദികള്‍, അരുവികള്‍ وَجَعَلَ ഉണ്ടാക്കുകയും, ഏര്‍പ്പെടുത്തുകയും ചെയ്തു لَهَا അതിനു رَوَاسِيَ ആണികളെ, കുറ്റികളെ, ഉറച്ച പര്‍വ്വതങ്ങളെ وَجَعَلَ ഉണ്ടാക്കുകയും ചെയ്തു بَيْنَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ക്കിടയില്‍ حَاجِزًا ഒരു തടസ്സം, തടവ്, മറ أَإِلَـٰهٌ വല്ല ഇലാഹും ഉണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ بَلْ എന്നാല്‍, എങ്കിലും أَكْثَرُهُمْ അവരിലധികവും لَا يَعْلَمُونَ അറിയുന്നില്ല

27:62
  • أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ ﴾٦٢﴿
  • അല്ലെങ്കില്‍, കഷ്ടപ്പെട്ടവന്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചാല്‍ അവന്ന് ഉത്തരം നല്‍കുകയും, തിന്മയെ (നീക്കി) തുറവിയാക്കുകയും, നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തു വരുന്നവനോ (-ആരാണുത്തമം)?! അല്ലാഹുവിനോടുകൂടി (വേറെ)വല്ല ആരാധ്യനും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ) വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു നോക്കുന്നുള്ളൂ.
  • أَمَّن يُجِيبُ അല്ലെങ്കില്‍ (അഥവാ) ഉത്തരം ചെയ്യുന്നവനോ الْمُضْطَرَّ കഷ്ടപ്പെട്ടവനു (ആപത്തില്‍ കുടുങ്ങിയവനു) إِذَا دَعَاهُ അവന്‍ അവനോടു പ്രാര്‍ത്ഥിച്ചാല്‍, വിളിച്ചാല്‍ وَيَكْشِفُ നീക്കുകയും ചെയ്യുന്ന السُّوءَ തിന്മയെ, കെടുതിയെ وَيَجْعَلُكُمْ നിങ്ങളെ ആക്കുകയും ചെയ്യുന്നു خُلَفَاءَ الْأَرْضِ ഭൂമിയിലെ പ്രതിനിധികള്‍ أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قَلِيلًا അല്‍പ മാത്രമേ مَّا تَذَكَّرُونَ
    നിങ്ങള്‍ ആലോചിക്കുന്നു(ള്ളു)

രണ്ട് സമുദ്രങ്ങള്‍ എന്ന് പറഞ്ഞത് ഉപ്പുജലവും, ശുദ്ധജലവുമാണെന്നും, അവ അന്യോന്യം ലയിക്കാതിരിക്കത്തക്കവണ്ണം അവയ്ക്കിടയില്‍ അല്ലാഹു ഒരു തടസ്സം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സൂ: ഫുര്‍ഖാന്‍ 53-ല്‍ വെച്ച് പ്രസ്താവിച്ചത് ഇവിടെയും ഓര്‍ക്കുക. ഏതെങ്കിലും ആപത്തുകളില്‍ പെട്ട് കഷ്ടപ്പെട്ടവന്‍റെ ദുആക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന വസ്തുത അല്ലാഹു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പല ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബിവചനങ്ങളില്‍നിന്നും അറിയപ്പെട്ടിട്ടുള്ളതാണിത്. രക്ഷാമാര്‍ഗ്ഗം കാണാതെ കഷ്ടപ്പെട്ടു വലയുന്നവന്‍ മനസ്സാന്നിദ്ധ്യത്തോടും,വിശ്വാസത്തോടുംകൂടി അവന്‍റെ സങ്കടം അല്ലാഹുവിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്നപക്ഷം, നിശ്ചയമായും വിചാരിക്കാത്തവിധം അവന് അല്ലാഹുവില്‍നിന്ന് രക്ഷ ലഭിക്കുന്നതാകുന്നു- പ്രാര്‍ത്ഥിക്കുന്നവന്‍ കേവലം പാപിയാണെങ്കില്‍ പോലും.

യമനിലെ സക്കാത്ത് വസൂലാക്കുവാനും മറ്റും മുആദ് (معاذ بن جبل  -رض) നെ നിയോഗിച്ചയച്ചപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അദ്ദേഹത്തോട് ഇങ്ങിനെ ഉപദേശിക്കുകയുണ്ടായി:

واتق دعوة المظلوم فليس بينها و بين الله حجاب – مسلم….

(……..ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയെ നീ സൂക്ഷിച്ചുകൊള്ളുകയും വേണം. കാരണം, അതിനും അല്ലാഹുവിനുമിടയില്‍ യാതൊരു മറയും ഇല്ല.) വേറൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു.

ثلاث دعوات مستجابات لا شك فيهن دعوة الوالد و دعوة المسافر و دعوة المظلوم – الترمذي و ابوداود

(മൂന്ന് പ്രാര്‍ത്ഥനകള്‍ ഉത്തരം ലഭിക്കുന്നവയാണ്. അവയുടെ കാര്യത്തില്‍ സംശയമില്ല: മാതാപിതാക്കളുടെ (സന്താനങ്ങളെ സംബന്ധിച്ച) പ്രാര്‍ത്ഥനയും, യാത്രക്കാരന്‍റെ പ്രാര്‍ത്ഥനയും, ആക്രമിക്കപ്പെട്ടവന്‍റെ പ്രാര്‍ത്ഥനയും.) അല്ലാഹു വീണ്ടും തുടര്‍ന്ന് ചോദിക്കുന്നു:-

27:63
  • أَمَّن يَهْدِيكُمْ فِى ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ وَمَن يُرْسِلُ ٱلرِّيَٰحَ بُشْرًۢا بَيْنَ يَدَىْ رَحْمَتِهِۦٓ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ تَعَٰلَى ٱللَّهُ عَمَّا يُشْرِكُونَ ﴾٦٣﴿
  • അല്ലെങ്കില്‍, കരയിലെയും കടലിലെയും (വിവിധ) അന്ധകാരങ്ങളില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനും, തന്‍റെ (മഴയാകുന്ന) കാരുണ്യത്തിന്‍റെ മുമ്പില്‍ കാറ്റുകളെ സന്തോഷ വാര്‍ത്തയായി അയക്കാറുള്ളവനുമാണോ (-ആരാണ് ഉത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (ഓര്‍ത്തുനോക്കൂ!) അവര്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് (എല്ലാം തന്നെ) അല്ലാഹു അത്യുന്നതനാകുന്നു!
  • أَمَّن يَهْدِيكُمْ അല്ലെങ്കില്‍ നിങ്ങള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവനോ فِي ظُلُمَاتِ അന്ധകാരങ്ങളില്‍, ഇരുട്ടില്‍ الْبَرِّ وَالْبَحْرِ കരയുടെയും, കടലിന്‍റെയും وَمَن يُرْسِلُ അയക്കുന്നവനും الرِّيَاحَ കാറ്റുകളെ بُشْرًا സന്തോഷവാര്‍ത്തയായി بَيْنَ يَدَيْ മുമ്പില്‍,മുന്നില്‍ رَحْمَتِهِ അവന്‍റെ കാരുണ്യത്തിന്‍റെ (അനുഗ്രഹത്തിന്‍റെ) أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ تَعَالَى اللَّـهُ അല്ലാഹു എത്രയോ മേലെയായിരിക്കുന്നു (ഉന്നതനാകുന്നു) عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നു
27:64
  • أَمَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ وَمَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قُلْ هَاتُوا۟ بُرْهَٰنَكُمْ إِن كُنتُمْ صَٰدِقِينَ ﴾٦٤﴿
  • അല്ലെങ്കില്‍, സൃഷ്ടിയെ ആദ്യമായുണ്ടാക്കുകയും, പിന്നീടതു (നശിച്ച ശേഷം) മടക്കി സൃഷ്ടിക്കുകയും ചെയ്യുന്നവനും, ആകാശത്തുനിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നവനുമാണോ (-ആരാണുത്തമം)?! അല്ലാഹുവിന്‍റെ കൂടെ വല്ല ഇലാഹും ഉണ്ടോ?! (എങ്കില്‍ - പറയൂ!) (നബിയേ) പറയുക: 'നിങ്ങള്‍ നിങ്ങളുടെ തെളിവ് കൊണ്ടുവരുവിന്‍, നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍!'
  • أَمَّن يَبْدَأُ അല്ലെങ്കില്‍ ആദ്യമായുണ്ടാക്കുന്നവനോ الْخَلْقَ സൃഷ്ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുകയും ചെയ്യുന്നു وَمَن യതൊരുവനും يَرْزُقُكُم നിങ്ങള്‍ക്കു ആഹാരം തരുന്നു, ഉപജീവനം നല്‍കുന്നു مِّنَ السَّمَاءِ ആകാശത്തുനിന്നും وَالْأَرْضِ ഭൂമിയില്‍നിന്നും أَإِلَـٰهٌ വല്ല ഇലാഹുമുണ്ടോ مَّعَ اللَّـهِ അല്ലാഹുവിന്‍റെ കൂടെ قُلْ പറയുക هَاتُوا കൊണ്ടുവരുവിന്‍ بُرْهَانَكُمْ നിങ്ങളുടെ തെളിവു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്മാര്‍

പട്ടാപ്പകല്‍പ്പോലെ സുവ്യക്തവും, ശകലം ബുദ്ധിയും ചിന്തയും ഉള്ളവര്‍ക്കെല്ലാം അറിയാവുന്നതുമായ ചില നിത്യസത്യങ്ങള്‍ നിരത്തിവെച്ചുകൊണ്ട് അല്ലാഹുവിനോട് സമത്വം കല്‍പിക്കപ്പെടുവാന്‍ അര്‍ഹതയുള്ള വല്ലവരും ഉണ്ടോ എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ചോദിച്ച ശേഷം, ഉണ്ടെന്ന് പറയുന്നവര്‍ അതിന് തെളിവ് ഹാജറാക്കുവാന്‍ അവിശ്വാസികളെ അല്ലാഹു വെല്ലുവിളിക്കുകയാണ്. സകല വസ്തുക്കളുടെയും സ്രഷ്ടാവും, നിയന്താവും, ആരാധ്യനുമായുള്ളവന്‍ അല്ലാഹു മാത്രമാണ്. ഇതിന്‍റെ അനിവാര്യ ഫലമത്രെ, അദൃശ്യജ്ഞാനം അവന് മാത്രമാണെന്നുള്ള വസ്തുത. ആകയാല്‍, അല്ലാഹു അല്ലാത്ത വല്ലവര്‍ക്കും അദൃശ്യകാര്യങ്ങളെക്കുറിച്ച് അറിയുമെന്നു കരുതുന്നത് തനി വിഡ്ഢിത്തമാണെന്ന് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു:)

27:65
  • قُل لَّا يَعْلَمُ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ٱلْغَيْبَ إِلَّا ٱللَّهُ ۚ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ ﴾٦٥﴿
  • (നബിയേ) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും, ഭൂമിയിലുമുള്ളവര്‍ (ആരും തന്നെ) അദൃശ്യകാര്യം അറിയുകയില്ല. തങ്ങള്‍ എപ്പോഴാണ് (മരണശേഷം) ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയെന്നും അവര്‍ക്കു അറിയാവതല്ല.
  • قُل പറയുക لَّا يَعْلَمُ അറിയുകയില്ല مَن യതൊരുവര്‍ فِي السَّمَاوَاتِ ആകാശങ്ങളിലുള്ള وَالْأَرْضِ ഭൂമിയിലും الْغَيْبَ അദൃശ്യം, മറഞ്ഞ കാര്യം إِلَّا اللَّـهُ അല്ലാഹു അല്ലാതെ, وَمَا يَشْعُرُونَ അവര്‍ അറിയുന്നതുമല്ല (അവര്‍ക്കു ബോധമില്ല) أَيَّانَ എപ്പോള്‍ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും (എന്നു)

അദൃശ്യകാര്യങ്ങളെക്കുറിച്ച് അല്ലാഹുവല്ലാതെ മറ്റാര്‍ക്കും അറിവില്ലെന്ന് ഖുര്‍ആന്‍ ഒന്നിലധികം സ്ഥലത്ത് ഖണ്ഡിതമായി പ്രസ്താവിച്ചിരിക്കുന്നത് കാണാം. അവന്‍ അറിയിച്ചുകൊടുത്തതല്ലാതെ ഒരു പ്രവാചകനുപോലും അദൃശ്യത്തെക്കുറിച്ച് അറിയുവാന്‍ സാധ്യമല്ല. പിന്നെയുണ്ടോ മറ്റാരെങ്കിലും അറിയുന്നു?!  ആയിശാ (റ) ഇങ്ങിനെ പ്രസ്താവിക്കുകയുണ്ടായി: ‘നാളെ ഉണ്ടാകുന്ന കാര്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അറിയുമെന്ന് ആരെങ്കിലും ജല്‍പിക്കുന്നപക്ഷം, അവന്‍ അല്ലാഹുവിന്‍റെ മേല്‍ വമ്പിച്ച നുണ പറഞ്ഞുപോയി. കാരണം, അല്ലാഹു പറയുന്നു: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അദൃശ്യകാര്യം അറിയുകയില്ല എന്ന്.

(من زعم ان النبي صلى الله عليه و سلم يعلم ما يكون في غدفقد اعلم القرية على الله لان الله يقول قل لا يعلم من في السموات والارض الغيب الاالله – ابن جرير و غيره)

27:66
  • بَلِ ٱدَّٰرَكَ عِلْمُهُمْ فِى ٱلْءَاخِرَةِ ۚ بَلْ هُمْ فِى شَكٍّ مِّنْهَا ۖ بَلْ هُم مِّنْهَا عَمُونَ ﴾٦٦﴿
  • എങ്കിലും, പരലോകവിഷയത്തില്‍ അവരുടെ [അവിശ്വാസികളുടെ] അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു.; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് സംശയത്തിലാണ്; (അല്ല) എങ്കിലും അവര്‍ അതിനെക്കുറിച്ച് അന്ധന്മാരാകുന്നു.
  • بَلِ എങ്കിലും, എന്നാല്‍ ادَّارَكَ പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു, തികഞ്ഞിരിക്കുന്നു عِلْمُهُمْ അവരുടെ അറിവു فِي الْآخِرَةِ പരലോകത്തില്‍ بَلْ هُمْ എങ്കിലും അവര്‍ فِي شَكٍّ സംശയത്തിലാണ് مِّنْهَا അതിനെക്കുറിച്ചു بَلْ هُم എങ്കിലും അവര്‍ مِّنْهَا അതിനെപ്പറ്റി عَمُونَ അന്ധന്മാരാണ്

മൂന്ന് വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ വചനത്തിന്‍റെ താല്‍പര്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഒന്നിലധികം രൂപം കൈകൊണ്ടിട്ടുള്ളത് കാണാം.

(1) അദൃശ്യകാര്യങ്ങള്‍ അറിയാവതല്ലെങ്കിലും, പരലോകത്തെക്കുറിച്ച് ഉറപ്പിക്കുവാന്‍ വേണ്ടുന്ന എല്ലാ മാര്‍ഗ്ഗങ്ങളും അവിശ്വാസികള്‍ക്ക്‌ പൂര്‍ണ്ണമായും സിദ്ധിച്ചിട്ടുണ്ട്. എന്നിട്ടും അവരതില്‍ സംശയിച്ചുകൊണ്ടിരിക്കുകയാണ്. അത്രയുമല്ല, അതില്‍ സംശയംപോലും ജനിക്കാതിരിക്കത്തക്കവണ്ണം അതിനെക്കുറിച്ച് തീരെ അന്ധരും അശ്രദ്ധരുമാണ്.

(2) ആദ്യത്തെ വാക്യം – പരലോക വിഷയത്തില്‍ അവരുടെ അറിവ് പൂര്‍ണ്ണത പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞത് – അല്ലാഹു അവരെപ്പറ്റി പരിഹസിച്ചു പറഞ്ഞതാണ്. അതായത്: അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിനല്ലാതെ അറിയുകയില്ലെങ്കിലും, പരലോകത്തിന്‍റെ കാര്യത്തില്‍ അവിശ്വാസികള്‍ക്കുള്ള അറിവ് അങ്ങേഅറ്റം പരിപൂര്‍ണ്ണമാണ് എന്ന് ആദ്യം പറഞ്ഞ ശേഷം, അവരുടെ യഥാര്‍ത്ഥനില ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എന്ന് താല്‍പര്യം.

(3) അവരുടെ അറിവ് പരിപൂര്‍ണ്ണത പ്രാപിച്ചു എന്നു പറഞ്ഞതിന്‍റെ വിവക്ഷ, അതിന് പുരോഗതിയില്ലാതെ വളര്‍ച്ചമുട്ടി നാശപ്രായമായിരിക്കുന്നു എന്നാണ്.

ادَّارَكَ (ഇദ്ദാറക) എന്നതിന് പകരം ادرك (അദ്റക) എന്നും ഇവിടെ വായനയുണ്ട്. ഈ വായന അനുസരിച്ചാണ് മൂന്നാമത് പറഞ്ഞ അഭിപ്രായം.

വിഭാഗം - 6

27:67
  • وَقَالَ ٱلَّذِينَ كَفَرُوٓا۟ أَءِذَا كُنَّا تُرَٰبًا وَءَابَآؤُنَآ أَئِنَّا لَمُخْرَجُونَ ﴾٦٧﴿
  • അവിശ്വസിച്ചവര്‍ പറയുന്നു: 'ഞങ്ങളും ഞങ്ങളുടെ പിതാക്കളും (മരിച്ച്) മണ്ണായാല്‍ (വീണ്ടും) ഞങ്ങള്‍ നിശ്ചയമായും പുറത്ത് കൊണ്ടുവരപ്പെടുന്നവരാണെന്നോ?! (അതു സംഭവ്യമല്ല.)
  • وَقَالَ പറയുന്നു, പറഞ്ഞു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَإِذَا كُنَّا ഞങ്ങള്‍ (നാം) ആയാലോ تُرَابًا മണ്ണ് وَآبَاؤُنَا ഞങ്ങളുടെ (നമ്മുടെ) പിതാക്കളും أَئِنَّا നിശ്ചയമായും ഞങ്ങളാണോ لَمُخْرَجُونَ പുറത്തു കൊണ്ടുവരപ്പെടുന്നവര്‍

27:68
  • لَقَدْ وُعِدْنَا هَٰذَا نَحْنُ وَءَابَآؤُنَا مِن قَبْلُ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ ﴾٦٨﴿
  • 'ഇത് ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായിട്ടുണ്ട്. ഇത് പൂര്‍വ്വികന്മാരുടെ പുരാണേതിഹാസങ്ങളല്ലാതെ (മറ്റൊന്നും) അല്ല.'
  • لَقَدْ وُعِدْنَا തീര്‍ച്ചയായും ഞങ്ങളോടു വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട് هَـٰذَا ഇതു نَحْنُ ഞങ്ങളോടു وَآبَاؤُنَا ഞങ്ങളുടെ പിതാക്കളോടും مِن قَبْلُ മുമ്പ്, മുമ്പേ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകളല്ലാതെ, ഇതിഹാസങ്ങളല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്മാരുടെ, മുന്‍കാലക്കാരുടെ
27:69
  • قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُجْرِمِينَ ﴾٦٩﴿
  • പറയുക (നബിയേ): നിങ്ങള്‍ ഭൂമിയില്‍ക്കൂടി സഞ്ചരിക്കുവിന്‍; എന്നിട്ട് കുറ്റവാളികളുടെ പര്യവസാനം എങ്ങിനെയാണുണ്ടായിട്ടുള്ളതെന്ന് നോക്കുവിന്‍!'
  • قُلْ പറയുക سِيرُوا നിങ്ങള്‍ സഞ്ചരിക്കുവിന്‍, നടക്കുവിന്‍ فِي الْأَرْضِ ഭൂമിയില്‍ فَانظُرُوا എന്നിട്ടു നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയി എന്ന്, ഉണ്ടായെന്നു عَاقِبَةُ പര്യവസാനം, കലാശം الْمُجْرِمِينَ കുറ്റവാളികളുടെ

മരണാനന്തര ജീവിതത്തെ നിഷേധിക്കുകയും, പ്രവാചകന്മാരെ വ്യാജമാക്കുകയും ചെയ്ത പല സമുദായങ്ങളുടെയും ശിക്ഷാനുഭവങ്ങള്‍ അപ്പോള്‍ നിങ്ങള്‍ക്ക് കണ്ടറിയുവാന്‍ സാധിക്കും. അങ്ങിനെയുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും ബാധിച്ചേക്കുന്നത് സൂക്ഷിച്ചുകൊള്ളുക എന്ന് സാരം.

27:70
  • وَلَا تَحْزَنْ عَلَيْهِمْ وَلَا تَكُن فِى ضَيْقٍ مِّمَّا يَمْكُرُونَ ﴾٧٠﴿
  • (നബിയേ) അവരുടെമേല്‍ നീ ദുഃഖിക്കേണ്ട, അവര്‍ കുതന്ത്രം നടത്തിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് നീ (മനസ്സ്) ഇടുക്കത്തിലാകുകയും വേണ്ട.
  • وَلَا تَحْزَنْ നീ ദുഃഖിക്കേണ്ട, വ്യസനിക്കരുതു عَلَيْهِمْ അവരുടെ മേല്‍, അവരെപ്പറ്റി وَلَا تَكُن ആകുകയും വേണ്ട فِي ضَيْقٍ ഇടുക്കത്തില്‍ (വിഷമത്തില്‍) مِّمَّا يَمْكُرُونَ അവര്‍ കുതന്ത്രം നടത്തുന്നതിനെപ്പറ്റി
27:71
  • وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴾٧١﴿
  • അവര്‍ പറയുന്നു: 'എപ്പോഴാണ് ഈ വാഗ്ദാനം (നടപ്പില്‍വരുക)- നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍?!'
  • وَيَقُولُونَ അവര്‍ പറയുന്നു, പറയും مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം, കരാര്‍ إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
27:72
  • قُلْ عَسَىٰٓ أَن يَكُونَ رَدِفَ لَكُم بَعْضُ ٱلَّذِى تَسْتَعْجِلُونَ ﴾٧٢﴿
  • പറയുക: 'നിങ്ങള്‍ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നതില്‍ ചിലത് (ഒരു പക്ഷേ) നിങ്ങള്‍ക്ക് അടുത്തു (തന്നെ) വരുകയുണ്ടായേക്കാം.'
  • قُلْ പറയുക عَسَىٰ أَن يَكُونَ ആയേക്കാം, ഉണ്ടായേക്കാം رَدِفَ لَكُم നിങ്ങള്‍ക്ക് തുടര്‍ന്നുവരുക, അടുത്തുവരിക بَعْضُ ചിലതു الَّذِي تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടുന്നതില്‍

ഖിയാമത്തുനാള്‍ വരുവാനിരിക്കുന്നു, മരണാനന്തരം എല്ലാവരും പുനര്‍ജ്ജീവിപ്പിക്കപ്പെടും. സത്യനിഷേധികള്‍ ഭയങ്കര ശിക്ഷക്ക് വിധേയരാകും എന്നിങ്ങിനെ പ്രവാചകന്മാരാല്‍ മുന്നറിയിപ്പ് നല്‍കപ്പെടുന്ന കാര്യങ്ങളാണ് ‘ഈ വാഗ്ദാനം’ (هذا الوعد) എന്നതുകൊണ്ടുദ്ദേശ്യം. ഇതെല്ലാം യഥാര്‍ത്ഥമാണെങ്കില്‍ അതൊന്നു കാണട്ടെ എന്നും മറ്റും പരിഹാസപൂര്‍വ്വം ധൃതിപ്പെട്ടുകൊണ്ടിരിക്കുകയാണ് അവിശ്വാസികള്‍. വേണ്ട, ധൃതികൂട്ടുന്നത് നല്ലതിനല്ല, ഒരു പക്ഷേ, അവയില്‍ ചിലത് താമസംവിനാ നിങ്ങള്‍ക്ക് അനുഭവപ്പെട്ടുവന്നു വന്നേക്കും, അപ്പോള്‍ ഈ പരിഹാസവും, ധിക്കാരവും വേണ്ടിയിരുന്നില്ലെന്ന് നിങ്ങള്‍ക്ക് ശരിക്കും ബോധ്യപ്പെടും. എന്നൊക്കെ അവരോട് പറയുവാനാണ് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ ഉണര്‍ത്തുന്നത്. അവര്‍ പരിഹാസപൂര്‍വ്വം ധൃതികൂട്ടിയിട്ടും തല്‍ക്ഷണം ശിക്ഷ നല്‍കപ്പെടാതിരിക്കുവാനുള്ള കാരണം അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നു.

27:73
  • وَإِنَّ رَبَّكَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ ﴾٧٣﴿
  • നിശ്ചയമായും, നിന്‍റെ റബ്ബ് മനുഷ്യരുടെ മേല്‍ അനുഗ്രഹമുള്ളവനത്രെ. പക്ഷേ, അവരില്‍ അധികമാളുകളും നന്ദികാണിക്കുന്നില്ല.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَذُو فَضْلٍ അനുഗ്രഹമുള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَهُمْ അവരില്‍ അധികവും لَا يَشْكُرُونَ നന്ദി കാണിക്കുന്നില്ല
27:74
  • وَإِنَّ رَبَّكَ لَيَعْلَمُ مَا تُكِنُّ صُدُورُهُمْ وَمَا يُعْلِنُونَ ﴾٧٤﴿
  • നിശ്ചയമായും,നിന്‍റെ റബ്ബ് അവരുടെ ഹൃദയങ്ങള്‍ ഗോപ്യമാക്കിവെക്കുന്നതും, അവര്‍ പരസ്യമാക്കുന്നതും അറിയുന്നു.
  • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَيَعْلَمُ അറിയുന്നതാണ് مَا تُكِنُّ ഗോപ്യമാക്കി(മറച്ചു) വെക്കുന്നതു صُدُورُهُمْ അവരുടെ നെഞ്ഞുകള്‍ (ഹൃദയങ്ങള്‍) وَمَا يُعْلِنُونَ അവര്‍ പരസ്യമാക്കുന്നതും
27:75
  • وَمَا مِنْ غَآئِبَةٍ فِى ٱلسَّمَآءِ وَٱلْأَرْضِ إِلَّا فِى كِتَٰبٍ مُّبِينٍ ﴾٧٥﴿
  • ആകാശത്തും, ഭൂമിയിലും മറഞ്ഞു കിടക്കുന്ന യാതൊരു കാര്യവും തന്നെ, സ്പഷ്ടമായ ഒരു (രേഖാ) ഗ്രന്ഥത്തില്‍ ഉള്‍പ്പെടാതെയില്ല.
  • وَمَا مِنْ غَائِبَةٍ യാതൊരു മറഞ്ഞ കാര്യവുമില്ല فِي السَّمَاءِ ആകാശത്തില്‍ وَالْأَرْضِ ഭൂമിയിലും إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

വലുത്, ചെറുത്, പ്രധാനം, അപ്രധാനം എന്നിങ്ങനെയുള്ള വ്യത്യാസമൊന്നും കൂടാതെ, ആകാശഭൂമികളുടെ സൃഷ്ടിയുടെ ആരംഭംതൊട്ട് എന്നെന്നേക്കും ഉണ്ടാകുന്ന സകല കാര്യങ്ങളും, സവിസ്തരമായും, സസൂക്ഷ്മമായും അല്ലാഹു അറിയുന്നു; അതെല്ലാം അവന്‍റെ അടുക്കല്‍ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്.

وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ ﴿٥٢﴾ وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ ﴿٥٣﴾ – سورة القمر

(അവര്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കാര്യങ്ങളും ഏടുകളിലുണ്ട്. എല്ലാ ചെറിയ കാര്യവും, വലിയ കാര്യവും രേഖപ്പെടുത്തിവെക്കപ്പെട്ടതുമാണ്.)

27:76
  • إِنَّ هَٰذَا ٱلْقُرْءَانَ يَقُصُّ عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَكْثَرَ ٱلَّذِى هُمْ فِيهِ يَخْتَلِفُونَ ﴾٧٦﴿
  • നിശ്ചയമായും, ഈ ഖുര്‍ആന്‍ ഇസ്രഈല്‍ സന്തതികള്‍ക്ക്, അവര്‍ ഏതൊരു വിഷയത്തില്‍ ഭിന്നാഭിപ്രായം വെച്ചുകൊണ്ടിരിക്കുന്നുവോ അതില്‍ മിക്കതും (യഥാര്‍ത്ഥരൂപത്തില്‍) വിവരിച്ചുകൊടുക്കുന്നു.
  • إِنَّ هَـٰذَا الْقُرْآنَ നിശ്ചയമായും ഈ ഖുര്‍ആന്‍ يَقُصُّ വിവരിച്ചുകൊടുക്കുന്നു , കഥനം ചെയ്യുന്നു عَلَىٰ بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികള്‍ക്കു أَكْثَرَ الَّذِي യാതൊന്നില്‍ മിക്കഭാഗവും هُمْ അവര്‍ فِيهِ അതില്‍ يَخْتَلِفُونَ ഭിന്നാഭിപ്രായപ്പെട്ടുകൊണ്ടിരിക്കുന്നു
27:77
  • وَإِنَّهُۥ لَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴾٧٧﴿
  • നിശ്ചയമായും ഇത് (ഖുര്‍ആന്‍) സത്യവിശ്വാസികള്‍ക്ക് മാര്‍ഗ്ഗദര്‍ശനവും കാരുണ്യവുമാകുന്നു.
  • وَإِنَّهُ നിശ്ചയമായും അതു لَهُدًى മാര്‍ഗ്ഗദര്‍ശനം തന്നെ, وَرَحْمَةٌ കാരുണ്യവും, അനുഗ്രഹവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു
27:78
  • إِنَّ رَبَّكَ يَقْضِى بَيْنَهُم بِحُكْمِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْعَلِيمُ ﴾٧٨﴿
  • നിന്‍റെ റബ്ബ് അവര്‍ക്കിടയില്‍, തന്‍റെ വിധി (നിയമം) കൊണ്ട് തീര്‍പ്പ്‌ കല്പിക്കുന്നതാണ്. അവനത്രെ സര്‍വ്വജ്ഞനായ പ്രതാപശാലി.
  • إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് يَقْضِي തീര്‍പ്പ്‌ കല്‍പിക്കുന്നു, വിധി നടത്തുന്നു بَيْنَهُم അവര്‍ക്കിടയില്‍ بِحُكْمِهِ അവന്‍റെ വിധികൊണ്ടു, നിയമപ്രകാരം وَهُوَ അവനത്രെ الْعَزِيزُ പ്രതാപശാലി الْعَلِيمُ സര്‍വ്വജ്ഞനായ
27:79
  • فَتَوَكَّلْ عَلَى ٱللَّهِ ۖ إِنَّكَ عَلَى ٱلْحَقِّ ٱلْمُبِينِ ﴾٧٩﴿
  • അതിനാല്‍, നീ അല്ലാഹുവിന്‍റെമേല്‍ ഭരമേല്പിച്ചുകൊള്ളുക. നിശ്ചയമായും, നീ സ്പഷ്ടമായ പരമാര്‍ത്ഥത്തില്‍ തന്നെയാണ്(നിലകൊള്ളുന്നത്).
  • فَتَوَكَّلْ അതിനാല്‍ നീ ഭരമേല്‍പിക്കുക عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ إِنَّكَ നിശ്ചയമായും നീ عَلَى الْحَقِّ പരമാര്‍ത്ഥ (സത്യ - ന്യായ)ത്തിലാണ് الْمُبِينِ വ്യക്തമായ, സ്പഷ്ടമായ

വേദക്കാരാകുന്ന ഇസ്രാഈല്‍ സന്തതികള്‍ക്കിടയില്‍ എത്രയോ വിഷയങ്ങളില്‍ ഭിന്നിപ്പുകളുള്ളതായി കാണാം. ജൂതരും, ക്രിസ്ത്യാനികളും ഒരു വശത്ത്‌. ക്രിസ്ത്യാനികളില്‍ തന്നെയുള്ള വിഭാഗങ്ങള്‍ വേറൊരു വശത്തും. അങ്ങിനെയുള്ള മിക്ക വിഷയത്തിലും – പ്രധാന വിഷയങ്ങളിലെല്ലാം തന്നെ- പരമാര്‍ത്ഥം ഇന്ന പ്രകാരമാണെന്ന് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഇസ്ലാമിന്‍റെ മൂലസിദ്ധാന്തങ്ങളും, പല ശാഖാവിഷയങ്ങളും, ചരിത്രസംഭവങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ഈ ഇനത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നത്രെ ഈസാ (അ)നബിയുടെ കാര്യം. യഹൂദികള്‍ അദ്ദേഹത്തെ വ്യഭിചാരപുത്രനും, ആഭിചാരിയുമായി കണക്കാക്കുന്നു. അതേ സമയത്ത് ക്രിസ്ത്യാനികള്‍ അദ്ദേഹത്തിന് കല്‍പിക്കുന്നത് ദിവ്യത്വമാണ്. സാക്ഷാല്‍ ദൈവമെന്നും, ദൈവപുത്രനെന്നും, ത്രിയേകദൈവമെന്നുമുള്ള വ്യത്യസ്ത വിശ്വാസക്കാര്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ത്തന്നെ വേറെയും. യഥാര്‍ത്ഥം അതൊന്നുമല്ല, അദ്ദേഹം അല്ലാഹുവിന്‍റെ അടിയാനും പ്രവാചകനുമാണ് എന്ന് ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ തുറന്നുകാട്ടിയിരിക്കുന്നു.( ഇതിനെപ്പറ്റി നാം സൂ: മര്‍യമില്‍വെച്ച് വിശദമായി വിവരിച്ചിട്ടുണ്ട്) ഇതുപോലെത്തന്നെ, കുരിശുസംഭവത്തിലും, മറ്റു പലതിലും ഇതിന് ഉദാഹരണങ്ങള്‍ കാണാം.

ബഹുദൈവ വിശ്വാസികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെയും, ഖുര്‍ആനെയും സംബന്ധിച്ചു കൈകൊണ്ട നിലപാടുകളെ പുരസ്കരിച്ചായിരുന്നു മുന്‍ ആയത്തുകളില്‍ പ്രതിപാദിച്ചിരുന്നത്. ഈ ആയത്തുകള്‍, ഖുര്‍ആന്‍റെ മറ്റൊരു ശത്രുവിഭാഗക്കാരായ വേദക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നവയാകുന്നു. അവരുടെ ഭിന്നിപ്പുകളും, ആശയകുഴപ്പങ്ങളും അവസാനിപ്പിച്ച് യഥാര്‍ത്ഥ സത്യത്തിലേക്ക് മടങ്ങുവാനുള്ള മാര്‍ഗ്ഗം ഖുര്‍ആനിലുണ്ടെന്നും, അതില്‍ വിശ്വസിക്കുന്നവരെ അത് സന്മാര്‍ഗ്ഗത്തിലേക്കും, ദൈവകാരുണ്യത്തിലേക്കും നയിക്കുമെന്നും ഉണര്‍ത്തുന്നു. അതിനവര്‍ തയ്യാറില്ലാത്തപക്ഷം, അവരെ സംബന്ധിച്ച് അല്ലാഹു അവന്‍റെ നിയമാനുസൃതമായ തീരുമാനം എടുത്തുകൊള്ളുമെന്ന് താക്കീതും നല്‍കുന്നു. 79-ാം വചനം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് മനസ്സമാധാനവും, ധൈര്യവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അടുത്ത വചനങ്ങളില്‍ സത്യനിഷേധികളുടെ നിലപാട് എത്രമാത്രം അധഃപതനത്തിലെത്തിയിട്ടുണ്ടെന്ന് കാണിക്കുന്നു:-

27:80
  • إِنَّكَ لَا تُسْمِعُ ٱلْمَوْتَىٰ وَلَا تُسْمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوْا۟ مُدْبِرِينَ ﴾٨٠﴿
  • (നബിയേ,) നിശ്ചയമായും മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല; ബധിരന്മാരെയും - അവര്‍ പിന്നോക്കം തിരിഞ്ഞ് മാറിപ്പോയാല്‍ - നീ വിളികേള്‍പ്പിക്കുന്നതല്ല.
  • إِنَّكَ നിശ്ചയമായും നീ لَا تُسْمِعُ നീ കേള്‍പ്പിക്കയില്ല الْمَوْتَىٰ മരണപ്പെട്ടവര്‍ക്കു وَلَا تُسْمِعُ നീ കേള്‍പ്പിക്കുന്നതല്ല الصُّمَّ ബധിരന്മാര്‍ക്കു, കാതു കേള്‍ക്കാത്തവരെ الدُّعَاءَ വിളി إِذَا وَلَّوْا അവര്‍ തിരിഞ്ഞു(മാറി)പോയാല്‍ مُدْبِرِينَ പിന്നോക്കം തിരിഞ്ഞുകൊണ്ട്, പിന്നിട്ടവരായി
27:81
  • وَمَآ أَنتَ بِهَٰدِى ٱلْعُمْىِ عَن ضَلَٰلَتِهِمْ ۖ إِن تُسْمِعُ إِلَّا مَن يُؤْمِنُ بِـَٔايَٰتِنَا فَهُم مُّسْلِمُونَ ﴾٨١﴿
  • അന്ധന്മാര്‍ക്ക് അവരുടെ വഴിപിഴവുവിട്ട് നേര്‍മാര്‍ഗ്ഗം കാട്ടിക്കൊടുക്കു(വാന്‍ കഴിയു)ന്നവനുമല്ല, നീ. നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുകയും, അങ്ങനെ തങ്ങള്‍ 'മുസ്‌ലിം' കളായി (കീഴൊതുങ്ങിയവരായി)രിക്കയും ചെയ്യുന്നവരെയല്ലാതെ നീ കേള്‍പ്പിക്കുകയില്ല.
  • وَمَا أَنتَ നീ അല്ല താനും بِهَادِي الْعُمْيِ അന്ധന്മാര്‍ക്കു നേര്‍മ്മാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്നവന്‍ عَن ضَلَالَتِهِمْ അവരുടെ വഴിപിഴവുവിട്ടു, വഴിതെറ്റില്‍നിന്ന് إِن تُسْمِعُ നീ കേള്‍പ്പിക്കയില്ല إِلَّا مَن يُؤْمِنُ വിശ്വസിക്കുന്നവര്‍ക്കല്ലാതെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ فَهُم അങ്ങിനെ (എന്നിട്ട്)അവര്‍ مُّسْلِمُونَ മുസ്‌ലിംകളുമാണ്, കീഴൊതുങ്ങിയവരാണ്

യാഥാര്‍ത്ഥ്യത്തെപ്പറ്റി ചിന്തിച്ചുനോക്കുവാനും, ലക്ഷ്യങ്ങളും ന്യായങ്ങളും കണ്ടോ, കേട്ടോ ഗ്രഹിക്കുവാനും തയ്യാറില്ലാത്ത അവിശ്വാസികളെ മരണപ്പെട്ടു കിടക്കുന്ന ശവങ്ങളോടും, ബധിരന്മാരോടും, അന്ധന്മാരോടും സാദൃശ്യപ്പെടുത്തിയിരിക്കുകയാണ്. സത്യം അവരുടെ ഹൃദയത്തിലേക്ക് പ്രവേശിക്കാന്‍ നിവൃത്തിയില്ലാത്തവണ്ണം അത് മരവിച്ച് നിര്‍ജ്ജീവമായിപ്പോയിരിക്കുന്നു. എനി അതിന്ന് ജീവചൈതന്യം ഉണ്ടാവാന്‍ വഴിയില്ല. സത്യത്തിലേക്കു ശ്രദ്ധ കൊടുക്കുവാന്‍ അവരുടെ കാതിനും, ദ്ദൃഷ്ടാന്തങ്ങള്‍ കണ്ട് പാഠം പഠിക്കുവാന്‍ അവരുടെ കണ്ണിനും കഴിയാതായിരിക്കുന്നു. അതോടുകൂടി അവരുടെ ശ്രദ്ധയും, ദൃഷ്ടിയും മറുവശത്തേക്ക് മാത്രം തിരിയുകയും ചെയ്തിരിക്കയാണ്. എങ്കില്‍ പിന്നെ, എങ്ങിനെയാണവരെ സത്യോപദേശവും ദൃഷ്ടാന്തങ്ങളും ഗ്രഹിപ്പിക്കുക?! ചുരുക്കത്തില്‍, അവരുടെ പ്രകൃതിതന്നെ അങ്ങേഅറ്റം ദുഷിച്ചുപോയി. അതുകൊണ്ട് അവര്‍ എനി, സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുമ്പോട്ട് വരുമെന്ന് പ്രതീക്ഷിക്കുവാനില്ല. ഉപദേശിച്ചിട്ട് ഫലവുമില്ല. ലക്ഷ്യങ്ങളില്‍ വിശ്വസിക്കുകയും, അത് പ്രാവര്‍ത്തികമാക്കി അല്ലാഹുവിന് കീഴൊതുങ്ങുവാന്‍ – ഇസ്‌ലാമിനെ അംഗീകരിക്കുവാന്‍ – തയ്യാറാകുകയും ചെയ്യുന്നവരെ മാത്രമെ ഉപദേശം കേള്‍പ്പിക്കുവാനും, അത് ഫലപ്രദമാക്കുവാനും സാധ്യമാകുകയുള്ളൂ.

ഏതെങ്കിലും വിഷയത്തില്‍ ഒരു വസ്തുവെ മറ്റൊരു വസ്തുവോട് സദൃശ്യപ്പെടുത്തി (التشبيه) പറയുമ്പോള്‍, സാദൃശ്യത്തിന് നിദാനമാക്കപ്പെടുന്ന കാര്യം (وجه الشبه) അവ രണ്ടിലും ഉണ്ടായിരിക്കണം. ഏതിനോടാണോ സാദൃശ്യപ്പെടുത്തുന്നെതെങ്കില്‍ അതില്‍ (به المشبه യില്‍) അക്കാര്യം കൂടുതല്‍ വ്യക്തമായും പരിപൂര്‍ണ്ണമായും ഉണ്ടായിരിക്കണമെന്നും സ്പഷ്ടമത്രെ. അറബിസാഹിത്യശാസ്ത്ര (علم البلاغة)ത്തില്‍ ഇതൊരു അംഗീകൃതതത്വമാകുന്നു. അപ്പോള്‍, മേല്പറഞ്ഞ വാക്യങ്ങളില്‍, മരണപ്പെട്ടുപോയവര്‍ക്കും, ബധിരന്മാര്‍ക്കും കേള്‍പ്പിക്കുവാന്‍ കഴിവില്ലെന്നും, അന്ധന്മാര്‍ക്ക് വഴികാണിക്കുവാന്‍ സാധ്യമല്ലെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് പറഞ്ഞത്, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഉപമാലങ്കാരരൂപത്തില്‍ പറഞ്ഞതാണെങ്കിലും യഥാര്‍ത്ഥത്തില്‍ മരണമോ, അന്ധതയോ, ബധിരതയോ ബാധിച്ചിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം അത് അലങ്കാരാര്‍ത്ഥത്തിലല്ല- സാക്ഷാല്‍ അര്‍ത്ഥത്തില്‍തന്നെയാണ്- ഉള്ളത്. മരണപ്പെട്ടവര്‍ക്കും കാതുകേള്‍ക്കാത്തവര്‍ക്കും കേള്‍പ്പിക്കുവാനും, അന്ധന്മാര്‍ക്ക് വഴികാണിച്ചുകൊടുക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കോ മറ്റോ കഴിയുമായിരുന്നുവെങ്കില്‍, ഈ ഉപമക്ക് വിശേഷിച്ച അര്‍ത്ഥമൊന്നും ഉണ്ടാകുകയില്ലല്ലോ.

ഇത്- മരണപ്പെട്ടവര്‍ക്കും ബധിരന്മാര്‍ക്കും കേള്‍ക്കുകയില്ലെന്നും, അന്ധന്‍മാര്‍ക്ക് കാണുകയില്ലെന്നും പറഞ്ഞത്- ഈ പ്രകൃതിലോകത്തിലെ സാധാരണ നിയമമാകുന്നു. ഇതിനെതിരായി, വല്ല പ്രത്യേകസംഭവമോ, സന്ദര്‍ഭമോ ഉണ്ടാകുവാന്‍ ഒരിക്കലും പാടില്ലെന്ന് ധരിച്ചുകൂടാ. അങ്ങിനെ വല്ലതും സംഭവിച്ചതായോ, സംഭവിക്കുന്നതായോ, ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപ്പെട്ടു കാണുന്നപക്ഷം നാമത് നിരുപാധികമായി വിശ്വസിക്കേണ്ടതുമാകുന്നു.

എന്നാല്‍, മരിച്ചുപോയവരെക്കുറിച്ച് വല്ല സന്ദര്‍ഭത്തിലും അവര്‍ കേള്‍ക്കുമെന്നോ, കാണുമെന്നോ ഖുര്‍ആനിലോ ഹദീസിലോ പറയുമ്പോള്‍ അതിന്‍റെ താല്‍പര്യം, ജീവിച്ചിരിക്കുന്ന നമ്മെപ്പോലെത്തന്നെയുള്ള കേള്‍വിയും കാഴ്ചയും അവര്‍ക്കുണ്ടെന്നാണെന്ന് കരുതുന്നതു ശരിയല്ല. അങ്ങിനെയാണെങ്കില്‍, അവര്‍ മരണപ്പെട്ടുവെന്ന് പറയുന്നത് നിരര്‍ത്ഥമായിരിക്കുമല്ലോ. മാത്രമല്ല, കാതും, കണ്ണും, ഗ്രഹണശക്തിയും അവശേഷിക്കുകയും വേണം. പക്ഷേ, ആത്മീയ ലോകത്ത് അവര്‍ക്ക് ഒരുതരം കാഴ്ചയും കേള്‍വിയുമെല്ലാം ഉണ്ടായിരിക്കുമെന്നാണതിന്‍റെ താല്‍പര്യം. അതെങ്ങിനെയുള്ളതാണെന്ന യാഥാര്‍ത്ഥ്യം നമുക്ക് ഇപ്പോള്‍ അറിയുക സാധ്യമല്ല. ശബ്ദം കേള്‍ക്കാതെ ബധിരന്മാരും, വര്‍ണ്ണവും രൂപവും കാണാതെ അന്ധന്മാരും ഏറെക്കുറെ പലതിനെപ്പറ്റിയും മനസ്സിലാക്കാറുണ്ടല്ലോ. ചുരുക്കത്തില്‍, ജഢം നശിക്കുകയോ, അത് നിര്‍ജ്ജീവമായിത്തീരുകയോ ചെയ്താലും ആത്മാക്കള്‍ക്ക് ചില കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ സാധിച്ചേക്കും അഥവാ അല്ലാഹു സാധിപ്പിക്കും. ഇതിന്‍റെ സാധ്യതക്ക് നമ്മുടെ ഉറക്കവും സ്വപ്നവും തന്നെ തെളിവാകുന്നു. الله اعلم

അല്ലാഹുവിന്‍റെ അപാരമായ ശക്തിമാഹാത്മ്യങ്ങളെയും, അവന്‍ ഉദ്ദേശിക്കുന്ന പക്ഷം ഈ ബാഹ്യപ്രകൃതി നിയമങ്ങള്‍ക്കതീതമായ ചില സംഭവങ്ങളെ അവന്‍ വെളിപ്പെടുത്താറുള്ളതിനെയും സാക്ഷീകരിക്കുന്ന പല ചരിത്ര ദൃഷ്ടാന്തങ്ങളും ഇതിനുമുമ്പ് ഈ സൂറത്തില്‍ അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെയും, ഖുര്‍ആന്‍റെയും സത്യത സ്ഥാപിച്ചുകൊണ്ടും, പരലോകം, അന്ത്യനാള്‍, പുനരുത്ഥാനം ആദിയായവയെ പരാമര്‍ശിച്ചുകൊണ്ടും പലതും പ്രസ്താവിച്ചു. അടുത്ത ആയത്തില്‍, ഖിയാമത്തുനാളിനു മുമ്പായി സംഭവിക്കുന്ന ഒരു അസാധാരണ അടയാളത്തെക്കുറിച്ചും, തുടര്‍ന്നുകൊണ്ട് അന്ത്യനാളില്‍ സംഭവിക്കാനിരിക്കുന്ന പല സംഭവവികാസങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നു. മിണ്ടാപ്രാണികളായ ചില ജീവികളുടെ സംസാരത്തെയും, കാര്യഗ്രഹണശക്തിയെയും സ്ഥാപിക്കുന്ന ചില സംഭവകഥകള്‍ വിവരിച്ചിട്ടുള്ള ഏക അദ്ധ്യായമാണ്‌ ഈ സൂറത്ത്. ലോകാവസാനമടുക്കുമ്പോള്‍ സംഭവിക്കാനിരിക്കുന്ന അത്തരത്തില്‍പെട്ട വേറൊരു സംഭവത്തെക്കുറിച്ചുള്ള പ്രസ്താവനയും ഈ സൂറത്തില്‍തന്നെ അല്ലാഹു ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അല്ലാഹു പറയുന്നു:-

27:82
  • ۞ وَإِذَا وَقَعَ ٱلْقَوْلُ عَلَيْهِمْ أَخْرَجْنَا لَهُمْ دَآبَّةً مِّنَ ٱلْأَرْضِ تُكَلِّمُهُمْ أَنَّ ٱلنَّاسَ كَانُوا۟ بِـَٔايَٰتِنَا لَا يُوقِنُونَ ﴾٨٢﴿
  • അവരുടെമേല്‍ (ആ) വാക്കു സംഭവിക്കുമ്പോള്‍, ഭൂമിയില്‍നിന്നും ഒരു ജീവിയെ (മൃഗത്തെ) നാ അവര്‍ക്ക് പുറപ്പെടുവിക്കുന്നതാണ്. മനുഷ്യര്‍ നമ്മുടെ ലക്ഷ്യങ്ങളില്‍ ദൃഢവിശ്വാസം കൊള്ളാതിരിക്കുകയാണെന്ന് അതവരോട് സംസാരിക്കുന്നതാകുന്നു.
  • وَإِذَا وَقَعَ സംഭവിച്ചാല്‍, സംഭവിക്കുമ്പോള്‍ الْقَوْلُ വാക്ക് عَلَيْهِمْ അവരില്‍ أَخْرَجْنَا നാം പുറപ്പെടുവിക്കും لَهُمْ അവര്‍ക്ക് دَابَّةً ഒരു ജീവിയെ, ജന്തുവെ , മൃഗത്തെ مِّنَ الْأَرْضِ ഭൂമിയില്‍നിന്നു تُكَلِّمُهُمْ അതവരോട് സംസാരിക്കും أَنَّ النَّاسَ ജനങ്ങള്‍ [മനുഷ്യര്‍]ആണെന്നു كَانُوا അവരാകുന്നു بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍, ദൃഷ്ടാന്തങ്ങളില്‍ لَا يُوقِنُونَ ദൃഢമായി വിശ്വസിക്കുന്നില്ല

ഖിയാമത്തുനാളിന്‍റെ മുന്നോടിയായി പ്രത്യക്ഷപ്പെടുവാനിരിക്കുന്ന ദൃഷ്ടാന്തങ്ങളില്‍ ഒന്നാണിത്. ‘വാക്കു സംഭവിക്കുമ്പോള്‍’ (وَإِذَا وَقَعَ الْقَوْلُ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഖിയാമത്തുനാള്‍, പുനരുത്ഥാനം, ശിക്ഷ എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പുകളുടെ സമയം ആസന്നമാകുമ്പോള്‍ എന്നത്രെ. അല്ലാഹുവിന്‍റെ കല്പനകള്‍ ധിക്കരിച്ചുകൊണ്ട് ജനങ്ങള്‍ തോന്നിയവാസത്തില്‍ മുഴുകുന്ന ഒരവസരത്തിലായിരിക്കും അല്ലാഹു ഈ ജീവിയെ പ്രത്യക്ഷപ്പെടുത്തുക. മനുഷ്യന്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ ശരിക്ക് വിശ്വസിക്കുന്നില്ല- അവര്‍ ദുര്‍മ്മാര്‍ഗ്ഗത്തില്‍ മുഴുകിയിരിക്കുകയാണ്- എന്ന് ആ ജീവി അവരോട് സംസാരിക്കും. ഈ മൃഗം എങ്ങനെയായിരിക്കും? അതിന്‍റെ സംസാരം ഏത് ഭാഷയില്‍ -അല്ലെങ്കില്‍ ഏതു രൂപത്തില്‍- ആയിരിക്കും? ജനങ്ങളെപ്പറ്റി അതെങ്ങിനെ അറിയും? ഇതൊന്നും സൂക്ഷ്മമായി പറയുവാന്‍ നമുക്ക് സാധ്യമല്ല. അതൊന്നും വിവരിച്ചു കാണിക്കുന്ന ബലവത്തായ ഹദീസുകളും കാണപ്പെടുന്നില്ല. ഖിയാമത്തുനാളിന്‍റെ അടയാളങ്ങളില്‍ ഒന്നായി ഈ ജീവിയെയും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എണ്ണിയിരിക്കുന്നു. ഒന്നിലധികം ബലവത്തായ ഹദീസുകളില്‍ ഇതിനെക്കുറിച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രവചനം ചെയ്തിരിക്കുന്നു. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാകുന്നു:-

عن عبد الله بن عمر رض قال حفظت من رسول الله ص حديثا لم انسه بعد سمعت رسول الله ص يقول ان اول الايات خروجا طلوع الشمس من مغربها و خروج الدابة على الناس ضحى وايتهما كانت قبل صاحبها فالاخرى على اثرها قريبا – مسلم

(അബ്ദുല്ലാഹിബ്നു ഉമര്‍ (റ) പറയുന്നു: ഞാന്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍നിന്ന് ഒരു വര്‍ത്തമാനം പഠിച്ചുവെച്ചിട്ടുണ്ട്. പിന്നെ ഇതുവരെയും ഞാനത് വിസ്മരിച്ചിട്ടില്ല. റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിരിക്കുന്നു: (അന്ത്യനാളിന്‍റെ അടയാളമായി) പ്രത്യക്ഷപ്പെടുന്ന ദൃഷ്ടാന്തങ്ങളില്‍ ആദ്യമായുണ്ടാകുന്നത് സൂര്യന്‍ അതിന്‍റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യലും, ഒരു പൂര്‍വ്വാഹ്ന സമയത്ത് ജനങ്ങളില്‍ മൃഗം – അഥവാ ജീവി- പ്രത്യക്ഷപ്പെടലുമാകുന്നു. ഈ രണ്ടില്‍വെച്ച് ഏതൊന്ന് അതിന്‍റെ തുണയുടെ മുമ്പുണ്ടായോ ഉടനെ അടുത്തു തന്നെ മറ്റേതും അതിനെത്തുടന്നുണ്ടാകുന്നതാണ്.) ഈ രണ്ട് ദൃഷ്ടാന്തങ്ങള്‍ക്കു പുറമെ വേറെയും ചില സംഭവങ്ങള്‍ ഖിയാമത്തിന്‍റെ ആസന്നതയുടെ അടയാളമായി ഹദീസുകളില്‍ വന്നിട്ടുണ്ട്.

ഈ സൂറത്തില്‍ മുമ്പ് പ്രസ്താവിച്ച ഉറുമ്പിന്‍റെയും, മരക്കൊത്തിയുടെയും സംഭവങ്ങളെ നിഷേധിക്കുന്ന യുക്തിവാദക്കാര്‍ ഈ ആയത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനങ്ങളിലും അവരുടേതായ ചില പ്രസ്താവനകള്‍കൊണ്ട് സ്വയം തൃപ്തിയടഞ്ഞിരിക്കുകയാണ്. ഖുര്‍ആന്‍ ഉപയോഗിച്ച വാക്കിന്‍റെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥംകൊണ്ട് തൃപ്തി അടയുവാനോ,അതിനെ കൂടുതല്‍ വ്യക്തമാക്കുന്ന ഹദീസുകള്‍ക്ക് അല്‍പമെങ്കിലും പരിഗണന നല്‍കുവാനോ അവര്‍ തയ്യാറില്ല. ഒരിക്കല്‍ അതിനെപ്പറ്റി ‘ജന്തു’ എന്നും, വേറൊരിക്കല്‍ ‘എന്തോ ഒരു ഭയങ്കര വസ്തു’ എന്നും, പിന്നീട് ‘അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കല്‍പോലെയുള്ള സംഭവം’ എന്നും മറ്റും പരസ്പര വിരുദ്ധമായ വാക്കുകള്‍ പ്രയോഗിച്ചുകൊണ്ടു അവര്‍ അന്യഥാ വ്യാഖ്യാനം നല്‍കിയിരിക്കുകയാണ്. ഖുര്‍ആന്‍ ഉപയോഗിച്ച വാക്ക് ‘ദാബ്ബത്ത്’ (دابة) എന്നത്രെ. ഭൂമിയില്‍കൂടി ചലിക്കുന്ന ജീവി- അല്ലെങ്കില്‍ ജന്തു- എന്നാണതിന്‍റെ അര്‍ത്ഥം. എങ്കിലും സാധാരണമായി മൃഗം എന്നര്‍ത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. ഏതായാലും, അത് ഭൂകമ്പമോ മറ്റോ അല്ല തന്നെ. (*) അതുകൊണ്ട് അല്ലാഹുവും അവന്‍റെ റസൂലും പറഞ്ഞതിനെ അതേ രൂപത്തില്‍ തന്നെ നമുക്കു വിശ്വസിക്കുക. അതാണ്‌ സത്യവിശ്വാസികളുടെ ചുമതലയും, സത്യവിശ്വാസത്തിന്‍റെ ലക്ഷണവും.


(*) الدابة مادب من الحيوان وغلب على ما يركب و يحمل (‘ദാബ്ബത്ത്’) എന്നാല്‍ ചലിക്കുന്ന ജീവി എന്നാണ്. യാത്രക്കും, സാമാനം ചുമക്കുവാനും ഉപയോഗിക്കുന്ന ജീവിക്കാണ് അധികം ഉപയോഗിക്കാറുള്ളത്. എന്ന് ‘മുന്‍ജിദില്‍’ കാണാം. دابة الارض من اشراط الساعة (‘ദാബ്ബത്തുല്‍ അര്‍ള്വ്’ – എന്നത് ഖിയാമത്തിന്‍റെ അടയാളങ്ങളില്‍പെട്ടതാണ്) എന്ന് ‘ഖ്വാമൂസില്‍’ പ്രത്യേകം കാണിച്ചിട്ടുണ്ട്. ഇതേ പ്രകാരം തന്നെ ‘അല്‍ഫറാഇദു- ദുരിയ്യഃ എന്ന അറബി – ഇംഗ്ലിഷ് നിഘണ്ടുവും രേഖപ്പെടുത്തുന്നു. അതിലെ വാചകം ഇതാണ്: The beast of the earth said to appear near the end of the world) ലോകാവസാനത്തിനടുത്ത കാലത്ത് പ്രത്യക്ഷപ്പെടുമെന്ന് പറയപ്പെടുന്ന ഭൂമിയിലെ മൃഗം.)


മേലുദ്ധരിച്ച ഹദീസില്‍, ഭൂമിയില്‍ നിന്നുള്ള മൃഗം പ്രത്യക്ഷപ്പെടുന്നതിന്‍റെ തുണയായിക്കൊണ്ട് പ്രസ്താവിച്ച മറ്റൊരു കാര്യം, സൂര്യന്‍ അസ്തമന ദിക്കില്‍നിന്ന് ഉദയം ചെയ്യലാണല്ലോ. ഇതിനെപ്പറ്റി ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ ഓര്‍ക്കുന്നത് നന്നായിരിക്കും. തിരുമേനി പറഞ്ഞതായി അബുഹുറൈറ (റ) പറയുന്നു: ‘ സൂര്യന്‍ അതിന്‍റെ അസ്തമനദിക്കില്‍നിന്ന് ഉദയം ചെയ്യുന്നതുവരെ അന്ത്യസമയം (ലോകാവസാനം) സംഭവിക്കുകയില്ല. അങ്ങനെ, അത് ഉദയം ചെയ്യുകയും ജനങ്ങള്‍ അത് കാണുകയും ചെയ്യുമ്പോള്‍, അവര്‍ എല്ലാവരും തന്നെ വിശ്വസിക്കും. അതാകട്ടെ, ഒരു ദേഹത്തിനും അതിന്‍റെ (അപ്പോഴുണ്ടാകുന്ന) വിശ്വാസം ഫലം ചെയ്യാത്ത സമയമായിരിക്കും.’ പിന്നീട് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സൂ: അന്‍ആമിലെ 158-ാംവചനം ഓതിക്കാണിക്കുകയും ചെയ്തു (ബു.) അല്ലാഹുവിന്‍റെ ചില ദൃഷ്ടാന്തങ്ങള്‍ വരുന്ന ദിവസം, അതിന് മുമ്പ് വിശ്വസിച്ചിട്ടില്ലാത്തതോ, അല്ലെങ്കില്‍ ഒരു നന്മയും ചെയ്തിട്ടില്ലാത്തതോ ആയ ഒരു ദേഹത്തിനും അതിന്‍റെ വിശ്വാസം ഫലംചെയ്കയില്ല എന്നത്രെ ആ ആയത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്.

(يَوْمَ يَأْتِي بَعْضُ آيَاتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَانُهَا ……. – سورة الأنعام) തുടര്‍ന്നുള്ള വചനങ്ങളില്‍ ഖിയാമത്തുനാളില്‍ ഉണ്ടാകുന്ന ചില സംഭവവികാസങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നു:-