സൂറത്തുല്‍ അമ്പിയാഉ് : വ്യാഖ്യാനക്കുറിപ്പ്
ഇബ്രാഹീം നബി (عليه السلام) അഗ്നികുണ്ഡത്തില്‍ എറിയപ്പെട്ടിട്ടില്ലേ?!
മുഹമ്മദ് മുസ്തഫാ (صلى الله عليه وسلم) തിരുമേനിക്കുശേഷം, വീണ്ടും പുതിയ പ്രവാചകന്മാര്‍ ഉണ്ടാവാമെന്നു വിശ്വസിക്കുന്ന ചില കക്ഷികള്‍, നബിമാരുടെ കൈക്ക് വെളിപ്പെട്ട അമാനുഷികസംഭവങ്ങളെ നിഷേധിക്കുകയും, അന്യഥാ വ്യാഖ്യാനിക്കുകയും ചെയ്യുക പതിവാണ്. നബിമാരുടെ നുബുവ്വത്തിന് (പ്രവാചകത്വത്തിന്) ഒരു പ്രധാന തെളിവാണല്ലോ അങ്ങിനെയുള്ള സംഭവങ്ങള്‍. അതില്ലെന്നു വന്നുകഴിഞ്ഞാല്‍, നുബുവ്വത്ത് വാദക്കാര്‍ക്ക് രംഗപ്രവേശത്തിനുള്ളമാര്‍ഗ്ഗം സുഗമമാകുമല്ലോ. ഈ വിഷയത്തില്‍ അഹ്മദീ (ഖാദിയാനി) കളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ മുമ്പേ പ്രസിദ്ധമാണ്. ഇപ്പോള്‍, വേറെ ചിലരും ഈ വിഷയത്തില്‍ അവരെ അനുകരിച്ചുകൊണ്ട് – മറ്റു ചില അസാധാരണസംഭവങ്ങളെപ്പോലെ – ഇബ്രാഹീം (عليه السلام) നബിയെ തീകുണ്ഡത്തിലിട്ട സംഭവത്തെ നിഷേധിച്ചു വരുന്നു. സംഭവത്തെപ്പറ്റി അവര്‍ പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:-
“ഇബ്രാഹീം (عليه السلام) നബിയെ അഗ്നിക്ക് ഇരയാക്കണമെന്ന് ശത്രുക്കള്‍ സ്വകാര്യമായി തീരുമാനിച്ചു – പരസ്യമായിട്ടല്ല. ഇത്തരം കുറ്റങ്ങള്‍ക്കു (ഇബ്രാഹീം നബി ചെയ്തതുപോലുള്ള കുറ്റങ്ങള്‍ക്കു) അക്കാലത്തുണ്ടായിരുന്ന ശിക്ഷയാണത്. അതിനായിട്ടായിരിക്കണം അവര്‍ (37:97ല്‍ പറഞ്ഞപ്രകാരം) ഒരു കെട്ടിടം (بُنْيَانًا) ഉണ്ടാക്കിയത്. ഇതു അറിഞ്ഞ ഉടനെ അദ്ദേഹം നാടുവിട്ടു. അദ്ദേഹത്തെ തീയിലിടുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അഗ്നിയോടു തണുത്തുപോകുവാനും, രക്ഷയായിത്തീരുവാനും (സൂ: അമ്പിയാഇല്‍ കണ്ടതുപോലെ) അല്ലാഹു പറഞ്ഞത് അലങ്കാരപ്രയോഗം മാത്രമാണ്. ബിംബങ്ങളെ അദ്ദേഹം തല്ലിത്തകര്‍ത്തിയതിനാല്‍, അവിടെ ആളിക്കത്തിയിരുന്ന അഗ്നി (കോപാഗ്നി)യോടാണു അല്ലാഹു അണയുവാന്‍ കല്‍പിച്ചത്. (അല്ലാതെ, യഥാര്‍ത്ഥത്തിലുള്ള അഗ്നിയോടല്ല).” ഇതാണ് ഇവരുടെ പ്രസ്താവനയുടെ ചുരുക്കം. ഇതിന്ന് ഇവര്‍ പറയുന്ന ദുര്‍ന്യായങ്ങളില്‍ പ്രധാനമായത്, ശത്രുക്കള്‍ അദ്ദേഹത്തെ അപകടപ്പെടുത്തണമെന്നു – അഥവാ ഒരു കുതന്ത്രം ചെയ്യണമെന്നു – ഉദ്ദേശിച്ചുവെന്നല്ലാതെ, ‘തീയിലിട്ടു’ എന്ന് ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടില്ല എന്നുള്ളതാകുന്നു. ബാക്കി ന്യായങ്ങളെല്ലാം ഈ അടിസ്ഥാനത്തില്‍ ചെരുപ്പിനൊത്തു കാല്‍ മുറിച്ചു ശരിപ്പെടുത്തിയതാണെന്നു കാണാം.
ഇബ്രാഹീം (عليه السلام) നബിയുടെ പേരിലുള്ള കുറ്റം മതദ്രോഹവും, രാജദ്രോഹവുമാണ്. അത്തരം കുറ്റങ്ങള്‍ക്ക് അഗ്നിശിക്ഷയാണ് നല്‍കപ്പെട്ടിരുന്നതെന്നു ഇവര്‍ സമ്മതിക്കുന്നു. പഴയകാലചരിത്രംകൊണ്ട് അതു ശരിയാണെന്നു നാമും മനസ്സിലാക്കുന്നു. അദ്ദേഹത്തിന്റെ നാട്ടുകാര്‍ മുഴുവനും രാജാവും, പിതാവും – എല്ലാം തന്നെ – അദ്ദേഹത്തിന്റെ എതിര്‍കക്ഷി. അദ്ദേഹം അവരുടെ മുമ്പില്‍, മഹാപാപിയും, തനി ധിക്കാരിയുമായ ഒരു ചെറുപ്പക്കാരനും. പരസ്യമായി അവര്‍ അദ്ദേഹത്തെ വിചാരണയുംചെയ്തു. (അമ്പിയാഉ് 61,62) എന്നിട്ട് അവര്‍ വിധി കല്‍പിച്ചു: ‘നിങ്ങള്‍ വല്ലതും ചെയ്യുന്നവരാണെങ്കില്‍, ഇവനെ ചുട്ടെരിക്കുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുവിന്‍’ എന്ന്
(قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ – الأنبياء :٦٨)
എന്നിരിക്കെ, പതിവനുസരിച്ച് അദ്ദേഹത്തിന്റെമേല്‍ നടത്തപ്പെടേണ്ടുന്ന ശിക്ഷ – അഗ്നിശിക്ഷ – അവര്‍ സ്വകാര്യമായി നടത്തുവാന്‍ മാത്രമാണ് ഉദ്ദേശിച്ചതെന്നു ഇക്കൂട്ടര്‍ ധരിച്ചതു ആശ്ചര്യം തന്നെ.
വസ്-സ്വാഫ്-ഫാത്ത് 98ലും, അമ്പിയാഉ് 70ലും أَرَادُوا۟ بِهِ كَيْدًا (അദ്ദേഹത്തെക്കൊണ്ടു അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു) എന്നു പറഞ്ഞിട്ടുണ്ട്. ഇതില്‍ തന്ത്രം എന്ന അര്‍ത്ഥത്തിനു ഉപയോഗിച്ച പദം كَيْد (‘കൈദ്’) എന്നാകുന്നു. ഈ പദത്തെ അടിസ്ഥാനമാക്കിയാണ്, അവര്‍ അദ്ദേഹത്തെ തീയില്‍ ഇടുവാന്‍ ഉദ്ദേശിച്ചതു സ്വകാര്യമായിട്ടായിരുന്നുവെന്ന് ഇക്കൂട്ടര്‍ പറയുന്നത്. ‘കൈദ്’ എന്നാല്‍ ‘ഉപായം, തന്ത്രം, കുതന്ത്രം, ചതി, ദുസ്സാമാര്‍ത്ഥ്യം, കൗശലം, വഞ്ചന’ എന്നിങ്ങിനെ അര്‍ത്ഥങ്ങളുള്ള പദംതന്നെ. സ്വകാര്യമായോ, ഗൂഡാലോചനയോടുക്കൂടിയോ നടത്തുന്ന തന്ത്രങ്ങള്‍ക്കു മാത്രമേ ‘കൈദ്’ എന്നു പറയാവൂ എന്നു് യാതൊരു നിബന്ധനയുമില്ല. മൂസാ (عليه السلام) നബിയില്‍ വിശ്വസിച്ചവരുടെ ആണ്‍കുട്ടികളെ കൊന്നൊടുക്കുവാന്‍ ഫിര്‍ഔന്‍ കല്‍പന പാസ്സാക്കിയതിനെപ്പറ്റിയും, മൂസാ (عليه السلام) നബിയുടെ ഇലാഹി’ന്റെ അടുക്കലേക്കു കയറിപ്പോകുവാനായി ഒരുന്നതസൗധം കെട്ടണമെന്നു് അവന്‍ ഹാമാനോടു കല്‍പിച്ചതിനെപ്പറ്റിയും അല്ലാഹു ‘കൈദ്’ എന്നു ഉപയോഗിച്ചിട്ടുണ്ട്. സൂ: 40 മുഅ്മിന്‍ 25ഉം 37ഉം ആയത്തുകളും മറ്റും നോക്കുക. ഇവിടെ ശത്രുക്കള്‍ ഉദ്ദേശിച്ച ‘കൈദ്’ എന്താണെന്നാണ് നാം നോക്കേണ്ടത്. ന്യായവും തെളിവും മുഖേന സ്ഥാപിക്കപ്പെട്ട ഒരു പരമാര്‍ത്ഥത്തെ (തൗഹീദിനെ), ശക്തിയും ബലവും ഉപയോഗിച്ചു പരാജയപ്പെടുത്തുകയാണ് ശത്രുക്കളുടെ ഉദ്ദേശ്യം. ഇതാണ് ഇവിടെ അവരുദ്ദേശിച്ച ‘കൈദ്’. അതുകൊണ്ടാണ് ഇബ്രാഹീം (عليه السلام) നബിയോട് ഉത്തരം മുട്ടിയ പൂജാരികള്‍ ‘നിങ്ങള്‍ വല്ലതും ചെയ്യുന്നവരാണെങ്കില്‍ അവനെ ചുട്ടെരിക്കുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുവിന്‍’ എന്നു പറയുന്നത്. അഥവാ അതിന്നായി അദ്ദേഹത്തെ കൊലചെയ്യുകയോ, പതിവുപ്രകാരം ചുട്ടെരിക്കുകയോ, രണ്ടിലൊന്നു കൂടാതെ കഴിയുകയില്ലെന്നായിരുന്നു അവരുടെ തീരുമാനം. സൂ: അങ്കബൂത്തില്‍ അല്ലാഹു പറയുന്നു:-
فَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا اقْتُلُوهُ أَوْ حَرِّقُوهُ فَأَنجَاهُ اللَّـهُ مِنَ النَّارِ :العنكبوت :٢٤
(അപ്പോള്‍, അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി: അവനെ കൊലചെയ്യുവിന്‍, അല്ലെങ്കില്‍ ചുട്ടെരിക്കുവിന്‍ എന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ തീയില്‍നിന്നു രക്ഷിച്ചു.) തീയിലിട്ടോ, കൊലചെയ്തോ ഏതെങ്കിലും വിധേന അദ്ദേഹത്തെ ജീവഹാനിവരുത്തി തങ്ങളുടെ മതത്തെ സംരക്ഷിക്കുവാനുള്ള ഏര്‍പ്പാടാണ് ഇവിടെ ‘കൈദു’ കൊണ്ടുദ്ദേശ്യമെന്നു വ്യക്തമാണ്. അല്ലാതെ ആരും അറിയാതെ സ്വകാര്യമായി വല്ലതും പ്രവര്‍ത്തിക്കണമെന്നു കരുതിയതല്ല.
സൂ: സ്വാഫ്-ഫാത്തില്‍ ‘നിങ്ങള്‍ അവന്നായി ഒരു കെട്ടിടം സ്ഥാപിക്കുവിന്‍, എന്നിട്ട് അവനെ ജ്വലിക്കുന്ന തീയില്‍ ഇട്ടേക്കുക’ (قَالُوا ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ : الصافات:٩٧) എന്നും ശത്രുക്കള്‍ പറഞ്ഞതായി അല്ലാഹു പറയുന്നുണ്ട്. ഇതില്‍ ‘കെട്ടിടം’ എന്നര്‍ത്ഥം കൊടുക്കുന്നതു بُنْيَان (ബുന്‍യാന്‍) എന്ന പദത്തിനാണ്. ഇബ്രാഹീം (عليه السلام) നബിയെ ഉപായത്തില്‍ തീയില്‍ ചാടിക്കുവാനുള്ള ഒരു സൂത്രമായിരിക്കണം ഇതെന്നാണ് ഇക്കൂട്ടരുടെ വാദം. ‘ബുന്‍യാന്‍’ എന്ന പദം, വീടുപോലെയുള്ള കെട്ടിടത്തിനു മാത്രമല്ല ഉപയോഗിക്കുക. പടുത്തുണ്ടാക്കിയ മതില്‍, ഭിത്തി, കിണറ്റിന്റെ ആള്‍മറ മുതലായതിനും ഉപയോഗിക്കാവുന്ന വാക്കാണത്. സ്വകാര്യമായി തീയില്‍ ഇടുവാനാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍, നിലവിലുണ്ടായിരുന്ന ഏതെങ്കിലും ഒരു കെട്ടിടത്തിനുള്ളില്‍വെച്ചോ മറ്റോ അവര്‍ അതിനു ചട്ടവട്ടം ചെയ്യുകയല്ലാതെ, അതിനായി ഒരു പുതിയ കെട്ടിടം ഉണ്ടാക്കുമോ?! സാധാരണയില്‍ കവിഞ്ഞതോതിലുള്ള ഒരു വമ്പിച്ച ശിക്ഷ – മേലില്‍ ആരും ഇത്തരം അപരാധം ചെയ്‌വാന്‍ മുതിരാതിരിക്കത്തക്കവണ്ണം കഠിനകഠോരവും, പരസ്യവുമായ ഒരു ശിക്ഷ – ഇബ്രാഹീമിനു നല്‍കുവാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. മതദ്രോഹത്തിനും, രാജദ്രോഹത്തിനും അന്ന് സാധാരണ നല്‍കപ്പെട്ടിരുന്ന ശിക്ഷ അഗ്നിക്കിരയാക്കുകയാണല്ലോ. എന്നാല്‍, അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം അവരുടെ ദൃഷ്ടിയില്‍ കൂടുതല്‍ ധിക്കാരപരമായതാകകൊണ്ട് അദ്ദേഹത്തിനു നല്‍കുന്ന ശിക്ഷയും കൂടുതല്‍ വമ്പിച്ചതായിരിക്കണം. അതിനായി, മുമ്പൊന്നുമില്ലാത്ത ഒരു വമ്പിച്ച തീകുണ്ഡം പടുത്തുണ്ടാക്കണം. എന്നിട്ട് അതില്‍ ശക്തിയായ നിലയില്‍ തീ കത്തിച്ചു ജ്വലിപ്പിക്കണം. അങ്ങിനെ, അദ്ദേഹത്തെ പരസ്യമായി അതില്‍ ഇട്ടുകളയണം. ഇതാണ് ആ വാക്യത്തിന്റെ സാരം. ഇബ്രാഹീം (عليه السلام) നബിയെ പരസ്യമായി വിചാരണ നടത്തി വമ്പിച്ച കുറ്റക്കാരനാണെന്നു കണ്ടശേഷം ‘കോപാഗ്നി ജ്വലിക്കുന്ന’ ആ ഹൃദയങ്ങള്‍, അദ്ദേഹത്തിന്റെമേല്‍ എടുക്കേണ്ട ശിക്ഷാനടപടിയെപ്പറ്റി ഒന്നും മിണ്ടാതെ, തല്‍ക്കാലം പിരിഞ്ഞുപോകുകയും, അനന്തരം അദ്ദേഹത്തെ ഉപായത്തില്‍ വല്ല തീയിലും കൊണ്ടുപോയി ചാടിക്കാമെന്നു ഗൂഡാലോചന നടത്തുകയാണുണ്ടായതെന്നു വിചാരിക്കുന്നത് എത്രമാത്രം യുക്തിഹീനമാണെന്നു ചിന്തിച്ചുനോക്കുക!
യഥാര്‍ത്ഥത്തില്‍ അവിടെ നടന്ന സംഭവം, ശത്രുക്കള്‍ ‘കൈദിനെ ഉദ്ദേശിച്ചത്’ മാത്രമാണെന്നും, ബാക്കി ആയത്തുകളെല്ലാം ആ അടിസ്ഥാനത്തിലേ വ്യാഖ്യാനിച്ചുകൂടൂ എന്നുമാണ് തീ സംഭവത്തെ നിഷേധിക്കുന്നവര്‍ ജല്‍പിക്കുന്നത്. ഈ ജല്‍പനത്തിന്റെ അന്തരംഗം എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ പിന്നെ, തീയിനോട് അല്ലാഹു തണുക്കുവാന്‍ കല്‍പിച്ചതും മറ്റും അലങ്കാരപ്രയോഗങ്ങളാണെന്നു പറഞ്ഞു തള്ളിക്കളയുവാന്‍ വേഗം സാധിക്കുമല്ലോ! ഈ സംഭവത്തെക്കുറിച്ചു വന്ന ആയത്തുകളുടെയും മറ്റും വ്യക്തമായ താല്‍പര്യങ്ങള്‍ക്ക് ‘കൈദ്’ എന്ന ഒരു പദം എതിരായി വന്നിരിക്കുകയാണെന്ന് ഇവര്‍ക്ക് തോന്നിപ്പോയെങ്കില്‍, ആ ഒരൊറ്റ പദം അലങ്കാരപ്രയോഗമായി അങ്ങു തള്ളി ബാക്കിയെല്ലാം ശരിയായ രൂപത്തില്‍തനെന്‍ സ്വീകരിച്ചുകൂടേ?! അതല്ലേ ന്യായം?!
يَا نَارُ كُونِي بَرْدًا وَسَلَامًا عَلَىٰ إِبْرَاهِيمَ : الأنبياء : ٦٩ (തീയേ! നീ ഇബ്രാഹീമിനു ശീതളവും, രക്ഷയും ആയിക്കൊള്ളുക) എന്ന് അല്ലാഹു പറഞ്ഞത് ശത്രുക്കളുടെ കൊപാഗ്നിയോടാണു’ പോല്‍! ഇങ്ങിനെ ദുര്‍വ്യാഖ്യാനം ചെയ്‌വാന്‍ മുതിരുന്നപക്ഷം, ഏതു വാക്കിന്റെയും അര്‍ത്ഥം മാറ്റുവാനും, ഏതു വാദവും തെളിയിക്കുവാനും ആര്‍ക്കും സാധിക്കും. ‘അവര്‍ അദ്ദേഹത്തെ തീകുണ്ഡത്തില്‍ ഇട്ടു’ എന്നുതന്നെ അല്ലാഹു പറഞ്ഞിരുന്നാലും, ‘അദ്ദേഹത്തിനു കോപാഗ്നി ബാധിച്ചു’ എന്നും മറ്റും ഇക്കൂട്ടര്‍ അര്‍ത്ഥം കല്‍പിക്കുകയില്ലേ? തീര്‍ച്ചയായും കല്‍പിക്കും! കാരണം: ഖുര്‍ആന്റെ ഉദ്ദേശ്യം വെളിപ്പെടുത്തുകയല്ല ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇവരുടെ ഉദ്ദേശ്യം – സ്വന്തം അഭിമതങ്ങളെ ഖുര്‍ആന്റെ പേരില്‍ പുറത്തു വിടുക മാത്രമാണ്. പല സ്ഥലത്തും ഇവര്‍ ഇങ്ങിനെ ചെയ്തിട്ടുമുണ്ട്. ‘ഇബ്രാഹീം (عليه السلام) നബിയെ തീയില്‍ ഇട്ടു’ എന്ന വാചകം ഖുര്‍ആനില്‍ പറഞ്ഞിട്ടില്ല. പക്ഷേ ഹദീസില്‍ അതേ വാചകം തന്നെ കാണാം. ഇത്തരം സന്ദര്‍ഭങ്ങളില്‍, ഇക്കൂട്ടര്‍ ഹദീസുകള്‍ പാടെ പുറംതള്ളുന്നതും ഒരു പതിവാണ്. പക്ഷേ, സത്യാന്വേഷികള്‍ക്കു അതിനു നിവൃത്തിയില്ലല്ലോ. ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചതായി ഇമാം ബുഖാരി (رحمه الله) ഉദ്ധരിക്കുന്നു:-
حَسْبُنَا اللهُ وَنِعْمَ الوَكِيلُ : قَالَهَا إِبْرَاهِيمُ عَلَيْهِ السَّلاَمُ حِينَ أُلْقِي فِي النَّارِ ، وَقَالَهَا مُحَمَّدٌ صلى الله عليه وسلم حِينَ قَالُوا : (إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَاناً وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ
(‘നമുക്ക് അല്ലാഹു മതി; അവന്‍ ഭരമേല്‍പിക്കപ്പെടുവാന്‍ വളരെ നല്ലവനത്രെ’ – حَسْبُنَا اللهُ وَنِعْمَ الوَكِيلُ – എന്ന് ഇബ്രാഹീം നബി തീയില്‍ ഇടപ്പെട്ടപ്പോള്‍ പറഞ്ഞു. ‘ജനങ്ങള്‍ നിങ്ങളോട് (യുദ്ധത്തിനു) ജനശേഖരണം ചെയ്തിരിക്കുന്നു’ എന്നു ജനങ്ങള്‍ പറഞ്ഞ (ഭീഷണി പ്രചരിപ്പിച്ച) അവസരത്തില്‍ മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) നബിയും അതു പറയുകയുണ്ടായി.) (*). അദ്ദേഹത്തെ തീയില്‍ ഇട്ടു കരിക്കുവാനും, അതിനായി ഒരു കെട്ടിടം – തീകുണ്ഡം – തന്നെ നിര്‍മ്മിക്കുവാനും അദ്ദേഹത്തിന്റെ ശത്രുക്കള്‍ തീരുമാനിച്ചു. തീയില്‍ നിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തിയെന്നും, തീയിനോടു തണുത്തുകൊള്ളുവാന്‍ കല്‍പിച്ചുവെന്നും അല്ലാഹുവും പറഞ്ഞു. ഇതില്‍നിന്നെല്ലാം – മറ്റു മുസ്ലിംകളെപ്പോലെ – ഇബ്രാഹീം (عليه السلام) നബിയെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ തീയില്‍ ഇട്ടതായി ഇബ്നുഅബ്ബാസും മനസ്സിലാക്കിയിരിക്കുന്നുവല്ലോ. ആ അവസരത്തില്‍ ഇബ്രാഹീം (عليه السلام) മേല്‍പറഞ്ഞ വാക്യം – ദിക്ര്‍ – ഉദ്ധരിച്ചുവെന്ന് ഇബ്നുഅബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു കേട്ടതായിരിക്കുവാനേ നിവൃത്തിയുള്ളുവെന്ന് പറയേണ്ടതില്ല.
(*). ഉഹ്ദ് യുദ്ധാനന്തരമുണ്ടായ ഒരു സംഭവത്തെത്തുടര്‍ന്ന് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സഹാബികളും പറഞ്ഞതാണ് ഇവിടെ സൂചിപ്പിച്ചതെന്ന് സൂ: ആലുഇംറാന്‍ 173ല്‍ നിന്നു മനസ്സിലാക്കാം.
മുമ്പും പിമ്പും പറയപ്പെട്ട വാക്യങ്ങളില്‍നിന്നോ, സന്ദര്‍ഭംകൊണ്ടോ ഉദ്ദേശ്യം മനസ്സിലാകുമെന്ന് കാണുന്നിടത്ത്, ചില വാക്കുകളെയോ, വാക്യങ്ങളെയോ വ്യക്തമാക്കാതെ വിട്ടുകളയുന്ന സമ്പ്രദായം, സാധാരണ എല്ലാവരുടെ സംസാരത്തിലും കാണാവുന്നതാണ്. സാഹിത്യകാരന്‍മാരുടെ സംസാരങ്ങളിലാണ് ഇതു കൂടുതല്‍ കണ്ടെത്തുക. ഖുര്‍ആനിലാകട്ടെ, ഇതു സര്‍വ്വസാധാരണമാണ്. സൂ: സ്വാഫ്ഫാത്ത് 101ഉം 102ഉം നോക്കുക: ഇബ്രാഹീം (عليه السلام) നബിക്ക് ഒരു കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിച്ചു എന്ന് പറഞ്ഞ ഉടനെത്തന്നെ, തുടര്‍ന്നു പറയുന്നത്, ആ കുട്ടി തന്നോടൊപ്പം യത്നിക്കാറായപ്പോള്‍, കുട്ടിയെ ബലിയര്‍പ്പിക്കുന്നതിനെപ്പറ്റി കുട്ടിയോട് ആലോചന നടത്തിയ വിവരമാണ്
(… فَبَشَّرْنَاهُ بِغُلَامٍ حَلِيمٍ ﴿١٠١﴾ فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ ﴿١٠٢)
കുട്ടിയുണ്ടായതും, കുട്ടി വളര്‍ന്നുവന്നതും അതിന്നിടക്കുവെച്ച് പ്രസ്താവിച്ചിട്ടില്ല. അതുപോലെത്തന്നെ, യൂസുഫ് (عليه السلام) നബി ജയിലിലായിരുന്നപ്പോള്‍, ജയിലില്‍ നിന്നു ഒഴിവായി പുറത്തുപോരുന്ന ഒരുവനോട് എന്റെ കാര്യം രാജാവിനെ ഓര്‍മ്മപ്പെടുത്തണം (اذْكُرْنِي عِندَ رَبِّكَ) എന്നു അദ്ദേഹം പറഞ്ഞിരുന്നു. കുറെ കൊല്ലങ്ങള്‍ക്കുശേഷം രാജാവ് ഒരു സ്വപ്നം കാണുകയും, അതിന്റെ വ്യാഖ്യാനം പറഞ്ഞുകൊടുക്കുവാന്‍ ആര്‍ക്കും കഴിയാതെ വരികയും ചെയ്തപ്പോഴാണ് അയാള്‍ക്കതു ഓര്‍മ്മവന്നത്. അപ്പോള്‍ യൂസുഫിനെപ്പറ്റി അയാള്‍ അവരെ വിവരം അറിയിക്കുകയും, അദ്ദേഹത്തിനു സ്വപ്നവ്യാഖ്യാനം അറിയുമെന്നും മറ്റും പറയുകയും ചെയ്തു. മാത്രമല്ല, വേണമെങ്കില്‍ ചെന്നു ചോദിച്ചുവരാമെന്നും അറിയിച്ചു. അങ്ങനെ, അവര്‍ അവനെ അയച്ചു. അയാള്‍ ജയിലില്‍ചെന്ന് സ്വപ്നവ്യാഖ്യാനം ചോദിച്ചറിഞ്ഞു വരികയും ചെയ്തു. ഈ സംഭവത്തെപ്പറ്റി സൂ: യൂസുഫില്‍ പറയുന്നത് നോക്കുക:-
(وَادَّكَرَ بَعْدَ أُمَّةٍ أَنَا أُنَبِّئُكُم بِتَأْوِيلِهِ فَأَرْسِلُونِ ﴿٤٥﴾ يُوسُفُ أَيُّهَا الصِّدِّيقُ أَفْتِنَا فِي سَبْعِ بَقَرَاتٍ …..﴿٤٦
(കുറെ കാലത്തിനുശേഷം അവനു ഓര്‍മ്മവന്നു: ‘ഞാന്‍ നിങ്ങള്‍ക്കു അതിന്റെ വ്യാഖ്യാനം പറഞ്ഞുതരാം, എന്നാല്‍ നിങ്ങള്‍ എന്നെ അയക്കുവിന്‍. യൂസുഫ്! ഹേ പരമസത്യവാന്‍! ഞങ്ങള്‍ക്ക് ഒരേഴു പശുക്കളുടെ കാര്യത്തില്‍ തീരുമാനം പറഞ്ഞുതാ….’) അയാളെ അവര്‍ പറഞ്ഞയച്ചതോ, അയാള്‍ ജയിലില്‍ ചെന്നതോ ഒന്നുംതന്നെ അവിടെ പ്രസ്താവിച്ചിട്ടില്ലാത്തതുകൊണ്ട്, അവന്‍ നിന്നനിലയില്‍ തന്നെ ‘യൂസുഫേ’ എന്നു വിളിച്ചുവെന്നാണോ നാം കരുതേണ്ടത്? ഇതുപോലെ അനവധി ഉദാഹരണങ്ങള്‍ കാണാം. ഇബ്രാഹീം (عليه السلام) നബിയുടെ കഥയില്‍തന്നെ ابْنُوا لَهُ بُنْيَانًا فَأَلْقُوهُ فِي الْجَحِيمِ (അവനു നിങ്ങള്‍ ഒരു കെട്ടിടം സ്ഥാപിക്കുവിന്‍. എന്നിട്ട് അവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇടുക) എന്നു പറഞ്ഞുവല്ലോ. ഇവിടെ, ഒരു കെട്ടിടം അവര്‍ ഉണ്ടാക്കി എന്നു പ്രസ്താവിച്ചിട്ടില്ല. പക്ഷെ, അത് ഉണ്ടാക്കി എന്ന് – കെട്ടിടംകൊണ്ടുള്ള വിവക്ഷ എന്തെങ്കിലുമാകട്ടെ – ഇക്കൂട്ടരും സമ്മതിക്കുന്നു. അതേ സമയത്ത് ജ്വലിക്കുന്ന തീയില്‍ ഇട്ടതുമാത്രം സംഭവിക്കാത്ത ഒരലങ്കാര പ്രയോഗമാക്കിത്തള്ളുവാന്‍ ഇവര്‍ മുതിര്‍ന്നിരിക്കുകയാണ്.
فَأَنجَاهُ اللَّـهُ مِنَ النَّارِ – العنكبوت (എന്നിട്ടു അല്ലാഹു അദ്ദേഹത്തെ തീയില്‍നിന്നു് രക്ഷപ്പെടുത്തി) എന്നു് അല്ലാഹു പറയുന്നു. ശത്രുക്കള്‍ അദ്ദേഹത്തെ ചുട്ടെരിക്കുവാന്‍ വേണ്ടി ജ്വലിക്കുന്ന തീയില്‍ ഇട്ടുവെങ്കിലും, തീയിനോട് തണുപ്പും രക്ഷയുമായിക്കൊള്ളുവാന്‍ അല്ലാഹു കല്‍പിച്ചതുമൂലം, അദ്ദേഹം കരിഞ്ഞുപോകാതെ രക്ഷപ്പെട്ടുവെന്നാണ് ഇതിന്റെ താല്‍പര്യമെന്നു വ്യക്തമത്രെ. പക്ഷേ, ഇക്കൂട്ടര്‍ പറയുന്നത്: തീയില്‍ അകപ്പെടാതെ രക്ഷിച്ചു – അഥവാ തീയില്‍ അകപ്പെടുന്നതിനുമുമ്പായി അദ്ദേഹം നാടുവിട്ടുപോയിക്കളഞ്ഞു – എന്നാകുന്നു. പല നബിമാരുടെയും സമുദായങ്ങളെ അല്ലാഹു ശിക്ഷിക്കുകയുണ്ടായപ്പോള്‍, നബിമാരെ അതില്‍നിന്നു രക്ഷപ്പെടുത്തി എന്നു് ഖുര്‍ആനില്‍ പറയാറുണ്ട്. ഇതിന്റെ ഉദ്ദേശ്യം, നബിമാരെ ആ ശിക്ഷകളില്‍ അകപ്പെടാതെ രക്ഷിച്ചു എന്നാണല്ലോ. അതുപോലെ ഇവിടെയും തീയില്‍ അകപ്പെടാതെ രക്ഷിച്ചു എന്നായിരിക്കണം താല്‍പര്യമെന്നത്രെ ഇവരുടെ ന്യായം. ശരി, ഇബ്രാഹീം (عليه السلام) നബിയുടെ സമുദായത്തിനു നല്‍കിയ ഒരു ശിക്ഷയില്‍നിന്നായിരുന്നു ഇബ്രാഹീം (عليه السلام) നബിയെ അല്ലാഹു ഇവിടെ രക്ഷപ്പെടുത്തിയതെന്നുവരികില്‍, ആ ന്യായം ഇവിടെയും പറഞ്ഞുനോക്കാമായിരുന്നു. മറിച്ച് സമുദായം അദ്ദേഹത്തിനു നല്‍കിയ ശിക്ഷയില്‍നിന്നു അദ്ദേഹത്തെ രക്ഷിച്ച വിവരമാണ് ഇവിടെ പറയുന്നത്. ശിക്ഷയാണെങ്കില്‍, തീയിലിട്ടു കരിച്ചുകൊല്ലലുമാണ്. അതില്‍നിന്ന് കരിയാതെയും, മരണപ്പെടാതെയും രക്ഷപ്പെടുത്തിയെന്നാണ് പറയുന്നത്. മാത്രമല്ല, രക്ഷപ്പെടുത്തല്‍ (أَنجَاهُ) എല്ലാ സ്ഥലത്തും ഒരേ പ്രകാരത്തിലാണെന്നു ധരിക്കുന്നതും ശരിയല്ല. കൊലയില്‍നിന്നു രക്ഷപ്പെടുത്തി എന്നു പറയുമ്പോള്‍ കൊല ബാധിക്കാതെ രക്ഷപ്പെടുത്തിയെന്നു തന്നെയാണര്‍ത്‌ഥം. എന്നാല്‍, രോഗത്തില്‍നിന്നു രക്ഷപ്പെടുത്തി എന്നു പറയുമ്പോള്‍, രോഗം ബാധിക്കാതെ രക്ഷിച്ചുവെന്നും, ബാധിച്ചശേഷം വമ്പിച്ച യാതനകളോ, മരണമോ സംഭവിക്കാതെ രക്ഷപ്പെടുത്തി എന്നും അര്‍ത്ഥം ആകാവുന്നതാണ്. ഇത് ആര്‍ക്കും മനസ്സിലാക്കാവുന്നതാണല്ലോ. സൂ: അമ്പിയാഉ് 88-ാം വചനം നോക്കുക: യൂനുസ് നബിയെക്കുറിച്ച് وَنَجَّيْنَاهُ مِنَ الْغَمِّ (അദ്ദേഹത്തെ നാം ദുഃഖത്തില്‍നിന്നു രക്ഷപ്പെടുത്തി) എന്നു പറയുന്നു. അദ്ദേഹത്തെ മല്‍സ്യം വീഴുങ്ങുകയും, അതിന്റെ വയറ്റില്‍ അദ്ദേഹം കുറെ താമസിക്കേണ്ടിവരികയും ചെയ്ത ദുഃഖമാണിവിടെ ഉദ്ദേശ്യം. മത്സ്യം വിഴുങ്ങാതെ രക്ഷപ്പെടുത്തി എന്നല്ല ഉദ്ദേശ്യമെന്ന് സ്പഷ്ടമാണല്ലോ. സൂ: അല്‍ബഖറ 49ല്‍ ‘ഫിര്‍ഔന്റെ കൂട്ടര്‍ കഠിനമായ ശിക്ഷ നിങ്ങളെ അനുഭവിപ്പിച്ചുകൊണ്ടിരിക്കെ, നാം നിങ്ങളെ അവരില്‍നിന്നു് രക്ഷപ്പെടുത്തി (وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ – البقرة) എന്നു് ഇസ്രാഈല്യരോട് അല്ലാഹു പറയുന്നു. ആണ്‍കുട്ടികളെ അറുത്തുകൊല്ലുക മുതലായ ശിക്ഷയാണവര്‍ നടത്തിയിരുന്നതെന്നു അവിടെത്തന്നെ പ്രസ്താവിക്കുന്നുമുണ്ട്. ആ ശിക്ഷ ഒന്നും അനുഭവിക്കാതെ രക്ഷപ്പെടുത്തി എന്നല്ലല്ലോ അവിടെ വിവക്ഷ. ഇതുപോലെ എനിയും പല ഉദാഹരണങ്ങള്‍ ഉദ്ധരിക്കുവാനുണ്ട്.
ഇബ്രാഹീം (عليه السلام) നബിയെ ശിക്ഷിക്കുവാനായി ഒരു തീകുണ്ഡം, അല്ലെങ്കില്‍ കെട്ടിടമുണ്ടാക്കിയശേഷം, അതില്‍ അകപ്പെടാതെ ഒളിച്ചുചാടിയോ മറ്റോ രക്ഷപ്പെടുത്തുന്നതിനെക്കാള്‍ വലിയ അനുഗ്രഹം, തീയില്‍ ഇട്ടശേഷം വെന്തുകരിയാതെ രക്ഷപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ്, ഇബ്രാഹീം (عليه السلام) നബിയെ രക്ഷപ്പെടുത്തിയതും, ശത്രുക്കളെ കൂടുതല്‍ പരാജിതരാക്കിയതും (അമ്പിയാഉ് : 70ല്‍) അല്ലാഹു ‘അഭിമാനത്തോടെ’ എടുത്തു പറയുന്നതും. വമ്പിച്ച ഒരു അഗ്നികുണ്ഡത്തില്‍ പരസ്യമായി എറിയപ്പെട്ടശേഷം, ഇബ്രാഹീം (عليه السلام) നബി കരിഞ്ഞുപോകാതിരിക്കുന്നതു കണ്ടപ്പോള്‍, അവിടെക്കൂടിയ കാണികളുടെ ഹൃദയത്തില്‍ എന്തുമാത്രം പ്രതികരണമുണ്ടായിരിക്കുമെന്നു പറയേണ്ടതില്ല! തൗഹീദിന്റെ പ്രബോധനത്തെ പാടെ നശിപിക്കുവാന്‍ ചെയ്ത ഈ പരിശ്രമം, അടിയോടെ പരാജയപ്പെടുത്തിയെന്നുമാത്രമല്ല, ഫലം നേരെമറിച്ചാവുകയും ചെയ്തു. അപ്പോള്‍ ആ ശത്രുക്കള്‍ ഏറ്റവും പരാജിതര്‍ തന്നെ.
ഇബ്രാഹീം ((عليه السلام) നബിയെ തീയിലിട്ടു, കരിഞ്ഞില്ല, നേരെമറിച്ച് തീ തണുപ്പും രക്ഷയുമായി. ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നു കാണിക്കുന്ന പല ഖുര്‍ആന്‍ വാക്യങ്ങളെ – അവയുടെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥത്തില്‍ – സമ്മതിക്കുമ്പോള്‍, അതില്‍ അസാധാരണത്വം കാണുകയാല്‍, വിറളിപിടിച്ച് ദുര്‍വ്യാഖ്യാനത്തിനു മുതിരുന്ന ഇത്തരക്കാരില്‍ ചിലര്‍, ഇബ്രാഹീം (عليه السلام) നബിയെ സംബന്ധിച്ച മറ്റൊരു അത്ഭുതസംഭവത്തെ നിഷേധിക്കുന്നതിനു കളമൊരുക്കുവാന്‍വേണ്ടി (സൂ: അല്‍ബഖറ 260ന്റെ വ്യാഖ്യാനത്തില്‍വെച്ചു) അദ്ദേഹത്തെ ‘തീയിലിട്ടു’ എന്നും അദ്ദേഹം ‘അഗ്നിക്കിരയായി’ എന്നും ‘അഗ്നിപരീക്ഷണത്തിന് ഇരയായിട്ടുണ്ട്’ എന്നുംമറ്റും തുറന്നുസമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം കാണുമ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഒരു ഹദീസാണ് ഓര്‍മ്മവരുന്നത്: “ഒരു വസ്തുവിനോടു നിനക്കുണ്ടാകുന്ന പ്രേമം, നിന്നെ അന്ധനും, ബധിരനുമാക്കിയേക്കും.” (حُبُّكَ الشَّيْءَ يُعْمِي وَيُصِمُّ : رواه أبو داود)
القرأن يفسر بعضه بعضا (ഖുര്‍ആന്റെ ഒരുവശം മറ്റൊരുവശത്തെ വിശദീകരിക്കുന്നു) എന്ന സുസമ്മതമായ തത്വത്തെ പൊക്കിപ്പിടിച്ചും, അത് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വേണ്ടത്ര ഗൗനിക്കാറിലെന്നു് സദാ വ്യസനം പ്രകടിപ്പിച്ചുംകൊണ്ടായിരിക്കും ഇക്കൂട്ടര്‍ പലപ്പോഴും സത്യത്തെ വിമര്‍ശിക്കുവാനൊരുങ്ങുക. എന്നിട്ട്, തങ്ങള്‍ക്ക് അനുകൂലമായ ഒരു അര്‍ത്ഥത്തില്‍ എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള ഒരു വാക്കിന്റെ അടിസ്ഥാനത്തില്‍, വിമര്‍ശനം മുന്നോട്ടു കൊണ്ടുപോകുക ഇവരുടെ പതിവാണ്. അതിന് ഒരു ഉദാഹരണമാണ് ഇബ്രാഹീം (عليه السلام) നബിയുടെ കഥയില്‍ ഉപയോഗിച്ച മേല്‍കണ്ട ‘കൈദ്’ (كَيْد) എന്ന പദം ഇവര്‍ ഉപയോഗപ്പെടുത്തിയത്. അങ്ങനെ, അതുവഴി ഒരുപാട് യാഥാര്‍ഥ്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുവല്ലോ. ഇതുപോലെ, തങ്ങള്‍ക്കാവശ്യം നേരിടുമ്പോള്‍ മറ്റു പല വാക്കുകളും ഇവര്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇതെല്ലാം ഇവിടെ വിവരിച്ച് ദീര്‍ഘിപ്പിക്കുന്നില്ല. അതതു സന്ദര്‍ഭങ്ങളില്‍ ചിലതെല്ലാം ചൂണ്ടിക്കാട്ടേണ്ടതായി വരുമ്പോള്‍, ചൂണ്ടിക്കാട്ടാതെ തരമില്ലല്ലോ. ഇതുപോലെത്തന്നെ, തങ്ങള്‍ നിഷേധിക്കുനന്‍ സംഗതികള്‍ക്കു എതിരായിക്കാണുന്ന ഹദീസുകള്‍ ഉണ്ടെങ്കില്‍, അവയുടെ നേരെ കണ്ണടക്കലും ഇവരുടെ ഒരു പതിവാകുന്നു. ഹദീസുകളെ പ്രത്യക്ഷത്തിലങ്ങു തള്ളിക്കളയുന്നത് തങ്ങളെപ്പറ്റി സംശയമുളവാക്കുമെന്നതുകൊണ്ട് ഹദീസുകളെപ്പറ്റി ഒന്നും പ്രസ്താവിക്കാതെ വിട്ടുകളഞ്ഞേക്കും. അല്ലാത്തപക്ഷം, തങ്ങള്‍ക്കുതന്നെയും അനുകൂലമായിവരുന്ന ഹദീസുകള്‍, വേണ്ടുമ്പോള്‍ സ്വീകരിക്കുവാനും മാര്‍ഗ്ഗമുണ്ടാവുകയില്ലല്ലോ. അല്ലാഹു നമുക്കു സത്യബോധവും, അവന്റെ മതത്തില്‍ സ്ഥിരചിത്തതയും പ്രദാനംചെയ്യട്ടെ! ആമീന്‍.
ولله المنة والفضل وهو الموفق المداد والصواب والحمد لله أولا وأخرا