സൂറത്തു ഹൂദ് : 101-123
- وَمَا ظَلَمْنَٰهُمْ وَلَٰكِن ظَلَمُوٓا۟ أَنفُسَهُمْ ۖ فَمَآ أَغْنَتْ عَنْهُمْ ءَالِهَتُهُمُ ٱلَّتِى يَدْعُونَ مِن دُونِ ٱللَّهِ مِن شَىْءٍ لَّمَّا جَآءَ أَمْرُ رَبِّكَ ۖ وَمَا زَادُوهُمْ غَيْرَ تَتْبِيبٍ ﴾١٠١﴿
- നാം അവരോടു അക്രമം ചെയ്തിട്ടുമില്ല; എങ്കിലും അവര്‍ തങ്ങളോടു തന്നെ അക്രമം ചെയ്തിരിക്കയാണു. എന്നാല്‍, അല്ലാഹുവിനു പുറമെ അവര്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരുന്നതായ അവരുടെ ആരാധ്യന്‍മാര്‍ അവര്‍ക്കു ഒട്ടും തന്നെ ഉപകരിച്ചില്ല; നിന്‍റെ റബ്ബിന്‍റെ കല്‍പന വന്നപ്പോള്‍. അവര്‍ക്കു നാശം വരുത്തലല്ലാതെ (മറ്റൊന്നും) അവര്‍ വര്‍ദ്ധിപ്പിച്ചതുമില്ല.
- وَمَا ظَلَمْنَاهُمْ നാം അവരോടു അക്രമം ചെയ്തിട്ടുമില്ല وَلَـٰكِن എങ്കിലും, പക്ഷെ ظَلَمُوا അവര്‍ അക്രമം ചെയ്തു (ചെയ്തതാണു) أَنفُسَهُمْ തങ്ങളോടു തന്നെ, അവരുടെ സ്വന്തങ്ങളോടും ആത്മാക്കളെ فَمَا أَغْنَتْ എന്നാല്‍ (എന്നിട്ടു) ധന്യമാക്കിയില്ല, ഉപകരിച്ചില്ല عَنْهُمْ അവര്‍ക്കു آلِهَتُهُمُ അവരുടെ ആരാധ്യന്‍മാര്‍, ദൈവങ്ങള്‍ الَّتِي യാതൊരു يَدْعُونَ അവര്‍ വിളിക്കുന്ന, പ്രാര്‍ത്ഥിച്ചിരുന്ന مِن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ مِن شَيْءٍ ഒരു വസ്തുവും (ഒട്ടും) لَّمَّا جَاءَ വന്നപ്പോള്‍ أَمْرُ കല്‍പന رَبِّكَ നിന്‍റെ റബ്ബിന്‍റെ وَمَا زَادُوهُمْ അവര്‍ അവര്‍ക്കു വര്‍ദ്ധിപ്പിച്ചതുമില്ല غَيْرَ അല്ലാതെ, ഒഴികെ تَتْبِيبٍ നാശം വരുത്തല്‍, നാശമുണ്ടാക്കല്‍.
- وَكَذَٰلِكَ أَخْذُ رَبِّكَ إِذَآ أَخَذَ ٱلْقُرَىٰ وَهِىَ ظَٰلِمَةٌ ۚ إِنَّ أَخْذَهُۥٓ أَلِيمٌ شَدِيدٌ ﴾١٠٢﴿
- അപ്രകാരമാണു, രാജ്യങ്ങള്‍ [രാജ്യക്കാര്‍] അക്രമകാരികളായിരിക്കെ, നിന്‍റെ റബ്ബ് അവയെ പിടി(ച്ചു ശിക്ഷി)ക്കുമ്പോള്‍ അവന്‍റെ പിടുത്തം. നിശ്ചയമായും അവന്‍റെ പിടുത്തം വേദനയേറിയതും, കഠിനമായതുമാകുന്നു.
- وَكَذَٰلِكَ അപ്രകാരമാണു أَخْذُ പിടുത്തം, പിടിക്കല്‍ رَبِّكَ നിന്‍റെ റബ്ബിന്‍റെ إِذَا أَخَذَ അവന്‍ പിടിക്കുമ്പോള്‍, പിടിച്ചാല്‍ الْقُرَىٰ രാജ്യങ്ങളെ وَهِيَ അവ (ആയിരിക്കെ) ظَالِمَةٌ അക്രമകാരി(കള്‍) إِنَّ أَخْذَهُനിശ്ച യമായും അവന്‍റെ പിടുത്തം أَلِيمٌ വേദനയേറിയതാണു شَدِيدٌ കഠിനമായതാണു.
അബൂമൂസല്‍ അശ്അരീ (റ) ഉദ്ധരിച്ച ഒരു നബി വചനം ഇപ്രകാരമാകുന്നു: ‘നിശ്ചയമായും, അല്ലാഹു അക്രമിക്കു അയവു കൊടുത്തു കൊണ്ടിരിക്കും. അങ്ങനെ, അവന്‍ അവനെ പിടിക്കുമ്പോള്‍, അവന്‍ അതില്‍നിന്നു പതറിപ്പോകുകയില്ല.’ പിന്നീടു തിരുമേനി (സ്വ)…. وَكَذَٰلِكَ أَخْذُ رَبِّكَ എന്നുള്ള ഈ വചനം ഓതുകയും ചെയ്തു. (ബു; മു).
- إِنَّ فِى ذَٰلِكَ لَءَايَةً لِّمَنْ خَافَ عَذَابَ ٱلْءَاخِرَةِ ۚ ذَٰلِكَ يَوْمٌ مَّجْمُوعٌ لَّهُ ٱلنَّاسُ وَذَٰلِكَ يَوْمٌ مَّشْهُودٌ ﴾١٠٣﴿
- നിശ്ചയമായും അതില്‍, പരലോക ശിക്ഷയെ ഭയപ്പെടുന്നവര്‍ക്കു (തക്കതായ) ഒരു ദൃഷ്ടാന്തമുണ്ട്. അതൊരു ദിവസമത്രെ, അന്നേക്കു മനുഷ്യര്‍ (മുഴുവനും) ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്. അതു (എല്ലാവരും) ഹാജറുണ്ടാകുന്ന ഒരു ദിവസവുമത്രെ.
- إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ടു لَآيَةً ഒരു ദൃഷ്ടാന്തം لِّمَنْ خَافَ ഭയപ്പെട്ടവര്‍ക്കു عَذَابَ ശിക്ഷയെ الْآخِرَةِ പരലോകത്തെ ذَٰلِكَ يَوْمٌ അതു ഒരു ദിവസമാണു مَّجْمُوعٌ ഒരുമിച്ചു കൂട്ടപ്പെടുന്ന لَّهُ അതി ലേക്കു (അന്നേക്കു) النَّاسُ മനുഷ്യര്‍ وَذَٰلِكَ يَوْمٌ അതു ഒരു ദിവസവുമാണു مَّشْهُودٌ ഹാജറുണ്ടാകുന്ന(ദൃക് സാക്ഷ്യമുണ്ടാകുന്ന).
- وَمَا نُؤَخِّرُهُۥٓ إِلَّا لِأَجَلٍ مَّعْدُودٍ ﴾١٠٤﴿
- എണ്ണിക്കണക്കാക്കപ്പെട്ട ഒരു അവധിക്കല്ലാതെ നാം അതിനെ പിന്തിച്ചു (നീട്ടി) വെക്കുന്നുമില്ല.
- وَمَا نُؤَخِّرُهُ അതിനെ നാം പിന്തിക്കുന്നില്ല, താമസിപ്പിക്കുന്നില്ല إِلَّا لِأَجَلٍ ഒരവധിക്കല്ലാതെ, അവധിവരെയൊഴികെ مَّعْدُودٍ എണ്ണപ്പെട്ട (കണക്കാക്കപ്പെട്ട).
- يَوْمَ يَأْتِ لَا تَكَلَّمُ نَفْسٌ إِلَّا بِإِذْنِهِۦ ۚ فَمِنْهُمْ شَقِىٌّ وَسَعِيدٌ ﴾١٠٥﴿
- അതു വന്നെത്തുന്ന ദിവസം, ഒരു വ്യക്തിയും അവന്‍റെ [അല്ലാഹുവിന്‍റെ] അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോള്‍, അവരില്‍ ദുര്‍ഭാഗ്യവാന്‍മാരും സല്‍ഭാഗ്യവാന്‍മാരുമുണ്ടായിരിക്കും.
- يَوْمَ يَأْتِ അതു വരുന്ന ദിവസം لَا تَكَلَّمُ സംസാരിക്കയില്ല نَفْسٌ ഒരു ആത്മാവും, വ്യക്തിയും, ദേഹവും إِلَّا بِإِذْنِهِ അവന്‍റെ അനുമതി കൂടാതെ فَمِنْهُمْ അപ്പോള്‍ അവരിലുണ്ടായിരിക്കും شَقِيٌّ നിര്‍ഭാഗ്യവാന്‍, പരാജിതന്‍, വഴികെട്ടവന്‍ وَسَعِيدٌ ഭാഗ്യവാനും, വിജയിയും, സല്‍ഭാഗ്യവാനും.
സല്‍ഭാഗ്യവാന്‍മാരായി വിജയിക്കുന്നവരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍. പ്രവാചകന്‍മാര്‍, മലക്കുകള്‍, ജിന്നുകള്‍, മനുഷ്യര്‍ തുടങ്ങിയ എല്ലാ സൃഷ്ടികളും സമ്മേളിക്കുന്ന ദിവസം എന്നത്രെ يَوْمٌ مَّشْهُودٌ (ഹാജറുണ്ടാകുന്ന ദിവസം) കൊണ്ടുദ്ദേശ്യം. ആ ദിവസത്തിന്‍റെ ഗാംഭീര്യതയും, ഗൗരവവും നിമിത്തം അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രത്യേക അനുമതി കൂടാതെ ആര്‍ക്കും ഒരക്ഷരം ഉരിയാടുവാന്‍ സാധിക്കുകയില്ലാത്ത ഒരു അതിഭയങ്കര ദിവസമായിരിക്കും അത്.
- فَأَمَّا ٱلَّذِينَ شَقُوا۟ فَفِى ٱلنَّارِ لَهُمْ فِيهَا زَفِيرٌ وَشَهِيقٌ ﴾١٠٦﴿
- എന്നാല്‍, ദൗര്‍ഭാഗ്യമടഞ്ഞവരാകട്ടെ, (അവര്‍) നരകത്തിലായിരിക്കും; അവര്‍ക്കു അതില്‍ നെടുവീര്‍പ്പും, തേങ്ങിക്കരച്ചിലും ഉണ്ടായിരിക്കും;-
- فَأَمَّا എന്നാല്‍ الَّذِينَ شَقُوا യാതൊരുവര്‍ ദൗര്‍ഭാഗ്യമടഞ്ഞവര്‍, പരാജയപ്പെട്ടവര്‍ فَفِي النَّارِ നരകത്തിലായിരിക്കും لَهُمْ അവര്‍ക്കുണ്ടായിരിക്കും فِيهَا അതില്‍ زَفِيرٌ ദീര്‍ഘശ്വാസം, നെടുവീര്‍പ്പു وَشَهِيقٌ തേങ്ങിക്കരച്ചിലും, അട്ടഹാസവും.
- خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۚ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ ﴾١٠٧﴿
- ആകാശങ്ങളും, ഭൂമിയും നിലനില്‍ക്കുമ്പോഴൊക്കെയും അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ടു: നിന്‍റെ റബ്ബു ഉദ്ദേശിച്ചതൊഴികെ. നിശ്ചയമായും, നിന്‍റെ റബ്ബു താന്‍ ഉദ്ദേശിക്കുന്നതു (ശരിക്കും) ചെയ്യുന്നവനാകുന്നു.
- خَالِدِينَ നിത്യവാസികളായിക്കൊണ്ടു فِيهَا അതില്‍ مَا دَامَتِ നീണ്ടുനില്‍ക്കു(നിലനില്‍ക്കു- ഉണ്ടായിരിക്കു)മ്പോള്‍ (ഒക്കെയും) السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ رَبُّكَ നിന്‍റെ നാഥന്‍ إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് فَعَّالٌ (ശരിക്കു - നന്നായി) പ്രവര്‍ത്തിക്കുന്നവനാണു لِّمَا يُرِيدُ അവന്‍ ഉദ്ദേശിക്കുന്നത്.
- ۞ وَأَمَّا ٱلَّذِينَ سُعِدُوا۟ فَفِى ٱلْجَنَّةِ خَٰلِدِينَ فِيهَا مَا دَامَتِ ٱلسَّمَٰوَٰتُ وَٱلْأَرْضُ إِلَّا مَا شَآءَ رَبُّكَ ۖ عَطَآءً غَيْرَ مَجْذُوذٍ ﴾١٠٨﴿
- സല്‍ഭാഗ്യം സിദ്ധിച്ചവരാകട്ടെ, (അവര്‍) സ്വര്‍ഗ്ഗത്തിലുമായിരിക്കും; ആകാശങ്ങളും, ഭൂമിയും നിലവിലിരിക്കുമ്പോഴൊക്കെയും അതില്‍ (അവര്‍) സ്ഥിരവാസികളായിക്കൊണ്ടു; നിന്‍റെ റബ്ബു ഉദ്ദേശിച്ചതൊഴികെ; മുറിഞ്ഞുപോകാത്ത ഒരു ദാനമായിക്കൊണ്ട്.
- وَأَمَّا എന്നാല്‍ الَّذِينَ سُعِدُوا ഭാഗ്യം സിദ്ധിച്ചവര്‍ فَفِي الْجَنَّةِ സ്വര്‍ഗ്ഗത്തിലായിരിക്കും خَالِدِينَ സ്ഥിരവാസികളായിക്കൊണ്ടു فِيهَا അതില്‍ مَا دَامَتِ നിലനില്‍ക്കു (നീണ്ടു നില്‍ക്കു)മ്പോള്‍ (എല്ലാം) السَّمَاوَاتُ ആകാശങ്ങള്‍ وَالْأَرْضُ ഭൂമിയും إِلَّا مَا شَاءَ ഉദ്ദേശിച്ചതൊഴികെ رَبُّكَ നിന്‍റെ നാഥന്‍ عَطَاءً ഒരു കൊടുതി, ദാനമായിട്ടു غَيْرَ مَجْذُوذٍ മുറിക്കപ്പെടാത്ത (മുറിഞ്ഞുപോകാത്ത).
നിര്‍ഭാഗ്യരായ ദുര്‍ജ്ജനങ്ങള്‍ നരകത്തിലും, സല്‍ഭാഗ്യരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തിലും സ്ഥിരവാസികളായിരിക്കുമെന്നു പറഞ്ഞശേഷം, രണ്ടു സ്ഥലത്തും ആകാശങ്ങളും ഭൂമിയും നിലകൊള്ളുന്ന കാലത്തോളം (مَا دَامَتِ السَّمَاوَاتُ وَالْأَرْضُ) എന്നുകൂടി പറഞ്ഞു അതിനെ ശക്തിപ്പെടുത്തിയിരിക്കുകയാണ്. ഒരു കാലത്തും മുറിഞ്ഞുപോകാതെ നിലനില്‍ക്കുമെന്ന അര്‍ത്ഥത്തില്‍ ‘രാപ്പകല്‍ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന കാലം’ എന്നും, ‘നക്ഷത്രം വെളിപ്പെടുന്ന കാലം’ എന്നുമൊക്കെ (ما اختلف الليل والنهار ما بدا كوكب)അറബിഭാഷയില്‍ ഉപയോഗിക്കാറുണ്ട്. അതുപോലെയുള്ള ഒരു പ്രയോഗമാണിതും.
ഖുര്‍ആന്‍റെയും നബിവചനങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളും നരകീയ ശിക്ഷാനുഭവങ്ങളും ശാശ്വതമാണെന്നുള്ളതില്‍ മുസ്‌ലിംകള്‍ക്കു പൊതുവെ യോജിച്ച അഭിപ്രായമാണുള്ളത്. സ്വര്‍ഗ്ഗത്തെക്കുറിച്ചു പറയുമ്പോള്‍ സ്വര്‍ഗ്ഗവാസികള്‍ അതില്‍ ശാശ്വതരാണെന്നു (خَالِدِينَ فِيهَا) പറഞ്ഞതിനുശേഷം അതിനു അവസാനമില്ലെന്നു കാണിക്കുമാറു ابدا (എക്കാലവും) എന്നു കൂടി അതിനെ ശക്തിപ്പെടുത്തുന്നതായി 5:119; 9:22; 64:9 മുതലായ സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്. ഇതേ വാക്കു (ابدا) തന്നെ, നരകത്തെക്കുറിച്ചു പറയുമ്പോള്‍ 4:169ലും 33:65ലും 72:23ലും കാണാം. ആ നിലക്കു 107-ാം വചനത്തിലും 108-ാം വചനത്തി ലും إِلَّا مَا شَاءَ رَبُّكَ (നിന്‍റെ റബ്ബു ഉദ്ദേശിച്ചതൊഴികെ) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം വിവരിക്കുന്നതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഡിതന്‍മാര്‍ പല നിലപാടുകളും സ്വീകരിച്ചിട്ടുള്ളതായി കാണുന്നു. ആ വാക്കിലെ പദങ്ങളെ വ്യാഖ്യാനിക്കുന്നതിലോ, അര്‍ത്ഥോദ്ദേശ്യ വിവരണങ്ങളിലോ കേന്ദ്രീകൃതമാണവയെന്നു പറയാം. പ്രസ്തുത അഭിപ്രായ വ്യത്യാസങ്ങളും, അതതിന്‍റെ തെളിവുകളും വിമര്‍ശനങ്ങളും ചുരുക്കി ഉദ്ധരിച്ചാലും അതു കുറേ ദീര്‍ഘിച്ചുപോകും. അതില്‍ കാര്യമായ പ്രയോജനം കാണുന്നുമില്ല.
നരകത്തെ സംബന്ധിച്ചു മാത്രം പരിപൂര്‍ണ്ണമായ അര്‍ത്ഥത്തിലുള്ള ശാശ്വതത്വം (خلودية) ഇല്ലെന്നു ചുരുക്കം ചില പണ്ഡിതന്‍മാര്‍ക്കു അഭിപ്രായമുണ്ട്. പ്രധാനമായും ചില യുക്തി ന്യായങ്ങളാണു അവര്‍ക്കുള്ള തെളിവു. ഖുര്‍ആനിലെ ചില വാക്കുകള്‍ അതിന്നനുസരിച്ചു അവര്‍ വ്യാഖ്യാനിക്കുകയും ചെയ്യും. ഈ വാദക്കാര്‍ തന്നെയും അതിന്‍റെ താല്‍പര്യവും ഉദ്ദേശ്യവും വിവരിക്കുന്നതില്‍ പല അഭിപ്രായക്കാരാകുന്നു. ഇത്തരം വിഷയങ്ങളില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രസ്താവനകളില്‍നിന്നു നേര്‍ക്കുനേരെ വ്യക്തമാകുന്നതെന്തോ അതു മാത്രമാണ് നമുക്കു അവലംബം. അതേ സമയത്തു നരകശിക്ഷാനുഭവങ്ങള്‍ക്കു പരിപൂര്‍ണ്ണ ശാശ്വതത്വം ഉണ്ടാകുന്നതിനു യുക്തിപരമായ കാരണങ്ങള്‍ തന്നെ ചില പണ്ഡിതന്‍മാര്‍ വിവരിക്കുകയും ചെയ്യുന്നുണ്ട്.
നരകാവകാശികളായ ദുര്‍ഭാഗ്യവാന്‍മാര്‍ക്കു ശാശ്വതമായ നരകശിക്ഷ നല്‍കുന്നതു അല്ലാഹുവിന്‍റെ ഉദ്ദേശമനുസരിച്ചു തന്നെയാണെന്നും, അതില്‍ നീതിക്കും ന്യായത്തിനും വിരുദ്ധമായി ഒന്നുമില്ലെന്നും, അതിനെപ്പറ്റി ചോദ്യം ചെയ്‌വാന്‍ ആര്‍ക്കും അധികാരമോ അവകാശമോ ഇല്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടു 107-ാം വചനത്തിന്‍റെ അവസാനത്തില്‍ إِنَّ رَبَّكَ فَعَّالٌ لِّمَا يُرِيدُ (നിശ്ചയമായും, നിന്‍റെ റബ്ബു അവന്‍ ഉദ്ദേശിക്കുന്നതു ശരിക്കും ചെയ്യുന്നവനാണു) എന്നു പറഞ്ഞിരിക്കുന്നു. അതു പോലെത്തന്നെ, സ്വര്‍ഗ്ഗാവകാശികളായ സല്‍ഭാഗ്യവാന്‍മാര്‍ക്കു നല്‍കപ്പെടുന്ന സ്വര്‍ഗ്ഗീയജീവിതം ഒരു കാരണവശാലും നഷ്ടപ്പെടുകയില്ലെന്നും അതിനു യാതൊരുവിധ ഹാനിയും നേരിടുകയില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടു 108-ാം വചനത്തിന്‍റെ അവസാനത്തില്‍ عَطَاءً غَيْرَ مَجْذُوذٍ (മുറിഞ്ഞുപോകാത്ത ദാനം) എന്നും പറഞ്ഞിരിക്കുന്നു. ഈ രണ്ടു വാക്യങ്ങളും പ്രത്യേകം ശ്രദ്ധേയമത്രെ.
- فَلَا تَكُ فِى مِرْيَةٍ مِّمَّا يَعْبُدُ هَٰٓؤُلَآءِ ۚ مَا يَعْبُدُونَ إِلَّا كَمَا يَعْبُدُ ءَابَآؤُهُم مِّن قَبْلُ ۚ وَإِنَّا لَمُوَفُّوهُمْ نَصِيبَهُمْ غَيْرَ مَنقُوصٍ ﴾١٠٩﴿
- അപ്പോള്‍, ഇക്കൂട്ടര്‍ ആരാധിച്ചു വരുന്നതിനെപ്പറ്റി നീ യാതൊരു സംശയത്തിലും ആയിരിക്കരുത്. ഇവരുടെ പിതാക്കള്‍ മുമ്പ് ആരാധിച്ചിരുന്നതുപോലെയല്ലാതെ ഇവര്‍ ആരാധിക്കുന്നില്ല. [അവരെ ഇവരും അനുകരിക്കുന്നുവെന്നു മാത്രം]
നിശ്ചയമായും നാം, അവരുടെ ഓഹരി (ഒട്ടും) കുറവു വരുത്തപ്പെടാത്ത വിധം അവര്‍ക്കു നിറവേറ്റിക്കൊടുക്കുന്നവരുമാകുന്നു. - فَلَا تَكُ അപ്പോള്‍ നീ ആയിരിക്കരുതു فِي مِرْيَةٍ ഒരു സംശയത്തിലും, തര്‍ക്കത്തില്‍ مِّمَّا يَعْبُدُ ആരാധിച്ചുവരുന്നതിനെപ്പറ്റി هَـٰؤُلَاءِ ഇക്കൂട്ടര്‍ مَا يَعْبُدُونَ അവര്‍ (ഇവര്‍) ആരാധിക്കുന്നില്ല إِلَّا كَمَا യാതൊന്നുപോലെയല്ലാതെ يَعْبُدُ ആരാധിക്കുന്നു آبَاؤُهُم അവരുടെ പിതാക്കള്‍ مِّن قَبْلُ മുമ്പ് وَإِنَّا നിശ്ചയമായും നാം لَمُوَفُّوهُمْ അവര്‍ക്കു പൂര്‍ത്തിയാക്കി (നിറവേറ്റി) കൊടുക്കുന്നവര്‍ തന്നെ نَصِيبَهُمْ അവരുടെ ഓഹരി, പങ്കു غَيْرَ مَنقُوصٍ ചുരുക്ക (കുറവു വരുത്ത) പ്പെടാതെ.
നബി (സ്വ) തിരുമേനിക്കു അവരുടെ കാര്യത്തില്‍ വല്ല സംശയവും ഉണ്ടായതുകൊണ്ടല്ല നബി (സ്വ) യെ അഭിമുഖീകരിച്ചുകൊണ്ടു ‘നീ സംശയത്തിലായിരിക്കരുത്’ എന്നു പറയുന്നത്. മറ്റുള്ളവര്‍ മനസ്സിരുത്തുവാന്‍ വേണ്ടിയാണത്. അല്ലാഹുവിനെയല്ലാത്ത വസ്തുക്കളെ അവര്‍ ആരാധിക്കുന്നതിനു യാതൊരു തെളിവും, ന്യായവും അവര്‍ക്കില്ലെന്നും, പൂര്‍വ്വികന്‍മാരെ അന്ധമായി അനുകരിക്കുക മാത്രമാണവര്‍ ചെയ്യുന്നതെന്നും. അതിന്‍റെ ഫലം അല്ലാഹു അവര്‍ക്കു ശരിക്കും കാട്ടിക്കൊടുക്കുമെന്നുമാണ് പിന്നീടു പറഞ്ഞതിന്‍റെ സാരം.
വിഭാഗം - 10
- وَلَقَدْ ءَاتَيْنَا مُوسَى ٱلْكِتَٰبَ فَٱخْتُلِفَ فِيهِ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ ۚ وَإِنَّهُمْ لَفِى شَكٍّ مِّنْهُ مُرِيبٍ ﴾١١٠﴿
- മൂസാക്കു നാം (വേദ) ഗ്രന്ഥം നല്‍കുകയുണ്ടായി; എന്നിട്ട് അതില്‍ ഭിന്നാഭിപ്രായമുണ്ടായി.
നിന്‍റെ റബ്ബില്‍നിന്നു ഒരു വാക്കു മുന്‍കഴിഞ്ഞിട്ടില്ലായിരുന്നുവെങ്കില്‍, അവര്‍ക്കിടയില്‍ തീരുമാനമെടുക്കപ്പെടുമായിരുന്നു. അവരാകട്ടെ, ഇതിനെക്കുറിച്ച് ആശങ്കാജനകമായ സംശയത്തില്‍ തന്നെയാണ്. - وَلَقَدْ آتَيْنَا നാം കൊടുത്തിട്ടുണ്ട് مُوسَى മൂസാക്ക് الْكِتَابَ (വേദ) ഗ്രന്ഥം فَاخْتُلِفَ എന്നിട്ടു ഭിന്നിക്കപ്പെട്ടു, ഭിന്നാഭിപ്രായമുണ്ടായി فِيهِ അതില്‍ وَلَوْلَا ഇല്ലായിരുന്നെങ്കില്‍ كَلِمَةٌ ഒരു വാക്ക്, വാക്യം سَبَقَتْ മുന്‍കഴിഞ്ഞു مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്നു لَقُضِيَ തീരുമാനം ചെയ്യപ്പെടുക തന്നെ ചെയ്യുമായിരുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ وَإِنَّهُمْ നിശ്ചയമായും അവര്‍ لَفِي شَكٍّ സംശയത്തില്‍തന്നെ مِّنْهُ അതിനെ പ്പറ്റി مُرِيبٍ ആശയക്കുഴപ്പത്തിലാകുന്ന, ആശങ്കാജനകമായ, സന്ദേഹപ്പെടുത്തുന്ന.
- وَإِنَّ كُلًّا لَّمَّا لَيُوَفِّيَنَّهُمْ رَبُّكَ أَعْمَٰلَهُمْ ۚ إِنَّهُۥ بِمَا يَعْمَلُونَ خَبِيرٌ ﴾١١١﴿
- നിശ്ചയമായും എല്ലാവരും, തന്നെ, അവര്‍ക്കു അവ(രവ)രുടെ കര്‍മ്മങ്ങള്‍ [കര്‍മ്മഫലങ്ങള്‍] നിന്‍റെ റബ്ബ് നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും. നിശ്ചയമായും അവന്‍, അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷമമായി അറിയുന്നവനാകുന്നു.
- وَإِنَّ كُلًّا നിശ്ചയമായും എല്ലാവരും لَّمَّا لَيُوَفِّيَنَّهُمْ അവര്‍ക്കവന്‍ നിറവേറ്റിക്കൊടുക്കുക തന്നെ ചെയ്യും, നിറവേറ്റാതിരിക്കുകയില്ല رَبُّكَ നിന്‍റെ റബ്ബു أَعْمَالَهُمْ അവരുടെ പ്രവര്‍ത്തനങ്ങളെ إِنَّهُ നിശ്ചയമായും അവന്‍ بِمَا يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി خَبِيرٌ സൂക്ഷമമായറിയുന്നവനാണു, സൂക്ഷമജ്ഞാനിയാണു.
സാരം: ഖുര്‍ആനെ സംബന്ധിച്ചുള്ള ഈ ഭിന്നിപ്പും നിഷേധവും നടാടെ ഉണ്ടായതല്ല. മുമ്പു മൂസാ (അ) നബിക്കു വേദഗ്രന്ഥം നല്‍കിയപ്പോള്‍ അതിനെ സംബന്ധിച്ചും ഇങ്ങിനെ ഉണ്ടായിട്ടുണ്ട്. അതിന്നെതിരെ അവസാന നടപടി എടുക്കുവാന്‍ അല്ലാഹുവിന്നു പ്രയാസമൊന്നുമില്ല. പക്ഷെ, അതു പരലോകത്ത് വെച്ചായിരിക്കുമെന്ന് അവന്‍ മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കയാണ്. അല്ലായിരുന്നുവെങ്കില്‍ അതിപ്പോള്‍തന്നെ നടക്കുമായിരുന്നു. എനിയും ഇവര്‍ ഖുര്‍ആനെപ്പറ്റി സംശയത്തിലും ആശയക്കുഴപ്പത്തിലുമായിത്തന്നെ ഇരിക്കുകയാണെങ്കില്‍ അതിന്‍റെ ഫലം തികച്ചും അല്ലാഹു അവരെ അനുഭവപ്പെടുത്തുക തന്നെ ചെയ്യും. അവരുടെ എല്ലാചെയ്തികളും അവന്‍ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
മേല്‍വിവരിച്ച ചരിത്ര സംഭവങ്ങളെല്ലാം ഓര്‍മ്മപ്പെടുത്തിക്കൊണ്ടു നബി (സ്വ)ക്കും സത്യവിശ്വാസികള്‍ക്കും അല്ലാഹു ചില ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നു:-
- فَٱسْتَقِمْ كَمَآ أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا۟ ۚ إِنَّهُۥ بِمَا تَعْمَلُونَ بَصِيرٌ ﴾١١٢﴿
- ആകയാല്‍, നിന്നോടു കല്‍പിക്കപ്പെട്ടതുപോലെ നീയും, നിന്‍റെ കൂടെ പശ്ചാത്തപിച്ചു മടങ്ങിയിട്ടുള്ളവരും (നേരെ) ചൊവ്വായി നിലകൊള്ളുക. നിങ്ങള്‍ അതിരുവിടുകയും ചെയ്യരുത്. നിശ്ചയമായും, അവന്‍ [അല്ലാഹു] നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാണ്.
- فَاسْتَقِمْ എന്നാല്‍, (ആകയാല്‍) നീ ചൊവ്വിനു നിലകൊള്ളുക كَمَا أُمِرْتَ നിന്നോടു കല്പിക്കപ്പെട്ടതു പോലെ وَمَن تَابَ മടങ്ങിയ (പശ്ചാത്തപിച്ച) വരും مَعَكَ നിന്‍റെ കൂടെوَلَا تَطْغَوْا നിങ്ങള്‍ അതിരുവിടുക (ധിക്കരിക്കുക)യും അരുതു إِنَّهُ നിശ്ചയമായും അവന്‍بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പ്പറ്റി بَصِيرٌ കാണുന്ന (കണ്ടറിയുന്ന)വനാണു.
- وَلَا تَرْكَنُوٓا۟ إِلَى ٱلَّذِينَ ظَلَمُوا۟ فَتَمَسَّكُمُ ٱلنَّارُ وَمَا لَكُم مِّن دُونِ ٱللَّهِ مِنْ أَوْلِيَآءَ ثُمَّ لَا تُنصَرُونَ ﴾١١٣﴿
- അക്രമം പ്രവര്‍ത്തിച്ചവരിലേക്കു നിങ്ങള്‍ ചാഞ്ഞുപോകുകയും ചെയ്യരുതു; എന്നാല്‍ നരകം നിങ്ങളെ സ്പര്‍ശിക്കുന്നതാണ്; അല്ലാഹുവിനെ കൂടാതെ യാതൊരു രക്ഷാധികാരികളും നിങ്ങള്‍ക്കില്ല താനും. (എന്നിരിക്കെ) പിന്നെ, നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.
- وَلَا تَرْكَنُوا നിങ്ങള്‍ ചായരുതു, തുനിയരുതു, ചരിയരുതു إِلَى الَّذِينَ ظَلَمُوا അക്രമം ചെയ്തവരിലേക്ക് فَتَمَسَّكُمُ എന്നാല്‍ നിങ്ങളെ സ്പര്‍ശിക്കുന്നതാണു النَّارُ നരകം, അഗ്നിوَمَا لَكُم നിങ്ങള്‍ക്കു ഇല്ലതാനും مِّن دُونِ കൂടാതെ, പുറമെ اللَّـهِ അല്ലാഹുവിനെ, അല്ലാഹുവിന്നു مِنْ أَوْلِيَاءَ രക്ഷാകര്‍ത്താ (ബന്ധു - കാര്യ കര്‍ത്താ)ക്കളില്‍ നിന്നു (ആരും) ثُمَّ പിന്നെ (അതിനു പുറമെ) لَا تُنصَرُونَ നിങ്ങള്‍ സഹായിക്കപ്പെടുകയില്ല.
‘നിന്‍റെ കൂടെ പശ്ചാത്തപിച്ചു മടങ്ങിയവര്‍’ എന്നു പറഞ്ഞതു ശിര്‍ക്കില്‍ നിന്നും ദുര്‍മ്മാര്‍ഗ്ഗത്തില്‍ നിന്നും പശ്ചാത്തപിച്ച തൗഹീദിലേക്കും സന്‍മാര്‍ഗ്ഗത്തിലേക്കും മടങ്ങിയ സത്യവിശ്വാസികളെ ഉദ്ദേശിച്ചാകുന്നു. അതിപ്രധാനമായ മൂന്ന്‍ നിര്‍ദ്ദേശങ്ങള്‍ അല്ലാഹു ഈ വചനം മുഖേന നല്‍കിയിരിക്കുന്നു. (1). കല്‍പിക്കപ്പെട്ടതുപോലെ നേര്‍ക്കുനേരെ നിലകൊള്ളണം. വിശ്വാസപരമായും, ആചാരാനുഷ്ഠാനപരമായുമുള്ള എല്ലാ കാര്യങ്ങളിലും ഖുര്‍ആന്‍ മൂലമോ, മറ്റുള്ള വഹ്-യുകള്‍ മൂലമോ ലഭിക്കുന്ന നിയമനിര്‍ദ്ദേശങ്ങള്‍ ശരിക്കും പാലിക്കണമെന്നു സാരം. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുര്‍ആനും നബി (സ്വ)യുടെ സുന്നത്തും മുറുകെ പിടിക്കണമെന്നും താല്‍പര്യമായിരിക്കും. (2). അതിരു വിടാതിരിക്കണം. അല്ലാഹുവും അവന്‍റെ റസൂലും ഓരോ കാര്യത്തിലും നിശ്ചയിച്ചു തന്നിട്ടുള്ള പരിധിക്കപ്പുറം കടന്നു സ്വന്തം താല്‍പര്യങ്ങള്‍ക്കോ, പര പ്രേരണകള്‍ക്കോ വശംവദരായിപ്പോകരുതെന്നു സാരം. മത തത്വങ്ങള്‍ക്കും നിയമനിര്‍ദ്ദേശങ്ങള്‍ക്കും നിരക്കാത്ത നിയമങ്ങളും, വ്യാഖ്യാനങ്ങളും, അനുകരണങ്ങളുമെല്ലാം അതിരുകവിയലില്‍ ഉള്‍പ്പെടുന്നു. (3). അക്രമികളിലേക്കു ചാഞ്ഞുപോകരുത്. അവിശ്വാസികള്‍, അനിസ്ലാമികമായ താല്‍പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നവര്‍, അനാചാര ദുരാചാരങ്ങളില്‍ മുഴുകിയവര്‍ എന്നിങ്ങിനെയുള്ളവരുമായി അനുഭാവവും, അനുനയവും സ്വീകരിക്കരുതെന്നു സാരം. ഇങ്ങിനെ ചെയ്യുന്നപക്ഷം അതിന്‍റെ ഫലം രക്ഷയില്ലാത്ത നരകശിക്ഷയാണെന്നും, ആ അക്രമികളാരും തന്നെ നിങ്ങളെ രക്ഷിക്കുവാനുണ്ടാകുകയില്ലെന്നും അല്ലാഹു പ്രത്യേകം താക്കീതും ചെയ്തിരിക്കുന്നു. ഈ മൂന്ന് മൗലിക നിര്‍ദ്ദേശങ്ങള്‍ക്കു ശേഷം, അനുഷ്ഠാനപരമായി സത്യവിശ്വാസികള്‍ സദാ മനസ്സിരുത്തേണ്ടുന്ന ചില പ്രധാന വിഷയങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-
- وَأَقِمِ ٱلصَّلَوٰةَ طَرَفَىِ ٱلنَّهَارِ وَزُلَفًا مِّنَ ٱلَّيْلِ ۚ إِنَّ ٱلْحَسَنَٰتِ يُذْهِبْنَ ٱلسَّيِّـَٔاتِ ۚ ذَٰلِكَ ذِكْرَىٰ لِلذَّٰكِرِينَ ﴾١١٤﴿
- പകലിന്‍റെ രണ്ടു വക്കിലും, രാത്രിയില്‍നിന്നു (പകലിനോടു) അടുത്ത വേളകളിലും നീ നമസ്കാരം നില നിറുത്തുകയും ചെയ്യുക. നിശ്ചയമായും, നന്‍മകള്‍ തിന്‍മകളെ പോക്കി [അകറ്റി]ക്കളയുന്നതാണ്. ഇതു, ഓര്‍മ്മിക്കുന്നവ൪ക്കു (ഓര്‍മ്മിക്കുവാന്‍) വേണ്ടിയുള്ള ഒരു ഉപദേശമാകുന്നു.
- وَأَقِمِ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം طَرَفَيِ രണ്ടു തലപ്പത്തു, ഓരത്തു, വക്കത്തു, അറ്റത്തു النَّهَارِ പകലിന്‍റെ وَزُلَفًا അടുത്ത സമയങ്ങളിലും مِّنَ اللَّيْلِ രാത്രിയില്‍ നിന്നു إِنَّ الْحَسَنَاتِ നിശ്ചയമായും നന്‍മകള്‍ يُذْهِبْنَ അവ പോക്കി (നീക്കി) ക്കളയുന്നു السَّيِّئَاتِ തിന്‍മകളെ ذَٰلِكَ അതു (ഇതു) ذِكْرَىٰ ഉപദേശമാണു, സ്മരണയാണു لِلذَّاكِرِينَ ഓര്‍മ്മിക്കുന്ന (സ്മരിക്കുന്ന)വര്‍ക്കു.
- وَٱصْبِرْ فَإِنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُحْسِنِينَ ﴾١١٥﴿
- ക്ഷമിക്കുകയും ചെയ്തു കൊള്ളുക. (കാരണം) നിശ്ചയമായും, സല്‍ഗുണം ചെയ്യുന്നവരുടെ പ്രതിഫലത്തെ അല്ലാഹു പാഴാക്കുകയില്ല.
- وَاصْبِرْ ക്ഷമിക്കുകയും ചെയ്യുക فَإِنَّ اللَّـهَ എന്നാല്‍ (കാരണം) നിശ്ചയമായും അല്ലാഹു لَا يُضِيعُ അവന്‍ പാഴാക്കുക (വെറുതെയാക്കുക)യില്ല أَجْرَ പ്രതിഫലത്തെ الْمُحْسِنِينَ നന്‍മ (പുണ്യം - സല്‍ഗുണം - സുകൃതം) ചെയ്യുന്നവരുടെ.
മാനസികവും, വാചികവും, ശാരീരികവുമായ വിനയാര്‍പ്പണങ്ങള്‍ അടങ്ങിയതും, അനുഷ്ഠാന ക൪മ്മങ്ങളില്‍ അതിപ്രധാനമായതുമായ ഒരു ആരാധനാ കര്‍മ്മമത്രെ നമസ്കാരം. ചില പ്രത്യേക കാരണങ്ങളെ മുന്‍നിറുത്തി ചുരുക്കം ചില സന്ദര്‍ഭങ്ങളിലും, സ്ഥലങ്ങളിലും അതു നിര്‍വ്വഹിക്കപ്പെട്ടു കൂടാ എന്നു ഹദീസുകളില്‍ വിലക്കപ്പെട്ടിരിക്കുന്നതു കൊണ്ടു അവയല്ലാത്ത ഏതവസരങ്ങളിലും മനുഷ്യനു ചെയ്‌വാനുള്ള ഏറ്റവും മഹത്തായൊരു പുണ്യകര്‍മ്മമത്രെ നമസ്കാരം. അഞ്ചുനേരത്തെ നമസ്കാരം മാത്രമേ നിര്‍ബ്ബന്ധമായി നിയമിക്കപ്പെട്ടിട്ടുള്ളുവെന്നു മാത്രം. നമസ്കാരകര്‍മ്മത്തിനു കൂടുതല്‍ ഉപയുക്തവും അനുയോജ്യവുമായ സമയം രാവിലെയും വൈകുന്നേരവും, രാത്രിയിലെ ഏതാനും സമയവുമാണെന്ന് ഇവിടെയെന്നപ്പോലെ, (17: 78; 20: 130; 50: 39,40; 76: 25, 26 മുതലായ) വേറെ പല സ്ഥലങ്ങളിലും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഓരോ സ്ഥലത്തും ഉപയോഗിച്ച വാക്കുകളില്‍ കുറെയൊക്കെ വ്യത്യാസം കാണുമെങ്കിലും പ്രകൃതിപരമായ മാറ്റങ്ങള്‍, മനുഷ്യന്‍റെ ചുറ്റുപാടുകളിലും ജീവിതക്രമങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിങ്ങിനെ പലതും പരിഗണിക്കപ്പെട്ടുകൊണ്ടാണു ആ സമയങ്ങള്‍ക്കു അല്ലാഹു പ്രത്യേകത കല്‍പിച്ചിരിക്കുന്നതെന്നു അല്‍പം ചിന്തിച്ചാല്‍ ആര്‍ക്കും മനസ്സിലാക്കാം. (ഇതു സംബന്ധിച്ചു താഴെ വരുന്ന സൂറത്തുകളില്‍ ചിലതെല്ലാം വിവരിക്കുന്നുണ്ടു.).
നിലവിലുള്ള അഞ്ചു നിര്‍ബ്ബന്ധ നമസ്കാരങ്ങളുടെ നിയമപരമായ സമയനിര്‍ണ്ണയമല്ല ഈ വചനങ്ങളുടെ ഉദ്ദേശ്യം. എങ്കിലും അതിനാസ്പദമായ ഒരടിസ്ഥാനം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു താനും. പകലിന്‍റെ തുടക്കം ഇസ്‌ലാമിക ദൃഷ്ട്യാ പ്രഭാതം മുതല്‍ക്കാണുള്ളതു. ഉച്ചവരെയുള്ള സമയം ‘രാവിലെ’യിലും, ഉച്ചമുതല്‍ സന്ധ്യവരെയുള്ള സമയം ‘വൈകുന്നേര’ത്തിലും ഉള്‍പ്പെടുന്നു. അപ്പോള്‍, സുബ്ഹ് നമസ്കാരം പകലിന്‍റെ ആദ്യത്തിലും, അസര്‍ നമസ്കാരം അതിന്‍റെ അന്ത്യത്തിലുമാണുള്ളത്. മഗ്രിബും, ഇശായുമാകട്ടെ, പകലിനോടടുത്തു നില്‍ക്കുന്ന രാത്രിവേളയിലും. ളുഹ്റിന്‍റെ സമയം ഉച്ചക്കു ശേഷമായതുകൊണ്ടു അതു വൈകുന്നേരത്തില്‍ ഉള്‍പ്പെടുത്താം. സൂറത്തു – റൂമിലെ ആയത്തില്‍, രാവിലെയും, വൈകുന്നേരവും, സായാഹ്നത്തിലും, മദ്ധ്യാഹ്നത്തിലും എന്നു കൂടി പറഞ്ഞിട്ടുള്ളതും സ്മരണീയമാകുന്നു. (റൂം: 17,18).
ക്ഷമയെക്കുറിച്ചുള്ള കല്‍പന ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിലുള്ള ക്ഷമയെ മാത്രം ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല. വിശാലാര്‍ത്ഥത്തിലുള്ള ഒരു പൊതു കല്‍പനയാണതു. അല്ലാഹുവിന്‍റെ നിയമ നിര്‍ദ്ദേശങ്ങളും, വിധിവിലക്കുകളും പാലിക്കുന്നതില്‍ അനുഭവപ്പെടുന്ന എല്ലാ വിഷമങ്ങളിലും, ശത്രുക്കള്‍ മൂലമോ, മറ്റുതരത്തിലുള്ള കാരണങ്ങളാലോ ഉണ്ടായിത്തീരുന്ന എല്ലാ കഷ്ടനഷ്ടങ്ങളിലും ക്ഷമ കൈക്കൊള്ളേണ്ടതുണ്ട്.
…. إِنَّ الْحَسَنَاتِ (നിശ്ചയമായും നന്‍മകള്‍ തിന്‍മകളെ പോക്കിക്കളയുന്നു) എന്ന വാക്യം വളരെ ശ്രദ്ധിക്കപ്പെടേണ്ടുന്ന ഒരു തത്വമാകുന്നു. നമസ്കാരം നിലനിറുത്തുവാന്‍ കല്‍പിച്ചതിനെത്തുടര്‍ന്നാണു ഈ തത്വം അല്ലാഹു ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. അപ്പോള്‍, പുണ്യകര്‍മ്മങ്ങള്‍ പൊതുവിലും നമസ്കാരം പ്രത്യേകിച്ചും തിന്‍മകളെ അകറ്റിക്കളയുമെന്നു ഇതില്‍ നിന്നു മനസ്സിലാക്കാം. മനുഷ്യന്‍റെ പക്കല്‍ പാപവും പാകപ്പിഴവും വന്നു കൊണ്ടിരിക്കുമെന്നു അല്ലാഹുവിനറിയാമല്ലോ. എന്നാല്‍ തെറ്റുകുറ്റങ്ങള്‍ ചെയ്തുപോയതുകൊണ്ടു നിരാശപ്പെടേണ്ടതില്ല; കഴിയുന്നത്ര നന്‍മകള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ആ തിന്‍മകളുടെ കുറ്റം നീങ്ങിപ്പോകും: അല്ലാഹു അതു പൊറുത്തുതരും എന്നാണു അല്ലാഹു ഉപദേശിക്കുന്നത്. നബി (സ്വ) അരുളിച്ചെയ്തിട്ടുള്ള ചില ഹദീസുകള്‍ ഇവിടെ ഓര്‍മ്മിക്കുന്നതു അവസരോചിതമായിരിക്കും:-
1. ‘നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക. തിന്‍മയെത്തുടര്‍ന്ന്‍ നന്‍മ ചെയ്യുകയും ചെയ്യുക. എന്നാല്‍, അതു അതിനെ മായിച്ചുകളയും. ജനങ്ങളോടു നല്ല സ്വഭാവത്തില്‍ പെരുമാറുകയും ചെയ്യുക.’ (അ). 2. അഞ്ചു നമസ്കാരങ്ങള്‍, ഒരു ജുമുഅഃ അടുത്ത ജുമുഅഃ വരെ, ഒരു റമള്വാന്‍ അടുത്ത റമള്വാന്‍ വരെ, ഇവയെല്ലാം അതതിനിടയിലുള്ള പാപങ്ങളെ പൊറുപ്പിക്കുന്നവയാകുന്നു. മഹാപാപങ്ങള്‍ ഉപേക്ഷിക്കുന്നപക്ഷം.’ (മു). 3. ഇബ്നു മസ്ഊദ് (റ) പറയുന്നു: ഒരാള്‍ ഒരു (അന്യ) സ്ത്രീയെ ചുംബിച്ചു. അയാള്‍ നബി (സ്വ)യുടെ അടുക്കല്‍ വന്ന് ആ വിവരം അറിയിച്ചു. അപ്പോള്‍, …. وَأَقِمِ الصَّلَاةَ എന്നുള്ള (ഈ) വചനം അവതരിച്ചു. ആ പുരുഷന്‍ ചോദിച്ചു: ‘അല്ലാഹുവി ന്‍റെ റസൂലേ, ഇതു എനിക്കു (മാത്രമു)ള്ളതാണോ?’ നബി (സ്വ) പറഞ്ഞു: ‘എന്‍റെ സമുദായത്തിനു മുഴുവനുമുള്ളതാണ്. (ബു; മു; അ; തി; ന; ജ). 4. അല്‍പം ദീര്‍ഘമായ ഒരു നബി വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു. ‘നിശ്ചയമായും, തിന്‍മയായതിനെ തിന്‍മയായതുകൊണ്ടു അല്ലാഹു മായിച്ചു കളയുകയില്ല. എങ്കിലും തിന്‍മയെ നന്‍മകൊണ്ടു അവന്‍ മായിക്കും. ദുഷിച്ചതു ദുഷിച്ചതിനെ മായിക്കുകയില്ല.’ (അ). 5. റസൂല്‍ (സ്വ) ചെയ്തു വന്നിരുന്നതുപോലെ വുള്വു ചെയ്തു കാണിച്ചശേഷം ഉസ്മാന്‍ (റ) ഇപ്രകാരം പറയുകയുണ്ടായി: റസൂല്‍ (സ്വ) ഇപ്രകാരം വുള്വു ചെയ്തുകൊണ്ടു ഇങ്ങിനെ പറഞ്ഞിരിക്കുന്നു: ഞാന്‍ ഈ ചെയ്ത പ്രകാരം വുള്വു ചെയ്തു ആരെങ്കിലും തന്‍റെ സ്വന്തത്തോടു ഒന്നും സംസാരിക്കാതെ (ഏകാഗ്രതയോടെ) രണ്ടു റക്അത്ത് (സുന്നത്തു) നമസ്കരിക്കുന്നപക്ഷം മുന്‍ ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.’ (ബു; മു).
നന്‍മകള്‍ മൂലം തിന്‍മകള്‍ പൊറുക്കപ്പെടുമെന്നു പറഞ്ഞതു മഹാപാപങ്ങളല്ലാത്ത തിന്‍മകളെ ഉദ്ദേശിച്ചാണെന്നു മേല്‍ ഉദ്ധരിച്ച ഹദീസുകളില്‍നിന്നു വ്യക്തമാണ്. അതുകൊണ്ടാണ്, ചെറുപാപങ്ങള്‍ മാത്രമാണു സല്‍ക്കര്‍മ്മങ്ങള്‍ മൂലം പൊറുക്കപ്പെടുകയെന്നും, വലിയ പാപങ്ങളില്‍ പ്രത്യേകം പശ്ചാത്താപം (തൗബഃ) തന്നെ വേണമെന്നും പല മഹാന്‍മാരും പറഞ്ഞു കാണുന്നതും.
- فَلَوْلَا كَانَ مِنَ ٱلْقُرُونِ مِن قَبْلِكُمْ أُو۟لُوا۟ بَقِيَّةٍ يَنْهَوْنَ عَنِ ٱلْفَسَادِ فِى ٱلْأَرْضِ إِلَّا قَلِيلًا مِّمَّنْ أَنجَيْنَا مِنْهُمْ ۗ وَٱتَّبَعَ ٱلَّذِينَ ظَلَمُوا۟ مَآ أُتْرِفُوا۟ فِيهِ وَكَانُوا۟ مُجْرِمِينَ ﴾١١٦﴿
- എന്നാല്‍, നിങ്ങള്‍ക്കു മുമ്പുള്ള (ആ) തലമുറകളില്‍ നിന്നും എന്തുകൊണ്ടുണ്ടായില്ല? ഭൂമിയില്‍ കുഴപ്പം (ഉണ്ടാക്കുന്നതിനെ) സംബന്ധിച്ച് (ജനങ്ങളെ) വിരോധിക്കുന്ന (നല്ല) പാരമ്പര്യമുള്ളവര്‍! (അതെ) അവരില്‍നിന്ന് നാം രക്ഷപ്പെടുത്തിയവരില്‍ പെട്ട അല്‍പം ആളുകളല്ലാതെ. അക്രമം പ്രവര്‍ത്തിച്ചവര്‍, യാതൊന്നില്‍ തങ്ങള്‍ക്കു സുഖലോലുപത നല്‍കപ്പെട്ടുവോ അതിനെ പിന്‍പറ്റുകയും ചെയ്തു; അവര്‍ കുറ്റവാളികളുമായിരുന്നു.
- فَلَوْلَا كَانَ എന്നാല്‍ (അപ്പോള്‍) എന്തുകൊണ്ടുണ്ടായില്ല, ഉണ്ടായിരുന്നുകൂടേ مِنَ الْقُرُونِ തലമുറകളില്‍ നിന്നും مِن قَبْلِكُمْ നിങ്ങളുടെ മുമ്പുള്ള أُولُو بَقِيَّةٍ അവശിഷ്ടമുള്ള (പാരമ്പര്യമുള്ള)വര്‍ (നല്ലവര്‍) يَنْهَوْنَ വിരോധിക്കുന്ന عَنِ الْفَسَادِ കുഴപ്പത്തെപ്പറ്റി, നാശത്തെ സംബന്ധിച്ചു فِي الْأَرْضِ ഭൂമിയില്‍ إِلَّا قَلِيلًا അല്‍പം ആളുകളൊഴികെ مِّمَّنْ أَنجَيْنَا നാം രക്ഷപ്പെടുത്തിയവരില്‍ പെട്ട مِنْهُمْ അവരില്‍ നിന്നു وَاتَّبَعَ പിന്‍പറ്റുകയും ചെയ്തു الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവര്‍ مَا യാതൊന്നിനെ أُتْرِفُوا അവര്‍ക്കു സുഖലോലുപത (ആഡംബരത്വം) നല്‍കപ്പെട്ടു فِيهِ അതില്‍ وَكَانُوا അവരായിരുന്നു താനും مُجْرِمِينَ കുറ്റവാളികള്‍, മഹാപാപികള്‍.
- وَمَا كَانَ رَبُّكَ لِيُهْلِكَ ٱلْقُرَىٰ بِظُلْمٍ وَأَهْلُهَا مُصْلِحُونَ ﴾١١٧﴿
- വല്ല അക്രമവും നിമിത്തം നിന്‍റെ റബ്ബ് രാജ്യങ്ങളെ നശിപ്പിക്കുകയുണ്ടാവില്ല, അവയിലെ ആള്‍ക്കാര്‍ നല്ലതു പ്രവര്‍ത്തിക്കുന്നവരായിരിക്കെ.
- وَمَا كَانَ ആകുകയില്ല, ഉണ്ടാവില്ല رَبُّكَ നിന്‍റെ റബ്ബ് لِيُهْلِكَ നശിപ്പിക്കുവാന്‍, നശിപ്പിക്കുക الْقُرَىٰ രാജ്യങ്ങളെ بِظُلْمٍ വല്ല അക്രമവും നിമിത്തം, അക്രമമായിട്ടു وَأَهْلُهَا അവയിലെ ആള്‍ക്കാരാകട്ടെ, ആള്‍ക്കാരായിരിക്കെ مُصْلِحُونَ നന്‍മ പ്രവര്‍ത്തിക്കുന്ന (നല്ലതു ചെയ്യുന്ന) വരാണു.
മുമ്പു വിവരിച്ച പ്രകാരം പല രാജ്യങ്ങളിലെയും ജനങ്ങളെ നശിപ്പിക്കുമാറുള്ള പൊതു ശിക്ഷകള്‍ ബാധിക്കുവാനുള്ള കാരണം ചൂണ്ടിക്കാട്ടുകയാണു. സാരം ഇങ്ങിനെ മനസ്സിലാക്കാം: ശിക്ഷക്കു വിധേയരായ ആ തലമുറകളൊക്കെ നാട്ടില്‍ കുഴപ്പവും അക്രമവും ഉണ്ടാകുന്നതു തടയുമാറുള്ള നല്ല പാരമ്പര്യം – അഥവാ അതിനുള്ള വിവേക ബുദ്ധിയും തന്‍റേടവും – ഉള്ളവരായിരുന്നില്ല. അതാണവരൊക്കെ നാശത്തിനു വിധേയരാകുവാന്‍ കാരണം. വളരെ കുറഞ്ഞ ആളുകള്‍ അങ്ങിനെയുള്ളവര്‍ ഉണ്ടായിരുന്നതു ശരിയാണു. ഓരോ ജനതയും നശിപ്പിക്കപ്പെടുമ്പോള്‍, പ്രവാചകന്‍മാരൊന്നിച്ചു രക്ഷപ്പെടുത്തപ്പെട്ടിട്ടുള്ള ചുരുക്കം ചില സത്യവിശ്വാസികളായിരുന്നു അത്. അവര്‍ എണ്ണത്തിലെന്ന പോലെ ശക്തിയിലും സ്വാധീനത്തിലും ക്ഷയിച്ചവരായിരിക്കുമല്ലോ. നേരെമറിച്ചു അക്രമത്തിന്‍റെയും കുഴപ്പത്തിന്‍റെയും ആള്‍ക്കാരാകട്ടെ, ബഹുഭൂരിപക്ഷമുള്ളവരും, പ്രതാപവും ശക്തിയുമുള്ളവരുമായിരിക്കും. അവര്‍ തങ്ങളുടെ സുഖാഡംബരങ്ങളിലും, ക്ഷേമൈശ്വര്യങ്ങളിലും ലയിച്ചു പോയിരിക്കയും ചെയ്യും. അങ്ങനെ, നാട്ടില്‍ നന്‍മയും നെറിയും വരുത്തന്നതിനു പകരം തിന്‍മയും അക്രമവുമായിരിക്കും അവര്‍ പരത്തുക. ഇങ്ങിനെയാണവര്‍ ശിക്ഷക്കു പാത്രമായിത്തീരുന്നത്. ഇതാണ് ആദ്യത്തെ വചനത്തിലടങ്ങിയ ആശയം.
രണ്ടാമത്തെ വചനത്തിന്‍റെ സാരം ഇപ്രകാരമാണു: രാജ്യക്കാര്‍ പൊതുവെ നന്മയും നെറിയും പാലിക്കുന്നവരായിരിക്കുമ്പോള്‍ അവരില്‍ നിന്നു വല്ല അക്രമവും – ശിര്‍ക്കോ മറ്റോ – ഉണ്ടായാല്‍ തന്നെയും അല്ലാഹു രാജ്യക്കാരെ ഒന്നാകെ നശിപ്പിക്കുകയില്ല. രാജ്യക്കാര്‍ കുഴപ്പത്തിലും അക്രമങ്ങളിലും അതിരുകവിയുമ്പോഴല്ലാതെ അവരെ ശിക്ഷിക്കുന്നതു അല്ലാഹുവിന്‍റെ നടപടിച്ചട്ടങ്ങളില്‍പ്പെട്ടതുമല്ല.
- وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَٰحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ ﴾١١٨﴿
- നിന്‍റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍, മനുഷ്യരെ അവന്‍ ഒരേ സമുദായമാക്കുക തന്നെ ചെയ്തിരുന്നു. അവര്‍ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടേയിരിക്കുന്നതാണു;
- وَلَوْشَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്‍റെ റബ്ബ് لَجَعَلَ അവന്‍ ആക്കുക തന്നെ ചെയ്തിരുന്നു النَّاسَ മനുഷ്യരെ أُمَّةً ഒരു സമുദായം وَاحِدَةً ഒരേ, ഏക وَلَا يَزَالُونَ അവര്‍ ആയിക്കൊണ്ടേയിരിക്കയും ചെയ്യും, (വിട്ടുമാറാതെയുമിരിക്കുന്നു) مُخْتَلِفِينَ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടു, വ്യത്യസ്തരായിട്ടു, ഭിന്നിച്ചവരായി.
- إِلَّا مَن رَّحِمَ رَبُّكَ ۚ وَلِذَٰلِكَ خَلَقَهُمْ ۗ وَتَمَّتْ كَلِمَةُ رَبِّكَ لَأَمْلَأَنَّ جَهَنَّمَ مِنَ ٱلْجِنَّةِ وَٱلنَّاسِ أَجْمَعِينَ ﴾١١٩﴿
- നിന്‍റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല] അതിനു വേണ്ടിയാണ് അവരെ അവന്‍ സൃഷ്ടിച്ചതും. നിന്‍റെ റബ്ബിന്‍റെ വാക്കു പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു; 'ജിന്നുകളില്‍ നിന്നും, മനുഷ്യരില്‍ നിന്നുമെല്ലാം (തന്നെ) 'ജഹന്നമി'നെ [നരകത്തെ] നിശ്ചയമായും നാം നിറക്കുന്നതാണു' എന്നു!
- إِلَّا مَن رَّحِمَ കരുണ ചെയ്തവരൊഴികെ رَبُّكَ നിന്‍റെ റബ്ബു وَلِذَٰلِكَ അതിനുവേണ്ടി (തന്നെ), അതിനായിട്ടുമാണു خَلَقَهُمْ അവന്‍ അവരെ സൃഷ്ടിച്ചു, സൃഷ്ടിച്ചതു وَتَمَّتْ പൂര്‍ത്തിയാകുകയും ചെയ്തിരിക്കുന്നു كَلِمَةُ رَبِّكَ നിന്‍റെ റബ്ബിന്‍റെ വാക്കു (വാക്യം) لَأَمْلَأَنَّ നിശ്ചയമായും ഞാന്‍ നിറക്കും جَهَنَّمَ ജഹന്നമിനെ (നരകത്തെ) مِنَ الْجِنَّةِ ജിന്നുകളില്‍ നിന്നും, ജിന്നുകളാലും وَالنَّاسِ മനുഷ്യരില്‍ നിന്നും, മനുഷ്യരാലും أَجْمَعِينَ എല്ലാം.
ഈ വചനങ്ങളിലടങ്ങിയ ആശയങ്ങള്‍ ഇങ്ങിനെ മനസ്സിലാക്കാം: (1). മനുഷ്യവര്‍ഗ്ഗം മുഴുവനും എല്ലാ കാലത്തും ഒരേ വിശ്വാസാദ൪ശങ്ങളും നടപടിക്രമങ്ങളും സ്വീകരിച്ചുവരുന്ന ഒരേ സമുദായമായിരിക്കുവാനാണു അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കില്‍, അതങ്ങിനെത്തന്നെ ആകുമായിരുന്നു. പക്ഷേ, അങ്ങിനെ അവന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടാണവര്‍ പല തരക്കാരും വിഭാഗക്കാരുമായിത്തീര്‍ന്നത്. أُمَّةً وَاحِدَةً (ഒരേ സമുദായം) എന്നതുകൊണ്ടു ഇവിടെ വിവക്ഷ സന്‍മാര്‍ഗ്ഗത്തില്‍ നില കൊള്ളുന്ന സമുദായം (امة هداية) എന്നായിരിക്കുവാനാണു കൂടുതല്‍ സാധ്യത. കാരണം, ‘നിന്‍റെ റബ്ബു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഭൂമിയിലുള്ളവര്‍ മുഴുവനും വിശ്വസിക്കുമായിരുന്നു’ (യൂനുസ് : 99) എന്നും, ‘നാം ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ ഓരോ ദേഹത്തിനും – അഥവാ ആള്‍ക്കും – അതിന്‍റെ നേര്‍മാര്‍ഗ്ഗം നാം നല്‍കുമായിരുന്നു’ (സജദഃ 13) എന്നും ‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ അവരെ – മനുഷ്യരെ – നേര്‍മ്മാര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടുമായിരുന്നു’. (അന്‍ആം 35, 149) എന്നും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ചില വ്യാഖ്യാതാക്കള്‍ ഇതിനു വിവക്ഷ നല്‍കുന്നതു ദുര്‍മ്മാര്‍ഗ്ഗത്തില്‍ സ്ഥിതിചെയ്യുന്ന സമുദായം (امة ضلالة) എന്നത്രെ. ഇവര്‍ക്കും ചില ന്യായങ്ങള്‍ ഇല്ലാതില്ല. രണ്ടായാലും അല്ലാഹു അങ്ങിനെ ഉദ്ദേശിച്ചിട്ടില്ലെന്നും, മനുഷ്യര്‍ ഈ രണ്ടില്‍ ഏതെങ്കിലും ഒര൪ത്ഥത്തില്‍ ഏക സമുദായമല്ലെന്നും തീര്‍ച്ച തന്നെ. (സൂ: ശൂറാ 8ന്‍റെ വ്യാഖ്യാനത്തില്‍ ഇതു സംബന്ധിച്ചു വിവരിച്ചതു നോക്കുക) ഏതായാലും – ചില ആളുകള്‍ പറയുന്നതുപോലെ – അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ നിങ്ങളെ പക്ഷിമൃഗാദികളെപ്പോലെ ഒരേ പ്രാകൃതജീവിതം നയിക്കുന്നവരാക്കുമായിരുന്നുവെന്നല്ല അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം. മനുഷ്യന്‍ ഒരേ സമുദായമല്ലെങ്കില്‍, പിന്നെ അവരുടെ സ്ഥിതിയെന്താണ്? അതാണ് അടുത്ത വാക്യത്തിലുള്ളത്.
(2). മനുഷ്യര്‍ ഭിന്നാഭിപ്രായക്കാരായിക്കൊണ്ടിരിക്കുകയാണ്. അഥവാ, ഭിന്നമായ വിശ്വാസാദര്‍ശങ്ങളും, ആചാര നടപടികളും സ്വീകരിച്ചു കൊണ്ടു പല മതക്കാരും സമുദായക്കാരുമായിക്കൊണ്ടിരിക്കുന്നു. ഈ ഭിന്നിപ്പു മനുഷ്യാരംഭം തൊട്ടു തന്നെ ഉണ്ടായതല്ല. തുടക്കത്തില്‍, എല്ലാവരും ഒരേ സമുദായക്കാരായിത്തന്നെ ഇരുന്നിരുന്നു. 2: 213ലും, 10: 19ലും കാണാവുന്നതുപോലെ, പിന്നീടു കാലക്രമത്തില്‍ ഭിന്ന സമുദായങ്ങളായി മാറുകയാണുണ്ടായത്. സത്യത്തിന്‍റെ മാര്‍ഗ്ഗം ഒന്നുമാത്രവും, അസത്യത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ പലതുമാക കൊണ്ടു ഈ ഭിന്നകക്ഷികളില്‍ ഒന്നുമാത്രം ശരിയായ കക്ഷിയും മറ്റുള്ളതെല്ലാം തെറ്റായ കക്ഷിയും ആയിരിക്കുവാനേ നിവൃത്തിയുള്ളു. അതെ, അല്ലാഹുവിന്‍റെ പ്രവാചകന്‍മാരും ദിവ്യ ദൗത്യങ്ങളും മുഖേന അല്ലാഹു അതതു കാലങ്ങളില്‍ മനുഷ്യര്‍ക്ക് നല്‍കുന്ന മാര്‍ഗ്ഗം ഏതോ അതു സ്വീകരിച്ചവര്‍ മാത്രമായിരിക്കും നേര്‍മാര്‍ഗ്ഗത്തിന്‍റെ ഏക കക്ഷി. അതിനെതിരെ ഭിന്നിച്ചവരെല്ലാം പിഴച്ച കക്ഷികളും. ‘വേദക്കാര്‍ എഴുപത്തി രണ്ടു കക്ഷികളായി പിരിഞ്ഞു; എന്‍റെ സമുദായം എഴുപത്തി മൂന്നു കക്ഷികളായി പിരിയും; അവരില്‍ ഒന്നു മാത്രമായിരിക്കും രക്ഷപ്പെട്ട കക്ഷി; ഞാനും എന്‍റെ സഹാബികളും സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണു അവര്‍’ എന്നു ഹദീസുകളില്‍ വന്നിട്ടുള്ളതും ആ ഏകകക്ഷിയെയാണു ചൂണ്ടിക്കാട്ടുന്നത്. ഇതേ കക്ഷിയെ ഉദ്ദേശിച്ചു തന്നെയാണു إِلَّا مَن رَّحِمَ رَبُّكَ (നിന്‍റെ റബ്ബു കരുണ ചെയ്തവരൊഴികെ) എന്നു അല്ലാഹു പറയുന്നതും.
(3). അല്ലാഹു കരുണ ചെയ്തവരൊഴിച്ചു മറ്റുള്ളവരെല്ലാം ഭിന്നിച്ചു കൊണ്ടിരിക്കുന്നവരാണെന്നു പറഞ്ഞശേഷം, അതിനുവേണ്ടിയാണു അവരെ സൃഷ്ടിച്ചിരിക്കുന്നതും (وَلِذَٰلِكَ خَلَقَهُمْ) എന്നു പറഞ്ഞിരിക്കുന്നു. ഇതില്‍ അതിന്നുവേണ്ടി (لِذَٰلِكَ) എന്ന സൂചനാനാമം ഏതിനെ ഉദ്ദേശിച്ചാണെന്നുള്ളതില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളുള്ളതു കൊണ്ടു ആ വാക്യം രണ്ടുമൂന്നു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നു. അല്ലാഹുവിന്‍റെ കാരുണ്യത്തിനുവേണ്ടിയാണ് അവരെ സൃഷ്ടിച്ചിരിക്കുന്നത്. എങ്കിലും അധികമാളുകളും ഭിന്നിപ്പു നിമിത്തം കാരുണ്യത്തിനര്‍ഹരല്ലാതാവുകയാണ് ഉണ്ടായത് എന്നാണു ഒരു വ്യാഖ്യാനം. മുജാഹിദു, ള്വാഹ്ഹാക്, ഖത്താദഃ (റ) മുതലായവരുടെ വ്യാഖ്യാനമാണിത്. ‘എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്ടിച്ചിട്ടില്ല’ ( وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ :الذاريات: ٥٦) എന്നു അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലോ. എന്നിട്ടും പലരും അവനെ ആരാധിക്കുന്നില്ല. പലരും അവനോടൊപ്പം മറ്റു ചിലതിനെയും ആരാധിക്കുന്നു. അതുപോലെയുള്ള ഒരു വാക്യമാണിതും എന്നാണവര്‍ പറയുന്നത്. ഭിന്നിപ്പിനും കാരുണ്യത്തിനും വേണ്ടി – അഥവാ ഭിന്നിക്കാതെ കാരുണ്യത്തിന൪ഹമായിത്തീരുകയും, ഭിന്നിച്ചു കാരുണ്യത്തിനര്‍ഹരല്ലാതായിത്തീരുകയും ചെയ്യുന്ന രണ്ടു തരക്കാര്‍ ഉണ്ടായിത്തീരുവാന്‍ വേണ്ടി – യാണു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതു എന്നത്രെ രണ്ടാമത്തെ വ്യാഖ്യാനം. ഇബ്നുജരീര്‍ (റ) മുതലായ ചിലര്‍ ഈ വ്യാഖ്യാനത്തിനാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. സ്വര്‍ഗ്ഗാവകാശികളായ സന്‍മാര്‍ഗ്ഗികളും, നരകാവകാശികളായ ദുര്‍മ്മാര്‍ഗ്ഗികളും ഉണ്ടാകുമെന്നു അല്ലാഹുവിനു മുമ്പേ അറിയാവുന്നതും അതവന്‍റെ മുന്നേയുള്ള വിധി നിശ്ചയങ്ങളില്‍ പെട്ടതുമാണല്ലോ എന്നുള്ളതാണു ഇതിനാധാരം.
കൂടുതല്‍ വ്യക്തമായി തോന്നുന്നതും, അധിക വ്യാഖ്യാതാക്കളും സ്വീകരിച്ചു വരുന്നതുമായ മൂന്നാമത്തെ അഭിപ്രായം ഭിന്നാഭിപ്രായത്തിനു വേണ്ടി മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നുവെന്നാകുന്നു. മനുഷ്യരെ സൃഷ്‌ടിച്ചതിന്‍റെ ലക്ഷ്യവും യുക്തിയും ഭിന്നിപ്പാണെന്നല്ല ഇതിന്‍റെ അര്‍ത്ഥം. മനുഷ്യരുടെ കലാശം ഭിന്നിപ്പിലാണു എത്തിച്ചേരുന്നതു എന്നത്രെ അര്‍ത്ഥം. അഥവാ ഒരാള്‍ ഒരു വഴിക്കുപോകുമ്പോള്‍ വഴിമദ്ധ്യെയുള്ള ഒരു കിണറ്റില്‍ വീണു മരണപ്പെട്ടാല്‍, ‘അവന്‍ മരിക്കുവാനാണ് ആ വഴിക്കുപോയതു’ എന്നു പറയാറുള്ളതുപോലെ ഒരു പ്രയോഗമാണിതു എന്നു സാരം. (*). മലക്കുകളെപ്പോലെ നന്‍മ മാത്രം ചെയ്‌വാന്‍ സാധിക്കുമാറുള്ള ശുദ്ധപ്രകൃതിയോടെയല്ല, മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നതു. നന്‍മയും തിന്‍മയും തിരിച്ചറിയുവാനുള്ള വിവേചന ബുദ്ധിയും, അതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, അതോടൊപ്പം തന്നെ അവയില്‍ ഇഷ്ടമുള്ളതു സ്വീകരിക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യവും നല്‍കിക്കൊണ്ടാണു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. വാസന, വീക്ഷണം, ചിന്താഗതി ആദിയായ കാര്യങ്ങളിലെല്ലാം മനുഷ്യര്‍ ഒരേ തരക്കാരല്ല. വ്യത്യസ്ത സ്വഭാവക്കാരാകുന്നു. തങ്ങള്‍ക്കു ലഭിച്ച ഇച്ഛാ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി നല്ല മാര്‍ഗ്ഗം സ്വീകരിക്കുന്ന വിശുദ്ധന്‍മാരും അതില്‍ നിന്നു ഭിന്നിച്ച് ചീത്തമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്ന അശുദ്ധന്‍മാരും തമ്മില്‍ വേര്‍തിരിക്കുവാ൯ വേണ്ടിയാണു മനുഷ്യനു ഈ പ്രകൃതിവിശേഷം അല്ലാഹു നല്‍കിയിരിക്കുന്നത്. (لِيَمِيزَ اللَّهُ الْخَبِيثَ مِنَ الطَّيِّبِ) ഈ യാഥാര്‍ത്ഥ്യമാണ് ഈ വ്യഖ്യാന പ്രകാരം ഈ ചെറുവാക്യത്തില്‍ അടങ്ങിയിരിക്കുന്നത്. മേലുദ്ധരിച്ച രണ്ടു അഭിപ്രായങ്ങളും പരിശോധിച്ചാല്‍ അവയും അവസാനം ചെന്നെത്തുന്നതും ഈ യാഥാര്‍ത്ഥ്യത്തിലേക്കു തന്നെയാണെന്നു കാണാം. അടുത്ത വാക്യവും, താഴെ കാണുന്ന ഉദ്ധരണികളും ഈ വ്യാഖ്യാനത്തിനു കൂടുതല്‍ വ്യക്തതയും ബലവും നല്‍കുകയും ചെയ്യുന്നു.
(*).يعني ان اللام في ولذلك الغاية لا التعليلها
(4). ജിന്നുകളെയും മനുഷ്യരെയും കൊണ്ടു നരകത്തെ നിറക്കുന്നതാണെന്നും അല്ലാഹു മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കുന്നു. ആ നിശ്ചയം ഇതു മുഖേന – അതെ, ഭിന്നിപ്പു മുഖേന – മനുഷ്യരെ സംബന്ധിച്ചു പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നുവെന്നാണു അവസാനം പറഞ്ഞതിന്‍റെ സാരം. മേല്‍ ചൂണ്ടിക്കാട്ടിയ പ്രകൃതി വിശേഷതയോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതു കൊണ്ടു മനുഷ്യരില്‍ നല്ലവരും ദുഷിച്ചവരും ഉണ്ടായിത്തീരുകയും, അങ്ങനെ സ്വര്‍ഗ്ഗത്തിനും നരകത്തിനും അര്‍ഹരായ രണ്ടു തരം ആള്‍ക്കാര്‍ അവരില്‍നിന്നു ഉരുത്തിരിയുകയും ചെയ്യുക അനിവാര്യമാണല്ലോ. ആദം (അ) നബിക്കു സുജൂദു ചെയ്‌വാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു അദ്ദേഹത്തിന്‍റെ സന്തതികളെ ഞാന്‍ വഴിപിഴപ്പിച്ചുകൊണ്ടിരിക്കുമെന്നു ഇബ്ലീസ് പറഞ്ഞപ്പോള്‍, നിങ്ങളെക്കൊണ്ടു ഞാന്‍ നരകത്തെ നിറക്കുമെന്നു അല്ലാഹു അന്നേ പറഞ്ഞു കഴിഞ്ഞതാണ്. (7:18; 38:85) അപ്പോള്‍, കാരുണ്യത്തിന്‍റെ മാര്‍ഗ്ഗത്തില്‍നിന്നു പിഴച്ചുപോകുവാന്‍ കാരണം ഇബ്ലീസിന്‍റെ ദുഷ്പ്രേരണകള്‍ക്കു വഴങ്ങലാണെന്നു ഇതില്‍ നിന്നു വ്യക്തമായി. ദുര്‍മ്മാര്‍ഗ്ഗികളെക്കൊണ്ടു നരകത്തെ നിറക്കുന്നതുപോലെ, സ്വര്‍ഗ്ഗത്തെ സന്‍മാര്‍ഗ്ഗികളെക്കൊണ്ടും നിറക്കുമെന്നും നബി വചനങ്ങളില്‍ വന്നിരിക്കുന്നു.
- وَكُلًّا نَّقُصُّ عَلَيْكَ مِنْ أَنۢبَآءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَ ۚ وَجَآءَكَ فِى هَٰذِهِ ٱلْحَقُّ وَمَوْعِظَةٌ وَذِكْرَىٰ لِلْمُؤْمِنِينَ ﴾١٢٠﴿
- റസൂലുകളുടെ വൃത്താന്തങ്ങളില്‍നിന്നും നിന്‍റെ ഹൃദയത്തിനു നാം സ്ഥൈര്യം നല്‍കുമാറുള്ളതൊക്കെയും നിനക്കു നാം കഥനം ചെയ്തു (വിവരിച്ചു) തരുന്നു. യഥാര്‍ത്ഥ (വിവര)വും, സത്യവിശ്വാസികള്‍ക്കു സദുപദേശവും, സ്മരണയും ഇതിലൂടെ നിനക്കു വന്നെത്തുകയും ചെയ്തിരിക്കുന്നു.
- وَكُلًّا എല്ലാം തന്നെ, ഒക്കെയും نَّقُصُّ നാം കഥനം ചെയ്യുന്നു, വിവരിച്ചു തരുന്നു عَلَيْكَ നിനക്കു مِنْ أَنبَاءِ വൃത്താന്ത (വര്‍ത്തമാന)ങ്ങളില്‍ നിന്നു الرُّسُلِ റസൂലുകളുടെ مَا نُثَبِّتُ നാം സ്ഥൈര്യം (സ്ഥിരത) നല്‍കുന്നതു, ഉറപ്പിച്ചു നിറുത്തുമാറുള്ളതു بِهِ അതുമൂലം فُؤَادَكَ നിന്‍റെ ഹൃദയത്തിനു, ഹൃദയത്തെ وَجَاءَكَ നിനക്കു വരുകയും ചെയ്തിരിക്കുന്നു فِي هَـٰذِهِ ഇതില്‍, ഇവയില്‍, ഇതിലൂടെ, ഇവയിലായി الْحَقُّ യഥാര്‍ത്ഥം, വേണ്ടപ്പെട്ടതു وَمَوْعِظَةٌ സദുപദേശവും وَذِكْرَىٰ സ്മരണയും, ഉപദേശവും لِلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്കു.
- وَقُل لِّلَّذِينَ لَا يُؤْمِنُونَ ٱعْمَلُوا۟ عَلَىٰ مَكَانَتِكُمْ إِنَّا عَٰمِلُونَ ﴾١٢١﴿
- വിശ്വസിക്കാത്തവരോടു നീ പറയുകയും ചെയ്യുക: 'നിങ്ങള്‍ നിങ്ങളുടെ സ്ഥാനം [നിലപാട്] അനുസരിച്ച് പ്രവര്‍ത്തിച്ചു കൊള്ളുവിന്‍; ഞങ്ങള്‍ (ഞങ്ങളുടെ സ്ഥാനമനുസരിച്ചു) പ്രവര്‍ത്തിക്കുന്നവരാകുന്നു;-
- وَقُل പറയുകയും ചെയ്യുക لِّلَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവരോട് اعْمَلُوا നിങ്ങള്‍ പ്രവര്‍ത്തി ക്കുവിന്‍ عَلَىٰ مَكَانَتِكُمْ നിങ്ങളുടെ സ്ഥാനം (നിലപാടു -സ്ഥിതി) അനുസരിച്ചു إِنَّا നിശ്ചയമായും ഞങ്ങള്‍ (ഞങ്ങളും തന്നെ) عَامِلُونَ പ്രവര്‍ത്തിക്കുന്നവരാണു.
- وَٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ ﴾١٢٢﴿
- 'നിങ്ങള്‍ കാത്തിരിക്കുകയും ചെയ്യുവിന്‍, ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.'
- وَانتَظِرُوا നോക്കിയിരിക്കുക (കാത്തിരിക്കുക)യും ചെയ്‍വിന്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ (ഞങ്ങളും തന്നെ) مُنتَظِرُونَ നോക്കി (കാത്ത്) ഇരിക്കുന്നവരാണു.
فِي هَـٰذِهِ (ഇതിലൂടെ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം ഈ സൂറത്തിലൂടെ എന്നും, ഈ വൃത്താന്തങ്ങളിലൂടെ എന്നും, ആകാവുന്നതാണ്. രണ്ടായാലും ആശയം വ്യക്തമാണല്ലോ. നബി (സ്വ) തിരുമേനിക്കു മനോദൃഢതയും സ്ഥൈര്യവും നല്‍കുവാനാവശ്യമായ എല്ലാ യഥാര്‍ത്ഥ വിവരങ്ങളും ഇതുവഴി നല്‍കിയിട്ടുണ്ട്. സത്യവിശ്വാസികള്‍ക്കു വേണ്ട ഉപദേശങ്ങളും സ്മരണകളും അതിലുണ്ട്. അതിനു വേണ്ടിയാണു ഇതെല്ലാം വിവരിച്ചു തരുന്നത്. വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവര്‍ക്ക് ഇതൊന്നും പ്രയോജനപ്പെടുകയില്ല. അവര്‍ അവരുടെ ഇഷ്ടമനുസരിച്ചു നടന്നു കൊള്ളട്ടെ. അതിന്‍റെ ഫലം അവര്‍ കാത്തിരുന്നു കണ്ടുകൊള്ളട്ടെ എന്നിങ്ങിനെ നബി (സ്വ) യെ അല്ലാഹു ഉണര്‍ത്തുകയാണ്.
- وَلِلَّهِ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَإِلَيْهِ يُرْجَعُ ٱلْأَمْرُ كُلُّهُۥ فَٱعْبُدْهُ وَتَوَكَّلْ عَلَيْهِ ۚ وَمَا رَبُّكَ بِغَٰفِلٍ عَمَّا تَعْمَلُونَ ﴾١٢٣﴿
- ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യകാര്യം അല്ലാഹുവിനുള്ളതാണു. അവങ്കലേക്കുതന്നെ, കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യുന്നു. ആകയാല്‍ നീ അവനെ ആരാധിക്കുകയും, അവന്‍റെമേല്‍ (കാര്യങ്ങള്‍) ഭരമേല്‍പിക്കുകയും ചെയ്തു കൊള്ളുക.
നിന്‍റെ റബ്ബു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി [ഒട്ടും] അശ്രദ്ധനല്ല താനും. - وَلِلَّـهِ അല്ലാഹുവിനാണു غَيْبُ അദൃശ്യ (മറഞ്ഞ) കാര്യം السَّمَاوَاتِ ആകാശങ്ങളിലെ وَالْأَرْضِ ഭൂമിയിലെയും وَإِلَيْهِ അവങ്കലേക്കു തന്നെ يُرْجَعُ മടക്കപ്പെടുന്നു الْأَمْرُ കാര്യം كُلُّهُ അതെല്ലാം فَاعْبُدْهُ അതിനാല്‍ അവനെ ആരാധിച്ചുകൊള്ളുക وَتَوَكَّلْ ഭരമേല്‍പിക്കുകയും ചെയ്യുക, അര്‍പ്പിക്കുക عَلَيْهِ അവന്‍റെ മേല്‍, അവനില്‍ وَمَا അല്ലതാനും رَبُّكَ നിന്‍റെ റബ്ബു بِغَافِلٍ അശ്രദ്ധനേ عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി.
എല്ലാ അദൃശ്യ കാര്യങ്ങളെക്കുറിച്ചുള്ള അറിവും, അവയുടെ കൈകാര്യങ്ങളും അല്ലാഹുവിനു മാത്രമാണുള്ളത്. സകല കാര്യങ്ങളുടെയും കലാശവും, തീരുമാനവും അവങ്കലേക്കുതന്നെ. എന്നിരിക്കെ, ആരാധിക്കപ്പെടുവാനും, കാര്യങ്ങള്‍ ഭരമേല്‍പിക്കപ്പെടുവാനും അര്‍ഹതയുള്ളവന്‍ അവനല്ലാതെ വേറെ ആരുമില്ല. അതുകൊണ്ടു അവനെത്തന്നെ ആരാധിക്കുകയും അവനില്‍തന്നെ ഭരമേല്‍പ്പിക്കുകയും വേണം. നിങ്ങളെ എന്തു ചെയ്യുന്നു. എങ്ങിനെ ചെയ്യുന്നു എന്നെല്ലാം അവന്‍ അറിഞ്ഞും ശ്രദ്ധിച്ചും വരുന്നുണ്ട് എന്ന് നിങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ടിരിക്കേണ്ടതാണു എന്നു സാരം.
تَوَكَّلْ (അല്ലാഹുവില്‍ ഭരമേല്‍പിക്കുക) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, ഏതൊരു കാര്യവും അവന്‍ വിധിച്ച പോലെ വരട്ടെ എന്നുവെച്ചു കൈയും കെട്ടി മൗനമായിരിക്കുക എന്നല്ല. കഴിവുള്ളതും ചെയ്യേണ്ടതുമെല്ലാം ചെയ്യുകയും, അതിനപ്പുറമുള്ളതു അവനില്‍ അര്‍പ്പിക്കുകയും ചെയ്യുക എന്നത്രെ. അല്ലാഹുവിനെമാത്രം ആരാധിച്ചും, അവനില്‍ മാത്രം കാര്യങ്ങള്‍ അര്‍പ്പിച്ചും വരുന്ന സജ്ജനങ്ങളായി ജീവിക്കുവാനും, മരിക്കുവാനും അല്ലാഹു നമ്മെ തുണക്കട്ടെ. ആമീന്‍.
اللهم لك الحمد ولك المنة والفضل
(كان الفراغ من تسويد تفسير هذه السورة الكريمة ظهر يوم الثلاثاء ١٢ جمادى الاخرى سنة ١٣٩٧ ه الموافق ٣١٥ ٧٧ م
والفراغ من تبيبضه بعد العشاء ليلة الخميس ١٠ ربيع الاول سنة ١٣٩٩ الموافق ٧ ٦٧٩ م)