വിഭാഗം - 5

6:42
  • وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ ﴾٤٢﴿
  • (നബിയേ) നിനക്കു മുമ്പു പല സമുദായങ്ങളിലേക്കും നാം (ദൂതന്മാരെ) അയക്കുകയുണ്ടായിട്ടുണ്ട്‌; എന്നിട്ട്‌ കഷ്‌ടപ്പാടും, ദുരിതവും കൊണ്ടു നാം അവരെ പിടികൂടി, അവര്‍ വിനയം കാണിക്കുവാന്‍ വേണ്ടി.
  • وَلَقَدْ أَرْسَلْنَا നാം അയക്കുകയുണ്ടായിട്ടുണ്ട്‌ إِلَىٰ أُمَمٍ പല സമുദായങ്ങളിലേക്കും مِّن قَبْلِكَ നിനക്ക്‌ മുമ്പു فَأَخَذْنَاهُم എന്നിട്ടു നാം അവരെ പിടിച്ചു(പിടികൂടി) بِالْبَأْسَاءِ കഷ്‌ടപ്പാടുകൊണ്ടു وَالضَّرَّاءِ ദുരിതവും, ബുദ്ധിമുട്ടും لَعَلَّهُمْ അവരാകുവാന്‍ വേണ്ടി, ആയേക്കാം يَتَضَرَّعُونَ വിനയം (താഴ്‌മ) കാണിക്കുന്ന(വര്‍), വിനയപ്പെടുക
6:43
  • فَلَوْلَآ إِذْ جَآءَهُم بَأْسُنَا تَضَرَّعُوا۟ وَلَٰكِن قَسَتْ قُلُوبُهُمْ وَزَيَّنَ لَهُمُ ٱلشَّيْطَٰنُ مَا كَانُوا۟ يَعْمَلُونَ ﴾٤٣﴿
  • എന്നാല്‍, അവര്‍ക്കു നമ്മുടെ ശിക്ഷ വന്നപ്പോള്‍ അവര്‍ വിനയം കാണിക്കാതിരുന്നതെന്താണു?! എങ്കിലും അവരുടെ ഹൃദയങ്ങള്‍ കടുത്തുപോയി. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെ പിശാചു അവര്‍ക്ക്‌ അലങ്കാരമാക്കിക്കാണിക്കുകയും ചെയ്‌തു. [ഇതാണുണ്ടായത്‌].
  • فَلَوْلَا എന്നാല്‍ ആയിക്കൂടേ, എന്തുകൊണ്ടായില്ല إِذْ جَاءَهُم അവര്‍ക്കു വന്നപ്പോള്‍ بَأْسُنَا നമ്മുടെ ശിക്ഷ تَضَرَّعُوا അവര്‍ വിനയം(താഴ്‌മ) കാണിക്കും وَلَٰكِن എങ്കിലും قَسَتْ കടുത്തു, കടുപ്പമായി قُلُوبُهُمْ അവരുടെ ഹൃദയങ്ങള്‍ وَزَيَّنَ അലങ്കാരമാക്കുക (ഭംഗിയാക്കിക്കാണിക്കുക)യും ചെയ്‌തു لَهُمُ അവര്‍ക്കു الشَّيْطَانُ പിശാചു, ശൈത്താന്‍ مَا كَانُوا അവരായിരുന്നതിനെ يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
6:44
  • فَلَمَّا نَسُوا۟ مَا ذُكِّرُوا۟ بِهِۦ فَتَحْنَا عَلَيْهِمْ أَبْوَٰبَ كُلِّ شَىْءٍ حَتَّىٰٓ إِذَا فَرِحُوا۟ بِمَآ أُوتُوٓا۟ أَخَذْنَٰهُم بَغْتَةً فَإِذَا هُم مُّبْلِسُونَ ﴾٤٤﴿
  • അങ്ങനെ, യാതൊന്നിനെക്കുറിച്ചു അവര്‍ ഉല്‍ബോധിപ്പിക്ക [ഉപദേശിക്ക] പ്പെട്ടുവോ അതവര്‍ മറന്നുകളഞ്ഞപ്പോള്‍, അവര്‍ക്കു എല്ലാ വസ്‌തുക്കളുടെയും വാതിലുകള്‍ നാം തുറന്നുകൊടുത്തു.
    അങ്ങനെ, (അവസാനം) തങ്ങള്‍ക്കു നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്‌ളാദം കൊണ്ടപ്പോള്‍, അവരെ നാം പെട്ടെന്നു പിടിച്ചു (ശിക്ഷിച്ചുകളഞ്ഞു). അപ്പോള്‍, അവര്‍ (അതാ) നിരാശപ്പെട്ടവര്‍ (ആയിത്തീരുന്നു)!
  • فَلَمَّا نَسُوا അങ്ങനെ (എന്നിട്ടു) അവര്‍ മറന്നപ്പോള്‍ مَا യാതൊരു കാര്യം ذُكِّرُوا അവര്‍ ഉത്‌ബോധിപ്പിക്ക (ഉപദേശിക്ക) പ്പെട്ടു بِهِ അതിനെപ്പറ്റി فَتَحْنَا നാം തുറന്നുകൊടുത്തു عَلَيْهِمْ അവര്‍ക്കു, അവരില്‍ أَبْوَابَ വാതിലു (മാര്‍ഗ്ഗം) കള്‍ كُلِّ شَيْءٍ എല്ലാ വസ്‌തുവിന്റെ(കാര്യത്തിന്റെ)യും حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا فَرِحُوا അവര്‍ സന്തോഷം കൊണ്ടപ്പോള്‍, ആഹ്‌ളാദിച്ചപ്പോള്‍ بِمَا أُوتُوا അവര്‍ക്കു നല്‍കപ്പെട്ടതില്‍, നല്‍കപ്പെട്ടതുകൊണ്ടു أَخَذْنَاهُم അവരെ നാം പിടിച്ചു (ശിക്ഷിച്ചു) بَغْتَةً പെട്ടെന്നു فَإِذَا هُم അപ്പോള്‍ അവരതാ مُّبْلِسُونَ നിരാശപ്പെട്ടവരാകുന്നു

6:45
  • فَقُطِعَ دَابِرُ ٱلْقَوْمِ ٱلَّذِينَ ظَلَمُوا۟ ۚ وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ﴾٤٥﴿
  • അങ്ങനെ, (ആ) അക്രമം പ്രവര്‍ത്തിച്ചവരുടെ മൂടു മുറിക്കപ്പെട്ടു (അവര്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടു). ലോകരക്ഷിതാവായ അല്ലാഹുവിനത്രെ സ്‌തുതി (മുഴുവനും)!
  • فَقُطِعَ അങ്ങനെ മുറിക്ക(ഛേദിക്ക)പ്പെട്ടു دَابِرُ പിന്‍ഭാഗം (മൂട്‌) الْقَوْمِ ജനങ്ങളുടെ الَّذِينَ ظَلَمُوا അക്രമം പ്രവര്‍ത്തിച്ചവരായ وَالْحَمْدُ സ്‌തുതി (മുഴുവന്‍) لِلَّهِ അല്ലാഹുവിനാണു رَبِّ റബ്ബായ, രക്ഷിതാവായ الْعَالَمِينَ ലോകരുടെ

മുന്‍ സമുദായങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ അതുപോലെ നിങ്ങളിലും സംഭവിക്കുന്നതു സൂക്ഷിക്കണമെന്നു അവിശ്വാസികളെ അല്ലാഹു താക്കീതു ചെയ്കയാണു. മുമ്പു പല സമുദായങ്ങളിലേക്കും ഇതുപോലെ റസൂലുകളെ അയച്ചിട്ട് അവര്‍ അവരെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്തു. അപ്പോള്‍, അവരുടെ ധിക്കാരം മാറ്റി അവര്‍ വിനയവും പാകതയും ഉള്ളവരായിത്തീരുവാന്‍വേണ്ടി അല്ലാഹു ഓരോ തരത്തിലുള്ള പീഡനങ്ങളും ദുരിതങ്ങളും ഏര്‍പ്പെടുത്തി. അപ്പോഴും അവര്‍ നന്നായിത്തീരുകയല്ല ചെയ്തത്. സ്വഭാവം ദുഷിക്കുകയും ഹൃദയം കടുത്തുപോകുകയുമാണുണ്ടായത്. പിശാചിന്റെ ദുര്‍മ്മന്ത്രങ്ങള്‍ക്കു അവര്‍ വിധേയരായി. തങ്ങള്‍ ചെയ്യുന്ന തോന്നിയവാസങ്ങളെല്ലാം തങ്ങള്‍ക്കു ഭൂഷണമായി അവന്‍ അവര്‍ക്കു തോന്നിപ്പിക്കുകയും ചെയ്തു. അപ്പോള്‍, അല്ലാഹു അവര്‍ക്കു ക്ഷേമൈശ്വര്യങ്ങളുടെയും സുക്ഷസൗകര്യങ്ങളുടെയും മാര്‍ഗ്ഗങ്ങള്‍ വേണ്ടത്ര തുറന്നു കൊടുത്തു. കഷ്ടതകള്‍ മാറി അനുഗ്രഹങ്ങളില്‍ മുഴുകിയപ്പോള്‍ അവര്‍ അല്ലാഹുവിനോടു നന്ദി കാണിച്ചുവോ? അതുമില്ല. മറിച്ച് ദുരഭിമാനം നടിക്കുകയും ആഹ്ലാദം കൊള്ളുകയുമാണു ചെയ്തത്. ചുരുക്കിപ്പറഞ്ഞാല്‍, തിന്‍മ മുഖേനയുള്ള ആദ്യത്തെ പരീക്ഷണംകൊണ്ടും, നന്മ മുഖേനയുള്ള രണ്ടാമത്തെ പരീക്ഷണം കൊണ്ടും അവര്‍ പാഠം പഠിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരില്‍ ഓരോ തരത്തിലുള്ള ശിക്ഷകളെ ഏര്‍പ്പെടുത്തി. അപ്പോഴാണവര്‍ കണ്ണുതുറന്നത്. പക്ഷേ, ഫലമെന്ത്? അല്ലാഹു അവരുടെ അവശിഷ്ടംപോലും ബാക്കിയാകാതെ അവരെ നിശ്ശേഷം ഭൂമുഖത്തു നിന്നു ഛേദിച്ചു കളഞ്ഞു. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഇവര്‍ക്കും പാഠമായിരിക്കട്ടെ എന്നു സാരം.

ധിക്കാരശീലരും തോന്നിയവാസികളുമായ ആളുകളെ ആപത്തുകളും കഷ്ടപ്പാടുകളും വഴി അല്ലാഹു പരീക്ഷണം നടത്താറുള്ളതുപോലെ, സുഖസൗകര്യങ്ങള്‍ മുഖേനയും പരീക്ഷണം നടത്തി നോക്കുമെന്നും, രണ്ടും അവരില്‍ മാനസാന്തരം വരുത്തുന്നില്ലാത്ത പക്ഷം, അവര്‍ അല്ലാഹുവിന്റെ കോപത്തിനും, പെട്ടന്നുള്ള ശിക്ഷക്കും പാത്രമായിത്തീരുമെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ലോകചരിത്രം നോക്കുമ്പോള്‍ – വ്യക്തികളുടെ ചരിത്രത്തിലും സമുദായങ്ങളുടെ ചരിത്രത്തിലും തന്നെ – ഇതിനു ധാരാളം തെളിവുകളും കാണാം. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം രണ്ടുതരം പരീക്ഷണങ്ങളും അവര്‍ തങ്ങള്‍ക്കു ഗുണകരമായി കലാശിക്കുമാറ് ഉപയോഗപ്പെടുത്തുകയായിരിക്കും ചെയ്യുക. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘സത്യവിശ്വാസിയുടെ കാര്യം ആശ്ചര്യം തന്നെ! അവന്റെ കാര്യമെല്ലാം അവനു ഗുണകരമായിത്തീരുന്നു. ഇതു സത്യവിശ്വാസിക്കല്ലാതെ മറ്റാര്‍ക്കുമില്ല. അതായതു: അവനു വല്ല സന്തോഷാവസ്ഥയും ബാധിച്ചാല്‍ അവന്‍ നന്ദി കാണിക്കുന്നു. അങ്ങനെ, അതവനു ഗുണമാകുന്നു. അവനു വല്ല ദുരിതാവസ്ഥയും ബാധിച്ചാല്‍ അവന്‍ ക്ഷമ കൈക്കൊള്ളുകയും ചെയ്യുന്നു. അപ്പോള്‍ അതും അവനു ഗുണമായിത്തീരുന്നു. (മു).

മേല്‍പറഞ്ഞവിധം മുര്‍സലുകളുടെ ദൗത്യങ്ങളും പ്രബോധനങ്ങളും സത്യമായി പുലരുകയും, അവരുടെ വിജയവും, നിഷേധികളുടെ പരാജയവും സാക്ഷാല്‍ക്കരിക്കപ്പെടുകയും ചെയ്തതിന്റെ പേരില്‍, അല്ലാഹുവിനെ സ്തുതിക്കേണ്ടതുണ്ടെന്നു സത്യവിശ്വാസികളെ അനുസ്മരിപ്പിച്ചുകൊണ്ട് അല്ലാഹു അവനെത്തന്നെ സ്തുതിക്കുന്നതാണ് അവസാനത്തെ വാക്യം. (وَالْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ).

6:46
  • قُلْ أَرَءَيْتُمْ إِنْ أَخَذَ ٱللَّهُ سَمْعَكُمْ وَأَبْصَٰرَكُمْ وَخَتَمَ عَلَىٰ قُلُوبِكُم مَّنْ إِلَٰهٌ غَيْرُ ٱللَّهِ يَأْتِيكُم بِهِ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْءَايَٰتِ ثُمَّ هُمْ يَصْدِفُونَ ﴾٤٦﴿
  • പറയുക: 'നിങ്ങള്‍ കണ്ടുവോ [പറഞ്ഞു തരുവിന്‍]? നിങ്ങളുടെ കേള്‍വിയും, കാഴ്ചകളും അല്ലാഹു എടുത്തുകളയുകയും, നിങ്ങളുടെ ഹൃദയങ്ങള്‍ക്കു അവന്‍ മുദ്ര വെക്കുകയും ചെയ്തുവെങ്കില്‍, അല്ലാഹു അല്ലാത്ത ഏതൊരു 'ഇലാഹാ'ണു [ആരാധ്യനാണ്] നിങ്ങള്‍ക്കതു കൊണ്ടു വന്നു തരുന്നത്?!' നോക്കൂ: നാം അവര്‍ക്കു "ആയത്തു" [ലക്‌ഷ്യം] കള്‍ എങ്ങിനെ വിവിധ രൂപത്തില്‍ വിവരിച്ചു കൊടുക്കുന്നുവെന്നു! (എന്നിട്ടും) പിന്നെ, അവര്‍ തിരിഞ്ഞു കളയുന്നു!
  • قُلْ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയൂ) إِنْ أَخَذَ اللَّـهُ അല്ലാഹു എടുത്തുവെങ്കില്‍ سَمْعَكُمْ നിങ്ങളുടെ കേള്‍വിയെ وَأَبْصَارَكُمْ നിങ്ങളുടെ കാഴ്ചകളെയും وَخَتَمَ അവന്‍ മുദ്രവെക്കുകയും عَلَىٰ قُلُوبِكُم നിങ്ങളുടെ ഹൃദയങ്ങള്‍ക്ക്‌ مَّنْ إِلَـٰهٌ ആരൊരു (ഏതൊരു) ഇലാഹാണു (ആരാധ്യനാണു) غَيْرُ اللَّـهِ അല്ലാഹു അല്ലാത്ത يَأْتِيكُم بِهِ നിങ്ങള്‍ക്കതുകൊണ്ടു വന്നു തരുന്നതു انظُرْ നോക്കുക كَيْفَ എങ്ങിനെയാണു نُصَرِّفُ നാം വിവിധ രൂപത്തില്‍ വിവരിക്കുന്നു الْآيَاتِ ആയത്തു (ദൃഷ്ടാന്തം - ലക്‌ഷ്യം) ثُمَّ هُمْ പിന്നെ (യും) അവര്‍ يَصْدِفُونَ തട്ടിത്തിരിയുന്നു, തിരിഞ്ഞുപോകുന്നു
6:47
  • قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ بَغْتَةً أَوْ جَهْرَةً هَلْ يُهْلَكُ إِلَّا ٱلْقَوْمُ ٱلظَّٰلِمُونَ ﴾٤٧﴿
  • പറയുക: "നിങ്ങള്‍ കണ്ടുവോ [പറഞ്ഞു തരിന്‍]? പെട്ടന്ന്‍, അല്ലെങ്കില്‍ പ്രത്യക്ഷത്തില്‍ [പരസ്യമായിത്തന്നെ] നിങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ വരുന്നപക്ഷം, അക്രമികളായ ജനങ്ങല്ലാതെ നശിപ്പിക്കപ്പെടുമോ?!"
  • قُلْ പറയുക أَرَأَيْتَكُمْ നിങ്ങള്‍ കണ്ടുവോ إِنْ أَتَاكُمْ നിങ്ങള്‍ക്കു വന്നുവെങ്കില്‍ عَذَابُ اللَّـهِ അല്ലാഹുവിന്റെ ശിക്ഷ بَغْتَةً പെട്ടെന്നു أَوْ جَهْرَةً അല്ലെങ്കില്‍ പരസ്യമായി, പ്രത്യക്ഷത്തില്‍ هَلْ يُهْلَكُ നശിപ്പിക്കപ്പെടുമോ إِلَّا الْقَوْمُ ജനത (ജനങ്ങള്‍) അല്ലാതെ الظَّالِمُونَ അക്രമികളായ

അല്ലാഹു ചൂണ്ടിക്കാട്ടിയ ഈ രണ്ടു യാഥാര്‍ത്ഥ്യങ്ങളും ഒരു വിശദീകരണം കൂടാതെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും പിന്നെയും അതൊന്നും വകവെക്കാതെ, നിങ്ങള്‍ അല്ലാഹു അല്ലാത്ത വസ്തുക്കളെ ആരാധിച്ചും വിളിച്ചു പ്രാര്‍ത്ഥിച്ചും വരുന്നതു എത്രമാത്രം അനാശാസ്യവും നിരര്‍ത്ഥവുമാണെന്നു ആലോചിച്ചുനോക്കുക. ഇതൊന്നും നിങ്ങള്‍ മനസ്സിരുത്താത്തതു വലിയ ആശ്ചര്യം തന്നെ. എന്നിങ്ങിനെ മുശ്രിക്കുകളെ ഓര്‍മ്മിപ്പിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുകയാണ്.

6:48
  • وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۖ فَمَنْ ءَامَنَ وَأَصْلَحَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٤٨﴿
  • ദൂതന്‍മാരെ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായും, താക്കീതു (അഥവാ മുന്നറിയിപ്പു) നല്‍കുന്നവരായുമല്ലാതെ നാം അയക്കാറില്ല. എന്നിട്ട് ആര്‍ വിശ്വസിക്കുകയും (കര്‍മ്മങ്ങള്‍) നന്നാക്കിത്തീര്‍ക്കുകയും ചെയ്തുവോ, അവരുടെ മേല്‍ യാതൊരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയുമില്ല.
  • وَمَا نُرْسِلُ നാം അയക്കില്ല, അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ إِلَّا مُبَشِّرِينَ സന്തോഷവാര്‍ത്ത അറിയിക്കുന്നവരായല്ലാതെ وَمُنذِرِينَ താക്കീതു നല്‍കുന്നവരും, മുന്നറിയിപ്പുകാരും فَمَنْ آمَنَ എന്നാല്‍ (എന്നിട്ടു - അപ്പോള്‍) ആര്‍ വിശ്വസിച്ചുവോ وَأَصْلَحَ നന്നാക്കിത്തീര്‍ക്കുകയും, നന്നായിത്തീരുകയും فَلَا خَوْفٌ എന്നാല്‍ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെമേല്‍ وَلَا هُمْ يَحْزَنُونَ അവര്‍ വ്യസനിക്കുകയുമില്ല.

6:49
  • وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا يَمَسُّهُمُ ٱلْعَذَابُ بِمَا كَانُوا۟ يَفْسُقُونَ ﴾٤٩﴿
  • നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കിയവരാകട്ടെ, അവര്‍ തോന്നിയവാസം പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് അവരെ ശിക്ഷ ബാധിക്കുന്നതാണ്.
  • وَالَّذِينَ كَذَّبُوا വ്യാജമാക്കിയവരാകട്ടെ بِآيَاتِنَا നമ്മുടെ ദൃഷ്ടാന്ത (ലക്ഷ്യ)ങ്ങളെ يَمَسُّهُمُ അവരെ സ്പര്‍ശിക്കും, ബാധിക്കും الْعَذَابُ ശിക്ഷ بِمَا كَانُوا അവരായിരുന്നതു കൊണ്ടു (നിമിത്തം) يَفْسُقُونَ അവര്‍ തോന്നിയവാസം പ്രവര്‍ത്തിക്കും

എല്ലാവരേയും സത്യവിശ്വാസം സ്വീകരിപ്പിച്ചു സന്മാര്‍ഗ്ഗികളാക്കിത്തീര്‍ക്കുക എന്ന ബാദ്ധ്യത അല്ലാഹുവിന്റെ റസൂലുകള്‍ക്കില്ല. നല്ല കാര്യങ്ങള്‍ ഇന്നിന്നതാണെന്നും, അതു സ്വീകരിച്ചാല്‍ ഇന്നിന്ന ഗുണങ്ങള്‍ ലഭിക്കുമെന്നുമുള്ള സന്തോഷവാര്‍ത്ത അറിയിക്കലും, ചീത്ത കാര്യങ്ങള്‍ ഇന്നിന്നവയാണെന്നും, അതു ഉപേക്ഷിക്കാത്തപക്ഷം ഇന്നിന്ന ദോഷങ്ങള്‍ സംഭവിക്കുമെന്നും താക്കീതു നല്‍കലും എന്നിങ്ങനെ രണ്ടു കാര്യങ്ങളാണ് അവര്‍ക്കു നിര്‍വ്വഹിക്കുവാനുള്ളത്. അതില്‍ അവരെ അനുസരിക്കുന്നവര്‍ക്കു രക്ഷയുണ്ട്. അല്ലാത്തവര്‍ക്കു ശിക്ഷയുമുണ്ടായിരിക്കും എന്നു സാരം.

6:50
  • قُل لَّآ أَقُولُ لَكُمْ عِندِى خَزَآئِنُ ٱللَّهِ وَلَآ أَعْلَمُ ٱلْغَيْبَ وَلَآ أَقُولُ لَكُمْ إِنِّى مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۚ قُلْ هَلْ يَسْتَوِى ٱلْأَعْمَىٰ وَٱلْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ ﴾٥٠﴿
  • (നബിയേ) പറയുക: "അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്നു നിങ്ങളോടു ഞാന്‍ പറയുന്നില്ല; ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല; ഞാന്‍ ഒരു 'മലക്കാ'ണ് എന്നും നിങ്ങളോടു ഞാന്‍ പറയുന്നില്ല. എനിക്കു 'വഹ്യു' [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല.' പറയുക: 'അന്ധനും, കാഴ്ചയുള്ളവനും സമമാകുമോ?! അപ്പോള്‍, നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?!'
  • قُل പറയുക لَّا أَقُولُ ഞാന്‍ പറയുന്നില്ല لَكُمْ നിങ്ങളോടു عِندِي എന്റെ പക്കലുണ്ട് (എന്നു) خَزَائِنُ ഖജനാവുകള്‍, സൂക്ഷിപ്പുകള്‍ اللَّـهِ അല്ലാഹുവിന്റെ وَلَا أَعْلَمُ ഞാന്‍ അറിയുകയുമില്ല الْغَيْبَ അദൃശ്യം, മറഞ്ഞതു وَلَا أَقُولُ ഞാന്‍ പറയുന്നുമില്ല لَكُمْ നിങ്ങളോടു إِنِّي مَلَكٌ ഞാനൊരു മലക്കാണു എന്നു إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا يُوحَىٰ വഹ്യ് നല്‍കപ്പെടുന്നതിനെയല്ലാതെ إِلَيَّ എനിക്കു, എന്നിലേക്കു قُلْ പറയുക هَلْ يَسْتَوِي സമമാകുമോ, ശരിയായിരിക്കുമോ الْأَعْمَىٰ അന്ധന്‍ وَالْبَصِيرُ കാഴ്ചയുള്ളവനും أَفَلَا تَتَفَكَّرُون അപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നില്ലേ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു ദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുക്കുവാന്‍ ആവശ്യപ്പെടുക, ഇതര മനുഷ്യരെപ്പോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്നതിനെയും അങ്ങാടിയിലൂടെ നടക്കുന്നതിനെയും സംബന്ധിച്ചും മറ്റും ആശ്ചര്യം പ്രകടിപ്പിക്കുക മുതലായവ അവിശ്വാസികളുടെ പതിവായിരുന്നു. അല്ലാഹുവിന്റെ റസൂലാകേണമെങ്കില്‍ അമാനുഷികമായ കഴിവുകളും അദൃശ്യജ്ഞാനവുമൊക്കെ വേണമെന്നാണവരുടെ ധാരണ. ഈ ധാരണ അടിയോടെ തെറ്റാണെന്നു വ്യക്തമാക്കുവാന്‍ ഈ വചനം മുഖേന അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. അല്ലാഹുവിന്റെ ഖജനാവുകളൊന്നും എന്റെ അധീനത്തിലില്ല; നിങ്ങള്‍ ആവശ്യപ്പെടുന്നതൊക്കെ കാണിച്ചു തരത്തക്കവിധം ഒരു കഴിവും എനിക്കില്ല; അദൃശ്യകാര്യങ്ങളെക്കുറിച്ചുള്ള അറിവും എനിക്കില്ല; മനുഷ്യസഹജമായ മാര്‍ഗ്ഗങ്ങളില്‍കൂടി ലഭിക്കുന്ന അറിവുകള്‍ മാത്രമേ എനിക്കുള്ളു; അതിനപ്പുറമുള്ള വല്ല കാര്യവും അറിയേണമെങ്കില്‍ അതു അല്ലാഹുവിങ്കല്‍ പ്രത്യേകം അറിവു ലഭിക്കുക തന്നെ വേണം; ഞാനൊരു മലക്കല്ല, മനുഷ്യന്‍ മാത്രമാണു; മനുഷ്യ പ്രകൃതിക്കതീതമായ പ്രകൃതി വിശേഷങ്ങളൊന്നും എനിക്കില്ല; പക്ഷേ, എനിക്കു അല്ലാഹുവിങ്കല്‍നിന്നു ദിവ്യസന്ദേശങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടു; അതാണെന്റെ പ്രത്യേകത; അതു ഞാന്‍ പ്രബോധനം ചെയ്കയും ചെയ്യുന്നു: അതു അപ്പടി പിന്‍പറ്റുകയല്ലാതെ – അതില്‍ വല്ല ഭേദഗതിയും വരുത്തുവാന്‍ – എനിക്കു നിവൃത്തിയില്ല; അങ്ങിനെ ഞാന്‍ ചെയ്കയുമില്ല എന്നൊക്കെയാണ് ഈ പ്രഖ്യാപനത്തിലടങ്ങിയിരിക്കുന്നത്.

അല്ലാഹുവിന്റെ സൃഷ്ടികളില്‍വെച്ചു വിശിഷ്ടരാണു പ്രവാചകന്‍മാര്‍. പ്രവാചക സമൂഹത്തില്‍വെച്ചു ഏറ്റവും വിശിഷ്ടനായ ആളാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെക്കുറിച്ചാണ് ഇതെല്ലാം അല്ലാഹു പറഞ്ഞതു. എന്നിട്ടു പിന്നെയും പ്രവാചകത്വ പദവിയുടെ എത്രയോ താഴേക്കിടയില്‍ സ്ഥിതി ചെയ്യുന്ന ചില ആളുകളെക്കുറിച്ചു – അവര്‍ എത്ര തന്നെ പുണ്യവാന്‍മാരായിരുന്നാലും – അവര്‍ക്കു അസാധാരണമായ കഴിവുകളുണ്ടെന്നും, അവര്‍ക്കു മറഞ്ഞ കാര്യങ്ങള്‍ അറിയാമെന്നും, അദൃശ്യമായ സ്വാധീനശക്തികളുണ്ടെന്നുമൊക്കെ പലരും ധരിച്ചും പ്രചരിപ്പിച്ചും വരുന്നു. ഇതു സംബന്ധിച്ചു ക്വുര്‍ആനില്‍ വിശ്വസിക്കുന്ന ഒരു സത്യവിശ്വാസി എന്താണു വിധി കല്‍പിക്കേണ്ടതെന്നു ആലോചിച്ചുനോക്കുക! യാതൊരു വ്യാഖ്യാനത്തിന്റെയും സഹായം കൂടാതെത്തന്നെ സ്വയം സ്പഷ്ടമായ ഈ ഒരൊറ്റ ക്വുര്‍ആന്‍ വചനം മുസ്ലിംകള്‍ മനസ്സിരുത്തിയിരുന്നുവെങ്കില്‍. ഇന്നു സമുദായ മദ്ധ്യെ പ്രചുരപ്രചാരം സിദ്ധിച്ചു കഴിഞ്ഞ ശിര്‍ക്കുപരമായ മിക്ക അന്ധവിശ്വാസങ്ങളും, ആ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള എത്രയോ അനാചാരങ്ങളും സ്വയം ഇല്ലാതാകുമായിരുന്നു. പക്ഷേ, തുറന്ന ഹൃദയത്തോടുകൂടി സത്യം സ്വീകരിക്കുവാനും അല്ലാഹുവിന്റെയും റസൂലിന്റെയും വചനങ്ങളില്‍നിന്നു സത്യാസത്യങ്ങള്‍ ഗ്രഹിക്കുവാനും സന്നദ്ധതയുള്ളവര്‍ക്കേ അതിനു ഭാഗ്യം ലഭിക്കുകയുള്ളു. അല്ലാത്തവര്‍ക്കു വേദാന്തം ഓതിക്കേള്‍പ്പിച്ചിട്ടും ഫലമുണ്ടാകുകയില്ല താനും. ഈ രണ്ടു തരക്കാരെയും കുറിച്ചു തന്നെയാണ് അല്ലാഹു ഈ വചനത്തിന്റെ അവസാനത്തില്‍ പറയുന്നതും ….قُلْ هَلْ يَسْتَوِي الْأَعْمَىٰ وَالْبَصِيرُ ۚ أَفَلَا تَتَفَكَّرُونَ… (പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ?!; അപ്പോള്‍, നിങ്ങള്‍ ചിന്തിച്ചു നോക്കുന്നില്ലേ?!).

വിഭാഗം - 6

6:51
  • وَأَنذِرْ بِهِ ٱلَّذِينَ يَخَافُونَ أَن يُحْشَرُوٓا۟ إِلَىٰ رَبِّهِمْ ۙ لَيْسَ لَهُم مِّن دُونِهِۦ وَلِىٌّ وَلَا شَفِيعٌ لَّعَلَّهُمْ يَتَّقُونَ ﴾٥١﴿
  • ഇതു [വഹ്യ് നല്‍കപ്പെടുന്നതു] മുഖേന നീ താക്കീത് നല്‍കുകയും ചെയ്യുക. തങ്ങളുടെ റബ്ബിങ്കലേക്കു ഒരുമിച്ചുകൂട്ടപ്പെടുമെന്നു ഭയപ്പെടുന്നവരെ; അവര്‍ക്കു അവനു പുറമെ ഒരു രക്ഷാധികാരി (അഥവാ കൈകാര്യ കര്‍ത്താവു) ആകട്ടെ, ഒരു ശുപാര്‍ശകനാകട്ടെ (ഉണ്ടായിരിക്കുക)യില്ല. അവര്‍ സൂക്ഷിച്ചേക്കാം.
  • وَأَنذِرْ നീ താക്കീതു ചെയ്യുക, മുന്നറിയിപ്പു നല്‍കുകയും ചെയ്യുക بِهِ ഇതു മുഖേന, അതുകൊണ്ട് الَّذِينَ يَخَافُونَ ഭയപ്പെടുന്നവരെ أَن يُحْشَرُوا അവര്‍ ഒരുമിച്ചു കൂട്ടപ്പെടുന്നതിനെ (കൂട്ടപ്പെടുമെന്നു) إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു لَيْسَ لَهُم അവര്‍ക്കു ഇല്ല, ഇല്ലാത്തവിധം مِّن دُونِهِ അവനെ കൂടാതെ, അവനു പുറമെ وَلِيٌّ ഒരു ബന്ധു (രക്ഷാകര്‍ത്താ) വും, സഹായിയും وَلَا شَفِيعٌ ഒരു ശുപാര്‍ശക്കാരനും لَّعَلَّهُمْ അവരായേക്കാം, ആകുവാന്‍ വേണ്ടി يَتَّقُونَ അവര്‍ സൂക്ഷിക്കും

അല്ലാഹുവിന്റെ മുമ്പില്‍ തങ്ങളുടെ ചെയ്തികളെക്കുറിച്ചു ഉത്തരം പറയേണ്ടിവരുമെന്ന ബോധമില്ലാത്തവരെ താക്കീതു ചെയ്തതു കൊണ്ടു അവര്‍ സൂക്ഷ്മത പാലിക്കുവാന്‍ തയ്യാറാകുകയില്ലല്ലോ. അതുകൊണ്ടാണു പ്രസ്തുത ഭയപ്പാടുള്ളവരെ താക്കീതു ചെയ്യണമെന്നു പറയുന്നത്.

6:52
  • وَلَا تَطْرُدِ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ مَا عَلَيْكَ مِنْ حِسَابِهِم مِّن شَىْءٍ وَمَا مِنْ حِسَابِكَ عَلَيْهِم مِّن شَىْءٍ فَتَطْرُدَهُمْ فَتَكُونَ مِنَ ٱلظَّٰلِمِينَ ﴾٥٢﴿
  • തങ്ങളുടെ റബ്ബിന്റെ പ്രീതിയെ ഉദ്ദേശിച്ചു കൊണ്ടു രാവിലെയും, വൈകുന്നേരവും [സദാ] അവനെ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊണ്ടിരിക്കുന്നവരെ നീ ആട്ടിക്കളയരുത്. അവരുടെ വിചാരണയില്‍നിന്ന് ഒട്ടുംതന്നെ, നിന്റെ മേല്‍ (ബാദ്ധ്യത) ഇല്ല; നിന്റെ വിചാരണയില്‍ നിന്ന് ഒട്ടുംതന്നെ അവരുടെ മേലും (ബാദ്ധ്യത) ഇല്ല. [എല്ലാവരേയും വിചാരണ നടത്തി തീരുമാനമെടുക്കുവാനുള്ള അധികാരം അല്ലാഹുവിനാണ്]. എന്നാല്‍ [അങ്ങിനെയുണ്ടെങ്കില്‍] നിനക്കവരെ ആട്ടിക്കളയാമായിരുന്നു; അപ്പോള്‍, [ആട്ടിക്കളഞ്ഞാല്‍] നീ അക്രമികളില്‍ പെട്ടവനായിത്തീരുന്നതുമാണ്.
  • وَلَا تَطْرُدِ നീ ആട്ടരുത്, ഓട്ടുകയും അരുതു الَّذِينَ يَدْعُونَ വിളിക്കു (പ്രാര്‍ത്ഥിക്കുന്ന) വരെ رَبَّهُم തങ്ങളുടെ റബ്ബിനെ بِالْغَدَاةِ രാവിലെ وَالْعَشِيِّ വൈകുന്നേരവും يُرِيدُونَ അവര്‍ ഉദ്ദേശിച്ചു കൊണ്ടു وَجْهَهُ അവന്റെ മുഖത്തെ (പ്രീതിയെ) مَا عَلَيْكَ നിന്റെ മേല്‍ ഇല്ല مِنْ حِسَابِهِم അവരുടെ വിചാരണയില്‍ നിന്നു مِّن شَيْءٍ ഒരു വസ്തുവും (ഒട്ടും) وَمَا مِنْ حِسَابِكَ നിന്റെ വിചാരണയില്‍ നിന്നുമില്ല عَلَيْهِم അവരുടെ മേല്‍ (ബാദ്ധ്യത) مِّن شَيْءٍ യാതൊന്നും فَتَطْرُدَهُمْ എന്നാല്‍ നീ (നിനക്കു) അവരെ ആട്ടിക്കളയാമായിരുന്നു فَتَكُونَ അപ്പോള്‍ നീ ആയിത്തീരുന്നതുമാണ് مِنَ الظَّالِمِينَ അക്രമികളുടെ കൂട്ടത്തില്‍ (പെട്ടവന്‍)
6:53
  • وَكَذَٰلِكَ فَتَنَّا بَعْضَهُم بِبَعْضٍ لِّيَقُولُوٓا۟ أَهَٰٓؤُلَآءِ مَنَّ ٱللَّهُ عَلَيْهِم مِّنۢ بَيْنِنَآ ۗ أَلَيْسَ ٱللَّهُ بِأَعْلَمَ بِٱلشَّٰكِرِينَ ﴾٥٣﴿
  • അപ്രകാരം, അവരില്‍ ചിലരെ ചിലരെക്കൊണ്ടു നാം പരീക്ഷണം ചെയ്തിരിക്കുന്നു; 'ഞങ്ങളുടെ ഇടയില്‍ നിന്ന് ഇവര്‍ക്കാണോ അല്ലാഹു അനുഗ്രഹം നല്‍കിയത്?!' എന്നു അവര്‍ പറയുവാന്‍വേണ്ടി. നന്ദി കാണിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനല്ലയോ?!
  • وَكَذَٰلِكَ അപ്രകാരം فَتَنَّا നാം പരീക്ഷണം നടത്തിയിരിക്കുന്നു بَعْضَهُم അവരില്‍ ചിലരെ بِبَعْضٍ ചിലരെക്കൊണ്ടു لِّيَقُولُوا അവര്‍ പറയുവാന്‍വേണ്ടി أَهَـٰؤُلَاءِ ഇക്കൂട്ടരോ مَنَّ اللَّـهُ അല്ലാഹു ദയാ ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തത് عَلَيْهِم അവരുടെ മേല്‍ مِّن بَيْنِنَا നമ്മുടെ ഇടയില്‍നിന്നു أَلَيْسَ اللَّـهُ അല്ലാഹു അല്ലയോ بِأَعْلَمَ അധികം (നല്ലവണ്ണം) അറിയുന്നവന്‍ بِالشَّاكِرِينَ നന്ദി ചെയ്യു (കാണിക്കു) ന്നവരെപ്പറ്റി
6:54
  • وَإِذَا جَآءَكَ ٱلَّذِينَ يُؤْمِنُونَ بِـَٔايَٰتِنَا فَقُلْ سَلَٰمٌ عَلَيْكُمْ ۖ كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۖ أَنَّهُۥ مَنْ عَمِلَ مِنكُمْ سُوٓءًۢا بِجَهَٰلَةٍ ثُمَّ تَابَ مِنۢ بَعْدِهِۦ وَأَصْلَحَ فَأَنَّهُۥ غَفُورٌ رَّحِيمٌ ﴾٥٤﴿
  • നമ്മുടെ 'ആയത്തു' [ലക്‌ഷ്യം] കളില്‍ വിശ്വസിക്കുന്നവര്‍ നിന്റെ അടുക്കല്‍ വന്നാല്‍, നീ (അവരോടു) പറയുക: 'നിങ്ങള്‍ക്കു സമാധാനശാന്തിയുണ്ടാവട്ടെ! നിങ്ങളുടെ റബ്ബു തന്റെ സ്വന്തം പേരില്‍ കാരുണ്യം (ഒരു ബാദ്ധ്യതയായി) നിശ്ചയിച്ചിരിക്കുന്നു; അതായതു, നിങ്ങളില്‍ നിന്നു ആരെങ്കിലും വിഡ്ഢിത്തം നിമിത്തം വല്ല തിന്‍മയും പ്രവര്‍ത്തിച്ച്‌ പിന്നീട് അതിന്റെ ശേഷം പശ്ചാത്തപിക്കുകയും, (കര്‍മ്മം) നന്നാക്കിത്തീര്‍ക്കുകയും ചെയ്‌താല്‍, അപ്പോള്‍, അവന്‍ വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നുവെന്നു.'
  • وَإِذَا جَاءَكَ നിന്റെ അടുക്കല്‍ വന്നാല്‍ الَّذِينَ يُؤْمِنُونَ വിശ്വസിക്കുന്നവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളില്‍ فَقُلْ അപ്പോള്‍ പറയുക سَلَامٌ സമാധാനം, ശാന്തി, രക്ഷ عَلَيْكُمْ നിങ്ങളുടെമേല്‍ (ഉണ്ടു - ഉണ്ടാവട്ടെ) كَتَبَ رَبُّكُمْ നിങ്ങളുടെ റബ്ബു രേഖപ്പെടുത്തി (നിശ്ചയിച്ചു നിയമിച്ചു) യിരിക്കുന്നു عَلَىٰ نَفْسِهِ തന്റെ സ്വന്തം പേരില്‍ الرَّحْمَةَ കാരുണ്യത്തെ أَنَّهُ مَنْ عَمِلَ അതായതു ആര്‍ പ്രവര്‍ത്തിച്ചുവോ مِنكُمْ നിങ്ങളില്‍നിന്നു سُوءًا വല്ല തിന്‍മയും (ചീത്തയും) بِجَهَالَةٍ വിഡ്ഢിത്തം നിമിത്തം, അജ്ഞത (അവിവേകം) കൊണ്ടു ثُمَّ تَابَ പിന്നെ പശ്ചാത്തപിച്ചു, മടങ്ങി مِن بَعْدِهِ അതിനുശേഷം وَأَصْلَحَ നന്നാക്കിത്തീര്‍ക്കുകയും (നന്നാവുകയും) ചെയ്‌തു فَأَنَّهُ എന്നാലവന്‍ غَفُورٌ വളരെ പൊറുക്കുന്നവനാണ് رَّحِيمٌ കരുണാനിധിയാണു
6:55
  • وَكَذَٰلِكَ نُفَصِّلُ ٱلْءَايَٰتِ وَلِتَسْتَبِينَ سَبِيلُ ٱلْمُجْرِمِينَ ﴾٥٥﴿
  • അപ്രകാരം നാം 'ആയത്തു' [ലക്‌ഷ്യം] കളെ വിശദീകരിച്ചു തരുന്നു; കുറ്റവാളികളുടെ മാര്‍ഗ്ഗം വ്യക്തമായിക്കാണുവാന്‍ വേണ്ടിയും (കൂടി) ആകുന്നു (അതു).
  • وَكَذَٰلِكَ അപ്രകാരം نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ആയത്തുകളെ (ലക്‌ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ) وَلِتَسْتَبِينَ വ്യക്തമായിക്കാണുവാന്‍ (സ്പഷ്ടമായിത്തീരുവാന്‍) വേണ്ടിയും سَبِيلُ മാര്‍ഗ്ഗം, വഴി الْمُجْرِمِينَ കുറ്റവാളികളുടെ

ക്വുറൈശി പ്രമാണികളായ ചിലര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വരികയുണ്ടായി. ആ സന്ദര്‍ഭത്തില്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ സ്വുഹൈബ്, അമ്മാര്‍, ബിലാല്‍, ക്വബ്ബാബ് (رَضِيَ اللهُ تَعَالَى عَنْهُم) എന്നിങ്ങിനെ പാവപ്പെട്ടവരും സാധുക്കളുമായ ഏതാനും സ്വഹാബികള്‍ ഉണ്ടായിരുന്നു. ആ പ്രമാണികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറഞ്ഞു: “മുഹമ്മദേ, നിന്റെ ജനങ്ങളില്‍നിന്നു ഈ ആളുകളെക്കൊണ്ടു നീ തൃപ്തിപ്പെട്ടിരിക്കയാണോ? ഞങ്ങളുടെ ഇടയില്‍ ഇവര്‍ക്കാണോ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചിരിക്കുന്നത്? (ഇവര്‍ മുമ്പന്‍മാരായിക്കൊണ്ടു) ഞങ്ങള്‍ ഇവരുടെ പിന്നാലെയായിത്തീരുകയോ? ഇക്കൂട്ടരെ നിങ്ങളുടെ കൂട്ടത്തില്‍നിന്നു ആട്ടിവിടുക. ഇവരെ ആട്ടിക്കളഞ്ഞാല്‍ ഞങ്ങള്‍ നിന്നെ പിന്‍പറ്റാം.” ഇമാം അഹ്മദ്, ഇബ്നു ജരീര്‍, ഇബ്നു അബീഹാതിം (رحمهم الله) മുതലായവര്‍ ഉദ്ധരിച്ച ഈ സംഭവവും, ഏതാണ്ട് ഇതേപ്രകാരം വേറെ ചില രിവായത്തുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള സംഭവങ്ങളുമാണ് ഈ വചനങ്ങള്‍ അവതരിച്ച സന്ദര്‍ഭമെന്നു മനസ്സിലാകുന്നു.

അല്ലാഹുവിന്റെ ആരാധനയിലും പ്രാര്‍ത്ഥനയിലും സമയം ചിലവഴിച്ചു വരുന്ന നിഷ്കളങ്കരായ മനുഷ്യരെ – അവര്‍ എത്ര പാവങ്ങളായിക്കൊള്ളട്ടെ – ഒരിക്കലും മാറ്റി നിറുത്തിക്കൂടാ. അവരോടുള്ള ബന്ധവും സമ്പര്‍ക്കവും തുടരുക തന്നെ വേണം. അവരുടെ ഗുണദോഷങ്ങളെപ്പറ്റി ഒരു വിചാരണ നടത്തി തീരുമാനമെടുക്കേണ്ടുന്ന ബാധ്യത അല്ലാഹുവിനു മാത്രമാണുള്ളതു. എന്നിരിക്കെ, അവര്‍ താണവരും സാധുക്കളുമാണെന്നുവെച്ച് ആട്ടിക്കളയുന്നതു തികച്ചും അക്രമവും അനീതിയുമാണു. സത്യം സ്വീകരിക്കുവാന്‍ ആദ്യമായി മുമ്പോട്ടു വരുക സാധുക്കളും പാവപ്പെട്ടവരുമാകുന്നതും, പ്രമാണി വര്‍ഗ്ഗവും ഉന്നതവിഭാഗവും അതില്‍ പിന്നോക്കം നില്‍ക്കുന്നതുമൊക്കെ അല്ലാഹു ചെയ്യുന്ന ചില പരീക്ഷണങ്ങളാകുന്നു. ഈ പരീക്ഷണ വേളയില്‍ ‘ഇവരാണോ അനുഗ്രഹീതരും നല്ലവരും? ഞങ്ങളല്ലേ അതിനു അര്‍ഹരായവര്‍?’ എന്നൊക്കെ ഉന്നതവര്‍ഗ്ഗം പറയലും പുച്ഛിക്കലും പണ്ടേ പതിവുള്ളതാണ്. അതാണ്‌ ഇവിടെയും കാണുന്നത്. ആ പാവങ്ങളെപ്പോലെ അല്ലാഹുവിന്റെ ലക്ഷ്യങ്ങളിലും സന്ദേശങ്ങളിലും വിശ്വസിക്കുവാന്‍ മുന്നോട്ടു വരുന്നവര്‍ ആരായാലും വേണ്ടില്ല, അവരെ അഭിവാദ്യം ചെയ്തു സ്വീകരിക്കുക തന്നെ വേണം. അവര്‍ക്കു അല്ലാഹുവിന്റെ കാരുണ്യവും ദയാദാക്ഷിണ്യവും ലഭിക്കുമെന്നും, അറിവില്ലായ്മമൂലം അവര്‍ ചെയ്തുപോയ തിന്മകളെപ്പറ്റി ഖേദിച്ചു മടങ്ങി നന്നായിത്തീര്‍ന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുമെന്നും അവര്‍ക്കു സന്തോഷമറിയിക്കുകയും ചെയ്യണം. എന്നൊക്കെയാണ് ഈ വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ താല്‍പര്യം.

പ്രവാചകന്‍മാരുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ മുമ്പന്‍മാര്‍ എല്ലാ കാലത്തും സാധുക്കളായ ആളുകള്‍ തന്നെയായിരിക്കും. നൂഹ് (عليها الصلاة والسلام) നബിയുടെ സമുദായത്തിലെ പ്രമാണി വര്‍ഗ്ഗം അദ്ദേഹത്തോടു: ‘ഞങ്ങളിലുള്ള അധമന്‍മാരല്ലാതെ നിന്നെ പിന്‍പറ്റിയതായി ഞങ്ങള്‍ കാണുന്നില്ല. അതും അധികമൊന്നും ആലോചിക്കാതെയാണു താനും’ എന്നു പറഞ്ഞിരുന്നതായി സൂറ: ഹൂദ്‌ 27ല്‍ കാണാം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയില്‍ ആദ്യമാദ്യം വിശ്വസിച്ചവരും ദരിദ്രന്‍മാര്‍, സ്ത്രീകള്‍, അടിമകള്‍ മുതലായ ദുര്‍ബ്ബല വിഭാഗമായിരുന്നു. റോമാ ചക്രവര്‍ത്തിയായ ഹിറക്വലിയൂസിനെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കത്തയച്ചപ്പോള്‍, അന്നു ശാമിലുണ്ടായിരുന്ന അബൂസുഫ്യാനെ (رَضِيَ اللهُ تَعَالَى عَنْهُ) വിളിപ്പിച്ചു അദ്ദേഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ചു ഒരന്വേഷണം നടത്തിയ കഥ പ്രസിദ്ധമാണ്. സംഭാഷണ മദ്ധ്യെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പിന്‍പറ്റിയവര്‍ ദുര്‍ബ്ബല വിഭാഗമാണെന്നു ഒരു ചോദ്യത്തിന് ഉത്തരമായി അബൂസുഫ്യാന്‍ (رَضِيَ اللهُ تَعَالَى عَنْهُ) അറിയിച്ചു. അപ്പോള്‍ ഹിറക്വലിയൂസു പറഞ്ഞു: ‘അങ്ങിനെത്തന്നെയാണുണ്ടാവുക. റസൂലുകളെ പിന്‍പറ്റുന്നവര്‍ ദുര്‍ബ്ബലന്‍മാരായിരിക്കും.’ ഏതൊരു നല്ല സംരംഭത്തിലും ആദ്യം മുമ്പോട്ടു വരുന്നതു കേവലം സാധാരണക്കാരും, താഴേക്കിടക്കാരായി ഗണിക്കപ്പെടുന്നവരുമായിരിക്കുമെന്നുള്ളതു ഒരു ചരിത്ര വസ്തുതയാണ്.

കാരുണ്യം തന്റെ ബാധ്യതയായി നിങ്ങളുടെ റബ്ബ് നിശ്ചയിച്ചുവെച്ചിരിക്കുന്നു (كَتَبَ رَبُّكُمْ عَلَىٰ نَفْسِهِ الرَّحْمَةَ) എന്നുള്ള വാക്യം സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിമഹത്തായ ഒരു സന്തോഷവാര്‍ത്തയും അത്യധികം ആശാവഹമായ ഒരു വാഗ്ദാനവുമാകുന്നു. കഴിഞ്ഞ 12-ാം വചനത്തിലും അല്ലാഹു ഇക്കാര്യം ഉണര്‍ത്തുകയുണ്ടായി. അവന്റെ കാരുണ്യം അവന്റെ കോപത്തെ കവച്ചുവെച്ചിരിക്കുന്നുവെന്നു ഹദീഥില്‍ വന്നിട്ടുള്ളതു നാം അവിടെ ഉദ്ധരിക്കുകയും ചെയ്തു. മറ്റൊരു ഹദീഥില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതിന്റെ സാരം ഇങ്ങിനെയാണു: ‘അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറില്‍ ഒരു ഭാഗം മാത്രമാണു മനുഷ്യരടക്കുമുള്ള എല്ലാ ജീവികളിലുമായി അവന്‍ (ഇഹത്തില്‍) നല്‍കിയിരിക്കുന്നതു. എല്ലാവരും പരസ്പരം കരുണയും ദയയും കാണിക്കുന്നതും, ദുഷ്ടജന്തുക്കള്‍ അവയുടെ കുട്ടികളോടു ദയ കാണിക്കുന്നതുമെല്ലാം അതു മൂലമാകുന്നു. ബാക്കി തൊണ്ണൂറ്റി ഒമ്പതു ഭാഗവും തന്റെ അടിയാന്‍മാര്‍ക്കിടയില്‍ കരുണ ചെയ്‌വാനായി അവന്‍ ക്വിയാമത്തു നാളിലേക്കു വെച്ചിരിക്കുകയാണു.’ (ബു; മു). സൂ: അഅ്റാഫ് 156ല്‍ അല്ലാഹു പറയുന്നു: وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ (എന്റെ കാരുണ്യം എല്ലാ വസ്തുക്കള്‍ക്കും വിശാലമായിരിക്കുന്നു) അവന്റെ കാരുണ്യത്തിനു ഇഹത്തിലും പരത്തിലും പാത്രമാകുന്ന സല്‍ഭാഗ്യവാന്‍മാരില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

വിഡ്ഢിത്തം നിമിത്തം തിന്‍മ പ്രവര്‍ത്തിക്കുക (عَمِلَ مِنكُمْ سُوءًا بِجَهَالَةٍ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു സൂ: നിസാഉ് 17-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇങ്ങിനെയെല്ലാം കാര്യങ്ങള്‍ അല്ലാഹു വിസ്തരിച്ചു വിവരിച്ചുതരുന്നതു സത്യയാഥാര്‍ത്ഥ്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുവാനും, ദുര്‍മ്മാര്‍ഗ്ഗം ഇന്നതാണെന്നു ശരിക്കു ഉരുത്തിരിയുവാനും വേണ്ടിയാണെന്നത്രെ അവസാനത്തെ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.