വിഭാഗം - 3

6:21
  • وَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَٰتِهِۦٓ ۗ إِنَّهُۥ لَا يُفْلِحُ ٱلظَّٰلِمُونَ ﴾٢١﴿
  • ആരാണ്‌, അല്ലാഹുവിന്റെ മേല്‍ വ്യാജം കെട്ടിച്ചമക്കുകയോ, അവന്റെ ദൃഷ്‌ടാന്തങ്ങളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി?! നിശ്ചയമായും കാര്യം, അക്രമികള്‍ വിജയിക്കുകയില്ല.
  • وَمَنْ ആരാണു, ആരുണ്ടു أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ച (കെട്ടിപ്പറഞ്ഞ) വനെക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ كَذِبًا വ്യാജം, കളവു أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ(വനെക്കാള്‍) بِآيَاتِهِ അവന്റെ ദൃഷ്ടടാന്തങ്ങളെ إِنَّهُ നിശ്ചയമായും അതു (കാര്യം) لَا يُفْلِحُ വിജയം പ്രാപിക്കയില്ല الظَّالِمُونَ അക്രമികള്‍
6:22
  • وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوٓا۟ أَيْنَ شُرَكَآؤُكُمُ ٱلَّذِينَ كُنتُمْ تَزْعُمُونَ ﴾٢٢﴿
  • അവരെ മുഴുവനും നാം ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക)! പിന്നീട്‌ (നമ്മോടു) പങ്കു ചേര്‍ത്തവരോടു നാം പറയും: 'നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്നതായ നിങ്ങളുടെ (ആ) പങ്കുകാര്‍ എവിടെ?!'
  • وَيَوْمَ ദിവസം نَحْشُرُهُمْ അവരെ നാം ശേഖരി (ഒരുമി) ച്ചു കൂട്ടുന്ന جَمِيعًا മുഴുവനും, എല്ലാവരെയും ثُمَّ نَقُولُ പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا ശിര്‍ക്ക് ചെയ്ത (പങ്ക് ചേര്‍ത്ത) വരോടു أَيْنَ എവിടെയാണു شُرَكَاؤُكُمُ നിങ്ങളുടെ പങ്കുകാര്‍ الَّذِينَ യാതൊരുവര്‍ كُنتُمْ تَزْعُمُونَ നിങ്ങള്‍ ജല്‍പിച്ചുകൊണ്ടിരുന്ന.
6:23
  • ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ ﴾٢٣﴿
  • പിന്നെ, അവരുടെ [അവരെക്കൊണ്ടുള്ള] കുഴപ്പം അവര്‍ (ഇങ്ങിനെ) പറയുന്നതല്ലാതെ (മറ്റൊന്നും) ആയിരിക്കയില്ല: 'ഞങ്ങളുടെ റബ്ബായ അല്ലാഹുവിനെ തന്നെയാണ (സത്യം)! ഞങ്ങള്‍ പങ്കുചേര്‍ക്കുന്നവരായിരുന്നില്ല'
  • ثُمَّ لَمْ تَكُن പിന്നെ ആയിരിക്കയില്ല فِتْنَتُهُمْ അവരുടെ കുഴപ്പം (ശല്യം) إِلَّا أَن قَالُوا അവര്‍ പറയുന്നതല്ലാതെ وَاللَّـهِ അല്ലാഹുവിനെ തന്നെയാണ رَبِّنَا ഞങ്ങളുടെ റബ്ബായ مَا كُنَّا ഞങ്ങളായിരുന്നില്ല مُشْرِكِينَ മുശ്രിക്കുകള്‍, പങ്കുചേര്‍ക്കുന്നവര്‍, ബഹുദൈവ വിശ്വാസികള്‍.
6:24
  • ٱنظُرْ كَيْفَ كَذَبُوا۟ عَلَىٰٓ أَنفُسِهِمْ ۚ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٢٤﴿
  • നോക്കുക: അവര്‍ തങ്ങളുടെ സ്വന്തം പേരില്‍ (തന്നെ) വ്യാജം പറഞ്ഞതെങ്ങിനെയെന്നു! അവര്‍ ഏതൊന്നു കെട്ടിച്ചമച്ചിരുന്നുവോ അതു അവരെ വിട്ടു മറഞ്ഞു പോകുന്നതുമാണ്‌.
  • انظُرْ നോക്കുക كَيْفَ كَذَبُوا എങ്ങനെയാണവര്‍ വ്യാജം പറഞ്ഞതു عَلَىٰ أَنفُسِهِمْ അവരുടെ സ്വന്തം പേരില്‍ وَضَلَّ പിഴച്ചു (മറഞ്ഞു) പോകുകയും ചെയ്യും عَنْهُم അവരെ വിട്ടു, അവരില്‍ നിന്നു مَّا كَانُوا അവരായിരുന്നതു يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും

അല്ലാഹുവിന്റെ പങ്കാളികളായി നിങ്ങള്‍ ജല്‍പിച്ചാരാധിച്ചു വരുന്ന ദൈവങ്ങളൊക്കെ എവിടെപ്പോയി? അവയൊന്നും നിങ്ങള്‍ക്കു രക്ഷയും സഹായവും നല്‍കുന്നില്ലല്ലോ! എന്നു മുശ്രിക്കുകളോടു മഹ്ശറയില്‍ വെച്ച് അല്ലാഹു ചോദിക്കും. മുമ്പ് ഇഹത്തില്‍ വെച്ച് അവര്‍ ഉണ്ടാക്കിയിരുന്ന കുഴപ്പം സത്യനിഷേധവും ശിര്‍ക്കുമായിരുന്നു. എന്നാല്‍, ഈ അവസരത്തില്‍ അവരുണ്ടാക്കുന്ന കുഴപ്പം, തങ്ങള്‍ ശിര്‍ക്കുകളൊന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നു അല്ലാഹുവിന്റെ പേരില്‍ കള്ളസത്യം ചെയ്തു പറയുന്നതായിരിക്കും. മുമ്പ് അവരില്‍ പ്രകടമായിരുന്ന ആ ധാര്‍ഷ്ട്യവും ധൈര്യവും ഇപ്പോള്‍ അവരില്‍ കാണുകയില്ല. അവര്‍ അല്ലാഹുവിനു സമാനമായി ദൈവങ്ങളാക്കി വെച്ചിരുന്ന ആ പങ്കാളികളൊന്നും അവരെ സഹായിക്കുവാന്‍ ഉണ്ടായിരിക്കുകയുമില്ല.

فِتْنَتُهُمْ (അവരുടെ കുഴപ്പം) എന്നു അലങ്കാര രൂപത്തില്‍ പറഞ്ഞതല്ലാതെ. അവര്‍മൂലം അവിടെ അല്ലാഹുവിനോ മറ്റാര്‍ക്കെങ്കിലുമോ വല്ല ദോഷവും ഭവിക്കുമെന്നല്ല ഉദ്ദേശ്യം. രക്ഷാമാര്‍ഗ്ഗമൊന്നും ഇല്ലെന്നു കാണുമ്പോള്‍ അങ്ങിനെ ഒരു കളവു പറഞ്ഞുനോക്കുമെന്നല്ലാതെ, ആ കളവുകൊണ്ടു അവര്‍ക്കു വല്ല നേട്ടവും ലഭിച്ചേക്കുമെന്നു, അതിനര്‍ത്ഥമില്ല. വായകൊണ്ടു പറയുന്ന ആ കള്ളവാദത്തെ അവരുടെ സ്വന്തം കൈകാലുകളും മറ്റു അവയവങ്ങളും തന്നെ നിഷേധിച്ച് അവര്‍ക്കെതിരില്‍ അന്നു സാക്ഷ്യം നല്‍കുന്നതുമായിരിക്കും. (36:65; 41:20).

6:25
  • وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّآ أَسَٰطِيرُ ٱلْأَوَّلِينَ ﴾٢٥﴿
  • അവരിലുണ്ടു ചിലര്‍: നിന്നിലേക്കു [നീ പറയുന്നതിലേക്കു] അവര്‍ ചെവികൊടുക്കും; (പക്ഷേ) അതു ഗ്രഹിക്കുന്നതിനു (തടസ്സമായി) അവരുടെ ഹൃദയങ്ങളുടെ മേല്‍ നാം ചില മൂടികളെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരുടെ കാതുകളില്‍ ഒരു (തരം) കട്ടിയും (നാം ഏര്‍പ്പെടുത്തിയിരിക്കുന്നു). എല്ലാ ദൃഷ്ടാന്താവും കണ്ടാലും അതിലവര്‍ വിശ്വസിക്കുന്നതുമല്ല. അങ്ങനെ, അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ നിന്നോടു അവര്‍ തര്‍ക്കം നടത്തുന്നതാണ്. (ആ) അവിശ്വസിച്ചവര്‍ പറയും: "ഇതു പൂര്‍വ്വികന്‍മാരുടെ പുരാണ കഥകളല്ലാതെ (മറ്റൊന്നും) അല്ല'.
  • وَمِنْهُم അവരില്‍ പെട്ടതാണു, അവരിലുണ്ടു مَّن يَسْتَمِعُ ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന) വര്‍ (ചിലര്‍) إِلَيْكَ നിന്നിലേക്കു وَجَعَلْنَا നാം ആക്കുക (ഏര്‍പ്പെടുത്തുക) യും ചെയ്തിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളുടെ മേല്‍ أَكِنَّةً ചില മൂടികളെ أَن يَفْقَهُوهُ അവരതിനെ ഗ്രഹിക്കുന്നതിനു (തടസ്സമായി) وَفِي آذَانِهِمْ അവരുടെ കാതു (ചെവി) കളിലും وَقْرًا ഒരു (തരം) ഭാരം, കട്ടി وَإِن يَرَوْا അവര്‍ കണ്ടാലും كُلَّ آيَةٍ എല്ലാ ദൃഷ്ടാന്തവും لَّا يُؤْمِنُوا بِهَا അതില്‍ അവര്‍ വിശ്വസിക്കയില്ല حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءُوكَ അവര്‍ നിന്റെ അടുക്കല്‍ വന്നാല്‍ يُجَادِلُونَكَ അവര്‍ നിന്നോടു തര്‍ക്കം നടത്തും يَقُولُ പറയും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا أَسَاطِيرُ പുരാണകഥകള്‍ (ഇതിഹാസങ്ങള്‍) അല്ലാതെ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ
6:26
  • وَهُمْ يَنْهَوْنَ عَنْهُ وَيَنْـَٔوْنَ عَنْهُ ۖ وَإِن يُهْلِكُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ ﴾٢٦﴿
  • അവര്‍ അതിനെക്കുറിച്ചു (മറ്റുള്ളവരെ) വിരോധിക്കുകയും, അതില്‍ നിന്ന് അവര്‍ അകലുകയും ചെയ്യും. (വാസ്തവത്തില്‍) അവര്‍ തങ്ങളെത്തന്നെയല്ലാതെ നാശത്തിലാക്കുന്നില്ല; അവര്‍ക്കു ബോധം വരുന്നില്ലതാനും.
  • وَهُمْ അവര്‍ يَنْهَوْنَ വിരോധിക്കുന്നു عَنْهُ അതിനെക്കുറിച്ചു وَيَنْأَوْنَ അവര്‍ അകലുക (ദൂരപ്പെടുക)യും ചെയ്യുന്നു (ചെയ്യും) عَنْهُ അതിനെക്കുറിച്ചു وَإِن يُهْلِكُونَ അതില്‍ നിന്നു അവര്‍ നശിപ്പി (നാശത്തിലാ) ക്കുന്നുമില്ല إِلَّا أَنفُسَهُمْ അവരുടെ സ്വന്തങ്ങളെ (അവരെത്തന്നെ) അല്ലാതെ وَمَا يَشْعُرُونَ അവര്‍ അറിയുന്നുമില്ല, അവര്‍ക്കു ബോധം വരുന്നുമില്ല

മുശ്രിക്കുകളെ കൂട്ടത്തിലുള്ള ചില ആളുകളെപ്പറ്റിയാണു പ്രസ്താവിക്കുന്നത്. പ്രസ്താവനയുടെ സാരം ഇങ്ങിനെ മനസ്സിലാക്കാം: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്വുര്‍ആന്‍ പാരായണം ചെയ്യുകയോ, വല്ല ഉപദേശങ്ങളും നല്‍കുകയോ ചെയ്യുമ്പോള്‍ അവര്‍ വന്നു അതിലേക്ക് ചെവികൊടുക്കും. സത്യം ഗ്രഹിക്കണമെന്നോ, കാര്യം മനസ്സിലാക്കണമെന്നോ അല്ല അവരുടെ ഉദ്ദേശ്യം. കുതര്‍ക്കത്തിന് പഴുതുണ്ടാക്കലായിരിക്കും ലക്ഷ്യം. എത്രതന്നെ ദൃഷ്താന്തങ്ങള്‍ കണ്ടാലും കേട്ടാലും – അവരുടെ മുരത്ത ദുര്‍വാശി നിമിത്തം – അതൊന്നും ‘അവര്‍ കണക്കിലെടുക്കുകയില്ല. അങ്ങനെ, വല്ല പഴുതും കാണുമ്പോള്‍ കുത്തിത്തിരുപ്പിനും കുതര്‍ക്കത്തിനും മുതിരുകയും ചെയ്യും. ഒടുക്കം, ഇതൊക്കെ പഴങ്കഥകളും, പുരാണേതിഹാസങ്ങളും തന്നെയാണെന്ന് വിധികല്‍പിച്ചു സംതൃപ്തരാകുകയും ചെയ്യും. അവര്‍ സത്യം മനസ്സിലാക്കുകയോ അനുസരിക്കുകയോ ചെയ്യാതെ അകന്നു നില്‍ക്കുന്നുവെന്ന് മാത്രമല്ല, മറ്റുള്ളവരെക്കൂടി മുടക്കം ചെയ്യുകയാണവര്‍ ചെയ്യുന്നത്. ഇതിന്റെയൊക്കെ ഫലം അവര്‍ അവര്‍ക്കുതന്നെ നാശം വലിച്ചിടലും, അവരുടെ സ്വന്തം രക്ഷാമാര്‍ഗ്ഗം തടസ്സപ്പെടുത്തലുമാല്ലാതെ മറ്റൊന്നുമല്ലെന്നുള്ള ബോധം അവര്‍ക്കു വരുന്നില്ല.

وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً (അവരുടെ ഹൃദയങ്ങള്‍ക്കുമേല്‍ നാം ചില മൂടികളെയും, അവരുടെ കാതുകളില്‍ ഒരുതരം ഭാരവും ഏര്‍പ്പെടുത്തിയിരിക്കുന്നു) എന്നു പറഞ്ഞതിന്റെ താല്‍പര്യം, അവര്‍ സത്യം ഗ്രഹിക്കുവാനും, കേട്ടുമനസ്സിലാക്കുവാനും ശ്രമിച്ചിട്ടും അതിനനുവദിക്കാതെ അല്ലാഹു തടസ്സമുണ്ടാക്കി എന്നല്ല. വേണ്ടത്ര സാഹചര്യങ്ങളും പ്രോത്സാഹനങ്ങളും ഉണ്ടായിരുന്നിട്ടും അതൊന്നും ഉപയോഗപ്പെടുത്താതെ, വാശിയും മത്സരബുദ്ധിയും മാത്രം അവര്‍ കൈമുതലാക്കിക്കൊണ്ടിരുന്നതിന്റെ ഫലമായി അവര്‍ക്കു സത്യം ഗ്രഹിക്കുവാന്‍ കഴിയാതെ വന്നുവെന്നത്രെ താല്‍പര്യം. അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയമങ്ങളും, കാര്യകാരണ വ്യവസ്ഥകളും അനുസരിച്ചുണ്ടാകുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍, അല്ലാഹുവിന്റെ പ്രവൃത്തിയാണതെന്നുള്ള നിലക്കു ക്വുര്‍ആനില്‍ പലപ്പോഴും അവയെ അല്ലാഹുവിനോടു ചേര്‍ത്തുകൊണ്ടു പ്രസ്‌താവിച്ചു കാണാവുന്നതാണ്‌. സത്യം ഗ്രഹിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും, നിഷേധ ബുദ്ധിയും മര്‍ക്കടമുഷ്‌ടിയും കൈവിടാതെയും സത്യം മനസ്സിലാക്കുവാന്‍ സാദ്ധ്യമല്ലെന്നുള്ളതു അല്ലാഹു നിശ്ചയിച്ച ഒരു നടപടിച്ചട്ടമാണെന്ന തത്വമാണ്‌ ഇതില്‍ അന്തര്‍ഭവിച്ചിരിക്കുന്നത്‌. ക്വുര്‍ആനിലും ഹദീഥിലും ഇത്തരം പ്രയോഗങ്ങള്‍ കാണുമ്പോള്‍ ഈ യാഥാര്‍ത്ഥ്യം ഓര്‍മ്മിച്ചിരിക്കേണ്ടതാകുന്നു. സൂറത്തുല്‍ ബക്വറഃ 7-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇതു സംബന്ധിച്ചു കൂടുതല്‍ വിശദീകരണം മുമ്പ്‌ കഴിഞ്ഞുപോയിട്ടുണ്ട്‌. സന്ദര്‍ഭോചിതം ചിലപ്പോഴൊക്കെ വേറെ സ്ഥലങ്ങളിലും നാം ഇതിനെപ്പറ്റി സൂചിപ്പിക്കാറുമുണ്ട്‌. വേണ്ടതു പറയുമ്പോള്‍ അത്‌ കേള്‍ക്കുവാനും അനുസരിക്കുവാനും തയ്യാറില്ലാതെ അന്ധരും മൂകരുമായി കഴിയുന്നവരെപ്പറ്റി (സൂ: അന്‍ഫാല്‍ 23ല്‍) അല്ലാഹു പറയുന്നതു നോക്കുക: ‘അവരില്‍ വല്ല നന്മയും ഉള്ളതായി അല്ലാഹു അറിഞ്ഞിരുന്നെങ്കില്‍ അവരെ അവന്‍ കേള്‍പ്പിക്കുമായിരുന്നു. അവരെ കേള്‍പ്പിച്ചിരുന്നാലും അവര്‍ അതില്‍ നിന്നു അവഗണിച്ചു തിരിഞ്ഞു കളയുക തന്നെ ചെയ്യുമായിരുന്നു. (…..وَلَوْ عَلِمَ اللَّهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ) അടുത്ത 28-ാം വചനത്തിലെ അവസാന വാക്യവും കൂടി ശ്രദ്ധിക്കുക:

6:27
  • وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَى ٱلنَّارِ فَقَالُوا۟ يَٰلَيْتَنَا نُرَدُّ وَلَا نُكَذِّبَ بِـَٔايَٰتِ رَبِّنَا وَنَكُونَ مِنَ ٱلْمُؤْمِنِينَ ﴾٢٧﴿
  • അവര്‍ നരകത്തിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നുവെങ്കില്‍! അപ്പോള്‍ അവര്‍ പറയുന്നതാണ്‌: 'ഹാ ഞങ്ങളുടെ റബ്ബിന്റെ ദൃഷ്‌ടാന്തങ്ങളെ ഞങ്ങള്‍ വ്യാജമാക്കാതിരിക്കുകയും, ഞങ്ങള്‍ സത്യവിശ്വാസികളില്‍പെട്ടവരായിത്തീരുകയും ചെയ്യുമാറ്‌ ഞങ്ങള്‍ (ഒന്ന്‌) മടക്കപ്പെട്ടിരുന്നെങ്കില്‍ നന്നായേനേ!'
  • وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍ إِذْ وُقِفُوا അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം عَلَى النَّارِ നരകത്തിങ്കല്‍ فَقَالُوا അപ്പോള്‍ അവര്‍ പറയും يَا لَيْتَنَا ഹാ ഞങ്ങളായെങ്കില്‍ നന്നായേനേ نُرَدُّ ഞങ്ങള്‍ മടക്കപ്പെട്ടിരുന്നു(വെങ്കില്‍) وَلَا نُكَذِّبَ ഞങ്ങള്‍ വ്യാജമാക്കാതെയും بِآيَاتِ ദൃഷ്‌ടാന്തങ്ങളെ رَبِّنَا ഞങ്ങളുടെ റബ്ബിന്റെ وَنَكُونَ ഞങ്ങളായിത്തീരുകയും مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വര്‍)

6:28
  • بَلْ بَدَا لَهُم مَّا كَانُوا۟ يُخْفُونَ مِن قَبْلُ ۖ وَلَوْ رُدُّوا۟ لَعَادُوا۟ لِمَا نُهُوا۟ عَنْهُ وَإِنَّهُمْ لَكَٰذِبُونَ ﴾٢٨﴿
  • (അത്രയുമല്ല) പക്ഷേ, അവര്‍ മുമ്പ്‌ മറച്ചു വെച്ചു കൊണ്ടിരുന്നതു അവര്‍ക്കു (ഇപ്പോള്‍) വെളിവായിരിക്കുകയാണ്‌. അവര്‍ മടക്കപ്പെട്ടാലും അവരോടു യാതൊന്നിനെക്കുറിച്ചു വിരോധിക്കപ്പെട്ടുവോ അതിലേക്കു അവര്‍ (വീണ്ടും) മടങ്ങുകതന്നെ ചെയ്യുന്നതാണ്‌. നിശ്ചയമായും അവര്‍, വ്യാജം പറയുന്നവര്‍ തന്നെ.
  • بَلْ بَدَا പക്ഷേ (എങ്കിലും - എന്നാല്‍) വെളിവായിരിക്കുന്നു, വെളിപ്പെട്ടിരിക്കയാണു لَهُم അവര്‍ക്കു مَّا كَانُوا അവരായിരുന്നതു يُخْفُونَ അവര്‍ മറച്ചു വെക്കുക مِن قَبْلُ മുമ്പു وَلَوْ رُدُّوا അവര്‍ മടക്കപ്പെട്ടാലും لَعَادُوا അവര്‍ മടങ്ങുക (ആവര്‍ത്തിക്കുക) തന്നെ ചെയ്യും لِمَا യാതൊന്നിലേക്കു, യാതൊന്നിനെ نُهُوا അവര്‍ (അവരോടു) വിരോധിക്കപ്പെട്ടിരിക്കുന്നു عَنْهُ അതിനെപ്പറ്റി وَإِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ

6:29
  • وَقَالُوٓا۟ إِنْ هِىَ إِلَّا حَيَاتُنَا ٱلدُّنْيَا وَمَا نَحْنُ بِمَبْعُوثِينَ ﴾٢٩﴿
  • അവര്‍ പറയുന്നു: 'കാര്യം, നമ്മുടെ (ഈ) ഐഹിക ജീവിതമല്ലാതെ (മറ്റൊരു ജീവിതം) ഇല്ല; നാം (മരണാനന്തരം) എഴുന്നേല്‍പിക്കപ്പെടുന്നവരുമല്ല.'
  • وَقَالُوا അവര്‍ പറയുന്നു إِنْ هِيَ അതു (കാര്യം) അല്ല إِلَّا حَيَاتُنَا നമ്മുടെ ജീവിതമല്ലാതെ الدُّنْيَا ഇഹത്തിലെ, ഐഹിക وَمَا نَحْنُ നാം അല്ലതാനും بِمَبْعُوثِينَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍
6:30
  • وَلَوْ تَرَىٰٓ إِذْ وُقِفُوا۟ عَلَىٰ رَبِّهِمْ ۚ قَالَ أَلَيْسَ هَٰذَا بِٱلْحَقِّ ۚ قَالُوا۟ بَلَىٰ وَرَبِّنَا ۚ قَالَ فَذُوقُوا۟ ٱلْعَذَابَ بِمَا كُنتُمْ تَكْفُرُونَ ﴾٣٠﴿
  • അവര്‍ അവരുടെ റബ്ബിങ്കല്‍ നിറുത്തപ്പെടുന്ന അവസരം നീ കണ്ടിരുന്നെങ്കില്‍! അവന്‍ (അവരോടു) പറയും: 'ഇതു യഥാര്‍ത്ഥം [തന്നെ] അല്ലേ?!' അവര്‍ പറയും: 'അല്ലാതേ! ഞങ്ങളുടെ റബ്ബിനെത്തന്നെയാണ (സത്യം)!' അവര്‍ പറയും: 'എന്നാല്‍, നിങ്ങള്‍ അവിശ്വസിച്ചു കൊണ്ടിരുന്നതു നിമിത്തം നിങ്ങള്‍ ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍.'
  • وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍ إِذْ وُقِفُوا അവര്‍ നിറുത്തപ്പെടുമ്പോള്‍, നിറുത്തപ്പെടുന്ന സന്ദര്‍ഭം عَلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കല്‍ قَالَ അവന്‍ പറയും أَلَيْسَ هَـٰذَا ഇതല്ലയോ بِالْحَقِّ യഥാര്‍ത്ഥം (തന്നെ)] قَالُوا അവര്‍ പറയും بَلَىٰ അല്ലാതേ (അതെ) وَرَبِّنَا ഞങ്ങളുടെ റബ്ബിനെത്തന്നെയാണ قَالَ അവര്‍ പറയും فَذُوقُوا എന്നാല്‍ രുചി നോക്കു (ആസ്വദിക്കു) വിന്‍ الْعَذَابَ ശിക്ഷയെ بِمَا كُنتُمْ നിങ്ങളായിരുന്നതുകൊണ്ടു تَكْفُرُونَ നിങ്ങള്‍ അവിശ്വസിക്കുക

വിഭാഗം - 4

6:31
  • قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ ۖ حَتَّىٰٓ إِذَا جَآءَتْهُمُ ٱلسَّاعَةُ بَغْتَةً قَالُوا۟ يَٰحَسْرَتَنَا عَلَىٰ مَا فَرَّطْنَا فِيهَا وَهُمْ يَحْمِلُونَ أَوْزَارَهُمْ عَلَىٰ ظُهُورِهِمْ ۚ أَلَا سَآءَ مَا يَزِرُونَ ﴾٣١﴿
  • തീര്‍ച്ചയായും, അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ നഷ്ടമടഞ്ഞിരിക്കുന്നു. അങ്ങനെ, അന്ത്യസമയം അവര്‍ക്കു പെട്ടെന്നു വന്നെത്തുമ്പോള്‍, അവര്‍ പറയും: 'ഹാ! ഇതി(ന്റെ കാര്യത്തില്‍) ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ ഞങ്ങളുടെ സങ്കടമേ!!' അവരാകട്ടെ, തങ്ങളുടെ (പാപ) ഭാരങ്ങളെ അവരുടെ മുതുകുകളില്‍ വഹിക്കുന്നുമുണ്ടായിരിക്കും. അല്ലാ! (അറിയുക) അവര്‍ പേറിക്കൊണ്ടിരിക്കുന്നതു എത്രയോ ചീത്ത!
  • قَدْ خَسِرَ തീര്‍ച്ചയായും നഷ്ടപ്പെട്ടിരിക്കുന്നു الَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِلِقَاءِ കണ്ടുമുട്ടുന്നതിനെ اللَّـهِ അല്ലാഹുവിനെ حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا جَاءَتْهُمُ അവര്‍ക്കു വന്നാല്‍ السَّاعَةُ അന്ത്യസമയം بَغْتَةً പെട്ടന്നു, യാദൃശ്ചികമായി قَالُوا അവര്‍ പറയും يَا حَسْرَتَنَا ഞങ്ങളുടെ സങ്കടമേ عَلَىٰ مَا فَرَّطْنَا ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍ فِيهَا അതില്‍, ഇതിനെപ്പറ്റി وَهُمْ അവരാകട്ടെ يَحْمِلُونَ അവര്‍ വഹിക്കുന്നു أَوْزَارَهُمْ അവരുടെ (പാപ) ഭാരങ്ങളെ عَلَىٰ ظُهُورِهِمْ അവരുടെ മുതുകു (പുറം) കളില്‍ أَلَا അല്ലാ (അറിയുക) سَاءَ വളരെ (എത്രയോ) ചീത്ത (മോശം) مَا يَزِرُونَ അവര്‍ (പാപം) പേറിക്കൊണ്ടിരിക്കുന്നത്

(ഇതില്‍ ഞങ്ങള്‍ വീഴ്ചവരുത്തി) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഇഹലോക ജീവിതത്തില്‍ വെച്ചു സത്യവിശ്വാസവും സല്‍ക്കര്‍മ്മവും അനുഷ്ഠിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും, അന്ത്യനാളില്‍ വിശ്വസിക്കാതെ അതിന്റെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്നും ആകാവുന്നതാണ്. രണ്ടായാലും സാരത്തില്‍ ഒന്നുതന്നെ.

6:32
  • وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا لَعِبٌ وَلَهْوٌ ۖ وَلَلدَّارُ ٱلْءَاخِرَةُ خَيْرٌ لِّلَّذِينَ يَتَّقُونَ ۗ أَفَلَا تَعْقِلُونَ ﴾٣٢﴿
  • ഐഹിക ജീവിതം, കളിയും വിനോദവുമല്ലാതെ (മറ്റൊന്നും) അല്ല. പരലോക ഭവനം തന്നെയാണു സൂക്ഷ്മത പാലിക്കുന്നവര്‍ക്കു ഉത്തമം. അപ്പോള്‍ (മനുഷ്യരെ) നിങ്ങള്‍ ബുദ്ധി കൊടു(ത്തു ഗ്രഹി)ക്കുന്നില്ലേ?!
  • وَمَا الْحَيَاةُ ജീവിതമല്ല الدُّنْيَا ഐഹിക إِلَّا لَعِبٌ കളിയല്ലാതെ وَلَهْوٌ വിനോദവും وَلَلدَّارُ തീര്‍ച്ചയായും വീടു (ഭവനം) الْآخِرَةُ പരലോക خَيْرٌ ഉത്തമമാണു, കൂടുതല്‍ നല്ലതാണു لِّلَّذِينَ യാതൊരു കൂട്ടര്‍ക്കു يَتَّقُونَ സൂക്ഷ്മത പാലിക്കുന്ന أَفَلَا അപ്പോള്‍ ഇല്ലേ تَعْقِلُونَ നിങ്ങള്‍ ബുദ്ധി കൊടുക്കു(ന്നില്ലേ)

ഐഹികജീവിതം കളിയും വിനോദവുമാണു – പരലോക ജീവിതമാണു സാക്ഷാല്‍ ജീവിതവും കാര്യപ്പെട്ടതും – എന്നു പറയുമ്പോള്‍, ഐഹിക ജീവിതത്തില്‍വെച്ചു ഒന്നും നേടുവാനില്ലെന്ന്‍ ധരിക്കേണ്ടതില്ല. പരലോകത്ത് വിജയവും മോക്ഷവും ലഭിക്കുവാനുള്ള മാര്‍ഗ്ഗങ്ങളെല്ലാം സമ്പാദിക്കേണ്ടതു ഇഹത്തില്‍ വെച്ചാണല്ലോ. പക്ഷേ, പാരത്രിക ജീവിത യാഥാര്‍ത്ഥ്യങ്ങളെ അപേക്ഷിച്ചു ഐഹിക ജീവിതം വെറും കളിയും വിനോദവും മാത്രമാണു. അതിനു സ്ഥിരതയോ സാക്ഷാല്‍ക്കാരമോ ഇല്ല. അതുകൊണ്ടു പരലോക ജീവിതത്തിനാണു ഐഹിക ജീവിതത്തെക്കാള്‍ വിലകല്‍പിക്കേണ്ടതു എന്നാണുദ്ദേശ്യം. മറ്റൊരിടത്തില്‍ അല്ലാഹു പറയുന്നു:

بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا (16) وَالْآخِرَةُ خَيْرٌ وَأَبْقَىٰ (17) – سورة الأعلى

(എങ്കിലും നിങ്ങള്‍ ഐഹിക ജീവിതത്തിനു പ്രാധാന്യം നല്‍കുന്നു. പരലോകമാകട്ടെ, കൂടുതല്‍ ഉത്തമവും ശേഷിക്കുന്നതുമാകുന്നു). സൂക്ഷ്മത പാലിക്കുന്ന സജ്ജനങ്ങള്‍ക്ക് പരലോക ഭവനമാണ് ഉത്തമമെന്നു പറഞ്ഞതില്‍, സൂക്ഷ്മത പാലിക്കാത്ത ദുര്‍ജ്ജനങ്ങള്‍ക്കു പരലോക ജീവിതം ഉത്തമമായിരിക്കയില്ല – കൂടുതല്‍ ദോഷകരമായിട്ടാണ് അനുഭവപ്പെടുക – എന്നുള്ള ഒരു വ്യംഗ്യാര്‍ത്ഥം കൂടി അടങ്ങിയിരുക്കുന്നു.

6:33
  • قَدْ نَعْلَمُ إِنَّهُۥ لَيَحْزُنُكَ ٱلَّذِى يَقُولُونَ ۖ فَإِنَّهُمْ لَا يُكَذِّبُونَكَ وَلَٰكِنَّ ٱلظَّٰلِمِينَ بِـَٔايَٰتِ ٱللَّهِ يَجْحَدُونَ ﴾٣٣﴿
  • (നബിയേ) അവര്‍ പറഞ്ഞു വരുന്നതു നിശ്ചയമായും നിന്നെ വ്യസനിപ്പിക്കുന്നുവെന്നു നാം അറിയുന്നുണ്ട്. എന്നാല്‍ (യഥാര്‍ത്ഥത്തില്‍) അവര്‍ നിന്നെ വ്യാജമാക്കുന്നില്ല: എങ്കിലും (ആ) അക്രമികള്‍ അല്ലാഹുവിന്റെ 'ആയത്തു' (ലക്‌ഷ്യം) കളെയത്രെ നിഷേധിക്കുന്നത്.
  • قَدْ نَعْلَمُ നാം അറിയുന്നുണ്ട്, തീര്‍ച്ചയായും നമുക്കറിയാം إِنَّهُ നിശ്ചയമായും കാര്യം لَيَحْزُنُكَ നിന്നെ വ്യസനിപ്പിക്കുന്നു (എന്നു) الَّذِي يَقُولُونَ അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതു فَإِنَّهُمْ എന്നാലവര്‍ لَا يُكَذِّبُونَكَ നിന്നെ വ്യാജമാക്കുന്നില്ല وَلَـٰكِنَّ എങ്കിലും الظَّالِمِينَ അക്രമികള്‍ بِآيَاتِ ആയത്തു (ലക്‌ഷ്യം - ദൃഷ്ടാന്തം) കളെ اللَّـهِ അല്ലാഹുവിന്റെ يَجْحَدُونَ അവര്‍ നിഷേധിക്കുന്നു
6:34
  • وَلَقَدْ كُذِّبَتْ رُسُلٌ مِّن قَبْلِكَ فَصَبَرُوا۟ عَلَىٰ مَا كُذِّبُوا۟ وَأُوذُوا۟ حَتَّىٰٓ أَتَىٰهُمْ نَصْرُنَا ۚ وَلَا مُبَدِّلَ لِكَلِمَٰتِ ٱللَّهِ ۚ وَلَقَدْ جَآءَكَ مِن نَّبَإِى۟ ٱلْمُرْسَلِينَ ﴾٣٤﴿
  • നിന്റെ മുമ്പു പല റസൂലുകളും വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ട്. എന്നിട്ട് അവര്‍ക്കു നമ്മുടെ സഹായം വന്നെത്തുന്നതു വരെ, തങ്ങള്‍ വ്യാജമാക്കപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും ചെയ്തതില്‍ അവര്‍ ക്ഷമ സ്വീകരിച്ചു. അല്ലാഹുവിന്റെ വാക്കുകള്‍ക്കു മാറ്റം വരുത്തുന്നവരേ ഇല്ല. 'മുര്‍സലു'കളുടെ വൃത്താന്തത്തില്‍ നിന്നും (വേണ്ടതു) നിനക്കു വന്നു കിട്ടിയിട്ടുണ്ടല്ലോ.
  • وَلَقَدْ كُذِّبَتْ വ്യാജമാക്കപ്പെടുകയുണ്ടായിട്ടുണ്ടു رُسُلٌ (ദൈവ) ദൂതന്‍മാര്‍ مِّن قَبْلِكَ നിന്റെ മുമ്പു فَصَبَرُوا എന്നിട്ടവര്‍ ക്ഷമിച്ചു عَلَىٰ مَا كُذِّبُوا അവര്‍ വ്യാജമാക്കപെട്ടത്തില്‍ وَأُوذُوا അവര്‍ ഉപദ്രവിക്കപ്പെടുകയും ചെയ്ത(തില്‍) حَتَّىٰ أَتَاهُمْ അവര്‍ക്കു വന്നെത്തുന്നതുവരെ نَصْرُنَا നമ്മുടെ സഹായം وَلَا مُبَدِّلَ മാറ്റം വരുത്തുന്ന (പകരം കൊണ്ടുവരുന്ന) വരേയില്ല لِكَلِمَاتِ വാക്കുകള്‍ക്കു, വാക്യങ്ങള്‍ക്കു اللَّـهِ അല്ലാഹുവിന്റെ وَلَقَدْ جَاءَكَ നിനക്കു വരുകയുണ്ടായിട്ടുണ്ടു مِن نَّبَإِ വൃത്താന്ത (വര്‍ത്തമാന) ത്തില്‍നിന്നും الْمُرْسَلِينَ ദൈവദൂതന്‍മാരുടെ

സ്വജനങ്ങളായ ക്വുറൈശികള്‍ സത്യവിശ്വാസം സ്വീകരിക്കാത്തതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി വളരെ വ്യാസനത്തിലായിരുന്നു. അതില്‍ അത്രയൊന്നും മനോവേദന അനുഭവിക്കേണ്ടതില്ലെന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുന്നു. അതിനു കാരണവും വിവരിച്ചിരിക്കുന്നു. 35:8; 18:6; 26:3 മുതലായ സ്ഥലങ്ങളിലും ഇതുപോലെയുള്ള ചില പ്രസ്താവനകള്‍ കാണാവുന്നതാണ്. ഇവിടെ പ്രസ്താവിച്ചതിന്റെ ചുരുക്കം ഇതാണു:-

അവരുടെ നിഷേധങ്ങള്‍, കുതര്‍ക്കങ്ങള്‍ മുതലായവയെല്ലാം അല്ലാഹു അറിയുന്നുണ്ട്. വാസ്തവത്തില്‍ അവര്‍ നിഷേധിക്കുന്നതും വ്യാജമാക്കുന്നതും താങ്കളെയല്ല; നമ്മുടെ ദൃഷ്ടാന്തങ്ങളെയും വചനങ്ങലെയുമാണു. അഥവാ താങ്കളോട് വ്യക്തിപരമായല്ല – നമ്മുടെ സന്ദേശങ്ങളോടാണു – അവര്‍ക്കു വിരോധമുള്ളത്. ഇങ്ങിനെയുള്ള നിഷേധവും ശത്രുതയും ഇതു ആദ്യത്തേതൊന്നുമല്ല. മുമ്പും പല റസൂലുകള്‍ക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അവര്‍ നിഷേധിക്കപെടുകയും, പല അക്രമ മര്‍ദ്ദനങ്ങള്‍ക്കു വിധേയരാകുകയും ചെയ്തിരുന്നു. എന്നാല്‍, അവരതൊക്കെ സഹിക്കുകയും ക്ഷമിക്കുകയുമാണ് ചെയ്തിരുന്നത്. ക്രമേണ അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നുള്ള സഹായവും വിജയവും വന്നുകിട്ടുകയും ചെയ്തു. അവസാനം വിജയം ലഭിക്കുക നമ്മുടെ റസൂലുകള്‍ക്കും അവരുടെ പക്ഷക്കാര്‍ക്കുമായിരിക്കുമെന്ന് നാം മുമ്പേ നിശ്ചയിച്ചു വെച്ചതാണു. ആ വാക്കിനു മാറ്റം സംഭവിക്കുകയില്ല. അതുകൊണ്ട് അവരെപ്പോലെ താങ്കളും ക്ഷമ കൈക്കൊള്ളുക. മുര്‍സലുകളുടെ കഴിഞ്ഞ ചരിത്രത്തില്‍നിന്നു ഈ യാഥാര്‍ത്ഥ്യം തെളിയിക്കുന്ന പല വര്‍ത്തമാനങ്ങളും ഇതിനുമുമ്പ് ഞാന്‍ താങ്കള്‍ക്കു അറിയിച്ചു തന്നിട്ടുണ്ടല്ലോ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അബൂജഹ്ല്‍ ഇങ്ങിനെ പറഞ്ഞതായി അലി (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിച്ചിരിക്കുന്നു: ‘ഞങ്ങള്‍ നിന്നെ വ്യാജമാക്കുന്നില്ല. എങ്കിലും നീ കൊണ്ടുവന്നതിനെയാണ് ഞങ്ങള്‍ വ്യാജമാക്കുന്നതു.’ (ഹാകിം). സുദ്ദീ (رَضِيَ اللهُ تَعَالَى عَنْهُ) യില്‍ നിന്ന് ഇബ്നുജരീര്‍ (رحمه الله) ഉദ്ധരിക്കുന്നു: ഒരിക്കല്‍ അബൂജഹ്ലിനോടു അക്വ്നസുബ്നു ശരീക്വ് ഇങ്ങിനെ സ്വകാര്യം പറഞ്ഞു: “മുഹമ്മദു സത്യവാനോ അസത്യവാനോ എന്നു താങ്കള്‍ എനിക്കൊന്നു പറഞ്ഞു തരണം. നമ്മുടെ സംസാരം കേള്‍ക്കുവാന്‍ ഇവിടെ ഞാനും താങ്കളുമല്ലാതെ വേറെ ക്വുറൈശികളില്‍ ആരും ഇല്ലല്ലോ”. അബൂജഹ്ല്‍ പറഞ്ഞു: “അഹോ! അല്ലാഹുവിനെയാണ (സത്യം)! മുഹമ്മദു സത്യവാന്‍ തന്നെ. മുഹമ്മദു ഒട്ടും കളവു പറയുകയുണ്ടായിട്ടില്ല. പക്ഷെ, ക്വുസ്വയ്യിന്റെ സന്തതികള്‍ (മുഹമ്മദിന്റെ പിതൃവഴിക്കാര്‍) പതാകയും (നേതൃത്വവും), സിക്വായത്തും (ഹാജിമാര്‍ക്കു വെള്ളം നല്‍കുന്ന സ്ഥാനവും), ഹിജാബത്തും (കഅ്ബഃയുടെ സംരക്ഷണാധികാരവും), നുബുവ്വത്തും (പ്രവാചകത്വവും) കൊണ്ടുപോയാല്‍ പിന്നെ മറ്റുള്ള ക്വുറൈശികള്‍ക്കു എന്താണുണ്ടായിരിക്കുക?!”. അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു:-

6:35
  • وَإِن كَانَ كَبُرَ عَلَيْكَ إِعْرَاضُهُمْ فَإِنِ ٱسْتَطَعْتَ أَن تَبْتَغِىَ نَفَقًا فِى ٱلْأَرْضِ أَوْ سُلَّمًا فِى ٱلسَّمَآءِ فَتَأْتِيَهُم بِـَٔايَةٍ ۚ وَلَوْ شَآءَ ٱللَّهُ لَجَمَعَهُمْ عَلَى ٱلْهُدَىٰ ۚ فَلَا تَكُونَنَّ مِنَ ٱلْجَٰهِلِينَ ﴾٣٥﴿
  • അവരുടെ തിരിഞ്ഞുകളയല്‍ [അവഗണന] നിനക്കു വളരെ വലുതായി (തോന്നിയി) രുന്നാല്‍, എന്നാല്‍ - ഭൂമിയില്‍ ഒരു മാളമോ, ആകാശത്തില്‍ ഒരു കോണിയോ തേടിപ്പിടിക്കുകയും, എന്നിട്ട് വല്ല ദൃഷ്ടാന്തവും അവര്‍ക്കു കൊണ്ടുവരുവാനും നിനക്കു സാധ്യമാകുന്നപക്ഷം (അങ്ങിനെ ചെയ്തേക്കുക)!. അല്ലാഹു ഉദ്ദേശിച്ചാല്‍, അവരെ(യെല്ലാം) അവന്‍ സന്‍മാര്‍ഗ്ഗത്തില്‍ ഒരുമിച്ചുകൂട്ടിയിരുന്നു. ആകയാല്‍, തീര്‍ച്ചയായും നീ വിവരമില്ലാത്തവരില്‍ (വിഡ്ഢികളില്‍) പെട്ടവനായിത്തീരരുത്.
  • وَإِن كَانَ ആയിരുന്നാല്‍ كَبُرَ (വളരെ) വലുതായി عَلَيْكَ നിനക്കു إِعْرَاضُهُمْ അവരുടെ തിരിഞ്ഞുകളയല്‍, അവഗണന فَإِنِ اسْتَطَعْتَ എന്നാല്‍ നിനക്കു സാധിക്കുമെങ്കില്‍ أَن تَبْتَغِيَ നീ തേടുവാന്‍, തേടിപ്പിടിക്കുവാന്‍ نَفَقًا ഒരു മാളം (മട) فِي الْأَرْضِ ഭൂമിയില്‍ أَوْ سُلَّمًا അല്ലെങ്കില്‍ ഒരു കോണി, ഏണി فِي السَّمَاءِ ആകാശത്തില്‍ فَتَأْتِيَهُم എന്നിട്ടു നീ അവര്‍ക്കു വരുകയും بِآيَةٍ ഒരു ദൃഷ്ടാന്തവും കൊണ്ടു وَلَوْ شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചിരുന്നാല്‍ لَجَمَعَهُمْ അവരെ ഒരുമിപ്പിക്കുക തന്നെ ചെയ്തിരുന്നു عَلَى الْهُدَىٰ നേര്‍മ്മാര്‍ഗ്ഗത്തില്‍ فَلَا تَكُونَنَّ അതിനാല്‍ തീര്‍ച്ചയായും നീ ആകരുതു مِنَ الْجَاهِلِينَ വിഡ്ഢികളില്‍, വിവരമില്ലാത്തവരില്‍ (പെട്ടവന്‍)
6:36
  • ۞ إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ ۘ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ ﴾٣٦﴿
  • (പറയുന്നതു) കേള്‍ക്കുന്നവര്‍ മാത്രമേ ഉത്തരം നല്‍കൂ. മരണപ്പെട്ടുപോയവരാകട്ടെ, അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കുകയാണു ചെയ്യുക; പിന്നെ, അവങ്കലേക്കു അവര്‍ മടക്കപ്പെടുന്നതാണ്.
  • إِنَّمَا يَسْتَجِيبُ നിശ്ചയമായും ഉത്തരം നല്‍കുക الَّذِينَ യാതൊരുവര്‍ (മാത്രം) ആകുന്നു يَسْمَعُونَ അവര്‍ കേള്‍ക്കും وَالْمَوْتَىٰ മരണപ്പെട്ടവരാകട്ടെ يَبْعَثُهُمُ اللَّـهُ അവരെ അല്ലാഹു എഴുന്നേല്‍പ്പിക്കും ثُمَّ إِلَيْهِ പിന്നെ അവങ്കലേക്കു يُرْجَعُونَ അവര്‍ മടക്കപ്പെടും

അവര്‍ വിശ്വസിക്കാത്തതില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഉല്‍കണ്‌ഠ കുറേ അധികമാണു അതിന്റെ ആവശ്യമില്ല. വിശ്വസിക്കുവാന്‍ മതിയായ ധാരാളം തെളിവുകള്‍ അവര്‍ക്കു കിട്ടിക്കഴിഞ്ഞിട്ടുണ്ട്‌. വേണമെങ്കില്‍ വിശ്വസിക്കട്ടെ എന്നു വെച്ചു സമാധാനിക്കുകയേ വേണ്ടൂ. അല്ലാത്തപക്ഷം – അവരെ വിശ്വസിപ്പിക്കുക തന്നെവേണമെന്നു വെക്കുന്നപക്ഷം – അതിനു തക്കതായ വല്ല പുതിയ ദൃഷ്‌ടാന്തവും കാണിച്ചു കൊടുത്തേക്കുക. ഭൂമിയില്‍ വല്ല മാളവും തേടിപ്പിടിച്ച് അതിലൂടെ കീഴ്‌പ്പോട്ടിറങ്ങിയോ, ആകാശത്തേക്കുള്ള വല്ല കോണിയും കണ്ടെത്തി അതിലൂടെ മേല്‍പോട്ടു കയറിയോ – എങ്ങിനെയാണതു സാധിക്കുന്നതെങ്കില്‍ അങ്ങിനെ – ചെയ്‌തുകൊള്ളുക. എന്നൊക്കെയാണു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോടു അല്ലാഹു പറയുന്നത്‌. ആക്ഷേപസ്വരത്തിലുള്ള ഈ വാക്കുകള്‍ തിരുമേനിക്കു ഈ വിഷയത്തിലുണ്ടായിരുന്ന മനോവേദനയുടെ കാഠിന്യത്തെയാണു ചൂണ്ടിക്കാട്ടുന്നത്‌. ഇവരെപ്പറ്റി അത്രക്കൊന്നും സാഹസപ്പെടേണ്ടതില്ലെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ തെര്യപ്പെടുത്തുകയാണുദ്ദേശ്യം. എല്ലാ മനുഷ്യരെയും വിശ്വസിപ്പിച്ചേ തീരൂ എന്നു അല്ലാഹു നിശ്ചയിച്ചിട്ടില്ല. തെളിവുകള്‍ വേണ്ടത്ര നല്‍കിക്കൊണ്ട്‌, വിശ്വസിക്കലും വിശ്വസിക്കാതിരിക്കലും അവരവരുടെ ഹിതത്തിന്‌ അവന്‍ വിട്ടുകൊടുത്തിരിക്കുകയാണ്‌. മുഴുവന്‍ മനുഷ്യരും സന്മാര്‍ഗികളായിത്തന്നെ ഇരിക്കണമെന്നാണ്‌ അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കില്‍ അതങ്ങിനെത്തന്നെ സംഭവിക്കുമായിരുന്നു. അതുകൊണ്ട്‌ അവര്‍ വിശ്വസിക്കാത്തതിന്റെ പേരില്‍ അമിതമായ അക്ഷമയും വ്യസനവും കാണിക്കുന്നതു കേവലം വിഡ്‌ഢിത്തമാണു. അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു യോജിച്ചതല്ല എന്നു ഉണര്‍ത്തുകയും ചെയ്യുന്നു.

അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ക്ഷണം സ്വീകരിക്കാതിരിക്കുവാന്‍ കാരണം, അല്ലാഹുവിന്റെ സന്ദേശങ്ങളും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ഉപദേശങ്ങളും കേട്ടു മനസ്സിലാക്കുവാന്‍ തയ്യാറില്ലാത്തതാണ്‌; പറയുന്ന കാര്യം ശ്രദ്ധിച്ചു കേള്‍ക്കുന്നവര്‍ മാത്രമേ ക്ഷണം സ്വീകരിക്കുവാന്‍ മുമ്പോട്ടു വരുകയുള്ളൂ; അല്ലാത്തവര്‍ ഹൃദയ ചൈതന്യം നശിച്ചു മൃതപ്രായമായവരാണു; മൃതിയടഞ്ഞു കഴിഞ്ഞവരെ പുനരുത്ഥാന ദിവസം എഴുന്നേല്‍പിച്ചു വിചാരണ നടത്തി നടപടി എടുക്കുകയാണുണ്ടാവുക. അക്കൂട്ടത്തില്‍ ഈ ‘ജീവശ്ശവങ്ങളു’ടെമേലും അല്ലാഹു നടപടി എടുത്തുകൊള്ളും എന്നൊക്കെയാണു തുടര്‍ന്നു പറഞ്ഞതിന്റെ സാരം.

6:37
  • وَقَالُوا۟ لَوْلَا نُزِّلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۚ قُلْ إِنَّ ٱللَّهَ قَادِرٌ عَلَىٰٓ أَن يُنَزِّلَ ءَايَةً وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٣٧﴿
  • അവര്‍ പറയുന്നു: 'ഇവന്റെ മേല്‍ തന്റെ റബ്ബിങ്കല്‍നിന്നു് വല്ല ദൃഷ്ടാന്തവും ഇറക്കപ്പെടാത്തതെന്താണ്?!' പറയുക: 'നിശ്ചയമായും അല്ലാഹു വല്ല ദൃഷ്ടാന്തവും ഇറക്കുവാന്‍ കഴിവുള്ളവനാണ്‌. എങ്കിലും അവരില്‍ അധികമാളും അറിയുന്നില്ല.'
  • وَقَالُوا അവര്‍ പറയുകയാണു لَوْلَا نُزِّلَ ഇറക്കപ്പെടാത്തതെന്തു عَلَيْهِ ഇവന്റെ (അവന്റെ) മേല്‍ آيَةٌ ഒരു ദൃഷ്ടാന്തം, വല്ല ദൃഷ്ടാന്തവും مِّن رَّبِّهِ അവന്റെ റബ്ബിങ്കല്‍ നിന്നു قُلْ പറയുക إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു قَادِرٌ കഴിവുള്ളവനാണ്‌ عَلَىٰ أَن يُنَزِّلَ ഇറക്കുവാന്‍ آيَةً വല്ല (ഒരു) ദൃഷ്ടാന്തവും وَلَـٰكِنَّ എങ്കിലും أَكْثَرَهُمْ മനുഷ്യരില്‍ അധികമാളുകള്‍ لَا يَعْلَمُونَ അറിയുന്നില്ല

ദൃഷ്‌ടാന്തങ്ങള്‍ പലതും അവര്‍ക്കു വന്നു കഴിഞ്ഞിട്ടുണ്ട്‌. ക്വുര്‍ആനാകുന്ന ഏറ്റവും വലിയ ദൃഷ്‌ടാന്തവും അവരുടെ മുമ്പിലുണ്ട്‌. അതിനെതിരില്‍ അതുപോലെ ഒരു ഗ്രന്ഥമോ, അതിലെ അധ്യായംപോലെ ഒരദ്ധ്യായമോ കൊണ്ടുവരാന്‍ സാധ്യമല്ലെന്നു അവര്‍ സമ്മതിക്കേണ്ടി വന്നിട്ടുമുണ്ട്‌. എന്നിട്ടു പിന്നെയും – ദുര്‍ബുദ്ധിയും ദുര്‍വാശിയും നിമിത്തം- പുതിയൊരു ദൃഷ്‌ടാന്തം ആവശ്യപ്പെടുകയാണവര്‍ ചെയ്യുന്നതു. തങ്ങളെ വിശ്വസിക്കുവാന്‍ നിര്‍ബന്ധിതരാക്കുമാറുള്ള ഒരു പ്രത്യേക ദൃഷ്‌ടാന്തം, അല്ലെങ്കില്‍ മൂസാ (عليه الصلاة والسلام) യുടെ വടിപോലെയോ, സ്വാലിഹു നബി (عليه الصلاة والسلام) യുടെ ഒട്ടകം പോലെയോ ഉള്ള ഒരു പ്രകൃതി ദൃഷ്‌ടാന്തം, അതുമല്ലെങ്കില്‍ – അവര്‍ ആവശ്യപ്പെട്ടതായി സൂ: ഇസ്രാഉ്‌ 90-93 ല്‍ പറയുന്നതുപോലെ – ആകാശത്തു നിന്നൊരു കഷ്‌ണം വീഴ്‌ത്തുകയോ, സ്വര്‍ണ്ണംകൊണ്ടുള്ള ഒരു വീടുണ്ടാകുകയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആകാശത്തേക്കു കയറിപ്പോകുകയോ പോലെയുള്ള ഏതെങ്കിലും ഒരു ദൃഷ്‌ടാന്തം (മുഅ്‌ജിസത്ത്‌) അതാണ്‌ അവര്‍ ആവശ്യപ്പെടുന്നത്‌. അല്ലാഹുവിനു ഏതു തരത്തിലുള്ള ദൃഷ്‌ടാന്തവും കാണിക്കുവാന്‍ തീര്‍ച്ചയായും കഴിയും. പക്ഷേ, അങ്ങിനെയൊരു ദൃഷ്‌ടാന്തം കാണിച്ചു കൊടുക്കാത്തതില്‍ ചില യുക്തി രഹസ്യങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടു കാണിച്ചു കൊടുക്കായ്‌കയാണ്‌. ഈ യാഥാര്‍ത്ഥ്യം മിക്കവരും മനസ്സിലാക്കുന്നില്ല. അതാണു അവര്‍ ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ കാരണം എന്നത്രെ അവര്‍ക്കു നല്‍കിയ മറുപടിയുടെ താല്‍പര്യം.

അമാനുഷികമായ ഏതെങ്കിലും ഒരു വലിയ പ്രകൃതി ദൃഷ്‌ടാന്തം മുഖേന എല്ലാവരെയും സത്യവിശ്വാസം സ്വീകരിക്കുവാന്‍ നിര്‍ബ്ബന്ധിതരാക്കണമെന്നല്ല അല്ലാഹു ഉദ്ദേശിക്കുന്നത്‌. സത്യാസത്യങ്ങള്‍ വിവേചിച്ചറിയുവാനുള്ള ബുദ്ധിപരമായ ദൃഷ്‌ടാന്തങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കുകയും, സത്യയാഥാര്‍ത്ഥ്യങ്ങള്‍ ഇന്നിന്നപ്രകാരമാണെന്നു പ്രവാചകനും വേദഗ്രന്ഥവും മുഖേന വിവരിച്ചു കൊടുക്കുകയും ചെയ്യുക; എന്നിട്ടു നേര്‍മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുക; ക്ഷണം സ്വീകരിക്കുവാനും തിരസ്‌കരിക്കുവാനും അവസരവും നല്‍കുക; അങ്ങനെ വിശ്വസിക്കുന്നവരുടെ വിശ്വാസവും, നിഷേധിക്കുന്നവരുടെ നിഷേധവും മനഃപൂര്‍വ്വവും ഉദ്ദേശ്യപൂര്‍വ്വവുമായിരിക്കുക. ഇതാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. പൂര്‍വ്വസമുദായങ്ങളെ സംബന്ധിച്ചിടത്തോളം, അവര്‍ ബുദ്ധിപരമായ പക്വതയില്‍ കേവലം ബാലപ്രായത്തിലായിരുന്നതുകൊണ്ട്‌ അതതു കാലത്തിനൊത്ത ചില പ്രകൃതി ദൃഷ്‌ടാന്തങ്ങള്‍ സത്യത്തിനു തെളിവായി അവര്‍ക്കു കാട്ടിക്കൊടുക്കുകയുണ്ടായി. ബുദ്ധിപരമായ ദൃഷ്‌ടാന്തങ്ങള്‍ വഴി സത്യാസത്യം വേര്‍തിരിച്ചെടുക്കുവാന്‍ അക്കാലത്തുള്ളവരുടെ ബുദ്ധിയുടെ നിലവാരം പാകമാകാതിരുന്നതാണ്‌ അതിനു കാരണം. ഒടുവിലത്തെ സമുദായമായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ സമുദായം ബുദ്ധിപരമായ വളര്‍ച്ച പ്രാപിച്ചു കഴിഞ്ഞിരിക്കകൊണ്ട്‌ അങ്ങിനെയുള്ള ദൃഷ്‌ടാന്തങ്ങളല്ല അവര്‍ക്കു യോജ്യമായിട്ടുള്ളത്‌. തെളിവിന്റെ സുസ്ഥിരതയും സുവ്യക്തതയും ബുദ്ധിപരമായ ദൃഷ്‌ടാന്തങ്ങളിലാണുള്ളത്‌.

മാത്രമല്ല, പൂര്‍വ്വ സമുദായങ്ങള്‍ – അവരുടെ ബാലിശമായ മത്സര ബുദ്ധിയും മര്‍ക്കട മുഷ്‌ടിയും കാരണമായി – തങ്ങളുടെ പ്രവാചകന്മാരെ അത്തരം ചില ദൃഷ്‌ടാന്തങ്ങള്‍ കാട്ടിക്കൊടുക്കുവാന്‍ വെല്ലുവിളിക്കുകയും, ദഷ്‌ടാന്തങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ അവ മാരണവും ജാലവിദ്യയുമാണെന്നു പറഞ്ഞു നിഷേധിക്കുകയും ചെയ്‌തിരുന്നു. ആ നിഷേധം അവരുടെമേല്‍ പൊതുശിക്ഷകള്‍ വന്നു ഭവിക്കുവാനും കാരണമായി. അതുപോലെ ഈ സത്യനിഷേധികളുടെ വെല്ലുവിളിയനുസരിച്ച്‌ ഒരു ദൃഷ്‌ടാന്തം കാട്ടിക്കൊടുക്കുന്നപക്ഷം അതവരുടെയും നാശത്തിനു ഇടയായേക്കുകയാണുണ്ടാവുക. ഇതെല്ലാം കാരണമായി അന്ത്യപ്രവാചകനായ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെയും അവിടുന്നു പ്രബോധനം ചെയ്യുന്ന ദൗത്യസന്ദേശങ്ങളുടെയും സത്യതക്കു തെളിവായി നിലകൊള്ളുന്ന ദൃഷ്‌ടാന്തങ്ങള്‍ കാലദേശ വ്യത്യാസം കൂടാതെ നിലനില്‍ക്കുമാറ്‌ ബുദ്ധിപരമായ ദൃഷ്‌ടാന്തങ്ങളായിരിക്കുവാനാണു അല്ലാഹു ഉദ്ദേശിക്കുന്നത്‌. ഇവയില്‍ പ്രധാനമായതും കാലാവസാനംവരെ നിലനില്‍ക്കുന്നതും വിശുദ്ധക്വുര്‍ആന്‍ തന്നെ. [ഈ വിഷയകമായി മുഖവുര 3-ാം ഖണ്ഡത്തില്‍ (പേജ്‌ 56-59) മുമ്പു വിവരിച്ചിട്ടുണ്ട്‌.]

6:38
  • وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَٰبِ مِن شَىْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴾٣٨﴿
  • ഭൂമിയിലെ (ചലിക്കുന്ന) ഏതൊരു ജന്തുവാകട്ടെ, രണ്ടു ചിറകുകള്‍കൊണ്ടു പറക്കുന്ന ഏതൊരു പക്ഷിയാകട്ടെ, നിങ്ങളെപ്പോലെയുള്ള ചില സമുദായങ്ങളല്ലാതെ (മറ്റൊന്നും) അല്ല. ഗ്രന്ഥത്തില്‍ യാതൊന്നും (തന്നെ) നാം വീഴ്ച വരുത്തിയിട്ടില്ല. പിന്നീടു അവര്‍ തങ്ങളുടെ റബ്ബിങ്കലേക്കു ഒരുമിച്ചു കൂട്ടപ്പെടുന്നതാണ്.
  • وَمَا مِن دَابَّةٍ ഒരു ജന്തു (ജീവി - മൃഗ) വും അല്ല (ഇല്ല) فِي الْأَرْضِ ഭൂമിയിലെ, ഭൂമിയില്‍ وَلَا طَائِرٍ ഒരു പക്ഷിയുമില്ല (അല്ല) يَطِيرُ പറക്കുന്ന بِجَنَاحَيْهِ അതിന്റെ രണ്ടു ചിറകു (പക്ഷം) കൊണ്ടു إِلَّا أُمَمٌ ചില സമുദായങ്ങളല്ലാതെ أَمْثَالُكُم നിങ്ങളെപ്പോലുള്ള مَّا فَرَّطْنَا നാം വീഴ്ച (പോരായ്മ) വരുത്തിയിട്ടില്ല فِي الْكِتَابِ ഗ്രന്ഥത്തില്‍, രേഖയില്‍ مِن شَيْءٍ യാതൊന്നും ثُمَّ പിന്നീടു إِلَىٰ رَبِّهِمْ തങ്ങളുടെ റബ്ബിങ്കലേക്കു يُحْشَرُونَ അവര്‍ ഒരുമിച്ചുകൂട്ടപ്പെടും

ഭൂമിയിലുള്ള ഓരോ ജീവവര്‍ഗവും ഓരോ സമുദായമാകുന്നു. ഓരോന്നിനും അതതിന്‌ ആവശ്യവും അനുയോജ്യവുമായ എല്ലാ വ്യവസ്ഥകളും മാര്‍ഗ്ഗ ദര്‍ശനങ്ങളും അല്ലാഹു നല്‍കിയിട്ടുണ്ട്‌. എല്ലാറ്റിന്റെയും നിലനില്‍പിനും, വളര്‍ച്ചക്കും, അഭിവൃദ്ധിക്കും വേണ്ടതൊക്കെ അവന്‍ പ്രത്യേകം പ്രത്യേകം ചെയ്‌തുവെക്കുകയും ചെയ്‌തിരിക്കുന്നു. അക്കൂട്ടത്തില്‍ ഒരു സമുദായംതന്നെയാണു മനുഷ്യവര്‍ഗ്ഗവും. അവര്‍ക്കു വേണ്ടുന്നതൊക്കെ അവര്‍ക്കും ചെയ്‌തുവെച്ചിട്ടുണ്ട്‌. വിശേഷബുദ്ധി, വിവേചന ശക്തി, ചിന്താശക്തി ആദിയായ പ്രത്യേകതകള്‍ മനുഷ്യ സമുദായത്തിന്റെ സവിശേഷതയാകുന്നു. സന്മാര്‍ഗ്ഗം സ്വീകരിക്കണം, ദുര്‍മാര്‍ഗ്ഗത്തില്‍ പതിക്കരുത്‌, ദൃഷ്‌ടാന്തങ്ങളില്‍നിന്നും സത്യാസത്യം തിരിച്ചറിയണം പോലെയുള്ള ശാസനകള്‍ മനുഷ്യ സമുദായത്തിനു നല്‍കുവാന്‍ അതാണ്‌ കാരണം. ആകയാല്‍, ഇതര സമുദായങ്ങളില്‍നിന്നു വ്യത്യസ്‌തമായി മനുഷ്യന്‍ അവന്റെ നന്മക്കും വിജയത്തിനുമുള്ള ഉപാധികള്‍ സ്വീകരിക്കുവാന്‍ ബാധ്യസ്ഥനാകുന്നു. ഇതര ജീവികളെപ്പോലെ മനുഷ്യര്‍ക്കു ചിന്താശൂന്യരായി കഴിഞ്ഞു കൂടാവതല്ല എന്നൊക്കെയാണ്‌ ഈ വചനത്തിന്റെ ആദ്യഭാഗത്തിലടങ്ങിയ ആശയം.

രണ്ടാമത്തെ വാക്യത്തില്‍ ‘ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്‌ച -അഥവാ പോരായ്‌മ- വരുത്തിയിട്ടില്ല’ എന്നു പറഞ്ഞതിലെ ‘ഗ്രന്ഥം’ കൊണ്ടുദ്ദേശ്യം ക്വുര്‍ആന്‍ ആയിരിക്കുവാനും, സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ എല്ലാ ചെറുതും വലുതുമായ കാര്യങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന اللوح المحفوظ (ലൗഹുല്‍മഹ്‌ഫൂദ്വ്‌) ആയിരിക്കുവാനും സാധ്യതയുണ്ട്‌. ഒന്നാമത്തേതനുസരിച്ച്‌ ആ വാക്യത്തിന്റെ സാരം, നിങ്ങള്‍ക്കു വേണ്ടുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും തെളിവുകളുമെല്ലാം വേണ്ടതുപോലെ ക്വുര്‍ആനില്‍ നാം അടക്കം ചെയ്‌തിട്ടുണ്ടെന്നും, രണ്ടാമത്തേതനുസരിച്ച്‌ ഓരോ വസ്‌തുവിനും സമുദായത്തിനും വേണ്ടതു എന്തെല്ലാമാണ്‌, അവ എങ്ങിനെയെല്ലാം ആയിരിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആ രേഖയില്‍ വ്യവസ്ഥ ചെയ്‌തുവെച്ചിട്ടുണ്ടെന്നും ആയിരിക്കുന്നതാണ്‌. الله أعلم
മനുഷ്യന്‍ മാത്രമല്ല, എല്ലാ ജീവജന്തുക്കളും തന്നെ മഹ്‌ശറില്‍ ഒരുമിച്ചു കൂട്ടപ്പെടുമെന്ന്‌ അവസാനത്തെ വാക്യത്തില്‍നിന്നു മനസ്സിലാക്കാം. ഇമാം മുസ്‌ലിം (رحمه الله) ഉദ്ധരിച്ച ഒരു നബി വചനത്തില്‍ ഇങ്ങിനെ വന്നിട്ടുണ്ട്‌: ‘കടപ്പാടുകള്‍ കൊടുത്തു തീര്‍ക്കപ്പെടേണ്ടവര്‍ക്കു ക്വിയാമത്തു നാളില്‍ നിങ്ങള്‍ അതു കൊടുത്തു തീര്‍ക്കേണ്ടിവരും. എത്രത്തോളമെന്നാല്‍, മൊട്ടയായ (കൊമ്പില്ലാത്ത) ആടിനു കൊമ്പുള്ള ആടില്‍ നിന്നുകൂടി പ്രതികാര നടപടി എടുക്കപ്പെടുന്നതാണ്‌’. ഹാകിം, ഇബ്‌നുജരീര്‍, ഇബ്‌നു അബീഹാതിം (رحمة الله عليهم) മുതലായവര്‍ അബൂഹുറയ്‌റഃ (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി ഇപ്രകാരം ഉദ്ധരിക്കുന്നു: “ഏതൊരു ജീവിയും, ഏതൊരു പറവയും ക്വിയാമത്തു നാളില്‍ ഒരുമിച്ചു കൂട്ടപ്പെടാതിരിക്കയില്ല. പിന്നീടു, അവയില്‍ ചിലതിനു ചിലതില്‍നിന്നു (തമ്മതമ്മില്‍) പ്രതികാര നടപടി എടുക്കപ്പെടും. അങ്ങനെ, കൊമ്പില്ലാത്തതിന് കൊമ്പുള്ളതില്‍ നിന്നുകൂടി നടപടി എടുക്കപ്പെടും. പിന്നീടു, അവയോടു ‘മണ്ണായിക്കൊള്ളുക’ എന്ന്‌ പറയപ്പെടും. അന്നേരം അവിശ്വാസികള്‍ പറയും: ‘ഹാ! ഞാന്‍ മണ്ണായിരുന്നെങ്കില്‍ നന്നായേനേ!’ നിങ്ങള്‍ക്കു വേണമെങ്കില്‍ (ഇതിനു തെളിവെന്നോണം) وَمَا مِن دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِي الْكِتَابِ مِن شَيْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ (ഈ) വചനം ഓതിക്കൊള്ളുക’.

6:39
  • وَٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا صُمٌّ وَبُكْمٌ فِى ٱلظُّلُمَٰتِ ۗ مَن يَشَإِ ٱللَّهُ يُضْلِلْهُ وَمَن يَشَأْ يَجْعَلْهُ عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٣٩﴿
  • നമ്മുടെ 'ആയത്തു' [ദൃഷ്‌ടാന്തം] കളെ വ്യാജമാക്കിയവര്‍ ബധിരന്മാരും ഊമകളുമത്രെ, അന്ധകാരങ്ങളിലാണ്‌ (അവര്‍). അല്ലാഹു ആരെ (വഴി പിഴവിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ വഴിപിഴവിലാക്കുന്നു. അവന്‍ ആരെ (നേര്‍മാര്‍ഗ്ഗത്തിലാക്കുവാന്‍) ഉദ്ദേശിക്കുന്നുവോ, അവനെ അവന്‍ നേരെ (ചൊവ്വാ) യുള്ള പാതയില്‍ ആക്കുന്നതുമാണ്‌.
  • وَالَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِآيَاتِنَا നമ്മുടെ ആയത്തുകളെ صُمٌّ ബധിരന്മാരാണു وَبُكْمٌ ഊമകളു(മൂകരു)മാണു فِي الظُّلُمَاتِ അന്ധകാരങ്ങളിലാണു, ഇരുട്ടിലാണു مَن ആരെ, ആര്‍, വല്ലവരും يَشَإِ اللَّهُ അല്ലാഹു ഉദ്ദേശിക്കുന്നു(വോ) يُضْلِلْهُ അവന്‍ അവനെ വഴിപിഴവിലാക്കുന്നതാണു وَمَن يَشَأْ ആരെ അവന്‍ ഉദ്ദേശിക്കുന്നുവോ يَجْعَلْهُ അവനെ അവന്‍ ആക്കുന്നതാണ്‌ عَلَىٰ صِرَاطٍ പാതയില്‍ مُّسْتَقِيمٍ നേരായ, ചൊവ്വായ

ലക്ഷ്യങ്ങളും തെളിവുകളും ശ്രദ്ധിക്കാതെയും, അവയില്‍നിന്നു കാര്യങ്ങള്‍ ഗ്രഹിക്കാതെയും ഇരിക്കുന്നവരെ ഇരുട്ടില്‍പെട്ട ബധിരമൂകന്മാരോടു അല്ലാഹു ഉപമിച്ചിരിക്കുകയാണു. സത്യയാഥാര്‍ത്ഥ്യങ്ങള്‍ കണ്ടറിയുവാനോ കേട്ടു മനസ്സിലാക്കുവാനോ, മറ്റുള്ളവരോടു ചോദിച്ചറിയുവാനോ അവര്‍ക്കു കഴിയുകയില്ല. അഥവാ അതിനു മുതിരുകയില്ല – അവര്‍ അപകടത്തിലും പിഴവിലും പതിക്കുകയേ ചെയ്‌കയുള്ളൂ – എന്നു സാരം. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ്‌ അല്ലാഹു അവരെ വഴിപിഴപ്പിക്കുമെന്നു പറഞ്ഞതും. നേരെമറിച്ചു, ലക്ഷ്യങ്ങളിലും തെളിവുകളിലും ശ്രദ്ധപതിച്ചു സത്യാസത്യങ്ങള്‍ മനസ്സിലാക്കുവാന്‍ തയ്യാറുള്ളവര്‍ നേര്‍മാര്‍ഗ്ഗം കണ്ടെത്തുകയും അതു പിന്‍പറ്റുകയും ചെയ്യാതെയും ഇരിക്കുകയില്ല. ഇവര്‍ക്കു അല്ലാഹുവിങ്കല്‍ നിന്നും കൂടുതല്‍ പ്രചോദനങ്ങളും സഹായവും ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ഇങ്ങിനെയുള്ളവരെപ്പറ്റിയാണ്‌ അല്ലാഹു അവരെ നേര്‍ക്കുനേരെയുള്ള പാതയില്‍ ആക്കുമെന്നും പറഞ്ഞത്‌.

അല്ലാതെ -ഒരു വ്യവസ്ഥയോ മാനദണ്ഡമോ ഒന്നും കൂടാതെ- കുറേ ആളുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലും, കുറേ ആളുകളെ ദുര്‍മാര്‍ഗ്ഗത്തിലുമാക്കിത്തീര്‍ക്കുമെന്നല്ല അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം. വേറെ സ്ഥലങ്ങളില്‍ അല്ലാഹു പറയുന്നതു നോക്കുക:

…..يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا (ഇതുമൂലം വളരെ ആളുകളെ അവന്‍ പിഴവിലാക്കുകയും, വളരെ ആളുകളെ അവന്‍ സന്മാര്‍ഗ്ഗത്തിലാക്കുകയും ചെയ്യുന്നു. തോന്നിയവാസികളെയല്ലാതെ അവന്‍ വഴിപിഴപ്പിക്കുകയില്ല. (2:26)).

يُثَبِّتُ اللَّهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ (വിശ്വസിച്ചവരെ ഐഹിക ജീവിതത്തിലും, പരലോക ജീവിതത്തിലും സ്ഥായിയായ വാക്കുകൊണ്ടു അല്ലാഹു സ്ഥിരപ്പെടുത്തുന്നു. അക്രമികളെ അവന്‍ വഴിപിഴവിലാക്കുകയും ചെയ്യുന്നു (14:27).

إِنَّ رَبَّكَ هُوَ أَعْلَمُ مَنْ يَضِلُّ عَنْ سَبِيلِهِ وَهُوَ أَعْلَمُ بِالْمُهْتَدِينَ (നിശ്ചയമായും നിന്റെ റബ്ബ്‌ അവന്റെ മാര്‍ഗ്ഗം വിട്ടു പിഴച്ചുപോകുന്നവരെ നല്ലവണ്ണം അറിയുന്നവനാണു. നേര്‍മാര്‍ഗ്ഗം പ്രാപിക്കുന്നവരെപ്പറ്റിയും അവന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. (6:117).

6:40
  • قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَٰدِقِينَ ﴾٤٠﴿
  • (നബിയേ), പറയുക: നിങ്ങള്‍ കണ്ടുവോ? നിങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ വന്നെത്തുകയോ, അല്ലെങ്കില്‍ അന്ത്യസമയം വന്നെത്തുകയോ ചെയ്‌തുവെങ്കില്‍, അല്ലാഹു അല്ലാത്തവരെയോ നിങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുക? നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍! [ഇതൊന്നു പറയുവിന്‍, കേള്‍ക്കട്ടെ!].
  • قُلْ നീ പറയുക أَرَأَيْتَكُمْ നിങ്ങള്‍ കണ്ടുവോ (പറഞ്ഞു തരുവിന്‍) إِنْ أَتَاكُمْ നിങ്ങള്‍ക്കു വന്നുവെങ്കില്‍ عَذَابُ اللَّهِ അല്ലാഹുവിന്റെ ശിക്ഷ أَوْ أَتَتْكُمُ അല്ലെങ്കില്‍ നിങ്ങള്‍ക്കു വന്നു (വെങ്കില്‍) السَّاعَةُ അന്ത്യസമയം أَغَيْرَ اللَّهِ അല്ലാഹു അല്ലാത്തവരെയോ تَدْعُونَ നിങ്ങള്‍ വിളിക്കുക, പ്രാര്‍ത്ഥിക്കുക إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
6:41
  • بَلْ إِيَّاهُ تَدْعُونَ فَيَكْشِفُ مَا تَدْعُونَ إِلَيْهِ إِن شَآءَ وَتَنسَوْنَ مَا تُشْرِكُونَ ﴾٤١﴿
  • (അല്ല) എന്നാല്‍ നിങ്ങള്‍ അവനെത്തന്നെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതാണ്‌. അപ്പോള്‍, നിങ്ങള്‍ ഏതൊന്നിലേക്കു (അവനെ) വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നുവോ അതിനെ അവന്‍ തുറവിയാക്കുന്നു - അവന്‍ ഉദ്ദേശിച്ചെങ്കില്‍. നിങ്ങള്‍ (അവനോടു) പങ്കു ചേര്‍ക്കുന്നവയെ നിങ്ങള്‍ വിസ്‌മരിക്കുകയും ചെയ്യുന്നു.
  • بَلْ എന്നാല്‍, പക്ഷേ إِيَّاهُ അവനെ(ത്തന്നെ) تَدْعُونَ നിങ്ങള്‍ വിളിക്കും فَيَكْشِفُ അപ്പോള്‍ അവന്‍ തുറവിയാക്കും, നീക്കിക്കളയും مَا യാതൊരു കാര്യം تَدْعُونَ നിങ്ങള്‍ വിളി(പ്രാര്‍ത്ഥി)ക്കുന്നു إِلَيْهِ അതിലേക്കു, അതിനായി إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ وَتَنسَوْنَ നിങ്ങള്‍ വിസ്‌മരിക്കുക (മറക്കുക)യും ചെയ്യും مَا تُشْرِكُونَ നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ (ചേര്‍ക്കുന്നവയെ)

ബഹുദൈവ വിശ്വാസികളായിരുന്നാല്‍പോലും അത്യാപത്തു നേരിടുമ്പോള്‍, തങ്ങളുടെ ദൈവങ്ങളെയെല്ലാം മറന്ന്‍ അല്ലാഹുവിനെമാത്രം വിളിച്ചു രക്ഷക്കപേക്ഷിക്കുകയായിരിക്കും ചെയ്യുക. വിഗ്രഹാരാധകന്മാരുടെ മാത്രം സ്ഥിതിയല്ല ഇത്‌. മരണപ്പെട്ടുപോയ മഹാത്മാക്കളായ ആളുകളെയും, ജീവിച്ചിരിപ്പുള്ള ദൈവവാദികളായ ആളുകളെയും വിളിച്ചാരാധിക്കുന്നവരുടെയും -എന്നുവേണ്ട, എല്ലാതരം ബഹുദൈവാരാധകന്മാരുടെയും- സ്ഥിതി ഇതു തന്നെയാണു. അത്രയുമല്ല, നിരീശ്വര വാദികള്‍പോലും അത്യാഹിതങ്ങള്‍ നേരിടുമ്പോള്‍ -അറിഞ്ഞോ അറിയാതെയോ- ‘പടച്ചവനേ, ഈശ്വരാ, ദൈവമേ’ എന്നിങ്ങിനെ യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനെ വിളിച്ചു നിലവിളിക്കുന്നതായി കാണാം. ഈ ലോകാലോകങ്ങളുടെയെല്ലാം സൃഷ്‌ടാവും പരമാധികാരിയുമായ ഒരു മഹാശക്തിയുണ്ടെന്നുള്ള അവബോധം മനുഷ്യനില്‍ നിക്ഷിപ്‌തമായിട്ടുള്ളതാണ്‌ ഇതിനു കാരണം. ചില മഹാന്മാര്‍ പ്രസ്‌താവിക്കുന്നതുപോലെ, പ്രകൃതിവാദത്തിലും, നിരീശ്വരവാദത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന മഹാരഥന്മാര്‍ക്കുപോലും അവരുടെ വാദത്തില്‍ പരിപൂര്‍ണ്ണ വിശ്വാസവും, പതറാത്ത മനസ്സാക്ഷിയും ഉണ്ടായിരിക്കയില്ലെന്നുള്ളതാണു പരമാര്‍ത്ഥം.