സൂറത്തുല്‍ അന്‍ആം : 001-020
അൻആം (കാലികൾ)
മക്കായില്‍ അവതരിച്ചതു – വചനങ്ങള്‍ 165 – വിഭാഗം (റുകൂഅ്) 20
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
ഈ സൂറത്തു മുഴുവനും ഒരേ പ്രാവശ്യം തന്നെ അവതരിച്ചതാണെന്നും, ഇതവതരിച്ചപ്പോള്‍ ഇതിന്റെ ബഹുമാനാര്‍ത്ഥം വളരെ മലക്കുകളും അതോടൊപ്പം ഇറങ്ങുകയുണ്ടായെന്നും കാണിക്കുന്ന പല രിവായത്തുകളും കാണുന്നു. മക്കീ സൂറത്തുകളിലെ പതിവു പ്രകാരം ഇതിലെ പ്രധാന പരാമര്‍ശങ്ങള്‍ മുശ്‌രിക്കുകളുടെ വിശ്വാസാചാരങ്ങളെയും തൗഹീദിനെയും സംബന്ധിച്ചാകുന്നു. അക്കൂട്ടത്തില്‍, ആടുമാടൊട്ടകങ്ങളാകുന്ന കാലികളെ അല്ലാഹു അല്ലാത്തവര്‍ക്കു നേര്‍ച്ചവഴിപാടാക്കിക്കൊണ്ടുള്ള മുശ്‌രിക്കുകളുടെ ദുരാചാരങ്ങളെ സംബന്ധിച്ച് ഈ സൂറത്തില്‍ കൂടുതല്‍ പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ഇതിനു سورة الأنعام (കാലികളുടെ – അഥവാ ആടുമാടൊട്ടകങ്ങളുടെ – അദ്ധ്യായം) എന്നു പറയപ്പെടുന്നു. ഇതിലെ പ്രഭാഷണങ്ങള്‍ പലതും മക്കാ മുശ്‌രിക്കുകളെ പരാമര്‍ശിക്കുന്നവയായതുകൊണ്ടു അവരുടെ പല വാദങ്ങളും തര്‍ക്കങ്ങളും قَالُوا (അവര്‍ പറയുന്നു) എന്നും, അവര്‍ക്കുള്ള മറുപടികള്‍ قُلْ (നീ പറയുക) എന്നും പറഞ്ഞു കൊണ്ട് ആരംഭിക്കുന്നതായി കാണാം.
- ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ ﴾١﴿
- (സര്‍വ്വ) സ്‌തുതി (യും) അല്ലാഹുവിനാണ്; ആകാശങ്ങളെയും, ഭൂമിയെയും സൃഷ്‌ടിക്കുകയും, അന്ധകാരങ്ങളും, പ്രകാശവും ഏര്‍പ്പെടുത്തുകയും ചെയ്‌തവന്‍. എന്നിട്ടും അവിശ്വസിച്ചവര്‍ തങ്ങളുടെ റബ്ബിനോടു സമപ്പെടുത്തുന്നു!
- الْحَمْدُ സ്തുതി (എല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي خَلَقَ സൃഷ്ടിച്ചവന്‍, സൃഷ്ടിച്ചവനായ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَجَعَلَ അവന്‍ ആക്കുക (ഉണ്ടാക്കുക) യും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു الظُّلُمَاتِ അന്ധകാരങ്ങളെ وَالنُّورَ പ്രകാശത്തെയും ثُمَّ പിന്നെ, എന്നിട്ടും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِرَبِّهِمْ തങ്ങളുടെ റബ്ബിനോടു, റബ്ബിന്നു يَعْدِلُونَ അവര്‍ സമപ്പെടുത്തുന്നു, കിടയൊപ്പിക്കുന്നു.
- هُوَ ٱلَّذِى خَلَقَكُم مِّن طِينٍ ثُمَّ قَضَىٰٓ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُۥ ۖ ثُمَّ أَنتُمْ تَمْتَرُونَ ﴾٢﴿
- അവനത്രെ, കളിമണ്ണില്‍ നിന്ന് നിങ്ങളെ സൃഷ്‌ടിച്ചവന്‍; പിന്നെ അവന്‍ ഒരു അവധി നിശ്ചയി(ച്ചു വെ)ച്ചിരിക്കുന്നു. നിര്‍ണ്ണയം ചെയ്യപ്പെട്ട ഒരു അവധി അവന്റെ അടുക്കലുണ്ടുതാനും. എന്നിട്ടും, നിങ്ങള്‍ സന്ദേഹപ്പെട്ടു കൊണ്ടിരിക്കുന്നു!
- هُوَ الَّذِي അവനത്രെ യാതൊരുവന്‍, അവന്‍ യാതൊരുവനാണു خَلَقَكُم നിങ്ങളെ സൃഷ്ടിച്ച مِّن طِينٍ കളിമണ്ണിനാല്‍, കളിമണ്ണില്‍നിന്നു ثُمَّ قَضَىٰ പിന്നെ അവന്‍ നിശ്ചയം ചെയ്തു, തീരുമാനിച്ചു أَجَلًا ഒരവധി وَأَجَلٌ مُّسَمًّى പേരു പറയപ്പെട്ട (നിര്‍ണ്ണയം ചെയ്യപ്പെട്ട) ഒരവധി عِندَهُ അവന്റെ അടുക്കലുണ്ടു (താനും) ثُمَّ പിന്നെ, എന്നിട്ടും أَنتُمْ നിങ്ങള്‍ تَمْتَرُونَ നിങ്ങള്‍ സന്ദേഹ (സംശയ) പ്പെടുന്നു
- وَهُوَ ٱللَّهُ فِى ٱلسَّمَٰوَٰتِ وَفِى ٱلْأَرْضِ ۖ يَعْلَمُ سِرَّكُمْ وَجَهْرَكُمْ وَيَعْلَمُ مَا تَكْسِبُونَ ﴾٣﴿
- അവന്‍ തന്നെയാണ് ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു. നിങ്ങളുടെ രഹസ്യവും, നിങ്ങളുടെ പരസ്യവും അവന്‍ അറിയുന്നു. നിങ്ങള്‍ (പ്രവര്‍ത്തിച്ചു) സമ്പാദിക്കുന്നതും അവന്‍ അറിയുന്നു.
- وَهُوَ اللَّـهُ അവന്‍ അല്ലാഹുവത്രെ فِي السَّمَاوَاتِ ആകാശങ്ങളില്‍ وَفِي الْأَرْضِ ഭൂമിയിലും يَعْلَمُ അവന്‍ അറിയും, അറിയുന്നു سِرَّكُمْ നിങ്ങളുടെ രഹസ്യം وَجَهْرَكُمْ നിങ്ങളുടെ പരസ്യവും وَيَعْلَمُ അവന്‍ അറിയുകയും ചെയ്യും مَا تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കുന്നതു, പ്രവര്‍ത്തിച്ചു വെക്കുന്നതു
الْحَمْدُ لِلَّـهِ (അല്ലാഹുവിനാണു സര്‍വ്വസ്‌തുതിയും) എന്നുള്ള സ്‌തുതികീര്‍ത്തന വാക്യം കൊണ്ടു ആരംഭിക്കുന്ന അഞ്ചു സൂറത്തുകളില്‍ രണ്ടാമത്തേതാണിത്. ഒന്നാമത്തേതു ഫാതിഹഃയും, മൂന്നാമത്തേതു അല്‍കഹ്‌ഫും, നാലാമത്തേതു സബ്ഉം, അഞ്ചാമത്തേതു ഫാത്വിറുമാകുന്നു. ഓരോന്നിലും ഈ വാക്യത്തെത്തുടര്‍ന്നു പ്രസ്‌താവിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ പരിശോധിച്ചാല്‍, സ്‌തുതികീര്‍ത്തനങ്ങള്‍ക്കെല്ലാം യഥാര്‍ത്ഥത്തില്‍ അര്‍ഹനായുള്ളവന്‍ അല്ലാഹു മാത്രമാണെന്നു തെളിയിക്കുന്ന അവന്റെ ചില സവിശേഷ ഗുണങ്ങളായിരിക്കും അവയെന്നു കാണാവുന്നതാണ്.
حَمْد (സ്‌തുതി) എന്ന പദത്തിന്റെ അര്‍ത്ഥോദ്ദേശ്യങ്ങളും, എല്ലാ സ്‌തുതിയും അല്ലാഹുവിനാണെന്നു പറയുന്നതിന്റെ താല്‍പര്യവും സൂറത്തുല്‍ ഫാതിഹഃയില്‍ വെച്ചു മുമ്പു വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ആകാശഭൂമികളെ സൃഷ്‌ടിച്ചവനും, അന്ധകാരവും പ്രകാശവും ഏര്‍പ്പെടുത്തിയവനും അല്ലാഹു തന്നെയാണെന്നു മുശ്‌രിക്കുകള്‍ക്കും അറിയാം. അപ്പോള്‍, അതിലൊന്നും പങ്കില്ലാത്തതും, അവന്റെ സൃഷ്‌ടികളില്‍പെട്ടതുമായ വസ്‌തുക്കളെ -അവ ജീവികളോ നിര്‍ജ്ജീവികളോ ആവട്ടെ – ആരാധിച്ചും പ്രാര്‍ത്ഥിച്ചും കൊണ്ട് അവനോടു സമപ്പെടുത്തുകയും കിടയൊപ്പിക്കുകയും ചെയ്യുന്നതു തികച്ചും വിരോധാഭാസവും, വിഡ്‌ഢിത്തവുമാണല്ലോ. ഇതാണു ഒന്നാമത്തെ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എല്ലാതരം അന്ധകാരങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് الظُّلُمَاتِ (അന്ധകാരങ്ങള്‍) എന്നു ബഹുവചന രൂപത്തിലും, ഏതൊന്നിനു പ്രകാശമെന്നു പറയാമോ അതിനെയെല്ലാം ഉദ്ദേശിച്ചുകൊണ്ടു النُّور (പ്രകാശം) എന്നു ഏകവചന രൂപത്തിലുമാണ് ഇവിടെയും മറ്റു പല സ്ഥലങ്ങളിലും ക്വുര്‍ആനില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പല കാരണങ്ങളും വ്യാഖ്യാതാക്കള്‍ പ്രസ്‌താവിച്ചു കാണുന്നു. അന്ധകാരങ്ങളുടെ വൈവിധ്യവും, തരവ്യത്യാസവും, അതിന്റെ ആധിക്യവും സൂചിപ്പിച്ചുകൊണ്ടു അതിനെ ബഹുവചനമായും, അന്ധകാരങ്ങളെ നീക്കം ചെയ്യുവാനുള്ള ഏകമാര്‍ഗ്ഗം അതാതിനനുസരിച്ച പ്രകാശം മാത്രമാണെന്നു സൂചിപ്പിച്ചുകൊണ്ടു അതിനെ ഏകവചനരൂപത്തിലും പറഞ്ഞിരിക്കുകയാണെന്നു സാമാന്യമായി പറയാം. ഇരുട്ടും വെളിച്ചവും ഉണ്ടാക്കിയവന്‍ അല്ലാഹുവാണെന്നു പറഞ്ഞതില്‍, തിന്മകളുടെ സൃഷ്‌ടാവാകുന്ന അന്ധകാരം എന്ന ഒരു ദൈവത്തിലും, നന്മകളുടെ സൃഷ്‌ടാവായ പ്രകാശം എന്ന മറ്റൊരു ദൈവത്തിലും വിശ്വസിക്കുന്ന ദിത്വവാദത്തി(*)ന്റെ ഖണ്ഡനംകൂടി ഉള്‍പ്പെട്ടിരിക്കുന്നു. രണ്ടിന്റെയും സൃഷ്‌ടാവ് അല്ലാഹുവാണെന്നും, രണ്ടും അവന്റെ സൃഷ്‌ടിയാണെന്നുമിരിക്കെ രണ്ടിനെയും ദൈവമായി സങ്കല്‍പ്പിക്കുന്നതിനു അര്‍ത്ഥമില്ലല്ലോ.
(*). ثُنَائِيَة (ദ്വൈതവാദം – Dualism) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സിദ്ധാന്തമാണിതു. പരസ്‌പര വിരുദ്ധവും നിത്യസംഘട്ടനം നടന്നുകൊണ്ടിരിക്കുന്നതുമായ വെളിച്ചം, ഇരുട്ട് എന്നീ രണ്ടു മൂലശക്തികളില്‍ നിന്നാണു എല്ലാ നന്മകളും, എല്ലാ തിന്മകളും ഉണ്ടാകുന്നത് എന്നത്രെ ഇതിന്റെ ചുരുക്കം. പേര്‍ഷ്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഈ സിദ്ധാന്തത്തിന്റെ ജനയിതാവു ക്രിസ്‌താബ്‌ദം 3-ാം നൂറ്റാണ്ടില്‍ ജീവിച്ച മാനീ (مانى-Manes) ആയിരുന്നു. ഈ വിശ്വാസക്കാര്‍ വെളിച്ചത്തിന്റെ നാമത്തില്‍ ദേവപ്രതിഷ്‌ഠകളും, ഇരുട്ടിന്റെ നാമത്തില്‍ ഭൂതപ്രതിഷ്‌ഠകളും നിര്‍മ്മിച്ചു വന്നിരുന്നു.
രണ്ടാമത്തെ വചനത്തില്‍ മൂന്നു കാര്യങ്ങള്‍ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു:
(1) മനുഷ്യരായ നിങ്ങളെ അവന്‍ കളിമണ്ണിനാല്‍ സൃഷ്‌ടിച്ചിരിക്കുന്നുവെന്നു. മനുഷ്യപിതാവായ ആദം (عليه الصلاة والسلام)നെ കളിമണ്ണിനാല്‍ സൃഷ്‌ടിച്ചതാണെന്നു ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പ്രസ്‌താവിച്ചിട്ടുള്ളതാണ്. ഇതനുസരിച്ച് അദ്ദേഹത്തിന്റെ സന്തതികളുടെയും ഉല്‍ഭവം കളിമണ്ണില്‍ നിന്നാണെന്നായിരിക്കാം അതിന്റെ താല്‍പര്യം. ചില സ്ഥലങ്ങളില്‍ ആദമിനെ മണ്ണില്‍നിന്നു സൃഷ്‌ടിച്ചുവെന്നും, ചില സ്ഥലങ്ങളില്‍ മനുഷ്യരെ മണ്ണില്‍നിന്നു സൃഷ്‌ടിച്ചുവെന്നും പറഞ്ഞിരിക്കുന്നു. (ഉദാഹരണം: 3:59 ഉം 22:5 ഉം മറ്റും) മറ്റൊരു സ്ഥലത്തു മനുഷ്യന്റെ സൃഷ്‌ടിയുടെ തുടക്കം കളിമണ്ണില്‍ നിന്നാണെന്നും പറഞ്ഞിരിക്കുന്നു (32:7). അപ്പോള്‍, മണ്ണില്‍നിന്നു ഉല്‍പാദിക്കുന്ന സസ്യലതാദികള്‍ ഭക്ഷിച്ചുണ്ടാകുന്ന മനുഷ്യബീജത്തില്‍ – ഇന്ദ്രിയത്തില്‍ -നിന്നു മനുഷ്യരെ സൃഷ്‌ടിച്ചുവെന്നും ഉദ്ദേശ്യമാകാവുന്നതാണ്. الله أعلم
(2) സൃഷ്‌ടിച്ചുവെന്നു മാത്രമല്ല, ഒരു അവധിയും അവന്‍ നിശ്ചയിച്ചുവെച്ചിരിക്കുന്നുവെന്നും,
(3) നിര്‍ണ്ണയം ചെയ്യപ്പെട്ട മറ്റൊരവധിയും അവന്റെ അടുക്കല്‍ ഉണ്ടെന്നും.
ഒന്നാമത്തെ അവധികൊണ്ടു വിവക്ഷ മരണംവരെയുള്ള ജീവിതകാലമോ, വര്‍ത്തമാനകാലം വരെയുള്ള കാലമോ ആകാവുന്നതാണ്. രണ്ടാമത്തേതുകൊണ്ടു വിവക്ഷ മരണം മുതല്‍ക്കുള്ള ഭാവി ജീവിതമോ, വര്‍ത്തമാനകാലം മുതല്‍ മരണം വരെയുള്ള കാലമോ ആകാവുന്നതുമാണ്. ഈ രണ്ടു അവധികളെപ്പറ്റിയും പലരും പല പ്രകാരത്തില്‍ വിവരിച്ചിട്ടുണ്ടെങ്കിലും അവയുടെ രത്നച്ചുരുക്കം ഇപ്പറഞ്ഞതാകുന്നു. ഏതായാലും രണ്ടാമത്തെ അവധികൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നതു, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയുവാനോ അനുമാനിക്കുവാനോ കഴിയാത്ത ഒരു കാലാവധിയാണെന്നുള്ളതില്‍ സംശയമില്ല. ഐഹിക ജീവിതം എപ്പോള്‍ അവസാനിക്കും, അഥവാ ക്വിയാമത്തു നാള്‍ എപ്പോഴായിരിക്കും, ഓരോരുത്തന്റെയും ആയുഷ്‌കാലം ഏതുവരെയാണ്, പരലോക ജീവിതകാലം ഏതുവരെ നീണ്ടുനില്‍ക്കും എന്നിവയൊന്നും അല്ലാഹുവിനല്ലാതെ ആര്‍ക്കും അറിയുകയില്ലല്ലോ. ഇങ്ങിനെ, മനുഷ്യനെ മണ്ണില്‍ നിന്നു സൃഷ്‌ടിച്ചുണ്ടാക്കുകയും, ഭൂതവര്‍ത്തമാന ഭാവി കാലങ്ങളെല്ലാം നിശ്ചയിച്ചു നിര്‍ണ്ണയിക്കുകയും ചെയ്‌ത അല്ലാഹു മനുഷ്യരെ വീണ്ടും ജീവിപ്പിച്ച് മറ്റൊരു ജീവിതകാലംകൂടി അവനു നല്‍കുമെന്നതില്‍ അവിശ്വാസികള്‍ സംശയിച്ചുകൊണ്ടിരിക്കുന്നതിന്റെ നിരര്‍ത്ഥതയാണു ഈ വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
വസ്‌തുതകള്‍ ഇങ്ങിനെയിരിക്കെ, ആകാശഭൂമികളിലെല്ലാം ഏകാരാധ്യനായിരിക്കുവാന്‍ അര്‍ഹന്‍ അവന്‍ മാത്രമാണു; അവനാകട്ടെ, മനുഷ്യരുടെ സകല രഹസ്യപരസ്യങ്ങളും, സകല പ്രവര്‍ത്തനങ്ങളും അറിയുന്നവനുമാണ്. അതുകൊണ്ടു ഓരോരുവനും അവനവന്റെ ഭാവിയെക്കുറിച്ചു ബോധപൂര്‍വ്വം കരുതിയിരിക്കേണ്ടതുണ്ട് എന്നത്രെ മൂന്നാമത്തെ വചനത്തിന്റെ താല്‍പര്യം. ഈ വചനങ്ങളുടെ ആഭിമുഖ്യം മനുഷ്യരോട് പൊതുവിലാണെങ്കിലും അവരിലുള്ള ബഹുദൈവ വിശ്വാസികളെയും, അവിശ്വാസികളെയും പ്രത്യേകം ഉന്നംവെച്ചുകൊണ്ടുള്ളവയാണെന്നു വ്യക്തമാകുന്നു. തുടര്‍ന്നുള്ള വചനങ്ങളില്‍ നിന്നു ഇതു കൂടുതല്‍ മനസ്സിലാക്കാവുന്നതുമാണു. ഒന്നാമത്തെ വചനത്തില്‍ തൗഹീദും രണ്ടാമത്തേതില്‍ പരലോക ജീവിതവും, മൂന്നാമത്തേതില്‍ പ്രതിഫല നടപടിയും സ്ഥാപിച്ചശേഷം, അടുത്ത വചനങ്ങളില്‍ പ്രവാചകത്വത്തിന്റെ സത്യതയെക്കുറിച്ചു ചൂണ്ടിക്കാട്ടുന്നു;-
- وَمَا تَأْتِيهِم مِّنْ ءَايَةٍ مِّنْ ءَايَٰتِ رَبِّهِمْ إِلَّا كَانُوا۟ عَنْهَا مُعْرِضِينَ ﴾٤﴿
- അവരുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവും (തന്നെ) അവര്‍ക്കു വരുന്നില്ല, അവര്‍ അതിനെപ്പറ്റി (അശ്രദ്ധരായി) തിരിഞ്ഞു കളയുന്നവരാകാതെ.
- وَمَا تَأْتِيهِم അവര്‍ക്കു വരുന്നില്ല مِّنْ آيَةٍ ഒരു ദൃഷ്ടാന്തവും (തന്നെ) مِّنْ آيَاتِ ദൃഷ്ടാന്തങ്ങളില്‍ നിന്നുള്ള رَبِّهِمْ അവരുടെ രക്ഷിതാവിന്റെ إِلَّا كَانُوا അവര്‍ ആകാതെ, ആയിരുന്നിട്ടല്ലാതെ عَنْهَا അതിനെപ്പറ്റി, അതില്‍നിന്നു مُعْرِضِينَ തിരിഞ്ഞു കളയുന്നവര്‍ (അവഗണിക്കുന്നവര്‍)
- فَقَدْ كَذَّبُوا۟ بِٱلْحَقِّ لَمَّا جَآءَهُمْ ۖ فَسَوْفَ يَأْتِيهِمْ أَنۢبَٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٥﴿
- അങ്ങനെ, അവര്‍ക്കു യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ അതിനെ വ്യാജമാക്കിക്കളഞ്ഞു. അതിനാല്‍, അവര്‍ ഏതൊന്നിനെക്കുറിച്ചു പരിഹസിച്ചുകൊണ്ടിരിക്കുകയാണോ അതിന്റെ വൃത്താന്തങ്ങള്‍ വഴിയെ അവര്‍ക്കു വന്നെത്തുന്നതാണ്.
- فَقَدْ كَذَّبُوا അങ്ങനെ (അതിനാല്‍) അവര്‍ വ്യാജമാക്കിക്കളഞ്ഞു بِالْحَقِّ യഥാര്‍ത്ഥത്തെ, സത്യത്തെ لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ فَسَوْفَ എന്നാല്‍ (ആകയാല്‍) വഴിയെ, പിന്നീടു يَأْتِيهِمْ അവര്‍ക്കു വരും أَنبَاءُ مَا യാതൊന്നിന്റെ വൃത്താന്തങ്ങള്‍ كَانُوا بِهِ അതിനെക്കുറിച്ചു അവരായിരുന്നു يَسْتَهْزِئُونَ അവര്‍ പരിഹസിക്കും
الْحَقِّ (യഥാര്‍ത്ഥം) കൊണ്ടുദ്ദേശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രവാചകത്വവും, അതുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ മുതലായവയുമാകുന്നു. അവര്‍ വ്യാജമാക്കി പരിഹസിച്ചു കൊണ്ടിരിക്കുന്ന ആ യഥാര്‍ത്ഥത്തിന്റെ പുലര്‍ച്ച താമസിയാതെ അവര്‍ക്കറിയാറാകും, അവരുടെ നിഷേധത്തിന്റെ ഫലം അവര്‍ അനുഭവിക്കുകയും ചെയ്യും എന്നു അല്ലാഹു താക്കീതു ചെയ്യുന്നു. അതിന്റെ ഐഹികമായ പുലര്‍ച്ചയും ഫലവും ആ മുശ്‌രിക്കുകള്‍ കണ്ടനുഭവിക്കുകയും ഉണ്ടായി. പാരത്രികമായ ഫലങ്ങള്‍ അനുഭവിക്കുവാനിരിക്കുകയും ചെയ്യുന്നു.
- أَلَمْ يَرَوْا۟ كَمْ أَهْلَكْنَا مِن قَبْلِهِم مِّن قَرْنٍ مَّكَّنَّٰهُمْ فِى ٱلْأَرْضِ مَا لَمْ نُمَكِّن لَّكُمْ وَأَرْسَلْنَا ٱلسَّمَآءَ عَلَيْهِم مِّدْرَارًا وَجَعَلْنَا ٱلْأَنْهَٰرَ تَجْرِى مِن تَحْتِهِمْ فَأَهْلَكْنَٰهُم بِذُنُوبِهِمْ وَأَنشَأْنَا مِنۢ بَعْدِهِمْ قَرْنًا ءَاخَرِينَ ﴾٦﴿
- അവര്‍ കണ്ടില്ലേ, അവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെന്നു? നിങ്ങള്‍ക്കു നാം ചെയ്തു തന്നിട്ടില്ലാത്ത സൗകര്യം ഭൂമിയില്‍ അവര്‍ക്കു നാം സൗകര്യപ്പെടുത്തി (ക്കൊടുത്തു); ആകാശത്തെ [മഴയെ] അവരില്‍ നാം സമൃദ്ധമായി അയക്കുകയും ചെയ്തു; അവരുടെ അടിഭാഗത്തിലൂടെ ഒഴുകിക്കൊണ്ടു നാം അരുവികളെ ഏര്‍പ്പെടുത്തുകയും ചെയ്തു; എന്നിട്ട് അവരുടെ പാപങ്ങള്‍ നിമിത്തം അവരെ നാം നശിപ്പിച്ചു; അവരുടെ ശേഷം, വേറെ തലമുറയെ നാം ഉണ്ടാക്കുകയും ചെയ്തു.
- أَلَمْ يَرَوْا അവര്‍ കണ്ടില്ലേ كَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചു (എന്നു) مِن قَبْلِهِم അവരുടെ മുമ്പു مِّن قَرْنٍ തലമുറയില്‍നിന്നു, തലമുറയെ مَّكَّنَّاهُمْ അവര്‍ക്കു നാം സൗകര്യം നല്‍കി فِي الْأَرْضِ ഭൂമിയില്‍ مَا لَمْ نُمَكِّن നാം സൗകര്യം നല്‍കാത്തതു لَّكُمْ നിങ്ങള്‍ക്കു وَأَرْسَلْنَا നാം അയക്കുകയും ചെയ്തു السَّمَاءَ ആകാശത്തെ (മഴയെ) عَلَيْهِم അവരില്‍, അവര്‍ക്കു مِّدْرَارًا തുടര്‍ച്ചയായി, സമൃദ്ധമായി وَجَعَلْنَا നാം ആക്കുക (ഉണ്ടാക്കുക - ഏര്‍പ്പെടുത്തുക)യും ചെയ്തു الْأَنْهَارَ അരുവികളെ تَجْرِي ഒഴുകുന്നതായി مِن تَحْتِهِمْ അവരുടെ അടിയിലൂടെ فَأَهْلَكْنَاهُم എന്നിട്ടു അവരെ നാം നശിപ്പിച്ചു بِذُنُوبِهِمْ അവരുടെ പാപങ്ങള്‍ നിമിത്തം وَأَنشَأْنَا നാം ഉണ്ടാക്കുകയും ചെയ്തു مِن بَعْدِهِمْ അവരുടെശേഷം قَرْنًا തലമുറയെ, കാലക്കാരെ آخَرِينَ വേറെ
ശക്തി, പ്രതാപം, ക്ഷേമം, ഐശ്വര്യം ആദിയായവയില്‍ നിങ്ങളെ കവച്ചു വെച്ചിരുന്ന ആദു, ഥമൂദു പോലെയുള്ള പല സമുദായങ്ങളും നന്ദിയില്ലാത്ത സത്യാനിഷേധത്തില്‍ അതിരു കവിഞ്ഞപ്പോള്‍, അവരെ നശിപ്പിച്ച് അവരുടെ സ്ഥാനത്തു വേറെ പുതിയ തലമുറകളെ അല്ലാഹു രംഗത്തു കൊണ്ടു വരുകയുണ്ടായി. അതുപോലെ നിങ്ങളെയും നശിപ്പിച്ച് പകരം വേറെ കൂട്ടരെ ഈ ഭൂമിയില്‍ ഏര്‍പ്പെടുത്തുവാന്‍ അവനു കഴിയും. ഇതു നിങ്ങള്‍ ഓര്‍മ്മവെച്ചുകൊള്ളുക എന്നു താല്‍പര്യം.
- وَلَوْ نَزَّلْنَا عَلَيْكَ كِتَٰبًا فِى قِرْطَاسٍ فَلَمَسُوهُ بِأَيْدِيهِمْ لَقَالَ ٱلَّذِينَ كَفَرُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ ﴾٧﴿
- (നബിയേ) ഒരു (എഴുത്തു) താളില്‍ ഒരു ഗ്രന്ഥം നാം നിന്റെ മേല്‍ അവതരിപ്പിച്ച് അവരുടെ കൈകളാല്‍ അവരതു തൊട്ടിരുന്നാലും, (ആ) അവിശ്വസിച്ചവര്‍ പറയുക തന്നെ ചെയ്യും: 'ഇതൊരു സ്പഷ്ടമായ ആഭിചാരമല്ലാതെ (മറ്റൊന്നും) അല്ല' എന്നു.
- وَلَوْ نَزَّلْنَا നാം ഇറക്കിയിരുന്നെങ്കില്‍ عَلَيْكَ നിന്റെ മേല്‍ كِتَابًا ഒരു ഗ്രന്ഥം فِي قِرْطَاسٍ ഒരു താളില്‍, എഴുത്തു പത്രത്തില്‍ فَلَمَسُوهُ എന്നിട്ടു അവര്‍ അതിനെ തൊട്ടു بِأَيْدِيهِمْ തങ്ങളുടെ കൈകളാല്‍, കൈ കൊണ്ടു لَقَالَ പറയുക തന്നെ ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ മാരണം (ആഭിചാരം) مُّبِينٌ സ്പഷ്ടമായ
- وَقَالُوا۟ لَوْلَآ أُنزِلَ عَلَيْهِ مَلَكٌ ۖ وَلَوْ أَنزَلْنَا مَلَكًا لَّقُضِىَ ٱلْأَمْرُ ثُمَّ لَا يُنظَرُونَ ﴾٨﴿
- അവര്‍ പറയുന്നു: 'ഇയാളുടെ മേല്‍ ഒരു മലക്കു ഇറക്കപ്പെടാത്തതെന്ത്?!' നാം വല്ല മലക്കിനെയും ഇറക്കിയിരുന്നെങ്കില്‍, കാര്യം തീരുമാനിക്കപ്പെടുക തന്നെ ചെയ്യുമായിരുന്നു; പിന്നെ, അവര്‍(ക്കു ഇടകൊടുത്ത്) ഗൗനിക്കപ്പെടുകയില്ല.
- وَقَالُوا അവര്‍ പറയുകയും ചെയ്യുന്നു لَوْلَا أُنزِلَ ഇറക്കപ്പെടാത്തതെന്തു, ഇറക്കപ്പെട്ടുകൂടേ عَلَيْهِ അവന്റെമേല്‍, അവനു, ഇയാള്‍ക്കു مَلَكٌ ഒരു മലക്കു, വല്ല മലക്കും وَلَوْ أَنزَلْنَا നാം ഇറക്കിയിരുന്നെങ്കില്‍ مَلَكًا ഒരു മലക്കിനെ, വല്ല മലക്കിനെയും لَّقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്യും الْأَمْرُ കാര്യം ثُمَّ لَا يُنظَرُونَ പിന്നെ അവര്‍ നോക്ക (ഗൗനിക്ക - ഒഴിവുകൊടുക്ക) പ്പെടുകയില്ല
- وَلَوْ جَعَلْنَٰهُ مَلَكًا لَّجَعَلْنَٰهُ رَجُلًا وَلَلَبَسْنَا عَلَيْهِم مَّا يَلْبِسُونَ ﴾٩﴿
- അദ്ദേഹത്തെ നാം ഒരു മലക്കാക്കുന്നതായാലും അദ്ദേഹത്തെ നാം ഒരു പുരുഷനാക്കുമായിരുന്നു (അഥവാ ആക്കേണ്ടി വരുമായിരുന്നു). (അങ്ങനെ) അവര്‍ സംശയത്തിലകപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം (പിന്നെയും) നാം അവര്‍ക്കു സംശയത്തിലാക്കുകയും ചെയ്യുമായിരുന്നു.
- وَلَوْ جَعَلْنَاهُ അദ്ദേഹത്തെ നാം ആക്കിയിരുന്നെങ്കില്‍ مَلَكًا ഒരു മലക്കു لَّجَعَلْنَاهُ അദ്ദേഹത്തെ നാം ആക്കുക തന്നെ ചെയ്യും (ആക്കേണ്ടി വരും) رَجُلًا ഒരു പുരുഷന്‍ وَلَلَبَسْنَا നാം സംശയത്തിലാക്കുക (ആശങ്കയുണ്ടാക്കുക) യും ചെയ്യും عَلَيْهِم അവര്‍ക്കു مَّا يَلْبِسُونَ അവര്‍ സംശയത്തിലായിക്കൊണ്ടിരിക്കുന്നത്
- وَلَقَدِ ٱسْتُهْزِئَ بِرُسُلٍ مِّن قَبْلِكَ فَحَاقَ بِٱلَّذِينَ سَخِرُوا۟ مِنْهُم مَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾١٠﴿
- നിന്റെ മുമ്പ് പല റസൂലുകളെക്കുറിച്ചും പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട്; എന്നിട്ട്, അവരെ കളിയാക്കിയിരുന്നുവരില്‍, അവര്‍ പരിഹസിച്ചുകൊണ്ടിരുന്ന കാര്യം വന്നു ഭവിച്ചു.
- وَلَقَدِ اسْتُهْزِئَ പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ടു بِرُسُلٍ പല റസൂലുകളെക്കുറിച്ചും مِّن قَبْلِكَ നിന്റെ മുമ്പു فَحَاقَ അതിനാല്‍ ഭവിച്ചു بِالَّذِينَ سَخِرُوا കളിയാക്കിയവരില്‍ مِنْهُم അവരെപ്പറ്റി, അവരെ مَّا كَانُوا അവരായിരുന്ന യാതൊന്നു (കാര്യം) അതിനെക്കുറിച്ചു بِهِ يَسْتَهْزِئُونَ അവര്‍ പരിഹസിക്കും
മുശ്‌രിക്കുകളുടെ നിഷേധത്തിന്റെ കാഠിന്യമാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ആകാശത്തു നിന്നു ഒരു വേദഗ്രന്ഥം ഒരു താളില്‍ എഴുതി അവര്‍ക്കു നേരില്‍ ഇറക്കിക്കൊടുക്കുകയും, അതവര്‍ കണ്ണില്‍ കണ്ട് കൈകൊണ്ടു തൊടുകയും ചെയ്‌താലും അവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല. ഇതെന്തോ ഒരു ആഭിചാര വിദ്യ മാത്രമാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറുകയേ അവര്‍ ചെയ്‌കയുള്ളൂ എന്നു സാരം. മറ്റൊരു സ്ഥലത്തു ഇവരെപ്പറ്റി അല്ലാഹു പറയുന്നു: “അവര്‍ക്കു ആകാശത്തു നിന്നു നാം ഒരു വാതില്‍ തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോകുമാറാകുകയും ചെയ്‌താലും അവര്‍ പറയും: ഞങ്ങളുടെ കാഴ്‌ചകള്‍ക്കു ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണു; അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ടവരാണ്.
وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ السَّمَاءِ فَظَلُّوا فِيهِ يَعْرُجُونَ﴿١٤﴾ لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ ﴿١٥﴾ الحجر – 14,15
മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെങ്കില്‍ എന്തുകൊണ്ട് അവനോടൊപ്പം ഒരു മലക്കിനെ അയച്ച് അവന്‍ പറയുന്നതു സത്യമാണെന്നു സാക്ഷ്യപ്പെടുത്തിക്കൂടാ?! എന്നിങ്ങിനെ മുശ്‌രിക്കുകള്‍ പറയാറുണ്ടായിരുന്നു. ഇതിന്റെ മറുപടിയാണ് 8, 9 വചനങ്ങളില്‍ കാണുന്നത്. മലക്കിനെ ഇറക്കുന്ന പക്ഷം അതോടെ കാര്യവും അവസാനിക്കുന്നതാണ്. പ്രവാചകന്മാരും തെളിവുകളും മുഖാന്തരം സത്യാസത്യങ്ങള്‍ വിവേചിച്ചു സ്വീകരിക്കുന്ന സമ്പ്രദായം മലക്കുകളുടെ വരവോടെ അവസാനിക്കും. മലക്കുകള്‍ വന്നു കഴിഞ്ഞാല്‍ പിന്നെയുണ്ടാകുന്നതു ഈ മുശ്‌രിക്കുകളുടെ നാശമായിരിക്കും. എനി, ഒരു മലക്കിനെത്തന്നെ നിയോഗിച്ചയച്ചുവെന്നു വെക്കുക. അപ്പോഴും സംശയം ബാക്കിയാകുക തന്നെ ചെയ്യും. കാരണം, ആ മലക്കു മലക്കിന്റെ സ്വഭാവ പ്രകൃതിയോടു കൂടിയായിരിക്കുന്നപക്ഷം ഇവര്‍ക്കു മലക്കുമായി ബന്ധപ്പെടുവാനും സമ്പര്‍ക്കം പുലര്‍ത്തുവാനും സാധ്യമല്ല. മലക്കുകള്‍ ആത്മീയ ജീവികളാണല്ലോ. അതുകൊണ്ടു മലക്കിനെ അയച്ചാലും അദ്ദേഹത്തെ മനുഷ്യപ്രകൃതിയിലും മനുഷ്യസ്വഭാവത്തിലുമാക്കിക്കൊണ്ടു തന്നെ അയക്കേണ്ടി വരും. അപ്പോഴും എന്തുകൊണ്ടു മലക്കിനെ അയക്കുന്നില്ലെന്നു ചോദിക്കാമല്ലോ. അതിനാല്‍, ഒരു നിലക്കും മലക്കിനെ അയക്കുന്നതു പ്രായോഗികമായിരിക്കയില്ല എന്നൊക്കെയാണു മറുപടിയുടെ താല്‍പര്യം. ഈ വിഷയകമായി സൂഃ ഇസ്രാഉ് 95ല്‍ കൂടുതല്‍ വിവരം വരുന്നുണ്ട്. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ സംബന്ധിച്ചിടത്തോളം ഒരു സാന്ത്വന വാക്യവും, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു കനത്ത താക്കീതുമാണു 10-ാം വചനം. മുമ്പും ഇതുപോലെ പല സമുദായക്കാരും അവരുടെ ദൈവദൂതന്മാരെ പരിഹസിക്കുകയും ധിക്കരിക്കുകയും ചെയ്‌തിട്ടുണ്ട്. അതിന്റെ ഫലം അവര്‍ തന്നെ അനുഭവിക്കേണ്ടി വരുകയും ചെയ്‌തു. അതുകൊണ്ട് ഇവരുടെ ഗതിയും അതായിരിക്കുമെന്നു ഇവര്‍ ഓര്‍ത്തുകൊള്ളട്ടെ എന്നാണിതിലടങ്ങിയ സൂചന.
നാം മലക്കിനെ ഇറക്കിയിരുന്നാല്‍ കാര്യം തീരുമാനിക്കപ്പെടുമായിരുന്നു (وَلَوْ أَنزَلْنَا مَلَكًا لَّقُضِيَ الْأَمْرُ) എന്നു പറഞ്ഞതിന്റെ താല്‍പര്യം ഒന്നിലധികം പ്രകാരത്തിലാകാവുന്നതാണ്.
(1) വേണ്ടത്ര ദൃഷ്‌ടാന്തങ്ങള്‍ നിലവിലുണ്ടായിട്ടും ഇന്നിന്ന പ്രകാരത്തിലുള്ള ഒരു ദൃഷ്‌ടാന്തം കണ്ടെങ്കിലേ വിശ്വസിക്കൂ എന്നു സമുദായങ്ങള്‍ ശഠിച്ചു നിന്നതിനെത്തുടര്‍ന്ന് ആ ദൃഷ്‌ടാന്തം അവര്‍ക്കു കാണിച്ചു കൊടുക്കുകയും, അതിനു ശേഷം അവര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ അവരെ നശിപ്പിക്കുന്ന വല്ല പൊതുശിക്ഷയും ഇറക്കുന്നതു അല്ലാഹുവിന്റെ ഒരു നടപടിച്ചട്ടമാകുന്നു. ഇവരുടെ ആവശ്യപ്രകാരം മലക്കിനെ അയച്ചാലും ഇവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല. കാരണം, ആത്മാര്‍ത്ഥത അവര്‍ക്കില്ലല്ലോ. അപ്പോള്‍, അതിനെത്തുടര്‍ന്നു പൊതു ശിക്ഷയാണു ഉണ്ടായിത്തീരുക. ഈ സമുദായം അന്ത്യസമുദായമായതുകൊണ്ടു ഈ സമുദായത്തെ അടിയോടെ ഉന്മൂലനം ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുമില്ല.
(2) മലക്കിനെ അദ്ദേഹത്തിന്റെ യഥാരൂപത്തില്‍ ഇറക്കിയാല്‍, ആ കാഴ്‌ചയുടെ ഗൗരവം താങ്ങാനാവാതെ അതോടെ അവര്‍ മരണമടഞ്ഞു പോകും.
(3) മലക്കിന്റെ സാക്ഷാല്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതോടെ, നല്ലതും ചീത്തയും തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്ര്യം നഷ്‌ടപ്പെടുകയും, നന്മ മാത്രം സ്വീകരിക്കുവാന്‍ നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്യുന്നു. ഇതാകട്ടെ, ദൈവിക ശാസനകളുടെ അടിസ്ഥാന തത്വത്തിനു നിരക്കാത്തതുമാണ്.
(4) സത്യം സ്വീകരിക്കുവാനുള്ള അവസരം ഇപ്പോഴും അവരുടെ മുമ്പിലുണ്ട്. അതു നഷ്‌ടപ്പെടുത്തി ഇങ്ങിനെ ഒരാവശ്യം ഉന്നയിക്കുന്ന സ്ഥിതിക്കു ആ അവസരം പാഴായിപ്പോകുകയും, വിശ്വസിക്കാതിരുന്നാല്‍ ശിക്ഷാനടപടി അതോടെ സുനിശ്ചിതമായിത്തീരുകയും ചെയ്യും.
വിഭാഗം - 2
- قُلْ سِيرُوا۟ فِى ٱلْأَرْضِ ثُمَّ ٱنظُرُوا۟ كَيْفَ كَانَ عَٰقِبَةُ ٱلْمُكَذِّبِينَ ﴾١١﴿
- (നബിയേ) പറയുക: 'നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കുവിന്‍, പിന്നെ, വ്യാജമാക്കിയവരുടെ പര്യവസാനം എങ്ങിനെയായിരുന്നുവെന്നു നോക്കുവിന്‍'.
- قُلْ നീ പറയുക سِيرُوا നിങ്ങള്‍ നടക്കു(സഞ്ചരിക്കു)വിന്‍ فِي الْأَرْضِ ഭൂമിയില്‍ ثُمَّ انظُرُوا പിന്നെ നിങ്ങള്‍ നോക്കുവിന്‍ كَيْفَ كَانَ എങ്ങിനെ ആയിരുന്നു عَاقِبَةُ കലാശം, പര്യവസാനം الْمُكَذِّبِينَ വ്യാജമാക്കിയവരുടെ
ഭൂമിയിലൂടെ സഞ്ചരിച്ച് മുന്‍സമുദായങ്ങളുടെ ചരിത്രങ്ങളെപ്പറ്റി അന്വേഷിക്കുന്ന പക്ഷം, അവര്‍ അവരുടെ സത്യനിഷേധത്തിന്റെ ഫലമായി അല്ലാഹുവിന്റെ ശിക്ഷകള്‍ക്കു വിധേയരായതിന്റെ പല ഉദാഹരണങ്ങളും നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയുമെന്നു സാരം.
- قُل لِّمَن مَّا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ قُل لِّلَّهِ ۚ كَتَبَ عَلَىٰ نَفْسِهِ ٱلرَّحْمَةَ ۚ لَيَجْمَعَنَّكُمْ إِلَىٰ يَوْمِ ٱلْقِيَٰمَةِ لَا رَيْبَ فِيهِ ۚ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ ﴾١٢﴿
- പറയുക: ആരുടേതാണ് ആകാശങ്ങളിലും ഭൂമിയിലുമുള്ളത്?' പറയുക: അല്ലാഹുവിന്റേതാണ്. കാരുണ്യത്തെ തന്റെ സ്വന്തം പേരില്‍ (ബാധ്യതയായി) അവന്‍ നിശ്ചയിച്ചിരിക്കുന്നു. നിശ്ചയമായും, അവന്‍ ക്വിയാമത്തുനാളിലേക്കു നിങ്ങളെ ഒരുമിച്ചു കൂട്ടുക തന്നെ ചെയ്യും - അതില്‍ സന്ദേഹമേ ഇല്ല. തങ്ങളുടെ സ്വന്തങ്ങളെ (ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍). അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
- قُل നീ പറയുക, ചോദിക്കുക لِّمَن ആരുടേതാണ് مَّا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും قُل لِّلَّهِ പറയുക അല്ലാഹുവിന്റേതാണു كَتَبَ അവന്‍ രേഖപ്പെടുത്തിയിരിക്കുന്നു (നിശ്ചയിച്ചിരിക്കുന്നു) عَلَىٰ نَفْسِهِ അവന്റെ മേല്‍, സ്വന്തത്തിന്റെ പേരില്‍ الرَّحْمَةَ കാരുണ്യം لَيَجْمَعَنَّكُمْ തീര്‍ച്ചയായും അവന്‍ നിങ്ങളെ ഒരുമിച്ചുകൂട്ടും إِلَىٰ يَوْمِ الْقِيَامَةِ ക്വിയാമത്തുനാളിലേക്ക് لَا رَيْبَ فِيهِ അതില്‍ സന്ദേഹമേ ഇല്ല الَّذِينَ خَسِرُوا നഷ്‌ടപ്പെടുത്തിയവരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ فَهُمْ അതിനാല്‍ (എനി) അവര്‍ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കയില്ല
- ۞ وَلَهُۥ مَا سَكَنَ فِى ٱلَّيْلِ وَٱلنَّهَارِ ۚ وَهُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾١٣﴿
- 'അവന്റേതു തന്നെയാണു രാത്രിയിലും പകലിലും ഒതുങ്ങിയതും (എല്ലാം). അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ'.
- وَلَهُ അവന്റേതാണ് مَا سَكَنَ അടങ്ങി (ഒതുങ്ങി)യത് فِي اللَّيْلِ രാത്രിയില്‍ وَالنَّهَارِ പകലിലും وَهُوَ السَّمِيعُ അവന്‍ കേള്‍ക്കുന്നവനുമത്രെ الْعَلِيمُ അറിയുന്നവന്‍
ആകാശഭൂമികള്‍ ഉള്‍കൊള്ളുന്ന വസ്‌തുക്കളും, രാവിലും പകലിലുമായി ഒതുങ്ങുന്ന വസ്‌തുക്കളുമെല്ലാം അല്ലാഹുവിന്റെ ഉടമയിലും നിയന്ത്രണത്തിലും അധികാരത്തിലും ഉള്ളവയാണ്. അവയില്‍ നടക്കുന്നതെന്തും അവന്‍ കേട്ടും അറിഞ്ഞും കൊണ്ടിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇതായിരുന്നിട്ടും നിങ്ങള്‍ അവനില്‍ അവിശ്വസിക്കുന്നതു നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഭാവിയെ നിശ്ശേഷം നഷ്‌ടപ്പെടുത്തലാകുന്നു. സൃഷ്‌ടികളോടു കരുണ ചെയ്യല്‍ അല്ലാഹു അവന്റെ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നതുകൊണ്ടു തല്‍ക്കാലം അവന്‍ നിങ്ങളെ ഒഴിവാക്കി വിട്ടിരിക്കുകയാണ്. ക്വിയാമത്തുനാളില്‍ നിങ്ങളെ ഒന്നടങ്കം അവന്‍ ഒരുമിച്ചുകൂട്ടി നടപടി എടുക്കാതിരിക്കുകയില്ല. എന്നൊക്കെ അവിശ്വാസികളെ അല്ലാഹു താക്കീതു ചെയ്യുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘അല്ലാഹു സൃഷ്‌ടികളെ സൃഷ്‌ടിച്ചപ്പോള്‍, “നിശ്ചയമായും, എന്റെ കാരുണ്യം എന്റെ കോപത്തെ അതിജയിച്ചിരിക്കുന്നു’ വെന്നു ഒരു രേഖ അവന്റെ അടുക്കല്‍ – അവന്റെ ‘അര്‍ശി’ന്മേല്‍ – അവന്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നു.’ (ബു:മു.).
- قُلْ أَغَيْرَ ٱللَّهِ أَتَّخِذُ وَلِيًّا فَاطِرِ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَهُوَ يُطْعِمُ وَلَا يُطْعَمُ ۗ قُلْ إِنِّىٓ أُمِرْتُ أَنْ أَكُونَ أَوَّلَ مَنْ أَسْلَمَ ۖ وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ ﴾١٤﴿
- പറയുക: 'അല്ലാഹുവിനെ - ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ചുണ്ടാക്കിയവനെ - അല്ലാതെ ഞാന്‍ രക്ഷാകര്‍ത്താവാക്കി വെക്കുകയോ? അവനാകട്ടെ, ഭക്ഷണം നല്‍കുകയും ചെയ്യുന്നു; അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല. (-എന്നിട്ടും)!' പറയുക: നിശ്ചയമായും മുസ്‌ലിമാകുന്ന [കീഴൊതുങ്ങുന്ന] ഒന്നാമത്തേവന്‍ ഞാനായിരിക്കണമെന്നു എന്നോടു കല്‍പിക്കപ്പെട്ടിരിക്കുന്നു. നിശ്ചയമായും, നീ മുശ്‌രിക്കുകളില്‍ [ബഹുദൈവ വിശ്വാസികളില്‍] ആയിത്തീരരുതെന്നും.'
- قُلْ പറയുക أَغَيْرَ اللَّهِ അല്ലാഹു അല്ലാത്തവരെയോ أَتَّخِذُ ഞാന്‍ ആക്കുന്നു, സ്വീകരിക്കുന്നു وَلِيًّا ബന്ധു, സഹായകന്‍, കാര്യകര്‍ത്താവു, രക്ഷാധികാരി فَاطِرِ സൃഷ്‌ടിച്ചുണ്ടാക്കിയവന്‍ (....വനായ) السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضِ ഭൂമിയെയും وَهُوَ അവനാകട്ടെ يُطْعِمُ ഭക്ഷണം നല്‍കുന്നു وَلَا يُطْعَمُ അവനു ഭക്ഷണം നല്‍കപ്പെടുന്നുമില്ല قُلْ പറയുക إِنِّي أُمِرْتُ നിശ്ചയമായും ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു أَنْ أَكُونَ ഞാനായിരിക്കുവാന്‍, ആകണമെന്നു أَوَّلَ ആദ്യത്തെ (ഒന്നാമത്തെ)വന്‍ مَنْ أَسْلَمَ മുസ്‌ലിമായ (കീഴൊതുങ്ങിയ)വരില്‍ وَلَا تَكُونَنَّ നിശ്ചയമായും നീ ആകരുതു (ആയിരിക്കരുതു) എന്നും مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ പെട്ട (വന്‍), ബഹുദൈവ വിശ്വാസികളില്‍
- قُلْ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ ﴾١٥﴿
- പറയുക: 'എന്റെ രക്ഷിതാവിനോടു ഞാന്‍ അനുസരണക്കേടു കാണിച്ചുവെങ്കില്‍, വമ്പിച്ച ഒരു ദിവസത്തിലെ ശിക്ഷയെ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു.
- قُلْ إِنِّي പറയുക നിശ്ചയമായും ഞാന്‍ أَخَافُ ഞാന്‍ ഭയപ്പെടുന്നു إِنْ عَصَيْتُ ഞാന്‍ അനുസരണക്കേടു (എതിരു) കാണിച്ചുവെങ്കില്‍ رَبِّي എന്റെ രക്ഷിതാവിനോടു عَذَابَ يَوْمٍ ഒരു ദിവസത്തിലെ ശിക്ഷ عَظِيمٍ വമ്പിച്ച, ഗൗരവമായ
- مَّن يُصْرَفْ عَنْهُ يَوْمَئِذٍ فَقَدْ رَحِمَهُۥ ۚ وَذَٰلِكَ ٱلْفَوْزُ ٱلْمُبِينُ ﴾١٦﴿
- അന്നത്തെ ദിവസം ആരില്‍നിന്ന് അതു [ആ ശിക്ഷ] ഒഴിവാക്കപ്പെടുന്നുവോ അവനു തീര്‍ച്ചയായും അവന്‍ കരുണ ചെയ്‌തിരിക്കുന്നു. അതത്രെ സ്‌പഷ്‌ടമായ വിജയം!'
- مَّن ആര്‍, ഏതൊരുവന്‍ يُصْرَفْ അതു തിരിക്ക (ഒഴിവാക്ക) പ്പെട്ടുവോ عَنْهُ അവനില്‍നിന്നു, അവനു يَوْمَئِذٍ ആ ദിവസം, അന്നു فَقَدْ رَحِمَهُ എന്നാല്‍ തീര്‍ച്ചയായും അവന്‍ അവനു കരുണ ചെയ്‌തു وَذَٰلِكَ അതു الْفَوْزُ വിജയമത്രെ الْمُبِينُ സ്‌പഷ്‌ട(വ്യക്ത)മായ
സൃഷ്‌ടാവും, അന്നദാതാവും അല്ലാഹുവായിരിക്കെ, അവനു മറ്റാരില്‍നിന്നു ഭക്ഷണമോ മറ്റോ ലഭിക്കേണ്ടുന്ന ആവശ്യമില്ലാത്തവനായിരിക്കെ, അവനോടു മറ്റുവല്ലതിനെയും പങ്കുചേര്‍ക്കുന്നതും, അവന്റെ വിധിവിലക്കുകള്‍ക്കു കീഴൊതുങ്ങിക്കൊണ്ട് ഇസ്‌ലാമിനെ അംഗീകരിക്കാതിരിക്കുന്നതും ബുദ്ധിശൂന്യതയാണു; യുക്തിവിരുദ്ധമാണു; അവനല്ലാത്ത മറ്റേതു വസ്‌തുവും തന്നെ സൃഷ്‌ടാവുമല്ല, അന്നദാതാവുമല്ല; ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ പരാശ്രയം എല്ലാവര്‍ക്കും വേണം താനും. എന്നിരിക്കെ, തൗഹീദിന്റെ മാര്‍ഗ്ഗത്തില്‍ അയവുവരുത്തി അല്ലാഹു അല്ലാത്തവരെ രക്ഷാകര്‍ത്താക്കളും സഹായകരുമായി ഞാന്‍ എങ്ങിനെ സ്വീകരിക്കും? ഞാനാണെങ്കില്‍, എല്ലാതരം ശിര്‍ക്കുകളില്‍നിന്നും പൂര്‍ണ്ണവിമുക്തനായി ഒന്നാമത്തെ മുസ്‌ലിമായിരിക്കണമെന്നു കല്‍പിക്കപ്പെട്ട ആളുമാണു. അവന്റെ കല്‍പന അനുസരിക്കാത്തപക്ഷം അന്ത്യനാളാകുന്ന ആ മഹാദിനത്തില്‍ അവന്റെ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നു ഞാന്‍ ഭയപ്പെടുകയും ചെയ്യുന്നു. അന്നത്തെ ശിക്ഷയില്‍നിന്നു ഒഴിവായിക്കിട്ടുന്നവര്‍ മാത്രമാണു ഭാഗ്യവാന്മാര്‍. അതുകൊണ്ടു നിങ്ങള്‍ എത്ര തന്നെ ശഠിച്ചാലും, എന്തു നിലപാടു സ്വീകരിച്ചാലും എന്റെ ദൗത്യനിര്‍വ്വഹണത്തില്‍നിന്നു ഞാന്‍ ലവലേശം പിന്‍വാങ്ങുവാന്‍ തയ്യാറില്ല എന്നിങ്ങിനെ മുശ്‌രിക്കുകളോടു പ്രഖ്യാപിക്കുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുകയാണ്.
- وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴾١٧﴿
- (നബിയേ) നിനക്കു അല്ലാഹു വല്ല ഉപദ്രവത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്നവന്‍ (ആരും) ഇല്ല. നിനക്കു അവന്‍ വല്ല ഗുണത്തെയും ബാധിപ്പിക്കുകയാണെങ്കില്‍, അവന്‍ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ. [അതാര്‍ക്കും തടയുകയും സാധ്യമല്ല.]
- وَإِن يَمْسَسْكَ നിന്നെ ബാധിപ്പിക്കുന്ന പക്ഷം, സ്‌പര്‍ശിച്ചുവെങ്കില്‍ اللَّهُ അല്ലാഹു بِضُرٍّ വല്ല ഉപദ്രവത്തെയും, ഉപദ്രവം കൊണ്ടു فَلَا كَاشِفَ എന്നാല്‍ തുറവിയാക്കുന്ന (നീക്കം ചെയ്യുന്ന)വനില്ല لَهُ അതിനെ إِلَّا هُوَ അവനല്ലാതെ وَإِن يَمْسَسْكَ അവന്‍ നിന്നെ ബാധിപ്പിക്കുന്നുവെങ്കില്‍ بِخَيْرٍ വല്ല ഗുണത്തെയും فَهُوَ എന്നാല്‍ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرٌ കഴിവുള്ളവനാണ്
- وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴾١٨﴿
- അവനത്രെ, അവന്റെ അടിയാന്മാരുടെ മീതെ സര്‍വ്വാധികാരിയായുള്ളവനും; അവനത്രെ, അഗാധജ്ഞനും, സൂക്ഷ്‌മജ്ഞനുമായുള്ളവനും.
- وَهُوَ الْقَاهِرُ അവനത്രെ സര്‍വ്വാധികാരി فَوْقَ عِبَادِهِ തന്റെ അടിയാന്മാരുടെ മീതെ وَهُوَ അവന്‍ (തന്നെ) الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്‌മജ്ഞാനി
ആര്‍ക്കു – എവിടെ എന്ത് അധികാരം ഉണ്ടെങ്കിലും അതൊക്കെ നാമമാത്രവും, താല്‍ക്കാലികവും ആപേക്ഷികവും മാത്രമാകുന്നു. സൃഷ്‌ടികളുടെ പരമാധികാരിയും, സര്‍വ്വാധികാരിയും അല്ലാഹു മാത്രമേയുള്ളു. ഏതെങ്കിലും തരത്തിലുള്ള പരിമിതിയോ, ഉപാധിയോ അവന്റെ അധികാരത്തിലില്ല.
- قُلْ أَىُّ شَىْءٍ أَكْبَرُ شَهَٰدَةً ۖ قُلِ ٱللَّهُ ۖ شَهِيدٌۢ بَيْنِى وَبَيْنَكُمْ ۚ وَأُوحِىَ إِلَىَّ هَٰذَا ٱلْقُرْءَانُ لِأُنذِرَكُم بِهِۦ وَمَنۢ بَلَغَ ۚ أَئِنَّكُمْ لَتَشْهَدُونَ أَنَّ مَعَ ٱللَّهِ ءَالِهَةً أُخْرَىٰ ۚ قُل لَّآ أَشْهَدُ ۚ قُلْ إِنَّمَا هُوَ إِلَٰهٌ وَٰحِدٌ وَإِنَّنِى بَرِىٓءٌ مِّمَّا تُشْرِكُونَ ﴾١٩﴿
- പറയുക: 'സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയതു ഏതു വസ്‌തുവാണു?' പറയുക: 'എന്റെയും നിങ്ങളുടെയും ഇടയില്‍ അല്ലാഹു സാക്ഷിയാകുന്നു. ഈ ക്വുര്‍ആന്‍ മുഖേന നിങ്ങളെയും, അതു ആര്‍ക്കു എത്തിച്ചേര്‍ന്നുവോ അവരെയും ഞാന്‍ താക്കീതു ചെയ്യുവാന്‍ വേണ്ടി അതു എനിക്കു 'വഹ്‌യു' നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു. അല്ലാഹുവിനോടൊപ്പം വേറെ ആരാധ്യന്മാരുണ്ടെന്നു നിങ്ങള്‍ സാക്ഷ്യം വഹിക്കുക തന്നെ ചെയ്യുന്നുവോ?!' പറയുക: 'ഞാന്‍ (അതിനു) സാക്ഷ്യം വഹിക്കുകയില്ല'. പറയുക: 'നിശ്ചയമായും, അവന്‍ ഏക ആരാധ്യന്‍ തന്നെയാകുന്നു; നിശ്ചയമായും നിങ്ങള്‍ പങ്കുചേര്‍ക്കുന്നതിനെ സംബന്ധിച്ചു ഞാന്‍ നിരപരാധിയുമാകുന്നു.'
- قُلْ പറയുക أَيُّ شَيْءٍ ഏതൊരു വസ്‌തുവാണു أَكْبَرُ ഏറ്റവും വലിയതു شَهَادَةً സാക്ഷ്യത്തില്‍, സാക്ഷ്യത്താല്‍ قُلِ പറയുക اللَّهُ شَهِيدٌ അല്ലാഹു സാക്ഷിയാകുന്നു بَيْنِي എന്റെ ഇടയില്‍ وَبَيْنَكُمْ നിങ്ങളുടെ ഇടയിലും وَأُوحِيَ വഹ്‌യു നല്‍കപ്പെടുകയും ചെയ്‌തിരിക്കുന്നു إِلَيَّ എനിക്കു هَٰذَا الْقُرْآنُ ഈ ക്വുര്‍ആന്‍ لِأُنذِرَكُم ഞാന്‍ നിങ്ങളെ താക്കീതു ചെയ്‌വാന്‍ വേണ്ടി بِهِ അതുകൊണ്ടു (അതു മുഖേന) وَمَن بَلَغَ അതു എത്തിച്ചേര്‍ന്നവര്‍ക്കും أَئِنَّكُمْ لَتَشْهَدُونَ നിങ്ങള്‍ സാക്ഷ്യം വഹിക്കുകതന്നെ ചെയ്യുമോ أَنَّ مَعَ اللَّهِ അല്ലാഹുവിനോടൊപ്പം (കൂടെ) ഉണ്ടെന്നു آلِهَةً ഇലാഹുകള്‍, ആരാധ്യര്‍, ദൈവങ്ങള്‍ أُخْرَىٰ വേറെ قُل പറയുക لَّا أَشْهَدُ ഞാന്‍ സാക്ഷ്യം വഹിക്കയില്ല قُلْ നീ പറയുക إِنَّمَا هُوَ നിശ്ചയമായും അവന്‍ (മാത്രം-തന്നെ) إِلَٰهٌ وَاحِدٌ ഏക ഇലാഹാണു وَإِنَّنِي നിശ്ചയമായും ഞാന്‍ بَرِيءٌ ഒഴിവായവനാണു, നിരപരാധിയാകുന്നു مِّمَّا تُشْرِكُونَ നിങ്ങള്‍ ശിര്‍ക്കു ചെയ്യുന്ന (പങ്കുചേര്‍ക്കുന്ന)തിനെ സംബന്ധിച്ചു
- ٱلَّذِينَ ءَاتَيْنَٰهُمُ ٱلْكِتَٰبَ يَعْرِفُونَهُۥ كَمَا يَعْرِفُونَ أَبْنَآءَهُمُ ۘ ٱلَّذِينَ خَسِرُوٓا۟ أَنفُسَهُمْ فَهُمْ لَا يُؤْمِنُونَ ﴾٢٠﴿
- നാം വേദഗ്രന്ഥം നല്‍കിയിട്ടുള്ളവര്‍, തങ്ങളുടെ പുത്രന്മാരെ അറിയുന്നതുപോലെ അവര്‍ അദ്ദേഹത്തെ അറിയുന്നതാണ്. തങ്ങളുടെ സ്വന്തങ്ങളെ(ത്തന്നെ) നഷ്‌ടപ്പെടുത്തിയവരത്രെ (അവര്‍); അതിനാല്‍ അവര്‍ വിശ്വസിക്കയില്ല.
- الَّذِينَ യാതൊരു കൂട്ടര്‍ آتَيْنَاهُمُ നാം അവര്‍ക്കു നല്‍കിയിരിക്കുന്നു, നാം കൊടുത്തു الْكِتَابَ വേദഗ്രന്ഥം يَعْرِفُونَهُ അവര്‍ അതിനെ (അദ്ദേഹത്തെ) അറിയും كَمَا يَعْرِفُونَ അവര്‍ അറിയുന്നതു പോലെ أَبْنَاءَهُمُ തങ്ങളുടെ പുത്രന്മാരെ (മക്കളെ) الَّذِينَ خَسِرُوا നഷ്‌ടപ്പെടുത്തിയ (നഷ്‌ടപ്പെട്ട)വരാണു أَنفُسَهُمْ തങ്ങളുടെ സ്വന്തങ്ങളെ, തങ്ങളെത്തന്നെ فَهُمْ അതിനാലവര്‍ لَا يُؤْمِنُونَ വിശ്വസിക്കുകയില്ല
സത്യമാണെന്ന് ഉറപ്പുള്ള കാര്യത്തെക്കുറിച്ചു തെളിവു നല്‍കുന്നതിനാണല്ലോ സാക്ഷ്യം എന്നു പറയുന്നത്. ഏറ്റവും പ്രബലവും സ്വീകാര്യവുമായ സാക്ഷ്യം ആരുടേതാണെന്നു ചോദിച്ചാല്‍, അല്ലാഹുവിന്റെ സാക്ഷ്യം എന്നല്ലാതെ മറുപടിയില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ ഏതൊന്നിലേക്കു ക്ഷണിക്കുന്നുവോ അതാണ് യഥാര്‍ത്ഥ സത്യമെന്നും, നിങ്ങള്‍ സ്വീകരിച്ച മാര്‍ഗ്ഗമാണു തെറ്റായതെന്നുമുള്ളതിനു സാക്ഷിയാണ് അല്ലാഹു. അവനാണു എനിക്കു ഈ ക്വുര്‍ആന്‍ നല്‍കിയിരിക്കുന്നതു. നിങ്ങളെയും, ലോകാവസാനംവരെ ആര്‍ക്കെല്ലാം അതു എത്തിച്ചേര്‍ന്നിട്ടുണ്ടോ അവരെയൊക്കെയും താക്കീതു ചെയ്‌വാന്‍ വേണ്ടിയാണ് അത് നല്‍കിയിരിക്കുന്നതും. എന്നിരിക്കെ, അവന്റെ സാക്ഷ്യത്തിനും, അവന്റെ സന്ദേശങ്ങള്‍ക്കും വിരുദ്ധമായി അവനു പുറമെ വേറെയും ചില ദൈവങ്ങളുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയാണോ നിങ്ങള്‍? ഈ കള്ളസാക്ഷ്യത്തിനു ഞാന്‍ തയ്യാറില്ല. നിങ്ങളുടെ ഈ അപരാധത്തിനു നിങ്ങള്‍ തന്നെ ഉത്തരവാദികള്‍. ഞാന്‍ ചെയ്യേണ്ടതു ഞാന്‍ ചെയ്‌തു കഴിഞ്ഞു. നിങ്ങളുടെ ചെയ്‌തികളില്‍ എനിക്കു ഒരു ബാധ്യതയുമില്ല. എന്നൊക്കെ മുശ്‌രിക്കുകളോടു പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു കല്‍പിക്കുന്നതാണു 19-ാം വചനം.
മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം വേദഗ്രന്ഥങ്ങളെയോ, പ്രവാചകന്മാരെയോ സംബന്ധിച്ച് അടുത്ത പരിചയങ്ങളൊന്നും ഇല്ലാത്തവരാണവര്‍. വേദക്കാരുടെ സ്ഥിതി അതല്ല. എന്നിട്ടും തൗഹീദിന്റെ ദൗത്യം അവരും നിരസിക്കുകയാണ് ചെയ്യുന്നത്. ഇതിനെപ്പറ്റിയാണ് 20-ാം വചനത്തില്‍ പ്രസ്‌താവിക്കുന്നതു. ഇതുപോലെയുള്ള ഒരു പ്രസ്‌താവന അവരെപ്പറ്റി സൂഃ അല്‍ബക്വറഃ 146ല്‍ മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. യഥാര്‍ത്ഥം മനസ്സിലാവാത്തതുകൊണ്ടല്ല അവരും വിശ്വസിക്കാതിരിക്കുന്നതു. അവരുടെ സ്വന്തം മക്കളെ അവര്‍ എപ്രകാരം തിരിച്ചറിയുമോ അത്ര തന്നെ ഈ സംഗതിയുടെ സത്യാവസ്ഥയും അവര്‍ക്കറിയാം. പക്ഷേ, മുശ്‌രിക്കുകളെപ്പോലെത്തന്നെ അവരും സ്വന്തം രക്ഷാമാര്‍ഗ്ഗങ്ങളെല്ലാം നഷ്‌ടപ്പെടുത്തിയിരിക്കുകയാണു. അതാണവരും വിശ്വസിക്കാതിരിക്കുന്നതു എന്നു സാരം.
يَعْرِفُونَهُ (അവര്‍ അതിനെ അറിയും) എന്ന വാക്കിലെ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം മേല്‍വിവരിച്ച തൗഹീദിന്റെ കാര്യമോ, ക്വുര്‍ആനോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ ആകാവുന്നതാണു. ഈ മൂന്നില്‍ ഏതാണെന്നുവെച്ചാലും ഒരേ സാരത്തില്‍ തന്നെയാണ് അതു കലാശിക്കുക. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ, അവനോടു യാതൊന്നിനെയും പങ്കുചേര്‍ത്തുകൂടാ എന്നൊക്കെ വേദക്കാര്‍ക്കു നന്നായി അറിയാമല്ലോ. അല്ലാഹുവിന്റെ റസൂലാണ് മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) എന്നും, ക്വുര്‍ആന്‍ അല്ലാഹുവില്‍ നിന്ന് ലഭിച്ച വേദഗ്രന്ഥമാണെന്നും അവര്‍ക്കറിയാം. സ്വന്തം മക്കളെ അറിയും പോലെ അത്ര വ്യക്തമായിത്തന്നെ അറിയാം. പക്ഷെ, അസൂയ, ധിക്കാരം, ദുസ്വാര്‍ത്ഥ്യം ആദിയായവക്ക് അധീനപ്പെട്ടതു നിമിത്തം രക്ഷാമാര്‍ഗ്ഗം അടിയോടെ നഷ്‌ടപ്പെടുത്തുകയാണ് മുശ്‌രിക്കുകളെപ്പോലെ അവരും ചെയ്യുന്നത്.