വിഭാഗം - 5

നൂഹ് (അ) നബിയുടെശേഷം, വന്ന ചില പ്രവാചകന്‍മാരുടെയും, അവരുടെ സമുദായങ്ങള്‍ അവ രുടെനേരെ കൈക്കൊണ്ട നിലപാടുകളുടെയും ചരിത്രം തുടര്‍ന്നുള്ള വചനങ്ങളില്‍ വിവരിക്കു ന്നു. ഹൂദു (അ) നബിയുടെയും സമുദായത്തിന്‍റെയും ചരിത്രമാണ് അവയില്‍ ആദ്യത്തേതു. ഈ വിഷയകമായി മുമ്പ് സൂറത്തുല്‍ അഅ്റാഫിലും, താഴെ മുഅ്മിനൂന്‍, ശുഅറാഉ്, അഹ്ഖാഫ് മുതലാ യ സൂറത്തുകളിലും വിവരിക്കപ്പെട്ടിട്ടുണ്ട്. ഓരോ സ്ഥലത്തും വിവരിക്കുമ്പോള്‍, മറ്റേ സ്ഥലത്തു കാണപ്പെടാത്ത ചില വിവരങ്ങള്‍ അടങ്ങിയിരിക്കും. ഇതു ഖുര്‍ആന്‍റെ പ്രത്യേക വിവരണ ശൈലികളില്‍ ഒന്നാണുതാനും.

11:50
  • وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥٓ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ ﴾٥٠﴿
  • 'ആദു' ഗോത്രത്തിലേക്കു അവരുടെ സഹോദരന്‍ ഹൂദിനെയും (നാം അയച്ചു). അദ്ദേഹം പറ ഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ നിങ്ങള്‍ക്കു ഒരു ആരാധ്യനുമില്ല. നിങ്ങള്‍ കെട്ടിച്ചമക്കുന്നവരല്ലാതെ (മറ്റൊന്നും) അല്ല.
  • وَإِلَىٰ عَادٍ ആദിലേക്കും (ആദുഗോത്രത്തിലേക്കും) أَخَاهُمْ അവരുടെ സഹോദരനെ هُودًا ഹൂദിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളെ اعْبُدُوا നിങ്ങള്‍ ആരാധിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരാരാധ്യനും, ദൈവവും غَيْرُهُ അവനല്ലാതെ إِنْ أَنتُمْ നിങ്ങളല്ല إِلَّا مُفْتَرُونَ കെട്ടിച്ചമക്കുന്നവരല്ലാതെ.
11:51
  • يَـٰقَوْمِ لَآ أَسْـَٔلُكُمْ عَلَيْهِ أَجْرًا ۖ إِنْ أَجْرِىَ إِلَّا عَلَى ٱلَّذِى فَطَرَنِىٓ ۚ أَفَلَا تَعْقِلُونَ ﴾٥١﴿
  • 'എന്‍റെ ജനങ്ങളേ, ഇതിന്‍റെ [ഈ പ്രബോധനത്തിന്‍റെ] പേരില്‍ നിങ്ങളോടു ഞാന്‍ ഒരു പ്രതിഫല വും ചോദിക്കുന്നില്ല. എന്‍റെ പ്രതിഫലം എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ മേല്‍ അല്ലാതെ (ബാധ്യ ത) ഇല്ല. അപ്പോള്‍, നിങ്ങള്‍ ബുദ്ധികൊടു(ത്ത് ഗ്രഹി)ക്കുന്നില്ലേ?!
  • يَا قَوْمِ എന്‍റെ ജനങ്ങളേ لَا أَسْأَلُكُمْ നിങ്ങളോടു ഞാന്‍ ചോദിക്കുന്നില്ല عَلَيْهِ ഇതിന്‍റെ (അതിന്‍റെ) പേരില്‍ أَجْرًا ഒരു പ്രതിഫലം إِنْ أَجْرِيَ എന്‍റെ പ്രതിഫലം ഇല്ല (അല്ല) إِلَّا عَلَى മേലല്ലാതെ الَّذِي فَطَرَنِي എന്നെ സൃഷ്ടിച്ചുണ്ടാക്കിയവന്‍റെ أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധി കൊടുക്കുന്നില്ലേ, ഗ്രഹിക്കുന്നില്ലേ.
11:52
  • وَيَـٰقَوْمِ ٱسْتَغْفِرُوا۟ رَبَّكُمْ ثُمَّ تُوبُوٓا۟ إِلَيْهِ يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا۟ مُجْرِمِينَ ﴾٥٢﴿
  • എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുകയും, പിന്നെ അവങ്കലേ ക്കു പശ്ചാത്തപിക്കുകയും ചെയ്‍വിന്‍; (എന്നാല്‍) അവന്‍ നിങ്ങള്‍ക്കു ആകാശത്തെ [മഴയെ] സമൃ ദ്ധമായി അയച്ചു തരുന്നതാണ്;
    നിങ്ങളുടെ ശക്തിയിലേക്ക്‌ (കൂടുതല്‍) ശക്തി അവന്‍ നിങ്ങള്‍ക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും, നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ടു തിരിഞ്ഞുകളയുകയും ചെയ്യരുതു.
  • وَيَا قَوْمِ (വീണ്ടും) എന്‍റെ ജനങ്ങളേ اسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുവിന്‍ رَبَّكُمْ നിങ്ങളുടെ റബ്ബിനോടു ثُمَّ പിന്നെ, പുറമെ تُوبُوا إِلَيْهِ അവനിലേക്കു പശ്ചാത്തപിക്കുവിന്‍ يُرْسِلِ അവന്‍ അയച്ചു തരും السَّمَاءَ ആകാശം (മഴ) عَلَيْكُم നിങ്ങളില്‍, നിങ്ങള്‍ക്കു مِّدْرَارًا സമൃദ്ധമായി, തുടര്‍ന്നൊഴുകി ക്കൊണ്ടു وَيَزِدْكُمْ നിങ്ങള്‍ക്കവന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും قُوَّةً ശക്തി, ഊക്കു إِلَىٰ قُوَّتِكُمْ നിങ്ങളുടെ ശക്തിയിലേക്ക്‌ (ശക്തിയില്‍ കൂടി) وَلَا تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞുകളയുകയും അരുതു مُجْرِمِينَ കുറ്റവാളികളായിക്കൊണ്ടു.

യമന്‍ പ്രദേശങ്ങളില്‍പെട്ട അഹ്ഖാഫ് (*) ആയിരുന്നു പ്രാചീന ഗോത്രമായ ആദ് (عاد الاولى) വര്‍ഗ്ഗത്തിന്‍റെ വാസസ്ഥലം. അവര്‍ വിഗ്രാഹാരാധകരായിരുന്നു. അവരുടെ ഗോത്രത്തിലും കുടുംബ ത്തിലുമുള്ള ആളായിരുന്നു ഹൂദ്‌ (അ). അതുകൊണ്ടാണ് അദ്ദേഹത്തെ ‘അവരുടെ സഹോദരന്‍’ എന്നു വിശേഷിപ്പിച്ചിരിക്കുന്നതു. അവരുടെ വിഗ്രഹാരാധന തുടങ്ങിയ തോന്നിയവാസങ്ങളെ ചൂണ്ടിക്കൊണ്ടാണ് ‘നിങ്ങള്‍ കെട്ടിച്ചമക്കുന്നവരല്ലാതെ മറ്റൊന്നുമല്ല’ എന്നു അദ്ദേഹം പറയുന്നത്. തന്‍റെ പ്രബോധനംകൊണ്ട് അല്ലാഹുവിങ്കല്‍ നിന്നുള്ള പ്രതിഫലമല്ലാതെ – നിങ്ങളില്‍നിന്നുള്ള യാതൊരു പ്രതിഫലം ഞാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നൂഹ് (അ) നബിയെപ്പോലെത്തന്നെ അദ്ദേഹവും ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. അങ്ങിനെ, തന്‍റെ പ്രബോധനം നിഷ്കളങ്കമാണെന്നും, അതില്‍ സ്വാര്‍ത് ഥതാല്പര്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രവാചകന്‍മാരേയുംപോലെ, അദ്ദേഹത്തിനും പ്രഥമപ്രധാനമായി ഉപദേശിക്കുവാനുണ്ടായിരുന്നതു അല്ലാഹുവിനെയല്ലാതെ ആരാധിക്കരുതെന്ന തൗഹീദു തന്നെ.

———
(*). പടം 8ഉം മറ്റും നോക്കുക.
———
ആദുവര്‍ഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവ൪ വളരെ കയ്യൂക്കം മെയ്യൂക്കുമുള്ള ഒരു വര്‍ഗ്ഗമായി രുന്നു. നിങ്ങള്‍ അല്ലാഹുവിനെ ആരാധിച്ചും, അവനിലേക്ക് ഖേദിച്ചു മടങ്ങിയും വന്നാല്‍ അവന്‍ നിങ്ങള്‍ക്ക് മഴ സമൃദ്ധമാക്കിത്തരുകയും, നിങ്ങളുടെ നിലവിലുള്ള ശക്തിയിലൂടെ എനിയും നിങ്ങള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞതില്‍ നിന്നുതന്നെ ഇതു മന സ്സിലാക്കാം. ഞങ്ങളെക്കാള്‍ ഊക്കുള്ളവര്‍ ആരാണുള്ളതെന്ന് അഹങ്കാരപൂര്‍വ്വം അവര്‍ പറയുക യും ചെയ്തിരുന്നു. (41: 15). പശ്ചാത്താപവും, പാപബോധവും പരലോകത്തുവെച്ചുമാത്രമല്ല, ഇഹ ത്തില്‍വെച്ചും അല്ലാഹുവിന്‍റെ അനുഗ്രഹം കൂടുതല്‍ ലഭിച്ചുകൊണ്ടിരിക്കുവാന്‍ കാരണമാണെ ന്ന് അദ്ദേഹം പറഞ്ഞതില്‍നിന്നു മനസ്സിലാക്കാം. ഇതുപോലെ നൂഹ് (അ) നബിയും അദ്ദേഹത്തി ന്‍റെ ജനതയോട് പറഞ്ഞതായി സൂ: നൂഹില്‍ അല്ലാഹു അറിയിച്ചിട്ടുണ്ട്. ഇബ്നുഅബ്ബാസ് (റ)ല്‍നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഹദീസില്‍ നബി (സ്വ) ഇപ്രകാരം പറഞ്ഞതായി വന്നിരിക്കുന്നു: ആരെങ്കിലും പാപമോചനം തേടല്‍ കൈവിടാതിരുന്നാല്‍ അവനു അല്ലാഹു എല്ലാ ഞെരുക്കത്തി ല്‍നിന്നും രക്ഷാമാര്‍ഗ്ഗം നല്‍കുകയും, എല്ലാ ദുഃഖവിചാരങ്ങളില്‍നിന്നും മുക്തിനല്‍കുകയും, അവന്‍ കണക്കാക്കാത്ത വിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്.’ (അ: ദ: ജ.).

11:53
  • قَالُوا۟ يَـٰهُودُ مَا جِئْتَنَا بِبَيِّنَةٍ وَمَا نَحْنُ بِتَارِكِىٓ ءَالِهَتِنَا عَن قَوْلِكَ وَمَا نَحْنُ لَكَ بِمُؤْمِنِينَ ﴾٥٣﴿
  • അവര്‍ പറഞ്ഞു: 'ഹൂദേ, നീ ഞങ്ങള്‍ക്കു (വ്യക്തമായ) ഒരു തെളിവും കൊണ്ടു വന്നിട്ടില്ല; നിന്‍റെ വാക്കിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ [ദൈവങ്ങളെ] ഉപേക്ഷിക്കുന്നവരല്ലതാനും; ഞങ്ങള്‍ നിന്നെ വിശ്വസിക്കുന്നവരുമല്ല.
  • قَالُوا അവര്‍ പറഞ്ഞു يَا هُودُ ഹൂദേ مَا جِئْتَنَا നീ ഞങ്ങള്‍ക്കു വന്നിട്ടില്ല (ഒരു വ്യക്തമായ) بِبَيِّنَةٍ തെളിവുമായി, തെളിവും കൊണ്ടു وَمَا نَحْنُ ഞങ്ങളല്ലതാനും بِتَارِكِي ഉപേക്ഷിക്കുന്നവര്‍ آلِهَتِنَا ഞങ്ങ ളുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ) عَن قَوْلِكَ നിന്‍റെ വാക്കിനാല്‍, وَمَا نَحْنُ ഞങ്ങളല്ലതാനും لَكَ നിന്നെ بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍.
11:54
  • إِن نَّقُولُ إِلَّا ٱعْتَرَىٰكَ بَعْضُ ءَالِهَتِنَا بِسُوٓءٍ ۗ قَالَ إِنِّىٓ أُشْهِدُ ٱللَّهَ وَٱشْهَدُوٓا۟ أَنِّى بَرِىٓءٌ مِّمَّا تُشْرِكُونَ ﴾٥٤﴿
  • 'ഞങ്ങളുടെ ആരാധ്യവസ്തുക്കളില്‍ ചിലതു നിനക്ക് വല്ല തിന്മയും ബാധിപ്പിച്ചിരിക്കുന്നുവെന്ന ല്ലാതെ ഞങ്ങള്‍ (ഒന്നും) പറയുന്നില്ല.' അദ്ദേഹം പറഞ്ഞു: 'ഞാന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തു ന്നു - നിങ്ങളും സാക്ഷ്യം വഹിച്ചുകൊള്ളുവിന്‍ - നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് ഞാന്‍ ഒഴിവായവനാണെന്നു്;-
  • إِن نَّقُولُ ഞങ്ങള്‍ പറയുന്നില്ല إِلَّا اعْتَرَاكَ നിനക്കു ബാധിപ്പിച്ചിരിക്കുന്നു എന്നതല്ലാതെ بَعْضُ ചിലതു آلِهَتِنَا ഞങ്ങളുടെ ആരാധ്യരില്‍ (ദൈവങ്ങളില്‍) بِسُوءٍ വല്ല തിന്മയെയും قَالَ അദ്ദേഹം പറ ഞ്ഞു إِنِّي أُشْهِدُ നിശ്ചയമായും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു اللَّـهَ അല്ലാഹുവിനെ وَاشْهَدُوا നിങ്ങളും സാക്ഷ്യം വഹിക്കുവിന്‍ أَنِّي ഞാന്‍ (ആകുന്നു) എന്നു بَرِيءٌ ഒഴിവായവന്‍, നിരപരാധി, ബാധ്യതയി ല്ലാത്തവന്‍ مِّمَّا تُشْرِكُونَ നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍നിന്നു.

11:55
  • مِن دُونِهِۦ ۖ فَكِيدُونِى جَمِيعًا ثُمَّ لَا تُنظِرُونِ ﴾٥٥﴿
  • '(അതെ) അവനു പുറമെ [അവനോട് പങ്കുചേര്‍ക്കുന്നതില്‍ നിന്നു]. അതിനാല്‍, നിങ്ങള്‍ എല്ലാവരും (കൂടി) എന്നോട് തന്ത്രം പ്രയോഗിച്ചുകൊള്ളുക; പിന്നെ, നിങ്ങള്‍ എനിക്കു താമസം നല്‍കേണ്ടാ!
  • مِن دُونِهِ അവനു പുറമെ فَكِيدُونِي അതിനാല്‍ നിങ്ങളെന്നോടു തന്ത്രം പ്രയോഗിക്കുക جَمِيعًا എല്ലാ വരും ثُمَّ പിന്നീടു لَا تُنظِرُونِ എനിക്കു നിങ്ങള്‍ താമസം നല്‍കേണ്ട.
11:56
  • إِنِّى تَوَكَّلْتُ عَلَى ٱللَّهِ رَبِّى وَرَبِّكُم ۚ مَّا مِن دَآبَّةٍ إِلَّا هُوَ ءَاخِذٌۢ بِنَاصِيَتِهَآ ۚ إِنَّ رَبِّى عَلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٥٦﴿
  • 'നിശ്ചയമായും, എന്‍റെ റബ്ബും, നിങ്ങളുടെ റബ്ബുമായ അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ ഭരമേല്പിച്ചിരി ക്കുന്നു.
    ഒരു (ജീവ) ജന്തുവും തന്നെ, അവന്‍ അതിന്‍റെ നെറുകയെ പിടിക്കുന്ന [അതിനെ അടക്കിഭരിക്കു ന്ന]വന്‍ ആയല്ലാതെ ഇല്ല. നിശ്ചയമായും, എന്‍റെ റബ്ബ് നേരെയുള്ള (ചൊവ്വായ) പാതയിലാണ്.
  • إِنِّي تَوَكَّلْتُ നിശ്ചയമായും ഞാന്‍ ഭരമേല്‍പിച്ചു عَلَى اللَّـهِ അല്ലാഹുവിന്‍റെമേല്‍ رَبِّي എന്‍റെ റബ്ബായ وَرَبِّكُم നിങ്ങളുടെ റബ്ബുമായ مَّا مِن دَابَّةٍ ഒരു ജന്തുവും (ജീവിയും - ചലിക്കുന്നതും) ഇല്ല إِلَّا هُوَ അവനാ യിട്ടല്ലാതെ آخِذٌ പിടിക്കുന്നവന്‍ بِنَاصِيَتِهَا അതിന്‍റെ നെറുകയെ, മൂര്‍ദ്ധാവിനെ, കുടുമയെ إِنَّ رَبِّي നിശ് ചയമായും എന്‍റെ റബ്ബു عَلَىٰ صِرَاطٍ പാതയിലാണു مُّسْتَقِيمٍ നേരെയുള്ള, ചൊവ്വായ.
11:57
  • فَإِن تَوَلَّوْا۟ فَقَدْ أَبْلَغْتُكُم مَّآ أُرْسِلْتُ بِهِۦٓ إِلَيْكُمْ ۚ وَيَسْتَخْلِفُ رَبِّى قَوْمًا غَيْرَكُمْ وَلَا تَضُرُّونَهُۥ شَيْـًٔا ۚ إِنَّ رَبِّى عَلَىٰ كُلِّ شَىْءٍ حَفِيظٌ ﴾٥٧﴿
  • 'എനി, നിങ്ങള്‍ തിരിഞ്ഞുകളയുകയാണെങ്കില്‍, എന്നെ നിങ്ങളിലേക്ക് യാതൊന്നുമായി അയ ക്കപ്പെട്ടിരിക്കുന്നുവോ അത് (ഇതാ) നിങ്ങള്‍ക്ക് ഞാന്‍ എത്തിച്ചുതന്നിട്ടുണ്ട്.
    എന്‍റെ റബ്ബ് നിങ്ങളല്ലാത്ത ഒരു ജനതയെ (നിങ്ങള്‍ക്കു പകരം) പിന്നാലെ കൊണ്ടുവരുകയും ചെയ്യും. അവനു നിങ്ങള്‍ യാതൊന്നും (തന്നെ) ഉപദ്രവം ചെയ്കയുമില്ല.
    നിശ്ചയമായും, എന്‍റെ റബ്ബ് എല്ലാ വസ്തുവിന്‍റെയും മേല്‍(നോട്ടം ചെയ്ത്) കാത്തുപോരുന്നവനാകുന്നു.'
  • فَإِن تَوَلَّوْا എനി നിങ്ങള്‍ തിരിഞ്ഞുകളയുന്നപക്ഷം فَقَدْ أَبْلَغْتُكُم എന്നാല്‍ നിങ്ങള്‍ക്കു ഞാന്‍ എത്തിച്ചു കഴിഞ്ഞു (എത്തിച്ചിട്ടുണ്ടു) مَّا യാതൊന്നു, എന്തോ أُرْسِلْتُ ഞാന്‍ അയക്കപ്പെട്ടിരിക്കുന്നു بِهِ അതുമായി, അതുകൊണ്ടു إِلَيْكُمْ നിങ്ങളിലേക്കു وَيَسْتَخْلِفُ പിന്നാലെ കൊണ്ടു വരുക (പകരം കൊണ്ടുവരുക- പിന്നില്‍ വരുത്തുക)യും ചെയ്യും رَبِّي എന്‍റെ റബ്ബു قَوْمًا ഒരു ജനതയെ, വല്ല ജനതയെ യും غَيْرَكُمْ നിങ്ങളല്ലാത്ത وَلَا تَضُرُّونَهُ അവന്നു നിങ്ങള്‍ ഉപദ്രവം ചെയ്കയുമില്ല شَيْئًا യാതൊന്നും, ഒരു വസ്തുവും إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്‍റെമേലും حَفِيظٌ കാത്തുപോ രുന്ന (മേല്‍നോട്ടം നടത്തുന്ന)വനാണു.

ഹൂദു (അ) നബി ആ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചപ്പോള്‍ അവരില്‍നിന്നുണ്ടായ പ്രതികരണ മാണ് ആദ്യം അല്ലാഹു ഉദ്ധരിച്ചത്. പിന്നീട് അതിനെത്തുടര്‍ന്ന്‍ അദ്ദേഹം അവരോട് പറഞ്ഞ മറുപ ടികളും ഉദ്ധരിച്ചിരിക്കുന്നു. നീ ഞങ്ങള്‍ക്ക് മതിയായ തെളിവൊന്നും നല്‍കിയിട്ടില്ല, നിന്‍റെ വാ ക്കിനെ ആസ്പദമാക്കി ഞങ്ങളുടെ ദൈവങ്ങളെ കൈവെടിയുവാന്‍ ഞങ്ങള്‍ തയ്യാറില്ല, നീ പറയു ന്നതില്‍ ഞങ്ങള്‍ക്കു വിശ്വാസമില്ല എന്നൊക്കെ പറഞ്ഞത് അവരുടെ നിഷേധത്തില്‍നിന്നുത്ഭവി ച്ച ധിക്കാരം നിമിത്തമാണെന്ന് വ്യക്തമാണ്. ഇതിനെല്ലാം മകുടം ചാ൪ത്തുമാറ് അന്ധവിശ്വാസ ത്തിന്‍റെ അടിത്തട്ടില്‍നിന്നുത്ഭവിച്ച ഒരു ആരോപണവും! ‘ഞങ്ങളുടെ ചില ദൈവങ്ങളില്‍ നിന്നു നിനക്ക് എന്തോ ആപത്ത് ബാധിച്ചിട്ടുണ്ട് എന്നേ ഞങ്ങള്‍ക്ക് പറയുവാനുള്ളു. അതല്ലാതെ നീ ഇങ്ങിനെ പിച്ചും പേയും പറയുവാന്‍ കാരണമില്ല.’ ഒരുവശത്തിലൂടെ ഇതൊരു ആരോപണമാണെ ങ്കില്‍ മറ്റൊരു വശത്തിലൂടെ ഒരു ഭീഷണികൂടിയാണ്. വിഗ്രഹങ്ങളെ സംബന്ധിച്ച് അവരുടെ അന്ധവിശ്വാസവും, മതിപ്പും എത്രമേല്‍ ഭയങ്കരമാണെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. ആദു ഗോത്രത്തില്‍ മാത്രമുള്ള ഒരു വിഡ്ഢിത്തമല്ല ഇത്. വിഗ്രഹങ്ങള്‍, ദേവീദേവന്മാര്‍, ജീവിച്ചിരിക്കു ന്നവരോ മരണപ്പെട്ടവരോ ആയ മഹാത്മാക്കള്‍, സ്വയം ദിവ്യന്‍മാരായി അഭിനയിക്കുന്ന മനുഷ്യ പ്പിശാചുക്കള്‍ എന്നുവേണ്ട അല്ലാഹുവല്ലാത്ത ഏതു വസ്തുവെയും ആരാധ്യവസ്തുക്കളായി അംഗീക രിച്ചുവരുന്ന എല്ലാവരിലും കാണപ്പെടാറുള്ള ഒരു വിഡ്ഢിത്തമത്രെ ഇത്. അതായത് അവയെ വക വെക്കാതെ വല്ലതും ആരെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്‌താല്‍ അവര്‍ക്ക് അവ യുടെ ശാപകോപങ്ങള്‍ ബാധിച്ചേക്കുമെന്നും, അതുമൂലം വല്ല ആപത്തുകള്‍ സംഭവിച്ചേക്കുമെന്നു ള്ള ധാരണ. ആദു ജനത പറഞ്ഞതുപോലെ, സന്ദര്‍ഭം കാണുമ്പോള്‍ അവര്‍ അത് തുറന്നുതന്നെ പറയുകയും ചെയ്യും. നേരെമറിച്ച് അല്ലാഹുവിനെ വകവെക്കാതെ തോന്നിയവാസങ്ങളില്‍ മുഴു കിക്കൊണ്ടിരിക്കുന്നവര്‍ക്ക് അതുമൂലം വല്ല ആപത്തും സംഭവിച്ചേക്കാമെന്ന ധാരണ അങ്ങിനെ യുള്ളവരില്‍ വളരെ ദുര്‍ലഭമായേ കാണപ്പെടുകയുള്ളുതാനും.

ഹൂദു (അ) നബി അവര്‍ക്ക് നല്‍കിയ മറുപടിയുടെ സാരം ഇതാണ്: ‘നിങ്ങള്‍ എന്തു തന്നെ ആരോ പിച്ചാലും ശരി, അല്ലാഹു അല്ലാതെയുള്ള നിങ്ങളുടെ ആരാധ്യവസ്തുക്കളും ഞാനുമായി ഒരു ബന്ധ വുമില്ല. അവയില്‍നിന്നെല്ലാം ഞാന്‍ ഒഴിവായവനാണെന്ന് ഞാനിതാ അല്ലാഹുവിനെ സാക്ഷ്യപ്പെ ടുത്തിക്കൊണ്ട് നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. യാതൊരു നീക്കത്തൂക്കവും ഈ വിഷയത്തില്‍ എനിക്ക് ചെയ്യാനില്ലെന്നും, നിങ്ങളുമായി ഒരു ഒത്തുതീര്‍പ്പിനും ഞാന്‍ സന്നദ്ധനല്ലെന്നും നിങ്ങളും ഉറപ്പിച്ചുകൊള്ളുക. ഇക്കാരണത്താല്‍ നിങ്ങളും നിങ്ങളുടെ ദൈവങ്ങളുമെല്ലാം ചേര്‍ന്ന് എനിക്കെ തിരില്‍ എന്തു ഗൂഢതന്ത്രങ്ങള്‍ നടത്തിയാലും വിരോധമില്ല. ഒരു വിട്ടുവീഴ്ചയും നല്‍കാതെ നിങ്ങ ള്‍ക്കു തോന്നിയത് നിങ്ങള്‍ ചെയ്തുകൊള്ളുക. എന്‍റെ കാര്യങ്ങളെല്ലാം ഞാന്‍ അല്ലാഹുവിങ്കല്‍ അര്‍പ്പിച്ചിരിക്കുകയാണ്. അവന്‍ എന്‍റെ മാത്രമല്ല, നിങ്ങളുടെയും രക്ഷിതാവും നിയന്താവുമാണ്. നിങ്ങളും ഞാനും അടക്കം എല്ലാ ജീവികളുടെയും ഭരണകൈകാര്യങ്ങള്‍ നടത്തുന്നവനുമാണ്. നേര്‍ക്കുനേരെ നീതിയുക്തമായ രീതിയിലേ അവന്‍ എല്ലാ കാര്യവും നടത്തുകയും ചെയ്കയുള്ളു. അതുകൊണ്ട് നിങ്ങള്‍ എത്ര കടുത്ത പരിപാടി ആസൂത്രണം ചെയ്താലും എനിക്കതില്‍ ഒട്ടും ഭയ മില്ല. എനിയും നിങ്ങള്‍ ഞാന്‍ പറയുന്നതൊന്നും വിലവെക്കാതെ നിങ്ങളുടെ ശിര്‍ക്കു മതത്തില്‍ തന്നെ ശഠിച്ചുനില്‍ക്കുവാനാണ് ഭാവമെങ്കില്‍ എനിക്കു പറയുവാനുള്ളത് ഇതാണ്: നിങ്ങളില്‍ പ്രബോധനം ചെയ്‌വാന്‍ വേണ്ടി അല്ലാഹു എന്നെ ഏല്‍പിച്ച ദൗത്യം ഞാനിതാ നിര്‍വ്വഹിച്ചുകഴി ഞ്ഞു. നിങ്ങളെ ഇവിടെനിന്നു ഉന്മൂലനം ചെയ്യുമാറുള്ള വല്ല ശിക്ഷയും അവന്‍ നിങ്ങള്‍ക്ക് ബാധി പ്പിച്ചേക്കും. നിങ്ങളുടെ സ്ഥാനത്ത് പുതിയ തലമുറകളെ അവന്‍ ഏര്‍പ്പെടുത്തുകയും ചെയ്തേക്കും. മറിച്ച് നിങ്ങള്‍ മൂലം അവന്ന്‍ ഒരു ദോഷവും ഭവിക്കുവാന്‍ പോകുന്നില്ല.

نَاصِيَة (നാസ്വിയത്ത്) എന്ന വാക്ക് തലയുടെ മുന്‍ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും, ആ ഭാഗത്തുള്ള മുടി, അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പടിക്കും വിധേയനാകുമ്പോള്‍ അവന്‍ അവന്‍റെ നെറുക് പിടിച്ചിരിക്കു കയാണെന്നും, അവന്‍റെ നെറുക് അവന്‍റെ കയ്യിലാണെന്നും അറബിഭാഷയില്‍ പറയപ്പെടാറുണ്ട്. ഇതനുസരിച്ചാണു 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണു അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ഹൂദു (അ) അവസാനമായി അവരെ ഒരു പൊതുശിക്ഷയെക്കുറിച്ചു താക്കീതു ചെയ്തുവല്ലോ. അതിനെക്കുറിച്ച് അല്ലാഹു പറയുന്നു:-

11:58
  • وَلَمَّا جَآءَ أَمْرُنَا نَجَّيْنَا هُودًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَنَجَّيْنَـٰهُم مِّنْ عَذَابٍ غَلِيظٍ ﴾٥٨﴿
  • നമ്മുടെ കല്‍പന വന്നപ്പോഴാകട്ടെ, ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷിച്ചു; അതികാഠിന്യമായ ഒരു ശിക്ഷയില്‍ നിന്നു അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു.
  • وَلَمَّا جَاءَ വന്നപ്പോള്‍, വന്നപ്പോഴാകട്ടെ أَمْرُنَا നമ്മുടെ കല്‍പന, കാര്യം نَجَّيْنَا നാം രക്ഷപ്പെടുത്തി هُودًا ഹൂദിനെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടുകൂടി بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍നിന്നുള്ള, നമ്മുടെ വക وَنَجَّيْنَاهُم അവരെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِّنْ عَذَابٍ ഒരു ശിക്ഷയില്‍ നിന്നു غَلِيظٍ കടുത്തതായ, കഠിനമായ, കനത്ത.

ആദു ജനതക്ക് ബാധിച്ച ശിക്ഷ ഏഴു രാവും എട്ടു പകലും തുടര്‍ച്ചയായി അടിച്ചുവീശിക്കൊണ്ടി രുന്ന അത്യുഗ്രമായ ഒരു കൊടുങ്കാറ്റായിരുന്നു. അതില്‍ അവര്‍, ഒന്നടങ്കം കടപുഴങ്ങി മറിഞ്ഞുവീ ണ ഈന്തത്തടി മരങ്ങളെപ്പോലെ ചത്തുവീണൊടുങ്ങി. (സൂ: ഖമര്‍: 19,20; അല്‍ഹാഖ്-ഖ്വ: 6,7).

11:59
  • وَتِلْكَ عَادٌ ۖ جَحَدُوا۟ بِـَٔايَـٰتِ رَبِّهِمْ وَعَصَوْا۟ رُسُلَهُۥ وَٱتَّبَعُوٓا۟ أَمْرَ كُلِّ جَبَّارٍ عَنِيدٍ ﴾٥٩﴿
  • അതത്രെ ആദു ഗോത്രം! അവര്‍ തങ്ങളുടെ റബ്ബിന്‍റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു; അവന്‍റെ റസൂലുകളോടു അനുസരണക്കേടു കാണിക്കുകയും ചെയ്തു. ദുര്‍വ്വാശിക്കാരായ എല്ലാ സ്വേച്ഛാധി കാരികളുടെയും കല്‍പന അവര്‍ പിന്‍പറ്റുകയും ചെയ്തു.
  • وَتِلْكَ അതു, അതാ عَادٌ ആദു جَحَدُوا അവര്‍ നിഷേധിച്ചു بِآيَاتِ ദൃഷ്ടാന്തങ്ങളെ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ وَعَصَوْا അവര്‍ അനുസരണക്കേടും കാണിച്ചു رُسُلَهُ അവന്‍റെ റസൂലുകളോടു وَاتَّبَعُوا അവര്‍ പിന്‍പറ്റുകയും ചെയ്തു أَمْرَ عَنِيدٍ കല്‍പനയെ كُلِّ جَبَّارٍ എല്ലാ സ്വേച്ഛാധികാരിയുടെയും عَنِيدٍ ദുര്‍വ്വാശിക്കാരായ.

അതാണവര്‍ക്ക് പറ്റിയ നാശത്തിനൊക്കെ ഹേതു. അതിന്‍റെ ഫലമോ?-

11:60
  • وَأُتْبِعُوا۟ فِى هَـٰذِهِ ٱلدُّنْيَا لَعْنَةً وَيَوْمَ ٱلْقِيَـٰمَةِ ۗ أَلَآ إِنَّ عَادًا كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّعَادٍ قَوْمِ هُودٍ ﴾٦٠﴿
  • ഈ ഇഹത്തില്‍ (വമ്പിച്ച) ഒരു ശാപത്താല്‍ അവര്‍ അനുഗമിക്കപ്പെട്ടു; ഖിയാമത്തുനാളിലും (അനുഗമിക്കപ്പെട്ടു).
    അല്ലാ! (അറിയുക:) നിശ്ചയമായും, ആദുഗോത്രം തങ്ങളുടെ റബ്ബിനോടു നന്ദികേടു ചെയ്തു. അല്ലാ! (അറിയുക:) ഹൂദിന്‍റെ ജനതയായ ആദു ഗോത്രത്തിനു വിദൂരത! [കാരുണ്യത്തില്‍നിന്നും അവര്‍ എത്രയോ ദൂരം!]
  • وَأُتْبِعُوا അവര്‍ അനുഗമിക്കപ്പെട്ടു (അവരുടെ പിന്നാലെ തുടര്‍ന്നു) فِي هَـٰذِهِ الدُّنْيَا ഈ ഇഹലോക ത്തില്‍ لَعْنَةً ശാപം, ഒരു (വമ്പിച്ച) ശാപം وَيَوْمَ الْقِيَامَةِ ഖിയാമത്തു നാളിലും أَلَا അല്ലാ, അറിയുക إِنَّ عَادًا നിശ്ചയമായും ആദു كَفَرُوا അവര്‍ നന്ദികേടു ചെയ്തു رَبَّهُمْ അവരുടെ റബ്ബിനോടു أَلَا അല്ലാ, അറിയുക بُعْدًا വിദൂരത لِّعَادٍ ആദിനു قَوْمِ هُودٍ ഹൂദിന്‍റെ ജനതയായ.

വിഭാഗം - 6

സ്വാലിഹു (അ) നബിയുടെയും, അദ്ദേഹത്തിന്‍റെ ജനതയായ ഥമൂദുഗോത്രത്തിന്‍റെയും ചരിത്രമാ ണു ഈ വിഭാഗത്തിലുള്ളത്. അഅ്റാഫ്, ശുഅറാഉ്, നംലു, ഖമര്‍ എന്നീ സൂറത്തുകളിലും മറ്റും ഈ ചരിത്രം വിവരിക്കപ്പെട്ടിരിക്കുന്നു. ഥമൂദുഗോത്രത്തിന്‍റെ വാസസ്ഥലമായിരുന്ന അല്‍ഹിജ്റി(*) നെ സംബന്ധിച്ച ഒരു വിവരണം ശുഅറാഇല്‍ കാണാവുന്നതാണ്.
——-
(*). സ്ഥലം 8-ാം ഭൂപടത്തില്‍ കാണുക.

11:61
  • وَإِلَىٰ ثَمُودَ أَخَاهُمْ صَـٰلِحًا ۚ قَالَ يَـٰقَوْمِ ٱعْبُدُوا۟ ٱللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُۥ ۖ هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا فَٱسْتَغْفِرُوهُ ثُمَّ تُوبُوٓا۟ إِلَيْهِ ۚ إِنَّ رَبِّى قَرِيبٌ مُّجِيبٌ ﴾٦١﴿
  • ഥമൂദു ഗോത്രത്തിലേക്ക് അവരുടെ സഹോദരന്‍ സ്വാലിഹിനെയും (നാം അയച്ചു). അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍; അവനല്ലാതെ നിങ്ങള്‍ക്ക് ഒരാരാധ്യനുമില്ല.
    അവന്‍ നിങ്ങളെ ഭൂമിയില്‍നിന്നു (സൃഷ്ടിച്ചു)ണ്ടാക്കുകയും, നിങ്ങളെ അതില്‍ അധിവസിപ്പിക്കുക യും ചെയ്തിരിക്കുന്നു. ആകയാല്‍, അവനോട് നിങ്ങള്‍ പാപമോചനം തേടുകയും, പിന്നെ അവനി ലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും എന്‍റെ റബ്ബ് സമീപസ്ഥനും, ഉത്തരം നല്‍കുന്നവനുമാകുന്നു.'
  • وَإِلَىٰ ثَمُودَ ഥമൂദിലേക്കും أَخَاهُمْ അവരുടെ സഹോദരനെ صَالِحًا സ്വാലിഹിനെ قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ اعْبُدُوا ആരാധിക്കുവിന്‍ اللَّـهَ അല്ലാഹുവിനെ مَا لَكُم നിങ്ങള്‍ക്കില്ല مِّنْ إِلَـٰهٍ ഒരു ആരാധ്യനും غَيْرُهُ അവനല്ലാതെ هُوَ അവന്‍ أَنشَأَكُم നിങ്ങളെ ഉണ്ടാക്കി مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു وَاسْتَعْمَرَكُمْ നിങ്ങളെ അവന്‍ അധിവസിപ്പിക്കുക (കുടിയിരുത്തുക)യും ചെയ്തു فِيهَا അതില്‍ فَاسْتَغْفِرُوهُ അതിനാല്‍ അവനോടു പാപമോചനം തേടുവിന്‍ ثُمَّ تُوبُوا പിന്നെ പശ്ചാത്തപിക്കുവിന്‍ إِلَيْهِ അവങ്കലേക്കു إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബു قَرِيبٌ സമീപസ്ഥനാണു مُّجِيبٌ ഉത്തരം ചെയ്യുന്നവനാണു.

നൂഹ് (അ) നബിയും ഹൂദു (അ) നബിയും അവരുടെ ജനങ്ങളെ ക്ഷണിച്ചതുപോലെത്തന്നെ സ്വാലി ഹു (അ) നബിയും അദ്ദേഹത്തിന്‍റെ ജനങ്ങളെ തൗഹീദിലേക്കു ക്ഷണിച്ചു. എല്ലാ പ്രവാചകന്‍മാരു ടെയും പ്രധാനമായ വിഷയം അതാണല്ലോ. മനുഷ്യപിതാവായ ആദം (അ) നബിയെ അല്ലാഹു മണ്ണില്‍നിന്നു സൃഷ്ടിച്ചു. പിന്നീടുള്ള മനുഷ്യരുടെ ജനനം മാതാപിതാക്കള്‍ വഴിയാണെങ്കിലും ഓരോരുത്തരുടെയും ബീജത്തിന്‍റെ ഉത്ഭവം മണ്ണില്‍നിന്നാകുന്നു. അപ്പോള്‍ – സൂ: ഹജ്ജ് 5ലും മറ്റും പറഞ്ഞതുപോലെ – മനുഷ്യരെ സൃഷ്ടിച്ചതു മണ്ണില്‍ നിന്നുതന്നെ. ഭൂമിയില്‍ നിന്നു നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കി എന്നു പറഞ്ഞതിന്‍റെ താല്‍പര്യം അതാണ്‌. നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും, ഭൂമിയില്‍ നിങ്ങള്‍ക്കുവേണ്ടുന്ന സൗകര്യങ്ങള്‍ ഒരുക്കിത്തന്നു അതില്‍ നിങ്ങള്‍ക്കു നിവസിക്കു മാറാക്കുകയും ചെയ്തത് അല്ലാഹു മാത്രമായിരിക്കെ, അവനല്ലാത്ത വസ്തുക്കളെ ആരാധിക്കുന്നതി നു അര്‍ത്ഥമില്ലല്ലോ എന്നു ഈ വചനത്തില്‍ സൂചന കാണാം.

11:62
  • قَالُوا۟ يَـٰصَـٰلِحُ قَدْ كُنتَ فِينَا مَرْجُوًّا قَبْلَ هَـٰذَآ ۖ أَتَنْهَىٰنَآ أَن نَّعْبُدَ مَا يَعْبُدُ ءَابَآؤُنَا وَإِنَّنَا لَفِى شَكٍّ مِّمَّا تَدْعُونَآ إِلَيْهِ مُرِيبٍ ﴾٦٢﴿
  • അവര്‍ പറഞ്ഞു: 'സ്വാലിഹേ, ഇതിനു മുമ്പ് തീര്‍ച്ചയായും നീ ഞങ്ങളുടെ കൂട്ടത്തില്‍ ഒരു അഭി ലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നവയെ ഞങ്ങള്‍ ആരാധിക്കുന്നതി നെ നീ ഞങ്ങളോട് വിരോധിക്കുകയോ?! നീ ഞങ്ങളെ ഏതൊന്നിലേക്ക്‌ ക്ഷണിക്കുന്നുവോ അതി നെപ്പറ്റി നിശ്ചയമായും ഞങ്ങള്‍, ആശങ്കാജനകമായ സംശയത്തില്‍ തന്നെയാകുന്നു.'
  • قَالُوا അവര്‍ പറഞ്ഞു يَا صَالِحُ സ്വാലിഹേ قَدْ كُنتَ തീര്‍ച്ചയായും നീ ആയിരുന്നു, ആയിരുന്നിട്ടു ണ്ടു فِينَا ഞങ്ങളില്‍ مَرْجُوًّا ഒരു അഭിലഷണീയന്‍ قَبْلَ هَـٰذَا ഇതിന്‍റെ മുമ്പു أَتَنْهَانَا നീ ഞങ്ങളെ വിരോധി ക്കുകയോവിലക്കുന്നുവോ أَن نَّعْبُدَ ഞങ്ങള്‍ ആരാധിക്കുന്നതു مَا يَعْبُدُ ആരാധിച്ചു വരുന്നതിനെ آبَاؤُنَا ഞങ്ങളുടെ പിതാക്കള്‍ وَإِنَّنَا നിശ്ചയമായും ഞങ്ങള്‍ لَفِي شَكٍّ സംശയത്തില്‍തന്നെയാണു مِّمَّا تَدْعُونَا ഞങ്ങളെ നീ ക്ഷണിക്കുന്നതിനെപ്പറ്റി إِلَيْهِ അതിലേക്കു مُرِيبٍ സന്ദേഹപ്പെടുത്തുന്ന, ആശങ്കാജനകമായ.

ഞങ്ങളുടെ ഇടയില്‍ കൊള്ളാവുന്ന ഒരു നല്ല മനുഷ്യനായിരുന്നു ഇക്കാലംവരെ നീ. തറവാടിത്തം, ബുദ്ധിവൈഭവം, സ്വഭാവശുദ്ധി ആദിയായവയിലൊക്കെ സമാദരണീയനായിരുന്നു. നിന്നെക്കുറി ച്ച് ഞങ്ങള്‍ക്ക് സല്‍പ്രതീക്ഷകളും ഉണ്ടായിരുന്നു. ഇപ്പോഴിതാ, നീ പഴയ മട്ടെല്ലാം മാറി ഞങ്ങളുടെ പിതാക്കള്‍ പൂര്‍വ്വികമായി ആരാധിച്ചുവന്നിരുന്ന ദൈവങ്ങളെയൊന്നും ആരാധിച്ചുകൂടാ എന്നു വിലക്കുന്നു! ഈ പുതിയ മാര്‍ഗ്ഗത്തെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരെത്തുംപിടിയും കിട്ടുന്നില്ല. അതില്‍ ഞങ്ങള്‍ക്ക് വളരെ ആശങ്കയും സംശയവുമാണുള്ളത്. ഇതൊക്കെയായിരുന്നു ആ ജനതയില്‍ നിന്ന് അദ്ദേഹത്തിന്‍റെ ക്ഷണത്തിന് ലഭിച്ച മറുപടി.

പ്രവാചകന്‍മാര്‍ക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് അവര്‍ ഉല്‍കൃഷ്ട സ്വഭാവഗുണങ്ങളോടുകൂ ടിയവരും, സുസമ്മതന്‍മാരുമായിരിക്കുക പതിവാകുന്നു. പ്രവാചകത്വം സിദ്ധിച്ച ജനങ്ങളെ സന്‍ മാര്‍ഗ്ഗത്തിലേക്കും സത്യവിശ്വാസത്തിലേക്കും ക്ഷണിക്കുവാന്‍ തുടങ്ങുന്നതോടെയായിരിക്കും ജനങ്ങള്‍ക്ക് അവരുടെ നേരെയുള്ള ഭാവം മാറുന്നത്. വിശ്വസ്തനായ മുഹമ്മദ് (محمد الامين) എന്നു എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്ന നബി (സ്വ) തിരുമേനിയുടെ നേരെ പ്രവാചകത്വത്തിനു ശേഷം ഖുറൈശികള്‍ സ്വീകരിച്ച നയവും നിലപാടും പ്രസിദ്ധമാണല്ലോ.

11:63
  • قَالَ يَـٰقَوْمِ أَرَءَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّى وَءَاتَىٰنِى مِنْهُ رَحْمَةً فَمَن يَنصُرُنِى مِنَ ٱللَّهِ إِنْ عَصَيْتُهُۥ ۖ فَمَا تَزِيدُونَنِى غَيْرَ تَخْسِيرٍ ﴾٦٣﴿
  • അദ്ദേഹം പറഞ്ഞു: 'എന്‍റെ ജനങ്ങളേ, നിങ്ങള്‍ കണ്ടുവോ (-ഒന്നു പറയുവിന്‍): ഞാന്‍ എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള (വ്യക്തമായ) തെളിവോടെയായിരിക്കുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യം എനിക്കവന്‍ നല്‍കിയിരിക്കുകയുമാണെങ്കില്‍, അപ്പോള്‍ - ഞാന്‍ അല്ലാഹുവിനോട് അനുസരണക്കേട്‌ ചെയ്യുന്നപക്ഷം, അവനില്‍ നിന്നു ആരാണ് എന്നെ സഹായി(ച്ചു രക്ഷി)ക്കുക! അപ്പോള്‍, നഷ്ടം വരുത്തലല്ലാതെ (മറ്റൊന്നും) നിങ്ങള്‍ എനിക്കു വര്‍ദ്ധിപ്പിക്കുകയില്ല.'
  • قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്‍റെ ജനങ്ങളേ أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (എന്നോടൊന്നു പറയു വിന്‍) إِن كُنتُ ഞാനാണെങ്കില്‍ عَلَىٰ بَيِّنَةٍ (വ്യക്തമായ) തെളിവോടെ مِّن رَّبِّي എന്‍റെ റബ്ബിങ്കല്‍ നിന്നുള്ള وَآتَانِي അവന്‍ എനിക്കു നല്‍കിയിരിക്കയും مِنْهُ അവങ്കല്‍നിന്നു رَحْمَةً കാരുണ്യം, ഒരു (വമ്പിച്ച) കാരുണ്യം فَمَن എന്നാല്‍ ആരാണു يَنصُرُنِي എന്നെ സഹായിക്കുക مِنَ اللَّـهِ അല്ലാഹുവിങ്കല്‍നിന്നു إِنْ عَصَيْتُهُ അവനോടു ഞാന്‍ അനുസരണക്കേടു (എതിരു) ചെയ്യുന്ന പക്ഷം فَمَا تَزِيدُونَنِي അപ്പോള്‍ നിങ്ങ ള്‍ എനിക്കു വര്‍ദ്ധിപ്പിക്കുന്നതല്ല غَيْرَ അല്ലാതെ, ഒഴികെ تَخْسِيرٍ നഷ്ടം വരുത്തല്‍.

മുമ്പു പറഞ്ഞതുപോലെ കാരുണ്യം (رَحْمَة) കൊണ്ട് ഇവിടെയും പ്രവാചകത്വം തന്നെയാണ് പ്രധാ നോദ്ദേശ്യം. ഇതുപോലെയുള്ള ഏതാനും വാചകങ്ങള്‍ നൂഹ് (അ) അദ്ദേഹത്തിന്‍റെ ജനതയോട് ചെയ്ത പ്രസ്താവനയിലും മുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. സ്വാലിഹു (അ) നബിയുടെ ഉപദേശവും,അദ്ദേ ഹം നല്‍കിയ തെളിവുകളും അവര്‍ സ്വീകരിക്കുവാന്‍ ഒരുക്കമില്ല. അവര്‍ക്കൊരു പ്രത്യേക ദൃഷ്ടാന്തം കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടു (26:154). ആ ദൃഷ്ടാന്തത്തെക്കുറിച്ച് അദ്ദേഹം പറയുന്നു:-

11:64
  • وَيَـٰقَوْمِ هَـٰذِهِۦ نَاقَةُ ٱللَّهِ لَكُمْ ءَايَةً فَذَرُوهَا تَأْكُلْ فِىٓ أَرْضِ ٱللَّهِ وَلَا تَمَسُّوهَا بِسُوٓءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ ﴾٦٤﴿
  • 'എന്‍റെ ജനങ്ങളേ, ഇതാ നിങ്ങള്‍ക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട് അല്ലാഹുവിന്‍റെ ഒട്ടകം! ആക യാല്‍, അതിനെ (അതിന്‍റെ പാട്ടില്‍) നിങ്ങള്‍ വിട്ടേക്കുവിന്‍, അതു അല്ലാഹുവിന്‍റെ ഭൂമിയില്‍ (നട ന്നു) തിന്ന് കൊള്ളട്ടെ. അതിനു ഒരു തിന്‍മയും നിങ്ങള്‍ ബാധിപ്പിക്കുകയും ചെയ്യരുത്. എന്നാല്‍, സമീപസ്ഥമായ ഒരു ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.'
  • وَيَا قَوْمِ എന്‍റെ ജനങ്ങളേ هَـٰذِهِ ഇതാ, ഇതു نَاقَةُ اللَّـهِ അല്ലാഹുവിന്‍റെ ഒട്ടകം لَكُمْ നിങ്ങള്‍ക്കു آيَةً ഒരു ദൃഷ്ടാന്തമായിട്ടു فَذَرُوهَا അതിനാല്‍ (എന്നാല്‍) അതിനെ വിട്ടേക്കുവിന്‍ تَأْكُلْ അതു തിന്നുകൊള്ളട്ടെ, തിന്നുകൊള്ളും فِي أَرْضِ ഭൂമിയില്‍ اللَّـهِ അല്ലാഹുവിന്‍റെ وَلَا تَمَسُّوهَا നിങ്ങളതിനെ സ്പര്‍ശിക്കുക (ബാ ധിപ്പിക്കുക)യും ചെയ്യരുത് بِسُوءٍ ഒരു തിന്‍മകൊണ്ടും, തിന്‍മയെ فَيَأْخُذَكُمْ എന്നാല്‍ നിങ്ങളെ പിടികൂ ടും عَذَابٌ ശിക്ഷ قَرِيبٌ സമീപസ്ഥമായ.
11:65
  • فَعَقَرُوهَا فَقَالَ تَمَتَّعُوا۟ فِى دَارِكُمْ ثَلَـٰثَةَ أَيَّامٍ ۖ ذَٰلِكَ وَعْدٌ غَيْرُ مَكْذُوبٍ ﴾٦٥﴿
  • എന്നിട്ട്, അവര്‍ അതിനെ അറുകൊല ചെയ്തു. അപ്പോള്‍, അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ നിങ്ങളു ടെ പാര്‍പ്പിടത്തില്‍ മൂന്നു ദിവസം സുഖമെടുത്തുകൊള്ളുവിന്‍. [അപ്പോഴേക്കും ശിക്ഷ അനുഭവ പ്പെടും]
    അതു നിര്‍വ്യാജമായ ഒരു വാഗ്ദത്തമാകുന്നു.'
  • فَعَقَرُوهَا എന്നിട്ടു അവരതിനെ കുത്തി അറുത്തു, അറുകൊല ചെയ്തു فَقَالَ അപ്പോഴദ്ദേഹം പറ ഞ്ഞു تَمَتَّعُوا നിങ്ങള്‍ സുഖമെടുത്തു കൊള്ളുക فِي دَارِكُمْ നിങ്ങളുടെ പാര്‍പ്പിടത്തില്‍ (വസതിയില്‍) ثَلَاثَةَ أَيَّامٍ മൂന്നു ദിവസങ്ങള്‍ ذَٰلِكَ അതു وَعْدٌ ഒരു വാഗ്ദത്തമാണ് غَيْرُ مَكْذُوبٍ വ്യാജമായിരിക്കാത്ത (കള വാക്കപ്പെടാത്ത).

ഒട്ടകം അതിന്‍റെ തീറ്റയും കുടിയുമായി ഭൂമിയിലൂടെ നടന്നുകൊള്ളട്ടെ. നിങ്ങളതിനെ ഒരു വിധ ത്തിലും ഉപദ്രവിക്കരുത്. ഉപദ്രവിച്ചാല്‍ താമസിയാതെ തന്നെ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍നിന്ന് ശിക്ഷ അനുഭവപ്പെടും എന്നു സ്വാലിഹു (അ) അവരെ താക്കീതു ചെയ്തു. വെള്ളത്താവളത്തില്‍ ഒരു ദിവസം അവര്‍ക്കും ഒരു ദിവസം ഒട്ടകത്തിന്നുമാണെന്ന് ഊഴം നിശ്ചയിക്കപ്പെട്ടിരുന്നു. (26:155) അവര്‍ക്കത് സഹിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ അതിനെ കുത്തിക്കൊന്നു. എനി,നിങ്ങ ള്‍ക്കു മൂന്നുദിവസമേ സുഖമായി, ജീവിക്കുവാന്‍ കഴിയുകയുള്ളു. അതോടെ ശിക്ഷയും ബാധി ക്കും. അതില്‍ മാറ്റം വരുകയില്ലതന്നെ. എന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കി. സംഭവിച്ചതും അങ്ങിനെത്തന്നെ.

11:66
  • فَلَمَّا جَآءَ أَمْرُنَا نَجَّيْنَا صَـٰلِحًا وَٱلَّذِينَ ءَامَنُوا۟ مَعَهُۥ بِرَحْمَةٍ مِّنَّا وَمِنْ خِزْىِ يَوْمِئِذٍ ۗ إِنَّ رَبَّكَ هُوَ ٱلْقَوِىُّ ٱلْعَزِيزُ ﴾٦٦﴿
  • അങ്ങനെ, നമ്മുടെ കല്‍പന വന്നപ്പോള്‍, സ്വാലിഹിനെയും, അദ്ദേഹത്തോടൊപ്പം വിശ്വസിച്ച വരെയും നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യം കൊണ്ടു നാം രക്ഷപ്പെടുത്തി; അന്നേ ദിവസത്തെ അപമാനത്തില്‍നിന്നും (നാമവരെ രക്ഷപ്പെടുത്തി)
    നിശ്ചയമായും, നിന്‍റെ റബ്ബു തന്നെയാണു ശക്തനും, പ്രതാപശാലിയും ആയുള്ളവന്‍.
  • فَلَمَّا جَاءَ എന്നിട്ടു വന്നപ്പോള്‍ أَمْرُنَا നമ്മുടെ കല്‍പന نَجَّيْنَا നാം രക്ഷപ്പെടുത്തി صَالِحًا സ്വാലിഹി നെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും مَعَهُ അദ്ദേഹത്തോടൊപ്പം بِرَحْمَةٍ കാരുണ്യം കൊണ്ടു مِّنَّا നമ്മില്‍ നിന്നുള്ള, നമ്മുടെ വക وَمِنْ خِزْيِ അപമാനത്തില്‍ നിന്നും يَوْمِئِذٍ അന്നത്തെ, ആ ദിവസത്തിലെ إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബു هُوَ അവനത്രെ (അവന്‍ തന്നെ) الْقَوِيُّ ശക്തന്‍ الْعَزِيزُ പ്രതാപശാലി.
11:67
  • وَأَخَذَ ٱلَّذِينَ ظَلَمُوا۟ ٱلصَّيْحَةُ فَأَصْبَحُوا۟ فِى دِيَـٰرِهِمْ جَـٰثِمِينَ ﴾٦٧﴿
  • അക്രമം പ്രവര്‍ത്തിച്ചവരെ ഘോര ശബ്ദം പിടികൂടുകയും ചെയ്തു.
    അങ്ങനെ, അവര്‍ അവരുടെ പാര്‍പ്പിടങ്ങളില്‍ കമിഴ്ന്നു വീണവരായി [ചത്തൊടുങ്ങി].
  • وَأَخَذَ പിടികൂടുകയും ചെയ്തു الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ الصَّيْحَةُ ഘോര ശബ്ദം, അട്ടഹാസം فَأَصْبَحُوا അങ്ങനെ അവരായി فِي دِيَارِهِمْ അവരുടെ വസതി (പാര്‍പിടം - ഭവനം) കളില്‍ جَاثِمِينَ കമിഴ് ന്നു (മുട്ടുകുത്തി) വീണവര്‍.
11:68
  • كَأَن لَّمْ يَغْنَوْا۟ فِيهَآ ۗ أَلَآ إِنَّ ثَمُودَا۟ كَفَرُوا۟ رَبَّهُمْ ۗ أَلَا بُعْدًا لِّثَمُودَ ﴾٦٨﴿
  • (അതെ) അവിടത്തില്‍ അവര്‍ ഉണ്ടായിട്ടില്ലാത്തതു പോലെ! അല്ലാ! (അറിയുക:) നിശ്ചയമായും, ഥമൂദുഗോത്രം അവരുടെ റബ്ബിനോടു നന്ദികേടു ചെയ്തു. അല്ലാ! (അറിയുക:) ഥമൂദു ഗോത്രത്തിനു വിദൂരത! [കാരുണ്യത്തില്‍നിന്നും അവര്‍ വളരെ അകലം!]
  • كَأَن لَّمْ يَغْنَوْا അവര്‍ ധന്യമാകാത്ത (ഉണ്ടായിട്ടില്ലാത്തപോലെ) فِيهَا അവയില്‍ (അവിടത്തില്‍) أَلَا അല്ലാ, അറിയുക إِنَّ ثَمُودَ നിശ്ചയമായും ഥമൂദു كَفَرُوا നന്ദികേടു ചെയ്തു رَبَّهُمْ അവരുടെ റബ്ബിനോടു أَلَا അല്ലാ, അറിയുക بُعْدًا വിദൂരത لِّثَمُودَ ഥമൂദിനു.

ഈ സംഭവം അഅ്റാഫ്, ശുഅറാഉ്, ഖമര്‍ എന്നീ സൂറത്തുകളില്‍ വിശദമായി വിവരിച്ചിട്ടുള്ളതു കൊണ്ടു ഇവിടെ കൂടുതല്‍ വിവരിക്കുന്നില്ല. (സ്വാലിഹ് (അ) നബിയുടെ ഒട്ടകത്തിന്‍റെ വിശേഷത കളെപ്പറ്റി ചിലര്‍ നടത്തിയിട്ടുള്ള ദുര്‍വ്യാഖ്യാനങ്ങളെ സംബന്ധിച്ചുള്ള നിരൂപണം സൂ: ഖമറിന്‍റെ വ്യാഖ്യാനത്തില്‍ കാണാം.)

വിഭാഗം - 7

ഇബ്രാഹീം (അ) നബിയുടെയും, ലൂത്ത്വ് (അ) നബിയുടെയും കഥകളാണ് ഈ വിഭാഗത്തിലുള്ളത്. പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്ന ആ സംഭവങ്ങള്‍ താഴെ ഹിജ്൪, അങ്കബൂത്ത്, ദാരിയാത്ത് എന്നീ സൂറത്തുകളിലും വിവരിക്കപ്പെട്ടു കാണാം.

11:69
  • وَلَقَدْ جَآءَتْ رُسُلُنَآ إِبْرَٰهِيمَ بِٱلْبُشْرَىٰ قَالُوا۟ سَلَـٰمًا ۖ قَالَ سَلَـٰمٌ ۖ فَمَا لَبِثَ أَن جَآءَ بِعِجْلٍ حَنِيذٍ ﴾٦٩﴿
  • നമ്മുടെ ദൂതന്‍മാര്‍ സന്തോഷ വാര്‍ത്തയുമായി ഇബ്രാഹീമിന്‍റെ അടുക്കല്‍ വരുകയുണ്ടായി.
    അവര്‍ പറഞ്ഞു: 'സലാം!' [സമാധാനം ഭവിക്കട്ടെ] അദ്ദേഹം പറഞ്ഞു 'സലാം' എന്നിട്ട് അദ്ദേഹം ഒരു ചുട്ടുവേവിച്ച പശുക്കുട്ടിയുമായി വരുവാന്‍ താമസമുണ്ടായില്ല.
  • وَلَقَدْ جَاءَتْ വരുകയുണ്ടായി, വന്നിട്ടുണ്ടു رُسُلُنَا നമ്മുടെ ദൂതന്‍മാര്‍ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ അടു ക്കല്‍ بِالْبُشْرَىٰ സന്തോഷ വാര്‍ത്തയുമായി قَالُوا അവര്‍ പറഞ്ഞു سَلَامًا സലാം قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം فَمَا لَبِثَ എന്നിട്ടു അദ്ദേഹം താമസിച്ചില്ല أَن جَاءَ വരുവാന്‍ بِعِجْلٍ ഒരു പശു (മൂരി)ക്കുട്ടിയും കൊണ്ടു حَنِيذٍ ചുട്ടുവേവിക്കപ്പെട്ട.

ഈ ദൂതന്‍മാ൪ മലക്കുകളായിരുന്നു. ഇബ്രാഹീമിന്‍റെ അതിഥികള്‍ (ضَيْفِ إِبْرَاهِيمَ) എന്നാണ് സൂ: ദാരിയാത്തില്‍ ഇവരെ വിശേഷിപ്പിച്ചിരിക്കുന്നത്. അതിഥികളെപ്പോലെ മനുഷ്യരൂപത്തില്‍ വന്ന അവര്‍ ആരായിരുന്നുവെന്നു അദ്ദേഹം അറിഞ്ഞില്ല. സല്‍ക്കാരപ്രിയനായിരുന്ന അദ്ദേഹം അന്ന ത്തെ പതിവിനനുസരിച്ച് വിശിഷ്ടാഹാരമായി കരുതപ്പെട്ടിരുന്ന ഒരു പശുക്കുട്ടിയെ – അല്ലെങ്കില്‍ മൂരിക്കുട്ടനെ – അറുത്ത് കല്‍ചൂളയില്‍ വെച്ച് വേവിച്ചു തയ്യാറാക്കി. ഭക്ഷണം വിളമ്പിവെച്ച് അവ രെ ക്ഷണിച്ചു. സൂ: ദാരിയാത്തില്‍ ഈ രംഗം വിവരിച്ചിരിക്കുന്നത് ഇങ്ങിനെയാകുന്നു: ‘ഉടനെ അദ്ദേഹം തന്‍റെ വീട്ടുകാരുടെ അടുക്കല്‍ പതുക്കെച്ചെന്ന് ഒരു തടിച്ചു കൊഴുത്ത പശുക്കുട്ടിയെ കൊണ്ട് വന്ന് അവരുടെ അടുക്കല്‍ വെച്ചു. തിന്നുകയല്ലേ എന്ന് പറഞ്ഞു’. (ദാരിയാത്ത്: 26,27) അവരുടെ വരവിന്‍റെ ഉദ്ദേശ്യത്തെപ്പറ്റി താഴെ വിവരിക്കുന്നുണ്ട്.

11:70
  • فَلَمَّا رَءَآ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا۟ لَا تَخَفْ إِنَّآ أُرْسِلْنَآ إِلَىٰ قَوْمِ لُوطٍ ﴾٧٠﴿
  • എന്നിട്ട് അവരുടെ കൈകള്‍ അതിലേക്കു നീളുന്നില്ലെന്നു കണ്ടപ്പോള്‍, അദ്ദേഹം അവരെക്കു റിച്ചു ശങ്കിച്ചു; അവരെപ്പറ്റി അദ്ദേഹത്തിനു ഒരു ഭയം തോന്നുകയും ചെയ്തു. അവര്‍ പറഞ്ഞു:-'ഭയ പ്പെടേണ്ട; ഞങ്ങള്‍ ലൂത്ത്വിന്‍റെ ജനങ്ങളിലേക്കു അയക്കപ്പെട്ടിരിക്കുകയാണു.'
  • فَلَمَّا رَأَىٰ എന്നിട്ട് അദ്ദേഹം കണ്ടപ്പോള്‍ أَيْدِيَهُمْ അവരുടെ കൈകളെ لَا تَصِلُ ചേരാതെ (നീളാതെ) إِلَيْهِ അതിലേക്കു نَكِرَهُمْ അവരെക്കുറിച്ചു وَأَوْجَسَ അദ്ദേഹം ശങ്കിച്ചു (അപരിചിതത്വം തോന്നി) മറച്ചു വെക്കുകയും ചെയ്തു, അദ്ദേഹത്തിനു തോന്നുകയും ചെയ്തു مِنْهُمْ അവരെപ്പറ്റി خِيفَةً ഒരു ഭയം, പേടി قَالُوا അവര്‍ പറഞ്ഞു لَا تَخَفْ ഭയപ്പെടേണ്ട إِنَّا أُرْسِلْنَا ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു إِلَىٰ قَوْمِ ജനങ്ങളി ലേക്കു لُوطٍ ലൂത്ത്വിന്‍റെ.

അതിഥികള്‍ ഭക്ഷണത്തിലേക്ക് കൈനീട്ടുന്നില്ല. മലക്കുകള്‍ ഭക്ഷണം കഴിക്കാറില്ലല്ലോ. അതു കണ്ടപ്പോള്‍ അവരെപ്പറ്റി ഇബ്രാഹീം (അ) നബിക്ക് സംശയവും ഭയവുമായി. ഇത് മനസ്സിലാക്കിയ അതിഥികള്‍ തങ്ങളെ സ്വയം പരിചയപ്പെടുത്തി. തങ്ങള്‍ അല്ലാഹു അയച്ച ദൂതന്‍മാരാണ്; ലൂത്ത്വ് (അ) നബിയുടെ ജനതയെ നശിപ്പിക്കുവാന്‍വേണ്ടി അയക്കപ്പെട്ടവരാണ് എന്നറിയിച്ചു. ഇതായിരു ന്നു അവരുടെ വരവിന്‍റെ ഒരു ലക്ഷ്യം. മറ്റൊരു ലക്ഷ്യത്തെപ്പറ്റി തുടര്‍ന്നു പറയുന്നു:-

11:71
  • وَٱمْرَأَتُهُۥ قَآئِمَةٌ فَضَحِكَتْ فَبَشَّرْنَـٰهَا بِإِسْحَـٰقَ وَمِن وَرَآءِ إِسْحَـٰقَ يَعْقُوبَ ﴾٧١﴿
  • അദ്ദേഹത്തിന്‍റെ സ്ത്രീ (അടുത്ത്) നില്‍ക്കുന്നുണ്ടായിരുന്നു; അപ്പോള്‍ അവള്‍ ചിരിച്ചു. അപ്പോള്‍, നാം [അല്ലാഹു] ഇസ്ഹാഖിനെയും, ഇസ്ഹാഖിന്‍റെ പിന്നാലെ യഅ്ഖൂബിനെയും കുറിച്ച് അവര്‍ക്കു സന്തോഷവാര്‍ത്ത അറിയിച്ചു.
  • وَامْرَأَتُهُ അദ്ദേഹത്തിന്‍റെ സ്ത്രീ (ഭാര്യ) قَائِمَةٌ നില്‍ക്കുന്നവളായിരുന്നു (നില്‍ക്കുകയായിരുന്നു) فَضَحِكَتْ അപ്പോള്‍ (എന്നിട്ടു) അവള്‍ ചിരിച്ചു فَبَشَّرْنَاهَا അപ്പോള്‍ അവള്‍ക്കു നാം സന്തോഷമറിയിച്ചു بِإِسْحَاقَ ഇസ്ഹാഖിനെപ്പറ്റി وَمِن وَرَاءِ പിന്നാലെ إِسْحَاقَ ഇസ്ഹാഖിന്‍റെ يَعْقُوبَ യഅ്ഖൂബിനെ(യും).

ഭര്‍ത്താവിനും, അതിഥികള്‍ക്കും ഭക്ഷണം തയ്യാറാക്കിക്കൊടുത്തുകൊണ്ട് വീട്ടുകാരി – ഇബ്രാഹീം (അ)ന്‍റെ ഭാര്യ സാറഃ (അ) അടുത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങള ന്വേഷിക്കുവാനും വേണ്ടുന്ന ഒത്താശകള്‍ ചെയ്യുവാനും വേണ്ടിയായിരിക്കും അത്. ഇബ്രാഹീം (അ) നബിയുടെ സഹോദരപുത്രനാണ് ലൂത്ത്വ് നബി (അ). അദ്ദേഹത്തിന്‍റെ ജനത മുഴുവനും -താഴെ കാണാവുന്നതുപോലെ – പ്രകൃതിവിരുദ്ധമായ നീചവൃത്തിയിലും തോന്നിയവാസങ്ങളിലും അതി രുകവിഞ്ഞിരിക്കുകയാണ്. ലൂത്ത്വ് (അ) അവരെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നുതാനും. ആ ജനതയെ നശിപ്പിക്കുന്ന വിവരം അറിഞ്ഞതായ സന്തോഷം കൊണ്ടോ, അതിഥികള്‍ ആരാണെ ന്നറിഞ്ഞതിലുള്ള മനസ്സമാധാനം കൊണ്ടോ – അല്ലാഹുവിനറിയാം – സാറ ചിരിച്ചു. ഈ അവസര ത്തില്‍ മലക്കുകള്‍ തങ്ങളുടെ വരവിന്‍റെ മറ്റേ ഉദ്ദേശ്യം അറിയിച്ചു. അവര്‍ക്ക് ഒരു പുത്രന്‍ ഉണ്ടാകാ ന്‍ പോകുന്നുവെന്നും, പിന്നീടു ആ പുത്രന്‍ വഴി ഒരു പൌത്രനും ഉണ്ടാകുമെന്നുള്ള സന്തോഷവാ൪ ത്തയായിരുന്നു അത്. പുത്രന്‍ ഇസ്ഹാഖും, പൌത്രന്‍ യഅഖൂബും (അ) തന്നെ. സന്തോഷവാര്‍ത്ത അറിയിച്ചത് മലക്കുകള്‍ മുഖേനയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അതു അല്ലാഹുവിങ്കല്‍ നിന്നുള്ള താണല്ലോ. അതുകൊണ്ടാണു بَشَّرْنَا (നാം സന്തോഷമറിയിച്ചു) എന്ന് പറഞ്ഞത്. ഇതുവരെയും മക്ക ള്‍ ജനിച്ചിട്ടില്ലാത്ത താനും തന്‍റെ ഭര്‍ത്താവും വലിയ വൃദ്ധന്‍മാരായിരിക്കുന്ന അവസരത്തിലുള്ള ഈ വാര്‍ത്ത അവരെ അത്ഭുതപ്പെടുത്തി.

11:72
  • قَالَتْ يَـٰوَيْلَتَىٰٓ ءَأَلِدُ وَأَنَا۠ عَجُوزٌ وَهَـٰذَا بَعْلِى شَيْخًا ۖ إِنَّ هَـٰذَا لَشَىْءٌ عَجِيبٌ ﴾٧٢﴿
  • അവള്‍ പറഞ്ഞു: 'കഷ്ടം! [ആശ്ചര്യം തന്നെ!] ഞാന്‍ ഒരു കിഴവിയായിരിക്കെ ഞാന്‍ പ്രസവിക്കു കയോ - ഇതാ - എന്‍റെ ഭര്‍ത്താവു ഒരു വൃദ്ധനുമായിരിക്കെ?! നിശ്ചയമായും, ഇതൊരു അല്‍ഭുതക രമായ കാര്യം തന്നെ!'
  • قَالَتْ അവള്‍ പറഞ്ഞു يَا وَيْلَتَىٰ കഷ്ടമേ, നാശമേ (അത്ഭുതം) أَأَلِدُ ഞാന്‍ പ്രസവിക്കുകയോ وَأَنَا ഞാനാകട്ടെ, ഞാനായിരിക്കെ عَجُوزٌ ഒരു കിഴവി وَهَـٰذَا ഇതാ, ഇതു بَعْلِي എന്‍റെ വരന്‍, എന്‍റെ ഭര്‍ത്താ വും شَيْخًا വൃദ്ധനായിക്കൊണ്ടു إِنَّ هَـٰذَا നിശ്ചയമായും ഇതു لَشَيْءٌ ഒരു കാര്യം തന്നെ عَجِيبٌ അത്ഭുത (ആശ്ചര്യ)കരമായ.
11:73
  • قَالُوٓا۟ أَتَعْجَبِينَ مِنْ أَمْرِ ٱللَّهِ ۖ رَحْمَتُ ٱللَّهِ وَبَرَكَـٰتُهُۥ عَلَيْكُمْ أَهْلَ ٱلْبَيْتِ ۚ إِنَّهُۥ حَمِيدٌ مَّجِيدٌ ﴾٧٣﴿
  • അവര്‍ പറഞ്ഞു: 'അല്ലാഹുവിന്‍റെ കല്‍പനയെപ്പറ്റി നീ അല്‍ഭുതപ്പെടുന്നുവോ?! അല്ലാഹുവിന്‍റെ കാരുണ്യവും, അവന്‍റെ അനുഗ്രഹങ്ങളും നിങ്ങളിലുണ്ടാവട്ടെ, വീട്ടുകാരേ! നിശ്ചയമായും അവന്‍ സ്തുത്യാര്‍ഹനും മഹത്വമേറിയവനുമാകുന്നു.'
  • قَالُوا അവര്‍ പറഞ്ഞു أَتَعْجَبِينَ നീ അത്ഭുതപ്പെടുന്നുവോ مِنْ أَمْرِ اللَّـهِ അല്ലാഹുവിന്‍റെ കല്‍പനയെ (കാര്യത്തെ)പ്പറ്റി رَحْمَتُ اللَّـهِ അല്ലാഹുവിന്‍റെ കാരുണ്യം وَبَرَكَاتُهُ അവന്‍റെ അനുഗ്രഹങ്ങളും, ആശീര്‍ വാദങ്ങളും عَلَيْكُمْ നിങ്ങളുടെ മേല്‍ (ഉണ്ടാവട്ടെ - ഉണ്ടായിരിക്കും) أَهْلَ الْبَيْتِ വീട്ടുകാരെ إِنَّهُ നിശ്ചയ മായും അവന്‍ حَمِيدٌ സ്തുത്യാര്‍ഹനാണു مَّجِيدٌ മഹത്വമേറിയവനാണു.

يَا وَيْلَتَىٰ എന്ന വാക്കിന്നര്‍ത്ഥം ‘കഷ്ടമേ, നാശമേ’ എന്നൊക്കെയാണെങ്കിലും സന്തോഷ സൂചകമായ ഇത്തരം സന്ദര്‍ഭങ്ങളില്‍ ‘വലിയ അത്ഭുതം തന്നെ’ എന്നേ അതുകൊണ്ടുദ്ദേശിക്കപ്പെടാറുള്ളു. സ്ത്രീ കളുടെ സംസാരത്തിലാണു ഈ പ്രയോഗം അധികം കാണപ്പെടാറുള്ളതും. (كما في ابن كثير و غيره) സൂറ: ദാരിയാത്തില്‍ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ (ഉറക്കെ) ഒരു ശബ്ദത്തോടുകൂടി മുന്നോട്ടു വന്നു മുഖത്തടിച്ചുകൊണ്ടു (ഞാന്‍) ‘വന്ധ്യയായ ഒരു കിഴവി’ എന്നു പറഞ്ഞു. (ദാരിയാത്ത്: 29) ആ സമയത്തു ഇബ്രാഹീം (അ) നബിക്കു നൂറും, സാറാക്കു തൊണ്ണൂറും വയസ്സായിരുന്നുവെന്നു പറയപ്പെടുന്നു. الله اعلم .

11:74
  • فَلَمَّا ذَهَبَ عَنْ إِبْرَٰهِيمَ ٱلرَّوْعُ وَجَآءَتْهُ ٱلْبُشْرَىٰ يُجَـٰدِلُنَا فِى قَوْمِ لُوطٍ ﴾٧٤﴿
  • എന്നിട്ട്, ഇബ്രാഹീമില്‍നിന്ന് നടുക്കം (നീങ്ങി) പോകുകയും, അദ്ദേഹത്തിന്നു സന്തോഷവാ൪ ത്ത വരുകയും ചെയ്തപ്പോള്‍ അദ്ദേഹം (അതാ) ലൂത്ത്വിന്‍റെ ജനങ്ങളുടെ കാര്യത്തില്‍ നമ്മോടു ത൪ക്കിക്കുന്നു!
  • فَلَمَّا ذَهَبَ എന്നിട്ടുപോയപ്പോള്‍ عَنْ إِبْرَاهِيمَ ഇബ്രാഹീമിനെ വിട്ടു الرَّوْعُ നടുക്കം, പേടി, പരിഭ്രമം وَجَاءَتْهُ അദ്ദേഹത്തിനുവരുകയും الْبُشْرَىٰ സന്തോഷവാര്‍ത്ത يُجَادِلُنَا നമ്മോടദ്ദേഹം തര്‍ക്കിക്കുന്നു فِي قَوْمِ ജനങ്ങളുടെ കാര്യത്തില്‍, ജനതയെപ്പറ്റി لُوطٍ ലൂത്ത്വിന്‍റെ.
11:75
  • إِنَّ إِبْرَٰهِيمَ لَحَلِيمٌ أَوَّٰهٌ مُّنِيبٌ ﴾٧٥﴿
  • നിശ്ചയമായും, ഇബ്രാഹീം സഹനശീലനും, വളരെ (മനസ്സു) മടക്കമുള്ളവനും, വിനയ മനസ്കനും തന്നെയാകുന്നു.
  • إِنَّ إِبْرَاهِيمَ നിശ്ചയമായും ഇബ്രാഹീം لَحَلِيمٌ സഹനശീലന്‍ തന്നെ أَوَّاهٌ വളരെ മടക്കമുള്ളവനാണു مُّنِيبٌ വിനയം കാണിക്കുന്നവനാണു.
11:76
  • يَـٰٓإِبْرَٰهِيمُ أَعْرِضْ عَنْ هَـٰذَآ ۖ إِنَّهُۥ قَدْ جَآءَ أَمْرُ رَبِّكَ ۖ وَإِنَّهُمْ ءَاتِيهِمْ عَذَابٌ غَيْرُ مَرْدُودٍ ﴾٧٦﴿
  • (അവര്‍ പറഞ്ഞു:) 'ഇബ്രാഹീമേ, ഇതില്‍ [ഈ തര്‍ക്കത്തില്‍] നിന്നു തിരിഞ്ഞു കളയുക. നിശ്ചയ മായും കാര്യം: തന്‍റെ റബ്ബിന്‍റെ കല്‍പന (ഇതാ) വന്നു കഴിഞ്ഞു. നിശ്ചയമായും അവര്‍ [ആ ജനങ്ങ ള്‍] അപ്രതിരോധ്യമായ ഒരു (വമ്പിച്ച) ശിക്ഷ അവര്‍ക്കു വരുന്നതുമാകുന്നു.
  • يَا إِبْرَاهِيمُ ഇബ്രാഹീമേ أَعْرِضْ തിരിഞ്ഞുകളയുക, അവഗണിക്കുക عَنْ هَـٰذَا ഇതിനെപ്പറ്റി, ഇതി ല്‍നിന്നു إِنَّهُ നിശ്ചയമായും അതു (കാര്യം) قَدْ جَاءَ വന്നു കഴിഞ്ഞു أَمْرُ رَبِّكَ നിന്‍റെ റബ്ബിന്‍റെ കല്‍പന, കാര്യം وَإِنَّهُمْ നിശ്ചയമായും അവര്‍ آتِيهِمْ അവര്‍ക്കു വരുന്നതാകുന്നു عَذَابٌ ശിക്ഷ غَيْرُ مَرْدُودٍതടുക്കാവതല്ലാത്ത.

സാരം: മലക്കുകള്‍ തങ്ങളെ പരിചയപ്പെടുത്തുകയും, തങ്ങളുടെ വരവിന്‍റെ ഉദ്ദേശ്യം വിവരിക്കുക യും ചെയ്തതോടെ ഇബ്രാഹീം (അ) ന്‍റെ ശങ്കയും പേടിയും നീങ്ങി. മക്കളുണ്ടാവാന്‍ പോകുന്ന സ ന്തോഷവാര്‍ത്തയും ലഭിച്ചു. അങ്ങനെ മനസ്സന്തോഷം വന്നപ്പോള്‍ അദ്ദേഹം ലൂത്ത്വ് (അ) നബിയു ടെ ജനങ്ങളുടെ കാര്യത്തില്‍ ചില തര്‍ക്കങ്ങള്‍ നടത്തുവാന്‍ തുടങ്ങി. അദ്ദേഹം ഒരു അവിവേകി യോ, അല്ലാഹുവിന്‍റെ കല്‍പനയെ ചോദ്യം ചെയ്യുന്ന ആളോ ആയതുകൊണ്ടല്ല അത്. അദ്ദേഹം വളരെ സഹനവും, ഭക്തിവിനയവുമൊക്കെയുള്ള ആള്‍ തന്നെയാകുന്നു. മലക്കുകള്‍ അദ്ദേഹ ത്തോടു പറഞ്ഞു: ആ ജനങ്ങളെപ്പറ്റി തര്‍ക്കിച്ചിട്ടു കാര്യമില്ല; അവരെ ശിക്ഷിക്കുന്ന കാര്യം തീര്‍ച്ച പ്പെട്ടു കഴിഞ്ഞതാണു; അവരതിനു അര്‍ഹരുമാണ്; ആ ശിക്ഷ ഒരിക്കലും ഒഴിവാക്കപ്പെടുകയുമില്ല. അതുകൊണ്ടു അവരെപ്പറ്റിയുള്ള വാഗ്വാദമങ്ങു വിട്ടേക്കുക.

മലക്കുകള്‍ അല്ലാഹുവിന്‍റെ ദൂതന്‍മാരും, അവന്‍റെ കല്‍പന നടപ്പിലാക്കുവാന്‍ വന്നവരുമായ സ്ഥി തിക്കു അവരോടു നടത്തുന്ന വിവാദം അല്ലാഹുവിനോടു നടത്തുന്നതിനു തുല്യമായതുകൊണ്ടാണ് ‘നമ്മോടു തര്‍ക്കിക്കുന്നു’ (يُجَادِلُنَا) എന്നു പറഞ്ഞിരിക്കുന്നത്. ഈ വിവാദത്തെപ്പറ്റി തര്‍ക്കമെന്നു പറഞ്ഞുവെങ്കിലും അതു സാധാരണ ഗതിയിലുള്ള ഒരു തര്‍ക്കമായിരുന്നില്ല. ലൂത്ത്വ് (അ) ന്‍റെ ജനതയെ നശിപ്പിക്കുന്ന ശിക്ഷയെപ്പറ്റി കേട്ടപ്പോള്‍, അദ്ദേഹം മൗനം അവലംബിക്കുകയുണ്ടായില്ല. ലൂത്ത്വ് (അ) നബിയെയും, ആ ജനതയിലുണ്ടാകാവുന്ന സത്യവിശ്വാസികളെയും സംബന്ധിച്ചു അദ്ദേഹത്തിനു മനസ്സില്‍ അലിവു തോന്നി. അന്വേഷണാര്‍ത്ഥം അദ്ദേഹം അവരോട് ചില ചോദ്യ ങ്ങള്‍ നടത്തി. ഇതിനെപ്പറ്റിയാണ് തര്‍ക്കം എന്നു പറഞ്ഞിരിക്കുന്നത്.

സൂറത്തുല്‍ അങ്കബൂത്തില്‍ പറയുന്നു: وَلَمَّا جَاءَتْ رُسُلُنَا إِبْرَاهِيمَ – الايتين (സാരം: സന്തോഷവാര്‍ത്തയു മായി ഇബ്രാഹീമിന്‍റെ അടുക്കല്‍ നമ്മുടെ ദൂതന്മാര്‍ വന്നപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങള്‍ ഈ രാജ്യക്കാരെ – ലൂത്ത്വ് (അ) ന്‍റെ ജനതയെ – നശിപ്പിക്കുവാന്‍ പോകുന്നവരാണ്. കാരണം, അവര്‍ അക്രമികളായിരിക്കുന്നു. അപ്പോള്‍ ഇബ്രാഹീം പറഞ്ഞു: അതില്‍ ലൂത്ത്വ് ഉണ്ടല്ലോ. അവര്‍ പറ ഞ്ഞു: അവിടെ ഉള്ളവരെപ്പറ്റി ഞങ്ങള്‍ നല്ലവണ്ണം അറിയുന്നതാണ്. അദ്ദേഹത്തെ – ലൂത്ത്വ് (അ) നെ-യും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള ആള്‍ക്കാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്. ആ സ്ത്രീ ശിക്ഷയില്‍ അകപ്പെടുന്നവളാണ്. (അങ്കബൂത്ത്: 31,32). ഈ തര്‍ക്കത്തിന്‍റെ വിശദീകരണമെ ന്നോണം വന്നിട്ടുള്ള ഒന്നിലധികം രിവായത്തുകള്‍ കാണാം. വിശദാംശങ്ങളില്‍ വ്യത്യാസം കാ ണുമെങ്കിലും അവയുടെ ആകെ സാരം ഇതാണ്: ആ രാജ്യം നശിപ്പിക്കുവാന്‍ പോകുന്നുവെന്നു മലക്കുകള്‍ പറഞ്ഞപ്പോള്‍, ഇബ്രാഹീം (അ) അവരോടു: അതില്‍ നൂറുക്കണക്കില്‍ സത്യവിശ്വാസി കള്‍ ഉണ്ടെങ്കിലോ? എന്നു ചോദിച്ചു. എന്നാല്‍ അവരെ നശിപ്പിക്കുകയില്ലെന്നു അവര്‍ മറുപടി പറ ഞ്ഞു: പത്തുക്കണക്കിലോ? എന്നും ചോദിച്ചു. അപ്പോഴും ഇല്ലെന്നു പറഞ്ഞു…. അവസാനം ഇബ്രാ ഹീം (അ) ചോദിച്ചു: എന്നാല്‍, അതില്‍ ലൂത്ത്വ് ഉണ്ടല്ലോ? അപ്പോഴാണു മലക്കുകള്‍ പറഞ്ഞത്: ‘അവി ടെ ഉള്ളവരെപ്പറ്റി ഞങ്ങള്‍ക്കറിയാം. ലൂത്ത്വിനെയും, അദ്ദേഹത്തിന്‍റെ ഭാര്യ ഒഴിച്ചുള്ള ആള്‍ക്കാരെയും ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്.’ ഈ സംഭവത്തെയും, ഇബ്രാഹീം (അ)നബിയു ടെ അടുക്കല്‍ മലക്കുകള്‍ ചെന്നതിനെയും മറ്റും സംബന്ധിച്ചു ബൈബിളില്‍ (ഉല്‍പത്തി:അ:18 ല്‍) ഒരു നീണ്ട വിവരണം കാണാം. അതില്‍ പറഞ്ഞതു ചിലതൊക്കെ സ്വീകാര്യമാണെങ്കിലും മലക്കുകള്‍ ഭക്ഷണം കഴിച്ചുവെന്നു പറഞ്ഞതു സ്വീകരിക്കുവാന്‍ സാധ്യമല്ല. ചിലതു രണ്ടും തീ൪ ത്തു പറയുവാനും നിവൃത്തിയില്ല.

ഇബ്രാഹീം (അ) സ്വദേശമായ ഇറാഖില്‍നിന്നു ഹിജ്ര പോരുമ്പോള്‍ സഹോദര പുത്രനായ ലൂത്ത്വും (അ) ഒന്നിച്ചുണ്ടായിരുന്നു. നേരത്തെത്തന്നെ സത്യവിശ്വാസം സ്വീകരിച്ച ആളായിരുന്നു അദ്ദേ ഹം. അവര്‍ ഫലസ്തീനില്‍ വന്നശേഷം ലൂത്ത്വ് (അ) സദൂം – ഗുമരിയാ പ്രദേശങ്ങളില്‍ താമസമുറപ്പി ച്ചു. അവിടെയുള്ളവരില്‍ അദ്ദേഹം റസൂലായി നിയോഗിക്കപ്പെടുകയും ചെയ്തു.