ഖസ്വസ്വ് (കഥാകഥനം)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 88 – വിഭാഗം (റുകുഅ്) 9

(52 മുതല്‍ 55 വരെ ആയത്തുകള്‍ മദീനായില്‍ അവതരിച്ചതാണെന്നും 85-ആം വചനം മദീനായിലേ ക്കുള്ള ഹിജ്ര മദ്ധ്യേ ജുഹ്ഫയില്‍ അവതരിച്ചതാണെന്നും മുഖാത്തില്‍ (റ) പ്രസ്താവിച്ചിരിക്കുന്നു)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

28:1
  • طسٓمٓ ﴾١﴿
  • 'ത്വാ -സീന്‍ - മീം' (*)
  • طسٓمٓ 'ത്വാ - സീന്‍ - മീം'
28:2
  • تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
  • ഇവ സ്പഷ്ടമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു
  • تِلْكَ ഇവ, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ലക്ഷ്യങ്ങളാണ് الْمُبِينِ സ്പഷ്ടമായ, വ്യക്തമായ
28:3
  • نَتْلُوا۟ عَلَيْكَ مِن نَّبَإِ مُوسَىٰ وَفِرْعَوْنَ بِٱلْحَقِّ لِقَوْمٍ يُؤْمِنُونَ ﴾٣﴿
  • വിശ്വസിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി, മൂസായുടെയും, ഫിര്‍ഔന്‍റെയും വൃത്താന്തത്തില്‍നിന്നു (ചിലത്) യഥാര്‍ത്ഥ നിലയില്‍ നിനക്ക് നാം ഓതിത്തരുന്നു.
  • نَتْلُو നാം ഓതിത്തരുന്നു عَلَيْكَ നിനക്കു مِن نَّبَإِ مُوسَىٰ മൂസായുടെ വൃത്താന്തത്തില്‍ നിന്നു وَفِرْعَوْنَ ഫിര്‍ഔന്‍റെയും بِالْحَقِّ യഥാര്‍ത്ഥനിലയില്‍, മുറപ്രകാരം لِقَوْمٍ ഒരു ജനതക്കുവേണ്ടി يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നു

(*). ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്.

28:4
  • إِنَّ فِرْعَوْنَ عَلَا فِى ٱلْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَآئِفَةً مِّنْهُمْ يُذَبِّحُ أَبْنَآءَهُمْ وَيَسْتَحْىِۦ نِسَآءَهُمْ ۚ إِنَّهُۥ كَانَ مِنَ ٱلْمُفْسِدِينَ ﴾٤﴿
  • നിശ്ചയമായും, ഫിര്‍ഔന്‍ നാട്ടില്‍ പൊങ്ങച്ചം കാണിച്ചു. അതിലെ ആളുകളെ അവന്‍ (പല) കക്ഷികളാക്കുകയും ചെയ്തു. അവരില്‍ ഒരു വിഭാഗത്തെ - അവരുടെ ആണ്‍കുട്ടികളെ അറുകൊല നടത്തുകയും, അവരുടെ പെണ്ണുങ്ങളെ [പെണ്‍കുട്ടികളെ] ജീവിക്കുവാന്‍ വിടുകയും ചെയ്തുകൊണ്ട് അവന്‍ ബലഹീനമാക്കിയിരുന്നു. നിശ്ചയമായും, അവന്‍ കുഴപ്പമുണ്ടാക്കുന്നവരില്‍ പെട്ടവനായിരുന്നു.
  • إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ عَلَا പൊങ്ങച്ചം കാണിച്ചു, ഔന്നത്യംകാണിച്ചു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَجَعَلَ അവന്‍ ആക്കുകയും ചെയ്തു أَهْلَهَا അതിലെ ആളുകളെ شِيَعًا പല കക്ഷികള്‍ يَسْتَضْعِفُ അവന്‍ ബലഹീനമാക്കിയിരുന്നു, അവശരാക്കിയിരുന്നു, ദുര്‍ബ്ബലമാക്കിയിരുന്നു طَائِفَةً مِّنْهُمْ അവരില്‍നിന്നൊരു വിഭാഗത്തെ يُذَبِّحُ അറുകൊല ചെയ്തുകൊണ്ടു أَبْنَاءَهُمْ അവരുടെ ആണ്‍മക്കളെ وَيَسْتَحْيِي ജീവിക്കാന്‍ വിടുകയും (ബാക്കിയാക്കുകയും) ചെയ്തിരുന്നു نِسَاءَهُمْ അവരുടെ പെണ്ണുങ്ങളെ إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു مِنَ الْمُفْسِدِينَ കുഴപ്പക്കാരില്‍, നാശമുണ്ടാക്കുന്ന വരില്‍ (പെട്ടവന്‍)

ഉപദേശം കേട്ടു ഗ്രഹിക്കുവാനും, ദൃഷ്ടാന്തങ്ങള്‍ ചിന്തിച്ചു പാഠം പഠിക്കുവാനും മുന്നോട്ടു വരുന്നതു വിശ്വാസികളായ ആളുകളായിരിക്കുന്നതുകൊണ്ടാണ് ‘വിശ്വസിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ഓതിത്തരുന്നു’ എന്നു പറഞ്ഞത്. വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവര്‍ക്ക് അതുകൊണ്ട് പ്രയോജനമുണ്ടാകുകയില്ലല്ലോ.

പ്രജാധിപത്യത്തിന്‍റെയും, ജനാധിപത്യത്തിന്‍റെയും യുഗമെന്നു ഘോഷിക്കപ്പെടുന്ന ഇക്കാലത്തു പോലും സ്വജനപക്ഷപാതവും സാധുമര്‍ദ്ധനവും നടമാടുന്നതു സാധാരണമാണല്ലോ. എന്നിരിക്കെ, സ്വേച്ഛാധിപതിയായ ഫിര്‍ഔന്‍റെ ഏകാധിപത്യ ഭരണത്തെപ്പറ്റി പറയേണ്ടതുണ്ടോ?! ഈജിപ്തിലെ പൂര്‍വ്വനിവാസികളായ ഖിബ്ത്തി (കൊപ്ത്തി)കള്‍ ഭരണകക്ഷിയായ ഉന്നതവര്‍ഗ്ഗ മെന്നും, യൂസുഫ് (അ) നബിയുടെ കാലം മുതല്‍ അവിടെ കുടിയേറിപ്പാര്‍ത്തുവന്ന ഇസ്രാഈല്യര്‍ കേവലം അടിമകളായ അധമവര്‍ഗ്ഗമെന്നും വിഭജിക്കപ്പെട്ടിരുന്നു. ഇസ്രാഈല്യര്‍ കാലാന്തരത്തില്‍ തങ്ങളുടെ പൂര്‍വ്വപിതാക്കളായ യഅ്ഖൂബ് (അ) നബിയുടെയും, യൂസുഫ് (അ) നബിയുടെയും മാര്‍ഗ്ഗത്തില്‍ നിന്ന് വളരെ അധികം വ്യതിചലിച്ചുപോയിട്ടുണ്ടെങ്കിലും ഖിബ്ത്തി കളില്‍ നിന്നും ഏറെക്കുറെ വ്യത്യസ്തമായ മതാചാരങ്ങളും സംസ്കാരപാരമ്പര്യവുമായിരുന്നു അവര്‍ക്കുള്ളത്. വര്‍ഗ്ഗവിവേചനത്തിന് ഇതും കാരണമായിരുന്നു. അങ്ങനെ, ഇസ്രാഈല്യര്‍ വെറും മൃഗതുല്യരായി ഗണിക്കപ്പെടുകയും, അനേകം അക്രമമര്‍ദ്ദനങ്ങള്‍ക്കു അവര്‍ വിധേയരാവുകയും ചെയ്തു. അതേസമയത്ത് ഇസ്രാഈല്യരുടെ സംഖ്യാ വര്‍ദ്ധനവ് ഖിബ്ത്തികളില്‍ അസൂയയും ഭയവും ഉളവാക്കി. ഭാവിയില്‍ തങ്ങളുടെ ഭരണം തന്നെ നഷ്ടപ്പെടുവാന്‍ അത് കാരണമായേക്കുമോ എന്നായി. ഒടുക്കം ഇസ്രാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം അറുകൊല ചെയ്യാന്‍ ഫിര്‍ഔന്‍ കല്‍പിച്ചു.

ബൈബ്ള്‍ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: ‘യോസേഫും സഹോദരന്‍മാരെല്ലാവരും ആ തലമുറ ഒക്കെയും മരിച്ചു. യിസ്രായേല്‍ മക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു. അനന്തരം യോസേഫിനെ അറിയാത്ത പുതിയൊരു രാജാവ് മിസ്രയീമില്‍ ഉണ്ടായി. അവന്‍ തന്‍റെ ജനത്തോട്: യിസ്രായേല്‍ജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവര്‍ പെരുകിട്ട് ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോട് ചേര്‍ന്ന് നമ്മോട് പൊരുതി ഈ രാജ്യം വിട്ടുപോയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന്ന് നാം അവരോട് ബുദ്ധിയായി പെരുമാറുക. അങ്ങനെ, കഠിനവേലകളാല്‍ അവരെ പീഡിപ്പിക്കേണ്ടതിന്ന്‍ അവരുടെമേല്‍ ഊഴിയവിചാരകന്മാരെ ആക്കി…. എന്നാല്‍ അവര്‍ പീഡിപ്പിക്കുംതോറും ജനം പെരുകിവര്‍ദ്ധിച്ചു.. സൂതികര്‍മ്മിണികളോടു എബ്രായ സ്ത്രീകളുടെ അടുക്കല്‍ നിങ്ങള്‍ സൂതികര്‍മ്മത്തിനു ചെന്നു പ്രസവശയ്യയില്‍ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കില്‍ നിങ്ങള്‍ അതിനെ കൊല്ലേണം. പെണ്ണാകുന്നു എങ്കില്‍ ജീവനോടിരി ക്കട്ടെ എന്നു കല്‍പിച്ചു…’ (പുറപ്പാടു, അദ്ധ്യായം 1)

എന്നാല്‍ അല്ലാഹുവിന്‍റെ ഉദ്ദേശ്യം നേരെ മറിച്ചായിരുന്നു:-

28:5
  • وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ ﴾٥﴿
  • നാട്ടില്‍ ബലഹീനരായി ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാമും ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുകയും ചെയ്‌വാനും (ഉദ്ദേശിക്കുന്നു);
  • وَنُرِيدُ നാം ഉദ്ദേശിക്കുകയും ചെയ്യുന്നു أَن نَّمُنَّ നാം ദാക്ഷിണ്യം (ഉപകാരം, നന്‍മ) ചെയ്‌വാന്‍ عَلَى الَّذِينَ യാതൊരു കൂട്ടര്‍ക്ക് اسْتُضْعِفُوا അവര്‍ ബലഹീനമാക്കപ്പെട്ടു, അവശരാക്കപ്പെട്ടു فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَنَجْعَلَهُمْ അവരെ ആക്കുവാനും أَئِمَّةً മുമ്പന്‍മാര്‍, നേതാക്കള്‍ وَنَجْعَلَهُمُ അവരെ ആക്കുവാനും الْوَارِثِينَ അനന്തരാവകാശികള്‍
28:6
  • وَنُمَكِّنَ لَهُمْ فِى ٱلْأَرْضِ وَنُرِىَ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا مِنْهُم مَّا كَانُوا۟ يَحْذَرُونَ ﴾٦﴿
  • നാട്ടില്‍ അവര്‍ക്കു സ്വാധീനം നല്‍കുകയും, ഫിര്‍ഔന്നും, ഹാമാന്നും അവരുടെ സൈന്യങ്ങള്‍ക്കും തങ്ങള്‍ അവരില്‍നിന്ന് ഏതൊന്നിനെക്കുറിച്ച് ജാഗരൂകരായിരുന്നുവോ ആ കാര്യം (അനുഭവത്തില്‍) കാണിച്ചുകൊടുക്കുകയും ചെയ്‌വാനും (നാം ഉദ്ദേശിക്കുന്നു).
  • وَنُمَكِّنَ നാം സ്വാധീനം (സൗകര്യം, സ്ഥാനം) നല്‍കുവാനും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَنُرِيَ നാം കാട്ടിക്കൊടുക്കുവാനും فِرْعَوْنَ ഫിര്‍ഔന്നു وَهَامَانَ ഹാമാന്നും وَجُنُودَهُمَا അവര്‍ രണ്ടാളുടെയും സൈന്യങ്ങള്‍ക്കും مِنْهُم അവരില്‍നിന്ന് مَّا യാതൊന്ന് (ഒരു കാര്യം) كَانُوا يَحْذَرُونَ അവര്‍ ജാഗരൂകരായിരുന്ന, ഭയന്നിരുന്ന, ജാഗ്രതയായിരുന്ന

അല്ലാഹു ലോകത്തു നടത്താറുള്ള ഒരു പൊതുനടപടിക്രമമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. അതായത്, അക്രമവും, ധികാരവും അതിരുകവിഞ്ഞ ജനതയെ നശിപ്പിച്ച് മര്‍ദ്ദിതരും പാവപ്പെട്ടവരുമായി കഴിയുന്ന ജനതക്ക് പ്രതാപവും സ്വാധീനവും നല്‍കുക. ഇതിനു ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഫിര്‍ഔന്‍റെ മന്ത്രിയായിരുന്നു ഹാമാന്‍.

28:7
  • وَأَوْحَيْنَآ إِلَىٰٓ أُمِّ مُوسَىٰٓ أَنْ أَرْضِعِيهِ ۖ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِى ٱلْيَمِّ وَلَا تَخَافِى وَلَا تَحْزَنِىٓ ۖ إِنَّا رَآدُّوهُ إِلَيْكِ وَجَاعِلُوهُ مِنَ ٱلْمُرْسَلِينَ ﴾٧﴿
  • മൂസായുടെ മാതാവിന് നാം ബോധനം നല്‍കി: 'അവന് മുലകൊടുത്തുകൊള്ളുക; എന്നിട്ട് അവനെക്കുറിച്ചു നിനക്ക് പേടിയുണ്ടായാല്‍ അവനെ നദിയില്‍ ഇട്ടേക്കുക. നീ പേടിക്കുകയും വേണ്ടാ, വ്യസനിക്കുകയും വേണ്ടാ! നിശ്ചയമായും, നാം അവനെ നിന്‍റെ അടുക്കലേക്കു തിരിച്ചു കൊണ്ടു വരുന്നതും, അവനെ 'മുര്‍സലു'കളില്‍ (ദൈവദൂതന്‍മാരില്‍) പെട്ടവനാക്കുന്നതുമാകുന്നു.'
  • وَأَوْحَيْنَا നാം ബോധനം (സ്വകാര്യസന്ദേശം) നല്‍കി إِلَىٰ أُمِّ مُوسَىٰ മൂസായുടെ മാതാവിനു أَنْ أَرْضِعِيهِ നീ അവന് മുലകൊടുക്കുക എന്ന് فَإِذَا خِفْتِ എന്നിട്ടു നീ പേടിച്ചാല്‍ عَلَيْهِ അവനെക്കുറിച്ചു فَأَلْقِيهِ അപ്പോള്‍ നീ അവനെ ഇടുക فِي الْيَمِّ നദിയില്‍, ജലാശയത്തില്‍, സമുദ്രത്തില്‍ وَلَا تَخَافِي നീ ഭയപ്പെടരുത് وَلَا تَحْزَنِي നീ വ്യസനിക്കയും അരുത് إِنَّا നിശ്ചയമായും നാം رَادُّوهُ അവനെ മടക്കിക്കൊണ്ടു വരുന്നവരാണ് (തിരിച്ചുതരുന്നതാണ്) إِلَيْكِ നിനക്ക്, നിന്നിലേക്ക്‌ وَجَاعِلُوهُ അവനെ ആക്കുന്നവരുമാണ് مِنَ الْمُرْسَلِينَ മുര്‍സലുകളില്‍ പെട്ട (വന്‍)

ഇസ്രാഈല്യരുടെ ആണ്‍കുട്ടികളെ കണ്ടമാനം കൊന്നൊടുക്കിയിരുന്ന കാലത്താണ് മൂസാ (അ) നബിയുടെ ജനനം. മാതാവിനു തന്‍റെ കുഞ്ഞിനെപ്പറ്റി കഠിന ഭയമുണ്ടായിരിക്കുമെന്നു പറയേണ്ടതില്ല. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു മേല്‍കണ്ടപ്രകാരം തോന്നിപ്പിച്ചുകൊണ്ട്‌ അവര്‍ക്കു മനസ്സമാധാനം നല്‍കുന്നത്. അവര്‍ കുട്ടിയെ ഒരു പെട്ടിയിലാക്കി നൈല്‍ നദിയിലിട്ടു.

28:8
  • فَٱلْتَقَطَهُۥٓ ءَالُ فِرْعَوْنَ لِيَكُونَ لَهُمْ عَدُوًّا وَحَزَنًا ۗ إِنَّ فِرْعَوْنَ وَهَـٰمَـٰنَ وَجُنُودَهُمَا كَانُوا۟ خَـٰطِـِٔينَ ﴾٨﴿
  • എന്നിട്ട്, തങ്ങള്‍ക്ക് ശത്രുവും, വ്യസനകരവും ആയിത്തീരുവാന്‍വേണ്ടി, ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ അവനെ (നദിയില്‍നിന്ന്) കണ്ടെടുത്തു. നിശ്ചയമായും, ഫിര്‍ഔനും, ഹാമാനും, അവരുടെ സൈന്യങ്ങളും അബദ്ധം പിണഞ്ഞവരായിരുന്നു.
  • فَالْتَقَطَهُ എന്നിട്ട് അവനെ കണ്ടെടുത്തു آلُ فِرْعَوْنَ ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ لِيَكُونَ അവന്‍ ആയിരിക്കുവാന്‍ لَهُمْ അവര്‍ക്ക് عَدُوًّا ശത്രു وَحَزَنًا വ്യസനവും, ദുഃഖവും إِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔന്‍ وَهَامَانَ ഹാമാനും وَجُنُودَهُمَا അവരുടെ സൈന്യങ്ങളും كَانُوا അവരായിരുന്നു خَاطِئِينَ പിഴച്ചവര്‍, അബദ്ധം പിണഞ്ഞവര്‍

അവരും അവരുടെ സര്‍വസ്വവും നശിക്കുവാനും, അവരെ തീരാദുഃഖത്തിലാഴ്ത്തുവാനും കാരണഭൂതനായി കലാശിക്കുന്ന ആ കുഞ്ഞിനെ അവരുടെ കൈക്കു തന്നെ അല്ലാഹു രക്ഷപ്പെടുത്തി. നൈല്‍നദിയിലൂടെ ഒഴുകിപ്പോകുകയായിരുന്ന ആ കുട്ടിയെ എടുത്തു രക്ഷപ്പെടുത്തുകവഴി അവര്‍ തങ്ങള്‍ക്കു തന്നെ വമ്പിച്ച ആപത്തു വലിച്ചിടുകയാണ് ചെയ്തത്. ആ കുട്ടി ഇസ്രാഈല്യരില്‍ പെട്ടവനായിരിക്കാമെന്നും, അവനെ കൊലപ്പെടുത്തണമെന്നും ഫിര്‍ഔന്‍ ഉത്തരവിടാതിരുന്നില്ല. പക്ഷേ, അല്ലാഹു ഉദ്ദേശിച്ചത് ഫിര്‍ഔന്‍റെ ലാളനയില്‍ തന്നെ കുട്ടി വളരണമെന്നായിരുന്നു.

28:9
  • وَقَالَتِ ٱمْرَأَتُ فِرْعَوْنَ قُرَّتُ عَيْنٍ لِّى وَلَكَ ۖ لَا تَقْتُلُوهُ عَسَىٰٓ أَن يَنفَعَنَآ أَوْ نَتَّخِذَهُۥ وَلَدًا وَهُمْ لَا يَشْعُرُونَ ﴾٩﴿
  • ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: (ഈ കുട്ടി) എനിക്കും, അങ്ങേക്കും ഒരു കണ്‍കുളിര്‍മ്മയായിരിക്കും. ഇവനെ നിങ്ങള്‍ കൊലപ്പെടുത്തരുത്; 'ഇവന്‍ നമുക്ക് ഉപകരിച്ചേക്കാം, അല്ലെങ്കില്‍ നമുക്കിവനെ ഒരു സന്താനമായി സ്വീകരിക്കാം.' അവരാകട്ടെ, (യാഥാര്‍ത്ഥ്യം) അറിഞ്ഞിരുന്നില്ല.
  • وَقَالَتِ പറഞ്ഞു امْرَأَتُ فِرْعَوْنَ ഫിര്‍ഔന്‍റെ സ്ത്രീ (ഭാര്യ) قُرَّتُ عَيْنٍ കണ്‍കുളിര്‍മ്മയാണ്‌ (മനസ്സന്തോഷമാണ്) لِّي എനിക്ക് وَلَكَ അങ്ങേക്കും, നിനക്കും لَا تَقْتُلُوهُ നിങ്ങളവനെ കൊലപ്പെടുത്തരുത് عَسَىٰ أَن يَنفَعَنَا അവന്‍ നമുക്ക് ഉപകരിച്ചേക്കാം, പ്രയോജനം ചെയ്തേക്കാം أَوْ نَتَّخِذَهُ അല്ലെങ്കില്‍ നമുക്കവനെ ആക്കാം, സ്വീകരിക്കാം وَلَدًا സന്താനമായി, കുട്ടിയായി وَهُمْ അവരാകട്ടെ لَا يَشْعُرُونَ അറിഞ്ഞിരുന്നില്ല

കുട്ടിയെ കണ്ടപ്പോള്‍ ഫിര്‍ഔന്‍റെ ഭാര്യക്ക് അലിവും ആവേശവും തോന്നി. തങ്ങള്‍ക്ക് അവനെ ലാളിച്ചും ഓമനിച്ചും കൊണ്ടിരിക്കാം. ഒരു പോറ്റുകുട്ടിയായി വളര്‍ത്താം. അവന്‍ മുഖാന്തരം ഭാവിയില്‍ വല്ല ഗുണവും കിട്ടിയേക്കാം, ഏതായാലും അവനെ വധിച്ചുകൂടാ എന്നൊക്കെയായിരുന്നു രാജ്ഞിയുടെ പക്ഷം. അങ്ങനെ മൂസാ (അ) വധത്തില്‍നിന്നു രക്ഷപ്പെട്ടു. സംഭവിക്കുവാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് അവര്‍ക്കാര്‍ക്കും അറിഞ്ഞുകൂടല്ലോ!

28:10
  • وَأَصْبَحَ فُؤَادُ أُمِّ مُوسَىٰ فَـٰرِغًا ۖ إِن كَادَتْ لَتُبْدِى بِهِۦ لَوْلَآ أَن رَّبَطْنَا عَلَىٰ قَلْبِهَا لِتَكُونَ مِنَ ٱلْمُؤْمِنِينَ ﴾١٠﴿
  • മൂസായുടെ മാതാവിന്‍റെ ഹൃദയം (അസ്വാസ്ഥ്യം നിമിത്തം) ശൂന്യമായിത്തീര്‍ന്നു. അവളുടെ മനസ്സിന് നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍, നിശ്ചയമായും അവള്‍ അതു [ആ രഹസ്യം] വെളിപ്പെടുത്തിയേക്കുമായിരുന്നു! അവള്‍ വിശ്വസിക്കുന്നവരില്‍പെട്ടവളാകുവാന്‍ വേണ്ടിയത്രെ (നാം അങ്ങിനെ ചെയ്തത്).
  • وَأَصْبَحَ ആയിത്തീര്‍ന്നു فُؤَادُ أُمِّ مُوسَىٰ മൂസായുടെ മാതാവിന്‍റെ ഹൃദയം فَارِغًا ഒഴിഞ്ഞതു, ശൂന്യമായതു إِن كَادَتْ നിശ്ചയമായും അവള്‍ ആയേക്കുമായിരുന്നു لَتُبْدِي بِهِ അതു വെളിപ്പെടുത്തുക തന്നെ لَوْلَا أَن رَّبَطْنَا നാം ദാര്‍ഢ്യം നല്‍കിയിട്ടില്ലായിരുന്നുവെങ്കില്‍ عَلَىٰ قَلْبِهَا അവളുടെ മനസ്സിന് لِتَكُونَ അവള്‍ ആകുവാന്‍ വേണ്ടി مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍പെട്ട(വള്‍)
28:11
  • وَقَالَتْ لِأُخْتِهِۦ قُصِّيهِ ۖ فَبَصُرَتْ بِهِۦ عَن جُنُبٍ وَهُمْ لَا يَشْعُرُونَ ﴾١١﴿
  • അവള്‍ അവന്‍റെ [മൂസായുടെ] സഹോദരിയോട്‌ : 'നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക' എന്നു പറഞ്ഞു. എന്നിട്ട്, അവള്‍ അവനെപ്പറ്റി അകലെനിന്ന് കണ്ടു മനസ്സിലാക്കി; അവരാകട്ടെ അറിഞ്ഞിരുന്നതുമില്ല.
  • وَقَالَتْ അവള്‍ പറഞ്ഞു لِأُخْتِهِ അവന്‍റെ സഹോദരിയോടു قُصِّيهِ നീ അവനു പിന്നാലെ ചെന്നന്വേഷിക്കുക, فَبَصُرَتْ എന്നിട്ടവള്‍ കണ്ടറിഞ്ഞു بِهِ അവനെപ്പറ്റി عَن جُنُبٍ അകലെനിന്ന്, ദൂരത്തായിക്കൊണ്ട് وَهُمْ അവര്‍ لَا يَشْعُرُونَ അറിഞ്ഞിരുന്നതുമില്ല
28:12
  • وَحَرَّمْنَا عَلَيْهِ ٱلْمَرَاضِعَ مِن قَبْلُ فَقَالَتْ هَلْ أَدُلُّكُمْ عَلَىٰٓ أَهْلِ بَيْتٍ يَكْفُلُونَهُۥ لَكُمْ وَهُمْ لَهُۥ نَـٰصِحُونَ ﴾١٢﴿
  • (സഹോദരി വരുന്നതിനു) മുമ്പ് മുലകൊടുക്കുന്ന സ്ത്രീകളെ നാം അവനു നിരോധിക്കുകയും ചെയ്തു. അപ്പോള്‍, അവള്‍ പറഞ്ഞു: 'നിങ്ങള്‍ക്കുവേണ്ടി ഇവനെ ഏറ്റെടുക്കുന്ന ഒരു വീട്ടുകാരെ ക്കുറിച്ച് നിങ്ങള്‍ക്ക് ഞാന്‍ അറിവു തരട്ടെയോ? അവര്‍ ഇവന് ഗുണകാംക്ഷികളായിരിക്കുന്നതുമാണ്.'
  • وَحَرَّمْنَا നാം നിരോധിക്കയും (മുടക്കം ചെയ്കയും) ചെയ്തു عَلَيْهِ അവന്ന്, അവന്‍റെ മേല്‍ الْمَرَاضِعَ മുലകൊടുക്കുന്ന സ്ത്രീകളെ مِن قَبْلُ മുമ്പ് فَقَالَتْ അപ്പോള്‍ അവള്‍ പറഞ്ഞു هَلْ أَدُلُّكُمْ നിങ്ങള്‍ക്കു ഞാന്‍ അറിയിച്ചുതരട്ടെയോ عَلَىٰ أَهْلِ بَيْتٍ ഒരു വീട്ടുകാരെക്കുറിച്ച് يَكْفُلُونَهُ അവനെ ഏറ്റെടുക്കുന്ന لَكُمْ നിങ്ങള്‍ക്കുവേണ്ടി وَهُمْ അവരാകട്ടെ لَهُ അവനു نَاصِحُونَ ഗുണകാംക്ഷികളുമായിരിക്കും

കുട്ടിയെ നദിയിലിട്ടതുമുതല്‍ മാതാവിനു എത്രമാത്രം അസ്വാസ്ഥ്യം ഉണ്ടാകുമെന്നു പറയേണ്ടതില്ല. ഫിര്‍ഔന്‍റെ ആള്‍ക്കാര്‍ കുട്ടിയെ കണ്ടെടുത്തിട്ടുണ്ടെന്നുകൂടി അറിയുമ്പോള്‍ അത് കൂടുതല്‍ വര്‍ദ്ധിക്കുകയും ചെയ്യുമല്ലോ. അങ്ങനെ, കുഞ്ഞിനെ സംബന്ധിച്ച ഏക വിചാരമല്ലാതെ മറ്റൊന്നും ആ ഹൃദയത്തില്‍ പ്രവേശിക്കാതായി. അല്ലാഹു അവരുടെ ഹൃദയത്തിനു ദൃഢതയും ശക്തിയും നല്‍കിയിരുന്നില്ലെങ്കില്‍ അവരില്‍നിന്നു രഹസ്യം പുറത്തായേക്കുമായിരുന്നു. പക്ഷേ, അല്ലാഹു കാത്തുസൂക്ഷിച്ചു. അവന്‍ അവര്‍ക്കു നല്‍കിയിരുന്ന വാഗ്ദാനം സത്യമാണെന്നു അനന്തര സംഭവങ്ങള്‍ തെളിയിക്കുകയും ചെയ്തു.

കുട്ടിയുടെ സ്ഥിതിയെപ്പറ്റി ഗൂഢമായി അന്വേഷിക്കുവാന്‍ മൂസാ (അ) നബിയുടെ മൂത്ത സഹോദരിയെ മാതാവ് ഏര്‍പ്പാട് ചെയ്തിരുന്നു. കുട്ടി രാജകൊട്ടാരത്തിലെത്തിയ വിവരം അവള്‍ക്കറിയാന്‍ കഴിഞ്ഞു. മാത്രമല്ല, കുട്ടി ആരുടെയും മുലകുടിക്കുവാന്‍ കൂട്ടാക്കാതെ കൊട്ടാരവാസികള്‍ വിഷമിക്കുന്നതായി കാണുകയും, ആ സന്ദര്‍ഭം സാമര്‍ത്ഥ്യപൂര്‍വ്വം അവള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. ആ കൊട്ടാരക്കുഞ്ഞിനെ ഏറ്റുവാങ്ങി വേണ്ടത്ര പരിഗണനയോടു കൂടി വളര്‍ത്തുവാന്‍ പറ്റിയ ഒരുവീട്ടുകാര്‍ തന്‍റെ പാട്ടിലുണ്ടെന്നു ഉണര്‍ത്തിച്ചു. ഈ നിര്‍ദ്ദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. ഇതോടുകൂടി കുട്ടിയെ മാതാവിനു തിരിച്ചുകിട്ടുക മാത്രമല്ല സംഭവിക്കുന്നതു. കൊട്ടാരത്തില്‍നിന്നുള്ള പല ആനുകൂല്യങ്ങളും, നല്ല വേതനവും മാതാവിനു ലഭിക്കുകകൂടി ചെയ്യുമല്ലോ.

28:13
  • فَرَدَدْنَـٰهُ إِلَىٰٓ أُمِّهِۦ كَىْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ ٱللَّهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾١٣﴿
  • അങ്ങനെ, അവന്‍റെ മാതാവിന്‍റെ കണ്‍കുളിര്‍ക്കുകയും, അവള്‍ വ്യസനിക്കാതിരിക്കുകയും ചെയ്യാന്‍ വേണ്ടിയും, അല്ലാഹുവിന്‍റെ വാഗ്ദാനം യഥാര്‍ത്ഥം തന്നെയാണെന്ന് അവള്‍ അറിയേണ്ട തിനായും അവനെ നാം അവള്‍ക്ക് തിരി ച്ചുകൊടുത്തു. എങ്കിലും, അവരില്‍ അധികമാളുകളും അറിയുമായിരുന്നില്ല.
  • فَرَدَدْنَاهُ അങ്ങനെ അവനെ നാം മടക്കി, തിരിച്ചുകൊടുത്തു إِلَىٰ أُمِّهِ അവന്‍റെ മാതാവിലേക്കു, كَيْ تَقَرَّ കുളിര്‍ക്കുവാന്‍വേണ്ടി عَيْنُهَا അവളുടെ കണ്ണ് وَلَا تَحْزَنَ അവള്‍ വ്യസനിക്കാതിരിക്കുവാനും وَلِتَعْلَمَ അവള്‍ അറിയുവാനും أَنَّ وَعْدَ اللَّـهِ അല്ലാഹുവിന്‍റെ വാഗ്ദാനമാണെന്ന് حَقٌّ യഥാര്‍ത്ഥം, സത്യം وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരിലധികമാളുകളും لَا يَعْلَمُونَ അറിഞ്ഞിരുന്നില്ല

സഹോദരിയുടെ നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടതനുസരിച്ച് കുട്ടിയെ മാതാവിനു തന്നെ തിരിച്ചു കിട്ടുവാന്‍ അവസരമുണ്ടാകുകയും, അങ്ങനെ, അല്ലാഹു അവരോടു ചെയ്ത വാഗ്ദാനം യഥാര്‍ത്ഥ മായിത്തീരുകയും ചെയ്തു. സൃഷ്ടികള്‍ അറിയുകയോ അനുമാനിക്കുകയോ ചെയ്യാത്ത മാര്‍ഗ്ഗങ്ങ ളില്‍കൂടി അല്ലാഹു ഉദ്ദേശിച്ച കാര്യങ്ങള്‍ അവന്‍ നടപ്പിലാക്കുന്നു. അവ നടപ്പില്‍ വന്നു കാണു മ്പോഴേ മനുഷ്യനു അവ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു.

വിഭാഗം - 2

28:14
  • وَلَمَّا بَلَغَ أَشُدَّهُۥ وَٱسْتَوَىٰٓ ءَاتَيْنَـٰهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾١٤﴿
  • അദ്ദേഹം [മൂസാ] തന്‍റെ ശക്തി പ്രാപിക്കുകയും, പാകതയെത്തുകയും ചെയ്തപ്പോള്‍ നാം അദ്ദേഹത്തിന് വിജ്ഞാനവും (അഥവാ വിധികര്‍തൃത്വവും) അറിവും നല്‍കി. അപ്രകാരമാണ് സല്‍ഗുണവാന്‍മാര്‍ക്കു നാം പ്രതിഫലം കൊടുക്കുന്നത്.
  • وَلَمَّا بَلَغَ അദ്ദേഹം എത്തിയപ്പോള്‍, പ്രാപിച്ചപ്പോള്‍ أَشُدَّهُ തന്‍റെ ശക്തിയില്‍, (യൗവനദശയില്‍) وَاسْتَوَىٰ ശരിയായ നിലക്കെത്തുകയും, പാകത വരുകയും آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا വിധി, വിജ്ഞാനം وَعِلْمًا അറിവും وَكَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ നന്‍മ ചെയ്യുന്നവര്‍ക്കു, സല്‍ഗുണവാന്‍മാര്‍ക്കു

ഒരാളുടെ ശാരീരികമായ ശക്തിയും വളര്‍ച്ചയും പൂര്‍ത്തിയാകുമ്പോള്‍ – അഥവാ യൗവനപ്രായ ത്തിങ്കലെത്തുമ്പോള്‍ بَلَغَ أَشُدَّهُ (അവന്‍ തന്‍റെ ശക്തി പ്രാപിച്ചു) എന്നും, ബുദ്ധിക്ക് പക്വതയും, പാകതയും വരുമ്പോള്‍ اسْتَوَىٰ (ശരിയായ നിലയിലെത്തി) എന്നും പറയുന്നു. പരിതസ്ഥിതികള്‍ക്കനുസരിച്ച് രണ്ടിനും വയസ്സ് വ്യത്യാസപ്പെട്ടേക്കാം. بَلَغَ أَشُدَّهُ എന്ന് പറയപ്പെടുക 18നും 30നും ഇടയ്ക്കാണെന്നു ചിലരും 30നും 40നും ഇടയ്ക്കാണെന്നു ചിലരും പ്രസ്താവിച്ചു കാണാം. حُكْم (ഹുക്മു) എന്ന വാക്കിന് വിജ്ഞാനം, വിധി, വിധികര്‍തൃത്വം, വിധിക്കുവാനുള്ള അധികാരം എന്നൊക്കെ അര്‍ത്ഥം വരാം. മൂസാ (അ) നബിക്കു പ്രവാചകത്വം ലഭിക്കുന്നതു എനിയും കുറെ കഴിഞ്ഞ ശേഷമാണെന്ന് താഴെ വചനങ്ങളില്‍ നിന്നും മറ്റും മനസ്സിലാക്കാം. എന്നിരിക്കെ, പ്രവാചകനെന്ന നിലക്കുള്ള അറിവും, വിധികര്‍തൃത്വവും ആയിരിക്കുകയില്ല ഇവിടെ ഉദ്ദേശ്യം എന്നാണ് കരുതേണ്ടത്. ഭാവിയില്‍ ലഭിക്കുവാനിരിക്കുന്ന പ്രവാചകത്വമാണിവിടെ ഉദ്ദേശ്യമെന്നും ചിലര്‍ പ്രസ്താവിച്ചിട്ടുണ്ട്. الله اعلم. പ്രവാചകത്വം ലഭിക്കുന്നതിനു മുമ്പുണ്ടായ ഒരു സംഭവമാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്.

28:15
  • وَدَخَلَ ٱلْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِۦ وَهَـٰذَا مِنْ عَدُوِّهِۦ ۖ فَٱسْتَغَـٰثَهُ ٱلَّذِى مِن شِيعَتِهِۦ عَلَى ٱلَّذِى مِنْ عَدُوِّهِۦ فَوَكَزَهُۥ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ ٱلشَّيْطَـٰنِ ۖ إِنَّهُۥ عَدُوٌّ مُّضِلٌّ مُّبِينٌ ﴾١٥﴿
  • പട്ടണവാസികളുടെ ഒരശ്രദ്ധയുടെ നേരത്തു അദ്ദേഹം അതില്‍ [പട്ടണത്തില്‍] പ്രവേശിച്ചു; അപ്പോള്‍, അവിടെ രണ്ടു പുരുഷന്‍മാര്‍ ശണ്ഠ കൂടുന്നതായി അദ്ദേഹം കണ്ടെത്തി: ഇയാള്‍ [രണ്ടിലൊരുവന്‍] തന്‍റെ കക്ഷിയില്‍ പെട്ടവനും, ഇയാള്‍ [മറ്റേവന്‍] തന്‍റെ ശത്രുക്കളില്‍പെട്ടവനുമാണ്. അങ്ങനെ, തന്‍റെ കക്ഷിയില്‍പെട്ടവന്‍, ശത്രുക്കളില്‍ പെട്ടവന്നെതിരില്‍ അദ്ദേഹത്തോട് സഹായം തേടി. അപ്പോള്‍, മൂസാ അവനെ (മുഷ്ടിചുരുട്ടി) ഇടിച്ചു, അങ്ങനെ, അവന്‍റെ പണിതീര്‍ത്തു [കഥ കഴിച്ചു]! അദ്ദേഹം പറഞ്ഞു: 'ഇത് പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍പെട്ടതാണ്; നിശ്ചയമായും, അവന്‍ വഴി പിഴപ്പിക്കുന്ന പ്രത്യക്ഷ ശത്രുവാകുന്നു!'
  • وَدَخَلَ അദ്ദേഹം പ്രവേശിച്ചു الْمَدِينَةَ പട്ടണത്തില്‍ عَلَىٰ حِينِ غَفْلَةٍ ഒരു അശ്രദ്ധയുടെ നേരത്തു, അശ്രദ്ധാവേളയില്‍ مِّنْ أَهْلِهَا അതിലെ ആള്‍ക്കാരില്‍ (നിവാസികളില്‍) നിന്നുള്ള فَوَجَدَ അപ്പോള്‍ അദ്ദേഹം കണ്ടെത്തി فِيهَا അതില്‍ رَجُلَيْنِ രണ്ടു പുരുഷന്‍മാരെ يَقْتَتِلَانِ ശണ്ഠ കൂടുന്നതായി هَـٰذَا ഇവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍ പെട്ടവനാണ് وَهَـٰذَا ഇവന്‍ (മറ്റേവന്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍ പെട്ടവനുമാണ് فَاسْتَغَاثَهُ അപ്പോള്‍ അദ്ദേഹത്തോടു സഹായം തേടി الَّذِي യാതൊരുവന്‍ مِن شِيعَتِهِ തന്‍റെ കക്ഷിയില്‍പെട്ട عَلَى الَّذِي യാതൊരുവന്‍റെമേല്‍ (എതിരില്‍) مِنْ عَدُوِّهِ തന്‍റെ ശത്രുക്കളില്‍പ്പെട്ട فَوَكَزَهُ അപ്പോള്‍ അവനെ ഇടിച്ചു مُوسَىٰ മൂസാ فَقَضَىٰ عَلَيْهِ അങ്ങനെ അദ്ദേഹം അവന്‍റെ കഥ കഴിച്ചു, അവന്‍റെ പണിതീര്‍ത്തു قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു مِنْ عَمَلِ الشَّيْطَانِ പിശാചിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പെട്ടതാണ് إِنَّهُ നിശ്ചയമായും അവന്‍ عَدُوٌّ ശത്രുവാണ് مُّضِلٌّ വഴിപിഴപ്പിക്കുന്ന مُّبِينٌ വ്യക്തമായ, പ്രത്യക്ഷമായ

ഇസ്രാഈല്യരുടെ വാസസ്ഥലം പട്ടണത്തില്‍ നിന്നു അല്‍പം അകലെയായിരുന്നു മൂസാ നബി (അ) ഒരിക്കല്‍ പട്ടണത്തില്‍ വന്നപ്പോഴാണ് യാദൃച്ഛികമായി ആ സംഭവമുണ്ടായത്. പട്ടണവാസികളുടെ ശ്രദ്ധ തിരിയാന്‍ ഇടയാകാത്ത ഒരവസരമായിരുന്നു അത്. ഉച്ചസമയത്തെ ഉഷ്ണാവസ്ഥയാണതിനു കാരണമെന്നും, അതല്ല സന്ധ്യാസമയത്തെ ഇരുട്ടാണെന്നും പറയപ്പെടുന്നു. ഇസ്രാഈല്‍ക്കാരനെ ക്കൊണ്ടു ഖിബ്ത്തി വര്‍ഗ്ഗക്കാരന്‍ കഠിനജോലി ചെയ്യിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ശണ്ഠ ഉത്ഭവിച്ചതെന്നും ചിലര്‍ പറഞ്ഞുകാണുന്നു. അല്ലാഹുവിനറിയാം. ഏതായാലും ഇസ്രാഈല്‍ക്കാരന്‍റെ സഹായാര്‍ത്ഥനയനുസരിച്ച് ആരോഗ്യഗാത്രനായ മൂസാ (അ) ഖിബ്ത്തിയെ ശക്തിയായൊന്നുകൊടുത്തു. അതിലവന്‍റെ കഥ കഴിഞ്ഞുപോയി. അവിചാരിതമായിട്ടാണെ ങ്കിലും, അവിവേകമായിത്തീര്‍ന്ന ആ കൃത്യത്തെപ്പറ്റി അദ്ദേഹം വളരെ ഖേദിച്ചു.

28:16
  • قَالَ رَبِّ إِنِّى ظَلَمْتُ نَفْسِى فَٱغْفِرْ لِى فَغَفَرَ لَهُۥٓ ۚ إِنَّهُۥ هُوَ ٱلْغَفُورُ ٱلرَّحِيمُ ﴾١٦﴿
  • അദ്ദേഹം പറഞ്ഞു: 'റബ്ബേ! ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ടു എനിക്കു പൊറുത്തു തരേണമേ!' ആകയാല്‍, അവന്‍ [റബ്ബ്] അദ്ദേഹത്തിന് പൊറുത്തുകൊടുത്തു. നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനും, കരുണാനിധിയുമത്രെ.
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ ظَلَمْتُ ഞാന്‍ അക്രമം (അനീതി) ചെയ്തിരിക്കുന്നു نَفْسِي എന്നോട്, എന്‍റെ ആത്മാവിനോട് فَاغْفِرْ لِي അതുകൊണ്ട് എനിക്ക് പൊറുത്തുതരേണമേ فَغَفَرَ അപ്പോള്‍ അവന്‍ പൊറുത്തു لَهُ അദ്ദേഹത്തിനു إِنَّهُ നിശ്ചയമായും അവന്‍ هُوَ الْغَفُورُ അവന്‍ വളരെ പൊറുക്കുന്നവനത്രെ الرَّحِيمُ കരുണാനിധിയായ
28:17
  • قَالَ رَبِّ بِمَآ أَنْعَمْتَ عَلَىَّ فَلَنْ أَكُونَ ظَهِيرًا لِّلْمُجْرِمِينَ ﴾١٧﴿
  • അദ്ദേഹം പറഞ്ഞു: 'റബ്ബേ! നീ എന്‍റെമേല്‍ അനുഗ്രഹം ചെയ്തുതന്നിട്ടുള്ളതുകൊണ്ട് എനി ഞാന്‍ കുറ്റവാളികള്‍ക്ക് പിന്‍തുണ നല്‍കുന്നവനായിരിക്കുന്നതേയല്ല.'
  • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ بِمَا أَنْعَمْتَ നീ അനുഗ്രഹം ചെയ്തിരിക്കക്കൊണ്ടു عَلَيَّ എന്‍റെമേല്‍, എനിക്കു فَلَنْ أَكُونَ എനി ഞാന്‍ ആയിരിക്കുകയേ ഇല്ല ظَهِيرًا പിന്‍തുണ നല്‍കുന്നവന്‍, സഹായി لِّلْمُجْرِمِينَ കുറ്റവാളികള്‍ക്ക്, പാപികള്‍ക്ക്

അദ്ദേഹം ഖേദിച്ചുമടങ്ങുകയും, പാപമോചനം തേടുകയും ചെയ്തു. മേലില്‍ ഇത്തരം അബദ്ധത്തില്‍ കുടുങ്ങുകയില്ലെന്ന് ദൃഢനിശ്ചയവും ചെയ്തു. ഏതായാലും, സംഭവം വെളിക്കുവന്നാല്‍ വമ്പിച്ച പ്രത്യാഘാതമുണ്ടാകും. കൊല്ലപ്പെട്ടവന്‍ ഭരണകക്ഷിയില്‍ പെട്ടവനും കൊലചെയ്തവന്‍ ഇസ്രാഈലിയുമാണല്ലോ.

28:18
  • فَأَصْبَحَ فِى ٱلْمَدِينَةِ خَآئِفًا يَتَرَقَّبُ فَإِذَا ٱلَّذِى ٱسْتَنصَرَهُۥ بِٱلْأَمْسِ يَسْتَصْرِخُهُۥ ۚ قَالَ لَهُۥ مُوسَىٰٓ إِنَّكَ لَغَوِىٌّ مُّبِينٌ ﴾١٨﴿
  • അങ്ങനെ, അദ്ദേഹം പട്ടണത്തില്‍ പേടിച്ച് (ഭവിഷ്യത്തിനെപ്പറ്റി) വീക്ഷിച്ചും കൊണ്ടിരിക്കുകയായി. അപ്പോഴതാ, തലേദിവസം സഹായമര്‍ത്ഥിച്ചവന്‍ (പിറ്റേദിവസം വീണ്ടും) അദ്ദേഹത്തോടു (സഹായത്തിനു) നിലവിളികൂട്ടുന്നു, മൂസാ അവനോടു പറഞ്ഞു: 'നിശ്ചയമായും നീ ഒരു പ്രത്യക്ഷ ദുര്‍മാര്‍ഗ്ഗിതന്നെയാണ്.'
  • فَأَصْبَحَ അങ്ങനെ അദ്ദേഹം ആയി فِي الْمَدِينَةِ പട്ടണത്തില്‍ خَائِفًا പേടിച്ചവന്‍ يَتَرَقَّبُ പ്രതീക്ഷിച്ചു (വീക്ഷിച്ചു - കാത്തു) കൊണ്ട് فَإِذَا അപ്പോഴതാ الَّذِي اسْتَنصَرَهُ തന്നോടു സഹായത്തിനര്‍ത്ഥിച്ചവന്‍ بِالْأَمْسِ ഇന്നലെ, തലേദിവസം يَسْتَصْرِخُهُ അദ്ദേഹത്തോടു നിലവിളികൂട്ടുന്നു, സഹായത്തിനു വിളിക്കുന്നു قَالَ لَهُ അവനോടു പറഞ്ഞു مُوسَىٰ മൂസാ إِنَّكَ നിശ്ചയമായും നീ لَغَوِيٌّ ഒരു ദുര്‍മാര്‍ഗ്ഗി തന്നെ, തോന്നിയവാസിതന്നെ مُّبِينٌ സ്പഷ്ടമായ, പ്രത്യക്ഷമായ

28:19
  • فَلَمَّآ أَنْ أَرَادَ أَن يَبْطِشَ بِٱلَّذِى هُوَ عَدُوٌّ لَّهُمَا قَالَ يَـٰمُوسَىٰٓ أَتُرِيدُ أَن تَقْتُلَنِى كَمَا قَتَلْتَ نَفْسًۢا بِٱلْأَمْسِ ۖ إِن تُرِيدُ إِلَّآ أَن تَكُونَ جَبَّارًا فِى ٱلْأَرْضِ وَمَا تُرِيدُ أَن تَكُونَ مِنَ ٱلْمُصْلِحِينَ ﴾١٩﴿
  • എന്നിട്ട്, അദ്ദേഹം അവര്‍ രണ്ടാളുടെയും ശത്രുവായുള്ളവനില്‍ കയ്യൂക്കു നടത്തുവാന്‍ ഉദ്ദേശിച്ചപ്പോള്‍, - അവന്‍ പറഞ്ഞു: 'മൂസാ! താന്‍ ഇന്നലെ ഒരാളെ കൊന്നതുപോലെ (ഇന്ന്) എന്നെ കൊല്ലുവാന്‍ ഉദ്ദേശിക്കുകയാണോ?! നീ നാട്ടില്‍ ഒരു സ്വേച്ഛാധികാരിയായിത്തീരുവാനല്ലാതെ ഉദ്ദേശിക്കുന്നില്ല; നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തിലായിത്തീരുവാന്‍ നീ ഉദ്ദേശിക്കുന്നില്ലതാനും.
  • فَلَمَّا أَنْ أَرَادَ എന്നിട്ടദ്ദേഹം ഉദ്ദേശിച്ചപ്പോള്‍ أَن يَبْطِشَ കയ്യൂക്ക് (കൈബലം) നടത്തുവാന്‍, പിടികൂടുവാന്‍ بِالَّذِي യതൊരുവനില്‍ هُوَ عَدُوٌّ അവന്‍ ശത്രുവാണ് لَّهُمَا അവര്‍ക്കു രണ്ടാള്‍ക്കും قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ أَتُرِيدُ നീ ഉദ്ദേശിക്കുന്നുവോ أَن تَقْتُلَنِي എന്നെ കൊല്ലുവാന്‍ كَمَا قَتَلْتَ നീ കൊന്നതുപോലെ نَفْسًا ഒരാളെ, ആത്മാവിനെ بِالْأَمْسِ ഇന്നലെ إِن تُرِيدُ നീ ഉദ്ദേശിക്കുന്നില്ല إِلَّا أَن تَكُونَ നീ ആകുവാനല്ലാതെ جَبَّارًا ഒരു സ്വേച്ഛാധികാരി (ധിക്കാരി) فِي الْأَرْضِ ഭൂമിയില്‍ (നാട്ടില്‍) وَمَا تُرِيدُ നീ ഉദ്ദേശിക്കുന്നുമില്ല أَن تَكُونَ നീ ആകുവാന്‍ مِنَ الْمُصْلِحِينَ നന്‍മയുണ്ടാക്കുന്നവരുടെ കൂട്ടത്തില്‍

ഇന്നലത്തെ സംഭവം തന്‍റെ പക്കല്‍ കൈതെറ്റു വന്നുപോയതാണെങ്കിലും, അതൊരു കൊലപാത കമാണല്ലോ. എന്തൊക്കെയാണ് അതുമൂലം നേരിടാനിരിക്കുന്നതെന്നറിയാതെ അദ്ദേഹം ഭയത്തിലും, ആശങ്കയിലും കഴിയുകയാണ്. ഈ അവസരത്തിലാണ് വീണ്ടും അതേ മാതിരി വേറൊരു ഘട്ടവും തന്നെ അഭിമുഖീകരിക്കുന്നത്. തലേ ദിവസം സഹായത്തിനപേക്ഷിച്ചവന്‍ ഇന്നും അതാ വിളിച്ചു നിലവിളിക്കുന്നു! ഇന്ന് അവനും മറ്റൊരു ഖിബ്ത്തിയും കൂടി ശണ്ഠകൂടുകയാണ്. രണ്ടാളുടെയും ശത്രുവെന്നു പറഞ്ഞതു ഖിബ്ത്തിയെ ഉദ്ദേശിച്ചാകുന്നു. ഇന്നലെ ഒരു കൊലപാതകത്തിലേക്ക് തന്നെ എത്തിക്കുകയും, അതേമാതിരി ഒരു രംഗം ഇന്നും ആവര്‍ത്തിക്കുകയും ചെയ്തതു കൊണ്ടാണ് മൂസാ (അ) അവനോടു ‘നീ ഒരു ദുര്‍മാര്‍ഗ്ഗിതന്നെയാണ്’ എന്നു പറയുന്നത്. അതേ സമയത്ത് ഖിബ്ത്തിയാണെങ്കില്‍ രണ്ടാളുടെ ശത്രുവും. ഇസ്രാഈല്യരെ താല്‍പര്യപൂര്‍വ്വം മര്‍ദ്ദിക്കുന്നവരാണല്ലോ ഖിബ്ത്തികള്‍. അതുകൊണ്ട് ഏതായാലും ഖിബ്ത്തിയെ നിലക്കുനിര്‍ത്തുവാന്‍തന്നെ അദ്ദേഹം നിശ്ചയിച്ചു. ഈ അവസരത്തിലാണ് ‘മൂസാ, ഇന്നലെ ഒരാളെ കൊന്നതു പോലെ ഇന്നു എന്നെയും കൊല്ലുവാനാണോ ഉദ്ദേശം?’ എന്നും മറ്റും അദ്ദേഹത്തോടു പറയപ്പെട്ടത്.

ഇതു പറഞ്ഞ ആള്‍ – അഥവാ قَالَ (പറഞ്ഞു) എന്ന ക്രിയയുടെ കര്‍ത്താവായ സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശിക്കപ്പെട്ട ആള്‍ – ഖിബ്ത്തിയോ ഇസ്രാഈലിയോ എന്നതില്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇസ്രാഈല്‍ക്കാരനാണെന്നാണ് അധികമാളും പറയുന്നത്. തലേദിവസത്തെ ഘാതകന്‍ മൂസാ(അ) ആണെന്ന് മറ്റാരും അറിഞ്ഞിരുന്നില്ല, ‘നീ ഒരു ദുര്‍മ്മാര്‍ഗ്ഗി തന്നെ’ എന്നു ഇസ്രാഈലിയോടു കയര്‍ത്തുംകൊണ്ടു മൂസാ(അ) ഖിബ്ത്തിയുടെ നേരെ തിരിയാനുള്ള ശ്രമം കണ്ടപ്പോള്‍, അദ്ദേഹം തന്‍റെ നേര്‍ക്ക് തിരിയുവാനാണ് ഭാവമെന്ന് അവന്‍ തെറ്റിദ്ധരിച്ചു; അപ്പോഴാണ്‌ അവന്‍ ആ വാക്ക് പറഞ്ഞതു എന്നാണ് അവര്‍ പ്രസ്താവിക്കുന്നത്. മറ്റൊരു വിഭാഗക്കാര്‍ പറയുന്നതു ഖിബ്ത്തിയാണ് ആ വാക്കുകളുടെ വക്താവ് എന്നത്രെ. വാചകത്തിന്‍റെ സ്വഭാവം നോക്കുമ്പോള്‍ ഈ അഭിപ്രായത്തിനാണ് കൂടുതല്‍ വ്യക്തത കാണുന്നത്. തലേദിവസത്തെ ഘാതകന്‍ മൂസാ (അ) നബിയാണെന്നു വെളിപ്പെട്ടുകഴിഞ്ഞിട്ടില്ലെങ്കിലും, വല്ല കിംവദന്തിയെയോ ഊഹത്തെയോ അടിസ്ഥാനമാക്കി അവനതു പറഞ്ഞതായിരിക്കാമല്ലോ. الله اعلم . ഏതായാലും മൂസാ (അ) നബിയുടെ ഭയം ഈ വാക്കുമൂലം വര്‍ദ്ധിച്ചിരിക്കുക സ്വാഭാവികമാണ്. വാസ്തവത്തില്‍ അണിയറയില്‍ ഗൂഢാലോചനകള്‍ നടക്കുന്നുണ്ടായിരുന്നുതാനും.

28:20
  • وَجَآءَ رَجُلٌ مِّنْ أَقْصَا ٱلْمَدِينَةِ يَسْعَىٰ قَالَ يَـٰمُوسَىٰٓ إِنَّ ٱلْمَلَأَ يَأْتَمِرُونَ بِكَ لِيَقْتُلُوكَ فَٱخْرُجْ إِنِّى لَكَ مِنَ ٱلنَّـٰصِحِينَ ﴾٢٠﴿
  • പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് ഒരു പുരുഷന്‍ ഓടിവന്നു. അയാള്‍ (മൂസായോടു) പറഞ്ഞു: 'മൂസാ! നിന്നെ കൊല്ലുവാനായി പ്രധാനികള്‍ നിന്നെപ്പറ്റി ആലോചന നടത്തിവരുന്നുണ്ട്. അതുകൊണ്ട് നീ (രാജ്യത്തുനിന്നും) പുറത്തുപോയിക്കൊള്ളുക! നിശ്ചയമായും, ഞാന്‍ നിനക്ക് ഗുണകാംക്ഷയുള്ളവരില്‍പ്പെട്ടവനാണ്'.
  • وَجَاءَ വന്നു رَجُلٌ ഒരു പുരുഷന്‍ مِّنْ أَقْصَى الْمَدِينَةِ പട്ടണത്തിന്‍റെ അങ്ങേഅറ്റത്തുനിന്ന് يَسْعَىٰ ഓടിക്കൊണ്ട് قَالَ അവന്‍ പറഞ്ഞു يَا مُوسَىٰ ഹേ മൂസാ إِنَّ الْمَلَأَ നിശ്ചയമായും പ്രധാനികള്‍ يَأْتَمِرُونَ അവര്‍ ആലോചന നടത്തുന്നു بِكَ നിന്നെപറ്റി لِيَقْتُلُوكَ നിന്നെ കൊല്ലുവാന്‍ فَاخْرُجْ അതുകൊണ്ട് നീ പുറത്തു പോയിക്കൊള്ളുക إِنِّي നിശ്ചയമായും ഞാന്‍ لَكَ നിനക്ക് مِنَ النَّاصِحِينَ ഗുണകാംക്ഷയുള്ളവ രില്‍പ്പെട്ടവനാണ്
28:21
  • فَخَرَجَ مِنْهَا خَآئِفًا يَتَرَقَّبُ ۖ قَالَ رَبِّ نَجِّنِى مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٢١﴿
  • അങ്ങനെ, അദ്ദേഹം പേടിച്ച് വീക്ഷിച്ചുംകൊണ്ട് അവിടെനിന്നും പുറപ്പെട്ടുപോയി. അദ്ദേഹം പറഞ്ഞു: 'എന്‍റെ റബ്ബേ! അക്രമികളായ ജനങ്ങളില്‍നിന്ന് എന്നെ നീ രക്ഷപ്പെടുത്തേണമേ!'
  • فَخَرَجَ അപ്പോള്‍ അദ്ദേഹം പുറപ്പെട്ടുപോയി مِنْهَا അവിടെനിന്നു خَائِفًا പേടിച്ചവനായി يَتَرَقَّبُ വീക്ഷിച്ചുകൊണ്ട്, പ്രതീക്ഷിച്ചുകൊണ്ട് قَالَ അദ്ദേഹം പറഞ്ഞു رَبِّ റബ്ബേ نَجِّنِي എന്നെ രക്ഷപ്പെടുത്തണേ مِنَ الْقَوْمِ ജനതയില്‍നിന്ന് الظَّالِمِينَ അക്രമികളായ

ആപത്തുകള്‍ നേരിട്ടേക്കാനിടയുള്ള സാഹചര്യങ്ങളില്‍ അവനവനാല്‍ കഴിയുന്ന രക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും, അതോടൊപ്പം രക്ഷക്കുവേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയും വേണമെന്നുള്ളതിന് ഇതില്‍ മാതൃകയുണ്ട്. ഒരു നിലക്ക് ഭവിഷ്യത്തിനെക്കുറിച്ച് മൂസാ (അ) നബിക്ക് ഭയപ്പാടുണ്ടായിരുന്നുവെങ്കിലും, അല്ലാഹുവിന്‍റെ സഹായത്തില്‍ അദ്ദേഹത്തിനു തികച്ചും പ്രതീക്ഷയുമുണ്ടായിരുന്നു എന്ന് അടുത്ത വചനത്തില്‍ നിന്നു വ്യക്തമാണ്.

വിഭാഗം - 3

28:22
  • وَلَمَّا تَوَجَّهَ تِلْقَآءَ مَدْيَنَ قَالَ عَسَىٰ رَبِّىٓ أَن يَهْدِيَنِى سَوَآءَ ٱلسَّبِيلِ ﴾٢٢﴿
  • അദ്ദേഹം മദ്‌യന്‍റെ നേരെ (യാത്ര) തിരിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്‍റെ റബ്ബ് എന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ നയിച്ചുതന്നേക്കാം.'
  • وَلَمَّا تَوَجَّهَ അദ്ദേഹം തിരിഞ്ഞ (യാത്രതിരിച്ച)പ്പോള്‍ تِلْقَاءَ مَدْيَنَ മദ്‌യന്‍റെ നേരെ (ഭാഗത്തേക്ക്) قَالَ അദ്ദേഹം പറഞ്ഞു عَسَىٰ رَبِّي എന്‍റെ റബ്ബ് ആയേക്കാം أَن يَهْدِيَنِي എന്നെ നയിച്ച്‌ തന്നേക്കുമാറ് سَوَاءَ السَّبِيلِ ശരിയായ മാര്‍ഗ്ഗത്തില്‍, ചൊവ്വായ വഴിക്ക്

28:23
  • وَلَمَّا وَرَدَ مَآءَ مَدْيَنَ وَجَدَ عَلَيْهِ أُمَّةً مِّنَ ٱلنَّاسِ يَسْقُونَ وَوَجَدَ مِن دُونِهِمُ ٱمْرَأَتَيْنِ تَذُودَانِ ۖ قَالَ مَا خَطْبُكُمَا ۖ قَالَتَا لَا نَسْقِى حَتَّىٰ يُصْدِرَ ٱلرِّعَآءُ ۖ وَأَبُونَا شَيْخٌ كَبِيرٌ ﴾٢٣﴿
  • മദ്‌യനിലെ വെള്ള(ത്താവള)ത്തിങ്കല്‍ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ അതിനടുക്കല്‍ ഒരു കൂട്ടം മനുഷ്യര്‍ (കന്നുകാലികള്‍ക്ക്) വെള്ളം കൊടുക്കുന്നതായിക്കണ്ടെത്തി. അവരുടെ ഇപ്പുറത്തായി രണ്ടു സ്ത്രീകള്‍ (തങ്ങളുടെ ആടുകളെ) തടഞ്ഞുവെച്ചുകൊണ്ടിരിക്കുന്നതായും അദ്ദേഹം കണ്ടു.
    അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ കാര്യം (വിശേഷം) എന്താണ്?' അവര്‍ പറഞ്ഞു: 'ഇടയന്‍മാര്‍ വെള്ളം കൊടുത്ത് തിരിച്ചുകൊണ്ടുപോകുന്നതുവരേക്കും ഞങ്ങള്‍ (ആടുകള്‍ക്ക്) വെള്ളം കൊടുക്കാറില്ല. ഞങ്ങളുടെ പിതാവാകട്ടെ. ഒരു വലിയ വൃദ്ധനുമാകുന്നു.
  • وَلَمَّا وَرَدَ അദ്ദേഹം വന്നുചേര്‍ന്നപ്പോള്‍ مَاءَ مَدْيَنَ മദ്‌യനിലെ വെള്ളത്തിങ്കല്‍ وَجَدَ عَلَيْهِ അതിനടുത്ത് അദ്ദേഹം കണ്ടെത്തി أُمَّةً ഒരു സമൂഹത്തെ, ഒരു കൂട്ടം مِّنَ النَّاسِ മനുഷ്യരില്‍നിന്ന് يَسْقُونَ അവര്‍ വെള്ളം കൊടുക്കുന്നതായി, കുടിപ്പിക്കുന്നതായി وَوَجَدَ കണ്ടെത്തുകയും ചെയ്തു مِن دُونِهِمُ അവരുടെ ഇപ്പുറത്ത്, അവര്‍ക്കുപുറമെ امْرَأَتَيْنِ രണ്ടു സ്ത്രീകളെ تَذُودَانِ രണ്ടാളും തടഞ്ഞുകൊണ്ടിരിക്കുന്നതായി قَالَ അദ്ദേഹം പറഞ്ഞു مَا خَطْبُكُمَا നിങ്ങളുടെ കാര്യം (വിശേഷം) എന്താണ് قَالَتَا അവര്‍ രണ്ടാളും പറഞ്ഞു لَا نَسْقِي ഞങ്ങള്‍ വെള്ളം കൊടുക്കാറില്ല حَتَّىٰ يُصْدِرَ തിരിച്ചുകൊണ്ടു പോകുന്നതുവരെ الرِّعَاءُ ഇടയന്‍മാര്‍ وَأَبُونَا ഞങ്ങളുടെ പിതാവ് شَيْخٌ كَبِيرٌ ഒരു വലിയ വൃദ്ധനാണ് (കാരണവരാണ്)

മൂസാ (അ) യാത്രതിരിച്ചത് മദ്‌യനിലേക്കായിരുന്നു. (*). ഏറെക്കുറെ ഒരാഴ്ചകാലത്തെ യാത്രകൊ ണ്ടാണ് അദ്ദേഹം അവിടെ എത്തുക. അഭയാര്‍ത്ഥിയായി ഒളിച്ചുപോകുന്ന അദ്ദേഹം – അക്കാലത്തെ ചുറ്റുപാടുകളില്‍ വിശേഷിച്ചും – വളരെയേറെ ക്ലേശങ്ങള്‍ അനുഭവിച്ചുകൊണ്ടായിരിക്കും മദ്‌യനില്‍ എത്തിയിരിക്കുക എന്നു പറയേണ്ടതില്ല. മദ്‌യനിലെത്തിയപ്പോള്‍ അനുഭവപ്പെട്ട ഒരു കാഴ്ചയാണ് ഈ വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. ഒരു വെള്ളത്താവളത്തിങ്കല്‍ ആളുകള്‍ തങ്ങളുടെ ആടുകള്‍ക്കു വെള്ളം കൊടുത്തുകൊണ്ടിരിക്കുന്നു. രണ്ടു സ്ത്രീകള്‍ മാത്രം അവരുടെ ആടുകളെ മുമ്പോട്ടു വരാനനുവദിക്കാതെ തടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന് അനുകമ്പ തോന്നി. വിവരം അന്വേഷിച്ചു. മറ്റുള്ളവര്‍ അവരുടെ ആടുകള്‍ക്കു വെള്ളംകാട്ടി തിരിച്ചുകൊണ്ടുപോയതിനുശേഷമേ തങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കാറുള്ളുവെന്നും, അതിനു കാത്തുനില്‍ക്കുകയാണെന്നും അവര്‍ അറിയിച്ചു. മാത്രമല്ല, തങ്ങളുടെ വീട്ടില്‍നിന്ന് ആടുകളേയുംകൊണ്ടു പോരുവാന്‍ പറ്റിയ ആള്‍ വേറെയില്ലെന്നും തങ്ങള്‍ക്കൊരു പിതാവുണ്ടെങ്കിലും അദ്ദേഹം വലിയൊരു വൃദ്ധനാണെന്നും അവര്‍ തെര്യപ്പെടുത്തി.


(*). മദ്‌യന്‍റെ പേര്‍ ‘മിദിയന്‍’ എന്നും ‘മിദ്യാന്‍’ എന്നും ചരിത്രഭൂപടങ്ങളില്‍ എഴുതിക്കാണാം. ഭൂപടം 4ഉം മറ്റും നോക്കുക.

28:24
  • فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّى لِمَآ أَنزَلْتَ إِلَىَّ مِنْ خَيْرٍ فَقِيرٌ ﴾٢٤﴿
  • അപ്പോള്‍ അദ്ദേഹം ആ രണ്ടു സ്ത്രീകള്‍ക്കുവേണ്ടി (അവരുടെ കാലികള്‍ക്ക്) വെള്ളംകൊടുത്തു. പിന്നീടദ്ദേഹം തണലിലേക്ക് മാറിനിന്നു (ഇങ്ങിനെ) പറഞ്ഞു: 'എന്‍റെ രക്ഷിതാവേ! എന്‍റെ നേരെ ഗുണമായിട്ടുള്ള വല്ലതും നീ ഇറക്കിത്തരുന്നതിന് നിശ്ചയമായും ഞാന്‍ ആവശ്യക്കാരനാണേ!'
  • فَسَقَىٰ അപ്പോള്‍ അദ്ദേഹം വെള്ളം കൊടുത്തു, കുടിപ്പിച്ചു لَهُمَا അവര്‍ക്കു രണ്ടാള്‍ക്കുവേണ്ടി ثُمَّ تَوَلَّىٰ പിന്നെ അദ്ദേഹം മാറിനിന്നു, തിരിഞ്ഞുപോയി إِلَى الظِّلِّ തണലിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ لِمَا أَنزَلْتَ നീ ഇറക്കിത്തരുന്നതിനു إِلَيَّ എനിക്ക്, എന്‍റെ നേരെ مِنْ خَيْرٍ നന്‍മയായിട്ടു, ഗുണമായ വല്ലതും فَقِيرٌ ആവശ്യക്കാരനാണ്

ആ പാവപ്പെട്ട സ്ത്രീകളുടെ ആടുകള്‍ക്ക് വെള്ളം കോരിക്കൊടുത്ത്  അദ്ദേഹം അവരെ സഹായിച്ചു. പക്ഷേ, അദ്ദേഹം ക്ഷീണിതനും നിരാശ്രയനുമാണ്. എവിടെയാണ്, എങ്ങനെയാണ് തനിക്കൊരു അവലംബം ലഭിക്കുക എന്നൊന്നും നിശ്ചയമില്ല. ഒരു തണലില്‍ ചെന്നു വിശ്രമിച്ചു കൊണ്ട് അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയായി; ‘റബ്ബേ! ഏതെങ്കിലും വിധേന നിന്‍റെ അനുഗ്രഹം ലഭിക്കേണ്ടുന്ന അടിയന്തിരഘട്ടത്തിലാണ് ഞാന്‍ ഇപ്പോഴുള്ളത്.’ അക്ഷമയുടെയും, നിരാശയുടെയും കണികപോലുമില്ലാതെ ഹൃദയം സ്പര്‍ശിച്ചുകൊണ്ടുള്ള ആ ദുആ അല്ലാഹു സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാവി സുരക്ഷിതവും, സമാധാനപരവുമായിത്തീരത്തക്ക ഒരു മാര്‍ഗ്ഗം അല്ലാഹു തുറന്നുകൊടുത്തു.

28:25
  • فَجَآءَتْهُ إِحْدَىٰهُمَا تَمْشِى عَلَى ٱسْتِحْيَآءٍ قَالَتْ إِنَّ أَبِى يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيْهِ ٱلْقَصَصَ قَالَ لَا تَخَفْ ۖ نَجَوْتَ مِنَ ٱلْقَوْمِ ٱلظَّـٰلِمِينَ ﴾٢٥﴿
  • അങ്ങിനെയിരിക്കെ, ആ രണ്ടില്‍ ഒരുവള്‍ ലജ്ജാഭാവത്തോടെ നടന്നുകൊണ്ട് അദ്ദേഹത്തിന്‍റെ അടുക്കല്‍ വന്നു. അവള്‍ പറഞ്ഞു: 'ഞങ്ങള്‍ക്കുവേണ്ടി താങ്കള്‍ (ഞങ്ങളുടെ കാലികള്‍ക്ക്) വെള്ളം കൊടുത്തതിന്‍റെ പ്രതിഫലം താങ്കള്‍ക്കു നല്‍കുന്നതിനായി എന്‍റെ പിതാവു താങ്കളെ വിളിക്കുന്നുണ്ട്.' അങ്ങനെ, അദ്ദേഹത്തിന്‍റെ അടുക്കല്‍ വരികയും, അദ്ദേഹത്തിനു (തന്‍റെ) കഥ വിവരിച്ചുകൊടു ക്കുകയും ചെയ്തപ്പോള്‍ അദ്ദേഹം (മൂസായോടു) പറഞ്ഞു: 'ഭയപ്പെടേണ്ട - അക്രമികളായ (ആ) ജനങ്ങളില്‍നിന്ന് താങ്കള്‍ രക്ഷപ്പെട്ടിരിക്കുന്നു!'
  • فَجَاءَتْهُ അപ്പോള്‍ (അങ്ങനെയിരിക്കെ) അദ്ദേഹത്തിനടുത്തു വന്നു إِحْدَاهُمَا ആ രണ്ടില്‍ ഒരുവള്‍ تَمْشِي നടന്നുകൊണ്ട് عَلَى اسْتِحْيَاءٍ ലജ്ജയോടെ, സങ്കോചപ്പെട്ടുകൊണ്ട്‌ قَالَتْ അവള്‍ പറഞ്ഞു إِنَّ أَبِي നിശ്ചയമായും എന്‍റെ പിതാവ്, ബാപ്പ يَدْعُوكَ താങ്കളെ ക്ഷണിക്കുന്നു, വിളിക്കുന്നു لِيَجْزِيَكَ താങ്കള്‍ക്കു പ്രതിഫലം നല്‍കുവാനായി أَجْرَ കൂലി, പ്രതിഫലം مَا سَقَيْتَ താങ്കള്‍ വെള്ളം കൊടുത്തതിന്‍റെ لَنَا ഞങ്ങള്‍ക്കുവേണ്ടി فَلَمَّا جَاءَهُ അങ്ങനെ അദ്ദേഹത്തിനടുക്കല്‍ വന്നപ്പോള്‍ وَقَصَّ عَلَيْهِ അദ്ദേഹത്തിനു വിവരിച്ചുകൊടുക്കയും الْقَصَصَ കഥ, വിവരം قَالَ അദ്ദേഹം പറഞ്ഞു لَاتَخَفْ ഭയപ്പെടേണ്ട, പേടിക്കേ ണ്ട نَجَوْتَ താന്‍ രക്ഷപ്പെട്ടിരിക്കുന്നു مِنَ الْقَوْمِ ജനതയില്‍നിന്നു الظَّالِمِين അക്രമികളായ

സ്ത്രീകള്‍ രണ്ടാളും വീട്ടില്‍ ചെന്നശേഷം അപരിചിതനായ ആ യുവാവ് തങ്ങള്‍ക്കു ചെയ്തുതന്ന ഉപകാരം പിതാവിനെ അറിയിച്ചു. പ്രസ്തുത മാന്യനെ വെറുതെ വിട്ടുകൂടാ എന്ന് അദ്ദേഹത്തിനു തോന്നി. മൂസാ (അ)നെ വിളിക്കുവാന്‍ അവരില്‍ ഒരുവളെത്തന്നെ അയച്ചു. അപരിചിതനായ ഒരു യുവാവിന്‍റെ അടുക്കല്‍ മാന്യയും, സുശീലയുമായ ഒരു യുവതി ചെല്ലേണ്ടിവരുമ്പോള്‍ ഉണ്ടാകുന്നതും, ഉണ്ടായിരിക്കേണ്ടതുമായ ലജ്ജാശീലവും അച്ചടക്കവും അവളില്‍ പ്രകടമായിരുന്നു. മൂസാ (അ) ക്ഷണം സ്വീകരിച്ച് വൃദ്ധന്‍റെ അടുക്കല്‍ വന്നു. സംഭാഷണത്തില്‍ മൂസാ (അ) തന്‍റെ ചരിത്രം വിവരിച്ചു. ഫിര്‍ഔന്‍മാരുടെ അക്രമമൊന്നും ഇവിടെ ഭയപ്പെടുവാനില്ല; അവരുടെ അധികാരം ഈ നാട്ടില്‍ നടക്കുന്നുമില്ല എന്നൊക്കെപ്പറഞ്ഞു വൃദ്ധന്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു.

ഈ മാന്യവൃദ്ധന്‍ ആരായിരുന്നു? ശുഐബ് (شعيب ع) നബിയാണെന്നു പലരും പറയുന്നു. ശുഐബ് (അ) മദ്‌യനിലെ റസൂലായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ കാലം ലൂത്തു (അ) നബിയുടെ ശേഷമായിരുന്നുവെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂ: ഹൂദ്‌ 89ല്‍ ശുഐബ് (അ) മദ്‌യന്‍ നിവാസികളോടു ‘ലൂത്തിന്‍റെ ജനത നിങ്ങളില്‍നിന്നു വിദൂരമായതല്ലല്ലോ (وَمَا قَوْمُ لُوطٍ مِّنكُم بِبَعِيدٍ : هود: ٨٩) എന്നു പ്രസ്താവിച്ചിട്ടുള്ളതു കാണാം. ഇബ്രാഹീം (അ) നബിയുടെ സമകാലീനനായിരുന്നു ലൂത്ത്വ് (അ) നബി. മൂസാ (അ) നബിക്കും അവര്‍ക്കുമിടയില്‍ ഏകദേശം 400ല്‍ പരം കൊല്ലം ഉണ്ടെന്നാണ് അറിയപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ എപ്പോഴായിരുന്നു ശുഐബ് (അ) നബിയുടെ ജീവിതകാലം എന്നു പറയത്തക്ക തെളിവുകളൊന്നും കാണുന്നില്ല. എന്നിരിക്കെ, പ്രസ്തുത മാന്യ വൃദ്ധന്‍ ശുഐബ് (അ) തന്നെയാണെന്നോ അല്ലെന്നോ, തീര്‍ത്തുപറയുക സാധ്യമല്ല. അതേ സമയത്തു വൃദ്ധന്‍റെ പേര്‍ യഥിറുന്‍ (*) എന്നാണെന്നും, ഇദ്ദേഹം ശുഐബു (അ) നബിയുടെ കുടുംബത്തില്‍പെട്ടവനാണെന്നുമാണ് വേറെ ചില വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നത്. വാസ്തവം അല്ലാഹുവിനറിയാം. ഏതായാലും ഈ വൃദ്ധന്‍ ഒരു സാധാരണക്കാരന്‍ മാത്രമല്ല. ഒരു മഹാനും ഭക്തനുമായിരുന്നുവെന്ന് ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്നു മനസ്സിലാക്കാം.


(*). يثرو – او يثرون


ബൈബ്ളില്‍ ഈ സംഭവം വിവരിക്കുന്നതു ഇപ്രകാരമാകുന്നു: – ‘മോശെ ഫറവോന്‍റെ സന്നിധിയി ല്‍നിന്നു ഓടിപ്പോയി, മിദ്യാന്‍ദേശത്തു ചെന്നു പാര്‍ത്തു: അവന്‍ ഒരു കിണറ്റിനരികെ ഇരുന്നു. മിദ്യാനിലെ പുരോഹിതനു ഏഴു പുത്രിമാരുണ്ടായിരുന്നു. അവര്‍ വന്നു അപ്പന്‍റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറച്ചു. എന്നാല്‍ ഇടയന്‍മാര്‍ അവരെ ആട്ടിക്കളഞ്ഞു. അപ്പോള്‍ മോശെ എഴുന്നേറ്റു അവരെ സഹായിച്ചു അവരുടെ ആടുകളെ കുടിപ്പിച്ചു. അവര്‍ തങ്ങളുടെ അപ്പനായ (**) റെഗുവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍ നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു….. അവന്‍ പുത്രിമാരോട് : അവന്‍ എവിടെ?.. ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. മോശെക്കു അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി. അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറ (***)യെ കൊടുത്തു… മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോ (****) വിന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു…..'(പുറപ്പാട് : അദ്ധ്യായം 2,3).


(**).رعوئيل
(***). صبوراء
(****). يثرى


രണ്ടു സ്ത്രീകളായിരുന്നു ആടുകള്‍ക്കു വെള്ളം കൊടുക്കാന്‍ വന്നതെന്നു ഖുര്‍ആന്‍ വ്യക്തമായി പ്പറഞ്ഞ സ്ഥിതിക്ക് ഏഴു പുത്രിമാര്‍ വന്നിരുന്നുവെന്നു ബൈബ്ളില്‍ കാണുന്നതു സ്വീകാര്യമല്ല. ഇതുപോലെത്തന്നെ, രണ്ടാമത്തെ ദിവസം ശണ്ഠകൂടിയതു രണ്ടു എബ്രേയര്‍ (ഇസ്രാഈല്യര്‍) തമ്മിലാണെന്നാണ് ബൈബ്ള്‍ പറയുന്നതു. ഇതും ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കുന്നതല്ല. ഇതുപോലെ എത്രയോ വിഷയങ്ങളില്‍ ബൈബ്ള്‍ ഖുര്‍ആന്‍റെ പ്രസ്താവനക്കു യോജിക്കാത്തതായി കാണാം. അതുകൊണ്ടു തന്നെയാണ് അതിനെ ആസ്പദമാക്കി സംഭവങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ പാടില്ലാതെ വന്നതും. എന്നിരിക്കെ, നമ്മുടെ മാന്യവൃദ്ധന്‍റെ പേരും മറ്റും ഈ ഉദ്ധരണിയെ ആസ്പദമാക്കി തീരുമാനിക്കുവാന്‍ നമുക്കു നിവൃത്തിയില്ല. വേറെ തെളിവുകളും നമ്മുടെ മുമ്പിലില്ല. അതറിയുന്നതില്‍ പ്രത്യേകം വല്ല ഗുണവുമുണ്ടായിരുന്നുവെങ്കില്‍ ഖുര്‍ആന്‍ തന്നെ അതു വ്യക്തമാക്കുമായിരുന്നു.