വിഭാഗം - 5

21:51
  • وَلَقَدْ ءَاتَيْنَآ إِبْرَٰهِيمَ رُشْدَهُۥ مِن قَبْلُ وَكُنَّا بِهِۦ عَـٰلِمِينَ ﴾٥١﴿
  • തീര്‍ച്ചയായും, നാം മുമ്പേ ഇബ്രാഹീമിനു അദ്ദേഹത്തിന്റെ തന്റേടം നല്‍കുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവരുമായിരുന്നു.
  • وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ടു: إِبْرَاهِيمَ ഇബ്രാഹീമിനു رُشْدَهُ അദ്ദേഹത്തിന്റെ തന്റേടം, നേര്‍മ്മാര്‍ഗ്ഗം, ബോധം مِن قَبْلُ മുമ്പുതന്നെ, മുമ്പേ وَكُنَّا നാം ആയിരുന്നുതാനും بِهِ അദ്ദേഹത്തെപ്പറ്റി عَالِمِينَ അറിവുള്ളവര്‍
21:52
  • إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَا هَـٰذِهِ ٱلتَّمَاثِيلُ ٱلَّتِىٓ أَنتُمْ لَهَا عَـٰكِفُونَ ﴾٥٢﴿
  • തന്റെ പിതാവിനോടും, ജനങ്ങളോടും അദ്ദേഹം 'നിങ്ങള്‍ ഭജനമിരുന്നുകൊണ്ടിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു?' എന്നു ചോദിച്ചപ്പോള്‍:-
  • إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍, ചോദിച്ചപ്പോള്‍ لِأَبِيهِ തന്റെ പിതാവിനോട് وَقَوْمِهِ തന്റെ ജനങ്ങളോടും مَا هَـٰذِهِ التَّمَاثِيلُ ഈ പ്രതിമകള്‍ (രൂപങ്ങള്‍) എന്താണ് الَّتِي യാതൊരു (പ്രതിമകള്‍) أَنتُمْ لَهَا നിങ്ങള്‍ അതിനു عَاكِفُونَ ഭജനമിരിക്കുന്നവരാണ്
21:53
  • قَالُوا۟ وَجَدْنَآ ءَابَآءَنَا لَهَا عَـٰبِدِينَ ﴾٥٣﴿
  • അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാക്കള്‍ അവയെ ആരാധിച്ച് വരുന്നവരായിട്ടാണ് ഞങ്ങള്‍ കണ്ടത്.'
  • قَالُوا അവര്‍ പറഞ്ഞു وَجَدْنَا ഞങ്ങള്‍ കണ്ടു, കണ്ടെത്തി آبَاءَنَا ഞങ്ങളുടെ പിതാക്കളെ لَهَا അവയ്ക്കു, അവയെ عَابِدِينَ ആരാധന ചെയ്യുന്നവരായി
21:54
  • قَالَ لَقَدْ كُنتُمْ أَنتُمْ وَءَابَآؤُكُمْ فِى ضَلَـٰلٍ مُّبِينٍ ﴾٥٤﴿
  • അദ്ദേഹം പറഞ്ഞു: 'തീര്‍ച്ചയായും, നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴി പിഴവിലായിരിക്കുന്നു'
  • قَالَ അദ്ദേഹം പറഞ്ഞു لَقَدْ كُنتُمْ തീര്‍ച്ചയായും നിങ്ങള്‍ ആയിരിക്കുന്നു أَنتُمْ നിങ്ങള്‍ (തന്നെയും) وَآبَاؤُكُمْ നിങ്ങളുടെ പിതാക്കളും فِي ضَلَالٍ വഴിപിഴവില്‍, ദുര്‍മ്മാര്‍ഗ്ഗത്തില്‍ مُّبِينٍ വ്യക്തമായ, സ്പഷ്ടമായ

ഇബ്രാഹീം (عليه السلام) നബി സ്വദേശത്തായിരുന്ന കാലത്തെ സംഭവമാണിത്. അല്ലാഹു അദ്ദേഹത്തിന് സന്മാര്‍ഗ്ഗബോധവും, തന്റേടവും നല്‍കി. അല്ലാഹുവിലും, അവന്റെ ഏകത്വത്തിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം അടിയുറച്ചതാണ്. അതിന്റെ പ്രബോധനത്തിനായി അദ്ദേഹം വരിച്ച ത്യാഗങ്ങള്‍ അനിതരസാധാരണമാണ്. ധീരമനസ്കത, ഉല്‍കൃഷ്ടസ്വഭാവം മുതലായ ഗുണങ്ങള്‍ അദ്ദേഹത്തിന്റെ സവിശേഷതകളാകുന്നു. ‘നമുക്ക് അദ്ദേഹത്തെപ്പറ്റി അറിയാമായിരുന്നു’ എന്ന് അല്ലാഹു ഇവിടെ എടുത്തുപറഞ്ഞതു, അദ്ദേഹത്തിന്റെ ഇത്തരം ഗുണങ്ങളെ സൂചിപ്പിച്ചുകൊണ്ടാകുന്നു.

വിഗ്രഹാരാധനയുടെ പൊള്ളത്തരത്തെക്കുറിച്ച് തന്റെ നാട്ടുകാരെ അദ്ദേഹം ചിന്തിപ്പിക്കുന്നു. അല്‍പമൊന്നു ചിന്തിച്ചാല്‍ അവര്‍ക്കുതന്നെ യാഥാര്‍ത്ഥ്യം അറിയാറാകുമെന്ന് അദ്ദേഹം കരുതുന്നു. അങ്ങിനെ, അന്വേഷണരൂപത്തില്‍ അവരോടു ചോദിക്കുന്നു: നിങ്ങള്‍ നിത്യേന ആരാധിച്ചും, പൂജിച്ചും വരുന്ന ഈ ബിംബങ്ങളൊക്കെ എന്താണ്? അഥവാ ഇവയ്ക്കു എന്തൊരു വിശേഷതയാണുള്ളത്? ഇവയെ ആരാധിച്ചിട്ട് നിങ്ങള്‍ക്കെന്തു ഫലം കിട്ടുവാനാണ്….? ‘ഞങ്ങളുടെ പിതാക്കളായി അവയെ ആരാധിച്ചുവരുന്നു, അതു പാരമ്പര്യമായി ഞങ്ങളും പിന്‍പറ്റിപ്പോരുന്നു.’ ഇതാണവരുടെ മറുപടി. അത്രമാത്രം! അന്ധവിശ്വാസത്തിലും, അനാചാരത്തിലും അടിയുറച്ചവര്‍, തങ്ങളുടെ നിലപാട് ന്യായീകരിക്കുവാന്‍ എക്കാലത്തും അവലംബമായി എടുക്കാറുള്ള ഒരു മാര്‍ഗ്ഗമാണിത് – പൂര്‍വ്വീകന്മാരുടെ അനുകരണ (تقليد الاباء) വാദം. ദീര്‍ഘകാലത്തെ പഴക്കമുണ്ടെന്നുവെച്ചോ, വളരെ ആളുകള്‍ സ്വീകരിച്ചുവരുന്നതുകൊണ്ടോ ഒരു കാര്യവും – മതകാര്യം വിശേഷിച്ചും – ന്യായീകരിക്കപ്പെടാവുന്നതല്ല. മറ്റൊരാളുടെ അഭിപ്രായവും, നടപടിയും, കണ്ണടച്ചു വിശ്വസിക്കുന്നത് ബുദ്ധിഹീനതയും, ഉത്തരവാദബോധമില്ലായ്മയുമാകുന്നു. ഖുര്‍ആനില്‍ പലേടത്തും ഈ അനുകരണവാദത്തെ അധിക്ഷേപിച്ചു കാണാം.

ഇബ്രാഹീം (عليه السلام) തന്റെ ജനങ്ങളോടു പറഞ്ഞ മറുപടി നോക്കുക: നിങ്ങള്‍ സ്വീകരിച്ചുവരുന്ന ഈ സമ്പ്രദായം തനി ദുര്‍മ്മാര്‍ഗ്ഗമാണ്; നിങ്ങളതു സ്വീകരിച്ചതുകൊണ്ട് നിങ്ങള്‍ വഴിപിഴവിലായിരിക്കുന്നു; നിങ്ങളുടെ പിതാക്കളും അതു സ്വീകരിച്ചുവന്നിരുന്നുവെങ്കില്‍ അവരും ദുര്‍മ്മാര്‍ഗ്ഗത്തിലായിരുന്നു; എന്നല്ലാതെ പാരമ്പര്യമായി അനുവര്‍ത്തിക്കപ്പെട്ടതുകൊണ്ടൊന്നും ഇതു സന്മാര്‍ഗ്ഗമായിത്തീരുകയില്ല എന്നത്രെ മറുപടിയുടെ സാരം. വിഗ്രഹാരാധനയിലേക്കുപോലും മനുഷ്യനെ വലിച്ചിഴക്കുവാന്‍ കാരണം, ലക്‌ഷ്യം നോക്കാതെയുള്ള അനുകരണം (تقليد) ആണെങ്കില്‍, ആ ദുസ്വഭാവം മനുഷ്യനെ മറ്റെന്തു ദുര്‍മ്മാര്‍ഗ്ഗങ്ങളിലേക്കു നയിക്കുകയില്ല?! അനുകരണവാദികളുടെ കൂട്ടത്തില്‍ വിഗ്രഹാരാധകന്‍മാരും ഉള്‍പ്പെടുന്നുവെന്ന ഒരേ ഒരു വസ്തുത ഓര്‍ക്കുമ്പോള്‍ ഹാ! അതെത്രമാത്രം നിന്ദ്യവും ലജ്ജാവഹവുമാണ്!

21:55
  • قَالُوٓا۟ أَجِئْتَنَا بِٱلْحَقِّ أَمْ أَنتَ مِنَ ٱللَّـٰعِبِينَ ﴾٥٥﴿
  • അവര്‍ പറഞ്ഞു: 'നീ ഞങ്ങളുടെ അടുക്കല്‍ (യഥാര്‍ത്ഥ) കാര്യവുമായി വന്നിരിക്കുകയാണോ, അഥവാ നീ കളിക്കുന്ന കൂട്ടത്തില്‍ പെട്ടവനാണോ?'
  • قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കയാണോ بِالْحَقِّ കാര്യംകൊണ്ടു, യഥാര്‍ത്ഥവുമായി أَمْ أَنتَ അതല്ല നീ ആണോ مِنَ اللَّاعِبِينَ കളിക്കുന്നവരില്‍
21:56
  • قَالَ بَل رَّبُّكُمْ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ٱلَّذِى فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ ﴾٥٦﴿
  • അദ്ദേഹം പറഞ്ഞു: (കളിയല്ല) എന്നാല്‍, നിങ്ങളുടെ രക്ഷിതാവു ആകാശഭൂമികളുടെ രക്ഷിതാവാകുന്നു; അവയെ(ല്ലാം) പടച്ചുണ്ടാക്കിയവനാകുന്നു. ഞാന്, അതിനു സാക്ഷ്യം വഹിക്കുന്നവരില്‍ പെട്ടവനുമാണ്.
  • قَالَ അദ്ദേഹം പറഞ്ഞു بَل رَّبُّكُمْ എന്നാല്‍ നിങ്ങളുടെ റബ്ബ് رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാകുന്നു وَالْأَرْضِ ഭൂമിയുടെയും الَّذِي فَطَرَهُنَّ അവയെ പടച്ചുണ്ടാക്കിയവന്‍ وَأَنَا ഞാന്‍, ഞാനാകട്ടെ عَلَىٰ ذَٰلِكُم അതിന് مِّنَ الشَّاهِدِينَ സാക്ഷികളില്‍, സാക്ഷ്യം വഹിക്കുന്നവരില്‍പെട്ടവനാണ്
21:57
  • وَتَٱللَّهِ لَأَكِيدَنَّ أَصْنَـٰمَكُم بَعْدَ أَن تُوَلُّوا۟ مُدْبِرِينَ ﴾٥٧﴿
  • അല്ലാഹു തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങള്‍ പിന്‍തിരിഞ്ഞു പോയതിനു ശേഷം, ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളോട് തന്ത്രം പ്രയോഗിക്കുന്നതാണ്.'
  • وَتَاللَّـهِ അല്ലാഹു തന്നെയാണ, അല്ലാഹുവിനെക്കൊണ്ടു സത്യം لَأَكِيدَنَّ നിശ്ചയമായും ഞാന്‍ തന്ത്രം പ്രയോഗിക്കും (കൊത്തിമുറിക്കും) أَصْنَامَكُم നിങ്ങളുടെ ബിംബങ്ങളോടു, വിഗ്രഹങ്ങളോടു بَعْدَ أَن تُوَلُّوا നിങ്ങള്‍ തിരിഞ്ഞുപോയ ശേഷം مُدْبِرِينَ പിന്നിട്ടവരായി
21:58
  • فَجَعَلَهُمْ جُذَٰذًا إِلَّا كَبِيرًا لَّهُمْ لَعَلَّهُمْ إِلَيْهِ يَرْجِعُونَ ﴾٥٨﴿
  • അങ്ങനെ, അവരുടെ വലിയ ഒരു വിഗ്രഹമൊഴിച്ച് അവരെ [ബാക്കി ആരാധ്യന്‍മാരെ] അദ്ദേഹം തുണ്ടം തുണ്ടമാക്കി. അവര്‍ തന്റെ അടുക്കലേക്ക് മടങ്ങിയേക്കാമല്ലോ.
  • فَجَعَلَهُمْ അങ്ങനെ അദ്ദേഹം അവരെ ആക്കി جُذَاذًا തുണ്ടംതുണ്ടം, إِلَّا كَبِيرًا ഒരു വലിയതൊഴിച്ചു لَّهُمْ അവരുടെ, അവര്‍ക്കുള്ള لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍ വേണ്ടി إِلَيْهِ തന്റെ (അവന്റെ - അതിന്റെ) അടുക്കലേക്കു يَرْجِعُونَ മടങ്ങുന്ന(വര്‍)

തങ്ങളും, തങ്ങളുടെ പിതാക്കളും പിഴച്ചുപോയിട്ടുണ്ടെന്ന് അദ്ദേഹം അവരോടു പറഞ്ഞപ്പോള്‍, ഇപ്പറയുന്നതു കാര്യമായിട്ടാണോ, അതല്ല കളിയായിട്ടാണോ എന്നവര്‍ അന്വേഷിക്കുന്നു. കളിയാണെന്നു പറഞ്ഞു കിട്ടിയാല്‍ അവര്‍ സംതൃപ്തരായിക്കൊള്ളും. കാര്യമാണെന്നു പറയുന്നപക്ഷം, പൂര്‍വ്വികന്‍മാരെയും അവരുടെ ഗുണഗണങ്ങളെയും സംബന്ധിച്ചും മറ്റും അവര്‍ക്കു പലതും പറയുവാനുണ്ടായിരിക്കും. അതിനൊന്നും ഇടയാക്കി ദീര്‍ഘിപ്പിക്കാതെ അദ്ദേഹം കാര്യം വ്യക്തമാക്കുന്നു: ‘ഈ ആകാശ ഭൂമികളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ടെന്നു നിങ്ങള്‍ക്കു നല്ലപോലെ അറിയാമല്ലോ; നിങ്ങളുടെ വിഗ്രഹങ്ങള്‍ക്കു അതിലൊന്നും ഒരു പങ്കുമില്ലെന്നും നിങ്ങള്‍ക്കറിയാം; അപ്പോള്‍, ആ ഏകമഹാശക്തിയെയായിരിക്കണം നിങ്ങള്‍ ആരാധ്യനായി സ്വീകരിക്കുന്നത്; ഈ തത്വം അംഗീകരിച്ച സത്യ സാക്ഷിയാണ് ഞാന്‍; എന്നിരിക്കെ കളിയുടെ പ്രശ്നംതന്നെ ഇവിടെ ഇല്ല.’ മാത്രമല്ല, അവരുടെ അഭാവത്തില്‍ ആ വിഗ്രഹങ്ങളെ നശിപ്പിക്കുവാന്‍ അദ്ദേഹം ഏര്‍പ്പാടു ചെയ്യുമെന്ന് ഒരു ബലമായ താക്കീതും നല്‍കി. ഈ താക്കീത് അദ്ദേഹം പരസ്യമായി പറഞ്ഞതാണെന്നും, അതല്ല സ്വയം പറഞ്ഞതാണ് – പക്ഷേ, അത് ആരോ കേള്‍ക്കുകയുണ്ടായെന്നും പറയപ്പെടുന്നു. ഏതായാലും, ജനങ്ങള്‍ ഒരു ഉത്സവത്തിന്നോ മറ്റോ സ്ഥലം വിട്ടിരുന്ന അവസരത്തില്‍ അദ്ദേഹം മഴു എടുത്തു. വലിയ വിഗ്രഹത്തെ ഒഴിച്ചു ബാക്കിയെല്ലാം വെട്ടിമുറിച്ചുകളഞ്ഞു. മഴു വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ കൊളുത്തിവെക്കുകയും ചെയ്തു. (كما في البخاري)

لَعَلَّهُمْ إِلَيْهِ يَرْجِعُونَ (അവര്‍ തന്റെ അടുക്കലേക്ക് മടങ്ങിയേക്കാം) എന്ന വാക്യം രണ്ടുതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. താന്‍ ഈ ചെയ്തതിനെപ്പറ്റി തന്നോടു ചോദ്യം ചെയ്‌വാന്‍ വരട്ടെ – അപ്പോള്‍ പറഞ്ഞുകൊടുക്കാം എന്ന സാരത്തിലും, വലിയ വിഗ്രഹം നശിപ്പിക്കപ്പെടാത്ത സ്ഥിതിക്ക് മറ്റുള്ള വിഗ്രഹങ്ങളെക്കുറിച്ച് ജനങ്ങള്‍ അതിനോടുവന്നു ചോദിക്കുകയും, അപ്പോള്‍ അതിന്റെ കഴിവില്ലായ്മ അവര്‍ ഗ്രഹിക്കുകയും ചെയ്‌വാന്‍വേണ്ടി എന്ന സാരത്തിലുമാണ് ആ രണ്ട് വ്യാഖ്യാനങ്ങള്‍. ഒന്നാമത്തെ വ്യാഖ്യാനമനുസരിച്ച് إِلَيْهِ (തന്റെ അടുക്കലേക്ക് ) എന്നതിലുള്ള സര്‍വ്വനാമം (ضَمِير) ഇബ്രാഹീം നബിയെയും, രണ്ടാമത്തേതനുസരിച്ച് വലിയ വിഗ്രഹത്തെയും കുറിക്കുന്നു. വിഗ്രഹങ്ങളെ നശിപ്പിച്ചതു കാണുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന വ്യസനവും, കോപവും പറയേണ്ടതില്ലല്ലോ:-

21:59
  • قَالُوا۟ مَن فَعَلَ هَـٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ ﴾٥٩﴿
  • അവര്‍ പറഞ്ഞു: 'നമ്മുടെ ആരാധ്യന്‍മാരെക്കൊണ്ട് ഇതു ചെയ്തവന്‍ ആരാണ്?! നിശ്ചയമായും, അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെ!'
  • قَالُوا അവര്‍ പറഞ്ഞു مَن فَعَلَ ആരാണ് ചെയ്തതു هَـٰذَا ഇതു (ഈ) പണി بِآلِهَتِنَا നമ്മുടെ ആരാധ്യന്‍മാരെ (ദൈവങ്ങളെ)ക്കൊണ്ടു إِنَّهُ നിശ്ചയമായും അവന്‍ لَمِنَ الظَّالِمِينَ അക്രമികളില്‍പെട്ടവന്‍ തന്നെ
21:60
  • قَالُوا۟ سَمِعْنَا فَتًى يَذْكُرُهُمْ يُقَالُ لَهُۥٓ إِبْرَٰهِيمُ ﴾٦٠﴿
  • അവര്‍ [ചിലര്‍] പറഞ്ഞു: ഒരു യുവാവ് അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതു ഞങ്ങള്‍ കേള്‍ക്കുകയുണ്ടായി; ഇബ്രാഹീം എന്നാണ് അവനു (പേര്‍) പറയപ്പെടുന്നത്.'
  • قَالُوا അവര്‍ പറഞ്ഞു سَمِعْنَا ഞങ്ങള്‍ കേട്ടിരിക്കുന്നു فَتًى ഒരു യുവാവിനെ, ചെറുപ്പക്കാരനെ يَذْكُرُهُمْ അവന്‍ അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതായി يُقَالُ لَهُ അവനു പറയപ്പെടും إِبْرَاهِيمُ ഇബ്രാഹീം എന്ന്
21:61
  • قَالُوا۟ فَأْتُوا۟ بِهِۦ عَلَىٰٓ أَعْيُنِ ٱلنَّاسِ لَعَلَّهُمْ يَشْهَدُونَ ﴾٦١﴿
  • അവര്‍ പറഞ്ഞു: 'എന്നാല്‍, അവനെ ജനങ്ങളുടെ ദൃഷ്ടിയില്‍ കൊണ്ടുവരുവിന്‍, അവര്‍ സാക്ഷ്യം വഹിച്ചേക്കാം!'
  • قَالُوا അവര്‍ പറഞ്ഞു فَأْتُوا بِهِ എന്നാല്‍ അവനെകൊണ്ടുവരുവിന്‍ عَلَىٰ أَعْيُنِ النَّاسِ ജനങ്ങളുടെ ദൃഷ്ടിയില്‍ (മുമ്പാകെ) لَعَلَّهُمْ അവര്‍ ആയേക്കാം, ആകുവാന്‍വേണ്ടി يَشْهَدُونَ സാക്ഷ്യം വഹിക്കുന്ന(വര്‍)
21:62
  • قَالُوٓا۟ ءَأَنتَ فَعَلْتَ هَـٰذَا بِـَٔالِهَتِنَا يَـٰٓإِبْرَٰهِيمُ ﴾٦٢﴿
  • അവര്‍ ചോദിച്ചു: 'നീയാണോ നമ്മുടെ ആരാധ്യന്മാരെക്കൊണ്ട് ഇതു ചെയ്തതു - ഇബ്രാഹീമേ!'
  • قَالُوا അവര്‍ പറഞ്ഞു أَأَنتَ നീയാണോ فَعَلْتَ هَـٰذَا ഇതു ചെയ്തതു بِآلِهَتِنَا നമ്മുടെ ആരാധ്യന്‍മാരെക്കൊണ്ട് يَا إِبْرَاهِيمُ ഇബ്രാഹീമേ

21:63
  • قَالَ بَلْ فَعَلَهُۥ كَبِيرُهُمْ هَـٰذَا فَسْـَٔلُوهُمْ إِن كَانُوا۟ يَنطِقُونَ ﴾٦٣﴿
  • അദ്ദേഹം പറഞ്ഞു: 'എന്നാല്‍, അതു അവരിലുള്ള ഈ വലിയവന്‍ ചെയ്തതാണ്; 'അവര്‍ സംസാരിക്കുമെങ്കില്‍, നിങ്ങള്‍ അവരോടു ചോദിച്ചുകൊള്‍വിന്‍?'
  • قَالَ അദ്ദേഹം പറഞ്ഞു بَلْ എന്നാല്‍, പക്ഷേ فَعَلَهُ അതു ചെയ്തു كَبِيرُهُمْ അവരില്‍ വലിയവന്‍ هَـٰذَا ഇവന്‍, ഈ فَاسْأَلُوهُمْ എന്നാല്‍ അവരോടു ചോദിച്ചു നോക്കുവിന്‍ إِن كَانُوا അവരാണെങ്കില്‍ يَنطِقُونَ സംസാരിക്കും

വികാരഭരിതരായ ആ ജനങ്ങള്‍, തങ്ങളുടെ വിഗ്രഹങ്ങളെക്കൊണ്ട് ഇത്തരം ‘അക്രമം’ ചെയ്തവനെപ്പറ്റി പരസ്പരം അന്വേഷണമായി. ആരോ അഭിപ്രായപ്പെട്ടു: അതു ഇബ്രാഹീം എന്നു പേരുള്ള ആ ചെറുപ്പക്കാരന്റെ വിക്രിയയായിരിക്കും എന്ന്. അദ്ദേഹം വിഗ്രഹാരാധനയെയും, വിഗ്രഹങ്ങളെയും കുറിച്ചു ആക്ഷേപിച്ച് സംസാരിക്കുന്നത് അവര്‍ കേട്ടിട്ടുണ്ട്. നിങ്ങളുടെ വിഗ്രഹങ്ങളോട് ഞാനൊരു തന്ത്രം പ്രയോഗിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നുവല്ലോ. അങ്ങനെ, അവര്‍ അദ്ദേഹത്തെ ജനങ്ങളുടെ മുമ്പാകെ കൊണ്ടുവന്നു ചോദ്യം ചെയ്തു. അദ്ദേഹം കൊടുത്ത മറുപടി ശകലം ബുദ്ധിയെങ്കിലും ഉള്ളവരെ ചിന്തിപ്പിക്കുവാനും, വിരല്‍ കടിപ്പിക്കുവാനും തക്കതായിരുന്നു. അദ്ദേഹം പറഞ്ഞു: ‘അതാ ആ വലിയ വിഗ്രഹം! ആയാളതാ, മഴുവുമായി നില്‍ക്കുന്നു: അയാള്‍ ചെയ്തതായിരിക്കണം ഇത്. ഇവരൊക്കെ നിങ്ങളുടെ ആരാധ്യന്‍മാരാണല്ലോ; ഇവര്‍ക്ക് അറിയുവാനും, പറയുവാനും സാധിക്കണമല്ലോ; ഇവര്‍ പറയട്ടെ – ഇവരോടു തന്നെ ചോദിച്ചുനോക്കുവിന്‍’. കുറിക്കുകൊണ്ട ഉത്തരം!

21:64
  • فَرَجَعُوٓا۟ إِلَىٰٓ أَنفُسِهِمْ فَقَالُوٓا۟ إِنَّكُمْ أَنتُمُ ٱلظَّـٰلِمُونَ ﴾٦٤﴿
  • അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സുകളിലേക്കു മടങ്ങി; എന്നിട്ടു, അവര്‍ (തമ്മില്‍) പറഞ്ഞു: 'നിശ്ചയമായും, നിങ്ങള്‍ തന്നെയാണ് അക്രമികള്‍!'
  • فَرَجَعُوا അപ്പോള്‍ അവര്‍ മടങ്ങി إِلَىٰ أَنفُسِهِمْ അവരുടെ മനസ്സുകളിലേക്കു فَقَالُوا എന്നിട്ടു അവര്‍ പറഞ്ഞു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ أَنتُمُ നിങ്ങള്‍ തന്നെയാണു الظَّالِمُونَ അക്രമികള്‍
21:65
  • ثُمَّ نُكِسُوا۟ عَلَىٰ رُءُوسِهِمْ لَقَدْ عَلِمْتَ مَا هَـٰٓؤُلَآءِ يَنطِقُونَ ﴾٦٥﴿
  • പിന്നെ, അവര്‍ തലകുത്തനെ മറിഞ്ഞു [ലജ്ജിച്ചു തലതാഴ്‌ത്തി:] ഇവര്‍ സംസാരിക്കുകയില്ലെന്നു നിനക്കറിയാമല്ലോ!' (എന്നായി).
  • ثُمَّ പിന്നീടു نُكِسُوا അവര്‍ കീഴ്മേലാക്കപ്പെട്ടു, കുത്തനെ മറിഞ്ഞു عَلَىٰ رُءُوسِهِمْ തങ്ങളുടെ തലകളില്‍ (തല കുത്തനെയായി) لَقَدْ عَلِمْتَ തീര്‍ച്ചയായും നിനക്കറിയാമല്ലോ مَا هَـٰؤُلَاءِ ഇവരില്ല, ഇക്കൂട്ടരില്ല يَنطِقُونَ സംസാരിക്കുക, മിണ്ടുക.

സ്വന്തം ദേഹങ്ങളില്‍ നേരിടുന്ന ആപത്തുപോലും തടുക്കുവാനോ, മനസ്സിലാക്കുവാനോ, പറഞ്ഞറിയിക്കുവാനോ കഴിയാത്ത ആ നിര്‍ജ്ജീവവസ്തുക്കളെ ദൈവങ്ങളാക്കിവെക്കുന്നതു കടുത്ത വിഡ്ഢിത്തമാണെന്ന് അപ്പോള്‍ അവരുടെ മനസ്സാക്ഷി അവരോടു പറഞ്ഞു. ഇബ്രാഹീം (عليه السلام) നബി കൊണ്ടുവന്ന ന്യായത്തിന്റെ അജയ്യശക്തിക്കു മുമ്പില്‍ അവര്‍, തല്‍ക്കാലമെങ്കിലും ലജ്ജിച്ചു തലകുനിച്ചു. പക്ഷേ, താമസിയാതെ അവര്‍ ഭാവംമാറ്റി സംസാരിക്കുവാന്‍ തുടങ്ങി. ‘ഇവയ്ക്കു സംസാരിക്കുവാന്‍ കഴിവില്ലെന്നു നിനക്കറിഞ്ഞുകൂടെ?! പിന്നെ എങ്ങിനെയാണ് അവയോടു ചോദിച്ചുനോക്കുവാന്‍ പറയുന്നത്?!’ എന്നുപറഞ്ഞു. അദ്ദേഹം ആ അവസരം ഉപയോഗപ്പെടുത്തി:

21:66
  • قَالَ أَفَتَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمْ شَيْـًٔا وَلَا يَضُرُّكُمْ ﴾٦٦﴿
  • അദ്ദേഹം പറഞ്ഞു: 'എന്നാല്‍ (പിന്നെ) അല്ലാഹുവിനു പുറമെ, നിങ്ങള്‍ക്കു യാതൊരു ഉപകാരമാകട്ടെ, ഉപദ്രവമാകട്ടെ ചെയ്യാത്തതിനെ നിങ്ങള്‍ ആരാധിക്കുകയാണോ?!
  • قَالَ അദ്ദേഹം പറഞ്ഞു أَفَتَعْبُدُونَ അപ്പോള്‍ (എന്നാല്‍, പിന്നെ) നിങ്ങള്‍ ആരാധിക്കുന്നുവോ مِن دُونِ اللَّـهِ അല്ലാഹുവിനു പുറമേ مَا لَا يَنفَعُكُمْ നിങ്ങള്‍ക്കു ഉപകാരം ചെയ്യാത്തതിനെ شَيْئًا യാതൊന്നും, ഒട്ടും وَلَا يَضُرُّكُمْ നിങ്ങള്‍ക്കു ഉപദ്രവവും ചെയ്യാത്ത
21:67
  • أُفٍّ لَّكُمْ وَلِمَا تَعْبُدُونَ مِن دُونِ ٱللَّهِ ۖ أَفَلَا تَعْقِلُونَ ﴾٦٧﴿
  • ഛെ! നിങ്ങളും, അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധിക്കുന്ന വസ്തുക്കളും! [ലജ്ജാവഹം!] നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ?!'
  • أُفٍّ 'ഛെ' , 'പ്പെ' (ഞാന്‍ വെറുപ്പു പ്രകടിപ്പിക്കുന്നു) لَّكُمْ നിങ്ങള്‍ക്കു, നിങ്ങളോട് وَلِمَا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നതിനോടും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ أَفَلَا تَعْقِلُونَ അപ്പോൾ നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ, മനസ്സിരുത്തുന്നില്ലേ

ഇവയെ ആരാധ്യ വസ്തുക്കളായി സ്വീകരിച്ചതില്‍ നിങ്ങളോടും, അവയോടും എനിക്കുള്ള അറപ്പും, വെറുപ്പും ഞാനിതാ തുറന്നു പ്രഖ്യാപിക്കുന്നു! അല്‍പമെങ്കിലും ബുദ്ധി കൊടുത്ത് നിങ്ങള്‍ക്കൊന്നു ചിന്തിച്ചുനോക്കിക്കൂടെ?! എന്നു സാരം. അനുകരണം മതാടിസ്ഥാനമാക്കിയ അവര്‍ അതിനു തയ്യാറാവുക എളുപ്പമല്ലല്ലോ. അവര്‍ കയ്യൂക്കും, അക്രമവും തന്നെ നടത്തുവാന്‍ തീരുമാനിച്ചു. എന്തു കടുംകൈ ഉപയോഗിച്ചും തങ്ങളുടെ വിഗ്രഹങ്ങളെ രക്ഷിക്കണമെന്ന് അവരുടെ ദുരഭിമാനം അവരോടു ശാസിച്ചു:

21:68
  • قَالُوا۟ حَرِّقُوهُ وَٱنصُرُوٓا۟ ءَالِهَتَكُمْ إِن كُنتُمْ فَـٰعِلِينَ ﴾٦٨﴿
  • അവര്‍ പറഞ്ഞു: 'ഇവനെ നിങ്ങള്‍ ചുട്ടെരിക്കുവിന്‍; നിങ്ങളുടെ ആരാധ്യന്‍മാരെ സഹായിക്കുകയും ചെയ്യുവിന്‍ - നിങ്ങള്‍ (വല്ലതും) ചെയ്യുന്നവരാണെങ്കില്‍!'
  • قَالُوا അവര്‍ പറഞ്ഞു حَرِّقُوهُ നിങ്ങള്‍ അവനെ ചുട്ടെരിക്കുവിന്‍ وَانصُرُوا സഹായിക്കയും ചെയ്യുവിന്‍ آلِهَتَكُمْ നിങ്ങളുടെ ആരാധ്യന്‍മാരെ إِن كُنتُمْ നിങ്ങള്‍ ആണെങ്കില്‍ فَاعِلِينَ ചെയ്യുന്നവര്‍
21:69
  • قُلْنَا يَـٰنَارُ كُونِى بَرْدًا وَسَلَـٰمًا عَلَىٰٓ إِبْرَٰهِيمَ ﴾٦٩﴿
  • നാം [അല്ലാഹു] പറഞ്ഞു: 'തീയേ! നീ ശീതളവും, ഇബ്രാഹീമിനു രക്ഷയും ആയിത്തീരുക!' എന്ന്.
  • قُلْنَا നാം പറഞ്ഞു يَا نَارُ ഹേ തീയേ كُونِي നീ ആയിത്തീരുക بَرْدًا ശീതളം, തണുപ്പ് وَسَلَامًا രക്ഷയും, ശാന്തിയും عَلَىٰ إِبْرَاهِيمَ ഇബ്രാഹീമിനു
21:70
  • وَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَخْسَرِينَ ﴾٧٠﴿
  • അദ്ദേഹത്തെക്കൊണ്ട് അവര്‍ ഒരു തന്ത്രം ഉദ്ദേശിച്ചു; എന്നാല്‍, നാം അവരെത്തന്നെ ഏറ്റവും നഷ്ടപ്പെട്ടവരാക്കി.
  • وَأَرَادُوا അവര്‍ ഉദ്ദേശിച്ചു بِهِ അദ്ദേഹത്തെക്കൊണ്ടു كَيْدًا ഒരു തന്ത്രം, ഉപായം, കെണി فَجَعَلْنَاهُمُ എന്നാല്‍ നാം അവരെ ആക്കി الْأَخْسَرِينَ ഏറ്റവും നഷ്ടപ്പെട്ടവര്‍, വലിയ നഷ്ടക്കാര്‍

അവര്‍ വമ്പിച്ച ഒരു അഗ്നികുണ്ഡം തയ്യാറാക്കി. കുറേ ദിവസം തുടര്‍ച്ചയായി അതില്‍ തീകത്തിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ദൈവങ്ങളെ വെട്ടിനുറുക്കിയ കൊലപ്പുള്ളിയെ ചുട്ടെരിക്കുവാനുള്ള സംരംഭത്തില്‍ സഹകരിക്കുവാന്‍ അവര്‍ ഓരോരുത്തരും തയ്യാറെടുത്തിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. രോഗം സുഖപ്പെടുവാനായി ആ അഗ്നികുണ്ഡത്തിലേക്കു വിറകുകെട്ടു കൊണ്ടുപോയികൊടുക്കുവാന്‍ പല സ്ത്രീകളും നേര്‍ച്ച നേരുക കൂടി ചെയ്തതായി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞു കാണുന്നു. അന്ധവിശ്വാസങ്ങളില്‍ അകപ്പെട്ട് ഇതുപോലെ അനേകം അനാചാരങ്ങളെ പുണ്യകര്‍മ്മങ്ങളായിക്കരുതിപ്പോരുന്ന മുസ്‌ലിം സ്ത്രീ പുരുഷന്മാരെ നാം ഇന്നും കാണാറുള്ളതാണല്ലോ.

അങ്ങനെ തൌഹീദിന്റെ മാര്‍ഗ്ഗത്തില്‍ പടപൊരുതിയ ബാബിലോണിയായിലെ ഒന്നാമത്തെ സമരവീരന്‍, അല്ലാഹുവിനെയല്ലാതെ ഇലാഹാക്കുവാന്‍ പാടില്ലെന്ന് ഭൂമിയില്‍ തുറന്നു പ്രഖ്യാപിച്ച 16കാരനായ ഏക യുവാവ്, ശിര്‍ക്കിന്റെ വൈതാളികന്‍മാരെ മണല്‍തരിയോളം ഭയപ്പെടാതെ ‘ജിഹാദി’നു (ധര്‍മ്മയുദ്ധത്തിനു) ഒരുങ്ങിയ ആ വിപ്ളവകാരി- അതെ അനേകം പ്രവാചകന്‍മാര്‍ക്ക് ജനയിതാവും, സത്യവിശ്വാസികള്‍ക്കു മാതൃകയും, അന്ധവിശ്വാസികളോടു സമരം നടത്തുന്ന ‘മുജാഹിദു’കള്‍ക്കു നായകനുമായ ഇബ്രാഹീം (عليه السلام) നബി – ആ അഗ്നികുണ്ഡത്തില്‍ ആഹൂതിചെയ്യപ്പെട്ടു! തീയില്‍ എറിയപ്പെട്ടു! ഇല്ല – അദ്ദേഹം വെന്തുകരിഞ്ഞില്ല! മരണപ്പെട്ടുപോയതുമില്ല! തീയിനു ചൂടു നിശ്ചയിച്ച അതേ സൃഷ്ടാവ് – ഏതൊരുത്തന്റെ പരിശുദ്ധനാമത്തില്‍ അദ്ദേഹം ജനങ്ങളെ നരകത്തിന്റെ തീയില്‍ നിന്നു രക്ഷിക്കുവാന്‍ പരിശ്രമിച്ചുവോ ആ നാഥന്‍ – തീയിനോടു തണുത്തുകൊള്ളുവാന്‍ ഉത്തരവിട്ടു! പോരാ – തണുത്താലും പോരാ – തന്റെ സുഹൃത്തിനു രക്ഷയും സമാധാനവും കൂടിയായിരിക്കണമെന്ന് കല്‍പിച്ചു. ആ വമ്പിച്ച തീകുണ്ഡം അദ്ദേഹത്തിന് ഉല്ലാസഭവനമായി മാറി! പിശാചിന്റെ സൈന്യം പരാജയപ്പെടുകയും ചെയ്തു!

തീയില്‍ എറിയപ്പെട്ട അവസരത്തില്‍ ഇബ്രാഹീം (عليه السلام) നബി حَسْبِيَ اللهُ وَنِعْمَ الْوَكِيل (എനിക്കു അല്ലാഹു മതി; ഭരമേല്‍പിക്കപ്പെടുവാന്‍ അവന്‍ എത്ര വിശിഷ്ഠന്‍!) എന്നു പറഞ്ഞുകൊണ്ടിരുന്നു. ജിബ്‌രീല്‍ (عليه السلام) വന്ന് ‘വല്ല ആവശ്യവും പറയുവാനുണ്ടോ’ എന്നന്വേഷിച്ചു. ‘താങ്കളോടൊന്നും പറയുവാനില്ല’ എന്നായിരുന്നു ഉത്തരം. മലക്കു വീണ്ടും ഉണര്‍ത്തിച്ചു: ‘എന്നാല്‍ താങ്കളുടെ റബ്ബിനോടു ചോദിക്കുക!’ അവിടുന്നു പ്രതിവചിച്ചു: عِلمُهُ بِحَالِي يُغْنِي عَنْ سُؤَالِي (എന്റെ അവസ്ഥയെക്കുറിച്ച് അവന്‍ അറിയുന്നതുകൊണ്ട് ഞാന്‍ ചോദിക്കേണ്ടുന്ന ആവശ്യമില്ല.).

ചിന്തിച്ചു നോക്കുക! ഇതാണ് ഈമാനിന്റെ മാതൃക! ഇതാണ് സത്യവിശ്വാസത്തിന്റെ അചഞ്ചലമായ ഹൃദയം! അതെ, ‘നിശ്ചയമായും, ഇബ്രാഹീമിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങള്‍ക്കു നല്ലതായ മാതൃകയുണ്ട്.’

(قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ – الممتحنة)

ഇബ്രാഹീം (عليه السلام) നബിയുടെ ജീവചരിത്രസംക്ഷേപം സൂ: ഇബ്രാഹീമിന്റെ പ്രാരംഭമായി കൊടുത്തിട്ടുള്ളതു ശ്രദ്ധിക്കുക. അദ്ദേഹം അഗ്നിയില്‍ എറിയപ്പെട്ട സംഭവത്തെ നിഷേധിക്കുന്നവരുടെ ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചുള്ള നിരൂപണം ഈ സൂറത്തിന്റെ അവസാനം പ്രത്യേകം വ്യാഖ്യാനക്കുറിപ്പായി കൊടുത്തിട്ടുണ്ട്.

21:71
  • وَنَجَّيْنَـٰهُ وَلُوطًا إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا لِلْعَـٰلَمِينَ ﴾٧١﴿
  • അദ്ദേഹത്തെയും ലൂത്ത്വിനെയും - യാതൊരു ഭൂമിയില്‍ നാം ലോകര്‍ക്കുവേണ്ടി ഗുണാഭിവൃദ്ധിയുണ്ടാക്കിയിരുന്നുവോ അതിലേക്കു നാം രക്ഷപ്പെടുത്തി;
  • وَنَجَّيْنَاهُ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു وَلُوطًا ലൂത്തിനെയും إِلَى الْأَرْضِ ഭൂമിയിലേക്കു الَّتِي بَارَكْنَا നാം ഗുണാഭിവൃദ്ധിയുണ്ടാക്കിയ, ആശീര്‍വാദം നല്‍കിയ فِيهَا അതില്‍ لِلْعَالَمِينَ ലോകര്‍ക്കു, ലോകര്‍ക്കുവേണ്ടി
21:72
  • وَوَهَبْنَا لَهُۥٓ إِسْحَـٰقَ وَيَعْقُوبَ نَافِلَةً ۖ وَكُلًّا جَعَلْنَا صَـٰلِحِينَ ﴾٧٢﴿
  • ഇസ്ഹാഖിനെയും, കൂടുതലായി യഅ്ഖൂബിനെയും അദ്ദേഹത്തിന് ദാനം കൊടുക്കുകയും ചെയ്തു; എല്ലാവരെയും നാം സദ്‌വൃത്തരാക്കുകയും ചെയ്തു.
  • وَوَهَبْنَا നാം ദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനെയും نَافِلَةً കൂടുതലായി, വര്‍ദ്ധനവായി, അധികമായി وَكُلًّا എല്ലാവരെയും جَعَلْنَا നാം ആക്കി صَالِحِينَ സദ്‌വൃത്തന്‍മാര്‍, നല്ല ആളുകള്‍

21:73
  • وَجَعَلْنَـٰهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا وَأَوْحَيْنَآ إِلَيْهِمْ فِعْلَ ٱلْخَيْرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِ ۖ وَكَانُوا۟ لَنَا عَـٰبِدِينَ ﴾٧٣﴿
  • അവരെ നാം നമ്മുടെ കൽപന പ്രകാരം (ജനങ്ങള്‍ക്കു) മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന നേതാക്കളാക്കുകയും ചെയ്തു. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാനും, നമസ്ക്കാരം നിലനിറുത്തുവാനും, 'സകാത്തു' (വിശുദ്ധധര്‍മ്മം) കൊടുക്കുവാനും നാം അവര്‍ക്കു ബോധനം നല്‍കുകയും ചെയ്തു. അവര്‍ നമ്മെ ആരാധിക്കുന്നവരുമായിരുന്നു.
  • وَجَعَلْنَاهُمْ നാം അവരെ ആക്കുകയും ചെയ്തു أَئِمَّةً നേതാക്കള്‍, മുമ്പന്‍മാര്‍ يَهْدُونَ മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന بِأَمْرِنَا നമ്മുടെ കല്‍പന പ്രകാരം وَأَوْحَيْنَا നാം വഹ്-യു (ബോധനം) നല്‍കുകയും ചെയ്തു إِلَيْهِمْ അവര്‍ക്കു فِعْلَ الْخَيْرَاتِ നല്ല കാര്യങ്ങള്‍ ചെയ്‌വാന്‍ وَإِقَامَ الصَّلَاةِ നമസ്കാരം നിലനിറുത്തുവാനും وَإِيتَاءَ الزَّكَاةِ സക്കാത്തു കൊടുക്കുവാനും وَكَانُوا അവര്‍ ആയിരുന്നുതാനും لَنَا നമുക്കു നമ്മെ عَابِدِينَ ആരാധന ചെയ്യുന്നവര്‍

ഇബ്രാഹീം (عليه السلام)യുടെ  സഹോദരനായ ഹാറാന്റെ (هاران) മകനാണ് ലൂത്ത്വ് നബി (عليه السلام). രണ്ടുപേരും സ്വദേശം വിട്ട് പല യാത്രകള്‍ക്കുശേഷം, ശാം പ്രദേശങ്ങളില്‍ വന്നു താമസമുറപ്പിച്ചു. മതപരമായും, ഭൗതികമായും വളരെ അഭിവൃദ്ധിപ്രാപിച്ച ഒരു അനുഗ്രഹീത രാജ്യമാണ് ശാം. ഭൂമുഖത്തു ജനവാസമുണ്ടായിരുന്ന നാടുകളില്‍ വെച്ച് ഏറ്റവുമധികം പ്രവാചകന്‍മാര്‍ ജീവിച്ചിരുന്നതും, തൗറാത്ത്, ഇഞ്ചീല്‍ മുതലായ വേദഗ്രന്ഥങ്ങള്‍ അവതരിച്ചതും ആ ഭൂമിയിലായിരുന്നു. സമ്പല്‍സമൃദ്ധമായ ആ രാജ്യങ്ങള്‍ അന്നും ഇന്നും ഭൂമിശാസ്ത്ര പ്രധാനങ്ങളാകുന്നു. പില്‍ക്കാലത്തുണ്ടായ പ്രവാചകന്‍മാരില്‍ അധികവും, ഇബ്രാഹീം (عليه السلام) നബിയുടെ സന്താനപരമ്പരകളില്‍ പെട്ടവരത്രെ. 72, 73 ആയത്തുകളില്‍ പറഞ്ഞ സംഗതികള്‍ ഓരോന്നും ഇബ്രാഹീം നബിക്കു അല്ലാഹുവിന്റെ അടുക്കലുള്ള സാമീപ്യത്തെയും, സ്നേഹത്തെയും കുറിക്കുന്നു. ഇസ്ഹാഖു (عليه السلام) അദ്ദേഹത്തിന്റെ നേരെ പുത്രനും, യഅ്ഖൂബ് (عليه السلام) പൗത്രനുമാകുന്നു. തനിക്കു ഒരു മകനുണ്ടാകുവാന്‍ വേണ്ടി അദ്ദേഹം ദുആ ചെയ്തിരുന്നു. മകനു പുറമെ മകന്റെ മകനെയും അല്ലാഹു നല്‍കി. അതുകൊണ്ടാണ് യഅ്ഖൂബ് (عليه السلام) നബിയെപ്പറ്റി ഔദാര്യമെന്ന നിലക്ക് കൂടുതലായി (نَافِلَةً) കൊടുത്തു എന്നു് പറഞ്ഞത്. ഇബ്രാഹീം (عليه السلام) നബിയുടെ ശ്രേഷ്ഠതക്കു മകുടം ചാര്‍ത്തുവാന്‍ وَاتَّخَذَ اللَّـهُ إِبْرَاهِيمَ خَلِيلًا – (ഇബ്രാഹീമിനെ അല്ലാഹു സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു) എന്ന് സൂറത്തുന്നിസാഉ് 125ല്‍ അല്ലാഹു പറഞ്ഞവാക്യം മാത്രം മതിയാകും!

21:74
  • وَلُوطًا ءَاتَيْنَـٰهُ حُكْمًا وَعِلْمًا وَنَجَّيْنَـٰهُ مِنَ ٱلْقَرْيَةِ ٱلَّتِى كَانَت تَّعْمَلُ ٱلْخَبَـٰٓئِثَ ۗ إِنَّهُمْ كَانُوا۟ قَوْمَ سَوْءٍ فَـٰسِقِينَ ﴾٧٤﴿
  • ലൂത്ത്വിനാകട്ടെ, അദ്ദേഹത്തിനു നാം ന്യായവിധിയും, ജ്ഞാനവും നല്‍കി. ദുര്‍വൃത്തികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന (ആ) നാട്ടില്‍നിന്നു അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. നിശ്ചയമായും, അവര്‍ [ആ നാട്ടുകാര്‍] ദുര്‍ന്നടപ്പുകാരായ ഒരു ചീത്ത ജനതയായിരുന്നു.
  • وَلُوطًا ലൂത്ത്വിനാകട്ടെ, ലൂത്ത്വിനും തന്നെ آتَيْنَاهُ അദ്ദേഹത്തിനു നാം നല്‍കി حُكْمًا ന്യായവിധി, വിധി وَعِلْمًا അറിവും, ജ്ഞാനവും وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു مِنَ الْقَرْيَةِ നാട്ടില്‍നിന്നു, രാജ്യത്തില്‍ നിന്നു الَّتِي كَانَت ആയിരുന്നതായ تَّعْمَلُ الْخَبَائِثَ ദുര്‍വൃത്തികള്‍ (നീചവൃത്തികള്‍) പ്രവര്‍ത്തിച്ചിരുന്ന إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു قَوْمَ سَوْءٍ ഒരു ചീത്ത ജനത فَاسِقِينَ ദുര്‍ന്നടപ്പുകാരായ

21:75
  • وَأَدْخَلْنَـٰهُ فِى رَحْمَتِنَآ ۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ ﴾٧٥﴿
  • നമ്മുടെ കാരുണ്യത്തില്‍ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കുകയും ചെയ്തു. നിശ്ചയമായും, അദ്ദേഹം സദ്‌വൃത്തന്‍മാരില്‍പെട്ടവനാകുന്നു.
  • وَأَدْخَلْنَاهُ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കയും ചെയ്തു فِي رَحْمَتِنَا നമ്മുടെ കാരുണ്യത്തില്‍, അനുഗ്രഹത്താല്‍ إِنَّهُ നിശ്ചയമായും അദ്ദേഹം مِنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍പെട്ടവനാണ്

ലൂത്ത്വനബി (عليه السلام)ന്റെ നാട്ടുകാര്‍, തോന്നിയവാസികളും, ദുര്‍വൃത്തിക്കാരുമായിരുന്നു. സ്ത്രീകള്‍ക്കു പകരം, പ്രകൃതിവിരുദ്ധമായ നിലയില്‍ പുരുഷസംസര്‍ഗ്ഗംകൊണ്ട് കാമനിവൃത്തി വരുത്തുകയെന്ന വൃത്തികെട്ട സമ്പ്രദായം അവര്‍ സ്വീകരിച്ചുവന്നു. അവരുടെമേല്‍ അല്ലാഹുവിന്റെ കോപം ഇറങ്ങുകയും, രാജ്യം ഒന്നാകെ കീഴ്മേലായി മറിക്കപ്പെടുകയും ഉണ്ടായി. അതിഭയങ്കരമായ ഈ സംഭവത്തെപ്പറ്റി സൂറത്ത് അഅ്റാഫ് (80-84), ഹൂദ്‌ (77-83), ഹിജ്ര്‍ (61-77) എന്നിവയിലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. സൂറത്ത് – ശുഅറാഇലും കൂടുതല്‍ വിവരം വരുന്നതാണ്.

إن شاء الله ലൂത്ത്വ് കടല്‍ (بحر لوط), ചാവുകടല്‍ (بحر الميت) എന്നും മറ്റുമുള്ള പേരുകളില്‍ അറിയപ്പെടുന്ന തടാകം അതിന്റെ ദൃഷ്ടാന്തമായി ഇന്നും നിലകൊള്ളുന്നു. (*). പ്രസ്തുത സംഭവത്തിനു മുമ്പായി ലൂത്ത്വ് നബിയെയും വീട്ടുകാരെയും അല്ലാഹു രക്ഷപ്പെടുത്തി. അദ്ദേഹത്തിനു ന്യായവിധി (حُكْم) നല്‍കി എന്നു പറഞ്ഞതില്‍ പ്രവാചകത്വവും, കാര്യങ്ങളില്‍ വിധികൊടുക്കുവാനുള്ള അറിവും പ്രാപ്തിയും ഉള്‍പ്പെടുന്നതാണ്.


(*) പടം 5ഉം മറ്റും നോക്കുക, സൂഃ ശൂഅറാഇൽ ഈ തടാകത്തെക്കുറിച്ചു കൂടുതൽ വിവരണം വരുന്നതാണ്.