9:90
 • وَجَآءَ ٱلْمُعَذِّرُونَ مِنَ ٱلْأَعْرَابِ لِيُؤْذَنَ لَهُمْ وَقَعَدَ ٱلَّذِينَ كَذَبُوا۟ ٱللَّهَ وَرَسُولَهُۥ ۚ سَيُصِيبُ ٱلَّذِينَ كَفَرُوا۟ مِنْهُمْ عَذَابٌ أَلِيمٌ ﴾٩٠﴿
 • `അഅ്‌റാബി' [മരുഭൂവാസി]കളില്‍ നിന്ന്‌ ഒഴികഴിവ്‌ സമര്‍പ്പിക്കുന്നവര്‍, തങ്ങള്‍ക്ക്‌ സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി വന്നു. അല്ലാഹുവിനോടും, അവന്‍റെ റസൂലിനോടും വ്യാജം പറഞ്ഞവര്‍ (വീട്ടില്‍) ഇരിക്കുകയും ചെയ്‌തു. അവരില്‍ നിന്ന്‌ അവിശ്വസിച്ചിട്ടുള്ളവര്‍ക്ക്‌ വഴിയെ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്‌.
 • وَجَاءَ = വന്നു,വരുകയും ചെയ്‌തു الْمُعَذِّرُونَ = ഒഴികഴിവ്‌ സമര്‍പ്പിക്കുന്ന (പറയുന്ന)വര്‍ مِنَ الْأَعْرَابِ = അഅ്‌റാബി (മരുഭൂവാസി)കളില്‍ നിന്ന്‌ لِيُؤْذَنَ = സമ്മതം നല്‍കപ്പെടുവാന്‍ വേണ്ടി لَهُمْ = അവര്‍ക്ക്‌, وَقَعَدَ = തങ്ങള്‍ക്ക്‌ ഇരിക്കു (ഇരുപ്പിലാകു) കയും ചെയ്‌തു الَّذِينَ كَذَبُوا = വ്യാജം പറഞ്ഞവര്‍ اللَّهَ وَرَسُولَهُ = അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും سَيُصِيبُ = വഴിയെ ബാധിക്കും الَّذِينَ كَفَرُوا = അവിശ്വസിച്ചവര്‍ക്ക്‌ مِنْهُمْ = അവരില്‍ നിന്ന്‌ عَذَابٌ أَلِيمٌ = വേദനയേറിയ ശിക്ഷ
മരുപ്രദേശങ്ങളില്‍ താമസിച്ചുവരുന്ന ഉള്‍നാട്ടുകാരായ അറബികള്‍ക്കാണ്‌ الْأَعْرَابِ (അഅ്‌റാബികള്‍) എന്ന്‌ പറയപ്പെടുന്നത്‌. ഇവര്‍ക്ക്‌ `ബദു’ക്കള്‍ (البدو) എന്നും പറയാറുണ്ട്‌. അഅ്‌റാബികളില്‍പെട്ട പലരും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു തങ്ങള്‍ക്ക്‌ തബൂക്ക്‌ യാത്രയില്‍ പങ്കെടുക്കുവാന്‍ സാധിക്കാതിരിക്കുമാറുള്ള ചില ഒഴികഴിവുകള്‍ സമര്‍പ്പിച്ചുകൊണ്ട്‌ അതിന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സമ്മതം തേടുകയുണ്ടായി. അവരിലുണ്ടായിരുന്ന കപടവിശ്വാസികളാകട്ടെ, ഇല്ലാത്ത കാരണങ്ങള്‍ കളവായി പറഞ്ഞു പിന്‍മാറിക്കളയുകയും ചെയ്‌തു. അങ്ങനെ, അവിശ്വാസം നിമിത്തം കളവ്‌ പറഞ്ഞവരെപ്പറ്റിയാണ്‌ `വഴിയെ വേദനയേറിയ ശിക്ഷ ബാധിക്കു’ മെന്നു പറഞ്ഞത്‌.
യുദ്ധയാത്രകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ ഒഴിവാകുവാന്‍ തക്കതായ മുടക്കുകളുള്ളവര്‍ ആരൊക്കെയാണെന്ന്‌ അടുത്ത വചനങ്ങളില്‍ വിവരിക്കുന്നു.
9:91
 • لَّيْسَ عَلَى ٱلضُّعَفَآءِ وَلَا عَلَى ٱلْمَرْضَىٰ وَلَا عَلَى ٱلَّذِينَ لَا يَجِدُونَ مَا يُنفِقُونَ حَرَجٌ إِذَا نَصَحُوا۟ لِلَّهِ وَرَسُولِهِۦ ۚ مَا عَلَى ٱلْمُحْسِنِينَ مِن سَبِيلٍ ۚ وَٱللَّهُ غَفُورٌ رَّحِيمٌ ﴾٩١﴿
 • ബലഹീനരുടെ മേലാകട്ടെ, രോഗികളുടെ മേലാകട്ടെ, ചിലവഴിക്കുവാനുള്ളത്‌ കിട്ടാത്തവരുടെ മേലാകട്ടെ, ഒരു വിഷമവും [കുറ്റവും] ഇല്ല; അവര്‍ അല്ലാഹുവിനും, അവന്‍റെ റസൂലിനും ഗുണം കാംക്ഷിച്ചാല്‍ (അഥവാ നിഷ്‌കളങ്കരായിരുന്നാല്‍) സല്‍ഗുണവാന്‍മാരുടെ മേല്‍ യാതൊരു മാര്‍ഗവും (സ്വീകരിക്കുവാന്‍) ഇല്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
 • لَّيْسَ = ഇല്ല عَلَى الضُّعَفَاءِ = ബലഹീനരുടെ (ദുര്‍ബലന്‍മാരുടെ)മേല്‍ وَلَا عَلَى الْمَرْضَىٰ = രോഗികളുടെ മേലും ഇല്ല وَلَا عَلَى الَّذِينَ = യാതൊരു കൂട്ടരുടെ മേലും ഇല്ല لَا يَجِدُونَ = അവര്‍ക്ക്‌ കിട്ടുകയില്ല مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്നത്‌, ചിലവഴിക്കേണ്ടത്‌ حَرَجٌ = ഒരു വിഷമവും إِذَا نَصَحُوا = അവര്‍ ഗുണംകാംക്ഷിച്ചാല്‍ لِلَّهِ وَرَسُولِهِ = അല്ലാഹുവിനും അവന്‍റെ റസൂലിനും مَا عَلَى الْمُحْسِنِينَ = സല്‍ഗുണവാന്‍മാരുടെ (പുണ്യവാന്‍മാരുടെ) മേല്‍ ഇല്ല مِن سَبِيلٍ = ഒരു മാര്‍ഗവും وَاللَّهُ = അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയാണ്‌
9:92
 • وَلَا عَلَى ٱلَّذِينَ إِذَا مَآ أَتَوْكَ لِتَحْمِلَهُمْ قُلْتَ لَآ أَجِدُ مَآ أَحْمِلُكُمْ عَلَيْهِ تَوَلَّوا۟ وَّأَعْيُنُهُمْ تَفِيضُ مِنَ ٱلدَّمْعِ حَزَنًا أَلَّا يَجِدُوا۟ مَا يُنفِقُونَ ﴾٩٢﴿
 • യാതൊരു കൂട്ടരുടെ മേലും (ഒരു മാര്‍ഗവും) ഇല്ല; നീ അവരെ (വാഹനം) കയറ്റിക്കൊടുക്കുവാന്‍ വേണ്ടി നിന്‍റെ അടുക്കല്‍ അവര്‍ വന്നപ്പോള്‍, നീ (അവരോട്‌) പറഞ്ഞു: `നിങ്ങളെ കയറ്റുവാനുള്ളത്‌ [അതിനുള്ള വക] ഞാന്‍ കണ്ടെത്തുന്നില്ല; (അങ്ങനെ) വ്യസനത്താല്‍ തങ്ങളുടെ കണ്ണുകള്‍ അശ്രു (ധാര) ഒഴുകിക്കൊണ്ട്‌ അവര്‍ തിരിഞ്ഞുപോയി; തങ്ങള്‍ക്ക്‌ ചിലവഴിക്കുവാനുള്ളത്‌ [അതിനുള്ള വക] അവര്‍ കണ്ടെത്താത്തതിനാല്‍!
 • وَلَا عَلَى الَّذِينَ = യാതൊരു കൂട്ടരുടെമേലും ഇല്ല إِذَا مَا أَتَوْكَ = അവര്‍ നിന്‍റെ അടുക്കല്‍ വന്നപ്പോള്‍ لِتَحْمِلَهُمْ = നീ അവരെ വഹിക്കുവാന്‍ (കയറ്റിക്കൊണ്ടു പോകുവാന്‍) വേണ്ടി قُلْتَ = നീ പറഞ്ഞു (പറഞ്ഞ സ്ഥിതിക്ക്‌) لَا أَجِدُ = ഞാന്‍ കണ്ടെത്തുന്നില്ല, എനിക്ക്‌ കിട്ടുന്നില്ല مَا أَحْمِلُكُمْ = നിങ്ങളെ ഞാന്‍ കയറ്റുന്നത്‌ عَلَيْهِ = അതില്‍ تَوَلَّوا = അവര്‍ തിരിഞ്ഞുപോയി وَّأَعْيُنُهُمْ = അവരുടെ കണ്ണുകളാകട്ടെ تَفِيضُ = ഒഴുകിക്കൊണ്ടിരിക്കുന്നു مِنَ الدَّمْعِ = കണ്ണുനീരിനാല്‍, അശ്രുവാല്‍ حَزَنًا = വ്യസനത്താല്‍, വ്യസനിച്ച്‌ أَلَّا يَجِدُوا = അവര്‍ കണ്ടെത്താതിരിക്കുന്ന (അവര്‍ക്ക്‌ കിട്ടാതിരുന്ന)തിനാല്‍ مَا يُنفِقُونَ = അവര്‍ ചിലവഴിക്കുന്നത്‌, ചിലവാക്കേണ്ടത്‌
9:93
 • ۞ إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَسْتَـْٔذِنُونَكَ وَهُمْ أَغْنِيَآءُ ۚ رَضُوا۟ بِأَن يَكُونُوا۟ مَعَ ٱلْخَوَالِفِ وَطَبَعَ ٱللَّهُ عَلَىٰ قُلُوبِهِمْ فَهُمْ لَا يَعْلَمُونَ ﴾٩٣﴿
 • നിശ്ചയമായും മാര്‍ഗം (ഉള്ളത്‌),തങ്ങള്‍ ധനികരായിരിക്കെ നിന്നോട്‌ സമ്മതം തേടുന്നവരുടെ മേല്‍ മാത്രമാകുന്നു. അവര്‍ പിന്തി നില്‍ക്കുന്ന സ്‌ത്രീകളോടു കൂടെയായിരിക്കുവാന്‍ തൃപ്‌തിപ്പെട്ടിരിക്കുകയാണ്‌. അവരുടെ ഹൃദയങ്ങളുടെമേല്‍ അല്ലാഹു മുദ്രകുത്തുകയും ചെയ്‌തിരിക്കുന്നു. അതിനാല്‍, അവര്‍ അറിയുന്നില്ല.
 • إِنَّمَا السَّبِيلُ = നിശ്ചയമായും മാര്‍ഗം عَلَى الَّذِينَ = യാതൊരുവരുടെ മേല്‍ തന്നെ (മാത്രം) يَسْتَأْذِنُونَكَ = അവര്‍ നിന്നോട്‌ സമ്മതം തേടുന്നു وَهُمْ = അവരാകട്ടെ, അവരായിരിക്കെ أَغْنِيَاءُ = ധനികരാണ്‌, ധനികന്‍മാര്‍ رَضُوا = അവര്‍ തൃപ്‌തിപ്പെട്ടു, തൃപ്‌തിപ്പെട്ടിരിക്കയാണ്‌ بِأَن يَكُونُوا = അവര്‍ ആയിരിക്കുവാന്‍ مَعَ الْخَوَالِفِ = പിന്തിനില്‍ക്കുന്ന സ്‌ത്രീകളുടെ കൂടെ, (നന്‍മയില്ലാത്ത) പിന്നോക്കക്കാരോടൊപ്പം وَطَبَعَ = മുദ്രകുത്തുകയും ചെയ്‌തിരിക്കുന്നു اللَّهُ = അല്ലാഹു عَلَىٰ قُلُوبِهِمْ = അവരുടെ ഹൃദയങ്ങള്‍ക്ക്‌ فَهُمْ = അതിനാല്‍ അവര്‍ لَا يَعْلَمُونَ = അറിയുന്നില്ല, അറിയുകയില്ല
യുദ്ധക്കല്‍പനകളില്‍ നിന്ന്‌ ഒഴിവ്‌ അനുവദിക്കപ്പെട്ടവരും, യുദ്ധയാത്രകളില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ നടപടിയൊന്നും സ്വീകരിക്കപ്പെടുവാന്‍ പാടില്ലാത്തവരും ആരൊക്കെയാണെന്ന്‌ അല്ലാഹു വ്യക്തമാക്കുന്നു.
(1) ബലഹീനന്‍മാര്‍: പ്രകൃത്യാ ദുര്‍ബ്ബലരായ കുട്ടികള്‍, സ്‌ത്രീകള്‍, വയോധികര്‍, അന്ധന്‍മാര്‍, മുടന്തന്‍മാര്‍ മുതലായവരൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു.
(2) രോഗികള്‍: യുദ്ധത്തിനും യാത്രക്കും വിഷമകരമായിത്തീരുന്ന രോഗങ്ങളുള്ള എല്ലാവരും ഇതില്‍ ഉള്‍പ്പെടും.
(3) ഭക്ഷണം, വാഹനം മുതലായ യാത്രച്ചിലവുകള്‍ക്ക്‌ വകയില്ലാത്തവര്‍: എന്നാല്‍, ഇവരും തന്നെ അല്ലാഹുവിനും റസൂലിനും എതിരെ വല്ല കുത്തിത്തിരുപ്പുകളും നടത്താതെ ഗുണകാംക്ഷികളും നിഷ്‌കളങ്കരുമായിരിക്കേണ്ടതുണ്ടെന്നും, വല്ല കുത്തിത്തിരിപ്പും അവരില്‍നിന്ന്‌ ഉണ്ടായിരുന്നപക്ഷം അവരുടെ മേലും നടപടികള്‍ എടുക്കേണ്ടതായി വരുമെന്നും ചൂണ്ടിക്കാട്ടിയിരിക്കുന്നു.
മൂന്നാമത്തെ വിഭാഗത്തില്‍പെട്ട ചില പ്രത്യേക വ്യക്തികളെപ്പറ്റിയാണ്‌ 92- ാം വചനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്‌. തബൂക്കിലേക്കുള്ള പടയെടുപ്പില്‍ പങ്കെടുക്കുവാന്‍ അവര്‍ക്ക്‌ വളരെയധികം ആഗ്രഹവും ആവേശവുമുണ്ടായിരുന്നു. പക്ഷേ, വാഹനത്തിനോ വഴിച്ചിലവുകള്‍ക്കോ ഒരു കഴിവും അവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു വല്ല വിധേനയും തങ്ങള്‍ക്ക്‌ വാഹനത്തിന്‌ മാര്‍ഗമുണ്ടാക്കിത്തന്ന്‌ തങ്ങളെക്കൂടി കൊണ്ടുപോകണമെന്നപേക്ഷിച്ചു. നിങ്ങളെ സഹായിച്ചു കൂടെക്കൊണ്ടുപോകുവാനുള്ള വകയൊന്നും എന്‍റെ പക്കല്‍ ഇല്ലെന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞപ്പോള്‍, അവര്‍ വ്യസനം താങ്ങുവാന്‍ കഴിയാതെ കരഞ്ഞു കണ്ണുനീരൊഴുക്കിക്കൊണ്ട്‌ തിരിച്ചുപോകേണ്ടിവന്നു. ഇവരെപ്പറ്റിയാണ്‌ അതിലെ പരാമര്‍ശം. ഈ സ്വഹാബികള്‍ بكاءون (അധികമായി കരഞ്ഞവര്‍) എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ധനവും, കഴിവുമുണ്ടായിരുന്നിട്ടും ഉപായങ്ങള്‍ പറഞ്ഞൊപ്പിച്ചു ഒഴിവാകുവാന്‍ ശ്രമിക്കുകയും, അങ്ങനെ സ്‌ത്രീകളെപ്പോലെ വീട്ടില്‍ അടഞ്ഞിരിക്കുവാന്‍ ഇഷ്‌ടപ്പെടുകയും ചെയ്‌തവരുടെ ഒഴികഴിവുകളാണ്‌ സ്വീകാര്യമല്ലാത്തത്‌; അവരുടെ മേല്‍ നടപടി എടുക്കുക തന്നെ വേണം; അവരുടെ ഹൃദയങ്ങളിലേക്ക്‌ നന്മകള്‍ പ്രവേശിക്കാത്തവിധം അവ അടഞ്ഞുപോയിരിക്കുന്നു; അതിനാല്‍ അവര്‍ക്ക്‌ കാര്യത്തിന്‍റെ ഗൗരവത്തെക്കുറിച്ചോ, തങ്ങളുടെ ഗുണത്തെക്കുറിച്ചോ അറിയുവാന്‍ കഴിയുകയില്ല എന്നൊക്കെയാണ്‌ 93-ാം വചനത്തില്‍ പ്രസ്‌താവിക്കുന്നത്‌.
യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും തക്കതായ കാരണം നിമിത്തം അതിന്‌ സാധിക്കാതെ വന്നവര്‍ക്ക്‌-അവര്‍ പങ്കെടുക്കാതെതന്നെ-അല്ലാഹു പ്രതിഫലം നല്‍കുന്നതാണെന്ന്‌ പല ഹദീഥുകളിലും വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി, അനസ്‌ (റ) പറയുന്നു: `മദീനയില്‍ ചില ജനങ്ങളുണ്ട്‌: നിങ്ങള്‍ വല്ല താഴ്‌വരയും കടന്നു പോകുകയോ, വഴിനടക്കുകയോ ചെയ്യുമ്പോഴൊക്കെ അവരും നിങ്ങളോടൊപ്പം ഉണ്ടാകാതിരിക്കുകയില്ല’ എന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായി. സ്വഹാബികള്‍ ചോദിച്ചു: `അവര്‍ മദീനയിലായിരിക്കുമ്പോഴുമോ?’ തിരുമേനി പറഞ്ഞു: `അതെ, മുടക്കുകള്‍ അവരെ തടഞ്ഞുവെച്ചിരിക്കുകയാണ്‌.’ (ബു;മു)
9:94
 • يَعْتَذِرُونَ إِلَيْكُمْ إِذَا رَجَعْتُمْ إِلَيْهِمْ ۚ قُل لَّا تَعْتَذِرُوا۟ لَن نُّؤْمِنَ لَكُمْ قَدْ نَبَّأَنَا ٱللَّهُ مِنْ أَخْبَارِكُمْ ۚ وَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٩٤﴿
 • നിങ്ങള്‍ അവരുടെ അടുക്കലേക്ക്‌ മടങ്ങി (എത്തി) യാല്‍ അവര്‍ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. (അവരോട്‌) പറയുക: `നിങ്ങള്‍ ഒഴികഴിവ്‌ പറയേണ്ട; നിങ്ങളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല; (കാരണം) നിങ്ങളുടെ വര്‍ത്തമാനങ്ങളില്‍ നിന്ന്‌ (ചിലതൊക്കെ) അല്ലാഹു ഞങ്ങള്‍ക്ക്‌ വിവരമറിയിച്ചിട്ടുണ്ട്‌. വഴിയെ നിങ്ങളുടെ പ്രവര്‍ത്തനം (എന്താണെന്ന്‌) അല്ലാഹുവും, അവന്‍റെ റസൂലും കാണുന്നതുമാണ്‌. പിന്നീട്‌, അദൃശ്യവും ദൃശ്യവും അറിയുന്നവനിലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച്‌ അവന്‍ നിങ്ങള്‍ക്ക്‌ വിവരം നല്‍കും.
 • يَعْتَذِرُونَ = അവര്‍ ഒഴികഴിവ്‌ പറയും إِلَيْكُمْ = നിങ്ങളിലേക്ക്‌ (വന്ന്‌), നിങ്ങളോട്‌ إِذَا رَجَعْتُمْ = നിങ്ങള്‍ മടങ്ങിയാല്‍ إِلَيْهِمْ = അവരിലേക്ക്‌ قُل = നീ പറയുക لَّا تَعْتَذِرُوا = നിങ്ങള്‍ ഒഴികഴിവു പറയേണ്ട لَن نُّؤْمِنَ = ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല, വിശ്വസിക്കയില്ലതന്നെ لَكُمْ = നിങ്ങളെ قَدْ نَبَّأَنَا = ഞങ്ങള്‍ക്ക്‌ വിവരം അറിയിച്ചിട്ടുണ്ട്‌, വര്‍ത്തമാനം നല്‍കിയിട്ടുണ്ട്‌ اللَّهُ = അല്ലാഹു مِنْ أَخْبَارِكُمْ = നിങ്ങളുടെ വര്‍ത്തമാനങ്ങളില്‍നിന്ന്‌ (ചിലത്‌) وَسَيَرَى = വഴിയെ കാണുകയും ചെയ്യും اللَّهُ = അല്ലാഹു عَمَلَكُمْ = നിങ്ങളുടെ പ്രവൃത്തിയെ, പ്രവര്‍ത്തനം وَرَسُولُهُ = അവന്‍റെ റസൂലും ثُمَّ = പിന്നീട്‌ تُرَدُّونَ = നിങ്ങള്‍ മടക്കപ്പെടും, ആക്കപ്പെടും إِلَىٰ عَالِمِ = അറിയുന്നവനിലേക്ക്‌ الْغَيْبِ = അദൃശ്യത്തെ, മറഞ്ഞ കാര്യം وَالشَّهَادَةِ = ദൃശ്യത്തെയും, വെളിവായതും فَيُنَبِّئُكُم = അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെക്കുറിച്ച്‌ تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
കഴിഞ്ഞ വചനത്തില്‍ പ്രസ്‌താവിച്ചവരെ-കഴിവുണ്ടായിരുന്നിട്ടും പടയെടുപ്പില്‍ പങ്കെടുക്കാതെ പിന്തി നിന്നവരെപറ്റിയാണ്‌ പ്രസ്‌താവിക്കുന്നത്‌. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും സ്വഹാബികളും തബൂക്കില്‍നിന്ന്‌ തിരിച്ചെത്തിയാല്‍ ഓരോ ഒഴികഴിവുകളുമായി അവര്‍ മുന്നോട്ട്‌ വരുമെന്നും, അപ്പോള്‍ അവരോട്‌ ഇന്നിന്നപ്രകാരം പറയണമെന്നും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അറിയിക്കുന്നു. നിങ്ങളുടെ ഈ ഒഴികഴിവുകളൊന്നും ഞങ്ങള്‍ക്ക്‌ കേള്‍ക്കേണ്ട, ഞങ്ങള്‍ നിങ്ങളെ വിശ്വസിക്കുവാന്‍ പോകുന്നില്ല, നിങ്ങളുടെ യഥാര്‍ഥ നിലയെപ്പറ്റി അല്ലാഹു ഞങ്ങള്‍ക്ക്‌ അറിവു തന്നിട്ടുണ്ട്‌, അതുകൊണ്ട്‌ നിങ്ങളുടെ ഒഴികഴിവുകള്‍ ഒന്നും സ്വീകാര്യമല്ല. അതിരിക്കട്ടെ, മേലില്‍ നിങ്ങള്‍ എന്ത്‌ നിലപാടാണ്‌ സ്വീകരിക്കുന്നത്‌-ഈ കപടനില തന്നെ തുടരുമോ അതല്ല, അതില്‍നിന്ന്‌ ഖേദിച്ചു മടങ്ങി മേലില്‍ നന്നായിത്തീരുമോ എന്നൊക്കെ- കണ്ടറിഞ്ഞശേഷം അതനുസരിച്ച്‌ അല്ലാഹുവും റസൂലും നിങ്ങളോട്‌ പെരുമാറുന്നതാണ്‌. എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്ന അല്ലാഹുവിങ്കലേക്കാണല്ലോ നിങ്ങള്‍ മടങ്ങിച്ചെല്ലുന്നത്‌. അപ്പോള്‍, നിങ്ങളുടെ പ്രവൃത്തികള്‍ക്കനുസരിച്ചുള്ള നടപടി അവന്‍ സ്വീകരിക്കുന്നതും, അത്‌ നിങ്ങളെ അവന്‍ ബോധ്യപ്പെടുത്തുന്നതുമാകുന്നു എന്നൊക്കെയാണ്‌ മറുപടിയുടെ ചുരുക്കം. അല്ലാഹു തുടരുന്നു:-

 

9:95
 • سَيَحْلِفُونَ بِٱللَّهِ لَكُمْ إِذَا ٱنقَلَبْتُمْ إِلَيْهِمْ لِتُعْرِضُوا۟ عَنْهُمْ ۖ فَأَعْرِضُوا۟ عَنْهُمْ ۖ إِنَّهُمْ رِجْسٌ ۖ وَمَأْوَىٰهُمْ جَهَنَّمُ جَزَآءًۢ بِمَا كَانُوا۟ يَكْسِبُونَ ﴾٩٥﴿
 • നിങ്ങള്‍ അവരിലേക്ക്‌ തിരിച്ചെത്തിയാല്‍ -നിങ്ങള്‍ അവരെക്കുറിച്ച്‌ (നിരാക്ഷേപം) തിരിഞ്ഞുകളയുവാന്‍ വേണ്ടി-വഴിയെ അവര്‍ നിങ്ങളോട്‌ അല്ലാഹുവിനെക്കൊണ്ട്‌ ശപഥം ചെയ്യും. എന്നാല്‍, നിങ്ങള്‍ അവരെക്കുറിച്ച്‌ (അവഗണിച്ചു) തിരിഞ്ഞുകളയുവിന്‍. നിശ്ചയമായും അവര്‍, വൃത്തികെട്ടവരാകുന്നു; അവരുടെ സങ്കേതമാകട്ടെ, `ജഹന്നമും' [നരകവും] ആകുന്നു: അവര്‍ പ്രവര്‍ത്തിച്ചു (സമ്പാദിച്ചു) കൊണ്ടിരിക്കുന്നതിന്‌ പ്രതിഫലമായിട്ട്‌.
 • سَيَحْلِفُونَ = വഴിയെ അവര്‍ സത്യം (ശപഥം) ചെയ്യും بِاللَّهِ = അല്ലാഹുവിനെക്കൊണ്ട്‌ لَكُمْ = നിങ്ങളോട്‌ إِذَا انقَلَبْتُمْ = നിങ്ങള്‍ തിരിഞ്ഞു (തിരിച്ചു) വന്നാല്‍ إِلَيْهِمْ = അവരിലേക്ക്‌ لِتُعْرِضُوا = നിങ്ങള്‍ തിരിഞ്ഞുകളയുവാന്‍ വേണ്ടി عَنْهُمْ = അവരെക്കുറിച്ച്‌ فَأَعْرِضُوا = എന്നാല്‍ (അതിനാല്‍) നിങ്ങള്‍ തിരിഞ്ഞു (അവഗണിച്ചു) കളയുവിന്‍ عَنْهُمْ = അവരെപ്പറ്റി إِنَّهُمْ = നിശ്ചയമായും അവര്‍ رِجْسٌ = മ്ലേച്ഛമാണ്‌, വൃത്തികെട്ടവരാണ്‌ وَمَأْوَاهُمْ = അവരുടെ സങ്കേതമാകട്ടെ جَهَنَّمُ = ജഹന്നമാകുന്നു جَزَاءً = പ്രതിഫലമായിട്ട്‌ بِمَا كَانُوا = അവര്‍ ആയിരുന്നതിന്‌ يَكْسِبُونَ = അവര്‍ സമ്പാദിക്കും പ്രവര്‍ത്തിക്കും.
9:96
 • يَحْلِفُونَ لَكُمْ لِتَرْضَوْا۟ عَنْهُمْ ۖ فَإِن تَرْضَوْا۟ عَنْهُمْ فَإِنَّ ٱللَّهَ لَا يَرْضَىٰ عَنِ ٱلْقَوْمِ ٱلْفَٰسِقِينَ ﴾٩٦﴿
 • നിങ്ങള്‍ അവരെക്കുറിച്ച്‌ തൃപ്‌തിപ്പെടുവാന്‍ വേണ്ടി അവര്‍ നിങ്ങളോട്‌ ശപഥം ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ അവരെക്കുറിച്ച്‌ തൃപ്‌തിപ്പെടുന്നപക്ഷം, നിശ്ചയമായും അല്ലാഹു (ആ) തോന്നിയവാസികളെക്കുറിച്ച്‌ തൃപ്‌തിപ്പെടുകയില്ല.
 • يَحْلِفُونَ = അവര്‍ സത്യം (ശപഥം) ചെയ്യും (ചെയ്യുന്നു) لَكُمْ = നിങ്ങളോട്‌ لِتَرْضَوْا = നിങ്ങള്‍ തൃപ്‌തിപ്പെടുവാന്‍ വേണ്ടി عَنْهُمْ = അവരെക്കുറിച്ച്‌ فَإِن تَرْضَوْا = എനി (എന്നാല്‍, അങ്ങിനെ) നിങ്ങള്‍ തൃപ്‌തിപ്പെടുന്നപക്ഷം عَنْهُمْ = അവരെക്കുറിച്ച്‌ فَإِنَّ اللَّهَ = എന്നാല്‍ നിശ്ചയമായും അല്ലാഹു لَا يَرْضَىٰ = അവന്‍ തൃപ്‌തിപ്പെടുകയില്ല عَنِ الْقَوْمِ = ജനങ്ങളെക്കുറിച്ച്‌ الْفَاسِقِينَ = തോന്നിയവാസികളായ

നിങ്ങള്‍ അവരുടെ കുറ്റം നിസ്സാരമാക്കണം, അവരെക്കുറിച്ച്‌ നിങ്ങള്‍ തൃപ്‌തരാവണം, അഥവാ നിങ്ങളില്‍ നിന്ന്‌ അവരുടെ നേരെ ആക്ഷേപവും പ്രതിഷേധവും ഉണ്ടാവരുത്‌ എന്നൊക്കെയാണ്‌ ആ വൃത്തികെട്ടവരുടെ ഉദ്ദേശ്യം. അതിനുവേണ്ടിയാണവര്‍ അല്ലാഹുവിന്‍റെ നാമത്തില്‍ സത്യം ചെയ്‌തുകൊണ്ട്‌ ഒഴികഴിവുകള്‍ സമര്‍പ്പിക്കുന്നത്‌. നിങ്ങള്‍ അവരെപ്പറ്റി തൃപ്‌തിപ്പെട്ടാല്‍പോലും അല്ലാഹു അവരെപ്പറ്റി തൃപ്‌തിപ്പെടുവാന്‍ പോകുന്നില്ല, തോന്നിയവാസികളും ദുര്‍ന്നടപ്പുകാരുമാണവര്‍, അതുകൊണ്ട്‌ അവരെ ഗുണദോഷിക്കുവാനും മറ്റും മിനക്കെടാതെ നിങ്ങള്‍ അവഗണിച്ചു തള്ളിയേക്കുക. അവരോട്‌ ചെയ്യേണ്ടത്‌ അല്ലാഹു ചെയ്‌തുകൊള്ളും എന്ന്‌ സാരം.

9:97
 • ٱلْأَعْرَابُ أَشَدُّ كُفْرًا وَنِفَاقًا وَأَجْدَرُ أَلَّا يَعْلَمُوا۟ حُدُودَ مَآ أَنزَلَ ٱللَّهُ عَلَىٰ رَسُولِهِۦ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾٩٧﴿
 • `അഅ്‌റാബി' [മരുഭൂ വാസി] കള്‍, അവിശ്വാസവും കപട വിശ്വാസവും കൂടുതല്‍ കഠിനമായവരാകുന്നു; അല്ലാഹു അവന്‍റെ റസൂലിന്‍റെ മേല്‍ അവതരിപ്പിച്ചതിന്‍റെ പരിധികളെ അറിയാതിരിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവരുമാകുന്നു. അല്ലാഹു (എല്ലാം) അറിയുന്നവനും അഗാധജ്‌ഞനുമാണ്‌.
 • الْأَعْرَابُ = അഅ്‌റാബികള്‍ أَشَدُّ = അധികം കഠിനമായ (കടുത്ത) വരാണ്‌. كُفْرًا = അവിശ്വാസം, അവിശ്വാസത്താല്‍ وَنِفَاقًا = കാപട്യവും, കാപട്യത്താലും وَأَجْدَرُ = അധികം അവകാശ (തര) പ്പെട്ടവരുമാണ്‌ أَلَّا يَعْلَمُوا = അറിയാതിരിക്കുവാന്‍ حُدُودَ = അതിര്‍ത്തി (പരിധി) കളെ مَا أَنزَلَ اللَّهُ = അല്ലാഹു ഇറക്കിയതിന്‍റെ عَلَىٰ رَسُولِهِ = അവന്‍റെ റസൂലിന്‍റെ മേല്‍ وَاللَّهُ = അല്ലാഹു عَلِيمٌ = (എല്ലാം) അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌, യുക്തിമാനാണ്‌
മരുഭൂവാസികളായ അറബികളെപ്പറ്റിയാണ്‌ `അഅ്‌റാബി`കള്‍ الاعراب എന്ന്‌ പറയപ്പെടുന്നതെന്ന്‌ മുമ്പ്‌ പറഞ്ഞുവല്ലോ. പട്ടണങ്ങളിലും, പരിസരങ്ങളിലും വസിക്കുന്നവര്‍ക്ക്‌ `അറബി`കള്‍ (العرب) എന്നും പറയപ്പെടും. അറബികളിലുള്ള സത്യവിശ്വാസികളെക്കുറിച്ചും കപടവിശ്വാസികളെക്കുറിച്ചും പലതും പ്രസ്‌താവിച്ചതിനെ തുടര്‍ന്ന്‌ അഅ്‌റാബികളുടെ പൊതുസ്ഥിതി വിവരിക്കുകയാണ്‌. സ്വഭാവത്തിലും പെരുമാറ്റത്തിലും പരുഷത, ഇണക്കമില്ലായ്‌മ, പാരമ്പര്യങ്ങളും അന്ധവിശ്വാസങ്ങളും കൈവിടുന്നതിലുള്ള മടി, ജ്ഞാന സമ്പാദന മാര്‍ഗങ്ങളുടെ വിരളത, ശിക്ഷണ പരിശീലനങ്ങളുടെ അഭാവം, ജനസമ്പര്‍ക്കത്തിന്‍റെ പോരായ്‌മ എന്നിത്യാദി കാരണങ്ങളാല്‍ അഅ്‌റാബികളുടെ ഹൃദയം സ്വാഭാവികമായും കടുപ്പം കൂടിയതും പരുക്കനുമായിരിക്കും. അതാണ്‌ അവര്‍ അവിശ്വാസത്തിലും കാപട്യത്തിലും കൂടുതല്‍ കഠിനമായിരിക്കുവാനും, അല്ലാഹു അവതരിപ്പിച്ച നിയമനിര്‍ദ്ദേശങ്ങളുടെ പരിധികളെപ്പറ്റി കൂടുതല്‍ അജ്ഞരായിരിക്കുവാനും കാരണം. മറ്റുള്ള അറബികളെപ്പോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായും സത്യവിശ്വാസികളുമായും സമ്പര്‍ക്കം പുലര്‍ത്തിക്കൊണ്ടിരിക്കുവാനോ, അവരില്‍നിന്ന്‌ ക്വുര്‍ആനും സദുപദേശങ്ങളും കേട്ടു പരിചയിക്കുവാനോ ഉള്ള അവസരവും അവര്‍ക്ക്‌ കുറവായിരിക്കുമല്ലോ.
സൂഃ ഫത്‌ഹിലും, സൂഃ ഹുജുറാത്തിലും അഅ്‌റാബികളെപ്പറ്റിയും, അവരുടെ പരുക്കന്‍ സ്വഭാവങ്ങളെപ്പറ്റിയും ചില പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്‌. ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം ചെയ്യപ്പെട്ട ഒരു നബി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വചനത്തില്‍ ഇപ്രകാരം വന്നിരിക്കുന്നു: `ആരെങ്കിലും മരുഭൂമിയില്‍ വസിച്ചാല്‍ അവന്‍ ഇണക്കമില്ലാത്തവനാകും, ആരെങ്കിലും വേട്ടയാടല്‍ പിന്‍തുടര്‍ന്നാല്‍ അവന്‍ അശ്രദ്ധനാകും, ആരെങ്കിലും സുല്‍ത്താന്‍റെ (ഭരണാധികാരിയുടെ) അടുക്കല്‍ ചെന്നുകൂടിയാല്‍ അവന്‍ കുഴപ്പത്തിന്‌ വിധേയനാകും’ (അ; ദാ; തി; ന.) ആഇശഃ (റ) പറയുകയാണ്‌: റസൂല്‍ തിരുമേനി യുടെ അടുക്കല്‍ അഅ്‌റാബികളില്‍പെട്ട കുറേ ആളുകള്‍ വരികയുണ്ടായി. അവര്‍ (സംഭാഷണമദ്ധ്യെ) ചോദിച്ചു; `നിങ്ങള്‍ നിങ്ങളുടെ ശിശുക്കളെ ചുംബിക്കാറുണ്ടോ’ ആളുകള്‍ `അതെ’ എന്ന്‌ ഉത്തരം പറഞ്ഞു. അപ്പോള്‍ അവര്‍ പറഞ്ഞു: `അല്ലാഹുവിനെത്തന്നെയാണ ഞങ്ങള്‍ ചുംബിക്കാറില്ല’ അപ്പോള്‍ റസൂല്‍ പറഞ്ഞു: `നിങ്ങളുടെ ഹൃദയങ്ങളില്‍ നിന്ന്‌ അല്ലാഹു കാരുണ്യത്തെ നീക്കിക്കളഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക്‌ വല്ലതും ചെയ്‌വാന്‍ കഴിയുമോ?!’ (ബു;മു.) അഅ്‌്‌റാബികളുടെ പൊതുനില വിവരിച്ചശേഷം, എന്നാലും അവരില്‍ രണ്ടുതരം ആളുകളുണ്ടെന്ന്‌ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
9:98
 • وَمِنَ ٱلْأَعْرَابِ مَن يَتَّخِذُ مَا يُنفِقُ مَغْرَمًا وَيَتَرَبَّصُ بِكُمُ ٱلدَّوَآئِرَ ۚ عَلَيْهِمْ دَآئِرَةُ ٱلسَّوْءِ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾٩٨﴿
 • `അഅ്‌റാബി`കളിലുണ്ട്‌ ചിലര്‍: തങ്ങള്‍ ചിലവഴിക്കുന്നതിനെ അവര്‍ ഒരു നഷ്‌ടബാധയാക്കിത്തീര്‍ക്കുന്നു; നിങ്ങളില്‍ അവര്‍ കാലദോഷങ്ങള്‍ [ആപത്തുകള്‍] പ്രതീക്ഷിക്കുകയും ചെയ്യുന്നു. ദുഷിച്ച കാലദോഷം അവരുടെമേല്‍ ഉണ്ടാവട്ടെ! അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
 • وَمِنَ الْأَعْرَابِ = അഅ്‌റാബികളിലുണ്ട്‌, മരുഭൂവാസികളില്‍പെട്ടതാണ്‌ مَن = യാതൊരുവര്‍, ചിലര്‍ يَتَّخِذُ = അവന്‍ (അവര്‍) ആക്കിത്തീര്‍ക്കും مَا يُنفِقُ = താന്‍ ചിലവഴിക്കുന്നത്‌ مَغْرَمًا = ഒരു നഷ്‌ടഭാരം, കടബാദ്ധ്യത وَيَتَرَبَّصُ = അവന്‍ പ്രതീക്ഷിക്കുകയും, കാത്തിരിക്കുകയും بِكُمُ = നിങ്ങളില്‍, നിങ്ങള്‍ക്ക്‌ الدَّوَائِرَ = കാലദോഷ (കാലചക്ര) ങ്ങളെ, ആപത്തുകളെ عَلَيْهِمْ = അവരുടെ മേലുണ്ട്‌, അവരിലുണ്ടാവട്ടെ دَائِرَةُ = കാലദോഷം (കാലചക്രം), ആപത്ത്‌ السَّوْءِ = തിന്മയുടെ (ദുഷിച്ച) وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ്‌ عَلِيمٌ = അറിയുന്നവനാണ്‌.
9:99
 • وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ ۚ أَلَآ إِنَّهَا قُرْبَةٌ لَّهُمْ ۚ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ ۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾٩٩﴿
 • `അഅ്‌റാബി' കളിലുണ്ട്‌ ചിലരും: അവര്‍ അല്ലാഹുവിലും, അന്ത്യനാളിലും വിശ്വസിക്കുന്നു; തങ്ങള്‍ ചിലവഴിക്കുന്നതിനെ അവര്‍, അല്ലാഹുവിന്‍റെ അടുക്കല്‍ (സാമീപ്യം സിദ്ധിക്കുന്ന) പുണ്യ കര്‍മങ്ങളും, റസൂലിന്‍റെ പ്രാര്‍ത്ഥന (ക്കുള്ള വഴി) കളുമാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. അറിയുക! നിശ്ചയമായും, അത്‌ അവര്‍ക്ക്‌ (സാമീപ്യം സിദ്ധിക്കുന്ന) പുണ്യകര്‍മമാകുന്നു. വഴിയെ, അവരെ അല്ലാഹു അവന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
 • وَمِنَ الْأَعْرَابِ = അഅ്‌റാബികളിലുണ്ട്‌ مَن يُؤْمِنُ = വിശ്വസിക്കുന്നവര്‍ بِاللَّهِ = അല്ലാഹുവിലും وَالْيَوْمِ الْآخِرِ = അന്ത്യനാളിലും وَيَتَّخِذُ = ആക്കുകയും مَا يُنفِقُ = താന്‍ (തങ്ങള്‍) ചിലവഴിക്കുന്നത്‌ قُرُبَاتٍ = സാമീപ്യം സിദ്ധിക്കുന്ന കാര്യങ്ങള്‍, പുണ്യകര്‍മങ്ങള്‍ عِندَ اللَّهِ = അല്ലാഹുവിന്‍റെ അടുക്കല്‍ وَصَلَوَاتِ = പ്രാര്‍ത്ഥനകളും, ആശീര്‍വാദങ്ങളും الرَّسُولِ = റസൂലിന്‍റെ أَلَا = അല്ലാ, അറിയുക إِنَّهَا = നിശ്ചയമായും അത്‌ قُرْبَةٌ = സാമീപ്യകര്‍മം (പുണ്യകര്‍മം) ആകുന്നു لَّهُمْ = അവര്‍ക്ക്‌ سَيُدْخِلُهُمُ = വഴിയെ അവരെ പ്രവേശിപ്പിക്കും اللَّهُ = അല്ലാഹു فِي رَحْمَتِهِ = തന്‍റെ കാരുണ്യത്തില്‍ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയുമാണ്‌
സ്വന്തം കാരണത്താലല്ലാതെ-പുറമെ നിന്നുള്ള വല്ല കാരണത്താലും- ഏര്‍പ്പെടുന്ന ധനനഷ്‌ടത്തിനാണ്‌ (നഷ്‌ടബാധ-കടഭാരം) എന്ന്‌ പറയുന്നത്‌. دَائِرَاة എന്ന വാക്കിന്‍റെ ബഹുവചനമാണ്‌ دَوَائِر `ചുറ്റിത്തിരിയുന്നത്‌, വൃത്തം, ചക്രം’ എന്നൊക്കെയാണ്‌ അതിന്‍റെ വാക്കര്‍ഥം. കാലാന്തരങ്ങളിലൂടെയുണ്ടാകുന്ന സംഭവഗതികളെപ്പറ്റി `കാലചക്രം’ എന്ന്‌ മലയാളത്തില്‍ പറയാറുള്ളതുപോലെ, കാലഗതികള്‍ക്കനുസരിച്ചുണ്ടാകുന്ന ആപത്തുകളെ ഉദ്ദേശിച്ച്‌ അറബിയില്‍ ആ വാക്ക്‌ ഉപയോഗിക്കുന്നു عَلَيْهِمْ دَائِرَةُ السَّوْءِ (അവരുടെമേല്‍ ദുഷിച്ച കാലദോഷം-അഥവാ ആപത്ത്‌-ഉണ്ടായിരിക്കട്ടെ) എന്ന വാക്യം അവര്‍ക്കെതിരെ പ്രാര്‍ഥനാരൂപത്തിലുള്ള ഒരു ഇടവാക്യമാകുന്നു. ഒരു കൂട്ടരെപ്പറ്റി ആക്ഷേപിക്കുകയോ, പ്രതിഷേധിക്കുകയോ ചെയ്യുമ്പോള്‍, സന്ദര്‍ഭത്തിനനുസരിച്ച്‌ അവര്‍ക്കെതിരില്‍ ഇങ്ങനെയുള്ള വല്ല പ്രാര്‍ഥനാ വാക്യങ്ങള്‍ ഉപയോഗിക്കുന്നത്‌ അറബി സാഹിത്യത്തിലെ ഒരു ശൈലിയാകുന്നു.
ആദ്യത്തെ വചനത്തില്‍ അഅ്‌റാബികളിലുള്ള കപടവിശ്വാസികളെപ്പറ്റിയാണ്‌ പ്രസ്‌താവിക്കുന്നത്‌. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വല്ലതും അവര്‍ ചിലവഴിക്കേണ്ടിവരുമ്പോള്‍ അത്‌ സദുദ്ദേശ്യത്തോടുകൂടി ചെയ്‌കയില്ല. വല്ല പിഴയോ, കൈക്കൂലിയോ പോലെയുള്ള ഒരു നഷ്‌ടഭാരം താങ്ങേണ്ടിവന്നാലത്തെ മാതിരി- മനമില്ലാമനസ്സോടെയായിരിക്കും ചിലവഴിക്കുക. മുസ്‌ലിംകളുടെ നില ഭദ്രമല്ല, അധികം താമസിയാതെ അറബികളുടെ കൈക്കോ മറ്റോ അവര്‍ക്ക്‌ ആപത്തുകള്‍ നേരിടുവാനിരിക്കുന്നു. അതുവരെ മാത്രമേ തങ്ങള്‍ മുസ്‌ലിം വേഷമണിഞ്ഞു നടക്കേണ്ടതുള്ളൂ എന്നൊക്കെ അവര്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍, യഥാര്‍ഥത്തില്‍ സംഭവിക്കുവാന്‍ പോകുന്നത്‌ അതല്ല. അവരുടെ പ്രതീക്ഷക്ക്‌ നേരെ വിപരീതമായിരിക്കും സംഭവിക്കുക. അല്ലാഹുവിന്‌ ഒന്നും അജ്ഞാതമല്ല. എല്ലാം അവന്‍ അറിഞ്ഞുകൊണ്ട്‌ തന്നെയായിരുന്നു എന്നൊക്കെയാണ്‌ അവരെപ്പറ്റി പ്രസ്‌താവിച്ചതിന്‍റെ താല്‍പര്യം.
രണ്ടാമത്തെ വചനത്തില്‍, കപടവിശ്വാസികളല്ലാത്ത യഥാര്‍ഥ സത്യവിശ്വാസികളും അഅ്‌റാബികളിലുണ്ടെന്നും, അവരുടെ നില നേരെ മറിച്ചാണെന്നും ചൂണ്ടിക്കാട്ടുന്നു. അവര്‍ യുദ്ധകാര്യങ്ങളിലും മറ്റും ധനം ചിലവഴിക്കുന്നത്‌ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ പുണ്യകര്‍മമായിത്തീരണമെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവാന്‍ കാരണമായിത്തീരണമെന്നും ഉദ്ദേശിച്ചായിരിക്കും. അവരുടെ ഉദ്ദേശ്യം പോലെത്തന്നെ അല്ലാഹു അത്‌ അംഗീകരിക്കുകയും, അവര്‍ക്ക്‌ പാപമോചനവും കാരുണ്യവും നല്‍കുകയും ചെയ്യും. ഇതാണ്‌ അവരെപ്പറ്റി പറഞ്ഞതിന്‍റെ ചുരുക്കം. (അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ദാനധര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കുവേണ്ടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ഥിക്കുന്നതിനെക്കുറിച്ച്‌ 103-ാം വചനത്തില്‍ പ്രസ്‌താവിക്കുന്നുണ്ട്‌.)
9:100
 • وَٱلسَّٰبِقُونَ ٱلْأَوَّلُونَ مِنَ ٱلْمُهَٰجِرِينَ وَٱلْأَنصَارِ وَٱلَّذِينَ ٱتَّبَعُوهُم بِإِحْسَٰنٍ رَّضِىَ ٱللَّهُ عَنْهُمْ وَرَضُوا۟ عَنْهُ وَأَعَدَّ لَهُمْ جَنَّٰتٍ تَجْرِى تَحْتَهَا ٱلْأَنْهَٰرُ خَٰلِدِينَ فِيهَآ أَبَدًا ۚ ذَٰلِكَ ٱلْفَوْزُ ٱلْعَظِيمُ ﴾١٠٠﴿
 • `മുഹാജിറു`കളില്‍നിന്നും, `അന്‍സ്വാരി'കളില്‍ നിന്നും ആദ്യത്തെവരായ മുന്‍കടന്നവരും, (നിഷ്‌കളങ്കം) സുകൃതം ചെയ്‌തുകൊണ്ട്‌ അവരെ പിന്‍തുടര്‍ന്നവരും, അവരെക്കുറിച്ച്‌ അല്ലാഹു തൃപ്‌തിപ്പെട്ടിരിക്കുന്നു; അവര്‍ അവനെക്കുറിച്ചും തൃപ്‌തിപ്പെട്ടിരിക്കുന്നു; അടിഭാഗത്ത്‌ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗങ്ങളെ അവര്‍ക്കുവേണ്ടി അവന്‍ ഒരുക്കി വെക്കുകയും ചെയ്‌തിരിക്കുന്നു; അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായിക്കൊണ്ട്‌. അതത്രെ വമ്പിച്ച ഭാഗ്യം.
 • وَالسَّابِقُونَ = മുന്‍കടന്ന (മുന്നോട്ടുവന്ന)വര്‍ الْأَوَّلُونَ = ആദ്യത്തെ(ഒന്നാമത്തെ)വരായ مِنَ الْمُهَاجِرِينَ = മുഹാജിറുകളില്‍ (ഹിജ്‌റഃ പോയവരില്‍) നിന്ന്‌ وَالْأَنصَارِ = അന്‍സ്വാരി (സഹായി)കളില്‍ നിന്നും وَالَّذِينَ اتَّبَعُوهُم = അവരെ പിന്തുടര്‍ന്നവരും بِإِحْسَانٍ = നന്മ ചെയ്‌തുകൊണ്ട്‌, സുകൃതം ചെയ്‌തുകൊണ്ട്‌ رَّضِيَ اللَّهُ = അല്ലാഹു തൃപ്‌തിപ്പെട്ടിരിക്കുന്നു عَنْهُمْ = അവരെപ്പറ്റി وَرَضُوا = അവരും തൃപ്‌തിപ്പെട്ടിരിക്കുന്നു عَنْهُ = അവനെപ്പറ്റി وَأَعَدَّ = അവന്‍ ഒരുക്കിവെക്കുകയും ചെയ്‌തിരിക്കുന്നു لَهُمْ = അവര്‍ക്ക്‌ جَنَّاتٍ = സ്വര്‍ഗങ്ങളെ تَجْرِي = ഒഴുകുന്നു, നടക്കും تَحْتَهَا = അതിന്‍റെ (അവയുടെ) താഴ്‌ഭാഗത്ത്‌ الْأَنْهَارُ = അരുവി(നദി)കള്‍ خَالِدِينَ = നിത്യവാസികളായിക്കൊണ്ട്‌ فِيهَا = അതില്‍, അവയില്‍ أَبَدًا = എക്കാലവും, എന്നെന്നും ذَٰلِكَ الْفَوْزُ = അതത്രെ ഭാഗ്യം, അതു ഭാഗ്യമത്രെ الْعَظِيمُ = വമ്പിച്ച, മഹത്തായ
കപടവിശ്വാസികളെക്കുറിച്ചും മറ്റും പലതും പ്രസ്‌താവിച്ചശേഷം, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യൊന്നിച്ച്‌ അച്ചടക്കത്തോടും സര്‍വ്വസന്നദ്ധതയോടുംകൂടി സദാ വര്‍ത്തിച്ചുപോരുന്ന സ്വഹാബികളെക്കുറിച്ച്‌ അല്ലാഹു പുകഴ്‌ത്തിപ്പറയുകയാണ്‌. മദീനയിലേക്ക്‌ ഹിജ്‌റഃ പോന്ന സത്യവിശ്വാസികളാണ്‌ മുഹാജിറുകള്‍. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും അവരെയും ഇസ്‌ലാമിനെയും അതീവ താല്‍പര്യത്തോടെ സഹായിച്ച മദീനയിലെ സത്യവിശ്വാസികളാണ്‌ അന്‍സ്വാരികള്‍. ഇവരില്‍ ഇസ്‌ലാമിലേക്കും, ഇസ്‌ലാമിക സേവനങ്ങളിലേക്കും ആദ്യമാദ്യം മുമ്പോട്ട്‌ വന്നവരെക്കുറിച്ചാണ്‌ മുന്‍കടന്നവര്‍ (السَّابِقُونَ) എന്ന്‌ പറഞ്ഞത്‌. ആദ്യമാദ്യം സത്യവിശ്വാസവും ത്യാഗസന്നദ്ധതയും സ്വീകരിച്ചവര്‍ക്ക്‌ പ്രമുഖ സ്ഥാനവും കൂടുതല്‍ ശ്രേഷ്‌ഠതയുമുണ്ടെന്ന്‌ വ്യക്തമാണല്ലോ. അതുകൊണ്ടാണ്‌ ഒന്നാമതായി അവരെക്കുറിച്ച്‌ പ്രസ്‌താവിച്ചത്‌. അതിനുശേഷം, അവരുടെ മാതൃകകളെ പിന്‍പറ്റിക്കൊണ്ട്‌ ഇരുവിഭാഗത്തിലുമുള്ള എല്ലാവരെക്കുറിച്ചും രണ്ടാമതായും പ്രസ്‌താവിച്ചിരിക്കുന്നു. ഹിജ്‌റഃ ആറാം കൊല്ലത്തില്‍ ഹുദൈബിയയില്‍ വെച്ച്‌ നടന്ന പ്രസിദ്ധമായ സന്ധിക്കുമുമ്പ്‌ ഹിജ്‌റഃ വന്ന സ്വഹാബികളെ ഒന്നാംഘട്ടക്കാരായ മുഹാജിറുകളായി പൊതുവെ എണ്ണപ്പെടുന്നു. അവരില്‍തന്നെ ആദ്യമാദ്യം വന്നവരും പ്രധാന രംഗങ്ങളില്‍ പങ്കുവഹിച്ചവരുമായ ആളുകള്‍ക്ക്‌ മുന്‍ഗണന ഉണ്ട്‌താനും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യുടെ പ്രവാചകത്വത്തിനുശേഷം പതിനൊന്നാം കൊല്ലത്തില്‍ ഏഴുപേരും, പന്ത്രണ്ടാം കൊല്ലത്തില്‍ എഴുപത്‌ പുരുഷന്മാരും രണ്ട്‌ സ്‌ത്രീകളുമടക്കം എഴുപത്തിരണ്ട്‌ പേരും മദീനയില്‍നിന്ന്‌ മക്കയില്‍ വന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുമായി ബൈഅത്തുല്‍ അക്വബഃ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സ്വകാര്യ ഉടമ്പടി നടത്തിപ്പോയിരുന്നു. ഈ ഉടമ്പടിയിലെ അംഗങ്ങളാണ്‌ അന്‍സ്വാരികളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്നവര്‍. `മുന്‍കടന്നവര്‍’ (السَّابِقُونَ) എന്നതിനെപ്പറ്റി വേറെയും അഭിപ്രായമുണ്ടെങ്കിലും ഇപ്പറഞ്ഞതാണ്‌ പൊതുവില്‍ അംഗീകരിക്കപ്പെട്ടുവരുന്നത്‌.
മുഹാജിറുകളും അന്‍സ്വാരികളുമായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സ്വഹാബികളായുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ അവര്‍ക്ക്‌ അല്ലാഹു നല്‍കുന്ന ബഹുമതി നോക്കുക! ഒന്നാമതായി رَّضِيَ اللَّهُ عَنْهُمْ (അല്ലാഹു അവരെക്കുറിച്ച്‌ തൃപ്‌തിപ്പെട്ടിരിക്കുന്നു) അതെ, അവരുടെ വിശ്വാസത്തിലും പ്രവൃത്തിയിലും, സ്ഥിതിഗതികളിലുമെല്ലാം തന്നെ അവരെക്കുറിച്ച്‌ അല്ലാഹുവിന്ന്‌ തൃപ്‌തിയാണുള്ളത്‌. അങ്ങനെ, അവന്‍റെ മഹത്തായ കാരുണ്യത്തിന്നും, അനുഗ്രഹങ്ങള്‍ക്കും അവര്‍ പാത്രമായിരിക്കുന്നു. രണ്ടാമതായി : وَرَضُواعَنْه (അവര്‍ അവനെക്കുറിച്ചും തൃപ്‌തിപ്പെട്ടിരിക്കുന്നു) അതെ, ഇഹത്തിലും പരത്തിലും അല്ലാഹു തങ്ങള്‍ക്ക്‌ നല്‍കുന്ന അനുഗ്രഹങ്ങളില്‍ പരിപൂര്‍ണമായ സംതൃപ്‌തിയുള്ളവരും തികച്ചും സന്തുഷ്‌ടരുമാണവര്‍. ശിര്‍ക്ക്‌ കുഫ്‌റുകളില്‍ നിന്നും അനാചാര ദുരാചാരങ്ങളില്‍നിന്നും അവന്‍ അവരെ രക്ഷിച്ചു. അവരുടെ കൈക്ക്‌ ഇസ്‌ലാമിന്‌ വിജയവും അഭിവൃദ്ധിയും നല്‍കി. നിന്ദ്യനികൃഷ്‌ടമായ ജീവിത രീതിയില്‍നിന്ന്‌ ഉല്‍കൃഷ്‌ടവും പരിപാവനവുമായ ജീവിത രീതിക്ക്‌ അവന്‍ അവരെ ഉത്തമ മാതൃകകളാക്കി. പരലോകത്തുവെച്ച്‌ ലഭിക്കുവാനിരിക്കുന്ന സ്വര്‍ഗീയാനുഗ്രഹങ്ങളും സ്ഥാനമാനങ്ങളുമാകട്ടെ, അവര്‍ണനീയവും! ഇതില്‍പരം ഭാഗ്യം മറ്റെന്തുണ്ട്‌?! ഇല്ല. മറ്റൊന്നുമില്ല. അതുതന്നെ മഹത്തായ ഭാഗ്യം! (ذَٰلِكَ الْفَوْزُ الْعَظِيمُ)
അല്ലാഹുതന്നെ പറഞ്ഞതുപോലെ, മനുഷ്യര്‍ക്ക്‌ ലഭിക്കുവാനിരിക്കുന്ന അതിമഹത്തായ ഈ ഭാഗ്യം-അല്ലാഹു അവരെക്കുറിച്ചും അവര്‍ അവനെക്കുറിച്ചും തൃപ്‌തിപ്പെടുകയെന്ന ഭാഗ്യം-സിദ്ധിച്ചവരും, അല്ലാഹുവിന്‍റെ നിരുപാധികമായ പ്രശംസക്ക്‌ പാത്രീഭൂതരുമായ ആ സ്വഹാബി വര്യന്മാരെപ്പറ്റി പൊതുവിലോ, അവരില്‍പെട്ട ചിലരെപ്പറ്റി പ്രത്യേകമായോ പഴിവാക്കുകള്‍ ഉപയോഗിക്കുകയോ, അവര്‍ക്ക്‌ അല്ലാഹു നല്‍കിയ ആ ബഹുമതികള്‍ക്ക്‌ നിരക്കാത്തവിധം അവരുടെ സ്ഥാനപദവികളെ ഇടിച്ചുതാഴ്‌ത്തുകയോ ചെയ്യുന്നത്‌ എന്തുമാത്രം ധിക്കാരമായിരിക്കുമെന്ന്‌ ആലോചിച്ചു നോക്കുക! അതിന്‌ ആരെങ്കിലും മുതിരുന്നപക്ഷം-അവര്‍ വ്യക്തികളോ, (ശീഅഃ റാഫിദ്വഃ പോലെയുള്ള) കക്ഷികളോ, മുന്‍കാലക്കാരോ, പിന്‍കാലക്കാരോ, ആരാവട്ടെ-അതിന്‍റെ അര്‍ത്ഥം അല്ലാഹു സ്വഹാബികള്‍ക്ക്‌ നല്‍കിയ പ്രശംസകളെ അംഗീകരിക്കുവാന്‍ അവര്‍ തയ്യാറില്ലെന്നാണല്ലോ. അതിന്‍റെ അനിവാര്യഫലമാകട്ടെ, അല്ലാഹുവിന്‍റെ കോപശാപവും, ശിക്ഷയുമല്ലാതെ മറ്റൊന്നുമല്ലതാനും. معاذ الله
സത്യവിശ്വാസത്തിലും ഇസ്‌ലാമിനെ സഹായിക്കുന്നതിലും ആദ്യമായി രംഗത്തുവന്ന തലമുറയാണല്ലോ മുഹാജിറുകളും അന്‍സ്വാരികളുമാകുന്ന സ്വഹാബികളുടെ തലമുറ. അതുകൊണ്ട്‌ ആദ്യമായി മുന്‍കടന്നവര്‍ (السَّابِقُونَ الأوَّلُونَ) എന്ന വിശേഷണം സ്വഹാബികളെ മുഴുവന്‍ ഉള്‍പ്പെടുത്തുന്നുവെന്നും ചില വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതനുസരിച്ച്‌ സുകൃതം ചെയ്‌തുകൊണ്ട്‌ അവരെ പിന്‍പറ്റിയവര്‍ (الَّذِينَ اتَّبَعُوهُم بِإِحْسَانٍ) എന്ന്‌ പറഞ്ഞതിന്‍റെ താല്‍പര്യം. സ്വഹാബികളുടെ അടുത്ത തലമുറയും അവരെ പിന്‍പറ്റിപ്പോന്നവരുമായ `താബിഉ`കള്‍ (التابعون) ആണെന്ന്‌ ചിലരും, സ്വഹാബികളെ യഥാവിധി പിന്‍പറ്റിപ്പോരുന്ന ക്വിയാമത്ത്‌ വരെയുണ്ടാകുന്ന എല്ലാ സുകൃതവാന്മാരും അതില്‍ ഉള്‍പ്പെടുമെന്ന്‌ ചിലരും അഭിപ്രായപ്പെടുന്നു. പക്ഷേ, സ്വഹാബികളെ പിന്‍പറ്റിവന്ന അടുത്ത തലമുറക്ക്‌ `താബിഉ`കള്‍ എന്ന പേര്‍ ക്വുര്‍ആന്‍ അവതരിക്കുന്ന കാലത്തോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കാലത്തോ ഇല്ലെന്നും അത്‌ പിന്നീടുണ്ടായ ഒരു സാങ്കേതിക വിശേഷണമാണെന്നും ഓര്‍ക്കുമ്പോള്‍ `താബിഉ’കളാണ്‌ അതുകൊണ്ട്‌ വിവക്ഷയെന്ന്‌ പറയുവാന്‍ ന്യായമില്ല. ക്വിയാമത്തുനാള്‍വരേക്കും സ്വഹാബികളെ പിന്‍പറ്റി വരുന്ന സുകൃതവാന്മാരെല്ലാം അതില്‍ ഉള്‍പ്പെടുമെന്ന്‌ പറയുന്നതില്‍ ഭാഷാപരമായി നോക്കുമ്പോള്‍ കാര്യമായ തടസ്സമൊന്നും കാണുന്നില്ലെങ്കിലും-ചില മഹാന്മാര്‍ ചൂണ്ടിക്കാട്ടിയതുപോലെ- അവരെ പിന്‍പറ്റിയവര്‍ (الَّذِينَ اتَّبَعُوهُم) എന്ന്‌ ഭൂതകാല ക്രിയാരൂപത്തിലാണ്‌ അല്ലാഹുവിന്‍റെ പ്രയോഗമെന്ന്‌ ഓര്‍ക്കേണ്ടതുണ്ട്‌. അതേ സമയത്ത്‌ ഇത്തരം സ്ഥാനങ്ങളില്‍ ഭൂതകാലത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടല്ലാതെ ഭൂതകാലക്രിയ ഉപയോഗിക്കല്‍ ക്വുര്‍ആന്‍റെ പതിവാണുതാനും. യഥാര്‍ഥം അല്ലാഹുവിനറിയാം. പൊതുവില്‍ അംഗീകരിക്കപ്പെട്ടു വരുന്നതും ക്വുര്‍ആന്‍റെ ശൈലിയോട്‌ കൂടുതല്‍ യോജിച്ചതും നാം ആദ്യം വിവരിച്ച അഭിപ്രായം തന്നെ.
9:101
 • وَمِمَّنْ حَوْلَكُم مِّنَ ٱلْأَعْرَابِ مُنَٰفِقُونَ ۖ وَمِنْ أَهْلِ ٱلْمَدِينَةِ ۖ مَرَدُوا۟ عَلَى ٱلنِّفَاقِ لَا تَعْلَمُهُمْ ۖ نَحْنُ نَعْلَمُهُمْ ۚ سَنُعَذِّبُهُم مَّرَّتَيْنِ ثُمَّ يُرَدُّونَ إِلَىٰ عَذَابٍ عَظِيمٍ ﴾١٠١﴿
 • `അഅ്‌റാബി`കളില്‍ നിന്ന്‌ നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലുമുണ്ട്‌ കപടവിശ്വാസികള്‍; മദീനക്കാരില്‍ തന്നെയുമുണ്ട്‌ (കപടവിശ്വാസികള്‍). അവര്‍ കാപട്യത്തില്‍ (ശീലിച്ചു) മുരടിച്ചിരിക്കുകയാണ്‌. (നബിയേ) നീ അവരെ അറിയുകയില്ല; നാം അവരെ അറിയുന്നു. നാമവരെ രണ്ട്‌ പ്രാവശ്യം ശിക്ഷിക്കുന്നതാണ്‌; പിന്നീട്‌, വമ്പിച്ച ഒരു ശിക്ഷയിലേക്ക്‌ അവര്‍ തള്ളപ്പെടുകയും ചെയ്യും.
 • وَمِمَّنْ حَوْلَكُم = നിങ്ങളുടെ ചുറ്റുപാടിലുള്ളവരിലും ഉണ്ട്‌ مِّنَ الْأَعْرَابِ = അഅ്‌റാബികളില്‍നിന്ന്‌ مُنَافِقُونَ = കപടവിശ്വാസികള്‍ وَمِنْ أَهْلِ = ആള്‍ക്കാരിലും ഉണ്ട്‌ الْمَدِينَةِ = മദീനയിലെ مَرَدُوا = അവര്‍ മുരടിച്ചിരിക്കുന്നു (പരിചയിച്ചു, ശീലിച്ചു, അതിരുവിട്ടു) عَلَى النِّفَاقِ = കാപട്യത്തില്‍, കപടതയിലായി لَا تَعْلَمُهُمْ = നീ അവരെ അറിയുകയില്ല نَحْنُ نَعْلَمُهُمْ = നാം അവരെ അറിയുന്നു, അറിയുന്നതാണ്‌ سَنُعَذِّبُهُم = അവരെ നാം ശിക്ഷിക്കും مَّرَّتَيْنِ = രണ്ടു പ്രാവശ്യം مَّرَّتَيْنِ = രണ്ടു പ്രാവശ്യം ثُمَّ يُرَدُّونَ = പിന്നെ അവര്‍ മടക്കപ്പെടും, തള്ളപ്പെടും إِلَىٰ عَذَابٍ = ഒരു ശിക്ഷയിലേക്ക്‌ عَظِيمٍ = വമ്പിച്ചതായ
9:102
 • وَءَاخَرُونَ ٱعْتَرَفُوا۟ بِذُنُوبِهِمْ خَلَطُوا۟ عَمَلًا صَٰلِحًا وَءَاخَرَ سَيِّئًا عَسَى ٱللَّهُ أَن يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ ﴾١٠٢﴿
 • വേറെ ചിലരുമുണ്ട്‌; അവര്‍ തങ്ങളുടെ പാപങ്ങളെ (സമ്മതിച്ചു) ഏറ്റുപറഞ്ഞിരിക്കുന്നു. അവര്‍ സല്‍ക്കര്‍മവും, വേറെ (ചില) ദുഷ്‌കര്‍മവും കൂട്ടിക്കലര്‍ത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാവുന്നതാണ്‌. നിശ്ചയമായും അല്ലാഹു, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
 • وَآخَرُونَ = വേറെ ചിലരുമുണ്ട്‌ اعْتَرَفُوا = അവര്‍ സമ്മതിച്ചിരിക്കുന്നു, ഏറ്റുപറഞ്ഞു بِذُنُوبِهِمْ = തങ്ങളുടെ പാപങ്ങളെപ്പറ്റി خَلَطُوا = അവര്‍ കൂട്ടിക്കലര്‍ത്തി عَمَلًا صَالِحًا = നല്ലതായ (സല്‍) ക്കര്‍മത്തെ وَآخَرَ = വേറെയും (കര്‍മം) سَيِّئًا = ദുഷിച്ച, മോശപ്പെട്ട عَسَى اللَّهُ = അല്ലാഹു ആയേക്കാം أَن يَتُوبَ = പശ്ചാത്താപം സ്വീകരിക്കുക عَلَيْهِمْ = അവരുടെ إِنَّ اللَّهَ = നിശ്ചയമായും അല്ലാഹു غَفُورٌ = വളരെ പൊറുക്കുന്നവനാണ്‌ رَّحِيمٌ = കരുണാനിധിയാണ്‌
മദീനാ നിവാസികളിലും അഅ്‌റാബികളിലുമുള്ള സത്യവിശ്വാസികളെയും, കപട വിശ്വാസികളെയും കുറിച്ച്‌ പലതും പ്രസ്‌താവിച്ചശേഷം രണ്ടുകൂട്ടരിലുമുള്ള ഓരോ പ്രത്യേക തരക്കാരെപ്പറ്റി വിവരിക്കുകയാണ്‌.
(1) കാപട്യത്തില്‍ പരിചയവും വൈഭവവും സിദ്ധിച്ചു അതില്‍ നിരതരായി കഴിയുന്നവര്‍. അവരുടെ വാക്കുകളില്‍നിന്നോ, പ്രവൃത്തികളില്‍നിന്നോ അവരെ മനസ്സിലാക്കുവാന്‍ കഴിയുകയില്ല. അത്രയും സമര്‍ഥരാണവര്‍. അല്ലാഹുവിന്‌ മാത്രമേ അവരെ അറിയുകയുള്ളൂ. അവര്‍ നന്നായിത്തീരുകയില്ല. അത്രയും മുരടിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ അവര്‍ ഈ ലോകത്തുവെച്ച്‌ രണ്ടു പ്രാവശ്യം ശിക്ഷ അനുഭവിക്കേണ്ടിവരും. പിന്നീട്‌ പരലോകശിക്ഷ അതിന്‌ പുറമെയും.
(2) മറ്റൊരു കൂട്ടര്‍ കപടവിശ്വാസികളല്ലെങ്കിലും നല്ല കര്‍മങ്ങളിലൂടെ ദുഷിച്ച കര്‍മങ്ങളും കൂട്ടിക്കലര്‍ത്തിയിട്ടുള്ളവരാണ്‌. എന്നാല്‍, തങ്ങളുടെ പാപങ്ങളെപ്പറ്റി അവര്‍ ബോധവാന്മാരും കുറ്റം ഏറ്റുപറഞ്ഞു പശ്ചാത്തപിക്കുന്നവരുമാണവര്‍. ഇവര്‍ക്ക്‌ അല്ലാഹു പൊറുത്തുകൊടുക്കുമെന്ന്‌ തികച്ചും പ്രതീക്ഷിക്കാം. ഇതാണ്‌ ആ രണ്ടുകൂട്ടരെപ്പറ്റിയും പ്രസ്‌താവിച്ചതിന്‍റെ സാരം. `അല്ലാഹു ഇന്ന പ്രകാരം ചെയ്‌തേക്കാം’ (عَسَى الَّلهُ) എന്നിങ്ങിനെ പ്രതീക്ഷക്ക്‌ വക നല്‍കിക്കൊണ്ടുള്ള അല്ലാഹുവിന്‍റെ പ്രസ്‌താവനകളിലടങ്ങിയ കാര്യങ്ങള്‍ യഥാര്‍ഥത്തില്‍ സംഭവിക്കുകതന്നെ ചെയ്യുമെന്ന്‌ ഉറപ്പിക്കാവുന്നതാണ്‌.
وَآخَرُونَ اعْتَرَفُوا بِذُنُوبِهِمْ (വേറെ ചിലര്‍ തങ്ങളുടെ പാപങ്ങളെപ്പറ്റി ഏറ്റുപറഞ്ഞിരിക്കുന്നു) എന്ന്‌ പറഞ്ഞത്‌ അബൂലുബാബത്തല്‍ അന്‍സ്വാരീ (റ) യെയും അദ്ദേഹത്തിന്‍റെ കൂട്ടുകാരായ ചില വ്യക്തികളെയും സംബന്ധിച്ചാണെന്നത്രെ ഇബ്‌നു ജരീര്‍ (റ) മുതലായ പല വ്യാഖ്യാതാക്കളും പ്രസ്‌താവിക്കുന്നത്‌. അദ്ദേഹത്തിന്‍റെ കൂട്ടുകാരുടെ എണ്ണം അഞ്ചോ, ഏഴോ, ഒമ്പതോ എന്നുള്ളതില്‍ രിവായത്തുകള്‍ക്കിടയില്‍ ഭിന്നിപ്പു കാണാമെങ്കിലും അവരുടെ സംഭവം ഇപ്രകാരമായിരുന്നു: തക്കതായ കാരണം കൂടാതെ തബൂക്ക്‌ യുദ്ധയാത്രയില്‍ നിന്ന്‌ അവര്‍ ഒഴിഞ്ഞുമാറിയിരുന്നു. റസൂല്‍ മടങ്ങിയെത്തും മുമ്പുതന്നെ അവര്‍ വളരെ ഖേദത്തിലായി. `റസൂല്‍ തിരുമേനി വളരെ കഷ്‌ടതയിലും വിഷമത്തിലും കഴിഞ്ഞുകൂടുമ്പോള്‍ നാം സുഖമായി കഴിഞ്ഞുകൂടുന്നത്‌ ശരിയല്ല; അതുകൊണ്ട്‌ നാം നമ്മെത്തന്നെ പള്ളിയുടെ തൂണുകളില്‍ കെട്ടി ബന്ധിക്കുക; റസൂല്‍ വന്ന്‌ നമുക്ക്‌ ഒഴികഴിവ്‌ നല്‍കി നമ്മെ അഴിച്ചുവിടുന്നതുവരെ നാം അങ്ങിനെത്തന്നെ കഴിയണം’ എന്ന്‌ അവര്‍ തമ്മില്‍ പറഞ്ഞു. അങ്ങനെ, അവരില്‍ (താഴെ പറയുന്ന) മൂന്നുപേരൊഴിച്ച്‌ ബാക്കിയുള്ളവര്‍ തങ്ങളെ സ്വയം തന്നെ തൂണുകളില്‍ ബന്ധിച്ചു. റസൂല്‍ മടങ്ങിവരുന്ന വഴി പള്ളിയില്‍ പ്രവേശിച്ചപ്പോള്‍ അവരെ കണ്ടു. വിവരം അറിഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു: `അല്ലാഹുവില്‍നിന്ന്‌ കല്‍പന കിട്ടാതെ ഞാന്‍ അവരെ അഴിച്ചുവിടുകയോ, അവര്‍ക്ക്‌ ഒഴികഴിവു നല്‍കുകയോ ചെയ്‌കയില്ല’. അനന്തരം وَآخَرُونَ اعْتَرَفُوا എന്നുള്ള (ഈ) വചനം അവതരിച്ചു. അപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരെ അഴിച്ചുവിടുകയും, അവര്‍ക്ക്‌ ഒഴികഴിവ്‌ നല്‍കുകയും ചെയ്‌തു.
ഇബ്‌നു ജരീര്‍ (റ) മുതലായവര്‍ പല മാര്‍ഗങ്ങളിലൂടെ നിവേദനം ചെയ്‌തിട്ടുള്ളതിന്‍റെ ചുരുക്കമാണിത്‌. വേറെയും ചില സംഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ക്വുര്‍ആന്‍റെ വാക്കുകളോട്‌ അവ യോജിക്കുന്നില്ലെന്ന്‌ ഇബ്‌നുജരീര്‍ (റ) പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. തൂണുകളില്‍ ബന്ധിക്കുന്നതില്‍നിന്ന്‌ ഒഴിവായ ആ മൂന്നുപേരെപ്പറ്റി 106 ഉം 118 ഉം വചനങ്ങളില്‍ താഴെ പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്‌.
രണ്ടുവട്ടം അവരെ ശിക്ഷിക്കുമെന്ന്‌ പറഞ്ഞതിന്‍റെ താല്‍പര്യം പലരും വ്യത്യസ്‌ത വാക്കുകളില്‍ ചൂണ്ടിക്കാണിക്കാറുണ്ട്‌. അവയുടെ ആകെ സാരം ഇങ്ങിനെ പറയാം: കാപട്യത്തിന്‍റെ രഹസ്യം പുറത്താക്കുക, അപമാനത്തിന്‌ വിധേയരാക്കുക, മാനസികമോ സാമ്പത്തികമോ ശാരീരികമോ ആയ അവശതകള്‍ അനുഭവിപ്പിക്കുക മുതലായ കാര്യങ്ങള്‍ ഒന്നാമത്തെ ശിക്ഷയും, അവിശ്വാസികളായി മരണപ്പെടുക, മരണവേളയില്‍ മലക്കുകളുടെ കൈക്കും മറ്റുമുണ്ടാകുന്ന കഷ്‌ടതകള്‍ അനുഭവപ്പെടുക, ക്വബ്‌റില്‍ വെച്ചുണ്ടാകുന്ന ശിക്ഷാനുഭവങ്ങള്‍ മുതലായവ രണ്ടാമത്തെ ശിക്ഷയുമായിരിക്കും. الله اعلم
കപടവിശ്വാസികളായ ചില വ്യക്തികളെക്കുറിച്ച്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ അറിവുണ്ടായിരുന്നു- അല്ലാഹു അറിയിച്ചുകൊടുത്തിരുന്നു-വെന്ന്‌ ചില സംഭവങ്ങളില്‍നിന്ന്‌ മുമ്പ്‌ നാം കണ്ടുവല്ലോ. `അവരുടെ വാക്കിന്‍റെ ശൈലിയില്‍ അവരെ നിനക്ക്‌ മനസ്സിലാകുക തന്നെ ചെയ്യാം’. (وَلَتَعْرِفَنَّهُمْ فِي لَحْنِ الْقَوْلِ) എന്നു സൂഃ മുഹമ്മദ്‌ : 30 ലും പറയുന്നുണ്ട്‌. ഇവിടെ `നീ അവരെ അറിയുകയില്ല, അല്ലാഹു അറിയും’ (لاتَعْلَمُهُمْ نَحْنُ نَعْلَمُهُمْ) എന്ന്‌ പറഞ്ഞതും അതുമായി പരസ്‌പര വൈരുദ്ധ്യമില്ലെന്ന്‌ മനസ്സിലാക്കേണ്ടതാണ്‌. ചില അടയാളങ്ങള്‍ വഴി ചിലരെയൊക്കെ അവര്‍ കപടന്‍മാരാണെന്ന്‌ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ മനസ്സിലാക്കുവാന്‍ കഴിയും; തബൂക്കില്‍നിന്നുള്ള മടക്കയാത്രയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ കൊലപ്പെടുത്തുവാന്‍ ഗൂഢതന്ത്രം നടത്തിയ വ്യക്തികളെപ്പോലെ അല്ലാഹു അറിയിച്ചുകൊടുത്തവരെപ്പറ്റി വ്യക്തിപരമായിത്തന്നെ അറിയുവാന്‍ കഴിയും; പക്ഷേ, എല്ലാ കപടവിശ്വാസികളെക്കുറിച്ചും വിശദമായി മനസ്സിലാക്കുവാനോ, സൂക്ഷ്‌മമായി അറിയുവാനോ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ കഴിയുകയില്ല എന്നത്രെ അവയുടെ താല്‍പര്യമെന്ന്‌ സാമാന്യമായി പറയാം.
9:103
 • خُذْ مِنْ أَمْوَٰلِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَوٰتَكَ سَكَنٌ لَّهُمْ ۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾١٠٣﴿
 • (നബിയേ) അവരുടെ സ്വത്തുക്കളില്‍ നിന്നും നീ ധര്‍മം എടുക്കുക [വാങ്ങുക] അതുവഴി നീ അവരെ ശുദ്ധിയാക്കുകയും, സംസ്‌കരിക്കുകയും ചെയ്യുമാറ്‌. അവര്‍ക്ക്‌ (അനുഗ്രഹത്തിനായി) പ്രാര്‍ഥിക്കുകയും ചെയ്യുക. നിശ്ചയമായും, നിന്‍റെ പ്രാര്‍ഥന അവര്‍ക്ക്‌ ഒരു (മനഃ) സമാധാനമാകുന്നു. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമാകുന്നു.
 • خُذْ = നീ വാങ്ങുക, എടുക്കുക, സ്വീകരിക്കുക مِنْ أَمْوَالِهِمْ = അവരുടെ ധനം (സ്വത്തു)ക്കളില്‍ നിന്ന്‌ صَدَقَةً = ധര്‍മം وَتُزَكِّيهِم = അവരെ സംസ്‌കരിക്കുകയും بِهَا = അതുകൊണ്ട്‌, അതുവഴി, അതു നിമിത്തം تُطَهِّرُهُمْ = നീ അവരെ ശുദ്ധിയാക്കുമാറ്‌, ശുദ്ധമാക്കുന്ന നിലക്ക്‌ وَصَلِّ = പ്രാര്‍ഥിക്കുക. (ആശീര്‍വദിക്കുക)യും ചെയ്യുക. عَلَيْهِمْ = അവര്‍ക്കായി,അവര്‍ക്ക്‌ إِنَّ صَلَاتَكَ = നിശ്ചയമായും നിന്‍റെ പ്രാര്‍ഥന (ആശീര്‍വാദം) سَكَنٌ = ഒരു സമാധാനമാണ്‌, ശാന്തതയാണ്‌ لَّهُمْ = അവര്‍ക്ക്‌ وَاللَّهُ = അല്ലാഹു سَمِيعٌ = കേള്‍ക്കുന്നവനാണ്‌ عَلِيمٌ = അറിയുന്നവനാണ്‌
9:104
 • أَلَمْ يَعْلَمُوٓا۟ أَنَّ ٱللَّهَ هُوَ يَقْبَلُ ٱلتَّوْبَةَ عَنْ عِبَادِهِۦ وَيَأْخُذُ ٱلصَّدَقَٰتِ وَأَنَّ ٱللَّهَ هُوَ ٱلتَّوَّابُ ٱلرَّحِيمُ ﴾١٠٤﴿
 • അവര്‍ക്കറിഞ്ഞുകൂടേ? അല്ലാഹു തന്നെയാണ്‌ അവന്‍റെ അടിയാന്‍മാരില്‍ നിന്ന്‌ `തൗബഃ' [പശ്ചാത്താപം] സ്വീകരിക്കുകയും ദാനധര്‍മങ്ങള്‍ എടുക്കുകയും ചെയ്യുന്നതെന്നും, അല്ലാഹുതന്നെയാണ്‌ പശ്ചാത്താപം സ്വീകരിക്കുന്നവനും, കരുണാനിധിയായുള്ളവനെന്നും!
 • أَلَمْ يَعْلَمُوا = അവര്‍ അറിഞ്ഞിട്ടില്ലേ, അവര്‍ക്കറിഞ്ഞുകൂടേ أَنَّ اللَّهَ = അല്ലാഹു തന്നെയാണെന്ന്‌ هُوَ يَقْبَلُ = സ്വീകരിക്കുന്നത്‌ التَّوْبَةَ = പശ്ചാത്താപം عَنْ عِبَادِهِ = തന്‍റെ അടിയാന്‍മാരില്‍ നിന്ന്‌ (അടിയാന്‍മാര്‍ക്ക്‌) وَيَأْخُذُ = എടുക്കുകയും ചെയ്യുന്നത്‌ الصَّدَقَاتِ = ദാനധര്‍മങ്ങളെ, ധര്‍മങ്ങള്‍ وَأَنَّ اللَّهَ هُوَ = അല്ലാഹു തന്നെയാണെന്നും التَّوَّابُ = പശ്ചാത്താപം സ്വീകരിക്കുന്നവന്‍ الرَّحِيمُ = കരുണാനിധി
صَدَقَة (ധര്‍മം) എന്ന വാക്കില്‍ എല്ലാതരം ദാനധര്‍മങ്ങളും ഉള്‍പ്പെടുന്നു. പക്ഷേ, നിര്‍ബന്ധ ധര്‍മമായ സകാത്തിനെ സംബന്ധിച്ചിടത്തോളം അതിന്‍റെ നിശ്ചിതതോതും വ്യവസ്ഥയും അനുസരിച്ചും, സക്കാത്തല്ലാത്ത നിര്‍ബന്ധ ധര്‍മങ്ങളെ സംബന്ധിച്ചിടത്തോളം സന്ദര്‍ഭവും പരിതഃസ്ഥിതിയും അനുസരിച്ചും, നിര്‍ബന്ധമില്ലാത്ത ദാനധര്‍മങ്ങളെ സംബന്ധിച്ചിടത്തോളം ദാതാവ്‌ നല്‍കുന്നതും സ്വീകരിക്കേണ്ടതാകുന്നു. ആവശ്യമായ വിഷയങ്ങളില്‍ ചിലവഴിക്കുവാനായി ജനങ്ങളില്‍ നിന്ന്‌ ധര്‍മങ്ങള്‍ സ്വീകരിക്കണമെന്നും ധര്‍മം നല്‍കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നും അല്ലാഹു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിക്കുന്നു. അവര്‍ നല്‍കുന്ന ദാനധര്‍മങ്ങള്‍ അവര്‍ക്ക്‌ തന്നെ ഗുണകരമാണ്‌-അതവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യും-എന്നും ചൂണ്ടിക്കാട്ടുന്നു. അതായത്‌ പിശുക്ക്‌, ആര്‍ത്തി മുതലായ ദുഃസ്വഭാവങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധര്‍മം ശുദ്ധിയാക്കുന്നു. ഔദാര്യമനഃസ്ഥിതി, സാധുദയ, ത്യാഗസന്നദ്ധത, പുണ്യ കര്‍മങ്ങളിലുള്ള താല്‍പര്യം, ആത്മീയശുദ്ധി ആദിയായ ഗുണങ്ങള്‍ വളര്‍ത്തി മനുഷ്യനെ അത്‌ സംസ്‌കരിക്കുകയും ചെയ്യുന്നു. കൂടാതെ, നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രാര്‍ഥനമൂലം മനസ്സിന്‌ സമാധാനവും ശാന്തിയും ലഭിക്കുകയും ചെയ്യും. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രാര്‍ഥനകള്‍ അല്ലാഹു വെറുതെയാക്കുകയില്ലല്ലോ. ഈ കല്‍പനകള്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി യെ അഭിമുഖീകരിച്ചുകൊണ്ടുള്ളവയാണെങ്കിലും, നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശേഷം അതാത്‌ കാലത്തെ ഭരണകര്‍ത്താക്കള്‍ക്കും ബാധകമാണ്‌.
صلوة (സ്വലാത്ത്‌) എന്നാല്‍ പ്രാര്‍ഥന, എന്നാണ്‌ ഭാഷാര്‍ഥം. `നമസ്‌കാരം, അനുഗ്രഹം നേരല്‍, ആശീര്‍വദിക്കല്‍’ എന്നിങ്ങനെയുള്ള അര്‍ഥങ്ങളിലും അത്‌ ഉപയോഗിക്കപ്പെടുന്നു. എല്ലാറ്റിലും പ്രാര്‍ഥന അടങ്ങിയിട്ടുണ്ടല്ലോ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹം നല്‍കുക എന്നും, മലക്കുകളെ സംബന്ധിച്ചിടത്തോളം പാപമോചനം തേടുക എന്നും, സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നന്‍മക്കും അനുഗ്രഹത്തിനും വേണ്ടി പ്രാര്‍ഥിക്കുക എന്നുമായിരിക്കും അതുകൊണ്ടു വിവക്ഷ. ധര്‍മവുമായി വരുന്ന ആളുകള്‍ക്കുവേണ്ടി ഈ കല്‍പനയനുസരിച്ച്‌ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ഥന നടത്തിയിരുന്നതായി ഹദീഥുകളില്‍ കാണാവുന്നതാണ്‌. അബ്‌ദുല്ലാഹിബ്‌നു അബീഔഫാ (റ) പറയുന്നു: നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വല്ല ആളുകളും അവരുടെ ധര്‍മങ്ങളുമായി വന്നാല്‍ അവിടുന്ന്‌ പറയും: `അല്ലാഹുവേ, ഇന്ന ആളുടെ കൂട്ടര്‍ക്ക്‌ അനുഗ്രഹം നല്‍കേണമേ!’ അങ്ങനെ എന്‍റെ പിതാവ്‌ അദ്ദേഹത്തിന്‍റെ ധര്‍മവുമായി ചെന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: `അല്ലാഹുവേ, അബീഔഫായുടെ കൂട്ടര്‍ക്ക്‌ നീ അനുഗ്രഹം നല്‍കേണമേ! (ബു.മു)
രണ്ടാമത്തെ വചനത്തില്‍ `തൗബഃ (പശ്ചാത്താപം) സ്വീകരിക്കുന്നതും, ധര്‍മങ്ങള്‍ വാങ്ങുന്നതും അല്ലാഹു തന്നെയാണെന്നും, അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്നും അവര്‍ക്കറിഞ്ഞുകൂടേ?!’ എന്ന ചോദ്യം വളരെ ശ്രദ്ധാര്‍ഹമാകുന്നു. പല സൂചനകളും അടങ്ങിയ ഒരു ചോദ്യമാണത്‌. ഉദാഹരണമായി:
(1) പശ്ചാത്താപം സ്വീകരിക്കല്‍ അല്ലാഹുവിന്‍റെ മാത്രം അധികാരാവകാശത്തില്‍പെട്ടതാണ്‌. അതില്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കോ മറ്റാര്‍ക്കെങ്കിലുമോ യാതൊരു പങ്കുമില്ല. അല്ലാഹുവിന്‍റെ അനുവാദപ്രകാരമല്ലാതെ ഒരാളുടെ പശ്ചാത്താപവും ഖേദവും സ്വീകരിച്ചു ആയാളെ ശുദ്ധീകരിക്കാന്‍ ആര്‍ക്കും സാധ്യമല്ല.
(2) ധര്‍മങ്ങള്‍ വാങ്ങി അതാത്‌ മാര്‍ഗങ്ങളില്‍ വിനിയോഗിക്കുന്നത്‌ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ കൈക്കാണ്‌ നടക്കുന്നതെങ്കിലും അത്‌ അല്ലാഹുവിന്‍റെ കല്‍പനപ്രകാരമായതുകൊണ്ട്‌ യഥാര്‍ഥത്തില്‍ അത്‌ ഏറ്റുവാങ്ങുന്നത്‌ അല്ലാഹുവാകുന്നു. ആ സ്ഥിതിക്ക്‌ അതൊരിക്കലും വെറുതെയാവുകയില്ല. തക്കപ്രതിഫലം അവന്‍ നല്‍കുകതന്നെ ചെയ്യും.
(3) പാപങ്ങളില്‍ നിന്ന്‌ പശ്ചാത്തപിക്കലും ധര്‍മം ചെയ്യലും അല്ലാഹുവിന്‌ വളരെ ഇഷ്‌ടപ്പെട്ട കാര്യങ്ങളാകുന്നു.
(4) പാപങ്ങളില്‍ നിന്ന്‌ പശ്ചാത്തപിക്കുന്നവര്‍ തങ്ങളുടെ സ്വത്തില്‍ നിന്ന്‌ ധര്‍മം കൊടുക്കുന്നത്‌ അവരുടെ പാപം പൊറുക്കുവാന്‍ കാരണമായിത്തീരുന്നതാണ്‌. ഇങ്ങിനെ പലതും.
തബൂക്ക്‌ പടയെടുപ്പില്‍ സംബന്ധിക്കാതെയോ, അതിലേക്ക്‌ ധനം ചിലവഴിക്കാതെയോ ഇരുന്നവരും, പിന്നീട്‌ തങ്ങളുടെ പക്കല്‍ വന്നുപോയ അപരാധത്തെപ്പറ്റി ഖേദക്കാരുമായ ആളുകള്‍ പ്രത്യേകിച്ചും ദാനധര്‍മങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും, അത്‌ അവരുടെ പശ്ചാത്താപം സ്വീകരിക്കുവാന്‍ സഹായകമാവുമെന്നും ഈ വചനത്തില്‍ നിന്ന്‌ മനസ്സിലാക്കാം. ആദ്യം ഒഴിവായി പിന്തിനിന്നുവെങ്കിലും പിന്നീട്‌ വലിയ ഖേദത്തിലായ അബൂലുബാബത്തല്‍ അന്‍സ്വാരി(റ)യുടെയും കൂട്ടരുടെയും കഥ മുമ്പ്‌ പറഞ്ഞുവല്ലോ. അവര്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്നു `നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യേ, ഇതാ ഞങ്ങളുടെ ധനം, ഇത്‌ (ധര്‍മമായി) സ്വീകരിച്ചു ഞങ്ങള്‍ക്കുവേണ്ടി അങ്ങുന്ന്‌ പാപമോചനം തേടണം.’ എന്ന്‌ അപേക്ഷിച്ചുവെന്നും, `നിങ്ങളുടെ ധനത്തില്‍നിന്ന്‌ ഒന്നും വാങ്ങുവാന്‍ എന്നോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല.’ എന്ന്‌ തിരുമേനി ഉത്തരം പറഞ്ഞുവെന്നും, പിന്നീട്‌. ….خُذْ مِنْ أَمْوَالِهِمْ (അവരുടെ ധനത്തില്‍ നിന്നും ധര്‍മം വാങ്ങിക്കൊള്ളുക…) എന്ന വചനം അവതരിച്ചപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവരില്‍ നിന്ന്‌ (അവരുടെ സ്വത്തിന്‍റെ) മൂന്നിലൊന്ന്‌ വാങ്ങി അവര്‍ക്കുവേണ്ടി ധര്‍മം ചെയ്യുകയുണ്ടായെന്നും ഇബ്‌നുജരീര്‍ (റ) ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ഉദ്ധരിച്ചിരിക്കുന്നു.
നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടുള്ള ഈ കല്‍പന- അവരുടെ സ്വത്തുക്കളില്‍ നിന്ന്‌ ധര്‍മം അഥവാ സക്കാത്ത്‌ വാങ്ങണമെന്ന കല്‍പന- നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ മാത്രം ബാധകമായതല്ലെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ശേഷം അതതുകാലത്തെ അധികാരസ്ഥന്‍മാര്‍ അത്‌ വസൂലാക്കേണ്ടതുണ്ടെന്നും, എല്ലാവരുടെ സ്വത്തിനും ബാധകമാണ്‌ ഈ നിയമമെന്നും ഇമാം ഇബ്‌നുകഥീര്‍ (റ) ഇവിടെ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
9:105
 • وَقُلِ ٱعْمَلُوا۟ فَسَيَرَى ٱللَّهُ عَمَلَكُمْ وَرَسُولُهُۥ وَٱلْمُؤْمِنُونَ ۖ وَسَتُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾١٠٥﴿
 • (നബിയേ) പറയുകയും ചെയ്യുക; `നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുവിന്‍, നിങ്ങളുടെ പ്രവര്‍ത്തനം വഴിയെ അല്ലാഹു കണ്ടുകൊള്ളും; അവന്‍റെ റസൂലും, സത്യവിശ്വാസികളും (കണ്ടുകൊള്ളും) അദൃശ്യവും, ദൃശ്യവും അറിയുന്നവനിലേക്ക്‌ നിങ്ങള്‍ വഴിയെ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്‌.
 • وَقُلِ = നീ പറയുകയും ചെയ്യുക اعْمَلُوا = നിങ്ങള്‍ പ്രവര്‍ത്തിക്കുവിന്‍ فَسَيَرَى = എന്നാല്‍ വഴിയെ കാണും اللَّهُ = അല്ലാഹു عَمَلَكُمْ = നിങ്ങളുടെ കര്‍മം, പ്രവൃത്തി وَرَسُولُهُ = അവന്റെ റസൂലും وَالْمُؤْمِنُونَ = സത്യവിശ്വസികളും وَسَتُرَدُّونَ = നിങ്ങള്‍ മടക്ക (തള്ള)പ്പെടുകയും ചെയ്യും إِلَىٰ عَالِمِ = അറിയുന്നവനിലേക്ക് الْغَيْبِ = അദൃശ്യത്തെ, മറഞ്ഞതിനെ وَالشَّهَادَةِ = ദൃശ്യത്തെയും, വെളിവായതും فَيُنَبِّئُكُم = അപ്പോള്‍ അവന്‍ നിങ്ങളെ വിവരമറിയിക്കും, ബോധ്യപ്പെടുത്തും بِمَا كُنتُمْ = നിങ്ങളായിരുന്നതിനെപ്പറ്റി تَعْمَلُونَ = നിങ്ങള്‍ പ്രവര്‍ത്തിക്കും
കഴിഞ്ഞുപോയ തെറ്റിനെപ്പറ്റി ഖേദിക്കുകയും ഒഴികഴിവ്‌ പറയുകയും ചെയ്‌താല്‍ മാത്രം പോരാ, ഭാവിപ്രവര്‍ത്തനങ്ങള്‍ നന്നായിത്തീരുക കൂടി വേണ്ടതുണ്ട്‌. അപ്പോഴേ പശ്ചാത്താപം യഥാര്‍ഥമായിത്തീരുകയുള്ളൂ. നിങ്ങളുടെ ഭാവി എങ്ങിനെയിരിക്കുമെന്ന്‌ ക്രമേണ എല്ലാവര്‍ക്കും കാണാമല്ലോ. അതില്‍ നിന്ന്‌ വ്യക്തമാകും നിങ്ങളുടെ പശ്ചാത്താപം എത്രമാത്രം ശരിയായതാണെന്ന്‌. അല്ലാഹു എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്നവനാകുന്നു. അവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വീക്ഷിച്ചുവരുന്നുണ്ട്‌. പരലോകത്തുവെച്ച്‌ അവന്‍ തക്കതായ നടപടിയെടുക്കുകയും, നിങ്ങളുടെ കര്‍മവും അതിന്‍റെ ഫലവും നിങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യും. സസൂക്ഷ്‌മമായിട്ടല്ലെങ്കിലും ഒരു ഏകദേശ കാഴ്‌ച നിങ്ങളെപ്പറ്റി റസൂലിനും, സത്യവിശ്വാസികള്‍ക്കും കാണുവാന്‍ കഴിയുന്നതുമാണ്‌. അതില്‍ നിന്ന്‌ അവര്‍ക്കും നിങ്ങളെക്കുറിച്ച്‌ ചില അനുമാനങ്ങളും നടപടികളും സ്വീകരിക്കുവാനും സാധിക്കും. എന്നിങ്ങനെ അവരെ ഓര്‍മിപ്പിക്കുക കൂടി വേണമെന്ന്‌ അല്ലാഹു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉണര്‍ത്തുകയാണ്‌.
ഏതെങ്കിലും ആളുകളെപ്പറ്റി അവരുടെ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തില്‍ സത്യവിശ്വാസികള്‍ക്കുണ്ടാകുന്ന പൊതുവായ ധാരണയും, അഭിപ്രായവും അല്ലാഹുവിങ്കലും സ്വീകാര്യമായിരിക്കുമെന്നൊരു സൂചന ഈ വചനത്തില്‍ കാണാവുന്നതാണ്‌. അനസ്‌ (റ) ഉദ്ധരിച്ച ഒരു ഹദീഥില്‍ നിന്ന്‌ ഈ വസ്‌തുത കുറേക്കൂടി വ്യക്തമാകുന്നു. അദ്ദേഹം പറയുകയാണ്‌: അവര്‍ (സ്വഹാബികള്‍) ഒരു ജനാസയുടെ അടുത്തുകൂടെ പോയപ്പോള്‍, അതിനപ്പറ്റി അവര്‍ നല്ലനിലക്ക്‌ പുകഴ്‌ത്തിപ്പറയുകയുണ്ടായി. അപ്പോള്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: `അത്‌ സ്ഥിരപ്പെട്ടു’ എന്ന്‌. പിന്നെ, വേറൊരു ജനാസയുടെ അടുക്കലൂടെ പോയപ്പോള്‍ അവര്‍ അതിനെപ്പറ്റി മോശമായ നിലക്ക്‌ പ്രസ്‌താവിക്കുകയുണ്ടായി. അപ്പോഴും നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: `അത്‌ സ്ഥിരപ്പെട്ടു’ എന്ന്‌. അപ്പോള്‍ ഉമര്‍ (റ) ചോദിച്ചു: `എന്താണ്‌ സ്ഥിരപ്പെട്ടത്‌?’ തിരുമേനി പറഞ്ഞു: `അയാളെപ്പറ്റി നിങ്ങള്‍ നല്ലത്‌ പറഞ്ഞു. അതിനാല്‍, അയാള്‍ക്ക്‌ സ്വര്‍ഗം സ്ഥിരപ്പെട്ടു. മറ്റേയാളെപ്പറ്റി നിങ്ങള്‍ മോശം പറഞ്ഞു. അതിനാല്‍ അയാള്‍ക്ക്‌ നരകം സ്ഥിരപ്പെട്ടു. ഒരു രിവായത്തില്‍ `നിങ്ങള്‍ ഭൂമിയില്‍ അല്ലാഹുവിന്‍റെ സാക്ഷികളാണ്‌’ എന്നുകൂടി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)പറഞ്ഞതായുണ്ട്‌. (ബു;മു)
9:106
 • وَءَاخَرُونَ مُرْجَوْنَ لِأَمْرِ ٱللَّهِ إِمَّا يُعَذِّبُهُمْ وَإِمَّا يَتُوبُ عَلَيْهِمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١٠٦﴿
 • അല്ലാഹുവിന്‍റെ കല്‍പനക്കുവേണ്ടി (കാര്യം) നിറുത്തിവെക്കപ്പെട്ട വേറെ ചിലരുമുണ്ട്‌; ഒന്നുകില്‍ അവന്‍ അവരെ ശിക്ഷിക്കും; ഒന്നുകില്‍ അവരുടെ പശ്ചാത്താപം അവന്‍ സ്വീകരിക്കുകയും ചെയ്യും. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
 • وَآخَرُونَ = വേറെ ചിലരും ഉണ്ട്‌ مُرْجَوْنَ = പിന്തിച്ചു (നിറുത്തി) വെക്കപ്പെട്ടവര്‍ لِأَمْرِ اللَّهِ = അല്ലാഹുവിന്‍റെ കല്‍പനക്കുവേണ്ടി إِمَّا يُعَذِّبُهُمْ = ഒന്നുകില്‍ (ഒരുപക്ഷേ) അവന്‍ അവരെ ശിക്ഷിക്കും وَإِمَّا يَتُوبُ = ഒന്നുകില്‍ അവന്‍ പശ്ചാത്താപം സ്വീകരിക്കും عَلَيْهِمْ = അവരുടെ وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌
തബൂക്കിലേക്ക്‌ പോകാതെ പിന്തിനിന്നവര്‍ മൂന്നു തരക്കാരായിരുന്നു.
(1) കപടവിശ്വാസികള്‍. ഇവരായിരുന്നു അവരില്‍ ഏറിയകൂറും.
(2) അലസതയും മടിയുമായി പോകാതിരുന്നുവെങ്കിലും പിന്നീട്‌ കുറ്റം സമ്മതിച്ചു ഖേദിക്കുകയും, റസൂല്‍ തിരുമേനി യോട്‌ പാപമോചനം തേടുവാന്‍ അപേക്ഷിക്കുകയും, ദാനധര്‍മങ്ങള്‍ നല്‍കുകയും ചെയ്‌തവര്‍. ഇവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചതായി 102-ാം വചനത്തില്‍ നിന്നു മനസ്സിലാക്കാം. അതിന്‍റെ വ്യാഖ്യാനത്തിലുദ്ധരിച്ച ഹദീഥില്‍ നിന്ന്‌ അത്‌ കൂടുതല്‍ വ്യക്തമാകുകയും ചെയ്‌തിരിക്കുന്നു.
(3) ചിലര്‍ അലസതകൊണ്ടും മടികൊണ്ടും പോകാതിരിക്കുകയും പിന്നീട്‌ ഖേദത്തിലാകുകയും ചെയ്‌തു. പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ വന്ന്‌ ഒഴികഴിവ്‌ പറയുകയോ, പ്രാര്‍ഥിക്കുവാനപേക്ഷിക്കുകയോ ചെയ്‌തില്ല. എന്തുചെയ്യണമെന്നറിയാതെ പരിഭ്രമത്തിലും ദുഃഖത്തിലുമായിത്തീര്‍ന്നു. ഇവരെപ്പറ്റിയാണ്‌ ഈ വചനത്തില്‍ പ്രസ്‌താവിക്കുന്നത്‌. അബൂലുബാബ (റ)യും കൂട്ടുകാരും തങ്ങളെ പള്ളിയുടെ തൂണുകളില്‍ കെട്ടിബന്ധിച്ചപ്പോള്‍ അവരില്‍ മൂന്നുപേര്‍ അങ്ങിനെ ചെയ്‌തില്ലെന്നു മുമ്പ്‌ പറഞ്ഞുവല്ലോ. ആ മൂന്നുപേരായ കഅ്‌ബുബ്‌നുമാലിക്‌, ഹിലാലുബ്‌നു ഉമയ്യഃ, മുറാറത്തുബ്‌നുര്‍റബീഉ്‌ (റ) എന്നീ സ്വഹാബികളാണ്‌ ഇവരെന്ന്‌ ഇബ്‌നു അബ്ബാസ്‌, ഇക്‌രിമഃ, മുജാഹിദ്‌, ദ്വഹ്‌ഹാക്‌ (റ) എന്നിവരില്‍ നിന്ന്‌ നിവേദനങ്ങള്‍ വന്നിരിക്കുന്നു. ഈ മൂന്നുപേരുടെ കാര്യത്തില്‍, അവരുടെ തൗബഃ (പശ്ചാത്താപം) സ്വീകരിക്കുമെന്നോ, ഇല്ലെന്നോ ഈ വചനത്തില്‍ സൂചിപ്പിക്കപ്പെട്ടിട്ടില്ല. താഴെ 117, 118 എന്നീ വചനങ്ങളിലാണ്‌ അവരുടെ തൗബഃ സ്വീകരിക്കപ്പെട്ടിരിക്കുന്നതായി അറിയിച്ചിരിക്കുന്നത്‌. ആ വചനങ്ങള്‍ അവതരിക്കുന്നതുവരെ ഇവരുടെ കാര്യം അനിശ്ചിതാവസ്ഥയിലായിരുന്നു. അതുകൊണ്ട്‌ ഇവരെപ്പറ്റി مُرْجَوْنَ لأمْرِ الَّله(അല്ലാഹുവിന്‍റെ കല്‍പനക്കുവേണ്ടി നിറുത്തിവെക്കപ്പെട്ടവര്‍) എന്ന്‌ പറഞ്ഞിരിക്കുകയാണ്‌.
അവരുടെ ഖേദവും, ഭയപ്പാടും വര്‍ധിപ്പിച്ചുകൊണ്ട്‌ അവരുടെ ഹൃദയങ്ങള്‍ക്ക്‌ ശുദ്ധീകരണം നല്‍കുവാനും അവരുടെ നിഷ്‌കളങ്കത കൂടുതല്‍ ദൃഢമാക്കുവാനും വേണ്ടിയായിരിക്കാം, അല്ലാഹു അവരുടെ കാര്യം ഒന്നും വ്യക്തമാക്കാതെ നീട്ടിവെച്ചത്‌. അല്ലാഹുവിനറിയാം. അമ്പതുദിവസത്തോളം നീണ്ടുനിന്ന ആ അനിശ്ചിതാവസ്ഥയില്‍, ആ സ്വഹാബിവര്യന്‍മാര്‍ അനുഭവിച്ച മനോവേദനകളും, വ്യസനഭാരവും കേവലം അസാധരണമായിരുന്നു. അതിനെപ്പറ്റി കൂടുതല്‍ വിവരം തല്‍സ്ഥാനത്തുവെച്ച്‌ കാണാവുന്നതാണ്‌. إِن شَاءَ اللَّهُ
9:107
 • وَٱلَّذِينَ ٱتَّخَذُوا۟ مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًۢا بَيْنَ ٱلْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ ٱللَّهَ وَرَسُولَهُۥ مِن قَبْلُ ۚ وَلَيَحْلِفُنَّ إِنْ أَرَدْنَآ إِلَّا ٱلْحُسْنَىٰ ۖ وَٱللَّهُ يَشْهَدُ إِنَّهُمْ لَكَٰذِبُونَ ﴾١٠٧﴿
 • ഒരു പള്ളി ഉണ്ടാക്കിയവരും (അവരില്‍) ഉണ്ട്‌: ഉപദ്രവമുണ്ടാക്കുന്നതിനും, അവിശ്വാസത്തിനും, സത്യവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പിക്കുന്നതിനും, മുമ്പ്‌ അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും യുദ്ധം നടത്തിയവര്‍ക്ക്‌ ഒരു പതി (സ്ഥലം) ഏര്‍പ്പെടുത്തുന്നതിനുമായിട്ട്‌. ഞങ്ങള്‍ (വളരെ) നല്ല കാര്യമല്ലാതെ (ഒന്നും) ഉദ്ദേശിച്ചിട്ടില്ല എന്ന്‌ തീര്‍ച്ചയായും അവര്‍ ശപഥം ചെയ്യുകയും ചെയ്യും. അല്ലാഹുവാകട്ടെ, നിശ്ചയമായും അവര്‍ വ്യാജം പറയുന്നവരാണെന്ന്‌ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.
 • وَالَّذِينَ اتَّخَذُوا = ഉണ്ടാക്കിയവര്‍, ഏര്‍പ്പെടുത്തിയവര്‍ مَسْجِدًا = ഒരു പള്ളി ضِرَارًا = ഉപദ്രവമുണ്ടാക്കുന്നതിനും, ദ്രോഹം ചെയ്‌വാന്‍ وَكُفْرًا = അവിശ്വാസത്തിനും وَتَفْرِيقًا = ഭിന്നിപ്പിക്കുന്നതിനും بَيْنَ الْمُؤْمِنِينَ = സത്യവിശ്വാസികള്‍ക്കിടയില്‍ وَإِرْصَادًا = പതി ഏര്‍പ്പെടുത്തുന്നതിനും, കാത്തിരിക്കുന്നതിനും لِّمَنْ حَارَبَ = യുദ്ധം (പോര്‍-പട) നടത്തിയവര്‍ക്ക്‌ اللَّهَ وَرَسُولَهُ = അല്ലാഹുവിനോടും അവന്‍റെ റസൂലിനോടും مِن قَبْلُ = മുമ്പ്‌, മുമ്പേ وَلَيَحْلِفُنَّ = അവര്‍ ശപഥം ചെയ്യുകയും തന്നെ ചെയ്യും إِنْ أَرَدْنَا = ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല (എന്ന്‌) إِلَّا الْحُسْنَىٰ = വളരെ (ഏറ്റം) നല്ലതല്ലാതെ وَاللَّهُ = അല്ലാഹുവാകട്ടെ يَشْهَدُ = അവന്‍ സാക്ഷ്യപ്പെടുത്തുന്നു. إِنَّهُمْ = നിശ്ചയമായും അവര്‍ لَكَاذِبُونَ = വ്യാജം പറയുന്നവര്‍ തന്നെയാണ്‌(എന്ന്‌)
9:108
 • لَا تَقُمْ فِيهِ أَبَدًا ۚ لَّمَسْجِدٌ أُسِّسَ عَلَى ٱلتَّقْوَىٰ مِنْ أَوَّلِ يَوْمٍ أَحَقُّ أَن تَقُومَ فِيهِ ۚ فِيهِ رِجَالٌ يُحِبُّونَ أَن يَتَطَهَّرُوا۟ ۚ وَٱللَّهُ يُحِبُّ ٱلْمُطَّهِّرِينَ ﴾١٠٨﴿
 • (നബിയേ) നീ ഒരിക്കലും അതില്‍ നില്‍ക്കരുത്‌ [നമസ്‌കരിക്കരുത്‌] ആദ്യ ദിവസം മുതല്‍ക്കേ ഭയഭക്തിയിന്‍മേല്‍ അടിത്തറയിടപ്പെട്ടിട്ടുള്ള പള്ളിതന്നെയാണ്‌ നീ നില്‍ക്കുവാന്‍ [നമസ്‌കരിക്കുവാന്‍] കൂടുതല്‍ അര്‍ഹതയുള്ളത്‌. ശുദ്ധി പ്രാപിക്കുവാന്‍ ഇഷ്‌ടപ്പെടുന്ന ചില പുരുഷന്‍മാരുണ്ട്‌ അതില്‍. അല്ലാഹുവാകട്ടെ ശുദ്ധി പ്രാപിക്കുന്നവരെ ഇഷ്‌ടപ്പെടുകയും ചെയ്യുന്നു.
 • لَا تَقُمْ = നീ (നമസ്‌കാരത്തിന്‌) നില്‍ക്കരുത്‌ فِيهِ = അതില്‍ أَبَدًا = എന്നെന്നും, ഒരിക്കലും لَّمَسْجِدٌ = ഒരു പള്ളിതന്നെ أُسِّسَ = അടിത്തറ (അസ്ഥിവാരം) ഇടപ്പെട്ടു عَلَى التَّقْوَىٰ = ഭയഭക്തിയുടെമേല്‍ مِنْ أَوَّلِ يَوْمٍ = ആദ്യദിവസം മുതല്‍ أَحَقُّ = അധികം (കൂടുതല്‍) അര്‍ഹമായത്‌. അവകാശപ്പെട്ടതാണ്‌ أَن تَقُومَ = നീ നില്‍ക്കല്‍, നില്‍ക്കുവാന്‍ فِيهِ = അതില്‍ فِيهِ = അതിലുണ്ട്‌ رِجَالٌ = ചില പുരുഷന്‍മാര്‍ يُحِبُّونَ = അവര്‍ ഇഷ്‌ടപ്പെടുന്നു أَن يَتَطَهَّرُوا = അവര്‍ ശുദ്ധി പ്രാപിക്കുവാന്‍, ശുദ്ധി നേടുന്നതിന്‌ وَاللَّهُ = അല്ലാഹുവാകട്ടെ يُحِبُّ = അവന്‍ ഇഷ്‌ടപ്പെടുന്നു الْمُطَّهِّرِينَ = ശുദ്ധി പ്രാപിക്കുന്നവരെ, ശുദ്ധി ലഭിച്ചവരെ
കപടവിശ്വാസികള്‍ ക്വുബായില്‍ സ്ഥാപിച്ചതും مَسْجِد الضِرَار (മസ്‌ജിദു-ദ്ദ്വിറാര്‍) അഥവാ ഉപദ്രവത്തിന്‍റെ പള്ളി എന്ന പേരില്‍ അറിയപ്പെട്ടതുമായ ഒരു കുപ്രസിദ്ധ സ്ഥാപനത്തെപ്പറ്റിയാണ്‌ ഈ വചനങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്നത്‌. അതിന്‍റെ ചരിത്രം ഇങ്ങനെയാണ്‌:-
മദീനായില്‍ ഖസ്‌റജ്‌ ഗോത്രത്തില്‍പെട്ട പുരോഹതന്‍ അബൂആമിര്‍ (أبو عامر الراهب) എന്ന്‌ പേരായ ഒരാളുണ്ടായിരുന്നു. ജാഹിലിയ്യത്തില്‍ അയാള്‍ ക്രിസ്‌തുമതം സ്വീകരിച്ചു ഒരു ക്രിസ്‌തീയ പാതിരിയായി മാറി. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയില്‍ ചെന്ന ശേഷം ഇസ്‌ലാമിനുണ്ടായ നേട്ടവും പ്രചാരവും അവനെ ശുണ്‌ഠി പിടിപ്പിച്ചു. മക്കയില്‍ ചെന്ന്‌ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരെ അവന്‍ മുശ്‌രിക്കുകളെ ഇളക്കിവിട്ടുകൊണ്ടിരുന്നു. ഉഹ്‌ദ്‌ യുദ്ധത്തില്‍ അവനും മുശ്‌രിക്കുകളുടെ ഭാഗത്ത്‌ സംബന്ധിച്ചിരുന്നു. യുദ്ധത്തില്‍ മദീനക്കാരായ ചില അന്‍സ്വാരികളെ നയത്തില്‍ പാട്ടിലാക്കുവാന്‍ ഒരു ശ്രമം നടത്തിനോക്കി. അതിന്‌ വിപരീതഫലമാണുണ്ടായത്‌. യുദ്ധ അണികള്‍ക്കിടയില്‍ അവന്‍ ചില ചതിക്കുഴികളുണ്ടാക്കി മുകള്‍ഭാഗം മൂടിവെച്ചിരുന്നു. അതിലൊന്നില്‍ വീണു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ തലക്കും മുഖത്തും മുറി പറ്റുകയും, അവിടുത്തെ പല്ലു പൊട്ടുകയും ഉണ്ടായി. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അവനെ ഇസ്‌ലാമിലേക്ക്‌ ക്ഷണിക്കുകയും അവന്‌ ക്വുര്‍ആന്‍ കേള്‍പ്പിക്കുകയും ചെയ്‌തുവെങ്കിലും അവന്‍ നിഷേധത്തില്‍ ശഠിച്ചു നില്‍ക്കുകയാണ്‌ ചെയ്‌തത്‌. ഉഹ്‌ദ്‌ സംഭവത്തിനു ശേഷവും ഇസ്‌ലാമിന്‌ അഭിവൃദ്ധിയും ശക്തിയും വര്‍ധിക്കുന്നതായി കണ്ടപ്പോള്‍ അവന്‍ ശാമിലേക്ക്‌ നീങ്ങി. റോമാചക്രവര്‍ത്തി ഹിറക്വ്‌ലിയൂസിനോട്‌ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരില്‍ സഹായത്തിനപേക്ഷിച്ചു. രാജാവ്‌ സഹായം വാഗ്‌ദാനം നല്‍കുകയും ചെയ്‌തിരുന്നു. അതേ അവസരത്തില്‍ മദീനയിലുള്ള തന്‍റെ പരിചയക്കാരും കപട വിശ്വാസികളുമായ പലരുമായി അവന്‍ എഴുത്തുകുത്തുകള്‍ നടത്തിക്കൊണ്ടിരിക്കുകയും നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കെതിരില്‍ താന്‍ വമ്പിച്ച സൈന്യവുമായി വരുന്നുണ്ടെന്നും മറ്റും അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്‌തു. അക്കൂട്ടത്തില്‍, താന്‍ മദീനയില്‍ വരുമ്പോള്‍, തനിക്കും സൈന്യത്തിനും ഒരു താവളവും കേന്ദ്രവും സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു.
അങ്ങനെ ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിതമായ `മസ്‌ജിദുക്വുബാ’ (ക്വുബായിലെ പള്ളി)യുടെ അടുത്തായി കപടവിശ്വാസികള്‍ ഒരു പള്ളി നിര്‍മിച്ചു. പന്ത്രണ്ടു കപടവിശ്വാസികളായിരുന്നു അതില്‍ മുന്‍കയ്യെടുത്തവര്‍. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തബൂക്കിലേക്ക്‌ പുറപ്പെട്ടു പോകുന്നതിനു മുമ്പ്‌ അവര്‍ തിരുമേനിയുടെ അടുക്കല്‍ ചെന്ന്‌ തങ്ങള്‍ ഒരു പള്ളി നിര്‍മിച്ചിട്ടുണ്ടെന്നും, സാധുക്കളും അശരണരുമായ ആളുകള്‍ക്ക്‌ തണുപ്പിലും, മഴയിലുമൊക്കെ തങ്ങുവാനുള്ള ഒരു കേന്ദ്രമെന്ന നിലക്കും മറ്റുമാണ്‌ അത്‌ നിര്‍മിച്ചിരിക്കുന്നതെന്നും അറിയിച്ചു. തിരുമേനി അതില്‍ വന്നു നമസ്‌കരിച്ചുകൊണ്ട്‌ അതിന്‍റെ ഉദ്‌ഘാടനം കഴിച്ചുതരണമെന്ന്‌ അപേക്ഷിക്കുകയും ചെയ്‌തു. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അംഗീകാരം ലഭിച്ചാല്‍, തങ്ങളുടെ ഉദ്ദേശ്യങ്ങള്‍ അവിടെ നിരുപാധികം നടത്തുവാന്‍ അത്‌ സൗകര്യമായിരിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. ഞങ്ങള്‍ ഒരു യാത്രക്കുള്ള ഒരുക്കത്തിലാണെന്നും, അത്‌ കഴിഞ്ഞു മടങ്ങിവന്നിട്ടാവാമെന്നുമായിരുന്നു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മറുപടി. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തബൂക്കില്‍ നിന്നു മടങ്ങി മദീനയുടെ അടുത്തുള്ള ദീഅവാന്‍ (ذى أوان) എന്ന സ്ഥലത്തെത്തിയപ്പോഴേക്കും പള്ളിയെ സംബന്ധിച്ച വിവരങ്ങള്‍ വഹ്‌യ്‌ മുഖേന അല്ലാഹു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ അറിയിച്ചുകൊടുത്തു. അതനുസരിച്ചു മദീനയില്‍ എത്തും മുമ്പ്‌ തന്നെ അത്‌ പൊളിച്ചു നീക്കി തീവെക്കുവാന്‍ നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ആളെ അയക്കുകയും ചെയ്‌തു.
ആ പള്ളി നിര്‍മാണത്തില്‍ കപടവിശ്വാസികളുടെ ഉന്നങ്ങളെന്തായിരുന്നുവെന്ന്‌ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.
(1) ഉപദ്രവമുണ്ടാക്കല്‍: സത്യവിശ്വാസികള്‍ക്ക്‌ പൊതുവെയും ക്വുബായിലെ സത്യവിശ്വാസികള്‍ക്ക്‌ പ്രത്യേകമായും ഉപദ്രവകരമായിരിക്കും അതിന്‍റെ നിലനില്‍പെന്നു വ്യക്തമാണ്‌.
(2) അവിശ്വാസം: അവിശ്വാസത്തില്‍ നിന്നുല്‍ഭവിച്ചതും, സത്യവിശ്വാസത്തിനെതിരില്‍ അവിശ്വാസത്തെ ശക്തിപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ വേണ്ടി സ്ഥാപിതമായതുമാണത്‌.
(3) സത്യവിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കല്‍: അഥവാ ക്വുബാ പള്ളിയില്‍ സമ്മേളിക്കാറുള്ള മുസ്‌ലിംകളില്‍ ചിലരെ അങ്ങോട്ടാകര്‍ഷിച്ചും മറ്റും അവരുടെ ഐക്യത്തെ ശിഥിലമാക്കുക.
(4) മുമ്പ്‌ അല്ലാഹുവിനോടും റസൂലിനോടും യുദ്ധം നടത്തിയവര്‍ക്ക്‌ പതിയൊരുക്കിക്കൊടുക്കുക. അതായത്‌, അബൂആമിറിനും അവന്‍റെ ആള്‍ക്കാര്‍ക്കും ഇസ്‌ലാമിനെതിരെ യുദ്ധം മുതലായ അക്രമ പരിപാടികള്‍ നടപ്പില്‍ വരുത്തുവാനുദ്ദേശിക്കുന്ന മറ്റുള്ളവര്‍ക്കും ഒരു രഹസ്യകേന്ദ്രം തയ്യാറാക്കുകയും പള്ളി എന്ന്‌ പേരു നല്‍കി സത്യാവസ്ഥ മറച്ചുപിടിക്കുകയും ചെയ്യുക. ഇതൊക്കെയാണ്‌ ആ കപടവിശ്വാസികളുടെ സാക്ഷാല്‍ ലക്ഷ്യങ്ങള്‍. എന്നാലും നമസ്‌കാരം പോലെയുള്ള നല്ല കാര്യങ്ങളെ ഉദ്ദേശിച്ചു മാത്രമാണ്‌ തങ്ങളത്‌ നിര്‍മിച്ചിരിക്കുന്നതെന്ന്‌ അവര്‍ കള്ളസത്യം ചെയ്‌തുപറയുമെന്നും, അതുകൊണ്ട്‌ ഒരു കാലത്തും നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അതില്‍ പോയി നമസ്‌കാരം നടത്തരുതെന്നും, ആദ്യം മുതല്‍ക്കേ ഭയഭക്തിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ ക്വുബായിലെ ഒന്നാമത്തെ പള്ളിയില്‍ മാത്രം നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സംബന്ധിച്ചാല്‍ മതിയെന്നും അല്ലാഹു നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിക്കുന്നു.
നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മദീനയിലേക്ക്‌ ഹിജ്‌റഃ വരുമ്പോള്‍, മദീനയില്‍ നിന്ന്‌ രണ്ടു നാഴിക തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്വുബായില്‍ ഇറങ്ങി അല്‍പദിവസം അവിടെ താമസിക്കുകയുണ്ടായി. ആ അവസരത്തില്‍ നിര്‍മിക്കപ്പെട്ടതും, ഇസ്‌ലാമില്‍ ഒന്നാമതായി സ്ഥാപിക്കപ്പെട്ടതുമായ പള്ളിയത്രെ ക്വുബായിലെ പള്ളി. പിന്നീടാണ്‌ തിരുമേനി മദീനയിലേക്ക്‌ പോയതും, അവിടത്തെ പള്ളി (`അല്‍മസ്‌ജിദുന്നബവീ’) സ്ഥാപിച്ചതും. നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) കാല്‍നടയായും, വാഹനമേറിയും ഇടക്കിടെ ക്വുബാ പള്ളിയില്‍ വന്നു സന്ദര്‍ശനം നടത്തിപ്പോയിരുന്നതായി ഹദീഥുകളില്‍ വന്നിട്ടുണ്ട്‌. ഈ പള്ളിയുടെ പ്രാധാന്യത്തെപ്പറ്റി പ്രസ്‌താവിച്ചതോടൊപ്പം, ആ പള്ളിയില്‍ സമ്മേളിക്കാറുള്ള സത്യവിശ്വാസികള്‍ ശുദ്ധി പ്രാപിക്കുവാന്‍ ഇഷ്‌ടപ്പെടുന്നവരാണെന്നും അങ്ങിനെയുള്ളവരെ അല്ലാഹുവിന്‌ ഇഷ്‌ടമാണെന്നും പറഞ്ഞു പ്രശംസിക്കുകയും ചെയ്‌തിരിക്കുന്നു. അവിശ്വാസം, കാപട്യം, പാപകൃത്യങ്ങള്‍ മുതലായ ആത്മീയ മാലിന്യങ്ങളില്‍നിന്നും വൃത്തികേട്‌, മ്‌ളേച്ഛത മുതലായ ശാരീരിക മാലിന്യങ്ങളില്‍നിന്നും പരിശുദ്ധരായിരുന്നു അവര്‍ എന്ന്‌ സാരം. വെള്ളത്തിന്‌ വളരെ ക്ഷാമമായിരുന്നതിനു പുറമെ, മലമൂത്രവിസര്‍ജ്ജനങ്ങള്‍ക്കുശേഷം കല്ല്‌ മുതലായ പദാര്‍ഥങ്ങള്‍ കൊണ്ട്‌ തടവി ശുചിയാക്കുന്ന സമ്പ്രദായമായിരുന്നു അക്കാലത്ത്‌ അറബികള്‍ക്കിടയില്‍ പൊതുവിലുണ്ടായിരുന്നത്‌. എന്നാല്‍, ക്വുബാ നിവാസികള്‍, മലമൂത്രവിസര്‍ജ്ജനാനന്തരം, കല്ലുകൊണ്ട്‌ തടവി മതിയാക്കാതെ വെള്ളംകൊണ്ടുകൂടി ശുചിയാക്കിയിരുന്നുവെന്നും, ശുചിത്വത്തിന്‍റെ കാര്യത്തില്‍ അവര്‍ അത്രയും ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നും, അതുകൊണ്ടാണ്‌ അല്ലാഹുവിന്‍റെ ഈ പ്രശംസക്ക്‌ അവര്‍ പാത്രമായതെന്നും നബി(صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുകയുണ്ടായെന്ന്‌ അഹ്‌മദ്‌, ഇബ്‌നുഖുസൈമഃ, അബൂദാവൂദ്‌, ത്വബ്‌റാനി (റ) മുതലായവര്‍ ഉദ്ധരിച്ച ഹദീഥുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നതാണ്‌. അല്ലാഹു തുടരുന്നു;-
9:109
 • أَفَمَنْ أَسَّسَ بُنْيَٰنَهُۥ عَلَىٰ تَقْوَىٰ مِنَ ٱللَّهِ وَرِضْوَٰنٍ خَيْرٌ أَم مَّنْ أَسَّسَ بُنْيَٰنَهُۥ عَلَىٰ شَفَا جُرُفٍ هَارٍ فَٱنْهَارَ بِهِۦ فِى نَارِ جَهَنَّمَ ۗ وَٱللَّهُ لَا يَهْدِى ٱلْقَوْمَ ٱلظَّٰلِمِينَ ﴾١٠٩﴿
 • അപ്പോള്‍, അല്ലാഹുവിനെ സംബന്ധിച്ച ഭയഭക്തിയുടെയും (അവനില്‍ നിന്നുള്ള) പ്രീതിയുടെയും പേരില്‍, തന്‍റെ കെട്ടിടം അടിത്തറയിട്ടവനോ ഉത്തമം? അതല്ല. (പൊളിഞ്ഞു) വീഴുവാന്‍ പോകുന്ന ഒരു തിണ്ണയുടെ വക്കിന്‍മേല്‍ തന്‍റെ കെട്ടിടം അടിത്തറയിടുകയും, എന്നിട്ടത്‌ `ജഹന്നമി' ന്‍റെ [നരകത്തിന്‍റെ] അഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്‌തവനോ (ഉത്തമം)?! അല്ലാഹുവാകട്ടെ. അക്രമികളായ ജനങ്ങളെ സന്‍മാര്‍ഗത്തിലാക്കുകയില്ല.
 • أَفَمَنْ = അപ്പോള്‍ യാതൊരുവനോ أَسَّسَ = അസ്‌തിവാരം (അടിത്തറ) ഇട്ട, സ്ഥാപിച്ച بُنْيَانَهُ = തന്‍റെ കെട്ടിടത്തെ, എടുപ്പിനെ عَلَىٰ تَقْوَىٰ = ഭയഭക്തിയുടെമേല്‍, സൂക്ഷ്‌മതയിന്‍മേല്‍ مِنَ اللَّهِ = അല്ലാഹുവിനെക്കുറിച്ച്‌ وَرِضْوَانٍ = പ്രീതിയുടെയും خَيْرٌ = ഉത്തമം, ഗുണം أَم مَّنْ = അതോ (അതല്ല) യാതൊരുവനോ أَسَّسَ = അവന്‍ തറയിട്ടു, അസ്‌തിവാരമുറപ്പിച്ചു بُنْيَانَهُ = അവന്‍റെ കെട്ടിടത്തിനു, എടുപ്പിനെ عَلَىٰ شَفَا = വക്കില്‍, ഓരത്ത്‌ جُرُفٍ = (പുഴയുടെ) തിണ്ണയുടെ, (പൊട്ടക്കിണറ്റിന്‍റെ) വക്കിന്‍റെ هَارٍ = പൊളിഞ്ഞുവീഴുന്ന (വീഴാറായ) فَانْهَارَ = എന്നിട്ടത്‌ പൊളിഞ്ഞുവീണു بِهِ = അവനെയുംകൊണ്ട്‌ فِي نَارِ = തീയില്‍, അഗ്നിയില്‍ جَهَنَّمَ = ജഹന്നമിന്‍റെ وَاللَّهُ = അല്ലാഹുവാകട്ടെ لَا يَهْدِي = സന്‍മാര്‍ഗത്തിലാക്കുകയില്ല الْقَوْمَ = ജനങ്ങളെ الظَّالِمِينَ = അക്രമികളായ
9:110
 • لَا يَزَالُ بُنْيَٰنُهُمُ ٱلَّذِى بَنَوْا۟ رِيبَةً فِى قُلُوبِهِمْ إِلَّآ أَن تَقَطَّعَ قُلُوبُهُمْ ۗ وَٱللَّهُ عَلِيمٌ حَكِيمٌ ﴾١١٠﴿
 • അവര്‍ സ്ഥാപിച്ചതായ അവരുടെ(ആ) കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ഒരു ആശങ്ക (അഥവാ അസ്വാസ്ഥ്യം) ആയിക്കൊണ്ടേയിരിക്കുന്നതാണ്‌, അവരുടെ ഹൃദയങ്ങള്‍ കഷണം കഷണമായിപ്പോയാലൊഴികെ. അല്ലാഹു (എല്ലാം) അറിയുന്നവനും, അഗാധജ്ഞനുമാകുന്നു.
 • لَا يَزَالُ = നീക്കം വരുകയില്ല (ആയിക്കൊണ്ടേയിരിക്കും) بُنْيَانُهُمُ = അവരുടെ കെട്ടിടം الَّذِي = യാതൊരു بَنَوْا = അവര്‍ സ്ഥാപിച്ച, നിര്‍മിച്ച رِيبَةً = ഒരു ആശങ്ക, സന്ദേഹം فِي قُلُوبِهِمْ = അവരുടെ ഹൃദയങ്ങളില്‍ إِلَّا أَن تَقَطَّعَ = മുറിഞ്ഞു മുറിഞ്ഞു (കഷ്‌ണം കഷ്‌ണമായി) പോയാലൊഴികെ قُلُوبُهُمْ = അവരുടെ ഹൃദയങ്ങള്‍ وَاللَّهُ = അല്ലാഹു عَلِيمٌ = അറിയുന്നവനാണ്‌ حَكِيمٌ = അഗാധജ്ഞനാണ്‌.
`മസ്‌ജിദു-ത്തക്വ്‌വാ (ഭയഭക്തിയുടെ പള്ളി)യോടും, അതിന്‍റെ ആള്‍ക്കാരോടും താരതമ്യപ്പെടുത്തുമ്പോള്‍ `മസ്‌ജിദു-ദ്ദ്വിറാറി’ (ഉപദ്രവത്തിന്‍റെ പള്ളി)ന്‍റെയും അതിന്‍റെ ആള്‍ക്കാരുടെയും പരസ്‌പരവിരുദ്ധമായ നിലപാട്‌ ചൂണ്ടിക്കാട്ടുന്ന ഉപമാലങ്കാര രൂപത്തിലുള്ള ഒരു വിവരണമാണ്‌ ആദ്യത്തെ വചനത്തില്‍ കാണുന്നത്‌. ശക്തിമത്തായ അടിത്തറയിട്ടുകൊണ്ട്‌ അതിന്‍മേല്‍ കെട്ടി ഉയര്‍ത്തപ്പെട്ട കെട്ടിടം പൊളിഞ്ഞുവീഴാതെയും, കേടുപാട്‌ കൂടാതെയും ദീര്‍ഘകാലം സുരക്ഷിതമായി നിലനില്‍ക്കുമല്ലോ. അല്ലാഹുവിനെക്കുറിച്ചുള്ള ഭയഭക്തിയുടെയും, അവന്‍റെ പ്രീതി ലഭിക്കേണമെന്ന മോഹത്തിന്‍റെയും അടിസ്ഥാനത്തില്‍ മതസ്ഥാപനമാകുന്ന കെട്ടിടം സ്ഥാപിച്ചാലുള്ള സ്ഥിതിയും അതുപോലെതന്നെ. അതിന്‍റെ പരിശുദ്ധിക്കോ പവിത്രതക്കോ കോട്ടം തട്ടാതെ അതു നിലനില്‍ക്കും. വല്ല പുഴവക്കിലോ പൊട്ടക്കിണറിന്‍റെ വക്കിലോ ഏതവസരത്തിലും പൊളിഞ്ഞുവീഴാനിടയുള്ള മണ്‍തിണ്ണയുടെ ഓരത്ത്‌ ഒരു കെട്ടിടം സ്ഥാപിച്ചാല്‍ ആ കെട്ടിടം അതിലെ ആള്‍ക്കാരടക്കം ഏതു നിമിഷവും വീണുതകരുമെന്ന്‌ പറയേണ്ടതില്ല. അത്‌പോലെയാണ്‌ കപടവിശ്വാസികളുടെ മതസ്ഥാപനങ്ങള്‍. ആ കെട്ടിടം പൊളിഞ്ഞുവീഴുന്നത്‌ ആ തിണ്ണയുടെ താഴ്‌ഭാഗത്തിലുള്ള പുഴയിലേക്കോ കിണറ്റിലേക്കോ ആയിരിക്കുമെങ്കില്‍, കപടവിശ്വാസികള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളുടെ കലാശം നരകാഗ്നിയിലേക്കുമായിരിക്കും. അപ്പോള്‍, ഈ രണ്ടു സ്ഥാപനങ്ങളില്‍ ഏതാണ്‌ നല്ലതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതാണ്‌ ആ വചനത്തിലടങ്ങിയ ആശയം.
കപടവിശ്വാസികള്‍ ആ പള്ളി നിര്‍മിച്ചത്‌ തന്നെ അവരുടെ കാപട്യം നിമിത്തമുള്ള അസ്വസ്ഥതകൊണ്ടാണ്‌. അത്‌ പൊളിച്ചു നശിപ്പിച്ചപ്പോഴാകട്ടെ, എനി എന്തെല്ലാമാണ്‌ സംഭവിക്കുകയെന്നുള്ള അവരുടെ ഭയപ്പാടും ആശങ്കയും അസ്വസ്ഥതയും അവരുടെ ഹൃദയങ്ങള്‍ നിലവിലുള്ള കാലത്തോളം അവരെ വിട്ടുമാറുവാന്‍ പോകുന്നില്ല എന്നത്രെ രണ്ടാമത്തെ വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്‌.