സൂറത്തു സ്വാഫ്-ഫാത്ത് : 22-74
വിഭാഗം - 2
- ۞ ٱحْشُرُوا۟ ٱلَّذِينَ ظَلَمُوا۟ وَأَزْوَٰجَهُمْ وَمَا كَانُوا۟ يَعْبُدُونَ ﴾٢٢﴿
- 'അക്രമം ചെയ്തിട്ടുള്ളവരെയും, അവരുടെ ഇണകളെയും, അവര്‍ ആരാധിച്ചുവന്നിരുന്നവയെയും നിങ്ങള്‍ ഒരുമിച്ചുകൂട്ടുവിന്‍,-
- احْشُرُوا നിങ്ങള്‍ ശേഖരിക്കുവിന്‍, ഒരുമിച്ചുകൂട്ടുവിന്‍ الَّذِينَ ظَلَمُوا അക്രമം ചെയ്തവരെ وَأَزْوَاجَهُمْ അവരുടെ ഇണകളെയും وَمَا كَانُوا അവര്‍ ആയിരുന്നതിനെയും يَعْبُدُونَ ആരാധിക്കുക
- مِن دُونِ ٱللَّهِ فَٱهْدُوهُمْ إِلَىٰ صِرَٰطِ ٱلْجَحِيمِ ﴾٢٣﴿
- '(അതെ) അല്ലാഹുവിനു പുറമെ (ആരാധിച്ചു വന്നവയെ). എന്നിട്ട് അവരെ കത്തിജ്വലിക്കുന്ന നരകത്തിന്റെ പാതയിലേക്കു നയിക്കുവിന്‍!
- مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ فَاهْدُوهُمْ എന്നിട്ടു അവരെ നയിക്കുവിന്‍, വഴികാട്ടുവിന്‍ إِلَىٰ صِرَاطِ പാത (വഴി) യിലേക്കു الْجَحِيمِ ജ്വലിക്കുന്ന (കത്തുന്ന) നരകത്തിന്റെ
- وَقِفُوهُمْ ۖ إِنَّهُم مَّسْـُٔولُونَ ﴾٢٤﴿
- 'അവരെ നിറുത്തുകയും ചെയ്യുവിന്‍, - നിശ്ചയമായും അവര്‍ ചോദ്യം ചെയ്യപ്പെടുന്നവരാണ്.'
- وَقِفُوهُمْ അവരെ നിറുത്തുകയും ചെയ്യുവിന്‍ إِنَّهُم നിശ്ചയമായും അവര്‍ مَّسْئُولُونَ ചോദിക്കപ്പെടുന്നവരാണ്
സജ്ജനങ്ങളുടെ ഇണകള്‍ അവരോടൊപ്പം സ്വര്‍ഗ്ഗത്തില്‍ സുഖിക്കുമെന്നു സൂ: യാസീന്‍ 56ലും മറ്റും പ്രസ്താവിച്ചിരിക്കുന്നതുപോലെ, അവിശ്വാസികളുടെ ഇണകള്‍ ശിക്ഷയില്‍ അവരോടൊപ്പവും ഉണ്ടായിരിക്കുമെന്നു അല്ലാഹു ഇവിടെ പ്രസ്താവിക്കുന്നു. പക്ഷേ, സല്‍ക്കര്‍മ്മികളായ ഇണകള്‍ക്കുമാത്രമേ സല്‍ക്കര്‍മ്മികളൊന്നിച്ചു സുഖിക്കുവാനുള്ള സല്‍ഭാഗ്യവും, ദുഷ്കര്‍മ്മികളായ ഇണകള്‍ക്കു മാത്രമേ ദുഷ്കര്‍മ്മികളൊന്നിച്ചു ശിക്ഷ അനുഭവിക്കുവാനുള്ള ദുര്‍ഭാഗ്യവും ഉണ്ടാകുകയുള്ളുവെന്നു പറയേണ്ടതില്ല. ഇതിനു ഖുര്‍ആനില്‍തന്നെ ധാരാളം തെളിവുകള്‍ കാണാം.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറയുന്നു: ‘ഒരു അടിയാന്റെയും കാലടികള്‍ (വിചാരണവേളയില്‍) അവന്‍ ചോദ്യം ചെയ്യപ്പെടാതെ നീങ്ങുകയില്ല. അതായത്: അവന്റെ ആയുഷ്കാലത്തെക്കുറിച്ചു അതെന്തില്‍ ചിലവഴിച്ചുവെന്നും, അവന്റെ അറിവിനെക്കുറിച്ച് അതുകൊണ്ടെന്തു പ്രവര്‍ത്തിച്ചുവെന്നും, അവന്റെ ധനത്തെക്കുറിച്ചു അതെവിടെനിന്നു സമ്പാദിച്ചുവെന്നും എന്തില്‍ ചിലവഴിച്ചുവെന്നും, അവന്റെ ശരീരത്തെക്കുറിച്ചു അതിനെ എന്തില്‍ വിനിയോഗിച്ചു എന്നും!’ (തി.). അക്രമികളോടും അവരുടെ ആരാധ്യന്‍മാരോടും ഇപ്രകാരം ചോദിക്കപ്പെടും:-
- مَا لَكُمْ لَا تَنَاصَرُونَ ﴾٢٥﴿
- '(അക്രമികളേ,) നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അന്യോന്യം സഹായിക്കുന്നില്ല?!'
- مَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَنَاصَرُونَ നിങ്ങളന്യോന്യം സഹായിക്കുന്നില്ല
- بَلْ هُمُ ٱلْيَوْمَ مُسْتَسْلِمُونَ ﴾٢٦﴿
- പക്ഷേ, ഇന്ന് അവര്‍ കീഴടങ്ങിയവരാണ്.
- بَلْ എങ്കിലും, പക്ഷേ هُمُ الْيَوْمَ അവര്‍ ഇന്നു مُسْتَسْلِمُونَ കീഴടങ്ങിയവരാണ്
നിങ്ങള്‍ ഇഹത്തില്‍വെച്ച് അന്യോന്യം സഹായിച്ചും, സഹകരിച്ചും വന്നിരുന്നു. നിങ്ങളുടെ ആരാധ്യവസ്തുക്കള്‍ നിങ്ങളെ സഹായിക്കുമെന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആരും അന്യോന്യം സഹായിക്കുന്നില്ലല്ലോ? എന്നു അവരെ നിന്ദിച്ചുകൊണ്ടുള്ള ചോദ്യമാണിത്. അല്ലാഹു തന്നെ അതിനു മറുപടിയും പറയുന്നു: ഇതിനു കാരണം, അവര്‍ ഇന്നു തികച്ചും ദുര്‍ബ്ബലരും നിസ്സഹായരുമായി കീഴൊതുങ്ങിയിരിക്കുകയാണ്. അവരുടെ മുമ്പത്തെ ധിക്കാരവും, നിഷേധവുമെല്ലാം ഇന്നു അവരെ വിട്ടുമാറിയിരിക്കുന്നു.
- وَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴾٢٧﴿
- അവര്‍ അന്യോന്യം ചോദ്യം ചെയ്തുകൊണ്ട് ചിലര്‍ ചിലരുടെ നേരെ മുന്നിടും (തിരിയും).
- وَأَقْبَلَ മുന്നിടും, തിരിയും بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരില്‍ يَتَسَاءَلُونَ അന്യോന്യം ചോദ്യം ചെയ്തുകൊണ്ടു
- قَالُوٓا۟ إِنَّكُمْ كُنتُمْ تَأْتُونَنَا عَنِ ٱلْيَمِينِ ﴾٢٨﴿
- അവര്‍ പറയും: 'നിങ്ങള്‍ ഞങ്ങളുടെ അടുക്കല്‍ വലവശത്തുകൂടി വന്നിരുന്നുവല്ലോ!'
- قَالُوا അവര്‍ പറയും إِنَّكُمْ كُنتُمْ നിശ്ചയമായും നിങ്ങളായിരുന്നു تَأْتُونَنَا ഞങ്ങളുടെ അടുക്കല്‍ വരുക عَنِ الْيَمِينِ വലത്തുവശത്തുകൂടി
‘വലത്തുവശത്തുകൂടി വരുക’ എന്നു പറഞ്ഞതിന്റെ താല്‍പര്യം, ശക്തിയായും, അധികാരസ്വരത്തിലും വഴിപിഴപ്പിക്കുവാന്‍ ചെല്ലുക എന്നാകുന്നു. ഇതു നേതാക്കളുടെ നേരെ നീതര്‍ക്കുള്ള ആക്ഷേപമാണ്. നേതാക്കളുടെ മറുപടി ഇപ്രകാരമായിരിക്കും:
- قَالُوا۟ بَل لَّمْ تَكُونُوا۟ مُؤْمِنِينَ ﴾٢٩﴿
- അവര്‍ പറയും: 'പക്ഷേ, നിങ്ങള്‍ (സ്വയംതന്നെ) വിശ്വാസികളായിരുന്നില്ല;
- قَالُوا അവര്‍ പറയും بَل لَّمْ تَكُونُوا പക്ഷേ നിങ്ങളായിരുന്നില്ല مُؤْمِنِينَ വിശ്വാസികള്‍
- وَمَا كَانَ لَنَا عَلَيْكُم مِّن سُلْطَٰنٍۭ ۖ بَلْ كُنتُمْ قَوْمًا طَٰغِينَ ﴾٣٠﴿
- 'ഞങ്ങള്‍ക്കു നിങ്ങളുടെമേല്‍ യതൊരധികാര ശക്തിയും ഉണ്ടായിരുന്നതുമില്ല. എങ്കിലും, നിങ്ങള്‍ (സ്വയം) അതിക്രമികളായ ഒരു ജനതയായിരുന്നു.
- وَمَا كَانَ لَنَا ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല عَلَيْكُم നിങ്ങളുടെമേല്‍ مِّن سُلْطَانٍ ഒരു അധികാര ശക്തിയും بَلْ كُنتُمْ എങ്കിലും നിങ്ങളായിരുന്നു قَوْمًا طَاغِينَ അതിരു കവിഞ്ഞ (അതിക്രമികളായ) ഒരു ജനത
- فَحَقَّ عَلَيْنَا قَوْلُ رَبِّنَآ ۖ إِنَّا لَذَآئِقُونَ ﴾٣١﴿
- 'ആകയാല്‍, നമ്മുടെ രക്ഷിതാവിന്റെ വാക്ക് നമ്മുടെമേല്‍ യഥാര്‍ത്ഥമായി ഭവിച്ചു. നാം നിശ്ചയമായും (ശിക്ഷ) ആസ്വദിക്കുന്നവര്‍തന്നെ.
- فَحَقَّ عَلَيْنَا ആകയാല്‍ നമ്മുടെമേല്‍ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു قَوْلُ رَبِّنَا നമ്മുടെ റബ്ബിന്റെ വാക്കു إِنَّا നിശ്ചയമായും നാം لَذَائِقُونَ അനുഭവിക്കുന്ന (ആസ്വദിക്കുന്ന)വര്‍ തന്നെ
- فَأَغْوَيْنَٰكُمْ إِنَّا كُنَّا غَٰوِينَ ﴾٣٢﴿
- 'എന്നാല്‍, ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു; (കാരണം) നിശ്ചയമായും ഞങ്ങള്‍ വഴിതെറ്റിയവരായിരുന്നു.'
- فَأَغْوَيْنَاكُمْ എന്നാല്‍ ഞങ്ങള്‍ നിങ്ങളെ വഴിതെറ്റിച്ചു إِنَّا كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു غَاوِينَ വഴി തെറ്റിയവര്‍
ആരോപണങ്ങള്‍കൊണ്ടോ, പ്രത്യാരോപണങ്ങള്‍കൊണ്ടോ ഒരു ഫലവും ഇരുവിഭാഗക്കാര്‍ക്കും ലഭിക്കുവാനില്ല. ഇരുകൂട്ടര്‍ക്കും രക്ഷാമാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു.
- فَإِنَّهُمْ يَوْمَئِذٍ فِى ٱلْعَذَابِ مُشْتَرِكُونَ ﴾٣٣﴿
- എന്നാല്‍, അന്നത്തെ ദിവസം അവര്‍ (എല്ലാവരും) ശിക്ഷയില്‍ പങ്കാളികളായിരിക്കുന്നതാണ്.
- فَإِنَّهُمْ എന്നാല്‍ അവര്‍ يَوْمَئِذٍ അന്നത്തെ ദിവസം فِي الْعَذَابِ ശിക്ഷയില്‍ مُشْتَرِكُونَ പങ്കുചേര്‍ന്നവരാണ്, കൂട്ടുകാരാണ്
- إِنَّا كَذَٰلِكَ نَفْعَلُ بِٱلْمُجْرِمِينَ ﴾٣٤﴿
- നിശ്ചയമായും കുറ്റവാളികളെക്കൊണ്ടു നാം അപ്രകാരമത്രെ ചെയ്യുക.
- إِنَّا നിശ്ചയമായും നാം كَذَٰلِكَ نَفْعَلُ അപ്രകാരമാണ് ചെയ്യുക بِالْمُجْرِمِينَ കുറ്റവാളികളെക്കൊണ്ടു
- إِنَّهُمْ كَانُوٓا۟ إِذَا قِيلَ لَهُمْ لَآ إِلَٰهَ إِلَّا ٱللَّهُ يَسْتَكْبِرُونَ ﴾٣٥﴿
- (കാരണം) 'അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ല' എന്നു അവരോടു പറയപ്പെട്ടാല്‍, അവര്‍ അഹംഭാവം കാണിക്കുകയായിരുന്നു.
- إِنَّهُمْ كَانُوا കാരണം അവരായിരുന്നു إِذَا قِيلَ لَهُمْ അവരോടു പറയപ്പെട്ടാല്‍ لَا إِلَـٰهَ ഒരു ഇലാഹും ഇല്ല إِلَّا اللَّـهُ അല്ലാഹു ഒഴികെ (എന്നു) يَسْتَكْبِرُونَ അവര്‍ ഗര്‍വ്വ് (അഹംഭാവം) നടിച്ചിരുന്നു
- وَيَقُولُونَ أَئِنَّا لَتَارِكُوٓا۟ ءَالِهَتِنَا لِشَاعِرٍ مَّجْنُونٍۭ ﴾٣٦﴿
- അവര്‍ പറയുകയുംചെയ്യും: 'ഒരു ഭ്രാന്തനായ കവിക്കുവേണ്ടി നാം നമ്മുടെ ഇലാഹുകളെ [ആരാധ്യവസ്തുക്കളെ] ഉപേക്ഷിക്കുന്നവരാണോ?!'
- وَيَقُولُونَ അവര്‍ പറയുകയും ചെയ്യും أَئِنَّا ഞങ്ങളോ لَتَارِكُو آلِهَتِنَا ഞങ്ങളുടെ ആരാധ്യവസ്തുക്കളെ (ദൈവങ്ങളെ) ഉപേക്ഷിക്കുന്നവരാകുന്നു لِشَاعِرٍ ഒരു കവിക്കുവേണ്ടി مَّجْنُونٍ ഭ്രാന്തനായ
- بَلْ جَآءَ بِٱلْحَقِّ وَصَدَّقَ ٱلْمُرْسَلِينَ ﴾٣٧﴿
- പക്ഷേ, (അതൊന്നുമല്ല) അദ്ദേഹം യഥാര്‍ത്ഥം കൊണ്ടു വന്നിരിക്കുകയും, 'മുര്‍സലു'കളെ സത്യമാ(ക്കി സ്ഥാപി)ക്കുകയും ചെയ്തിരിക്കയാണ്.
- بَلْ جَاءَ എങ്കിലും അദ്ദേഹം വന്നിരിക്കുന്നു بِالْحَقِّ യഥാര്‍ത്ഥവുംകൊണ്ടു وَصَدَّقَ സത്യമാക്കുകയും ചെയ്തിരിക്കുന്നു الْمُرْسَلِينَ മൂര്‍സലുകളെ
‘ഭ്രാന്തന്‍, കവി’ എന്നൊക്കെ പറയുന്നതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയെ ഉദ്ദേശിച്ചുകൊണ്ടാണ്. അടുത്ത വചനത്തില്‍ അവിശ്വാസികളെ അഭിമുഖീകരിച്ചു പറയുന്നു:
- إِنَّكُمْ لَذَآئِقُوا۟ ٱلْعَذَابِ ٱلْأَلِيمِ ﴾٣٨﴿
- (ഹേ, അവിശ്വാസികളേ,) നിശ്ചയമായും നിങ്ങള്‍ വേദനയേറിയ ശിക്ഷ ആസ്വദിക്കുന്നവര്‍തന്നെയാണ്.
- إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَذَائِقُو الْعَذَابِ ശിക്ഷ ആസ്വദിക്കുന്നവര്‍ തന്നെ الْأَلِيمِ വേദനയേറിയ
- وَمَا تُجْزَوْنَ إِلَّا مَا كُنتُمْ تَعْمَلُونَ ﴾٣٩﴿
- നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുന്നതുമല്ല.
- وَمَا تُجْزَوْنَ നിങ്ങള്‍ക്കു പ്രതിഫലം നല്‍കപ്പെടുകയുമില്ല إِلَّا مَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനല്ലാതെ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും
- إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ ﴾٤٠﴿
- അല്ലാഹുവിന്റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരൊഴികെ,-
- إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്റെ അടിയാന്മാരൊഴികെ الْمُخْلَصِينَ ശുദ്ധിയാക്ക (നിഷ്കളങ്കരാക്ക - തെളിയിച്ചെടുക്ക)പ്പെട്ടവരായ
- أُو۟لَٰٓئِكَ لَهُمْ رِزْقٌ مَّعْلُومٌ ﴾٤١﴿
- അക്കൂട്ടരാകട്ടെ, അവര്‍ക്ക് അറിയപ്പെട്ടതായ ഉപജീവനമുണ്ടായിരിക്കും.
- أُولَـٰئِكَ അക്കൂട്ടരാകട്ടെ لَهُمْ അവര്‍ക്കുണ്ട് رِزْقٌ ഉപജീവനം, ആഹാരം مَّعْلُومٌ അറിയപ്പെട്ട, നിര്‍ണ്ണയപ്പെട്ട
- فَوَٰكِهُ ۖ وَهُم مُّكْرَمُونَ ﴾٤٢﴿
- അതായതു: (സുഖഭോജ്യങ്ങളായ) പഴവര്‍ഗ്ഗങ്ങള്‍. അവര്‍, ആദരിക്കപ്പെട്ടവരുമായിരിക്കും;
- فَوَاكِهُ അതായതു പഴ (ഫലവര്‍ഗ്ഗ)ങ്ങള്‍ (സുഖഭോജ്യങ്ങള്‍) وَهُم അവര്‍ مُّكْرَمُونَ ആദരിക്കപ്പെട്ടവരുമാണ്
- فِى جَنَّٰتِ ٱلنَّعِيمِ ﴾٤٣﴿
- സൗഭാഗ്യത്തിന്റെ സ്വര്‍ഗ്ഗങ്ങളില്‍!
- فِي جَنَّاتِ സ്വര്‍ഗ്ഗങ്ങളില്‍ النَّعِيمِ സൗഭാഗ്യത്തിന്റെ, അനുഗ്രഹത്തിന്റെ
- عَلَىٰ سُرُرٍ مُّتَقَٰبِلِينَ ﴾٤٤﴿
- ചില (ഉന്നതതരം) കട്ടിലുകളില്‍ പരസ്പരം അഭിമുഖരായിക്കൊണ്ട്.
- عَلَىٰ سُرُرٍ ചില കട്ടിലുകളില്‍ مُّتَقَابِلِينَ അന്യോന്യം അഭിമുഖരായിക്കൊണ്ടു
സ്വര്‍ഗ്ഗത്തില്‍ വിശപ്പും ദാഹവും അനുഭവപ്പെടുകയില്ല. (ത്വാഹാ: 118,119). അതുകൊണ്ട് അവിടെ ഭക്ഷണം കഴിക്കുന്നതു വിശപ്പിനുവേണ്ടിയും, പാനീയം ഉപയോഗിക്കുന്നതു ദാഹത്തിനുവേണ്ടിയും ആയിരിക്കയില്ല; ആനന്ദത്തിനും സന്തോഷത്തിനും വേണ്ടിയായിരിക്കും. അതുകൊണ്ടാണ് അവരുടെ ഉപജീവനം സുഖഭോജ്യങ്ങളായ പഴവര്‍ഗ്ഗങ്ങളാണ് (فَوَاكِهُ) എന്നു പറഞ്ഞിരിക്കുന്നത്. ബന്ധുമിത്രാദികളും, സ്വന്തക്കാരും സ്വര്‍ഗ്ഗീയസോഫകളിലും, പര്യങ്കകളിലും ചാരിയിരുന്നു സല്ലപിക്കുന്നതിനെപ്പറ്റിയാണ് 44-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. ആ ഉദ്യാനസല്ലാപവേളയെ അല്ലാഹു വിവരിക്കുന്നു:-
- يُطَافُ عَلَيْهِم بِكَأْسٍ مِّن مَّعِينٍۭ ﴾٤٥﴿
- ഉറവു പൊട്ടിയൊഴുകുന്ന (പാനീയ) ജലത്തിന്റെ നിറകോപ്പയുംകൊണ്ട് അവരില്‍ ചുറ്റി നടക്കപ്പെടും;
- يُطَافُ ചുറ്റി നടക്കപ്പെടും عَلَيْهِم അവരില്‍ بِكَأْسٍ നിറകോപ്പയുമായി مِّن مَّعِينٍ ഉറവുപൊട്ടിയൊഴുകുന്ന ജലത്തിന്റെ
- بَيْضَآءَ لَذَّةٍ لِّلشَّٰرِبِينَ ﴾٤٦﴿
- വെള്ളനിറമുള്ളതും, കുടിക്കുന്നവര്‍ക്കു രുചികരമായതും!
- بَيْضَاءَ വെളുത്തതായ لَذَّةٍ രുചികരമായ لِّلشَّارِبِينَ കുടിക്കുന്നവര്‍ക്കു
- لَا فِيهَا غَوْلٌ وَلَا هُمْ عَنْهَا يُنزَفُونَ ﴾٤٧﴿
- അതില്‍ യാതൊരു കെടുതിയും (ഉണ്ടാകുക) ഇല്ല; അവര്‍ക്കു അതിനാല്‍ ലഹരി ഏര്‍പ്പെടുകയുമില്ല.
- لَا فِيهَا അതിലില്ല غَوْلٌ ഒരു കെടുതലും, കേടും وَلَا هُمْ അവരില്ലതാനും عَنْهَا അതിനാല്‍ يُنزَفُونَ അവര്‍ക്കു ലഹരി (മത്തു, മയക്കം) പിടിപെടും
- وَعِندَهُمْ قَٰصِرَٰتُ ٱلطَّرْفِ عِينٌ ﴾٤٨﴿
- അവരുടെ അടുക്കല്‍ (പരദൃഷ്ടിവെക്കാതെ) ദൃഷ്ടിയെ നിയന്ത്രിക്കുന്ന തരളനേത്രകളായ സ്ത്രീകളും ഉണ്ടായിരിക്കും.
- وَعِندَهُمْ അവരുടെ അടുക്കലുണ്ടായിരിക്കും قَاصِرَاتُ الطَّرْفِ ദൃഷ്ടി (കണ്ണു) ചുരുക്കുന്ന (നിയന്ത്രിക്കുന്ന) സ്ത്രീകള്‍ عِينٌ തരള (വിശാല) നേത്രകള്‍
- كَأَنَّهُنَّ بَيْضٌ مَّكْنُونٌ ﴾٤٩﴿
- അവര്‍ (പക്ഷിക്കൂടുകളില്‍) സൂക്ഷിച്ചുവെക്കപ്പെട്ട മുട്ടകള്‍ പോലെയിരിക്കും.
- كَأَنَّهُنَّ അവരാണെന്നപ്പോലെയിരിക്കും بَيْضٌ മുട്ട مَّكْنُونٌ സൂക്ഷിച്ചു (ഒളിച്ചു) വെക്കപ്പെട്ട
പാനീയം നിറച്ചുവെച്ച കോപ്പക്കാണ് كَأْسٍ (കഅ്സ്) എന്നു പറയുന്നത്. സ്വര്‍ഗ്ഗത്തില്‍ ശുദ്ധജലത്തിന്റെയും, പാലിന്റെയും, കള്ളിന്റെയും, തേനിന്റെയും അരുവികള്‍ ഒഴുകുന്നതായി സൂ: മുഹമ്മദ് 15-ാം വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉറവു പൊടിഞ്ഞുണ്ടാകുന്നത് (مَّعِينٍ) എന്നു പാനീയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തും, അതിനുശേഷം ഇന്നുവരെയും – ഈ പരിഷ്കൃത യുഗത്തില്‍പോലും – മനുഷ്യരില്‍ കള്ളു മുതലായ പാനീയങ്ങള്‍ക്കുള്ള സ്ഥാനം പ്രസിദ്ധമാണ്. എന്നാല്‍, സ്വര്‍ഗ്ഗത്തിലെ കള്ളും, ഇതരപാനീയങ്ങളും, ഈ ലോകത്തിനെ അപേക്ഷിച്ചു വെറും നാമമാത്ര സാമ്യമാണുള്ളത്. നമുക്കു പരിചയമുള്ള വാക്കുകളിലല്ലാതെ നമുക്കു അതിനെപ്പറ്റി വിവരിച്ചുതരുവാന്‍ വഴിയില്ലല്ലോ. ഇഷ്ടംപോലെ എവിടെയും, കിട്ടാവുന്ന വിധം അവ ഒഴുകിക്കൊണ്ടിരിക്കും. കൗതുകവും, പരിശുദ്ധതയും വിളങ്ങുന്ന സ്ഫടികസമാനമായ വെള്ളവര്‍ണ്ണം, പുളിപ്പോ, ചവര്‍പ്പോ, മറ്റു കെടുതലുകളോ ഇല്ലാതെ അങ്ങേഅറ്റം രുചികരവും! ഉപയോഗിച്ചാല്‍, തലചുറ്റലോ, മയക്കമോ, മത്തോ ഒന്നും തന്നെ പിടിപെടുകയില്ല. തികച്ചും ആനന്ദകരം. എങ്ങും എഴുന്നേറ്റു പോയി കൊണ്ടു വരേണ്ടതുമില്ല. ഇരിക്കുന്നേടത്തുതന്നെ കൊണ്ടുവന്ന് നിറകോപ്പകളുമായി സ്വര്‍ഗ്ഗീയ ബാലന്മാര്‍ അവരില്‍ ചുറ്റിനടന്നു കൊടുത്തുകൊണ്ടിരിക്കും!
കൂടാതെ, പരന്‍മാരിലേക്കു ഒട്ടും ദൃഷ്ടി പതിക്കാതെ, സ്വന്തം വരന്‍മാരില്‍ മാത്രം ദൃഷ്ടി പതിക്കുന്ന പതിവ്രതകളും, സൗന്ദര്യം വമിക്കുന്നതും അത്യാകര്‍ഷകവുമായ വിശാല നേത്രങ്ങളോടു കൂടിയവരുമായ തരുണീമണികളും അവരൊന്നിച്ചുണ്ടായിരിക്കും. പക്ഷിക്കൂടുകളില്‍ മാര്‍ദ്ദവമേറിയ തൂവലുകള്‍ക്കിടയില്‍ സൂക്ഷിക്കപ്പെട്ടതും, കൈതൊട്ടോ പൊടിയാദിയോ, നിറഭേദം വരാത്തതുമായമുട്ടകളെപ്പോലെ, വടിവൊത്തു മൃദുലമായി അഴകാര്‍ന്നവരായിരിക്കും അവര്‍. (സ്ത്രീകളുടെ സൗന്ദര്യവര്‍ണ്ണനകളില്‍ അവരെ മുട്ടകളോടു ഉപമിക്കല്‍ അറബികളില്‍ പതിവു ഉള്ളതാണ്). ഇങ്ങിനെ വിവിധ തരത്തിലുള്ള ആനന്ദ ജീവിതം ആസ്വദിച്ചുകൊണ്ടിരിക്കും മദ്ധ്യെ അവരില്‍ നടക്കുന്ന ഒരു സംഭാഷണ രംഗം അല്ലാഹു വിവരിക്കുന്നു:-
- فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ﴾٥٠﴿
- അങ്ങനെ, അവര്‍ അന്യോന്യം ചോദിച്ചുകൊണ്ട് ചിലര്‍ ചിലരുടെ നേരെ മുന്നിടും [തിരിയും].
- فَأَقْبَلَ അങ്ങനെ മുന്നിടും (തിരിയും) بَعْضُهُمْ അവരില്‍ ചിലര്‍ عَلَىٰ بَعْضٍ ചിലരുടെ നേരെ يَتَسَاءَلُونَ അന്യോന്യം ചോദ്യം നടത്തിക്കൊണ്ടു
- قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ ﴾٥١﴿
- അവരില്‍ ഒരു വക്താവു പറയും: 'നിശ്ചയമായും എനിക്കൊരു സഹചാരി [ഉറ്റസ്നേഹിതന്‍] ഉണ്ടായിരുന്നു;-
- قَالَ قَائِلٌ ഒരു വക്താവു പറയും مِّنْهُمْ അവരില്‍ നിന്നു إِنِّي നിശ്ചയമായും ഞാന്‍ كَانَ لِي എനിക്കുണ്ടായിരുന്നു قَرِينٌ ഒരു സഹചാരി, ചങ്ങാതി
- يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ ﴾٥٢﴿
- അവന്‍ പറയുമായിരുന്നു: '(പുനരുത്ഥാനം) സത്യമെന്നു വിശ്വസിക്കുന്നവരില്‍ പെട്ടവന്‍ തന്നെയാണോ നീ?-
- يَقُولُ അവന്‍ പറയും أَإِنَّكَ നിശ്ചയമായും നീയാണോ لَمِنَ الْمُصَدِّقِينَ സത്യമാക്കുന്ന (വിശ്വസിക്കുന്ന)വരില്‍
- أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ ﴾٥٣﴿
- 'നാം മരണപ്പെടുകയും, മണ്ണും, എല്ലുകളുമായിത്തീരുകയും ചെയ്താല്‍, നിശ്ചയമായും നാം (പ്രതിഫല) നടപടി എടുക്കപ്പെടുന്നവര്‍ ആയിരിക്കുകയോ?!'
- أَإِذَا مِتْنَا നാം മരിച്ചിട്ടാണോ وَكُنَّا تُرَابًا നാം മണ്ണായിത്തീരുകയും وَعِظَامًا എല്ലുകളും أَإِنَّا നാം ആയിരിക്കയോ لَمَدِينُونَ നടപടി എടുക്കപ്പെടുന്ന (പ്രതിഫലം നല്‍കപ്പെടുന്ന)വര്‍ തന്നെ
തനിക്ക് ഇഹത്തില്‍വെച്ചുണ്ടായിരുന്ന ഒരു സ്നേഹിതനെപ്പറ്റി അദ്ദേഹം ഓര്‍ക്കുകയാണ്, അയാള്‍ മരണാനന്തരജീവിതത്തെ നിഷേധിക്കുന്ന ആളായിരുന്നു. അയാള്‍ മുമ്പ് തന്നോട് പറഞ്ഞ ചില വാക്കുകളാണദ്ദേഹം ഉദ്ധരിക്കുന്നത്. ഈ സ്നേഹിതന്റെ ഇപ്പോഴത്തെ സ്ഥിതിഗതിയെന്താണെന്നറിയുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി തന്റെ കൂട്ടുകാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
- قَالَ هَلْ أَنتُم مُّطَّلِعُونَ ﴾٥٤﴿
- അദ്ദേഹം (കൂട്ടുകാരോടു) പറയും: 'നിങ്ങള്‍ എത്തിനോക്കു(വാന്‍ ഉദ്ദേശിക്കു)ന്നവരാണോ?'
- قَالَ അദ്ദേഹം പറയും هَلْ أَنتُم നിങ്ങളാണോ مُّطَّلِعُونَ എത്തി (പാളി, ചെന്നു) നോക്കുന്നവര്‍
- فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ ﴾٥٥﴿
- എന്നിട്ടു അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തില്‍ കാണുന്നതാണ്.
- فَاطَّلَعَ എന്നിട്ടദ്ദേഹം എത്തിനോക്കും فَرَآهُ അപ്പോഴവനെ കാണും فِي سَوَاءِ الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തില്‍, നടുവില്‍
- قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ ﴾٥٦﴿
- അദ്ദേഹം (അവനോടു) പറയും: 'അല്ലാഹുവിനെത്തന്നെ (സത്യം)! നിശ്ചയമായും നീ എന്നെ നാശത്തിലകപ്പെടുത്തിയേക്കുമായിരുന്നു!
- قَالَ അദ്ദേഹം പറയും تَاللَّـهِ അല്ലാഹുവിനെത്തന്നെ (സത്യം) إِن كِدتَّ നിശ്ചയമായും നീ ആയേക്കുമായിരുന്നു لَتُرْدِينِ എന്നെ നാശത്തിലാക്കുക, അപകടപ്പെടുത്തുക തന്നെ
- وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ ﴾٥٧﴿
- 'എന്റെ രക്ഷിതാവിന്റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ (ഇതില്‍) ഹാജറാക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകതന്നെ ചെയ്യുമായിരുന്നു!'
- وَلَوْلَا ഇല്ലായിരുന്നെങ്കില്‍ نِعْمَةُ رَبِّي എന്റെ റബ്ബിന്റെ അനുഗ്രഹം لَكُنتُ ഞാന്‍ ആകുക തന്നെ ചെയ്തിരുന്നു مِنَ الْمُحْضَرِينَ ഹാജറാക്കപ്പെടുന്നവരില്‍
നിന്നെപ്പോലെ എന്നെയും അപകടത്തിലാക്കുവാന്‍ നീ ശ്രമിച്ചുവെങ്കിലും അല്ലാഹു എന്നെ കാത്തുരക്ഷിച്ചു എന്നു സാരം. അദ്ദേഹം തന്റെ കൂട്ടുകാരെ അഭിമുഖീകരിച്ച് ഇങ്ങിനെ പറയും:
- أَفَمَا نَحْنُ بِمَيِّتِينَ ﴾٥٨﴿
- 'എനി, നാം മരണപ്പെട്ടുപോകുന്നവരല്ലല്ലോ,-
- أَفَمَا نَحْنُ എനി നമ്മളല്ലല്ലോ بِمَيِّتِينَ മരണപ്പെട്ടു പോകുന്നവര്‍
- إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ ﴾٥٩﴿
- - നമ്മുടെ ആദ്യത്തെ മരണമല്ലാതെ?! നാം ശിക്ഷിക്കപ്പെടുന്നവരുമല്ലല്ലോ!'
- إِلَّا مَوْتَتَنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ആദ്യത്തെ, ഒന്നാമത്തെ وَمَا نَحْنُ നാമല്ലല്ലോ بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവരും
തന്റെ നിര്‍ഭാഗ്യവാനായ ആ ചങ്ങാതിയുടെ സ്ഥിതിഗതികള്‍ കണ്ടപ്പോള്‍, തനിക്കും കൂട്ടുകാര്‍ക്കും ലഭിച്ച മഹനീയ പ്രതിഫലങ്ങളെ സന്തോഷപൂര്‍വ്വം സ്മരിച്ചുകൊണ്ട് അദ്ദേഹം കൂട്ടുകാരോടു പറയുന്നതാണിത്. നരകത്തിലെ സ്നേഹിതനോടു പറയുന്ന കൂട്ടത്തില്‍ ഉള്‍പ്പെട്ടതുതന്നെയാണ് ഈ വാക്കുകള്‍ എന്നും ചിലര്‍ക്കഭിപ്രായമുണ്ട്. ഏതായാലും തനിക്കും തന്റെ കൂട്ടുകാര്‍ക്കും ലഭിച്ച അനുഗ്രഹത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയാണദ്ദേഹം ചെയ്യുന്നത്. ഭൗതികജീവിതത്തില്‍നിന്നു നാം മരിച്ചു വിടവാങ്ങി; എനി നമുക്കു ഇവിടെ മരണമില്ലാത്ത ശാശ്വത ജീവിതമാണുള്ളത്; എന്നിരിക്കെ, ശിക്ഷയെക്കുറിച്ചു നമുക്കു ഭയപ്പെടേണ്ടതുമില്ല; ഇതു അല്ലാഹു നമുക്കു നല്‍കിയ മഹത്തായ അനുഗ്രഹംതന്നെ എന്നു സാരം. സ്വര്‍ഗ്ഗസ്ഥരായ ഭാഗ്യവാന്‍മാരുടെ സ്ഥിതിഗതികള്‍ പലതും വിവരിച്ചശേഷം അല്ലാഹു പറയുന്നു:
- إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ ﴾٦٠﴿
- നിശ്ചയമായും ഇതുതന്നെയാണ് മഹത്തായ ഭാഗ്യം!
- إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെയാണ് الْفَوْزُ الْعَظِيمُ മഹത്തായ (വമ്പിച്ച) ഭാഗ്യം, വിജയം
- لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ ﴾٦١﴿
- യത്നിക്കുന്ന ആളുകള്‍ ഇതുപോലെയുള്ളതിനു വേണ്ടി യത്നിച്ചുകൊള്ളട്ടെ!
- لِمِثْلِ هَـٰذَا ഇതുപോലെയുള്ളതിനുവേണ്ടി فَلْيَعْمَلِ പ്രവര്‍ത്തിച്ചുകൊള്ളട്ടെ الْعَامِلُونَ പ്രവര്‍ത്തിക്കുന്നവര്‍
‘ഇങ്ങിനെയുള്ള മഹത്തായ ഭാഗം ലഭിക്കുവാനും, അതിനുവേണ്ടി യത്നിക്കുവാനും അല്ലാഹു നമ്മെ തുണക്കട്ടെ. ആമീന്‍. അടുത്ത വചനങ്ങളില്‍, നരകവാസികളുടെ സ്ഥിതിഗതികള്‍ എന്തായിരിക്കുമെന്ന് വിവരിക്കുന്നു. അല്ലാഹു ചോദിക്കുന്നു:-
- أَذَٰلِكَ خَيْرٌ نُّزُلًا أَمْ شَجَرَةُ ٱلزَّقُّومِ ﴾٦٢﴿
- ആതിഥ്യസല്‍ക്കാരത്തില്‍ ഉത്തമമായതു അതാണോ? അതല്ല - 'സഖ്-ഖൂം' വൃക്ഷമോ?!
- أَذَٰلِكَ خَيْرٌ അതാണോ ഉത്തമം نُّزُلًا ആതിഥ്യസല്‍ക്കാരത്തില്‍ أَمْ അതല്ല, അഥവാ അതോ شَجَرَةُ الزَّقُّومِ 'സഖ്-ഖൂം' വൃക്ഷമോ
- إِنَّا جَعَلْنَٰهَا فِتْنَةً لِّلظَّٰلِمِينَ ﴾٦٣﴿
- നിശ്ചയമായും, നാം അതിനെ [ആ വൃക്ഷത്തെ] അക്രമികള്‍ക്ക് ഒരു പരീക്ഷണം (അഥവാ ആപത്തു) ആക്കിയിരിക്കുന്നു.
- إِنَّا جَعَلْنَاهَا നിശ്ചയമായും നാമതിനെ ആക്കിയിരിക്കുന്നു فِتْنَةً ഒരു പരീക്ഷണം, ആപത്തു (ശിക്ഷ) لِّلظَّالِمِينَ അക്രമികള്‍ക്കു
- إِنَّهَا شَجَرَةٌ تَخْرُجُ فِىٓ أَصْلِ ٱلْجَحِيمِ ﴾٦٤﴿
- അതു ജ്വലിക്കുന്ന നരകത്തിന്റെ അടിയില്‍ ഉല്പാദിക്കുന്ന ഒരു വൃക്ഷമാകുന്നു.
- إِنَّهَا നിശ്ചയമായും അതു شَجَرَةٌ ഒരു വൃക്ഷമാണ് تَخْرُجُ അത് പുറപ്പെടുന്നു (ഉല്‍പാദിക്കുന്ന) فِي أَصْلِ الْجَحِيمِ നരകത്തിന്റെ അടിയില്‍
- طَلْعُهَا كَأَنَّهُۥ رُءُوسُ ٱلشَّيَٰطِينِ ﴾٦٥﴿
- അതിന്റെ പഴക്കുല, പിശാചുക്കളുടെ തലകളെപ്പോലെയിരിക്കും.
- طَلْعُهَا അതിന്റെ (പഴ) കുല كَأَنَّهُ അതാണെന്നപോലെയിരിക്കും رُءُوسُ الشَّيَاطِينِ പിശാചുക്കളുടെ തലകള്‍ (പോലെ)
- فَإِنَّهُمْ لَءَاكِلُونَ مِنْهَا فَمَالِـُٔونَ مِنْهَا ٱلْبُطُونَ ﴾٦٦﴿
- എന്നാലവര്‍, നിശ്ചയമായും അതില്‍ നിന്ന് തിന്നുന്നവരായിരിക്കും; എന്നിട്ട് അതില്‍നിന്നു വയറു നിറക്കുന്നവരുമായിരിക്കും.
- فَإِنَّهُمْ എന്നാലവര്‍ لَآكِلُونَ തിന്നുന്നവര്‍തന്നെയായിരിക്കും مِنْهَا അതില്‍നിന്നു فَمَالِئُونَ مِنْهَا എന്നിട്ടുഅതില്‍ നിന്നു നിറക്കുന്നവരായിരിക്കും الْبُطُونَ വയറുകള്‍
- ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْبًا مِّنْ حَمِيمٍ ﴾٦٧﴿
- പിന്നീടു, അതിനുമീതെ (കുടിക്കുവാന്‍) ചുട്ടു തിളക്കുന്ന വെള്ളംകൊണ്ടുള്ള ഒരു ചേരുവയും [മിശ്രജലവും] അവര്‍ക്കുണ്ട്.
- ثُمَّ പിന്നെ إِنَّ لَهُمْ നിശ്ചയമായും അവര്‍ക്കുണ്ട് عَلَيْهَا അതിന്റെ മീതെ لَشَوْبًا ഒരു ചേരുവ (മിശ്രം, കലര്‍പ്പ്) مِّنْ حَمِيمٍ ചുട്ട (തിളക്കുന്ന) വെള്ളത്തില്‍നിന്ന്
- ثُمَّ إِنَّ مَرْجِعَهُمْ لَإِلَى ٱلْجَحِيمِ ﴾٦٨﴿
- പിന്നെ, അവരുടെ മടക്കം, ജ്വലിക്കുന്ന നരകത്തിലേക്കുതന്നെ.
- ثُمَّ പിന്നെ إِنَّ مَرْجِعَهُمْ നിശ്ചയമായും അവരുടെ മടക്കം لَإِلَى الْجَحِيمِ ജ്വലിക്കുന്ന നരകത്തിലേക്കുതന്നെ
സ്വര്‍ഗ്ഗത്തിലെ അതിഥികള്‍ക്കു ലഭിക്കുന്ന സല്‍ക്കാരം മുകളില്‍ വിവരിച്ചതാണ്. അതേ സമയത്തു നരകത്തിലെ ആളുകള്‍ക്കു അവിടെ ലഭിക്കുവാനുള്ളതു, ഇതാ ഇപ്പറയുന്നതുമാണ്. അതുകൊണ്ടു ഏതാണ് വേണ്ടതെന്നു തീരുമാനിച്ചുകൊള്ളുവാന്‍ അല്ലാഹു ജനങ്ങളെ ആഹ്വാനം ചെയ്യുന്നു.
അറേബ്യായുടെ ചില കടല്‍ തീരപ്രദേശങ്ങളില്‍ ‘സഖ്-ഖൂം’ (الزَّقُّوم) എന്ന പേരില്‍, കയ്പും ദുര്‍വാസനയുമുള്ള ഒരുതരം വൃക്ഷം ഉണ്ടെന്നു പറയപ്പെടുന്നു. ഉണ്ടെങ്കില്‍ തന്നെ, നരകത്തിന്റെ അടിയില്‍ ഉല്‍പാദിക്കുന്ന ‘സഖ്-ഖൂമും’ അതുമായി പേരില്‍ മാത്രമല്ലാത്ത യാതൊരു സാമ്യവുമില്ലെന്നുസ്പഷ്ടമാണ്. കാഴ്ചയില്‍തന്നെ വികൃതമായ ആ മരത്തിന്റെ കൊള്ളരുതായ്മ ചൂണ്ടിക്കാണിക്കുവനാണ് كَأَنَّهُ رُءُوسُ الشَّيَاطِينِ (പിശാചുക്കളുടെ തലകള്‍ പോലെ) എന്നു അതിന്റെ കുലകളെ ഉപമിച്ചിരിക്കുന്നത്. കൊള്ളരുതാത്ത വികൃതരൂപങ്ങളെ ‘പിശാചുക്കളുടെ തലപോലെ’ യെന്നു ഉപമിക്കുക അറബികളില്‍ പതിവുണ്ട്. അതിന്റെ ഫലങ്ങള്‍ എത്ര തന്നെ അരോചകവും, അസുഖകരവുമാണെങ്കിലും നരകവാസികള്‍ അടക്കവയ്യാത്ത വിശപ്പുമൂലം അതു തിന്ന് വയറു നിറക്കുവാന്‍ നിര്‍ബ്ബന്ധിതരാകും. അതവരുടെ വയറുകളില്‍ തിളച്ചുമറിയും (സൂ: ദുഖാന്‍: 45). പിന്നീടു ദാഹം അടക്കവയ്യാതെ വെള്ളത്തിന് അവര്‍ ആര്‍ത്തികൊള്ളും. ദാഹത്തിനു കിട്ടുന്ന വെള്ളമാകട്ടെ, ‘ഹമീ’ മാകുന്ന ചുട്ടുതിളക്കുന്ന വെള്ളവും! അതാണവര്‍ക്കു കുടിക്കുവാന്‍ കിട്ടുക. അതാണെങ്കില്‍, അവരുടെ ആമാശയങ്ങളെ നുറുക്കിക്കളയുന്നതുമായിരിക്കും! (സൂ: മുഹമ്മദ് : 15). മറ്റേതെങ്കിലും വിധേന അവര്‍ക്കു വല്ല ആശ്വാസവും ലഭിക്കുവാനുണ്ടോ? ഇല്ല. പിന്നെയും നരകത്തില്‍ തങ്ങളുടെ വാസസ്ഥലങ്ങളിലേക്കു തന്നെയാണവര്‍ക്കു മടങ്ങുവാനുള്ളത്. അങ്ങിനെ നരകത്തിനും, ചുട്ടുതിളക്കുന്ന വെള്ളത്തിനുമിടയില്‍ അവര്‍ ചുറ്റിത്തിരിയണം! (സൂ: റഹ്മാന്‍: 44). അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. ആമീന്‍. ഇത്രയും കഠിനകഠോരമായ ശിക്ഷകള്‍ക്കു അവര്‍ വിധേയരാകുന്നതിനു കാരണം അല്ലാഹു എടുത്തുകാട്ടുന്നു:-
- إِنَّهُمْ أَلْفَوْا۟ ءَابَآءَهُمْ ضَآلِّينَ ﴾٦٩﴿
- നിശ്ചയമായും അവര്‍ തങ്ങളുടെ പിതാക്കളെ വഴിപിഴച്ചവരായി കണ്ടെത്തി;-
- إِنَّهُمْ أَلْفَوْا കാരണം അവര്‍ കണ്ടെത്തി آبَاءَهُمْ അവരുടെ പിതാക്കളെ ضَالِّينَ വഴിപിഴച്ചവരായി
- فَهُمْ عَلَىٰٓ ءَاثَٰرِهِمْ يُهْرَعُونَ ﴾٧٠﴿
- എന്നിട്ടു അവര്‍ അവരുടെ കാല്‍പാടുകളില്‍കൂടി തിരക്കിട്ട് ചെല്ലുമായിരുന്നു.
- فَهُمْ എന്നിട്ടവര്‍ عَلَىٰ آثَارِهِمْ അവരുടെ കാല്‍പാടുകളില്‍ (പ്രവര്‍ത്തനങ്ങളില്‍) يُهْرَعُونَ തിരക്കിട്ടു ചെന്നിരുന്നു, ധൃതിപ്പെട്ടിരുന്നു
- وَلَقَدْ ضَلَّ قَبْلَهُمْ أَكْثَرُ ٱلْأَوَّلِينَ ﴾٧١﴿
- ഇവര്‍ക്കുമുമ്പ് പൂര്‍വ്വീകന്മാരില്‍ അധികമാളുകളും വഴിപിഴച്ചു പോകയുണ്ടായിട്ടുണ്ട്.
- وَلَقَدْ ضَلَّ വഴി പിഴക്കുകയുണ്ടായിട്ടുണ്ട് قَبْلَهُمْ അവരുടെ മുമ്പ് أَكْثَرُ الْأَوَّلِينَ പൂര്‍വ്വികന്മാരില്‍ അധികവും
- وَلَقَدْ أَرْسَلْنَا فِيهِم مُّنذِرِينَ ﴾٧٢﴿
- അവരില്‍ നാം, താക്കീതുകാരെ [ദൂതന്‍മാരെ] അയക്കുകയും ഉണ്ടായി.
- وَلَقَدْ أَرْسَلْنَا നാം അയച്ചിട്ടുമുണ്ട് فِيهِم അവരില്‍ مُّنذِرِينَ താക്കീതുകാരെ
- فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُنذَرِينَ ﴾٧٣﴿
- എന്നിട്ടു, നോക്കുക: (ആ) താക്കീതു നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങിനെയാണ് ഉണ്ടായതെന്ന്! [എല്ലാവരും ശിക്ഷിക്കപ്പെട്ടു.]
- فَانظُرْ എന്നിട്ടു നോക്കുക كَيْفَ كَانَ എങ്ങിനെ ആയി, ഉണ്ടായി عَاقِبَةُ الْمُنذَرِينَ താക്കീതു ചെയ്യപ്പെട്ടവരുടെ പര്യവസാനം (അന്ത്യം)
- إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ ﴾٧٤﴿
- അല്ലാഹുവിന്റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരൊഴികെ അവര്‍ [രക്ഷപ്പെട്ടു].
- إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ടവരായ, ശുദ്ധരായ
പിതാക്കളുടെ പിഴച്ച മാര്‍ഗ്ഗങ്ങളെ ഒട്ടും ആലോചിക്കാതെ കണ്ടമാനം താത്പര്യംപൂര്‍വ്വം അവര്‍ പിന്‍പറ്റിയിരുന്നുവെന്നാണ് يُهْرَعُونَ (അവര്‍ തിരക്കിട്ടുചെന്നിരുന്നു) എന്നു പറഞ്ഞതിന്റെ വിവക്ഷ. ഇങ്ങിനെ പല സമുദായങ്ങളും പൂര്‍വ്വീകരുടെ പിഴച്ച മാര്‍ഗ്ഗങ്ങള്‍ പിന്‍പറ്റുകമൂലം നാശത്തിലും ശിക്ഷയിലും അകപ്പെടുകയുണ്ടായിട്ടുണ്ട്. പക്ഷെ, നിഷ്കളങ്കരും ശുദ്ധ ഹൃദയരുമായ ആളുകള്‍ അതില്‍നിന്നു രക്ഷപ്പെടുകയും ചെയ്തു. ഇതിനു ചില ഉദാഹരണങ്ങളാണ് താഴെ കാണുന്നത്: