വിഭാഗം - 3

37:75
 • وَلَقَدْ نَادَىٰنَا نُوحٌ فَلَنِعْمَ ٱلْمُجِيبُونَ ﴾٧٥﴿
 • നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവര്‍ വളരെ നന്നായിട്ടുണ്ട്.
  [വളരെ നല്ല നിലയില്‍ ഉത്തരം നല്‍കി]
 • وَلَقَدْ نَادَانَا നമ്മെ വിളിക്കുകയുണ്ടായി نُوحٌ നൂഹ് فَلَنِعْمَ അപ്പോള്‍ വളരെ നന്നായി الْمُجِيبُونَ ഉത്തരം നല്‍കിയവര്‍
37:76
 • وَنَجَّيْنَـٰهُ وَأَهْلَهُۥ مِنَ ٱلْكَرْبِ ٱلْعَظِيمِ ﴾٧٦﴿
 • അദ്ദേഹത്തെയും, തന്റെ ആള്‍ക്കാരെയും നാം വമ്പിച്ച സങ്കടത്തില്‍ [വിപത്തില്‍] നിന്നു രക്ഷിക്കുകയും ചെയ്തു.
 • وَنَجَّيْنَاهُ അദ്ദേഹത്തെ നാം രക്ഷിക്കയും ചെയ്തു وَأَهْلَهُ അദ്ദേഹത്തിന്റെ ആള്‍ക്കാരെ (സ്വന്തക്കാരെ)യും مِنَ الْكَرْبِ സങ്കടത്തി(വിപത്തി)ല്‍ നിന്നു الْعَظِيمِ വമ്പിച്ച
37:77
 • وَجَعَلْنَا ذُرِّيَّتَهُۥ هُمُ ٱلْبَاقِينَ ﴾٧٧﴿
 • അദ്ദേഹത്തിന്റെ സന്തതിയെത്തന്നെ അവശേഷിക്കുന്നവരാക്കുകയും ചെയ്തു.
 • وَجَعَلْنَا നാം ആക്കുകയും ചെയ്തു ذُرِّيَّتَهُ അദ്ദേഹത്തിന്റെ സന്തതിയെ هُمُ അവരെത്തന്നെ الْبَاقِينَ ബാക്കിയായ (അവശേഷിക്കുന്ന)വര്‍
37:78
 • وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ ﴾٧٨﴿
 • പിന്നീടുള്ളവരില്‍ [ഭാവിതലമുറകളില്‍] അദ്ദേഹത്തിന്റെമേല്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
 • وَتَرَكْنَا നാം വിട്ടു (ബാക്കിയാക്കി) عَلَيْهِ അദ്ദേഹത്തിന്റെ പേരില്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍, പിന്‍ഗാമികളില്‍
37:79
 • سَلَـٰمٌ عَلَىٰ نُوحٍ فِى ٱلْعَـٰلَمِينَ ﴾٧٩﴿
 • ലോകരില്‍ നൂഹിന്റെമേല്‍ 'സലാം' [സമാധാന ശാന്തി] ഉണ്ടായിരിക്കും.
 • سَلَامٌ സലാം, സമാധാനശാന്തിയുണ്ട് عَلَىٰ نُوحٍ നൂഹിന്റെമേല്‍ فِي الْعَالَمِينَ ലോകരില്‍
37:80
 • إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾٨٠﴿
 • നിശ്ചയമായും, നാം അപ്രകാരമാണ് സുകൃതവാന്‍മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
 • إِنَّا നിശ്ചയമായും നാം كَذَٰلِكَ نَجْزِي അപ്രകാരം നാം പ്രതിഫലം കൊടുക്കുന്നു الْمُحْسِنِينَ സുകൃതം (നന്‍മ, പുണ്യം) ചെയ്യുന്നവര്‍ക്ക്
37:81
 • إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ ﴾٨١﴿
 • അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവനാകുന്നു.
 • إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ
37:82
 • ثُمَّ أَغْرَقْنَا ٱلْـَٔاخَرِينَ ﴾٨٢﴿
 • പിന്നെ, മറ്റുള്ളവരെ(യെല്ലാം) നാം മു(ക്കി നശിപ്പി)ക്കുകയും ചെയ്തു.
 • ثُمَّ أَغْرَقْنَا പിന്നെ നാം മുക്കി الْآخَرِينَ മറ്റേവരെ

നൂഹ് (അ) നബിയുടെയും, ജലപ്രളയത്തിന്റെയും സംഭവം ഒന്നിലധികം പ്രാവശ്യം മുമ്പു കഴിഞ്ഞു പോയിട്ടുണ്ട്: ഇവിടെ പറഞ്ഞതിന്റെ സാരം ഇതാണ്: തന്റെ ജനതയുടെ ധിക്കാരവും അക്രമവും അങ്ങേഅറ്റം മുഴുത്തപ്പോള്‍ അദ്ദേഹം രക്ഷക്കായി പ്രാര്‍ത്ഥിച്ചു. അല്ലാഹു വേണ്ടതുപോലെ അതിനു ഉത്തരവും നല്‍കി. അവിശ്വാസികളെയെല്ലാം ജലപ്രളയത്തില്‍ നശിപ്പിക്കുകയും, അദ്ദേഹത്തെയും സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സന്തതികളെ നിലനിറുത്തുകയും, ഭാവിതലമുറകളില്‍ അദ്ദേഹത്തിനു സല്‍കീര്‍ത്തിയും സമാധാനശാന്തിയുടെ ആശീര്‍വാദങ്ങളും അവശേഷിപ്പിക്കുകയും ചെയ്തു.

പിന്നീടു അവശേഷിച്ചതു അദ്ദേഹത്തിന്റെ സന്തതികളാണെന്നു (وَجَعَلْنَا ذُرِّيَّتَهُ هُمُ الْبَاقِينَ) പറഞ്ഞതില്‍ നിന്ന് ഭൂലോകത്തു പിന്നീടുണ്ടായ മനുഷ്യരെല്ലാം ആ സന്തതിവഴി ഉണ്ടായവരാണെന്നു മനസ്സിലാകുന്നു. കപ്പലില്‍ കയറി രക്ഷപ്പെട്ടവരില്‍ അദ്ദേഹത്തിന്റെ മക്കളല്ലാത്തവരും ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സന്താന പരമ്പരമാത്രമേ ലോകത്തു നിലനിന്നിട്ടുള്ളുവെന്നാണ് പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. അറബികള്‍, പേര്‍ഷ്യക്കാര്‍, റോമക്കാര്‍ (യൂറോപ്യ൪) മുതലായവര്‍ ‘സാം’ എന്ന പുത്രന്റെയും, നീഗ്രോ മുതലായ കറുത്ത വര്‍ഗ്ഗക്കാര്‍ ‘ഹാം’ എന്ന പുത്രന്റെയും തുര്‍ക്കികള്‍, യാഗോക്ക്, മാഗോക്ക് (റഷ്യ, മങ്കോളിയ മുതലായ നാടുകളിലുള്ളവര്‍) ‘യാഫെഥ്’ എന്ന പുത്രന്റെറെയും സന്തതികളാണെന്നുമാണ് പൊതുവില്‍ അഭിപ്രായം. ‘സാം അറബികളുടെയും, ഹാം അബീസീനിയക്കാരുടെയും, യാഫെഥ് റോമക്കാരുടെയും പിതാവാണെന്ന് ഒരു ഹദീസിലും വന്നിട്ടുണ്ട്. (തി; ഹാ; ത്വ). ചരിത്രപരമായി നോക്കുമ്പോള്‍ ഇപ്പറഞ്ഞതിനെ അനുകൂലിക്കുന്നതും, പ്രതികൂലിക്കുന്നതുമായ അഭിപ്രായങ്ങള്‍ കാണാം. الله اعلم .

നൂഹ് (അ) നബിയെപ്പറ്റി إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ (അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവനാണ്) എന്നു പറഞ്ഞുവല്ലോ. സത്യവിശ്വാസികളെല്ലാം ഒരേ കക്ഷിയിലും സമൂഹത്തിലുംപെട്ടവരാണെന്നു സൂചിപ്പിച്ചുകൊണ്ട് അടുത്ത വചനം ഇബ്രാഹീം (അ) നബിയുടെ കഥ വിവരിക്കുന്നു.

37:83
 • وَإِنَّ مِن شِيعَتِهِۦ لَإِبْرَٰهِيمَ ﴾٨٣﴿
 • നിശ്ചയമായും, അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍ തന്നെയാണ് ഇബ്രാഹീമും.
 • وَإِنَّ مِن شِيعَتِهِ നിശ്ചയമായും അദ്ദേഹത്തിന്റെ കക്ഷിയില്‍പെട്ടവന്‍തന്നെ لَإِبْرَاهِيمَ ഇബ്രാഹീം
37:84
 • إِذْ جَآءَ رَبَّهُۥ بِقَلْبٍ سَلِيمٍ ﴾٨٤﴿
 • നിര്‍ദ്ദോഷമായ ഒരു ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ രക്ഷിതാവിങ്കല്‍ വന്ന സന്ദര്‍ഭം (ഓര്‍ക്കുക).
 • إِذْ جَاءَ അദ്ദേഹം വന്ന സന്ദര്‍ഭം رَبَّهُ തന്റെ രക്ഷിതാവിങ്കല്‍ بِقَلْبٍ ഒരു ഹൃദയവുമായി سَلِيمٍ നിര്‍ദ്ദോഷമായ, അന്യൂനമായ, സുരക്ഷിതമായ
37:85
 • إِذْ قَالَ لِأَبِيهِ وَقَوْمِهِۦ مَاذَا تَعْبُدُونَ ﴾٨٥﴿
 • അതായതു, അദ്ദേഹം തന്റെ പിതാവിനോടും, ജനതയോടും പറഞ്ഞ സന്ദര്‍ഭം: 'നിങ്ങള്‍ എന്തിനെയാണ് ആരാധിക്കുന്നതു?!-
 • إِذْ قَالَ അതായതു താന്‍ പറഞ്ഞപ്പോള്‍ لِأَبِيهِ തന്റെ പിതാവിനോടു وَقَوْمِهِ തന്റെ ജനതയോടും مَاذَا تَعْبُدُونَ എന്തിനെയാണ് നിങ്ങളാരാധിക്കുന്നതു
37:86
 • أَئِفْكًا ءَالِهَةً دُونَ ٱللَّهِ تُرِيدُونَ ﴾٨٦﴿
 • 'കള്ളമായിക്കൊണ്ട് അല്ലാഹുവിനു പുറമെ നിങ്ങള്‍ ആരാധ്യന്‍മാരെ ഉദ്ദേശിക്കുകയാണോ?!
 • أَئِفْكًا കള്ളമായിട്ടോ آلِهَةً പല ആരാധ്യവസ്തുക്കളെ دُونَ اللَّـهِ അല്ലാഹുവിനുപുറമെ تُرِيدُونَ നിങ്ങളുദ്ദേശിക്കുന്നു
37:87
 • فَمَا ظَنُّكُم بِرَبِّ ٱلْعَـٰلَمِينَ ﴾٨٧﴿
 • 'അപ്പോള്‍, ലോകരക്ഷിതാവിനെപ്പറ്റി നിങ്ങളുടെ ധാരണയെന്താണ്?!
 • فَمَا ظَنُّكُم അപ്പോള്‍ നിങ്ങളുടെ ധാരണ (വിചാരം) എന്താണ് بِرَبِّ الْعَالَمِينَ ലോക(രുടെ) രക്ഷിതാവിനെപ്പറ്റി

യാതൊരുവിധ കളങ്കവും, സ്വാര്‍ത്ഥവും തീണ്ടാത്ത ശുദ്ധമനസ്സോടെ സത്യവിശ്വാസത്തിന്റെ മാര്‍ഗ്ഗത്തില്‍ ഇബ്രാഹീംനബി (അ) ത്യാഗസന്നദ്ധനായി എന്നത്രെ ‘നിര്‍ദ്ദോഷമായ ഹൃദയത്തോടുകൂടി അദ്ദേഹം തന്റെ റബ്ബിങ്കല്‍ വന്നു’ എന്നു പറഞ്ഞതിന്റെ താല്‍പര്യം. ഇബ്രാഹീം (അ) നബിയുടെ സംഭവത്തിന്റെ പല വശങ്ങളും ഇതിനു മുമ്പു ഒന്നിലധികം പ്രാവശ്യം വിവരിക്കപ്പെട്ടിട്ടുള്ളതാണ്. അദ്ദേഹം വിഗ്രഹങ്ങളെ ആക്ഷേപിച്ചതു, നശിപ്പിച്ചതു. അതുമൂലം പരീക്ഷണങ്ങള്‍ക്കു വിധേയനായതു, മകന്‍ ഇസ്മാഈല്‍ നബി (അ)നെ ബലിയര്‍പ്പിക്കുന്നതു എന്നിവയെപ്പറ്റിയാണ്‌ പ്രധാനമായും ഈ സൂറത്തില്‍ വിവരിക്കുന്നത്. ജനങ്ങളെല്ലാം ഒരു ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോകുമ്പോള്‍ അദ്ദേഹം അവരൊന്നിച്ചു സംബന്ധിക്കാതിരിക്കുന്നതിനുള്ള കാരണമാണ് അടുത്ത വചനത്തില്‍ കാണുന്നത്.

37:88
 • فَنَظَرَ نَظْرَةً فِى ٱلنُّجُومِ ﴾٨٨﴿
 • അങ്ങനെ, അദ്ദേഹം നക്ഷത്രങ്ങളില്‍ ഒരു നോട്ടം നോക്കി.
 • فَنَظَرَ അങ്ങനെ അദ്ദേഹം നോക്കി نَظْرَةً ഒരു നോട്ടം فِي النُّجُومِ നക്ഷത്രങ്ങളില്‍
37:89
 • فَقَالَ إِنِّى سَقِيمٌ ﴾٨٩﴿
 • എന്നിട്ടു പറഞ്ഞു: 'നിശ്ചയമായും ഞാന്‍ അസുഖമുള്ളവനാണ്.'
 • فَقَالَ എന്നിട്ടു പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ سَقِيمٌ അസുഖമുള്ളവനാണ്, രോഗിയാണ്, അനാരോഗ്യനാണ്
37:90
 • فَتَوَلَّوْا۟ عَنْهُ مُدْبِرِينَ ﴾٩٠﴿
 • അപ്പോള്‍, അവര്‍ അദ്ദേഹത്തെ വിട്ടു പിന്തിരിഞ്ഞു മാറിപ്പോയി.
 • فَتَوَلَّوْا അപ്പോള്‍ അവര്‍ തിരിഞ്ഞുപോയി عَنْهُ അദ്ദേഹത്തില്‍ നിന്നു مُدْبِرِينَ പിന്നിട്ടവരായി

‘നക്ഷത്രത്തിൽ നോക്കി’ എന്നു പറഞ്ഞതിന്റെ താല്‍പര്യം കുറെനേരം ചിന്തിച്ചു എന്നായിരിക്കാം. ഒരു വിഷയത്തെക്കുറിച്ചു കാര്യമായും, ദീര്‍ഘമായും ചിന്തിച്ചു എന്ന അര്‍ത്ഥത്തില്‍ نَظْرَةً فِي النُّجُومِ (നക്ഷത്രങ്ങില്‍ നോക്കി) എന്നു അറബികള്‍ പറയാറുണ്ടായിരുന്നതായി ഖത്താദഃ (റ) യില്‍നിന്നു നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ അഭാവത്തില്‍ അവരുടെ വിഗ്രഹങ്ങളെ കൊത്തിമുറിക്കുവാന്‍ ഉദ്ദേശിച്ചിരിക്കുകയാണ് ഇബ്രാഹീം നബി (അ). അതിനാല്‍ അവരൊന്നിച്ചു ഉത്സവത്തില്‍ പങ്കെടുക്കാതിരിക്കുവാന്‍ ഒരു കാരണം അദ്ദേഹം ആലോചിച്ചു. ഞാന്‍ സുഖമില്ലാത്തവനാണ് – അഥവാ നിങ്ങളുടെ സ്ഥിതിഗതികള്‍ നിമിത്തം – മനസ്സിനു സുഖമില്ല – എന്നു പറഞ്ഞു. ഒരു പക്ഷേ, ശാരീരികമായി തന്നെ അദ്ദേഹത്തിനു എന്തെങ്കിലും അസുഖമുണ്ടായിരുന്നുവെന്നും വരാം. الله اعلم .ഏതായാലും ജനങ്ങള്‍ സ്ഥലംവിട്ടു.

37:91
 • فَرَاغَ إِلَىٰٓ ءَالِهَتِهِمْ فَقَالَ أَلَا تَأْكُلُونَ ﴾٩١﴿
 • എന്നിട്ടു അദ്ദേഹം അവരുടെ ആരാധ്യവസ്തുക്കളിലേക്കു തിരിഞ്ഞു (അഥവാ ഒളിഞ്ഞുചെന്നു). എന്നിട്ടു പറഞ്ഞു: 'നിങ്ങള്‍ തിന്നുന്നില്ലേ?!
 • فَرَاغَ അപ്പോള്‍ അദ്ദേഹം തിരിഞ്ഞു, ഒളിഞ്ഞുചെന്നു إِلَىٰ آلِهَتِهِمْ അവരുടെ ദൈവങ്ങളിലേക്കു, ആരാധ്യവസ്തുക്കളിലേക്കു فَقَالَ എന്നിട്ടു പറഞ്ഞു أَلَا تَأْكُلُونَ നിങ്ങള്‍ തിന്നുന്നില്ലേ
37:92
 • مَا لَكُمْ لَا تَنطِقُونَ ﴾٩٢﴿
 • 'നിങ്ങള്‍ക്കെന്താണ് - നിങ്ങള്‍ മിണ്ടുന്നില്ലേ?!'
 • مَا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَنطِقُونَ നിങ്ങള്‍ മിണ്ടുന്നില്ല, സംസാരിക്കുന്നില്ല
37:93
 • فَرَاغَ عَلَيْهِمْ ضَرْبًۢا بِٱلْيَمِينِ ﴾٩٣﴿
 • അങ്ങനെ, അദ്ദേഹം വലംകയ്യാല്‍ [ഊക്കോടെ] വെട്ടിക്കൊണ്ട് അവരുടെ മേല്‍ക്കുതിരിഞ്ഞു.
 • فَرَاغَ അങ്ങനെ അദ്ദേഹം തിരിഞ്ഞു عَلَيْهِمْ അവരില്‍, അവരുടെമേല്‍ ضَرْبًا വെട്ടിക്കൊണ്ടു, അടിച്ചുകൊണ്ടു بِالْيَمِينِ വലങ്കയ്യാല്‍ (ഊക്കോടെ)

സൂ: അമ്പിയാഇല്‍ പറഞ്ഞതുപോലെ, വലിയ വിഗ്രഹത്തെമാത്രം അദ്ദേഹം ബാക്കിയാക്കി. നിങ്ങള്‍ തിന്നുന്നില്ലേ, ‘നിങ്ങള്‍ മിണ്ടുന്നില്ലല്ലോ’ എന്നൊക്കെ അവയെ നിന്ദിച്ചു പറഞ്ഞ വാക്കുകളാണെന്നു വ്യക്തമാണ്. വിഗ്രഹങ്ങളുടെ മുമ്പില്‍ നിവേദ്യമായി സമ൪പ്പിക്കപ്പെട്ട ഭക്ഷണസാധനങ്ങളെ ഉദ്ദേശിച്ചായിരിക്കാം ‘തിന്നുന്നില്ലേ’ എന്നു പറഞ്ഞത്. ജനങ്ങള്‍ ഉത്സവത്തില്‍നിന്നു മടങ്ങിവന്നപ്പോഴാണ് സംഭവം അറിയുന്നത്.

37:94
 • فَأَقْبَلُوٓا۟ إِلَيْهِ يَزِفُّونَ ﴾٩٤﴿
 • എന്നിട്ടു അവര്‍ ധൃതിപിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കലേക്കു മുന്നിട്ടുചെന്നു.
 • فَأَقْبَلُوا എന്നിട്ടു അവര്‍ മുന്നിട്ടു إِلَيْهِ അദ്ദേഹത്തിന്റെ അടുക്കലേക്കു يَزِفُّونَ ധൃതി പിടിച്ചവരായി, തിരക്കിട്ടുകൊണ്ടു
37:95
 • قَالَ أَتَعْبُدُونَ مَا تَنْحِتُونَ ﴾٩٥﴿
 • അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ (സ്വയം) കൊത്തിപ്പണിതുണ്ടാക്കുന്നതിനെ നിങ്ങള്‍ ആരാധിക്കുകയോ?!
 • قَالَ അദ്ദേഹം പറഞ്ഞു أَتَعْبُدُونَ നിങ്ങള്‍ ആരാധിക്കുകയോ مَا تَنْحِتُونَ നിങ്ങള്‍ കൊത്തിയുണ്ടാക്കുന്ന (ശില്പവേല ചെയ്യുന്ന)തിനെ
37:96
 • وَٱللَّهُ خَلَقَكُمْ وَمَا تَعْمَلُونَ ﴾٩٦﴿
 • 'അല്ലാഹുവാണല്ലോ, നിങ്ങളെയും, നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും സൃഷ്ടിച്ചത്!'
 • وَاللَّـهُ അല്ലാഹുവാണല്ലോ, അല്ലാഹുവത്രെ خَلَقَكُمْ നിങ്ങളെ സൃഷ്ടിച്ചതു وَمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിച്ചുണ്ടാക്കുന്നതിനെയും
37:97
 • قَالُوا۟ ٱبْنُوا۟ لَهُۥ بُنْيَـٰنًا فَأَلْقُوهُ فِى ٱلْجَحِيمِ ﴾٩٧﴿
 • അവര്‍ പറഞ്ഞു: 'നിങ്ങള്‍ അവനുവേണ്ടി ഒരു എടുപ്പ് നിര്‍മ്മിക്കുവിന്‍; എന്നിട്ടു അവനെ ജ്വലിക്കുന്ന അഗ്നിയില്‍ ഇട്ടേക്കുവിന്‍!'
 • قَالُوا അവര്‍ പറഞ്ഞു ابْنُوا നിങ്ങള്‍ പടുത്തുണ്ടാക്കുവിന്‍, സ്ഥാപിക്കുവിന്‍ لَهُ അവനുവേണ്ടി بُنْيَانًا ഒരു എടുപ്പ്, കെട്ടിടം فَأَلْقُوهُ എന്നിട്ടവനെ ഇടുവിന്‍ فِي الْجَحِيمِ ജ്വലിക്കുന്ന തീയില്‍
37:98
 • فَأَرَادُوا۟ بِهِۦ كَيْدًا فَجَعَلْنَـٰهُمُ ٱلْأَسْفَلِينَ ﴾٩٨﴿
 • അങ്ങനെ, അവര്‍ അദ്ദേഹത്തെപ്പറ്റി ഒരു തന്ത്രം ഉദ്ദേശിച്ചു. എന്നാല്‍, നാം അവരെ ഏറ്റവും അധമന്മാരാക്കി [പരാജിതരാക്കി].
 • فَأَرَادُوا അങ്ങനെ അവര്‍ ഉദ്ദേശിച്ചു بِهِ അദ്ദേഹത്തെക്കൊണ്ടു كَيْدًا ഒരു തന്ത്രം, ഉപായം فَجَعَلْنَاهُمُ എന്നാല്‍ നാമവരെ ആക്കി الْأَسْفَلِينَ ഏറ്റവും അധമന്‍മാര്‍, താണവര്‍

بُنْيَانًا (എടുപ്പ് അല്ലെങ്കില്‍ കെട്ടിടം) കൊണ്ടുദ്ദേശ്യം അദ്ദേഹത്തെ ചുട്ടെരിക്കുവാനുള്ള അഗ്നികുണ്ഡമാകുന്നു. ഇവിടെ ചുരുക്കിപ്പറഞ്ഞതായ ഈ സംഭവത്തെക്കുറിച്ചു സൂറത്തുല്‍ അമ്പിയാഇലും അതിന്റെ വ്യാഖ്യാനത്തിലും തുടര്‍ന്നുള്ള വ്യാഖ്യാനക്കുറിപ്പിലും വിവരിച്ചു കഴിഞ്ഞിരിക്കകൊണ്ടു കൂടുതല്‍ വിവരിക്കുന്നില്ല. അഗ്നികുണ്ഡത്തില്‍നിന്നു രക്ഷപ്പെട്ടശേഷമുണ്ടായ സംഭവങ്ങളാണ് അല്ലാഹു തുടര്‍ന്നു പറയുന്നത്:

37:99
 • وَقَالَ إِنِّى ذَاهِبٌ إِلَىٰ رَبِّى سَيَهْدِينِ ﴾٩٩﴿
 • അദ്ദേഹം പറഞ്ഞു: 'നിശ്ചയമായും ഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുകയാണ്. അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും.
 • وَقَالَ അദ്ദേഹം പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ ذَاهِبٌ പോകുന്നവനാണ് إِلَىٰ رَبِّي എന്റെ റബ്ബിങ്കലേക്ക് سَيَهْدِينِ അവന്‍ എനിക്കു മാര്‍ഗ്ഗദര്‍ശനം നല്‍കിക്കൊള്ളും

37:100
 • رَبِّ هَبْ لِى مِنَ ٱلصَّـٰلِحِينَ ﴾١٠٠﴿
 • 'എന്റെ റബ്ബേ, നീ എനിക്കു സദ്‌വൃത്തന്മാരില്‍ പെട്ടവരെ പ്രദാനം ചെയ്യേണമേ!'
 • رَبِّ എന്റെ രക്ഷിതാവേ هَبْ لِي എനിക്കു പ്രദാനം ചെയ്യേണമേ مِنَ الصَّالِحِينَ സദ്‌വൃത്തന്മാരില്‍ നിന്നു, നല്ല ആളുകളില്‍ പെട്ട(വരെ)

ആ നാട്ടില്‍ തൗഹീദിന്റെ പ്രബോധനം നടത്തുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ലെന്നു ഇബ്രാഹീം (അ) നബിക്കു ബോധ്യപ്പെട്ടു. തന്റെ റബ്ബ് തനിക്കുവേണ്ടുന്ന സഹായവും, നിര്‍ദ്ദേശവും നല്‍കുമെന്ന ഉത്തമവിശ്വാസം അദ്ദേഹത്തിനുണ്ട്. അങ്ങനെ, അദ്ദേഹം ശാമിലേക്കു ഹിജ്രപോയി. തൗഹീദിന്റെ പ്രബോധനത്തില്‍ തന്നെ സഹായിക്കുവാനും, ആ പ്രബോധനകൃത്യം തനിക്കുശേഷവും നിലനിറുത്തുവാനും കൊള്ളാവുന്ന സദ്‌വൃത്തരായ പിന്‍ഗാമികള്‍ തനിക്കുണ്ടായാല്‍ കൊള്ളാമെന്നു അദ്ദേഹം ആശിച്ചു. അദ്ദേഹത്തിനു വാര്‍ദ്ധക്യവും പിടിപെട്ടിരിക്കുന്നു. അങ്ങിനെ, അതിനായി അല്ലാഹുവോടു അദ്ദേഹം പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥന സ്വീകരിക്കപ്പെടുകയും ചെയ്തു.

37:101
 • فَبَشَّرْنَـٰهُ بِغُلَـٰمٍ حَلِيمٍ ﴾١٠١﴿
 • അപ്പോള്‍, സഹനശീലനായ ഒരു ബാലനെക്കുറിച്ച് നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു.
 • فَبَشَّرْنَاهُ അപ്പോള്‍ നാം അദ്ദേഹത്തിനു സന്തോഷവാര്‍ത്ത അറിയിച്ചു بِغُلَامٍ ഒരു ബാലനെ (ആണ്‍കുട്ടിയെ)ക്കുറിച്ചു حَلِيمٍ സഹനശീലനായ, ഒതുക്കമുള്ള
37:102
 • فَلَمَّا بَلَغَ مَعَهُ ٱلسَّعْىَ قَالَ يَـٰبُنَىَّ إِنِّىٓ أَرَىٰ فِى ٱلْمَنَامِ أَنِّىٓ أَذْبَحُكَ فَٱنظُرْ مَاذَا تَرَىٰ ۚ قَالَ يَـٰٓأَبَتِ ٱفْعَلْ مَا تُؤْمَرُ ۖ سَتَجِدُنِىٓ إِن شَآءَ ٱللَّهُ مِنَ ٱلصَّـٰبِرِينَ ﴾١٠٢﴿
 • എന്നിട്ട് അവന്‍ [ആ ബാലന്‍] തന്റെക്കൂടെ പ്രയത്നിക്കുവാന്‍ (പ്രായം) എത്തിയപ്പോള്‍, അദ്ദേഹം പറയുകയാണ്: 'എന്റെ കുഞ്ഞുമകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി ഞാന്‍ ഉറക്കില്‍ (സ്വപ്നം) കാണുന്നു! അതുകൊണ്ട് (അതിനെപ്പറ്റി) നീ എന്താണഭിപ്രായപ്പെടുന്നതു എന്നു (ചിന്തിച്ചു) നോക്കുക!' അവന്‍ പറഞ്ഞു: 'എന്റെ ഉപ്പാ, അവിടുത്തോടു കല്‍പിക്കപ്പെടുന്നതു അവിടുന്നു ചെയ്തുകൊള്ളുക! അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം, എന്നെ ക്ഷമ കാണിക്കുന്നവരില്‍ പെട്ടവനായി അങ്ങുന്നു കണ്ടെത്തിച്ചേക്കുന്നതാണ്.'
 • فَلَمَّا بَلَغَ എന്നിട്ടു അവന്‍ എത്തിയപ്പോള്‍ مَعَهُ തന്റെ കൂടെ السَّعْيَ പ്രയത്നത്തിനു, പരിശ്രമിക്കുവാന്‍ قَالَ അദ്ദേഹം പറഞ്ഞു يَا بُنَيَّ എന്റെ കുഞ്ഞു (ഓമന) മകനേ إِنِّي أَرَىٰ നിശ്ചയമായും ഞാന്‍ കാണുന്നു فِي الْمَنَامِ ഉറക്കില്‍ (സ്വപ്നത്തില്‍) أَنِّي أَذْبَحُكَ ഞാന്‍ നിന്നെ അറുക്കുന്നതായി فَانظُرْ അതുകൊണ്ടു നീ നോക്കുക مَاذَا تَرَىٰ നീ എന്താണ് അഭിപ്രായപ്പെടുന്നതെന്നു قَالَ അവന്‍ പറഞ്ഞു يَا أَبَتِ എന്റെ ഉപ്പാ, പിതാവേ افْعَلْ ചെയ്തുകൊള്ളുക مَا تُؤْمَرُ നിങ്ങളോടു (അവിടുത്തോടു) കല്‍പിക്കപ്പെടുന്നതു سَتَجِدُنِي എന്നെ നിങ്ങള്‍ കണ്ടെത്തിച്ചേക്കും إِن شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം مِنَ الصَّابِرِينَ ക്ഷമിക്കുന്നവരില്‍പെട്ട(വനായി).

ഇബ്രാഹീം (അ) നബിയുടെ പ്രഥമപുത്രനായ ഇസ്മാഈല്‍ (അ) നബിയാണ് ഇവിടെ ‘സഹനശീലനായ ബാലന്‍’ (غُلَام حَلِيم) എന്നു പറഞ്ഞത്. ‘അദ്ദേഹത്തോടൊപ്പം പ്രയത്നിക്കാറായി’ (بَلَغَ مَعَهُ السَّعْيَ) എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ഉപജീവനമാര്‍ഗ്ഗങ്ങളിലും മറ്റും തന്നെ സഹായിക്കുവാനുള്ള പ്രായം എത്തിയെന്നും, മതസേവന കൃത്യങ്ങളില്‍ തന്‍റേടത്തോടെ തന്നോടൊപ്പം പങ്കെടുക്കാറായി എന്നും – രണ്ടുവിധത്തിലും – ആകാവുന്നതാണ്. അന്ന് ഇസ്മാഈല്‍ (അ) നു പതിമൂന്നു വയസ്സു പ്രായമായിരുന്നുവെന്നു പറയപ്പെടുന്നു. ഏതായാലും വൃദ്ധനായ പിതാവിനു മകനെക്കൊണ്ടു സഹായം ലഭിക്കാറായ ഘട്ടത്തിലാണ് ആ ഏകപുത്രനെ അറുക്കുന്നതായി അദ്ദേഹം സ്വപ്നം കാണുന്നത്. നബിമാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കും. ആകയാല്‍ അതിനു വഹ്-യിന്റെ സ്ഥാനമുണ്ട്.

നബി (സ്വ) പറയുകയുണ്ടായി: ‘പ്രവാചകത്വത്തില്‍നിന്ന് സന്തോഷവാര്‍ത്താ അറിയിപ്പുകള്‍ (المبشرات) അല്ലാതെ ഒന്നും ബാക്കിയില്ല.’ സഹാബികള്‍ ചോദിച്ചു: ‘എന്താണ് സന്തോഷവാര്‍ത്താ അറിയിപ്പുകള്‍?’ തിരുമേനി(സ്വ) പറഞ്ഞു: ‘നല്ലതായ സ്വപ്നമാകുന്നു.’ (ബു). മറ്റൊരു ഹദീസില്‍ നബി (സ്വ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘നല്ല സ്വപ്നം പ്രവാചകത്വത്തിന്റെ നാല്‍പത്താറ് അംശങ്ങളില്‍പ്പെട്ട ഒരംശമാണ്.’ (ബു; മു). വേറൊരു ഹദീസില്‍ നബി (സ്വ) പറയുന്നു: ‘നല്ല സ്വപ്നം അല്ലാഹുവില്‍നിന്നും, ദുസ്വപ്നം പിശാചില്‍നിന്നുമാണ്, അതുകൊണ്ട് നിങ്ങളില്‍ ഒരാള്‍ താന്‍ ഇഷ്ടപ്പെടുന്ന സ്വപ്നം കണ്ടാല്‍ താന്‍ ഇഷ്ടപ്പെടുന്നവരോടല്ലാതെ അതിനെക്കുറിച്ചു സംസാരിക്കരുത്. തനിക്കു അനിഷ്ടമായിരിക്കുന്നതുകണ്ടാല്‍, അതിന്റെ കെടുതിയില്‍നിന്നും, പിശാചിന്റെ കെടുതിയില്‍ നിന്നും അല്ലാഹുവിനോടു രക്ഷതേടുകയും, തന്റെ ഇടഭാഗത്തു മൂന്നു പ്രാവശ്യം തുപ്പുകയും ചെയ്യട്ടെ. അതിനെപ്പറ്റി ഒരാളോടും സംസാരിക്കുകയും ചെയ്യരുത്. എന്നാലതു അവനു ഉപദ്രവം ചെയ്കയില്ല.’ (ബു; മു).

ഇബ്രാഹീം (അ) സ്വപ്നം മകനെ അറിയിച്ചു. അഭിപ്രായം ആരായുകയും ചെയ്തു. ആ പിതാവിന്റെ മകനല്ലേ?! സദ്‌വൃത്തരില്‍പ്പെട്ട സന്താനത്തിനുവേണ്ടിയാണദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നതും. അപ്പോള്‍ ഇസ്മാഇല്‍ (അ) ഒരു സദ്‌വൃത്തന്‍ തന്നെയായിരിക്കുമല്ലോ. കൂടാതെ, സഹനശീലന്‍ (حَلِيم) എന്നൊരു സാക്ഷ്യപത്രവും അല്ലാഹു അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു. പിതാവിന്റെ സ്വപ്നം സാക്ഷാല്‍കരിക്കപ്പെടേണ്ടുന്ന ഒരു കല്‍പനയാണെന്നു അദ്ദേഹത്തിനറിയാം. അദ്ദേഹം വൈമനസ്യം കൂടാതെ പിതാവിനു സമ്മതം നല്‍കി. അല്ലാഹു തനിക്കു ക്ഷമയും സഹനവും നല്‍കുമെന്നു സ്വയം സമധാനിക്കുകയും, പിതാവിനെ സമാധാനിപ്പിക്കുകയും ചെയ്തു.

37:103
 • فَلَمَّآ أَسْلَمَا وَتَلَّهُۥ لِلْجَبِينِ ﴾١٠٣﴿
 • അങ്ങനെ, രണ്ടുപേരും (കല്‍പനക്കു) കീഴടങ്ങുകയും, അദ്ദേഹം അവനെ നെറ്റിവെച്ച് (കമിഴ്ത്തി) കിടത്തുകയും ചെയ്തപ്പോള്‍......! [ഹാ! ആ സന്ദര്‍ഭം വിവരിക്കേണ്ടതില്ല.]
 • فَلَمَّا أَسْلَمَا അങ്ങനെ രണ്ടുപേരും കീഴടങ്ങിയ (അനുസരിച്ച)പ്പോള്‍ وَتَلَّهُ അവനെ തള്ളിയിട്ടു, കിടത്തി لِلْجَبِينِ നെറ്റിത്തടത്തില്‍, ചെന്നിക്കു
37:104
 • وَنَـٰدَيْنَـٰهُ أَن يَـٰٓإِبْرَٰهِيمُ ﴾١٠٤﴿
 • നാം [അല്ലാഹു] അദ്ദേഹത്തെ വിളിച്ചു (പറഞ്ഞു): 'ഹേ, ഇബ്രാഹീം! [മതി].
 • وَنَادَيْنَاهُ നാം അദ്ദേഹത്തെ വിളിച്ചു أَن يَا إِبْرَاهِيمُ ഇബ്രാഹീമേ എന്നു
37:105
 • قَدْ صَدَّقْتَ ٱلرُّءْيَآ ۚ إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾١٠٥﴿
 • 'തീര്‍ച്ചയായും, നീ സ്വപ്നത്തെ സാക്ഷാല്‍കരിച്ചിരിക്കുന്നു! ഇപ്രകാരമാണ് സുകൃതവാന്‍മാര്‍ക്ക് നാം പ്രതിഫലം കൊടുക്കുന്നത്.'
 • قَدْ صَدَّقْتَ തീര്‍ച്ചയായും നീ സത്യമാക്കി (സാക്ഷാല്‍കരിച്ചു) الرُّؤْيَا സ്വപ്നം إِنَّا നിശ്ചയമായും നാം كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്കു, നന്മ ചെയ്യുന്നവര്‍ക്കു
37:106
 • إِنَّ هَـٰذَا لَهُوَ ٱلْبَلَـٰٓؤُا۟ ٱلْمُبِينُ ﴾١٠٦﴿
 • നിശ്ചയമായും, ഇതുതന്നെയാണ് സ്പഷ്ടമായ പരീക്ഷണം.
 • إِنَّ هَـٰذَا നിശ്ചയമായും ഇതു لَهُوَ ഇതുതന്നെ الْبَلَاءُ الْمُبِينُ സ്പഷ്ടമായ ഒരു പരീക്ഷണം
37:107
 • وَفَدَيْنَـٰهُ بِذِبْحٍ عَظِيمٍ ﴾١٠٧﴿
 • മഹത്തായ ഒരു ബലിമൃഗത്തെകൊണ്ടു അവനു (പകരം) നാം തെണ്ടംകൊടുക്കുകയും ചെയ്തു.
 • وَفَدَيْنَاهُ നാം അവനു തെണ്ടംകൊടുത്തു, ബലിയാക്കി بِذِبْحٍ عَظِيمٍ മഹത്തായ ഒരു അറവു മൃഗ(ബലിമൃഗ)ത്തെ

പുത്രവാത്സല്യമോ, പിതൃസ്നേഹമോ ഒന്നുംതന്നെ ആ മഹാനുഭാവ൯മാരെ തടഞ്ഞില്ല. അവര്‍ അല്ലാഹുവിന്റെ കല്‍പനക്കു പരിപൂര്‍ണ്ണമായും കീഴടങ്ങി: അല്ലാഹുവിന്റെ പ്രീതിക്കു മുമ്പില്‍ മറ്റെല്ലാം അവര്‍ അവഗണിച്ചു. പ്രിയപുത്രനെ ബലി ചെയ്‌വാനായി കമിഴ്ത്തിക്കിടത്തി….. അല്ലാഹു വിവരിക്കാതെ വിട്ടുകളഞ്ഞ ആ രംഗം ഇവിടെ വിവരിക്കേണ്ടതില്ല ഏറെക്കുറെ ആര്‍ക്കും ഊഹിക്കാവുന്നതാണ്. പുത്രനെ അറുത്തു കഴിഞ്ഞിട്ടില്ല – ബാക്കിയെല്ലാം പൂര്‍ത്തിയായി. ഈ അവസരത്തില്‍ അല്ലാഹു അതാ വിളിക്കുന്നു: ‘ഇബ്രാഹീമേ! മതി! സ്വപ്നം സാക്ഷാല്‍കരിച്ചു കഴിഞ്ഞു!’

ഇസ്മാഈല്‍ (അ) നു പകരം അല്ലാഹുവിന്റെ കല്‍പനപ്രകാരം ഒരു മഹത്തായ ബലിമൃഗത്തെ (ذِبْح عَظِيمٍ) ഇബ്രാഹീംനബി (അ) ബലിയര്‍പ്പിച്ചു. ഈ ബലിമൃഗം ഒരു ആടായിരുന്നുവെന്നാണ് ബഹുഭൂരിഭാഗം ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. അതാണ്‌ ശരിയായിട്ടുള്ളതും എന്നു ഇബ്നു കഥീര്‍ (റ) പ്രസ്താവിച്ചിരിക്കുന്നു. ഈ ആടു എവിടെ നിന്നു ലഭിച്ചുവെന്നും മറ്റും പറയുവാന്‍ തെളിവുകളില്ല. അതറിയുന്നതില്‍ നമുക്കു പ്രത്യേക പ്രയോജനവുമില്ല. ഈ മഹത്തായ ബലി സംഭവം നടന്നതു മക്കായുടെ അടുത്തു സ്ഥിതി ചെയ്യുന്ന മിനാ (منى) യില്‍ വെച്ച് ഒരു വലിയ പെരുന്നാള്‍ ദിവസമായിരുന്നു. ഈ മഹത്തായ ത്യാഗത്തിന്റെ സ്മരണ നിലനിറുത്തുവാനും, സത്യവിശ്വാസികളില്‍ ത്യാഗശീലം വളര്‍ത്തുവാനും വേണ്ടിയത്രെ വലിയ പെരുന്നാള്‍ ദിവസം ഹാജിമാര്‍ മിനായില്‍വെച്ചും, അല്ലാത്തവര്‍ നാട്ടില്‍വെച്ചും ബലികര്‍മ്മം നടത്തുവാന്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു:-

37:108
 • وَتَرَكْنَا عَلَيْهِ فِى ٱلْـَٔاخِرِينَ ﴾١٠٨﴿
 • പിന്നീടുള്ളവരില്‍ [ഭാവിതലമുറകളില്‍] അദ്ദേഹത്തിന്റെ മേല്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
 • وَتَرَكْنَا നാം ബാക്കിയാക്കുകയും عَلَيْهِ അദ്ദേഹത്തിന്റെമേല്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍
37:109
 • سَلَـٰمٌ عَلَىٰٓ إِبْرَٰهِيمَ ﴾١٠٩﴿
 • ഇബ്രാഹീമിന്റെമേല്‍ 'സലാം' [സമാധാനശാന്തി]!
 • سَلَامٌ സലാം (സമാധാനം) ശാന്തി عَلَىٰ إِبْرَاهِيمَ ഇബ്രാഹീമിന്റെമേല്‍
37:110
 • كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾١١٠﴿
 • അപ്രകാരമാണ് നാം സുകൃതവാന്‍മാര്‍ക്കു പ്രതിഫലം നല്‍കുന്നത്.
 • كَذَٰلِكَ نَجْزِي അപ്രകാരം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃത (സല്‍ഗുണ) വാന്‍മാര്‍ക്ക്
37:111
 • إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ ﴾١١١﴿
 • നിശ്ചയമായും, അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍പെട്ടവനാകുന്നു.
 • إِنَّهُ مِنْ عِبَادِنَا അദ്ദേഹം നമ്മുടെ അടിയാ൯മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ

ഈ നാലു വചനങ്ങള്‍ ശ്രദ്ധിച്ചുനോക്കുക. ഇവിടെ മാത്രമല്ല, ഇതിനുമുമ്പ് നൂഹ് നബി (അ) യെക്കുറിച്ചും, താഴെ മൂസാ (അ), ഹാറൂന്‍ (അ), ഇല്‍യാസ് (അ) എന്നീ നബിമാരെക്കുറിച്ചും ഇതുപോലെ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. പില്‍ക്കാലക്കാരില്‍ അവരുടെ സല്‍കീര്‍ത്തി നിലനില്‍ക്കുമെന്നും, അവരുടെമേല്‍ ‘സലാം’ ഉണ്ടായിരിക്കുമെന്നും പറഞ്ഞശേഷം, അവര്‍ ‘സുകൃതവാന്‍മാര്‍’ അഥവാ സല്‍ഗുണവാന്‍മാര്‍ ആണെന്നും ‘സത്യവിശ്വാസികള്‍’ ആണെന്നും അവരെപ്പറ്റി പുകഴ്ത്തിയിരിക്കുന്നു. ഇബ്രാഹീംനബി (അ) സുകൃതവാനാണെന്നു ഇതിനുമുമ്പ് 105-ാം വചനത്തിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ സല്‍ഭാഗ്യങ്ങളുടെയും കാരണം സുകൃതങ്ങളാണെന്നും, അവയുടെ അടിസ്ഥാനം സത്യവിശ്വാസമാണെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. ഇബ്രാഹീം (അ) നബിക്കു സിദ്ധിച്ച മറ്റൊരു അനുഗ്രഹത്തെയാണ് അടുത്ത വചനങ്ങളില്‍ പ്രസ്താവിക്കുന്നത്:

37:112
 • وَبَشَّرْنَـٰهُ بِإِسْحَـٰقَ نَبِيًّا مِّنَ ٱلصَّـٰلِحِينَ ﴾١١٢﴿
 • സദ്‌വൃത്തന്‍മാരില്‍പെട്ട ഒരു പ്രവാചകനായിക്കൊണ്ട് ഇസ്ഹാഖിനെക്കുറിച്ച് അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്തു.
 • وَبَشَّرْنَاهُ അദ്ദേഹത്തിനു നാം സന്തോഷവാര്‍ത്ത നല്കയും ചെയ്തു بِإِسْحَاقَ ഇസ്ഹാഖിനെക്കുറിച്ച് نَبِيًّا ഒരു പ്രവാചകനായിക്കൊണ്ടു مِّنَ الصَّالِحِينَ സദ്‌വൃത്തന്‍മാരില്‍പെട്ട
37:113
 • وَبَـٰرَكْنَا عَلَيْهِ وَعَلَىٰٓ إِسْحَـٰقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِۦ مُبِينٌ ﴾١١٣﴿
 • അദ്ദേഹത്തിന്റെ (ബലിക്ക് തയ്യാറായ പുത്രന്റെ)മേലും ഇസ്ഹാഖിന്റെ മേലും നാം ബര്‍ക്കത്ത് (ആശീര്‍വാദം) നല്‍കുകയും ചെയ്തിരിക്കുന്നു. അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട്, സുകൃതനും തന്നോടുതന്നെ സ്പഷ്ടമായ അക്രമം കാണിക്കുന്നവനും.
 • وَبَارَكْنَا നാം ബര്‍ക്കത്തു (ആശീര്‍വാദം) നല്‍കി, അഭിവൃദ്ധിയുണ്ടാക്കിക്കൊടുത്തു عَلَيْهِ അദ്ദേഹത്തിനു وَعَلَىٰ إِسْحَاقَ ഇസ്ഹാഖിനും وَمِن ذُرِّيَّتِهِمَا അവര്‍ രണ്ടുപേരുടെയും സന്താനങ്ങളിലുണ്ട് مُحْسِنٌ സുകൃതന്‍, സല്‍ഗുണവാന്‍ وَظَالِمٌ അക്രമിയും لِّنَفْسِهِ തന്നോടുതന്നെ, സ്വന്തം ആത്മാവിനോട് مُبِينٌ സ്പഷ്ടമായ

ഇവരുടെ സന്താനപരമ്പരയില്‍ എത്രയോ തലമുറകള്‍ ഉണ്ടായി. ഇന്നും അവ പെരുകിക്കൊണ്ടേ ഇരിക്കുന്നു. ഇബ്രാഹീം (അ) നബിയുടെ സന്താനപരമ്പര ഈ രണ്ടു പുത്രന്‍മാര്‍വഴിയാണ് നിലനിന്നു പോന്നത്. അനേകം നബിമാരും അവരിലുണ്ടായി. എന്നാല്‍, ഈ രണ്ടു പ്രവാചകവര്യന്‍മാരുടെ പരമ്പരയില്‍ പെട്ടവരെല്ലാം പുണ്യവാന്മാരാണെന്നോ, ഇവരുടെ സന്തതികള്‍മാത്രം മോക്ഷം പ്രാപിക്കുന്നവരാണെന്നോ ഒരു നിശ്ചയവുമില്ല. അതല്ലെങ്കില്‍, ഇസ്ഹാഖ് നബി (അ) ന്റെ സന്തതികളായ ഇസ്രാഈല്യരെല്ലാം ഉല്‍കൃഷ്‌ടരാണെന്നോ, ഇസ്മാഈല്‍ നബി (അ) ന്റെ സന്തതികളായ അറബികളെല്ലാം ഉല്‍കൃഷ്ടരാണെന്നോ നിശ്ചയിക്കപ്പെട്ടിട്ടുമില്ല. അവരിലെല്ലാം തന്നെ നല്ല ആളുകളും അക്രമികളും ഉണ്ടായിരിക്കും. പ്രവാചകന്‍മാരുടെ സന്തതികളായതുകൊണ്ടുമാത്രം ആര്‍ക്കും രക്ഷയില്ല. സത്യവിശ്വാസവും സല്‍ക്കര്‍മ്മവുംകൊണ്ടേ രക്ഷയുള്ളു എന്നൊക്കെയാണ് അവസാനവാക്യം സൂചിപ്പിക്കുന്നത്.


ബലിയര്‍പ്പിക്കപ്പെട്ട പുത്രന്‍ ആര്‍?

ഇബ്രാഹീം (അ) ബലിയര്‍പ്പിച്ച പുത്രന്റെ പേര്‍ ഖുര്‍ആനില്‍ വ്യക്തമായി പ്രസ്താവിച്ചിട്ടില്ല. ബലവത്തായ ഹദീസുകളിലും പറയപ്പെട്ടിട്ടില്ല. എങ്കിലും ഖുര്‍ആന്റെ പ്രസ്താവനകളും, വാചകക്രമവും നോക്കുമ്പോള്‍ അതു ഇസ്മാഈല്‍ നബി (അ) തന്നെയാണെന്നു വ്യക്തമാകുന്നതാണ്. പല സഹാബികളില്‍നിന്നും, മുന്‍ഗാമികളായ മഹാന്‍മാരില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതും ഇസ്മാഈല്‍ നബി (അ) ആയിരുന്നുവെന്നു തന്നെ. ബലിയര്‍പ്പിക്കപ്പെട്ടതു ഇസ്ഹാഖ് നബി (അ) ആണെന്നത്രെ വേദക്കാര്‍ – യഹൂദരും ക്രിസ്ത്യാനികളും പറയുന്നത്. ഇന്നു നിലവിലുള്ള തൗറാത്തിലും (ബൈബ്ലിലും) അങ്ങിനെയാണുള്ളതും. പക്ഷെ, ബൈബ്ലിന്റെ ചില പ്രസ്താവനകള്‍ ഇതിനോടു യോജിക്കുന്നില്ലതാനും. താഴെ പറയുന്ന സംഗതികള്‍ ഇവിടെ ശ്രദ്ധേയമാകുന്നു:-

1). 100-ാം വചനത്തില്‍ തനിക്കു പിന്‍തുടര്‍ച്ചക്കാരുണ്ടാകുവാന്‍വേണ്ടി ഇബ്രാഹീം നബി (അ) പ്രാര്‍ത്ഥിച്ചതായും, 101-ാം വചനത്തില്‍, അപ്പോള്‍ അദ്ദേഹത്തിനു ഒരു ആണ്‍കുട്ടി ഉണ്ടാകുവാന്‍ പോകുന്ന സന്തോഷവാര്‍ത്ത അറിയിച്ചതായും പറഞ്ഞുവല്ലോ. തുടര്‍ന്നുള്ള കുറെ ആയത്തുകളില്‍ അതേ ആണ്‍കുട്ടിയെ ബലിയര്‍പ്പിച്ച സംഭവമാണ് വിവരിച്ചിരിക്കുന്നത്. 111 വരെയുള്ള വചനങ്ങളില്‍ വേറെ ഒരു മകനെപ്പറ്റി പ്രസ്താവിച്ചിട്ടേയില്ല. പിന്നീടു 112ല്‍ അദ്ദേഹത്തിനു ഇസ്ഹാഖിനെക്കുറിച്ചും സന്തോഷവാര്‍ത്ത അറിയിച്ചതായി (وَبَشَّرْنَاهُ بِإِسْحَاقَ) പ്രസ്താവിക്കുന്നു. ഈ രണ്ടു പുത്രന്‍മാരല്ലാതെ ഇബ്രാഹീം (അ) നബിക്കു വേറെ മൂന്നാമതൊരു പുത്രന്‍ ഉണ്ടായതായി അറിയപ്പെടുന്നുമില്ല. അപ്പോള്‍, 102 മുതല്‍ ആയത്തുകളില്‍ പ്രസ്താവിക്കപ്പെട്ട – ബലികര്‍മ്മത്തിന്ന് വിധേയനായ – മകന്‍ ഇസ്മാഈല്‍ നബി (അ) തന്നെയാണെന്നല്ലാതെ വരാന്‍ മാര്‍ഗ്ഗമില്ലല്ലോ.

2). 100-ാം വചനത്തില്‍ തനിക്കു പിന്‍തുടര്‍ച്ചക്കാരുണ്ടാകുവാന്‍വേണ്ടി ഇബ്രാഹീം നബി (അ) പ്രാര്‍ത്ഥിച്ചതില്‍ ‘സദ്‌വൃത്തരില്‍പെട്ട’ (مِنَ الصَّالِحِينَ) പിന്‍തുടര്‍ച്ചകാരനായിരിക്കേണമെന്നു പറഞ്ഞിരുന്നുവല്ലോ. തൊട്ട വചനത്തില്‍ കുട്ടി ഉണ്ടാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത ലഭിച്ചതിനെപ്പറ്റി പറഞ്ഞപ്പോള്‍ ‘സഹനശീലനായ ഒരാണ്‍കുട്ടി’ (ِغُلَام حَلِيم) എന്നാണ് ആ മകനെ അല്ലാഹു വിശേഷിപ്പിച്ചത്. ഇസ്മാഈല്‍ നബി (അ) സദ്‌വൃത്തനല്ലാതിരുന്നതുകൊണ്ടല്ല – സദ്‌വൃത്തനായതോടുകൂടി അസാധാരണമായ സഹനശീലംകൂടി അദ്ദേഹത്തില്‍ ഉണ്ടായിരുന്നതു നിമിത്തമാണ് – അതെന്നു മനസ്സിലാക്കാം. തന്നെ അറുത്തു ബലിചെയ്‌വാന്‍ സസന്തോഷം സന്നദ്ധത പ്രകടിപ്പിച്ചതില്‍പരം സഹനത്തിന്റെ മാതൃക മറ്റെന്താണ്?! അതേസമയത്ത് ഇസ്ഹാഖി (അ) നെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയില്‍ അദ്ദേഹത്തെപ്പറ്റി ഇബ്രാഹീം (അ) പ്രാര്‍ത്ഥനയില്‍ വിശേഷിപ്പിച്ച അതേ വാക്കു (مِنَ الصَّالِحِينَ എന്നു) തന്നെ ഉപയോഗിച്ചാണ് വിശേഷിപ്പിച്ചിരിക്കുന്നതും. അതായത് അദ്ദേഹം പ്രാര്‍ത്ഥനയില്‍ ആവശ്യപ്പെട്ടപ്രകാരം സദ്‌വൃത്തരായ രണ്ട് മക്കളെ അല്ലാഹു അദ്ദേഹത്തിനു നല്‍കി. ഒന്നാമത്തെ മകന്‍ സഹനശീലനാണെന്ന ഒരു പ്രത്യേകതയുംകൂടി ഉണ്ടായിരുന്നു എന്നു സാരം.

3). ബലിസംഭവവും, ഇസ്ഹാഖ് (അ) നെക്കുറിച്ചുള്ള സന്തോഷവാര്‍ത്തയും വിവരിച്ചതിനെത്തുടര്‍ന്ന്‍ (113-ാം വചനത്തില്‍) ‘അദ്ദേഹത്തിന്റെ മേലും ഇസ്ഹാഖിന്റെ മേലും നാം ബര്‍ക്കത്തു ചെയ്തിരിക്കുന്നു’വെന്നും, ‘അവരുടെ രണ്ടാളുടെയും സന്താനങ്ങളില്‍ സല്‍ഗുണവാന്‍മാരും അക്രമികളും ഉണ്ടെ’ന്നും (وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ۚ وَمِن ذُرِّيَّتِهِمَا مُحْسِنٌ وَظَالِمٌ لِّنَفْسِهِ مُبِينٌ) പറയുന്നു. അപ്പോള്‍, ആദ്യം പ്രസ്താവിക്കപ്പെട്ട പുത്രന്‍ ഇസ്ഹാഖല്ലെന്നും, വേറൊരാളാണെന്നും പറയേണ്ടതില്ലല്ലോ. രണ്ടുപേരുടെയും സന്താനപരമ്പരകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടുതാനും.

4). സൂറത്തു ഹൂദ്‌ 71ല്‍ (فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ….) അവള്‍ക്ക് – ഇബ്രാഹീം നബിയുടെ ഭാര്യക്ക് – ഇസ്ഹാഖിനെക്കുറിച്ചും, അദ്ദേഹത്തിനുശേഷം യഅ്ക്കൂബിനെക്കുറിച്ചും നാം സന്തോഷവാര്‍ത്ത അറിയിച്ചു) എന്നു അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അപ്പോള്‍, ഇസ്ഹാഖിനെപ്പറ്റി സന്തോഷമറിയിക്കുന്നതോടൊപ്പം തന്നെ അദ്ദേഹത്തില്‍നിന്നു വഴിയെ ഉണ്ടാവാന്‍ പോകുന്ന മകനെക്കുറിച്ചും അറിയിച്ചിരിക്കെ, അതിനുമുമ്പായി അദ്ദേഹത്തെ ബലിയര്‍പ്പിക്കുവാന്‍ കല്‍പിക്കപ്പെടുന്നതില്‍ അര്‍ത്ഥമില്ല.

5). ബൈബ്ളിൽ (നിലവിലുള്ള തൗറാത്തില്‍) അല്ലാഹു ഇബ്രാഹീം (അ) നബിയെ വിളിച്ച് ഇങ്ങിനെ പറയുന്നതായി പ്രസ്താവിക്കുന്നു: ‘നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെത്തന്നെ, കൂട്ടിക്കൊണ്ടു മോരിയാ ദേശത്തു ചെന്നു അവിടെ ഞാന്‍ നിന്നോടു കല്‍പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.’ (ഉല്‍പത്തി: 22ല്‍ 1-3). ഏകജാതന്‍ എന്നു പറയുമ്പോള്‍, ഇബ്രാഹീം (അ) നബിക്കു ആ സന്ദര്‍ഭത്തില്‍ വേറെ മക്കളുണ്ടായിരുന്നില്ലെന്നാണ് വരുന്നത്. വാസ്തവത്തില്‍ മൂത്ത പുത്രനായ ഇസ്മാഈല്‍ നിലവിലുണ്ടുതാനും. ഇസ്മാഈല്‍ (അ) ജനിച്ചപ്പോള്‍ ഇബ്രാഹീം (അ) നബിക്കു 86 വയസ്സാണെന്നും, ഇസ്ഹാഖ് (അ) നെക്കുറിച്ചു സന്തോഷവാര്‍ത്ത ലഭിച്ചതു അദ്ദേഹത്തിനു 99 വയസ്സുള്ളപ്പോഴാണെന്നും ബൈബ്ള്‍ തന്നെ പ്രസ്താവിക്കുന്നു. (ഉല്‍പത്തി 16ല്‍ 16ഉം; 17ല്‍ 1ഉം). അപ്പോള്‍, ഏകജാതന്‍ എന്ന വിശേഷണം ഇസ്മാഈലിന്നല്ലാതെ ഇസ്ഹാഖിനു യോജിക്കയില്ലല്ലോ. ആ സ്ഥിതിക്ക് ‘യിസ്ഹാക്കിനെത്തന്നെ’ എന്ന ഭാഗം തൗറാത്തില്‍ പിന്നീടു കൂട്ടിച്ചേര്‍ക്കപ്പെട്ടതായിരിക്കാം. അക്കാലത്തു ഇസ്മാഈല്‍ നബിയെയും മാതാവിനെയും മക്കായില്‍ കൊണ്ടുപോയി താമസിപ്പിച്ചുകഴിഞ്ഞിരുന്നതുകൊണ്ടാണ് ഇസ്ഹാഖിനെപ്പറ്റി ‘ഏകജാതന്‍’ എന്നു പറഞ്ഞതെന്നു വേദക്കാര്‍ പറയാറുള്ള ന്യായം സ്വീകാര്യമല്ലെന്നു അധികം ആലോചിക്കാതെത്തന്നെ മനസ്സിലാകുന്നതാണ്.

6). ഏതു നിലക്കും ബലികഴിക്കപ്പെടുവാന്‍ ന്യായം മൂത്ത പുത്രനാണല്ലോ. മൂത്ത പുത്രന്‍ ഇസ്മാഈലാണെന്നതില്‍ തര്‍ക്കവുമില്ല. കൂടാതെ, ബലികര്‍മ്മം നടന്ന സ്ഥലം മോരിയാദേശമാണെന്നും, അവിടെ ഒരു മലയില്‍ വെച്ചാണെന്നും ബൈബ്ള്‍ പ്രസ്താവിക്കുന്നു. ഈ സ്ഥലം എവിടെയാണെന്നു വേദക്കാര്‍ക്കു അറിഞ്ഞുകൂടാ. ‘വേദപുസ്തകനിഘണ്ടു’ ഇതു തുറന്നുസമ്മതിച്ചിട്ടുമുണ്ട്. (പേജ്: 352). ചെറുപ്പം മുതല്‍ക്കേ ഇസ്മാഈല്‍ (അ) വസിച്ചുകൊണ്ടിരുന്ന മക്കായുടെ പരിസരമായ മിനായും, അവിടെ സ്ഥിതിചെയ്യുന്ന മലയും ആയിരിക്കണം മോരിയാ പ്രദേശം. ഇസ്മാഈലീ വര്‍ഗ്ഗമായ അറബികളോടു – നബി (സ്വ) തിരുമേനി നിയോഗിക്കപ്പെടുന്നതിനുമുമ്പുതന്നെ – ഇസ്രാഈല്‍ വര്‍ഗ്ഗത്തിനുണ്ടായിരുന്ന അസൂയയില്‍നിന്നും, തങ്ങളാണ് ഉല്‍കൃഷ്ടവര്‍ഗ്ഗമെന്ന നാട്യത്തില്‍നിന്നും ഉടലെടുത്തതാണ് വാസ്തവത്തില്‍ ‘ഹോമയാഗം ചെയ്യപ്പെട്ട പുത്രന്‍ യിസ്ഹാക്കാണെ’ന്ന വാദം. ഈ പരമാര്‍ത്ഥം ഉമറുബ്നു അബ്ദില്‍ അസീസ്‌ (റ) ന്റെ ഖിലാഫത്തുകാലത്തു യഹൂദരില്‍നിന്നു ഇസ്‌ലാമില്‍ വന്ന ചില ആളുകള്‍ തുറന്നുപറഞ്ഞതായി ഇബ്നു ഇസ്ഹാഖ് (റ) രേഖപ്പെടുത്തിയിരിക്കുന്നു. തൗറാത്തില്‍ വേദക്കാരാല്‍ നടത്തപ്പെട്ട ഈ കൈകടത്തല്‍ വളരെ അത്ഭുതകരമോന്നുമല്ല. മുസ്ലിംകളില്‍തന്നെ, ചുരുക്കം ചിലരില്‍ ബലിയര്‍പ്പിക്കപ്പെട്ട പുത്രന്‍ ഇസ്ഹാഖാണെന്ന അഭിപ്രായം മുമ്പുണ്ടായിരുന്നു. വേദക്കാരില്‍നിന്നുള്ള കേട്ടുകേള്‍വികളെ മാത്രം അടിസ്ഥാനമാക്കിയായിരുന്നു അത്. ഇന്ന് ആര്‍ക്കും അങ്ങിനെ അഭിപ്രായമുള്ളതായി അറിയുന്നില്ല.