സൂറത്തു സ്വാഫ്-ഫാത്ത് : 01-21
സ്വാഫ്ഫാത്ത് (അണിനിരന്നവ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 182 – വിഭാഗം (റുകുഅ്) 5
بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- وَٱلصَّٰٓفَّٰتِ صَفًّا ﴾١﴿
- അണികെട്ടി നിരന്നുനില്‍ക്കുന്നവ തന്നെയാണ (സത്യം)!
- وَالصَّافَّاتِ അണിനിരന്നവ (അണികെട്ടിനില്‍ക്കുന്ന സംഘങ്ങള്‍) തന്നെയാണ (സത്യം) صَفًّا അണിയായി
- فَٱلزَّٰجِرَٰتِ زَجْرًا ﴾٢﴿
- പിന്നെ, ക൪ശനമായി തടയുന്നവ (അഥവാ ഓട്ടിവിടുന്നവ) തന്നെയാണ (സത്യം)!
- فَالزَّاجِرَاتِ പിന്നെ തടയുന്നവ (ശബ്ദമിട്ട് തടുക്കുന്നവ, ഓടിക്കുന്നവ) തന്നെയാണ زَجْرًا ഒരു (ക൪ശനമായ) തടയല്‍
- فَٱلتَّٰلِيَٰتِ ذِكْرًا ﴾٣﴿
- പിന്നെ, കീര്‍ത്തനം ഘോഷിക്കുന്നവതന്നെയാണ (സത്യം)!
- فَالتَّالِيَاتِ പിന്നെ പാരായണം ചെയ്യുന്നവ (ഘോഷിക്കുന്നവ) തന്നെയാണ് ذِكْرًا കീര്‍ത്തനം (വേദ) പ്രമാണം
- إِنَّ إِلَٰهَكُمْ لَوَٰحِدٌ ﴾٤﴿
- നിശ്ചയമായും നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരുവന്‍തന്നെ.
- إِنَّ إِلَـٰهَكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹ് لَوَاحِدٌ ഏകന്‍ (ഒരുവന്‍) തന്നെ
- رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا وَرَبُّ ٱلْمَشَٰرِقِ ﴾٥﴿
- ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവുമായുള്ളവനാണ് (അവന്‍).
- رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ രക്ഷിതാവ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും وَرَبُّ الْمَشَارِقِ ഉദയ സ്ഥാനങ്ങളുടെ രക്ഷിതാവും
അല്ലാഹുവിന്‍റെ ആരാധനയിലും, സ്തുതികീര്‍ത്തനങ്ങളിലും മുഴുകിക്കൊണ്ട് അണിയണിയായി നില്‍ക്കുന്ന മലക്കുകളാണ് الصَّافَّاتِ صَفًّا (അണികെട്ടി നിരന്നുനില്‍ക്കുന്നവ) എന്നു പറഞ്ഞതു കൊണ്ടുദ്ദേശ്യം. ഭൂരിപക്ഷം ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഇതാണ്. ഇബ്നു മസ്ഊദു (رضي الله عنه) ഇബ്നു അബ്ബാസ് (رضي الله عنه) എന്നിവരും, മസ്റൂഖ്, സഈദുബ്നു ജുബൈര്‍, ഇക് രിമഃ, മുജാഹിദ്, സുദ്ദീ, ഖത്താദഃ, റബീഉ് (റ) മുതലായവരും അങ്ങിനെയാണ് പറഞ്ഞിട്ടുള്ളതെന്നു ഇബ്നുകഥീര്‍ (رحمه الله) പ്രസ്താവിച്ചിരിക്കുന്നു. ജാബിറുബ്നു സംറഃ (റ) ഇപ്രകാരം നിവേദനം ചെയ്തിട്ടുണ്ട്: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘മലക്കുകള്‍ അവരുടെ റബ്ബിന്‍റെ അടുക്കല്‍ അണികെട്ടുന്നതു പോലെ നിങ്ങള്‍ക്കു അണികെട്ടിക്കൂടേ?!’ ഞങ്ങള്‍ -സഹാബികള്‍- ചോദിച്ചു: ‘എങ്ങിനെയാണ് മലക്കുകള്‍ റബ്ബിന്‍റെ അടുക്കല്‍ അണികെട്ടുക?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘അവര്‍ മുമ്പിലുള്ള അണികള്‍ പൂര്‍ത്തിയാക്കും അണികളില്‍ അവര്‍ അന്യോന്യം ചേര്‍ന്നു നില്‍ക്കുകയും ചെയ്യും.’ (മു; ദാ; ന; ജ). ഈ ഹദീസും, ഈ സൂറത്തിലെ 144-166 എന്നീ വചനങ്ങളും മേപ്പടി അഭിപ്രായത്തിലേക്കു വെളിച്ചം നല്‍കുന്നുണ്ട്. الله اعلم
പൈശാചികമായ ദുഷ്പ്രേരണകളില്‍നിന്നും മറ്റും തടഞ്ഞ് മനുഷ്യര്‍ക്കു സല്‍ബോധം ഉളവാക്കുന്നതിനുള്ള ആത്മീയപ്രവര്‍ത്തനങ്ങള്‍ (*) നടത്തുന്നവരോ, അല്ലെങ്കില്‍ അല്ലാഹുവിന്‍റെ കല്‍പനയനുസരിച്ച് മേഘങ്ങളെ അങ്ങോട്ടുമിങ്ങോട്ടും തെളിച്ചും തടുത്തും നിയന്ത്രിക്കുന്നവരോ ആയ മലക്കുകളാണ് الزَّاجِرَاتِ زَجْرًا (ക൪ശനമായി തടയുന്നവ). അല്ലാഹുവിന്‍റെ സന്ദേശങ്ങള്‍ നബിമാര്‍ക്ക് എത്തിച്ച് പാരായണം ചെയ്തു കൊടുക്കുക, അവന്‍റെ കീര്‍ത്തനങ്ങള്‍ ഘോഷിക്കുക മുതലായവ നടത്തുന്ന മലക്കുകളാണ് التَّالِيَاتِ ذِكْرًا (കീര്‍ത്തനം ഘോഷിക്കുന്നവര്‍ – അഥവാ പാരായണം ചെയ്യുന്നവര്‍.). മിക്ക മുഫസ്സിറുകളും സ്വീകരിച്ചിട്ടുള്ള വ്യാഖ്യാനമാണിത്.
(*) മലക്കുകള്‍ക്കു ഇങ്ങിനെയുള്ള കാര്യങ്ങളില്‍ ചില പങ്കുകളുണ്ടെന്നു സൂ: ഫാത്ത്വിറില്‍വെച്ചു നാം കണ്ടതാണ്;
ഈ മൂന്നു വിശേഷണങ്ങളും മനുഷ്യരെ ഉദ്ദേശിച്ചാണെന്നത്രെ മുഫസ്സിറുകളില്‍ മറ്റൊരു വിഭാഗത്തിന്‍റെ അഭിപ്രായം. അപ്പോള്‍ ഒന്നാമത്തെ വിഭാഗം (الصَّافَّاتِ) നമസ്കാരങ്ങളിലോ, അല്ലെങ്കില്‍ ജിഹാദിലോ (ധര്‍മ്മയുദ്ധത്തിലോ) അണിനിരന്നവരും, രണ്ടാമത്തെ വിഭാഗം (الزَّاجِرَات) സദുപദേശം ചെയ്തും മറ്റും ജനങ്ങളെ ദുഷ്കര്‍മ്മങ്ങളില്‍ നിന്നു തടയുന്നവരും, അല്ലെങ്കില്‍ ധര്‍മ്മയുദ്ധത്തില്‍ കുതിര മുതലായവയെ നിയന്ത്രിക്കുന്നവരും, മൂന്നാമത്തേതു (التَّالِيَات) വിശുദ്ധഖുര്‍ആന്‍ പാരായണവും, തസ്ബീഹു മുതലായ ദൈവകീര്‍ത്തനങ്ങളും നടത്തുന്നവരും ആയിരിക്കും ഉദ്ദേശ്യം. വേറെയും ചില അഭിപ്രായങ്ങള്‍ കാണാം. മൂന്നു വിശേഷണങ്ങള്‍കൊണ്ടും വിശേഷിപ്പിക്കപ്പെട്ടവര്‍ ആരാണെന്നു വ്യക്തമാക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ടും, ഓരോ വിശേഷണവും അര്‍ത്ഥവ്യാപ്തിയുള്ള വാക്കുകളായതുകൊണ്ടുമാണ് ഇവിടെയും, ഇതുപോലെ താഴെ സൂറത്തുകളിലെ ചില സത്യവാചകങ്ങളിലും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുവാന്‍ കാരണം. والله اعلم
അല്ലാഹുവിന്‍റെ നാമങ്ങളാല്‍ മാത്രമേ നമുക്കു സത്യം ചെയ്തുകൂടൂ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അവന്‍ ഇഷ്ടപ്പെടുന്ന ഏതുകൊണ്ടും അവനു സത്യം ചെയ്യാവുന്നതാണ്. മലക്കുകള്‍, സൂര്യന്‍, ചന്ദ്രന്‍, രാത്രി, പകല്‍, കാലം ഇങ്ങിനെ പലതിന്‍റെ പേരിലും ഖുര്‍ആനില്‍ സത്യങ്ങള്‍ കാണാം. ഒരു പ്രകാരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ നമ്മുടെ ചിന്തയും ശ്രദ്ധയും തട്ടി ഉണര്‍ത്തുന്നവയായിരിക്കും അവ. സത്യം ചെയ്തുകൊണ്ടു പ്രസ്താവിക്കുന്ന കാര്യത്തിന്‍റെ ദൃഢതയും, ഗൗരവവും വെളിപ്പെടുത്തുകയാണ് സത്യങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. മൂന്നു വിഭാഗം ആത്മാക്കളുടെ പേരില്‍ – അതു മനുഷ്യരാകട്ടെ, മലക്കുകളാകട്ടെ – സത്യം ചെയ്തുകൊണ്ട് തൗഹീദിനെ (ഏകദൈവ വിശ്വാസത്തെ)യാണ് അല്ലാഹു ഇവിടെ ദൃഢപ്പെടുത്തിയിരിക്കുന്നത്.
ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും റബ്ബ് എന്ന് ആദ്യം മൊത്തത്തില്‍ പറഞ്ഞശേഷം, ‘ഉദയസ്ഥാനങ്ങളുടെ റബ്ബും’ (وَرَبُّ الْمَشَارِقِ) എന്നു പ്രത്യേകം എടുത്തുപറഞ്ഞതു ശ്രദ്ധാര്‍ഹമാകുന്നു. മഹത്തായ ഒരു നിത്യദൃഷ്ടാന്തത്തെയാണതു കുറിക്കുന്നത്. സൂര്യോദയസ്ഥാനം ദിനംപ്രതി മാറിക്കൊണ്ടിരിക്കും. സൂര്യന്‍റേതുമാത്രമല്ല, ചന്ദ്രന്‍, ശുക്രന്‍ മുതലായവയുടെ ഉദയസ്ഥാനങ്ങളും മാറിമാറിക്കൊണ്ടിരിക്കും. ഉദയസ്ഥാനങ്ങളുടെ മാറ്റം അനുസരിച്ചു അസ്തമയസ്ഥാനങ്ങളിലും മാറ്റം ഉണ്ടാകുമല്ലോ. അതുകൊണ്ടാണ് സൂ: മആരിജില്‍ ഉദയസ്ഥാനങ്ങളുടെയും, അസ്തമയസ്ഥാനങ്ങളുടെയും റബ്ബ് (رَبِّ الْمَشَارِقِ وَالْمَغَارِبِ) എന്നും പറഞ്ഞിരിക്കുന്നത്. അതെല്ലാം കൈകാര്യം ചെയ്യുന്ന അല്ലാഹുവിന്‍റെ മഹാ ശക്തിയെയും മഹാനുഗ്രഹത്തെയും ഓര്‍മ്മപ്പെടുത്തുകയാണ് ഇതുകൊണ്ടുദ്ദേശ്യം.
- إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ ﴾٦﴿
- നിശ്ചയമായും (ഭൂമിയോടു) ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങളാകുന്ന അലങ്കാരംകൊണ്ടു നാം അലങ്കരിച്ചിരിക്കുന്നു.
- إِنَّا زَيَّنَّا നിശ്ചയമായും നാം അലങ്കരിച്ചിരിക്കുന്നു, ഭംഗിയാക്കി السَّمَاءَ الدُّنْيَا അടുത്ത ആകാശത്തെ بِزِينَةٍ ഒരലങ്കാരംകൊണ്ട് الْكَوَاكِبِ നക്ഷത്രങ്ങളാകുന്ന
- وَحِفْظًا مِّن كُلِّ شَيْطَٰنٍ مَّارِدٍ ﴾٧﴿
- മുരട്ടുശീലക്കാരായ എല്ലാ പിശാചില്‍ നിന്നും കാവലായും (ആക്കിയിരിക്കുന്നു);-
- وَحِفْظًا കാവലായിട്ടും, കാവലിന്നും مِّن كُلِّ شَيْطَانٍ എല്ലാ പിശാചില്‍ നിന്നും مَّارِدٍ മുരട്ടുശീലനായ, പോക്കിരി (ധിക്കാരി)യായ
- لَّا يَسَّمَّعُونَ إِلَى ٱلْمَلَإِ ٱلْأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ ﴾٨﴿
- (അതിനാല്‍) 'മലഉല്‍- അഅ്-ലാ' യിലേക്കു [ഉന്നതസമൂഹത്തിലേക്ക്] അവര്‍ ചെവികൊടുത്തു കേള്‍ക്കയില്ല. എല്ലാ ഭാഗത്തുനിന്നും അവര്‍ എറിയപ്പെടുകയുംചെയ്യും;
- لَّا يَسَّمَّعُونَ അവര്‍ ചെവികൊടുക്കുക (കേള്‍ക്കാന്‍ ശ്രമിക്കുക) യില്ല إِلَى الْمَلَإِ الْأَعْلَىٰ മലഉല്‍ അഅ്-ലായി (ഉന്നത സമൂഹത്തി)ലേക്ക് وَيُقْذَفُونَ അവര്‍ എറിയപ്പെടുകയും ചെയ്യും مِن كُلِّ جَانِبٍ എല്ലാ ഭാഗത്തുനിന്നും
- دُحُورًا ۖ وَلَهُمْ عَذَابٌ وَاصِبٌ ﴾٩﴿
- തുരത്തിവിടുവാനായിട്ട്. (കൂടാതെ) നിരന്തരമായ ഒരു ശിക്ഷയും അവര്‍ക്കുണ്ട്;-
- دُحُورًا തുരത്തി (ആട്ടി) വിടുന്നതിന് وَلَهُمْ അവര്‍ക്കുണ്ട് عَذَابٌ وَاصِبٌ നിരന്തര (നീണ്ടുനില്‍ക്കുന്ന) ശിക്ഷ
- إِلَّا مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُۥ شِهَابٌ ثَاقِبٌ ﴾١٠﴿
- പക്ഷെ, ആരെങ്കിലും (ഒരു) തട്ടിയെടുക്കല്‍ തട്ടിയെടുത്താല്‍, തുളച്ചുചെല്ലുന്ന ഒരു തീജ്വാല ഉടനെ അവനെ പിന്‍തുടരുന്നതാണ്
- إِلَّا مَنْ പക്ഷേ ആരെങ്കിലും, ഒരുവനൊഴികെ خَطِفَ الْخَطْفَةَ അവന്‍ (ഒരു) തട്ടിയെടുക്കല്‍ തട്ടിയെടുത്തു فَأَتْبَعَهُ എന്നാലവനെ പിന്തുടരും شِهَابٌ തീജ്വാല, ഉല്‍ക്ക ثَاقِبٌ തുളച്ചു ചെല്ലുന്ന (ശക്തിയേറിയ)
ആകാശങ്ങള്‍ ഏഴെണ്ണമുണ്ടെന്നും, അവയില്‍ ഭൂമിയോടു ഏറ്റവും അടുത്ത ആകാശത്തെ നക്ഷത്രങ്ങളാല്‍ അലങ്കരിച്ചിരിക്കുന്നുവെന്നും ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചിരിക്കുന്നു. സൂറത്തുല്‍ മുഅ്മിനൂന്‍ 16-ാം വചനത്തിന്‍റെ വ്യാഖ്യാനത്തിലും മറ്റും നാം ഇതിനെക്കുറിച്ച് വിവരിച്ചിട്ടുമുണ്ട്. നക്ഷത്രങ്ങള്‍മൂലം യാത്രകളിലും മറ്റും മനുഷ്യര്‍ക്കു പല മാര്‍ഗ്ഗദര്‍ശനങ്ങളും, അടയാളങ്ങളും ലഭിക്കുവാനുള്ളതിനെപ്പറ്റി സൂറത്തുന്നഹ്-ലില്‍ സൂചിപ്പിച്ചിട്ടുണ്ട്. (وَبِالنَّجْمِ هُمْ يَهْتَدُونَ – النحل: ١٦). ഇവയ്ക്കു പുറമെ നക്ഷത്രങ്ങള്‍ മുഖേനയുള്ള മറ്റൊരു പ്രയോജനമായി ഖുര്‍ആന്‍ എടുത്തു പറഞ്ഞിട്ടുള്ളതു അവമൂലം പിശാചുക്കള്‍ ആട്ടിഓടിക്കപ്പെടുന്നു എന്നുള്ളതാകുന്നു. അതുകൊണ്ടാണ് ഖത്താദഃ (റ) ഇപ്രകാരം പ്രസ്താവിക്കുന്നത്: ‘ഈ നക്ഷത്രങ്ങളെ മൂന്നു കാര്യങ്ങള്‍ക്കായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു: അവ൯ അവയെ ആകാശത്തിന്ന്‍ അലങ്കാരവും, പിശാചുക്കളെ എറിയുന്നതും, മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന അടയാളങ്ങളും ആക്കിയിരിക്കുന്നു. മറ്റുപ്രകാരത്തില്‍ അവയെപ്പറ്റി ആരെങ്കിലും വ്യാഖ്യാനിക്കുന്നപക്ഷം, അവന്‍ പിഴക്കുകയും തന്‍റെ ഓഹരി (ഭാഗ്യം) താന്‍ നഷ്ടപ്പെടുത്തുകയും, അറിയാത്ത വിഷയത്തില്‍ സാഹസപ്പെടുകയുമാണ് ചെയ്യുക.’ (ബു.). പ്രശ്നക്കാരെയും ജ്യോത്സ്യക്കാരെയും ഉന്നംവെച്ചുകൊണ്ടുള്ളതാണ് ഈ പ്രസ്താവന.
നക്ഷത്രങ്ങള്‍മൂലം പിശാചുക്കളെ ആട്ടുന്നതിനെക്കുറിച്ച് ഇവിടെ എന്നപോലെ സൂ: ഹിജ്൪ 17ഉം 18ഉം വചനങ്ങളിലും, സൂ: ജിന്ന് 8ഉം 9ഉം വചനങ്ങളിലും വ്യക്തമായ ഭാഷയില്‍തന്നെ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ഈ മൂന്നു സൂറത്തുകളിലും ഇതുസംബന്ധിച്ചു പറഞ്ഞിട്ടുള്ളതിന്‍റെ ചുരുക്കം ഇതാണ്: ‘മലഉല്‍ അഅ്-ലായി’ല്‍ – മലക്കുകളാകുന്ന ഉന്നത സമൂഹത്തില്‍ – നിന്ന് വല്ലതും കട്ടുകേള്‍ക്കുവാനായി ഉപായത്തില്‍ ആകാശത്തിലേക്കു ചെല്ലുന്ന മുരട്ടുശീലക്കാരായ പിശാചുക്കളെ എറിഞ്ഞാട്ടുവാനും, അവരില്‍നിന്നു ആകാശത്തെ സുരക്ഷിതമാക്കുവാനും അല്ലാഹു നക്ഷത്രങ്ങളെ ഉപയോഗപ്പെടുത്തുന്നു. പിശാചുക്കള്‍ വല്ല വാര്‍ത്തയും തഞ്ചത്തില്‍ കട്ടുകേള്‍ക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ക്കു നാനാഭാഗത്തുനിന്നും ഏറു ബാധിക്കും, അതവരെ ആട്ടിക്കളയും. അവര്‍ക്കു ഇതിനുപുറമെ വമ്പിച്ച ശിക്ഷ – നരകശിക്ഷ – ഉണ്ടായിരിക്കും. ഒരുപക്ഷേ, ധിക്കാരികളായ വല്ല പിശാചുക്കളും ‘മലഉല്‍ അഅ്-ലായി’ല്‍ നിന്ന് എന്തെങ്കിലും ഒരു വാര്‍ത്ത തട്ടി എടുത്ത് പോന്നാല്‍തന്നെ, ഉടനെ തുളച്ചുചെല്ലുന്ന ശക്തിയേറിയ ഒരു ജ്വാല (ഉല്‍ക്ക) അവനെ പിന്തുടര്‍ന്ന് അവനെ നശിപ്പിക്കുകയും ചെയ്യും. ഇത്രയും സംഗതികള്‍ ഖുര്‍ആന്‍റെ പ്രസ്താവനകളില്‍നിന്ന് ആര്‍ക്കും സ്പഷ്ടമായി മനസ്സിലാക്കുവാന്‍ കഴിയും.
‘മലഉല്‍ അഅ്-ലാ (الْمَلَإِ الْأَعْلَىٰ) എന്നു പറഞ്ഞതു ആകാശലോകത്തുള്ള മലക്കുകളെക്കുറിച്ച് ആകുന്നു. ഭൂലോകത്തുള്ള ജിന്നുകളും മനുഷ്യരും അടങ്ങുന്ന സമൂഹത്തിനു ‘മലഉല്‍ അസ്ഫല്‍ (الملأ الاسفل) എന്നും പറയപ്പെടും. മലക്കുകളില്‍തന്നെയുള്ള ഒരു പ്രത്യേക വിഭാഗമാണുദ്ദേശ്യമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നിരന്തരമായ ശിക്ഷ (عَذَابٌ وَاصِبٌ) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം നരക ശിക്ഷയാണെന്നു സൂ: മുല്‍ക്ക് 5ല്‍നിന്നു മനസ്സിലാക്കാവുന്നതാണ്. شِهَابٌ എന്ന വാക്കിനു ‘കൊള്ളിമീന്‍, വീഴ്നക്ഷത്രം, ജ്യോതിസ്സു, ബാണനക്ഷത്രം, കുന്തമുന, ചാട്ടുളി, തീനാളം, തീജ്വാല, ഉല്‍ക്ക’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. നക്ഷത്രം വീണാലുണ്ടാകുന്ന ഒരു പ്രതീതി ഉളവാക്കുന്നതും മിന്നി ശോഭിക്കുന്നതുമായ എല്ലാറ്റിനും ഈ വാക്കു ഉപയോഗിക്കാം. നക്ഷത്രത്തില്‍നിന്നു പുറപ്പെടുന്ന ഒരു ജ്വാല എന്നല്ലാതെ, ഇവിടെ ആ വാക്കുകൊണ്ടുദ്ദേശ്യം എന്താണെന്നു നമുക്കു സൂക്ഷ്മമായി പറയുവാന്‍ വയ്യ. പിശാചുക്കളെ എരിച്ചുകളയുമാറുള്ള അതിന്‍റെ ശക്തിയാണ് ثَاقِبٌ (തുളച്ചുചെല്ലുന്ന) എന്ന വിശേഷണം കാണിക്കുന്നത്.
അല്ലാമാ സയ്യിദ് ഖുത്ത്ബ് (رحمه الله) മുതലായ പല മഹാന്‍മാരും പറഞ്ഞതുപോലെ – പിശാചു കട്ടുകേള്‍ക്കാന്‍ ചെല്ലുന്നതെങ്ങിനെയാണ്? വാര്‍ത്ത തട്ടിയെടുക്കുവാന്‍ എങ്ങിനെ സാധിക്കുന്നു? ഉല്‍ക്കമൂലം എറിയപ്പെടുമെന്നു പറഞ്ഞതു എപ്രകാരമായിരിക്കും? ഇതൊന്നും സൂക്ഷ്മമായി പറയുവാന്‍ നമുക്കു സാധ്യമല്ല, അവയെല്ലാം നമ്മുടെ അറിവിനും കാഴ്ചക്കും അതീതമായ കാര്യങ്ങളത്രെ. അല്ലാഹു പറഞ്ഞുതന്നതും, റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിവരിച്ചുതന്നതും മനസ്സിലാക്കുകയും, അതില്‍ വിശ്വസിക്കുകയുമാണ് നമ്മുടെ കടമ. ബാഹ്യലോകത്തിന്‍റെ ബാഹ്യവശങ്ങളല്ലാതെ നമുക്കു വല്ലതും അറിയാമോ?! ഉപരിലോകത്തുള്ള പ്രവേശനം തന്നെ തടയപ്പെടുകയും, കടുത്ത ശിക്ഷക്കു വിധേയമാകുകയും ചെയ്യുന്ന പിശാചു അല്ലാഹുവിങ്കല്‍ എത്രമാത്രം ശപിക്കപ്പെട്ടവനാണെന്നും, അവനെ ഉപദേശകനോ, ആരാധ്യനോ ആയി സ്വീകരിക്കുന്നതു എത്രമേല്‍ അബദ്ധമാണെന്നും ജനങ്ങള്‍ – പിശാചിന്‍റെ നേതൃത്വം സ്വീകരിച്ചവര്‍ – മനസ്സിലാക്കുകയാണ് ഇവിടെ പ്രധാന ഉദ്ദേശ്യം.
(‘ജിന്ന്’, ‘ശൈത്താന്‍’, ‘മലഉല്‍ അഅ്-ലാ’, ആകാശത്തുനിന്നു പിശാചിന്‍റെ കട്ടുകേള്‍വി എന്നിവയെ കുറിച്ചും, ഇവയെ സംബന്ധിച്ച് തല്‍പരകക്ഷികളുടെ പല പിഴച്ച വാദങ്ങളെക്കുറിച്ചും സൂ: ഹിജ്റിനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പുകളില്‍ വിവരിച്ചിട്ടുണ്ട്.)
- فَٱسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَآ ۚ إِنَّا خَلَقْنَٰهُم مِّن طِينٍ لَّازِبٍۭ ﴾١١﴿
- (നബിയേ) അവരോടു അഭിപ്രായം (അഥവാ വിധി) ചോദിക്കുക: അവരാണോ സൃഷ്ടിക്കുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അഥവാ നാം സൃഷ്ടിച്ചിട്ടുള്ള (മേൽപറഞ്ഞ) വരോ? നാം അവരെ, ഒട്ടുന്ന കളിമണ്ണില്‍നിന്നു സൃഷ്ടിച്ചിരിക്കയാണ്.
- فَاسْتَفْتِهِمْ എന്നാലവരോടു അഭിപ്രായം ചോദിക്കുക, വിധിതേടുക أَهُمْ അവരാണോ أَشَدُّ കൂടുതല്‍ കാഠിന്യം (പ്രയാസം, ഊക്ക്, ശക്തി) ഉള്ളവര്‍ خَلْقًا സൃഷ്ടിയില്‍, സൃഷ്ടിക്കുവാന്‍ أَم مَّنْ അഥവാ (അതല്ല) യാതൊരു കൂട്ടരോ خَلَقْنَا നാം സൃഷ്ടിച്ച إِنَّا خَلَقْنَاهُم നിശ്ചയമായും നാം അവരെ സൃഷ്ടിച്ചിരിക്കുന്നു مِّن طِينٍ കളിമണ്ണിനാല്‍ لَّازِبٍ ഒട്ടുന്ന
- بَلْ عَجِبْتَ وَيَسْخَرُونَ ﴾١٢﴿
- എങ്കിലും, നീ ആശ്ചര്യപ്പെടുകയാണ്; അവര്‍ പരിഹസിക്കുകയും ചെയ്യുന്നു!
- بَلْ عَجِبْتَ എങ്കിലും (പക്ഷേ) നീ ആശ്ചര്യപ്പെടുകയാണ് وَيَسْخَرُونَ അവര്‍ പരിഹസിക്കയും ചെയ്യുന്നു
- وَإِذَا ذُكِّرُوا۟ لَا يَذْكُرُونَ ﴾١٣﴿
- അവര്‍ക്കു ഉപദേശം നല്‍കപ്പെട്ടാല്‍ അവര്‍ ആലോചിക്കുന്നില്ല;
- وَإِذَا ذُكِّرُوا അവര്‍ ഉപദേശിക്ക (ഓര്‍മ്മിപ്പിക്ക)പ്പെട്ടാല്‍ لَا يَذْكُرُونَ അവര്‍ ഓര്‍മ്മിക്കുക (ആലോചിക്കുക)യില്ല
- وَإِذَا رَأَوْا۟ ءَايَةً يَسْتَسْخِرُونَ ﴾١٤﴿
- വല്ല ദൃഷ്ടാന്തവും കണ്ടാല്‍ അവര്‍ പരിഹാസം കൊള്ളുകയും ചെയ്യുന്നു!
- وَإِذَا رَأَوْا അവര്‍ കണ്ടാല്‍ آيَةً വല്ല ദൃഷ്ടാന്തവും يَسْتَسْخِرُونَ അവര്‍ പരിഹാസം കൊള്ളും
- وَقَالُوٓا۟ إِنْ هَٰذَآ إِلَّا سِحْرٌ مُّبِينٌ ﴾١٥﴿
- അവര്‍ പറയുകയും ചെയ്യും: 'ഇതു പ്രത്യക്ഷമായ ജാലമല്ലാതെ (മറ്റൊന്നും) അല്ല;-
- وَقَالُوا അവര്‍ പറയുകയും ചെയ്യും إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ജാലമല്ലാതെ مُّبِينٌ പ്രത്യക്ഷമായ
- أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ﴾١٦﴿
- 'ഞങ്ങള്‍ മരണപ്പെടുകയും, മണ്ണും എല്ലുകളുമായിത്തീരുകയും ചെയ്തിട്ടോ നിശ്ചയമായും ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാകുന്നത്?!
- أَإِذَا مِتْنَا ഞങ്ങള്‍ (നാം) മരണപ്പെട്ടാലോ وَكُنَّا تُرَابًا മണ്ണായിത്തീരുകയും وَعِظَامًا എല്ലുകളും أَإِنَّا നിശ്ചയമായും, നമ്മളോ (ഞങ്ങളോ) لَمَبْعُوثُونَ എഴുന്നേല്‍പിക്കപ്പെടുന്നവര്‍ (ആകുന്നു)
- أَوَءَابَآؤُنَا ٱلْأَوَّلُونَ ﴾١٧﴿
- 'ഞങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുമോ (-അവരും എഴുന്നേല്‍പ്പിക്കപെടുകയോ)'?!
- أَوَآبَاؤُنَا നമ്മുടെ പിതാക്കളുമോ الْأَوَّلُونَ പൂര്‍വ്വികന്‍മാരായ
- قُلْ نَعَمْ وَأَنتُمْ دَٰخِرُونَ ﴾١٨﴿
- (നബിയേ) പറയുക: 'അതെ, (അതു സംഭവിക്കും) നിങ്ങളാകട്ടെ, നിന്ദ്യരുമായിരിക്കും.'
- قُلْ പറയുക نَعَمْ അതെ وَأَنتُمْ നിങ്ങളാകട്ടെ, നിങ്ങളായിക്കൊണ്ടു دَاخِرُونَ നിന്ദ്യര്‍, നിസ്സാരന്‍മാര്‍, അപമാനിതര്‍
- فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ فَإِذَا هُمْ يَنظُرُونَ ﴾١٩﴿
- എന്നാലതു [ആ സംഭവം] ഒരേ ഒരു അട്ടഹാസം മാത്രമായിരിക്കും; അപ്പോഴേക്കും അവരതാ, (എഴുന്നേറ്റ്) നോക്കുന്നുണ്ടായിരിക്കും!
- فَإِنَّمَا هِيَ എന്നാല്‍ നിശ്ചയമായും അതു زَجْرَةٌ ഒരു അട്ടഹാസം (വലിയ ശബ്ദം) മാത്രം وَاحِدَةٌ ഒറ്റ فَإِذَا هُمْ അപ്പോള്‍ അവരതാ يَنظُرُونَ നോക്കിക്കൊണ്ടു, നോക്കും
- وَقَالُوا۟ يَٰوَيْلَنَا هَٰذَا يَوْمُ ٱلدِّينِ ﴾٢٠﴿
- അവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: 'ഞങ്ങളുടെ നാശമേ! ഇതു പ്രതിഫലത്തിന്‍റെ [പ്രതിഫലനടപടിയുടെ] ദിവസമാണ്'!!
- وَقَالُوا അവര്‍ പറയുകയും ചെയ്യും يَا وَيْلَنَا ഞങ്ങളുടെ നാശമേ هَـٰذَا ഇതു يَوْمُ الدِّينِ പ്രതിഫലത്തിന്‍റെ (നടപടി എടുക്കലിന്‍റെ) ദിവസമാണ്
- هَٰذَا يَوْمُ ٱلْفَصْلِ ٱلَّذِى كُنتُم بِهِۦ تُكَذِّبُونَ ﴾٢١﴿
- 'ഇതാണ് നിങ്ങള്‍ വ്യാജമാക്കിക്കൊണ്ടിരുന്ന (ആ) തീരുമാനത്തിന്‍റെ ദിവസം!'
- هَـٰذَا يَوْمُ الْفَصْلِ ഇതു തീരുമാനത്തിന്‍റെ ദിവസമാണ് الَّذِي كُنتُم നിങ്ങള്‍ ആയിരുന്നതായ بِهِ അതിനെ تُكَذِّبُونَ വ്യാജമാക്കുക
മരണാനന്തരജീവിതത്തെ നിഷേധിക്കുന്ന ഈ മുശ്രിക്കുകളെ സൃഷ്ടിക്കുവാനാണോ അധികം പ്രയാസമുള്ളതു, അതോ മേല്‍പ്പറഞ്ഞ ആകാശം, ഭൂമി, നക്ഷത്രങ്ങള്‍, തീജ്വാലകള്‍, പിശാചുക്കള്‍ മുതലായവയെ സൃഷ്ടിക്കുവാനോ പ്രയാസം? എന്നു ആലോചിച്ചു നോക്കുവാന്‍ അവരെ ആഹ്വാനം ചെയ്യുന്നതാണ് 11-ാം വചനം. അവയെല്ലാം സൃഷ്ടിച്ചു കൈകാര്യം ചെയ്യുന്നുവന്നുണ്ടോ ഇവരുടെ കാര്യത്തില്‍ വല്ല പ്രയാസവും?! എന്നു സാരം. ‘ഒട്ടുന്ന കളിമണ്ണില്‍നിന്നു സൃഷ്ടിച്ചു’വെന്നു പറഞ്ഞതു മനുഷ്യന്‍റെ ആദ്യസൃഷ്ടിയെ ചൂണ്ടിക്കാട്ടുന്നതാണ്. (സൂ: സജദഃ 7ഉം 8ഉം നോക്കുക).
ഈ അവസാനത്തെ വാക്യം അല്ലാഹുവിന്‍റെ ഭാഗത്തുനിന്ന് അവരോടു പറയപ്പെടുന്നതായിരിക്കാം. അവര്‍ തമ്മില്‍ പറയുന്നതായിരിക്കുവാനും സാധ്യതയുണ്ട്. ഒരു അട്ടഹാസം (زَجْرَةٌ وَاحِدَةٌ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം സൂ: യാസീനിലും മറ്റും വിവരിച്ചിട്ടുണ്ടല്ലോ. അവിശ്വാസികളെ സംബന്ധിച്ചു മലക്കുകളോടുണ്ടാകുന്ന ചില ഉത്തരവുകളാണ് അടുത്ത വചനങ്ങളില്‍ വരുന്നത്.