വിഭാഗം - 9

10:83
  • فَمَآ ءَامَنَ لِمُوسَىٰٓ إِلَّا ذُرِّيَّةٌ مِّن قَوْمِهِۦ عَلَىٰ خَوْفٍ مِّن فِرْعَوْنَ وَمَلَإِي۟هِمْ أَن يَفْتِنَهُمْ ۚ وَإِنَّ فِرْعَوْنَ لَعَالٍ فِى ٱلْأَرْضِ وَإِنَّهُۥ لَمِنَ ٱلْمُسْرِفِينَ ﴾٨٣﴿
  • എന്നാല്‍, മൂസായെ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്നുള്ള ചില സന്തതികള്‍ [ചെറുപ്പക്കാര്‍] അല്ലാതെ വിശ്വസിച്ചില്ല. (അതു തന്നെ) ഫിര്‍ഔനെയും അവരിലുള്ള പ്രധാനികളെയും സംബന്ധിച്ച്‌ - അവന്‍ തങ്ങളെ (മര്‍ദ്ദിച്ച്‌) കുഴപ്പത്തിലാക്കുമെന്ന- ഭയപ്പാടോടെ (യാണ്‌). നിശ്ചയമായും, ഫിര്‍ഔനാകട്ടെ, ഭൂമിയില്‍ ഒരു ഉന്നതന്‍ [ഔന്നത്യം നടിക്കുന്നവന്‍] തന്നെയാണുതാനും. നിശ്ചയമായും അവന്‍, അതിര്‍ കവിഞ്ഞവരില്‍പെട്ടവനും തന്നെ.
  • فَمَا آمَنَ എന്നാല്‍ വിശ്വസിച്ചില്ല لِمُوسَىٰ മൂസായെ إِلَّا ذُرِّيَّةٌ ചില സന്തതികളല്ലാതെ مِّن قَوْمِهِ അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന്‌ عَلَىٰ خَوْفٍ ഭയത്തോടെ, പേടിയിലായി مِّن فِرْعَوْنَ ഫിര്‍ഔനെ സംബന്ധിച്ച്‌ وَمَلَئِهِمْ അവരിലെ പ്രധാനികളെയും أَن يَفْتِنَهُمْ അവന്‍ തങ്ങളെ കുഴപ്പത്തിലാക്കുമെന്ന്‌ وَإِنَّ فِرْعَوْنَ നിശ്ചയമായും ഫിര്‍ഔനാകട്ടെ لَعَالٍ ഒരു ഉന്നതന്‍ (പ്രമത്തന്‍- പൊങ്ങച്ചക്കാരന്‍- ഊക്കന്‍- സര്‍വ്വാധികാരി) തന്നെ فِي الْأَرْضِ ഭൂമിയില്‍ وَإِنَّهُ നിശ്ചയമായും അവന്‍ لَمِنَ الْمُسْرِفِينَ അതിര്‌ കവിഞ്ഞവരില്‍ പെട്ടവനും തന്നെ

ജാലവിദ്യക്കാര്‍ യഥാര്‍ത്ഥം മനസ്സിലാക്കി മൂസാ നബി (അ) യില്‍ വിശ്വസിച്ചതോടെ ഫിര്‍ഔന്‍ മര്‍ദ്ദനമുറകള്‍ അഴിച്ചുവിടുകയായി. അവനെയും അവന്‍റെ ആള്‍ക്കാരെയും ഭയന്ന്‌ ജനങ്ങള്‍ വിശ്വസിക്കുവാന്‍ മുന്നോട്ട്‌ വന്നില്ല. അല്‍പം ചെറുപ്പക്കാര്‍ മാത്രം വിശ്വസിച്ചു. അതും വളരെ ഭയപ്പാടോടെ. അധികാരപ്രമത്തനും, ക്രൂരഹൃദയനുമാണ്‌ ഫിര്‍ഔന്‍. അവന്‍റെ ഉദ്യോഗവൃന്ദവും ജനനേതാക്കളുമാകട്ടെ, അവന്‍റെ ഇഷ്‌ടത്തിന്‌ താളം ചവിട്ടുന്നവരും. മൂസാ നബി (അ) യെ കൊലെപ്പടുത്തുവാന്‍ പോലും ഫിര്‍ഔന്‍ ഉദ്യമിക്കുകയുണ്ടായി. (40:26) മൂസായെയും അവന്‍റെ കൂട്ടരെയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കുവാന്‍ വിട്ടുകൂടാ എന്ന്‌ പറഞ്ഞ്‌ അവരിലുള്ള ആണ്‍കുട്ടികളെ കൊലപ്പെടുത്തുവാന്‍ അവന്‍ കല്‍പിക്കുകയും ചെയ്‌തു. (7:127) ഇതുപോലെ പല മര്‍ദ്ദനമുറകളും അവന്‍ നടപ്പില്‍ വരുത്തി.

‘അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്നുള്ള ചില സന്തതികള്‍ – ചെറുപ്പക്കാര്‍- അല്ലാതെ വിശ്വസിച്ചില്ല’ എന്ന്‌ പറഞ്ഞത്‌ ഇസ്‌റാഈല്യരില്‍ നിന്നുള്ള ചെറുപ്പക്കാരെ ഉദ്ദേശിച്ചാണെന്നാണ്‌ പല വ്യാഖ്യാതാക്കളും പറഞ്ഞു കാണുന്നത്‌. ഇസ്‌റാഈല്യര്‍ പൊതുവെ മൂസാ നബി (അ) യില്‍ വിശ്വസിച്ചിരുന്നുവെന്നും, ഈജിപ്‌തുകാരായ ക്വിബ്‌ത്വീ (കൊപ്‌തി) വര്‍ഗത്തില്‍പെട്ട ചുരുക്കം ചിലരും വിശ്വസിച്ചിരുന്നതിനെ ഉദ്ദേശിച്ചാണത്‌ പറഞ്ഞിരിക്കുന്നതെന്നുമാണ്‌ മറ്റൊരുപക്ഷം. ഈ അഭിപ്രായമാണ്‌ ഇബ്‌നുകഥീര്‍ (റ) ബലപ്പെടുത്തിയിരിക്കുന്നത്‌. അതിന്‌ ചില കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. الّله اعلم

10:84
  • وَقَالَ مُوسَىٰ يَٰقَوْمِ إِن كُنتُمْ ءَامَنتُم بِٱللَّهِ فَعَلَيْهِ تَوَكَّلُوٓا۟ إِن كُنتُم مُّسْلِمِينَ ﴾٨٤﴿
  • മൂസാ പറയുകയും ചെയ്‌തു: `എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിരിക്കുന്നുവെങ്കില്‍, നിങ്ങള്‍ അവന്‍റെമേല്‍ ഭരമേല്‍പിക്കുവിന്‍; നിങ്ങള്‍ `മുസ്‌ലിംകള്‍' [ശരിക്കും കീഴൊതുങ്ങിയവര്‍] ആണെങ്കില്‍'.
  • وَقَالَ مُوسَىٰ മൂസാ പറഞ്ഞു, പറയുകയും ചെയ്‌തു يَا قَوْمِ എന്‍റെ ജനങ്ങളേ إِن كُنتُمْ നിങ്ങളാകുന്നുവെങ്കില്‍ آمَنتُم നിങ്ങള്‍ വിശ്വസിച്ചിരിക്കുന്നു (വെങ്കില്‍) بِاللَّهِ അല്ലാഹുവില്‍ فَعَلَيْهِ എന്നാല്‍ അവന്‍റെമേല്‍ تَوَكَّلُوا നിങ്ങള്‍ ഭരമേല്‍പിക്കുവിന്‍ إِن كُنتُم നിങ്ങളാണെങ്കില്‍ مُّسْلِمِينَ മുസ്‌ലിംകള്‍
10:85
  • فَقَالُوا۟ عَلَى ٱللَّهِ تَوَكَّلْنَا رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلْقَوْمِ ٱلظَّٰلِمِينَ ﴾٨٥﴿
  • അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ അല്ലാഹുവിന്‍റെമേല്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ (ഈ) അക്രമികളായ ജനങ്ങള്‍ക്ക്‌ ഒരു കുഴപ്പം (കാണിക്കാനുള്ള ഇട) ആക്കരുതേ!
  • فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ تَوَكَّلْنَا ഞങ്ങള്‍ ഭരമേല്‍പിച്ചിരിക്കുന്നു رَبَّنَا ഞങ്ങളുടെ റബ്ബേ لَا تَجْعَلْنَا ഞങ്ങളെ നീ ആക്കരുതേ فِتْنَةً ഒരു കുഴപ്പം (കുഴപ്പം കാണിക്കാനുള്ള ഇടം). ഒരു പരീക്ഷണം (പരീക്ഷണവിധേയം) لِّلْقَوْمِ ജനങ്ങള്‍ക്ക്‌ الظَّالِمِينَ അക്രമികളായ
10:86
  • وَنَجِّنَا بِرَحْمَتِكَ مِنَ ٱلْقَوْمِ ٱلْكَٰفِرِينَ ﴾٨٦﴿
  • 'നിന്‍റെ കാരുണ്യംകൊണ്ട്‌ (ഈ) അവിശ്വാസികളായജനങ്ങളില്‍ നിന്ന്‌ ഞങ്ങളെ രക്ഷപ്പെടുത്തുകയും ചെയ്യേണമേ!'
  • وَنَجِّنَا ഞങ്ങളെ രക്ഷപ്പെടുത്തുകയും വേണമേ بِرَحْمَتِكَ mനിന്‍റെ കാരുണ്യം കൊണ്ട്‌ مِنَ الْقَوْمِ ജനങ്ങളില്‍ നിന്ന്‌ الْكَافِرِينَ അവിശ്വാസികളായ
10:87
  • وَأَوْحَيْنَآ إِلَىٰ مُوسَىٰ وَأَخِيهِ أَن تَبَوَّءَا لِقَوْمِكُمَا بِمِصْرَ بُيُوتًا وَٱجْعَلُوا۟ بُيُوتَكُمْ قِبْلَةً وَأَقِيمُوا۟ ٱلصَّلَوٰةَ ۗ وَبَشِّرِ ٱلْمُؤْمِنِينَ ﴾٨٧﴿
  • മൂസാക്കും, അദ്ദേഹത്തിന്‍റെ സഹോദരനും [ഹാറൂന്നും] നാം `വഹ്‌യ്‌' നല്‍കുകയും ചെയ്‌തു:- നിങ്ങള്‍ രണ്ടാളും നിങ്ങളുടെ ജനങ്ങള്‍ക്ക്‌ മിസ്വ്‌റില്‍ [ഈജിപ്‌തില്‍] വീടുകള്‍ സൗകര്യപ്പെടുത്തുവിന്‍ എന്ന്‌. നിങ്ങളുടെ വീടുകള്‍ നിങ്ങള്‍ `ക്വിബ്‌ലഃ' [അഭിമുഖകേന്ദ്രം] ആക്കുകയും, നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും ചെയ്യുവിന്‍; (മൂസാ!) സത്യവിശ്വാസികള്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
  • وَأَوْحَيْنَا നാം വഹ്‌യ്‌ നല്‍കുകയും ചെയ്‌തു إِلَىٰ مُوسَىٰ മൂസായിലേക്ക്‌ وَأَخِيهِ അദ്ദേഹത്തിന്‍റെ സഹോദരനിലേക്കും أَن تَبَوَّآ നിങ്ങള്‍ രണ്ടുപേരും സൗകര്യപ്പെടുത്തിക്കൊടുക്കണമെന്ന്‌ لِقَوْمِكُمَا നിങ്ങളുടെ ജനതക്ക്‌ بِمِصْرَ മിസ്വ്‌റില്‍ بُيُوتًا വീടുകളെ وَاجْعَلُوا നിങ്ങള്‍ ആക്കുകയും ചെയ്യുവിന്‍ بُيُوتَكُمْ നിങ്ങളുടെ വീടുകളെ قِبْلَةً അഭിമുഖകേന്ദ്രം, ക്വിബ്‌ലഃ وَأَقِيمُوا നിങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുവിന്‍ الصَّلَاةَ നമസ്‌കാരത്തെ وَبَشِّرِ നീ സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്‌

ആദ്യത്തെ രണ്ട്‌ കല്‍പനകളും രണ്ടുപേരും കൂട്ടായി സഹകരിച്ചു ചെയ്യേണ്ടതാകക്കൊണ്ട്‌ ആ കല്‍പനകളെ മൂസാ (അ) നെയും, ഹാറൂന്‍ (അ) നെയും അഭിമുഖീകരിച്ചുകൊണ്ടുള്ളതാണ്‌. മൂസാ നബി(അ) യുടെ ദൗത്യനിര്‍വ്വഹണത്തില്‍ അദ്ദേഹത്തിന്‍റെ സഹായകനായിട്ടാണ്‌ ഹാറൂന്‍ (അ) നിയോഗിക്കപ്പെട്ടിരിക്കുന്നതും. ദിവ്യദൗത്യത്തിന്‍റെ സാക്ഷാല്‍ വാഹകന്‍ മൂസാ നബി (അ) ആയതുകൊണ്ടായിരിക്കും സത്യവിശ്വാസികള്‍ക്ക്‌ സന്തോഷവാര്‍ത്ത അറിയിക്കുവാനുള്ള കല്‍പന അദ്ദേഹത്തെ മാത്രം അഭിമുഖീകരിച്ചുകൊണ്ടായത്‌. الّله اعلم

ഫിര്‍ഔന്‍റെയും ആള്‍ക്കാരുടെയും ഇടയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ഇസ്‌റാഈല്യര്‍ കൂടുതല്‍ മര്‍ദ്ദനങ്ങള്‍ക്ക്‌ വിധേയരാകുകയും അവര്‍ക്ക്‌ നമസ്‌കാരം മുതലായ ആരാധനാകര്‍മങ്ങള്‍ നടത്തുവാന്‍ സ്വാതന്ത്ര്യമില്ലാതിരിക്കുകയും ചെയ്യുമല്ലോ. അതുകൊണ്ട്‌ അവര്‍ക്ക്‌ പ്രത്യേകം വാസസ്ഥലം ഏര്‍പ്പെടുത്തുവാനും, അവരുടെ ആരാധനാ കര്‍മങ്ങള്‍ അവരുടെ വീടുകളില്‍വെച്ച്‌ നടത്തുവാനും, നമസ്‌കാരത്തിന്‍റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുവാനും അല്ലാഹു അവര്‍ക്ക്‌ കല്‍പന നല്‍കി. `നിങ്ങളുടെ വീടുകള്‍ ക്വിബ്‌ലഃയാക്കുക’ എന്ന്‌ പറഞ്ഞതിന്‍റെ താല്‍പര്യം:

(1) വീടുകളെ ആരാധനാസ്ഥലങ്ങള്‍- പള്ളികള്‍ -ആക്കുക എന്നാണെന്നും.

(2) വീടുകളെ അവരുടെ ക്വിബ്‌ലഃയായ ബൈത്തുല്‍ മുക്വദ്ദസിന്‍റെ ഭാഗത്തേക്ക്‌ മുഖമാക്കി സ്ഥാപിക്കുക എന്നാണെന്നും,

(3) എല്ലാം ഒരു കേന്ദ്രത്തിലേക്ക്‌ അഭിമുഖമായിക്കൊണ്ടുള്ളതാക്കുക എന്നാണെന്നും അഭിപ്രായങ്ങളുണ്ട്‌.

10:88
  • وَقَالَ مُوسَىٰ رَبَّنَآ إِنَّكَ ءَاتَيْتَ فِرْعَوْنَ وَمَلَأَهُۥ زِينَةً وَأَمْوَٰلًا فِى ٱلْحَيَوٰةِ ٱلدُّنْيَا رَبَّنَا لِيُضِلُّوا۟ عَن سَبِيلِكَ ۖ رَبَّنَا ٱطْمِسْ عَلَىٰٓ أَمْوَٰلِهِمْ وَٱشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا۟ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ ﴾٨٨﴿
  • മൂസാ പറഞ്ഞു: 'ഞങ്ങളുടെ റബ്ബേ! ഫിര്‍ഔന്നും, അവന്‍റെ പ്രധാനികള്‍ക്കും ഐഹികജീവിതത്തില്‍ നീ അലങ്കാരവും സ്വത്തുക്കളും നല്‍കിയിരിക്കുന്നു; ഞങ്ങളുടെ റബ്ബേ! നിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ അവര്‍ (ആളുകളെ) വഴിതെറ്റിക്കുവാന്‍ വേണ്ടിയാണ്‌ (അതുപയോഗപ്പെടുത്തുന്നത്‌). ഞങ്ങളുടെ റബ്ബേ! അവരുടെ സ്വത്തുക്കളെ നീ തുടച്ചു നീക്കണേ! അവരുടെ ഹൃദയങ്ങള്‍ക്ക്‌ നീ കാഠിന്യം നല്‍കുകയും ചെയ്യേണമേ! അങ്ങനെ, വേദനയേറിയ ശിക്ഷ കാണുന്നവരേക്കും അവര്‍ വിശ്വസിക്കാതിരിക്കട്ടെ.'
  • وَقَالَ مُوسَىٰ മൂസാ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ إِنَّكَ നിശ്ചയമായും നീ آتَيْتَ നീ കൊടുത്തു فِرْعَوْنَ ഫിര്‍ഔന്ന്‌ وَمَلَأَهُ അവന്‍റെ പ്രധാനികള്‍ക്കും, സംഘക്കാര്‍ക്കും زِينَةً അലങ്കാരം, സൗന്ദര്യം وَأَمْوَالًا സ്വത്തുക്കളും فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ رَبَّنَا ഞങ്ങളുടെ റബ്ബേ لِيُضِلُّوا അവര്‍ വഴിപിഴപ്പിക്കുവാന്‍ വേണ്ടി عَن سَبِيلِكَ നിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ رَبَّنَا ഞങ്ങളുടെ റബ്ബേ اطْمِسْ നീ തുടച്ചു നീക്കണേ عَلَىٰ أَمْوَالِهِمْ അവരുടെ സ്വത്തുക്കളെ وَاشْدُدْ നീ കഠിനപ്പെടുത്തുക (കാഠിന്യം നല്‍കുകയും) ചെയ്യണേ عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്ക്‌ فَلَا يُؤْمِنُوا എന്നാല്‍ (അങ്ങനെ) അവര്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതിരിക്കട്ടെ حَتَّىٰ يَرَوُا അവര്‍ കാണുവോളം الْعَذَابَ ശിക്ഷയെ الْأَلِيمَ വേദനയേറിയ

പ്രാര്‍ത്ഥന മൂസാ നബി (അ) യുടെ നാവിലൂടെയാണെങ്കിലും ഹാറൂന്‍ നബി (അ)യും അതില്‍ ഭാഗഭാക്കായിരിക്കുമെന്ന്‌ പറയേണ്ടതില്ല. അതുകൊണ്ട്‌ രണ്ടുപേരെയും അഭിമുഖീകരിച്ചു കൊണ്ട്‌ അല്ലാഹു മറുപടി നല്‍കി:-

10:89
  • قَالَ قَدْ أُجِيبَت دَّعْوَتُكُمَا فَٱسْتَقِيمَا وَلَا تَتَّبِعَآنِّ سَبِيلَ ٱلَّذِينَ لَا يَعْلَمُونَ ﴾٨٩﴿
  • അവന്‍ [അല്ലാഹു] പറഞ്ഞു: 'നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥനക്ക്‌ ഉത്തരം നല്‍കപ്പെട്ടിരിക്കുന്നു. അതിനാല്‍, നിങ്ങള്‍ രണ്ടുപേരും ചൊവ്വിന്‌ നിലകൊള്ളുവിന്‍, അറിഞ്ഞുകൂടാത്തവരുടെ മാര്‍ഗത്തെ നിശ്ചയമായും നിങ്ങള്‍ രണ്ടാളും പിന്‍പറ്റുകയും ചെയ്യരുത്‌.'
  • قَالَ അവന്‍ പറഞ്ഞു قَدْ أُجِيبَت ഉത്തരം നല്‍കപ്പെട്ടിട്ടുണ്ട്‌ دَّعْوَتُكُمَا നിങ്ങള്‍ രണ്ടാളുടെയും പ്രാര്‍ത്ഥന فَاسْتَقِيمَا അതിനാല്‍ നിങ്ങള്‍ രണ്ടാളും ചൊവ്വിന്‌ നിലകൊള്ളുവിന്‍ وَلَا تَتَّبِعَانِّ രണ്ടുപേരും പിന്‍പറ്റുകയും ചെയ്യരുത്‌ سَبِيلَ الَّذِينَ യാതൊരുവരുടെ മാര്‍ഗത്തെ لَا يَعْلَمُونَ അറിയാത്ത

അധികാരപ്രമത്തതയും അഹങ്കാരവും ഉള്ളതോടൊപ്പം സമ്പല്‍സമൃദ്ധിയും, ആഡംബര സൗകര്യങ്ങളും കൂടിചേര്‍ന്നാല്‍ പിന്നത്തെ കഥ പറയേണ്ടതില്ലല്ലോ. ഫറോവാ രാജാക്കളുടെ വാഴ്‌ചക്കാലത്തെ ആഡംബര വസ്‌തുക്കളുടെയും, ധനസമൃദ്ധിയുടെയും ഉദാഹരണങ്ങള്‍ കാണിക്കുന്ന അവശിഷ്‌ടങ്ങള്‍ പലതും പുരാവസ്‌തു നിരീക്ഷകന്‍മാരാല്‍ ഇതിനകം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. പലതും ഈജിപ്‌തില്‍ കാഴ്‌ചവസ്‌തുക്കളായി സൂക്ഷിക്കപ്പെട്ടിരിക്കുകയും ചെയ്‌തിരിക്കുന്നു. ഈജിപ്‌തിലെ ഫറോവാ രാജാക്കളുടെ ശവക്കല്ലറകള്‍ (പിരമിഡുകള്‍) ലോകത്തിലെ ഏഴ്‌ മഹാത്ഭുതങ്ങളില്‍ ഒന്നായി ഇന്നും എണ്ണപ്പെട്ടുവരുന്നു. അങ്ങനെയുള്ള ആ കഴിവുകളും സ്വാധീനങ്ങളുമെല്ലാം അല്ലാഹുവിന്‍റെ മാര്‍ഗത്തെ എതിര്‍ത്ത്‌ നശിപ്പിക്കുവാനും, അതില്‍ നിന്ന്‌ ജനങ്ങളെ അകറ്റുവാനുമാണ്‌ ഫിര്‍ഔനും അവന്‍റെ ആള്‍ക്കാരും വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്‌. മൂസാ (അ) ദൃഷ്‌ടാന്തങ്ങള്‍ മുഖേനയും, ഉപദേശങ്ങള്‍ മുഖേനയും അവരെ സത്യമാര്‍ഗത്തിലേക്ക്‌ ആവുന്നത്ര ക്ഷണിച്ചുനോക്കി. ധിക്കാരം വര്‍ദ്ധിക്കുകയല്ലാതെ, മാനസാന്തരത്തിന്‍റെ യാതൊരു ലക്ഷണവും അദ്ദേഹം അവരില്‍ കണ്ടില്ല. അല്ലാഹുവിങ്കല്‍ നിന്നുള്ള അതിഭയങ്കരമായ വല്ല ശിക്ഷയും കൊണ്ടല്ലാതെ അവര്‍ക്ക്‌ ഒതുക്കം വരുകയില്ലെന്ന്‌ അദ്ദേഹത്തിന്‌ ബോധ്യമായി.

ഈ അവസരത്തിലാണ്‌ അദ്ദേഹം അവര്‍ക്കെതിരില്‍ പ്രാര്‍ത്ഥിക്കുന്നത്‌. അവരുടെ ധനസമ്പത്തുകള്‍ക്ക്‌ നാശം ഭവിക്കുവാനും, അവരുടെ ഹൃദയങ്ങള്‍ക്ക്‌ കാഠിന്യം കൂട്ടുവാനും അദ്ദേഹം പ്രാര്‍ത്ഥിച്ചു. സ്വത്തിന്‌ നാശം വരുന്നത്‌ അക്രമമര്‍ദ്ദനങ്ങള്‍ കുറയാന്‍ സഹായകമായിത്തീരും. ഹൃദയം കഠിനമാകുമ്പോള്‍ ക്രൂരമനഃസ്ഥിതി മൂര്‍ച്ഛിക്കുകയും, അത്‌ ശിക്ഷ ഭവിക്കുവാന്‍ സന്ദര്‍ഭമൊരുക്കുകയും ചെയ്യും. ശിക്ഷ അനുഭവത്തില്‍ വരുമ്പോള്‍ അവര്‍ വിശ്വസിക്കുമെന്ന്‌ ഉറപ്പാണ്‌. അടുത്ത വചനത്തില്‍ വരുന്നതുപോലെ, ആ ഘട്ടത്തില്‍ ഫിര്‍ഔന്‍ വിശ്വസിക്കുകയും ചെയ്‌തു. ആ വിശ്വാസംകൊണ്ട്‌ ഫലമില്ലെങ്കിലും അതോടെ അക്രമങ്ങള്‍ക്ക്‌ അറുതിവരുകയും, സത്യവിശ്വാസികള്‍ക്ക്‌ പൊറുതി ലഭിക്കുകയും ചെയ്യുമല്ലോ.

നൂഹ്‌ നബി (അ) ദീര്‍ഘകാലം തന്‍റെ ജനതയെ സത്യവിശ്വാസത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ടിരുന്നിട്ടും അവരില്‍ നിന്ന്‌ ആശക്ക്‌ വഴി കാണാതെ അവരുടെ ധിക്കാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചതായി സൂറത്ത്‌ നൂഹില്‍ കാണാം: رَّبِّ لاتَذَرْ عَلَى الأَرْضِ مِنَ الْكافِرِينَ دَيّاراً…..الآية (സാരം: റബ്ബേ, ഭൂമിയില്‍ അവിശ്വാസികളില്‍ നിന്ന്‌ ആരെയും ബാക്കിയാക്കരുതേ! അവരെ ബാക്കിയാക്കി വിട്ടാല്‍ അവര്‍ നിന്‍റെ അടിയാന്‍മാരെ വഴിപിഴപ്പിക്കും. നന്ദികെട്ട ദുര്‍വൃത്തരെയല്ലാതെ അവര്‍ ജനിപ്പിക്കുകയുമില്ല) ഇതുപോലെയുള്ള ഒരു പ്രാര്‍ത്ഥന തന്നെയാണ്‌ മൂസാ നബി (അ)യുടെതും. അതായത്‌, അല്ലാഹുവിന്‍റെ സത്യമാര്‍ഗത്തെ അവഹേളിക്കുന്നതില്‍ ജനത അതിരുവിട്ടുകൊണ്ടിരിക്കുകയും, അതു കണ്ടു സഹിക്കവയ്യാതാവുകയും, സല്‍പ്രതീക്ഷക്കുള്ള ഒരു പഴുതും കാണാതാവുകയും ചെയ്‌തപ്പോള്‍, അല്ലാഹുവിനുവേണ്ടിയുള്ള കോപവും രോഷവും നിമിത്തം മൂസാ (അ) പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയാണത്‌. ക്രൂരതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുവാനില്ലെന്ന്‌ ഉറപ്പായ ഒരു ജനതയുടെ നാശം മറ്റുള്ളവരുടെ സൈ്വരജീവിതത്തിന്‌ സഹായകമാണല്ലോ.

മൂസാ നബി (അ) യുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചു. അവരുടെ സ്വത്തുക്കള്‍ക്കും ആഡംബരജീവിതത്തിനും ഹാനികരമായ പല ശിക്ഷകളും അവര്‍ക്കനുഭവപ്പെട്ടു. ക്ഷാമം, വരള്‍ച്ച, ഉല്‍പാദനക്കുറവ്‌, വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവള, രക്തം ആദിയായവ മൂലം അവര്‍ പല പരീക്ഷണങ്ങള്‍ക്കും വിധേയരായി. ആപത്തുകള്‍ നേരിടുമ്പോള്‍, മൂസാ നബി (അ) യോട്‌ പ്രാര്‍ത്ഥിക്കുവാനപേക്ഷിക്കുകയും, തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്‌ ഏറ്റുപറയുകയും ചെയ്യും. ആപത്ത്‌ നീങ്ങുമ്പോള്‍ പഴയ നിലയിലേക്കുതന്നെ മാറുകയും ചെയ്യും. ഇതിനെപ്പറ്റിയെല്ലാം സൂഃ അഅ്‌റാഫില്‍ (130-135ല്‍) വിവരിച്ചുവല്ലോ. ബൈബ്‌ളിലും (പുറപ്പാട്‌: 7 മുതല്‍ 11 കൂടിയ അദ്ധ്യായങ്ങളില്‍) ഇതെല്ലാം വിസ്‌തരിച്ചുവിവരിച്ചുകാണാം. പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്ന സന്തോഷവാര്‍ത്തയോടൊപ്പം അല്ലാഹു മൂസാ നബി(അ) യോടും, ഹാറൂന്‍ നബി (അ) യോടും ഒരു ഉപദേശം നല്‍കുകയും ചെയ്‌തിരിക്കുന്നു:

فَاسْتَقِيمَا وَلَا تَتَّبِعَانِّ….الآية (നിങ്ങള്‍ രണ്ടാളും ചൊവ്വിന്‌ നിലകൊള്ളുകയും അറിവില്ലാത്തവരുടെ മാര്‍ഗം പിന്‍പറ്റാതിരിക്കുകയും വേണം) എന്ന്‌. നിങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കപ്പെട്ട സ്ഥിതിക്ക്‌ നിങ്ങള്‍ കൂടുതല്‍ ദൃഢതയോടെ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കണം. അടിപതറാതെയും, അവിവേകം വരാതെയും സൂക്ഷിച്ചുകൊണ്ടിരിക്കണം എന്ന്‌ സാരം.

10:90
  • ۞ وَجَٰوَزْنَا بِبَنِىٓ إِسْرَٰٓءِيلَ ٱلْبَحْرَ فَأَتْبَعَهُمْ فِرْعَوْنُ وَجُنُودُهُۥ بَغْيًا وَعَدْوًا ۖ حَتَّىٰٓ إِذَآ أَدْرَكَهُ ٱلْغَرَقُ قَالَ ءَامَنتُ أَنَّهُۥ لَآ إِلَٰهَ إِلَّا ٱلَّذِىٓ ءَامَنَتْ بِهِۦ بَنُوٓا۟ إِسْرَٰٓءِيلَ وَأَنَا۠ مِنَ ٱلْمُسْلِمِينَ ﴾٩٠﴿
  • ഇസ്‌റാഈല്‍ സന്തതികളെ നാം സമുദ്രം കടത്തിവിട്ടു. അപ്പോള്‍, ഫിര്‍ഔനും, അവന്‍റെ സൈന്യങ്ങളും ധിക്കാരവും, അതിക്രമവുമായി അവരെ പിന്‍തുടര്‍ന്നുചെന്നു. അങ്ങനെ, മുങ്ങിമരണം അവന്‌ പിടിപെട്ടപ്പോള്‍ അവന്‍ പറഞ്ഞു: 'ഈസ്‌റാഈല്‍ സന്തതികള്‍ യാതൊരുവനില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ ഒരു ആരാധ്യനുമില്ലെന്ന്‌ ഞാന്‍ വിശ്വസിച്ചു; ഞാന്‍ 'മുസ്‌ലിം'കളില്‍ [കീഴൊതുങ്ങിയവരില്‍] പെട്ടവനുമാകുന്നു.'
  • وَجَاوَزْنَا നാം കടത്തിവിട്ടു بِبَنِي إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതി, ഇസ്‌റാഈല്‍ സന്തതികളെ الْبَحْرَ സമുദ്രം, കടല്‍ فَأَتْبَعَهُمْ അപ്പോള്‍ അവരെ പിന്‍തുടര്‍ന്ന്‌ ചെന്നു فِرْعَوْنُ ഫിര്‍ഔന്‍ وَجُنُودُهُ അവന്‍റെ സൈന്യങ്ങളും بَغْيًا ധിക്കാരമായിട്ട്‌ وَعَدْوًا അതിക്രമമായിട്ടും حَتَّىٰ അങ്ങനെ (വരേക്കും) إِذَا أَدْرَكَهُ അവനെ കണ്ടുമുട്ടിയ (പിടിപെട്ട)പ്പോള്‍ الْغَرَقُ മുങ്ങല്‍ (മുങ്ങി മരണം) قَالَ അവന്‍ പറഞ്ഞു آمَنتُ ഞാന്‍ വിശ്വസിച്ചു أَنَّهُ നിശ്ചയമായും അത്‌ (കാര്യം) ആണെന്ന്‌ لَا إِلَٰهَ ഒരാരാധ്യനുമില്ല (എന്ന്‌) إِلَّا الَّذِي യാതൊരുവനല്ലാതെ آمَنَتْ بِهِ അവനില്‍ വിശ്വസിച്ചിരിക്കുന്നു بَنُو إِسْرَائِيلَ ഇസ്‌റാഈല്‍ സന്തതികള്‍ وَأَنَا ഞാന്‍, ഞാനാകട്ടെ مِنَ الْمُسْلِمِينَ മുസ്‌ലിംകളില്‍ പെട്ടവനുമാണ്‌
10:91
  • ءَآلْـَٰٔنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ ٱلْمُفْسِدِينَ ﴾٩١﴿
  • (അവനോട്‌ പറയപ്പെട്ടു:) `ഇപ്പോഴാണോ (വിശ്വസിക്കുന്നത്‌)? മുമ്പ്‌ നീ അനുസരണക്കേട്‌ കാണിക്കയുണ്ടായി; നീ നാശകാരികളില്‍ പെട്ടവനുമായിരുന്നു എന്നിരിക്കെ!
  • آلْآنَ ഇപ്പോഴാണോ وَقَدْ عَصَيْتَ നീ അനുസരണക്കേട്‌ (എതിര്‌) ചെയ്‌തിട്ടുണ്ട്‌, ചെയ്‌തിരിക്കുന്നുവല്ലോ (എന്നിരിക്കെ) قَبْلُ മുമ്പ്‌ وَكُنتَ നീ ആയിരിക്കുകയും ചെയ്‌തു, നീ ആയിരുന്നുതാനും مِنَ الْمُفْسِدِينَ നാശകാരികളില്‍, കുഴപ്പമുണ്ടാക്കുന്നവരില്‍പെട്ട (വന്‍)
10:92
  • فَٱلْيَوْمَ نُنَجِّيكَ بِبَدَنِكَ لِتَكُونَ لِمَنْ خَلْفَكَ ءَايَةً ۚ وَإِنَّ كَثِيرًا مِّنَ ٱلنَّاسِ عَنْ ءَايَٰتِنَا لَغَٰفِلُونَ ﴾٩٢﴿
  • 'എനി, ഇന്ന്‌ നിന്നെ, നിന്‍റെ ശരീരം മുഖേന നാം രക്ഷപ്പെടുത്തുന്നു, നിന്‍റെ പിന്നിലുള്ളവര്‍ക്ക്‌ നീ ഒരു ദൃഷ്‌ടാന്തമായിരിക്കുവാന്‍ വേണ്ടി. മനുഷ്യരില്‍ വളരെ ആളുകള്‍ നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി അശ്രദ്ധര്‍ തന്നെ.'
  • فَالْيَوْمَ എനി (എന്നാല്‍) ഇന്ന്‌ نُنَجِّيكَ നിന്നെ നാം രക്ഷപ്പെടുത്തും, രക്ഷപ്പെടുത്തുന്നതാണ്‌ بِبَدَنِكَ നിന്‍റെ ശരീരം കൊണ്ട്‌ (ദേഹം മുഖേന) لِتَكُونَ നീ ആയിരിക്കുവാന്‍ വേണ്ടി لِمَنْ خَلْفَكَ നിന്‍റെ പിന്നിലുള്ളവര്‍ക്ക്‌ آيَةً ഒരു ദൃഷ്‌ടാന്തം وَإِنَّ كَثِيرًا നിശ്ചയമായും വളരെ ആളുകള്‍, പലരും مِّنَ النَّاسِ മനുഷ്യരില്‍ നിന്ന്‌ عَنْ آيَاتِنَا നമ്മുടെ ദൃഷ്‌ടാന്തങ്ങളെപ്പറ്റി لَغَافِلُونَ അശ്രദ്ധര്‍ തന്നെയാണ്‌

ഫിര്‍ഔന്‍റെ ക്രൂരവാഴ്‌ചക്ക്‌ അന്ത്യം കുറിച്ചതും, ഇസ്‌റാഈല്യര്‍ക്ക്‌ മോചനം ലഭിച്ചതുമായ ആ മഹാസംഭവത്തെക്കുറിച്ചാണ്‌ 90-ാം വചനത്തിന്‍റെ ആരംഭത്തില്‍ ചൂണ്ടിക്കാണിച്ചത്‌. ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്ത്‌ വിവരിക്കപ്പെട്ടിട്ടുള്ള ആ സംഭവത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: ഇസ്‌റാഈല്യരെയും കൂട്ടി രാത്രിസമയത്ത്‌ ഈജിപ്‌തുവിട്ടുപോകുവാന്‍ മൂസാ (അ) നോട്‌ അല്ലാഹു കല്‍പിച്ചു. യാത്രയുടെ ലക്ഷ്യം പലസ്‌തീനായിരുന്നതുകൊണ്ട്‌ അവര്‍ ഈജിപ്‌തില്‍നിന്ന്‌ കിഴക്കോട്ട്‌നീങ്ങി ചെങ്കടല്‍തീരത്തെത്തി. (*) സമുദ്രത്തോടടുത്തപ്പോള്‍, ഫിര്‍ഔനും സൈന്യവും പിന്നാലെ വന്നു തങ്ങളെ പിടികൂടുമെന്നും, തങ്ങള്‍ക്ക്‌ രക്ഷപ്പെടുവാന്‍ കഴിയുകയില്ലെന്നും ഭയന്ന്‌ ഇസ്‌റാഈല്യര്‍ മുറവിളി കൂട്ടി. മൂസാ നബി (അ) യുടെ വടികൊണ്ട്‌ സമുദ്രത്തില്‍ അടിക്കുവാന്‍ അല്ലാഹു കല്‍പിച്ചു. അടിക്കേണ്ട താമസം, സമുദ്രജലം രണ്ടായി പിളര്‍ന്നു. ഇരുഭാഗത്തും വെള്ളം മലപോലെ ചിറച്ചുനിന്നു. മദ്ധ്യത്തില്‍ തുറക്കപ്പെട്ട വിശാലമായ വഴിയിലൂടെ യാതൊരു ആപത്തും കൂടാതെ മൂസാ നബി (അ)യും ഇസ്‌റാഈല്യരും കടന്നുപോയി മറുകര പറ്റി. അവര്‍ സ്ഥലംവിട്ട വിവരമറിഞ്ഞ ഫിര്‍ഔന്‍ സൈന്യസമേതം നേരം പുലര്‍ന്നപ്പോഴേക്കും അവരെ പിന്‍തുടര്‍ന്നുവന്നിരുന്നു. സമുദ്രം പിളര്‍ന്നു നില്‍ക്കുന്നതും, ഇസ്‌റാഈല്യര്‍ ഇടവഴിയിലൂടെ കടന്നുപോയതും കണ്ടപ്പോള്‍, അവരെ പിടികൂടുവാനുള്ള വ്യഗ്രതയോടെ അവരും ആ വഴിയിലൂടെ ഇസ്‌റാഈല്യരെ അനുഗമിച്ചു. ഫിര്‍ഔനും സൈന്യവും ഇടവഴിയില്‍ പ്രവേശിച്ചുകഴിഞ്ഞതോടെ ഇരുഭാഗത്തും ചിറച്ച്‌ നിന്നിരുന്ന ജലഭിത്തികള്‍ കൂട്ടിമുട്ടുകയും അവര്‍ ഒന്നടങ്കം വെള്ളത്തില്‍ മുങ്ങിനശിക്കുകയും ചെയ്‌തു. സൂറത്ത്‌ ത്വാഹാ, ശുഅറാഉ്‌ മുതലായ സൂറത്തുകളില്‍ വിശദമായും, സംക്ഷിപ്‌തമായും ഈ സംഭവം അല്ലാഹു ഉദ്ധരിച്ചിരിക്കുന്നു. (**)


(*) സ്ഥലപരിചയത്തിന്‌ 3-ാം നമ്പര്‍ ഭൂപടം നോക്കുക.

(**) ഒന്നിലധികം സ്ഥലത്ത്‌ ക്വുര്‍ആന്‍ ആവര്‍ത്തിച്ചു വിവരിച്ച ഈ അസാധാരണ സംഭവത്തെ ചില സ്ഥാപിത താല്‍പര്യക്കാര്‍, ഇപ്പോള്‍ അതിനൊരു പുതിയ രൂപം നല്‍കി അവതരിപ്പിക്കുകയും, അതിനായി ക്വുര്‍ആന്‍റെ പല വാക്കുകള്‍ക്കും അവരുടെ വകയായി ചില അര്‍ത്ഥവ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്‌. അതിന്‍റെ ഖണ്‌ഡനവും, സംഭവത്തിന്‍റെ യഥാര്‍ത്ഥരൂപവും അടങ്ങുന്ന വിശദമായ ഒരു വ്യാഖ്യാനക്കുറിപ്പ്‌ സൂറഃ ത്വാഹയുടെ അവസാനത്തില്‍ കാണാവുന്നതാണ്‌.


ഈ സംഭവം ചൂണ്ടിക്കാട്ടിയശേഷം- മൂസാ നബി (അ)യുടെ പ്രാര്‍ത്ഥനയില്‍ സൂചിപ്പിച്ചപോലെ വിശ്വാസം പ്രയോജനപ്പെടാത്ത ആ ഘട്ടത്തില്‍ ഫിര്‍ഔനു ബോധവും തന്റേടവും വന്നു. മുങ്ങിച്ചാവാന്‍ പോകുകയാണെന്ന്‌ കണ്ടപ്പോള്‍ , ഇസ്‌റാഈല്യര്‍ വിശ്വസിച്ച ഏക ഇലാഹില്‍ താന്‍ വിശ്വസിച്ചുവെന്നും, അല്ലാഹുവിന്‌ കീഴൊതുങ്ങി മുസ്‌ലിമായിട്ടുണ്ടെന്നും പറയുകതന്നെ ചെയ്‌തു. പക്ഷേ, ഫലമെന്ത്‌? ഇതുവരെയും അനുസരണക്കേടും ധിക്കാരവും കാണിച്ചു മരണം മുമ്പില്‍ കണ്ട ഈ അവസരത്തിലാണോ വിശ്വസിക്കുന്നത്‌?! ഈ വിശ്വാസം കൊണ്ട്‌ പ്രയോജനമില്ല. എന്നായിരുന്നു അല്ലാഹുവിന്‍റെ ഭാഗത്തു നിന്ന്‌ അതിന്‌ ലഭിച്ച മറുപടി. അതോടുകൂടി, നിന്‍റെ ജീവന്‍ നഷ്‌ടപ്പെട്ടാലും നിന്‍റെ ജഡം രക്ഷപ്പെടുത്തി പുറത്തുകൊണ്ടുവന്ന്‌ മറ്റുള്ളവര്‍ക്ക്‌ നിന്നെ നാം ഒരു ദൃഷ്‌ടാന്തമാക്കിത്തീര്‍ക്കുമെന്നും അല്ലാഹു അറിയിച്ചു. ഈ വിഷയം ഇവിടെയല്ലാതെ മറ്റു സൂറത്തുകളിലൊന്നും അല്ലാഹു പ്രസ്‌താവിച്ചിട്ടില്ല.

ഫിര്‍ഔനും സൈന്യവും മുങ്ങിനശിച്ചശേഷം ഫിര്‍ഔന്‍റെ ശവം ഒരു തിണ്ണയില്‍ പോയി അടിഞ്ഞുവെന്നും, അതു കണ്ടപ്പോള്‍ താന്‍ ദൈവമാണെന്നും മറ്റും അവന്‍ മുമ്പ്‌ വാദിച്ചുവന്നിരുന്നത്‌ ശരിയല്ലെന്ന്‌ ജനങ്ങള്‍ക്ക്‌ ബോധ്യമായെന്നും ചില രിവായത്തുകളില്‍ വന്നിട്ടുണ്ട്‌. ഫിര്‍ഔന്‍ (ഫറോവാ) മാരുടെ ശവക്കല്ലറകളില്‍ നിന്ന്‌ റഅ്‌മസീസ്‌ രണ്ടാമന്‍ എന്ന ഒരു ഫിര്‍ഔന്‍റെ ജഡം ലഭിച്ചിട്ടുണ്ടെന്നും, ഈജിപ്‌തിലെ ഒരു മ്യൂസിയത്തില്‍ അത്‌ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും, അതോടൊപ്പമുണ്ടായിരുന്ന ലിഖിതരേഖകളില്‍ നിന്ന്‌ അവനായിരുന്നു മൂസാ നബി (അ)യുടെ ശത്രുവായ ഫിര്‍ഔന്‍ എന്ന്‌ വ്യക്തമാകുന്നുണ്ടെന്നും അല്‍പവര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ വര്‍ത്തമാനപത്രങ്ങളില്‍ പ്രസിദ്ധപ്പെടുത്തിക്കണ്ടിരുന്നു. വാസ്‌തവം അല്ലാഹുവിനറിയാം.

വിഭാഗം - 10

10:93
  • وَلَقَدْ بَوَّأْنَا بَنِىٓ إِسْرَٰٓءِيلَ مُبَوَّأَ صِدْقٍ وَرَزَقْنَٰهُم مِّنَ ٱلطَّيِّبَٰتِ فَمَا ٱخْتَلَفُوا۟ حَتَّىٰ جَآءَهُمُ ٱلْعِلْمُ ۚ إِنَّ رَبَّكَ يَقْضِى بَيْنَهُمْ يَوْمَ ٱلْقِيَٰمَةِ فِيمَا كَانُوا۟ فِيهِ يَخْتَلِفُونَ ﴾٩٣﴿
  • തീര്‍ച്ചയായും, ഇസ്‌റാഈല്‍ സന്തതികളെ സത്യത്തിന്‍റെ [നല്ലതായ] ഒരു സങ്കേതത്തില്‍ നാം ഇറക്കി (സൗകര്യപ്പെടുത്തി) കൊടുക്കുകയുണ്ടായി. വിശിഷ്‌ടവസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ആഹാരം നല്‍കുകയും ചെയ്‌തു. എന്നാല്‍, അവര്‍ക്ക്‌ അറിവ്‌ വന്നെത്തിയതുവരെയും അവര്‍ ഭിന്നിച്ചില്ല. [അത്‌ വന്നപ്പോഴാണ്‌ ഭിന്നിച്ചത്‌]. നിശ്ചയമായും, അവര്‍ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തില്‍ നിന്‍റെ റബ്ബ്‌ ക്വിയാമത്തുനാളില്‍ അവര്‍ക്കിടയില്‍ തീരുമാനമെടുക്കുന്നതാണ്‌.
  • وَلَقَدْ തീര്‍ച്ചയായും ഉണ്ട്‌, ഉണ്ടായിട്ടുണ്ട്‌ بَوَّأْنَا നാം സൗകര്യപ്പെടുത്തി, ഇറക്കിക്കൊടുത്തി(ട്ടുണ്ട്‌) بَنِي إِسْرَائِيلَ ഇസ്‌റാഈല്യര്‍ക്ക്‌, ഇസ്‌റാഈല്‍ സന്തതികളെ مُبَوَّأَ സൗകര്യസ്ഥാനത്ത്‌ (താവളത്തില്‍) صِدْقٍ സത്യത്തിന്‍റെ (നന്‍മയുടെ, ഉണ്‍മയുടെ) وَرَزَقْنَاهُم അവര്‍ക്ക്‌ നാം (ആഹാരം- ഉപജീവനം) നല്‍കുകയും ചെയ്‌തു مِّنَ الطَّيِّبَاتِ നല്ല വസ്‌തു (വിശിഷ്‌ട സാധനം)ക്കളില്‍ നിന്ന്‌ فَمَا اخْتَلَفُوا എന്നാലവര്‍ ഭിന്നിച്ചില്ല, അഭിപ്രായവ്യത്യാസത്തിലായില്ല حَتَّىٰ جَاءَهُمُ അവര്‍ക്ക്‌ വന്നതുവരെ, വരുവോളം الْعِلْمُ അറിവ്‌, വിവരം إِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ്‌ يَقْضِي തീരുമാനം ചെയ്യും, വിധി കല്‍പിക്കും بَيْنَهُمْ അവര്‍ക്കിടയില്‍ يَوْمَ الْقِيَامَةِ ക്വിയാമത്തുനാളില്‍ فِيمَا യാതൊരു കാര്യത്തില്‍ كَانُوا فِيهِ അതില്‍ അവരായിരുന്നു, അവരായിരുന്ന يَخْتَلِفُونَ അവര്‍ ഭിന്നിക്കുക

صِدْقٍ (സ്വിദ്‌ക്വ്‌) എന്ന പദത്തിന്‌ `സത്യം, യാഥാര്‍ത്ഥ്യം, യോഗ്യത, ഉണ്‍മ, നന്‍മ’ എന്നൊക്കെ അര്‍ത്ഥങ്ങള്‍ വരും. ഏതെങ്കിലും ഒരു വസ്‌തുവെപ്പറ്റി അത്‌ കൊള്ളാവുന്നതും തൃപ്‌തികരമായതും (صالح مرضى) ആണെന്ന്‌ സൂചിപ്പിച്ചുകൊണ്ട്‌ ആ വസ്‌തുവെ അതോട്‌ ചേര്‍ത്തു പറയല്‍ അറബി ഭാഷയില്‍ പതിവുണ്ട്‌. ഉദാഹരണമായി; കൊള്ളാവുന്ന ഒരു നല്ല മനുഷ്യന്‍ എന്ന അര്‍ത്ഥത്തില്‍ رجل صدق എന്നും അനുയോജ്യവും തൃപ്‌തികരവുമായ സ്ഥലം എന്ന അര്‍ഥത്തില്‍ مكان صدق എന്നും പറയപ്പെടും. ഇതുപോലെയുള്ള ഒരു പ്രയോഗമാണ്‌ مبوّأصدق എന്ന വാക്കും. ‘കൊള്ളാവുന്ന താവളം തൃപ്‌തികരമായ സ്ഥലം, യോജിച്ച സങ്കേതം’ എന്നൊക്കെയാണ്‌ അതുകൊണ്ട്‌ വിവക്ഷ.

ഫിര്‍ഔനില്‍ നിന്ന്‌ രക്ഷപ്പെട്ടശേഷം, ഇസ്‌റാഈല്യരെ അവരുടെ പൂര്‍വ്വകാല വാസസ്ഥലമായിരുന്ന ഫലസ്‌തീനില്‍ എത്തിക്കുകയും, ഫലഭൂയിഷ്‌ഠവും, അനുഗൃഹീതവുമായ ആ നാട്ടില്‍ നിവസിക്കുവാന്‍ സൗകര്യം ചെയ്‌തുകൊടുക്കുകയും ചെയ്‌തതിനെപ്പറ്റിയാണ്‌ بَوَّأْنَا بَنِي إِسْرَائِيلَ مُبَوَّأَ صِدْقٍ (ഇസ്‌റാഈല്യരെ സത്യത്തിന്‍റെതായ ഒരു താവളത്തില്‍ നാം ഇറക്കി) എന്ന്‌ പറഞ്ഞത്‌. ഇതര നാടുകളില്‍ കാണപ്പെടാത്ത വിധം പലതരം കായ്‌ഫലങ്ങളും, കൃഷിയുല്‍പന്നങ്ങളും, ജലസൗകര്യങ്ങളും നിറഞ്ഞ ഒരു നാടാണ്‌ ഫലസ്‌തീന്‍. എല്ലാ നിലക്കും നിവാസയോഗ്യമായ ആ ദേശത്ത്‌ നിവസിക്കുവാനും, നല്ല വിശിഷ്‌ടാഹാരങ്ങള്‍ കഴിച്ചുകൊണ്ട്‌ അവിടെ കഴിഞ്ഞുകൂടുവാനും അല്ലാഹു അവര്‍ക്ക്‌ അനുഗ്രഹം ചെയ്‌തുകൊടുത്തു. എന്നിട്ടും അവര്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ വ്യതിചലിച്ചു ഭിന്നിക്കുകയാണ്‌ ചെയ്‌തത്‌. യഹൂദികളെന്നും ക്രിസ്‌ത്യാനികളെന്നും രണ്ട്‌ കക്ഷികളായി പിരിയുക മാത്രമല്ല, ഓരോ കക്ഷികളിലും പല അവാന്തര വിഭാഗങ്ങളും ഉണ്ടായിത്തീര്‍ന്നു. വിഭാഗ വ്യത്യാസമോ, കക്ഷി വ്യത്യാസമോ ഇല്ലാതെ, എല്ലാവരും സാവേശം കാത്തുകൊണ്ടിരുന്ന ആ പ്രവാചകന്‍ – നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വന്നപ്പോഴാകട്ടെ, അദ്ദേഹത്തോടുള്ള ഭിന്നിപ്പില്‍ എല്ലാവരും യോജിക്കുകയും ചെയ്‌തു. എന്നാല്‍, ഇതെല്ലാം അറിയായ്‌മകൊണ്ടുണ്ടായ ഭിന്നിപ്പുകളാണോ? അല്ല. പ്രവാചകന്‍മാര്‍ മുഖേനയും, വേദഗ്രന്ഥം മുഖേനയും വേണ്ടത്ര അറിവും തെളിവും കിട്ടിക്കഴിഞ്ഞശേഷംതന്നെ ഉണ്ടായതാണ്‌ ഈ ഭിന്നിപ്പുകള്‍. അതുകൊണ്ട്‌ അവയെപ്പറ്റി വേണ്ടുന്ന തീരുമാനവും നടപടിയും അല്ലാഹു എടുക്കാതിരിക്കുകയില്ല. എന്നാലത്‌ ഇവിടെ വെച്ചല്ല, ക്വിയാമത്തു നാളില്‍വെച്ചായിരിക്കും എന്നൊക്കെയാണ്‌ ഈ വചനത്തില്‍ പ്രസ്‌താവിച്ചതിന്‍റെ താല്‍പര്യം.

10:94
  • فَإِن كُنتَ فِى شَكٍّ مِّمَّآ أَنزَلْنَآ إِلَيْكَ فَسْـَٔلِ ٱلَّذِينَ يَقْرَءُونَ ٱلْكِتَٰبَ مِن قَبْلِكَ ۚ لَقَدْ جَآءَكَ ٱلْحَقُّ مِن رَّبِّكَ فَلَا تَكُونَنَّ مِنَ ٱلْمُمْتَرِينَ ﴾٩٤﴿
  • എനി, നിനക്ക്‌ നാം അവതരിപ്പിച്ചതിനെക്കുറിച്ച്‌ നീ വല്ല സംശയത്തിലുമാണെങ്കില്‍, നിന്‍റെ മുമ്പേ (വേദ) ഗ്രന്ഥം വായിച്ചുവരുന്നവരോട്‌ നീ ചോദി(ച്ചുനോ)ക്കുക. തീര്‍ച്ചയായും, നിന്‍റെ റബ്ബിങ്കല്‍നിന്ന്‌ നിനക്ക്‌ യഥാര്‍ത്ഥം വന്നിട്ടുണ്ട്‌. ആകയാല്‍, നിശ്ചയമായും നീ സന്ദേഹപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കരുത്‌.
  • فَإِن كُنتَ എനി നീ ആണെങ്കില്‍ فِي شَكٍّ വല്ല സംശയത്തിലും مِّمَّا أَنزَلْنَا നാം അവതരിപ്പിച്ചതിനെപ്പറ്റി إِلَيْكَ നിനക്ക്‌, നിങ്കലേക്ക്‌ فَاسْأَلِ എന്നാല്‍ ചോദിക്കുക الَّذِينَ يَقْرَءُونَ ഓതിവരുന്നവരോട്‌ الْكِتَابَ (വേദ) ഗ്രന്ഥം مِن قَبْلِكَ നിന്‍റെ മുമ്പ്‌, മുമ്പേ لَقَدْ جَاءَكَ തീര്‍ച്ചയായും നിനക്ക്‌ വന്നിട്ടുണ്ട്‌ الْحَقُّ യഥാര്‍ത്ഥം, സത്യം مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍ നിന്ന്‌ فَلَا تَكُونَنَّ അതിനാല്‍ നിശ്ചയമായും നീ ആയിരിക്കരുത്‌ مِنَ الْمُمْتَرِينَ സന്ദേഹപ്പെടുന്നവരില്‍ പെട്ട(വന്‍)
10:95
  • وَلَا تَكُونَنَّ مِنَ ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِ ٱللَّهِ فَتَكُونَ مِنَ ٱلْخَٰسِرِينَ ﴾٩٥﴿
  • അല്ലാഹുവിന്‍റെ 'ആയത്ത്‌' [ലക്ഷ്യം]കളെ വ്യാജമാക്കുന്നവരുടെ കൂട്ടത്തിലും നിശ്ചയമായും നീ ആയിരിക്കരുത്‌. എന്നാല്‍, നീ നഷ്‌ടപ്പെട്ടവരില്‍ പെട്ടവനായിരിത്തീരും.
  • وَلَا تَكُونَنَّ നിശ്ചയമായും നീ ആയിരിക്കയും അരുത്‌ مِنَ الَّذِينَ كَذَّبُوا വ്യാജമാക്കിയവരില്‍ പെട്ടവന്‍ بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്ത്‌ (ലക്ഷ്യം-വചനം-ദൃഷ്‌ടാന്തം)കളെ فَتَكُونَ അപ്പോള്‍ നീയായിരിക്കും, ആയിത്തീരും مِنَ الْخَاسِرِينَ നഷ്‌ടപ്പെട്ടവരില്‍പെട്ട(വന്‍)
10:96
  • إِنَّ ٱلَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ لَا يُؤْمِنُونَ ﴾٩٦﴿
  • നിശ്ചയമായും യാതൊരുവരുടെ മേല്‍ നിന്‍റെ റബ്ബിന്‍റെ വാക്യം യഥാര്‍ത്ഥമായി (സ്ഥിരപ്പെട്ടി)രിക്കുന്നുവോ അവര്‍ വിശ്വസിക്കുകയില്ല;
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ حَقَّتْ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി, സ്ഥിരപ്പെട്ടു عَلَيْهِمْ അവരുടെ മേല്‍ كَلِمَتُ വാക്ക്‌, വാക്യം رَبِّكَ നിന്‍റെ റബ്ബിന്‍റെ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുകയില്ല
10:97
  • وَلَوْ جَآءَتْهُمْ كُلُّ ءَايَةٍ حَتَّىٰ يَرَوُا۟ ٱلْعَذَابَ ٱلْأَلِيمَ ﴾٩٧﴿
  • എല്ലാ ദൃഷ്‌ടാന്തവും അവര്‍ക്ക്‌ വന്നെത്തിയാലും ശരി:- വേദനയേറിയ ശിക്ഷയെ അവര്‍ കാണുന്നതുവരേക്കും.
  • وَلَوْ جَاءَتْهُمْ അവര്‍ക്ക്‌ വന്നാലും ശരി كُلُّ آيَةٍ എല്ലാ ദൃഷ്‌ടാന്തവും حَتَّىٰ يَرَوُا അവര്‍ കാണുന്നതുവരെ, (കാണാതെ) الْعَذَابَ ശിക്ഷയെ الْأَلِيمَ വേദനയേറിയ

ഈ നാല്‌ വചനങ്ങളില്‍ ആദ്യത്തെ രണ്ടും പ്രത്യക്ഷത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ അഭിമുഖീകരിച്ചു കൊണ്ടുള്ളതാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ മറ്റുള്ളവരെ ഉദ്ദേശിച്ചുകൊണ്ടുള്ളവയാകുന്നു. നിനക്ക്‌ നാം അവതരിപ്പിച്ചു തന്ന വല്ല വിഷയത്തിലും നിനക്ക്‌ സംശയമുണ്ടെങ്കില്‍ നിന്‍റെ മുമ്പ്‌ വേദഗ്രന്ഥം വായിച്ചു വരുന്നവരോട്‌ ചോദിച്ചുനോക്കുക: നിനക്ക്‌ വന്നു കിട്ടിയത്‌ യഥാര്‍ത്ഥം തന്നെയാണ്‌; അതില്‍ സംശയിക്കരുത്‌ എന്നാണല്ലോ ഒന്നാമത്തെ വചനത്തിലുള്ളത്‌. അതായത്‌, നിനക്കവതരിച്ച ചരിത്ര സംഭവങ്ങള്‍, തത്വോപദേശങ്ങള്‍ മുതലായവയില്‍ വല്ല സംശയവും ആര്‍ക്കെങ്കിലും തോന്നുന്നപക്ഷം, വേദക്കാരായ ആളുകളോട്‌ അന്വേഷിച്ചാല്‍ അവയെല്ലാം സത്യവും പരമാര്‍ത്ഥവുമാണെന്ന്‌ ബോധ്യപ്പെടുമെന്ന്‌ സാരം. വേദക്കാരായ എല്ലാ വ്യക്തികള്‍ക്കും അറിയാമെന്നോ, അവര്‍ പറയുന്നതെല്ലാം വിശ്വസിക്കാമെന്നോ അല്ല ഉദ്ദേശ്യം. വേദഗ്രന്ഥങ്ങളെപ്പറ്റി ശരിക്കറിയുകയും, സത്യം തുറന്ന്‌ പറയുകയും ചെയ്യുന്ന വേദക്കാര്‍ക്ക്‌ സത്യാവസ്ഥ അറിയാം, വേണമെങ്കില്‍ ചോദിച്ചുനോക്കൂ എന്നാണുദ്ദേശ്യം. അറബികളെ സംബന്ധിച്ചിടത്തോളം, വേദഗ്രന്ഥങ്ങളുമായി അവര്‍ക്ക്‌ പരിചയമില്ലാത്ത സ്ഥിതിക്ക്‌ മുന്‍വേദഗ്രന്ഥങ്ങളില്‍ പറയുന്നതും ഇതുപോലെത്തന്നെയാണെന്ന്‌ അറിയുന്നത്‌ അവര്‍ക്ക്‌ ക്വുര്‍ആന്‍റെ സത്യാവസ്ഥ മനസ്സിലാക്കുവാന്‍ സഹായകമായിരിക്കുമല്ലോ.

ക്വുര്‍ആനാകട്ടെ, ക്വുര്‍ആനല്ലാത്ത വഹ്‌യ്‌ (ദിവ്യസന്ദേശം) കളാവട്ടെ അവതരിച്ചാല്‍ അതിന്‍റെ സത്യതയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക്‌ സംശയമോ ആശയക്കുഴപ്പമോ തോന്നുക അസംഭവ്യമാകുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു മാത്രമല്ല, വഹ്‌യുകളെ സംബന്ധിച്ചിടത്തോളം എല്ലാ പ്രവാചകന്‍മാരുടെ സ്ഥിതിയും ഇതു തന്നെ. ഏതെങ്കിലും ഒരു പ്രവാചകന്‌ -അദ്ദേഹം എത്രയെത്ര പരീക്ഷണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയനായിരുന്നാല്‍ പോലും- തനിക്ക്‌ ലഭിച്ച ദൈവിക സന്ദേശങ്ങളില്‍ സംശയത്തിന്‍റെ നേര്‍ത്ത സൂചന ഒരു വാക്കിലെങ്കിലും ഉണ്ടായതായി ചരിത്രം ഇല്ല. ഉണ്ടാകാവതുമല്ല. അപ്പോള്‍ ആര്‍ക്കെങ്കിലും വല്ല സംശയവുമുണ്ടെങ്കില്‍ അവര്‍ വേദഗ്രന്ഥങ്ങളെപ്പറ്റി അറിയുന്നവരോട്‌ ഒന്ന്‌ അന്വേഷിച്ചു നോക്കട്ടെ എന്നാണ്‌ ആ വചനത്തിന്‍റെ താല്‍പര്യമെന്ന്‌ വ്യക്തമാണ്‌. വേദഗ്രന്ഥങ്ങളെപ്പറ്റി ശരിക്കറിയാത്തവരോടും, സത്യം തുറന്ന്‌ പറയുവാന്‍ മടിക്കുന്നവരോടും അന്വേഷണം ചെയ്‌തിട്ട്‌ കാര്യമില്ലെന്ന്‌ പറയേണ്ടതുമില്ല.

ഒരു സംഘത്തെ ഉദ്ദേശിച്ച്‌ അതിന്‍റെ നേതാവിനെ അഭിമുഖീകരിച്ചും, പുറകിലുള്ളവരെ ഉദ്ദേശിച്ച്‌ മുമ്പിലുള്ളവരെ അഭിമുഖീകരിച്ചുകൊണ്ടുമുള്ള സംസാരഗതി സ്വീകരിക്കല്‍ ഭാഷാസാഹിത്യങ്ങളില്‍ പൊതുവെ കാണപ്പെടാറുള്ളതാണ്‌. ക്വുര്‍ആനിലും ഇതിന്‌ ഉദാഹരണങ്ങള്‍ കാണാം: സമുദായത്തില്‍ ആരുതന്നെ ശിര്‍ക്കു പ്രവര്‍ത്തിച്ചാലും നബി  (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിശിര്‍ക്ക്‌ പ്രവര്‍ത്തിക്കുകയില്ലെന്നുള്ള കാര്യം ഖണ്‌ഡിതമാണ്‌. എന്നിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ (39: 65) അല്ലാഹു പറയുന്നു: لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ `നീയെങ്ങാനും ശിര്‍ക്കു ചെയ്‌തുവെങ്കില്‍ നിന്‍റെ കര്‍മം പൊളിഞ്ഞു നിഷ്‌ഫലമാകും’ എന്ന്‌. അതുപോലെത്തന്നെ, അല്ലാഹുവിന്‍റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ക്കെതിരായി അവിശ്വാസികളെയോ, കപടവിശ്വാസികളെയോ വല്ലപ്പോഴും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അനുസരിക്കുകയില്ലെന്നതും തീര്‍ച്ചതന്നെ. എന്നിട്ടും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ (33 : 1 ല്‍)അല്ലാഹു പറയുന്നു: يَا أَيُّهَا النَّبِيُّ اتَّقِ اللَّهَ وَلَا تُطِعِ الْكَافِرِينَ وَالْمُنَافِقِينَ `നബിയേ, താങ്കള്‍ അല്ലാഹുവിനെ സൂക്ഷിക്കണം. അവിശ്വാസികളെയും കപടവിശ്വാസികളെയും, അനുസരിക്കരുത്‌’ എന്ന്‌. ഇതെല്ലാം സമുദായത്തെ ഉദ്ദേശിച്ചുള്ള കല്‍പനകളത്രെ.

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ തന്നെയും ഇങ്ങിനെയെല്ലാം കല്‍പിക്കുമ്പോള്‍, സമുദായത്തിലെ ഓരോ അംഗവും ആ കല്‍പനകള്‍ വളരെ ഗൗരവപൂര്‍വ്വം കണക്കിലെടുക്കേണ്ടതുണ്ടെന്നാണ്‌ അതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌. രണ്ടാമത്തെ വചനത്തില്‍ അല്ലാഹുവിന്‍റെ ദൃഷ്‌ടാന്തങ്ങളെ വ്യാജമാക്കിയവരുടെ കൂട്ടത്തില്‍ നീ പെട്ടുപോകരുതെന്നും, എന്നാല്‍ നീ നഷ്‌ടക്കാരനായിത്തീരുമെന്നും പറഞ്ഞതിന്‍റെ ഉദ്ദേശ്യവും ഇപ്പറഞ്ഞതില്‍ നിന്ന്‌ വ്യക്തമായല്ലോ. ചില ക്രിസ്‌തീയ പാതിരിമാര്‍ ഇതുപോലെയുള്ള ചില വചനങ്ങളെ ചൂഷണം ചെയ്‌ത്‌ മുതലെടുക്കുവാന്‍ ശ്രമിക്കാറുള്ളതുകൊണ്ടാണ്‌ ഈ സംഗതി പ്രത്യേകം ഉണര്‍ത്തേണ്ടി വന്നത്‌.

അല്ലാഹുവിന്‍റെ ശിക്ഷക്ക്‌ പാത്രമാണെന്നുള്ള അവന്‍റെ നിശ്ചയം ആരില്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നുവോ അങ്ങനെയുള്ളവര്‍ വിശ്വസിക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ട; അവങ്കല്‍നിന്നുള്ള കഠിനമായ ശിക്ഷ അനുഭവത്തില്‍ വരാതെ അവര്‍ വിശ്വസിക്കുമെന്ന പ്രശ്‌നമില്ല; ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ കണ്ടിട്ടോ, സത്യം മനസ്സിലാക്കിയിട്ടോ അവര്‍ വിശ്വസിക്കുവാന്‍ പോകുന്നില്ല എന്നൊക്കെയാണ്‌ മൂന്നാമത്തെയും നാലാമത്തെയും വചനങ്ങളില്‍ പറഞ്ഞതിന്‍റെ സാരം. സന്‍മാര്‍ഗം സ്വീകരിക്കുവാനുള്ള സന്നദ്ധതയോ വിചാരമോ ഇല്ലാത്തവര്‍ അല്ലാഹുവിന്‍റെ ശിക്ഷക്ക്‌ വിധേയരാണെന്നുള്ളത്‌ ഒരു പൊതുനിയമമത്രെ. ആരൊക്കെയാണ്‌ അങ്ങനെയുള്ളവര്‍ എന്ന്‌ അവന്‌ നല്ലപോലെ അറിയുകയും ചെയ്യും. അക്കൂട്ടത്തില്‍ പെട്ടവരാണ്‌ ഈ സത്യനിഷേധികളും. അതുകൊണ്ട്‌ അവര്‍ വിശ്വസിക്കുമെന്ന്‌ കരുതിയിരിക്കേണ്ടതില്ലെന്ന്‌ താല്‍പര്യം. സൂഃ സുമറില്‍ അല്ലാഹു പറയുന്നു: فَبَشِّرْ عِبَادِ الَّذِينَ يَسْتَمِعُونَ الْقَوْلَ …الآية (സാരം: എന്‍റെ അടിയാന്‍മാര്‍ക്ക്‌- അതായത്‌, പറയുന്ന വാക്ക്‌ ശ്രദ്ധിച്ചുകേള്‍ക്കുകയും എന്നിട്ട്‌ അതില്‍ നല്ലതിനെ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ – സന്തോഷവാര്‍ത്ത അറിയിക്കുക; അക്കൂട്ടരത്രെ അല്ലാഹു മാര്‍ഗ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളവര്‍; അക്കൂട്ടര്‍ തന്നെയാണ്‌ ബുദ്ധിമാന്‍മാരും. (സുമര്‍: 17, 18) തൊട്ട വചനത്തില്‍ അല്ലാഹു തുടര്‍ന്ന്‌ പറയുന്നു: `അപ്പോള്‍ ആരുടെ മേല്‍ ശിക്ഷയുടെ വാക്യം യഥാര്‍ത്ഥമായി സ്ഥിരപ്പെട്ടുവോ അവനെ നീ നേര്‍മാര്‍ഗത്തിലാക്കുമോ?!’ അതേ സൂറത്തില്‍, റസൂലുകളിലും പരലോകത്തിലും വിശ്വസിക്കാതിരുന്ന അവിശ്വാസികളെ നരകത്തിലേക്ക്‌ നയിക്കപ്പെടുന്നതിനെപ്പറ്റി പ്രസ്‌താവിച്ചുകൊണ്ട്‌ പറയുന്നു: وَلَٰكِنْ حَقَّتْ كَلِمَةُ الْعَذَابِ عَلَى الْكَافِرِينَ (എങ്കിലും ശിക്ഷയുടെ വാക്യം അവിശ്വാസികളുടെ മേല്‍ യഥാര്‍ത്ഥമായിരിക്കുകയാണ്‌. (സുമര്‍: 71) 96-ാം വചനത്തില്‍ الَّذِينَ حَقَّتْ عَلَيْهِمْ كَلِمَتُ رَبِّكَ (നിന്‍റെ റബ്ബിന്‍റെ വാക്യം യഥാര്‍ത്ഥമായിത്തീര്‍ന്നവര്‍) എന്ന്‌ പറഞ്ഞത്‌ ആരെപ്പറ്റിയാണെന്ന്‌ മേലുദ്ധരിച്ചതില്‍ നിന്ന്‌ വ്യക്തമായല്ലോ.

10:98
  • فَلَوْلَا كَانَتْ قَرْيَةٌ ءَامَنَتْ فَنَفَعَهَآ إِيمَٰنُهَآ إِلَّا قَوْمَ يُونُسَ لَمَّآ ءَامَنُوا۟ كَشَفْنَا عَنْهُمْ عَذَابَ ٱلْخِزْىِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَمَتَّعْنَٰهُمْ إِلَىٰ حِينٍ ﴾٩٨﴿
  • ഒരു രാജ്യം [രാജ്യക്കാര്‍] വിശ്വസിക്കുകയും, എന്നിട്ടതിന്‍റെ വിശ്വാസം അതിന്‌ പ്രയോജനപ്പെടുകയും ആയിക്കൂടെ?; യൂനുസിന്‍റെ ജനത അല്ലാത്ത. അവര്‍ വിശ്വസിച്ചപ്പോള്‍, അവരില്‍ നിന്ന്‌ ഇഹലോക ജീവിതത്തില്‍ അപമാനത്തിന്‍റെ ശിക്ഷയെ നാം നീക്കം ചെയ്‌തു; ഒരു സമയംവരെ അവര്‍ക്ക്‌ നാം സുഖം നല്‍കുകയും ചെയ്‌തു.
  • فَلَوْلَا كَانَتْ ആയിക്കൂടെ, എന്തുകൊണ്ടായില്ല قَرْيَةٌ വല്ല രാജ്യവും, ഒരു രാജ്യവും آمَنَتْ അത്‌ വിശ്വസിക്കുക فَنَفَعَهَا എന്നിട്ടതിന്‌ പ്രയോജനപ്പെടുക, ഫലം ചെയ്യുക, എന്നാലതിന്‌ പ്രയോജനം ചെയ്യുമായിരുന്നു إِيمَانُهَا അതിന്‍റെ വിശ്വാസം إِلَّا قَوْمَ ജനത ഒഴികെ, അല്ലാത്ത يُونُسَ യൂനുസിന്‍റെ لَمَّا آمَنُوا അവര്‍ വിശ്വസിച്ചപ്പോള്‍ كَشَفْنَا നാം (തുറന്ന്‌) നീക്കി عَنْهُمْ അവരില്‍ നിന്ന്‌ عَذَابَ الْخِزْيِ അപമാനത്തിന്‍റെ ശിക്ഷയെ فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഇഹലോകത്തെ, ഐഹിക وَمَتَّعْنَاهُمْ അവര്‍ക്ക്‌ നാം സുഖം നല്‍കുകയും ചെയ്‌തു إِلَىٰ حِينٍ ഒരു സമയം വരെ

لوْلَا (ലൗലാ) എന്ന അവ്യയം രണ്ടര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്‌:

(1) ഒരു കാര്യം മുടങ്ങിയത്‌ നിമിത്തം (അതുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന) മറ്റൊരു കാര്യം മുടങ്ങുന്നതിനെ (امتناع الشىء لامتناع غيره) ഉദ്ദേശിച്ചും,

(2) പ്രേരണ നല്‍കുന്നതിനെ (التحضيض) ഉദ്ദേശിച്ചും, ഈ രണ്ടാമത്തെ അര്‍ത്ഥത്തിലാണ്‌ ഇവിടെ അതുള്ളത്‌. فلولا എന്നതിന്‍റെ സ്ഥാനത്ത്‌ فهلا (ഫഹല്ലാ) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട്‌താനും. ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രണ്ടാമത്തെ അര്‍ത്ഥമാണ്‌ ഇവിടെ ഉദ്ദേശ്യം എന്നതിന്‌ ഈ വായന പിന്‍ബലം നല്‍കുന്നതായി രേഖപ്പെടുത്തിയിട്ടുമുണ്ട്‌.

മുന്‍വചനങ്ങളില്‍ പറഞ്ഞ വിഷയങ്ങളുമായി ബന്ധപ്പെട്ടതുതന്നെയാണ്‌ ഈ വചനവും. പ്രവാചകന്‍മാര്‍ വന്ന്‌ സത്യമാര്‍ഗം പ്രബോധനം ചെയ്യുകയും, വിശ്വസിക്കാത്തവര്‍ക്ക്‌ പൊതുശിക്ഷയെക്കുറിച്ച്‌ താക്കീത്‌ നല്‍കുകയും ചെയ്‌ത നാട്ടുകാര്‍ തക്കസമയത്ത്‌ വിശ്വസിക്കുകയില്ല. ശിക്ഷ കണ്‍മുമ്പില്‍ എത്തുമ്പോഴേ അവര്‍ വിശ്വസിക്കുവാന്‍ തയ്യാറാകുകയുള്ളൂ. അതുകൊണ്ട്‌ ആ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെട്ടതുമില്ല. അവര്‍ നേരത്തെ തന്നെ വിശ്വസിക്കുകയും, അങ്ങനെ ആ വിശ്വാസം അവര്‍ക്ക്‌ പ്രയോജനപ്പെടുകയും ചെയ്‌തുകൂടെ?! എന്നാലവര്‍ക്ക്‌ ശിക്ഷക്ക്‌ വിധേയരാവാതെ കഴിക്കാമായിരുന്നു എന്നത്രെ അല്ലാഹു ആക്ഷേപിക്കുന്നത്‌. എന്നാല്‍ മേല്‍ പറഞ്ഞ മുന്‍ സമുദായങ്ങളുടെ പൊതുസ്ഥിതി ഇതാണെങ്കിലും യൂനുസ്‌ നബി(അ) യുടെ ജനത ഇതില്‍ നിന്ന്‌ ഒഴിവാണെന്നും, അവര്‍ക്ക്‌ താക്കീത്‌ ചെയ്യപ്പെട്ട ശിക്ഷ വരുന്നതിന്‌ മുമ്പ്‌ തന്നെ അവര്‍ വിശ്വസിക്കുകയുണ്ടായെന്നും, അങ്ങനെ അവര്‍ ശിക്ഷയില്‍ നിന്ന്‌ ഒഴിവായെന്നും, കുറേ കാലം കൂടി അവര്‍ സുഖമായി ജീവിക്കുകയുണ്ടായെന്നും തുടര്‍ന്നു പറഞ്ഞിരിക്കുകയാണ്‌.

മറ്റൊരു സ്ഥലത്ത്‌ അല്ലാഹു പറയുന്നു: šكَذَلِكَ مَا أَتَى الَّذِينَ مِنْ قَبْلِهَمْ مِنْ رَسُولٍ….الآية (സാരം: അതുപോലെ, അവരുടെ മുമ്പുള്ളവരുടെ അടുക്കല്‍ ഏതൊരു റസൂല്‍ ചെല്ലുമ്പോഴും അദ്ദേഹം ഒരു ജാലവിദ്യക്കാരനോ, അല്ലെങ്കില്‍ ഭ്രാന്തനോ ആണെന്ന്‌ അവര്‍ പറയാതിരുന്നിട്ടില്ല. അവര്‍ അന്യോന്യം അങ്ങിനെ വസ്വിയ്യത്ത്‌ ചെയ്‌തിരിക്കുകയാണോ?! അതല്ല, അവര്‍ ക്രമം തെറ്റിപ്പോയ ജനങ്ങളാണോ? (51: 52, 53) നൂഹ്‌ നബി (അ)യുടെയും ജനതയുടെയും കഥ വിവരിച്ചശേഷം മറ്റൊരു സ്ഥലത്ത്‌ പറയുന്നു: ثُمَّ أَّرْسَلْنَا رُسُلَنَا تَتْرَا …الآية (സാരം: പിന്നീട്‌ നമ്മുടെ റസൂലുകളെ നാം തുടരെത്തുടരെ അയച്ചു. ഓരോ സമുദായത്തിനും അതിന്‍റെ റസൂല്‍ ചെല്ലുമ്പോഴൊക്കെയും അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍ അവരില്‍ ചിലരെ ചിലരോട്‌ നാം അനുഗമിപ്പിച്ചു. (നശിപ്പിച്ചു) അവരെയെല്ലാം നാം കഥാവിഷയങ്ങളാക്കിത്തീര്‍ക്കുകയും ചെയ്‌തു. (23: 44) പ്രസ്‌തുത വചനങ്ങളിലടങ്ങിയ ആശയം തന്നെയാണ്‌ ഈ വചനത്തിലും കാണുന്നത്‌. യൂനുസ്‌ നബി (അ)യുടെ ജനതയെ അതില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു.

നീനുവാ (*) നിവാസികളായിരുന്നു യൂനുസ്‌ (അ)ന്‍റെ ജനത. അവര്‍ അദ്ദേഹത്തിലും അദ്ദേഹത്തിന്‍റെ പ്രബോധനത്തിലും വിശ്വസിക്കാതെ നിഷേധത്തില്‍ ശഠിച്ചു നിന്നു. ഇന്ന സമയം വരെ അവര്‍ വിശ്വസിക്കാത്തപക്ഷം അവര്‍ക്ക്‌ പൊതുശിക്ഷ വരുവാന്‍ പോകുന്നുവെന്ന്‌ അദ്ദേഹം അവര്‍ക്ക്‌ താക്കീത്‌ നല്‍കി. സമയത്തിന്‌ മുമ്പ്‌ അദ്ദേഹം സ്ഥലം വിടുകയും ചെയ്‌തു. പക്ഷേ, അവസാനംവെച്ച്‌ ജനങ്ങള്‍ക്ക്‌ ഭയമായി. പ്രവാചകനെ കണ്ടതുമില്ല. അങ്ങനെ, അവര്‍ ആബാലവൃദ്ധം ജനങ്ങളും മൃഗങ്ങളുമടക്കം ഒന്നിച്ചുകൂടി അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിക്കുകയും, പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്‌തു. പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയും, ശിക്ഷ ഇറക്കാതെ അവരെ രക്ഷിക്കുകയും ചെയ്‌തു. ഇതാണ്‌ യൂനുസ്‌ നബി (അ)യുടെ ജനതയുടെ സംഭവത്തിന്‍റെ ചുരുക്കം.


(*) ഇറാഖിന്‍റെ വടക്ക്‌ മൂസ്വലി (موصل) ന്നടുത്തുണ്ടായിരുന്ന ഒരു പ്രാചീന രാജ്യമാണ്‌ നീനുവാ (نينوى Ninive). പണ്ട്‌ അശ്‌ശൂര്‍ രാജാക്കളുടെ തലസ്ഥാനമായിരുന്നു അത്‌. പടം- 4 നോക്കുക.

10:99
  • وَلَوْ شَآءَ رَبُّكَ لَءَامَنَ مَن فِى ٱلْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ ٱلنَّاسَ حَتَّىٰ يَكُونُوا۟ مُؤْمِنِينَ ﴾٩٩﴿
  • നിന്‍റെ റബ്ബ്‌ (വേണമെന്ന്‌) ഉദ്ദേശിച്ചിരുന്നെങ്കില്‍, ഭൂമിയിലുള്ളവരെല്ലാം ആസകലം വിശ്വസിക്കുകതന്നെ ചെയ്യുമായിരുന്നു. എന്നിരിക്കെ, മനുഷ്യര്‍ സത്യവിശ്വാസികളാകുന്നതുവരെ അവരെ നീ നിര്‍ബന്ധിക്കുകയോ!
  • وَلَوْ شَاءَ ഉദ്ദേശിച്ചിരുന്നെങ്കില്‍ رَبُّكَ നിന്‍റെ റബ്ബ്‌ لَآمَنَ വിശ്വസിക്കുക തന്നെ ചെയ്യുമായിരുന്നു مَن فِي الْأَرْضِ ഭൂമിയിലുള്ളവര്‍ كُلُّهُمْ അവരെല്ലാം جَمِيعًا മുഴുവനും أَفَأَنتَ എന്നിരിക്കെ നീയോ تُكْرِهُ നിര്‍ബന്ധിക്കുന്നു (നീ നിര്‍ബന്ധിക്കുകയോ) النَّاسَ മനുഷ്യരെ حَتَّىٰ يَكُونُوا അവര്‍ ആകുവോളം, ആയിരിക്കുന്നത്‌ വരെ مُؤْمِنِينَ സത്യവിശ്വാസികള്‍
10:100
  • وَمَا كَانَ لِنَفْسٍ أَن تُؤْمِنَ إِلَّا بِإِذْنِ ٱللَّهِ ۚ وَيَجْعَلُ ٱلرِّجْسَ عَلَى ٱلَّذِينَ لَا يَعْقِلُونَ ﴾١٠٠﴿
  • ഒരു ആത്മാവിനും [വ്യക്തിക്കും] അല്ലാഹുവിന്‍റെ അനുമതി പ്രകാരമല്ലാതെ വിശ്വസിക്കാവതല്ല. [വിശ്വസിക്കുക സാധ്യമല്ല] ബുദ്ധി കൊടു(ത്തു ഗ്രഹി) ക്കാത്തവരില്‍ അവന്‍ മാലിന്യം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ്‌.
  • وَمَا كَانَ ആകുകയില്ല, ആകാവതല്ല لِنَفْسٍ ഒരു ആത്മാവിനും, വ്യക്തിക്കും, ആള്‍ക്കും أَن تُؤْمِنَ അത്‌ വിശ്വസിക്കല്‍, വിശ്വസിക്കാന്‍ إِلَّا بِإِذْنِ അനുമതി (സമ്മതം- അനുവാദം) കൂടാതെ اللَّهِ അല്ലാഹുവിന്‍റെ وَيَجْعَلُ അവന്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്യും الرِّجْسَ മാലിന്യം, മ്ലേച്ഛത عَلَى الَّذِينَ യാതൊരുവരില്‍ لَا يَعْقِلُونَ അവര്‍ ബുദ്ധി കൊടുക്കു(ഗ്രഹിക്കു)കയില്ല

ഒന്നൊഴിയാതെ സകല മനുഷ്യരും മലക്കുകളെപ്പോലെ പ്രകൃത്യാ സത്യവിശ്വാസികളായിരിക്കണമെന്ന്‌ അല്ലാഹു ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അങ്ങനെത്തന്നെ സംഭവിക്കുമായിരുന്നു. നന്‍മയും തിന്‍മയും തിരിച്ചറിയാനുള്ള വിവേചനബുദ്ധിയും, രണ്ടില്‍ ഇഷ്‌ടപ്പെട്ടത്‌ തിരഞ്ഞെടുക്കുവാനുള്ള അഭിപ്രായ സ്വാതന്ത്ര്യവും നല്‍കികൊണ്ടുള്ള ഒരു പ്രകൃതി വിശേഷമാണ്‌ മനുഷ്യന്‌ അവന്‍ നല്‍കിയിരിക്കുന്നത്‌. മഹത്തായ ചില ലക്ഷ്യങ്ങളും യുക്തി രഹസ്യങ്ങളും അതില്‍ അടങ്ങിയിട്ടുണ്ട്‌ താനും, അതുകൊണ്ട്‌ ആരെയും സത്യവിശ്വാസവും നേര്‍മാര്‍ഗവും സ്വീകരിക്കുമാറ്‌ നിര്‍ബന്ധിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പാടില്ല. നല്ലതും ചീത്തയും വിവരിച്ചുകൊടുക്കുകയും, വേണ്ടുന്ന ഉപദേശം നല്‍കുകയും മാത്രമേ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്യേണ്ടതുള്ളൂ. എന്നിട്ട്‌ വിശ്വസിക്കുന്നവര്‍ വിശ്വസിച്ചുകൊള്ളട്ടെ, അല്ലാത്തവര്‍ അവിശ്വസിച്ചുകൊള്ളട്ടെ (فَمَن شَاء فَلْيُؤْمِن وَمَن شَاء فَلْيَكْفُرْ) എന്നതാണ്‌ ആദ്യത്തെ വചനത്തില്‍ പറഞ്ഞതിന്‍റെ താല്‍പര്യം. സൂഃ ഹൂദില്‍ അല്ലാഹു പറയുന്നു: `നിന്‍റെ റബ്ബ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍, അവന്‍ മനുഷ്യരെ ഒരേ സമുദായമാക്കുമായിരുന്നു. അവര്‍ ഭിന്നിച്ചവരായികൊണ്ടേ ഇരിക്കുന്നതാണ്‌. നിന്‍റെ റബ്ബ്‌ കരുണ ചെയ്‌തവരൊഴികെ. അതിനായിട്ടാണ്‌ അവരെ അവന്‍ സൃഷ്‌ടിച്ചതും. (وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَةً وَاحِدَة.ً… (هود 118,119 കൂടുതല്‍ വിവരം അവിടെ വെച്ച്‌ കാണാം. إِن شَاءَ اللَّهُ

നല്ലത്‌ തിരഞ്ഞെടുക്കുവാനുള്ള ബുദ്ധിയും സ്വാതന്ത്ര്യവും നല്‍കപ്പെട്ടിട്ടുണ്ടെങ്കില്‍ തന്നെയും മനുഷ്യന്‍റെ വിശ്വാസം സാക്ഷാല്‍കൃതമാവണമെങ്കില്‍ അല്ലാഹുവിന്‍റെ ഉദ്ദേശവും അനുമതിയും കൂടി അതിന്‌ അനിവാര്യമത്രെ. അതില്ലാത്തപക്ഷം- മനുഷ്യന്‍റെ അറിവും കഴിവും കൊണ്ട്‌ മാത്രം- അവന്‍റെ പ്രവൃത്തികളൊന്നും സാക്ഷാല്‍കരിക്കപ്പെടുകയില്ല. പക്ഷേ, ഒരു വ്യവസ്ഥയൊന്നും കൂടാതെ ചിലരെയങ്ങ്‌ നല്ലവരും വിശ്വാസികളുമാക്കിത്തീര്‍ക്കുകയും ചിലരെയങ്ങ്‌ മ്ലേച്ഛരും അവിശ്വാസികളുമാക്കിത്തീര്‍ക്കുകയുമല്ല അല്ലാഹു ചെയ്യുന്നത്‌. വിവേചനബുദ്ധി ഉപയോഗപ്പെടുത്തി കാര്യം ഗ്രഹിക്കാത്തവരെയായിരിക്കും അവന്‍ മ്ലേച്ഛന്‍മാരും ദുഷിച്ചവരുമാക്കുന്നത്‌ എന്നൊക്കെയാണ്‌ രണ്ടാമത്തെ വചനത്തില്‍ പ്രസ്‌താവിച്ചതിന്‍റെ താല്‍പര്യം. ജനങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുവാന്‍ മുമ്പോട്ട്‌ വരാത്തതില്‍ അതീവമായ വ്യസനം സഹിച്ചുകൊണ്ടിരിക്കുന്ന നബി തിരുമേനിക്ക്‌ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മനസ്സമാധാനവും, ആശ്വാസവും നല്‍കുന്നതാണ്‌ ഈ രണ്ട്‌ വചനങ്ങളും.

മനുഷ്യന്‍ അവന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പൂര്‍ണസ്വതന്ത്രനാണ്‌- അല്ലാഹുവിന്‍റെ ഉദ്ദേശമോ അനുമതിയോ അതില്‍ ആവശ്യമില്ല- എന്നും മറ്റും വാദിക്കുന്ന യുക്തിവാദികള്‍ക്ക്‌ ഈ രണ്ട്‌ വചനങ്ങളും, ഇതുപോലെയുള്ള മറ്റു പല വചനങ്ങളും അവയുടെ നേര്‍ക്കുനേരെയുള്ള അര്‍ത്ഥങ്ങളില്‍ സ്വീകരിക്കുവാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട്‌ ഇത്തരം വചനങ്ങളിലെല്ലാം അവരുടെ വക ചില ഒളിച്ചുകളികളും ദുര്‍വ്യാഖ്യാനങ്ങളും കാണാവുന്നതാണ്‌. സൂഃ അന്‍ആമിലും താഴെ ചില സൂറത്തുകളിലും അവയെപ്പറ്റി സന്ദര്‍ഭോചിതം ചിലതെല്ലാം നാം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. സൂഃ ഹദീദിന്‌ ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ കൂടുതല്‍ വിശദീകരിക്കുകയും ചെയ്‌തിരിക്കുന്നു.

10:101
  • قُلِ ٱنظُرُوا۟ مَاذَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ وَمَا تُغْنِى ٱلْءَايَٰتُ وَٱلنُّذُرُ عَن قَوْمٍ لَّا يُؤْمِنُونَ ﴾١٠١﴿
  • നീ പറയുക: 'ആകാശങ്ങളിലും ഭൂമിയിലും എന്താണുള്ളതെന്ന്‌ നിങ്ങള്‍ (ചിന്തിച്ചു) നോക്കുവിന്‍!' വിശ്വസിക്കാത്ത ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളും താക്കീതുകളും എന്ത്‌ ഉപകരിക്കുവാനാണ്‌!?
  • قُلِ നീ പറയുക انظُرُوا നിങ്ങള്‍ നോക്കുവിന്‍ (ചിന്തിക്കുവിന്‍) مَاذَا എന്താണ്‌, എന്തുണ്ട്‌, യാതൊന്നും (ഉള്ളവ) فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും وَمَا تُغْنِي എന്ത്‌ ഉപകരിക്കും, ധന്യമാക്കും, ഉപകരിക്കുകയില്ല الْآيَاتُ ദൃഷ്‌ടാന്തങ്ങള്‍ وَالنُّذُرُ താക്കീതുകളും عَن قَوْمٍ ഒരു ജനതക്ക്‌ لَّا يُؤْمِنُونَ അവര്‍ വിശ്വസിക്കുകയില്ല

مَاذَافِي السَّمَاوَاتِ وَالأرْضِ എന്ന വാക്കിന്‌ ‘ആകാശഭൂമികളിലുള്ളവ’ എന്നും, ആകാശഭൂമികളില്‍ എന്താണുള്ളത്‌ എന്നും അര്‍ത്ഥം വരാവുന്നതാണ്‌. അതുപോലെത്തന്നെ مَاتُغْنِي എന്നതിന്‌  ‘ഉപകരിക്കുകയില്ല’ എന്ന്‌ നിഷേധരൂപത്തിലും , ‘എന്ത്‌ ഉപകരിക്കും’ എന്ന്‌ ചോദ്യ രൂപത്തിലും അര്‍ത്ഥം കല്‍പിക്കാം. ഉദ്ദേശ്യങ്ങളില്‍ വ്യത്യാസമില്ലതാനും.

10:102
  • فَهَلْ يَنتَظِرُونَ إِلَّا مِثْلَ أَيَّامِ ٱلَّذِينَ خَلَوْا۟ مِن قَبْلِهِمْ ۚ قُلْ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ﴾١٠٢﴿
  • അപ്പോള്‍, തങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയവരുടെ നാളുകളെപ്പോലെയല്ലാതെ (മറ്റ്‌ വല്ല ചരിത്രവും) ഇവര്‍ കാത്തുകൊണ്ടിരിക്കുന്നുവോ?! പറയുക: 'എന്നാല്‍, നിങ്ങള്‍ കാത്തിരിക്കുവിന്‍, നിശ്ചയമായും, ഞാന്‍ നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍ പെട്ടവനാണ്‌.'
  • فَهَلْ يَنتَظِرُونَ എന്നാലവര്‍ കാത്തുകൊണ്ടിരിക്കുന്നുവോ إِلَّا مِثْلَ പോലെയല്ലാതെ, തുല്യമായതല്ലാതെ أَيَّامِ നാളുകളെ, നാളുകളുടെ الَّذِينَ خَلَوْا കഴിഞ്ഞുപോയവരുടെ مِن قَبْلِهِمْ ഇവര്‍ക്ക്‌ (അവര്‍ക്ക്‌) മുമ്പ്‌ قُلْ നീ പറയുക فَانتَظِرُوا എന്നാല്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍, നോക്കിയിരിക്കുവിന്‍ إِنِّي നിശ്ചയമായും ഞാന്‍ مَعَكُم നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ കാത്തിരിക്കുന്നവരില്‍ പെട്ട (വന്‍) ആകുന്നു
10:103
  • ثُمَّ نُنَجِّى رُسُلَنَا وَٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ حَقًّا عَلَيْنَا نُنجِ ٱلْمُؤْمِنِينَ ﴾١٠٣﴿
  • പിന്നീട്‌, നമ്മുടെ റസൂലുകളെയും, വിശ്വസിച്ചവരെയും നാം രക്ഷപ്പെടുത്തുന്നു. അപ്രകാരം -നമ്മുടെ മേല്‍ (ബാധ്യതപ്പെട്ട) ഒരു കടമയായിക്കൊണ്ട്‌ സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്‌.
  • ثُمَّ نُنَجِّي പിന്നീട്‌ നാം രക്ഷപ്പെടുത്തുന്നു رُسُلَنَا നമ്മുടെ റസൂലുകളെ وَالَّذِينَ آمَنُوا വിശ്വസിച്ചവരെയും كَذَٰلِكَ അപ്രകാരം حَقًّا ഒരു കടമായിട്ട്‌, അവകാശപ്പെട്ടതായിട്ട്‌, യഥാര്‍ത്ഥമായിക്കൊണ്ട്‌ عَلَيْنَا നമ്മുടെമേല്‍ (ബാദ്ധ്യതപ്പെട്ട) نُنجِ നാം രക്ഷപ്പെടുത്തും الْمُؤْمِنِينَ സത്യവിശ്വാസികളെ

കണക്കറ്റ നക്ഷത്ര മഹാഗോളങ്ങള്‍, സൂര്യചന്ദ്രന്‍മാര്‍, അവയുടെ ഗതിവിഗതികള്‍, സഞ്ചാരപഥങ്ങള്‍, പ്രകാശങ്ങള്‍, പ്രസരണങ്ങള്‍, രാപ്പകലുകള്‍, അവയുടെ ഏറ്റക്കുറവുകള്‍, മേഘങ്ങള്‍, മഴ, വെയില്‍, വായു, അനന്തമായ അന്തരീക്ഷം ആദിയായി ഉപരിയാകാശത്തും, എണ്ണമറ്റ സസ്യവര്‍ഗങ്ങള്‍, ഉല്‍പന്നങ്ങള്‍, ധാതുവര്‍ഗങ്ങള്‍, ഫലങ്ങള്‍, പൂക്കള്‍, ധാന്യങ്ങള്‍, സമുദ്രങ്ങള്‍, മലകള്‍, മൈതാനങ്ങള്‍, കാടുകള്‍, മരുഭൂമികള്‍, നദികള്‍, തടാകങ്ങള്‍ ആദിയായി ഭൂമിയിലും സ്ഥിതിചെയ്യുന്ന കോടിക്കണക്കിലുള്ള ദൃഷ്‌ടാന്തങ്ങളെയും, അനുഗ്രഹങ്ങളെയും സംബന്ധിച്ച്‌ അല്‍പമെങ്കിലും ബുദ്ധികൊടുത്ത്‌ ചിന്തിക്കുന്നവര്‍ക്കെല്ലാം അല്ലാഹുവിന്‍റെ മഹിതമഹത്വങ്ങളും, അവന്‍റെ ഏകത്വവും ശരിക്കും ഗ്രഹിക്കുവാന്‍ കഴിയും. അതുകൊണ്ട്‌ അങ്ങനെയുള്ള ദൃഷ്‌ടാന്തങ്ങളെപ്പറ്റി ചിന്തിച്ചുനോക്കുവാന്‍ അല്ലാഹു മനുഷ്യരെ ആഹ്വാനം ചെയ്യുകയാണ്‌. എന്തുതന്നെ കണ്ടാലും വിശ്വസിക്കുവാന്‍ തയ്യാറില്ലാത്തവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളോ താക്കീതുകളോ ഫലപ്പെടുകയില്ലെന്നും അതോടൊപ്പം ചൂണ്ടിക്കാട്ടുന്നു. നിഷ്‌പക്ഷവും, സത്യസന്ധവുമായി ചിന്തിക്കുകയും, അതില്‍ നിന്ന്‌ ലഭിക്കുന്ന സനാതനമൂല്യങ്ങളെ വിലയിരുത്തുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും അല്ലാഹുവില്‍ വിശ്വസിക്കാതിരിക്കുകയില്ലതന്നെ.

തങ്ങള്‍ പ്രായേണ സ്വീകരിച്ചുപോന്ന നിലപാടുകളെപ്പറ്റി പുഃനപരിശോധന നടത്താതെയും, ദൃഷ്‌ടാന്തങ്ങളുടെയും താക്കീതുകളുടെയും നേരെ കണ്ണടച്ചുംകൊണ്ടിരിക്കുവാന്‍ തന്നെയാണ്‌ ഇവരുടെ ഭാവമെങ്കില്‍, ഇവരെപ്പോലെ മുമ്പ്‌ കാലം കഴിഞ്ഞുപോയ സമുദായങ്ങള്‍ക്കുണ്ടായ ശിക്ഷാനുഭവങ്ങള്‍ തന്നെയായിരിക്കും ഇവര്‍ക്കും അനുഭവപ്പെടുവാന്‍ പോകുന്നത്‌. അതല്ലാതെ, മറ്റൊന്നും ഇവര്‍ക്ക്‌ പ്രതീക്ഷിക്കുവാനില്ല. അത്‌ കാത്തിരിക്കുവാനാണ്‌ ഇവരുടെ ഭാവമെങ്കില്‍, അവരങ്ങിനെ ചെയ്‌തുകൊള്ളട്ടെ. അതിന്‍റെ ഫലം കാണാമല്ലോ. സംഭവിക്കുന്നതെന്താണെന്ന്‌ ഇരുകൂട്ടരും കാത്തിരുന്ന്‌ കാണുക. ഒരു കാര്യം തീര്‍ച്ചയാണ്‌.: ശിക്ഷ വരുമ്പോള്‍, റസൂലുകളെയും സത്യവിശ്വാസികളെയും രക്ഷപ്പെടുത്തി സഹായിക്കല്‍ അല്ലാഹു അവന്‍റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുകയാണ്‌. അതവന്‍ നിറവേറ്റാതിരിക്കുകയില്ല എന്നാണ്‌ പിന്നീട്‌ പറഞ്ഞതിന്‍റെ സാരം.

വിഭാഗം - 11

10:104
  • قُلْ يَٰٓأَيُّهَا ٱلنَّاسُ إِن كُنتُمْ فِى شَكٍّ مِّن دِينِى فَلَآ أَعْبُدُ ٱلَّذِينَ تَعْبُدُونَ مِن دُونِ ٱللَّهِ وَلَٰكِنْ أَعْبُدُ ٱللَّهَ ٱلَّذِى يَتَوَفَّىٰكُمْ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُؤْمِنِينَ ﴾١٠٤﴿
  • (നബിയേ) പറയുക: 'ഹേ, മനുഷ്യരേ, നിങ്ങള്‍ എന്‍റെ മതത്തെ സംബന്ധിച്ച്‌ വല്ല സംശയത്തിലുമാണെങ്കില്‍ (നിങ്ങള്‍ അറിഞ്ഞിരിക്കുക); എന്നാല്‍, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല; എങ്കിലും നിങ്ങളെ (മരണപ്പെടുത്തി) പിടിച്ചെടുക്കുന്നവനായ അല്ലാഹുവിനെ (മാത്രം) ഞാന്‍ ആരാധിക്കുന്നു. ഞാന്‍ സത്യവിശ്വാസികളില്‍ പെട്ടവനായിരിക്കുവാന്‍ എന്നോട്‌ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു;
  • قُلْ നീ പറയുക يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ إِن كُنتُمْ നിങ്ങളാണെങ്കില്‍ فِي شَكٍّ വല്ല സംശയത്തിലും مِّن دِينِي എന്‍റെ മതത്തെ സംബന്ധിച്ച്‌ فَلَا أَعْبُدُ എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല, ആരാധിക്കയില്ല الَّذِينَ تَعْبُدُونَ നിങ്ങള്‍ ആരാധിക്കുന്നവരെ مِن دُونِ اللَّهِ അല്ലാഹുവിന്‌ പുറമെ وَلَٰكِنْ എങ്കിലും, പക്ഷേ أَعْبُدُ ഞാന്‍ ആരാധിക്കുന്നു اللَّهَ അല്ലാഹുവിനെ الَّذِي يَتَوَفَّاكُمْ നിങ്ങളെ പൂര്‍ണമായി പിടിച്ചെടുക്കുന്ന, മരിപ്പിക്കുന്ന وَأُمِرْتُ എന്നോട്‌ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍ (പെട്ടവന്‍)
10:105
  • وَأَنْ أَقِمْ وَجْهَكَ لِلدِّينِ حَنِيفًا وَلَا تَكُونَنَّ مِنَ ٱلْمُشْرِكِينَ ﴾١٠٥﴿
  • ഋജുമാനസനായിക്കൊണ്ട്‌ (ഈ) മതത്തിലേക്ക്‌ നിന്‍റെ മുഖത്തെ നീ ചൊവ്വാക്കി നിറുത്തണമെന്നും, നിശ്ചയമായും, നീ 'മുശ്‌രിക്ക്‌' [ബഹുദൈവ വിശ്വാസി]കളില്‍ പെട്ടവനായിരിക്കരുതെന്നും (കല്‍പിക്കപ്പെട്ടിരിക്കുന്നു).
  • وَأَنْ أَقِمْ നീ ചൊവ്വാക്കി നിറുത്തണം (നിലനിറുത്തണം) എന്നും وَجْهَكَ നിന്‍റെ മുഖത്തെ لِلدِّينِ മതത്തിലേക്ക്‌ حَنِيفًا ഋജുമാനസനായി, ശുദ്ധമനസ്‌കനായിട്ട്‌ وَلَا تَكُونَنَّ നിശ്ചയമായും നീ ആയിരിക്കുകയും ചെയ്യരുത്‌ مِنَ الْمُشْرِكِينَ മുശ്‌രിക്കുകളില്‍ (പെട്ടവന്‍)

എന്‍റെ മതത്തെപ്പറ്റി എനിയും നിങ്ങള്‍ക്ക്‌ സംശയം തീരുന്നില്ലെങ്കില്‍, നിങ്ങള്‍ കണ്ടമാതിരി നിങ്ങള്‍ നടന്നുകൊള്ളുക. തൗഹീദ്‌ വിട്ടേച്ച്‌ ഞാന്‍ ശിര്‍ക്കിലേക്ക്‌ അണുവോളമെങ്കിലും ചായുമെന്ന്‌ നിങ്ങള്‍ കരുതേണ്ട. എന്നോട്‌ അല്ലാഹു കല്‍പിച്ചതിന്‌ ഞാന്‍ എതിര്‌ പ്രവര്‍ത്തിക്കുകയെന്ന പ്രശ്‌നമേയില്ല എന്ന്‌ ആ മുശ്‌രിക്കുകളോട്‌ അറുത്തുമുറിച്ച്‌ പറയുവാന്‍ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിക്കുന്നു. الَّذِي يَتَوَفَّاكُمْ (നിങ്ങളെ പൂര്‍ണമായി പിടിച്ചെടുക്കുന്നവന്‍) അഥവാ മരണപ്പെടുത്തിക്കൊണ്ടുപോകുന്നവന്‍ എന്ന്‌ ഇവിടെ അല്ലാഹുവിനെ വിശേഷിപ്പിച്ചതില്‍, നിങ്ങള്‍ ഈ ശിര്‍ക്കിന്‍റെ മതം സ്വീകരിച്ചു വരുന്നതിന്‍റെ ഫലം അവന്‍റെ അടുക്കല്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ക്ക്‌ കാണാറാകുമെന്ന ഒരു താക്കീത്‌ അടങ്ങിയിരിക്കുന്നു.

ആരാധനകളില്‍ പ്രധാനമായത്‌ പ്രാര്‍ത്ഥനയാണെന്നും, അല്ലാഹുവിനെയല്ലാതെ ആരാധിച്ചുകൂടാ എന്നതിലടങ്ങിയ പ്രധാന രഹസ്യം ഇന്നതാണെന്നും അടുത്ത വചനങ്ങളില്‍ നിന്ന്‌ വ്യക്തമാണ്‌:-

10:106
  • وَلَا تَدْعُ مِن دُونِ ٱللَّهِ مَا لَا يَنفَعُكَ وَلَا يَضُرُّكَ ۖ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ ٱلظَّٰلِمِينَ ﴾١٠٦﴿
  • അല്ലാഹുവിന്‌ പുറമെ, നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായതിനെ നീ വിളി(ച്ചു പ്രാര്‍ത്ഥി)ക്കരുത്‌. എനി, നീ (അങ്ങനെ) ചെയ്‌തുവെങ്കില്‍, അപ്പോള്‍ നിശ്ചയമായും നീ, അക്രമികളില്‍പെട്ടവനായിരിക്കും.
  • وَلَا تَدْعُ നീ വിളിക്കുക (പ്രാര്‍ത്ഥിക്കുക)യും ചെയ്യരുത്‌ مِن دُونِ اللَّهِ അല്ലാഹുവിന്‌ പുറമെ مَا لَا يَنفَعُكَ നിനക്ക്‌ ഉപകാരം ചെയ്യാത്തതിനെ وَلَا يَضُرُّكَ നിനക്ക്‌ ഉപദ്രവവും (ദ്രോഹവും) ചെയ്യാത്ത فَإِن فَعَلْتَ എനി നീ ചെയ്‌തെങ്കില്‍ فَإِنَّكَ എന്നാല്‍ നിശ്ചയമായും إِذًا നീ എന്നാല്‍ (അപ്പോള്‍ അങ്ങനെ ചെയ്‌താല്‍) مِّنَ الظَّالِمِينَ അക്രമികളില്‍പെട്ട (വന്‍) ആയിത്തീരും
10:107
  • وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ ﴾١٠٧﴿
  • വല്ല ഉപദ്രവത്തെയും അല്ലാഹു നിനക്ക്‌ ബാധിപ്പിക്കുന്നപക്ഷം, അവനല്ലാതെ അതിനെ നീക്കം ചെയ്യുന്ന ഒരുവനുമില്ല; അവന്‍ നിനക്ക്‌ വല്ല നന്മയും ഉദ്ദേശിക്കുന്നുവെങ്കിലോ, അവന്‍റെ ദയവിനെ (അഥവാ അനുഗ്രഹത്തെ) തട്ടിക്കളയുന്നവനുമില്ല. തന്‍റെ അടിയാന്‍മാരില്‍നിന്നും താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ അത്‌ ബാധിപ്പിക്കുന്നു [എത്തിക്കുന്നു]. അവനത്രെ, വളരെ പൊറുക്കുന്നവനും, കരുണാനിധിയുമായുള്ളവന്‍.
  • وَإِن يَمْسَسْكَ നിന്നെ സ്‌പര്‍ശിച്ചാല്‍ (നിനക്ക്‌ ബാധിപ്പിച്ചാല്‍) اللَّهُ അല്ലാഹു بِضُرٍّ വല്ല ഉപദ്രവത്തെയും فَلَا كَاشِفَ എന്നാല്‍ നീക്കം ചെയ്യുന്ന (തുറവിയാക്കുന്ന) ഒരാളുമില്ല لَهُ അതിനെ إِلَّا هُوَ അവനല്ലാതെ وَإِن يُرِدْكَ അവന്‍ നിനക്ക്‌ ഉദ്ദേശിക്കുന്നുവെങ്കിലോ بِخَيْرٍ വല്ല നന്‍മയെ (ഗുണത്തെ)യും فَلَا رَادَّ എന്നാല്‍ തട്ടിനീക്കുന്ന (തടുക്കുന്ന-തടയുന്ന) ഒരാളുമില്ല لِفَضْلِهِ അവന്‍റെ ദയവിനെ, അനുഗ്രഹത്തെ يُصِيبُ അവന്‍ എത്തിക്കും, ബാധിപ്പിക്കുന്നു بِهِ അതിനെ مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ مِنْ عِبَادِهِ അവന്‍റെ അടിയാന്മാരില്‍ നിന്ന്‌ وَهُوَ അവന്‍, അവനത്രെ الْغَفُورُ വളരെ പൊറുക്കുന്നവന്‍ الرَّحِيمُ കരുണാനിധി

ഇങ്ങിനെയുള്ള യാഥാര്‍ത്ഥ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ അല്ലാഹു അല്ലാത്ത ആരെയും, എന്തിനെയും വിളിച്ച്‌ പ്രാര്‍ത്ഥിക്കുവാനും, ആരാധിക്കുവാനും പാടില്ലെന്നും, അത്‌ അനീതിയും അക്രമവും നിഷ്‌ഫലവുമാണെന്നും കല്‍പിച്ചിരിക്കുന്നത്‌.

10:108
  • قُلْ يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَكُمُ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَنِ ٱهْتَدَىٰ فَإِنَّمَا يَهْتَدِى لِنَفْسِهِۦ ۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيْهَا ۖ وَمَآ أَنَا۠ عَلَيْكُم بِوَكِيلٍ ﴾١٠٨﴿
  • നീ പറയുക: 'ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍നിന്ന്‌ നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥം വന്നുകഴിഞ്ഞു. ആകയാല്‍, ആര്‍ നേര്‍മാര്‍ഗം പ്രാപിച്ചുവോ അവന്‍ തന്‍റെ സ്വന്തത്തി(ന്‍റെ ഗുണത്തി)ന്‌ വേണ്ടി മാത്രമാണ്‌ നേര്‍മാര്‍ഗം പ്രാപിക്കുന്നത്‌. ആര്‍ വഴി പിഴച്ചുപോയോ അവന്‍, അതിനെതിരില്‍ (ദോഷമായി) മാത്രമാണ്‌ വഴിപിഴക്കുന്നതും. ഞാന്‍ നിങ്ങളുടെ മേല്‍ (ഉത്തരവാദം) ഏല്‍പിക്കപ്പെട്ടവനൊന്നുമല്ല.
  • قُلْ നീ പറയുക يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ قَدْ جَاءَكُمُ നിങ്ങള്‍ക്ക്‌ വന്നിട്ടുണ്ട്‌ الْحَقُّ യഥാര്‍ത്ഥം مِن رَّبِّكُمْ നിങ്ങളുടെ റബ്ബില്‍ നിന്ന്‌ فَمَنِ اهْتَدَىٰ അതിനാല്‍ (എന്നാല്‍- അപ്പോള്‍) ആര്‍ നേര്‍മാര്‍ഗം പ്രാപിച്ചുവോ, വല്ലവനും സന്‍മാര്‍ഗം സ്വീകരിച്ചാല്‍ فَإِنَّمَا يَهْتَدِي എന്നാല്‍ അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നത്‌ لِنَفْسِهِ അവന്‍റെ സ്വന്തത്തിന്‌, ആത്മാവിന്‌ (മാത്രം-തന്നെ) وَمَن ضَلَّ ആര്‍ വഴിപിഴച്ചുവോ, ആരെങ്കിലും വഴി പിഴച്ചാല്‍ فَإِنَّمَا يَضِلُّ എന്നാലവന്‍ വഴി പിഴക്കുന്നത്‌ عَلَيْهَا അതിനെതിരില്‍ (മാത്രം-തന്നെ) وَمَا أَنَا ഞാനല്ലതാനും عَلَيْكُم നിങ്ങളുടെമേല്‍ بِوَكِيلٍ ഒരു ഏറ്റെടുത്തവനും, ഏല്‍പിക്കപ്പെട്ടവനൊന്നും
10:109
  • وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ وَٱصْبِرْ حَتَّىٰ يَحْكُمَ ٱللَّهُ ۚ وَهُوَ خَيْرُ ٱلْحَٰكِمِينَ ﴾١٠٩﴿
  • നിനക്ക്‌ 'വഹ്‌യ്‌' [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക: അല്ലാഹു വിധി (കല്‍പി)ക്കുന്നതുവരെ ക്ഷമിക്കുകയും ചെയ്യുക. അവനാകട്ടെ, വിധികര്‍ത്താക്കളില്‍ വെച്ച്‌ ഏറ്റവും ഉത്തമനത്രെ.
  • وَاتَّبِعْ നീ പിന്‍പറ്റുകയും ചെയ്യുക مَا يُوحَىٰ വഹ്‌യ്‌ നല്‍കപ്പെടുന്നതിനെ إِلَيْكَ നിനക്ക്‌, നിന്നിലേക്ക്‌ وَاصْبِرْ നീ ക്ഷമിക്കുകയും ചെയ്യുക حَتَّىٰ يَحْكُمَ വിധിക്കുന്നതുവരെ اللَّهُ അല്ലാഹു وَهُوَ അവന്‍, അവനാകട്ടെ خَيْرُ ഉത്തമനാണ്‌, ഏറ്റവും നല്ലവനാണ്‌ الْحَاكِمِينَ വിധികര്‍ത്താക്കളില്‍

ഈ സത്യനിഷേധികളില്‍ നിന്നുണ്ടാകുന്ന സ്വൈരക്കേടും, അക്രമങ്ങളും തല്‍ക്കാലം ക്ഷമാപൂര്‍വ്വം സഹിച്ചുകൊള്ളുക. താമസിയാതെ അല്ലാഹു അവരെ സംബന്ധിച്ച്‌ വേണ്ടുന്ന തീരുമാനവും നടപടിയും എടുക്കുവാന്‍ പോകുന്നുണ്ട്‌. അതോടെ അവരെക്കൊണ്ടുള്ള ശല്യം അവസാനിക്കും എന്ന്‌ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെയും സത്യവിശ്വാസികളെയും സമാധാനിപ്പിച്ചുകൊണ്ട്‌ അല്ലാഹു ഈ സൂറത്ത്‌ അവസാനിപ്പിക്കുകയാണ്‌.

اللهم لك الحمد ولك المنة والفضل