വിഭാഗം - 3

10:21
  • وَإِذَآ أَذَقْنَا ٱلنَّاسَ رَحْمَةً مِّنۢ بَعْدِ ضَرَّآءَ مَسَّتْهُمْ إِذَا لَهُم مَّكْرٌ فِىٓ ءَايَاتِنَا ۚ قُلِ ٱللَّهُ أَسْرَعُ مَكْرًا ۚ إِنَّ رُسُلَنَا يَكْتُبُونَ مَا تَمْكُرُونَ ﴾٢١﴿
  • മനുഷ്യര്‍ക്ക്‌ ബാധിച്ച വല്ല കഷ്‌ടതക്കും ശേഷം, അവര്‍ക്ക്‌ നാം ഒരു കാരുണ്യത്തെ ആസ്വദിപ്പിക്കുന്നതായാല്‍, അപ്പോള്‍ (അതാ) നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ അവര്‍ക്കൊരുതന്ത്രം! പറയുക : `അല്ലാഹു അതിവേഗം തന്ത്രം ചെയ്യുന്നവനാകുന്നു.' (ഹേ, തന്ത്രക്കാരേ,) നിശ്ചയമായും നമ്മുടെ ദൂതന്‍മാര്‍, നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌ രേഖപ്പെടുത്തുന്നതാണ്‌.
  • وَإِذَا أَذَقْنَا നാം ആസ്വദിപ്പിച്ചാല്‍, രുചി നോക്കിച്ചാല്‍ النَّاسَ മനുഷ്യരെ, മനുഷ്യര്‍ക്ക്‌ رَحْمَةً വല്ല കാരുണ്യവും مِّن بَعْدِ ശേഷമായി ضَرَّاءَ ഒരു (വല്ല) കഷ്‌ടതയുടെ مَسَّتْهُمْ അവരെ ബാധിച്ച, സ്‌പര്‍ശിച്ച إِذَا لَهُم അപ്പോള്‍ അവര്‍ക്ക്‌ (ഉണ്ടായിരിക്കും) مَّكْرٌ ഒരു തന്ത്രം (കുത്തിത്തിരിപ്പ്‌- വഞ്ചന) فِي آيَاتِنَا നമ്മുടെ ദൃഷ്‌ടാന്തങ്ങളില്‍ قُلِ പറയുക اللَّهُ അല്ലാഹു أَسْرَعُ അതി (കൂടുതല്‍) വേഗതയുളളവനാണ്‌ مَكْرًا തന്ത്രം, തന്ത്രത്തില്‍ إِنَّ رُسُلَنَا നിശ്ചയമായും നമ്മുടെ ദുതന്‍മാര്‍ يَكْتُبُونَ അവര്‍ എഴുതുന്നു, രേഖപ്പെടുത്തുന്നു مَا تَمْكُرُونَ നിങ്ങള്‍ തന്ത്രം പ്രവര്‍ത്തിക്കുന്നത്‌

മനുഷ്യരില്‍ പൊതുവെ കാണുന്ന മറ്റൊരു ദുഃസ്വഭാവമാണ്‌ ഈ വചനം ചൂണ്ടിക്കാട്ടുന്നത്‌. അതായത്‌, വല്ല കഷ്‌ടതയോ വിഷമമോ ബാധിച്ചു കഴിഞ്ഞശേഷം അല്ലാഹു വല്ല അനുഗ്രഹവും ചെയ്‌തുകൊടുത്താല്‍, അതിന്‌ നന്ദി കാണിക്കാതെ ഏതെങ്കിലും തരത്തില്‍ നന്ദികേട്‌ കാണിക്കുക. ഉദാഹരണമായി: കഠിനമായ ഒരു വരള്‍ച്ചയോ ക്ഷാമമോ പിടിപെട്ടശേഷം, നല്ല മഴ വര്‍ഷിച്ചു ഭൂമിയില്‍ വിളകള്‍ അഭിവൃദ്ധിപ്പെട്ടുവെന്ന്‌ വിചാരിക്കുക. അത്‌ തങ്ങളുടെ ദൈവങ്ങള്‍ കനിഞ്ഞതുകൊണ്ടാണെന്ന്‌ പറയും ഒരു കൂട്ടര്‍. ചിലര്‍ തങ്ങള്‍ വിളിച്ചു തേടാറുളള മഹാത്മാക്കളുടെ ബര്‍ക്കത്തായി അതിനെ വിശേഷിപ്പിക്കും. ഇന്നിന്ന നേര്‍ച്ചവഴിപാടുകളും ചടങ്ങുകളും നടത്തിയതു കൊണ്ടാണെന്ന്‌ വേറെ ചിലരും, ഇന്ന നക്ഷത്രവും രാശിയും യോജിച്ചതുകൊണ്ടാണെന്നും, പ്രകൃതി കനിഞ്ഞതാണെന്നും മറ്റും വേറെയും ചിലര്‍. ചുരുക്കത്തില്‍, അത്‌ അല്ലാഹു നല്‍കിയ ഒരനുഗ്രഹമാണെന്നോ അതിന്‌ നന്ദി കാണിക്കുകയാണ്‌ വേണ്ടതെന്നോ ഉളള ബോധം മിക്കവര്‍ക്കും ഉണ്ടായിരിക്കുകയില്ല.

ഇങ്ങിനെയുളളവരെ അല്ലാഹു താക്കീത്‌ ചെയ്യുന്നു: അല്ലാഹുവിന്‌ അതിവേഗം തന്ത്രം നടത്തുവാന്‍ കഴിയും, എന്‍റെ ദൂതന്‍മാര്‍ – മലക്കുകള്‍ – നിങ്ങളുടെ അത്തരം കുതന്ത്രങ്ങളെല്ലാം രേഖപ്പെടുത്തിവെക്കുന്നുണ്ട്‌ എന്ന്‌. അതായത്‌, നിങ്ങളുടെ ആ കുതന്ത്രങ്ങള്‍ക്ക്‌ അതിനെക്കാള്‍ വേഗതയിലും ശക്തിയിലും തന്ത്രപരമായ നടപടികള്‍ സ്വീകരിക്കുവാന്‍ അല്ലാഹുവിനു കഴിയും. പക്ഷേ, തല്‍ക്കാലം അവന്‍ നടപടിയൊന്നും എടുക്കാതെ വിടുകയാണ്‌ ചെയ്യുന്നത്‌. എന്നുവെച്ച്‌ നിങ്ങള്‍ രക്ഷപ്പെടുമെന്ന്‌ കരുതേണ്ട. പരലോകത്ത്‌ വെച്ച്‌ നിങ്ങളുടെമേല്‍ നടപടി എടുക്കുകതന്നെ ചെയ്യും. ഇത്‌ ഓര്‍മയിലിരിക്കട്ടെ! എന്നു താല്‍പര്യം.

10:22
  • هُوَ ٱلَّذِى يُسَيِّرُكُمْ فِى ٱلْبَرِّ وَٱلْبَحْرِ ۖ حَتَّىٰٓ إِذَا كُنتُمْ فِى ٱلْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا۟ بِهَا جَآءَتْهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلْمَوْجُ مِن كُلِّ مَكَانٍ وَظَنُّوٓا۟ أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا۟ ٱللَّهَ مُخْلِصِينَ لَهُ ٱلدِّينَ لَئِنْ أَنجَيْتَنَا مِنْ هَـٰذِهِۦ لَنَكُونَنَّ مِنَ ٱلشَّـٰكِرِينَ ﴾٢٢﴿
  • അവനത്രെ, കരയിലും, കടലിലും, നിങ്ങളെ നടത്തുന്നവന്‍. അങ്ങനെ, നിങ്ങള്‍ കപ്പലുകളിലായിരിക്കുമ്പോള്‍, നല്ല (അനുകൂലമുളള) തായ ഒരു കാറ്റ്‌ നിമിത്തം അവ അവരെ (യാത്രക്കാരെ)യും കൊണ്ട്‌ സഞ്ചരിക്കുകയും, അവരതില്‍ സന്തോഷമടയുകയും (ചെയ്യുമ്പോള്‍), (അതാ) അവര്‍ക്ക്‌ ഒരു കൊടുങ്കാറ്റ്‌ വന്നെത്തി! നാനാഭാഗത്തുനിന്നും അവര്‍ക്ക്‌ തിരമാല വന്നെത്തുകയും ചെയ്‌തു ; തങ്ങള്‍ വലയം ചെയ്യപ്പെട്ടു (നാശത്തിലകപ്പെട്ടു) വെന്ന്‌ അവര്‍ ധരിക്കുകയും ചെയ്‌തു. (അപ്പോള്‍) കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്‌കളങ്കമാക്കിയവരായിക്കൊണ്ട്‌ അവര്‍ അവനെ വിളി(ച്ചു പ്രാര്‍ത്ഥി) ക്കുകയായി: 'ഇതില്‍ നിന്ന്‌ ഞങ്ങളെ നീ രക്ഷപ്പെടുത്തിത്തരുന്ന പക്ഷം, തീര്‍ച്ചയായും ഞങ്ങള്‍ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിലായിരിക്കുകതന്നെ ചെയ്യും.'
  • هُوَ അവനത്രെ الَّذِي يُسَيِّرُكُمْ നിങ്ങളെ നടത്തുന്നവന്‍, സഞ്ചരിപ്പിക്കുന്നവന്‍ فِي الْبَرِّ കരയില്‍ وَالْبَحْرِ കടലിലും حَتَّىٰ അങ്ങനെ, (ഇതു) വരെ إِذَا كُنتُمْ നിങ്ങള്‍ ആയിരുന്നാല്‍, ആയിരിക്കുമ്പോള്‍ فِي الْفُلْكِ കപ്പലുകളില്‍ وَجَرَيْنَ അവ നടക്കുക (സഞ്ചരിക്കുക)യും بِهِم അവരെയും കൊണ്ട്‌, അവരുമായി بِرِيحٍ ഒരു കാറ്റ്‌ കൊണ്ട്‌, കാറ്റോടെ, കാറ്റു നിമിത്തം طَيِّبَةٍ നല്ലതായ, വിശിഷ്‌ടമായ وَفَرِحُوا അവര്‍ സന്തോഷം കൊള്ളുകയും بِهَا അതില്‍. അതിനെപ്പറ്റി جَاءَتْهَا അവര്‍ക്ക്‌ വരുന്നു, വന്നെത്തി رِيحٌ ഒരു കാറ്റ്‌ عَاصِفٌ കഠിനമായ, ഉഗ്രമായ, കടുത്ത وَجَاءَهُمُ അവര്‍ക്ക്‌ വരുകയും ചെയ്‌തു الْمَوْجُ തിര, തിരമാല, അല مِن كُلِّ مَكَانٍ എല്ലാ സ്ഥലത്തു നിന്നും (നാനാ ഭാഗത്തു നിന്നും) وَظَنُّوا അവര്‍ ധരിക്കുക (കരുതുക) യും ചെയ്‌തു أَنَّهُمْ തങ്ങള്‍ (ആകുന്നു) എന്ന്‌ أُحِيطَ بِهِمْ തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു (എന്ന്‌) دَعَوُا അവര്‍ വിളിച്ചു, പ്രാര്‍ത്ഥിക്കുകയായി اللَّهَ അല്ലാഹുവിനെ, അല്ലാഹുവിനോട്‌ مُخْلِصِينَ തനിച്ചാക്കി (നിഷ്‌കളങ്ക - മാത്രമാക്കി)യവരായിട്ട്‌ لَهُ അവന്‌ الدِّينَ കീഴ്‌വണക്കം, നടപടി, അനുസരണം, മതം لَئِنْ أَنجَيْتَنَا തീര്‍ച്ചയായും ഞങ്ങളെ നീ രക്ഷപ്പെടുത്തുന്ന പക്ഷം مِنْ هَٰذِهِ ഇതില്‍ നിന്ന്‌ لَنَكُونَنَّ ഞങ്ങള്‍ ആയിരിക്കുക തന്നെ ചെയ്യും مِنَ الشَّاكِرِينَ നന്ദി ചെയ്യുന്നവരില്‍ (പെട്ടവര്‍)
10:23
  • فَلَمَّآ أَنجَىٰهُمْ إِذَا هُمْ يَبْغُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ ۗ يَـٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغْيُكُمْ عَلَىٰٓ أَنفُسِكُم ۖ مَّتَـٰعَ ٱلْحَيَوٰةِ ٱلدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴾٢٣﴿
  • എന്നിട്ട്‌, അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോഴോ, അപ്പോഴതാ, അവര്‍ ന്യായമില്ലാതെ ഭൂമിയില്‍ ക്രമം തെറ്റിക്കൊണ്ടിരിക്കുന്നു! ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റല്‍ നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെത്തന്നെയായിരിക്കും (ഭവിക്കുന്നത്‌). (അതെ) ഐഹിക ജീവിതത്തിന്‍റെ (താല്‍ക്കാലിക) സുഖാനുഭവം! പിന്നീട്‌, നമ്മിലേക്കാണ്‌ നിങ്ങളുടെ മടങ്ങിവരവ്‌; അപ്പോള്‍, നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നാം നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്‌.
  • فَلَمَّا أَنجَاهُمْ എന്നിട്ട്‌ (എന്നാല്‍) അവരെ അവന്‍ രക്ഷപ്പെടുത്തിയപ്പോള്‍ إِذَا هُمْ അപ്പോള്‍ (അതാ) അവര്‍ يَبْغُونَ ക്രമം തെറ്റുന്നു, അക്രമം ചെയ്യുന്നു, അതിരു വിടുന്നു فِي الْأَرْضِ ഭൂമിയില്‍ بِغَيْرِ الْحَقِّ ന്യായം (കാര്യം- അവകാശം) ഇല്ലാതെ يَا أَيُّهَا النَّاسُ ഹേ, മനുഷ്യരേ إِنَّمَا بَغْيُكُمْ നിങ്ങളുടെ ക്രമം തെറ്റല്‍, അക്രമം, ധിക്കാരം (തന്നെ - മാത്രം) عَلَىٰ أَنفُسِكُم നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരെ, നിങ്ങളുടെ സ്വന്തം പേരില്‍ (മാത്രം- തന്നെ) مَّتَاعَ സുഖഭോഗം, ഉപകരണം, സുഖാനുഭവം الْحَيَاةِ ജീവിതത്തിന്‍റെ الدُّنْيَا ദുന്‍യാവിന്‍റെ, ഐഹിക مَرْجِعُكُمْ പിന്നെ നമ്മിലേക്കാണ്‌ നിങ്ങളുടെ മടക്കം, മടങ്ങി വരവ്‌ فَنُنَبِّئُكُم അപ്പോള്‍ നാം നിങ്ങളെ ബോധ്യപ്പെടുത്തും, വിവരമറിയിക്കും بِمَا كُنتُمْ നിങ്ങള്‍ ആയിരുന്നതിനെപ്പറ്റി تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കും

മനുഷ്യന്‍റെ നന്ദികേടിനെക്കുറിച്ചും, അല്ലാഹുവിന്‍റെ ദൃഷ്‌ടാന്തങ്ങളില്‍ അവര്‍ കുതന്ത്രം നടത്തുന്നതിനെക്കുറിച്ചും കഴിഞ്ഞ വചനത്തില്‍ പ്രസ്‌താവിച്ചു. അതിന്‌ നല്ലൊരു ഉദാഹരണം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു. കേവലം സാങ്കല്‍പികമായ ഒരു ഉദാഹരണമല്ല- മനുഷ്യരില്‍ നടന്നുകൊണ്ടിരിക്കുന്നതും, ഒരു വ്യാഖ്യാനത്തിന്‍റെയോ വിശദീകരണത്തിന്‍റെയോ സഹായംകൂടാതെത്തന്നെ മനസ്സിലാകുന്നതുമായ ഒരു ഉദാഹരണമത്രെ- അത്‌. ബഹുദൈവ വിശ്വാസികളില്‍ മാത്രമല്ല, ദൈവ നിഷേധികളില്‍പോലും ലോക നിയന്താവായ അല്ലാഹുവിന്‌ മാത്രമെ മനുഷ്യന്‌ യഥാര്‍ത്ഥത്തില്‍ സഹായം നല്‍കുവാന്‍ കഴിവുളളൂവെന്ന ബോധം ഒളിഞ്ഞിരിപ്പുണ്ടെന്ന്‌ മനസ്സിലാക്കാവുന്ന ഒരു ഉദാഹരണം കൂടിയാണിത്‌. തനി ഭൗതിക വാദികളായ ആളുകള്‍പോലും അല്ലാഹു ഈ ഉദാഹരണത്തില്‍ പ്രസ്‌താവിച്ചതുപോലെയുളള വല്ല അത്യാപത്തിലും അകപ്പെട്ടു ഗതിമുട്ടുമ്പോള്‍ ‘ദൈവമേ, ഈശ്വരാ, പടച്ചവനേ’ എന്നും മറ്റും വിളിച്ചു നിലവിളിക്കുന്നതും, മേല്‍പോട്ട്‌ കൈനീട്ടി രക്ഷക്കായി പ്രാര്‍ത്ഥിക്കുന്നതും ദുര്‍ലഭമല്ല.

സഅ്‌ദുബ്‌നുഅബീവക്ക്വാസ്വ്‌ (റ) പ്രസ്‌താവിച്ചതായി, അബൂദാവൂദ്‌, നസാഈ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു സംഭവത്തിന്‍റെ ചുരുക്കം ഇങ്ങിനെയാണ്‌: മക്കാ വിജയം ഉണ്ടായപ്പോള്‍, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്ന്‌ രക്ഷപ്പെടുവാന്‍വേണ്ടി ഇക്‌രിമത്തുബ്‌നു അബീജഹല്‍ (റ) സ്ഥലം വിട്ടോടിപ്പോയി. അദ്ദേഹം കപ്പല്‍കയറി യാത്രയായി. ഒരു കൊടുങ്കാറ്റു ബാധിച്ചു. കപ്പലിലുളള ഉദ്യോഗസ്ഥന്‍മാര്‍ കപ്പല്‍ യാത്രക്കാരോട്‌ പറഞ്ഞു : `നിങ്ങള്‍ നിഷ്‌കളങ്കമായി പ്രാര്‍ത്ഥന ചെയ്യുവിന്‍. ഇപ്പോള്‍ നിങ്ങളുടെ ദൈവങ്ങളൊന്നും ഉപകരിക്കുന്നതല്ല. ‘ അപ്പോള്‍, ഇക്‌രിമഃ (റ) പറഞ്ഞു: `നിഷ്‌കളങ്കതയല്ലാതെ (അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാര്‍ത്ഥിക്കലല്ലാതെ) സമുദ്രത്തില്‍ വെച്ച്‌ എന്നെ രക്ഷപ്പെടുത്തുകയില്ലെങ്കില്‍, കരയില്‍വെച്ചും അതല്ലാതെ എന്നെ രക്ഷപ്പെടുത്തുന്നതല്ല. അല്ലാഹുവേ! നിന്നോട്‌ ഞാന്‍ കരാര്‍ ചെയ്യുന്നു: എന്നെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തിയാല്‍ ഞാന്‍ മുഹമ്മദിന്‍റെ അടുക്കല്‍ ചെന്നു എന്‍റെ കൈ അദ്ദേഹത്തിന്‍റെ കൈയില്‍ വെക്കുന്നതാകുന്നു. (ഞാന്‍ മുസ്‌ലിമായി പ്രതിജ്‌ഞ നല്‍കാം) അദ്ദേഹം മാപ്പ്‌ നല്‍കുന്നവനും , മാന്യനുമായിട്ടാണ്‌ ഞാന്‍ കാണുന്നത്‌.’ അനന്തരം അദ്ദേഹം മടങ്ങിവന്ന്‌ മുസ്‌ലിമായി.

വിഗ്രഹാരാധകരായ ആ മുശ്‌രിക്കുകള്‍ പോലും അത്യാപത്ത്‌ വരുമ്പോള്‍, രക്ഷക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ അല്ലാഹുവിനോടായിരിക്കുമെന്നും, ആ സമയത്ത്‌ മറ്റാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുകയില്ലെന്നുമാണല്ലോ അല്ലാഹു ഈ വചനത്തില്‍ പ്രസ്‌താവിച്ചത്‌. എന്നാല്‍, മരണപ്പെട്ടവരോ ജീവിച്ചിരിക്കുന്നവരോ ആയ ചില മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിന്‌ – പ്രാര്‍ത്ഥന (دعاء) എന്നല്ലാതെ വേറൊരു പേര്‍ പറഞ്ഞുകൊണ്ട്‌- ഇസ്‌ലാമിന്‍റെ അംഗീകാരമുണ്ടെന്ന്‌ കരുതിവശായ ചില മുസ്‌ലിംകളുടെ സ്ഥിതി, ആ മുശ്‌രിക്കുകളെക്കാള്‍ വളരെ ശോചനീയമാണെന്ന്‌ അത്യധികം വ്യസനത്തോടുകൂടി പറയേണ്ടിയിരിക്കുന്നു. കാരണം, സാധാരണഗതിയില്‍ ഇവര്‍ പ്രാര്‍ത്ഥനകള്‍ ചെയ്യാറുളളത്‌ അല്ലാഹുവിനോടായിരിക്കുമെങ്കിലും ആപത്തുകള്‍ നേരിടുമ്പോള്‍, അല്ലാഹുവിനെ വിട്ടേച്ച്‌ ആ മഹാത്മാക്കളെയായിരിക്കും ഇവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുക. ഇതു സംബന്ധിച്ച്‌ അല്ലാമാ ആലൂസീ (റ) അദ്ദേഹത്തിന്‍റെ ‘റൂഹുല്‍ മആനീ’ എന്ന തഫ്‌സീറില്‍ പ്രസ്‌താവിച്ച ഒരു പ്രസ്‌താവന ഇവിടെ സ്‌മര്‍ത്തവ്യമത്രെ . അതിന്‍റെ ചുരുക്കം ഇങ്ങിനെ ഉദ്ധരിക്കാം: ‘…….ഏതായാലും, ആ സന്ദര്‍ഭത്തില്‍ മുശ്‌രിക്കുകള്‍ അല്ലാഹുവിനെയല്ലാതെ വിളിച്ചു പ്രാര്‍ത്ഥിക്കുകയില്ലെന്നാണ്‌ ഈ ആയത്ത്‌ കാട്ടിത്തരുന്നത്‌. നിനക്കറിയാം: ഇന്നു മനുഷ്യര്‍, അവര്‍ക്ക്‌ കരയിലോ കടലിലോ വെച്ച്‌ വല്ല അപായവും നേരിട്ടാല്‍, ഉപകാരവും ഉപദ്രവവും ചെയ്യാത്തവരും, കാണുകയും കേള്‍ക്കുകയും ചെയ്യാത്തവരുമായ ആളുകളെയാണ്‌ വിളിക്കുകയെന്ന്‌. ചിലര്‍ ഖിദ്‌്വര്‍, ഇല്‍യാസ്‌ (അ) എന്നിവരെയും, ചിലര്‍ വേറെ ചിലരെയും , മറ്റുചിലര്‍ ഏതെങ്കിലും ഇമാമിനെയോ അല്ലെങ്കില്‍ ശൈഖിനെയോ ആയിരിക്കും വിളിക്കുക. അല്ലാഹുവിനോട്‌ ഭക്തി അര്‍പ്പിച്ചുകൊണ്ട്‌ പ്രാര്‍ത്ഥിക്കുന്നവരും, ആ വിചാരം മനസ്സില്‍ തോന്നുന്നവരും കുറവായിരിക്കും. അപ്പോള്‍, ഈ രണ്ടു കൂട്ടരില്‍ ആരാണ്‌ കൂടുതല്‍ നേര്‍മാര്‍ഗികളെന്ന്‌ ആലോചിച്ചുനോക്കുക! അല്ലാഹുവില്‍ ശരണം!’ ഇതേ സാരത്തിലുളള ഒരു പ്രസ്‌താവന അല്ലാമാ ശൗകാനീ (റ) അദ്ദേഹത്തിന്‍റെ ‘ഫത്‌ഹുല്‍ ക്വദീറി’ ലും പ്രസ്‌താവിച്ചുകാണാം. എന്നിട്ടദ്ദേഹം പറയുകയാണ്‌: ‘ഈ പൈശാചിക വിശ്വാസം അവരെ എവിടെ എത്തിച്ചുവെന്നും, അവര്‍ എവിടെ എത്തിയെന്നും, ആലോചിച്ചുനോക്കുക!’

يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَىٰ أَنفُسِكُم (ഹേ, മനുഷ്യരേ, നിങ്ങളുടെ ക്രമം തെറ്റല്‍ – ധിക്കാരം – നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും ഭവിക്കുക) എന്ന വാക്യത്തിലെ താക്കീത്‌ വളരെ ശ്രദ്ധാപൂര്‍വ്വം മനസ്സിരുത്തേണ്ട ഒരു താക്കീതത്രെ. പാപങ്ങളിലും, അക്രമങ്ങളിലും അതിരുകവിയുന്ന ധിക്കാരികള്‍ പരലോകശിക്ഷക്ക്‌ പുറമേ ഇഹത്തില്‍വെച്ച്‌ തന്നെ അതിന്‍റെ തിരിച്ചടിയെ നേരിടേണ്ടിവരുമെന്നാണ്‌ അതിലെ സൂചന. അധികാരവും, സ്വാധീനവും നിമിത്തം തോന്നിയവാസത്തിലും അക്രമത്തിലും അതിരുകവിഞ്ഞ ധിക്കാരികള്‍ ഈ ജീവിതത്തില്‍ വെച്ചുതന്നെ അതിന്‍റെ തിരിച്ചടി അനുഭവിച്ചതിന്‍റെ എത്രയോ ഉദാഹരണങ്ങള്‍ ചരിത്രഗ്രന്‌ഥങ്ങളില്‍ കാണാവുന്നതാകുന്നു. ഇമാം അഹ്‌മദ്‌, ബുഖാരീ (റ) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം സ്‌മരണീയമാണ്‌; ‘പാപം ചെയ്‌തവന്‌ പരലോകത്തുവെച്ച്‌ നല്‍കുവാന്‍ കരുതിവെക്കപ്പെട്ട ശിക്ഷക്കുപുറമെ, ഇഹത്തില്‍വെച്ചുതന്നെ ശിക്ഷ നല്‍കപ്പെടുവാന്‍ ധിക്കാരത്തെക്കാളും , കുടുംബബന്ധം മുറിക്കലിനെക്കാളും അവകാശപ്പെട്ടതായി മറ്റൊന്നില്ല.’ അബൂശൈഖ്‌, ഖത്വീബ്‌, അബൂനുഅയ്‌മ്‌, ദൈലമി(റ) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീഥിന്‍റെ സാരം ഇതാണ്‌: ‘മൂന്നു കാര്യങ്ങള്‍ അവയുടെ ആള്‍ക്കാരില്‍ തന്നെ തിരിച്ചടിക്കുന്നതാണ്‌; അതായത്‌: കുതന്ത്രവും, (പ്രതിജ്ഞ) ലംഘനവും, ധിക്കാരവും (المكر والنكث والبغى). പിന്നീട്‌ (ഈ മൂന്നിനും തെളിവായിക്കൊണ്ട്‌) നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ക്വുര്‍ആന്‍ വചനങ്ങള്‍ ഓതുകയും ചെയ്‌തു: ….يَا أَيُّهَا النَّاسُ (ഹേ , മനുഷ്യരേ, നിങ്ങളുടെ ധിക്കാരം നിങ്ങളുടെ സ്വന്തങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും)

وَلَا يَحِيقُ الْمَكْرُ السَّيِّئُ إِلَّا بِأَهْلِهِ (ദുഷിച്ച കുതന്ത്രം അതിന്‍റെ ആള്‍ക്കാരിലല്ലാതെ വന്നു ഭവിക്കുകയില്ല. (35:43),

فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ (ആരെങ്കിലും പ്രതിജ്ഞ ലംഘിച്ചാല്‍, അവന്‍ തനിക്കെതിരായിത്തന്നെയാണ്‌ ലംഘിക്കുന്നത്‌. (48:10).

10:24
  • إِنَّمَا مَثَلُ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَـٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ مِمَّا يَأْكُلُ ٱلنَّاسُ وَٱلْأَنْعَـٰمُ حَتَّىٰٓ إِذَآ أَخَذَتِ ٱلْأَرْضُ زُخْرُفَهَا وَٱزَّيَّنَتْ وَظَنَّ أَهْلُهَآ أَنَّهُمْ قَـٰدِرُونَ عَلَيْهَآ أَتَىٰهَآ أَمْرُنَا لَيْلًا أَوْ نَهَارًا فَجَعَلْنَـٰهَا حَصِيدًا كَأَن لَّمْ تَغْنَ بِٱلْأَمْسِ ۚ كَذَٰلِكَ نُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَتَفَكَّرُونَ ﴾٢٤﴿
  • ഐഹിക ജീവിതത്തിന്‍റെ ഉദാഹരണം, ആകാശത്തു നിന്ന്‌ നാം ഇറക്കിയ ഒരു വെളളം പോലെ മാത്രമാകുന്നു. എന്നിട്ട്‌, മനുഷ്യരും കാലികളും ഭക്ഷിക്കുന്ന തരത്തിലുളള ഭൂമിയിലെ ചെടി(കള്‍) അതുമൂലം ഇടകലര്‍ന്നു. അങ്ങനെ, ഭൂമി അതിന്‍റെ മോടി സ്വീകരിക്കുകയും, അത്‌ അലങ്കൃതമാകുകയും ചെയ്‌തപ്പോള്‍, തങ്ങള്‍ അതി(ന്‍റെ ഉപയോഗമെടുക്കുന്നതി)നു കഴിവുളളവരാണെന്ന്‌ അതിലെ ആള്‍ക്കാര്‍ ധരിക്കുകയും ചെയ്‌ത(പ്പോള്‍), രാത്രിയിലോ പകലിലോ അതിന്‌ നമ്മുടെ കല്‍പന വന്നെത്തി. അങ്ങനെ, നാം അതിനെ (അതിലെ വിളയെ) കൊയ്‌തെടുക്കപ്പെട്ടതു (പോലെ) - തലേദിവസം അത്‌ ഉണ്ടായിരുന്നിട്ടില്ലാത്തതുപോലെ - ആക്കിത്തീര്‍ത്തു. അപ്രകാരം, ചിന്തിക്കുന്ന ജനങ്ങള്‍ക്കുവേണ്ടി നാം 'ആയത്തു' [ദൃഷ്‌ടാന്തം]കള്‍ വിശദീകരിക്കുന്നു.
  • إِنَّمَا നിശ്ചയമായും തന്നെ (മാത്രം) مَثَلُ ഉദാഹരണം, ഉപമ الْحَيَاةِ ജീവിതത്തിന്‍റെ الدُّنْيَا ദുന്‍യാവിന്‍റെ (ഐഹിക) كَمَاءٍ ഒരു വെളളം (ജലം) പോലെയാണ്‌ أَنزَلْنَاهُ നാം അതിനെ ഇറക്കി, ഇറക്കിയ مِنَ السَّمَاءِ ആകാശത്ത്‌ നിന്ന്‌ فَاخْتَلَطَ എന്നിട്ട്‌ കലര്‍ന്നു بِهِ അതുമൂലം نَبَاتُ ചെടി(കള്‍) الْأَرْضِ ഭൂമിയിലെ مِمَّا يَأْكُلُ തിന്നുന്നതില്‍പെട്ട (ഭക്ഷിക്കുന്ന തരത്തിലുളള) النَّاسُ മനുഷ്യര്‍ وَالْأَنْعَامُ കാലികളും حَتَّىٰ വരെ(ഓളം), അങ്ങിനെ إِذَا أَخَذَتِ എടുത്തപ്പോള്‍, സ്വീകരിച്ചപ്പോള്‍ الْأَرْضُ ഭൂമി زُخْرُفَهَا അതിന്‍റെ മോടി وَازَّيَّنَتْ അത്‌ അലങ്കൃതമാക്കുക (ഭംഗിയാക്കുക) യും وَظَنَّ കരുതുകയും, ധരിക്കുകയും أَهْلُهَا അതിന്‍റെ ആള്‍ക്കാര്‍ أَنَّهُمْ അവര്‍ എന്ന്‌ قَادِرُونَ കഴിവുളളവരാണ്‌ (എന്ന്‌) عَلَيْهَا അതിന്‍മേല്‍, അതിന്‌ أَتَاهَا അതിന്‌ വന്നു (എത്തി) أَمْرُنَا നമ്മുടെ കല്‍പന لَيْلًا രാത്രി أَوْ نَهَارًا അല്ലെങ്കില്‍ പകല്‍ فَجَعَلْنَاهَا എന്നിട്ട്‌ (അങ്ങിനെ) നാം അതിനെയാക്കി حَصِيدًا കൊയ്‌തെടുക്കപ്പെട്ടത്‌ كَأَن لَّمْ تَغْنَ അത്‌ ധന്യമാകാത്ത (ഉണ്ടാവാത്ത) പോലെ بِالْأَمْسِ ഇന്നലെ, തലേന്ന്‌ كَذَٰلِكَ അപ്രകാരം, അതുപോലെ نُفَصِّلُ നാം വിശദീകരിക്കുന്നു الْآيَاتِ ആയത്തുകള്‍, ലക്ഷ്യങ്ങളെ, ദൃഷ്‌ടാന്തങ്ങളെ لِقَوْمٍ ഒരു ജനതക്ക്‌, ജനങ്ങള്‍ക്ക്‌ يَتَفَكَّرُونَ ചിന്തിക്കുന്ന, ഉറ്റാലോചിക്കുന്ന

ആകാശത്ത്‌ നിന്ന്‌ ഒരു മഴ പെയ്‌തു ഭൂമിയില്‍ നാനാതരം സസ്യലതാദികള്‍ തഴച്ചു വളരുകയും, ഭൂമിക്ക്‌ ഭംഗിയും മോടിയും കൂടുകയും, ഫലമെടുക്കുമാറായെന്ന്‌ ഉടമസ്ഥന്‍മാര്‍ കരുതിക്കൊണ്ടിരിക്കുകയും ചെയ്‌തഘട്ടത്തില്‍, ഓര്‍ക്കാപുറത്ത്‌ പെട്ടെന്ന്‌ വല്ല അത്യാഹിതവും ബാധിച്ചു- അവിടെ മുമ്പ്‌ വിളയൊന്നും ഉണ്ടായിരുന്നില്ലെന്ന്‌ തോന്നുമാറ്‌- അതിലെ വിള മുഴുവന്‍ നശിച്ചുപോയി. ഇതുപോലെയാണ്‌ ഐഹിക ജീവിതത്തിന്‍റെ സ്ഥിതി. സുഖസൗകര്യങ്ങളും അലങ്കാര ഭൂഷണങ്ങളും കണ്‍മുമ്പില്‍ കാണുമ്പോള്‍ അത്‌ വളരെ ആകര്‍ഷകവും കാമ്യവുമായിത്തോന്നും. സമ്പൂര്‍ണമാണ്‌, ശാശ്വതമാണ്‌ എന്നൊക്കെ ആള്‍ക്കാര്‍ കരുതിക്കൊണ്ടിരിക്കെ, പെട്ടെന്നൊരിക്കല്‍ അതെല്ലാം അപ്പാടെ നഷ്‌ടപ്പെട്ടുപോകുകയായി. ഒന്നുകില്‍ വിഭവങ്ങളും സമ്പത്തും നശിക്കുന്നു, അല്ലെങ്കില്‍ ഉടമസ്ഥന്‍ നശിക്കുന്നു. രണ്ടായാലും ഫലം ഒന്നാണല്ലോ. ഐഹികമായ സുഖസൗകര്യങ്ങള്‍ എത്ര മഹത്തരമായിരുന്നാലും അതിന്‌ നിലനില്‍പില്ല. താല്‍ക്കാലികവും നശ്വരവുമാണത്‌. ആകയാല്‍ അതിന്‌ അമിതമായ വില കല്‍പിക്കുകയോ, അതിനുവേണ്ടി അനശ്വരവും അത്യുത്തമവുമായ പരലോകജീവിതം നഷ്‌ടപ്പെടുത്തുകയോ ചെയ്യരുത്‌ എന്ന്‌ സാരം. ഐഹികജീവിതത്തിന്‍റെ സ്ഥിതി ഇതാണെങ്കില്‍, പ്രാധാന്യം കല്‍പിക്കേണ്ടുന്ന ജീവിതം ഏതാണെന്ന്‌ അല്ലാഹു ചുണ്ടിക്കാട്ടുന്നു:-

10:25
  • وَٱللَّهُ يَدْعُوٓا۟ إِلَىٰ دَارِ ٱلسَّلَـٰمِ وَيَهْدِى مَن يَشَآءُ إِلَىٰ صِرَٰطٍ مُّسْتَقِيمٍ ﴾٢٥﴿
  • അല്ലാഹുവാകട്ടെ, ശാന്തിയുടെ ഭവനത്തിലേക്ക്‌ ക്ഷണിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ചൊവ്വായ പാതയിലേക്ക്‌ വഴി ചേര്‍ക്കുകയും ചെയ്യുന്നു.
  • وَاللَّهُ അല്ലാഹു, അല്ലാഹുവാകട്ടെ يَدْعُو അവന്‍ ക്ഷണിക്കുന്നു, വിളിക്കുന്നു إِلَىٰ دَارِ ഭവനത്തിലേക്ക്‌, വീട്ടിലേക്ക്‌ السَّلَامِ ശാന്തിയുടെ, സമാധാനത്തിന്‍റെ وَيَهْدِي അവന്‍ വഴി ചേര്‍ക്കുന്നു (കാട്ടുന്നു), സന്‍മാര്‍ഗം നല്‍കുന്നു مَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവരെ, ഉദ്ദേശിക്കുന്നവര്‍ക്ക്‌ إِلَىٰ صِرَاطٍ പാതയിലേക്ക്‌, വഴിയിലേക്ക്‌ مُّسْتَقِيمٍ ചൊവ്വായ, നേരെയുളള

നാശം ഭവിക്കാത്ത, ആപത്തും കാലദോഷവും ബാധിക്കാത്ത, അവര്‍ണനീയമായ സുഖസൗകര്യങ്ങളോടുകൂടി കാലാകാലം നിലനില്‍ക്കുന്ന ഭവനത്തിലേക്കാണ്‌- അതെ, സമാധാനവും ശാന്തിയുമേകുന്ന സ്വര്‍ഗലോക ജീവിതത്തിലേക്കാണ്‌- അല്ലാഹു മനുഷ്യരെ ക്ഷണിക്കുന്നത്‌. അതാണ്‌ ഏതു നിലക്കും ഈ ജീവിതത്തെക്കാള്‍ ഉത്തമവും ശേഷിക്കുന്നതും. അത്‌ നേടാനായിരിക്കണം മത്സരം. (وَفِي ذَلِكَ فَلْيَتَنَافَسِ مُتَنَافِسُونَ)

അല്ലാഹു ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ പാതയിലേക്ക്‌ വഴികാട്ടുന്നുവെന്ന്‌ പറഞ്ഞതിന്‍റെ അര്‍ത്ഥം , ഒരു വ്യവസ്ഥയും അടിസ്ഥാനവുമില്ലാതെ കുറേ ആളുകളെ ചീത്തപ്പെട്ടവരും., കുറേ ആളുകളെ നല്ലവരും ആക്കിവിടുമെന്നല്ലെന്നും, അവന്‍ നിശ്ചയിച്ചറിയിച്ചുകൊടുത്ത സല്‍പാതയില്‍ ചരിക്കുവാന്‍ തയ്യാറുളളവരെ സന്‍മാര്‍ഗികളും നല്ലവരും, തയ്യാറില്ലാത്തവരെ ചീത്തപ്പെട്ടവരും ദുര്‍മാര്‍ഗികളും ആക്കുകയാണവന്‍ ചെയ്യുകയെന്നും ഒന്നിലധികം സ്ഥലങ്ങളില്‍ നാം മുമ്പ്‌ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

10:26
  • لِّلَّذِينَ أَحْسَنُوا۟ ٱلْحُسْنَىٰ وَزِيَادَةٌ ۖ وَلَا يَرْهَقُ وُجُوهَهُمْ قَتَرٌ وَلَا ذِلَّةٌ ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلْجَنَّةِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢٦﴿
  • നന്‍മ ചെയ്‌തവര്‍ക്ക്‌ ഏറ്റവും നല്ലതും [നല്ല പ്രതിഫലവും] കൂടുതലും ഉണ്ടായിരിക്കും. ഇരുളാകട്ടെ, നിന്ദ്യതയാകട്ടെ, അവരുടെ മുഖങ്ങളെ മൂടുകയില്ല. [അവര്‍ക്ക്‌ മ്ലാനതയും അപമാനവും ബാധിക്കുകയില്ല]. അവര്‍ സ്വര്‍ഗത്തിന്‍റെ ആള്‍ക്കാരാകുന്നു; അവര്‍ അതില്‍ നിത്യവാസികളായിരിക്കും.
  • لِّلَّذِينَ أَحْسَنُوا നന്‍മ പ്രവര്‍ത്തിച്ചവര്‍ക്ക്‌ الْحُسْنَىٰ ഏറ്റവും നല്ലത്‌ وَزِيَادَةٌ വര്‍ദ്ധനവും, കൂടുതലും وَلَا يَرْهَقُ മൂടുകയുമില്ല, ചേരുകയുമില്ല وُجُوهَهُمْ അവരുടെ മുഖങ്ങളെ قَتَرٌ ഇരുള്‍ (കറുപ്പ്‌) പൊടിപടലം وَلَا ذِلَّةٌ നിന്ദ്യതയുമില്ല أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ ആള്‍ക്കാരാണ്‌, ഉടയവരാണ്‌ الْجَنَّةِ സ്വര്‍ഗത്തിന്‍റെ هُمْ അവര്‍ فِيهَا അതില്‍ خَالِدُونَ ശാശ്വതന്‍മാരാണ്‌, സ്‌ഥിരവാസികളാണ്‌
10:27
  • وَٱلَّذِينَ كَسَبُوا۟ ٱلسَّيِّـَٔاتِ جَزَآءُ سَيِّئَةٍۭ بِمِثْلِهَا وَتَرْهَقُهُمْ ذِلَّةٌ ۖ مَّا لَهُم مِّنَ ٱللَّهِ مِنْ عَاصِمٍ ۖ كَأَنَّمَآ أُغْشِيَتْ وُجُوهُهُمْ قِطَعًا مِّنَ ٱلَّيْلِ مُظْلِمًا ۚ أُو۟لَـٰٓئِكَ أَصْحَـٰبُ ٱلنَّارِ ۖ هُمْ فِيهَا خَـٰلِدُونَ ﴾٢٧﴿
  • തിന്‍മകള്‍ സമ്പാദിച്ചുവെച്ചവരാകട്ടെ, തിന്‍മയുടെ പ്രതിഫലം അതിന്‌ തുല്യമായതുകൊണ്ടായിരിക്കും: നിന്ദ്യത അവരെ മൂടുകയും ചെയ്യും. അല്ലാഹുവില്‍ നിന്ന്‌ അവരെ രക്ഷിക്കുന്ന ഒരാളുമില്ല. ഇരുളടഞ്ഞു കൊണ്ടുളള രാത്രിയില്‍ നിന്നും (കുറേ) കഷ്‌ണങ്ങളാല്‍ അവരുടെ മുഖങ്ങള്‍ മൂടിയിടപ്പെട്ടപോലെയിരിക്കും. അക്കൂട്ടര്‍ നരകത്തിന്‍റെ ആള്‍ക്കാരാകുന്നു; അവരതില്‍ നിത്യവാസികളായിരിക്കും.
  • وَالَّذِينَ كَسَبُوا സമ്പാദിച്ചവര്‍, ചെയ്‌തുവെച്ചവര്‍ السَّيِّئَاتِ തിന്‍മകളെ جَزَاءُ പ്രതിഫലം, കൂലി سَيِّئَةٍ തിന്‍മയുടെ بِمِثْلِهَا അതുപോലെത്തന്നെ, അതിന്‌ തുല്യമാണ്‌ وَتَرْهَقُهُمْ അവരെ മൂടും, ذِلَّةٌ നിന്ദ്യത, എളിമ مَّا لَهُم അവര്‍ക്കില്ല مِّنَ اللَّهِ അല്ലാഹുവിങ്കല്‍ നിന്ന്‌ مِنْ عَاصِمٍ ഒരു രക്ഷകനും, രക്ഷപ്പെടുത്തുന്ന ഒരാളും كَأَنَّمَا أُغْشِيَتْ മൂടിയിടപ്പെട്ടപോലെ وُجُوهُهُمْ അവരുടെ മുഖങ്ങള്‍ قِطَعًا കഷ്‌ണങ്ങള്‍, തുണ്ടങ്ങള്‍ مِّنَ اللَّيْلِ രാത്രിയില്‍ നിന്നുളള, രാത്രിയുടെ مُظْلِمًا ഇരുളടഞ്ഞ നിലയില്‍ أُولَٰئِكَ അക്കൂട്ടര്‍ أَصْحَابُ النَّارِ നരകക്കാരാകുന്നു هُمْ فِيهَا അവര്‍ അതില്‍ خَالِدُونَ സ്ഥിരവാസികളാകുന്നു, ശാശ്വതരാണ്‌

دَارُ السلام (സമാധാനത്തിന്‍റെ ഭവനം) ആകുന്ന സ്വര്‍ഗത്തിലേക്കാണ്‌ അല്ലാഹു ജനങ്ങളെ ക്ഷണിക്കുന്നതെന്ന്‌ കഴിഞ്ഞ വചനത്തില്‍ പറഞ്ഞു. ആ ഭവനം ആര്‍ക്കാണ്‌ ലഭിക്കുകയെന്നും, അവിടെ അവരുടെ സ്ഥിതിയെന്തായിരിക്കുമെന്നും ആദ്യത്തെ വചനത്തില്‍ വിവരിക്കുന്നു. തുടര്‍ന്നുകൊണ്ട്‌ അല്ലാഹു സദാ താക്കീത്‌ ചെയ്‌തുകൊണ്ടിരിക്കുന്ന നിന്ദ്യതയുടെ ഭവനമാകുന്ന നരകം ആര്‍ക്കാണ്‌ ലഭിക്കുകയെന്നും, അവരുടെ സ്ഥിതി എന്തായിരിക്കമെന്നും രണ്ടാമത്തെ വചനത്തിലും വിവരിക്കുന്നു. ഓരോ നന്‍മക്കും ചുരുങ്ങിയത്‌ അതിന്‍റെ പത്തിരട്ടിയും, എഴുനൂറിരട്ടിവരെയും പ്രതിഫലം നല്‍കപ്പെടുമെന്നും, അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക്‌ അതിലും കൂടുതല്‍ ഇരട്ടി ലഭിക്കുമെന്നും അല്ലാഹു വാഗ്‌ദാനം ചെയ്‌തിട്ടുളളതാണ്‌. (2:261) അതാണ്‌ الحسنى (ഏറ്റവും നല്ല പ്രതിഫലം) എന്ന വാക്ക്‌ സൂചിപ്പിക്കുന്നത്‌. ഇരട്ടിക്കണക്കിലും കവിഞ്ഞതും, അതിനെക്കാള്‍ ഉപരിയായതുമായ വേറെയും മഹത്തായ അനുഗ്രഹങ്ങള്‍ ലഭിക്കുവാനിരിക്കുന്നുവെന്നത്രെ وزيادة (കൂടുതലും ഉണ്ട്‌) എന്ന വാക്ക്‌ കാണിക്കുന്നത്‌.

ഈ ‘കൂടുതല്‍’ എന്താണെന്ന്‌ അല്ലാഹു ഇവിടെ വ്യക്തമാക്കിയിട്ടില്ല. അല്ലാഹുവിന്‍റെ തിരുമുല്‍കാഴ്‌ചയാണതു കൊണ്ട്‌ ഉദ്ദേശ്യമെന്നും, അതില്‍ കവിഞ്ഞൊരു മഹാഭാഗ്യം വേറെയില്ലെന്നും പല ഹദീഥുകളില്‍ നിന്നും , രിവായത്തുകളില്‍ നിന്നും വ്യക്തമാകുന്നു.അബൂബക്‌ര്‍, ഹുദൈഫത്തുബ്‌നുല്‍യമാന്‍, ഇബ്‌നു അബ്ബാസ്‌, സഈദുബ്‌നുല്‍ മുസയ്യബ്‌, അബ്‌ദുര്‍റഹ്‌മാനുബ്‌നുഅബീലൈല, മുജാഹിദ്‌, ഇക്‌രിമഃ, ദ്വഹ്‌ഹാക്‌, ഹസന്‍, ക്വത്താദഃ സുദ്ദി (റ) തുടങ്ങിയ സഹാബികളും , താബിഉകളുമായ പല മഹാന്‍മാരില്‍ നിന്നും ഇത്‌ രിവായത്ത്‌ ചെയ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യില്‍ നിന്നു വന്ന ഹദീഥുകളില്‍ ഒന്ന്‌ ഇപ്രകാരമാകുന്നു: لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ (നന്‍മ ചെയ്‌തവര്‍ക്ക്‌ ഏറ്റവും നല്ല പ്രതിഫലവും കൂടുതലും ഉണ്ടായിരിക്കും എന്ന്‌ ഓതിക്കൊണ്ട്‌ തിരുമേനി പറഞ്ഞു: ‘സ്വര്‍ഗക്കാര്‍ സ്വര്‍ഗത്തിലും, നരകക്കാര്‍ നരകത്തിലും പ്രവേശിച്ചാല്‍ ഒരാള്‍ വിളിച്ചു പറയും: സ്വര്‍ഗക്കാരേ, അല്ലാഹു നിങ്ങള്‍ക്ക്‌ നല്‍കിയ ഒരു വാഗ്‌ദാനമുണ്ട്‌. അതവന്‍ നിറവേറ്റുവാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ അവര്‍ പറയും: എന്താണത്‌? അവന്‍ ഞങ്ങളുടെ (സല്‍ക്കര്‍മങ്ങളുടെ) തൂക്കങ്ങളെ ഘനപ്പടുത്തി തന്നില്ലേ?! ഞങ്ങളുടെ മുഖങ്ങളെ അവന്‍ വെളുപ്പിച്ചു (സന്തോഷിപ്പിച്ചു) തരുകയും ചെയ്‌തില്ലേ?! ഞങ്ങളെ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും, നരകത്തില്‍ നിന്ന്‌ കാത്തുരക്ഷിക്കുകയും ചെയ്‌തിട്ടില്ലേ! (എനി, വേറെ വാഗ്‌ദാനങ്ങളൊന്നും ഇല്ലല്ലോ) അപ്പോള്‍ അവര്‍ക്ക്‌ മറ നീക്കപ്പെടും. അവര്‍ അല്ലാഹുവിനെ നോക്കിക്കാണും അപ്പോള്‍ അവനെ നോക്കിക്കാണുന്നതിനെക്കാള്‍ ഇഷ്‌ടപ്പെട്ടതോ, കണ്ണുകള്‍ക്ക്‌ ആനന്ദം നല്‍കുന്നതോ ആയി മറ്റൊന്നും തന്നെ അവര്‍ക്ക്‌ ഉണ്ടായിരിക്കയില്ല. (അഹ്‌മദ്‌, മുസ്‌ലിം, മുതലായ പലരും) (*)

എന്നാല്‍, തിന്മയുടെ പ്രതിഫലമാകട്ടെ, അതില്‍ വര്‍ദ്ധനവിന്‍റെ പ്രശ്‌നമേ ഇല്ല. ഒരു തിന്മക്ക്‌ അതിനു തക്ക പ്രതിഫലം മാത്രം. ഈ സംഗതി ഇവിടെ മാത്രമല്ല, ക്വുര്‍ആനില്‍ പലേടത്തും അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതാകുന്നു. അതു പോലെത്തന്നെ, സത്യവിശ്വാസികളുടെയും സല്‍ക്കര്‍മികളുടെയും മുഖങ്ങള്‍ അന്ന്‌ വെളുത്തതും പ്രസന്നവും സന്തോഷമയവുമായിരിക്കുമെന്നും, അവിശ്വാസികളുടെയും കുറ്റവാളികളുടെയും മുഖങ്ങള്‍ അന്ന്‌ ഇരുണ്ടതും മ്‌ളാനവും ചുളിഞ്ഞതുമായിരിക്കുമെന്നും പല സ്ഥലത്തും കാണാവുന്നതാകുന്നു. അല്ലാഹു തുടരുന്നു:-


(*) ഈ തിരുദര്‍ശനത്തെപ്പറ്റി സൂഃ ക്വിയാമഃ 22-25 ന്‍റെ വ്യാഖ്യാനത്തില്‍ കൂടുതല്‍ വിവരം കാണാവുന്നതാണ്‌.

10:28
  • وَيَوْمَ نَحْشُرُهُمْ جَمِيعًا ثُمَّ نَقُولُ لِلَّذِينَ أَشْرَكُوا۟ مَكَانَكُمْ أَنتُمْ وَشُرَكَآؤُكُمْ ۚ فَزَيَّلْنَا بَيْنَهُمْ ۖ وَقَالَ شُرَكَآؤُهُم مَّا كُنتُمْ إِيَّانَا تَعْبُدُونَ ﴾٢٨﴿
  • അവരെ മുഴുവനും നാം ഒരുമിച്ച്‌ കൂട്ടുകയും, പിന്നീട്‌, (അല്ലാഹുവിനോട്‌) പങ്കുചേര്‍ത്തിയിട്ടുളളവരോട്‌ നാം (ഇങ്ങിനെ) പറയുകയും ചെയ്യുന്ന ദിവസം!. നിങ്ങളും, (നിങ്ങളുണ്ടാക്കിയ) നിങ്ങളുടെ പങ്കാളികളും നിങ്ങളുടെ സ്ഥാനത്ത്‌ നില്‍ക്കുക [സ്ഥലം വിടരുത്‌] എന്നിട്ട്‌ അവര്‍ക്കിടയില്‍ നാം വേര്‍പ്പെടുത്തും. അവരുടെ പങ്കാളികള്‍ (അവരോട്‌) പറയുകയും ചെയ്യും:' നിങ്ങള്‍ ഞങ്ങളെ ആയിരുന്നില്ല ആരാധിച്ചിരുന്നത്‌.
  • وَيَوْمَ ദിവസം نَحْشُرُهُمْ നാമവരെ ഒരുമിച്ചുകൂട്ടുന്ന جَمِيعًا മുഴുവന്‍, എല്ലാവരെയും ثُمَّ نَقُولُ പിന്നെ നാം പറയും لِلَّذِينَ أَشْرَكُوا ശിര്‍ക്ക്‌ (പങ്കു ചേര്‍ക്കല്‍) ചെയ്‌തവരോട്‌ مَكَانَكُمْ നിങ്ങളുടെ (സ്ഥാനം), സ്ഥലം (വിടാതിരിക്കുക) أَنتُمْ നിങ്ങള്‍ وَشُرَكَاؤُكُمْ നിങ്ങളുടെ പങ്കാളികളും فَزَيَّلْنَا എന്നിട്ട്‌ (അങ്ങനെ) നാം നീക്കം വരുത്തും, വേര്‍പെടുത്തും بَيْنَهُمْ അവര്‍ക്കിടയില്‍ وَقَالَ പറയുകയും ചെയ്യും شُرَكَاؤُهُم അവരുടെ പങ്കാളികള്‍ مَّا كُنتُمْ നിങ്ങളായിരുന്നില്ല إِيَّانَا ഞങ്ങളെ تَعْبُدُونَ നിങ്ങള്‍ ആരാധിച്ചുവരുക فَكَفَىٰ എനി മതി بِاللَّهِ അല്ലാഹു തന്നെ شَهِيدًا സാക്ഷിയായിട്ട്‌ بَيْنَنَا ഞങ്ങളുടെ ഇടക്ക്‌ وَبَيْنَكُمْ നിങ്ങളുടെ ഇടക്കും إِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ عِبَادَتِكُمْ നിങ്ങളുടെ ആരാധനയെപ്പറ്റി لَغَافِلِينَ അശ്രദ്ധര്‍ (അറിയാത്തവര്‍) തന്നെ
10:29
  • فَكَفَىٰ بِٱللَّهِ شَهِيدًۢا بَيْنَنَا وَبَيْنَكُمْ إِن كُنَّا عَنْ عِبَادَتِكُمْ لَغَـٰفِلِينَ ﴾٢٩﴿
  • എനി, ഞങ്ങള്‍ക്കും, നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അല്ലാഹു തന്നെ മതി. നിശ്ചയമായും, നിങ്ങളുടെ ആരാധനയെക്കുറിച്ചു ഞങ്ങള്‍ (അറിയാത്ത) അശ്രദ്ധര്‍ തന്നെയായിരുന്നു'.
  • فَكَفَىٰ എനി മതി بِاللَّـهِ അല്ലാഹു തന്നെ شَهِيدًا സാക്ഷിയായിട്ടു بَيْنَنَا ഞങ്ങളുടെ ഇടക്കു وَبَيْنَكُمْ നിങ്ങളുടെ ഇടക്കും إِن كُنَّا നിശ്ചയമായും ഞങ്ങളായിരുന്നു عَنْ عِبَادَتِكُمْ നിങ്ങളുടെ ആരാധനയെപ്പറ്റി لَغَافِلِينَ അശ്രദ്ധർ (അറിയാത്തവർ) തന്നെ
10:30
  • هُنَالِكَ تَبْلُوا۟ كُلُّ نَفْسٍ مَّآ أَسْلَفَتْ ۚ وَرُدُّوٓا۟ إِلَى ٱللَّهِ مَوْلَىٰهُمُ ٱلْحَقِّ ۖ وَضَلَّ عَنْهُم مَّا كَانُوا۟ يَفْتَرُونَ ﴾٣٠﴿
  • അവിടെ വെച്ച്‌ എല്ലാ (ഓരോ) വ്യക്തിയും അത്‌ മുന്‍ ചെയ്‌തുവെച്ചതു പോലെ [അതിന്‍റെ കര്‍മഫലം] പരീക്ഷിച്ചറിയും. അവരുടെ യഥാര്‍ത്ഥ യജമാനനായ അല്ലാഹുവിലേക്ക്‌ അവര്‍ തിരിക്കപ്പെടുകയും ചെയ്യും. അവര്‍ കെട്ടിച്ചമച്ചിരുന്നത്‌ (എല്ലാം) അവരെ വിട്ടുമറഞ്ഞു പോവുകയും ചെയ്യും.
  • هُنَالِكَ അവിടെ വെച്ച്‌ تَبْلُو പരീക്ഷണം ചെയ്യും, പരീക്ഷിച്ചറിയും, പരിചയിച്ചറിയും كُلُّ نَفْسٍ എല്ലാ ദേഹവും, വ്യക്തിയും, ആളും مَّا أَسْلَفَتْ അത്‌ മുന്‍ ചെയ്‌തു വെച്ചത്‌ وَرُدُّوا അവര്‍ ആക്ക (മടക്ക -തിരിക്ക- തളള) പ്പെടുകയും ചെയ്യും إِلَى اللَّهِ അല്ലാഹുവിങ്കലേക്ക്‌ مَوْلَاهُمُ അവരുടെ യജമാനനായ الْحَقِّ യഥാര്‍ത്ഥ وَضَلَّ പിഴച്ചു (മറഞ്ഞു) പോകയും ചെയ്യും عَنْهُم അവരില്‍ നിന്ന്‌, അവരെ വിട്ട്‌ مَّا كَانُوا അവര്‍ ആയിരുന്നത്‌ يَفْتَرُونَ അവര്‍ കെട്ടിച്ചമക്കും

ഈ വചനങ്ങളുടെ താല്‍പര്യം ഇങ്ങിനെ മനസ്സിലാക്കാം: എല്ലാവരും മഹ്‌ശറിലേക്ക്‌ ഒരുമിച്ചു കൂട്ടപ്പെടുമ്പോള്‍ മുശ്‌രിക്കുകളെയും, അവരുടെ ആരാധ്യ വസ്‌തുക്കളെയും മറ്റുളളവരില്‍നിന്ന്‌ അല്ലാഹു വേറിട്ടുനിറുത്തും. ആരാധ്യ വസ്‌തുക്കളാകട്ടെ, തങ്ങള്‍ അവര്‍ ആരാധിച്ചുവന്നിരുന്നതിനെപോലും നിഷേധിക്കുകയാണ്‌ ചെയ്യുക. നിങ്ങള്‍ ഞങ്ങളെ ആരാധിച്ചിരുന്നില്ല- ഞങ്ങള്‍ അതിന്‌ കല്‍പിക്കുകയോ, അനുവദിക്കുകയോ, അതറിയുകയോ ചെയ്‌തിട്ടില്ല- ഇതിന്‌ അല്ലാഹു സാക്ഷിയാണ്‌. നിങ്ങളുടെ തന്നിഷ്‌ടം അനുസരിച്ചോ, പിശാചിന്‍റെ പ്രേരണ അനുസരിച്ചോ നിങ്ങള്‍ ചെയ്‌തതിന്‌ ഞങ്ങള്‍ ഉത്തരവാദികളല്ല. ഇപ്രകാരം പറഞ്ഞു ആ മുശ്‌രിക്കുകളില്‍ നിന്ന്‌ അവര്‍ ഒഴിഞ്ഞുമാറും. അപ്പോള്‍ ഓരോരുത്തരും മുമ്പ്‌ ചെയ്‌തിരുന്ന ആ തോന്നിയവാസത്തിന്‍റെ ഫലം അവിടെവച്ച്‌ അവര്‍ക്ക്‌ അനുഭവത്തില്‍ വരും. തങ്ങളുടെ ആരാധ്യന്‍മാരെക്കൊണ്ട്‌ യാതൊരു ഉപകാരവും അവര്‍ക്ക്‌ ലഭിക്കുകയില്ലെന്ന്‌ മാത്രമല്ല, സാക്ഷാല്‍ യജമാനനായ അല്ലാഹുവിന്‍റെ വിധിനടപടികള്‍ക്ക്‌ അവര്‍ വിധേയരാകുകയും ചെയ്യും. അങ്ങനെ, ആ വസ്‌തുക്കളില്‍ നിന്നും അവര്‍ പ്രതീക്ഷിച്ചിരുന്നതെല്ലാം അവര്‍ക്ക്‌ പാഴായിത്തീരും. ക്വിയാമത്തുനാളില്‍ അവിശ്വാസികളെ വേര്‍തിരിച്ചു നിറുത്തുമെന്ന്‌ വേറെ വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്‌. (30:14; 36:59; 37:24 മുതലായവ നോക്കുക.)

അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളിലോ, ഗുണവിശേഷണങ്ങളിലോ ഉള്‍പെട്ട വല്ലതും വകവെച്ചുകൊടുത്തുകൊണ്ടാണല്ലോ അല്ലാഹു അല്ലാത്ത വസ്‌തുക്കളെ അവയുടെ ആരാധകന്‍മാര്‍ ആരാധിച്ചുവരുന്നത്‌. അതുകൊണ്ടാണ്‌ ആരാധ്യവസ്‌തുക്കളെ ഉദ്ദേശിച്ച്‌ അല്ലാഹുവിന്‍റെ പങ്കാളികള്‍ (شُرَكَاء) എന്ന്‌ പറയുന്നത്‌. ആരാധ്യവസ്‌തുക്കളായി ഗണിക്കപ്പെട്ടിട്ടുളള എല്ലാറ്റിനും ഈ അര്‍ത്ഥത്തില്‍ ‘പങ്കാളികള്‍’ എന്ന്‌ പറയപ്പെടും. ആരാധ്യവസ്‌തുക്കളായി കരുതപ്പെടുന്ന വിഗ്രഹങ്ങളടക്കമുളള നിര്‍ജ്ജീവ വസ്‌തുക്കളും, മലക്കുകള്‍, പ്രവാചകന്‍മാര്‍, മഹാത്മാക്കള്‍, ജിന്നുകള്‍, പിശാചുക്കള്‍ മുതലായവരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷേ, ജീവിച്ചിരുന്നപ്പോള്‍ തങ്ങളെ ആരാധിക്കാന്‍ പ്രേരിപ്പിക്കുകയോ, അതിനെ അനുകൂലിക്കുകയോ ചെയ്‌ത പങ്കാളികള്‍ മാത്രമേ അല്ലാഹുവിങ്കല്‍ ശിക്ഷാര്‍ഹരായിരിക്കുകയുളളൂവെന്ന്‌ പറയേണ്ടതില്ല. എല്ലാതരം പങ്കുകാരും തന്നെ, കിയാമത്തുനാളില്‍ അവരുടെ ആരാധകരില്‍ നിന്ന്‌ ഒഴിഞ്ഞുമാറുന്നതാണെന്ന്‌ അല്ലാഹു പല വചനങ്ങളിലായി വ്യക്തമാക്കിയിട്ടുളളതാണ്‌. അല്ലാഹുവിനെയല്ലാതെ ആരാധിക്കുവാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന പിശാചുക്കള്‍പോലും ഇതില്‍ നിന്ന്‌ ഒഴിവല്ല. ശിര്‍ക്കിന്‌ പ്രേരിപ്പിച്ചവര്‍ മാത്രമേ അവരുടെ കുറ്റത്തിന്‌ ബാധ്യസ്ഥരായിത്തീരുകയുള്ളൂ. എന്നാല്‍, ശിര്‍ക്ക്‌ പ്രവര്‍ത്തിച്ചവരാകട്ടെ, ഒരു കാരണവശാലും അവരുടെ കുറ്റത്തില്‍നിന്ന്‌ ഒഴിവാകുന്ന പ്രശ്‌നമേ ഇല്ല.

വിഭാഗം - 4

10:31
  • قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ أَمَّن يَمْلِكُ ٱلسَّمْعَ وَٱلْأَبْصَـٰرَ وَمَن يُخْرِجُ ٱلْحَىَّ مِنَ ٱلْمَيِّتِ وَيُخْرِجُ ٱلْمَيِّتَ مِنَ ٱلْحَىِّ وَمَن يُدَبِّرُ ٱلْأَمْرَ ۚ فَسَيَقُولُونَ ٱللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴾٣١﴿
  • (നബിയേ) പറയുക: 'ആകാശത്ത്‌ നിന്നും, ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നത്‌ ആരാണ്‌ ?അതല്ലെങ്കില്‍, കേള്‍വിയും, കാഴ്‌ചകളും അധീനമാക്കുന്നത്‌ ആരാണ്‌? നിര്‍ജ്ജീവ വസ്‌തുവില്‍ നിന്ന്‌ ജീവ വസ്‌തുവെ പുറപ്പെടുവിക്കുകയും, ജീവ വസ്‌തുവില്‍ നിന്ന്‌ നിര്‍ജ്ജീവ വസ്‌തുവെ പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ ആരാണ്‌? കാര്യം (പരിപാടിയിട്ടു) നിയന്ത്രിക്കുന്നതും ആരാണ്‌ ? 'എന്നാല്‍, അവര്‍ (മറുപടി) പറയും: 'അല്ലാഹു' എന്ന്‌, അപ്പോള്‍ പറയുക: 'എന്നിട്ട്‌ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?!'
  • قُلْ നീ പറയുക مَن يَرْزُقُكُم നിങ്ങള്‍ക്ക്‌ ആഹാരം (ഉപജീവനം) നല്‍കുന്നത്‌ ആര്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന്‌ وَالْأَرْضِ ഭൂമിയില്‍ നിന്നും أَمَّن يَمْلِكُ അല്ലാത്തപക്ഷം, അതല്ലെങ്കില്‍ അധീനമാക്കുന്നത്‌ ആരാണ്‌ السَّمْعَ കേള്‍വിയെ وَالْأَبْصَارَ കാഴ്‌ചകളെയും وَمَن يُخْرِجُ പുറപ്പെടുവിക്കുന്നതും ആര്‍ الْحَيَّ ജീവനുളളതിനെ مِنَ الْمَيِّتِ നിര്‍ജ്ജീവമായതില്‍ നിന്ന്‌ وَيُخْرِجُ പുറപ്പെടുവിക്കുകയും الْمَيِّتَ നിര്‍ജ്ജീവമായതിനെ مِنَ الْحَيِّ ജീവനുള്ളതില്‍ നിന്ന്‌ وَمَن يُدَبِّرُ നിയന്ത്രിക്കുന്നതും ആര്‍ الْأَمْرَ കാര്യം فَسَيَقُولُونَ എന്നാല്‍ അവര്‍ പറയും اللَّهُ അല്ലാഹു (എന്ന്‌) فَقُلْ അപ്പോള്‍ നീ പറയുക أَفَلَا تَتَّقُونَ എന്നാല്‍ (എന്നിരിക്കെ) നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ?
10:32
  • فَذَٰلِكُمُ ٱللَّهُ رَبُّكُمُ ٱلْحَقُّ ۖ فَمَاذَا بَعْدَ ٱلْحَقِّ إِلَّا ٱلضَّلَـٰلُ ۖ فَأَنَّىٰ تُصْرَفُونَ ﴾٣٢﴿
  • എന്നാല്‍, (ആ പറഞ്ഞ) അവനാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ റബ്ബായ അല്ലാഹു. എന്നിരിക്കെ, യഥാര്‍ത്ഥത്തിനു പുറമെ, വഴിപിഴവല്ലാത്ത എന്താണുളളത്‌ ?! അപ്പോള്‍ എങ്ങിനെയാണ്‌ നിങ്ങള്‍ (യഥാര്‍ത്ഥം വിട്ടു) തിരിക്കപ്പടുന്നത്‌.?!
  • فَذَٰلِكُمُ എന്നാല്‍ (എന്നിരിക്കെ) അതാണ്‌, അവനത്രെ اللَّهُ رَبُّكُمُ നിങ്ങളുടെ റബ്ബായ അല്ലാഹു الْحَقُّ യഥാര്‍ത്ഥമായ فَمَاذَا എന്നിരിക്കെ (എനി) എന്തൊന്നാണ്‌ بَعْدَ الْحَقِّ യഥാര്‍ത്ഥത്തിന്‌ ശേഷം (പുറമെ) إِلَّا الضَّلَالُ ദുര്‍മാര്‍ഗം (വഴിപിഴവ്‌) അല്ലാതെ فَأَنَّىٰ അപ്പോള്‍ എങ്ങിനെയാണ്‌ تُصْرَفُونَ നിങ്ങള്‍ തിരിച്ചുവിടപ്പെടുന്നത്‌
10:33
  • كَذَٰلِكَ حَقَّتْ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ فَسَقُوٓا۟ أَنَّهُمْ لَا يُؤْمِنُونَ ﴾٣٣﴿
  • അപ്രകാരം, (ആ) തോന്നിയവാസം പ്രവര്‍ത്തിച്ചവരുടെ മേല്‍ നിന്‍റെ റബ്ബിന്‍റെ വാക്യം യാഥാര്‍ത്ഥ്യമായിരിക്കുന്നു; അവര്‍ വിശ്വസിക്കുന്നില്ലെന്ന്‌.
  • كَذَٰلِكَ അപ്രകാരം حَقَّتْ യഥാര്‍ത്ഥമായി, അവകാശപ്പെട്ടു, ന്യായമായി كَلِمَتُ വാക്ക്‌, വാക്യം رَبِّكَ നിന്‍റെ റബ്ബിന്‍റെ عَلَى الَّذِينَ യാതൊരുവരുടെ മേല്‍ فَسَقُوا തോന്നിയവാസം ചെയ്‌ത, ധിക്കരിച്ച أَنَّهُمْ അവര്‍ (ആണ്‌) എന്നതിനാല്‍, ആണെന്നുളളത്‌ لَا يُؤْمِنُونَ അവര്‍ വിശ്വസിക്കുന്നില്ല (എന്നതിനാല്‍ - എന്ന്‌)

ആകാശത്തു നിന്ന്‌ മഴ തുടങ്ങിയ അനുഗ്രഹങ്ങളും, ഭൂമിയില്‍ നിന്ന്‌ വിള മുതലായ അനുഗ്രഹങ്ങളും വഴി മനുഷ്യര്‍ക്ക്‌ ആഹാരം നല്‍കുന്നവന്‍, കേള്‍വി-കാഴ്‌ച മുതലായ ശക്തികളെ സൃഷ്‌ടിച്ചു കൈകാര്യം നടത്തുന്നവന്‍, ജീവനോ ജീവസ്സോ ഇല്ലാത്ത വസ്‌തുക്കളില്‍ നിന്ന്‌ ജീവനും ജീവസ്സുമുള്ള വസ്‌തുക്കളെയും മറിച്ച്‌ ജീവനുള്ളവയില്‍ നിന്ന്‌ നിര്‍ജ്ജീവ വസ്‌തുക്കളെയും ഉല്‍പാദിപ്പിക്കുന്നവന്‍, ലോക കാര്യങ്ങള്‍ പരിപാടിയിട്ട്‌ നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നവന്‍ ഇതെല്ലാം ആരാണെന്ന്‌ ചോദിച്ചാല്‍ മുശ്‌രിക്കുകള്‍ക്കും ഉത്തരം പറയുവാനുള്ളത്‌ ‘അല്ലാഹു’ എന്ന്‌ തന്നെയായിരിക്കും. അതെല്ലാം നടത്തുന്നത്‌ അല്ലാഹുവാണെന്നും, അവരുടെ ആരാധ്യന്‍മാര്‍ അതൊന്നും ചെയ്യുന്നില്ലെന്നും അവര്‍ക്കും ബോധ്യമാണ്‌. എന്നിട്ടും അല്ലാഹുവിനെ വിട്ടേച്ചു ഇതര വസ്‌തുക്കളെ ആരാധ്യരാക്കുകയെന്ന വിരോധാഭാസത്തില്‍ മുഴുകിയ അവരോട്‌ അല്ലാഹു ചോദിക്കുകയാണ്‌: ‘നിങ്ങള്‍ ഒട്ടും സൂക്ഷിക്കുന്നില്ലേ?’ എന്ന്‌. അതായത്‌, നിങ്ങള്‍ നിങ്ങളുടെ ഭാവിയെപ്പറ്റി ഗൗനിക്കുന്നില്ലേ? നിങ്ങള്‍ക്ക്‌ ഇതിന്‌ എന്ത്‌ ന്യായമാണ്‌ പറയുവാനുള്ളത്‌? നിങ്ങള്‍ ബുദ്ധി കൊടുത്തു ആലോചിക്കുന്നില്ലേ? എന്നൊക്കെ. നിങ്ങള്‍ തന്നെ സമ്മതിക്കുന്ന ആ മഹല്‍ ഗുണങ്ങളുടെ ഉടമയായ നിങ്ങളുടെ യഥാര്‍ത്ഥ രക്ഷിതാവ്‌ അല്ലാഹു മാത്രമാണ്‌, അവനെ മാത്രമെ നിങ്ങള്‍ ആരാധിക്കാവൂ എന്നാണല്ലോ നിങ്ങളോട്‌ പറയുന്നത്‌. എന്നിട്ടും നിങ്ങളതിന്‌ കൂട്ടാക്കുന്നില്ല. അപ്പോള്‍ നിങ്ങള്‍ ദുര്‍മാര്‍ഗത്തിലാണുള്ളതെന്ന്‌ എനി പറയേണ്ടതില്ലല്ലോ. യഥാര്‍ത്ഥ സ്ഥിതി ഇത്രയും സ്‌പഷ്‌ടമായിരിക്കെ നിങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക്‌ തെറ്റിപ്പോകുന്നത്‌ ആശ്ചര്യം തന്നെ.

അവസാനത്തെ വചനത്തില്‍ പറഞ്ഞതിന്‍റെ സാരം ഇതാണ്‌ : മേല്‍ പറഞ്ഞപ്രകാരം യഥാര്‍ത്ഥ സത്യം അറിയാമായിരുന്നിട്ടും അവര്‍ തങ്ങളുടെ തോന്നിയവാസത്തില്‍ നിന്ന്‌ പിന്‍മാറാത്തവരായിരിക്കുന്നത്‌ കൊണ്ട്‌ അവര്‍ അവിശ്വാസികളും, ശിക്ഷാര്‍ഹരുമാണെന്നുമുള്ള അല്ലാഹുവിന്‍റെ നിശ്ചയം സാക്ഷാല്‍കൃതമായിരിക്കുന്നു. അഥവാ അവരുടെ മര്‍ക്കടമുഷ്‌ടിയാണ്‌ അതിന്‌ കാരണം. ഈ വചനങ്ങള്‍ അവതരിച്ചത്‌ മക്കാ മുശ്‌രിക്കുകളിലാണെന്ന്‌ വെച്ച്‌ അവരെ മാത്രം ബാധിക്കുന്നതാണവ എന്ന്‌ ആരും ധരിക്കേണ്ടതില്ല. എല്ലാ കാലത്തുമുള്ള എല്ലാതരം മുശ്‌രിക്കുകളെയും ബാധിക്കുന്നതാണ്‌ ഈ വചനങ്ങള്‍ എന്നുള്ളതില്‍ ആര്‍ക്കും തര്‍ക്കത്തിനവകാശമില്ലാത്തതാണ്‌.

10:34
  • قُلْ هَلْ مِن شُرَكَآئِكُم مَّن يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۚ قُلِ ٱللَّهُ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ ۖ فَأَنَّىٰ تُؤْفَكُونَ ﴾٣٤﴿
  • നീ പറയുക: '(ഹേ, പങ്കുചേര്‍ക്കുന്നവരേ,) നിങ്ങളുടെ പങ്കാളികളിലുണ്ടോ ആദ്യമായി സൃഷ്‌ടിച്ചുണ്ടാക്കുകയും, പിന്നീട്‌ അതിനെ (വീണ്ടും) ആവര്‍ത്തിച്ചുണ്ടാക്കുകയും ചെയ്യുന്നവര്‍?!' നീ പറയുക: 'അല്ലാഹുവത്രെ, ആദ്യമായി സൃഷ്‌ടിക്കുകയും പിന്നീടതിനെ ആവര്‍ത്തിക്കുകയും ചെയ്യുന്നത്‌. എന്നിരിക്കെ, എങ്ങിനെയാണ്‌ നിങ്ങള്‍ (സത്യം വിട്ടു) തെറ്റിക്കപ്പെടുന്നത്‌?!'
  • قُلْ നീ പറയുക هَلْ ഉണ്ടോ, ഓ مِن شُرَكَائِكُم നിങ്ങളുടെ പങ്കാളികളില്‍ (പങ്കുകാരില്‍)പെട്ട مَّن يَبْدَأُ ആദ്യമുണ്ടാക്കുന്നവന്‍, ആരംഭിക്കുന്നവര്‍ الْخَلْقَ സൃഷ്‌ടിക്കല്‍, സൃഷ്‌ടിയെ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കുന്ന, ആവര്‍ത്തിക്കുന്ന, വീണ്ടും ഉണ്ടാക്കുന്ന قُلِ പറയുക اللَّهُ അല്ലാഹു يَبْدَأُ ആരംഭിക്കുന്നു. ആദ്യം ഉണ്ടാക്കുന്നു الْخَلْقَ സൃഷ്‌ടിയെ, സൃഷ്‌ടിക്കല്‍ ثُمَّ يُعِيدُهُ പിന്നെ അതിനെ മടക്കിയുണ്ടാക്കുന്നു, ആവര്‍ത്തിക്കും فَأَنَّىٰ അപ്പോള്‍ (എന്നിരിക്കെ) എങ്ങിനെ تُؤْفَكُونَ നിങ്ങള്‍ തെറ്റിക്കപ്പെടുന്നു
10:35
  • قُلْ هَلْ مِن شُرَكَآئِكُم مَّن يَهْدِىٓ إِلَى ٱلْحَقِّ ۚ قُلِ ٱللَّهُ يَهْدِى لِلْحَقِّ ۗ أَفَمَن يَهْدِىٓ إِلَى ٱلْحَقِّ أَحَقُّ أَن يُتَّبَعَ أَمَّن لَّا يَهِدِّىٓ إِلَّآ أَن يُهْدَىٰ ۖ فَمَا لَكُمْ كَيْفَ تَحْكُمُونَ ﴾٣٥﴿
  • നീ പറയുക: 'നിങ്ങളുടെ പങ്കാളികളിലുണ്ടോ യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നവര്‍?!' പറയുക: 'അല്ലാഹുവത്രെ, യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകയാല്‍ , യഥാര്‍ത്ഥത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്നവനോ പിന്‍പറ്റപ്പെടുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍; അതല്ല, മാര്‍ഗദര്‍ശനം നല്‍കപ്പെടുന്നതായാലല്ലാതെ നേര്‍മാര്‍ഗം പ്രാപിക്കാത്തവനോ ?! അപ്പോള്‍, നിങ്ങള്‍ക്കെന്താണ്‌? എങ്ങിനെയാണ്‌ നിങ്ങള്‍ വിധി കല്‍പിക്കുന്നത്‌?!'
  • قُلْ നീ പറയുക هَلْ مِن شُرَكَائِكُم നിങ്ങളുടെ പങ്കാളികളിലുണ്ടോ مَّن يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്ന (നേര്‍മാര്‍ഗത്തിലാക്കുന്ന) വര്‍(ന്‍) إِلَى الْحَقِّ യഥാര്‍ത്ഥ (സത്യ)ത്തിലേക്ക്‌ قُلِ നീ പറയുക اللَّهُ يَهْدِي അല്ലാഹു മാര്‍ഗദര്‍ശനം നല്‍കുന്നു, അല്ലാഹുവത്രെ നേര്‍മാര്‍ഗത്തിലാക്കുന്നത്‌ لِلْحَقِّ യഥാര്‍ത്ഥ (സത്യ) ത്തിലേക്ക്‌ أَفَمَن അപ്പോള്‍ (ആകയാല്‍) യാതൊരുവനോ يَهْدِي മാര്‍ഗദര്‍ശനം നല്‍കുന്ന إِلَى الْحَقِّ യഥാര്‍ത്ഥത്തിലേക്ക്‌ أَحَقُّ ഏറ്റവും അവകാശപ്പെട്ടവന്‍, തരപ്പെട്ട ആള്‍ أَن يُتَّبَعَ പിന്‍പറ്റപ്പെടുവാന്‍ أَمَّن അതല്ല ഒരുവനോ لَّا يَهِدِّي അവന്‍ നേര്‍മാര്‍ഗം പ്രാപിക്കുകയില്ല إِلَّا أَن يُهْدَىٰ അവന്‌ മാര്‍ഗദര്‍ശനം ചെയ്യപ്പെടാതെ , അവനെ നേര്‍വഴിക്കാകാതെ فَمَا لَكُمْ അപ്പോള്‍ നിങ്ങള്‍ക്കെന്ത്‌ كَيْفَ എങ്ങിനെ تَحْكُمُونَ നിങ്ങള്‍ വിധി കല്‍പിക്കുന്നു

ശിര്‍ക്കിനെ ഖണ്‌ഡിച്ചും, തൗഹീദിനെ സ്ഥാപിച്ചും കൊണ്ട്‌ ചോദ്യോത്തര രൂപത്തില്‍ ചില തെളിവുകള്‍ കഴിഞ്ഞ വചനങ്ങളില്‍ വിവരിച്ചു. അതുപോലെ വേറെ രണ്ട്‌ തെളിവുകളാണ്‌ ഈ വചനങ്ങളിലും വിവരിക്കുന്നത്‌. കഴിഞ്ഞ വചനങ്ങളിലെ ചോദ്യങ്ങള്‍ക്ക്‌ നേര്‍ക്കുനേരെ മറുപടി പറയുവാന്‍ മുശ്‌രിക്കുകള്‍ക്ക്‌ മടി തോന്നാത്തതാകകൊണ്ട്‌ അവര്‍ തന്നെ ` അല്ലാഹു’ എന്ന്‌ മറുപടി പറയും (فَسَيَقُولُونَ الَّله) എന്നായിരുന്നു അവിടെ പറഞ്ഞത്‌ . ഈ വചനങ്ങളിലെ ചോദ്യങ്ങള്‍ക്ക്‌ അവര്‍ അതേ വേഗത്തില്‍ മറുപടി പറയുവാന്‍ ഇടയില്ല. എന്നാല്‍ അല്‍പമൊന്ന്‌ ആലോചിച്ചാല്‍ അവക്കുള്ള മറുപടിയും മറ്റൊന്നായിരിക്കാന്‍ തരമില്ല. അതുകൊണ്ട്‌ ഇവിടുത്തെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇന്നതാണെന്ന്‌ അവരെ കേള്‍പിച്ചു സമ്മതിപ്പിക്കുവാനും, ആ അടിസ്ഥാനത്തില്‍ അവരെ ഖണ്‌ഡിക്കുവാനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിച്ചിരിക്കുകയാണ്‌.

ഒന്നാമത്തെ ചോദ്യം, നിങ്ങളുടെ പങ്കാളികളില്‍ – നിങ്ങള്‍ ആരാധിച്ചുവരുന്ന വിഗ്രഹങ്ങള്‍, മലക്കുകള്‍ , മഹാത്മാക്കള്‍ തുടങ്ങിയ ആരാധ്യവസ്‌തുക്കളില്‍- സൃഷ്‌ടികളെ ആദ്യം സൃഷ്‌ടിച്ചുണ്ടാക്കുകയും, അവ നശിച്ചശേഷം പിന്നീട്‌ വീണ്ടും സൃഷ്‌ടിക്കുകയും ചെയ്യുന്നവരുണ്ടോ? എന്നാണല്ലോ. ഇതില്‍ രണ്ടാമത്തെ സൃഷ്‌ടിക്കലിനെ- മരണാനന്തര ജീവിതത്തെപ്പറ്റി മുശ്‌രിക്കുകള്‍ക്ക്‌ വിശ്വാസമില്ലാത്തതുകൊണ്ട്‌ അവര്‍ ചോദ്യത്തിന്‌ നേര്‍ക്കുനേരെ മറുപടി പറയുവാന്‍ മടിച്ചേക്കുക സ്വാഭാവികമാണ്‌. എന്നാലും നിര്‍ജ്ജീവമായി കിടക്കുന്ന തരിശുഭൂമിയെ മഴയിറക്കി നവജീവസ്സുള്ളതാക്കുന്നതും, ഉഷ്‌ണകാലത്ത്‌ ഉണങ്ങി നശിച്ചുപോയ സസ്യലതാദികളെ വീണ്ടും ഉല്‍പാദിപ്പിച്ചു വളര്‍ത്തുന്നതും അല്ലാഹുവാണെന്ന്‌ അവര്‍ക്കറിയാവുന്ന സ്ഥിതിക്ക്‌ ആ കാര്യത്തിലവര്‍ക്ക്‌ സംശയം ഉണ്ടായിക്കൂടാത്തതാണ്‌. രണ്ടാമത്തെ ചോദ്യം: യഥാര്‍ത്ഥമാര്‍ഗത്തിലേക്ക്‌ മാര്‍ഗദര്‍ശനം നല്‍കുന്ന വല്ലവരും നിങ്ങളുടെ പങ്കാളികളില്‍ ഉണ്ടോ? എന്നാണ്‌. മാര്‍ഗദര്‍ശനം (ھدا ية) പല പ്രകാരത്തിലുണ്ട്‌. ബുദ്ധി, കാഴ്‌ച, കേള്‍വി മുതലായ ജന്മസിദ്ധമായ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന തെളിവുകള്‍ മുഖേനയുള്ള മാര്‍ഗദര്‍ശനം. പ്രവാചകന്‍മാര്‍, മതഗ്രന്ഥങ്ങള്‍ മുതലായവ മുഖേന ലഭിക്കുന്ന മാര്‍ഗദര്‍ശനം. സാഹചര്യങ്ങളും ചുറ്റുപാടുകളും ശരിപ്പെടുന്നതില്‍ നിന്നുണ്ടാകുന്ന മാര്‍ഗദര്‍ശനം. ഇവയെല്ലാം തന്നെ നല്‍കുന്നവന്‍ അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന്‌ അവര്‍ക്കും ആലോചിച്ചറിയാവുന്നതാകുന്നു. അപ്പോള്‍, മേല്‍കണ്ട തരത്തിലുള്ള എല്ലാ മാര്‍ഗദര്‍ശനങ്ങളും നല്‍കുന്ന അല്ലാഹുവിനെ വിട്ടു യാതൊരു മാര്‍ഗദര്‍ശനവും നല്‍കുവാന്‍ കഴിയാത്ത വസ്‌തുക്കളെ ദൈവങ്ങളാക്കിവെച്ചു ആരാധിക്കുന്നത്‌ തികച്ചും വിഡ്‌ഢിത്തമല്ലേ?! എന്ന്‌ അല്ലാഹു അവരോട്‌ ചോദിക്കുന്നു.

സത്യാവസ്ഥ ഇത്രയും വ്യക്തമായിരുന്നിട്ടും അവര്‍ അതില്‍ നിന്ന്‌ തെറ്റി ദുര്‍മാര്‍ഗത്തില്‍ ശഠിച്ചുനിന്നുകൊണ്ടിരിക്കുന്നത്‌ ഒരു വലിയ ആശ്ചര്യം തന്നെയാണല്ലേ, ആദ്യത്തെ വചനത്തില്‍ فَأَنَّىٰ تُؤْفَكُونَ (അപ്പോള്‍ നിങ്ങള്‍ എങ്ങിനെ തെറ്റിക്കപ്പെടുന്നു?!) എന്നും, രണ്ടാമത്തെ വചനത്തില്‍ فَمَا لَكُمْ كَيْفَ تَحْكُمُونَ (നിങ്ങള്‍ക്കെന്താണ്‌?! നിങ്ങള്‍ എങ്ങിനെ വിധി കല്‍പിക്കുന്നു ?!) എന്നും പറഞ്ഞത്‌ ഈ ആശ്ചര്യത്തെയാണ്‌ കുറിക്കുന്നത്‌. പ്രാഥമിക ബുദ്ധികൊണ്ട്‌ ആലോചിച്ചാല്‍ പോലും മനസ്സിലാക്കാവുന്ന സ്‌പഷ്‌ടമായ തെളിവുകളുണ്ടായിരുന്നിട്ടും മുശ്‌രിക്കുകള്‍ തങ്ങളുടെ ശിര്‍ക്കുപരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ പിന്‍മാറാതിരിക്കുവാന്‍ കാരണമെന്താണെന്ന്‌ ചോദിക്കപ്പെടാമല്ലോ. ഇതിനുള്ള ഉത്തരം അടുത്ത വചനത്തില്‍ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-

10:36
  • وَمَا يَتَّبِعُ أَكْثَرُهُمْ إِلَّا ظَنًّا ۚ إِنَّ ٱلظَّنَّ لَا يُغْنِى مِنَ ٱلْحَقِّ شَيْـًٔا ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَفْعَلُونَ ﴾٣٦﴿
  • അവരില്‍ അധികമാളും ഒരു (തരം) ഊഹത്തെയല്ലാതെ പിന്‍പറ്റുന്നില്ല. നിശ്ചയമായും, യഥാര്‍ത്ഥത്തെ സംബന്ധിച്ച്‌ ഊഹം ഒട്ടും (തന്നെ) പര്യാപ്‌തമാക്കുകയില്ല. നിശ്ചയമായും അല്ലാഹു, അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അറിയുന്നവനാണ്‌.
  • وَمَا يَتَّبِعُ പിന്‍പറ്റുന്നില്ല أَكْثَرُهُمْ അവരില്‍ അധികഭാഗവും (ആളും) إِلَّا ظَنًّا ഊഹത്തെയല്ലാതെ إِنَّ الظَّنَّ നിശ്ചയമായും ഊഹം لَا يُغْنِي അത്‌ പര്യാപ്‌തമാക്കുകയില്ല, ധന്യമാക്കുകയില്ല مِنَ الْحَقِّ യഥാര്‍ത്ഥത്തെക്കുറിച്ച്‌ شَيْئًا യാതൊന്നും, ഒട്ടും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു عَلِيمٌ അറിയുന്നവനാണ്‌ بِمَا يَفْعَلُونَ അവര്‍ ചെയ്യുന്നതിനെപ്പറ്റി

അല്ലാഹു അല്ലാത്തവരെ ആരാധിക്കല്‍ , അവര്‍ തങ്ങള്‍ക്ക്‌ അല്ലാഹുവിങ്കല്‍ ശുപാര്‍ശ നടത്തുമെന്ന വിശ്വാസം,അല്ലാഹുവിന്‍റെ അവകാശാധികാരങ്ങളില്‍ മറ്റുള്ളവര്‍ക്ക്‌ പങ്ക്‌ കല്‍പിക്കല്‍, പ്രവാചകന്‍മാരെയും വേദഗ്രന്ഥങ്ങളെയും വ്യാജമാക്കല്‍, മരണാനന്തര ജീവിതം മുതലായ കാര്യങ്ങളെ നിഷേധിക്കല്‍ എന്നിവയിലെല്ലാം തന്നെ ഇവര്‍ക്കുള്ള ഏക അടിസ്ഥാനം കേവലം ഊഹം മാത്രമാണ്‌ . അല്ലാതെ , ന്യായയുക്തമായ ഒരു തെളിവും അതിനില്ല എന്ന്‌ അല്ലാഹു അസന്നിഗ്‌ദ്ധമായി പ്രസ്‌താവിക്കുന്നു. ചിലര്‍ സത്യാവസ്ഥ മനസ്സിലായിട്ടും വാശിയും ശാഠ്യവുമായി സത്യം സ്വീകരിക്കാത്തവരുണ്ടായിരിക്കുമെങ്കിലും ഭൂരിഭാഗത്തിന്‍റെയും സ്ഥിതി ഇതാണെന്നര്‍ത്ഥം. തുടര്‍ന്നു إِنَّ الظَّنّ لَايُغْنِيمِنَ الحقِّ شَيْأ (നിശ്ചയമായും ഊഹം യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച്‌ ഒട്ടും തന്നെ പര്യാപ്‌തമാക്കുകയില്ല) എന്ന്‌ പറഞ്ഞിരിക്കുന്നത്‌ പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടുന്നതാകുന്നു. മൗലിക പ്രധാനമായ ഒരു തത്വമാണ്‌ ഈ വാക്യം ഉള്‍ക്കൊള്ളുന്നത്‌.

മൗലിക വിഷയങ്ങളിലും വിശ്വാസ സിദ്ധാന്തങ്ങളിലുമൊക്കെ ഊഹത്തിനോ അനുമാനത്തിനോ സ്ഥാനമില്ല. അവ യഥാര്‍ത്ഥാധിഷ്‌ടിതങ്ങളായിരിക്കണം. അഥവാ, യാഥാര്‍ത്ഥ്യം ഇന്നതെന്ന്‌ വ്യക്തമായി മനസ്സിലാക്കുന്ന അംഗീകൃത തെളിവുകളാല്‍ സ്ഥാപിതമായവയായിരിക്കണം. ഈ വിഷയം പണ്‌ഡിതന്‍മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമില്ലാത്തതും , ഓരോ വ്യക്തിയും പ്രത്യേകം മനസ്സിരുത്തേണ്ടതുമാകുന്നു. ഇസ്‌ലാമിലെ വിശ്വാസ സിദ്ധാന്തങ്ങളെല്ലാം ഒന്നുകില്‍, ബുദ്ധിയുടെ അനിവാര്യമായ വിധിക്കൊത്തതായിരിക്കണം, അല്ലെങ്കില്‍ ക്വുര്‍ആന്‍ മുഖേനയോ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്ത്‌ മുഖേനയോ വ്യക്തമായി അറിയപ്പെട്ടതായിരിക്കണമെന്നും ഇതില്‍ നിന്ന്‌ സ്‌പഷ്‌ടമാകുന്നു. അതുകൊണ്ടാണ്‌ ലക്ഷ്യം നോക്കാതെ മറ്റൊരാളുടെ വാക്കിനെ അടിസ്ഥാനപ്പെടുത്തി വിശ്വാസകാര്യം ഉറപ്പിക്കുന്നവന്‍റെ വിശ്വാസം ശരിയല്ലെന്ന്‌ പല മഹാന്‍മാരും അവരുടെ ഗ്രന്ഥങ്ങളില്‍ പ്രസ്‌താവിച്ചു കാണുന്നതും. (*)

‘അവര്‍ പ്രവര്‍ത്തിച്ചുവരുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാണ്‌’ എന്നുള്ള അവസാനത്തെ വാക്യത്തില്‍ വമ്പിച്ച ഒരു താക്കീതാണ്‌ അടങ്ങിയിരിക്കുന്നത്‌. ഓരോ വ്യക്തിയുടെയും വിശ്വാസം ശരിയോ, തെറ്റോ, അതില്‍ അവന്‌ ശരിയായ തെളിവുണ്ടോ ഇല്ലേ, ഊഹത്തെ പിന്‍പറ്റിയതോ അല്ലേ , ആ വിശ്വാസവും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടോ ഇല്ലേ എന്നിങ്ങനെയുള്ളതെല്ലാം അല്ലാഹു അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും, ആ അറിവനുസരിച്ച്‌ അവന്‍ നടപടിയെടുക്കുമെന്നുമാണല്ലോ അതിന്‍റെ സാരം.


(*) يعنى ان ايمان المق لد عير صحيح (അതായത്‌: മറ്റൊരാളെ അന്ധമായി അനുകരിക്കുന്നവന്‍റെ വിശ്വാസം ശരിയല്ല)

10:37
  • وَمَا كَانَ هَـٰذَا ٱلْقُرْءَانُ أَن يُفْتَرَىٰ مِن دُونِ ٱللَّهِ وَلَـٰكِن تَصْدِيقَ ٱلَّذِى بَيْنَ يَدَيْهِ وَتَفْصِيلَ ٱلْكِتَـٰبِ لَا رَيْبَ فِيهِ مِن رَّبِّ ٱلْعَـٰلَمِينَ ﴾٣٧﴿
  • ഈ ക്വുര്‍ആന്‍ അല്ലാഹുവിനെ കൂടാതെ (മറ്റാരാലും) കെട്ടിച്ചമക്കപ്പെടാവതല്ല. പക്ഷേ, അതിന്‍റെ മുമ്പിലുള്ളതിന്‍റെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്‍റെ വിശദീകരണവുമത്രെ. അതില്‍ സന്ദേഹമേ ഇല്ല; ലോകരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാണ്‌ (അത്‌).
  • وَمَا كَانَ ആകുകയില്ല, ആകാവതല്ല هَٰذَا الْقُرْآنُ ഈ ക്വുര്‍ആന്‍ أَن يُفْتَرَىٰ കെട്ടിച്ചമക്ക (കെട്ടിയുണ്ടാക്ക) പ്പെടുവാന്‍ مِن دُونِ കൂടാതെ اللَّهِ അല്ലാഹുവിനെ وَلَٰكِن പക്ഷേ, എങ്കിലും, എന്നാല്‍ تَصْدِيقَ സത്യമാക്കല്‍ (സത്യസാക്ഷീകരണം) ആണ്‌ الَّذِي യാതൊന്നിന്‍റെ, യാതൊന്നിനെ بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ള وَتَفْصِيلَ വിശദീകരണവും الْكِتَابِ (വേദ) ഗ്രന്ഥത്തിന്‍റെ لَا رَيْبَ സന്ദേഹ (സംശയ)മേ ഇല്ല فِيهِ അതില്‍ مِن رَّبِّ റബ്ബിങ്കല്‍ (രക്ഷിതാവില്‍) നിന്നാണ്‌ الْعَالَمِينَ ലോകരുടെ
10:38
  • أَمْ يَقُولُونَ ٱفْتَرَىٰهُ ۖ قُلْ فَأْتُوا۟ بِسُورَةٍ مِّثْلِهِۦ وَٱدْعُوا۟ مَنِ ٱسْتَطَعْتُم مِّن دُونِ ٱللَّهِ إِن كُنتُمْ صَـٰدِقِينَ ﴾٣٨﴿
  • അതല്ല, 'അത്‌ അവന്‍ (നബി) കെട്ടിച്ചമച്ചിരിക്കയാണ്‌' എന്ന്‌ അവര്‍ പറയുന്നുവോ?! പറയുക: `എന്നാല്‍, അതുപോലെയുള്ള ഒരു `സൂറത്ത്‌' [അദ്ധ്യായം] നിങ്ങള്‍ കൊണ്ടുവരുവീന്‍; അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ (യെല്ലാം) നിങ്ങള്‍ വിളിച്ചും കൊള്ളുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!'.
  • أَمْ അതല്ല (അതോ - അല്ലെങ്കില്‍) يَقُولُونَ അവര്‍ പറയുന്നുവോ افْتَرَاهُ അതിനെ അവന്‍ കെട്ടിച്ചമച്ചുവെന്ന്‌ قُلْ നീ പറയുക فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِسُورَةٍ ഒരു സൂറത്തും, അദ്ധ്യായം കൊണ്ട്‌ مِّثْلِهِ അതുപോലെയുള്ള وَادْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും ചെയ്യുവിന്‍ مَنِ اسْتَطَعْتُم നിങ്ങള്‍ക്ക്‌ സാധിക്കുന്നവരെ مِّن دُونِ اللَّهِ അല്ലാഹുവിന്‌ പുറമെ (കൂടാതെ) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍, സത്യം പറയുന്നവര്‍

തൗഹീദിനെ സ്ഥാപിച്ചും, ശിര്‍ക്കിനെ ഖണ്‌ഡിച്ചുംകൊണ്ടുള്ള ഏതാനും പ്രസ്‌താവനകള്‍ക്കുശേഷം അല്ലാഹു ക്വുര്‍ആന്‍റെ അമാനുഷികതയും, സത്യതയും സ്ഥാപിക്കുകയാണ്‌. അല്ലാഹുവിനല്ലാതെ ഇങ്ങിനെ ഒരു ഗ്രന്ഥം കൊണ്ടുവരുവാന്‍ സാധ്യമല്ലെന്ന്‌ ആദ്യം ഉറപ്പിച്ചു പറഞ്ഞു. തുടര്‍ന്നു അതിന്‍റെ അമാനുഷികതക്കുള്ള ചില തെളിവുകളും ചൂണ്ടിക്കാട്ടിയിരിക്കുന്നു. അതായത്‌, അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളുടെ സത്യസാക്ഷീകരണവും, വേദഗ്രന്ഥത്തിന്‍റെ വിശദീകരണവുമാണ്‌ അതെന്ന്‌. മുന്‍വേദഗ്രന്ഥങ്ങളിലുള്ള പല വാര്‍ത്തകളും, അവയിലെ പ്രധാന തത്വങ്ങളും അതേപടി ക്വുര്‍ആനിലും അടങ്ങിയിരിക്കുന്നു. നിയമനിര്‍ദ്ദേശങ്ങള്‍, സന്‍മാര്‍ഗോപദേശങ്ങള്‍, തെളിവുകള്‍ ആദിയായി ഒരു വേദഗ്രന്ഥത്തില്‍ എന്തെല്ലാം ആവശ്യമാകുന്നുവോ അതെല്ലാം സവിശദം അതില്‍ വിവരിക്കപ്പെട്ടിട്ടുമുണ്ട്‌. അവയില്‍ ഒന്നും തന്നെ സന്ദേഹത്തിനോ ആശയക്കുഴപ്പത്തിനോ ഇടവുമില്ല. എല്ലാം സത്യസമ്പൂര്‍ണവും ന്യായയുക്തവുമാണുതാനും. അത്‌ ലോകസമക്ഷം സമര്‍പ്പിക്കുന്നതാകട്ടെ; അക്ഷരജ്ഞാനമോ, വേദഗ്രന്ഥ പരിചയമോ ഇല്ലാത്ത ഒരാളുടെ കൈക്കും. ആ ഗ്രന്ഥം അല്ലാഹുവിങ്കല്‍നിന്നുള്ളതാണെന്നും, സൃഷ്‌ടികളാല്‍ നിര്‍മിതമല്ലെന്നുമുള്ളതിന്‌ ഇതൊക്കെത്തന്നെ തെളിവാണ്‌. അതെ, അല്ലാഹുഅല്ലാത്തവരില്‍ നിന്നായിരുന്നു ക്വുര്‍ആനെങ്കില്‍ നിശ്ചയമായും അതില്‍ ധാരാളം വൈരുദ്ധ്യം കാണേണ്ടതായിരുന്നു.

(وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا – النسآء ٨٢)

വസ്‌തുതകള്‍ ഇങ്ങിനെയായിരുന്നിട്ട്‌ പിന്നെയും മുഹമ്മദ്‌ കെട്ടിയുണ്ടാക്കിയതാണ്‌ ഈ ക്വുര്‍ആന്‍ എന്ന്‌ അതിന്‍റെ നിഷേധികള്‍ക്ക്‌ വാദമുണ്ടെങ്കില്‍ അതിലെ അദ്ധ്യായംപോലെയുള്ള ഒരദ്ധ്യായമെങ്കിലും അവരൊന്ന്‌ കൊണ്ടുവരട്ടെ, വേണമെങ്കില്‍ അല്ലാഹു അല്ലാത്ത മറ്റാരെയും അവരുടെ കഴിവുപോലെ അവര്‍ സഹായത്തിന്‌ കൂട്ടുകയും ചെയ്‌തുകൊള്ളട്ടെ- എന്നാലതൊന്ന്‌ കാണാമല്ലോ- എന്ന്‌ അല്ലാഹു അവരെ വെല്ലുവിളിക്കുകയും ചെയ്‌തിരിക്കുന്നു. ക്വുര്‍ആന്‍ അല്ലാഹുവിന്‍റെ വചനം തന്നെയാണെന്നും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ മറ്റോ രചിച്ചതല്ലെന്നുമുള്ളതിന്‌ ഏറ്റവും വ്യക്തവും അനിഷേധ്യവുമായ ഒരു തെളിവത്രെ ഈ വെല്ലുവിളി. അറബികള്‍ ഭാഷാസാഹിത്യത്തില്‍ ഏറ്റവും ഉച്ചിയിലെത്തിക്കഴിഞ്ഞിരുന്ന അക്കാലത്തോ, അതിനുശേഷം ഇന്നിതുവരെയോ ഈ വെല്ലുവിളിയെ നേരിടുവാന്‍ ആളുണ്ടായിട്ടില്ല. ഇതാകട്ടെ, ഈ തുറയിലുള്ള ക്വുര്‍ആന്‍റെ വെല്ലുവിളികളില്‍ മൂന്നാമത്തേതും ഏറ്റവും ലഘുവായതുമാണ്‌ താനും. ജിന്നും മനുഷ്യരുമെല്ലാംകൂടി ചേര്‍ന്നാലും ഇതുമാതിരി ഒരു ക്വുര്‍ആന്‍ കൊണ്ടുവരാന്‍ സാധ്യമല്ലെന്ന്‌ സൂറ: ഇസ്‌റാഅ 88ലും ക്വുര്‍ആന്‍ നബികെട്ടിയുണ്ടാക്കിയതാണെന്ന്‌ വാദമുണ്ടെങ്കില്‍ അതുപോലെയുള്ള 10 സൂറത്തുകളെങ്കിലും കൊണ്ടുവരട്ടെ, സാധിക്കുന്നവരെയൊക്കെ അതിനുക്ഷണിട്ടും കൊള്ളട്ടെയെന്ന്‌ സൂഃ ഹൂദ്‌ : 13ലും അല്ലാഹു പ്രഖ്യാപിച്ചു. ആ രണ്ടു വെല്ലുവിളികളും നിലവിലിരിക്കെത്തന്നെയാണ്‌ അതേ മാതിരി ഒരു സൂറത്തെങ്കിലും കൊണ്ടുവരട്ടെ എന്നുള്ള ഈ മൂന്നാമത്തേതും.

ഈ മൂന്ന്‌ സൂറത്തുകളും – ഇസ്‌റാഉം, ഹൂദും, ഈ സൂറത്തും – മക്കീ സൂറത്തുകളാകുന്നു. ഏറ്റവും ലഘുവായ ഈ മൂന്നാമത്തെ വെല്ലുവിളിയാകട്ടെ, മദനീ സൂറത്തായ അല്‍ബക്വറഃ 23, 24 വചനങ്ങളില്‍ വീണ്ടും അല്ലാഹു ആവര്‍ത്തിക്കുകയും ചെയ്‌തിരിക്കുന്നു. ഒരു കാലത്തും നിങ്ങള്‍ക്കത്‌ സാധ്യമല്ലെന്ന്‌ അവിടെ അറുത്തുമുറിച്ചു പറയുക കൂടി ചെയ്‌തിരിക്കുകയാണ്‌. മനഃസാക്ഷിയും, സത്യബോധവുമുള്ള ഏതൊരു ഹൃദയത്തിനും ക്വുര്‍ആന്‍റെ സത്യതയും ദൈവികതയും മനസ്സിലാക്കുവാന്‍ ഇതില്‍പരം തെളിവ്‌ എന്താണുള്ളത്‌?! അല്ലാഹുവിന്‌ പുറമെയുള്ള ആരുടെ സഹായസഹകരണം വേണമെങ്കിലും സ്വീകരിക്കാമെന്നും, എന്നാലും നിങ്ങള്‍ക്കതിന്‌ കഴിയുകയില്ലെന്നും അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം ഉറപ്പിച്ചു പറയുവാന്‍ അല്ലാഹുവിനല്ലാതെ കഴിയുമോ?! അല്ലാഹു തുടര്‍ന്ന്‌ പറയുന്നു:-

10:39
  • بَلْ كَذَّبُوا۟ بِمَا لَمْ يُحِيطُوا۟ بِعِلْمِهِۦ وَلَمَّا يَأْتِهِمْ تَأْوِيلُهُۥ ۚ كَذَٰلِكَ كَذَّبَ ٱلَّذِينَ مِن قَبْلِهِمْ ۖ فَٱنظُرْ كَيْفَ كَانَ عَـٰقِبَةُ ٱلظَّـٰلِمِينَ ﴾٣٩﴿
  • എങ്കിലും അവര്‍ യാതൊന്നിന്‍റെ അറിവിനെ സൂക്ഷ്‌മമാക്കിയിട്ടില്ലയോ അതിനെ [സൂക്ഷ്‌മമായി അറിഞ്ഞിട്ടില്ലാത്തതിനെ] അവര്‍ വ്യാജമാക്കിയിരിക്കുകയാണ്‌. അതിന്‍റെ പുലര്‍ച്ച അവര്‍ക്ക്‌ വന്നെത്തിയിട്ടുമില്ലതാനും. അപ്രകാരം, അവരുടെ മുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. എന്നിട്ട്‌ (ആ) അക്രമികളുടെ പര്യവസാനം എങ്ങിനെ ആയെന്ന്‌ നോക്കുക!
  • بَلْ പക്ഷേ, എങ്കിലും, എന്നാല്‍ كَذَّبُوا അവര്‍ വ്യാജമാക്കി بِمَا യാതൊന്നിനെ لَمْ يُحِيطُوا അവര്‍ വലയം ചെയ്‌തിട്ടില്ല (സൂക്ഷ്‌മമാക്കിയിട്ടില്ല) بِعِلْمِهِ അതിന്‍റെ അറിവിനെ وَلَمَّا يَأْتِهِمْ അവര്‍ക്ക്‌ വന്നിട്ടുമില്ല تَأْوِيلُهُ അതിന്‍റെ പുലര്‍ച്ച, പൊരുള്‍, വ്യാഖ്യാനം كَذَٰلِكَ അതുപോലെ كَذَّبَ വ്യാജമാക്കിയിരിക്കുന്നു الَّذِينَ مِن قَبْلِهِمْ അവരുടെ (ഇവരുടെ) മുമ്പുള്ളവര്‍ فَانظُرْ എന്നിട്ട്‌ നോക്കുക كَيْفَ كَانَ എങ്ങിനെ ആയി (ഉണ്ടായി) എന്ന്‌ عَاقِبَةُ കലാശം, പര്യവസാനം, അന്ത്യം الظَّالِمِينَ അക്രമികളുടെ
10:40
  • وَمِنْهُم مَّن يُؤْمِنُ بِهِۦ وَمِنْهُم مَّن لَّا يُؤْمِنُ بِهِۦ ۚ وَرَبُّكَ أَعْلَمُ بِٱلْمُفْسِدِينَ ﴾٤٠﴿
  • അവരില്‍നിന്നും ചിലര്‍ അതില്‍ വിശ്വസിക്കുന്നവരുണ്ട്‌. അവരില്‍ നിന്നും ചിലര്‍ അതില്‍ വിശ്വസിക്കാത്തവരുമുണ്ട്‌. നിന്‍റെ റബ്ബ്‌, നാശമുണ്ടാക്കുന്നവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനാകുന്നു.
  • وَمِنْهُم അവരിലുണ്ട്‌, അവരില്‍ നിന്ന്‌ (ചിലര്‍) مَّن يُؤْمِنُ വിശ്വസിക്കുന്നവര്‍, വിശ്വസിക്കുന്നവരുണ്ട്‌ بِهِ അതില്‍ وَمِنْهُم അവരിലുണ്ട്‌, അവരില്‍ (ചിലര്‍) مَّن لَّا يُؤْمِنُ വിശ്വസിക്കാത്തവര്‍, വിശ്വസിക്കാത്തവരാണ്‌ بِهِ അതില്‍ وَرَبُّكَ നിന്‍റെ റബ്ബാകട്ടെ أَعْلَمُ ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ്‌ بِالْمُفْسِدِينَ നാശം (കുഴപ്പം) ഉണ്ടാക്കുന്നവരെപ്പറ്റി

മേല്‍കണ്ട പ്രകാരം ക്വുര്‍ആന്‍റെ സത്യതയെ ഖണ്‌ഡിക്കുവാന്‍ അവര്‍ക്ക്‌ സാധ്യമല്ല. എന്നിരിക്കെ, അവരതില്‍ വിശ്വസിക്കുവാന്‍ ബാധ്യസ്ഥരാണ്‌. പക്ഷേ, അതിനെപ്പറ്റി ശരിക്ക്‌ മനസ്സിലാക്കുവാനോ, അതിലെ തെളിവുകള്‍ പരിശോധിക്കുവാനോ ശ്രമിക്കാതെ കണ്ണടച്ചു നിഷേധിക്കുകയാണ്‌ അവര്‍ ചെയ്യുന്നത്‌. അത്‌ വിഭാവനം ചെയ്യുന്നതും, പ്രവചിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ അനുഭവത്തില്‍ പുലര്‍ന്നു കാണുവാന്‍ അവര്‍ കാത്തിരിക്കുന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍, അതിന്‍റെ വാച്യവശമോ, ആശയവശമോ ഒന്നും ഗൗനിക്കാതെ – കേട്ടമാത്രയില്‍ തന്നെ – വ്യാജമാക്കുകയുണ്ടായിട്ടുണ്ട്‌. അതിന്‍റെ ഫലം അവര്‍ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. അത്‌ ഇവര്‍ക്കും പാഠമായിരിക്കേണ്ടതാകുന്നു. സത്യനിഷേധികളുടെ മൊത്തത്തിലുള്ള സ്ഥിതിയാണ്‌ ഇപ്പറഞ്ഞത്‌. പക്ഷേ, എല്ലാവരും ഒരേമാതിരിക്കാരല്ല. ചിലരൊക്കെ ക്വുര്‍ആന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കി അതില്‍ വിശ്വസിച്ചുവരുന്നുണ്ട്‌ താനും. വിശ്വസിക്കാതെ, കുഴപ്പത്തിനും നാശത്തിനും ഒരുമ്പെട്ട ഒരു വിഭാഗക്കാരും അവരിലുണ്ട്‌. ഇവരെപ്പറ്റി അല്ലാഹുവിന്‌ നന്നായറിയാം. അവരുടെമേല്‍ അവന്‍ തക്ക നടപടി എടുക്കുകയും ചെയ്യും എന്നൊക്കെയാണ്‌ ഈ വചനങ്ങളില്‍ പ്രസ്‌താവിച്ചതിന്‍റെ താല്‍പര്യം.