സൂറത്തു യൂനുസ് – 01:20
യൂനുസ്
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 109- വിഭാഗം (റുകൂഉ്) 11
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
മക്കീ സൂറത്തുകളിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങളായ തൗഹീദിന്‍റെ സ്ഥാപനം, ശിര്‍ക്കിന്‍റെ ഖണ്‌ഡനം, പ്രവാചകത്വം, മരണാനന്തരജീവിതം, പ്രതിഫലനടപടി മുതലായവയും അവയുമായി ബന്ധപ്പെട്ട കാര്യങ്ങളും തന്നെയാണ് ഈ സൂറത്തിലെ മുഖ്യ പ്രതിപാദ്യ വിഷയങ്ങള്‍. 98-ാം വചനത്തില്‍ യൂനുസ് (അ)ന്‍റെ ജനതയെപറ്റി പരാമര്‍ശിക്കുന്നു. സൂറത്തു യൂനുസ് എന്ന നാമകരണത്തിന് കാരണമതാണ്.
- الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْحَكِيمِ ﴾١﴿
- 'അലിഫ് - ലാം - റാ' അവ വിജ്ഞാനപ്രദമായ (അഥവാ തത്വപൂര്‍ണമായ) വേദഗ്രന്ഥത്തിന്‍റെ 'ആയത്തു' [സൂക്തം] കളാകുന്നു.
- الٓر 'അലിഫ് - ലാം - റാ' تِلْكَ അവ (ഇവ) آيَاتُ ആയത്തു (സൂക്തം -വചനം)കളാകുന്നു الْكِتَابِ (വേദ)ഗ്രന്ഥത്തിന്‍റെ الْحَكِيمِ വിജ്ഞാനപ്രദമായ, യുക്തി പൂര്‍ണമായ, തത്വപൂര്‍ണമായ
ഈ സൂറത്തിന്‍റെ ആരംഭത്തില്‍ കാണുന്നതുപോലെയുളള കേവലാക്ഷരങ്ങളെ സംബന്ധിച്ച് സൂറത്തുല്‍ ബക്വറഃയുടെ ആരംഭത്തിലും മറ്റും മുമ്പ് വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. അതുപോലെ, ഈ സൂറത്തിലെ സൂക്തങ്ങളെ ഉദ്ദേശിച്ച് هذه (ഇവ) എന്ന് പറയാതെ تِلْكَ (അവ) എന്ന സൂചനാനാമം ഉപയോഗിച്ചതിലടങ്ങിയ സൂചനയും സൂറത്തുല്‍ ബക്വറഃ 2-ാം വചനത്തിന്‍റെ വ്യാഖ്യാനത്തില്‍ വിവരിച്ചിട്ടുണ്ട്.
- أَكَانَ لِلنَّاسِ عَجَبًا أَنْ أَوْحَيْنَآ إِلَىٰ رَجُلٍ مِّنْهُمْ أَنْ أَنذِرِ ٱلنَّاسَ وَبَشِّرِ ٱلَّذِينَ ءَامَنُوٓا۟ أَنَّ لَهُمْ قَدَمَ صِدْقٍ عِندَ رَبِّهِمْ ۗ قَالَ ٱلْكَـٰفِرُونَ إِنَّ هَـٰذَا لَسَـٰحِرٌ مُّبِينٌ ﴾٢﴿
- മനുഷ്യര്‍ക്ക് ഒരു അല്‍ഭുതമായിപ്പോയോ, അവരില്‍പെട്ട ഒരു പുരുഷന് നാം 'വഹ്‌യ്' [ദിവ്യസന്ദേശം] നല്‍കിയത്?: മനുഷ്യരെ നീ താക്കീത് ചെയ്യണമെന്നും, വിശ്വസിച്ചവര്‍ക്ക് തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ സത്യത്തിന്‍റെ (ഉന്നത) പദവിയുണ്ടെന്ന് സന്തോഷവാര്‍ത്ത അറിയിക്കണമെന്നും! അവിശ്വാസികള്‍ പറയുന്നു: 'നിശ്ചയമായും ഇവന്‍ ഒരു സ്‌പഷ്‌ടമായ മാരണക്കാരന്‍ തന്നെ' എന്ന്.
- أَكَانَ ആയിപ്പോയോ, ആയിത്തീര്‍ന്നോ لِلنَّاسِ മനുഷ്യര്‍ക്ക് عَجَبًا ഒരത്ഭുതം أَنْ أَوْحَيْنَا നാം വഹ്‌യ് (ദിവ്യസന്ദേശം) നല്‍കിയത് إِلَىٰ رَجُلٍ ഒരു പുരുഷനിലേക്ക് مِّنْهُمْ അവരില്‍പെട്ട أَنْ أَنذِرِ നീ താക്കീത് ചെയ്യണമെന്ന് النَّاسَ മനുഷ്യരെ وَبَشِّرِ നീ സന്തോഷവാര്‍ത്ത അറിയിക്കണമെന്നും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് أَنَّ لَهُمْ അവര്‍ക്കുണ്ടെന്ന് قَدَمَ പാദം (പദവി) صِدْقٍ സത്യത്തിന്‍റെ عِندَ رَبِّهِمْ അവരുടെ റബ്ബിന്‍റെ അടുക്കല്‍ قَالَ الْكَافِرُونَ അവിശ്വാസികള്‍ പറഞ്ഞു, പറയുന്നു إِنَّ هَٰذَا നിശ്ചയമായും ഇത് (ഇവന്‍) لَسَاحِرٌ ഒരു മാരണക്കാരന്‍ തന്നെ مُّبِينٌ സ്‌പഷ്‌ടമായ (തനി)
‘ഒരു മനുഷ്യനെയോ അല്ലാഹു റസൂലായി നിയോഗിച്ചത്?’ 17:94 (أَبَعَثَ اللهَّ بَشَرًا رَسُولا) എന്നും, ‘നമ്മുടെ റബ്ബ് വേണമെന്നു വെച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുക തന്നെ ചെയ്യുമായിരുന്നു’ 41:14 (لَوْ شَاءَ رَبُّنَا لأنْزَلَ مَلاىكةً) എന്നുമൊക്കെ സത്യനിഷേധികള്‍ പറയാറുണ്ടായിരുന്നു. ചിലപ്പോള്‍ `ഈ രണ്ട് രാജ്യങ്ങളില്‍ – മക്കയിലോ ത്വാഇഫിലോ – ഉളള ഏതെങ്കിലും ഒരു മഹാ പുരുഷന്‍റെ മേല്‍ എന്തുകൊണ്ട് ഈ ക്വുര്‍ആന്‍ അവതരിക്കപ്പെട്ടില്ല?!’ 43:31 (لَوْلانُزِّلَ هَذَاالْقُرْآنْ عَلَى رَجُلٍ مِنَ الْقَرْيَتَيْنِ عَظِيمٍ) എന്നും അവര്‍ പറയും. ഇങ്ങിനെയുളള അവിശ്വാസികളെക്കുറിച്ചാണ് ഈ വചനത്തില്‍ പ്രസ്‌താവിക്കുന്നത്. തങ്ങളുടെ കൂട്ടത്തില്‍പെട്ട, തങ്ങളെപ്പോലെയുളള, തങ്ങള്‍ക്ക് സുപരിചിതനായ ഒരു മനുഷ്യന് അല്ലാഹു ദിവ്യസന്ദേശം നല്‍കിയതില്‍ അല്‍ഭുതപ്പെടുവാനെന്തുണ്ട്?! സന്ദേശത്തിന്‍റെ സാരമാകട്ടെ, ദുര്‍മാര്‍ഗികള്‍ക്ക് അല്ലാഹുവിന്‍റെ ശിക്ഷലഭിക്കുമെന്ന് താക്കീത് നല്‍കുവാനും, സത്യവിശ്വാസം സ്വീകരിച്ചു സന്‍മാര്‍ഗികളായവര്‍ക്ക് അവന്‍റെ അടുക്കല്‍ ഉന്നതമായ പദവി ലഭിക്കുമെന്ന് സന്തോഷവാര്‍ത്ത അറിയിക്കാനുമാണ്‌താനും. ഇതിലെന്താണിത്ര അത്ഭുതത്തിന് വകയുളളത് എന്ന് സാരം. ആശ്ചര്യം പ്രകടിപ്പിക്കുക മാത്രമല്ല, അവര്‍ ചെയ്യുന്നത്. ഇവന്‍ ഒരു തനി മാരണക്കാരനാണെന്നും, ഇവന്‍ കൊണ്ടുവന്ന ഈ ക്വുര്‍ആന്‍ കേവലം ഒരു മാരണം – അഥവാ ജാലവിദ്യ- ആണെന്നും തുറന്നു പറയുക കൂടി അവര്‍ ചെയ്യുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
قَدَمَ صِدْقٍ എന്ന വാക്കിന് ‘സത്യത്തിന്‍റെ പാദം’ എന്നത്രെ ഭാഷാര്‍ത്ഥം. സത്യം സ്വീകരിക്കുകയും, അതിനെ സാക്ഷാത്‌കരിക്കുകയും ചെയ്‌തതുമൂലം ലഭിക്കുന്ന ഉന്നതപദവിയാണ് ഉദ്ദേശ്യം. അനുഗ്രഹത്തെ ഉദ്ദേശിച്ച് يد (കൈ) എന്ന് പറയപ്പെടാറുളളതുപോലെ, സ്ഥാനപദവിയെ ഉദ്ദേശിച്ച് قَدَم (പാദം) എന്ന വാക്കും അറബിയില്‍ ഉപയോഗിക്കാറുണ്ട്. لَسَاحِرٌ (ഒരു മാരണക്കാരന്‍ തന്നെ) എന്നതിന്‍റെ സ്ഥാനത്ത് لسحر (ഒരു മാരണം തന്നെ) എന്നും ഇവിടെ വായനയുണ്ട്. ഒന്നാമത്തേത് പ്രകാരം അത് നബി യെ ഉദ്ദേശിച്ചും, രണ്ടാമത്തേത് പ്രകാരം അത് ക്വുര്‍ആനെ ഉദ്ദേശിച്ചും ആയിരിക്കുമെങ്കിലും തത്വത്തില്‍ രണ്ടും ഒരുപോലെതന്നെ. سحر (സിഹ്‌ര്‍) എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങളും, അതിന്‍റെ വകുപ്പുകളും സംബന്ധിച്ച് അല്‍ബക്വറഃ : 102 ന്‍റെ വ്യാഖ്യാനത്തിലും മറ്റും വിവരിച്ചത് ഓര്‍ക്കുക. ‘മാരണം, ജാലവിദ്യ, ചെപ്പടിവിദ്യ, ആഭിചാരം, ഇന്ദ്രജാലം, വശീകരണം, കണ്‍കെട്ട്’ എന്നിവയെല്ലാം ‘സിഹ്‌റി’ ല്‍ ഉള്‍പ്പെടുമെന്നും പലപ്പോഴും നാം ചൂണ്ടിക്കാട്ടിയിട്ടുളളതാണ്.
- إِنَّ رَبَّكُمُ ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ فِى سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ يُدَبِّرُ ٱلْأَمْرَ ۖ مَا مِن شَفِيعٍ إِلَّا مِنۢ بَعْدِ إِذْنِهِۦ ۚ ذَٰلِكُمُ ٱللَّهُ رَبُّكُمْ فَٱعْبُدُوهُ ۚ أَفَلَا تَذَكَّرُونَ ﴾٣﴿
- നിശ്ചയമായും, നിങ്ങളുടെ റബ്ബ് ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസ [ഘട്ട] ങ്ങളിലായി സൃഷ്‌ടിച്ചവനായ അല്ലാഹുവത്രെ. പിന്നെ, അവന്‍ കാര്യത്തെ (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചുകൊണ്ട് `അര്‍ശി' ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്‌തിരിക്കുന്നു. അവന്‍റെ അനുവാദത്തിന് ശേഷമല്ലാതെ, ഒരു ശുപാര്‍ശക്കാരനും (ശുപാര്‍ശ നടത്തുക) ഇല്ല. (അങ്ങനെയുളള) അവനത്രെ അല്ലാഹു, നിങ്ങളുടെ റബ്ബ് . ആകയാല്‍, അവനെ നിങ്ങള്‍ ആരാധിക്കുവിന്‍. അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
- إِنَّ رَبَّكُمُ നിശ്ചയമായും നിങ്ങളുടെ റബ്ബ് (രക്ഷിതാവ്) اللَّهُ അല്ലാഹുവത്രെ الَّذِي خَلَقَ സൃഷ്‌ടിച്ചവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും فِي سِتَّةِ ആറില്‍ أَيَّامٍ ദിവസങ്ങള്‍ ثُمَّ പിന്നെ اسْتَوَىٰ അവന്‍ ശരിപ്പെട്ടു (ആരോഹണം ചെയ്‌തു) عَلَى الْعَرْشِ അര്‍ശിന്മേല്‍, സിംഹാസനത്തില്‍ يُدَبِّرُ നിയന്ത്രിച്ചുകൊണ്ട്, അവന്‍ നിയന്ത്രിക്കുന്നു الْأَمْرَ കാര്യം مَا مِن شَفِيعٍ ഒരു ശുപാര്‍ശക്കാരനുമില്ല إِلَّا مِن بَعْدِ ശേഷമല്ലാതെ إِذْنِهِ അവന്‍റെ അനുവാദത്തിന്, സമ്മതത്തിന്‍റെ ذَٰلِكُمُ അവനത്രെ اللَّهُ അല്ലാഹു رَبُّكُمْ നിങ്ങളുടെ റബ്ബായ فَاعْبُدُوهُ അതിനാല്‍ അവനെ നിങ്ങള്‍ ആരാധിക്കുവിന്‍ أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കു (ഓര്‍മവെക്കു)ന്നില്ലേ
ആറു ദിവസങ്ങളിലായി ആകാശഭൂമികളെ സൃഷ്‌ടിച്ചുവെന്നും, അല്ലാഹു അര്‍ശില്‍ ആരോഹണം ചെയ്‌തുവെന്നും പറഞ്ഞതിനെപ്പറ്റി സൂ: അഅ്‌റാഫ് 54; ഫുര്‍ക്വാന്‍ 59; സജദഃ 4,5 മുതലായ വചനങ്ങളുടെ വ്യാഖ്യാനങ്ങളില്‍ വിവരിച്ചിട്ടുണ്ട്. ആറു പ്രത്യേക ഘട്ടങ്ങളായിരിക്കും ആറു ദിവസംകൊണ്ടുദ്ദേശ്യമെന്നും, ആരോഹണത്തിന്‍റെ സ്വഭാവത്തെപ്പറ്റി അത് ഇന്ന പ്രകാരത്തിലായിരിക്കുമെന്ന് നമുക്ക് ഊഹിക്കുവാന്‍ കഴിയുകയില്ലെന്നും, ഈ വചനത്തില്‍ കാണുന്നതുപോലെ അഖില കാര്യങ്ങളും ചിട്ടയോടും വ്യവസ്ഥയോടുംകൂടി അവന്‍ നിയന്ത്രിച്ചു പോരുന്നുവെന്ന യാഥാര്‍ത്ഥ്യമാണ് നാം അതില്‍നിന്നു മനസ്സിലാക്കേണ്ടതെന്നും അവിടങ്ങളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. ‘അവന്‍റെ അനുമതിക്കുശേഷമല്ലാതെ ഒരു ശുപാര്‍ശക്കാരനും ശുപാര്‍ശ നടത്തുകയില്ല’ (…..مَامِنْ شَفِيع) എന്ന വാക്യം പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു. അല്ലാഹുവിന്‍റെ അസ്‌തിത്വത്തിലും ഉല്‍കൃഷ്‌ട ഗുണങ്ങളിലും വിശ്വസിക്കുന്നതോടൊപ്പം തന്നെ, അല്ലാഹുവിങ്കല്‍ തങ്ങള്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുമെന്ന് വാദിച്ചുകൊണ്ട് ദേവീദേവന്‍മാരെയും, പുണ്യാത്മാക്കളെയും ആരാധിച്ചിട്ട് യാതൊരു ഫലവുമില്ലെന്നാണ് ആ വാക്യം ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയകമായി ‘ആയത്തുല്‍ കുര്‍സീ’ യുടെ വ്യാഖ്യാനത്തില്‍ വിവരിച്ചതും ഓര്‍ക്കുക. (അല്‍ബക്വറഃ : 255)
- إِلَيْهِ مَرْجِعُكُمْ جَمِيعًا ۖ وَعْدَ ٱللَّهِ حَقًّا ۚ إِنَّهُۥ يَبْدَؤُا۟ ٱلْخَلْقَ ثُمَّ يُعِيدُهُۥ لِيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ بِٱلْقِسْطِ ۚ وَٱلَّذِينَ كَفَرُوا۟ لَهُمْ شَرَابٌ مِّنْ حَمِيمٍ وَعَذَابٌ أَلِيمٌۢ بِمَا كَانُوا۟ يَكْفُرُونَ ﴾٤﴿
- അവങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം, അല്ലാഹുവിന്‍റെ യഥാര്‍ത്ഥമായ വാഗ്‌ദത്തം! [അതില്‍ നീക്കുപോക്കില്ല] നിശ്ചയമായും അവന്‍, സൃഷ്‌ടിയെ ആദ്യമായുണ്ടാക്കുന്നു ; പിന്നീട് അതിനെ (വീണ്ടും) ആവര്‍ ത്തിച്ചുണ്ടാക്കുന്നു; വിശ്വസിക്കുകയും, സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവര്‍ക്ക് നീതി മുറപ്രകാരം അവന്‍ പ്രതിഫലം നല്‍കുവാന്‍ വേണ്ടി. അവിശ്വസിച്ചവരാകട്ടെ, അവര്‍ക്ക് ചുട്ടുതിളക്കുന്ന ജലത്തില്‍ നിന്നുളള പാനീയവും, വേദനയേറിയ ശിക്ഷയുമുണ്ടായിരിക്കും; അവര്‍ അവിശ്വസിച്ചിരുന്നത് നിമിത്തം
- إِلَيْهِ അവങ്കലേക്കാണ് مَرْجِعُكُمْ നിങ്ങളുടെ മടക്കം جَمِيعًا മുഴുവനും, എല്ലാം وَعْدَ اللَّهِ അല്ലാഹുവിന്‍റെ വാഗ്‌ദത്തം حَقًّا യഥാര്‍ത്ഥമായ, സത്യമായും إِنَّهُ നിശ്ചയമായും അവന്‍ يَبْدَأُ ആരംഭിക്കുന്നു (ആദ്യമായുണ്ടാക്കുന്നു) الْخَلْقَ സൃഷ്‌ടി, സൃഷ്‌ടിയെ ثُمَّ പിന്നെ يُعِيدُهُ അതിനെ മടക്കുന്നു (ആവര്‍ത്തിക്കുന്നു) لِيَجْزِيَ അവന്‍ പ്രതിഫലം നല്‍കുവാന്‍ വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്ക് وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തു الصَّالِحَاتِ സല്‍ക്കര്‍മങ്ങളെ بِالْقِسْطِ നീതിമുറപ്രകാരം وَالَّذِينَ كَفَرُوا അവിശ്വസിച്ചവരാകട്ടെ لَهُمْ അവര്‍ക്കുണ്ട് شَرَابٌ പാനീയം, കുടിനീര്‍ مِّنْ حَمِيمٍ അത്യുഷ്‌ണ (ചുട്ടുതിളക്കുന്ന) ജലത്തില്‍ നിന്ന് وَعَذَابٌ ശിക്ഷയും أَلِيمٌ വേദനയേറിയ بِمَا യാതൊന്നു നിമിത്തം كَانُوا അവരായിരുന്ന يَكْفُرُونَ അവര്‍ അവിശ്വസിക്കും.
സര്‍വ്വ വസ്‌തുക്കളുടെയും സ്രഷ്‌ടാവും നിയന്താവും അല്ലാഹു മാത്രമായിരിക്കെ അവന്‍ മാത്രമേ ആരാധിക്കപ്പെടുവാന്‍ അര്‍ഹനായുളളൂവെന്ന് കഴിഞ്ഞ വചനത്തില്‍ ചൂട്ടിക്കാട്ടിയശേഷം, ഭാവിയില്‍ എല്ലാവരുടെയും മടക്കവും തിരിച്ചെത്തലും അവങ്കലേക്കു തന്നെയാണെന്നും അവിടെവച്ച് എല്ലാവര്‍ക്കും അവരവരുടെ സ്ഥിതിഗതികള്‍ക്കനുസരിച്ച പ്രതിഫലം നല്‍കുമെന്നും ഓര്‍മിപ്പിക്കുകയാണ്. حَمِيم (ചുട്ടുതിളക്കുന്ന അത്യുഷ്‌ണമായ ജലം) എന്നു പറഞ്ഞത് നരകത്തിലെ ആള്‍ക്കാര്‍ക്ക് കുടിക്കുവാന്‍ നല്‍കപ്പെടുന്ന ഒരു പാനീയത്തെപ്പറ്റിയാകുന്നു. അത് കുടിക്കുന്നതോടെ അതവരുടെ കുടലുകളെ നുറുക്കിക്കളയുന്നതാണെന്ന് 47:15 ല്‍ അല്ലാഹു പ്രസ്‌താവിച്ചിരിക്കുന്നു.
- هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَـٰتِ لِقَوْمٍ يَعْلَمُونَ ﴾٥﴿
- അവനത്രെ, സൂര്യനെ (തിളങ്ങുന്ന) ശോഭയും, ചന്ദ്രനെ പ്രകാശവുമാക്കിയവന്‍, അതിന് [ചന്ദ്രന്] അവന്‍ ചില ഭവനങ്ങള്‍ [രാശികള്‍] നിര്‍ണയിക്കുകയും ചെയ്‌തിരിക്കുന്നു; നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുവാന്‍വേണ്ടി. യഥാര്‍ത്ഥ (മുറ) പ്രകാരമല്ലാതെ അതിനെ (ഒന്നും) അവന്‍ സൃഷ്‌ടിച്ചിട്ടില്ല. അറിയാവുന്ന ജനങ്ങള്‍ക്കുവേണ്ടി അവന്‍ ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുകയാണ്.
- هُوَ അവനത്രെ الَّذِي جَعَلَ ആക്കിയവന്‍ الشَّمْسَ സൂര്യനെ ضِيَاءً ശോഭ, തിളക്കം وَالْقَمَرَ ചന്ദ്രനെയും نُورًا പ്രകാശം, വെളിച്ചം وَقَدَّرَهُ അതിന് (അതിനെ) നിര്‍ണയിക്കുക (കണക്കാക്കുക) യും ചെയ്‌തു مَنَازِلَ ചില ഭവനം (മണ്‌ഡലം -രാശി) കള്‍ لِتَعْلَمُوا നിങ്ങള്‍ അറിയുവാന്‍ വേണ്ടി عَدَدَ السِّنِينَ കൊല്ലങ്ങളുടെ എണ്ണം وَالْحِسَابَ കണക്കും مَا خَلَقَ സൃഷ്‌ടിച്ചിട്ടില്ല اللَّهُ അല്ലാഹു ذَٰلِكَ അത് إِلَّا بِالْحَقِّ യഥാര്‍ത്ഥ (മുറ-ന്യായ-കാര്യ) പ്രകാരമല്ലാതെ يُفَصِّلُ അവന്‍ വിശദീകരിക്കുന്നു الْآيَاتِ ദൃഷ്‌ടാന്ത (അടയാള) ങ്ങളെ لِقَوْمٍ ഒരു ജനതക്കുവേണ്ടി يَعْلَمُونَ അവര്‍ അറിയുന്നു
- إِنَّ فِى ٱخْتِلَـٰفِ ٱلَّيْلِ وَٱلنَّهَارِ وَمَا خَلَقَ ٱللَّهُ فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ لَـَٔايَـٰتٍ لِّقَوْمٍ يَتَّقُونَ ﴾٦﴿
- നിശ്ചയമായും, രാത്രിയും, പകലും വ്യത്യാസപ്പെടുന്നതിലുണ്ട്. ആകാശങ്ങളിലും, ഭൂമിയിലും അല്ലാഹു സൃഷ്‌ടിച്ചവയിലും (ഉണ്ട്). സൂക്ഷിക്കുന്ന ജനങ്ങള്‍ക്ക് പല ദൃഷ്‌ടാന്തങ്ങളും.
- إِنَّ നിശ്ചയമായും فِي اخْتِلَافِ വ്യത്യാസപ്പെടുന്നതിലുണ്ട് اللَّيْلِ രാത്രിയും وَالنَّهَارِ പകലും وَمَا خَلَقَ اللَّهُ അല്ലാഹു സൃഷ്‌ടിച്ചതിലും فِي السَّمَاوَاتِ ആകാശങ്ങളില്‍ وَالْأَرْضِ ഭൂമിയിലും لَآيَاتٍ പല ദൃഷ്‌ടാന്തങ്ങള്‍ لِّقَوْمٍ തന്നെ ജനങ്ങള്‍ക്ക് يَتَّقُونَ അവര്‍ സൂക്ഷിക്കുന്നു
മനുഷ്യരടക്കമുളള സൃഷ്‌ടികളുടെ ആദ്യാവസാനങ്ങളെ – അഥവാ തുടക്കത്തെയും ഒടുക്കത്തെയും – കുറിച്ചു മാത്രമല്ല, മനുഷ്യന്‍റെ ജീവിതത്തില്‍ അവന്‍ നിത്യവും കണ്ടറിഞ്ഞുകൊണ്ടിരിക്കുന്ന – സാധാരണ ബുദ്ധികള്‍ക്കുപോലും ഗ്രഹിക്കുവാന്‍ പ്രയാസമില്ലാത്ത- നിത്യസത്യങ്ങളെക്കുറിച്ചു ആലോചിച്ചു നോക്കിയാലും തൗഹീദിന്‍റെ അനിവാര്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കുവാന്‍ കഴിയുമെന്ന് ഉദാഹരണസഹിതം അല്ലാഹു ചൂണ്ടിക്കാട്ടുന്നു. ക്വുര്‍ആനില്‍ പലേടത്തും – മക്കീസൂറത്തുകളില്‍ വിശേഷിച്ചും – ഇതുപോലെയുളള പ്രസ്‌താവനകള്‍ പലതും കാണാം. ഇവിടെ എടുത്തുകാണിച്ച നിത്യദൃഷ്‌ടാന്തങ്ങള്‍ ഇവയാണ്:-
(1) സൂര്യനെ തിളങ്ങുന്ന ശോഭയുളളതാക്കിയത്,
(2) ചന്ദ്രനെ പ്രകാശിക്കുന്നതാക്കിയത്: വെളിച്ചം നല്‍കുന്നതില്‍ രണ്ടും യോജിക്കുമെങ്കിലും രണ്ടിന്‍റെയും വെളിച്ചം തമ്മില്‍ വ്യത്യാസമുണ്ടല്ലോ. സൂര്യന്‍ പകലിലും, ചന്ദ്രന്‍ രാത്രിയിലുമാണ് വെളിച്ചം നല്‍കുന്നതെന്ന് മാത്രമല്ല, സൂര്യന്‍ സ്വയം പ്രകാശിക്കുന്നതും കൂടുതല്‍ ശോഭയുളളതുമാകുന്നു. ചന്ദ്രന്‍റെ വെളിച്ചമാകട്ടെ, സൂര്യനില്‍ നിന്ന് ചന്ദ്രനില്‍ പതിക്കുന്ന വെളിച്ചത്തിന്‍റെ തിരിച്ചടിയാണെന്ന് (*) ശാസ്‌ത്രം മുമ്പേ തെളിയിച്ചു കഴിഞ്ഞതാണ്. സൂര്യവെളിച്ചത്തെ അപേക്ഷിച്ച് അത് വളരെ മങ്ങിയതുമാണ്. ഈ വ്യത്യാസമാണ് സൂര്യവെളിച്ചത്തെപ്പറ്റി ضِيَاء (തിളക്കം -ശോഭ) എന്നും, ചന്ദ്ര വെളിച്ചത്തെപ്പറ്റി نُور (പ്രകാശം) എന്നും പ്രയോഗിച്ചതില്‍ അടങ്ങിയിരിക്കുന്നത്. സൂര്യനെപ്പറ്റി سِرَاج (വിളക്ക്) എന്നും, ചന്ദ്രനെപ്പറ്റി مُنِير (പ്രകാശിക്കുന്നത്) എന്നും പറഞ്ഞുകൊണ്ട് 25:61 ലും ഈ വസ്‌തുത അല്ലാഹു സൂചിപ്പിച്ചിരിക്കുന്നു.
(*) പടം 8 നോക്കുക
(3) ചന്ദ്രന് പല ഭവനങ്ങളും നിര്‍ണയിച്ചിരിക്കുന്നത്: സൂര്യന്‍റെയും ചന്ദ്രന്‍റെയും സഞ്ചാരപഥം ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു. എന്നാലും സൂര്യന്‍ കാഴ്‌ചയില്‍ എപ്പോഴും പൂര്‍ണവൃത്താകൃതിയില്‍ ദൃശ്യമാകുന്നു. ചന്ദ്രനാകട്ടെ, ചാന്ദ്രമാസാരംഭത്തില്‍ ആദ്യം ഒരു അര്‍ദ്ധവളയമായി വെളിപ്പെടുന്നു. പിന്നീട് ദിനം തോറും വൃദ്ധി പ്രാപിച്ചുകൊണ്ട് പതിനാലാം ദിവസത്തേക്ക് പൂര്‍ണവൃത്താകൃതി പ്രാപിക്കുന്നു. പിന്നീട് നേരെമറിച്ച് ദിനംതോറും ക്ഷയിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അവസാനം ഒന്നോ രണ്ടോ രാത്രി അപ്രത്യക്ഷമാകുകയും ചെയ്യും. (*) ഈ വൃദ്ധിക്ഷയങ്ങളെയും അന്നന്നത്തെ സ്ഥാനങ്ങളെയും ഉദ്ദേശിച്ചാണ് مَنَازِل (ഭവനങ്ങള്‍ – അഥവാ സ്ഥാന മണ്‌ഡലങ്ങള്‍) എന്ന് പറഞ്ഞിരിക്കുന്നത്. സൂറത്തുയാസീന്‍ 39ല്‍ وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّى عَاد كَالْعُرْجُون (ചന്ദ്രന് നാം ചില ഭവനങ്ങള്‍ കണക്കാക്കുകയും ചെയ്‌തിരിക്കുന്നു. അങ്ങനെ, അത് ഈത്തപ്പനയുടെ പഴകിയ കുലത്തണ്ടുപോലെ മടങ്ങുന്നതാണ്) എന്ന് പറഞ്ഞതില്‍ നിന്ന് ഇത് മനസ്സിലാക്കാം.
(4) മേല്‍ സൂചിപ്പിച്ച മാറ്റങ്ങള്‍ മൂലം കൊല്ലങ്ങളും കണക്കും അറിയാറാക്കിയത്: സൂര്യന്‍റെ ഉദയാസ്‌തമയങ്ങളില്‍ നിന്ന് ദിവസങ്ങളുടെയും , ഉയര്‍ച്ചതാഴ്‌ചകളില്‍ നിന്ന് നാഴികവിനാഴികകളും കണക്കു കൂട്ടുന്നു. വടക്കോട്ടും തെക്കോട്ടുമുളള അയന ഗതിവിഗതികളില്‍ നിന്നു സൗരമാസങ്ങളും കൊല്ലങ്ങളും കണക്കാക്കുന്നു. (**) ചന്ദ്രന്‍റെ വൃദ്ധിക്ഷയങ്ങളുടെ അടിസ്ഥാനത്തില്‍ ചാന്ദ്ര മാസങ്ങളും, വര്‍ഷങ്ങളും കണക്കാക്കുന്നു.
(5) രാപ്പകലുകളുടെ വ്യത്യാസം: പകല്‍ വെളിച്ചം നിറഞ്ഞതാണെങ്കില്‍ രാത്രി ഇരുട്ട് മൂടിയത്. ഒന്നു പോയാല്‍ പിന്നാലെ മറ്റേത് വരുന്നു. ഒന്നിന്‍റെ സമയത്തില്‍ വര്‍ദ്ധനവുണ്ടായാല്‍ മറ്റേതില്‍ അത് കുറവായി അനുഭവപ്പെടുന്നു.
(6) ആകാശഭൂമികളിലെ വസ്‌തുക്കളെ സൃഷ്‌ടിച്ചത്: ജീവജന്തുക്കള്‍, നിര്‍ജ്ജീവ വസ്‌തുക്കള്‍, സ്‌തൂല ശരീരമുളളതും ഇല്ലാത്തതുമായ വസ്‌തുക്കള്‍, ഗോചരവും അഗോചരവുമായ വസ്‌തുക്കള്‍, ഓരോന്നിലുമുളള തര വ്യത്യാസങ്ങള്‍, വലുപ്പചെറുപ്പങ്ങള്‍, പ്രയോജനങ്ങള്‍ , രൂപവ്യത്യാസങ്ങള്‍ ആദിയായി എണ്ണിയാലൊടുങ്ങാത്ത വൈവിദ്ധ്യങ്ങളും, അവയെല്ലാം വ്യവസ്ഥാപിതമായി നിലകൊളളുന്നതും.!
ഇവയെല്ലാം സാര്‍വ്വത്രികമായ ഒരു വ്യവസ്ഥയനുസരിച്ച് യുക്തി യുക്തം അടുക്കും ചിട്ടയും വെച്ച് ഒന്നൊന്നിന് വിഘാതം വരുത്താതെ, നിമിഷം തെറ്റാതെ, അണുഅളവ് പിഴക്കാതെ സൃഷ്‌ടിച്ചു നിയന്ത്രിച്ചു പോരുന്ന ഒരു മഹാശക്തനായ സ്രഷ്‌ടാവ് ഇവയുടെയെല്ലാം പിന്നിലുണ്ടെന്നും, ആ ശക്തിയാണ് ഇതിന്‍റെയെല്ലാം ഉടമസ്ഥനും അധികാരസ്ഥനും എന്നു മനസ്സിലാക്കുവാനുണ്ടോ വല്ല പ്രയാസവും?! പക്ഷേ, ദൃഷ്‌ടാന്തങ്ങളില്‍ നിന്ന് തത്വങ്ങളും വാസ്‌തവങ്ങളും മനസ്സിലാക്കുവാനുളള തന്റേടവും, ഭവിഷ്യത്തുകളെക്കുറിച്ചു ബോധവും ഉളളവര്‍ക്കേ ഇതെല്ലാം പ്രയോജനപ്പെടുകയുളളൂ. അതാണ് ആദ്യത്തെ വചനത്തില്‍ അറിയാവുന്ന ആളുകള്‍ക്കാണ് ദൃഷ്‌ടാന്തങ്ങളെ വിശദീകരിക്കുന്നത് (يُفَصِّلُ الآيَاتِ لِقَوْمٍ يَعْلَمُونَ) എന്നും, രണ്ടാമത്തെ വചനത്തില്‍, സൂക്ഷിക്കുന്നവര്‍ക്ക് ദൃഷ്‌ടാന്തങ്ങളുണ്ട് (لآيَاتٍ لِقَوْمٍ يَتَّقُونَ) എന്നും പറഞ്ഞിരിക്കുന്നത്.
(*) (**) പടം 8 നോക്കുക
- إِنَّ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا وَرَضُوا۟ بِٱلْحَيَوٰةِ ٱلدُّنْيَا وَٱطْمَأَنُّوا۟ بِهَا وَٱلَّذِينَ هُمْ عَنْ ءَايَـٰتِنَا غَـٰفِلُونَ ﴾٧﴿
- നിശ്ചയമായും, നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാതിരിക്കുകയും, ഐഹിക ജീവിതം കൊണ്ടു തൃപ്‌തിപ്പെടുകയും, അതുകൊണ്ട് (മനസ്സ്) സമാധാന മടയുകയും ചെയ്യുന്നവര്‍, നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ചു (ചിന്തിക്കാതെ) അശ്രദ്ധരായുളളവരും,-
- إِنَّ നിശ്ചയമായും الَّذِينَ യാതൊരുവര്‍ لَا يَرْجُونَ അവര്‍ പ്രതീക്ഷിക്കുന്നില്ല, അഭിലഷിക്കാത്ത لِقَاءَنَا നമ്മെ കാണുന്നതിനെ, നാമുമായി കണ്ടുമുട്ടുന്നതിനെ وَرَضُوا അവര്‍ തൃപ്‌തിപ്പെടുകയും ചെയ്‌തു بِالْحَيَاةِ ജീവിതം കൊണ്ട് الدُّنْيَا ഇഹത്തിലെ (ഐഹിക) وَاطْمَأَنُّوا അവര്‍ സമാധാനമടയുകയും ചെയ്‌തു بِهَا അതുകൊണ്ട്, അതിനാല്‍ وَالَّذِينَ യാതൊരു കൂട്ടരും هُمْ അവര്‍ عَنْ آيَاتِنَا നമ്മുടെ ദൃഷ്‌ടാന്തങ്ങളെക്കുറിച്ച് غَافِلُونَ അശ്രദ്ധരാണ്
- أُو۟لَـٰٓئِكَ مَأْوَىٰهُمُ ٱلنَّارُ بِمَا كَانُوا۟ يَكْسِبُونَ ﴾٨﴿
- (അതെ) അക്കൂട്ടര്‍, അവരുടെ സങ്കേതം നരകമാകുന്നു. അവര്‍ (പ്രവര്‍ത്തിച്ചു) സമ്പാദിച്ചിരുന്നത് നിമിത്തം.
- أُولَٰئِكَ അക്കൂട്ടര്‍ مَأْوَاهُمُ അവരുടെ സങ്കേതം (പ്രാപ്യ- മടക്കസ്ഥാനം) النَّارُ നരകമാണ്, അഗ്നിയാകുന്നു بِمَا كَانُوا അവര്‍ ആയിരുന്നതു നിമിത്തം يَكْسِبُونَ അവര്‍ സമ്പാദിക്കും, ചെയ്‌തുവെക്കും
- إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ يَهْدِيهِمْ رَبُّهُم بِإِيمَـٰنِهِمْ ۖ تَجْرِى مِن تَحْتِهِمُ ٱلْأَنْهَـٰرُ فِى جَنَّـٰتِ ٱلنَّعِيمِ ﴾٩﴿
- നിശ്ചയമായും, വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്‌തവര്‍, അവരുടെ വിശ്വാസം നിമിത്തം അവരുടെ റബ്ബ് അവരെ സന്‍മാര്‍ഗത്തിലാക്കുന്നതാണ്. സുഖാനുഗ്രഹത്തിന്‍റെ സ്വര്‍ഗങ്ങളില്‍, അവരുടെ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകികൊണ്ടിരിക്കും.
- إِنَّ നിശ്ചയമായും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്‌ത الصَّالِحَاتِ സല്‍ക്കര്‍മങ്ങളെ, നല്ല പ്രവൃത്തികള്‍ يَهْدِيهِمْ അവരെ സന്‍മാര്‍ഗത്തിലാക്കും رَبُّهُم അവരുടെ റബ്ബ് بِإِيمَانِهِمْ അവരുടെ വിശ്വാസം കൊണ്ട് (നിമിത്തം) تَجْرِي നടക്കും (ഒഴുകും) مِن تَحْتِهِمُ അവരുടെ അടിയിലൂടെ الْأَنْهَارُ അരുവി (നദി)കള്‍ فِي جَنَّاتِ സ്വര്‍ഗ (ആരാമ)ങ്ങളില്‍ النَّعِيمِ സുഖാനുഗ്രഹത്തിന്‍റെ
- دَعْوَىٰهُمْ فِيهَا سُبْحَـٰنَكَ ٱللَّهُمَّ وَتَحِيَّتُهُمْ فِيهَا سَلَـٰمٌ ۚ وَءَاخِرُ دَعْوَىٰهُمْ أَنِ ٱلْحَمْدُ لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴾١٠﴿
- അവിടങ്ങളില്‍ അവരുടെ പ്രാര്‍ത്ഥന 'അല്ലാഹുവേ, നീ മഹാപരിശുദ്ധന്‍!' [നിനക്കുസ്‌തോത്രം] എന്നുമായിരിക്കും; അവിടത്തില്‍ അവരുടെ ഉപചാരം 'സലാം' [സമാധാനം ശാന്തി!] എന്നുമായിരിക്കും. അവരുടെ അവസാന പ്രാര്‍ത്ഥന 'സ്‌തുതി (യെല്ലാം) ലോക രക്ഷിതാവായ അല്ലാഹുവിനാണ്' എന്നുമായിരിക്കും
- دَعْوَاهُمْ അവരുടെ പ്രാര്‍ത്ഥന, തേട്ടം, ആവശ്യം فِيهَا അവിടെവെച്ച്, അവിടത്തില്‍ سُبْحَانَكَ നീ മഹാ പരിശുദ്ധന്‍, നിനക്ക് സ്‌തോത്രം, നിന്നെ വാഴ്‌ത്തുന്നു (എന്നായിരിക്കും) اللَّهُمَّ അല്ലാഹുവേ وَتَحِيَّتُهُمْ അവരുടെ ഉപചാരം, കാഴ്‌ച, കാണിക്ക, അഭിവാദ്യം فِيهَا അതില്‍ (അവിടത്തില്‍) سَلَامٌ സലാമായിരിക്കും, സമാധാനം- ശാന്തിയാണ് وَآخِرُ അവസാനത്തേത് دَعْوَاهُمْ അവരുടെ പ്രാര്‍ത്ഥനയുടെ أَنِ الْحَمْدُ സ്‌തുതി لِلَّهِ അല്ലാഹുവിനാണ് (എന്നായിരിക്കും) رَبِّ الْعَالَمِينَ ലോക രക്ഷിതാവായ, ലോകരുടെ റബ്ബായ لَقُضِيَ തീരുമാനിക്കപ്പെടുക തന്നെ ചെയ്യും (വിധികഴിയുമായിരുന്നു)
സ്വര്‍ഗത്തിലെ ഓരോ അനുഗ്രഹവും, ആനന്ദകരമായ സംവിധാനങ്ങളും കാണുമ്പോള്‍, അവര്‍ അല്ലാഹുവിന് സ്‌തോത്രകീര്‍ത്തനം ചെയ്യുകയും അവനെ സ്‌തുതിച്ചു വാഴ്‌ത്തിക്കൊണ്ടിരിക്കുകയും ചെയ്യും. അവിടെ പ്രവേശിക്കുന്നതോടെ എല്ലാ ഭാഗത്തു നിന്നും അവരെ സലാം എന്ന് അഭിവാദ്യം ചെയ്യും. അല്ലാഹുവിനെ കാണുമ്പോഴും അവര്‍ക്ക് സലാമിന്‍റെ അഭിവാദ്യം ലഭിക്കുന്നു. (33:44) മലക്കുകളില്‍ നിന്നും സലാം ലഭിക്കുന്നു. (39:73) തമ്മതമ്മിലും സലാമിന്‍റെ ഉപചാരം നടന്നുകൊണ്ടിരിക്കും. (56: 25, 26) അവര്‍ എന്ത് ഇച്ഛിക്കുന്നുവോ അതെല്ലാം അവര്‍ക്ക് കിട്ടും. അവര്‍ എന്തെല്ലാം ആവശ്യപ്പെടുന്നുവോ അതും അവര്‍ക്ക് കിട്ടും. (41:31) അപ്പോഴെല്ലാം അവര്‍ അല്ലാഹുവിന് സ്‌തുതി കീര്‍ത്തനം നടത്തുമെന്ന് പറയേണ്ടതില്ലല്ലോ.
വിഭാഗം - 2
- وَلَوْ يُعَجِّلُ ٱللَّهُ لِلنَّاسِ ٱلشَّرَّ ٱسْتِعْجَالَهُم بِٱلْخَيْرِ لَقُضِىَ إِلَيْهِمْ أَجَلُهُمْ ۖ فَنَذَرُ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا فِى طُغْيَـٰنِهِمْ يَعْمَهُونَ ﴾١١﴿
- മനുഷ്യര്‍ നന്‍മക്ക് ധൃതികൂട്ടുന്ന പ്രകാരം അല്ലാഹു അവര്‍ക്ക് തിന്‍മയെ ധൃതിപ്പെടുത്തി (കൊടുത്തി) രുന്നുവെങ്കില്‍ അവര്‍ക്ക് അവരുടെ അവധി തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു. എന്നാല്‍, നാമുമായി കണ്ടു മുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവരെ, അവരുടെ ധിക്കാരത്തില്‍ അന്ധാളിച്ചു (അലഞ്ഞു) കൊണ്ടു നാം വിട്ടുകളയുകയാണ്.
- وَلَوْ يُعَجِّلُ ധൃതിപ്പെടുത്തി (ബദ്ധപ്പെടുത്തി) യിരുന്നെങ്കില്‍ اللَّهُ അല്ലാഹു لِلنَّاسِ മനുഷ്യര്‍ക്ക് الشَّرَّ തിന്‍മയെ, ദോഷത്തെ اسْتِعْجَالَهُم അവരുടെ ബദ്ധപ്പെടല്‍ (പ്രകാരം) بِالْخَيْرِ നന്‍മക്ക്, ഗുണത്തെപ്പറ്റി إِلَيْهِمْ അവര്‍ക്ക് أَجَلُهُمْ അവരുടെ അവധി فَنَذَرُ എന്നാല്‍ നാം വിട്ടുകളയുന്നു الَّذِينَ لَا يَرْجُونَ പ്രതീക്ഷിക്കാത്തവരെ لِقَاءَنَا നാമുമായി കണ്ടുമുട്ടുന്നതിനെ فِي طُغْيَانِهِمْ അവരുടെ അതിരു കവിച്ചലില്‍, ധിക്കാരത്തില്‍ يَعْمَهُونَ അവര്‍ അന്തം വിട്ടു (അലഞ്ഞു) കൊണ്ട്
മനുഷ്യന്‍ സ്വഭാവേന അക്ഷമനും ധൃതശീലനുമാണ്. (وَكَانَ الإنسَان عَجُولا – الاسراء : 11) എന്തെങ്കിലും ആശാഭംഗമോ ആപത്തോ വരുമ്പോഴേക്കും അവന്‍ തന്‍റെ ധനത്തെയും, മക്കളെയും, സമൂഹത്തെയും ചിലപ്പോള്‍ തന്നെത്തന്നെയും ശപിച്ചു തുടങ്ങും. അവക്കെതിരെ പ്രാര്‍ത്ഥിക്കുകയും ചെയ്യും. ‘നശിക്കട്ടെ! തുലയട്ടെ! മരിച്ചുപോയെങ്കില്‍!’ എന്നിത്യാദി വാക്കുകള്‍ പറയുകയും, അവയെ നശിപ്പിക്കാനും തുലക്കുവാനും ശ്രമം നടത്തുകയും ചെയ്‌തേക്കും. മുന്നാലോചനയും പിന്നാലോചനയുമില്ല. ദീര്‍ഘദൃഷ്‌ടിയോ ശുഭപ്രതീക്ഷയോ ഇല്ല. മനുഷ്യന്‍റെ പൊതുനിലയാണിത്. മുശ്‌രിക്കുകളെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍, നബി പറയുന്നതിനെപ്പറ്റി ആലോചിക്കുവാനും ചിന്തിക്കുവാനും അവര്‍ ഒരുക്കമല്ല. ഇതൊക്കെയാണ് യഥാര്‍ത്ഥ സത്യമെങ്കില്‍ ഞങ്ങളുടെ മേല്‍ കല്‍മഴ പെയ്‌തുകൊളളട്ടെ! അല്ലെങ്കില്‍ വല്ല കഠിന ശിക്ഷയും വന്നുകൊളളട്ടെ! എന്നൊക്കെയാണ് അവരുടെ നില. (8:32) ഇതുപോലെ അല്ലാഹുവും അവരുടെ മേല്‍ ധൃതഗതിയില്‍ നടപടിയെടുക്കുകയാണെങ്കില്‍ അവരുടെ കഥ തന്നെ കഴിഞ്ഞുപോകുമായിരുന്നു. പക്ഷേ, അല്ലാഹു സഹനമുളളവനും യുക്തിമാനുമാണ്. അവന്‍, അവരെ തങ്ങളുടെ തോന്നിവാസങ്ങളില്‍ യഥേഷ്‌ടം വിഹരിച്ചുകൊണ്ട് അലഞ്ഞു നടക്കുവാന്‍ വിട്ടുകൊടുക്കുകയാണ് ചെയ്‌തിരിക്കുന്നത്. അവരുടെ ചെയ്‌തികളെക്കുറിച്ചുളള നടപടി വഴിയെ എടുക്കാമെന്ന് വെച്ചിരിക്കുകയാണെന്ന് സാരം.
- وَإِذَا مَسَّ ٱلْإِنسَـٰنَ ٱلضُّرُّ دَعَانَا لِجَنۢبِهِۦٓ أَوْ قَاعِدًا أَوْ قَآئِمًا فَلَمَّا كَشَفْنَا عَنْهُ ضُرَّهُۥ مَرَّ كَأَن لَّمْ يَدْعُنَآ إِلَىٰ ضُرٍّ مَّسَّهُۥ ۚ كَذَٰلِكَ زُيِّنَ لِلْمُسْرِفِينَ مَا كَانُوا۟ يَعْمَلُونَ ﴾١٢﴿
- മനുഷ്യനെ ഉപദ്രവം (അഥവാ ബുദ്ധിമുട്ട്) ബാധിച്ചാല്‍, അവന്‍റെ (ഒരു) വശത്തേക്കായി (കിടന്നു) കൊണ്ട്, അല്ലെങ്കില്‍ ഇരുന്നുകൊണ്ട്, അല്ലെങ്കില്‍ നിന്നുകൊണ്ട് അവന്‍ നമ്മെ വിളി (ച്ചു പ്രാര്‍ത്ഥി) ക്കുന്നതാണ് എന്നിട്ട് അവനില്‍ നിന്ന് അവന്‍റെ ഉപദ്രവത്തെ (ബുദ്ധിമുട്ടിനെ) നാം നീക്കുമ്പോഴോ, അവന് ബാധിച്ച വല്ല ഉപദ്രവത്തിന് (അഥവാ ബുദ്ധിമുട്ടിന്) വേണ്ടിയും അവന്‍ നമ്മെ വിളി (ച്ചു പ്രാര്‍ത്ഥി) ച്ചിട്ടില്ലാത്ത പോലെ അവന്‍ നടക്കുന്നതാണ്. അപ്രകാരം, അതിരുകവിയുന്നവര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് അലങ്കാരമായി കാണിക്കപ്പെട്ടിരിക്കുന്നു.
- وَإِذَا مَسَّ ബാധിച്ചാല്‍, സ്‌പര്‍ശിച്ചാല്‍ الْإِنسَانَ മനുഷ്യനെ الضُّرُّ ഉപദ്രവം, ബുദ്ധിമുട്ട്, കഷ്‌ടത دَعَانَا അവന്‍ നമ്മെ വിളിക്കും, പ്രാര്‍ത്ഥിക്കുന്നതാണ് لِجَنبِهِ അവന്‍റെ ഭാഗത്തേക്കായി, വശത്തേക്ക് (കിടന്ന്) أَوْ قَاعِدًا അല്ലെങ്കില്‍ ഇരുന്നുകൊണ്ട് أَوْ قَائِمًا അല്ലെങ്കില്‍ നിന്നു കൊണ്ട് فَلَمَّا كَشَفْنَا എന്നിട്ട് നാം തുറവിയാക്കുമ്പോള്‍, നീക്കം ചെയ്‌താല്‍ عَنْهُ അവനില്‍ നിന്ന് ضُرَّهُ അവന്‍റെ ഉപദ്രവം, ബുദ്ധിമുട്ട് مَرَّ അവന്‍ നടക്കും كَأَن لَّمْ ഇല്ലാത്തപോലെ يَدْعُنَا അവന്‍ നമ്മെ വിളിച്ചിട്ട്, പ്രാര്‍ത്ഥിച്ചിട്ട് (ഇല്ലാത്ത പോലെ) إِلَىٰ ضُرٍّ ഒരു ഉപദ്രവത്തിലേക്കും, ബുദ്ധിമുട്ടിന് വേണ്ടിയും مَّسَّهُ അവനെ ബാധിച്ച كَذَٰلِكَ അപ്രകാരം كَذَٰلِكَ അപ്രകാരം زُيِّنَ അലങ്കാരമാക്ക (ഭംഗിയാക്ക) പ്പെട്ടിരിക്കുന്നു لِلْمُسْرِفِينَ അതിരുകവിയുന്നവര്‍ക്ക് مَا كَانُوا അവരായികൊണ്ടിരിക്കുന്നത് يَعْمَلُونَ അവര്‍ പ്രവര്‍ത്തിക്കും
മനുഷ്യന്‍റെ പൊതുവെയുളള ഒരു ദുഃസ്വഭാവമാണിതും. വല്ല ബുദ്ധിമുട്ടോ, വിഷമമോ അനുഭവപ്പെടുമ്പോള്‍ വിനയഭാവത്തോടെ അല്ലാഹുവിനെ വിളിച്ചു പ്രാര്‍ത്ഥിക്കും, കിടന്നും ഇരുന്നും നിന്നുമൊക്കെ അല്ലാഹുവിലേക്ക് കൈനീട്ടിക്കൊണ്ടിരിക്കും. തന്നെ സഹായിക്കുവാന്‍ അല്ലാഹു മാത്രമാണെന്ന് അവന്‍റെ വാക്കിലും ഭാവത്തിലും അവന്‍ പ്രകടിപ്പിക്കും. ആ ബുദ്ധിമുട്ടും വിഷമവും അല്ലാഹു നീക്കിക്കൊടുത്താലോ? മുമ്പ് കഴിഞ്ഞതൊന്നും അവന്‍ ഓര്‍മിക്കുകയില്ല. അതില്‍ നന്ദി പ്രകടിപ്പിക്കുകയുമില്ല. പിന്നീടുളള അവന്‍റെ നടപടിയും നിലപാടും കണ്ടാല്‍, മുമ്പൊരിക്കലും അല്ലാഹുവിനെ അവന് വിളിച്ചു പ്രാര്‍ത്ഥിക്കേണ്ടി വന്നിട്ടില്ലെന്ന് തോന്നും. ഇത് നന്ദികേടും, നീതി ലംഘനവുമാണല്ലോ. ഇത്തരക്കാര്‍ക്ക് അവര്‍ ചെയ്യുന്നതൊക്കെ ഭൂഷണമായി തോന്നുന്നതാണ്. അഥവാ പിശാച് അങ്ങനെ തോന്നിപ്പിക്കും. ഈ ദുഃസ്വഭാവം സത്യവിശ്വാസികളില്‍ ഉണ്ടായിക്കൂടാ എന്നത്രെ ഇതിലടങ്ങിയിരിക്കുന്ന പാഠം.
നബി പറയുന്നു: ‘സത്യവിശ്വാസികളുടെ കാര്യം ആശ്ചര്യം തന്നെ! അവന് അല്ലാഹു ഏത് കാര്യം വിധിച്ചാലും അതവന് ഗുണകരമാകാതിരിക്കുകയില്ല. അതായത്, അവന് വല്ല കഷ്‌ടതയും ബാധിച്ചാല്‍ അവന്‍ ക്ഷമിക്കും. അങ്ങനെ, അതവന് ഗുണമായിത്തീരും. അവന് വല്ല സന്തോഷവും ബാധിച്ചാല്‍ അവന്‍ നന്ദിചെയ്യും. അങ്ങനെ അതും അവന് ഗുണമായിത്തീരും ഇത് സത്യവിശ്വാസികള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇല്ല.’ (മു)
- وَلَقَدْ أَهْلَكْنَا ٱلْقُرُونَ مِن قَبْلِكُمْ لَمَّا ظَلَمُوا۟ ۙ وَجَآءَتْهُمْ رُسُلُهُم بِٱلْبَيِّنَـٰتِ وَمَا كَانُوا۟ لِيُؤْمِنُوا۟ ۚ كَذَٰلِكَ نَجْزِى ٱلْقَوْمَ ٱلْمُجْرِمِينَ ﴾١٣﴿
- നിങ്ങളുടെ മുമ്പ് (പല) തലമുറകളെ, അവര്‍ അക്രമം പ്രവര്‍ത്തിച്ചപ്പോള്‍ നാം നശിപ്പിക്കുകയുണ്ടായിട്ടുണ്ട്; അവരുടെ റസൂലുകള്‍ വ്യക്തമായ തെളിവുകളുമായി അവരുടെ അരികെ ചെല്ലുകയും ചെയ്‌തിരുന്നു (എന്നിട്ടും) അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) ആയിരുന്നതുമില്ല. അപ്രകാരമത്രെ, കുറ്റവാളികളായ ജനങ്ങള്‍ക്ക് നാം പ്രതിഫലം നല്‍കുന്നത്.
- وَلَقَدْ തീര്‍ച്ചയായും أَهْلَكْنَا നാം നശിപ്പിച്ചിട്ടുണ്ട് الْقُرُونَ തലമുറകളെ, കാലക്കാരെ مِن قَبْلِكُمْ നിങ്ങളുടെ മുമ്പ് لَمَّا ظَلَمُوا അവര്‍ അക്രമം ചെയ്‌തപ്പോള്‍ وَجَاءَتْهُمْ അവര്‍ക്ക് വരുക (ചെല്ലുക) യും ചെയ്‌തു, വന്നുതാനും رُسُلُهُم അവരുടെ റസൂലുകള്‍ بِالْبَيِّنَاتِ തെളിവുകളുമായി وَمَا كَانُوا അവരായിത്തീര്‍ന്നതുമില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍) كَذَٰلِكَ അപ്രകാരം, അതുപോലെ نَجْزِي നാം പ്രതിഫലം നല്‍കുന്നു الْقَوْمَ ജനങ്ങള്‍ക്ക് الْمُجْرِمِينَ കുറ്റവാളികളായ
- ثُمَّ جَعَلْنَـٰكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ مِنۢ بَعْدِهِمْ لِنَنظُرَ كَيْفَ تَعْمَلُونَ ﴾١٤﴿
- പിന്നീട്, അവരുടെ ശേഷം (ഇതാ) നിങ്ങളെ ഭൂമിയില്‍ നാം (അവരുടെ) പിന്‍ഗാമികളാക്കിയിരിക്കുന്നു; നിങ്ങള്‍ എങ്ങിനെ പ്രവര്‍ത്തിക്കുന്നുവെന്ന് നാം (പരിശോധിച്ചു) നോക്കുവാന്‍ വേണ്ടി.
- ثُمَّ പിന്നീട് جَعَلْنَاكُمْ നിങ്ങളെ നാം ആക്കി خَلَائِفَ പിന്‍ഗാമികള്‍, പിന്നില്‍ വന്നവര്‍ فِي الْأَرْضِ ഭൂമിയില്‍ مِن بَعْدِهِمْ അവരുടെ ശേഷം لِنَنظُرَ നാം നോക്കുവാന്‍ വേണ്ടി كَيْفَ എങ്ങിനെ تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു (എന്ന്)
ഈ വചനങ്ങളിലടങ്ങിയ ആശയം വ്യക്തമാണ്. അതതു കാലത്തെ ദൈവദൂതന്മാര്‍ അവരവരുടെ ജനങ്ങള്‍ക്ക് വേണ്ടത്ര തെളിവുകള്‍ സഹിതം ഉപദേശം നല്‍കിക്കൊണ്ടിരുന്നു. എന്നിട്ടും അത് സ്വീകരിക്കാതെ നിഷേധത്തിലും ധിക്കാരത്തിലും മുഴുകുകയാണ് പല തലമുറകളും ചെയ്‌തത്. അതിനാല്‍ അവര്‍ അല്ലാഹുവിന്‍റെ ശിക്ഷക്ക് പാത്രമായി. എനി, നിങ്ങളുടെ നിലപാട് എന്തായിരിക്കുമെന്ന് പരീക്ഷിച്ചു നോക്കുവാന്‍ വേണ്ടി ഇപ്പോള്‍ നിങ്ങളെയും ഇതാ രംഗത്തിറക്കിയിരിക്കുന്നു എന്ന് ചുരുക്കം. അവരെപ്പോലെ നിങ്ങളും ചെയ്യുകയാണെങ്കില്‍ നിങ്ങളുടെയും ഗതി നാശം തന്നെയായിരിക്കുമെന്നുളള ഒരു താക്കീതാണിതില്‍ ധ്വനിക്കുന്നത്.
നബി അരുളിച്ചെയ്‌തതായി അബൂസഈദ് (റ) ഉദ്ധരിക്കുന്നു: `നിശ്ചയമായും ഇഹലോകം മധുരമയവും, പച്ചപിടിച്ചതുമാകുന്നു. അല്ലാഹു അതില്‍ നിങ്ങളെ (മാറിമാറി വരുന്ന) പിന്‍ഗാമികളാക്കിക്കൊണ്ടിരിക്കുന്നതും, എന്നിട്ട് നിങ്ങള്‍ എന്തു പ്രവര്‍ത്തിക്കുന്നുവെന്ന് നോക്കുന്നതുമാകുന്നു. അതിനാല്‍, നിങ്ങള്‍ ഇഹലോകത്തെ സൂക്ഷിക്കുവിന്‍. സ്‌ത്രീകളെയും സൂക്ഷിക്കുവിന്‍. കാരണം, ഇസ്‌റാഈല്യരിലുണ്ടായ ഒന്നാമത്തെ കുഴപ്പം സ്‌ത്രീകള്‍ നിമിത്തമായിരുന്നു’. (മുസ്‌ലിം)
- وَإِذَا تُتْلَىٰ عَلَيْهِمْ ءَايَاتُنَا بَيِّنَـٰتٍ ۙ قَالَ ٱلَّذِينَ لَا يَرْجُونَ لِقَآءَنَا ٱئْتِ بِقُرْءَانٍ غَيْرِ هَـٰذَآ أَوْ بَدِّلْهُ ۚ قُلْ مَا يَكُونُ لِىٓ أَنْ أُبَدِّلَهُۥ مِن تِلْقَآئِ نَفْسِىٓ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰٓ إِلَىَّ ۖ إِنِّىٓ أَخَافُ إِنْ عَصَيْتُ رَبِّى عَذَابَ يَوْمٍ عَظِيمٍ ﴾١٥﴿
- വ്യക്തമായ തെളിവുകളായികൊണ്ട് നമ്മുടെ ആയത്തു [വചനം]കള്‍ അവര്‍ക്ക് ഓതിക്കൊടുക്കപ്പെടുന്നതായാല്‍, നാമുമായി കണ്ടുമുട്ടുന്നതിനെ പ്രതീക്ഷിക്കാത്തവര്‍ പറയുന്നതാണ്: 'ഇതല്ലാത്ത ഒരു ക്വുര്‍ആന്‍ (പാരായണ ഗ്രന്ഥം) താന്‍ കൊണ്ടുവരുക, അല്ലെങ്കില്‍ അതിനെ (ഭേദഗതി ചെയ്‌തു) മാറ്റം വരുത്തുക' എന്ന്! (നബിയേ,) പറയുക: 'എന്‍റെ സ്വന്തം വകയായി അതിനെ മാറ്റം വരുത്തുവാന്‍ എനിക്ക് പാടില്ല; എനിക്ക് 'വഹ്‌യ്' [ദിവ്യസന്ദേശം] നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല. നിശ്ചയമായും, എന്‍റെ റബ്ബിനോട് ഞാന്‍ അനുസരണക്കേട് ചെയ്‌താല്‍, വമ്പിച്ച ഒരു ദിവസത്തിലെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു.'
- وَإِذَا تُتْلَىٰ ഓതിക്കേള്‍പ്പിക്ക (കൊടുക്ക)പ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്ക്, അവരില്‍ آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ തെളിവുകളായി, വ്യക്തങ്ങളായ നിലയില്‍ قَالَ പറയുന്നതാണ് الَّذِينَ യാതൊരുകൂട്ടര്‍ لَا يَرْجُونَ പ്രതീക്ഷിക്കാത്ത لِقَاءَنَا നാമുമായി കണ്ടുമുട്ടുന്നതിനെ ائْتِ നീ (താന്‍)വാ, തരുക بِقُرْآنٍ ഒരു ക്വുര്‍ആന്‍കൊണ്ട്, വല്ല പാരായണ ഗ്രന്ഥത്തെയും غَيْرِ هَٰذَا ഇതല്ലാത്ത أَوْ بَدِّلْهُ അല്ലെങ്കില്‍ അതിനെ മാറ്റം വരുത്തുക, ഭേദഗതി ചെയ്യുക قُلْ നീ പറയുക مَا يَكُونُ لِي എനിക്കാവുകയില്ല (പാടില്ല) أَنْ أُبَدِّلَهُ അതിനെ മാറ്റം വരുത്തുവാന്‍, مِن تِلْقَاءِ ഭാഗത്തു നിന്ന് (വകയായി) نَفْسِي എന്‍റെ സ്വന്തം إِنْ أَتَّبِعُ ഞാന്‍ പിന്‍പറ്റുന്നില്ല إِلَّا مَا യാതൊന്നല്ലാതെ يُوحَىٰ إِلَيَّ എനിക്ക് വഹ്‌യ് നല്‍കപ്പെടുന്ന إِنِّي നിശ്ചയമായും أَخَافُ ഞാന്‍ ഭയപ്പെടുന്നു إِنْ عَصَيْتُ ഞാന്‍ എതിര് (അനുസരണക്കേട്) ചെയ്‌തെങ്കില്‍ رَبِّي എന്‍റെ റബ്ബ്, റബ്ബിനോട് عَذَابَ يَوْمٍ ഒരു ദിവസത്തെ ശിക്ഷയെ عَظِيمٍ വമ്പിച്ച, മഹാ
- قُل لَّوْ شَآءَ ٱللَّهُ مَا تَلَوْتُهُۥ عَلَيْكُمْ وَلَآ أَدْرَىٰكُم بِهِۦ ۖ فَقَدْ لَبِثْتُ فِيكُمْ عُمُرًا مِّن قَبْلِهِۦٓ ۚ أَفَلَا تَعْقِلُونَ ﴾١٦﴿
- പറയുക: `അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍, നിങ്ങള്‍ക്ക് ഞാനതു ഓതിക്കേള്‍പ്പിക്കുകയാകട്ടെ, അതിനെപ്പറ്റി നിങ്ങളെ അവന്‍ അറിയിക്കുകയാകട്ടെ ചെയ്യുമായിരുന്നില്ല. ഞാന്‍ നിങ്ങളില്‍ ഇതിന് മുമ്പ് ഒരു (നീണ്ട) പ്രായം കഴിഞ്ഞുകൂടിയിട്ടുണ്ടല്ലോ. അപ്പോള്‍, നിങ്ങള്‍ ബുദ്ധികൊടു (ത്തു ചിന്തി) ക്കുന്നില്ലേ?!'
- قُل നീ പറയുക لَّوْ شَاءَ اللَّهُ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ مَا تَلَوْتُهُ ഞാന്‍ അത് ഓതുമായിരുന്നില്ല, ഓതിക്കേള്‍പ്പിക്കില്ലായിരുന്നു عَلَيْكُمْ നിങ്ങള്‍ക്ക് وَلَا أَدْرَاكُم അവന്‍ നിങ്ങളെ അറിയിക്കുകയുമില്ലായിരുന്നു بِهِ അതിനെപ്പറ്റി فَقَدْ തീര്‍ച്ചയായും لَبِثْتُ ഞാന്‍ താമസിച്ചിട്ടുണ്ട്, കഴിഞ്ഞുകൂടുകയുണ്ടായി فِيكُمْ നിങ്ങളില്‍, നിങ്ങള്‍ക്കിടയില്‍ عُمُرًا പ്രായം مِّن قَبْلِهِ ഇതിന്‍റെ (അതിന്‍റെ) മുമ്പ് أَفَلَا تَعْقِلُونَ അപ്പോള്‍ നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ
قرآن (ക്വുര്‍ആന്‍) എന്ന വാക്കിന് അധികമായി വായിക്കപ്പെടുന്നത് -പാരായണഗ്രന്ഥം- എന്നര്‍ത്ഥമാകുന്നു. അതിന്‍റെ ആദ്യത്തില്‍ ال എന്ന അവ്യയം ചേരുമ്പോള്‍ അതുകൊണ്ട് വിശുദ്ധ ക്വുര്‍ആന്‍ പ്രത്യേകം ഉദ്ദേശിക്കപ്പെടുന്നു.
മക്കാമുശ്‌രിക്കുകളെക്കുറിച്ചാണ് ഈ വചനങ്ങളിലെ പരാമര്‍ശം. ക്വുര്‍ആന്‍റെ തത്വസിദ്ധാന്തങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറില്ലാത്ത അവര്‍, നബി യോട് പറയുകയാണ്: ഏകദൈവസിദ്ധാന്തം, പരലോകം, പുനര്‍ജ്ജീവിതം പോലെയുളള വിഷയങ്ങളടങ്ങിയ ഈ ക്വുര്‍ആന്‍ അല്ലാത്ത വേറെവല്ല ക്വുര്‍ആനും നീ കൊണ്ടുവന്നാല്‍, അല്ലെങ്കില്‍ ഇതില്‍ ആവശ്യമായ ഭേദഗതികള്‍ ചെയ്‌തു ഇതിനൊരു മാറ്റം വരുത്തിയാല്‍, ഞങ്ങള്‍ ഇത് സ്വീകരിച്ചുകൊളളാമെന്ന്. ഇവരോട് പറയുവാന്‍ അല്ലാഹു കല്‍പിച്ച മറുപടിയുടെ സാരം ഇതാണ്: ഇത് എന്‍റെ വകയല്ല, അല്ലാഹുവിന്‍റെ വകയാണ്. അത് അതേപടി പിന്‍പറ്റുകയല്ലാതെ എനിക്ക് നിവൃത്തിയില്ല. അതില്‍ വല്ല മാറ്റത്തിരുത്തലും വരുത്തിയാല്‍ ഞാന്‍ ക്വിയാമത്തു നാളില്‍ അതിഭയങ്കരമായ ശിക്ഷ അനുഭവിക്കേണ്ടി വരും. നിങ്ങള്‍ക്ക് ഇത് ഓതിക്കേള്‍പ്പിക്കുവാനും , അതിലെ സിദ്ധാന്തങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുവാനും ഞാന്‍ സ്വയം മുതിര്‍ന്നതല്ല, അല്ലാഹുവിന്‍റെ ഉദ്ദേശ്യവും കല്‍പനയും അനുസരിച്ചാണ്. കുറേ കാലത്തോളം -നാല്‌പതു കൊല്ലക്കാലം- ഇതിന് മുമ്പ് നിങ്ങളുടെ ഇടയില്‍ നിങ്ങളെപ്പോലെ ഒരുവനായി ഞാന്‍ കഴിഞ്ഞുകൂടുകയുണ്ടായി. അന്നൊന്നും ഞാന്‍ ഇങ്ങനെ പറയുകയും ചെയ്യുകയുമുണ്ടായില്ല. എന്നെപ്പറ്റി അന്നൊന്നും നിങ്ങള്‍ക്ക് ആക്ഷേപമുണ്ടായിരുന്നില്ല. ഇപ്പോള്‍ – ഈ വാര്‍ദ്ധക്യത്തിലേക്ക് തിരിയുകയും ബുദ്ധി ഉറക്കുകയും ചെയ്‌ത കാലത്ത്- നിങ്ങളെ സമീപിക്കുവാന്‍ തുടങ്ങിയത് എന്‍റെ ഇച്ഛകൊണ്ടല്ലെന്നും, അല്ലാഹുവിന്‍റെ കല്‍പനക്ക് വിധേയനായിട്ടായിരിക്കുമെന്നും നിങ്ങള്‍ ബുദ്ധി കൊടുത്ത് ആലോചിച്ചാല്‍ നിങ്ങള്‍ക്കുതന്നെ ബോദ്ധ്യപ്പെടുന്നതാണ്. നിങ്ങള്‍ക്ക് ഒന്ന് ചിന്തിച്ചു നോക്കിക്കുടെ?!
റോമാചക്രവര്‍ത്തി ഹിറക്വലിയൂസിനെ ഇസ്‌ലാമിലേക്ക് കഷണിച്ചുകൊണ്ടുളള നബി യുടെ കത്ത് കിട്ടിയപ്പോള്‍, അവിടെ (ശാമില്‍) കച്ചവടാര്‍ത്ഥം ചെന്നിരുന്ന അബൂസുഫ്‌യാനെയും മറ്റും ദര്‍ബാറില്‍ വിളിച്ചു വരുത്തി നബി യെക്കുറിച്ച് രാജാവ് പലതും ചോദിച്ചറിഞ്ഞ സംഭവം പ്രസിദ്ധമാണ്. അന്ന് അബൂസുഫ്‌യാന്‍ (റ) മുസ്‌ലിമായിരുന്നില്ല. നബി യുടെ ശത്രുക്കളുടെ നേതാവ് കൂടിയായിരുന്നു. എന്നിട്ടും മുമ്പ് നബി കളവ് പറഞ്ഞിരുന്നതായി നിങ്ങള്‍ അദ്ദേഹത്തെപ്പറ്റി തെറ്റിദ്ധരിച്ചിരുന്നുവോ എന്ന ഹിറക്വലിയൂസിന്‍റെ ചോദ്യത്തിന് അബൂസുഫ്‌യാന്‍ (റ) ഉത്തരം നല്‍കിയത് ‘ഇല്ല’ എന്നായിരുന്നു. അപ്പോള്‍ ഹിറക്വലിയൂസ് പറഞ്ഞു: ‘എന്നാലദ്ദേഹം, ജനങ്ങളെപ്പറ്റി കളവ് പറയാതിരിക്കുകയും, അതോടെ അല്ലാഹുവിനെപ്പറ്റി കളവ് പറയുവാന്‍ ശ്രമിക്കുകയും ചെയ്യുകയുണ്ടാവില്ലെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’ ഇതുപോലെ അബിസീനിയരാജാവായ നജ്ജാശീ (നെഗാശീ) യുടെ മുമ്പില്‍വെച്ച് നബി യെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ ജഅ്‌ഫറുബ്‌നു അബീത്വാലിബും (റ) ഇപ്രകാരം പറഞ്ഞിരുന്നു; `ഞങ്ങളില്‍ അല്ലാഹു ഒരു റസൂലിനെ അയച്ചു തന്നിരിക്കുന്നു. അദ്ദേഹത്തിന്‍റെ സത്യതയും, തറവാടും, വിശ്വസ്‌തതയും ഞങ്ങള്‍ക്കറിയാവുന്നതാണ്. അദ്ദേഹം നാല്‍പതുകൊല്ലം ഞങ്ങള്‍ക്കിടയില്‍ കഴിഞ്ഞുകൂടിയിട്ടുണ്ട്……..’
- فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا أَوْ كَذَّبَ بِـَٔايَـٰتِهِۦٓ ۚ إِنَّهُۥ لَا يُفْلِحُ ٱلْمُجْرِمُونَ ﴾١٧﴿
- അപ്പോള്‍, അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്‍റെ `ആയത്തു' [വചനം]കളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി ആരുണ്ട്?! നിശ്ചയമായും കാര്യം, കുറ്റവാളികള്‍ വിജയിക്കുകയില്ല.
- فَمَنْ അപ്പോള്‍ ആര്‍ أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനെ (രെ) ക്കാള്‍ عَلَى اللَّهِ അല്ലാഹുവിന്‍റെ പേരില്‍ (മേല്‍) كَذِبًا വ്യാജം, കളവ് أَوْ كَذَّبَ അല്ലെങ്കില്‍ വ്യാജമാക്കിയ بِآيَاتِهِ അവന്‍റെ ആയത്തു (വചനം- ലക്ഷ്യം) കളെ إِنَّهُ നിശ്ചയമായും അത് (കാര്യം) لَا يُفْلِحُ വിജയിക്കുകയില്ല الْمُجْرِمُونَ കുറ്റവാളികള്‍
- وَيَعْبُدُونَ مِن دُونِ ٱللَّهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰٓؤُلَآءِ شُفَعَـٰٓؤُنَا عِندَ ٱللَّهِ ۚ قُلْ أَتُنَبِّـُٔونَ ٱللَّهَ بِمَا لَا يَعْلَمُ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴾١٨﴿
- അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക് ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവര്‍ ആരാധിച്ചുവരുന്നു; 'ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു' വെന്ന് അവര്‍ പറയുകയും ചെയ്യുന്നു. പറയുക ; 'ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ (ഉളളതായി) അല്ലാഹു അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവന് വിവരമറിയിക്കുകയാണോ?!' അവന്‍ മഹാപരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.'
- وَيَعْبُدُونَ അവര്‍ ആരാധിച്ചുവരുന്നു مِن دُونِ اللَّهِ അല്ലാഹുവിനു പുറമെ مَا لَا يَضُرُّهُمْ അവര്‍ക്ക് ഉപദ്രവം ചെയ്യാത്തതിനെ وَلَا يَنفَعُهُمْ അവര്‍ക്ക് ഉപകാരവും ചെയ്യാത്ത وَيَقُولُونَ അവര്‍ പറയുകയും ചെയ്യുന്നു هَٰؤُلَاءِ ഇവര്‍, ഇക്കൂട്ടര്‍ شُفَعَاؤُنَا ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു, ശുപാര്‍ശകരാണ് عِندَ اللَّهِ അല്ലാഹുവിന്‍റെ അടുക്കല്‍ قُلْ നീ പറയുക أَتُنَبِّئُونَ നിങ്ങള്‍ വിവരമറിയിക്കുകയോ اللَّهَ അല്ലാഹുവിന് بِمَا لَا يَعْلَمُ അവന്‍ അറിയാത്തതിനെ (അറിയാത്ത കാര്യത്തെ) പറ്റി فِي السَّمَاوَاتِ ആകാശങ്ങളിലും وَلَا فِي الْأَرْضِ ഭൂമിയിലും ഇല്ല (ഇല്ലാത്ത) سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍, അവന് സ്‌തോത്രം وَتَعَالَىٰ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു عَمَّا يُشْرِكُونَ അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്
ആരാധിക്കപ്പെടുന്ന വസ്‌തു – അത് കല്ലോ, മരമോ, മനുഷ്യനോ, ദേവീദേവന്‍മാരോ, ജീവനുളളതോ, മരണപ്പെട്ടതോ ഏതായാലും ശരി- അതിന്‍റെ ആരാധകന്‍മാര്‍ക്ക് വല്ല ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയുന്നതായിരിക്കണം. ഇല്ലാത്തപക്ഷം, ആരാധന തികച്ചും നിരര്‍ത്ഥവും ഫലശൂന്യവുമാകുന്നു. എന്നിട്ടും ഈ മുശ്‌രിക്കുകള്‍ വിഗ്രഹങ്ങളെ ആരാധിച്ചു വരികയാണ്. അതിന് അവര്‍ പറയുന്ന ന്യായം അവര്‍ക്ക് ഗുണമോ ദോഷമോ ചെയ്‌വാന്‍ കഴിയുമെന്നല്ല. അവ അല്ലാഹുവിന്‍റെ മുമ്പില്‍ തങ്ങള്‍ക്ക് ശുപാര്‍ശക്കാരായി വരുമെന്നും, അങ്ങനെയുള്ള തങ്ങളെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുമെന്നുമാകുന്നു. എന്നാല്‍, അങ്ങനെയുള്ള ശുപാര്‍ശക്കാര്‍ ആകാശഭൂമിയില്‍ എവിടെയുമില്ല. ഉണ്ടെങ്കില്‍ അല്ലാഹു അറിയണമല്ലോ. എന്നിരിക്കെ, ആ വാദത്തിന്‍റെ അര്‍ത്ഥം, അല്ലാഹുവിനറിയാത്ത ചില ശുപാര്‍ശക്കാര്‍ അവന്‍റെ അടുക്കല്‍ സ്വാധീനം ചെലുത്തുന്നവരായി നിലവിലുണ്ട് എന്നാണല്ലോ. ഇത്തരം സങ്കല്‍പങ്ങളില്‍ നിന്നെല്ലാം തന്നെ അല്ലാഹു മഹാ പരിശുദ്ധനും, അത്യുന്നതനുമാകുന്നു.
ശുപാര്‍ശകന്‍മാരെ സംബന്ധിക്കുന്ന ഇതുപോലെയുളള പ്രസ്‌താവനകള്‍ വിഗ്രഹാരാധകന്‍മാരെ മാത്രം ബാധിക്കുന്നതാണെന്ന് കരുതുന്നത് തികച്ചും തെറ്റാകുന്നു. ഉപകാരവും ഉപദ്രവവും ചെയ്‌വാനുളള യഥാര്‍ത്ഥ കഴിവ് അല്ലാഹുവിന് തന്നെയാണുളളതെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് ആ മുശ്‌രിക്കുകളും ഈ ശുപാര്‍ശവാദംകൊണ്ടുവരുന്നതെന്ന് ഓര്‍ക്കണം. അവര്‍ ആരാധിക്കുന്ന കല്ലുകളോ വൃക്ഷങ്ങളോ തങ്ങള്‍ക്ക് ശുപാര്‍ശ നടത്തുമെന്നല്ല അവര്‍ പറയുന്നതിന്‍റെ ഉദ്ദേശ്യം. അവ ഏത് മഹാന്‍മാരുടെ – ദേവിദേവന്‍മാരുടെ-പേരില്‍ പ്രതിഷ്‌ഠിതങ്ങളാണോ അവര്‍ തങ്ങള്‍ക്കുവേണ്ടി അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നാണ് അവരുദ്ദേശിക്കുന്നത്. അപ്പോള്‍, വിഗ്രഹങ്ങളെ ആരാധിക്കുന്നത് ശിര്‍ക്കാണെന്നു സമ്മതിക്കുകയും, അതേ സമയത്ത് അവര്‍ പറയുന്ന അതേ ന്യായം പറഞ്ഞുകൊണ്ട് വല്ല മഹാന്മാരെയും വിളിച്ചു പ്രാര്‍ത്ഥിക്കുക , അവരവരുടെ ക്വബ്‌ര്‍സ്ഥാനങ്ങളിലേക്ക് നേര്‍ച്ച വഴിപാടുകള്‍ നടത്തുകപോലെയുളള ആരാധനാകര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്കും ബാധകം തന്നെയാണിത്. (*)
(*) ഈ ആയത്തിന്‍റെ വ്യാഖ്യാനത്തില്‍ ഇമാം റാസീ എഴുതിയ ഒരു ഭാഗം ഇവിടെ നേരെ പകര്‍ത്തുന്നു
انهم وضعوا هذه الاصنام والاوثان على صور انبيائهم وأكابرهم وزعموا أنهم متى اشتغلوا بعبادة هذه التماثيل فان أولئك الا مابر تكون شفعاء لهم عند الله تعالى ونظيره فى هذا الزمان اشتغال كثير من الخلق بتعظيم قبور الاكابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله
ഈ വിഗ്രഹങ്ങളെയും ബിംബങ്ങളെയും അവരുടെ പ്രവാചകന്‍മാരുടെയും മഹാത്മാക്കളുടെയും രൂപത്തിലാണ് അവര്‍ ഉണ്ടാക്കിവെച്ചത്. ഈ പ്രതിമകളുടെ ആരാധനയില്‍ തങ്ങള്‍ ഏര്‍പ്പെടുമ്പോള്‍ ആ മഹാത്മാക്കള്‍ അല്ലാഹുവിന്‍റെ അരികെ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്ന് അവര്‍ ജല്‍പിക്കുകയും ചെയ്‌തു. മഹാത്മാക്കളുടെ ക്വബ്‌റുകളെ ആദരിക്കുന്നതില്‍ അനേകം `പടപ്പുകള്‍’ ഇക്കാലത്ത് ഏര്‍പ്പെട്ടിട്ടുളളതും ഇതിന് തുല്യമാണ്. തങ്ങള്‍ അവരുടെ ക്വബ്‌റുകളെ ആദരിച്ചാല്‍ അവര്‍ അല്ലാഹുവിങ്കല്‍ തങ്ങള്‍ക്ക് ശുപാര്‍ശകരാകുമെന്നാണ് അവരുടെ വിശ്വാസം.’
- وَمَا كَانَ ٱلنَّاسُ إِلَّآ أُمَّةً وَٰحِدَةً فَٱخْتَلَفُوا۟ ۚ وَلَوْلَا كَلِمَةٌ سَبَقَتْ مِن رَّبِّكَ لَقُضِىَ بَيْنَهُمْ فِيمَا فِيهِ يَخْتَلِفُونَ ﴾١٩﴿
- മനുഷ്യര്‍ ഒരേ സമുദായമല്ലാതെ ആയിരുന്നില്ല; എന്നിട്ടവര്‍ ഭിന്നിച്ചിരിക്കുകയാണ്. നിന്‍റെ റബ്ബിങ്കല്‍നിന്നും ഒരു വാക്യം മുന്‍ കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍, അവര്‍ യാതൊന്നില്‍ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതില്‍ അവര്‍ക്കിടയില്‍ തീരുമാനിക്കപ്പെടുകതന്നെ ചെയ്യുമായിരുന്നു.
- وَمَا كَانَ ആയിരുന്നില്ല النَّاسُ മനുഷ്യര്‍ إِلَّا أُمَّةً ഒരു സമുദായമല്ലാതെ وَاحِدَةً ഒരേ, ഏക فَاخْتَلَفُوا എന്നിട്ടവര്‍ ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി وَلَوْلَا ഇല്ലായിരുന്നെങ്കില്‍ كَلِمَةٌ ഒരു വാക്ക്, വാക്യം سَبَقَتْ അത് മുന്‍കഴിഞ്ഞു, മുന്‍കഴിഞ്ഞ مِن رَّبِّكَ നിന്‍റെ റബ്ബിങ്കല്‍നിന്ന് لَقُضِيَ തീരുമാനം ചെയ്യപ്പെടുകതന്നെ ചെയ്യുമായിരുന്നു بَيْنَهُمْ അവര്‍ക്കിടയില്‍ فِيمَا യാതൊന്നില്‍ فِيهِ അതില്‍ يَخْتَلِفُونَ അവര്‍ ഭിന്നിച്ചുവരുന്നു
ആദ്യകാലത്ത് മനുഷ്യരെല്ലാം തൗഹീദില്‍ നിലകൊളളുന്ന ഏക സമുദായമായിട്ടായിരുന്നു ജീവിച്ചുപോന്നിരുന്നത്. പിന്നീട് കുറെ കഴിഞ്ഞാണ് അവരില്‍ ശിര്‍ക്കും ഭിന്നിപ്പും കടന്നുകൂടിയത്. ഭിന്നിച്ചവരെ ശിക്ഷിച്ചും ഭിന്നിക്കാത്തവരെ രക്ഷിച്ചുംകൊണ്ട് അവര്‍ക്കിടയില്‍ നടപടി എടുക്കല്‍ പരലോക ജീവിതത്തില്‍ വെച്ചായിരിക്കുമെന്ന് അല്ലാഹു മുമ്പേ നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. അതുകൊണ്ടാണ് ഇപ്പോള്‍ രണ്ടു കൂട്ടര്‍ക്കുമിടയിലുളള ഒരവസാന തീരുമാനമുണ്ടാക്കി നടപടി എടുക്കാത്തത് എന്ന് സാരം. നൂഹ് നബി (അ) യുടെ സമുദായത്തില്‍നിന്നാണ് വിഗ്രഹാരാധനയുടെ തുടക്കം കുറിച്ചതെന്നും, അതിന്‍റെ ഉല്‍ഭവം ഇന്നിന്ന പ്രകാരമാണുണ്ടായതെന്നും ഇബ്‌നു അബ്ബാസ് (റ) ല്‍ നിന്ന് ബുഖാരീ (റ) ഉദ്ധരിച്ച വിവരം നാം ഇതിന് മുമ്പ് ഉദ്ധരിച്ചു കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ വിവരം സൂറത്തുനൂഹിനുശേഷം കൊടുത്തിട്ടുളള വ്യാഖ്യാനക്കുറിപ്പിലും കാണാവുന്നതാണ്.
- وَيَقُولُونَ لَوْلَآ أُنزِلَ عَلَيْهِ ءَايَةٌ مِّن رَّبِّهِۦ ۖ فَقُلْ إِنَّمَا ٱلْغَيْبُ لِلَّهِ فَٱنتَظِرُوٓا۟ إِنِّى مَعَكُم مِّنَ ٱلْمُنتَظِرِينَ ﴾٢٠﴿
- അവര്‍ പറയുന്നു: 'അവന്ന് [നബിക്ക്] അവന്‍റെ റബ്ബിങ്കല്‍ നിന്ന് ഒരു ദൃഷ്‌ടാന്തം ഇറക്കിക്കൊടുക്കപ്പെടാത്തതെന്ത് ?!' എന്നാല്‍, പറയുക: അദൃശ്യകാര്യം അല്ലാഹുവിന് മാത്രമാണ് (അറിവുളളത്);. ആകയാല്‍, നിങ്ങള്‍ കാത്തിരിക്കുവിന്‍, നിശ്ചയമായും ഞാന്‍, നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരില്‍പെട്ടവനാകുന്നു.
- وَيَقُولُونَ അവര്‍ പറയുന്നു لَوْلَا أُنزِلَ ഇറക്കപ്പെട്ടു കൂടേ, എന്തുകൊണ്ട് ഇറക്കപ്പെട്ടില്ല عَلَيْهِ അവന്‍റെ മേല്‍, അവന് آيَةٌ ഒരു ദൃഷ്‌ടാന്തം, വല്ല ദൃഷ്‌ടാന്തവും مِّن رَّبِّهِ അവന്‍റെ റബ്ബിങ്കല്‍നിന്ന് فَقُلْ എന്നാല്‍ പറയുക إِنَّمَا الْغَيْبُ നിശ്ചയമായും മറഞ്ഞ കാര്യം (മാത്രം ആകുന്നു) لِلَّهِ അല്ലാഹുവിന് (മാത്രം ആകുന്നു) فَانتَظِرُوا അതിനാല്‍ നിങ്ങള്‍ നോക്കിയിരിക്കു (കാത്തിരിക്കു) വിന്‍ إِنِّي നിശ്ചയമായും ഞാന്‍ مَعَكُم നിങ്ങളോടൊപ്പം مِّنَ الْمُنتَظِرِينَ നോക്കി (കാത്ത്) ഇരിക്കുന്നവരില്‍ പെട്ടവനാണ്
നബി യുടെ സത്യതക്ക് തെളിവില്ലാത്തതുകൊണ്ടോ, തെളിവിന്റ പോരായ്‌മ നിമിത്തം സംശയം തീരാത്തതുകൊണ്ടോ അല്ല മുശ്‌രിക്കുകള്‍ ഒരു ദൃഷ്‌ടാന്തത്തിന് ആവശ്യപ്പെടുന്നത്. നബി യെ ഉത്തരംമുട്ടിച്ചു ജയഭേരി അടിക്കുകയാണ് അവരുടെ ഉദ്ദേശ്യം. മൂസാ നബി (അ) ക്ക് വടിയും കൈയും ദൃഷ്‌ടാന്തമായി ഉണ്ടായിരുന്നതുപോലെയോ, സ്വാലിഹ് നബി (അ) ക്ക് ഒട്ടകം ദൃഷ്‌ടാന്തമായിരുന്നതുപോലെയോ ഉളള ഒരു പ്രത്യക്ഷ പ്രകൃതി ദൃഷ്‌ടാന്തം എന്തുകൊണ്ട് മുഹമ്മദ് കാണിക്കുന്നില്ല എന്നാണവര്‍ പറയുന്നത്. ഞങ്ങള്‍ നിന്നെ വിശ്വസിക്കണമെങ്കില്‍ , ഭൂമിയില്‍ നിന്ന് ഞങ്ങള്‍ക്കൊരു ഉറവ് നീ പൊട്ടിയൊഴുക്കിത്തരണം, അല്ലെങ്കില്‍ നിനക്ക് ഈത്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാവണം, അല്ലെങ്കില്‍ നീ ആകാശത്തു നിന്ന് കഷ്‌ണങ്ങള്‍ വീഴ്‌ത്തണം, അല്ലെങ്കില്‍ നീ അല്ലാഹുവിനെയും മലക്കുകളെയും കൊണ്ടുവരണം, അല്ലെങ്കില്‍ സ്വര്‍ണം കൊണ്ടുളള ഒരു വീട് നിനക്കുണ്ടായിരിക്കണം, അല്ലെങ്കില്‍ നീ ആകാശത്തിലൂടെ കയറിപ്പോകണം എന്നൊക്കെ ചില ദൃഷ്‌ടാന്തങ്ങള്‍ അവര്‍ സ്വയം തന്നെ നിര്‍ണയിച്ചാവശ്യപ്പെട്ടിട്ടുളള കഥ സൂഃ ഇസ്‌റാഉ് 90-93 ല്‍ കാണാവുന്നതാണ്. ഇത്തരത്തില്‍ പെട്ട വല്ല കാര്യങ്ങളുമായിരിക്കും അവര്‍ ദൃഷ്‌ടാന്തം കൊണ്ടുദ്ദേശിക്കുന്നത് എന്ന് വ്യക്തമാകുന്നു.
ദൃഷ്‌ടാന്തം നല്‍കുന്ന കാര്യം – അത് ആര്‍ക്ക്, എപ്പോള്‍, എങ്ങിനെ വേണമെന്നല്ലാമുളള വിഷയം- അദൃശ്യകാര്യങ്ങളില്‍ പെട്ടതാണ്. അദൃശ്യജ്ഞാനം അല്ലാഹുവിനേ ഉളളൂ. അതുകൊണ്ട് എന്നോട് ദൃഷ്‌ടാന്തം ആവശ്യപ്പെട്ടിട്ട് കാര്യമില്ല. അല്ലാഹു ചെയ്‌വാന്‍ പോകുന്നതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം. നാം ഇരുകൂട്ടരും കാത്തിരിക്കുക. എന്നൊക്കെയാണ് അവര്‍ക്ക് നല്‍കുവാന്‍ കല്‍പിച്ച മറുപടിയുടെ താല്‍പര്യം. ദൃഷ്‌ടാന്തം കാണിക്കുവാന്‍ നബി ക്ക് കഴിവില്ലെന്ന് അറിയിച്ചതോടൊപ്പം തന്നെ, അവര്‍ക്ക് കനത്ത ഒരു താക്കീത് കൂടിയാണ് ഈ മറുപടി.