വിഭാഗം - 12

18:102
  • أَفَحَسِبَ ٱلَّذِينَ كَفَرُوٓا۟ أَن يَتَّخِذُوا۟ عِبَادِى مِن دُونِىٓ أَوْلِيَآءَ ۚ إِنَّآ أَعْتَدْنَا جَهَنَّمَ لِلْكَـٰفِرِينَ نُزُلًا ﴾١٠٢﴿
  • എന്നാല്‍, അവിശ്വസിച്ചവര്‍ വിചാരിക്കുന്നുവോ: എനിക്കുപുറമെ, എന്റെ അടിയാന്‍മാരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കാമെന്ന്?! നിശ്ചയമായും നാം അവിശ്വാസികള്‍ക്കു നരകത്തെ വിരുന്നുസല്‍കാരമായി ഒരുക്കി വെച്ചിരിക്കുന്നു.
  • أَفَحَسِبَ എന്നാല്‍ വിചാരിക്കുന്നുവോ, കണക്കാക്കിയോ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ أَن يَتَّخِذُوا അവര്‍ സ്വീകരിക്കാമെന്നു, ആക്കുവാന്‍ عِبَادِي എന്റെ അടിയാന്‍മാരെ مِن دُونِي എനിക്കുപുറമെ, എന്നെ കൂടാതെ أَوْلِيَاءَ കാര്യകര്‍ത്താക്കളായി, രക്ഷാകര്‍ത്താക്കളായി إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു جَهَنَّمَ നരകത്തെ, ജഹന്നമിനെ لِلْكَافِرِينَ അവിശ്വാസികള്‍ക്കു نُزُلًا സല്ക്കാരമായി, വിരുന്നായി
18:103
  • قُلْ هَلْ نُنَبِّئُكُم بِٱلْأَخْسَرِينَ أَعْمَـٰلًا ﴾١٠٣﴿
  • (നബിയേ) പറയുക: 'പ്രവൃത്തികള്‍ ഏറ്റവും നഷ്ടപ്പെട്ടവരെക്കുറിച്ചു നാം നിങ്ങള്‍ക്കു പറഞ്ഞുതരട്ടെയോ?-
  • قُلْ പറയുക هَلْ نُنَبِّئُكُم നിങ്ങള്‍ക്കു നാം പറഞ്ഞു (അറിയിച്ചു) തരട്ടെയോ بِالْأَخْسَرِينَ ഏറ്റവും നഷ്ടപ്പെട്ടവരെപ്പറ്റി أَعْمَالًا പ്രവര്‍ത്തനങ്ങള്‍

18:104
  • ٱلَّذِينَ ضَلَّ سَعْيُهُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَهُمْ يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا ﴾١٠٤﴿
  • (അവര്‍) യാതൊരു കൂട്ടരാകുന്നു: ഐഹിക ജീവിതത്തില്‍ അവരുടെ പരിശ്രമം പിഴച്ചുപോയിരിക്കുന്നു; അവരാകട്ടെ, തങ്ങള്‍ പ്രവൃത്തി നന്നായിചെയ്യുന്നുവെന്നു വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (ഇങ്ങനെയുള്ളവരാണ്).
  • الَّذِينَ യാതൊരു കൂട്ടരാണ് ضَلَّ പിഴച്ചുപോയി, പാഴായിപ്പോയി سَعْيُهُمْ അവരുടെ പരിശ്രമം فِي الْحَيَاةِ الدُّنْيَا ഐഹികജീവിതത്തില്‍ وَهُمْ അവരാകട്ടെ يَحْسَبُونَ വിചാരിക്കുന്നു أَنَّهُمْ നിശ്ചയമായും അവര്‍ يُحْسِنُونَ നന്നായി ചെയ്യുന്നു (എന്നു) صُنْعًا പ്രവൃത്തി
18:105
  • أُو۟لَـٰٓئِكَ ٱلَّذِينَ كَفَرُوا۟ بِـَٔايَـٰتِ رَبِّهِمْ وَلِقَآئِهِۦ فَحَبِطَتْ أَعْمَـٰلُهُمْ فَلَا نُقِيمُ لَهُمْ يَوْمَ ٱلْقِيَـٰمَةِ وَزْنًا ﴾١٠٥﴿
  • അക്കൂട്ടര്‍ തങ്ങളുടെ റബ്ബിന്റെ ദൃഷ്ടാന്തങ്ങളിലും, അവനുമായി കാണുന്നതിലും അവിശ്വസിച്ചവരാണ്; അതിനാല്‍, അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു.
    അതുകൊണ്ട് ഖിയാമത്തുനാളില്‍ നാം അവര്‍ക്കു യാതൊരു തൂക്കവും നിറുത്തുന്നതല്ല. [ആ കര്‍മ്മങ്ങള്‍ക്കു ഒട്ടും വില കല്‍പിക്കുകയില്ല.]
  • أُولَـٰئِكَ അക്കൂട്ടര്‍, അവര്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരാണ് بِآيَاتِ ദൃഷ്ടാന്തങ്ങളില്‍, ലക്ഷ്യങ്ങളില്‍ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ وَلِقَائِهِ അവനുമായി കാണുന്നതിലും فَحَبِطَتْ അതിനാല്‍ നിഷ്ഫലമായി, ഫലശൂന്യമായി أَعْمَالُهُمْ അവരുടെ പ്രവര്‍ത്തനങ്ങള്‍ فَلَا نُقِيمُ അതുകൊണ്ടു നാം നിറുത്തുകയില്ല (വകവെക്കുകയില്ല) لَهُمْ അവര്‍ക്കു يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ وَزْنًا ഒരു തൂക്കവും
18:106
  • ذَٰلِكَ جَزَآؤُهُمْ جَهَنَّمُ بِمَا كَفَرُوا۟ وَٱتَّخَذُوٓا۟ ءَايَـٰتِى وَرُسُلِى هُزُوًا ﴾١٠٦﴿
  • അതു - അവരുടെ പ്രതിഫലം നരകമാണെന്നുള്ളതു - അവര്‍ അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളേയും, എന്റെ ദൂതന്‍മാരേയും പരിഹാസ്യമാക്കുകയും ചെയ്തതു നിമിത്തമാകുന്നു.
  • ذَٰلِكَ അതു جَزَاؤُهُمْ അവരുടെ പ്രതിഫലം جَهَنَّمُ നരകമാകുന്നു (എന്നുള്ളത്) بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടാണ് وَاتَّخَذُوا അവര്‍ ആക്കിത്തീര്‍ക്കുകയും ചെയ്തത് (കൊണ്ട്) آيَاتِي എന്റെ ദൃഷ്ടാന്തങ്ങളെ وَرُسُلِي എന്റെ ദൂതന്‍മാരേയും هُزُوًا പരിഹാസ്യം, പരിഹാസം

അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാത്തവരുടെ കര്‍മ്മങ്ങള്‍ ഒന്നുംതന്നെ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുന്നതല്ല. ഈ വസ്തുത പല ഖുര്‍ആന്‍ വചനങ്ങളിലും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു (സൂറത്തുന്നൂര്‍ 39ലും ഫൂര്‍ഖ്വാന്‍ 23ലും മറ്റും കാണാവുന്നതാണ്.) സല്‍ക്കര്‍മ്മങ്ങളും ദുഷ്കര്‍മ്മങ്ങളുമെല്ലാം തൂക്കിക്കണക്കാക്കപ്പെടും. അപ്പോള്‍, ഇവരുടെ സല്‍ക്കര്‍മ്മങ്ങള്‍ക്കു ഒട്ടുംതന്നെ തൂക്കം നല്‍കപ്പെടുകയില്ല.

18:107
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ كَانَتْ لَهُمْ جَنَّـٰتُ ٱلْفِرْدَوْسِ نُزُلًا ﴾١٠٧﴿
  • വിശ്വസിക്കുകയും: സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും 'ഫിര്‍ദൗസാ'കുന്ന (അത്യുന്നത) സ്വര്‍ഗ്ഗങ്ങള്‍ അവര്‍ക്കു ആതിഥ്യസല്‍ക്കാരമായിരിക്കുന്നതാണ്;-
  • إِنَّ الَّذِينَ നിശ്ചയമായും ഒരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ, സല്‍പ്രവൃത്തികളെ كَانَتْ ആയിരിക്കുന്നതാണ് لَهُمْ അവര്‍ക്ക് جَنَّاتُ الْفِرْدَوْسِ ഫിര്‍ദൗസാകുന്ന (ഉന്നതമായ) സ്വര്‍ഗ്ഗങ്ങള്‍ نُزُلًا സല്‍ക്കാരം, അതിഥിസല്‍ക്കാരം
18:108
  • خَـٰلِدِينَ فِيهَا لَا يَبْغُونَ عَنْهَا حِوَلًا ﴾١٠٨﴿
  • അവര്‍ അതില്‍നിന്നു വിട്ടുമാറുവാന്‍ ആഗ്രഹിക്കാത്തവിധം അതില്‍ നിത്യവാസികളായ നിലയിലായിരിക്കും.
  • خَالِدِينَ നിത്യവാസികളായ നിലയില്‍, ശാശ്വതന്‍മാരായി فِيهَا അതില്‍ لَا يَبْغُونَ അവര്‍ ആഗ്രഹിക്കുകയില്ല, തേടുകയില്ല عَنْهَا അതില്‍നിന്നു حِوَلًا വിട്ടുപോകാന്‍, നീങ്ങിപ്പോകാന്‍
18:109
  • قُل لَّوْ كَانَ ٱلْبَحْرُ مِدَادًا لِّكَلِمَـٰتِ رَبِّى لَنَفِدَ ٱلْبَحْرُ قَبْلَ أَن تَنفَدَ كَلِمَـٰتُ رَبِّى وَلَوْ جِئْنَا بِمِثْلِهِۦ مَدَدًا ﴾١٠٩﴿
  • (നബിയേ) പറയുക: 'എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് [അതു എഴുതുന്നതിനു] സമുദ്രം മഷിയായിരുന്നാലും - അതിന്റെ അത്രതന്നെ (വേറെയും സമുദ്രം) നാം സഹായകമായി കൊണ്ടുവന്നാല്‍പോലും - എന്റെ റബ്ബിന്റെ വചനങ്ങള്‍ തീരുന്നതിനുമുമ്പായി സമുദ്രം തീര്‍ന്നുപോകുകതന്നെ ചെയ്യുന്നതാണ്.
  • قُل പറയുക لَّوْ كَانَ ആയിരുന്നാല്‍ الْبَحْرُ സമുദ്രം مِدَادًا മഷി لِّكَلِمَاتِ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ക്ക് لَنَفِدَ തീര്‍ന്നുപോകുകതന്നെ ചെയ്യും الْبَحْرُ സമുദ്രം قَبْلَ أَن تَنفَدَ തീരുംമുമ്പായി كَلِمَاتُ رَبِّي എന്റെ റബ്ബിന്റെ വചനങ്ങള്‍ وَلَوْ جِئْنَا നാം വന്നാലും ശരി بِمِثْلِهِ അതിന്റെ അത്രയുംകൊണ്ട്, അതുപോലുള്ളതും കൊണ്ട് مَدَدًا സഹായകമായി

സര്‍വ്വജ്ഞനും, സര്‍വ്വശക്തനുമായ അല്ലാഹുവിന്റെ അറിവുകള്‍ക്കു യാതൊരു അതിരും, കണക്കും ഇല്ലാത്തതാകുന്നു. സമുദ്രങ്ങള്‍ എത്രതന്നെ വമ്പിച്ചതായിരുന്നാലും അതിനു ഒരു പരിധിയും അളവും കൂടാതെ കഴിയുകയില്ല. എന്നിരിക്കെ, അവന്റെ ജ്ഞാനവാര്‍ത്തകളും, അവന്റെ വചനങ്ങളും എഴുതിത്തീര്‍ക്കുവാന്‍ എങ്ങിനെ സാധിക്കും?! മറ്റൊരു സ്ഥലത്തു ഇതിനെപ്പറ്റി അല്ലാഹു ഇപ്രകാരമാണ് പറയുന്നത്: ഭൂമിയിലുള്ള മരങ്ങളെല്ലാം പേനകളായിരിക്കുകയും, (നിലവിലുള്ള) സമുദ്രവും, അതിനുപുറമെ ഏഴു സമുദ്രങ്ങളുംകൂടി അതിനു മഷിയായി സഹായം നല്‍കുകയും ചെയ്‌താല്‍പോലും, അല്ലാഹുവിന്റെ വചനങ്ങള്‍ തീരുന്നതല്ല.’

(وَلَوْ أَنَّمَا فِي الْأَرْضِ مِن شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِن بَعْدِهِ سَبْعَةُ أَبْحُرٍ مَّا نَفِدَتْ كَلِمَاتُ اللَّـهِ ۗ إِنَّ اللَّـهَ عَزِيزٌ حَكِيمٌ : لقمان:٢٧)

അല്ലാഹുവിന്റെ സൃഷ്ടികളില്‍ നമ്മുടെ അറിവിനു വിധേയമായിട്ടുള്ളതിനേയും നാം നിത്യേന അനുഭവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളേയും സംബന്ധിച്ചുമാത്രം അല്‍പമൊന്നു ആലോചിച്ചു നോക്കുക: ഈ വാസ്തവം നമുക്ക് ശരിക്കും ബോധ്യപ്പെടുന്നതാണ്. അത്ഭുതകരമായ നിലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും, ശാസ്ത്രജ്ഞന്‍മാര്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന നവംനവങ്ങളായ അറിവുകളും ഈ യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അല്ലാഹുവിന്റെ ജ്ഞാനം, സൃഷ്ടിവൈഭവം ആദിയായവയെക്കുറിച്ചു മനുഷ്യന്റെ അറിവു അങ്ങേഅറ്റം പരിമിതമത്രെ. അവന്റെ അറിവും കഴിവും വര്‍ദ്ധിക്കുന്തോറും ആ പരിമിതിയുടെ തോതു വര്‍ദ്ധിക്കുന്നതായിട്ടാണ് അനുഭവപ്പെടുക. ഓരോ ശാസ്ത്രീയ നേട്ടവും, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്കും ശക്തിക്കും യാതൊരു കയ്യും കണക്കുമില്ലാത്തതാണെന്നു വിളിച്ചോതുന്നു. അടുത്തകാലത്തെ ചില ശാസ്ത്രീയാഭിപ്രായങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഈ ഖുര്‍ആന്‍ വചനത്തിന്റെ ഗൗരവത്തെപ്പറ്റി നമുക്ക് കൂടുതല്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്.

അമേരിക്കയിലെ പെന്‍സില്‍വാനിയ യൂനിവര്‍സിറ്റിയിലെ (*) പ്രൊഫസറായ ജയിന്‍സു അല്പം കൊല്ലങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച ചില അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നതു നന്നായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ചും, അവന്റെ അറിവിന്റെ വിപുലവിശാലതയെക്കുറിച്ചും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുവാന്‍ ആ തത്വങ്ങള്‍ പര്യാപ്തങ്ങളാകുന്നു. (**). അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങളാണിവ:-


(*). Pencylvania University.
(**). ഈ ഗ്രന്ഥം എഴുതുന്നതിനു അല്‍പം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ചില ശാസ്ത്രീയ നിയമങ്ങളാണവ. ഈ പതിപ്പാകുമ്പോഴേക്കും ശാസ്ത്രം അന്നത്തെക്കാള്‍ എത്രയോ മുമ്പോട്ടു കടന്നിരിക്കുന്നു. അന്നത്തെ ചില നിഗമനങ്ങളെ അതു പൊളിച്ചെഴുതുകയും ചെയ്തിരിക്കുന്നു. പുതിയ അഭിപ്രായങ്ങളാകട്ടെ പൂര്‍വ്വാധികം അത്ഭുതം നിറഞ്ഞവയുമാകുന്നു. കാലം ചെല്ലുന്തോറും അങ്ങിനെത്തന്നെ ഇരിക്കുകയും ചെയ്യും. പക്ഷേ, ശാസ്ത്രം എത്ര പുരോഗമിച്ചാലും അല്ലാഹുവിന്റെ സൃഷ്ടിരഹസ്യങ്ങള്‍ മുഴുവനും മനുഷ്യന്‍ കണ്ടെത്തുക സാദ്ധ്യമല്ലെന്ന് തീര്‍ച്ചതന്നെ.


1. നമ്മുടെ ഭൂമിക്കു രണ്ടു മില്ല്യന്‍ വയസ്സുകഴിഞ്ഞിരിക്കുന്നു. (1 മില്ല്യന്‍ = 10ലക്ഷം). മനുഷ്യന്‍ ഉണ്ടായിട്ട് 3 ലക്ഷം കൊല്ലമേ ആയിട്ടുള്ളുവെന്നാണ് ഭൂഗര്‍ഭശാസ്ത്രം (Geology) നമുക്ക് കാണിച്ചുതരുന്നത്. ഭൂലോകമൊഴിച്ചുള്ള ലോകങ്ങളെ സംബന്ധിച്ചു അടുത്തകാലംവരെ, ഒന്നും അറിയാത്ത ഒരു ശിശുവായിരുന്നു മനുഷ്യന്‍. ഇപ്പോള്‍ അവന്‍ വേറെയും അനേകം ലോകങ്ങളുണ്ടെന്നു അറിയുവാന്‍ തുടങ്ങിയിരിക്കുകയാണ്.

2. സൂര്യന്‍ തുടങ്ങി നമ്മുടെ ചുറ്റുപാടും സ്ഥിതിചെയ്യുന്ന കോടിക്കണക്കിലുള്ള ഗോളങ്ങള്‍ക്കു ഒരു അവസാനമുണ്ടായിരിക്കും. എന്നാല്‍ അവയ്ക്കു അപ്പുറം സ്ഥിതിചെയ്യുന്ന ശുദ്ധ ശൂന്യമണ്ഡലത്തിനു യാതൊരു ഒടുക്കവും അവസാനവും ഇല്ലാത്തതാകുന്നു. നമ്മുടെ കാഴ്ചയില്‍ അകപ്പെട്ടതും, അല്ലാത്തതുമായ എല്ലാ ഗ്രഹങ്ങളും കൂടി ഒരൊറ്റ ഗോളമണ്ഡലമത്രെ.

3. കമ്പിയില്ലാകമ്പിയില്‍ (വയര്‍ലസ്സില്‍) നിന്നു പുറപ്പെടുന്ന ഒരു സിഗ്നല്‍ (അടയാളം) 1/7 സെക്കന്റ് സമയം കൊണ്ടു ഭൂമിയെ ഒരു വട്ടം വൃത്തം വെക്കുന്നു. പ്രകാശമാകട്ടെ, ഒരു സെക്കന്റില്‍ 1,86,000 നാഴിക സഞ്ചരിക്കുന്നു. വിദ്യുച്ഛക്തിയുടെ വേഗതയും ഇതുതന്നെ. എന്നാല്‍ അതേ പ്രകാശം ആ ഗോളമണ്ഡലത്തെ ഒരു പ്രാവശ്യം ചുറ്റിവരുവാന്‍ ലക്ഷം മില്ല്യന്‍ (100,000,000,000) കൊല്ലക്കാലം ആവശ്യമാകുന്നു. (ഈ കാലവും 1/7 സെക്കന്റും തമ്മിലുള്ള താരതമ്യം ഒന്നു ആലോചിച്ചു നോക്കുക?)

4. സൂര്യന്‍ ഭൂമിയെക്കാള്‍ പതിമൂന്നുലക്ഷം ഇരട്ടി വലിപ്പമുള്ളതാണ്. എന്നാലതു ശൂന്യാകാശത്തിലെ അനേകം സൗരയൂഥ സമൂഹങ്ങളിലെ ഒരു ചെറുകിടഗോളം മാത്രമാകുന്നു. അതായതു: ഏറെക്കുറെ 30,000 മില്യന്‍ വരുന്ന സൗരയൂഥകുടുംബങ്ങളില്‍പ്പെട്ട ഒരു കുടുംബത്തിലെ ഒരംഗമത്രെ സൂര്യന്‍. (***)


(***).സൂര്യനെക്കാള്‍ ഒരു ലക്ഷം മടങ്ങു അധികം പ്രകാശമുള്ള ഒരു നക്ഷത്രത്തെ വടക്കേ ഇറ്റലിയിലെ ആസ്യാഗോള ജ്യോതിര്‍മണ്ഡല നിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിച്ചതായി ഇതെഴുതുന്ന കാലത്തു പത്രങ്ങളില്‍ കാണുകയുണ്ടായി. ‘സൂപ്പര്‍നോവ എന്നാണതിനു പേര്‍ നല്‍കപ്പെട്ടിരിക്കുന്നത്.


5.ഉപരിയാകാശമണ്ഡലത്തില്‍ പ്രഭാപടലങ്ങള്‍ക്കപ്പുറം സ്ഥിതിചെയ്യുന്ന കണക്കറ്റ ധൂമതാര (Nabula) ങ്ങളില്‍ ചിലതു നമ്മുടെ സൂര്യനെപ്പോലുള്ള 10മില്യന്‍ സൂര്യന്‍മാര്‍ സൃഷ്ടിക്കപ്പെടുവാന്‍ പോരുന്ന പദാര്‍ത്ഥങ്ങള്‍ അടങ്ങുന്നവയാകുന്നു. അതേ സമയത്തു ആ പദാര്‍ത്ഥങ്ങളുടെ ലാഘവമാണെങ്കിലോ, അതു അതിലേറെ ആശ്ചര്യകരമാകുന്നു. അതിന്റെ ഒരു റാത്തല്‍ തൂക്കത്തിലുള്ള ഭാഗത്തിന്റെ വലുപ്പം, യൂറോപ്പിലെ ഏറ്റവും വലിയ പര്‍വ്വതമായ മാറ്റര്‍ഹോണി (****) ന്റെ വലുപ്പത്തിനു സമമായിരിക്കും. (അപ്പോള്‍ അതിന്റെ ആകെ വലുപ്പം ഒന്നു ആലോചിച്ചു നോക്കുക!)


(****).Matterhorn.


6. അമേരിക്കയില്‍, മൂണ്ടുവിത്സന്റെ ശ്രുതിപ്പെട്ട ദൂരദര്‍ശിനി (Telescope) യന്ത്രം അങ്ങിനെയുള്ള ഏതാണ്ടു രണ്ടു മില്യന്‍ നബൂലകളെ (ധൂമതാരങ്ങളെ) കാട്ടിത്തരുന്നു. കൂടുതല വമ്പിച്ച യന്ത്രങ്ങളുണ്ടാകുമ്പോള്‍ കാണുവാന്‍ കഴിയുന്ന നബൂലകള്‍ എത്രയായിരിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ.

7. ശൂന്യാകാശമണ്ഡലത്തില്‍ നീന്തിക്കളിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രതാരങ്ങളുടെ ഏതാണ്ടു ഒരു തുക പറയുകയാണെങ്കില്‍, ചുരുങ്ങിയ പക്ഷം 2 എന്ന അക്കത്തിന്റെ നേരെ 24 പൂജ്യം ചേര്‍ത്തു വായിക്കേണ്ടതായിവരും. (അഥവാ രണ്ടായിരം കോടിക്കോടിക്കോടി.) ഇത്രയെണ്ണം മണല്‍തരികള്‍ നിരത്തുന്നപക്ഷം ബ്രീട്ടീഷു ദീപസമൂഹത്തിന്റെ ഉപരിതലം നൂറുക്കണക്കായ അടികള്‍ ഉയര്‍ന്നുപോകുന്നതാണ്.

8. ഇന്നു അറിയപ്പെടുന്ന നക്ഷത്രങ്ങളില്‍ ഏറ്റവും ചെറിയതിന് സൂര്യന്റെ 1/25 ഭാഗം വെളിച്ചമാണുള്ളത്. എന്നാല്‍, ഏറ്റവും വലിയതായ മിഥുന (Gemini) നക്ഷത്രത്തിനു അതിന്റെ മൂന്നിരട്ടി വെളിച്ചമുണ്ട്. ഈ ഗ്രഹം സൂര്യനേക്കാള്‍ 25 മില്യന്‍ ഇരട്ടി വലുപ്പവും കൂടുന്നു. അപ്പോള്‍ അവ തമ്മിലുള്ള താരതമ്യം, ഒരു വലിയ വൈദ്യുതദീപവും, ഒരു മിന്നാമിനുങ്ങും തമ്മിലുള്ളതുപോലെയാണെന്നു പറയാം.

9. സൂര്യന്റെ ഓരോ ചതുരശ്രഇഞ്ചു സ്ഥലത്തുനിന്നും പ്രവഹിക്കുന്ന വെളിച്ചം 50 കുതിരശക്തിയുള്ളതത്രെ. എന്നാല്‍, വേറെ ചില ഗ്രഹങ്ങള്‍ നല്‍കുന്ന വെളിച്ചം ഒരു ചതുരശ്ര ഇഞ്ചിനു 30,000 കുതിരശക്തിയുള്ളതാകുന്നു.

10. ‘സൂര്യനില്‍നിന്നു നിത്യേന രശ്മികള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടു അതിന്റെ ശരീരധാതുവില്‍നിന്നു നിമിഷം പ്രതി 250 മില്യന്‍ ടണ്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. അങ്ങിനെ ദിനംപ്രതി 3,60,000 മില്യന്‍ ടണ്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സൂര്യനിപ്പോള്‍ ഏതാണ്ടു ഒരു കോടി മില്യന്‍ (കോടി X മില്യന്‍) വയസ്സുണ്ടായിരിക്കണം. ഈ തോതിൽ ഇനിയും ലക്ഷക്കണക്കായ കോടി കൊല്ലങ്ങളോളം അതിനു ജീവിക്കാൻ കഴിയുമായിരിക്കും’ [അവസാനിച്ചു].(*).


(*). പ്രൊഫസര്‍ ജയിന്‍സിന്റെ മേലുദ്ധരിച്ച പ്രസംഗം അല്‍പം വര്‍ഷത്തെ പഴക്കം ചെന്നതാണ്. മനുഷ്യന്‍ അന്നു ബഹിരാകാശയാത്ര ആരംഭിച്ചിട്ടില്ല. എന്നാല്‍ നമ്മുടെ അച്ചടി ഏതാണ്ടു ഇവിടെ എത്താറായപ്പോള്‍, പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു വിജ്ഞാനവാര്‍ത്തയും ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. അമേരിക്ക ഇയ്യിടെ തൊടുത്തുവിട്ട ഒരു ഉപഗ്രഹത്തില്‍ ബഹിരാകാശയാത്ര നടത്തിയ മി: ജോണ്‍ഗ്ലെന്‍ ചെയ്ത ഒരു പ്രസ്താവനയിലെ ചില ഭാഗങ്ങളുടെ ചുരുക്കമാണ് താഴെ കാണുന്നത്. ബഹിരാകാശ യാത്രക്കു അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിനു നല്‍കപ്പെട്ട ഒരു പുസ്തകത്തില്‍, ശൂന്യാകാശത്തെ സംബന്ധിച്ചു അനേകവിവരങ്ങളുള്ളതില്‍ അദ്ദേഹത്തെ ഏറ്റവും ആകര്‍ഷിച്ച രണ്ടു ഖണ്ഡികകളെക്കുറിച്ചു സംസാരിച്ചുകൊണ്ടു അദ്ദേഹം പറയുകയാണ്‌:-

ഒരു സെക്കന്റില്‍ 1,86,000 നാഴികദൂരം സഞ്ചരിക്കുന്ന പ്രകാശം ഒരു കൊല്ലം സഞ്ചരിച്ചാലുണ്ടാകുന്ന ദൂരത്തിനു ഒരു ദീപ്തി വര്ഷം (പ്രകാശവര്‍ഷം) എന്നു പറയുന്നു. അതായതു, ഏതാണ്ടു 6 കോടിക്കോടി നാഴിക. നമ്മുടെ ഭൂമി ഉള്‍ക്കൊള്ളുന്ന പ്രഭാപടലത്തിനു 1 ലക്ഷം ദീപ്തിവത്സരം വ്യാസമാണുള്ളത്. (സൂര്യന്‍ ഈ പ്രഭാപടലത്തിന്റെ കേന്ദ്രത്തില്‍ നിന്നു 30,000 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഒരു അപ്രധാന നക്ഷത്രമാകുന്നു) ഈ പ്രകാശപടലം അതിന്റെ ഭ്രമണപഥത്തില്‍ ഒരു പ്രാവശ്യം ചുറ്റിത്തിരിയുവാന്‍ 20 കോടി കൊല്ലം വേണം. ഇതോര്‍ക്കുമ്പോള്‍, നമ്മുടെ സൗരമണ്ഡലത്തിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ വിസ്തൃതിയെക്കുറിച്ചു മനസ്സിലാക്കുവാന്‍ എത്ര വിഷമം!’.

‘നമ്മുടെ ഈ പ്രകാശമണ്ഡലത്തിലുള്ള നക്ഷത്രങ്ങളോടെ ഇതിന്റെ അറ്റം അവസാനിക്കുന്നില്ല. അതിനപ്പുറം ലക്ഷക്കണക്കില്‍ (?) വേറെയും പ്രകാശപടലങ്ങളുണ്ട്‌. അവയെല്ലാം അതീവ ദുര്‍ഗ്രഹമായ വേഗതയോടു കൂടി ഒന്നു മറ്റൊന്നിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നു. ദൂരദര്‍ശിനിമൂലം വീക്ഷിക്കാവുന്ന പ്രപഞ്ചം ഭൂമിയില്‍ നിന്നു ഏതു ഭാഗത്തേക്കും – കുറഞ്ഞപക്ഷം – 200 കോടി പ്രകാശവര്‍ഷത്തോളം ദൂരെ കിടക്കുന്നു. നമ്മുടെ ബ്രഹ്മാണ്ഡം എത്ര വിപുലമാണെന്നു ഇതു വ്യക്തമാക്കുന്നു.

‘ഇനി, പരമാണുവിന്റെ ഘടനയൊന്നു ചിന്തിക്കാം. വസ്തുവിന്റെ ഏറ്റവും ചെറിയ അംശമാണല്ലോ അത്. പരമാണുവിനു സൗരമണ്ഡലത്തോടു വലിയ സാദൃശ്യമുണ്ട്. ക്രമീകൃതമായ രീതിയില്‍ ഒരു കേന്ദ്രത്തെ (ന്യൂക്ളിയസ്) ചുറ്റിക്കൊണ്ടുള്ള ഇലക്ട്രോണുകള്‍ (വൈദ്യുത തരികള്‍) അതിനുമുണ്ട്. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന അത്ഭുതാവഹമായ വ്യവസ്ഥയെക്കുറിച്ച്, സൂക്ഷ്മമായ പരമാണുതൊട്ട് നമുക്കു ചിന്തിക്കാവുന്ന ഏറ്റവും വലിയ വസ്തുവരെ. ലക്ഷക്കണക്കായ പ്രകാശവര്ഷം അകലത്തോളം പരന്നുകിടക്കുന്ന നക്ഷത്ര പടലങ്ങള്‍വരെ – എല്ലാം തന്നെ നിശ്ചിതമായ ഒരു ഭ്രമണപഥത്തില്‍, ഒന്നിനോടൊന്നു ബന്ധപ്പെട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

‘ഇതു യാദൃശ്ചികമായി സംഭവിച്ചതാണോ? കുറെ മരക്കഷ്ണങ്ങളും, എങ്ങുനിന്നോ വന്ന സാമാനങ്ങളും കൂടി പെട്ടെന്നു ഒരുമിച്ചുകൂടി സ്വന്തമായ ഒരു ഗതിക്രമം ഉണ്ടാക്കി വ്യവസ്ഥയോടെ ചലിച്ചു തുടങ്ങിയെന്നു വിശ്വസിക്കാന്‍ കഴിയുകയില്ല. സുനിശ്ചിതമായ ഒരു ആസൂത്രണം ഇതിലുണ്ട്. ദൈവം ഉണ്ടെന്നു എനിക്കു മനസ്സിലാക്കിത്തരുന്ന ഒരു വലിയ കാര്യമാണ് ഇത്.

‘നാം തൊടുത്തുവിട്ടിട്ടുള്ള ‘മര്‍ക്കറി’ ഉപഗ്രഹത്തിന്റെ വേഗതയെ ഒന്നു തുലനം ചെയ്യാം. ഇതില്‍ നാം കേമന്മാരാണെന്നു നടിക്കുന്നു. മണിക്കൂറില്‍ 18,000 നാഴിക – സെക്കന്റില്‍ ഏതാണ്ടു 5 നാഴികയാണ് നമുക്കു എത്താന്‍ കഴിഞ്ഞത്. ഭൗതികമായ തോതുവെച്ചു നോക്കുമ്പോള്‍, ഇതു വല്ലാത്ത വേഗത തന്നെ. നല്ല ഉയരവും! അതെ, 100 നാഴികയില്‍ അല്‍പം കൂടുതല്‍ ഉയരത്തിലും നാം എത്തുന്നു. എന്നാല്‍, ശൂന്യാകാശത്തു നടക്കുന്ന കാര്യങ്ങള്‍വെച്ചു നോക്കുമ്പോള്‍ നമ്മുടെ പരിശ്രമങ്ങള്‍ എത്ര തുച്ഛം!

‘ശാസ്ത്രീയമായ ഭാഷയില്‍ ദൈവത്തെ നിങ്ങള്‍ക്കു അളക്കുവാന്‍ കഴിയുകയില്ല. ആത്മീയ ശക്തിയെ നിങ്ങള്‍ക്കു കാണുവാനോ, ആസ്വദിക്കുവാനോ, മണത്തറിയുവാനോ സ്പര്‍ശിക്കുവാനോ സാധ്യവുമല്ല. ഇന്ദ്രിയശക്തികള്‍ക്ക് അതീതമാണത്.

‘ഒരു വിമാനത്തിനു ഏറ്റവും ശക്തിമത്തായ ഒരു എഞ്ചിനും, ഏറ്റവും വിശിഷ്ടമായ യന്ത്രങ്ങളും ഉണ്ടായിക്കൊള്ളട്ടെ, എന്നാല്‍ അതിന്റെയെല്ലാം പിന്നില്‍, നമുക്കു തൊടാനോ, കാണാനോ കഴിയാത്ത ചില ശക്തികളുടെ പ്രവര്‍ത്തനമില്ലെങ്കില്‍, അതുകൊണ്ടു വലിയ പ്രയോജനമൊന്നുമില്ല. കാരണം, അതിനു ഒരു ലക്ഷ്യനിയന്ത്രണം വേണം. കോമ്പസ്സ് (Compass– തവുക്ക – ദിക്ക് നിര്‍ണ്ണയയന്ത്രം) നോക്കിയാണു നാം ഇതു ചെയ്യുന്നത്. കോമ്പസ്സിനെ പ്രവര്‍ത്തിപ്പിക്കുന്ന ആ ശക്തി നമ്മുടെ എല്ലാ ജ്ഞാന ശക്തിയെയും മറികടക്കുന്നതാണ്. നമുക്കതു കാണുവാനോ, തൊടുവാനോ, രുചിച്ചറിയുവാനോ, മണത്തറിയുവാനോ സാധ്യമല്ല. പക്ഷെ, അതിന്റെ പ്രവര്‍ത്തനഫലം നാം കാണുന്നതുകൊണ്ട്, അങ്ങിനെ ഒരു ശക്തിയുണ്ടെന്നു നാം മനസ്സിലാക്കുന്നു….’ [1963 ഏപ്രില്‍ 13-ാം നു- ത്തെ ചന്ദ്രിക വാരാന്തപ്പതിപ്പില്‍ നിന്ന്.]


കേവലം ഉദാഹരണാര്‍ത്ഥം മാത്രം ഉദ്ധരിച്ച ഈ അഭിപ്രായങ്ങള്‍ വാനമണ്ഡലത്തെയും, വന്‍ഗ്രഹങ്ങളെയും സംബന്ധിച്ച ശാസ്ത്രീയ വസ്തുതകളാണല്ലോ. എന്നാല്‍, ഏറ്റവും ചെറുതായി നാം ഗണിച്ചുവരുന്ന അണുക്കളെയും, ഏറ്റവും നിസ്സാര വസ്തുവായി ഗണിച്ചുവരുന്ന എട്ടുകാലി വലയുടെ നൂലുകളെയും സംബന്ധിച്ച ചില യാഥാര്‍ത്ഥ്യങ്ങള്‍കൂടി നമ്മുടെ ഓര്‍മ്മയില്‍ ഇരിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും:

മണല്‍ത്തരിപോലുള്ള ഓരോ തരിപ്പദാര്‍ത്ഥവും കോടാനുകോടി പരമാണു (Atom) കളുടെ സമൂഹമത്രെ. ഈ അണുക്കളാണെങ്കില്‍, അവ പൊള്ളയായി ഇട ഒഴിഞ്ഞു കിടക്കുന്നവയുമാകുന്നു. അഥവാ അവ തികച്ചും ഇടതൂര്‍ന്നു ഒട്ടിപ്പിടിച്ചു കിടക്കുന്നവയല്ല. ആ ഒഴിവുസ്ഥലങ്ങള്‍ ശരിക്കും പദാര്‍ത്ഥങ്ങളാല്‍ നിറക്കപ്പെടുകയാണെങ്കില്‍, ഓരോ മണല്‍ത്തരിയും അനേകം ടണ്‍ തൂക്കം വരുന്നതാകുന്നു. ‘ആറ്റം’ (അണു) ശാസ്ത്രത്തില്‍ ഒളിഞ്ഞു കിടക്കുന്ന ഒരു പരമരഹസ്യമത്രെ ഇത്. ഈ ഒഴിവുസ്ഥലങ്ങളില്‍ ഓരോന്നിലും, വ്യാപരിക്കുവാന്‍ വയ്യാത്ത വേറെ അനേകം വൈദ്യുത തരികള്‍ മിന്നല്‍വേഗത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത്, തികച്ചും കട്ടികളാല്‍ തൂര്‍ക്കപ്പെട്ടതാണ് പദാര്‍ത്ഥങ്ങളെന്നു കരുതപ്പെട്ടിരുന്നു. ഇന്നാകട്ടെ, പദാര്‍ത്ഥങ്ങള്‍ മിക്കവാറും ശൂന്യങ്ങളാണെന്നു വന്നിരിക്കുന്നു. ഉപപരമാണുക്കളുടേതാണ് പദാര്‍ത്ഥ ഘടന. ഇവയുടെ വലുപ്പം ഒരു ഇഞ്ചിന്റെ 1250 ലക്ഷത്തില്‍ ഒരു ഭാഗം മാത്രം വരുന്ന വ്യാസമായിരിക്കും. അനേകം പരമാണുക്കള്‍ ചേര്‍ന്നതാണ് ഒരു അണു. അണുക്കള്‍ക്കിടയിലുള്ള വൈദ്യുത ശൂന്യ സ്ഥലങ്ങള്‍ പരിഗണിക്കുമ്പോള്‍, ഓരോ പദാര്‍ത്ഥവും വലക്കണ്ണികളാണെന്നു പറയാം. ശൂന്യസ്ഥലങ്ങള്‍ മുഴുവനും അതതു വസ്തുവിന്റെ പദാര്‍ത്ഥങ്ങളാല്‍ തൂര്‍ക്കപ്പെടുന്നപക്ഷം, ഒരു വമ്പിച്ച വസ്തു കേവലം ‘ഒരു അണു’ വായി മാറിപ്പോകും. ഈ ഭൂലോകം ആകപ്പാടെ, പ്രസ്തുത വലക്കണ്ണികൂടാതെയുള്ള ഒരൊറ്റ കട്ടിപ്പദാര്‍ത്ഥമാക്കപ്പെടുന്ന പക്ഷം – ഭൂമിയുടെ തൂക്കത്തിലുള്ള അണുക്കളെ ശൂന്യത കൂടാതെ കൂട്ടിച്ചേര്‍ക്കപ്പെടുന്നതായാല്‍ അതു ഏകദേശം 1/2 നാഴികമാത്രം വ്യാസം വരുന്ന ഒരു ഗോളമായി മാറും പോല്‍! അപ്പോള്‍, ലോകവും ലോകരുമെല്ലാം ശൂന്യതയുടെ സമാഹാരമല്ലേ — ഓര്‍ത്തു നോക്കുക!

നാം നിത്യം കാണാറുള്ളതും, ഒരു പ്രത്യേക പരിഗണന നല്‍കാറില്ലാത്തതുമായ ഒരു നിസ്സാരവസ്തുവാണല്ലോ എട്ടുകാലിവല. എന്നാല്‍, അതിന്റെ നിര്‍മ്മാണകൃത്യമാകട്ടെ, വലിയ വലിയ എഞ്ചിനിയര്‍മാര്‍ക്കു (യന്ത്രകലാവിദഗ്ദന്മാര്‍ക്കു) പോലും സാധ്യമല്ലാത്തവിധം സൂക്ഷ്മ പ്ലാനോടുകൂടിയാകുന്നു. അതിന്റെ ആകൃതിയും, നിര്‍മ്മാണ സമ്പ്രദായവും ചിന്തകന്‍മാരെ അത്യാശ്ചര്യഭരിതരാക്കുന്നവയാണ്. വലയുടെ ഓരോ നൂലിന്റെയും, നേര്‍മ്മയും, ബലഹീനതയും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഈ നൂലുകളെക്കുറിച്ചു ശാസ്ത്രനിപുണന്‍മാരായ ചിലര്‍ നിരീക്ഷണം നടത്തിയതില്‍ അത്ഭുതകരമായ ചില വസ്തുതകള്‍ കണ്ടെത്തിയിരിക്കുന്നു. ഓരോ നൂലും നന്നാലു ഉപനാരുകളാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടവയാണുപോല്‍. ഈ നാലില്‍ ഓരോന്നും തന്നെ, വേറെ ആയിരം നേരിയ ഇഴകളാല്‍ നിര്‍മ്മിക്കപ്പെട്ടവയുമാണ്! അങ്ങിനെ, നാം കാണുന്ന ഓരോ നൂലും 4000 ഇഴകള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കപ്പെട്ടതാകുന്നു. അതിനെക്കാളെല്ലാം ആശ്ചര്യകരം, ആ ഓരോ ഇഴയും, എട്ടുകാലിയുടെ ശരീരത്തിലുള്ള വെവ്വേറെ ദ്വാരങ്ങളില്‍ കൂടിയാണ് പുറത്തു വരുന്നതെന്ന വസ്തുതയാണ്. ഈ ഇഴകളും നമ്മുടെ താടിരോമങ്ങളും തമ്മില്‍ താരതമ്യപ്പെടുത്തിനോക്കുന്നപക്ഷം 16നുശേഷം 12 പൂജ്യം ചേര്‍ത്താലുള്ളത്ര ഇഴകള്‍ കൂട്ടിപ്പിരിച്ചെങ്കില്‍ മാത്രമേ അവ ഒരു മുടിയോളം തടികൂടുകയുള്ളു. ഹാ! അല്ലാഹുവിന്റെ സൃഷ്ടിവൈഭവം! ‘വീടുകളില്‍വെച്ചു ഏറ്റവും ദുര്‍ബ്ബലമായ വീടാണു എട്ടുകാലിയുടെ വീട് – 29:41 (وَإِنَّ أَوْهَنَ الْبُيُوتِ لَبَيْتُ الْعَنكَبُوتِ) എന്നു അല്ലാഹു പ്രസ്താവിച്ചിട്ടുള്ള ഈ വീട്ടിലെ ചില രഹസ്യങ്ങളാണു ഇതെങ്കില്‍, നഭോമണ്ഡലത്തിലും, അതിനപ്പുറവും അടങ്ങിയിട്ടുള്ള പ്രകൃതി രഹസ്യങ്ങളുടെ നിലയെന്തായിരിക്കും? فَسُبْحَانَ الَّذِي بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَإِلَيْهِ تُرْجَعُونَ – يس (അപ്പോള്‍, സകല വസ്തുക്കളുടെയും സര്‍വ്വാധികാരസ്ഥാനം യാതൊരുവന്റെ കയ്യിലാണോ അവനെത്ര മഹാ പരിശുദ്ധന്‍! അവന്റെ അടുക്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുന്നു. (36:83).

മേല്‍ വിവരിച്ചതില്‍നിന്നു അല്ലാഹുവിന്റെ അറിവുകളും, അവയെക്കുറിക്കുന്ന വചനങ്ങളും എഴുതിക്കണക്കാക്കുവാന്‍ സാധ്യമേ അല്ല എന്നുള്ള പരമാര്‍ത്ഥം അല്‍പമെങ്കിലും ബുദ്ധിയുള്ള ആര്‍ക്കും വേണ്ടപോലെ, ഗ്രഹിക്കുവാന്‍ കഴിയുമല്ലോ. മുകളില്‍ ചൂണ്ടിക്കാണിച്ച ശാസ്ത്രീയ വാര്‍ത്തകള്‍ വെച്ചുനോക്കുമ്പോള്‍, സ്വര്‍ഗ്ഗനരകങ്ങളുടെ സ്വഭാവത്തെപ്പറ്റിയും, പരലോകസംബന്ധമായ ചില വാര്‍ത്തകളെക്കുറിച്ചും ഖുര്‍ആനിലും, ഹദീസിലും വന്നിട്ടുള്ള വിവരങ്ങള്‍ ഒന്നുംതന്നെ – ചിലര്‍ ധരിക്കാറുള്ളതുപോലെ – ഒട്ടും അതിശയോക്തി കലര്‍ന്നതായിരിക്കയില്ലെന്നു മനസ്സിലാക്കാം. ഇതിന്റെ വെളിച്ചത്തില്‍ താഴെക്കാണുന്ന രണ്ടുമൂന്നു ഹദീസുകള്‍ ഇവിടെ അനുസ്മരിക്കുന്നതും സന്ദര്‍ഭോചിതമായിരിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അരുളിച്ചെയ്യുന്നു:-

قَالَ اللهُ تَعَلى : أَعْدَدْتُ لِعِبَادِيَ الصَّالِحِينَ مَا لا عَيْنٌ رَأَتْ ، وَلا أُذُنٌ سَمِعَتْ ، وَلا خَطَرَ عَلَى قَلْبِ بَشَرٍ ، اقْرَءُوا إِنْ شِئْتُمْ فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ – متفق عليه

സാരം:

(1) ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും ഉദയം ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങള്‍ എന്റെ സദ്‌വൃത്തരായ അടിയാന്‍മാര്‍ക്ക് ഞാന്‍ ഒരുക്കിവെച്ചിട്ടുണ്ടെന്നു അല്ലാഹു പറയുന്നു. വേണമെങ്കില്‍ നിങ്ങള്‍ക്കു (ഇതിനു തെളിവായി) ഈ ഖുര്‍ആന്‍ വാക്യം വായിക്കാം: ‘നയനാനന്ദകരമായി അവര്‍ക്കുവേണ്ടി ഒളിച്ചുവെക്കപ്പെട്ടിട്ടുള്ളതു എന്താണെന്നു ഒരാള്‍ക്കും അറിയാവതല്ല.’ (ബു; മു).

إِنَّ فِي الْجَنَّةِ لَشَجَرَةً يَسِيرُ الرَّاكِبُ فِي ظِلِّهَا مِائَةَ عَامٍ لاَ يَقْطَعُهَا ولَقَابُ قَوْسِ أَحَدِكُمْ فِي الْجَنَّةِ خَيْرٌ مِمَّا طَلَعَتْ عَلَيْهِ الشَّمْسُ , أَوْ تَغْرُبُ -متفق عليه

(2). സ്വര്‍ഗ്ഗത്തിലുണ്ട്, ഒരു വൃക്ഷം! അതിന്റെ നിഴലില്‍ ഒരു വാഹനക്കാരനു നൂറുകൊല്ലം സഞ്ചരിക്കാം. എന്നാലും, അവനതു മുറിച്ചുകടന്നു കഴിയുകയില്ല. നിങ്ങളൊരാളുടെ വില്ലിന്റെ അത്ര സ്ഥലം സ്വര്‍ഗ്ഗത്തില്‍ ലഭിക്കുന്നതു, സൂര്യന്‍ ഉദിക്കുകയോ, അസ്തമിക്കുകയോ ചെയ്യുന്ന സ്ഥലത്തെ (ഭൂമിയെ)ക്കാള്‍ ഗുണമേറിയതാകുന്നു. (ബു. മു).

أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : ” نَارُكُمْ جُزْءٌ مِنْ سَبْعِينَ جُزْءًا مِنْ نَارِ جَهَنَّمَ ، قِيلَ : يَا رَسُولَ اللَّهِ ، إِنْ كَانَتْ لَكَافِيَةً ، قَالَ : فُضِّلَتْ عَلَيْهِنَّ بِتِسْعَةٍ وَسِتِّينَ جُزْءًا كُلُّهُنَّ مِثْلُ حَرِّهَا

(3). ‘നിങ്ങളുടെ (സാധാരണ) തീ നരകാഗ്നിയില്‍നിന്നുള്ള എഴുപതില്‍ ഒരു അംശമാകുന്നു’ എന്നു തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു. അപ്പോള്‍ പറയപ്പെട്ടു: ‘അല്ലാഹുവിന്റെ റസൂലേ, ഇതുതന്നെ മതിയാകുമല്ലോ! (ഈ തീ തന്നെ എത്രയോ ചൂടു മതിയായതാണല്ലോ.) തിരുമേനി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറഞ്ഞു: ‘എന്നാല്‍, ഇതിനെക്കാള്‍ 69 മടങ്ങു ചൂടു അതിനു കൂടുതല്‍ നല്‍കപ്പെട്ടിരിക്കുന്നു. ഓരോ മടങ്ങും ഈ തീയിന്റെ അത്ര ശക്തിയുള്ളതാകുന്നു.’ (ബു; മു).

പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രീയവിജ്ഞാനങ്ങള്‍ ഓരോന്നും തന്നെ, നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന ആളുകള്‍ക്കു അല്ലാഹുവിലുള്ള വിശ്വാസവും, അവനോടുള്ള ഭയഭക്തിയും കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതാണ്. നേരെമറിച്ച് ഭൗതിക മനഃസ്ഥിത മാത്രം വെച്ചുകൊണ്ടുള്ള ഏതു പുരോഗമനവും മനുഷ്യനു തീരാനഷ്ടമായിട്ടാണ് പര്യവസാനിക്കുക. മേലുദ്ധരിച്ച ശാസ്ത്രീയ തത്വങ്ങളില്‍ നിന്നു നഭോമണ്ഡലഗോളങ്ങളില്‍ സൂര്യനുള്ള സ്ഥാനം കേവലം നിസ്സാരമാണെന്നു നാം കണ്ടുവല്ലോ. അതേ സൂര്യന്റെ ഒരു ഗ്രഹമാണ്, 8000ത്തില്‍പരം നാഴിക മാത്രം മദ്ധ്യവ്യാസമുള്ള നമ്മുടെ ഭൂമി. ചന്ദ്രനാകട്ടെ, ഭൂമിയെക്കാള്‍ പല മടങ്ങു ചെറുതും അങ്ങിനെയുള്ള ചന്ദ്രനിലേക്കു മനുഷ്യനു പോയിവരുവാന്‍ സാധിക്കുമോ എന്ന പരീക്ഷണത്തിന്റെ അന്ത്യതീരുമാനം കിട്ടിക്കഴിഞ്ഞിട്ടില്ലാത്ത ഒരു അവസ്ഥയില്‍ മാത്രമേ ഇന്നുവരെ മനുഷ്യന്‍ എത്തിക്കഴിഞ്ഞിട്ടുള്ളു. തുടര്‍ന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങള്‍ അവനെ കൂടുതല്‍ വിജയത്തിലേക്കു നയിച്ചേക്കാമെന്നു നമുക്കു ആശിക്കുക. (*). പക്ഷേ, അപ്പോഴേക്കും മനുഷ്യന്റെ ധിക്കാരമനഃസ്ഥിതി അതിരു കവിഞ്ഞുപോയിരിക്കുകയാണ്!’ ‘ബഹിരാകാശത്തില്‍ പോയി തിരിച്ചുവന്നവര്‍ അവിടെ ദൈവത്തെ കണ്ടില്ല’ എന്നു പറയുവാന്‍ അവനു കരളുറപ്പുണ്ടായെങ്കില്‍, അഖിലാണ്ഡത്തിന്റെ സൃഷ്ടാവ് അതിനെക്കാള്‍ എത്രയോ സഹനവും, കരുണയും ഉള്ളവനാണെന്നു സത്യവിശ്വാസികള്‍ക്കു സമാധാനിക്കാവുന്നതാകുന്നു. ഓരോ ദൃഷ്ടാന്തങ്ങള്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അവര്‍ക്കു അവരുടെ വിശ്വാസം വര്‍ദ്ധിക്കുകയേ ചെയ്യുകയുള്ളു. إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّـهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ : الأنفال:٢ (സത്യവിശ്വാസികള്‍ യാതൊരു കൂട്ടര്‍ മാത്രമാകുന്നു. അല്ലാഹുവിനെക്കുറിച്ചു പറയപ്പെടുന്നതായാല്‍ അവരുടെ ഹൃദയങ്ങള്‍ നടുങ്ങിപ്പോവുകയും, അവന്റെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പിക്കപ്പെടുന്നതായാല്‍ അതവര്‍ക്ക് വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. തങ്ങളുടെ രക്ഷിതാവിന്റെ മേല്‍ അവര്‍ (കാര്യങ്ങളില്‍) ഭരമേല്‍പിക്കുകയും ചെയ്യുന്നതാകുന്നു. (സൂ: അന്‍ഫാല്‍: 2). ഈ സൂറത്തു അല്ലാഹു ഇപ്രകാരം അവസാനിപ്പിക്കുന്നു:-


(*).ഇതെഴുതി ഏഴെട്ടു കൊല്ലങ്ങള്‍ക്കുശേഷം (ക്രി. 1969 ജൂലായ്‌ മാസത്തില്‍) മനുഷ്യന്‍ ഒന്നാമതായി ചന്ദ്രഗോളത്തില്‍ ഇറങ്ങി പരീക്ഷണങ്ങള്‍ നടത്തി ചരിത്രം സൃഷ്ടിക്കുകയും, തുടര്‍ന്നുകൊണ്ടു വീണ്ടും ചില ചന്ദ്രയാത്രകള്‍ നടത്തപ്പെടുകയും ഉണ്ടായി. (നാനാഭാഗങ്ങളിലും, അവരില്‍തന്നെയും നാം അവര്‍ക്കു നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ കാട്ടിക്കൊടുക്കും (41:52) എന്നു അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.


 

18:110
  • قُلْ إِنَّمَآ أَنَا۠ بَشَرٌ مِّثْلُكُمْ يُوحَىٰٓ إِلَىَّ أَنَّمَآ إِلَـٰهُكُمْ إِلَـٰهٌ وَٰحِدٌ ۖ فَمَن كَانَ يَرْجُوا۟ لِقَآءَ رَبِّهِۦ فَلْيَعْمَلْ عَمَلًا صَـٰلِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِۦٓ أَحَدًۢا ﴾١١٠﴿
  • (നബിയേ) പറയുക: 'നിശ്ചയമായും ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു; നിങ്ങളുടെ ഇലാഹു [ആരാധ്യന്‍] ഒരേ ഒരു ഇലാഹാണെന്നു എനിക്കു വഹ്‌യു [ഉല്‍ബോധനം] നല്‍കപ്പെടുന്നു. (ഇതാണു എന്റെ പ്രത്യേകത). അതിനാല്‍, ആരെങ്കിലും തന്റെ റബ്ബുമായി കാണുവാന്‍ ആശിക്കുന്നുവെങ്കില്‍, അവന്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചുകൊള്ളട്ടെ; തന്റെ രക്ഷിതാവിനെ ആരാധിക്കുന്നതില്‍ ഒരാളേയും (അവനോടു) പങ്കുചേര്‍ക്കാതെയുമിരിക്കട്ടെ.
  • قُلْ പറയുക إِنَّمَا നിശ്ചയമായും (മാത്രമാണ്) أَنَا ഞാന്‍ بَشَرٌ ഒരു മനുഷ്യനാണ് مِّثْلُكُمْ നിങ്ങളെപ്പോലെയുള്ള يُوحَىٰ വഹ്‌യു (ഉല്‍ബോധനം) നല്‍കപ്പെടുന്നു إِلَيَّ എനിക്കു أَنَّمَا إِلَـٰهُكُمْ നിശ്ചയമായും നിങ്ങളുടെ ഇലാഹു (ആരാധ്യന്‍) إِلَـٰهٌ ആരാധ്യനാണു, ഇലാഹാണ് (എന്നു) وَاحِدٌ ഏകനായ, ഒരുവനായ فَمَن അതിനാല്‍ ആരെങ്കിലും كَانَ يَرْجُو ആശിക്കുന്ന (അഭിലഷിക്കുന്ന - പ്രതീക്ഷിക്കുന്ന - പേടിക്കുന്ന)വനായിരുന്നാല്‍ لِقَاءَ رَبِّهِ തന്റെ റബ്ബുമായി കണ്ടുമുട്ടുന്നത്, റബ്ബിനെ കാണുന്നത് فَلْيَعْمَلْ എന്നാല്‍ അവന്‍ പ്രവര്‍ത്തിച്ചുകൊള്ളട്ടെ عَمَلًا കര്‍മ്മം, പ്രവൃത്തി صَالِحًا നല്ലതായ (സല്‍ക്കര്‍മ്മം) وَلَا يُشْرِكْ അവന്‍ പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യട്ടെ بِعِبَادَةِ ആരാധനയില്‍, 'ഇബാദ'ത്തില്‍ رَبِّهِ തന്റെ രക്ഷിതാവിന്റെ أَحَدًا ഒരാളെയും, ആരെയും

പ്രധാനമായ രണ്ടു കാര്യങ്ങള്‍ അല്ലാഹു ഈ ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു:

(1) മറ്റെല്ലാ മനുഷ്യരെപ്പോലെത്തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയും ഒരു മനുഷ്യനാകുന്നു.

(2) ശിര്‍ക്കിന്റെ – പരദൈവവിശ്വാസത്തിന്റെ – വല്ല അംശവും കലര്‍ന്നുകൊണ്ടുള്ള യാതൊരു കര്‍മ്മവും അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ല.

ഭക്ഷണം, ഉറക്കം, മറവി എന്നിങ്ങനെയുള്ള വിഷയങ്ങളിലും, മറഞ്ഞ കാര്യം അറിയാതിരിക്കുക, ഇഷ്ടപ്പെടുമ്പോള്‍ അമാനുഷിക കൃത്യങ്ങള്‍ കൊണ്ടുവരുവാന്‍ കഴിയാതിരിക്കുക മുതലായ വിഷയങ്ങളിലുമെല്ലാം നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനി, സാധാരണ മനുഷ്യനെപ്പോലെയുള്ള ഒരു മനുഷ്യന്‍ തന്നെയാകുന്നു. അല്ലാഹുവിന്റെ ജ്ഞാനങ്ങളെ കണക്കാക്കുവാന്‍ തിരുമേനിصَلَّى اللَّهُ عَلَيْهِ وَسَلَّمَക്കും സാധ്യമല്ല. ഇത്യാദി വസ്തുതകളെല്ലാം ഈ വചനത്തില്‍നിന്നു മനസ്സിലാക്കാവുന്നതാണ്, ഓരോ സന്ദര്‍ഭങ്ങളായി ഇതെല്ലാം ഖുര്‍ആനിലും ഹദീസിലും വിശദമായിത്തന്നെ പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു. എന്നാല്‍, വഹ്‌യും നുബുവ്വത്തും (ദിവ്യോല്‍ബോധനവും, പ്രവാചകത്വവും) നല്‍കപ്പെട്ടിരിക്കുന്നുവെന്നതു സാധാരണ ജനങ്ങളില്‍നിന്നു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെ വിശേഷിപ്പിക്കുന്നു. അക്കാരണത്താല്‍, മറഞ്ഞ കാര്യങ്ങള്‍ പലതും അല്ലാഹു അവിടത്തേക്ക് അറിയിച്ചുകൊടുത്തേക്കും; അവിടത്തെ കൈക്ക് അവിടുത്തെ പ്രവാചകത്വത്തിനു തെളിവായി ചില അസാധാരണ സംഭവങ്ങള്‍ അവന്‍ വെളിപ്പെടുത്തുകയും ചെയ്തേക്കും. എന്നല്ലാതെ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ക്കു സ്വന്തം നിലക്കു അതിനൊന്നും കഴിവില്ല തന്നെ.

അല്ലാഹുവുമായി കണ്ടുമുട്ടുകയും, സകല കാര്യങ്ങളെക്കുറിച്ചും അവന്റെ മുമ്പില്‍ ഉത്തരം പറയേണ്ടി വരികയും ചെയ്യുമെന്ന ബോധമുള്ളവരും, അവന്റെ പക്കല്‍നിന്നു സല്‍ഫലങ്ങള്‍ ലഭിക്കേണമെന്ന മോഹവും, ലഭിക്കുമെന്ന പ്രതീക്ഷയും ഉള്ളവരും തങ്ങളുടെ ആരാധനാകര്‍മ്മങ്ങളില്‍ ഒന്നുംതന്നെ, ശിര്‍ക്കിന്റെ യാതൊരു അംശവും കലര്‍ത്തരുതെന്നു അല്ലാഹു താക്കീതു ചെയ്യുന്നു. ഈ താക്കീതില്‍ വലിയ ശിര്‍ക്കും ചെറിയ ശിര്‍ക്കും, (الشرق الاكبر والشرك الاصغر) പരസ്യമായ ശിര്‍ക്കും രഹസ്യമായ ശിര്‍ക്കും الشرك الجلي والشرك الخفي ഉള്‍പ്പെടുന്നതാകുന്നു. അല്ലാഹു അല്ലാത്തവരുടെ പ്രീതിയോ, ബഹുമാനമോ ഉദ്ദേശിച്ചുകൊണ്ടു ചെയ്യുന്ന കര്‍മ്മങ്ങളും, മറ്റുള്ളവര്‍ കണ്ടേക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന കര്‍മ്മങ്ങളും ശിര്‍ക്കില്‍പ്പെട്ടതാണ്, ശിര്‍ക്കിന്റെ എല്ലാ വകുപ്പുകളില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

اعاذنا الله من أنواع الشرك وله الفضل والمنة