സൂറത്തുല്‍ കഹ്ഫ് : 50-74
വിഭാഗം - 7
- وَإِذْ قُلْنَا لِلْمَلَـٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ إِلَّآ إِبْلِيسَ كَانَ مِنَ ٱلْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِۦٓ ۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوْلِيَآءَ مِن دُونِى وَهُمْ لَكُمْ عَدُوٌّۢ ۚ بِئْسَ لِلظَّـٰلِمِينَ بَدَلًا ﴾٥٠﴿
- (ഓര്‍ക്കുക:) നാം മലക്കുകളോട്: 'നിങ്ങള്‍ ആദമിനു 'സുജൂദു' ചെയ്യുവിന്‍ (തല കുനിക്കുവിന്‍)' എന്നു പറഞ്ഞപ്പോള്‍, അവര്‍ 'സുജൂദു' ചെയ്തു- ഇബ്ലീസ് ഒഴികെ; അവന്‍ ജിന്നുവര്‍ഗ്ഗത്തില്‍ പെട്ടവനായിരുന്നു; അതിനാല്‍, അവന്‍ തന്റെ രക്ഷിതാവിന്റെ കല്‍പനയെ ധിക്കരിച്ചു കളഞ്ഞു. എന്നിരിക്കെ, നിങ്ങള്‍ എന്നെവിട്ടു അവനെയും, അവന്റെ സന്തതികളെയും കാര്യകര്‍ത്താക്കളാക്കുന്നുവോ? അവരാകട്ടെ, നിങ്ങള്‍ക്കു ശത്രുക്കളുമാണ്! അക്രമികള്‍ക്കു (സ്വീകരിക്കുവാന്‍) പകരം കിട്ടിയതു വളരെ മോശമത്രെ!
- وَإِذْ قُلْنَا നാം പറഞ്ഞപ്പോള്‍ لِلْمَلَائِكَةِ മലക്കുകളോട് اسْجُدُوا നിങ്ങള്‍ സുജൂദു ചെയ്യുവിന്‍, തലകുനിക്കുവിന്‍ لِآدَمَ ആദമിനു فَسَجَدُوا അപ്പോള്‍ അവര്‍ സുജൂദു ചെയ്തു إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ كَانَ അവനായിരുന്നു مِنَ الْجِنِّ ജിന്നുവര്‍ഗ്ഗത്തില്‍ (പെട്ടവന്‍) فَفَسَقَ അതിനാല്‍ അവന്‍ ധിക്കരിച്ചു عَنْ أَمْرِ കല്‍പനയെ رَبِّهِ തന്റെ രക്ഷിതാവിന്റെ أَفَتَتَّخِذُونَهُ എന്നിരിക്കെ നിങ്ങള്‍ അവനെ ആക്കുകയോ? وَذُرِّيَّتَهُ അവന്റെ സന്താനങ്ങളെയും أَوْلِيَاءَ കാര്യകര്‍ത്താക്കള്‍, ബന്ധുക്കള്‍, രക്ഷാധികാരികള്‍ مِن دُونِي എന്നെ വിട്ടു, എനിക്കുപുറമെ, എന്നെക്കൂടാതെ وَهُمْ അവരാകട്ടെ لَكُمْ നിങ്ങള്‍ക്കു عَدُوٌّ ശത്രുവാണ് بِئْسَ വളരെ മോശമാകുന്നു لِلظَّالِمِينَ അക്രമികള്‍ക്കു بَدَلًا പകരം (കിട്ടിയതു)
- مَّآ أَشْهَدتُّهُمْ خَلْقَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ ٱلْمُضِلِّينَ عَضُدًا ﴾٥١﴿
- ആകാശങ്ങളെയും, ഭൂമിയെയും സൃഷ്ടിച്ചതിനാകട്ടെ, അവരെത്തന്നെ സൃഷ്ടിച്ചതിനാകട്ടെ, നാം അവരെ സാക്ഷിയാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായകരായി സ്വീകരിക്കുന്നവനല്ലതന്നെ.
- مَّا أَشْهَدتُّهُمْ നാം അവരെ സാക്ഷിയാക്കിയിട്ടില്ല, സാക്ഷ്യപ്പെടുത്തിയിട്ടില്ല خَلْقَ السَّمَاوَاتِ ആകാശങ്ങളെ സൃഷ്‌ടിച്ചതിന് وَالْأَرْضِ ഭൂമിയെയും وَلَا خَلْقَ സൃഷ്‌ടിച്ചതിനുമില്ല أَنفُسِهِمْ അവരെത്തന്നെ وَمَا كُنتُ ഞാനാകുന്നതുമല്ല, ഞാനല്ലതാനും مُتَّخِذَ الْمُضِلِّينَ വഴിപിഴപ്പിക്കുന്നവരെ ആക്കുന്നവന്‍ (സ്വീകരിക്കുന്നവന്‍) عَضُدًا സഹായകന്‍മാരായി, സഹായമായി
ആദം (عليه الصلاة والسلام) നബിയെ സൃഷ്‌ടിച്ചശേഷം, മനുഷ്യവര്‍ഗ്ഗത്തിന്റെ ഔന്നത്യം സ്ഥാപിക്കുവാനായി അദ്ദേഹത്തിനു തലകുനിച്ചു ‘സുജൂദ്’ ചെയ്യണമെന്നു അല്ലാഹു മലക്കുകളോടു കല്‍പിച്ചു. കല്‍പന ഇബ്ലീസിനും ബാധകമായിരുന്നു. എന്നാല്‍, അവന്റെ വര്‍ഗ്ഗീയ ദുരഹങ്കാരം അവനെ വഞ്ചിച്ചു. ‘അഗ്നിയാല്‍ സൃഷ്ടിക്കപ്പെട്ട ഞാന്‍ മണ്ണുകൊണ്ടു സൃഷ്ടിക്കപ്പെട്ടവനു തല കുനിക്കുകയോ’? എന്നു പറഞ്ഞു അവന്‍ കല്‍പന നിരസിച്ചു കളഞ്ഞു; അല്ലാഹുവിന്റെ കോപശാപത്തിനു ഇരയാകുകയും ചെയ്തു. അതോടെ അവന്‍ മനുഷ്യന്റെ ജന്മശത്രുവായിത്തീര്‍ന്നു. മനുഷ്യനാകട്ടെ, ഇതെല്ലാം വിസ്മരിച്ചുകൊണ്ട് അവനെയും, അവന്റെ വര്‍ഗ്ഗക്കാരെയും കാര്യകര്‍ത്താക്കളായി സ്വീകരിച്ചുവരുന്നു! അവരുടെ ദുഷ്പ്രേരണകള്‍ക്കു വശംവദരായി പിഴച്ചുപോവുകയും ചെയ്യുന്നു! മനുഷ്യന്റെ ഈ ദുരവസ്ഥയെക്കുറിച്ചുള്ള ആക്ഷേപവും അത്ഭുതവുമാണ് അല്ലാഹു വെളിപ്പെടുത്തുന്നത്. ഈ സംഭവം ഖുര്‍ആനില്‍ പലേടത്തും വിവരിച്ചിട്ടുള്ളതാണ്. സൂ: ത്വാഹയില്‍ കൂടുതല്‍ വിവരം കാണാം.
ആകാശഭൂമികളെയോ മറ്റോ സൃഷ്ടിച്ചതിലൊന്നും തന്നെ, പിശാചിനും അവന്റെ സന്തതികള്‍ക്കും യാതൊരു തരത്തിലുള്ള ഇടപെടലും, പങ്കും ഉണ്ടായിട്ടില്ല; ഉണ്ടാകുകയുമില്ല. അങ്ങിനെ വല്ല തരത്തിലുള്ള ഒരു പങ്കും അവര്‍ക്കുണ്ടായിരുന്നുവെങ്കില്‍, അവരുടെ ദുരുപദേശങ്ങള്‍ക്കു വിധേയരാകുന്നതില്‍ മനുഷ്യന് എന്തെങ്കിലും ന്യായമുണ്ടാകുമായിരുന്നു. എനി, പിശാചിനെ ബന്ധുവും കാര്യകര്‍ത്താവുമായി സ്വീകരിക്കുന്നവര്‍ക്കു ലഭിക്കുന്ന ഫലമാകട്ടെ, അതെത്രമാത്രം മോശപ്പെട്ടതായിരിക്കുമെന്നു താഴെ പറയുന്നതില്‍ നിന്നു മനസ്സിലാക്കാം:-
- وَيَوْمَ يَقُولُ نَادُوا۟ شُرَكَآءِىَ ٱلَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا۟ لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴾٥٢﴿
- (അല്ലാഹു അക്രമികളോടായി:) 'നിങ്ങള്‍ ജല്‍പിച്ചു കൊണ്ടിരുന്ന എന്റെ പങ്കുകാരെ വിളിച്ചുകൊള്‍വിന്‍' എന്നു പറയുന്ന ദിവസം (ഓര്‍ക്കുക)! - അപ്പോള്‍ അവര്‍ അവരെ വിളി(ച്ചു നോ)ക്കുന്നതാണ്: എന്നാല്‍ അവര്‍ അവര്‍ക്കു ഉത്തരം നല്‍കുന്നതല്ല. നാം (അല്ലാഹു) അവര്‍ക്കിടയില്‍ ഒരു അപകടസ്ഥലം ഏര്‍പ്പെടുത്തുന്നതുമാണ്.
- وَيَوْمَ يَقُولُ അവന്‍ പറയുന്ന ദിവസം نَادُوا നിങ്ങള്‍ വിളിക്കുവിന്‍ شُرَكَائِيَ എന്റെ പങ്കുകാരെ الَّذِينَ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചിരുന്നവരായ فَدَعَوْهُمْ അപ്പോള്‍ അവര്‍ അവരെ വിളിക്കും فَلَمْ يَسْتَجِيبُوا എന്നാല്‍ അവര്‍ ഉത്തരം നല്‍കുകയില്ല لَهُمْ അവര്‍ക്കു وَجَعَلْنَا നാം ഏര്‍പ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും بَيْنَهُم അവര്‍ക്കിടയില്‍ مَّوْبِقًا ഒരു അപകടസ്ഥലം
- وَرَءَا ٱلْمُجْرِمُونَ ٱلنَّارَ فَظَنُّوٓا۟ أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا۟ عَنْهَا مَصْرِفًا ﴾٥٣﴿
- കുറ്റവാളികള്‍ നരകത്തെ (നേരില്‍) കാണും, അപ്പോള്‍ അവര്‍ക്കു വിചാരം വരും (മനസ്സിലാകും): നിശ്ചയമായും തങ്ങള്‍ അതില്‍ അകപ്പെട്ടുപോകുന്നവരാണെന്നു.
അതില്‍ നിന്നു തിരിഞ്ഞുപോകുവാനുള്ള ഒരു മാര്‍ഗ്ഗവും അവര്‍ കണ്ടെത്തുന്നതുമല്ല. - وَرَأَى الْمُجْرِمُونَ കുറ്റവാളികള്‍ കാണും النَّارَ നരകം فَظَنُّوا അപ്പോള്‍ അവര്‍ക്കു വിചാരം വരും, (അവര്‍ക്കു മനസ്സിലാകും) أَنَّهُم مُّوَاقِعُوهَا അവര്‍ അതില്‍ അകപ്പെടുന്നവരാണെന്നു وَلَمْ يَجِدُوا അവര്‍ കണ്ടെത്തുകയില്ല, അവര്‍ക്കു കിട്ടുകയില്ല عَنْهَا അതില്‍ നിന്നു مَصْرِفًا തിരിഞ്ഞുപോകുവാനുള്ള സ്ഥലം (മാര്‍ഗ്ഗം)
പരലോകവിശ്വാസവും, നരകശിക്ഷയെക്കുറിച്ചുള്ള ഭയവും ഇല്ലാതിരുന്ന അവര്‍, നരകം ഇപ്പോള്‍ കണ്ണില്‍ കാണുകയാണ്. അതു യഥാര്‍ത്ഥം തന്നെയാണെന്നും, തങ്ങള്‍ക്കു അതില്‍നിന്നു രക്ഷയില്ലെന്നും അവര്‍ക്കിപ്പോള്‍ ശരിക്കും ബോധ്യമായിരിക്കുന്നു. നിഷേധത്തിന്റെ ലാഞ്ചനപോലും അവരില്‍ ഇല്ലതന്നെ.
വിഭാഗം - 8
- وَلَقَدْ صَرَّفْنَا فِى هَـٰذَا ٱلْقُرْءَانِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ ٱلْإِنسَـٰنُ أَكْثَرَ شَىْءٍ جَدَلًا ﴾٥٤﴿
- തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി എല്ലാ(വക) ഉപമകളെയും ഈ ഖുര്‍ആനില്‍ നാം വിവിധതരത്തില്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യന്‍, ഏതു വസ്തുവെക്കാളുമധികം തര്‍ക്ക (സ്വഭാവ) മുള്ളവനാകുന്നു.
- وَلَقَدْ തീര്‍ച്ചയായും صَرَّفْنَا നാം വിവിധരൂപത്തില്‍ വിവരിച്ചിരിക്കുന്നു, فِي هَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ لِلنَّاسِ ജനങ്ങള്‍ക്കുവേണ്ടി مِن كُلِّ مَثَلٍ എല്ലാ(വിധ) ഉപമകളില്‍നിന്നും وَكَانَ الْإِنسَانُ മനുഷ്യന്‍ ആകുന്നു أَكْثَرَ شَيْءٍ ഏതു വസ്തുവിലും കൂടുതലുള്ളവന്‍ جَدَلًا തര്‍ക്കം (തര്‍ക്കസ്വഭാവം, തര്‍ക്കവാസന)
ഖുര്‍ആന്റെ വിവരണരീതി ഒരു പ്രത്യേക തരത്തിലുള്ളതാകുന്നു. അതിന്റേതായ ഒരു ശൈലിയും, പ്രതിപാദനരീതിയുമാണ് അതിനുള്ളത്. ശാസ്ത്രഗ്രന്ഥങ്ങള്‍, സാഹിത്യകൃതികള്‍, ചരിത്രപുസ്തകങ്ങള്‍ മുതലായവപോലെയുള്ള ഒരു സമ്പ്രദായം അതു സ്വീകരിച്ചിട്ടില്ല. വിഷയങ്ങളെ അടിസ്ഥാനമാക്കി അദ്ധ്യായങ്ങള്‍, പര്‍വങ്ങള്‍, പംക്തികള്‍ എന്നിവയൊന്നും നിര്‍ണ്ണയിക്കുക അതിനു പതിവില്ല. അതിന്റെ വിവരണരീതിയെ സംബന്ധിച്ചു എത്രയോ മഹാന്‍മാര്‍ നീണ്ടുനീണ്ട ലേഖനങ്ങളും, ഗ്രന്ഥങ്ങളും രചിച്ചുകഴിഞ്ഞിട്ടുള്ളതാണ്. ചുരുങ്ങിയ വാചകങ്ങളില്‍ അതിന്റെ സാക്ഷാല്‍ സ്വഭാവം വരഞ്ഞുകാണിക്കുക സാദ്ധ്യമല്ല.
ഉപദേശം, നിര്‍ദ്ദേശം, നിയമം, ചരിത്രം, കഥ, ഉപമ, സംഭവം, സുവിശേഷം, താക്കീതു, പ്രകൃതിവര്‍ണ്ണന, ചിന്താപാഠം, ദൃഷ്ടാന്തം എന്നിങ്ങിനെ പലതും ഇടകലര്‍ന്നും, ഒന്നൊന്നിനെ തുടര്‍ന്നും കാണാം. ഒരേ കാര്യംതന്നെ, ഒരേ സംഭവംതന്നെ, ഒന്നിലധികം സ്ഥലത്തു ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിവരിക്കും. പക്ഷേ, ഓരോ സ്ഥലത്തും മറ്റേസ്ഥലത്തു കാണപ്പെടാത്ത സവിശേഷതയോടുകൂടിയായിരിക്കും അത്. ഒരിടത്തു സംക്ഷിപ്തമാണെങ്കില്‍, വേറൊരിടത്തു സവിസ്തരമായിരിക്കും. സജ്ജനങ്ങളുടെ പുണ്യഫലങ്ങള്‍ വിവരിക്കുമ്പോള്‍ ദുര്‍ജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും വിവരിക്കുന്നതു കാണാം. ചെറുതും, വലുതും, സങ്കല്‍പവും, സംഭവിച്ചതുമായ ഉപമകളും ഇടയ്ക്കിടെ സാധാരണമാണ്. നിയമവശങ്ങളെക്കാള്‍ ധാര്‍മ്മികവശത്തിന്നാണ് കൂടുതല്‍ പ്രാധാന്യം കാണുക. ചുരുക്കിപ്പറഞ്ഞാല്‍, ബുദ്ധിയും ചിന്തയുമുള്ള മനുഷ്യരെ മടുപ്പുതോന്നിക്കാതെയും, മുഷിപ്പിക്കാതെയും ആകര്‍ഷിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ശൈലിയാണ് അതിനുള്ളത്.
എന്നാല്‍, മനുഷ്യനാകട്ടെ, സ്വഭാവേന താര്‍ക്കികനാണ്. വേണ്ടതിനും, വേണ്ടാത്തതിനും അവന്‍ തര്‍ക്കം നടത്തും. ബോധ്യംവന്നാലും വിമര്‍ശിച്ചുകൊണ്ടിരിക്കും. സമാധാനപൂര്‍വ്വം കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ അവനു ക്ഷമയുണ്ടാകുകയില്ല. ഇത്യാദി സ്വഭാവങ്ങള്‍ നിമിത്തം ഖുര്‍ആന്റെ അദ്ധ്യാപനങ്ങളും ഉപദേശങ്ങളും പലപ്പോഴും അവനു ഉപയോഗപ്പെടുത്തുവാന്‍ കഴിയാതെ പോകുന്നു. സൂറത്തു – സുമറിലെ ഒരു വചനം ഇവിടെ ശ്രദ്ധേയമാകുന്നു:
فَبَشِّرْ عِبَادِ ﴿١٧﴾ الَّذِينَ يَسْتَمِعُونَ الْقَوْلَ فَيَتَّبِعُونَ أَحْسَنَهُ ۚ أُولَـٰئِكَ الَّذِينَ هَدَاهُمُ اللَّـهُ ۖ وَأُولَـٰئِكَ هُمْ أُولُو الْأَلْبَابِ ﴿١٨﴾ : الزمر
(സാരം: പറയുന്ന വാക്കു ശ്രദ്ധിച്ചു കേള്‍ക്കുകയും, എന്നിട്ടു, അതില്‍ നല്ലതിനെ പിന്‍പറ്റി നടക്കുകയും ചെയ്യുന്നവരാകുന്ന എന്റെ അടിയാന്‍മാര്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുക: അവരാണ് അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കിയിട്ടുള്ളവര്‍; അവര്‍തന്നെയാണ് ബുദ്ധിമാന്‍മാരും.)
ഇമാം അഹ്മദ് (رحمة الله عليه), ബുഖാരി (رحمة الله عليه), മുസ്‌ലിം (رحمة الله عليه) എന്നിവര്‍ നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ‘ഒരു ദിവസം രാത്രി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി, അലി (رَضِيَ اللهُ تَعَالَى عَنْهُ) യുടെയും ഫാത്തിമഃ (رَضِيَ اللهُ تَعَالَى عَنْها) യുടെയും വാതില്‍ക്കല്‍ചെന്നു ഇങ്ങിനെ വിളിച്ചുചോദിക്കുകയുണ്ടായി: ‘നിങ്ങള്‍ രണ്ടാളും (രാത്രിനമസ്കാരം) നമസ്കരിക്കുന്നില്ലേ?’ അപ്പോള്‍ അലി (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ! ഞങ്ങളുടെ ആത്മാക്കള്‍ അല്ലാഹുവിന്റെ കൈവശമാണല്ലോ. ഞങ്ങള്‍ എഴുന്നേല്‍ക്കണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ ഞങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നതാണ്.’ അലി (رَضِيَ اللهُ تَعَالَى عَنْهُ) പറയുകയാണ്: ‘ഞാനിതു പറഞ്ഞപ്പോള്‍ തിരുമേനി എന്നോടു മറുപടി ഒന്നും പറയാതെ വിട്ടുപോയ്‌ക്കളഞ്ഞു. എന്നിട്ട് അവിടുന്നു തിരിച്ചുപോകുമ്പോള്‍, തന്റെ കൈകൊണ്ടു തുടക്ക് കൊട്ടിക്കൊണ്ട് ഇങ്ങിനെ പറയുന്നതായി ഞാന്‍ കേട്ടു: وَكَانَ الْإِنسَانُ أَكْثَرَ شَيْءٍ جَدَلًا (മനുഷ്യന്‍ ഏതു വസ്തുവെക്കാളും തര്‍ക്കമുള്ളവനാകുന്നു.)’
- وَمَا مَنَعَ ٱلنَّاسَ أَن يُؤْمِنُوٓا۟ إِذْ جَآءَهُمُ ٱلْهُدَىٰ وَيَسْتَغْفِرُوا۟ رَبَّهُمْ إِلَّآ أَن تَأْتِيَهُمْ سُنَّةُ ٱلْأَوَّلِينَ أَوْ يَأْتِيَهُمُ ٱلْعَذَابُ قُبُلًا ﴾٥٥﴿
- സന്മാര്‍ഗ്ഗദര്‍ശനം വന്നപ്പോള്‍ (അതില്‍) വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോടു പാപമോചനം തേടുകയും ചെയ്യുന്നതില്‍നിന്നു മനുഷ്യരെ തടയുന്നതു, പൂര്‍വികന്‍മാരുടെ [അവരില്‍ കഴിഞ്ഞ ശിക്ഷയുടെ] നടപടികള്‍ അവര്‍ക്കു വന്നെത്തുകയോ, അല്ലെങ്കില്‍ പെട്ടെന്ന് അവര്‍ക്കു ശിക്ഷവരുകയോ വേണമെന്നുള്ളതല്ലാതെ (വേറെ) എന്താണ്?!
- وَمَا مَنَعَ തടയുന്നതെന്താണ്?!, തടയുന്നില്ല النَّاسَ മനുഷ്യരെ أَن يُؤْمِنُوا അവര്‍ വിശ്വസിക്കുന്നതു إِذْ جَاءَهُمُ അവര്‍ക്കു വന്നെത്തിയപ്പോള്‍ الْهُدَىٰ മാര്‍ഗ്ഗദര്‍ശനം, സന്മാര്‍ഗ്ഗം وَيَسْتَغْفِرُوا അവര്‍ പാപമോചനം തേടുന്നതും رَبَّهُمْ അവരുടെ രക്ഷിതാവിനോട് إِلَّا أَن تَأْتِيَهُمْ അവര്‍ക്കു വന്നെത്തണമെന്നുള്ളതല്ലാതെ سُنَّةُ الْأَوَّلِينَ പൂര്‍വ്വികന്‍മാരുടെ (മുന്‍ഗാമികളുടെ) നടപടി أَوْ يَأْتِيَهُمُ അല്ലെങ്കില്‍ അവര്‍ക്കു വരണമെന്നു الْعَذَابُ ശിക്ഷ قُبُلًا പെട്ടെന്ന്, അഭിമുഖമായി
- وَمَا نُرْسِلُ ٱلْمُرْسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَ ۚ وَيُجَـٰدِلُ ٱلَّذِينَ كَفَرُوا۟ بِٱلْبَـٰطِلِ لِيُدْحِضُوا۟ بِهِ ٱلْحَقَّ ۖ وَٱتَّخَذُوٓا۟ ءَايَـٰتِى وَمَآ أُنذِرُوا۟ هُزُوًا ﴾٥٦﴿
- സുവിശേഷം അറിയിക്കുന്നവരായും, താക്കീതു നല്‍കുന്നവരായും കൊണ്ടല്ലാതെ 'മുര്‍സലു' കളെ [ദൂതന്മാരെ] നാം അയക്കാറില്ല. സത്യത്തെ തകര്‍ത്തുകളയുവാന്‍വേണ്ടി. മിഥ്യാവാദവുമായി അവിശ്വസിച്ച ആളുകള്‍തര്‍ക്കിക്കുന്നു! എന്റെ ലക്ഷ്യങ്ങളെയും, അവര്‍ക്കു താക്കീതു നല്‍കപ്പെട്ടിട്ടുള്ളതിനെയും അവര്‍ പരിഹാസ്യമാക്കുകയും ചെയ്തിരിക്കുന്നു!
- وَمَا نُرْسِلُ നാം അയക്കാറില്ല الْمُرْسَلِينَ മുര്‍സലുകളെ, ദൂതന്‍മാരെ إِلَّا مُبَشِّرِينَ സുവിശേഷം (സന്തോഷവാര്‍ത്ത) അറിയിക്കുന്നവരായിട്ടല്ലാതെ وَمُنذِرِينَ താക്കീതു ചെയ്യുന്നവരും وَيُجَادِلُ തര്‍ക്കിക്കുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ بِالْبَاطِلِ നിരര്‍ത്ഥമായതുകൊണ്ട്, മിഥ്യാവാദംകൊണ്ട് لِيُدْحِضُوا അവര്‍ തകര്‍ക്കുവാന്‍വേണ്ടി, ഉടക്കുവാന്‍വേണ്ടി بِهِ അതുകൊണ്ട് الْحَقَّ സത്യത്തെ, യഥാര്‍ത്ഥത്തെ وَاتَّخَذُوا അവര്‍ ആക്കുകയും ചെയ്തു آيَاتِي എന്റെ ലക്ഷ്യങ്ങളെ وَمَا أُنذِرُوا അവര്‍ക്കു താക്കീതു നല്‍കപ്പെട്ടതിനേയും هُزُوًا പരിഹാസ്യം
ആദു, ഥമൂദു (عاد, ثمود) മുതലായ സമുദായങ്ങളില്‍ അക്രമവും തോന്നിയവാസവും മുഴുത്തപ്പോള്‍ അവര്‍ക്കു സംഭവിക്കുകയുണ്ടായതു പോലെയുള്ള ശിക്ഷാനടപടികളാണ്, ‘പൂര്‍വ്വികന്‍മാരുടെ ശിക്ഷാനടപടി’ (سُنَّةُ الْأَوَّلِينَ) എന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം. ‘നീ സത്യവാനാണെങ്കില്‍, ഞങ്ങള്‍ക്കു അല്ലാഹുവിന്റെ ശിക്ഷ കൊണ്ടുവരിക!’
(قَالُوا ائْتِنَا بِعَذَابِ اللَّـهِ إِن كُنتَ مِنَ الصَّادِقِينَ : العنكبوت:٢٩)
എന്നു ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ ജനത അദ്ദേഹത്തോടു പറഞ്ഞുവെങ്കില്‍, ഖുറൈശികളായ ധിക്കാരികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ക്ഷണം നിരസിച്ചുകൊണ്ട് അല്ലാഹുവിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘അല്ലാഹുവേ! ഈ പറയുന്നതാണ് നിന്റെ പക്കല്‍നിന്നുള്ള സത്യമെങ്കില്‍, ഞങ്ങളുടെമേല്‍ നീ ആകാശത്തുനിന്ന്‍ കല്ലുമഴ വര്‍ഷിപ്പിച്ചുകൊള്ളുക; അല്ലെങ്കില്‍ വേദനയേറിയ ശിക്ഷ ഞങ്ങള്‍ക്ക് കൊണ്ടുവരിക!.
(اللَّـهُمَّ إِن كَانَ هَـٰذَا هُوَ الْحَقَّ مِنْ عِندِكَ فَأَمْطِرْ عَلَيْنَا حِجَارَةً مِّنَ السَّمَاءِ أَوِ ائْتِنَا بِعَذَابٍ أَلِيمٍ : الأنفال:٣٢)
ഇത്രയും നിഷ്ഠൂരമായ മനസ്ഥിതിയായിരുന്നു അവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ നിന്നു മേല്‍പറഞ്ഞ വചനങ്ങളുടെ താല്‍പര്യം നമുക്കു മനസ്സിലാക്കാവുന്നതാണ്.
- وَمَنْ أَظْلَمُ مِمَّن ذُكِّرَ بِـَٔايَـٰتِ رَبِّهِۦ فَأَعْرَضَ عَنْهَا وَنَسِىَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۖ وَإِن تَدْعُهُمْ إِلَى ٱلْهُدَىٰ فَلَن يَهْتَدُوٓا۟ إِذًا أَبَدًا ﴾٥٧﴿
- തന്റെ റബ്ബിന്റെ 'ആയത്തുകള്‍' [ലക്ഷ്യങ്ങള്‍] മുഖേന ഉല്‍ബോധനം നല്‍കപ്പെട്ടിട്ട് അവയെ വിട്ടുതിരിഞ്ഞു കളയുകയും, തന്റെ കൈകള്‍ [താന്‍] മുമ്പു ചെയ്തു പോയിട്ടുള്ളതിനെ [ദുഷ്കര്‍മ്മങ്ങളെ] മറന്നുകളയുകയും ചെയ്തവരെക്കാള്‍ അക്രമി ആരാണുള്ളത്?! നിശ്ചയമായും, അതു ഗ്രഹിക്കുന്നതിനു (കഴിയാത്ത വണ്ണം) അവരുടെ ഹൃദയങ്ങളില്‍ ഒരുതരം മൂടികളും, അവരുടെ കാതുകളില്‍ ഒരുതരം കട്ടിയും നാം ആക്കിയിരിക്കുകയാണ്. നീ അവരെ സന്മാര്‍ഗ്ഗത്തിലേക്കു ക്ഷണിക്കുന്നതായാല്‍ - അങ്ങിനെയിരിക്കെ - ഒരിക്കലും അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ല തന്നെ.
- وَمَنْ ആരാണ്? أَظْلَمُ അധികം അക്രമി مِمَّن യാതൊരുവനെക്കാള്‍ ذُكِّرَ അവനു ഉല്‍ബോധനം ചെയ്യപ്പെട്ടു, ഉപദേശിക്കപ്പെട്ടു بِآيَاتِ ലക്ഷ്യങ്ങളെക്കൊണ്ടു, ലക്ഷ്യങ്ങള്‍ മുഖേന رَبِّهِ തന്റെ രക്ഷിതാവിന്റെ فَأَعْرَضَ എന്നിട്ടു അവന്‍ തിരിഞ്ഞുകളഞ്ഞു عَنْهَا അതില്‍നിന്നു وَنَسِيَ അവന്‍ മറക്കുകയും ചെയ്തു مَا قَدَّمَتْ മുമ്പുചെയ്തു يَدَاهُ അവന്റെ കരങ്ങള്‍, കൈകള്‍ (അവന്‍) إِنَّا جَعَلْنَا നിശ്ചയമായും നാം ആക്കിയിരിക്കുന്നു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍, ഹൃദയങ്ങള്‍ക്കുമീതെ أَكِنَّةً ഒരുതരം മൂടികളെ أَن يَفْقَهُوهُ അതിനെ ഗ്രഹിക്കുന്നതിനു (ഗ്രഹിക്കുവാന്‍ കഴിയാതെ) وَفِي آذَانِهِمْ അവരുടെ കാതുകളിലും وَقْرًا ഒരുതരം കട്ടിയെ وَإِن تَدْعُهُمْ നീ അവരെ വിളിക്കുന്നതായാല്‍ إِلَى الْهُدَىٰ സന്മാര്‍ഗ്ഗത്തിലേക്കു فَلَن يَهْتَدُوا എന്നാല്‍ അവര്‍ സന്മാര്‍ഗ്ഗം സ്വീകരിക്കുകയില്ല, പ്രാപിക്കുകയില്ല إِذًا അങ്ങിനെയിരിക്കെ, ആകയാല്‍ أَبَدًا ഒരിക്കലും, ഒരു കാര്യവും
- وَرَبُّكَ ٱلْغَفُورُ ذُو ٱلرَّحْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا۟ لَعَجَّلَ لَهُمُ ٱلْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا۟ مِن دُونِهِۦ مَوْئِلًا ﴾٥٨﴿
- നിന്റെ രക്ഷിതാവ് വളരെ പൊറുക്കുന്നവനാണ്, കരുണയുള്ളവനാണ്. അവര്‍ ചെയ്തു കൂട്ടിയതിനു അവരോടു അവന്‍ നടപടി എടുക്കുകയായിരുന്നുവെങ്കില്‍, അവര്‍ക്കു അവന്‍ ശിക്ഷ തല്‍ക്ഷണം തന്നെ കൊടുക്കുമായിരുന്നു. പക്ഷേ, അവര്‍ക്കൊരു നിശ്ചിതസമയമുണ്ട്; അതിനെ വിട്ടു യാതൊരു രക്ഷാവലംബവും അവര്‍ക്കു കിട്ടുന്നതേഅല്ല.
- وَرَبُّكَ നിന്റെ രക്ഷിതാവ് الْغَفُورُ വളരെ പൊറുക്കുന്നവനാണ് ذُو الرَّحْمَةِ കാരുണ്യമുള്ളവനാണ് لَوْ يُؤَاخِذُ അവന്‍ പിടികൂടുകയാണെങ്കില്‍ (നടപടിയെടുക്കുകയാണെങ്കില്‍) هُم അവരെ, അവരോട് بِمَا كَسَبُوا അവര്‍ ചെയ്തുകൂട്ടിയതുകൊണ്ട്, സമ്പാദിച്ചുണ്ടാക്കിയതുകൊണ്ട് لَعَجَّلَ അവന്‍ തല്‍ക്ഷണം നല്‍കുമായിരുന്നു, ധൃതിയായി കൊടുക്കുമായിരുന്നു لَهُمُ അവര്‍ക്കു الْعَذَابَ ശിക്ഷയെ بَل പക്ഷേ, എങ്കിലും لَّهُم അവര്‍ക്കുണ്ട് مَّوْعِدٌ ഒരു നിശ്ചിതസമയം لَّن يَجِدُوا അവര്‍ക്കു കിട്ടുന്നതേയല്ല مِن دُونِهِ അതിനെവിട്ടു, അതുകൂടാതെ مَوْئِلًا ഒരു രക്ഷാവലംബവും
- وَتِلْكَ ٱلْقُرَىٰٓ أَهْلَكْنَـٰهُمْ لَمَّا ظَلَمُوا۟ وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴾٥٩﴿
- അതാ (ആ) രാജ്യങ്ങള്‍! അവര്‍ [അതിലെ നിവാസികള്‍] അക്രമം ചെയ്തപ്പോള്‍ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏര്‍പ്പെടുത്തിയിരിക്കുന്നു.
- وَتِلْكَ അതാ ٱلْقُرَىٰٓ (ആ) രാജ്യങ്ങള്‍ أَهْلَكْنَٰا നാം നശിപ്പിച്ചു هُمْ അവരെ (ആ രാജ്യക്കാരെ) لَمَّاظَلَمُوا۟ അവര്‍അക്രമം ചെയ്തപ്പോള്‍ وَجَعَلْنَا നാം ആക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു لِمَهْلِكِهِم അവരുടെ നശീകരണത്തിനു, നാശസമയത്തിന് مَّوْعِدًا ഒരു നിശ്ചിതസമയം, ഒരു നിശ്ചയം
ആദു, ഥമൂദു മുതലായ ഗോത്രങ്ങളുടെ വാസസ്ഥലങ്ങളും അവയെ നാമാവശേഷമാക്കിക്കളഞ്ഞ വമ്പിച്ച ശിക്ഷകളുടെ അവശിഷ്ടങ്ങളും അറബികള്‍ക്ക് ഏറെക്കുറെ കണ്ടറിയുവാന്‍ കഴിയുന്നതാകുന്നു. അതുകൊണ്ടാണ് അവയെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവരെ താക്കീതു ചെയ്യുന്നത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും അതിരുകവിഞ്ഞിരിക്കയാണ്. ചിന്തക്കു പകരം പരിഹാസം, ബുദ്ധിക്കു പകരം മര്‍ക്കടമുഷ്ടി, ഇതാണവരില്‍ പ്രകടമാകുന്നത്. അവരുടെ ഹൃദയങ്ങള്‍ കല്ലുപോലെ ഉറച്ചു നിര്‍ജ്ജീവമായിരിക്കുകയാണ്. സത്യോപദേശത്തിനു അതിലേക്കു പ്രവേശനമില്ലാതായിരിക്കുന്നു. അതൊന്നു ശ്രദ്ധിച്ചുകേള്‍ക്കുവാന്‍ പോലും അവര്‍ തയ്യാറില്ല. കാതില്‍ എന്തോ ഒരു കട്ടി നിറഞ്ഞു കേള്‍വി നഷ്ടപ്പെട്ടപോലെയാണുള്ളത്. നിര്‍ഭാഗ്യകരമായ ഈ നിലപാടില്‍ അല്ലാഹു അവരെ തല്‍ക്കാലം സ്വതന്ത്രമാക്കി വിട്ടിരിക്കയാണ്. പെട്ടെന്നുള്ളതും, അതിദാരുണവുമായ ശിക്ഷക്കു അവര്‍ തികച്ചും അര്‍ഹതയുള്ളവര്‍ തന്നെ. എങ്കിലും കാരുണ്യവാനായ അല്ലാഹു ഈ ലോകത്തുള്ള അവന്റെ നിയമനടപടിയനുസരിച്ചു അവര്‍ക്കു തല്‍ക്കാലം ഒഴിവു നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തനങ്ങളുടെ, യഥാര്‍ത്ഥവും കൃത്യവുമായ പ്രതിഫലം നല്‍കപ്പെടുന്നതിനു ഒരു നിശ്ചിത സമയമുണ്ട്. അതു വന്നുകഴിഞ്ഞാല്‍ പിന്നെ യാതൊരു ഒഴിവും ആര്‍ക്കും തന്നെ അനുവദിക്കപ്പെടുകയില്ല.
ഒരു ചോദ്യം ഇവിടെ ഉത്ഭവിക്കുവാന്‍ അവകാശമുണ്ട്. ധാര്‍മ്മികബോധമുള്ള ആളുകള്‍ക്കു ഈ ലോകത്തു മിക്കവാറും കഷ്ടപ്പാടും, പലവിധ ദുരിതങ്ങളും ആണല്ലോ അനുഭവം. നേരെമറിച്ചു അവിശ്വാസികളും, അക്രമികളുമായ ജനങ്ങള്‍ക്കു സുഖസന്തോഷങ്ങളും! എന്താണിത്? എന്നാല്‍, നല്ലതെന്നോ, ഭാഗ്യമെന്നോ നാം അനുമാനിക്കുന്ന എത്രയോ കാര്യങ്ങള്‍ ചീത്തയും, ദൗര്‍ഭാഗ്യകരവും ആയിരുന്നുവെന്നു പിന്നീടു നമുക്കു പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോഴാണ്, നമ്മുടെ ആദ്യത്തെ അനുമാനങ്ങള്‍ തെറ്റായിരുന്നുവെന്ന് നമുക്കു ബോധ്യപ്പെടുക. കാര്യങ്ങളുടെ ബാഹ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തി ജീവിക്കുവാനേ നമുക്കിവിടെ നിര്‍വ്വാഹമുള്ളുവെന്നതു വാസ്തവമാണ്. പക്ഷേ, ബാഹ്യവും യാഥാര്‍ത്ഥ്യവും – രഹസ്യവും പരസ്യവും – തമ്മില്‍ പലപ്പോഴും വൈരുദ്ധ്യമുണ്ടാവാറുണ്ടെന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. അതുകൊണ്ടാണ് താഴെ വിവരിക്കുന്ന സംഭവത്തില്‍ മൂസാ (عليهالصلاةوالسلام) നബിക്കു- അദ്ദേഹം സമ്മതിച്ച നിബന്ധനകള്‍ക്കെതിരായി- ചോദ്യം ചെയ്യേണ്ടിവന്നത്. സംഗതികളുടെ പരമാര്‍ത്ഥം തുറന്നുകാണുമ്പോഴേ, അവയെ സംബന്ധിച്ച അവസാനത്തേതും, ഏറ്റവും ശരിയായതുമായ തീരുമാനം കല്‍പിക്കുവാന്‍ സാധ്യമാവുകയുള്ളു. ഇപ്പറഞ്ഞതിനു ഉദാഹരണമായെടുക്കാവുന്ന ഒരു സംഭവകഥയാണ് തുടര്‍ന്നുള്ള ആയത്തുകളില്‍ കാണുന്നത്.
വിഭാഗം - 9
മൂസാ (عليه الصلاة والسلام) നബിയുടെയും ഖിള്വ്-ര്‍ (عليه الصلاة والسلام) നബിയുടെയും കഥ:-
(موسى والخضر عليهما السلام)
ആയത്തുകളില്‍ പ്രവേശിക്കുംമുമ്പായി കഥയുടെ ഒരു സംക്ഷിപ്തരൂപം മുന്‍കൂട്ടി അറിയുന്നതു നന്നായിരിക്കും. ഇമാം ബുഖാരീ (رحمه الله), മുസ്‌ലിം (رحمه الله) മുതലായവര്‍ അവരുടെ ഹദീഥു ഗ്രന്ഥങ്ങളില്‍ ഈ കഥ പല മാര്‍ഗ്ഗങ്ങളില്‍കൂടി ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നാം ഇവിടെ അതു വിവരിക്കുന്നത്:-
ഇസ്രായീല്യരിലെ പ്രവാചകനായ മൂസാ (عليه الصلاة والسلام) നബി ഒരിക്കല്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കെ, ഒരാള്‍ അദ്ദേഹത്തോടു ഇങ്ങിനെ ചോദിക്കുകയുണ്ടായി: ‘താങ്കളേക്കാള്‍ അറിവുള്ള മറ്റു വല്ലവരെയും താങ്കള്‍ക്കറിയാമോ?’ അദ്ദേഹം ഉത്തരം പറഞ്ഞതു ‘ഇല്ല’ എന്നായിരുന്നു. ‘അല്ലാഹുവിനറിയാം’ (الله أعلم) എന്നു പറയുകയുണ്ടായില്ല. (അദ്ദേഹത്തിന്റെ നിലപാടിനു യോജിച്ചതു അതായിരുന്നു). ഇതിനെത്തുടര്‍ന്നു: ‘ഉണ്ട് – എന്റെ ഒരു അടിയാന്‍ നിന്നെക്കാള്‍ അറിവുള്ളവനുണ്ട് – രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തുവെച്ചു അദ്ദേഹത്തെ കാണാം’ എന്നു അല്ലാഹു മൂസാ (عليه الصلاة والسلام) നബിക്കു വഹ്-യു നല്‍കി. ഒരു മത്സ്യം കൂടെ കൊണ്ടുപോകണമെന്നും, അതു കാണാതാവുന്ന സ്ഥലത്തു അദ്ദേഹം ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ‘ഒരു ചത്ത മത്സ്യവുമായി പോകണം, അതിനു ജീവനുണ്ടാകുന്നിടത്തുവെച്ചാണ് അദ്ദേഹത്തെ കാണുക’ എന്നിങ്ങിനെയാണ് ഹദീസിന്റെ ചില നിവേദനങ്ങളില്‍ കാണുന്നത്.
അങ്ങനെ, മൂസാ (عليه الصلاة والسلام) നബിയും, തന്റെ വാലിയക്കാരനായ യൂശഉം (يوشع بن نون-عليه الصلاة والسلام) കൂടി യാത്രയായി. അവര്‍ ഒരു പാറക്കല്ലിനടുത്തെത്തി അവിടെ വിശ്രമിക്കുകയുണ്ടായി. ഈ അവസരത്തില്‍ മത്സ്യം സമുദ്രത്തില്‍ ചാടിപ്പോയി. യൂശഉ (عليه الصلاة والسلام) അതു അറിഞ്ഞിരുന്നുവെങ്കിലും, മൂസാനബി (عليه الصلاة والسلام) ഉണര്‍ന്നശേഷം അദ്ദേഹത്തെ അതു അറിയിക്കുവാന്‍ മറന്നുകളഞ്ഞു. പിന്നീടു കുറേ നടന്നു ക്ഷീണിച്ച് മൂസാ (عليه الصلاة والسلام) ഭക്ഷണസാധനം ആവശ്യപ്പെട്ടു. അപ്പോഴാണു യൂശഉ (عليه الصلاة والسلام) മത്സ്യത്തിന്റെ കാര്യം ഓര്‍മ്മിച്ചത്. അവര്‍ പിന്നോക്കം മടങ്ങിപ്പോന്നു. മത്സ്യം പോയ സ്ഥലത്തെത്തി. അവിടെവെച്ചു ഒരാളെ കണ്ടുമുട്ടി. മൂസാ (عليه الصلاة والسلام) അദ്ദേഹത്തിനു സലാം പറഞ്ഞു. ‘ഇന്നാട്ടിലെവിടെയാണ് സലാം (ശാന്തി)?’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം, നിങ്ങള്‍ ആരാണെന്നു അന്വേഷിച്ചു. മൂസാ (عليه الصلاة والسلام) പേരും ഗോത്രവും പറഞ്ഞറിയിച്ചശേഷം ഇങ്ങിനെ ചോദിച്ചു: ‘നിങ്ങളുടെ അറിവില്‍നിന്നു എനിക്കും പഠിപ്പിച്ചു തരുവാനായി ഞാന്‍ നിങ്ങളുടെ ഒന്നിച്ചു വരട്ടെയോ?’ അദ്ദേഹം മറുപടി പറഞ്ഞു: ‘നിങ്ങള്‍ക്കു തൗറാത്തു ലഭിച്ചിട്ടുണ്ട്, വഹ്-യും വരാറുണ്ട്, ഏതായാലും എനിക്കു ചില അറിവുകളുണ്ടായിരിക്കും, അതു താങ്കള്‍ക്കു ഉണ്ടായിരിക്കുകയില്ല. നേരെമറിച്ചും ഉണ്ടാകാം. എന്നാല്‍, താങ്കള്‍ എന്റെ ഒന്നിച്ചു കൂടുന്നപക്ഷം, ഏതു കാര്യത്തെക്കുറിച്ചും ഞാന്‍ വിവരിച്ചു തരുന്നതുവരെ, എന്നോടു താങ്കള്‍ ചോദ്യം ചെയ്യരുത്.’ മൂസാ (عليه الصلاة والسلام) ഈ നിബന്ധന സമ്മതിച്ചു. ബാക്കി ഭാഗം ആയത്തുകളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്:-
- وَإِذْ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبْرَحُ حَتَّىٰٓ أَبْلُغَ مَجْمَعَ ٱلْبَحْرَيْنِ أَوْ أَمْضِىَ حُقُبًا ﴾٦٠﴿
- മൂസാ തന്റെ വാലിയക്കാരനോടു; 'രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിച്ചേരുകയോ, അല്ലെങ്കില്‍ ദീര്‍ഘകാലം നടക്കുകയോ ചെയ്യുന്നതുവരെ ഞാന്‍ (ഈ) യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും.' എന്നു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക).
- وَإِذْ قَالَ പറഞ്ഞപ്പോള്‍ مُوسَىٰ മൂസാ (നബി) لِفَتَاهُ തന്റെ വാലിയക്കാരനോട്, ഭൃത്യനോട് لَا أَبْرَحُ ഞാന്‍ വിരമിക്കയില്ല, തുടര്‍ന്നുകൊണ്ടിരിക്കും حَتَّىٰ أَبْلُغَ ഞാന്‍ എത്തുവോളം مَجْمَعَ الْبَحْرَيْنِ രണ്ടു സമുദ്രങ്ങള്‍ കൂടിച്ചേരുന്നിടത്തു أَوْ أَمْضِيَ അല്ലെങ്കില്‍ ഞാന്‍ നടക്കും حُقُبًا ദീര്‍ഘകാലം
- فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ سَرَبًا ﴾٦١﴿
- അങ്ങിനെ, അതുരണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു എത്തിയപ്പോള്‍, അവര്‍ തങ്ങളുടെ മത്സ്യത്തെ (അതിന്റെ കാര്യം) മറന്നുപോയി. എന്നിട്ടു അതു സമുദ്രത്തില്‍ (ചാടി;) അതുപോയവഴി ഒരു തുരങ്കം (പോലെ) ആക്കിതീര്‍ത്തു.
- فَلَمَّا بَلَغَا അങ്ങനെ രണ്ടാളും എത്തിയപ്പോള്‍ مَجْمَعَ بَيْنِهِمَا അതു രണ്ടും തമ്മില്‍ കൂടിച്ചേരുന്ന സ്ഥലത്തു نَسِيَا അവര്‍ (രണ്ടാളും) മറന്നു حُوتَهُمَا അവരുടെ മത്സ്യം فَاتَّخَذَ എന്നിട്ടു അതു ആക്കി, ഉണ്ടാക്കി سَبِيلَهُ അതിന്റെ വഴി, അതു പോയ മാര്‍ഗ്ഗംفِي الْبَحْرِ സമുദ്രത്തില്‍ سَرَبًا ഒരു തുരങ്കം, മാളം (പോലെ)
രണ്ടു സമുദ്രങ്ങള്‍ ഏതാണെന്നും, അവ കൂടിച്ചേരുന്ന സ്ഥലം ഏതാണെന്നുമുള്ളതിനെപ്പറ്റി ഒരു ഉറച്ച തീരുമാനം എടുക്കത്തക്കവണ്ണം ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി ഒന്നും പറയുന്നില്ല. പലരും പല അഭിപ്രായങ്ങള്‍ പ്രസ്താവിച്ചു കാണുന്നുണ്ട്. ടാഞ്ചീറി (طنجة) ല്‍ ആണെന്നും, (*) ആഫ്രിക്കയില്‍ ആണെന്നും മറ്റും അഭിപ്രായങ്ങള്‍ കാണാം. ചെങ്കടലിന്റെ രണ്ടു ശാഖകളായ അഖബ ഉള്‍ക്കടലും, സൂയസ് ഉള്‍ക്കടലും കൂടിച്ചേരുന്ന സ്ഥലമായ ഐലഃ (الايلة) യിലാണെന്ന അഭിപ്രായമാണ് കൂടുതല്‍ ന്യായമായിക്കാണുന്നത്. ഈ രണ്ടു ഉള്‍ക്കടലുകള്‍ക്കിടയിലാണ് ഇസ്രാഈല്യരുടെ വളരെക്കാലത്തെ വാസസ്ഥലമായിരുന്ന സീനാ താഴ്വര. സീനാ താഴ്വരയും ഔറേബു വനാന്തരങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നതും ആ പരിസരങ്ങളിലാണെന്നു ഭൂപടം നോക്കിയാല്‍ മനസ്സിലാകുന്നതാണ്. (**). മൂസാ (عليه الصلاة والسلام) നബിക്കു തൗറാത്തു ലഭിച്ചതും അക്കാലത്താണല്ലോ.
(*). പടം 7-ല്‍ നോക്കുക.
(**). പടം 4 നോക്കുക.
- فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدْ لَقِينَا مِن سَفَرِنَا هَـٰذَا نَصَبًا ﴾٦٢﴿
- അങ്ങനെ, രണ്ടുപേരും കടന്നുപോയാറെ, അദ്ദേഹം [മൂസാ] തന്റെ വാലിയക്കാരനോടു പറഞ്ഞു: 'നമ്മുടെ പ്രാതല്‍ [ഭക്ഷണം] കൊണ്ടുവാ; നമ്മുടെ ഈ യാത്ര നിമിത്തം നാം [വളരെ] ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു!'
- فَلَمَّا جَاوَزَا രണ്ടാളും വിട്ടുപോയാറെ, (പോയപ്പോള്‍) قَالَ അദ്ദേഹം പറഞ്ഞു لِفَتَاهُ തന്റെ വാലിയക്കാരനോട് آتِنَا നമുക്ക് കൊണ്ടുവാ غَدَاءَنَا നമ്മുടെ പ്രാതല്‍, ഭക്ഷണം لَقَدْ لَقِينَا തീര്‍ച്ചയായും നാം അഭിമുഖീകരിച്ചിരിക്കുന്നു (അനുഭവിച്ചു) കണ്ടു مِن سَفَرِنَا നമ്മുടെ യാത്ര നിമിത്തം هَـٰذَا ഈ (യാത്ര) نَصَبًا ക്ഷീണം, ബുദ്ധിമുട്ട്
- قَالَ أَرَءَيْتَ إِذْ أَوَيْنَآ إِلَى ٱلصَّخْرَةِ فَإِنِّى نَسِيتُ ٱلْحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيْطَـٰنُ أَنْ أَذْكُرَهُۥ ۚ وَٱتَّخَذَ سَبِيلَهُۥ فِى ٱلْبَحْرِ عَجَبًا ﴾٦٣﴿
- അവന്‍ പറഞ്ഞു: 'കണ്ടുവോ! നാം, [ആ] പാറക്കല്ലിങ്കലേക്കു ചെന്നു കൂടിയപ്പോള്‍!- അപ്പോള്‍, നിശ്ചയമായും, ഞാന്‍ മത്സ്യത്തെപ്പറ്റി മറന്നുപോയി. അത് ഉണര്‍ത്തുവാന്‍ എന്നെ മറപ്പിച്ചതു പിശാചല്ലാതെ (മറ്റൊന്നും) അല്ല. അത് [മത്സ്യം] സമുദ്രത്തില്‍ അതിന്റെ മാര്‍ഗ്ഗത്തെ ഒരു ആശ്ചര്യമാക്കുകയും ചെയ്തിരിക്കുന്നു.'
- قَالَ അദ്ദേഹം പറഞ്ഞു أَرَأَيْتَ കണ്ടുവോ إِذْ أَوَيْنَا നാം ചെന്നെത്തിയപ്പോള്‍ إِلَى الصَّخْرَةِ (ആ) പാറക്കല്ലിങ്കലേക്ക് فَإِنِّي അപ്പോള്‍ ഞാന്‍ نَسِيتُ ഞാന്‍ മറന്നു الْحُوتَ മത്സ്യത്തെ, മത്സ്യത്തെപ്പറ്റി وَمَا أَنسَانِيهُ അതു എന്നെ മറപ്പിച്ചിട്ടില്ല إِلَّا الشَّيْطَانُ പിശാചല്ലാതെ أَنْ أَذْكُرَهُ ഞാന്‍ അതു പറയുവാന്‍, ഉണര്‍ത്തുവാന്‍ وَاتَّخَذَ അതു ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു سَبِيلَهُ അതിന്റെ (അതുപോയ) മാര്‍ഗ്ഗം فِي الْبَحْرِ സമുദ്രത്തില്‍ عَجَبًا ഒരു ആശ്ചര്യം, ആശ്ചര്യകരം
- قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَٱرْتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصًا ﴾٦٤﴿
- അദ്ദേഹം പറഞ്ഞു: 'അതുതന്നെയാണ് നാം തേടിക്കൊണ്ടിരിക്കുന്നത്.'
ഉടനെ, രണ്ടാളും തങ്ങളുടെ കാല്‍പാടുകളെ നോക്കിക്കൊണ്ടു മടങ്ങി. - قَالَ അദ്ദേഹം പറഞ്ഞു ذَٰلِكَ അതു, അതാണ് مَا كُنَّا നാം ആയിരുന്നതു نَبْغِ നാം തേടിക്കൊണ്ടു فَارْتَدَّا അങ്ങനെ രണ്ടാളും മടങ്ങി عَلَىٰ آثَارِهِمَا അവരുടെ കാല്‍പാടുകളെ قَصَصًا അന്വേഷിച്ചു (നോക്കി) ക്കൊണ്ട്.
മുമ്പു പറഞ്ഞതുപോലെ, മത്സ്യത്തെ കാണാതാകുന്ന സ്ഥലത്താണല്ലോ അവര്‍ തേടിപ്പോകുന്ന ആള്‍ ഉണ്ടായിരിക്കുക. അവര്‍ പാറക്കല്ലിന്നടുത്തു തിരിച്ചുവന്നപ്പോള്‍, മത്സ്യം സമുദ്രത്തില്‍ ചാടിപ്പോയ മാര്‍ഗ്ഗം ഒരു തുരങ്കം പോലെ അവശേഷിച്ചതുകണ്ട് ആശ്ചര്യപ്പെട്ടു. അവിടെ വെച്ചു ഉദ്ദേശം സാധിക്കുകയും ചെയ്തു.
- فَوَجَدَا عَبْدًا مِّنْ عِبَادِنَآ ءَاتَيْنَـٰهُ رَحْمَةً مِّنْ عِندِنَا وَعَلَّمْنَـٰهُ مِن لَّدُنَّا عِلْمًا ﴾٦٥﴿
- അപ്പോള്‍, നമ്മുടെ അടിയാന്‍മാരില്‍ ഒരു അടിയാനെ അവര്‍ കണ്ടെത്തി;
നമ്മുടെ പക്കല്‍നിന്നുള്ള ഒരു (മഹത്തായ) കാരുണ്യം നാം അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു; നമ്മുടെ അടുക്കല്‍ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹത്തിനു പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. (അങ്ങിനെയുള്ള ഒരു അടിയാനെ). - فَوَجَدَا അപ്പോള്‍ അവര്‍ കണ്ടെത്തി عَبْدًا ഒരു അടിയാനെ مِّنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍പെട്ട آتَيْنَاهُ നാം അദ്ദേഹത്തിനുകൊടുത്തിരിക്കുന്നു رَحْمَةً ഒരു കാരുണ്യം, അനുഗ്രഹം مِّنْ عِندِنَا നമ്മുടെ പക്കല്‍ നിന്നു وَعَلَّمْنَاهُ അദ്ദേഹത്തിനു നാം പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു مِن لَّدُنَّا നമ്മുടെ അടുക്കല്‍നിന്നു (തന്നെ) നമ്മുടെ വക عِلْمًا ഒരു അറിവ്, ജ്ഞാനം
- قَالَ لَهُۥ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُشْدًا ﴾٦٦﴿
- മൂസാ അദ്ദേഹത്തോടു പറഞ്ഞു: 'സന്മാര്‍ഗ്ഗ ജ്ഞാനമായി താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടിട്ടുള്ളതില്‍ നിന്നും താങ്കള്‍ എനിക്കു പഠിപ്പിച്ചുതരുമെന്നതിന്റെ മേല്‍ [പ്രസ്തുത നിശ്ചയത്തോടെ] ഞാന്‍ താങ്കളെ അനുഗമിക്കട്ടെയോ?'
- قَالَ لَهُ അദ്ദേഹത്തോടു പറഞ്ഞു مُوسَىٰ മൂസാ هَلْ أَتَّبِعُكَ ഞാന്‍ താങ്കളെ പിന്തുടരട്ടെയോ, അനുഗമിക്കട്ടെയോ عَلَىٰ أَن تُعَلِّمَنِ താങ്കള്‍ എനിക്കു പഠിപ്പിച്ചു തരുമെന്നതിന്റെ പേരില്‍ (പ്രസ്തുത നിശ്ചയത്തിന്‍മേല്‍) مِمَّا عُلِّمْتَ താങ്കള്‍ക്കു പഠിപ്പിക്കപ്പെട്ടതില്‍ നിന്നു رُشْدًا നേര്‍മ്മാര്‍ഗ്ഗജ്ഞാനമായി, നേര്‍മ്മാര്‍ഗ്ഗമായി, സന്മാര്‍ഗ്ഗമായി
‘നമ്മുടെ അടിയാന്‍’ എന്നു പറഞ്ഞതു ഖിള്വ്-ര്‍ (عليه الصلاة والسلام) നബിയെ ഉദ്ദേശിച്ചാണെന്നു മുകളില്‍ പ്രസ്താവിച്ച ഹദീസില്‍ നിന്നു വ്യക്തമാണ്. ഖിള്വ്-ര്‍ (عليه الصلاة والسلام) ഒരു നബി (പ്രവാചകന്‍) ആയിരുന്നുവെന്ന് ഖണ്ഡിതമായി പ്രസ്താവിക്കത്തക്കവണ്ണമുള്ള ലക്ഷ്യമൊന്നും നമുക്കു കിട്ടിയിട്ടില്ല. എങ്കിലും, അദ്ദേഹത്തെ സംബന്ധിച്ചു ഖുര്‍ആന്‍ പ്രസ്താവിക്കുന്നതില്‍ നിന്നു അദ്ദേഹം ഒരു നബിയായിരിക്കണമെന്നുതന്നെയാണ് മനസ്സിലാകുന്നത്. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെ അഭിപ്രായവും അതാകുന്നു. عَبْدًا مِّنْ عِبَادِنَا (നമ്മുടെ അടിയാന്‍മാരില്‍പെട്ട ഒരു അടിയാന്‍) എന്നും, وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا (നമ്മുടെ അടുക്കല്‍നിന്നു നാം അദ്ദേഹത്തിനു ഒരു പ്രത്യേകജ്ഞാനം പഠിപ്പിച്ചിരിക്കുന്നു) എന്നും അല്ലാഹു അദ്ദേഹത്തെപ്പറ്റി പറയുന്നു. ‘ഇതൊന്നും ഞാന്‍ എന്റെ അഭിപ്രായത്തിനു ചെയ്തതല്ല’ എന്നു അദ്ദേഹം മൂസാ (وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا) നബിയോടു പറഞ്ഞതായി 82-ാം വചനത്തിലും കാണാം. ഇതില്‍നിന്നെല്ലാം അദ്ദേഹം ഒരു പ്രവാചകനാണെന്നത്രെ വ്യക്തമാകുന്നത്.
- قَالَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴾٦٧﴿
- അദ്ദേഹം [ഖിള്വ്-ര്‍] പറഞ്ഞു: 'നിശ്ചയമായും, താങ്കള്‍ക്കു എന്റെകൂടെ സഹിക്കുവാന്‍ സാദ്ധ്യമാകുകയില്ലതന്നെ.
- قَالَ അദ്ദേഹം പറഞ്ഞു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു കഴിയുന്നതല്ല തന്നെ مَعِيَ എന്റെ ഒന്നിച്ചു, എന്റെ കൂടെ صَبْرًا സഹിക്കുവാന്‍, ക്ഷമിക്കുവാന്‍
- وَكَيْفَ تَصْبِرُ عَلَىٰ مَا لَمْ تُحِطْ بِهِۦ خُبْرًا ﴾٦٨﴿
- താങ്കള്‍ക്കു സൂക്ഷ്മജ്ഞാനം മുഴുമിപ്പിച്ചു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെപ്പറ്റി താങ്കള്‍ എങ്ങിനെ സഹിക്കും?!'
- وَكَيْفَ എങ്ങിനെയാണ് تَصْبِرُ താങ്കള്‍ സഹിക്കുക عَلَىٰ مَا ഒരു കാര്യത്തെപ്പറ്റി لَمْ تُحِطْ താങ്കള്‍ക്കു മുഴുവിച്ചു കിട്ടിയിട്ടില്ല (വേണ്ടതുപോലെ കിട്ടിയിട്ടില്ല) بِهِ അതിനെപ്പറ്റി خُبْرًا സൂക്ഷ്മജ്ഞാനം
- قَالَ سَتَجِدُنِىٓ إِن شَآءَ ٱللَّهُ صَابِرًا وَلَآ أَعْصِى لَكَ أَمْرًا ﴾٦٩﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: 'അല്ലാഹു ഉദ്ദേശിച്ചാല്‍, സഹിക്കുന്നവനായി എന്നെ താങ്കള്‍ക്കു കാണാവുന്നതാണ്; ഞാന്‍ താങ്കളുടെ ഒരു കല്‍പ്നക്കും എതിരുപ്രവര്‍ത്തിക്കുന്നതുമല്ല.'
- قَالَ അദ്ദേഹം പറഞ്ഞു سَتَجِدُنِي എന്നെ താങ്കള്‍ക്കു കാണാറാകും, താങ്കള്‍ കണ്ടെത്തിക്കും إِن شَاءَ ഉദ്ദേശിച്ചാല്‍ اللَّـهُ അല്ലാഹു صَابِرًا സഹിക്കുന്നവനായി, ക്ഷമിക്കുന്നവനായി وَلَا أَعْصِي ഞാന്‍ എതിരു നടക്കുകയുമില്ല لَكَ താങ്കള്‍ക്ക് أَمْرًا ഒരു കല്‍പനക്കും, ഒരു കാര്യത്തിനും
- قَالَ فَإِنِ ٱتَّبَعْتَنِى فَلَا تَسْـَٔلْنِى عَن شَىْءٍ حَتَّىٰٓ أُحْدِثَ لَكَ مِنْهُ ذِكْرًا ﴾٧٠﴿
- അദ്ദേഹം പറഞ്ഞു: 'എന്നാല്‍, താങ്കള്‍ എന്നെ അനുഗമിക്കുന്നപക്ഷം, ഏതൊരു കാര്യത്തെക്കുറിച്ചും, താങ്കള്‍ക്കു ഞാന്‍ അതിനെപ്പറ്റി പ്രസ്താവന നല്‍കുന്നതുവരെ എന്നോടു ചോദ്യം ചെയ്യരുത്!'
- قَالَ അദ്ദേഹം പറഞ്ഞു فَإِنِ اتَّبَعْتَنِي എന്നാല്‍ താങ്കള്‍ എന്നെ പിന്‍തുടര്‍ന്നാല്‍ فَلَا تَسْأَلْنِي എന്നോടു ചോദ്യം ചെയ്യരുത്, ചോദിക്കരുത് عَن شَيْءٍ ഒരു കാര്യത്തെക്കുറിച്ചും حَتَّىٰ أُحْدِثَ ഞാന്‍ പറഞ്ഞുതരുന്നതുവരെ, ഉണ്ടാക്കിത്തരുന്നതുവരെ لَكَ താങ്കള്‍ക്ക് مِنْهُ അതിനെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന (നിരൂപണം)
താങ്കള്‍ക്ക് രഹസ്യം മനസ്സിലാക്കുവാന്‍ കഴിയാത്ത പലരും നമ്മുടെ സഹവാസമദ്ധ്യേ താങ്കള്‍ കണ്ടേക്കും; പിന്നീടു അതിന്റെ രഹസ്യം ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരികയും ചെയ്യും. അതിനിടയ്ക്ക് അക്ഷമനായി ചോദ്യം ചെയ്യരുത് എന്ന് സാരം. മൂസാ (عليه الصلاة والسلام) അതു സമ്മതിക്കുകയും ചെയ്തു.
വിഭാഗം - 10
- فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِى ٱلسَّفِينَةِ خَرَقَهَا ۖ قَالَ أَخَرَقْتَهَا لِتُغْرِقَ أَهْلَهَا لَقَدْ جِئْتَ شَيْـًٔا إِمْرًا ﴾٧١﴿
- അനന്തരം, രണ്ടുപേരും പോയി. അങ്ങനെ, അവര്‍ കപ്പലില്‍ കയറിപ്പോകുമ്പോള്‍ അദ്ദേഹം [ഖിള്വ്-ര്‍] അതിനു പിളര്‍പ്പുണ്ടാക്കി. അദ്ദേഹം [മൂസാ] പറഞ്ഞു: 'ഇതിലെ ആള്‍ക്കാരെ മുക്കിക്കളയുവാനായി താങ്കള്‍ അതിനെ പിളര്‍ക്കുകയോ? തീര്‍ച്ചയായും, ഗൗരവമുള്ള ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തത്!
- فَانطَلَقَا അനന്തരം (എന്നിട്ടു) രണ്ടാളും പോയി حَتَّىٰ إِذَا رَكِبَا അങ്ങനെ രണ്ടാളും കയറിയപ്പോള്‍ (കയറിപ്പോകുമ്പോള്‍) فِي السَّفِينَةِ കപ്പലില്‍ خَرَقَهَا അദ്ദേഹം അതിനു പിളര്‍പ്പുണ്ടാക്കി قَالَ അദ്ദേഹം പറഞ്ഞു أَخَرَقْتَهَا അതിനെ താങ്കള്‍ പിളര്‍ക്കുകയോ لِتُغْرِقَ താങ്കള്‍ മുക്കിക്കളയുവാന്‍ أَهْلَهَا അതിലെ ആള്‍ക്കാരെ لَقَدْ جِئْتَ തീര്‍ച്ചയായും താങ്കള്‍ വരുത്തി (ചെയ്തു) شَيْئًا ഒരു കാര്യം إِمْرًا വമ്പിച്ചതായ, ഗൗരവമുള്ള
- قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴾٧٢﴿
- അദ്ദേഹം പറഞ്ഞു: 'ഞാന്‍ പറഞ്ഞില്ലേ; നിശ്ചയമായും താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധിക്കുകയില്ലെന്ന്?!'
- قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُلْ ഞാന്‍ പറഞ്ഞില്ലേ إِنَّكَ നിശ്ചയമായും താന്‍, താങ്കള്‍ لَن تَسْتَطِيعَ തനിക്കു സാധിക്കുകയില്ല തന്നെ مَعِيَ എന്റെ കൂടെ صَبْرًا സഹിക്കുന്നതിനു
- قَالَ لَا تُؤَاخِذْنِى بِمَا نَسِيتُ وَلَا تُرْهِقْنِى مِنْ أَمْرِى عُسْرًا ﴾٧٣﴿
- അദ്ദേഹം പറഞ്ഞു: 'ഞാന്‍ മറന്നു (ചോദിച്ചു) പോയതിനെപ്പറ്റി താങ്കള്‍ എന്നോടു നടപടി എടുക്കരുതു; എന്റെ കാര്യത്തില്‍ പ്രയാസപ്പെട്ട ഒന്നിനു എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത്!'
- قَالَ അദ്ദേഹം പറഞ്ഞു لَا تُؤَاخِذْنِي എന്നെ പിടികൂടരുത്, എന്നോടു നടപടി എടുക്കരുതു بِمَا نَسِيتُ ഞാന്‍ മറന്നതുകൊണ്ട് وَلَا تُرْهِقْنِي എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുതു مِنْ أَمْرِي എന്റെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു عُسْرًا ഒരു പ്രയാസത്തിന്, ഞെരുക്കമായ ഒരു കാര്യത്തിനു്
എന്റെ മറവികൊണ്ടുണ്ടായ ഇത്തരം സംഗതികള്‍, താങ്കളൊന്നിച്ചു സഹവസിച്ചു പലതും പഠിക്കുന്നതിനു തടസ്സമാക്കി എന്നെ വിഷമിപ്പിക്കരുതേ! ഇനി, മേലില്‍ ഞാന്‍ അങ്ങിനെ ചെയ്കയില്ല എന്നു സാരം.
അവര്‍ കപ്പലിലായിരുന്നപ്പോള്‍, ഒരു കുരുവി വന്ന്‍ കപ്പലിന്റെ ഒരുഭാഗത്തു ഇരിക്കുകയും, അതിന്റെ കൊക്കുകൊണ്ടു സമുദ്രത്തില്‍ അതു ഒന്നു കൊത്തുകയും ഉണ്ടായി എന്നും, അപ്പോള്‍ ഖിള്വ്-ര്‍ (عليه الصلاة والسلام) ഇപ്രകാരം പറഞ്ഞുവെന്നും മേല്‍സൂചിപ്പിച്ച ഹദീസില്‍ കാണാം: ‘താങ്കളുടെ അറിവും, എന്റെ അറിവും, സൃഷ്ടികളെല്ലാവരുടെ അറിവും കൂടിയാലും, അല്ലാഹുവിന്റെ അറിവിനെ അപേക്ഷിച്ചു ഈ കുരുവിയുടെ കൊക്കു സമുദ്രജലത്തില്‍ വരുത്തിയ കുറവുപോലെയല്ലാതെ – അതില്‍ കവിഞ്ഞു ഒരു കുറവും- വരുത്തുകയില്ല.’ താമസിയാതെ അദ്ദേഹം ഒരു മഴു എടുത്തു കപ്പലിന്റെ പലകക്കു പിളര്‍പ്പുണ്ടാക്കിയത്രെ.
- فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَـٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا ﴾٧٤﴿
- എന്നിട്ടു, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവര്‍ കണ്ടുമുട്ടുകയും, ഉടനെ, അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍, അദ്ദേഹം [മൂസാ] പറഞ്ഞു:
'നിര്‍ദ്ദോഷിയായ ഒരാളെ - മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ - താങ്കള്‍ കൊന്നുകളഞ്ഞുവോ?! തീര്‍ച്ചയായും, ആക്ഷേപാര്‍ഹമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്!' - فَانطَلَقَا എന്നിട്ടു രണ്ടാളും പോയി حَتَّىٰ إِذَا لَقِيَا അങ്ങനെ രണ്ടാളും കണ്ടുമുട്ടിയപ്പോള്‍ غُلَامًا ഒരു ബാലനെ, ആണ്‍കുട്ടിയെ فَقَتَلَهُ എന്നിട്ടു അവനെ അദ്ദേഹം കൊല ചെയ്തു قَالَ അദ്ദേഹം പറഞ്ഞു أَقَتَلْتَ താന്‍ കൊല ചെയ്തുവോ نَفْسًا ഒരു ആത്മാവിനെ (ഒരാളെ) زَكِيَّةً പരിശുദ്ധമായ (നിര്‍ദ്ദോഷിയായ) بِغَيْرِ نَفْسٍ മറ്റൊരാള്‍ക്കു പകരമല്ലാതെ (പ്രതികാരമായിട്ടല്ലാതെ) لَّقَدْ جِئْتَ തീര്‍ച്ചയായും താങ്കള്‍ വരുത്തി, ചെയ്തു شَيْئًا ഒരു കാര്യം نُّكْرًا ആക്ഷേപാര്‍ഹമായ, വെറുക്കത്തക്ക