സൂറത്തുല്‍ കഹ്ഫ് : 75-101
ജുസ്ഉ് - 16
- قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴾٧٥﴿
- അദ്ദേഹം പറഞ്ഞു: 'താങ്കളോടു, ഞാന്‍ പറഞ്ഞിട്ടില്ലേ: താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധ്യമാകുകയില്ലെന്ന്?!'
- قَالَ അദ്ദേഹം പറഞ്ഞു أَلَمْ أَقُل ഞാന്‍ പറഞ്ഞിട്ടില്ലേ لَّكَ തന്നോടു, താങ്കളോടു إِنَّكَ നിശ്ചയമായും താങ്കള്‍ لَن تَسْتَطِيعَ താങ്കള്‍ക്കു സാധിക്കുകയില്ല എന്നു مَعِيَ എന്റെ കൂടെصَبْرًا ക്ഷമിക്കുവാന്‍
- قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَـٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا ﴾٧٦﴿
- അദ്ദേഹം [മൂസാ] പറഞ്ഞു: 'ഇതിനുശേഷം വല്ലതിനെക്കുറിച്ചും ഞാന്‍ താങ്കളോടു ചോദിക്കുന്ന പക്ഷം, പിന്നെ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല; എന്റെ പക്കല്‍ നിന്നു തന്നെ, താങ്കള്‍ക്കു ഒഴികഴിവു കിട്ടിക്കഴിഞ്ഞിരിക്കുന്നു.'
- قَالَ അദ്ദേഹം പറഞ്ഞു إِن سَأَلْتُكَ ഞാന്‍ താങ്കളോടു ചോദിച്ചാല്‍ عَن شَيْءٍ വല്ല വസ്തുവെക്കുറിച്ചും بَعْدَهَا ഇതിനുശേഷം فَلَا تُصَاحِبْنِي എന്നാല്‍ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല, സഹവസിക്കേണ്ട قَدْ തീര്‍ച്ചയായും بَلَغْتَ താങ്കള്‍ക്കു കിട്ടിയിരിക്കുന്നു (താങ്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു) مِن لَّدُنِّي എന്റെ പക്കല്‍നിന്നു, എന്റെ അടുക്കല്‍നിന്നുعُذْرًا ഒഴികഴിവു (ഒഴികഴിവിങ്കല്‍)
ഹദീസില്‍ വന്നിട്ടുള്ളതുപോലെ, മൂസാ (عليه الصلاة والسلام) നബി ചോദ്യം ചെയ്യാതെ കുറേക്കൂടി ക്ഷമിച്ചിരുന്നുവെങ്കില്‍ നമുക്കു ഇനിയും പല ജ്ഞാനരഹസ്യങ്ങളും കാണുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഗുരുഭക്തിയും, സങ്കോചവും ഇങ്ങിനെ പറയുവാന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിതനാക്കി.
- فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا ﴾٧٧﴿
- പിന്നേയും, അവര്‍ രണ്ടാളും പോയി. അങ്ങനെ, അവര്‍ ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍, ആ നാട്ടുകാരോട് ഭക്ഷണം നല്‍കുവാന്‍ അവര്‍ ആവശ്യപ്പെട്ടു; എന്നാലവര്‍, അവരെ സല്‍ക്കരിക്കുന്നതിനു വിസമ്മതിക്കയാണ് ചെയ്തത്; അപ്പോള്‍, അവിടെ പൊളിഞ്ഞു വീഴുവാന്‍ പോകുന്ന ഒരു മതില്‍ അവര്‍ കണ്ടെത്തി. ഉടനെ, അദ്ദേഹം [ഖിള്വ്-ര്‍] അത് നേരെയാക്കി നിറുത്തി. അദ്ദേഹം [മൂസാ] പറഞ്ഞു: 'താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍, അതിനു വല്ല പ്രതിഫലവും നിശ്ചയി(ച്ചു മേടി)ക്കാമായിരുന്നു!'
- فَانطَلَقَا എന്നിട്ടു (പിന്നെയും) രണ്ടാളും പോയി حَتَّىٰ إِذَا أَتَيَا അങ്ങനെ അവര്‍ ചെന്നപ്പോള്‍ أَهْلَ قَرْيَةٍ ഒരു രാജ്യക്കാരുടെ അടുക്കല്‍ اسْتَطْعَمَا അവര്‍ ഭക്ഷണത്തിന്നാവശ്യപ്പെട്ടു أَهْلَهَا അതിലെ ആളുകളോടു, ആ നാട്ടുകാരോടു فَأَبَوْا എന്നാലവര്‍ വിസമ്മതിച്ചു أَن يُضَيِّفُوهُمَا അവരെ സല്‍ക്കരിക്കുന്നതിനു فَوَجَدَا അപ്പോള്‍ അവര്‍ കണ്ടു فِيهَا അതില്‍ جِدَارًا ഒരു മതില്‍ يُرِيدُ അതു ഉദ്ദേശിക്കുന്നു (ശ്രമിക്കുന്നു, പോകുന്നു) أَن يَنقَضَّ അതു പൊളിഞ്ഞു വീഴുവാന്‍ فَأَقَامَهُ അപ്പോള്‍ അദ്ദേഹം അതുനേരെയാക്കി നിറുത്തി قَالَ അദ്ദേഹം പറഞ്ഞു لَوْ شِئْتَ താങ്കള്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ لَاتَّخَذْتَ താങ്കള്‍ക്ക് നിശ്ചയിക്കാമായിരുന്നു, ഏര്‍പ്പെടുത്താമായിരുന്നു عَلَيْهِ അതിനു, അതിന്റെ പേരില്‍ أَجْرًا ഒരു പ്രതിഫലം, കൂലി
- قَالَ هَـٰذَا فِرَاقُ بَيْنِى وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرًا ﴾٧٨﴿
- അദ്ദേഹം പറഞ്ഞു: 'ഇതു, ഞാനും താങ്കളും തമ്മിലുള്ള വേര്‍പാടാണ്; താങ്കള്‍ക്ക് ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യത്തിന്റെ ഉള്‍സാരം ഞാന്‍ താങ്കള്‍ക്ക് അറിയിച്ചുതരാം:'
- قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു فِرَاقُ വേര്‍പാടാണ്, പിരിയലാണ് بَيْنِي എന്റെ ഇടക്കും وَبَيْنِكَ താങ്കളുടെ ഇടക്കും (ഞാനും താങ്കളും തമ്മില്‍) سَأُنَبِّئُكَ ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരാം, മനസ്സിലാക്കിതരാം بِتَأْوِيلِ ഉള്‍സാരത്തെ, ആന്തരാര്‍ത്ഥത്തെ, വ്യാഖ്യാനത്തെ مَا യാതൊരു കാര്യത്തിന്റെ لَمْ تَسْتَطِع താങ്കള്‍ക്കു സാധിച്ചില്ല عَّلَيْه അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍.
കേവലം വിദേശികളായ രണ്ടാളുകളെ – അവര്‍ ഭക്ഷണം നല്‍കണമെന്നു ആവശ്യപ്പെട്ടിട്ടുകൂടി – ആദരിക്കാതിരുന്ന ആ നാട്ടുകാരുടെ മതിലിന്റെ കേടു തീര്‍ത്തുകൊടുക്കുന്നതിനു ഒരു പ്രതിഫലം നിശ്ചയിക്കുന്നതു അന്യായമല്ലാത്ത സ്ഥിതിക്ക്, നമ്മുടെ തല്‍ക്കാലാവശ്യങ്ങള്‍ക്കായി അങ്ങിനെ ചെയ്യാമായിരുന്നുവെന്നാണ് മൂസാ (عليه الصلاة والسلام) പറയുന്നത്. എന്നാല്‍, നിശ്ചയപ്രകാരം അദ്ദേഹത്തിനു ഒഴികഴിവു പറയുവാനുള്ള അവസാനത്തെ അവസരവും ഇതുമൂലം അദ്ദേഹത്തിനു നഷ്ടപ്പെട്ടുപോയി. ഖിള്വ്-ര്‍ (عليه الصلاة والسلام) തന്റെ പ്രവൃത്തികളുടെ രഹസ്യങ്ങളും, അതില്‍ അടങ്ങിയിട്ടുള്ള ആന്തരതത്വങ്ങളും ഇങ്ങിനെ വിവരിച്ചുകൊടുക്കുന്നു:-
- أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَـٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴾٧٩﴿
- 'എന്നാല്‍, (ആ) കപ്പല്‍; അത് കടലില്‍ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടേതായിരുന്നു; അതിനാല്‍, ഞാന്‍ അതിനു കേടുവരുത്തണമെന്നു ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകില്‍ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവുണ്ടായിരുന്നു.
- أَمَّا السَّفِينَةُ എന്നാല്‍ കപ്പല്‍ فَكَانَتْ അതായിരുന്നു لِمَسَاكِينَ ചില സാധുക്കള്‍ക്കുള്ളതു, പാവങ്ങള്‍ക്കുള്ളതു يَعْمَلُونَ ജോലി ചെയ്യുന്ന, പ്രവൃത്തി എടുക്കുന്ന فِي الْبَحْرِ സമുദ്രത്തില്‍, കടലില്‍ فَأَرَدتُّ അപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചു أَنْ أَعِيبَهَا അതിനു കേടുവരുത്തുവാന്‍ وَكَانَ ഉണ്ടായിരുന്നു وَرَاءَهُم അവരുടെ പിറകില്‍ مَّلِكٌ ഒരു രാജാവ് يَأْخُذُ അവന്‍ എടുക്കും, കൈവശപ്പെടുത്തും كُلَّ سَفِينَةٍ എല്ലാ കപ്പലും غَصْبًا പിടിച്ചെടുത്തു, കയ്യേറിയതായി
- وَأَمَّا ٱلْغُلَـٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَـٰنًا وَكُفْرًا ﴾٨٠﴿
- (ആ) ബാലനാകട്ടെ: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു; അതിക്രമത്തിനും, അവിശ്വാസത്തിനും (മതനിഷേധത്തിനും) അവന്‍ അവരെ ബുദ്ധിമുട്ടിക്കുമെന്നു നാം ഭയപ്പെട്ടു.
- وَأَمَّا الْغُلَامُ എന്നാല്‍ ബാലനാകട്ടെ فَكَانَ ആയിരുന്നു أَبَوَاهُ അവന്റെ മാതാപിതാക്കള്‍ مُؤْمِنَيْنِ രണ്ടു സത്യവിശ്വാസികള്‍ فَخَشِينَا അപ്പോള്‍ നാം ഭയപ്പെട്ടു أَن يُرْهِقَهُمَا അവരെ അവന്‍ ബുദ്ധിമുട്ടിക്കുമെന്ന് طُغْيَانًا അതിക്രമത്തിനു, അതിരുവിടുന്നതിനു وَكُفْرًا അവിശ്വാസത്തിനും
- فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا ﴾٨١﴿
- അതിനാല്‍, അവനുപകരം അവനെക്കാള്‍ പരിശുദ്ധതയില്‍ ഉത്തമനും, കരുണയില്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരുവനെ (ഒരു സന്തതിയെ) അവരുടെ റബ്ബ് അവര്‍ക്കു നല്‍കണമെന്നു നാം ഉദ്ദേശിച്ചു.
- فَأَرَدْنَا അപ്പോള്‍ നാം ഉദ്ദേശിച്ചു أَن يُبْدِلَهُمَا അവര്‍ക്കു രണ്ടാള്‍ക്കും പകരം നല്‍കണമെന്ന് رَبُّهُمَا അവരുടെ രക്ഷിതാവ് خَيْرًا ഉത്തമമായവനെ مِّنْهُ അവനെക്കാള്‍ زَكَاةً പരിശുദ്ധതയില്‍ وَأَقْرَبَ കൂടുതല്‍ അടുപ്പമുള്ളവനും رُحْمًا കരുണയില്‍, ദയയില്‍
- وَأَمَّا ٱلْجِدَارُ فَكَانَ لِغُلَـٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَـٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴾٨٢﴿
- (ആ) മതിലാണെങ്കിലോ: അത് (ആ) പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്‍മാരുടേതായിരുന്നു; അതിന്റെ ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിക്ഷേപവുമുണ്ട്; അവരുടെ പിതാവ് ഒരു നല്ല മനുഷ്യനുമായിരുന്നു. അതിനാല്‍, രണ്ടുപേരും അവരുടെ പൂര്‍ണ്ണവളര്‍ച്ച (യൗവ്വനം) പ്രാപിക്കുകയും, തങ്ങളുടെ നിക്ഷേപം അവര്‍ പുറത്തെടുക്കുകയും വേണമെന്നു നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചു. നിന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടത്രെ (അതു). ഞാന്‍ ഇതു (ഒന്നും) എന്റെ അഭിപ്രായപ്രകാരം ചെയ്തിട്ടുള്ളതല്ല. താങ്കള്‍ക്കു ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരം ഇതാണ്.'
- وَأَمَّا الْجِدَارُ എന്നാല്‍ മതിലാകട്ടെ فَكَانَ അതായിരുന്നു لِغُلَامَيْنِ രണ്ടു ബാലന്‍മാര്‍ക്കുള്ളതു يَتِيمَيْنِ അനാഥകളായ فِي الْمَدِينَةِ പട്ടണത്തിലുള്ള وَكَانَ تَحْتَهُ അതിന്റെ ചുവട്ടിലുണ്ടായിരുന്നു كَنزٌ ഒരു നിക്ഷേപം, നിധി لَّهُمَا അവര്‍ക്കു (രണ്ടുപേര്‍ക്കു) وَكَانَ ആയിരുന്നു أَبُوهُمَا അവരുടെ പിതാവ് صَالِحًا ഒരു നല്ലവന്‍, ഒരു സല്‍ക്കര്‍മ്മി فَأَرَادَ അപ്പോള്‍ ഉദ്ദേശിച്ചു رَبُّكَ നിന്റെ രക്ഷിതാവ് أَن يَبْلُغَا അവര്‍ (രണ്ടാളും) എത്തുവാന്‍, പ്രാപിക്കുവാന്‍ أَشُدَّهُمَا അവരുടെ പൂര്‍ണ്ണവളര്‍ച്ച, ശക്തമായ ഘട്ടം (യൗവ്വനം) وَيَسْتَخْرِجَا അവര്‍ പുറത്തെടുക്കുവാനും, പുറപ്പെടുവിക്കുവാനും كَنزَهُمَا അവരുടെ നിക്ഷേപം رَحْمَةً അനുഗ്രഹമായിട്ട്, അനുഗ്രഹമത്രെ, കരുണയായി مِّن رَّبِّكَ നിന്റെ റബ്ബിന്റെ പക്കല്‍നിന്നുള്ള وَمَا فَعَلْتُهُ ഞാന്‍ അതു ചെയ്തിട്ടില്ല عَنْ أَمْرِي എന്റെ അഭിപ്രായപ്രകാരം, (എന്റെ സ്വന്തം കാര്യമെന്ന നിലക്ക്) ذَٰلِكَ അതു, ഇതു تَأْوِيلُ ഉള്‍സാരമാണ്, ആന്തരാര്‍ത്ഥമാണ്, വ്യാഖ്യാനമാണ് مَا യാതൊരു കാര്യത്തിന്റെ لَمْ تَسْطِع താങ്കള്‍ക്കു സാധ്യമായിട്ടില്ല عَّلَيْهِ അതില്‍, അതിനെപ്പറ്റി صَبْرًا ക്ഷമിക്കുവാന്‍, സഹിക്കുവാന്‍
ഈ ലോകത്തു നടമാടുന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍, അവയ്ക്കു രണ്ടുവശങ്ങള്‍ ഉള്ളതായി കാണാം: ബാഹ്യവശവും, ആന്തരവശവും അഥവാ പ്രത്യക്ഷവും, യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യവശങ്ങളെപ്പറ്റി സസൂക്ഷ്മമായി മനസ്സിലാക്കുവാനോ, വിശദവിശകലനം നടത്തുവനോ നമുക്കു സാധ്യമാകുകയില്ല. പക്ഷേ, പൊതുവില്‍ അതു സമ്മതിക്കാതിരിക്കുവാന്‍ നിര്‍വ്വാഹവുമില്ല. ഒരു വിഷയത്തെക്കുറിച്ചു സംശയരഹിതമായ ഒരു വിധി നാം കല്‍പിക്കുന്നു; ആ അടിസ്ഥാനത്തില്‍ അനേക കാര്യങ്ങളെ നാം കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അതിനുശേഷം ആ അടിസ്ഥാനം തന്നെ പരമാബദ്ധമായിരുന്നുവെന്നു പിന്നീടു പലപ്പോഴും നാം സമ്മതിക്കേണ്ടിവരുന്നു. അങ്ങിനെ, അതിന്‍മേല്‍ കെട്ടിപ്പടുത്തിരുന്ന കാര്യങ്ങളെല്ലാം അബദ്ധമോ, വിരുദ്ധഫലം നല്‍കുന്നതോ ആണെന്നു നമുക്കു സ്വയം ബോധ്യപ്പെടുന്നു. നമ്മുടെ നിത്യാനുഭവങ്ങളില്‍ തന്നെ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ കാണും. ശാസ്ത്രത്തിനോ യുക്തിക്കോ ഇതില്‍നിന്നു ഒഴിവായിരിക്കുവാന്‍ സാധ്യമല്ല.
എന്നാല്‍, ബാഹ്യാവസ്ഥയുടെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യനു ഈ ലോകത്തു കഴിഞ്ഞുകൂടുക സാധ്യമാണോ? ഇല്ലതാനും. കാരണം: മനുഷ്യനു ബാഹ്യവശങ്ങളെ സംബന്ധിച്ചു മാത്രമേ അറിയുകയുള്ളു. കാര്യകാരണങ്ങളുടെ പട്ടികയും, അവ തമ്മിലുള്ള പരസ്പരബന്ധവും ആ അറിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അവനു കണക്കിലെടുക്കുവാന്‍ സാധിക്കുകയുള്ളു. ആകയാല്‍, മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിനു ബാഹ്യലോകം عالم الظاهر എന്നു പറയാം. യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരവസ്ഥയും ഇവിടെത്തന്നെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതനുസരിച്ചാണ് അല്ലാഹുവിന്റെ ഭരണവ്യവസ്ഥ ഇവിടെയും, എവിടെയും നടക്കുന്നത്. അതുകൊണ്ടത്രേ, മനുഷ്യന്റെ അനുമാനങ്ങളും യഥാര്‍ത്ഥ്യങ്ങളും തമ്മില്‍ പലപ്പോഴും ഏറ്റുമുട്ടുവാന്‍ ഇടവരുന്നതും.
ബാഹ്യാവസ്ഥയനുസരിച്ചു ജനങ്ങളില്‍ വിധി കല്‍പിക്കുകയാണ് പ്രവാചകന്‍മാര്‍ ചെയ്യുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറഞ്ഞതായി ഹദീസില്‍ വന്നിരിക്കുന്നു: نَحْنُ نَحْكُمُ بِالظَّاهِر والله يَتَولى السرائر (ഞങ്ങള്‍ ബാഹ്യങ്ങളനുസരിച്ചു വിധിക്കുന്നു, രഹസ്യങ്ങളെ അല്ലാഹു ഏറ്റെടുക്കുന്നു) മൂസാ (عليه الصلاة والسلام) നബിയും, ഖിള്വ്-ര്‍ (عليه الصلاة والسلام) നബിയും തമ്മില്‍ നടന്ന സംഭവം, ബാഹ്യവും യഥാര്‍ത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു ഉദാഹരണമായിരുന്നു. ഖിള്വ്-ര്‍ നബിക്ക് രഹസ്യലോകത്തെ (عالط الباطن)ചില വിവരങ്ങള്‍ അല്ലാഹു അറിയിച്ചുകൊടുത്തിരുന്നു. ബാഹ്യജ്ഞാനമല്ലാത്ത ഒരുതരം അറിവും ഉണ്ട്; മനുഷ്യന്‍ എത്രതന്നെ അറിയുന്നവനായാലും അവനു അറിയുവാന്‍ കഴിയാത്ത ജ്ഞാനലോകം ഒന്നുവേറെയുണ്ട്; ഈ ബോധം അവനുണ്ടായിരിക്കേണ്ടതാണ്; എന്ന വസ്‌തുത ചില അനുഭവങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുവനായി, അല്ലാഹു മൂസാ (عليه الصلاة والسلام) നബിയെ ഖിള്വ്-ര്‍ (عليه الصلاة والسلام) നബിയുടെ ശിഷ്യത്വം സമ്പാദിക്കുവാന്‍ അയച്ചതായിട്ടാണ് നമുക്ക് ഇവിടെ കാണുവാന്‍ കഴിയുന്നത്. അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് – അവന്‍ അറിയിച്ചുകൊടുത്താല്‍ – മാത്രം അറിയാവുന്ന ഒരു രംഗമാണ് ആന്തരികജ്ഞാനം. അതും, അവന്‍ ഉദ്ദേശിച്ച അളവില്‍ മാത്രം. അതുകൊണ്ടാണ് മൂസാ (عليه الصلاة والسلام) നബിയെക്കുറിച്ചു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി പറഞ്ഞത്: ‘അദ്ദേഹം കുറേക്കൂടി ക്ഷമിച്ചിരുന്നുവെങ്കില്‍,നമുക്കു ഇനിയും പല രഹസ്യങ്ങളും അറിയാമായിരുന്നു’ എന്ന്.
മൂസാ (عليه الصلاة والسلام) നബിക്കു അസഹനീയമായിരുന്ന മൂന്ന് സംഭവങ്ങളാണല്ലോ ഖിള്വ്-ര്‍ (عليه الصلاة والسلام) നബിയില്‍ നിന്നും സംഭവിച്ചത്. അവയ്ക്കെലാം നിദാനമായി നാം കാണുന്നത് ഒരേ തത്വമാണ്: രണ്ടു ആപത്തുകള്‍ തമ്മില്‍ വൈരുദ്ധ്യം കാണുമ്പോള്‍ – അഥവാ രണ്ടിലൊന്നു സംഭവിക്കാതിരിക്കുകയില്ലെന്നു വരുമ്പോള്‍ – വലിയതിനെ തടയുവാനായി ചെറിയതു സഹിക്കുക എന്നുള്ളതാണത്. ഈ തത്വം പൊതുവില്‍ ലോകം അംഗീകരിച്ചുവരുന്നതാണ്. ചില രോഗികളുടെ അവയവം മുറിച്ചുകളഞ്ഞു ചികിത്സിക്കുന്നതും, നാട്ടില്‍ അരാജകത്വം നടമാടുമ്പോള്‍ ചില വ്യക്തികളെ കൊന്നുകളയുന്നതുമെല്ലാം ഈ അടിസ്ഥാനത്തിലത്രെ. ഇവിടെ, അതാ ആ കപ്പലിനു ഒരു കേടുവരുത്താത്ത പക്ഷം ആ കപ്പല്‍തന്നെ, ആ പാവപ്പെട്ടവര്‍ക്ക് നഷ്ടപ്പെടുവാന്‍ പോവുകയായിരുന്നു. ആ ബാലനെ കൊലപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കില്‍ അവനും, അവന്റെ മാതാപിതാക്കളും ധിക്കാരികളായി നരകവാസികളായിപ്പോകുമായിരുന്നു. ആ മതില്‍ ശരിപ്പെടുത്തുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ലായിരുന്നുവെങ്കില്‍, ആ അനാഥകളുടെ ധനം അന്യാധീനപ്പെട്ടുപോകുവാന്‍ ഇടവരുമായിരുന്നു.
ആദ്യവും അവസാനവും പറഞ്ഞ രണ്ടു സംഭവവും കേള്‍ക്കുന്നമാത്രയില്‍ തന്നെ, ന്യായീകരിക്കുവാന്‍ പ്രയാസം തോന്നുകയില്ല. എന്നാല്‍, രണ്ടാമത്തേതു – കുട്ടിയെ കൊലപ്പെടുത്തിയതു – സംബന്ധിച്ചു ഒരു പക്ഷേ ചിലര്‍ക്കു വേഗത്തില്‍ തൃപ്തി അടയുവാന്‍ കഴിഞ്ഞില്ലെന്നു വരും. അതുകൊണ്ടാണ്, ഖുര്‍ആന്റെ പ്രസ്താവനകള്‍ക്കു ദുര്‍വ്യാഖ്യാനം നല്‍കുവാന്‍ പോലും ചിലര്‍ ഇവിടെ മുതിര്‍ന്നുകാണുന്നതും. ഒരു കാര്യം നാം പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്: അല്ലാഹു ഖിള്വ്-ര്‍ (عليه الصلاة والسلام) നബിക്കു അവന്റെ വക ഒരു പ്രത്യേകജ്ഞാനം പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് 65-ാം വചനത്തില്‍ നാം കണ്ടു. മേല്‍പറഞ്ഞ സംഭവങ്ങളൊന്നും അദ്ദേഹം തന്റെ സ്വന്തം അഭിപ്രായമനുസരിച്ചു ചെയ്തതല്ലെന്നു അദ്ദേഹം പറഞ്ഞതായി 82-ാം വചനത്തിലും നാം കാണുന്നു. അല്ലാഹു അദ്ദേഹത്തിനു നല്‍കിയ പ്രത്യേക അറിവിന്റെ അടിസ്ഥാനത്തിലാണ് താന്‍ അതെല്ലാം പ്രവര്‍ത്തിച്ചതെന്നാണല്ലോ ഇതില്‍നിന്നു സ്പഷ്ടമാകുന്നത്. എന്നിരിക്കെ, എനി ഇവിടെ യാതൊരു സംശയത്തിനും അവകാശമില്ല. ഇമാം ബുഖാരീ (رحمة الله عليه) യും മുസ്‌ലിമും (رحمة الله عليه) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നിന്നു വിഷയം കുറേക്കൂടി വ്യക്തമാകുന്നു; റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി അരുളിച്ചെയ്തതായി ഉബയ്യുബ്നുകഅ്ബു (رَضِيَ اللهُ تَعَالَى عَنْهُ) പറയുന്നു:
إِنَّ الْغُلاَمَ الَّذِي قَتَلَهُ الْخَضِرُ طُبِعَ كَافِرًا وَلَوْ عَاشَ لأَرْهَقَ أَبَوَيْهِ طُغْيَانًا وَكُفْرًا ” – متفق عليه “
(നിശ്ചയമായും, ഖിള്വ്-ര്‍ (عليه الصلاة والسلام) കൊലപ്പെടുത്തിയ കുട്ടി അവിശ്വാസപ്രകൃതിയോടു കൂടിയവനായിരുന്നു. അവന്‍ ജീവിച്ചിരുന്നുവെങ്കില്‍ അവന്റെ മാതാപിതാക്കളെ അവിശ്വാസത്തിനും അതിക്രമത്തിനും അവന്‍ ബുദ്ധിമുട്ടിക്കുമായിരുന്നു – അഥവാ നിര്‍ബ്ബന്ധിക്കുമായിരുന്നു.)
ഈ കഥയില്‍ നിന്നു നാം പഠിക്കേണ്ടുന്ന ചില സംഗതികളുണ്ട്:
(1) യാതൊരു സംശയത്തിനും, മാറ്റത്തിനും വിധേയമാവാത്ത – തികച്ചും ദൃഢപൂര്‍ണ്ണമായ – അറിവു അല്ലാഹുവില്‍ നിന്നു ലഭിക്കുന്നതുമാത്രമാണ്. ഒരു വിഷയത്തില്‍ അങ്ങിനെയുള്ള അറിവു അല്ലാഹുവില്‍ നിന്നു ഒരാള്‍ക്കു കിട്ടിക്കഴിഞ്ഞാല്‍, ബാഹ്യലോകനീതിക്കു അതു പ്രത്യക്ഷത്തില്‍ എതിരായിരുന്നാലും, ആ വിഷയത്തില്‍ ആ അറിവനുസരിച്ചു അയാള്‍ ഇടപെടേണ്ടതാകുന്നു. അനുമാനം, പരിചയം, ഗവേഷണം ആദിയായവക്കു ഇവിടെ സ്ഥാനമില്ല. യാഥാര്‍ത്ഥ്യത്തിനു മാത്രമേ പരിഗണനയുള്ളു.
(2) മനുഷ്യന്‍ തന്റെ അറിവുകൊണ്ടു സംതൃപ്തനാകരുത്. തനിക്കു നല്ലതെന്നു കാണുവാന്‍ കഴിയാത്തതൊക്കെ ദോഷമായിട്ടുള്ളതാണെന്നുവെച്ചു – ശരിയായ അന്വേഷണം നടത്താതെ – ആക്ഷേപിക്കുവാന്‍ ശ്രമിക്കരുത്. താനറിയാത്ത വല്ല രഹസ്യവും അതിലുണ്ടായിരിക്കുമെന്നു അവന്‍ കരുതണം.
(3) സത്യനിഷേധവും, അവിശ്വാസവും സ്വീകരിച്ച അക്രമികളെ പെട്ടന്നു ശിക്ഷിക്കാതെ അയച്ചുവിടുക, അവര്‍ക്കു പലപ്പോഴും സജ്ജനങ്ങളെക്കാള്‍ സുഖ സൗകര്യങ്ങള്‍ നൽകുക, നേരെമറിച്ച് സത്യവാന്മാരും ശുദ്ധന്മാരുമായവർക്കു വിഷമങ്ങളും, കഷ്ടനഷ്ടങ്ങളും അനുഭവപ്പെടുക, ഇത്യാദി വിഷയങ്ങളില്‍ നമുക്കു മനസ്സിലാക്കുവാന്‍ കഴിയാത്ത വമ്പിച്ച രഹസ്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
(4) നമ്മുടെ യുക്തിക്കും ന്യായത്തിനും നിരക്കാത്തതായി ഈ ലോകത്തു പല സംഗതികളും നടമാടുന്നതു ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതാകുന്നു.
ഖിള്വ്-ര്‍ (عليه الصلاة والسلام) പറഞ്ഞതിന്റെ ചുരുക്കം നമുക്കു ഇങ്ങിനെ നിരൂപിക്കാം: ‘ഞാന്‍ ഈ ചെയ്തതെല്ലാം സാധാരണ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളില്‍പെട്ടതല്ല. അവ അല്ലാഹുവിന്റെ പ്രത്യേക കല്‍പന അനുസരിച്ച് നടന്നവയാകുന്നു. താങ്കള്‍ക്കു അറിയാത്ത പലതും ഈ ലോകത്തു നടന്നുകൊണ്ടിരിക്കുന്നുണ്ട്. രണ്ടുമൂന്നു ഉദാഹരണങ്ങള്‍ മാത്രമാണ് താങ്കള്‍ കണ്ടത്.’ [ഈ കഥയെസംബന്ധിച്ചു പല വിവരവും സൂറത്തിന്റെ അവസാനത്തില്‍ കൊടുത്ത വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതാണ്.]
വിഭാഗം - 11
- وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا ﴾٨٣﴿
- (നബിയേ) 'ദുല്‍ഖര്‍നൈനി'യെ സംബന്ധിച്ചു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അദ്ദേഹത്തെക്കുറിച്ചു ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു തരാം.
- وَيَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَن ذِي الْقَرْنَيْنِ ദുല്‍ഖര്‍നൈനിയെക്കുറിച്ചു قُلْ പറയുക سَأَتْلُو ഞാന്‍ ഓതിക്കേള്‍പ്പിക്കാം عَلَيْكُم നിങ്ങള്‍ക്കു مِّنْهُ അദ്ദേഹത്തെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന.
മുമ്പൊരിക്കല്‍ നാം സൂചിപ്പിച്ചതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു അവിശ്വാസികള്‍ പലതും ചോദിക്കാറുണ്ടായിരുന്നു. അവയില്‍ ഒന്നാണ് ‘ദുല്‍ഖര്‍നൈനി’യെ സംബന്ധിച്ച ചോദ്യവും, ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോള്‍ ചോദ്യകര്‍ത്താക്കള്‍ക്കു ഗുണപാഠങ്ങളും, ഉപദേശങ്ങളും ലഭിക്കുന്ന ഭാഗങ്ങള്‍ക്കു പ്രസക്തി നല്‍കുകയും, അല്ലാത്ത ഭാഗങ്ങളെപ്പറ്റി മൗനമവലംബിക്കുകയും ചെയ്യുന്നതു ഖുര്‍ആനിലും, ഹദീസിലും സാധാരണ കാണപ്പെടാറുള്ള ഒരു പതിവത്രെ. അതനുസരിച്ചുതന്നെയാണ് ഇവിടെയും മറുപടി നല്‍കുന്നത്. ‘ദുല്‍ഖര്‍നൈനി’ എന്ന പേരിലറിയപ്പെടുന്ന ആ മഹാന്‍ ആരായിരുന്നു? അദ്ദേഹത്തിന്‍റെ കാലവും രാജ്യവും ഏതായിരുന്നു? ആദിയായവയെപ്പറ്റി ഖുര്‍ആനിലും ഹദീസിലും പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്കു ചരിത്രകാലത്തിനു മുമ്പായിരുന്ന അദ്ദേഹത്തെക്കുറിച്ചു അധിക വിവരമൊന്നും നമുക്കു പ്രതീക്ഷിക്കുവാനില്ല. ഖുര്‍ആന്റെ മൗനത്തില്‍ ഒരു രഹസ്യം കൂടി അടങ്ങിയിട്ടുള്ളതായി കാണാം: ചരിത്രം അന്വേഷിച്ചറിയുവാനുള്ള ജിജ്ഞാസ അതു നമ്മില്‍ വര്‍ദ്ധിപ്പിക്കുന്നു.
‘ഖര്‍ന്’ (قرن) എന്ന പദത്തിന്റെ ദ്വിവചനമാണ് ‘ഖര്‍നൈനി’ (قَرْنَيْنِ) ഈ വാക്കിന് ‘കൊമ്പ്, തലമുറ, നൂറ്റാണ്ട്’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ‘ദുല്‍ഖര്‍നൈനി’ എന്നു പറയുമ്പോള്‍, രണ്ടു കൊമ്പുള്ളവന്‍, രണ്ടു തലമുറ – അല്ലെങ്കില്‍ രണ്ടു നൂറ്റാണ്ടു – കാലം ജീവിച്ചവന്‍’ എന്നിങ്ങിനെ അര്‍ത്ഥമാകുന്നു. രണ്ടു കൊമ്പുകള്‍കൊണ്ടു വിവക്ഷ, രണ്ടു രാജ്യങ്ങളാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്. ഏതായാലും ഇതു അദ്ദേഹത്തിന്റെ സാക്ഷാല്‍ പേരല്ല എന്നാണ് കരുതേണ്ടത്. അല്ലാഹുവിനറിയാം.
ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും, ചരിത്രകാരന്‍മാരിലും ഒരു വിഭാഗക്കാര്‍ അഭിപ്രായപ്പെടുന്നതു ഇദ്ദേഹം, റോമാക്കാരനായ ഫിലിപ്പു മകന്‍ അലക്സാണ്ടര്‍ (اسكننندرا بن فليبس) രാജാവാകുന്നുവെന്നാണ്. ഇദ്ദേഹം മഖ്ദൂനിയാ (മാസിഡോണിയാ)യിലെ രാജാവായിരുന്നു. (*). ക്രിസ്തുവിനു 330 കൊല്ലം മുമ്പാണ് അദ്ദേഹത്തിന്റെ കാലം. പേര്‍ഷ്യായിലെ രാജാവായിരുന്ന ഡേരിയൂസി (داريوس)നെ – അഥവാ ദര്യാവേശിനെ – അദ്ദേഹം തോല്‍പ്പിച്ച് രാജ്യം കൈക്കലാക്കി. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അദ്ദേഹം ആക്രമണം നടത്തിയിരുന്നു. പിന്നീടു അദ്ദേഹം ഈജിപ്തി(مصر)ല്‍ ചെന്നു ഭരണം ഉറപ്പിച്ചു. അവിടെ, അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന അലക്സാണ്‍ട്രിയ (الكسندرية)പട്ടണം സ്ഥാപിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ അന്നു അറിയപ്പെട്ടിരുന്ന ഭൂവിഭാഗം മിക്കവാറും ജയിച്ചു അധീനപ്പെടുത്തിയ ഒരു രാജാവായിരുന്നു, അലക്സാണ്ടര്‍.
(*) പടം 2 നോക്കുക.
പുരാതന അറബിഗോത്രമായ ഹിംയര്‍ (**) (حمير) വര്‍ഗ്ഗത്തില്‍പ്പെട്ട ഇഫ്‌രീഖശ് മകന്‍ അബൂകര്‍ബു (ابو كرب بن افريقش) എന്ന രാജാവാണ്, ദുല്‍ഖര്‍നൈനി എന്ന അഭിപ്രായക്കാരും ഉണ്ട്. ഇദ്ദേഹം മദ്ധ്യധരണ്യാഴി പ്രദേശങ്ങളില്‍ പട എടുക്കുകയും, തുനീസ്യാ, മൊറോക്കോ (تونس, مراكش) മുതലായ രാജ്യങ്ങളില്‍ സഞ്ചരിക്കുകയും, അഫ്രീഖിയ (افريقية) പട്ടണം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ആഫ്രിക്കാവന്‍കര മുഴുവനും ഈ പേരില്‍ അറിയപ്പെടുകയുമുണ്ടായി. ഹിംയര്‍ രാജാക്കളുടെ വാഴ്ചക്കാലം ക്രിസ്തുവിനുമുമ്പ് 115 മുതല്‍ ക്രിസ്താബ്ദം 562 വരെ നീണ്ടുനിന്നു. തുബ്ബഉ് (تبع) എന്ന പേരിലാണ് ഈ രാജവംശം അറിയപ്പെടുന്നത്.
(**). പടം 11 നോക്കുക.
മിദിയാ (മേദ്യാ)യും, (***) പേര്‍ഷ്യയും കൂട്ടിച്ചേര്‍ത്തു ഭരിച്ച ഒരു പേര്‍ഷ്യന്‍ രാജാവാണ് ദുല്‍ഖര്‍നൈനി എന്നു് ചിലര്‍ അഭിപ്രായപ്പെടുന്നു. ബൈബ്ലില്‍ ദാനിയേല്‍ പുസ്തകം 8-ാം അദ്ധ്യായത്തില്‍, ഇതു സംബന്ധിച്ചു ദാനിയേലിന്നു (دانيل عليه الصلاة والسلام) ഉണ്ടായ ഒരു ദര്‍ശനവും, അതിന്റെ വ്യാഖ്യാനവും കാണാം. അതില്‍ ഇങ്ങിനെ പറയുന്നു: ഞാന്‍ ഊലായീ (****) നദീതീരത്തു നില്‍ക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു. ഞാന്‍ തല പൊക്കിയപ്പോള്‍ രണ്ടു കൊമ്പുള്ള ഒരു ആടു കൊറ്റന്‍ നദീതീരത്തു നില്‍ക്കുന്നതുകണ്ടു. ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു. ഒന്ന് മറ്റേതിനേക്കാള്‍ നീണ്ടത്; അധികം നീണ്ടതു ഒടുക്കം മുളച്ചുവന്നതായിരുന്നു. ആ ആടു പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു. ഒരു മൃഗത്തിനും അതിന്റെ മുമ്പില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല….’ (ദാനിയേല്‍ – 8: 1-4) പ്രസ്തുത ദര്‍ശനത്തിന്റെ വ്യാഖ്യാനത്തില്‍ അതേ പുസ്തകം പറയുന്നു: ‘രണ്ടു കൊമ്പുള്ളതായി നീ കണ്ട ആടുകൊറ്റന്‍ പാര്‍സ്യാരാജാക്കന്‍മാരെ കുറിക്കുന്നു…’ (8:21). ഈ ദര്‍ശനത്തില്‍ ഉദ്ദേശിക്കപ്പെടുന്നതു സൈറസ്സ് (قورس) രാജാവാണെന്നു കരുതപ്പെടുന്നു. ആധുനിക ചരിത്രകാരന്മാരില്‍ ചിലര്‍ ഈ അഭിപ്രായത്തിനു പ്രാധാന്യം നല്‍കുന്നു. ഇതു സൈറസാവാന്‍ തരമില്ലെന്നും, ഡേരിയസ്സ് (ദര്യാവേശ്) (*****) ഒന്നാമാനായിരിക്കണമെന്നും വേറെ ചിലര്‍ക്കും അഭിപ്രായമുണ്ട്.
(***) പേര്‍ഷ്യായുടെ വടക്കുപടിഞ്ഞാറു കാസ്പിയന്‍ തടാകത്തിനടുത്ത രാജ്യങ്ങള്‍ മേദ്യാ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. പടം 1&6 നോക്കുക.
(****). പടം 6 നോക്കുക.
(*****). ദാരിയൂസു എന്ന പേരില്‍ മൂന്നു പേര്‍ഷ്യന്‍ രാജാക്കള്‍ ഉണ്ടായിട്ടുണ്ട്. ഒന്നാമന്‍ ക്രി.മു. 521-485 ഉം, രണ്ടാമന്‍ ക്രി.മു. 424 – 406ഉം, മൂന്നാമന്‍ ക്രി. മു. 336 – 330ഉം കൊല്ലങ്ങളിലായിരുന്നു ഉണ്ടായിരുന്നത്. [‘വേദപുസ്തക നിഘണ്ടു’ & ‘മുന്‍ജിദ്’]
ഖുര്‍ആനില്‍ പറഞ്ഞ ദുല്‍ഖര്‍നൈനി ഒരു സത്യവിശ്വാസിയും, നീതിമാനും, സല്‍ക്കര്‍മ്മിയും ആയിരുന്നുവെന്നും വ്യക്തമാണ്. ഈ നിലക്കു അതു അലക്സാണ്ടറാണെന്നു വിചാരിക്കുവാന്‍ ന്യായമില്ല. താഴെ വരുന്ന ആയത്തുകളില്‍ ‘ഹേ, ദുല്‍ഖര്‍നൈന്‍!’ എന്നു അല്ലാഹു അദ്ദേഹത്തെ വിളിച്ചു പറയുന്നതു കാണുമ്പോള്‍, അദ്ദേഹം ഒരു പ്രവാചകനും കൂടിയായിരിക്കുമോ, എന്നു സംശയിക്കേണ്ടിയിരിക്കുന്നു. വളരെ ബലപ്പെട്ട അഭിപ്രായമല്ലെങ്കിലും, മുന്‍ഗാമികളില്‍ ചിലര്‍ അങ്ങിനെ പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം, ദുല്‍ഖര്‍നൈനി ഒരു പ്രവാചകനായിരുന്നില്ലെന്നാകുന്നു. മേല്‍പറഞ്ഞ സംബോധന നടന്നത്, അക്കാലത്തുള്ള പ്രവാചകന്‍ മുഖാന്തരമോ, മനസ്സില്‍ തോന്നിപ്പിച്ചോ മറ്റോ ആയിരിക്കാമെന്നും അവര്‍ പറയുന്നു. മിദിയായും, പേര്‍ഷ്യായും കൂടി ഭരിച്ച സൈറസ്സാണെങ്കില്‍ ഒരു സല്‍പുരുഷനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലം ക്രിസ്തുവിനു 559 കൊല്ലം മുമ്പാണ്. താഴെ വരുന്ന വിവരണങ്ങളില്‍ നിന്നു ഇദ്ദേഹം ദുല്‍ഖര്‍നൈനി ആയിര്‍ക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ളതായി കാണുന്നു. ഈ അഭിപ്രായവും വിമര്‍ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഏതായാലും, ദുല്‍ഖര്‍നൈനി അക്കാലത്തു അറിയപ്പെട്ടിരുന്ന ഭൂമിയുടെ മിക്കവാറും ഭാഗങ്ങളില്‍ സ്വാധീനവും, പ്രതാപവും ഉണ്ടായിരുന്ന ഒരു മഹാരാജാവും, ഒരു സല്‍പുരുഷനും ആയിരുന്നുവെന്നു മനസ്സിലാക്കാവുന്നതാണ്. والله أعلم
- إِنَّا مَكَّنَّا لَهُۥ فِى ٱلْأَرْضِ وَءَاتَيْنَـٰهُ مِن كُلِّ شَىْءٍ سَبَبًا ﴾٨٤﴿
- നിശ്ചയമായും, നാം ഭൂമിയില്‍ അദ്ദേഹത്തിനു സ്വാധീനം നല്‍കുകയും, (വേണ്ടപ്പെട്ട) എല്ലാ കാര്യത്തിനും മാര്‍ഗ്ഗം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു.
- إِنَّا നിശ്ചയമായും നാം مَكَّنَّا സ്വാധീനം നല്‍കി, സൗകര്യമുണ്ടാക്കിക്കൊടുത്തു لَهُ അദ്ദേഹത്തിനു فِي الْأَرْضِ ഭൂമിയില്‍ وَآتَيْنَاهُ അദ്ദേഹത്തിനു നാം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു مِن كُلِّ شَيْءٍ എല്ലാ (ആവശ്യമായ) കാര്യത്തിനും سَبَبًا മാര്‍ഗ്ഗം (വേണ്ടുന്ന സൗകര്യം)
- فَأَتْبَعَ سَبَبًا ﴾٨٥﴿
- അതനുസരിച്ച് അദ്ദേഹം ഒരു മാര്‍ഗ്ഗം തുടര്‍ന്നു. (പടിഞ്ഞാറുഭാഗത്തേക്കു തിരിച്ചു.)
- فَأَتْبَعَ അങ്ങനെ അദ്ദേഹം പിന്തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം
- حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَـٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًا ﴾٨٦﴿
- അങ്ങനെ, അദ്ദേഹം സൂര്യാസ്തമന സ്ഥലത്തു എത്തിയപ്പോള്‍, അതു കരിഞ്ചളി മയമായ ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു; അതിന്റെ (ജലാശയത്തിന്റെ) അടുക്കല്‍ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: 'ഹേ, ദുല്‍ഖര്‍നൈന്‍! ഒന്നുകില്‍ നീ (ഇവരെ) ശിക്ഷിക്കുക, അല്ലെങ്കില്‍ ഇവരില്‍ നീ ഒരു നല്ലനില ഉണ്ടാക്കിത്തീര്‍ക്കുക! (രണ്ടിലൊന്നുവേണം).
- حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَغْرِبَ الشَّمْسِ സൂര്യന്‍ അസ്തമിക്കുന്നിടത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു, കണ്ടെത്തി تَغْرُبُ അതു അസ്തമിക്കുന്നതായി فِي عَيْنٍ ഒരു ജലാശയത്തില്‍ حَمِئَةٍ കരിഞ്ചളിയായ وَوَجَدَ അദ്ദേഹം കാണുകയും ചെയ്തു عِندَهَا അതിനടുത്തു قَوْمًا ഒരു ജനതയെ قُلْنَا നാം പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِمَّا ഒന്നുകില്‍أَن تُعَذِّبَ നീ ശിക്ഷിക്കുക وَإِمَّا ഒന്നുകില്‍ (അല്ലെങ്കില്‍) أَن تَتَّخِذَ നീ ഉണ്ടാക്കുക, ഏര്‍പ്പെടുത്തുക فِيهِمْ അവരില്‍ حُسْنًا നല്ലതു, നല്ല നില
- قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًا نُّكْرًا ﴾٨٧﴿
- അദ്ദേഹം പറഞ്ഞു: 'എന്നാല്‍, ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ, അവനെ നാം ശിക്ഷിക്കുക തന്നെ ചെയ്തുകൊള്ളാം; പിന്നെ, അവന്‍ തന്റെ രക്ഷിതാവിന്റെ അടുക്കലേക്കു മടക്കപ്പെടുകയും, അപ്പോള്‍ അവന്‍ അവനെ കഠിനതരമായ ശിക്ഷ ശിക്ഷിക്കുകയും ചെയ്തുകൊള്ളുന്നതാണ്.
- قَالَ അദ്ദേഹം പറഞ്ഞു أَمَّا എന്നാല്‍, അപ്പോള്‍ مَن ظَلَمَ ആര്‍ അക്രമം ചെയ്തുവോ فَسَوْفَ نُعَذِّبُهُ എന്നാല്‍ അവനെ നാം ശിക്ഷിച്ചുകൊള്ളാം ثُمَّ പിന്നെ يُرَدُّ അവന്‍ മടക്കപ്പെടും إِلَىٰ رَبِّهِ തന്റെ രക്ഷിതാവിങ്കലേക്ക് فَيُعَذِّبُهُ അപ്പോള്‍ അവന്‍ അവനെ ശിക്ഷിച്ചുകൊള്ളും عَذَابًا ഒരു ശിക്ഷ نُّكْرًا കഠിനമായ, വഷളമായ
- وَأَمَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًا ﴾٨٨﴿
- 'എന്നാല്‍, ആര്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, അവനു പ്രതിഫലമായി ഏറ്റവും നല്ലതു [സ്വര്‍ഗ്ഗം] ഉണ്ടായിരിക്കും; നമ്മുടെ കല്‍പനയില്‍നിന്നും എളുപ്പമുള്ളതു അവനോടു നാം പറയുക [കല്‍പിക്കുക]യും ചെയ്തേക്കുന്നതാണ്.'
- وَأَمَّا مَنْ എന്നാല്‍ ഒരുവനോ آمَنَ അവന്‍ വിശ്വസിച്ചു وَعَمِلَ അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം فَلَهُ എന്നാലവനുണ്ട് جَزَاءً പ്രതിഫലമായിട്ടു الْحُسْنَىٰ ഏറ്റവും നല്ലതു (സ്വര്‍ഗ്ഗം) وَسَنَقُولُ നാം പറയുകയും ചെയ്യും (കല്‍പിക്കും) لَهُ അവനോടു مِنْ أَمْرِنَا നമ്മുടെ കല്‍പനയില്‍നിന്നു, കാര്യത്തില്‍നിന്നു يُسْرًا എളുപ്പമായതു
പടിഞ്ഞാറോട്ടുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു സമുദ്രതീരത്തുചെന്നു അവസാനിക്കുന്നു. കറുത്തിരുണ്ട ചളിവെള്ളമുള്ളതോ, അല്ലെങ്കില്‍ ആ വര്‍ണ്ണത്തിലുള്ളതോ ആയ ഒരു ജലാശയത്തില്‍ ദിനംപ്രതി സൂര്യന്‍ മറയുന്നതായി അദ്ദേഹം കണ്ടു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ സമുദ്രതീരത്തുനിന്നു നോക്കുന്നപക്ഷം, അതു പതുക്കെപ്പതുക്കെ സമുദ്രത്തിലേക്കു ഇറങ്ങിപ്പോകുന്നതായി തോന്നുന്ന കാഴ്ച നമുക്കു അനുഭവമാണല്ലോ ‘പകലീശന്‍ പടിഞ്ഞാറെ കടലില്‍പോയി കുളിക്കുന്നു’ എന്ന് ഒരു കവി സൂര്യാസ്തമനത്തെ വര്‍ണ്ണിച്ചുപാടിയത് ഇതുകൊണ്ടാണ്.
ഈ കടല്‍ ഏതായിരുന്നുവെന്നു തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. ദുല്‍ഖര്‍നൈനി ആരായിരുന്നു. അദ്ദേഹത്തിന്റെ യാത്ര ഏതുവരെ എത്തിയിരുന്നു, എന്നീ കാര്യങ്ങള്‍ സൂക്ഷ്മമായി അറിഞ്ഞാല്‍ മാത്രമേ ഉറച്ച തീരുമാനമെടുക്കാന്‍ നിവൃത്തിയുള്ളു. ഈജിയന്‍ കടലായിരുന്നുവെന്നും, കരിങ്കടലായിരുന്നുവെന്നും (*) മറ്റും അഭിപ്രായങ്ങളുണ്ട്. ഓരോ അഭിപ്രായക്കാരും തങ്ങളുടെ അഭിപ്രായത്തിനു ഓരോ ന്യായങ്ങളും പറയുന്നു. ഒരുപക്ഷേ, വടക്കേ ആഫ്രിക്കയിലെ തുനീസ്യായും, മൊറോക്കാശും കടന്നുപോയി പടിഞ്ഞാറെ കരയിലെത്തി അത്ലാന്തിക്ക് മഹാസമുദ്ര (**) തീരത്തുവെച്ചായിരിക്കാം അതു സംഭവിച്ചത്. ചിലര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഏതായാലും അതു കേവലം ഒരു ചെറിയ തടാകമായിരിക്കുവാന്‍ അവകാശമില്ല എന്നാണ് മനസ്സിലാകുന്നത്.
(*). പടം 2 നോക്കുക.
(**).പടം 7 നോക്കുക.
പടിഞ്ഞാറന്‍ യാത്രയെപ്പറ്റി പറഞ്ഞപ്പോള്‍ സൂര്യാസ്തമനസ്ഥലത്തെത്തിയെന്നും, കിഴക്കന്‍ യാത്രയെപ്പറ്റി പറയുമ്പോള്‍, സൂര്യോദയസ്ഥാനത്തെത്തിയെന്നും, ഖുര്‍ആന്‍ പറഞ്ഞതില്‍നിന്നു ഒരു കാര്യം നമുക്കു അനുമാനിക്കാവുന്നതാണ്: അന്നു അറിയപ്പെട്ടിരുന്ന ഭൂമിയുടെ പടിഞ്ഞാറെ അറ്റംവരെയും, കിഴക്കേ അറ്റംവരെയും അദ്ദേഹം യാത്ര ചെയ്തിരിക്കണം. അല്ലാത്തപക്ഷം, ഈ പ്രയോഗത്തിനു വിശിഷ്യാ അര്‍ത്ഥമൊന്നും ഉണ്ടായിരിക്കുകയില്ല. നീലവര്‍ണ്ണമായ സമുദ്രജലം അസ്തമയസമയത്തു ചളിമയമായിക്കാണുക മിക്കവാറും എല്ലാ സമുദ്രതീരത്തും ഉണ്ടാകുന്നതാണ്.
ആ യാത്രയില്‍ അദ്ദേഹം കണ്ട ജനങ്ങളെ ആക്രമിച്ചു കീഴടക്കുവാന്‍ ശ്രമിക്കാതെ, അദ്ദേഹം നടപ്പില്‍വരുത്തിയ നയം വളരെ യുക്തമായിട്ടുണ്ട്. ഉപദേശം സ്വീകരിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരോടു നന്നായി പെരുമാറുവാനും, ധിക്കാരികളെ ശിക്ഷിക്കുവാനുമാണ് അദ്ദേഹം തീരുമാനിച്ചത്. ശക്തിയും പ്രതാപവും വേണ്ടതുപോലെയുള്ള ഒരു രാജാവ് ഇത്രയും പരിശുദ്ധമായ ഒരു ഭരണനയം സ്വീകരിക്കുമ്പോള്‍, അദ്ദേഹം വളരെ ഗുണസമ്പന്നനായിരിക്കുമാല്ലോ.
- ثُمَّ أَتْبَعَ سَبَبًا ﴾٨٩﴿
- പിന്നീടു അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം തുടര്‍ന്നു.
- ثُمَّ പിന്നീടു أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം
- حَتَّىٰٓ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴾٩٠﴿
- അങ്ങനെ, അദ്ദേഹം സൂര്യോദയസ്ഥലത്തു എത്തിയപ്പോള്‍, അതു ഒരു (തരം) ജനതയുടെമേല്‍ ഉദയം ചെയ്യുന്നതായി അദ്ദേഹം കണ്ടു: അവര്‍ക്കു അതില്‍ [സൂര്യനില്‍] നിന്നു നാം [അല്ലാഹു] ഒരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. (അങ്ങിനെയുള്ള ജനത).
- حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَطْلِعَ الشَّمْسِ സൂര്യോദയസ്ഥലത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു تَطْلُعُ ഉദയം ചെയ്യുന്നതായി عَلَىٰ قَوْمٍ ഒരു ജനതയില്‍, ജനതയുടെമേല്‍ لَّمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ഏര്‍പ്പെടുത്തിയിട്ടില്ല لَّهُم അവര്‍ക്ക് مِّن دُونِهَا അതില്‍നിന്നു, അതിനുമുമ്പില്‍ سِتْرًا ഒരു മറയും
- كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴾٩١﴿
- അപ്രകാരം തന്നെയാണ് (ഉണ്ടായത്). അദ്ദേഹത്തിന്റെ പക്കല്‍ ഉള്ളതിനെ (എല്ലാം, നമ്മുടെ) സൂക്ഷ്മജ്ഞാനം കൊണ്ടു നാം വലയം ചെയ്തിട്ടുണ്ട് താനും.
- كَذَٰلِكَ അപ്രകാരമാണ് وَقَدْ أَحَطْنَا നാം വലയം ചെയ്തിട്ടുമുണ്ട് بِمَا لَدَيْهِ അദ്ദേഹത്തിന്റെ പക്കലുള്ളതിനെ خُبْرًا സൂക്ഷ്മജ്ഞാനത്താല്‍
കിഴക്കോട്ടുള്ള അദ്ദേഹത്തിന്റെ ഈ യാത്രയും ഏതുവരെയായിരുന്നുവെന്നു പ്രസ്താവിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ നാട്ടില്‍നിന്നു, അന്നറിയപ്പെട്ടിരുന്ന കിഴക്കന്‍ രാജ്യങ്ങളുടെ അറ്റം വരെ എത്തിയിരിക്കും എന്നു ഊഹിക്കാവുന്നതാണ്. വളരെ ലളിതമായ നിലയില്‍ കഴിഞ്ഞുകൂടുന്ന ഒരുതരം അപരിഷ്കൃത ജനങ്ങളെയാണ് അദ്ദേഹം അവിടെ കാണുന്നത്. അത്രയും ലളിതജീവിതം നയിക്കുന്നവരെ അദ്ദേഹം കണ്ടിരിക്കുകയില്ല. വെയിലില്‍നിന്നും (സൂര്യോഷ്ണത്തില്‍ നിന്നും) രക്ഷപ്പെടുവാന്‍ വേണ്ടുന്ന വീടുകളോ, മരത്തണലുകളോ അവിടെ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ വല്ല ഗുഹയിലും താമസിച്ചുവരികയും, ഉഷ്ണമില്ലാത്തപ്പോള്‍ പുറത്തിറങ്ങി ജീവിതമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നവരായിരിക്കാം അവര്‍. അഥവാ ഒരു പ്രാകൃതജീവിതമായിരുന്നു അവരുടേതെന്നു കരുതാവുന്നതാകുന്നു.
അല്ലാഹുവിന്റെ സൃഷ്ടികളുടെ വിവിധ ജീവിതരീതി കണ്ടു മനസ്സിലാക്കുകയും, അതില്‍ ചിന്താഗ്രസ്തനാവുകയും, യുക്തമായ നിലയില്‍ അവരോടു ഇടപെടുകയും ചെയ്‌വാന്‍ ഈ യാത്രകള്‍ അദ്ദേഹത്തിനു സഹായകമായിട്ടുണ്ടായിരിക്കും. ഈ ജനതയുടെ അടുക്കല്‍ ചെന്നു അദ്ദേഹം നിര്‍വ്വഹിച്ച കൃത്യങ്ങള്‍ ഏതാണ്ടു പടിഞ്ഞാറന്‍ ജനതയുടെ അടുക്കല്‍ ചെന്നപ്പോഴുണ്ടായ അതേമാതിരി കൃത്യങ്ങളായിരിക്കുമെന്ന്, كَذَٰلِكَ (അപ്രകാരമാണുണ്ടായത്) എന്ന നാലക്ഷരംകൊണ്ടു അല്ലാഹു നമ്മെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ പക്കലുള്ള അറിവും, കഴിവും അദ്ദേഹത്തിന്റെ മറ്റെല്ലാ സ്ഥിതിഗതികളും അല്ലാഹുവിനു സൂക്ഷ്മമായും, പരിപൂര്‍ണ്ണമായും അറിയാവുന്നതാണ്. അതനുസരിച്ച് അദ്ദേഹത്തിന്റെ കഴിവില്‍പെട്ട നന്മകള്‍ അദ്ദേഹം ആ നാട്ടുകാരില്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടെന്നും ഒടുവിലത്തെ വചനം ചൂണ്ടിക്കാട്ടുന്നു.
- ثُمَّ أَتْبَعَ سَبَبًا ﴾٩٢﴿
- പിന്നെയും, അദ്ദേഹം (വേറെ) ഒരു മാര്‍ഗ്ഗം പിന്തുടര്‍ന്നു.
- ثُمَّ പിന്നെ, പിന്നെയും أَتْبَعَ അദ്ദേഹം തുടര്‍ന്നു سَبَبًا ഒരു മാര്‍ഗ്ഗം
- حَتَّىٰٓ إِذَا بَلَغَ بَيْنَ ٱلسَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ﴾٩٣﴿
- അങ്ങനെ, അദ്ദേഹം രണ്ടു മലക്കെട്ടുകള്‍ക്കിടയില്‍ എത്തിയപ്പോള്‍, അവയ്ക്കിപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി: പറയുന്നതൊന്നും അവര്‍ ഗ്രഹിക്കുമാറാകുന്നില്ല (അങ്ങിനെയുള്ള ഒരു ജനത).
- حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ بَيْنَ السَّدَّيْنِ രണ്ടു മലക്കെട്ടുകള്‍ക്കിടയില്‍ وَجَدَ അദ്ദേഹം കണ്ടെത്തി مِن دُونِهِمَا അവയുടെ ഇപ്പുറത്ത് قَوْمًا ഒരു ജനതയെ لَّا يَكَادُونَ അവര്‍ ആകുമാറാകുന്നില്ല يَفْقَهُونَ ഗ്രഹിക്കുവാന്‍ (മനസ്സിലാക്കുവാന്‍) قَوْلًا പറയുന്നതു, ഒരു വാക്കും
- قَالُوا۟ يَـٰذَا ٱلْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِى ٱلْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰٓ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴾٩٤﴿
- അവര്‍ പറഞ്ഞു: "ഹേ! ദുല്‍ഖര്‍നൈന്‍! നിശ്ചയമായും, 'യാജൂജും' 'മാജൂജും' ഈ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരാണ്. അതുകൊണ്ടു താങ്കള്‍, ഞങ്ങള്‍ക്കും അവര്‍ക്കും ഇടയില്‍ ഒരു കെട്ടുണ്ടാക്കിത്തരുമെന്നതിന്റെമേല്‍ [പ്രസ്തുത നിശ്ചയത്തോടെ] താങ്കള്‍ക്കു ഞങ്ങള്‍ ഒരു പുറപ്പാടു [വരി] നിശ്ചയിച്ചു തരട്ടെയോ?'
- قَالُوا അവര്‍ പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِنَّ يَأْجُوجَ നിശ്ചയമായും യാജൂജും وَمَأْجُوجَ മാജൂജും مُفْسِدُونَ കുഴപ്പമുണ്ടാക്കുന്നവരാണ് فِي الْأَرْضِ ഭൂമിയില്‍ فَهَلْ نَجْعَلُ അതുകൊണ്ടു ഞങ്ങള്‍ നിശ്ചയിച്ചു തരട്ടെയോ لَكَ താങ്കള്‍ക്കു خَرْجًا ഒരു പുറപ്പാടു, ഒരു വരി عَلَىٰ أَن تَجْعَلَ താങ്കള്‍ ഉണ്ടാക്കിതരുന്നതിന്റെ പേരില്‍ (ആ നിശ്ചയത്തില്‍) بَيْنَنَا ഞങ്ങള്‍ക്കിടയില്‍ وَبَيْنَهُمْ അവര്‍ക്കിടയിലും (ഇരുകൂട്ടര്‍ക്കും ഇടയില്‍) سَدًّا ഒരു കെട്ടു, മതില്‍കെട്ടു
‘യാജൂജും, മാജൂജും’ ഞങ്ങളുടെ നാടുകളില്‍ വന്നു പലവിധ അക്രമവും നടത്തി കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്, ഞങ്ങള്‍ക്കു അവരെ നേരിടുവാന്‍ തക്ക ശക്തിയില്ല, ഈ മലയിടുക്കില്‍കൂടിയാണ് അവരുടെ പ്രവാഹം നടക്കുന്നത്. അവിടെ ഒരു കെട്ടു നിര്‍മ്മിച്ച് ആ മാര്‍ഗ്ഗം അടച്ചുകഴിഞ്ഞാല്‍ അവരുടെ ആക്രമണങ്ങളില്‍നിന്നു ഞങ്ങളുടെ രാജ്യം രക്ഷപ്പെടുന്നതാണ്. പക്ഷേ, ഞങ്ങള്‍ക്കു അങ്ങിനെ ഒരു കെട്ടു നിര്‍മ്മിക്കുവാനുള്ള കഴിവില്ല. താങ്കള്‍ വിചാരിച്ചാല്‍ അതു സാധ്യമാകുന്നതാണ്, ഞങ്ങള്‍ താങ്കള്‍ക്കു പുറപ്പാടു തന്നുകൊള്ളാം. താങ്കള്‍ അതു നിര്‍വ്വഹിച്ചുതരണം. ഇതായിരുന്നു, ഈ ജനത ദുല്‍ഖര്‍നൈനിയുടെ മുമ്പില്‍ സമര്‍പ്പിച്ച അപേക്ഷ. അദ്ദേഹം അതിനു നല്‍കിയ മറുപടി:-
- قَالَ مَا مَكَّنِّى فِيهِ رَبِّى خَيْرٌ فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴾٩٥﴿
- അദ്ദേഹം പറഞ്ഞു: 'യാതൊന്നില്‍ എന്റെ രക്ഷിതാവ് എനിക്കു സ്വാധീനം നല്‍കിയിരിക്കുന്നുവൊ അത്, ഏറ്റവും നല്ലതാകുന്നു. ആകയാല്‍, ശക്തികൊണ്ടു നിങ്ങള്‍ എന്നെ സഹായിക്കുവിന്‍; നിങ്ങളുടെയും അവരുടെയും ഇടക്കു ഒരു ശക്തിമത്തായ കെട്ടു ഞാന്‍ ഉണ്ടാക്കിത്തരാം;-
- قَالَ അദ്ദേഹം പറഞ്ഞു مَا യാതൊന്നു, ഏതൊന്നു مَكَّنِّي എനിക്കു സ്വാധീനം തന്നിരിക്കുന്നു فِيهِ അതില്‍ رَبِّي എന്റെ രക്ഷിതാവ് خَيْرٌ നല്ലതാണ്, ഉത്തമമാണ് فَأَعِينُونِي അതുകൊണ്ട് നിങ്ങള്‍ എന്നെ സഹായിക്കുവിന്‍ بِقُوَّةٍ ശക്തികൊണ്ടു أَجْعَلْ ഞാന്‍ ഉണ്ടാക്കാം, ഏര്‍പ്പെടുത്താം بَيْنَكُمْ നിങ്ങള്‍ക്കിടയില്‍ وَبَيْنَهُمْ അവര്‍ക്കിടയിലും رَدْمًا ഒരു ശക്തിമത്തായ കെട്ട്
- ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا ﴾٩٦﴿
- നിങ്ങള്‍ എനിക്കു ഇരുമ്പുകട്ടികള്‍ കൊണ്ടുവന്നുതരുവിന്‍' അങ്ങനെ, (ആ) രണ്ടു മലന്തിട്ടകള്‍ക്കിടയില്‍ (ഇരുമ്പു കട്ടികളാല്‍) സമമാക്കിത്തീര്‍ത്തപ്പോള്‍, 'ഊതുവിന്‍' എന്നു അദ്ദേഹം പറഞ്ഞു. അങ്ങനെ, അതു തീയാക്കിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ അടുക്കല്‍ ചെമ്പുദ്രാവകം കൊണ്ടുവരുവിന്‍, ഞാന്‍ അതിന്‍മേല്‍ ഒഴിക്കാം' എന്നു.
- آتُونِي നിങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍, എനിക്കു കൊണ്ടുതരുവിന്‍ زُبَرَ الْحَدِيدِ ഇരുമ്പിന്റെ കട്ടികള്‍ (കഷ്ണങ്ങള്‍) حَتَّىٰ إِذَا سَاوَىٰ അങ്ങനെ അദ്ദേഹം സമമാക്കിയപ്പോള്‍ بَيْنَ الصَّدَفَيْنِ രണ്ടു മലന്തിട്ടകള്‍ക്കിടയില്‍ قَالَ അദ്ദേഹം പറഞ്ഞു انفُخُوا നിങ്ങള്‍ ഊതുവിന്‍ حَتَّىٰ إِذَا جَعَلَهُ അങ്ങനെ അതിനെ ആക്കിയപ്പോള്‍ نَارًا തീ, അഗ്നി قَالَ അദ്ദേഹം പറഞ്ഞു آتُونِي നിങ്ങള്‍ എനിക്കു കൊണ്ടുവന്നു തരുവിന്‍ أُفْرِغْ ഞാന്‍ ഒഴിക്കാം عَلَيْهِ അതിന്‍മേല്‍ قِطْرًا ചെമ്പുദ്രാവകം, ഈയദ്രാവകം
- فَمَا ٱسْطَـٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَـٰعُوا۟ لَهُۥ نَقْبًا ﴾٩٧﴿
- പിന്നെ, അതിനു മീതെ കയറിമറിയുവാന്‍ അവര്‍ക്കു (യാജൂജു - മാജൂജിനു) സാധ്യമായില്ല; അതിനു തുരങ്കമുണ്ടാക്കുവാനും അവര്‍ക്കു സാധ്യതയുണ്ടായില്ല.
- فَمَا اسْطَاعُوا പിന്നെ അവര്‍ക്കു സാധിച്ചില്ല أَن يَظْهَرُوهُ അതിനുമീതെ കയറുവാന്‍, കയറിമറിയുവാന്‍ وَمَا اسْتَطَاعُوا അവര്‍ക്കു സാദ്ധ്യമായതുമില്ല لَهُ അതിനു, അതിനെ نَقْبًا തുരങ്കത്തിന്, തുരങ്കമുണ്ടാക്കുവാന്‍
‘നിങ്ങളുടെ വരിസംഖ്യയോ പുറപ്പാടോ എനിക്കാവശ്യമില്ല; ജോലിക്കാരെ ശേഖരിച്ചുതന്നും, ഉപകരണങ്ങള്‍ കൊണ്ടുവന്നുതന്നും നിങ്ങളുടെ കഴിവു ഉപയോഗപ്പെടുത്തി എന്നെ സഹായിച്ചാല്‍ മതിയാകും; അല്ലാഹു എനിക്കു നല്‍കിയിട്ടുള്ള സ്വാധീനവും, അനുഗ്രഹവും യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഞാന്‍ ഈ വിഷയത്തില്‍ ഉപയോഗിച്ചുകൊള്ളാം.’ എന്നത്രെ ദുല്‍ഖര്‍നൈനി (عليه الصلاة والسلام) അവരോടു പറഞ്ഞതിന്റെ സാരം. ഹാ! നമ്മുടെ ഭരണകര്‍ത്താക്കളും ഈ മാതൃക സ്വീകരിച്ചിരുന്നുവെങ്കില്‍!
ദുല്‍ഖര്‍നൈനിയുടെ മൂന്നാമത്തെ ഈ യാത്രയില്‍ അദ്ദേഹം എത്തിച്ചേര്‍ന്ന സ്ഥലത്തു രണ്ടു വലിയ കടും തൂക്കായ പര്‍വ്വതങ്ങള്‍ ഉണ്ടായിരുന്നു. രണ്ടിനും ഇടയില്‍കൂടി, അപ്പുറത്തുനിന്നു കടന്നുവരത്തക്ക ഒരു വഴിയുമുണ്ടായിരുന്നു. ഈ ചുരമാര്‍ഗ്ഗത്തില്‍ കൂടി യാജൂജ്, മാജൂജ് വര്‍ഗ്ഗക്കാര്‍ ഇപ്പുറം കടന്നുവന്ന് കൊള്ള, കവര്‍ച്ച മുതലായ അക്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നതിനാല്‍ ആ നാട്ടുകാര്‍ കുഴങ്ങിയിരിക്കുകയാണ്. ആദ്യമായി അദ്ദേഹം ഇരുമ്പുകട്ടികളാല്‍ ആ മലയിടുക്കു തൂര്‍ത്തു മലയോടൊപ്പമാക്കി; പിന്നീടു ചൂളവെച്ച് ഒലോക്കുകള്‍ കൊണ്ടു ഊതി അതൊരു വമ്പിച്ച തീക്കട്ടയാക്കി; അതിനുശേഷം ചെമ്പ് (അല്ലെങ്കില്‍ ഈയം) ഉരുക്കിയ ദ്രാവകം അതിന്‍മേല്‍ ഒഴുക്കി. അങ്ങിനെ, അതു ഒരൊറ്റ ഇരുമ്പുഭിത്തിയാക്കിത്തീരത്തു. ഇതോടെ യാജൂജു മാജൂജിന്റെ പ്രവാഹം നിശ്ശേഷം തടയപ്പെടുകയും ചെയ്‌തു.
- قَالَ هَـٰذَا رَحْمَةٌ مِّن رَّبِّى ۖ فَإِذَا جَآءَ وَعْدُ رَبِّى جَعَلَهُۥ دَكَّآءَ ۖ وَكَانَ وَعْدُ رَبِّى حَقًّا ﴾٩٨﴿
- അദ്ദേഹം പറഞ്ഞു: 'ഇതു എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു (വലുതായ) അനുഗ്രഹമത്രെ! എനി, എന്റെ രക്ഷിതാവിന്റെ നിശ്ചയം (നിശ്ചിത സമയം) വന്നാല്‍, അവന്‍ അതു (തകര്‍ത്തു) നിരപ്പാക്കുന്നതാണ്. എന്റെ റബ്ബിന്റെ നിശ്ചയം യഥാര്‍ത്ഥമായിരിക്കുന്നതുമാണ്.'
- قَالَ അദ്ദേഹം പറഞ്ഞു هَـٰذَا ഇതു رَحْمَةٌ ഒരു കാരുണ്യമാണ്, അനുഗ്രഹമാണ് مِّن رَّبِّي എന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള فَإِذَا جَاءَ എനി വന്നാല്‍ وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം جَعَلَهُ അതിനെ അവന്‍ ആക്കുന്നതാണ് دَكَّاءَ തകര്‍ന്നതു, നിരപ്പായതു (തകര്‍ന്നു നിരപ്പായതു) وَكَانَ ആയിരിക്കുന്നതാണു, ആകുന്നതാണ് وَعْدُ رَبِّي എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം حَقًّا സത്യമായതു, യഥാര്‍ത്ഥം
ഇത്രയും വലിയ ഒരു മഹല്‍കൃത്യം ഉദ്ദേശിച്ചപോലെ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം പറഞ്ഞു: ‘ഇതു എന്റെ കൈക്കു നടന്ന ഒരു കാര്യമാണെങ്കിലും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണിതു സാധിച്ചത്. ഈ കെട്ടു തകര്‍ക്കുവാനും, മീതെ കയറിമറിയുവാനും ഇപ്പോള്‍ ആര്‍ക്കും സാധ്യമല്ല. പക്ഷേ, ഒരു നിശ്ചിത സമയം വരുവാനുണ്ട്, അതു വന്നാല്‍ പിന്നെ, ഇതെല്ലാം തകര്‍ന്നു തരിപ്പണമാകും. അതു വരാതിരിക്കയുമില്ല.’ (ദുല്‍ഖര്‍നൈനിയെയും, യാജൂജു – മാജൂജിനെയും സംബന്ധിച്ചു ഈ അദ്ധ്യായം അവസാനിക്കുമ്പോള്‍ പ്രത്യേകം കൊടുത്ത വ്യാഖ്യാനക്കുറിപ്പില്‍ കൂടുതല്‍ വിവരം കാണാം.)
- وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِى بَعْضٍ ۖ وَنُفِخَ فِى ٱلصُّورِ فَجَمَعْنَـٰهُمْ جَمْعًا ﴾٩٩﴿
- അന്ന് അവരില്‍ ചില വിഭാഗത്തെ (മറ്റു) ചില വിഭാഗത്തില്‍ അലമറിയുന്നതായ നിലയില്‍ നാം വിട്ടേക്കുന്നതാണ്; കാഹളത്തില്‍ ഊതപ്പെടുകയും, അപ്പോള്‍ നാം അവരെ ശേഖരിച്ച് ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാകുന്നു;
- وَتَرَكْنَا നാം വിട്ടേക്കും, ഒഴിച്ചുവിടും بَعْضَهُمْ അവരില്‍ ചിലരെ, ഒരു വിഭാഗത്തെ يَوْمَئِذٍ അന്നു, ആ ദിവസം يَمُوجُ അലമറിയുന്നതായി فِي بَعْضٍ ചിലരില്‍, ഒരു വിഭാഗത്തില്‍ وَنُفِخَ ഊതപ്പെടുകയം ചെയ്യുംفِي الصُّورِ കാഹളത്തില്‍, കൊമ്പില്‍ فَجَمَعْنَا അപ്പോള്‍ നാം ഒരുമിച്ചു കൂട്ടുന്നതാണ് هُمْ അവരെ جَمْعًا ഒരു ഒരുമിച്ചുകൂട്ടല്‍, ശേഖരിക്കല്‍
- وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَـٰفِرِينَ عَرْضًا ﴾١٠٠﴿
- അന്നത്തെ ദിവസം, അവിശ്വാസികള്‍ക്കു നരകത്തെ നാം ശരിയാംവണ്ണം കാണിച്ചു കൊടുക്കുന്നതാണ്:-
- وَعَرَضْنَا നാം കാണിച്ചുകൊടുക്കും, പ്രദര്‍ശിപ്പിക്കും جَهَنَّمَ നരകത്തെ يَوْمَئِذٍ അന്നു, ആ ദിവസം لِّلْكَافِرِينَ അവിശ്വാസികള്‍ക്ക് عَرْضًا ഒരു കാണിക്കല്‍, (ശരിയാം വണ്ണം)
- ٱلَّذِينَ كَانَتْ أَعْيُنُهُمْ فِى غِطَآءٍ عَن ذِكْرِى وَكَانُوا۟ لَا يَسْتَطِيعُونَ سَمْعًا ﴾١٠١﴿
- അതായതു്: എന്റെ ബോധനത്തെ സംബന്ധിച്ച തങ്ങളുടെ കണ്ണുകള്‍ മൂടിയിലായിരിക്കുകയും, കേള്‍ക്കുവാന്‍ സാധിക്കാതിരിക്കുകയും ചെയ്തിരുന്നവര്‍ക്ക്.
- الَّذِينَ അതായതു യാതൊരു കൂട്ടര്‍ക്കു كَانَتْ ആയിരുന്നു أَعْيُنُهُمْ അവരുടെ കണ്ണുകള്‍ فِي غِطَاءٍ മൂടിയില്‍ عَن ذِكْرِي എന്റെ ബോധനത്തെ സംബന്ധിച്ചു, എന്റെ സ്മരണയില്‍നിന്ന് وَكَانُوا അവര്‍ ആകുകയും ചെയ്തു لَا يَسْتَطِيعُونَ അവര്‍ക്കു സാധിക്കാതെ سَمْعًا കേള്‍ക്കുവാന്‍, കേള്‍ക്കുന്നതിനു
ദുല്‍ഖര്‍നൈനി (عليه الصلاة والسلام) പ്രവചിച്ചപ്രകാരം, കാലാന്തരത്തില്‍ – സമുദ്രജലം അലയടിക്കുന്നതുപോലെ – ജനങ്ങള്‍ പരസ്പരം ആക്രമിച്ചും, കുഴപ്പങ്ങളും കലഹങ്ങളും ഉണ്ടാക്കിയും കൊണ്ടിരിക്കും. നാട്ടില്‍ സമാധാനഭംഗവും, അധാര്‍മ്മികാവസ്ഥയും ഉണ്ടാക്കിത്തീര്‍ക്കും. പിന്നീടു കാഹളം ഊതുന്ന അവസരം – ലോകാവസാനഘട്ടം – വന്നെത്തും അപ്പോള്‍ എല്ലാവരും അല്ലാഹുവിന്റെ മുമ്പില്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും, ഓരോരുത്തനും തക്ക പ്രതിഫലം നല്‍കപ്പെടുന്നതുമാകുന്നു. അല്ലാഹുവിന്റെ ബോധനങ്ങളെ അവഗണിച്ചുകൊണ്ടിരുന്ന അവിശ്വാസികള്‍ക്കു അതികഠിനമായ നരകശിക്ഷയും, സത്യവിശ്വാസികളായ സജ്ജനങ്ങള്‍ക്കു സ്വര്‍ഗ്ഗീയ സുഖസൗകര്യങ്ങളുമായിരിക്കും ലഭിക്കുക. അടുത്ത വചനങ്ങളില്‍ ഇരു വിഭാഗക്കാരെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നതു കാണുക: