വിഭാഗം - 5

18:32
  • ۞ وَٱضْرِبْ لَهُم مَّثَلًا رَّجُلَيْنِ جَعَلْنَا لِأَحَدِهِمَا جَنَّتَيْنِ مِنْ أَعْنَٰبٍ وَحَفَفْنَٰهُمَا بِنَخْلٍ وَجَعَلْنَا بَيْنَهُمَا زَرْعًا ﴾٣٢﴿
  • (നബിയേ!) അവര്‍ക്കു ഒരു ഉപമ - അതായതു: രണ്ടാളുകളെക്കുറിച്ചു - വിവരിച്ചു കൊടുക്കുക: അവരില്‍ ഒരുവനു പല (തരം) മുന്തിരികളുടെ രണ്ടു തോട്ടങ്ങള്‍ നാം ഉണ്ടാക്കിക്കൊടുത്തു; ഈത്തപ്പനകള്‍കൊണ്ട് അവ രണ്ടിനേയും നാം വലയവും ചെയ്തു; അവ രണ്ടിനുമിടയില്‍ നാം കൃഷിയും ഉണ്ടാക്കി.
  • وَاضْرِبْ വിവരിച്ചു കൊടുക്കുക لَهُم അവര്‍ക്കു مَّثَلًا ഒരു ഉപമ, ഉദാഹരണം رَّجُلَيْنِ രണ്ടാളുകളെ, രണ്ടു പുരുഷന്‍മാരെ جَعَلْنَا നാം ഉണ്ടാക്കി لِأَحَدِهِمَا അവരില്‍ ഒരാള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങള്‍ مِنْ أَعْنَابٍ പല [തരത്തിലുള്ള] മുന്തിരികളില്‍ നിന്നും وَحَفَفْنَاهُمَا അവ രണ്ടിനേയും നാം വലയം ചെയ്തു بِنَخْلٍ ഈത്തപ്പനകൊണ്ട് وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു بَيْنَهُمَا രണ്ടിനുമിടയില്‍ زَرْعًا വിള, കൃഷി

18:33
  • كِلْتَا ٱلْجَنَّتَيْنِ ءَاتَتْ أُكُلَهَا وَلَمْ تَظْلِم مِّنْهُ شَيْـًٔا ۚ وَفَجَّرْنَا خِلَٰلَهُمَا نَهَرًا ﴾٣٣﴿
  • ആ തോട്ടങ്ങള്‍ രണ്ടും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു; അതില്‍ യാതൊരു ക്രമക്കേടും അതു വരുത്തിയില്ല. [ശരിക്കു ഫലം നല്‍കി.] രണ്ടു തോട്ടത്തിന്റേയും ഇടയില്‍ക്കൂടി നാം നദി കീറുകയും ചെയ്തു.
  • كِلْتَا الْجَنَّتَيْنِ രണ്ടു തോട്ടവും آتَتْ നല്‍കിവന്നു, കൊടുത്തു أُكُلَهَا അതിന്റെ കനി [ഫലം] وَلَمْ تَظْلِم അതു ക്രമക്കേടും വരുത്തിയില്ല مِّنْهُ അതില്‍, അതില്‍നിന്നു شَيْئًا ഒന്നും, ഒന്നിനെയും وَفَجَّرْنَا നാം കീറി, പൊട്ടി ഒഴുക്കി, നടത്തി خِلَالَهُمَا രണ്ടിനുമിടയില്‍ക്കൂടി نَهَرًا നദി, പുഴ, നീര്‍ച്ചാല്‍

ഫലസമൃദ്ധവും, വിവിധ ഇനങ്ങളുള്ളതുമായ രണ്ടു വലിയ മുന്തിരിത്തോട്ടങ്ങള്‍. ചുറ്റുപാടും ഈത്തപ്പനത്തോട്ടങ്ങളും. ഇടയില്‍ പലതരം കൃഷിസ്ഥലങ്ങളും, ഇടക്കിടെ വെള്ളച്ചാലുകളും. ഹാ! എന്തൊരു കൗതുകം! ഒന്നിലും ഒരു പോരായ്കയില്ല – ഒന്നിനൊന്നു മെച്ചം!.

18:34
  • وَكَانَ لَهُۥ ثَمَرٌ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكْثَرُ مِنكَ مَالًا وَأَعَزُّ نَفَرًا ﴾٣٤﴿
  • അവനു (വേറെയും പല) വരുമാനങ്ങളുണ്ടായിരുന്നു. അങ്ങനെ, തന്റെ ചങ്ങാതിയോട്‌ - അവനുമായി (അന്ത്യനാളിനെക്കുറിച്ചും മറ്റും) വാഗ്വാദം ചെയ്തുകൊണ്ടു - അവന്‍ പറയുകയാണു: 'ഞാന്‍ നിന്നെക്കാള്‍ ധനം കൂടുതലുള്ളവനും, അധികം സംഘബലമുള്ളവനുമത്രെ.'
  • وَكَانَ لَهُ അവനുണ്ടായിരുന്നു ثَمَرٌ വരുമാനങ്ങള്‍, ഫലങ്ങള്‍, സമൃദ്ധി فَقَالَ അങ്ങനെ അവന്‍ പറഞ്ഞു لِصَاحِبِهِ തന്റെ ചങ്ങാതിയോടു وَهُوَ അവന്‍ يُحَاوِرُهُ അവനോട്‌ വാഗ്വാദം നടത്തുകയായിരുന്നു أَنَا ഞാന്‍ أَكْثَرُ അധികമുള്ളവനാണ് مِنكَ നിന്നെക്കാള്‍ مَالًا ധനം, സ്വത്തു وَأَعَزُّ അധികം പ്രതാപം (ശക്തി) ഉള്ളവനുമാണ് نَفَرًا ആള്‍, കൂട്ടം, സംഘം
18:35
  • وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٌ لِّنَفْسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدًا ﴾٣٥﴿
  • അവന്‍ തന്നോടുതന്നെ അക്രമിയായും കൊണ്ടു തന്റെ തോട്ടത്തില്‍ പ്രവേശിച്ചു; അവന്‍ പറഞ്ഞു: 'ഒരു കാലത്തും ഇതു (ഈ തോട്ടം) നശിച്ചുപോകുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.
  • وَدَخَلَ അവന്‍ പ്രവേശിച്ചു جَنَّتَهُ അവന്റെ തോട്ടത്തില്‍ وَهُوَ അവന്‍ ظَالِمٌ അക്രമം ചെയ്യുന്നവനാണ് لِّنَفْسِهِ അവന്റെ ആത്മാവിനോട്, തന്നോടു തന്നെ (സ്വയംതന്നെ) قَالَ അവന്‍ പറഞ്ഞു مَا أَظُنُّ ഞാന്‍ വിചാരിക്കുന്നില്ല أَن تَبِيدَ നശിച്ചു പോകുമെന്ന് هَـٰذِهِ ഇതു, ഇവ أَبَدًا ഒരിക്കലും, ഒരു കാലത്തും
18:36
  • وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةً وَلَئِن رُّدِدتُّ إِلَىٰ رَبِّى لَأَجِدَنَّ خَيْرًا مِّنْهَا مُنقَلَبًا ﴾٣٦﴿
  • 'അന്ത്യസമയം, സംഭവിക്കുന്ന ഒന്നാണെന്നും ഞാന്‍ വിചാരിക്കുന്നില്ല; അഥവാ എന്റെ റബ്ബിന്റെ അടുക്കലേക്ക് ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ, നിശ്ചയമായും, മടങ്ങിച്ചെല്ലുന്നതിനു ഇതിനേക്കാള്‍ നല്ലതായ ഒരു സ്ഥാനം എനിക്കു (അവിടെ) കിട്ടുന്നതാണ്.'
  • وَمَا أَظُنُّ ഞാന്‍ വിചാരിക്കുന്നുമില്ല السَّاعَةَ അന്ത്യസമയത്തെ قَائِمَةً നിലനില്‍ക്കുന്നതാണെന്നു, സംഭവിക്കുന്നതാണെന്നു وَلَئِن رُّدِدتُّ ഞാന്‍ മടക്കപ്പെടുന്നതായാല്‍ തന്നെ إِلَىٰ رَبِّي എന്റെ രക്ഷിതാവിങ്കലേക്കു لَأَجِدَنَّ തീര്‍ച്ചയായും എനിക്കു കിട്ടും خَيْرًا ഉത്തമമായതു مِّنْهَا ഇതിനേക്കാള്‍ مُنقَلَبًا മടങ്ങിച്ചെല്ലുന്നതിനുള്ള സ്ഥലം

മനുഷ്യന്റെ ഗര്‍വ്വും അഹങ്കാരവും അവനെക്കൊണ്ടു പലതും പറയിക്കുന്നതും, ചെയ്യിക്കുന്നതുമാകുന്നു. കുറെ ധനവും, ഫലസമൃദ്ധിയും – അതോടൊന്നിച്ചു ആരോഗ്യവും കൂടി ഉണ്ടാകുമ്പോള്‍ ഈ ദോഷം ബാധിക്കാത്തവര്‍ വളരെ വിരളമായിരിക്കും. അങ്ങിനെ കാണപ്പെടാത്തവര്‍ മഹാ ഭാഗ്യവാന്‍മാര്‍ തന്നെ!

18:37
  • قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرْتَ بِٱلَّذِى خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّىٰكَ رَجُلًا ﴾٣٧﴿
  • അവന്റെ ചങ്ങാതി അവനോട്‌ വാഗ്വാദം നടത്തിക്കൊണ്ട് (ഇങ്ങിനെ) പറഞ്ഞു: 'മണ്ണില്‍ നിന്നും, അനന്തരം ശുക്ലബിന്ദുവില്‍ നിന്നും, നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി (രൂപം നല്‍കി) ശരിപ്പെടുത്തുകയും ചെയ്തിട്ടുള്ളവനില്‍ (അല്ലാഹുവില്‍) നീ അവിശ്വസിക്കുകയാണോ?!
  • قَالَ പറഞ്ഞു لَهُ അവനോട് صَاحِبُهُ അവന്റെ ചങ്ങാതി وَهُوَ അവന്‍ يُحَاوِرُهُ അവനോട് വാഗ്വാദം ചെയ്യുകയായിരുന്നു أَكَفَرْتَ നീ അവിശ്വസിക്കുകയാണോ بِالَّذِي യാതൊരുവനില്‍ خَلَقَكَ നിന്നെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن تُرَابٍ മണ്ണില്‍നിന്നു ثُمَّ പിന്നെ, അനന്തരം مِن نُّطْفَةٍ ശുക്ലബിന്ദുവില്‍ നിന്നു, ഇന്ദ്രിയത്തുള്ളിയില്‍നിന്നു ثُمَّ പിന്നീടു سَوَّاكَ നിന്നെ അവന്‍ ശരിപ്പെടുത്തി رَجُلًا ഒരു പുരുഷനായി
18:38
  • لَّٰكِنَّا۠ هُوَ ٱللَّهُ رَبِّى وَلَآ أُشْرِكُ بِرَبِّىٓ أَحَدًا ﴾٣٨﴿
  • 'പക്ഷേ, ഞാന്‍: 'അതു (കാര്യം: അല്ലാഹു എന്റെ രക്ഷിതാവാകുന്നു; എന്റെ രക്ഷിതാവിനോടു ഞാന്‍ ഒന്നിനേയും പങ്കുചേര്‍ക്കുന്നതുമല്ല' എന്നത്രെ (പറയുന്നത്).'
  • لَّـٰكِنَّا എന്നാല്‍, ഞാനിതാ, പക്ഷെ ഞാന്‍ هُوَ അവന്‍, അതു, കാര്യം اللَّـهُ അല്ലാഹു رَبِّي എന്റെ രക്ഷിതാവുകുന്നു وَلَا أُشْرِكُ ഞാന്‍ പങ്കുചേര്‍ക്കുകയില്ല بِرَبِّي എന്റെ റബ്ബിനോടു, രക്ഷിതാവിനോട്‌ أَحَدًا ഒരാളെയും

നിന്റെ ആദ്യപിതാവ്‌ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടു. മാത്രമല്ല, മണ്ണില്‍നിന്നു ഉത്ഭവിക്കുന്ന സസ്യാദി ഭക്ഷണങ്ങള്‍ നിന്റെ മാതാപിതാക്കള്‍ കഴിക്കുന്നു, അതില്‍ നിന്നു രക്തം ഉണ്ടാകുന്നു, അതിന്റെ സത്തായി ഇന്ദ്രിയം ഉണ്ടാകുന്നു. ആ ഇന്ദ്രിയ ബീജത്തില്‍ നിന്നു നിന്റെ സൃഷ്ടി ഉടലെടുത്തു. അങ്ങിനെ, ഘട്ടങ്ങള്‍ പലതു കഴിഞ്ഞശേഷം നീ ഒരു തികഞ്ഞ മനുഷ്യനായി ഈ ലോകത്തുവന്നു. ഇതെല്ലാം ചെയ്ത സ്രഷ്ടാവില്‍ – ഈ ധന സമൃദ്ധിയിലും സുഖജീവിതത്തിലും വഞ്ചിതനായിക്കൊണ്ടു അവിശ്വസിക്കുവാനാണോ നിന്റെ ഭാവം?! എന്നാല്‍ ഞാനതിനു തെയ്യാറില്ല. എന്നെ സംബന്ധിച്ചിടത്തോളം: ‘അല്ലാഹു എന്റെ റബ്ബാണ്, ഞാന്‍ അവന്റെ ഏകത്വത്തില്‍ അചഞ്ചലമായി വിശ്വസിക്കുന്നു.’ എന്നു ആ സത്യവിശ്വാസിയായ ചങ്ങാതി അവനോടു പറഞ്ഞു. അദ്ദേഹം വീണ്ടും ഇങ്ങിനെ തുടര്‍ന്നു:-

18:39
  • وَلَوْلَآ إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِ ۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالًا وَوَلَدًا ﴾٣٩﴿
  • 'നിന്റെ (ഈ) തോട്ടത്തില്‍ പ്രവേശിച്ചപ്പോള്‍ നിനക്കു പറഞ്ഞുകൂടായിരുന്നോ: 'അല്ലാഹു ഉദ്ദേശിച്ചതത്രെ (ഇതെല്ലാം); അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും (ആര്‍ക്കും) ഇല്ല.' എന്നു?! നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി എന്നെ നീ കാണുന്നുവെങ്കില്‍,-
  • وَلَوْلَا ആയിക്കൂടെ, എന്തുകൊണ്ട് ആയിക്കൂടാ إِذْ دَخَلْتَ നീ പ്രവേശിച്ചപ്പോള്‍ جَنَّتَكَ നിന്റെ തോട്ടത്തില്‍ قُلْتَ നീ പറഞ്ഞു (പറഞ്ഞേക്കുക) مَا شَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചതു (ആകുന്നു ഇതു) لَا قُوَّةَ ഒരു ശക്തിയുമില്ല إِلَّا بِاللَّـهِ അല്ലാഹുവിനെക്കൊണ്ടല്ലാതെ إِن تَرَنِ أَنَا എന്നെ നീ കാണുന്ന പക്ഷം أَقَلَّ അധികം കുറഞ്ഞവനായി مِنكَ നിന്നെക്കാള്‍ مَالًا ധനം وَوَلَدًا മക്കളും, സന്താനവും
18:40
  • فَعَسَىٰ رَبِّىٓ أَن يُؤْتِيَنِ خَيْرًا مِّن جَنَّتِكَ وَيُرْسِلَ عَلَيْهَا حُسْبَانًا مِّنَ ٱلسَّمَآءِ فَتُصْبِحَ صَعِيدًا زَلَقًا ﴾٤٠﴿
  • 'എന്റെ റബ്ബ് നിന്റെ തോട്ടത്തെക്കാള്‍ ഏറ്റവും നല്ലത് എനിക്ക് നല്‍കുവാനും, അതിന്‍മേല്‍ (നിന്റെ തോട്ടത്തിന്‍മേല്‍) ആകാശത്തുനിന്നു ഇടിവാള്‍ അയക്കുവാനും, അങ്ങനെ, അത് വഴുതുന്ന മണ്പ്രദേശമായിത്തീരുവാനും മതി.
  • فَعَسَىٰ എന്നാല്‍ ആകുവാനും മതി, ആയേക്കാം رَبِّي എന്റെ രക്ഷിതാവ് أَن يُؤْتِيَنِ എനിക്കു നല്‍കുവാന്‍ خَيْرًا ഏറ്റവും നല്ലതു, ഉത്തമം مِّن جَنَّتِكَ നിന്റെ തോട്ടത്തെക്കാള്‍ وَيُرْسِلَ അയക്കുകയും عَلَيْهَا അതിന്‍മേല്‍ حُسْبَانًا ഇടിവാള്‍, ഇടയമ്പു, മഴ, ഇടിമിന്നല്‍, മിന്നല്‍പിണര്‍ مِّنَ السَّمَاءِ ആകാശത്തുനിന്നു فَتُصْبِحَ അങ്ങനെ അതായിത്തീരും (തീരുക) صَعِيدًا മണ്‍പ്രദേശം زَلَقًا വഴുതുന്ന (ചെളിമയമായ)
18:41
  • أَوْ يُصْبِحَ مَآؤُهَا غَوْرًا فَلَن تَسْتَطِيعَ لَهُۥ طَلَبًا ﴾٤١﴿
  • 'അല്ലെങ്കില്‍ അതിലെ വെള്ളം വറ്റിയതായിത്തീരുകയും ചെയ്തേക്കാം; പിന്നെ അതു തേടിപ്പിടിക്കുവാന്‍ നിനക്കു കഴിവുണ്ടാകയില്ലതന്നെ.'
  • أَوْ يُصْبِحَ അല്ലെങ്കില്‍ ആയിത്തീരും, (തീരുകയും) مَاؤُهَا അതിലെ വെള്ളം غَوْرًا വറ്റിയതു فَلَن تَسْتَطِيعَ അപ്പോള്‍ നിനക്കു സാധിക്കുകയില്ല തന്നെ لَهُ അതിനെ طَلَبًا തേടിപ്പിടിക്കുവാന്‍

‘നിന്റെ സമ്പല്‍സമൃദ്ധിയും, അഭിവൃദ്ധിയും കണ്ടു നീ മതിമറന്നുപോകുന്നു. ഇതെല്ലാം നിനക്കു പ്രദാനം ചെയ്ത അല്ലാഹുവിനെ നീ ധിക്കരിക്കുന്നു. ഇതൊക്കെ അല്ലാഹു തന്നതാണ്, അവന്‍ ഉദ്ദേശിച്ചതേ ഉണ്ടാകൂ’. എന്നിങ്ങിനെ, മിതവും മര്യാദയുമായ വാക്കുകള്‍ പറഞ്ഞാല്‍പോരെ?! ഒരുപക്ഷേ, ഇതിനെക്കാള്‍ നല്ല സമ്പത്തു അല്ലാഹു എനിക്കു തന്നുവെന്നുവരാം. അല്ലെങ്കില്‍, ഒരു ദിവസം നേരം പുലരുമ്പോഴേക്കും ഒരു വമ്പിച്ച ഇടിവര്‍ഷമുണ്ടായി നിന്റെ തോട്ടമാകെ നശിച്ചുപോയെന്നും വരാം; അതുമല്ലെങ്കില്‍, ഈ ജലം അപ്പടി വറ്റിപ്പോയെന്നു വരാം. ഇതൊന്നും തന്നെ സംഭവിച്ചുകൂടായ്കയില്ല. അതുകൊണ്ട് കുറച്ചൊരു വിനയത്തിലും, ദൈവവിചാരത്തിലും നടക്കുകയാണ് തനിക്കു ഉത്തമം’. എന്നൊക്കെ ആ ഉപദേഷ്ടാവു പറഞ്ഞുനോക്കുന്നു. പക്ഷേ, തോട്ടക്കാരന്റെ മനസ്സില്‍ അതൊന്നും പ്രവേശിക്കുന്നില്ല. ഫലമെന്തായി? അദ്ദേഹം പറഞ്ഞതു പോലെത്തന്നെ!-

18:42
  • وَأُحِيطَ بِثَمَرِهِۦ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَآ أَنفَقَ فِيهَا وَهِىَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيْتَنِى لَمْ أُشْرِكْ بِرَبِّىٓ أَحَدًا ﴾٤٢﴿
  • അവന്റെ സമൃദ്ധി (മുഴുവനും, ആപത്തുകളാല്‍) വലയം ചെയ്യപ്പെട്ടുപോയി! അങ്ങനെ, അതില്‍ അവന്‍ ചിലവിറക്കിയിരുന്നതിനെപ്പറ്റി രണ്ടു കൈപടങ്ങളും മറിച്ചുകൊണ്ടിരിക്കുക (വ്യസനിച്ചു കൈമലര്‍ത്തുക)യായി! അവയാകട്ടെ (തോട്ടങ്ങളാകട്ടെ), അവയുടെ പന്തലുകളോടെ വീണടിഞ്ഞുകിടക്കുകയാണ്! അവന്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: 'അഹോ! ഞാന്‍ എന്റെ റബ്ബിനോട് ആരെയും പങ്കുചേര്‍ക്കാതിരുന്നെകില്‍ നന്നായിരുന്നു!' എന്ന്
  • وَأُحِيطَ വലയം ചെയ്യപ്പെട്ടു بِثَمَرِهِ അവന്റെ ധനസമൃദ്ധി, ഫലസമൃദ്ധി فَأَصْبَحَ അങ്ങിനെ അവന്‍ ആയി يُقَلِّبُ മറിക്കുക (മലര്‍ത്തുക) كَفَّيْهِ അവന്റെ കൈപടങ്ങള്‍ (കൈകള്‍) عَلَىٰ مَا أَنفَقَ അവന്‍ ചിലവഴിച്ചതിനെപ്പറ്റി فِيهَا ആ തോട്ടത്തില്‍ وَهِيَ അതാകട്ടെ خَاوِيَةٌ വീണടിഞ്ഞു കിടക്കുന്നതാണ് عَلَىٰ عُرُوشِهَا അതിന്റെ പന്തലോടെ, പന്തലുകളുടെ മീതെ وَيَقُولُ അവന്‍ പറയുകയും ചെയ്യുന്നു يَا لَيْتَنِي അഹോ ഞാനായിരുന്നെങ്കില്‍ നന്നായിരുന്നു لَمْ أُشْرِكْ ഞാന്‍ പങ്കു ചേര്‍ക്കാതെ بِرَبِّي എന്റെ റബ്ബിനോട്‌ أَحَدًا ആരെയും, ഒരാളെയും
18:43
  • وَلَمْ تَكُن لَّهُۥ فِئَةٌ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا ﴾٤٣﴿
  • അല്ലാഹുവിനെക്കൂടാതെ, അവനെ (സഹായിച്ചു) രക്ഷപ്പെടുത്തുന്ന ഒരു കൂട്ടരും അവനുണ്ടായില്ല; അവന്‍ സ്വയം രക്ഷപ്രാപിച്ചവനായതുമില്ല.
  • وَلَمْ تَكُن ഉണ്ടായതുമില്ല لَّهُ അവനു فِئَةٌ ഒരു സംഘം, ഒരു കൂട്ടര്‍ يَنصُرُونَهُ അവനെ സഹായിക്കുന്ന, രക്ഷിക്കുന്ന مِن دُونِ اللَّـهِ അല്ലാഹുവിനെക്കൂടാതെ وَمَا كَانَ അവന്‍ ആയതുമില്ല مُنتَصِرًا (പ്രതികാരം ചെയ്തു) സ്വയം രക്ഷപ്രാപിക്കുന്നവന്‍
18:44
  • هُنَالِكَ ٱلْوَلَٰيَةُ لِلَّهِ ٱلْحَقِّ ۚ هُوَ خَيْرٌ ثَوَابًا وَخَيْرٌ عُقْبًا ﴾٤٤﴿
  • അവിടെ (ഇത്തരം സന്ദര്‍ഭത്തില്‍) രക്ഷാധികാരം, യഥാര്‍ത്ഥാസ്തിത്വമുള്ളവനായ അല്ലാഹുവിനുള്ളതാണ്. അവന്‍, പ്രതിഫലം (നല്‍കുന്നതില്‍) ഉത്തമനായുള്ളവനും, പര്യവസാനം (ശുഭകരമാക്കുന്നതില്‍) ഉത്തമാനായുള്ളവനും ആകുന്നു.
  • هُنَالِكَ അവിടെ, ആ സ്ഥലത്തു الْوَلَايَةُ രക്ഷാധികാരം (സഹായം നല്‍കല്‍) لِلَّـهِ അല്ലാഹുവിനാണ് الْحَقِّ യഥാര്‍ത്ഥാസ്തിത്വമുള്ള, യഥാര്‍ത്ഥസ്ഥിരതയുള്ള هُوَ അവന്‍ خَيْرٌ ഉത്തമനാണ് ثَوَابًا പ്രതിഫലം (നല്‍കുന്നതില്‍) وَخَيْرٌ ഉത്തമനുമാണ് عُقْبًا പര്യവസാനം, അന്ത്യഫലം (ശുഭമാക്കുന്നതില്‍)

മേല്‍ വിവരിച്ച ഉപമയെസംബന്ധിച്ചു വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു അഭിപ്രായമുണ്ട്: ബനൂഇസ്രാഈലില്‍ (ഇസ്രായീല്‍ സന്തതികളില്‍) നടന്ന ഒരു സംഭവമാണതെന്നു ഒരു വിഭാഗക്കാര്‍ പറയുന്നു. ഉദാഹരണാര്‍ത്ഥം പറയപ്പെട്ട ഒരു സങ്കല്‍പകഥയാണെന്നാണു മറ്റു പലരുടെയും അഭിപ്രായം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാകുന്നു. ഉദാഹരണവും ഉപമയും പറയുമ്പോള്‍, അതിലടങ്ങിയ പാഠമെന്താണെന്നേ നാം നോക്കേണ്ടതുള്ളു.

സത്യമതം സ്വീകരിക്കുന്നതും, സ്വീകരിക്കാതിരിക്കുന്നതും ജനങ്ങളുടെ ഇഷ്ടമാണ് – അതില്‍ ബലാല്‍ക്കാരമില്ല. പക്ഷേ, വിശ്വസിച്ചവരുടെ സല്‍ക്കര്‍മ്മഫലം അവര്‍ അനുഭവിക്കും; വിശ്വസിക്കാത്തവരുടെ കര്‍മ്മഫലം അവരും അനുഭവിക്കേണ്ടിവരും എന്നു അല്ലാഹു ആദ്യം ഉണര്‍ത്തി. പാരത്രികരക്ഷാശിക്ഷകളുടെയും, പ്രതിഫലങ്ങളുടെയും സാമാന്യരൂപവും വിവരിച്ചു. അതെ, സത്യനിഷേധികള്‍ക്കു എരിപൊരികൊള്ളുന്ന നരകാഗ്നിയും, സത്യവിശ്വാസികള്‍ക്കു സുഖാനുഭൂതികള്‍ നിറഞ്ഞ നിത്യസ്വര്‍ഗ്ഗവും ആണെന്നു പറഞ്ഞു. അതുകൊണ്ടു മതിയാക്കാതെ, സത്യനിഷേധികള്‍ പരലോകത്തു മാത്രമല്ല, ഇഹലോകത്തും ദൗര്‍ഭാഗ്യകരമായ പല നാശനഷ്ടങ്ങള്‍ക്കും വിധേയരായേക്കുമെന്നു മറ്റൊരു താക്കീതുകൂടി നല്‍കുകയാണ്. താല്‍ക്കാലിക സുഖസൗകര്യങ്ങള്‍ കണ്ട് അവര്‍ വഞ്ചിതരാകരുതെന്നു മുന്നറിയിപ്പു നല്‍കുന്നു. നേരെ മറിച്ചു സത്യവിശ്വാസികളോട് അവര്‍ തങ്ങളുടെ താല്‍ക്കാലിക വിഷമതകളും, നിസ്സഹായതയും കണ്ട് നിരാശപ്പെടരുത്, ഐഹിക സുഖാഡംബരങ്ങള്‍ നിലനില്‍പില്ലാത്തതാണ്, നാശത്തിലേക്കു നീങ്ങുവാന്‍ ശ്രമിച്ചാല്‍ അവയ്ക്കു നിമിഷങ്ങളേ താമസമുണ്ടാകുകയുള്ളു, മനുഷ്യന്റെ ഊക്കും ശക്തിയും അവിടെ ഫലം ചെയ്കയില്ല, എന്നിങ്ങനെ ഉപദേശിച്ചുകൊണ്ടു അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.

പ്രസ്തുത യാഥാര്‍ത്ഥ്യങ്ങളെ ഒരു ഉപമമൂലം വ്യക്തമാക്കിയതാണ് മുകളില്‍ നാം കാണുന്നത്. അതായതു, രണ്ടാളുകള്‍: ഒരാള്‍ക്കു സുഖസൗകര്യങ്ങളെല്ലാം തികഞ്ഞിട്ടുണ്ട്. മറ്റേവനു ഒന്നുമില്ല. ആദ്യത്തേവന്‍ വഞ്ചിതനാകുന്നു, രണ്ടാമത്തേവനെ അവന്‍ നിസ്സാരനായിക്കാണുന്നു. അഹങ്കാരത്തോടെ അതിരുവിട്ട് പലതും അവന്‍ അവനോടു പറയുന്നു. അതേസമയത്തു രണ്ടാമത്തേവന്‍ അവനെ ഉപദേശിക്കുന്നു: ‘ഇതെല്ലാം കണ്ടു നീ വഞ്ചിതനാകേണ്ടതില്ല, ഞൊടിയിടകൊണ്ടു ഇതൊക്കെ നാശപ്പെട്ടുപോയിക്കൂടെന്നില്ല’ എന്നൊക്കെ. മറ്റേവനതു പരിഹാസ്യമായി ഗണിക്കുന്നു. അതാ, പെട്ടെന്നൊരു പ്രഭാതം! അവനെ അഹങ്കാരഭരിതനാക്കിയ തോട്ടങ്ങളും, ധനവിഭവങ്ങളുമെല്ലാം തകര്‍ന്നു തരിപ്പണമായിത്തീര്‍ന്നു! അവന്റെ അഹങ്കാരം അതാ, നിൽക്കുന്നു! ആശങ്കകള്‍ നശിക്കുന്നു! ഖേദിച്ചു കൈ മലര്‍ത്തുന്നു! ഇതാണ് ഉപമയുടെ ചുരുക്കം.

അഹങ്കാരിയായ തോട്ടക്കാരനെപ്പോലെ, മക്കായിലെ ഖുറൈശി പ്രധാനികളെയും, അവരെപ്പോലെയുള്ള ഇതര ധിക്കാരികളെയും കരുതാം. അബലരും നിർധനരുമായ സത്യവിശ്വാസികളെ, ആ സാധുസഹോദരന്റെ പക്ഷക്കാരായും ഗണിക്കാം. മേല്‍കണ്ട തോട്ടത്തിന്റെ ചിത്രീകരണം അറബികളെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യമായതാണ്. സിരിയായിലെ മുന്തിരിത്തോട്ടങ്ങള്‍പോലെയുള്ള രണ്ടു വമ്പിച്ച തോട്ടങ്ങള്‍. ചുറ്റുപാടും ഈത്തപ്പനകള്‍ തലപൊക്കി നില്‍ക്കുന്നു. തോട്ടത്തിന്റെ ഏതു ഭാഗത്തും വെള്ളം എത്തിക്കുന്ന തോടുകള്‍ മദ്ധ്യത്തിലും. ഇരു കരകളിലും, ചാഞ്ചാടിക്കളിച്ചു കൊണ്ടിരിക്കുന്ന കൃഷിപ്പാടങ്ങള്‍, ഇതിലപ്പുറം അറബികള്‍ക്കിടയില്‍ സുഖൈശ്വര്യങ്ങള്‍ക്കുള്ള ഉപാധികളായി മറ്റെന്താണുള്ളത്?! എന്നാല്‍, തോട്ടക്കാരെമാത്രം ബാധിക്കുന്ന ഒരു ഉപമയല്ല ഇത്. ക്ഷേമൈശ്വര്യങ്ങള്‍ വേണ്ടത്ര ലഭിച്ച് അഹങ്കാരികളും, ആഡംബരപ്രിയരുമായി മതിമറന്നു കഴിഞ്ഞുകൂടുന്ന ഏവനേയും താക്കീത് ചെയ്യുന്ന ഒരു ഉദാഹരണമത്രെ ഇത്. ഭൗതിക വസ്തുക്കളുടെയും ഐഹിക ജീവിതത്തിന്റെയും മൊത്തത്തിലുള്ള ഒരു ഉദാഹരണം അടുത്ത വചനത്തില്‍ വിവരിക്കുന്നു:-

വിഭാഗം - 6

18:45
  • وَٱضْرِبْ لَهُم مَّثَلَ ٱلْحَيَوٰةِ ٱلدُّنْيَا كَمَآءٍ أَنزَلْنَٰهُ مِنَ ٱلسَّمَآءِ فَٱخْتَلَطَ بِهِۦ نَبَاتُ ٱلْأَرْضِ فَأَصْبَحَ هَشِيمًا تَذْرُوهُ ٱلرِّيَٰحُ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍ مُّقْتَدِرًا ﴾٤٥﴿
  • (നബിയേ) ഐഹിക ജീവിതത്തിന്റെ ഉപമ അവര്‍ക്കു വിവരിച്ചു കൊടുക്കുക: (അത്) ഒരു വെള്ളം പോലെയാണ്: ആകാശത്തുനിന്നു നാം അതു (മഴയായി) ഇറക്കുന്നു; എന്നിട്ട്, ഭൂമിയിലെ സസ്യവര്‍ഗ്ഗം അതുമൂലം (തഴച്ചു വളര്‍ന്നു) ഇടതിങ്ങി വരുന്നു: എന്നിട്ട് അത്, കാറ്റുകള്‍ പാറ്റിക്കളയുന്ന തുരുമ്പായിത്തീരുന്നു.
    അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

  • وَاضْرِبْ വിവരിച്ചു കൊടുക്കുക لَهُم അവര്‍ക്കു مَّثَلَ ഉദാഹരണം, ഉപമ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ, ഇഹലോകജീവിതത്തിന്റെ كَمَاءٍ ഒരു വെള്ളം പോലെ أَنزَلْنَاهُ നാം അതു ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു فَاخْتَلَطَ എന്നിട്ടു ഇടതിങ്ങി (തഴച്ചുകൂടി) കലര്‍ന്നു بِهِ അതിനാല്‍, അതുകൊണ്ട് نَبَاتُ الْأَرْضِ ഭൂമിയിലെ സസ്യങ്ങള്‍ (സസ്യവര്‍ഗ്ഗം) فَأَصْبَحَ എന്നിട്ടു അതായി هَشِيمًا തുരുമ്പ് تَذْرُوهُ അതിനെ പാറ്റിക്കൊണ്ടിരിക്കും الرِّيَاحُ കാറ്റുകള്‍ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും مُّقْتَدِرًا കഴിവുള്ളവന്‍
18:46
  • ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَٱلْبَٰقِيَٰتُ ٱلصَّٰلِحَٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴾٤٦﴿
  • ധനവും മക്കളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു. നല്ലതായ ശാശ്വതകാര്യങ്ങളത്രെ, നിന്റെ റബ്ബിന്റെ അടുക്കല്‍ പ്രതിഫലത്തില്‍ ഗുണമേറിയതും; പ്രത്യാശക്കു ഗുണമായുള്ളതും.
  • الْمَالُ ധനം وَالْبَنُونَ മക്കളും زِينَةُ അലങ്കാരമാണ് الْحَيَاةِ الدُّنْيَا ഐഹികജീവിതത്തിന്റെ وَالْبَاقِيَاتُ ശാശ്വതമായവ, നിലനില്‍ക്കുന്നവ, അവശേഷിക്കുന്നവ (കര്‍മ്മങ്ങള്‍) الصَّالِحَاتُ നല്ലതായ خَيْرٌ ഗുണമേറിയതാണ്, നല്ലതാണ്, ഉത്തമമാണ് عِندَ رَبِّكَ നിന്റെ റബ്ബിന്റെ അടുക്കല്‍ ثَوَابًا പ്രതിഫലത്തില്‍ وَخَيْرٌ നല്ലതുമാണ് أَمَلًا പ്രത്യാശക്കു

ഐഹികജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താല്‍ക്കാലികമത്രെ. ആ നിലക്കുള്ള വില മാത്രമെ അതിനു കല്‍പിക്കാവൂ. ധനവും സന്താനങ്ങളും നല്ല മാര്‍ഗ്ഗത്തില്‍ ഉപയോഗപ്പെടുത്താത്തപക്ഷം, അതുകൊണ്ടു ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സല്‍ക്കര്‍മ്മങ്ങളായി ഈ ലോകത്തുവെച്ചു എന്തുചെയ്യുന്നുവോ അതിനു മാത്രമേ നിലനില്‍പും യഥാര്‍ത്ഥ ഫലവും ലഭിക്കുകയുള്ളു. ഈ യാഥാർത്ഥ്യങ്ങളെ വ്യക്തമാക്കുന്ന ഒരു ഉപമയാണ് നാം ഈ വചനത്തില്‍ കാണുന്നത്. ഹൃദയാകര്‍ഷകങ്ങളായ ഭൗതിക കാഴ്ചപ്പാടുകളുടെ ഉള്ളുകള്ളി വേണ്ടതുപോലെ പരിശോധിച്ചാല്‍ ഈ വാസ്തവം ആര്‍ക്കും മനസ്സിലാക്കാം. പ്രപഞ്ചകര്‍ത്താവായ സര്‍വ്വശക്തന്‍ നിശ്ചയിച്ചുവെച്ച സമയം വന്നുകഴിഞ്ഞാല്‍ പിന്നെ, ഒരു നിമിഷനേരവും അതിനു ശേഷിപ്പില്ല. അത് എപ്പോഴാണ്, എങ്ങിനെയാണ്, എന്നൊന്നും ആര്‍ക്കും അറിഞ്ഞുകൂടാത്തതാകുന്നു.

18:47
  • وَيَوْمَ نُسَيِّرُ ٱلْجِبَالَ وَتَرَى ٱلْأَرْضَ بَارِزَةً وَحَشَرْنَٰهُمْ فَلَمْ نُغَادِرْ مِنْهُمْ أَحَدًا ﴾٤٧﴿
  • പര്‍വ്വതങ്ങളെ (തല്‍സ്ഥാനങ്ങളില്‍നിന്നു) നാം ചലിപ്പിക്കുകയും, ഭൂമിയെ വെളിപ്പെട്ടതായി [നഗ്നമായി] നിനക്കു കാണുമാറാവുകയും അവരെ [മനുഷ്യരെ] നാം ഒരുമിച്ചുകൂട്ടി അവരില്‍നിന്നു ഒരാളെയും വിട്ടുകളയാതിരിക്കുകയും ചെയ്യുന്ന ദിവസം:
  • وَيَوْمَ نُسَيِّرُ നാം ചലിപ്പിക്കുന്ന (നീക്കിക്കളയുന്ന) ദിവസം الْجِبَالَ പര്‍വ്വതങ്ങളെ, മലകളെ وَتَرَى നീ കാണുമാറാകുകയും الْأَرْضَ ഭൂമിയെ بَارِزَةً വെളിവായി, നഗ്നമായി (സമനിരപ്പായി തെളിഞ്ഞു കാണുന്ന) وَحَشَرْنَاهُمْ നാം അവരെ ഒരുമിച്ചു കൂട്ടുകയും ചെയ്യും فَلَمْ نُغَادِرْ അപ്പോള്‍ നാം വിട്ടുകളയുകയില്ല مِنْهُمْ അവരില്‍ നിന്ന് أَحَدًا ആരെയും, ഒരാളെയും
18:48
  • وَعُرِضُوا۟ عَلَىٰ رَبِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَٰكُمْ أَوَّلَ مَرَّةٍۭ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴾٤٨﴿
  • നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ (അന്നു) അവര്‍ അണിയായി (നിറുത്തി) കാണിക്കപ്പെടുകയും ചെയ്യുന്നതാണ്, നാം അവരോടു പറയും: 'ആദ്യപ്രാവശ്യം നാം നിങ്ങളെ സൃഷ്‌ടിച്ചപ്രകാരം നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുകയാണ്; പക്ഷേ, (ഇങ്ങിനെ) ഒരു നിശ്ചിത സമയം നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുന്നതേയല്ല എന്നു നിങ്ങള്‍ ജല്പിക്കുകയുണ്ടായി.'
  • وَعُرِضُوا അവര്‍ കാണിക്കപ്പെടും (അവരെ കൊണ്ടുവരും) عَلَىٰ رَبِّكَ നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ صَفًّا അണിയായി, വരിയായി لَّقَدْ جِئْتُمُونَا തീര്‍ച്ചയായും നിങ്ങള്‍ നമ്മുടെ അടുക്കല്‍ വന്നിരിക്കുന്നു كَمَا خَلَقْنَاكُمْ നാം നിങ്ങളെ സൃഷ്‌ടിച്ചപോലെ أَوَّلَ مَرَّةٍ ആദ്യപ്രാവശ്യം, ഒന്നാം പ്രാവശ്യം بَلْ പക്ഷേ, എങ്കിലും, എന്നാല്‍ زَعَمْتُمْ നിങ്ങള്‍ ജല്‍പിച്ചു أَلَّن نَّجْعَلَ നാം ഏര്‍പ്പെടുത്തുകയില്ലതന്നെ എന്നു, നിശ്ചയിക്കുകയില്ലെന്നു لَكُم നിങ്ങള്‍ക്കു مَّوْعِدًا ഒരു നിശ്ചിത സമയം (ഹാജറാകുന്ന സമയം.)
18:49
  • وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا ﴾٤٩﴿
  • (ഒരോരുത്തന്റെ കയ്യിലും അവന്റെ നന്മ തിന്മകള്‍ രേഖപ്പെടുത്തിയ) പുസ്തകം വെക്കപ്പെടും; അപ്പോള്‍, അതില്‍ ഉള്‍ക്കൊള്ളുന്നതിനെ സംബന്ധിച്ചു ഭയവിഹ്വലരായിക്കൊണ്ടു കുറ്റവാളികളെ നിനക്കു കാണാവുന്നതാണ്. അവര്‍ പറയും: 'അഹോ! ഞങ്ങളുടെ കഷ്ടം! എന്താണ് ഈ പുസ്തകത്തിനു്? ചെറിയതോ വലിയതോ ആയ ഒന്നും തന്നെ ക്ലിപ്തപ്പെടുത്താതെ അത് വിട്ടുകളയുന്നില്ലല്ലോ'! അവര്‍ എന്ത് പ്രവര്‍ത്തിച്ചുവോ അത് (അവരുടെ മുമ്പില്‍) ഹാജറുള്ളതായി അവര്‍ കണ്ടെത്തുന്നതുമാണ്. നിന്റെ റബ്ബ് ആരോടും അനീതി ചെയ്യുകയില്ല.
  • وَوُضِعَ വെക്കപ്പെടുകയും ചെയ്യും الْكِتَابُ പുസ്തകം, ഗ്രന്ഥം فَتَرَى അപ്പോള്‍ നിനക്കു കാണാം, നീ കാണും الْمُجْرِمِينَ കുറ്റവാളികളെ مُشْفِقِينَ പേടിച്ചവരായി, ഭയവിഹ്വലരായി مِمَّا فِيهِ അതില്‍ ഉള്ളതിനെപ്പറ്റി وَيَقُولُونَ അവര്‍ പറയുകയും ചെയ്യും يَا وَيْلَتَنَا അഹോ ഞങ്ങളുടെ കഷ്ടമേ, നാശമേ مَا എന്താണ് لِ هَـٰذا الْكِتَابِ ഈ പുസ്തകത്തിന് لَا يُغَادِرُ അതു വിട്ടുകളയുന്നില്ല صَغِيرَةً ഒരു ചെറിയ കാര്യവും وَلَا كَبِيرَةً ഒരു വലിയ കാര്യവും (വിട്ടുകളയുന്നില്ല) إِلَّا أَحْصَاهَا അതിനെ ക്ലിപ്തപ്പെടുത്താതെ, കൃത്യമായി രേഖപ്പെടുത്താതെ وَوَجَدُوا അവര്‍ കണ്ടെത്തുകയും ചെയ്യും مَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതു, അവര്‍ എന്തു പ്രവര്‍ത്തിച്ചുവോ അതു حَاضِرًا സന്നിഹിതമായി, തയ്യാറായി وَلَا يَظْلِمُ അക്രമം ചെയ്കയില്ല അനീതി കാണിക്കയില്ല رَبُّكَ നിന്റെ രക്ഷിതാവ് أَحَدًا ആരേയും, ഒരാളെയും ആരോടും

47-ാം വചനത്തില്‍ പര്‍വ്വതങ്ങളെ നടത്തുമെന്നു പറഞ്ഞത്, ലോകാവസാനസമയത്തുണ്ടാകുന്ന അതിഭയങ്കരങ്ങളായ സംഭവ വികാസങ്ങളില്‍പെട്ടതാകുന്നു. തുടര്‍ന്നുകൊണ്ട് ജനങ്ങളെയെല്ലാം പുനര്‍ജ്ജീവിപ്പിച്ചു വിചാരണാനിലയത്തിലേക്കു കൊണ്ടുവരുന്നതും, ഓരോരുത്തരുടെയും നന്മതിന്മകള്‍ രേഖപ്പെടുത്തപ്പെട്ട ഏടുകള്‍ അവരവരുടെ കയ്യില്‍ നല്‍കപ്പെടുന്നതും, അല്ലാഹുവിന്റെ തിരുസന്നിധിയില്‍ എല്ലാവരും വിചാരണക്കു കൊണ്ടുവരപ്പെടുന്നതും വിവരിക്കുന്നു. ആ സന്ദര്‍ഭത്തില്‍, അവിശ്വാസികളും പാപികളുമായ ആളുകളുടെ വ്യസനവും ഖേദവും അതിരറ്റതായിരിക്കും. ഇവ ഓരോന്നിനെക്കുറിച്ചും തുടര്‍ന്നുള്ള സൂറത്തുകളില്‍ വിശദമായി വിവരിക്കുന്നുണ്ട്.

ധനം, സ്വാധീനം മുതലായവ ലഭിച്ചതുനിമിത്തം സത്യത്തെ ധിക്കരിച്ചുവരുന്ന അഹങ്കാരികളെപ്പറ്റി വിവരിച്ച ശേഷം, ആഭിജാത്യത്തിന്റെയും വര്‍ഗ്ഗമാഹത്മ്യത്തിന്റെയും പേരില്‍ ദൈവകല്‍പനയെ ധിക്കരിച്ച ഇബ്ലീസിനെക്കുറിച്ചു അടുത്ത വചനത്തില്‍ അല്ലാഹു ഓര്‍മ്മപ്പെടുത്തുന്നു. മനുഷ്യന്റെ ജന്മശത്രുവായ അവന്റെ ദുഷ്പ്രേരണകളെ സദാ സൂക്ഷിച്ചുകൊള്ളേണ്ടതുണ്ടെന്നു് അനുസ്മരിപ്പിക്കുകയും ചെയ്യുന്നു:-