വിഭാഗം - 2

55:26
  • كُلُّ مَنْ عَلَيْهَا فَانٍ ﴾٢٦﴿
  • അതിന്‍റെ [ഭൂമിയുടെ] മീതെയുള്ളവല്ലൊം നാശമടയുന്നവരാണ്
  • كُلُّ مَنْ യാതൊരുവരെല്ലാം عَلَيْهَا അതിന്‍റെ മേലുള്ള فَانٍ നശിക്കുന്ന (നാശമടയുന്ന) താണ്
55:27
  • وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ ﴾٢٧﴿
  • മഹത്വവും ഉദാരതയുമുള്ളവനായ നിന്‍റെ റബ്ബിന്‍റെ വദനം ശേഷിക്കുകയും ചെയ്യും.
  • وَّيَبْقَىٰ ശേഷിക്കയും ചെയ്യും وَجْهُ رَبِّكَ നിന്റെ റബ്ബിന്റെ വദനം, മുഖം ذُو الْجَلَالِ മഹത്വമുള്ള وَالْإِكْرَامِ ഉദാരതയും, ബഹുമാനവുമുള്ള

ذُو الْجَلَالِ وَالْإِكْرَامِ എന്ന വിശേഷണത്തെ സംബന്ധിച്ച ചില വിവരങ്ങള്‍ സൂറത്തിന്റെ അവസാനത്തില്‍ കാണാം إن شاء الله

55:28
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٨﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:29
  • يَسْـَٔلُهُۥ مَن فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۚ كُلَّ يَوْمٍ هُوَ فِى شَأْنٍ ﴾٢٩﴿
  • ആകാശങ്ങളിലും ഭൂമിയിലുമുള്ളവര്‍ അവനോടുയാചിക്കുന്നു. എല്ലാ ദിവസവും അവന്‍ ഓരോ കാര്യത്തിലായിരിക്കും.
  • يَسْأَلُهُ അവനോടു ചോദിക്കുന്നു, യാചിക്കും مَن فِي السَّمَاوَاتِ ആകാശങ്ങളിലുള്ളവര്‍ وَالْأَرْضِ ഭൂമിയിലും كُلَّ يَوْمٍ എല്ലാ ദിവസവും هُوَ അവന്‍ فِي شَأْنٍ ഓരോ കാര്യത്തിലായിരിക്കും
55:30
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٠﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ആകാശഭൂമികളിലുള്ള ഏതൊരാളും നിരീശ്വരവാദികളായുള്ളവര്‍ പോലും അല്ലാഹുവിനെയും, അവന്‍റെ സഹായത്തെയും ആശ്രയിക്കാത്തവരായിട്ടില്ല. അറിഞ്ഞോ അറിയാതെയോ അവനോട് അര്‍ത്ഥിക്കാത്തവരുമില്ല. ഒരാള്‍ ദൈവനിഷേധിയാകട്ടെ, യുക്തിവാദിയാകട്ടെ, പ്രകൃതിവാദിയാകട്ടെ, അവന്‍റെ വായും, വെള്ളം, ഭക്ഷണം അടക്കം, ചലനം തുടങ്ങിയ ഓരോന്നിലും അല്ലാഹുവിന്‍റെ എത്രയോ പ്രകൃതിനിയമങ്ങളെ ആശ്രയിച്ചുകൊണ്ടല്ലാതെ ഒരൊറ്റ നിമിഷവും കഴിച്ചുകൂട്ടുവാന്‍ ശക്തനല്ലതന്നെ. അവക്കു വിധേയനായിക്കൊണ്ടല്ലാതെ ഒരു കൈവിരല്‍ അനക്കുവാന്‍ പോലും അവന്‍ ശക്തനല്ല.

കോടാനുകോടി മഹാഗോളലോകങ്ങള്‍, എണ്ണമില്ലാത്ത ജീവലോകങ്ങള്‍, കണക്കറ്റ മറ്റനേകം വസ്തുലോകങ്ങള്‍ ഓരോന്നിലും അനുനിമിഷം നടമാടിക്കൊണ്ടിരിക്കുന്ന ഭാവനാതീതമായ പ്രക്രിയകള്‍, ഇവയെല്ലാം വ്യവസ്ഥയോടെ, ചിട്ടയോടെ, നിയന്ത്രിച്ചുവരുന്ന അല്ലാഹു – ചില കൂട്ടര്‍ ധരിച്ചുവരുന്നതുപോലെ – ആഴ്ചയില്‍ ഒരു ദിവസമോ മറ്റോ ജോലിയില്ലാതെ സ്വസ്ഥമായിരിക്കുന്നില്ല. മറ്റു ചിലര്‍ വിവരിക്കുന്നതുപോലെ ഈ അഖിലാണ്ഡത്തിനൊരു പൊതു നിയമവ്യവസ്ഥ നിശ്ചയിച്ചുകൊണ്ട് എനിയെല്ലാം അതതിന്‍റെ പാട്ടിനു നടക്കട്ടെ എന്നുവെച്ച് ചുമ്മാ ഇരിക്കുകയുമല്ല. ഉറക്കമോ, മയക്കമോ, ക്ഷീണമോ, മറവിയോ ബാധിച്ച് എപ്പോഴെങ്കിലും അവന്‍ അശ്രദ്ധനായിരിക്കാറുമില്ല. അതേ, അവന്‍ നിത്യവും ഓരോരോ കാര്യങ്ങളില്‍ ബദ്ധാശ്രദ്ധനത്രെ. അല്ലായിരുന്നുവെങ്കില്‍ – വേണ്ടാ ഒരു മിടിയിടനേരം അവന്‍ അശ്രദ്ധനാകുമായിരുന്നുവെങ്കില്‍ – അനന്തവിസ്തൃതമായ ഈ ലോകാലോകങ്ങളുടെ ഗതി എന്തായിരിക്കുമെന്നു മനുഷ്യരാശിക്കു ഊഹിക്കുവാന്‍ പോലും സാധ്യമല്ലതന്നെ!

ലോകാവസാനം വരെയുള്ള കാര്യങ്ങളെല്ലാം നിര്‍ണ്ണയിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്തിരിക്കുന്നുവെന്നു നബിവചനങ്ങളില്‍ വന്നിട്ടുള്ളതും, അല്ലാഹു എല്ലാ ദിവസവും ഓരോ കാര്യത്തിലാണ് എന്നുള്ള ഈ വചനവും തമ്മില്‍ എങ്ങിനെ യോജിക്കുമെന്നു ചോദിക്കപ്പെട്ടപ്പോള്‍ ഹുസൈനുബ്നു ഫള്വ് ല്‍ (حسين بن فضل رح) ഇപ്രകാരം മറുപടി പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: شؤن بيد يها لا شؤن بئد يها (അവന്‍ വെളിക്കു വരുത്തുന്ന കാര്യങ്ങളാണ്, അവന്‍ ആദ്യമായിത്തുടങ്ങുന്ന കാര്യങ്ങളല്ല.) അതായതു, ഹദീസുകളില്‍ പ്രസ്താവിക്കപ്പെട്ടപ്രകാരം എല്ലാ കാര്യങ്ങളും മുമ്പ് നിശ്ചയിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ആ നിശ്ചയം അനുസരിച്ചു കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തി നടപ്പാക്കുന്നതിനെക്കുറിച്ചാണ് ആയത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നല്ലാതെ, കാര്യങ്ങളെല്ലാം പുത്തനായി ആരംഭിച്ചുണ്ടാക്കുന്നതിനെക്കുറിച്ചല്ല എന്നു സാരം. വളരെ ശ്രദ്ധേയവും, പല സംശയങ്ങള്‍ക്കും നിവാരണം നല്‍കുന്നതുമാണ് ഈ മറുപടി. ആദ്യസൃഷ്ടി മുതല്‍ മരണം വരെയുള്ള പല കാര്യങ്ങളും ഓര്‍മ്മിപ്പിച്ചശേഷം വിചാരണ മുതലായവയെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു:-

55:31
  • سَنَفْرُغُ لَكُمْ أَيُّهَ ٱلثَّقَلَانِ ﴾٣١﴿
  • നിങ്ങക്കുവേണ്ടി നാം അടുത്ത് മിനക്കെടുന്നതാണ് - ഹേ, രണ്ടു (കനത്ത) സമൂഹമേ!
  • سَنَفْرُغُ നാം അടുത്തു മിനക്കെടും, ഒഴിഞ്ഞിരുന്നേക്കും لَكُمْ നിങ്ങള്‍ക്കായി, നിങ്ങള്‍ക്കുവേണ്ടി أَيُّهَ الثَّقَلَانِ ഹേ രണ്ടു കനത്തവരേ (സമൂഹമേ)
55:32
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٢﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:33
  • يَٰمَعْشَرَ ٱلْجِنِّ وَٱلْإِنسِ إِنِ ٱسْتَطَعْتُمْ أَن تَنفُذُوا۟ مِنْ أَقْطَارِ ٱلسَّمَٰوَٰتِ وَٱلْأَرْضِ فَٱنفُذُوا۟ ۚ لَا تَنفُذُونَ إِلَّا بِسُلْطَٰنٍ ﴾٣٣﴿
  • ജിന്നിന്‍റെയും ഇന്‍സി [മനുഷ്യ]ന്‍റെയും സംഘമേ, ആകാശങ്ങളുടെയും, ഭൂമിയുടെയും മേഖലകളില്‍ നിന്നു (പുറത്തു) കടന്നുപോകുവാന്‍ നിങ്ങള്‍ക്കു സാധ്യമാകുന്നപക്ഷം, നിങ്ങള്‍ കടന്നു പോകുവിന്‍! ഒരു അധികാരശക്തി കൂടാതെ നിങ്ങള്‍ കടന്നുപോകയില്ല.
  • يَا مَعْشَرَ ഹേ സംഘമെ, കൂട്ടമേ الْجِنِّ وَالْإِنسِ ജിന്നിന്‍റെയും ഇന്‍സി(മനുഷ്യ)ന്‍റെയും إِنِ اسْتَطَعْتُمْ നിങ്ങള്‍ക്കു സാധിക്കുന്നപക്ഷം أَن تَنفُذُوا നിങ്ങള്‍ കടന്നുപോകാന്‍, ചോര്‍ന്നുകടക്കാന്‍ مِنْ أَقْطَارِ മേഖലകളില്‍ നിന്നു السَّمَاوَاتِ ആകാശങ്ങളുടെ وَالْأَرْضِ ഭൂമിയുടെയും فَانفُذُوا എന്നാല്‍ നിങ്ങള്‍ കടന്നു (ചോര്‍ന്നു) പോകുവിന്‍ لَا تَنفُذُونَ നിങ്ങള്‍ കടന്നു പോകയില്ല إِلَّا بِسُلْطَانٍ ഒരു അധികാരം (രേഖ-ശക്തി-അധികൃത ലക്ഷ്യം) കൂടാതെ
55:34
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٤﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:35
  • يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴾٣٥﴿
  • നിങ്ങളിരുവരുടെയും മേല്, അഗ്നിയില്നിന്നുള്ള ജ്വാലയും, കരിമ്പുകയും അയക്കപ്പെടുന്നതാണ്. അപ്പോള്, നിങ്ങള് രക്ഷാനടപടിയെടുക്കുന്നതല്ല. [നിങ്ങള്ക്കതിനു സാധ്യമല്ല]
  • يُرْسَلُ അയക്കപ്പെടും عَلَيْكُمَا നിങ്ങളിരുവരുടേയും മേല്‍ شُوَاظٌ ജ്വാല مِّن نَّارٍ തീയിന്‍റെ, അഗ്നിയാലുള്ള وَنُحَاسٌ പുക (കരിമ്പുക)യും ചെമ്പു (ദ്രാവകവും) فَلَا تَنتَصِرَانِ അപ്പോള്‍ നിങ്ങള്‍ രണ്ടുകൂട്ടരും രക്ഷാ നടപടി എടുക്കയില്ല (ചെറുത്തു നില്‍ക്കുകയില്ല)

55:36
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٦﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, ജോലിത്തിരക്കു എന്നോ, ജോലി ഇല്ലാതിരിക്കുക എന്നോ ഇല്ല. ഒരുകാര്യം മറ്റൊരു കാര്യത്തിനു അവനു തടസ്സമാകുന്നതുമല്ല. എന്നിരിക്കെ, ജിന്നിനെയും മനുഷ്യനെയും അഭിമുഖീകരിച്ചുകൊണ്ടു നിങ്ങള്‍ക്കുവേണ്ടി അടുത്തു ഞാന്‍ മിനക്കെടുവാന്‍ പോകുന്നുവെന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം രണ്ടുകൂട്ടരും അധികം താമസിയാതെ അല്ലാഹുവിന്‍റെ മുമ്പില്‍ വിചാരണക്കു ഹാജരാകേണ്ടിവരുമെന്നു ശക്തിപൂര്‍വ്വം താക്കീതു ചെയ്യുകയാകുന്നു.

അല്ലാഹുവിന്‍റെ പിടിയില്‍പെടാതിരിക്കത്തക്കവണ്ണം അവന്‍റെ അധികാരാതിര്‍ത്തിയില്‍ നിന്നു – ആകാശഭൂമികളില്‍നിന്നു – പുറത്തേക്കു കടന്നുപോയി രക്ഷപ്പെടുവാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അതൊന്നു കാണട്ടെ എന്നു ജിന്നുവര്‍ഗ്ഗത്തെയും മനുഷ്യവര്‍ഗ്ഗത്തെയും ആകമാനം 33ആം വചനത്തില്‍ അല്ലാഹു വെല്ലുവിളിക്കുന്നു. അല്ലാഹുവിങ്കല്‍ നിന്നുതന്നെയുള്ള അധികൃതമായ വല്ല ശക്തിയും പ്രമാണവും കിട്ടിയാലല്ലാതെ ആര്‍ക്കും അതിനുസാധ്യമല്ല എന്നു അതോടൊപ്പം തീര്‍ത്തു പറയുകയും ചെയ്യുന്നു. ഈ വെല്ലുവിളിയില്‍ അടങ്ങിയിരിക്കുന്ന താക്കീതു പ്രധാനമായും അവിശ്വാസികളെ ഉദ്ദേശിച്ചുള്ളതാണെന്നു 35ആം വചനത്തിന്‍റെ ഉള്ളടക്കം കൊണ്ടു മനസ്സിലാക്കാം. ഖിയാമത്തുനാളില്‍ വിചാരണാ നിലയത്തില്‍ വെച്ചു നടക്കുന്ന ആ ആഹ്വാനമായിട്ടാണ് ഇബ്നുകഥീര്‍ (റ) മുതലായ ചില മഹാന്മാര്‍ ഈ വചനത്തെ കണക്കാക്കുന്നത്. മുമ്പും പിമ്പുമുള്ള (31ഉം 35ഉം ) ആയത്തുകളിലെ പ്രസ്താവനകള്‍ നോക്കുമ്പോള്‍ ഈ അഭിപ്രായം ശരിയായിരിക്കുമെന്നു കരുതാവുന്നതുമാണ്. 35-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്ന അഗ്നി ജ്വാലയും പുകയും അനുഭവപ്പെടുമ്പോള്‍ കുറ്റവാളികളായ ആളുകള്‍ അവിടെ നിന്നു സ്വൈരംകെട്ടു ഓടിപ്പോകുവാന്‍ ശ്രമിക്കുമെന്നും, ആ സന്ദര്‍ഭത്തിലായിരിക്കും ഈ ആഹ്വാനമുണ്ടാകുക എന്നും പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. ഏതായാലും ഈ വെല്ലുവിളിയെ അതിലംഘിക്കുവാന്‍ ആര്‍ക്കും – ഏതു ലോകത്തും ഏതുകാലത്തും തന്നെ സാധ്യമല്ലെന്നു തീര്‍ച്ചയാണ്.

ഉപരിയാകാശ യാത്രകളും, ഉപരിഗോള നിരീക്ഷണങ്ങളും നടത്തുവാനുള്ള പ്രോത്സാഹനവും, അതിനു വേണ്ടുന്ന ബുദ്ധിപരവും ശാസ്ത്രീയവുമായ തയ്യാറെടുപ്പു നടത്തുവാനുള്ള സൂചനയാണ് 33ആം വചനത്തിന്‍റെ ഇതിവൃത്തം എന്നു കാണിക്കുന്ന ചില പുതിയ അര്‍ത്ഥവ്യാഖ്യാനങ്ങള്‍ ഈയിടെയായി ചിലരില്‍നിന്നു പുറത്തുവന്നു കാണുന്നു. ചന്ദ്രഗോളത്തിലേക്കും മറ്റുമുള്ള യാത്രാപരിപാടികള്‍ ആസൂത്രണം ചെയ്യപ്പെടുവാനും നടപ്പില്‍ വരുത്തപ്പെടുവാനും തുടങ്ങിയതോടെ, അതിനു ഖുര്‍ആന്‍റെ അംഗീകാരം വാങ്ങിക്കൊടുക്കുവാനുള്ള ചില വ്യക്തികളുടെ താല്‍പര്യത്തില്‍നിന്നു ഉടലെടുത്തതാണ് ഈ സാഹസം. ബഹിരാകാശ നിരീക്ഷണയാത്രാ സംരഭങ്ങള്‍ക്കു പ്രോത്സാഹനവും, അവയുടെ വിജയഫലത്തിലേക്കുള്ള സൂചനകളും അവയുമായി ബന്ധമില്ലാത്ത ഇതുപോലെയുള്ള വചനങ്ങളില്‍ നിന്നു മുങ്ങിത്തപ്പി എടുക്കുവാന്‍ സാഹസപ്പെടേണ്ടുന്ന അവശ്യമില്ല. അതിനുവേണ്ടി സന്ദര്‍ഭങ്ങള്‍ക്കു യോജിക്കാത്തതും, വാക്യങ്ങള്‍ക്കു നിരക്കാത്തതുമായ അര്‍ത്ഥ വിവക്ഷകള്‍ കല്‍പ്പിക്കുകയെന്ന അപരാധത്തിനു മുതിരേണ്ടതുമില്ല. കാരണം, പ്രസ്തുത താല്‍പര്യം നിറവേറ്റുവാന്‍ തികച്ചും ഉപകരിക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍ വേറെത്തന്നെ ഒന്നിലധികം കാണാം. (35:13; 31:20 മുതലായവ നോക്കുക)

വേറെ ചില ആളുകള്‍, ഈ അടുത്തകാലത്തു ഈ ആയത്തിന്‍റെ താല്‍പര്യം വിവരിച്ചുകാണുന്നതു അതിലേറെ വിചിത്രമായിരിക്കുന്നു! ‘ബാഹ്യപ്രകൃതിയുടെ മേഖലകളില്‍ നിന്നു പുറത്തുചാടി ഉദ്ഗമിക്കുവാന്‍ കഴിയുമെങ്കില്‍ ഉദ്ഗമിക്കുക. ഒരു സവിശേഷ ശക്തികൊണ്ടല്ലാതെ നിങ്ങള്‍ ഉദ്ഗമിക്കുകയില്ല.’ എന്നിങ്ങനെയാണ് ഇവരുടെ അര്‍ത്ഥ കല്‍പന. ‘ആകാശ ഭൂമികള്‍’ കൊണ്ടു ഇവിടെ ഉദ്ദേശ്യം ‘ബാഹ്യ പ്രകൃതി’ യാണെന്നും. ‘സവിശേഷ ശക്തി’ കൊണ്ടുദ്ദേശ്യം ‘ആത്മീയശക്തി-അഥവാ ഈശ്വരസാക്ഷാല്‍ക്കാരം’ ആണെന്നുമാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. ഇതിന്‍റെ ന്യായീകരണത്തെപ്പറ്റി അവരുമായി ആരാഞ്ഞപ്പോള്‍, അതു തങ്ങളുടെ മനസ്സില്‍ ചിരകാലമായി ഊറിയുറച്ച ഒരഭിപ്രായമാണെന്നതില്‍ കവിഞ്ഞു പറയത്തക്ക ഒരു മറുപടിയും ലഭിക്കുകയുണ്ടായില്ലെന്നതു ശ്രദ്ധേയമാണ്. ഏതായാലും, ഓരോരുത്തനും മനസ്സില്‍ തോന്നുന്ന ഓരോ ആശയും, ആശയവും ഇങ്ങിനെ ഖുര്‍ആന്‍റെ പേരില്‍ അവതരിപ്പിക്കുവാന്‍ മുതിരുന്നത് ഖുര്‍ആന്റെ നേര്‍ക്കുള്ള കയ്യേറ്റവും അക്രമവുമാണെന്നേ നമുക്ക് ഇവരോട് തല്‍കാലം പറയുവാനുള്ളു. ഖിയാമത്തുനാളിലെ ചില സംഭവവികാസങ്ങളെപ്പറ്റി അല്ലാഹു തുടര്‍ന്നു പറയുന്നു:-

55:37
  • فَإِذَا ٱنشَقَّتِ ٱلسَّمَآءُ فَكَانَتْ وَرْدَةً كَٱلدِّهَانِ ﴾٣٧﴿
  • എന്നാല്‍, ആകാശം പൊട്ടിപ്പിളര്‍ന്ന് അതു കുഴമ്പ് (അഥവാ എണ്ണക്കീടം) പോലെയും, പനിനീര്‍ (അഥവാ ചുവപ്പു) വര്‍ണ്ണമുള്ളതും ആയിത്തീര്‍ന്നാല്‍...
  • فَإِذَا انشَقَّتِ എന്നാല്‍ പിളര്‍ന്നാല്‍, പൊട്ടിക്കീറിയാല്‍ السَّمَاءُ ആകാശം فَكَانَتْ എന്നിട്ടു അതായി وَرْدَةً ഒരു പനിനീര്‍ വര്‍ണ്ണമുള്ളതു, ഊറക്കിട്ട തോല്‍ (പോലെ) ചുവന്നതു, ചെമ്മഞ്ഞയായതു كَالدِّهَان എണ്ണ (കുഴമ്പ്, കീടം) പോലുള്ളതു
55:38
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٣٨﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:39
  • فَيَوْمَئِذٍ لَّا يُسْـَٔلُ عَن ذَنۢبِهِۦٓ إِنسٌ وَلَا جَآنٌّ ﴾٣٩﴿
  • അപ്പോള് - അന്നത്തെ ദിവസം - ഒരു മനുഷ്യനോടാകട്ടെ, ജിന്നിനോടാകട്ടെ, തന്റെ പാപത്തെപ്പറ്റി ചോദി(ച്ചന്വേഷി)ക്കപ്പെടുന്നതല്ല.
  • فَيَوْمَئِذٍ അപ്പോള്‍ അന്നത്തെ ദിവസം لَّا يُسْأَلُ ചോദിക്കപ്പെടുകയില്ല عَن ذَنبِهِ തന്‍റെ പാപത്തെപ്പറ്റി إِنسٌ ഒരു മനുഷ്യനോടും وَلَا جَانٌّ ജിന്നിനോടും ഇല്ല.
55:40
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٠﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

അന്ത്യനാളില്‍ ആകാശത്തിന്‍റെ നിലയില്‍ വരുന്ന ചില മാറ്റങ്ങളെപ്പറ്റിയാണ് 37-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. അതു പൊട്ടിപ്പിളരുന്നു. അഥവാ മറ്റു സ്ഥലങ്ങളില്‍ പറഞ്ഞതുപോലെ, അതിലെ നക്ഷത്രങ്ങളടക്കമുള്ള ഗോളങ്ങളെല്ലാം സ്ഥാനം തെറ്റി താറുമാറാകുന്നു. കുഴമ്പ് – അഥവാ എണ്ണക്കീടം – പോലെ അതു കുഴഞ്ഞു ദുര്‍ബ്ബലമാകുകയും, നിറമാറ്റം സംഭവിച്ചു പനിനീര്‍പോലെ ചെമ്മഞ്ഞയായിത്തീരുകയും ചെയ്യുന്നു. അങ്ങിനെ, ആകാശഭൂമികളുടെ ഇന്നത്തെ ഈ ഘടനതന്നെ പാടെ മാറിപ്പോകുന്നു.

അന്നു മനുഷ്യരും ജിന്നുകളും അവരുടെ പാപങ്ങളെപ്പറ്റി തീരെ ചോദ്യം ചെയ്യപ്പെടുകയില്ലെന്നല്ല 39-ാം വചനത്തിന്‍റെ താല്‍പര്യം. പാപികള്‍ ചോദ്യം ചെയ്യപ്പെടുമെന്ന വസ്തുത ഖുര്‍ആന്‍ പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. പക്ഷേ, പാപികളുടെ പാപങ്ങളെപ്പറ്റി അവരോടു ചോദിച്ചറിയേണ്ടുന്ന ആവശ്യമില്ല; അതിനു മതിയായ തെളിവുകളും രേഖകളും വേറെത്തന്നെ ധാരാളമുണ്ട് എന്നത്രെ അതിന്‍റെ താല്‍പര്യം. അടുത്തവചനം കാണുക.

55:41
  • يُعْرَفُ ٱلْمُجْرِمُونَ بِسِيمَٰهُمْ فَيُؤْخَذُ بِٱلنَّوَٰصِى وَٱلْأَقْدَامِ ﴾٤١﴿
  • (കാരണം:) കുറ്റവാളികള്‍ അവരുടെ അടയാളം മുഖേന അറിയപ്പെടുന്നതാണ്. എന്നിട്ട് നെറുകന്തലകളും (അഥവാ കുടുമകളും) കാലടികളും (കൂട്ടി)പ്പിടിക്കപ്പെടുന്നതായിരിക്കും.
  • يُعْرَفُ അറിയപ്പെടും الْمُجْرِمُونَ കുറ്റവാളികള്‍ بِسِيمَاهُمْ അവരുടെ അടയാളംകൊണ്ടു فَيُؤْخَذُ എന്നിട്ടു പിടിക്കപ്പെടും بِالنَّوَاصِي നെറുകന്തലകളെ, കുടുമകളെ وَالْأَقْدَامِ പാദം (കാലടി)കളെയും
55:42
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٢﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

55:43
  • هَٰذِهِۦ جَهَنَّمُ ٱلَّتِى يُكَذِّبُ بِهَا ٱلْمُجْرِمُونَ ﴾٤٣﴿
  • 'കുറ്റവാളികള്‍ വ്യാജമാക്കിക്കൊണ്ടിരുന്നതായ 'ജഹന്നം' [നരകം] ഇതാ!' (എന്നു പറയപ്പെടും)
  • هَـٰذِهِ ഇതാ, ഇതാണ്, ഇതു جَهَنَّمُ നരകം, നരകമാകുന്നു الَّتِي يُكَذِّبُ വ്യാജമാക്കിയിരുന്നതായ بِهَا അതിനെ الْمُجْرِمُونَ കുറ്റവാളികള്
55:44
  • يَطُوفُونَ بَيْنَهَا وَبَيْنَ حَمِيمٍ ءَانٍ ﴾٤٤﴿
  • അതിന്‍റെയും (അങ്ങേയറ്റം) ഉഷ്ണമേറിയ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും ഇടയിലായി അവര്‍ ചുറ്റി അലയുന്നതാകുന്നു.
  • يَطُوفُونَ അവര്‍ ചുറ്റും, അലയും بَيْنَهَا അതിന്‍റെ ഇടയില്‍ وَبَيْنَ حَمِيمٍ ചുട്ടുതിളക്കുന്ന വെള്ളത്തിന്‍റെയും آنٍ ചൂടേറിയ, അങ്ങേ അറ്റമെത്തിയ
55:45
  • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٤٥﴿
  • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
  • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്‍റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ആമങ്ങളാലും, ചങ്ങലകളാലും ബന്ധിക്കപ്പെട്ടുകൊണ്ടു അവര്‍ ചുട്ടുതിളക്കുന്ന വെള്ളത്തില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്യും. അവരെ നരകത്തില്‍ ഇട്ടു കത്തിക്കപ്പെടുകയും ചെയ്യും. (40:71, 72). നരകത്തിലെ ‘സഖ്ഖൂമാ’കുന്ന വൃക്ഷത്തില്‍നിന്നും അവര്‍ തിന്നുകയും, പിന്നീടു അതിനുമീതെ ചുട്ടുതിളച്ച വെള്ളം കുടിക്കേണ്ടി വരികയും ചെയ്യും. പിന്നീടു അവര്‍ നരകത്തിലേക്കുതന്നെ മടക്കപ്പെടുകയും ചെയ്യും. (സൂഃ സ്വാഫ്: 64-68) അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.  കുറ്റവാളികളെപ്പറ്റി പ്രസ്താവിച്ചശേഷം ഭയഭക്തന്‍മാരായ സജ്ജനങ്ങളെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു:-