റഹ്‌മാൻ (പരമകാരുണികന്‍)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 78 – വിഭാഗം (റുകൂഅ്) 3

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുകള്‍ പരിശോധിച്ചാല്‍ മിക്ക സൂറത്തുകള്‍ക്കും അതിന്റേതായ  ചില പ്രത്യേകതകള്‍ കാണുവാന്‍ കഴിയും. പക്ഷെ, എല്ലാം എല്ലാവര്‍ക്കും മനസ്സിലാക്കുവാന്‍ കഴിഞ്ഞെന്നു വരികയില്ല. ഖുര്‍ആനെ സംബന്ധിച്ച അറിവും ആസ്വദനവും അനുസരിച്ച് ഓരോരുത്തനും അതു മനസ്സിലാക്കുവാന്‍ സാധിക്കുമെന്നു മാത്രം. എന്നാല്‍, ഈ അദ്ധ്യായത്തെ സംബന്ധിച്ചിടത്തോളം അതിന്റേതായ ചില പ്രത്യേകതകള്‍ പ്രത്യക്ഷത്തില്‍തന്നെ ആര്‍ക്കും കണ്ടറിയുവാന്‍ സാധിക്കുന്നു. വിഷയത്തിന്റെ ഗൗരവത്തോടൊപ്പം തന്നെ ആസ്വാദനരസം, പാരായണഭംഗി, ശ്രവണസുഖം, അത്യാകര്‍ഷകമായ പ്രതിപാദനരീതി ആദിയായ വശങ്ങളില്‍ സൂഃ റഹ്മാന്റെ സവിശേഷത പ്രസിദ്ധമാണ്. പാരായണവേളയിലും, ശ്രവണവേളയിലും രോമാഞ്ചം ഉണ്ടാക്കുന്നതും, ഹൃദയത്തിനു നടുക്കം ബാധിക്കുന്നതുമായ ഒരു വചനമത്രെ മുപ്പത്തിഒന്നു പ്രാവശ്യം മനുഷ്യരെയും ജിന്നുകളെയും അഭിമുഖീകരിച്ചുകൊണ്ട് ആവര്‍ത്തിച്ചു പറയപ്പെട്ടിട്ടുള്ള ഇതിലെ ഒരു സൂക്തം (فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ) അതു കേള്‍ക്കുമ്പോള്‍ സംഗീതരസവും, നീട്ടി ഓതുമ്പോള്‍ ഗാനമധുരവും അനുഭവപ്പെടുന്നു. അതേ അവസരത്തില്‍, അതിലടങ്ങിയ ഗൗരവമേറിയ ചോദ്യവും, അതിന്റെ അര്‍ത്ഥവ്യാപ്തിയും ഹൃദയമുള്ള ഓരോരുത്തനേയും ചിന്തിപ്പിക്കുന്നതുമാണ്. അല്ലാഹുവിന്റെ മുമ്പില്‍ സാഷ്ടാംഗം അര്‍പ്പിച്ചു മുപ്പത്തിഒന്നുവട്ടം നന്ദി രേഖപ്പെടുത്തുവാന്‍ അതവനെ നിര്‍ബന്ധിക്കുന്നതു കാണാം. عروس القرآن (ഖുര്‍ആനിലെ നവവധു) എന്നൊരു ബഹുമതിപ്പേര്‍ ഈ അദ്ധ്യായത്തിനു പറയപ്പെടാറുള്ളതിനു കാരണം ഇതില്‍നിന്നെല്ലാം ഊഹിക്കാമല്ലോ.

55:1
 • ٱلرَّحْمَـٰنُ ﴾١﴿
 • പരമകാരുണികന്‍!
 • الرَّحْمَـٰنُ പരമകാരുണികന്‍
55:2
 • عَلَّمَ ٱلْقُرْءَانَ ﴾٢﴿
 • അവന്‍ ഖുര്‍ആന്‍ പഠിപ്പിച്ചു.
 • عَلَّمَ അവന്‍ പഠിപ്പിച്ചു الْقُرْآنَ ഖുര്‍ആനെ
55:3
 • خَلَقَ ٱلْإِنسَـٰنَ ﴾٣﴿
 • അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
 • خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ
55:4
 • عَلَّمَهُ ٱلْبَيَانَ ﴾٤﴿
 • അവന്‍ അവനു വിവരണം പഠിപ്പിച്ചു.
 • عَلَّمَهُ അവന്‍ അവനു പഠിപ്പിച്ചു الْبَيَانَ വിവരണം (മനസ്സിലുള്ളതു വിവരിക്കല്‍), സംസാരം

അല്ലാഹുവിന്റെ ഉല്‍കൃഷ്ടനാമത്തില്‍ ‘അല്ലാഹു’ എന്ന തിരുനാമത്തെക്കഴിച്ചാല്‍ ഏറ്റവും മഹത്തായ ഒരു നാമവിശേഷണമത്രെ ‘അര്‍-റഹ്മാന്‍ (الرحمن)’. കാരുണ്യത്തിന്റെ പാരമ്യമുള്ളവന്‍, അഥവാ പരമകാരുണികന്‍ എന്നര്‍ത്ഥം. മറ്റൊരു വിശേഷണം കൂടാതെ, ‘അല്ലാഹു’ എന്ന നാമം പോലെ ഈ നാമവും സ്വതന്ത്രമായിത്തന്നെ പലേടത്തും ഖുര്‍ആനില്‍ അവനു ഉപയോഗിക്കപ്പെട്ടു കാണാം. ഈ രണ്ടു നാമങ്ങളും അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും നാമങ്ങളായോ വിശേഷണങ്ങളായോ ഉപയോഗിക്കപ്പെടാറില്ല. (*)


(*) ‘പുരോഗമന’ത്തിന്റെ പേരില്‍ എല്ലാ സനാതനതത്വങ്ങളും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്തു ഇപ്പറഞ്ഞതിനു അപവാദമായി ചില മുസ്‌ലിംകളുടെ പേരുകളിലോ മറ്റോ വല്ല ഉദാഹരണവും കണ്ടേക്കാമെങ്കില്‍ അതിലത്ഭുതപ്പെടുവാനില്ല.


അല്ലാഹുവിന്റെ കാരുണ്യത്തിന്റെ അതിമഹത്തായ മൂന്നു ഉദാഹരണങ്ങള്‍ ഈ വചനങ്ങളില്‍ അല്ലാഹു എടുത്തുകാട്ടുന്നു:

(1) ഖുര്‍ആന്‍ പഠിപ്പിച്ചത്. (2) മനുഷ്യനെ സൃഷ്ടിച്ചത്. (3) അവനു വിവരണം പഠിപ്പിച്ചത്. അഥവാ മനസ്സിലുള്ള ആശയങ്ങളും വിചാരവികാരങ്ങളും സംസാരം മുഖേന അന്യരെ വ്യക്തമായി അറിയിക്കുവാനുള്ള കഴിവു നല്‍കിയത്. ഇവക്കുപുറമെ തുടര്‍ന്നുള്ള വചനങ്ങളില്‍ മറ്റു പല അനുഗ്രഹങ്ങളെക്കുറിച്ചും പ്രസ്താവിക്കുന്നുമുണ്ട്. എന്നാല്‍, സ്വാഭാവികമായി നോക്കുമ്പോള്‍, മനുഷ്യനെ സൃഷ്ടിച്ചതു ഒന്നാമതായും, വിവരണത്തിനു കഴിവു നല്‍കിയതു രണ്ടാമതായും, ഖുര്‍ആന്‍ പഠിപ്പിച്ചതു അവസാനത്തേതായും പറയേണ്ടതായിരുന്നുവെന്നു തോന്നിയേക്കാം. പക്ഷേ, മറ്റു ചില വസ്തുക്കള്‍ ആലോചിക്കേണ്ടതുണ്ട്. മനുഷ്യന്‍ എത്ര ഉല്‍കൃഷ്ടസൃഷ്ടിയായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെങ്കിലും അവന്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ അവനെ സംബന്ധിച്ചിടത്തോളം ലാഭനഷ്ടങ്ങളായി യാതൊന്നും പരിഗണിക്കപ്പെടുവാനുണ്ടായിരിക്കയില്ല. എനി, അവന്‍ സൃഷ്ടിക്കപ്പെടുകയും, അതേസമയത്തു ഇതരജീവികളെപ്പോലെ അവനും ഒരു മൂകജീവിയായിത്തീരുകയുമാണ് ചെയ്തിരുന്നതെങ്കില്‍, അവയെപ്പോലെ അവനും ജീവിതലക്ഷ്യമായി ഒന്നും ഉണ്ടായിരിക്കയില്ല. മനുഷ്യന്‍ സൃഷ്ടിക്കപ്പെടുകയും ഇതരസൃഷ്ടിവര്‍ഗ്ഗങ്ങള്‍ക്കില്ലാത്ത പ്രകൃതിവിശേഷങ്ങളാല്‍ അവന്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്തിട്ടുള്ള സ്ഥിതിക്കു അവന്റെ മരണംവരെയുള്ള ഭൗതികജീവിതം സമാധാനകരവും അതിനുശേഷമുള്ള അറ്റമില്ലാത്ത പരലോകജീവിതം വിജയകരവും ആയിത്തീരുകയാണ് അവന്റെ ഏറ്റവും വലിയ ആവശ്യം. അതിലപ്പുറം പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യവും അവനെ സംബന്ധിച്ചിടത്തോളം ഊഹിക്കുവാന്‍പോലുമില്ല. ഈ ജീവിതലക്‌ഷ്യം സാക്ഷാല്‍കൃതമാകുവാനുള്ള യഥാര്‍ത്ഥ മാര്‍ഗ്ഗമേതാണെന്നു മനുഷ്യനു അവന്റെ സൃഷ്ടിയും പ്രകൃതിയും പ്രദാനംചെയ്ത സൃഷ്ടാവില്‍നിന്നുതന്നെ ലഭിക്കേണ്ടിയിരിക്കുന്നു. ആ മാര്‍ഗ്ഗമത്രെ വിശുദ്ധ ഖുര്‍ആന്‍ വഴി അല്ലാഹു മനുഷ്യവര്‍ഗ്ഗത്തിനു പ്രദാനം ചെയ്തിരിക്കുന്നത്. ഈ നിലക്കു ഖുര്‍ആനാകുന്ന അനുഗ്രഹം മറ്റുള്ളവയെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നുവെന്നു വ്യക്തമാണല്ലൊ.

علم القرآن (ഖുര്‍ആന്‍ പഠിപ്പിച്ചു) എന്നു പറഞ്ഞതിന്റെ താല്‍പര്യം, അതുവായിക്കുവാന്‍ പഠിപ്പിച്ചു – അഥവാ അതിനുള്ള അക്ഷരാഭ്യാസം നല്‍കി – എന്നു മാത്രമല്ല, അതോടൊപ്പം അതു ഗ്രഹിക്കുവാനും അതിന്റെ സന്ദേശങ്ങള്‍ പ്രായോഗികമാക്കുവാനും വേണ്ടുന്ന കഴിവും സാഹചര്യങ്ങളും അവന്‍ സജ്ജമാക്കിക്കൊടുത്തിട്ടുള്ളതിനെയും ആ വാക്യം അനുസ്മരിപ്പിക്കുന്നു. ഈ വാക്യത്തിനു ‘വായന പഠിപ്പിച്ചു’ എന്നു ചിലര്‍ അര്‍ത്ഥം കല്‍പ്പിച്ചു കാണുന്നു. قرآن എന്ന വാക്കിനു ഭാഷയില്‍ വായന എന്നുതന്നെയാണര്‍ത്ഥം. പക്ഷേ, മറ്റു ചില കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ ഇവിടെ ഈ അര്‍ത്ഥം ശരിയല്ലെന്നാണ് മനസ്സിലാകുന്നത്. (1) ഇവിടെ ال (അല്‍) എന്ന അവ്യയം ചേര്‍ത്തുകൊണ്ട് القرآن (അല്‍ ഖുര്‍ആന്‍) എന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ‘അല്‍ഖുര്‍ആന്‍’ എന്നു പറയുമ്പോള്‍ അതുകൊണ്ടു ഖുര്‍ആനാകുന്ന വേദഗ്രന്ഥമാണ് ഖുര്‍ആനിലും മറ്റും ഉദ്ദേശിക്കപ്പെടാറുള്ളത്. വായന എന്ന അര്‍ത്ഥം ഭാഷയില്‍ ഈ വാക്കിനുണ്ടെങ്കിലും ആ അര്‍ത്ഥത്തില്‍ അതു പതിവായി ഉപയോഗിക്കാറില്ല. ഉപയോഗിക്കുമ്പോള്‍ ഈ അവ്യയം ചേര്‍ക്കാറുമില്ല. ഏറ്റവുമധികം വായിക്കപ്പെടുന്നതും, വായിക്കപ്പെടേണ്ടതുമായ ഗ്രന്ഥമെന്ന നിലക്കാണ്, ‘അല്‍ ഖുര്‍ആന്‍’ എന്നു ഈ വിശുദ്ധ ഗ്രന്ഥത്തിനു പേര്‍ വന്നിട്ടുള്ളതും. ഏതെങ്കിലും ഒരു സാമാന്യനാമ (النـكرة) ത്തോട് ال ചേര്‍ത്തു പറഞ്ഞാല്‍ അതു ഒരു പ്രത്യേക നാമം (المعرفـة) ആയിത്തീരുമെന്നതു അറബി ഭാഷയുടെ വ്യാകരണ നിയമത്തില്‍പെട്ടതാണ്. * അതുകൊണ്ട് ‘അല്‍ ഖുര്‍ആന്‍’ എന്നു പറയുമ്പോഴെല്ലാം – പ്രത്യേക തടസ്സം ഇല്ലാത്തപക്ഷം – ഖുര്‍ആനാകുന്ന വേദഗ്രന്ഥം തന്നെയായിരിക്കും ഉദ്ദേശ്യമെന്നു കരുതേണ്ടതാകുന്നു. (2) വായന പഠിപ്പിച്ചതിലും ഉപരിയായ അനുഗ്രഹമാണ് ഖുര്‍ആന്‍ പഠിപ്പിച്ചതെന്നു വ്യക്തമാകുന്നു. കാരണം, ഖുര്‍ആന്‍ പഠിപ്പിച്ചുവെന്നു പറയുമ്പോള്‍ അതില്‍ വായനയാകുന്ന അനുഗ്രഹത്തിനു പുറമെ വേറെയും അനുഗ്രഹങ്ങള്‍ അടങ്ങുന്നുവല്ലോ.


*ഒരു സാമാന്യനാമം കൊണ്ട് ഒരു പ്രത്യേക വസ്തുവെ ഉദ്ദേശിക്കുമ്പോള്‍ ഇംഗ്ലീഷില്‍ The എന്ന അവ്യയം ചേര്‍ക്കാറുള്ളതുപോലെ അറബിയില്‍ അതിനുപകരം ചേര്‍ക്കാറുള്ള അവ്യയമാണ് ال ഈ അവ്യയം ചേര്‍ത്തുകൊണ്ട് ‘വായന’ എന്ന അര്‍ത്ഥത്തില്‍ ഈ വാക്കു (القرآن എന്നു) ഖുര്‍ആനില്‍ ഉപയോഗിച്ചു കാണുന്നില്ല. എന്നാല്‍ അമ്പതോളം സ്ഥലത്തു ഖുര്‍ആനെ ഉദ്ദേശിച്ചു തന്നെ القرآن എന്നു പറഞ്ഞിട്ടുമുണ്ട്.


വായന പഠിപ്പിച്ചു എന്നു ഇവിടെ അര്‍ത്ഥം കല്‍പ്പിക്കുന്നവര്‍ അതിനു പറയുന്ന ന്യായം ഇതാണ്: ‘പൊതുവില്‍ മനുഷ്യരെക്കുറിച്ചും അല്ലാഹു അവര്‍ക്കു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെക്കുറിച്ചുമാണ് അല്ലാഹു ഇവിടെ പ്രതിപാദിക്കുന്നത്. അഥവാ മനുഷ്യരില്‍ ഒരു പ്രത്യേക വിഭാഗക്കാരായ മുസ്‌ലിംകളെക്കുറിച്ചല്ല. എന്നിരിക്കെ, ഖുര്‍ആന്‍ പഠിപ്പിച്ചുവെന്നു ഇവിടെ അര്‍ത്ഥം കല്‍പ്പിക്കുവാന്‍ നിവൃത്തിയില്ല.’ ഈ ന്യായീകരണവും ശരിയല്ല. കാരണം:

(1) മനുഷ്യരെപ്പറ്റി ഇവിടെ പൊതുവില്‍ പ്രസ്താവിക്കാന്‍ തുടങ്ങിയതു 3-ാം വചനത്തില്‍ خَلَقَ الْإِنسَانَ (മനുഷ്യനെ സൃഷ്ടിച്ചു) എന്നതു മുതല്‍ക്കാണ്. 4-ാം വചനത്തില്‍ മനുഷ്യനെ ചൂണ്ടിക്കൊണ്ട് عَلَّمَهُ الْبَيَانَ (അവനു വിവരണം പഠിപ്പിച്ചു) എന്നും പറഞ്ഞു. ഈ രണ്ടുകാര്യങ്ങളും പൊതുവില്‍ മനുഷ്യരെക്കുറിച്ചു തന്നെ എന്നതില്‍ സംശയമില്ല. പക്ഷേ, عَلَّمَ الْقُرْآنَ (ഖുര്‍ആന്‍ പഠിപ്പിച്ചു) എന്ന വാക്യം ഇതിനു മുമ്പുള്ള 2-ാം വചനമായിട്ടാണിരിക്കുന്നത്. അതിലാകട്ടെ, ഖുര്‍ആന്‍ പഠിപ്പിച്ചു എന്നല്ലാതെ ആര്‍ക്കു പഠിപ്പിച്ചു എന്നു വ്യക്തമാക്കപ്പെട്ടിട്ടുമില്ല. ആ സ്ഥിതിക്കു ആ വചനം മുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ചാകുന്നതിനും, തുടര്‍ന്നുള്ള വചനങ്ങള്‍ പൊതുവില്‍ മനുഷ്യരെക്കുറിച്ചാകുന്നതിനും വിരോധമില്ലല്ലോ. ഖുര്‍ആന്‍ പഠിപ്പിക്കുകയെന്ന അനുഗ്രഹം – ഇവര്‍ കരുതുന്നതുപോലെ – മുസ്‌ലിംകള്‍ക്കു മാത്രം നല്‍കപ്പെട്ട ഒരു അനുഗ്രഹമല്ല. ആണെന്ന സങ്കല്‍പത്തിലാണ് താനും ഇപ്പറഞ്ഞത്.

(2) ഖുര്‍ആന്‍ പഠിപ്പിച്ചു എന്നു പറഞ്ഞതു ഖുര്‍ആന്‍ വായിക്കുവാന്‍ പഠിപ്പിച്ചു എന്ന അര്‍ത്ഥത്തിലാകുവാന്‍ നിവൃത്തിയില്ല. എത്രയോ അമുസ്‌ലിംകള്‍ ഖുര്‍ആന്‍ വായിക്കുവാന്‍ കഴിയുന്നവരുണ്ട്‌. മുസ്‌ലിംകളില്‍ അതു വായിക്കാന്‍  കഴിയാത്തവരുമുണ്ട്. വായിക്കുന്നവരില്‍ ഖുര്‍ആനെ അംഗീകരിക്കാത്തവരും, അംഗീകരിച്ചവരില്‍ അതു വായിക്കുവാന്‍ കഴിയാത്തവരും ഉണ്ടെന്നുള്ളതും നിഷേധിക്കാവതല്ല. എനി, വായന എന്നു ഇവിടെ ‘ഖുര്‍ആനി’നു അര്‍ത്ഥം നല്‍കിയാല്‍പോലും. മുസ്‌ലിംകളും മുസ്‌ലിംകളല്ലാത്തവരുമായ മനുഷ്യരെല്ലാം വായന പഠിച്ചവരാണോ? അതുമല്ല. വാസ്തവത്തില്‍ മനുഷ്യന്റെ നന്മക്കു നിദാനമായ മാര്‍ഗ്ഗങ്ങള്‍ വിവരിക്കുന്ന ആ ഗ്രന്ഥം അവതരിപ്പിച്ചതിനെയും, അതു പഠിക്കുവാനും ഗ്രഹിക്കുവാനും മനുഷ്യനു കഴിയുമാറാക്കിയതിനെയും ഉദ്ദേശിച്ചുകൊണ്ടാണ് അല്ലാഹു ഇവിടെ ഖുര്‍ആന്‍ പഠിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്നത്. അതേ സമയത്തു മുസ്‌ലിംകളെന്ന പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണോ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്? ഒരിക്കലുമല്ല. അതു മനുഷ്യലോകത്തെ ആകമാനം ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആ അനുഗ്രഹം എല്ലാവരും ഉപയോഗപ്പെടുത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളതു വേറെ വിഷയമത്രെ. എന്നിരിക്കെ, ആ വാക്യത്തിനു ഖുര്‍ആനാകുന്ന വേദഗ്രന്ഥം പഠിപ്പിച്ചു എന്നു അര്‍ത്ഥം കല്‍പിച്ചാലും അതു പൊതുവില്‍ മനുഷ്യര്‍ക്ക് ലഭിച്ച അനുഗ്രഹം അല്ലാതായിത്തീരുന്നില്ല. والله اعلم

55:5
 • ٱلشَّمْسُ وَٱلْقَمَرُ بِحُسْبَانٍ ﴾٥﴿
 • സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (നിലകൊള്ളുന്നത്.)
 • الشَّمْسُ സൂര്യന്‍ وَالْقَمَرُ ചന്ദ്രനും بِحُسْبَانٍ ഒരു കണക്കനുസരിച്ചാകുന്നു
55:6
 • وَٱلنَّجْمُ وَٱلشَّجَرُ يَسْجُدَانِ ﴾٦﴿
 • ചെടി (അഥവാ വള്ളി) യും വൃക്ഷവും 'സുജൂദു' [സാഷ്ടാംഗ നമസ്ക്കാരം] ചെയ്യുന്നു.
 • وَالنَّجْمُ ചെടി, വള്ളി, നക്ഷത്രം وَالشَّجَرُ വൃക്ഷവും يَسْجُدَانِ രണ്ടും സുജൂദ് ചെയ്യുന്നു.

സൂര്യചന്ദ്രന്മാരുടെ ചലനം, ഗതി, ഭ്രമണം, വലുപ്പം, അകലം, ചൂടു, തണുപ്പു തുടങ്ങിയ എല്ലാമെല്ലാം ഒരു കൃത്യമായ അളവും കണക്കും അനുസരിച്ചാണു അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. അവയില്‍ ഏതെങ്കിലുമൊന്ന് ആ കണക്കു തെറ്റിക്കൊണ്ടായിരുന്നുവെങ്കില്‍ നിശ്ചയമായും ഈ ലോക ഗതിതന്നെ മറ്റൊന്നായി മാറുമായിരുന്നു. ശാസ്ത്രജ്ഞന്‍മാരെല്ലാം യോജിക്കുന്ന ഒരു വാസ്തവമത്രെ ഇത്.  نجم (നജ്മ) എന്ന വാക്കിനു നക്ഷത്രം, ചെടി, വള്ളി, തൈ’ എന്നീ അര്‍ത്ഥങ്ങളുണ്ട്. സൂര്യനെയും ചന്ദ്രനെയും പറഞ്ഞതിന്റെ തുടര്‍ച്ചയായി ‘നജ്മി’നെയും പറഞ്ഞിരിക്കകൊണ്ട് നക്ഷത്രം എന്നും, തുടര്‍ന്നു പറയപ്പെട്ടിട്ടുള്ളതു ‘വൃക്ഷം’ (الشجر) ആകകൊണ്ട് ചെടി അല്ലെങ്കില്‍ വള്ളി എന്നും ഇവിടെ ഉദ്ദേശിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. വ്യാഖ്യാതാക്കള്‍ രണ്ടും സ്വീകരിച്ചിട്ടുണ്ടുതാനും.

സസ്യങ്ങളും വൃക്ഷങ്ങളും മാത്രമല്ല ആകാശഭൂമികളിലുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിനു സാഷ്ടാംഗ നമസ്കാരവും കീര്‍ത്തനവും നടത്തുന്നുണ്ടെന്നു ഒന്നിലധികം വചനങ്ങളില്‍ ഖുര്‍ആന്‍ പ്രസ്താവിച്ചിരിക്കുന്നു. ഓരോന്നും അതാതില്‍ നിന്നും അല്ലാഹു ഉദ്ദേശിച്ചപ്രകാരം അവ നടത്തുന്നുവെന്നല്ലാതെ നമ്മുക്കു അതിന്റെ രൂപം നിര്‍ണ്ണയിക്കുക സാദ്ധ്യമല്ല. ഇതു സംബന്ധിച്ചു സൂഃ അമ്പിയാഉ് 79; സൂഃ ഹജ്ജ് 18; സൂഃ നൂര്‍ 41 മുതലായ സ്ഥലങ്ങളില്‍ നാം വിവരിച്ചത് ഓര്‍ക്കുക.

55:7
 • وَٱلسَّمَآءَ رَفَعَهَا وَوَضَعَ ٱلْمِيزَانَ ﴾٧﴿
 • ആകാശത്തെ അവന്‍ ഉയര്‍ത്തിയുണ്ടാക്കുകയും, തുലാസ്സു സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
 • وَالسَّمَاءَ ആകാശത്തെ رَفَعَهَا അതിനെ അവന്‍ ഉയര്‍ത്തിയിരിക്കുന്നു وَوَضَعَ സ്ഥാപിക്കുക (വെക്കുക)യും ചെയ്തിരിക്കുന്നു الْمِيزَانَ തുലാസു
55:8
 • أَلَّا تَطْغَوْا۟ فِى ٱلْمِيزَانِ ﴾٨﴿
 • നിങ്ങള്‍ തുലാസ്സില്‍ [തൂക്കത്തില്‍] ക്രമം തെറ്റാതിരിക്കുന്നതിന്.
 • أَلَّا تَطْغَوْا നിങ്ങള്‍ ക്രമം തെറ്റാതിരിക്കുവാന്‍, അതിരു വിടാതിരിക്കുന്നതിനു فِي الْمِيزَانِ തുലാസില്‍
55:9
 • وَأَقِيمُوا۟ ٱلْوَزْنَ بِٱلْقِسْطِ وَلَا تُخْسِرُوا۟ ٱلْمِيزَانَ ﴾٩﴿
 • നിങ്ങള്‍ നീതിമുറയനുസരിച്ചു തൂക്കം നിലനിറുത്തുവിന്‍. തുലാസ്സു (അഥവാ തൂക്കം) നഷ്ടം വരുത്തുകയും അരുത്.
 • وَأَقِيمُوا നിങ്ങള്‍ നിലനിറുത്തുക الْوَزْنَ തൂക്കം بِالْقِسْطِ നീതിമുറപ്രകാരം وَلَا تُخْسِرُوا നിങ്ങള്‍ നഷ്ടം വരുത്തരുത് الْمِيزَانَ തുലാസ്സു (തുലാസില്‍)

സൂഃ ഹദീദില്‍ അല്ലാഹു പറയുന്നു:

لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ – سورة الحديد 25

(തീര്‍ച്ചയായും നാം, വ്യക്തമായ തെളിവുകളുമായി നമ്മുടെ റസൂലുകളെ അയച്ചിരിക്കുന്നു. മനുഷ്യര്‍ നീതിമുറപ്രകാരം നിലകൊള്ളുവാന്‍വേണ്ടി അവരോടൊപ്പം നാം വേദഗ്രന്ഥവും തുലാസ്സും ഇറക്കിയിരിക്കുന്നു.) അല്ലാഹുവിന്റെ നീതിന്യായ വ്യവസ്ഥയാകുന്ന ഈ തുലാസ്സു തന്നെയാണ് 7ഉം 8ഉം വചനങ്ങളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്നതും. ആ നീതിവ്യവസ്ഥകളില്‍ ഒന്നത്രെ തൂക്കത്തില്‍ സത്യവും നീതിയും പാലിക്കണം, അതില്‍ ജനങ്ങളെ കബളിപ്പിക്കുവാന്‍ പാടില്ല എന്നുള്ള വ്യവസ്ഥയും. ഇതിനെക്കുറിച്ചാണ് 9-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്.

55:10
 • وَٱلْأَرْضَ وَضَعَهَا لِلْأَنَامِ ﴾١٠﴿
 • ഭൂമിയെ അവന്‍ സൃഷ്ടികള്‍ക്കുവേണ്ടി സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
 • وَالْأَرْضَ ഭൂമിയെ وَضَعَهَا അതിനെ അവന്‍ വെച്ചിരിക്കുന്നു (സ്ഥാപിച്ചിരിക്കുന്നു) لِلْأَنَامِ സൃഷ്ടികള്‍ക്കു (ജീവികള്‍ക്കു) വേണ്ടി
55:11
 • فِيهَا فَـٰكِهَةٌ وَٱلنَّخْلُ ذَاتُ ٱلْأَكْمَامِ ﴾١١﴿
 • അതില്‍ പഴവര്‍ഗ്ഗമുണ്ടു: പാളകളുള്ള ഈത്തപ്പനകളുമുണ്ട്.
 • فِيهَا അതിലുണ്ട് فَاكِهَةٌ പഴവര്‍ഗ്ഗം, സുഖഭോജ്യവസ്തു وَالنَّخْلُ ഈത്തപ്പനയും ذَاتُ الْأَكْمَامِ പോള (പാള) കളുള്ള
55:12
 • وَٱلْحَبُّ ذُو ٱلْعَصْفِ وَٱلرَّيْحَانُ ﴾١٢﴿
 • വൈക്കോലുള്ള ധാന്യ (വര്‍ഗ്ഗ)വും, സുഗന്ധച്ചെടിയും ഉണ്ട്.
 • وَالْحَبُّ ധാന്യവും ذُو الْعَصْفِ വൈക്കോല്‍ (ഓല) ഉള്ളതായ وَالرَّيْحَانُ സുഗന്ധച്ചെടിയും, രുചികരമായ ഭക്ഷ്യവസ്തുവും.

الانام (അനാമ്) എന്നാല്‍ സൃഷ്ടികള്‍, അഥവാ മനുഷ്യനടക്കമുള്ള എല്ലാ ജീവികളുമാകുന്നു. പൂക്കളെയും ഫലങ്ങളെയും പൊതിഞ്ഞുനില്‍ക്കുന്ന പോളകള്‍ക്കും, കുലകളെ പൊതിഞ്ഞു നില്‍ക്കുന്ന പാളകള്‍ക്കുമാണ് اكمام (അക്മാമ്) എന്നു പറയുന്നത്. ഫലവൃക്ഷങ്ങളില്‍ പ്രധാനമായ ഒന്നത്രെ ഈത്തപ്പന. അറബികള്‍ക്കു സുപരിചിതവും അവരുടെ ഒരു മുഖ്യ ഭക്ഷണവുമാണല്ലോ ഈത്തപ്പഴം. വരണ്ട മരുഭൂമികളിലെ അനുഗ്രഹീത ഉല്‍പന്നമത്രെ അത്. പിഞ്ച്, പച്ചക്കായ, പഴം, ഉണക്കല്‍ (കാരക്ക) എന്നീ ഓരോ ഘട്ടത്തിലും വളരെ രുചികരവും ഹൃദ്യവുമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് അത്. ഈന്തമരം എല്ലാ കാലത്തും കായ്ക്കും. ഓലകൊണ്ടു പായ, വട്ടി മുതലായവ ഉണ്ടാക്കാം. പട്ടകൊണ്ടു പുരമേയാം. തടികൊണ്ടു മരത്തിന്റെ ഉപയോഗവും നടത്തപ്പെടുന്നു. നാരുകൊണ്ടു ചൂടിക്കയറും, ഞണം (ചോറു) കൊണ്ടു ഭക്ഷണ പദാര്‍ത്ഥവും, ഇസ്ത്രിപ്പൊടി മുതലായവയും ഉണ്ടാക്കാം. ഈന്തക്കുലകള്‍ പോള വിരിഞ്ഞശേഷം മേല്‍ക്കുമേലെ തൂങ്ങിനില്‍ക്കുന്നതു നല്ലൊരു കാഴ്ചയാകുന്നു. ഇത്രയും പറഞ്ഞതില്‍നിന്നു ഈന്തപ്പന കാണാത്തവര്‍ക്കും അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. العصف (അസ്വ് ഫ്) എന്നാല്‍ വൈക്കോല്‍, അഥവാ ഗോതമ്പ്, നെല്ല് മുതലായ ധാന്യങ്ങളുടെ ഓല എന്ന്‍ അര്‍ത്ഥമാകുന്നു. എല്ലാതരം വാസനച്ചെടികള്‍ക്കുമാണ് ريحان (‘റൈഹാന്‍’) എന്നു പറയുന്നത്. രുചികരമോ പരിമളമുള്ളതോ ആയ ഭക്ഷണപദാര്‍ത്ഥമെന്നും ചിലര്‍ ഈ വാക്കിനു അര്‍ത്ഥം നല്‍കിക്കാണുന്നു. ചുരുക്കത്തില്‍, അല്ലാഹു ഭൂമിയില്‍ അവന്റെ സൃഷ്ടികള്‍ക്കുവേണ്ടി ചെയ്തുകൊടുത്തിട്ടുള്ള ചില പ്രധാന നിത്യാനുഗ്രഹങ്ങളെക്കുറിച്ച് ഈ വചനങ്ങളില്‍ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ്. അനന്തരം ഭൂമിയിലെ രണ്ടു ബുദ്ധിവര്‍ഗ്ഗമായ മനുഷ്യരേയും ജിന്നുകളെയും അഭിമുഖീകരിച്ച് അല്ലാഹു ചോദിക്കുന്നു :-

55:13
 • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾١٣﴿
 • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
 • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ഈ വചനം ഈ സൂറത്തില്‍ 31 പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുകയും, അവര്‍ക്ക് നന്ദി കാണിക്കുകയും ചെയ്യുന്നതിന്റെ ഗൗരവം എത്രമേല്‍ വമ്പിച്ചതാണെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. ഈ വചനം ഓതികേട്ടപ്പോള്‍ ഓരോ പ്രാവശ്യവും ജിന്നുകള്‍ മറുപടി പറഞ്ഞതായി ഒരു ഹദീസില്‍ വന്നിട്ടുള്ളതുപോലെ നാമും പറയുക:

لَا بِشَيْءٍ مِنْ نِعَمِكَ رَبَّنَا نُكَذِّبُ، فَلَكَ الحَمْدُ – الترمذى وابن جرير والبزار

(ഞങ്ങളുടെ റബ്ബേ, നിന്റെ അനുഗ്രഹങ്ങളില്‍ യാതൊന്നിനെയും ഞങ്ങള്‍ വ്യാജമാക്കുന്നില്ല. അപ്പോള്‍, നിനക്കത്രെ സ്തുതി!) ഈ വചനത്തില്‍ നിങ്ങള്‍ രണ്ടുകൂട്ടര്‍ എന്നു പറഞ്ഞതു മനുഷ്യരെയും ജിന്നുകളെയും ഉദ്ദേശിച്ചാണെന്നു അടുത്ത രണ്ടു വചനങ്ങളില്‍ നിന്നും 31-35 വചനങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

55:14
 • خَلَقَ ٱلْإِنسَـٰنَ مِن صَلْصَـٰلٍ كَٱلْفَخَّارِ ﴾١٤﴿
 • മനുഷ്യനെ അവന്‍, ചൂളവെക്കപ്പെട്ട (ഇഷ്ടിക) മണ്ണുപോലെ ചിലപ്പുള്ള (ഉണങ്ങിയ) മണ്ണിനാല്‍ സൃഷ്ടിച്ചിരിക്കുന്നു;
 • خَلَقَ അവന്‍ സൃഷ്ടിച്ചു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുള്ള (ചല ചല ശബ്ദമുണ്ടാകുന്ന) മണ്ണില്‍നിന്നു كَالْفَخَّارِ ചൂളമണ്ണു (ചുട്ടെടുത്ത മണ്‍പാത്രം) പോലെയുള്ള
55:15
 • وَخَلَقَ ٱلْجَآنَّ مِن مَّارِجٍ مِّن نَّارٍ ﴾١٥﴿
 • ജിന്നിനെ അഗ്നിയില്‍ നിന്നുള്ള (പുകകലരാത്ത) ശുദ്ധജ്വാലയാലും സൃഷ്ടിച്ചിരിക്കുന്നു.
 • وَخَلَقَ الْجَانَّ ജിന്നുകളെ അവന്‍ സൃഷ്ടിച്ചിരിക്കുന്നു مِن مَّارِجٍ ശുദ്ധമായ (തനി) ജ്വാലയില്‍ (നാളത്തില്‍) നിന്നു مِّن نَّارٍ തീയില്‍ (അഗ്നിയില്‍) നിന്നുള്ള
55:16
 • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾١٦﴿
 • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
 • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ചൂളവെച്ചു വേവിച്ചെടുത്ത ഇഷ്ടിക, കലം മുതലായവപോലെ, മുട്ടിയാല്‍ ചിലപ്പുണ്ടാകുന്നതും, നനവിന്റെ അംശമില്ലാത്തതുമായ കളിമണ്ണില്‍നിന്നു മനുഷ്യനെ സൃഷ്ടിച്ചുവെന്നാണ് ഈ വചനത്തില്‍ അല്ലാഹു പ്രസ്താവിച്ചത്. വേറെ സ്ഥലങ്ങളില്‍ ‘മണ്ണില്‍നിന്നു’ എന്നും, ‘കളിമണ്ണില്‍നിന്നു’ എന്നും, ‘പശിമയുള്ള കളിമണ്ണില്‍നിന്നു’ എന്നും, ‘കളിമണ്ണിന്റെ സത്തില്‍നിന്നു’ എന്നും, ‘നിറപ്പകര്‍ച്ചവന്ന കളിമണ്ണില്‍നിന്നു’ എന്നും പ്രസ്താവിച്ചിരിക്കുന്നു. (*) മനുഷ്യമൂലമായ മണ്ണിന്റെ വിവിധ ഘട്ടങ്ങളെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതു സംബന്ധിച്ച് സൂറത്തു സ്വാദ് 71-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ വായിച്ചതു ഓര്‍ക്കുക. ഇതുപോലെത്തന്നെ ജിന്നുകളുടെ ഉല്‍പത്തിയെക്കുറിച്ച് അഗ്നിയുടെ പുകകലരാത്ത ശുദ്ധമായ ജ്വാലയില്‍ നിന്നു എന്നു ഇവിടെ പ്രസ്താവിക്കുന്നു. വേറെ സ്ഥലങ്ങളില്‍ ‘അഗ്നിയില്‍നിന്നു’ എന്നും, ‘രോമക്കുത്തുകളില്‍കൂടി തുളഞ്ഞുകയറുന്ന – അത്യുഷ്ണമായ – തീയില്‍നിന്നു’ എന്നും പറഞ്ഞിരിക്കുന്നു. (**) ഇതു തീയി (النار) ന്റെ വ്യത്യസ്ത ഗുണങ്ങളെയും കുറിക്കുന്നു. ഇങ്ങിനെയുള്ള വ്യത്യസ്ത സ്വഭാവങ്ങളും ഗുണങ്ങളും ഓരോ വര്‍ഗ്ഗത്തിന്റെ സന്തതികളിലും അല്ലാഹു വെളിപ്പെടുത്തിക്കാണാം. അവയുടെയെല്ലാം വിശദമായ യഥാര്‍‍ത്ഥ്യങ്ങളും അതിലടങ്ങിയ യുക്തിരഹസ്യങ്ങളും അല്ലാഹുവിനേ അറിയുകയുള്ളു.


(*) സൂ : റൂം 20; സൂ: സ്വാദ് 71; മുഅ്മിനൂന്‍ 12; സ്വാഫ്ഫാത്ത് 11 മുതലായ സ്ഥലങ്ങള്‍ നോക്കുക.

(**) (സൂ: ഹിജ്ര്‍ 27-ാം വചനത്തിന്റെ വ്യാഖ്യാനം നോക്കുക.


നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)അരുളിച്ചെയ്തതായി ആയിശ (رضي الله عنها) ഉദ്ധരിക്കുന്നു : ‘മലക്കുകള്‍ പ്രകാശത്തിനാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ജിന്നുകള്‍ അഗ്നിയുടെ ശുദ്ധമായ ജ്വാലയാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആദം നിങ്ങള്‍ക്കു (ഖുര്‍ആനില്‍) വിവരിച്ചു തരപ്പെട്ടിട്ടുള്ളതിനാലും (മണ്ണിനാലും) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (അ; മു). മേല്‍ കാണിച്ചതു പോലെയുള്ള പല ഖുര്‍ആന്‍ വചനങ്ങളും, ഇതുപോലെയുള്ള നബിവചനങ്ങളും പരിശോധിച്ചാല്‍ മനുഷ്യനും, ജിന്നും, മലക്കും ഉല്‍പത്തിയിലേ വ്യത്യസ്തമായ പ്രത്യേകം പ്രത്യേകം വര്‍ഗ്ഗങ്ങളാണെന്നും, ഒന്നു മറ്റേ വര്‍ഗ്ഗത്തിന്റെ ഇനങ്ങളില്‍ ഉള്‍പ്പെട്ടതല്ലെന്നും ആര്‍ക്കും വ്യക്തമായി മനസ്സിലാക്കാമല്ലോ.

എന്നാല്‍, ജിന്നുകള്‍ ഒരു പ്രത്യേകം വര്‍ഗ്ഗമല്ലെന്നും, മനുഷ്യവര്‍ഗ്ഗത്തിലെ അപരിഷ്കൃത വിഭാഗമാണെന്നും ചില യുക്തിവാദികള്‍ വാദിക്കാറുണ്ട്. ഇക്കാലത്തു അവരെ അനുകരിക്കുന്ന ചില പുത്തന്‍ പ്രസ്ഥാനക്കാര്‍ ആ വാദം ശരിവെച്ചുകൊണ്ട് അതിനൊപ്പിച്ചു ഖുര്‍ആനെ ദുര്‍വ്യാഖ്യാനം ചെയ്യാറുമുണ്ട്. ഇതു സംബന്ധിച്ച് മതിയായ തെളിവുകളോടുകൂടി ‘ജിന്നും ശൈത്താനും’ എന്ന ശീര്‍ഷകത്തില്‍ സൂഃ ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദമായ മറുപടി നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.

55:17
 • رَبُّ ٱلْمَشْرِقَيْنِ وَرَبُّ ٱلْمَغْرِبَيْنِ ﴾١٧﴿
 • രണ്ടു ഉദയസ്ഥാനങ്ങളുടെ റബ്ബും, രണ്ടു അസ്തമന സ്ഥാനങ്ങളുടെ റബ്ബുമാകുന്നു (അവന്‍).
 • رَبُّ الْمَشْرِقَيْنِ രണ്ടു ഉദയ സ്ഥാനങ്ങളുടെ റബ്ബാണ് وَرَبُّ الْمَغْرِبَيْنِ രണ്ടു അസ്തമന സ്ഥാനങ്ങളുടെയും റബ്ബ്
55:18
 • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾١٨﴿
 • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
 • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

ഉത്തരായനവും ദക്ഷിണായനവും മൂലം സൂര്യന്റെ ഉദയാസ്തമനസ്ഥാനങ്ങള്‍ മാറിക്കൊണ്ടിരിക്കുമല്ലോ. ഭൂമിയുടെ പൂര്‍വ്വാര്‍ദ്ധത്തിലും, പശ്ചിമാര്‍ദ്ധത്തിലും നിവസിക്കുന്നവര്‍ക്കും ഉദയാസ്തമന സ്ഥാനങ്ങള്‍ വ്യത്യസ്തമായിരിക്കും. ഇതുപോലെത്തന്നെ, ഉത്തരാര്‍ദ്ധത്തിലും ദക്ഷിണാര്‍ദ്ധത്തിലും അതു വ്യത്യസ്തമായി അനുഭവപ്പെടും. ഇങ്ങിനെ ഒന്നിലധികം പ്രകാരത്തില്‍ രണ്ടു ഉദയാസ്തമനസ്ഥാനങ്ങള്‍ക്കു വിവക്ഷ നല്‍കപ്പെട്ടിട്ടുണ്ട്. ഇവക്കു പുറമെ സൂര്യന്റെയും ചന്ദ്രന്റെയും ഉദയാസ്തമനങ്ങളെ ഉദ്ദേശിച്ചു പറഞ്ഞതാണെന്നുംവരാം. الله اعلم ഏതായാലും അവയിലടങ്ങിയ ദൃഷ്ടാന്തങ്ങളും അനുഗ്രഹങ്ങളും മനുഷ്യന്‍ ചിന്തിക്കുവാന്‍ കടപ്പെട്ടവനാകുന്നു. എല്ലാം അല്ലാഹുവിന്റെ മഹത്വത്തെയാണ്‌ കുറിക്കുന്നതെന്നതില്‍ സംശയമില്ല.

55:19
 • مَرَجَ ٱلْبَحْرَيْنِ يَلْتَقِيَانِ ﴾١٩﴿
 • രണ്ടു സമുദ്രങ്ങളെ, അവ തമ്മില്‍ കൂട്ടിമുട്ടത്തക്ക നിലയില്‍ അവന്‍ അയച്ചുവിട്ടിരിക്കുന്നു.
 • مَرَجَ അവന്‍ അയച്ചുവിട്ടിരിക്കുന്നു الْبَحْرَيْنِ രണ്ടു സമുദ്രത്തെ يَلْتَقِيَانِ രണ്ടും കൂടി മുട്ടി (ചേര്‍ന്നു തൊട്ടു തൊട്ടു) കൊണ്ടു
55:20
 • بَيْنَهُمَا بَرْزَخٌ لَّا يَبْغِيَانِ ﴾٢٠﴿
 • അവ രണ്ടും (അന്യോന്യം) അതിക്രമി(ച്ചു കട)ക്കാതിരിക്കത്തക്ക ഒരു മറ അവക്കിടയിലുണ്ട്.
 • بَيْنَهُمَا അവ രണ്ടിനുമിടയിലുണ്ട് بَرْزَخٌ ഒരു മറ (തടസ്സം) لَّا يَبْغِيَانِ രണ്ടും അതിക്രമിക്കുകയില്ലാത്ത
55:21
 • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢١﴿
 • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
 • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:22
 • يَخْرُجُ مِنْهُمَا ٱللُّؤْلُؤُ وَٱلْمَرْجَانُ ﴾٢٢﴿
 • അവ രണ്ടില്‍നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
 • يَخْرُجُ مِنْهُمَا അവ രണ്ടില്‍ നിന്നും പുറത്തുവരുന്നു اللُّؤْلُؤُ മുത്തു وَالْمَرْجَانُ പവിഴവും
55:23
 • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٣﴿
 • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
 • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്
55:24
 • وَلَهُ ٱلْجَوَارِ ٱلْمُنشَـَٔاتُ فِى ٱلْبَحْرِ كَٱلْأَعْلَـٰمِ ﴾٢٤﴿
 • സമുദ്രത്തില്‍ (സഞ്ചരിക്കുന്നതിനു) മലകളെപ്പോലെ പൊക്കിയുണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്റേതാകുന്നു.
 • وَلَهُ അവന്റേതാണ്, അവനുള്ളതാണ് الْجَوَارِ കപ്പലുകള്‍ الْمُنشَآتُ (പായ) ഉയര്‍ത്തപ്പെട്ട, നിര്‍മ്മിച്ചുണ്ടാക്കപ്പെട്ട فِي الْبَحْرِ സമുദ്രത്തില്‍ كَالْأَعْلَامِ മലകളെപ്പോലെ, (ഉയര്‍ന്ന അടയാളങ്ങള്‍പോലെ)
55:25
 • فَبِأَىِّ ءَالَآءِ رَبِّكُمَا تُكَذِّبَانِ ﴾٢٥﴿
 • അപ്പോള്‍, നിങ്ങള്‍ രണ്ടുകൂട്ടരുടെയും റബ്ബിന്റെ അനുഗ്രഹങ്ങളില്‍ ഏതൊന്നിനെയാണ് നിങ്ങള്‍ വ്യാജമാക്കുന്നത്?!
 • فَبِأَيِّ അപ്പോള്‍ ഏതൊന്നിനെയാണ് آلَاءِ رَبِّكُمَا നിങ്ങളുടെ റബ്ബിന്റെ അനുഗ്രഹങ്ങളില്‍ تُكَذِّبَانِ നിങ്ങളിരുവരും വ്യാജമാക്കുന്നത്, നിഷേധിക്കുന്നത്

രണ്ടു സമുദ്രങ്ങള്‍കൊണ്ടുദ്ദേശ്യം ശുദ്ധജലാശയങ്ങളും, ഉപ്പുജലാശയങ്ങളുമാകുന്നു. രണ്ടും ഒന്നൊന്നോട് തൊട്ടും, അടുത്തടുത്തും സ്ഥിതി ചെയ്യുന്നുവെങ്കിലും ഒന്നു മറ്റേതിനെ ആക്രമിച്ച് അതില്‍ ലയിപ്പിക്കുന്നില്ല. ഓരോന്നും അതതിന്റെ വ്യത്യസ്തമായ പ്രകൃതി വിശേഷത്തോടെത്തന്നെ നിലനില്‍ക്കത്തക്കവണ്ണം അവയ്ക്കിടയില്‍ അല്ലാഹു എന്തോ ഒരു മറയും തടസ്സവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. (സൂഃ ഫുര്‍ഖാന്‍ 53-ാം വചനവും വ്യാഖ്യാനവും ഓര്‍മ്മിക്കുക.) രണ്ടുതരം ജലാശയങ്ങളില്‍ നിന്നും മുത്തും പവിഴവും സിദ്ധിക്കുന്നു. മുത്തും പവിഴവും മാത്രമാണ് ഇവിടെ എടുത്തു പറഞ്ഞതെങ്കിലും അവക്കു പുറമെ വേറെയും എത്രയോ ജലവിഭവങ്ങളും മനുഷ്യനു വേണ്ടി അല്ലാഹു സമുദ്രത്തില്‍ നിക്ഷേപിച്ചുവെച്ചിട്ടുണ്ടെന്നു പറയേണ്ടതില്ല. കാര്യപ്പെട്ട ചിലതു എടുത്തു പറഞ്ഞുവെന്നു മാത്രം. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹം തന്നെ.

ഉയരത്തില്‍ മലപോലെ പൊങ്ങിക്കാണത്തക്കവിധം പായകെട്ടി ഉയര്‍ത്തപ്പെട്ട കപ്പലുകള്‍, അല്ലെങ്കില്‍ വളരെ ഉയരത്തില്‍ നിര്‍മ്മിക്കപ്പെട്ട കപ്പലുകള്‍ എന്നത്രെ الْمُنشَآتُ الخ എന്നതുകൊണ്ടു വിവക്ഷ. മുന്‍കാലത്തു പായക്കപ്പലുകളാണല്ലോ ഉണ്ടായിരുന്നത്.