വിഗ്രഹാരാധനയുടെ തുടക്കം

മനുഷ്യവർഗത്തിന്റെ ആദ്യപിതാവായ ആദം (عليه السلام) നബി ഭൂലോകജീവിതം ആരംഭിക്കുകയും അദ്ദേഹത്തിന്റെ സന്താനങ്ങള്‍ ഭൂമിയില്‍ വ്യാപിക്കുവാന്‍ തുടങ്ങുകയും ചെയ്തതോടെത്തന്നെ, മനുഷ്യശത്രുവായ പിശാചും അവന്റെ പ്രവർത്തനപരിപാടികള്‍ അവർക്കിടയില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. തന്നാല്‍ കഴിയുന്ന എല്ലാ മാർഗ്ഗങ്ങളിലൂടെയും ആദമിന്റെ സന്തതികളെ വഞ്ചിക്കുമെന്ന പ്രതിജ്ഞ ചെയ്തവനാണല്ലോ ഇബ്‌ലീസ്. അധികം താമസിയാതെ ആദം (عليه السلام) നബിയുടെ മക്കൾക്കിടയില്‍ വഴക്കും വക്കാണവും ഉണ്ടാകുമാറ് മനുഷ്യനില്‍ നിക്ഷിപ്തമായ കോപം, അസൂയ, രോഷം ആദിയായവയെ അവന്‍ ഇളക്കിവിട്ടു. അത് മനുഷ്യചരിത്രത്തിലെ ഒന്നാമത്തെ കൊലപാതകത്തില്‍ കലാശിക്കുകയും ഉണ്ടായി.

ഭൂമിയില്‍ മനുഷ്യവർഗത്തെ സൃഷ്ടിക്കുവാന്‍ പോകുന്ന വിവരം അല്ലാഹു മലക്കുകളെ അറിയിച്ചപ്പോള്‍ മലക്കുകള്‍ ചോദിച്ചു;

أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ

(അതില്‍ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ അതില്‍ നീ ആക്കുന്നുവോ?) അവര്‍ക്ക് നൽകിയ മറുപടി:

إِنِّي أَعْلَمُ مَا لَا تَعْلَمُونَ

(നിങ്ങള്‍‍ക്ക് അറിഞ്ഞുകൂടാത്തത് നിശ്ചയമായും എനിക്കറിയാം) എന്നായിരുന്നു. (സൂ: ബഖറഃ 30).

മനുഷ്യവർഗം കുഴപ്പവും രക്തം ചിന്തലും നടത്തുകയില്ലെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടില്ല. അവര്‍ക്ക് അറിഞ്ഞുകൂടാത്ത പല രഹസ്യങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്നേ സര്‍വജ്ഞനായ അല്ലാഹു മറുപടി പറഞ്ഞിട്ടുള്ളൂ. മലക്കുകള്‍ സംശയിച്ച അക്കാര്യം ഏറെത്താമസിയാതെ പുലരുകയും ചെയ്തു. അതെ, ആദം (عليه السلام) നബിയുടെ പുത്രനായ ഹാബീലി (هابيل)നെ സ്വന്തം സഹോദരനായ ഖാബീല്‍ (قابيل) കൊലപ്പെടുത്തി. അങ്ങിനെ, രക്തം ചിന്തലിന്റെയും കുഴപ്പത്തിന്റെയും ഉദ്ഘാടനം പിശാച് കൊണ്ടാടി. ഈ സംഭവം സൂ:മാഇദഃ (30-34)യില്‍ അല്ലാഹു വിവരിച്ചിട്ടുണ്ട്.

കർമരംഗത്ത് മനുഷ്യനെ വഴിപിഴപ്പിക്കുന്നതുകൊണ്ട് പിശാച് തൃപ്തി അടഞ്ഞില്ല. വിശ്വാസ രംഗത്തേക്കും അതവന്‍ വ്യാപിപ്പിച്ചു. അങ്ങിനെ, പല ഊഹങ്ങളും, തെറ്റായ ധാരണകളും, ആശയ കുഴപ്പങ്ങളും മനുഷ്യഹൃദയങ്ങളില്‍ തലപൊക്കി. കാലക്രമത്തില്‍ അവയെല്ലാം സത്യയാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കപ്പെടുവാനും തുടങ്ങി. ദൈവീകേതര മതങ്ങളുടെ ഉത്ഭവസ്ഥാനം ഇതത്രെ. ദൈവീകേതര മതങ്ങളില്‍ അതിപുരാതന മതമാണ്‌ സാബിയാ മതം. (*) ഈ മതക്കാരില്‍ രണ്ടു തരക്കാരുണ്ട്. നക്ഷത്രങ്ങളും ഉപരിഗോളങ്ങളുമെല്ലാം ചില ആത്മീയശക്തികളുടെ പ്രത്യക്ഷരൂപങ്ങളാണെന്ന ധാരണയില്‍ അവയെ ആരാധിച്ചുവരുന്ന ഒരു കക്ഷി. അതതു ഗ്രഹങ്ങളിലുണ്ടെന്ന് സങ്കൽപ്പിക്കപ്പെടുന്ന ആത്മാക്കൾക്ക് ചില പ്രത്യേകരൂപങ്ങള്‍ നൽകുകയും, ആ രൂപത്തിലുള്ള പ്രതിമകളെ ആരാധിക്കുകയും ചെയ്യുന്ന മറ്റൊരു കക്ഷി. വിഗ്രഹാരാധന രംഗപ്രവേശം ചെയ്ത ഒരു മാർഗം ഇതായിരുന്നു. ചിലര്‍, അല്ലാഹുവിനെ ഒരു സ്ഥൂലവസ്തുവായി കണക്കുകൂട്ടി. രാജാധിപതിയായ അവന്റെ സിംഹാസനത്തിനു ചുറ്റും അവന്റെ പരിചാരകരായി മലക്കുകള്‍ നിലകൊള്ളുന്നതായി അവര്‍ സങ്കൽപ്പിച്ചു. അങ്ങിനെ, അല്ലാഹുവിന്റെതെന്ന സങ്കൽപ്പത്തില്‍ വളരെ വലിയൊരു പ്രതിമയും, ചുറ്റുപാടും മലക്കുകളുടേതെന്ന ഭാവേന വേറെകുറെ ചെറുപ്രതിമകളും പ്രതിഷ്ഠിച്ച് അവര്‍ അവയെ ആരാധിക്കുവാന്‍ തുടങ്ങി. മറ്റൊരു കൂട്ടര്‍, അല്ലാഹുവിന്റെ ദിവ്യഗുണങ്ങളുടെ പ്രതീകങ്ങളെന്നോണം ചില പ്രത്യേക രൂപങ്ങള്‍ സങ്കൽപ്പിച്ചുണ്ടാക്കി ആ രൂപങ്ങളെ പ്രതിഷ്ഠിക്കുകയും, അവയെ ആരാധിക്കുകയും ചെയ്തുവന്നു.


(*) صـابية = ഗോളാർച്ചനമതം (Sabaism)


നാലാമതൊരു വിഭാഗക്കാര്‍, മരണപ്പെട്ടുപോയ സദ്‌വൃത്തരായ പുണ്യവാന്മാരുടെ സ്മരണക്കും ബഹുമാനത്തിനും വേണ്ടി അവരുടെ പ്രതിരൂപങ്ങള്‍ നിർമ്മിക്കുകയും, കാലാന്തരത്തില്‍ അവയോടുള്ള ബഹുമാനം അതിരുകവിഞ്ഞ് അവയെ ആരാധിച്ചു തുടങ്ങുകയും ചെയ്തു. നൂഹ് (عليه السلام) നബിയുടെ ജനത ആരാധിച്ചുവന്ന ‘വദ്ദ്, സുവാഅ്, യഗൂഥ്, യഊക്വ്, നസ്ര്‍’ എന്നീ ദൈവങ്ങള്‍ ഈ ഇനത്തിൽപ്പെട്ട വിഗ്രഹങ്ങളത്രെ. ഈ അഞ്ചു പേരുകളിലുമുള്ള വിഗ്രഹങ്ങളെ ചില അറബിഗോത്രങ്ങള്‍ ആരാധിച്ചുവരുന്നതിനെപ്പറ്റി പ്രസ്താവിച്ചുകൊണ്ട് ഇബ്നു അബ്ബാസ് (رضي الله عنه) ഇങ്ങിനെ പറഞ്ഞതായി ഇമാം ബുഖാരി (رحمه الله) ഉദ്ധരിച്ചിരിക്കുന്നു: ‘നൂഹ് (عليه السلام) നബിയുടെ ജനതയിലുണ്ടായിരുന്ന ചില സജ്ജനങ്ങളുടെ പേരുകളാണവ. അങ്ങനെ, അവര്‍ നശിച്ചു (മരിച്ചു) പോയപ്പോള്‍, അവര്‍ ഇരിക്കാറുണ്ടായിരുന്ന ഇരിപ്പിടങ്ങളില്‍ അവരുടെ പേര് നൽകിക്കൊണ്ട് ചില പ്രതിഷ്ഠകള്‍ സ്ഥാപിക്കണമെന്ന് പിശാച് ജനങ്ങൾക്ക് ദുർബോധനം നൽകി. അവരത് ചെയ്യുകയും ചെയ്തു. എന്നാലവ ആരാധിക്കപ്പെട്ടിരുന്നില്ല. അങ്ങനെ, അക്കൂട്ടര്‍ നശിച്ചുപോകുകയും ചെയ്തു.’ ചുരുക്കത്തില്‍ ആദ്യം സജ്ജനസ്മരണക്കായി പ്രതിഷ്ഠിക്കപ്പെട്ട ആ സ്മാരകങ്ങള്‍ പിൽക്കാലത്ത് ആരാധ്യവിഗ്രഹങ്ങളായി മാറി എന്ന് സാരം. ഇങ്ങിനെയുള്ള അനുഭവങ്ങള്‍ ഈ സമുദായത്തില്‍ സംഭവിക്കുവാന്‍ ഇടയാകരുതെന്ന് കരുതി ആദ്യകാലത്ത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്വബ്ര്‍ സന്ദർശനം (زيارة القبور) പോലും നിരോധിച്ചിരുന്നത് ഇവിടെ സ്മരണീയമാകുന്നു. ശിർക്കിന്റെ വശങ്ങളെക്കുറിച്ച് മുസ്‌ലിംകൾക്ക് അറിയാറായപ്പോൾ – ക്വബ്ര്‍ സന്ദർശനം നടത്തുന്നത് പരലോകസ്മരണക്ക് ഉതകുന്നതാണെന്ന കാരണത്താല്‍ – നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പിന്നീട് അതിന് മുസ്‌ലിംകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. തിരുമേനി പറഞ്ഞു: ‘ക്വബ്റുകളെ സന്ദർശിക്കുന്നതിനെക്കുറിച്ച് ഞാന്‍ നിങ്ങളോട് നിരോധിച്ചിരുന്നു. അറിഞ്ഞേക്കുക: എന്നാല്‍ നിങ്ങള്‍‍ അവയെ സന്ദര്ശിച്ചുകൊള്ളുവിന്‍.’ (മുസ്‌ലിം). തിർമിദി (رحمه الله) യുടെ നിവേദനത്തില്‍ ഇതും കൂടിയുണ്ട്: ‘കാരണം, അത് പരലോകത്തെ ഓർമ്മിപ്പിക്കുന്നതാകുന്നു.’

ഇതിനെല്ലാം പുറമെ മറ്റൊന്നുകൂടി: പ്രവാചകന്മാര്‍ തുടങ്ങിയ മഹാത്മാക്കള്‍ മുഖാന്തരം – അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളിലൂടെ – വല്ല അസാധാരണമായ അത്ഭുത സംഭവങ്ങളും നടന്നതായി കാണുമ്പോള്‍, അവരില്‍ – അല്ലെങ്കില്‍ അവയില്‍ – ദിവ്യത്വം കൽപ്പിക്കപ്പെടുക. അഥവാ ആ മഹാത്മക്കളിലോ, അല്ലെങ്കില്‍ ആ വസ്തുക്കളിലോ അല്ലാഹു അവതരിക്കുകയോ പ്രത്യക്ഷപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും, അവന്റെ ഏതെങ്കിലും ഒരു ഗുണം അവതരിച്ചിട്ടുണ്ടെന്നും കരുതുക. അങ്ങിനെ, ആ മഹാത്മാക്കളുടെയോ വസ്തുക്കളുടെയോ പ്രതിമകളുണ്ടാക്കി പൂജിച്ചുവരുക. ഹിന്ദുക്കളുടെ വിവിധ അവതാര വിശ്വാസങ്ങളും, വിഗ്രഹാരാധനകളും ക്രിസ്ത്യാനികള്‍ ഈസാ (عليه السلام) നബിയെയും കുരിശിനെയും ആരാധിക്കുന്നതുമെല്ലാം ഈ ഇനത്തില്‍ ഉൾപ്പെടുന്നവയത്രെ.

പിശാചിന്റെ ദുർബോധനങ്ങളില്‍ നിന്നും മനുഷ്യന്റെ അബദ്ധജടിലമായ ചിന്താഗതികളിൾ നിന്നുമായി ഉത്ഭവിക്കുകയും, കാലാന്തരത്തില്‍ ചില പ്രത്യേക രൂപങ്ങളില്‍ സ്ഥിരപ്പെട്ട മതസിദ്ധാന്തങ്ങളായി അംഗീകരിക്കപ്പെടുകയും ചെയ്ത പലതരം വിഗ്രഹാരാധനകളാണ് മേൽപറഞ്ഞതെല്ലാം. വിഗ്രഹാരാധനയുടെ പ്രസ്തുത ഇനങ്ങളെല്ലാം തന്നെ ശിർക്കാണെന്നു (ബഹുദൈവവിശ്വാസമാണെന്നു) ഖുർആന്‍ സംശയാതീതമായി പ്രഖ്യാപിച്ചിരിക്കുകയാണ്. വിഗ്രഹങ്ങള്‍‍ സ്വയംതന്നെ തങ്ങൾക്ക് ഗുണമോ ദോഷമോ വരുത്തുവാന്‍ പ്രാപ്തമാണെന്ന വിശ്വാസത്തോടെ അവയെ ആരാധിച്ചുവരുന്നവര്‍ തുലോം കുറവായിരിക്കും. പക്ഷേ, അവയെ ആരാധിക്കുന്നതുമൂലം ഏതെങ്കിലും പ്രകാരേണ ദൈവസാമീപ്യത്തിനും, പുണ്യം നേടുന്നതിനും ഉപകരിക്കുമെന്നും അവയോ അവ പ്രതിനിധാനം ചെയ്യുന്ന പുണ്യാത്മാക്കളോ, അല്ലെങ്കില്‍ വന്‍സൃഷ്ടികളോ അല്ലാഹുവിങ്കല്‍ ശുപാർശയും സ്വാധീനവും ചെലുത്തി തങ്ങൾക്ക് രക്ഷ നൽകുമെന്നുമുള്ള വിശ്വാസമാണ് അതിന്നവരെ പ്രേരിപ്പിക്കുന്നത്.

٣ : الزمر – مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ

(അവര്‍ ഞങ്ങളെ അല്ലാഹുവിങ്കലേക്ക്‌ സാമീപ്യം നൽകി അടുപ്പിക്കുവാന്‍ വേണ്ടിയല്ലാതെ ഞങ്ങള്‍ അവരെ ആരാധിക്കുന്നില്ല) എന്നും,

يونس: ١٨ – هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـه

(ഇവര്‍ അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാണ്) എന്നും മറ്റും വിഗ്രഹാരാധകന്മാര്‍ പറയാറുള്ളതായി അല്ലാഹു ഉദ്ധരിക്കുന്നത് ഇതിനെപ്പറ്റിയാകുന്നു.

സൂ:യൂനുസില്‍ നിന്നുദ്ധരിച്ച ഈ വചനത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി (رحمه الله) അദ്ദേഹത്തിന്റെ തഫ്സീറില്‍ പ്രസ്താവിച്ചിട്ടുള്ള ഒരു വാചകം ഇവിടെ ശ്രദ്ധേയമാകുന്നു. അതിങ്ങനെയാണ്:

و نطيرذلك في هذا الزمان اشتغال كثير من الخلق بتعظيم قبور الا كابر على اعتقاد انهم اذا عظموا قبورهم فانهم يكونون شفعاء لهم عند الله تعالى – الرازى ص ٥٥٧ ج ٤

(സാരം: മഹാന്മാരുടെ ക്വബ്റുകളെ ബഹുമാനിച്ചാല്‍ അവര്‍ തങ്ങൾക്ക് അല്ലാഹുവിന്റെ അടുക്കല്‍ ശുപാർശക്കാരായിത്തീരുമെന്ന വിശ്വാസത്തോടെ ഇക്കാലത്ത് വളരെ പടപ്പുകള്‍ മഹാന്മാരുടെ ക്വബ്റുകളെ ബഹുമാനിക്കുന്നതില്‍ ഏർപ്പെട്ടിട്ടുള്ളതും ഇതിനു തുല്യമായതാകുന്നു). ഇമാം റാസി (رحمه الله)യുടെ കാലത്തെ (ഹിജ്റ 7-ാം നൂറ്റാണ്ടിലെ) സ്ഥിതിയാണദ്ദേഹം ചൂണ്ടിക്കാണിച്ചത്. എന്നാല്‍ അതിനുശേഷം ഈ ഏർപ്പാട് എത്രമാത്രം കൂടുതല്‍ ശക്തിപ്പെട്ടു വന്നിട്ടുണ്ടെന്ന് ഇന്ന് സത്യാന്വേഷികളെ പറഞ്ഞറിയിക്കേണ്ടതില്ല. അല്ലാഹുവില്‍ ശരണം! ശിർക്കിന്റെ എല്ലാ വകുപ്പുകളില്‍ നിന്നും അല്ലാഹു നമ്മെയെല്ലാം കാത്തുരക്ഷിക്കട്ടെ. آمين