സൂറത്തുനൂഹ് : 01-28
നൂഹ്
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 28 – വിഭാഗം (റുകൂഅ്) 2
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍
വിഭാഗം - 1
- إِنَّآ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِۦٓ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ ﴾١﴿
- നിശ്ചയമായും നാം നൂഹിനെ അദ്ദേഹത്തിന്റെ ജനതയിലേക്ക് (റസൂലായി) അയച്ചു - നിന്റെ ജനതക്ക് വേദനയേറിയ വല്ല ശിക്ഷയും വരുന്നതിനു മുമ്പായി നീ അവരെ താക്കീതു ചെയ്യണം എന്നു (കൽപിച്ചുംകൊണ്ട്)
- إِنَّا أَرْسَلْنَا നിശ്ചയമായും നാം അയച്ചു نُوحًا നൂഹിനെ إِلَىٰ قَوْمِهِ തന്റെ ജനതയിലേക്ക് أَنْ أَنذِرْ നീ താക്കീതു ചെയ്യുക എന്ന് قَوْمَكَ നിന്റെ ജനതയെ مِن قَبْلِ മുമ്പായി أَن يَأْتِيَهُمْ അവര്‍ക്കു വരുന്ന(ചെല്ലുന്ന)തിനു عَذَابٌ أَلِيمٌ വേദനയേറിയ ശിക്ഷ, വല്ല ശിക്ഷയും
- قَالَ يَٰقَوْمِ إِنِّى لَكُمْ نَذِيرٌ مُّبِينٌ ﴾٢﴿
- അദ്ദേഹം പറഞ്ഞു: 'എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ ഒരു താക്കീതുകാരനാകുന്നു';
- قَالَ അദ്ദേഹം പറഞ്ഞു يَا قَوْمِ എന്റെ ജനങ്ങളെ إِنِّي നിശ്ചയമായും ഞാന്‍ لَكُمْ നിങ്ങള്‍ക്കു نَذِيرٌ ഒരു താക്കീതുകാരനാണ് مُّبِينٌ സ്പഷ്ടമായ, തനി
- أَنِ ٱعْبُدُوا۟ ٱللَّهَ وَٱتَّقُوهُ وَأَطِيعُونِ ﴾٣﴿
- 'നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുവിന്‍, അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍ എന്ന്'.
- أَنِ اعْبُدُوا നിങ്ങള്‍ ആരാധിക്കണമെന്ന് اللَّـهَ അല്ലാഹുവിനെ وَاتَّقُوهُ അവനെ സൂക്ഷിക്കുകയും വേണം وَأَطِيعُونِ എന്നെ അനുസരിക്കുകയും ചെയ്യണം
- يَغْفِرْ لَكُم مِّن ذُنُوبِكُمْ وَيُؤَخِّرْكُمْ إِلَىٰٓ أَجَلٍ مُّسَمًّى ۚ إِنَّ أَجَلَ ٱللَّهِ إِذَا جَآءَ لَا يُؤَخَّرُ ۖ لَوْ كُنتُمْ تَعْلَمُونَ ﴾٤﴿
- 'എന്നാലവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങളില്‍ നിന്നു പൊറുത്തുതരുന്നതാണ്; നിര്‍ണ്ണയിക്കപ്പെട്ട ഒരവധിവരെ അവന്‍ നിങ്ങളെ (ഒഴിവാക്കി) പിന്തിച്ചു തരുന്നതുമാകുന്നു. നിശ്ചയമായും, അല്ലാഹുവിന്റെ (നിശ്ചയപ്രകാരമുള്ള) അവധി വന്നാല്‍, അതു പിന്തിക്കപ്പെടുന്നതല്ല. നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍!'
- يَغْفِرْ لَكُم എന്നാലവന്‍ നിങ്ങള്‍ക്കു പൊറുത്തുതരും مِّن ذُنُوبِكُمْ നിങ്ങളുടെ പാപങ്ങളില്‍ നിന്നു, പാപങ്ങളെ وَيُؤَخِّرْكُمْ നിങ്ങളെ പിന്തിച്ചു (ഒഴിവാക്കി) തരുകയും ചെയ്യും إِلَىٰ أَجَلٍ ഒരു അവധിവരെ مُّسَمًّى നിശ്ചയിക്കപ്പെട്ട, നിര്‍ണ്ണയിക്കപ്പെട്ട إِنَّ أَجَلَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ (അല്ലാഹു നിശ്ചയിച്ച) അവധി إِذَا جَاءَ അതു വന്നാല്‍ لَا يُؤَخَّرُ അതു പിന്തിക്കപ്പെടുന്നതല്ല لَوْ كُنتُمْ നിങ്ങളായിരുന്നെങ്കില്‍ تَعْلَمُونَ നിങ്ങള്‍ അറിയും
തൊള്ളായിരത്തമ്പതു വര്‍ഷം സ്വജനതയെ തൗഹീദിലേക്കു ക്ഷണിച്ചുകൊണ്ടിരിക്കുകയും, അത്രയും കാലം ആ ജനങ്ങളില്‍ നിന്നു എതിര്‍പ്പും പരിഹാസവും ഭീഷണിയും സഹിച്ചുകൊണ്ടിരിക്കുകയും ചെയ്ത പ്രവാചകവര്യനായ റസൂലത്രെ നൂഹ് നബി (അ). അറിയപ്പെട്ടേടത്തോളം ഒരു സമുദായത്തെ തൗഹീദിലേക്കു ക്ഷണിക്കുവാന്‍ വേണ്ടി അയക്കപ്പെട്ട ഒന്നാമത്തെ റസൂലായിരുന്നു അദ്ദേഹം. ആ സമുദായമാകട്ടെ, വിഗ്രഹാരാധനയിലും തോന്നിയവാസത്തിലും മുഴുകിയവരും ധിക്കാരസ്വഭാവികളുമായിരുന്നു. ആ മഹാനുഭാവന്‍ അത്രയും കാലം അവരില്‍ നടത്തിയ പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ചരിത്രവും, അവരിലുണ്ടായ പ്രതികരണവും അദ്ദേഹത്തിന്റെ വാക്കുകളിലായി ഈ സൂറത്തില്‍ അല്ലാഹു ചുരുക്കി വിവരിച്ചിരിക്കുന്നു. എല്ലാ റസൂലുകള്‍ക്കുമെന്നപോലെ, അദ്ദേഹത്തിനും പ്രബോധനം ചെയ്യേണ്ടിയിരുന്ന ദൗത്യസന്ദേശം അല്ലാഹുവിനെ – അതെ, അവനെ മാത്രം – ആരാധിക്കണം, അവന്റെ വിധിവിലക്കുകള്‍ സൂക്ഷിക്കണം, അവന്റെ ദൂതന്‍ ഉപദേശിക്കുന്നത് അനുസരിക്കണം എന്നിത്രയും കാര്യങ്ങളായിരുന്നു. ഈ പ്രബോധനം സ്വീകരിക്കുന്നപക്ഷം, അവരുടെ പാപങ്ങള്‍ ആല്ലാഹു പൊറുക്കുമെന്നും, അവരുടെ നിശ്ചിത ആയുഷ്കാലാവധിവരെ അവര്‍ക്കു സമാധാനജീവിതം നല്‍കുമെന്നും അദ്ദേഹം അവരെ ഉപദേശിച്ചു. അല്ലാത്തപക്ഷം അല്ലാഹുവിങ്കല്‍ നിന്നുള്ള കഠിനമായ ഏതെങ്കിലും ശിക്ഷ മുഖേന അവര്‍ക്കു നാശം സംഭവിക്കുമെന്നും, അതിന്റെ അവധി എത്തിക്കഴിഞ്ഞാല്‍ പിന്നീട് യാതൊരു ഒഴിവും ലഭിക്കുകയില്ലെന്നും അദ്ദേഹം അവരെ താക്കീതു ചെയ്തു.
സത്യവിശ്വാസവും സല്‍ക്കര്‍മ്മവും ആയുഷ്ക്കാലത്തില്‍ വര്‍ദ്ധനവു ലഭിക്കുവാന്‍ കാരണമായേക്കുമെന്ന് പല മഹാന്മാരും ഈ 4-ാം വചനത്തില്‍ നിന്നു മനസ്സിലാക്കിയിരിക്കുന്നു. ‘കുടുംബബന്ധം പാലിക്കല്‍ ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നതാണ്’ (صلة الرحم تزيد في العمر) എന്ന് നബി (സ) അരുളിചെയ്തിട്ടുമുണ്ട്. (ബു.മു.) പണ്ഡിതന്മാരില്‍ ഒരു വിഭാഗം ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല. ആയുസ്സ് വര്‍ദ്ധിപ്പിക്കലും ചുരുക്കലും ഉണ്ടാകുമെന്ന് കാണിക്കുന്ന രേഖകള്‍ക്ക് അവര്‍ നല്‍കുന്ന വ്യാഖ്യാനം ഇപ്രകാരമാണ്: ആയ്യുസ്സ് വര്‍ദ്ധിപ്പിക്കുക എന്നതു കൊണ്ടുദ്ദേശ്യം ഉള്ള ആയുഷ്കാലം സമാധാനപരവും അഭിവൃദ്ധിയുള്ളതും ആയിരിക്കുക എന്നും ആയുസ്സു ചുരുക്കുക എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അത് ക്ലേശകരവും സമാധാനപരമല്ലാത്തതുമായിരിക്കുക എന്നുമാകുന്നു. മൂന്നാമതൊരു അഭിപ്രായം ഈ വിഷയത്തിലുള്ളത് ചില യുക്തിവാദക്കാരുടെതാണ്. അല്ലാഹു എല്ലാറ്റിനും ചില പൊതുവ്യവസ്ഥകള്‍ നിശ്ചയിച്ചു വെച്ചിട്ടുള്ളതല്ലാതെ, ഒരോരുത്തന്റെ കാലാവധിയും ആയുസ്സും പ്രത്യേകം പ്രത്യേകം മുന്‍കൂട്ടി നിശ്ചയിച്ചുവച്ചിട്ടില്ല. എല്ലാം ആ പൊതു വ്യവസ്ഥയനുസരിച്ച് നടമാടുന്നുവെന്ന് മാത്രമേയുള്ളൂ എന്നത്രെ അവരുടെ പക്ഷം. ഇത് ഖുര്‍ആനിനും, ഹദീഥിനും ഇസ്‌ലാമിക മൂല്യങ്ങള്‍ക്കും യോജിക്കാത്തതാണുതാനും.
ഒമ്പതര നൂറ്റാണ്ടു കാലത്തെ തുടര്‍ച്ചയായ പ്രബോധനത്തിന്റെ ചരിത്രസംക്ഷേപം അങ്ങേയറ്റത്തെ ഹൃദയവേദനയോടെ നൂഹ് (അ) നബി അല്ലാഹുവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നു. അതിലെ ഓരോ വാക്യവും ഹൃദയസാന്നിദ്ധ്യത്തോടുകൂടി ഒന്നു വായിച്ചു നോക്കുക.
- قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا ﴾٥﴿
- അദ്ദേഹം പറഞ്ഞു: 'എന്റെ റബ്ബേ!നിശ്ചയമായും എന്റെ ജനതയെ ഞാന്‍ രാവും പകലും വിളിച്ചു'-
- قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്റെ റബ്ബേ إِنِّي دَعَوْتُ നിശ്ചയമായും ഞാന്‍ ക്ഷണിച്ചു, വിളിച്ചു قَوْمِي എന്റെ ജനതയെ لَيْلًا രാത്രി وَنَهَارًا പകലും
- فَلَمْ يَزِدْهُمْ دُعَآءِىٓ إِلَّا فِرَارًا ﴾٦﴿
- 'എന്നിട്ട് എന്റെ വിളി അവര്‍ക്കു ഓടിപ്പോക്കല്ലാതെ (മറ്റൊന്നും) വര്‍ദ്ധിപ്പിച്ചില്ല'.
- فَلَمْ يَزِدْهُمْ എന്നിട്ട് അവര്‍ക്കു വര്‍ദ്ധിപ്പിച്ചില്ല دُعَائِي എന്റെ വിളി, ക്ഷണം إِلَّا فِرَارًا ഓടിപ്പോക്കല്ലാതെ
- وَإِنِّى كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوٓا۟ أَصَٰبِعَهُمْ فِىٓ ءَاذَانِهِمْ وَٱسْتَغْشَوْا۟ ثِيَابَهُمْ وَأَصَرُّوا۟ وَٱسْتَكْبَرُوا۟ ٱسْتِكْبَارًا ﴾٧﴿
- 'നീ അവര്‍ക്കു പൊറുത്തുകൊടുക്കുവാന്‍ വേണ്ടി ഞാന്‍ അവരെ വിളിക്കുമ്പോഴൊക്കെയും, - അവര്‍ തങ്ങളുടെ കാതുകളില്‍ വിരലുകള്‍ ഇട്ടു (പൊത്തി) കളയുകയും, തങ്ങളുടെ വസ്ത്രങ്ങളെ (മീതെയിട്ടു) മൂടിപ്പുതക്കുകയും ചെയ്യുകയാണ്! അവര്‍ (നിഷേധത്തില്‍) ശഠിച്ചു നിൽക്കുകയും, ഒരു (കടുത്ത) അഹംഭാവം നടിക്കല്‍ നടിക്കുകയും ചെയ്യുന്നു!'
- وَإِنِّي നിശ്ചയമായും ഞാന്‍ كُلَّمَا دَعَوْتُهُمْ ഞാനവരെ വിളിച്ചപ്പോഴെല്ലാം لِتَغْفِرَ لَهُمْ നീ അവര്‍ക്കു പൊറുക്കുവാനായി جَعَلُوا അവര്‍ ആക്കി, ആക്കുന്നു (ഇടുന്നു) أَصَابِعَهُمْ അവരുടെ വിരലുകളെ فِىٓ ءَاذَانِهِمْ അവരുടെ കാതു (ചെവി)കളില്‍ وَاسْتَغْشَوْا അവര്‍ മൂടിയിടുക (മൂടിപ്പുതക്കുക)യുംചെയ്തു, ചെയ്യുന്നു ثِيَابَهُمْ അവരുടെ വസ്ത്രങ്ങളെ وَأَصَرُّوا അവര്‍ ശഠിച്ചു നിൽക്കുകയും (നിരതരാവുകയും) ചെയ്തു وَاسْتَكْبَرُوا അവര്‍ അഹംഭാവം (ഗര്‍വ് - വലുപ്പം) നടിക്കുകയും ചെയ്തു اسْتِكْبَارًا ഒരു അഹംഭാവം നടിക്കല്‍
തങ്ങളോടു ഉപദേശിക്കുന്നതു കേള്‍ക്കുക പോലും ചെയ്യാതിരിക്കുവാന്‍ വേണ്ടിയാണ് അവര്‍ കാതില്‍ വിരലിട്ടു പൊത്തുന്നതും, മേലെ വസ്ത്രമിട്ടു മൂടുന്നതും.
- ثُمَّ إِنِّى دَعَوْتُهُمْ جِهَارًا ﴾٨﴿
- 'പിന്നെ (അതിനുപുറമെ) ഞാന്‍, അവരെ ഉറക്കെ വിളിച്ചു.
- ثُمَّ إِنِّي പിന്നെ ഞാന്‍ دَعَوْتُهُمْ അവരെ ഞാന്‍ വിളിച്ചു جِهَارًا ഉറക്കെ, ഉച്ചത്തിലായിട്ടു
- ثُمَّ إِنِّىٓ أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا ﴾٩﴿
- 'പിന്നെ ഞാന്‍, അവരോട് (എന്റെ വിളി) പരസ്യമാക്കുകയും, സ്വകാര്യമാക്കി രഹസ്യമാക്കുകയും ചെയ്തു'.
- ثُمَّ إِنِّي أَعْلَنتُ പിന്നെ ഞാന്‍ പരസ്യമാക്കി لَهُمْ അവരോട്, അവര്‍ക്ക് وَأَسْرَرْتُ لَهُمْ അവരോട് (അവര്‍ക്ക്) രഹസ്യമാക്കുക (സ്വകാര്യമാക്കുക)യും ചെയ്തു إِسْرَارًا ഒരു സ്വകാര്യമാക്കല്‍, പതുക്കെ
- فَقُلْتُ ٱسْتَغْفِرُوا۟ رَبَّكُمْ إِنَّهُۥ كَانَ غَفَّارًا ﴾١٠﴿
- 'അങ്ങനെ, ഞാന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു പാപമോചനം തേടുവിന്‍, നിശ്ചയമായും, അവന്‍ വളരെ പൊറുക്കുന്നവനാണ്.'
- فَقُلْتُ അങ്ങനെ (എന്നിട്ടു) ഞാന്‍ പറഞ്ഞു اسْتَغْفِرُوا നിങ്ങള്‍ പാപമോചനം തേടുവിന്‍ رَبَّكُم നിങ്ങളുടെ റബ്ബിനോട് إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു غَفَّارًا വളരെ പൊറുക്കുന്നവന്‍
- يُرْسِلِ ٱلسَّمَآءَ عَلَيْكُم مِّدْرَارًا ﴾١١﴿
- 'എന്നാല്‍ നിങ്ങള്‍ക്കു അവന്‍ ആകാശത്തെ [മഴയെ] സമൃദ്ധമായി അയച്ചുതരും';
- يُرْسِلِ അവന്‍ അയക്കും, അയച്ചുവിടും السَّمَاءَ ആകാശത്തെ (മഴയെ) عَلَيْكُم നിങ്ങള്‍ക്ക് നിങ്ങളില്‍ مِّدْرَارًا സമൃദ്ധമായി, തുടര്‍ച്ചയായി, ഒഴുകിക്കൊണ്ട്
- وَيُمْدِدْكُم بِأَمْوَٰلٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّٰتٍ وَيَجْعَل لَّكُمْ أَنْهَٰرًا ﴾١٢﴿
- 'സ്വത്തുക്കളും മക്കളും കൊണ്ടു നിങ്ങളെ അവന്‍ പോഷിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്കു തോട്ടങ്ങളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്കു അരുവികളുണ്ടാക്കിത്തരികയും ചെയ്യും.'
- وَيُمْدِدْكُم നിങ്ങളെ പോഷിപ്പിക്കുക (സഹായിക്കുക)യും ചെയ്യും بِأَمْوَالٍ സ്വത്തുക്കള്‍ കൊണ്ടും وَبَنِينَ മക്കള്‍ കൊണ്ടും وَيَجْعَل لَّكُمْ നിങ്ങള്‍ക്കു ഏര്‍പ്പെടുത്തി (ഉണ്ടാക്കി)ത്തരികയും ചെയ്യും جَنَّاتٍ തോട്ടങ്ങളെ وَيَجْعَل لَّكُمْ നിങ്ങള്‍ക്കുണ്ടാക്കിത്തരികയും ചെയ്യും أَنْهَارًا അരുവി (നദി)കളെ
രാപ്പകല്‍ ഭേദമെന്യേ നിരന്തരം അദ്ദേഹം അവരെ സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. ഉറക്കെയും, പതുക്കെയും, പരസ്യമായും, രഹസ്യമായും – അങ്ങിനെ എല്ലാ വിധേനയും – ക്ഷണിച്ചു നോക്കി. സത്യമാര്‍ഗ്ഗം സ്വീകരിക്കുന്നപക്ഷം പരലോകത്തു വെച്ച് അല്ലാഹു പാപങ്ങള്‍ പൊറുത്തുതരുമെന്ന് മാത്രമല്ല, ഇഹത്തിലും നിങ്ങള്‍ക്ക് സുഖജീവിതവും അഭിവൃദ്ധിയും നൽകും എന്നൊക്കെ ഉപദേശിച്ചു. പക്ഷേ, എന്തുതന്നെ ആയിട്ടും തങ്ങളുടെ മര്‍ക്കടമുഷ്ടി അവര്‍ അവസാനിപ്പിച്ചില്ല. ധിക്കാരവും പരിഹാസവും അവലംബിക്കുകതന്നെ ചെയ്തു.
സത്യവിശ്വാസവും സൽകര്‍മ്മവും സ്വീകരിക്കുന്നതിന്റെ ലക്ഷ്യം ഐഹികനേട്ടങ്ങളല്ല, പാരത്രിക നേട്ടങ്ങളാകുന്നു.
تُرِيدُونَ عَرَضَ الدُّنْيَا وَاللَّـهُ يُرِيدُ الْأخِرَةَ : الأنفال
(നിങ്ങള്‍ ഐഹികവിഭവം ഉദ്ദേശിക്കുന്നു. അല്ലാഹുവാകട്ടെ, പരലോകവും ഉദ്ദേശിക്കുന്നു) (8:67) പക്ഷേ അതുമൂലം ഐഹികമായ ക്ഷേമൈശ്വര്യങ്ങളും ലഭിക്കുന്നതാണുതാനും. മനുഷ്യന്‍ നീതിയോടും നെറിയോടുംകൂടി ജീവിക്കുമ്പോള്‍ അവന്റെ ജീവിതം സ്വതവേ സമാധാനകരമായിത്തീരും. കൂടാതെ, അല്ലാഹുവിന്റെ കൃപാകടാക്ഷങ്ങള്‍ അവനില്‍ വര്‍ഷിച്ചുകൊണ്ടിരിക്കുകയും, അതവന്റെ ഭൗതിക ജീവിതത്തിലും വിലസിക്കൊണ്ടിരിക്കുകയും ചെയ്യും. താൽക്കാലിക നേട്ടങ്ങളില്‍ വേഗം ആകര്‍ഷിതരാകുന്നവരാണല്ലോ മനുഷ്യര്‍. അതുകൊണ്ടാണ് സത്യവിശ്വാസം മൂലം ഉണ്ടാകുന്ന ഐഹികനേട്ടങ്ങളെക്കുറിച്ചും നൂഹ് (അ) ജനങ്ങളെ പ്രത്യേകം ധരിപ്പിക്കുന്നത്. മാത്രമല്ല, താൽക്കാലിക ലഭ്യങ്ങളെ ഓര്‍ത്തെങ്കിലും അവര്‍ നേര്‍വഴിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നീട് അവരതില്‍ തന്നെ ഉറച്ചുനിൽക്കുവാന്‍ കാരണമാകുകയും ചെയ്തേക്കും. നബി (സ) തിരുമേനിയുടെ കാലത്തും പല ആളുകളും താൽക്കാലിക പരിതസ്ഥിതികളുടെ സമ്മര്‍ദ്ദം നിമിത്തം സത്യവിശ്വാസം സ്വീകരിക്കുകയും, ക്രമേണ വിശ്വാസത്തില്‍ അടിയുറച്ച് ഉന്നത നിലവാരത്തിലെത്തുകയും ചെയ്തിട്ടുണ്ടല്ലോ.
മനുഷ്യര്‍ക്കിടയില്‍ പാപവര്‍ദ്ധനയും, സത്യവിശ്വാസത്തിന്റെ അഭാവവും നിമിത്തം പാരത്രികമായ ശിക്ഷക്ക് പുറമെ, ഐഹികമായ ശിക്ഷകളും കൂടി നേരിട്ടേക്കാമെന്നും, പാപമോചനം തേടലും സത്യവിശ്വാസവും പാരത്രികമായ പ്രതിഫലത്തിന് പുറമെ ഇഹത്തില്‍ ക്ഷേമൈശ്വര്യങ്ങള്‍ ലഭിക്കുന്നതിനും കാരണമാണെന്നും ഈ (10 -12) വചനങ്ങളില്‍ നിന്നു മനസ്സിലാക്കാം. മഴ കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ മഴക്കപേക്ഷിച്ചു കൊണ്ടുള്ള ‘ദുആ’യും, നമസ്കാരവും നടത്തുന്നത് നബി(സ)യുടെ സുന്നത്തുകളില്‍പെട്ടതാണല്ലോ. അതില്‍ പാപമോചനം തേടുന്നതി (الاستغفار) ന് വളരെയധികം പ്രാധാന്യം നല്‍കപ്പെട്ടിട്ടുള്ളതായി കാണാം. ഇതാണതിനു കാരണം. സൂ:അഅ്റാഫില്‍ അല്ലാഹു പറയുന്നു: ‘ആ രാജ്യങ്ങളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷിക്കുകയും ചെയ്തിരുന്നുവെങ്കില്‍ നാം അവരില്‍ ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും ബര്‍ക്കത്തു – അഭിവൃദ്ധി – കള്‍ തുറന്നുകൊടുക്കുമായിരുന്നു.
(وَلَوْ أَنَّ أَهْلَ ٱلْقُرَىٰٓ ءَامَنُوا۟ وَٱتَّقَوْا۟ لَفَتَحْنَا عَلَيْهِم بَرَكَـٰتٍ مِّنَ ٱلسَّمَآءِ وَٱلْأَرْضِ – الأعراف: ٩٦)
സൂ:ഹൂദില്‍ ഇങ്ങിനെ കാണാം: ‘നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് പാപമോചനം തേടുവിന്‍, പിന്നെ അവങ്കലേക്ക് പശ്ചാത്തപിക്കുകയും ചെയ്യുവിന്‍. എന്നാല്‍ നിര്‍ണയം ചെയ്യപ്പെട്ട ഒരു അവധിവരെ അവന്‍ നിങ്ങള്‍ക്ക് നല്ല അനുഭവം അനുഭവിപ്പിച്ചുതരുന്നതാണ്.
(وَأَنِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُمَتِّعْكُم مَّتَاعًا حَسَنًا إِلَىٰ أَجَلٍ مُّسَمًّى – هود : ٣)
ഒരാള്‍ ക്ഷാമം ബാധിച്ചതിനെ സംബന്ധിച്ചും, വേറൊരാള്‍ ദാരിദ്ര്യത്തെയും സന്താനങ്ങളുടെ കുറവിനെയും സംബന്ധിച്ചും മൂന്നാമതൊരാള്‍ തന്റെ തോട്ടങ്ങള്‍ ഉണങ്ങിപ്പോയതിനെ സംബന്ധിച്ചും സങ്കടം പറഞ്ഞപ്പോള്‍ അവരോടെല്ലാം തന്നെ അല്ലാഹുവിനോട് പാപമോചനം തേടിക്കൊള്ളുക എന്ന് ഹസന്‍ (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മൂന്നുപേരോടും ഇങ്ങിനെ ഉത്തരം പറഞ്ഞത് നൂഹ് (അ) നബിയുടെ ഈ പ്രസ്താവന (10 – 12)യെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറയുകയുണ്ടായത്രെ. എന്നാല്‍ ഒരു വാസ്തവം പ്രത്യേകം മനസ്സിരുത്തേണ്ടിയിരിക്കുന്നു; ഭൗതികമായ സുഖൈശ്വര്യങ്ങള്‍ ഒരു ജനതയുടെയോ വ്യക്തിയുടെയോ സാക്ഷാല്‍ നന്മക്ക് മാനദണ്ഡമല്ല. തനി ഭൗതികവാദികളും, ധാര്‍മിക രംഗത്ത് മൃഗങ്ങളെക്കാള്‍ അധഃപതിച്ചവരുമായ ജനസമൂഹങ്ങള്‍ അങ്ങേയറ്റം സുഖാഡംബരങ്ങളില്‍ മുഴുകിക്കഴിയുന്നതും, അവരെക്കാള്‍ ഏതു നിലക്കും ഉത്തമന്‍മാരായിട്ടുള്ളവര്‍ വളരെ ക്ലേശകരമായ ജീവിതം നയിച്ചു വരുന്നതും നാം കാണുന്നു. ഇതെല്ലാം അല്ലാഹുവില്‍ നിന്നുള്ള പരീക്ഷണങ്ങളത്രെ, ആല്ലാഹു പറയുന്നു:
(وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ – (الأنبياء:٣٥
(തിന്മ കൊണ്ടും, നന്മ കൊണ്ടും – അഥവാ ദോഷം കൊണ്ടും, ഗുണം കൊണ്ടും – നിങ്ങളെ നാം പരീക്ഷണം പരീക്ഷിക്കുന്നതാണ്. നമ്മുടെ അടുക്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നതും). വേദക്കാരെപ്പറ്റി ഇങ്ങിനെ പറയുന്നു :
(١٦٨:الأعراف) وَبَلَوْنَـٰهُم بِٱلْحَسَنَـٰتِ وَٱلسَّيِّـَٔاتِ
(നന്മകള്‍ കൊണ്ടും തിന്മകള്‍ കൊണ്ടും നാം അവരെ പരീക്ഷിച്ചു).മറ്റൊരിടത്ത് പറയുന്നു:
وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُور لَتُبْلَوُنَّ فِي أَمْوَالِكُمْ وَأَنفُسِكُم – آل عمران : ١٨٦
‘ഐഹികജീവിതം കൃത്രിമസമാനമല്ലാതെ മറ്റൊന്നുമല്ല, നിശ്ചയമായും നിങ്ങളുടെ സ്വത്തുക്കളിലും ദേഹങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്’. നൂഹ് (അ)നബി തുടരുന്നു:-
- مَّا لَكُمْ لَا تَرْجُونَ لِلَّهِ وَقَارًا ﴾١٣﴿
- '(ജനങ്ങളേ), നിങ്ങള്‍ക്കെന്താണ്, നിങ്ങള്‍ അല്ലാഹുവിന് ഒരു മഹത്വവും പ്രതീക്ഷിക്കുന്നില്ല?'-
- مَّا لَكُمْ നിങ്ങള്‍ക്കെന്താണ് لَا تَرْجُونَ നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല, കരുതുന്നില്ല لِلَّـهِ അല്ലാഹുവിന് وَقَارًا ഒരു മഹത്വം, ഗൗരവം, സഹനം
- وَقَدْ خَلَقَكُمْ أَطْوَارًا ﴾١٤﴿
- 'അവന്‍ നിങ്ങളെ പല ദശകളായി സൃഷ്ടിച്ചുണ്ടാക്കിയിട്ടുണ്ടല്ലോ (എന്നിട്ടും)!'
- وَقَدْ خَلَقَكُمْ അവന്‍ നിങ്ങളെ സൃഷ്ടിച്ചിട്ടുണ്ടല്ലോ أَطْوَارًا പല ദശകളായി, ഘട്ടങ്ങളായി
നിങ്ങള്‍ നിങ്ങളുടെ ആരാധ്യവസ്തുക്കളായ വിഗ്രഹങ്ങള്‍ക്കു പോലും വളരെ മഹത്വം കൽപ്പിച്ചുകൊണ്ടിരിക്കുന്നു. അതേ സമയത്ത് നിങ്ങളെ വിവിധ ദശകളിലായി സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണെന്ന് നിങ്ങള്‍ക്കു അറിയാമായിരുന്നിട്ടും നിങ്ങള്‍ അവനു യാതൊരു മഹത്വവും ഗൗരവവും ഉള്ളതായി ഗണിക്കുന്നില്ല. ഇതെന്തൊരു ആശ്ചര്യമാണ്?! എന്ന് സാരം. ഇന്ദ്രിയം, രക്തപിണ്ഡം, മാംസപിണ്ഡം, അപൂര്‍ണമായ മനുഷ്യരൂപം, പൂര്‍ണമായ മനുഷ്യരൂപം എന്നിങ്ങനെ ഗര്‍ഭാശയത്തില്‍ വെച്ച് പല ദശകളെയും തരണം ചെയ്ത ശേഷമാണല്ലോ മനുഷ്യന്‍ ഒരു ശിശുവായി പിറക്കുന്നത്. പിന്നീടാണെങ്കില്‍, ശൈശവം, കൗമാരം, ബാല്യം, യൗവ്വനം, വാർദ്ധക്യം ആദിയായ അവസ്ഥകളും സംഭവിക്കുന്നു. ആധുനിക ഗര്‍ഭശശാസ്ത്ര വിദഗ്ദ്ധന്മാര്‍ ഗര്‍ഭസ്ഥശിശുവിന്റെ വ്യത്യസ്ത ദശകളെപ്പറ്റി വേറെ രൂപത്തിലും വിവരിക്കാറുണ്ട്. പക്ഷേ, നൂഹ് (അ) നബിയുടെ കാലത്തുള്ളവര്‍ക്കും, ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തുള്ളവര്‍ക്കും അതൊന്നും പരിചിതമല്ലാത്ത സ്ഥിതിക്കും ഖുര്‍ആനില്‍ ഗര്‍ഭദശകളെക്കുറിച്ചു പ്രസ്താവിക്കാറുള്ള പ്രസ്താവനകള്‍ പരിശോധിക്കുമ്പോഴും അടുത്തകാലത്തു മാത്രം മനസ്സിലാക്കപ്പെട്ട ആ വിവരങ്ങള്‍ക്കു ഇവിടെ പ്രസക്തിയില്ല. അതേ സമയത്ത് ‘പലദശകളായി’ (اطوارا) എന്ന വാക്കിന്റെ അര്‍ത്ഥവ്യാപ്തിയില്‍ മനുഷ്യസൃഷ്ടിയില്‍ സംഭവിക്കുന്ന എല്ലാവിധ ദശമാറ്റങ്ങളും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. സ്വന്തം ദേഹങ്ങളില്‍ തന്നെ അല്ലാഹുവിന്റെ മഹത്വങ്ങളെ സാക്ഷീകരിക്കുന്ന ധാരാളം ദൃഷ്ടാന്തങ്ങള്‍ അടങ്ങിയിട്ടുള്ളതിനെ ഓര്‍മ്മിപ്പിച്ചശേഷം ചില പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്കു നൂഹ് (അ) അവരുടെ ശ്രദ്ധക്ഷണിക്കുന്നു:-
- أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقًا ﴾١٥﴿
- 'നിങ്ങള്‍ കണ്ടില്ലേ, എങ്ങിനെയാണ് (ഒന്നൊന്നിനുമീതെ) അടുക്കുകളായ നിലയില്‍ അല്ലാഹു ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചിരിക്കുന്നതു?! (ആലോചിച്ചുനോക്കൂ.)'
- أَلَمْ تَرَوْا നിങ്ങള്‍ കണ്ടില്ലേ كَيْفَ خَلَقَ എങ്ങിനെ സൃഷ്ടിച്ചിരിക്കുന്നുവെന്ന് اللَّـهُ അല്ലാഹു سَبْعَ سَمَاوَاتٍ ഏഴാകാശങ്ങളെ طِبَاقًا അടുക്കായി, തട്ടുതട്ടായി
- وَجَعَلَ ٱلْقَمَرَ فِيهِنَّ نُورًا وَجَعَلَ ٱلشَّمْسَ سِرَاجًا ﴾١٦﴿
- 'അവയില്‍ ചന്ദ്രനെ അവന്‍ ഒരു പ്രകാശമാക്കുകയും ചെയ്തിരിക്കുന്നു: സൂര്യനെ ഒരു വിളക്കും ആക്കിയിരിക്കുന്നു.'
- وَجَعَلَ الْقَمَرَ ചന്ദ്രനെ ആക്കുകയും ചെയ്തു فِيهِنَّ അവയില്‍ نُورًا ഒരു പ്രകാശം, വെളിച്ചം وَجَعَلَ الشَّمْسَ സൂര്യനെ ആക്കുകയും ചെയ്തു سِرَاجًا ഒരു വിളക്ക്
- وَٱللَّهُ أَنۢبَتَكُم مِّنَ ٱلْأَرْضِ نَبَاتًا ﴾١٧﴿
- 'അല്ലാഹു തന്നെ, ഭൂമിയില്‍ നിന്നു നിങ്ങളെ ഒരു (തരം) ഉല്‍പാദനം ഉൽപാദിപ്പിച്ചിരിക്കുന്നു.'
- وَاللَّـهُ അല്ലാഹു (തന്നെ) أَنبَتَكُم നിങ്ങളെ ഉൽപാദിപ്പിച്ചു, മുളപ്പിച്ചു (ഉത്ഭവിപ്പിച്ചു) مِّنَ الْأَرْضِ ഭൂമിയില്‍ നിന്നു نَبَاتًا ഒരു ഉല്‍പാദനം (മുള - ഉൽപന്നം) ആയിട്ട്
- ثُمَّ يُعِيدُكُمْ فِيهَا وَيُخْرِجُكُمْ إِخْرَاجًا ﴾١٨﴿
- 'പിന്നീടു, അവന്‍ നിങ്ങളെ അതില്‍ (വീണ്ടും) മടക്കുകയും (അതില്‍ നിന്നു) ഒരു പുറത്തുവരുത്തല്‍ വരുത്തുകയും ചെയ്യുന്നു.'
- ثُمَّ يُعِيدُكُمْ പിന്നെ നിങ്ങളെ അവന്‍ ആവര്‍ത്തിക്കുന്നു, മടക്കുന്നു فِيهَا അതില്‍ وَيُخْرِجُكُمْ നിങ്ങളെ പുറത്തു (വെളിക്കു) വരുത്തുകയും ചെയ്യുന്നു إِخْرَاجًا ഒരു പുറത്തുവരുത്തല്‍
‘അടുക്കുകളായ ഏഴു ആകാശങ്ങള്‍’ (سَبْعَ سَمَاوَاتٍ طِبَاقًا) എന്നതിന്റെ വിവക്ഷയെക്കുറിച്ച് സൂ:മുൽക് 3-ാം വചനത്തിന്റെ വിവരണത്തില്‍ വിവരിച്ചിട്ടുണ്ട്. ചന്ദ്രവെളിച്ചം സൂര്യവെളിച്ചത്തെ അപേക്ഷിച്ച് വളരെ ലഘുവായതാണല്ലോ. അതാകട്ടെ, സൂര്യന്റെ വെളിച്ചം തിരിച്ചടിക്കുന്നതിനാല്‍ ഉണ്ടാകുന്നതുമാണ്. സൂര്യനാണെങ്കില്‍ സ്വയം പ്രകാശിക്കുന്നതും, ഭൂമിക്കും ചന്ദ്രനും വെളിച്ചം നൽകുന്നതുമാകുന്നു. ഇങ്ങിനെയുള്ള കാരണങ്ങള്‍ കൊണ്ടായിരിക്കാം ചന്ദ്രനെ ‘പ്രകാശമാക്കി’ എന്നും, സൂര്യനെ ‘വിളക്കാക്കി’ എന്നും വ്യത്യസ്ത രൂപത്തില്‍ അല്ലാഹു പറഞ്ഞത്. ചെറുവാക്കുകളില്‍ പോലും പല അന്തസാരങ്ങളും രഹസ്യങ്ങളും ഉള്‍ക്കൊണ്ടിരിക്കുക ഖുര്‍ആനിന്റെ ഒരു സവിശേഷതയാണല്ലോ. ‘നിങ്ങളെ ഭൂമിയില്‍ നിന്ന് ഒരു ഉൽപാദനം ഉൽപാദിപ്പിച്ചിരിക്കുന്നു’ എന്ന് പറഞ്ഞതും ശ്രദ്ധേയമാകുന്നു. ഭൂമിയില്‍ നിന്നു സസ്യങ്ങള്‍ മുളച്ചു വ്യാപിക്കുന്നതുപോലെ മനുഷ്യന്‍ ഉത്ഭവിക്കുകയും വികസിക്കുകയും ചെയ്യുന്നു. മനുഷ്യപിതാവിനെ അല്ലാഹു സൃഷ്ടിച്ചതു മണ്ണില്‍ നിന്നാണ്. ഒന്നാമത്തെ ആ മനുഷ്യച്ചെടിയില്‍ നിന്ന് പെരുകിയുണ്ടായതാണല്ലോ ഈ കോടാനുകോടി മനുഷ്യര്‍. എനി, ഓരോരുവനെ സംബന്ധിച്ച് നോക്കുക, ഇന്ദ്രിയത്തില്‍ നിന്നാണ് പ്രത്യക്ഷത്തില്‍ അവന്റെ ഉല്‍ഭവമെങ്കിലും ഇന്ദ്രിയം ഭക്ഷണത്തില്‍ നിന്നും, ഭക്ഷണം ഭൂവിഭവങ്ങളില്‍ നിന്നും അവ ഭൂമിയില്‍ നിന്നും ഉൽപാദിപ്പിക്കുന്നവയാണ്. (*) ഒടുക്കം എല്ലാവരെയും അതേ മണ്ണിലേക്കുതന്നെ രണ്ടാമതും തിരിച്ചയക്കുന്നു. ശവം മണ്ണില്‍ മൂടപ്പെടട്ടെ, അല്ലെങ്കില്‍ ദഹിപ്പിക്കപ്പെടട്ടെ, ഏതായാലും ഒടുക്കം മണ്ണില്‍ തന്നെ ലയിക്കുന്നു.ഇത്രയും കാര്യങ്ങള്‍ എല്ലാവരും സമ്മതിക്കുന്നതും കണ്ടറിയുന്നതുമാണ്. എന്നാല്‍, ഇതെല്ലാം ചെയ്യുന്ന അല്ലാഹു മനുഷ്യനെ ഒന്നുകൂടി പുറത്തു വരുത്തുക തന്നെ ചെയ്യും. അതത്രെ പുനരുത്ഥാനം. ഇതിലെന്താണ് ഇത്ര അസാംഗത്യം! ഒന്നുമില്ല. നൂഹ് (അ) തുടരുന്നു.
(*) وَاللَّـهُ أَنبَتَكُم مِّنَ الْأَرْضِ نَبَاتًا എന്നുള്ള 17- ാം വചനത്തിന് ‘അല്ലാഹു നിങ്ങളെ ഭൂമിയില്‍ ഒരു സസ്യമായി മുളപ്പിച്ചു’ എന്ന് ഈ അടുത്തകാലത്ത് ചില പുത്തന്‍ ചിന്താഗതിക്കാര്‍ അര്‍ത്ഥം നൽകിക്കാണുന്നു. ആ അര്‍ത്ഥത്തെ ആധാരമാക്കി ഡാര്‍വിന്റെ പരിണാമവാദത്തിനു ഖുര്‍ആനിന്റെ സാക്ഷ്യമുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാന്‍ അവര്‍ ശ്രമിച്ചും കാണുന്നു. അഥവാ മനുഷ്യന്‍ ഒരുകാലത്ത് സസ്യമായിരുന്നുവെന്നും ക്രമേണ പരിഷ്കരിച്ച് പരിഷ്കരിച്ച് മനുഷ്യരൂപത്തിലെത്തിയതാണെന്നുമാണ് ആ സമര്‍ത്ഥനം. ഖുര്‍ആനിന്റെ പ്രസ്താവനകള്‍ക്കും ഇസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമായ ഈ സിദ്ധാന്തത്തെ മുസ്‌ലിംകള്‍ മാത്രമല്ല, പല ശാസ്ത്രപണ്ഡിതന്‍മാര്‍ പോലും തള്ളിക്കളഞ്ഞിരിക്കുകയാണ്. പക്ഷേ, ഓരോ കാലത്തും പുതുതായി രംഗപ്രവേശം ചെയ്യുന്ന പുത്തന്‍ സിദ്ധാന്തങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് ന്യായീകരണം ഉണ്ടാക്കുവാന്‍ മുതിരുന്നത് ചില ആധുനിക പണ്ഡിതന്മാര്‍ ഇന്നൊരു പരിഷ്കാരമാക്കിയിരിക്കുകയാണല്ലോ.
انبت (അന്ബത) എന്ന ക്രിയക്ക് ‘മുളപ്പിച്ചു, ഉൽപ്പാദിപ്പിച്ചു’ എന്നും نبات (നബാത്തുന്‍) എന്ന പദത്തിന് ‘മുള, ചെടി, ഉല്പാദനം’ എന്നിങ്ങനെയും അര്‍ത്ഥങ്ങള്‍ വരുമെന്നതില്‍ തര്‍ക്കമില്ല. അക്കാരണത്താല്‍ ഈ പുതിയ അര്‍ത്ഥം വകവെക്കുവാന്‍ തരമില്ല. ഇതേ വാക്കുകള്‍ തന്നെ ഉപയോഗിച്ചുകൊണ്ട് സൂ: ആലുഇംറാന്‍ 37-ാം വചനത്തില്‍ അല്ലാഹു മര്‍യം (അ) ബീവിയെപ്പറ്റി പ്രസ്താവിച്ചത് നോക്കുക : وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِيَّا (അല്ലാഹു അവളെ നല്ലതായ ഒരു ഉൽപാദനം ഉൽപാദിപ്പിക്കുകയും അവളെ സക്കരിയ്യാക്കു ഭരമേൽപിക്കുകയും ചെയ്തു.) അതായത്, മര്‍യമിന്റെ ഉൽഭവവും, വളര്‍ച്ചയും അല്ലാഹു നല്ല നിലയിലാക്കുകയും, അവരുടെ രക്ഷാകര്‍തൃത്വം സകരിയ്യാ(അ) നബിക്ക് നൽകുകയും ചെയ്തുവെന്ന് സാരം. ഇക്കൂട്ടര്‍ കൽപിച്ച അര്‍ത്ഥ പ്രകാരമാണെങ്കില്‍, ഇതിന് ‘അല്ലാഹു അവളെ ഒരു നല്ല സസ്യമാക്കി മുളപ്പിച്ചു…..’ എന്ന് അര്‍ത്ഥം പറയണമല്ലോ. അഥവാ മര്‍യം ആദ്യം ഒരു ചെടിയായിരുന്നുവെന്നും, പിന്നീടു മനുഷ്യരൂപത്തിലായെന്നും, അനന്തരം സക്കരിയ്യാ നബിയെ ഏൽപ്പിച്ചുവെന്നും ഇതിന് വ്യാഖ്യാനവും നൽകേണ്ടിവരും. കഷ്ടം! ഇത്രയും അപലപനീയവും ബാലിശവുമായ പുതിയ അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ കാണുമ്പോള്‍ ഇവര്‍ക്കു ഖുര്‍ആനിന്റെ പേരില്‍ എന്തും പറയുവാന്‍ ധൈര്യക്ഷയമുണ്ടാവില്ലെന്ന് തോന്നിപ്പോവുകയാണ്! അല്ലാഹു അവര്‍ക്കും നമുക്കും നേര്‍മാര്‍ഗ്ഗം കാണിച്ചുതന്നു അനുഗ്രഹിക്കട്ടെ. ആമീന്‍.
- وَٱللَّهُ جَعَلَ لَكُمُ ٱلْأَرْضَ بِسَاطًا ﴾١٩﴿
- അല്ലാഹുതന്നെ, നിങ്ങള്‍ക്ക് ഭൂമിയെ ഒരു വിരുപ്പാക്കിത്തരുകയും ചെയ്തിരിക്കുന്നു;
- وَاللَّـهُ അല്ലാഹു (തന്നെ) جَعَلَ لَكُمُ നിങ്ങള്‍ക്ക് ആക്കിത്തന്നിരിക്കുന്നു الْأَرْضَ ഭൂമിയെ بِسَاطًا ഒരു വിരിപ്പ്
- لِّتَسْلُكُوا۟ مِنْهَا سُبُلًا فِجَاجًا ﴾٢٠﴿
- നിങ്ങള്‍ക്ക് അതില്‍ നിന്ന് വിസ്തീർണമായ മാര്‍ഗങ്ങളില്‍ പ്രവേശിക്കുവാന്‍ വേണ്ടി.
- لِّتَسْلُكُوا നിങ്ങള്‍ പ്രവേശിക്കുവാന്‍, കടക്കുവാന്‍ مِنْهَا അതില്‍ നിന്ന് سُبُلًا വഴികളില്‍ فِجَاجًا വിശാലമായ, വിസ്തീർണമായ
വിരിപ്പില്‍ യഥേഷ്ടം കിടക്കാം, ഉറങ്ങാം, സുഖിക്കാം, ഇരിക്കാം. അതുപോലെത്തന്നെ ഭൂമിയും, വസിക്കുവാന്‍, ഉപജീവനമാര്‍ഗ്ഗം തേടാന്‍, വീടുപണിയുവാന്‍, കൃഷി ചെയ്‌വാന്‍, സഞ്ചരിക്കുവാന്‍, നിരീക്ഷണം നടത്തുവാന്‍, കിളച്ചുമറിക്കുവാന്‍ – അങ്ങിനെ വേണ്ടതിനെല്ലാം – സൗകര്യപ്പെടുമാറ് അല്ലാഹു ഭൂമിയെ പരന്നു വിശാലമായതാക്കിയിരിക്കുന്നു. പാറപോലെ ഉറച്ചതോ, മണല്‍പോലെ കിളറിയതോ, ചേറുപോലെ അലിഞ്ഞതോ, വനംപോലെ കാട് മൂടിയതോ, മരുഭൂമി പോലെ ഒഴിഞ്ഞുകിടക്കുന്നതോ ആക്കിയില്ല. ഓരോരുത്തന്നും അവന്റെ ഹിതമനുസരിച്ച് വിഹരിക്കുവാനുള്ള മാര്‍ഗ്ഗങ്ങളും വിശാലം തന്നെ. നാട്ടിലൂടെയും, കാട്ടിലൂടെയും, കരയിലൂടെയും, സമുദ്രത്തിലൂടെയും, മലയിലൂടെയും, മരുഭൂമിയിലൂടെയും സഞ്ചരിക്കുവാനുള്ള സൗകര്യങ്ങളും അല്ലാഹു സജ്ജമാക്കിയിരിക്കുന്നു. കൂടാതെ, വായുമാര്‍ഗ്ഗവും ഇപ്പോള്‍ മനുഷ്യന് അല്ലാഹു കീഴ്പ്പെടുത്തിത്തന്നിരിക്കുകയാണ്. ഇതെല്ലാം അല്ലാഹു മനുഷ്യന് ചെയ്ത മഹത്തായ അനുഗ്രഹങ്ങളും, അതേസമയത്ത് അല്ലാഹുവിന്റെ മഹത്വത്തിനുള്ള പ്രത്യക്ഷ ദൃഷ്ടാന്തങ്ങളുമത്രെ.
950 കൊല്ലത്തോളം നൂഹ് (അ) തന്റെ ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നതിന്റെ സ്വഭാവമാണ് സംക്ഷേപരൂപത്തില്‍ നാം മുകളില്‍ കണ്ടത്. എന്നാല്‍, ആ ജനത അതിനുനേരെ കൈകൊണ്ട നയമെന്തായിരുന്നുവെന്ന് നൂഹ് (അ) നബി തന്റെ പ്രസ്താവനയില്‍ തുടര്‍ന്നു വിവരിക്കുന്നു:-
വിഭാഗം - 2
- قَالَ نُوحٌ رَّبِّ إِنَّهُمْ عَصَوْنِى وَٱتَّبَعُوا۟ مَن لَّمْ يَزِدْهُ مَالُهُۥ وَوَلَدُهُۥٓ إِلَّا خَسَارًا ﴾٢١﴿
- നൂഹ് പറഞ്ഞു: 'എന്റെ റബ്ബേ! നിശ്ചയമായും അവര്‍, എന്നോടു അനുസരണക്കേട് കാണിച്ചിരിക്കുകയാണ്; യാതൊരുവര്‍ക്ക് അവരുടെ സ്വത്തും സന്താനവും നഷ്ടമല്ലാതെ വര്‍ദ്ധിപ്പിച്ചിട്ടില്ലയോ, അങ്ങിനെയുള്ളവരെ അവര്‍ പിൻപറ്റുകയും ചെയ്തിരിക്കുന്നു.'
- قَالَ نُوحٌ നൂഹ് പറഞ്ഞു رَّبِّ എന്റെ റബ്ബേ إِنَّهُمْ നിശ്ചയമായും അവര്‍ عَصَوْنِي എന്നോട് അനുസരണക്കേട് കാണിച്ചു وَاتَّبَعُوا അവര്‍ പിൻപറ്റുകയും ചെയ്തു مَن യാതൊരുവരെ لَّمْ يَزِدْهُ അവര്‍ക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ല مَالُهُ തന്റെ സ്വത്ത് وَوَلَدُهُ തന്റെ സന്താനവും إِلَّا خَسَارًا നഷ്ടമല്ലാതെ
- وَمَكَرُوا۟ مَكْرًا كُبَّارًا ﴾٢٢﴿
- 'വളരെ വലിയ കുതന്ത്രവും അവര്‍ പ്രയോഗിച്ചിരിക്കുന്നു.
- وَمَكَرُوا അവര്‍ കുതന്ത്രം പ്രവര്‍ത്തിക്കുകയും ചെയ്തു مَكْرًا كُبَّارًا (വളരെ) വലുതായ കുതന്ത്രം
- وَقَالُوا۟ لَا تَذَرُنَّ ءَالِهَتَكُمْ وَلَا تَذَرُنَّ وَدًّا وَلَا سُوَاعًا وَلَا يَغُوثَ وَيَعُوقَ وَنَسْرًا ﴾٢٣﴿
- അവര്‍ പറഞ്ഞു: '(ജനങ്ങളേ) നിശ്ചയമായും നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ വിട്ടേക്കരുത്; 'വദ്ദി'നെയാകട്ടെ, 'സുവാഇ'നെയാകട്ടെ നിങ്ങള്‍ വിട്ടേക്കരുത്; 'യഗൂഥി'നെയും, 'യഊഖി'നെയും, 'നസ്റി'നെയും (വിട്ടേക്കുകയും) അരുത്' (എന്നൊക്കെ)'.
- وَقَالُوا അവര്‍ പറയുകയും ചെയ്തു لَا تَذَرُنَّ നിശ്ചയമായും നിങ്ങള്‍ വിട്ടേക്കരുത് ءَالِهَتَكُمْ നിങ്ങളുടെ ആരാധ്യവസ്തുക്കളെ, ദൈവങ്ങളെ وَلَا تَذَرُنَّ വിട്ടേക്കുകയും അരുത് وَدًّا ‘വദ്ദി’നെ وَلَا سُوَاعًا ‘സുവാഇ’നെയും അരുത് وَلَا يَغُوثَ ‘യഗൂഥി’നെയും അരുത് وَيَعُوقَ ‘യഊഖി’ നെയും وَنَسْرًا ‘നസ്റി’നെയും
- وَقَدْ أَضَلُّوا۟ كَثِيرًا ۖ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا ضَلَٰلًا ﴾٢٤﴿
- 'അവര്‍ വളരെ (ജനങ്ങളെ) വഴിപിഴപ്പിച്ചിട്ടുണ്ട്. (റബ്ബേ) അക്രമികള്‍ക്കു വഴികേടല്ലാതെ നീ വര്‍ദ്ധിപ്പിക്കരുതേ!'
- وَقَدْ أَضَلُّوا അവര്‍ വഴിപിഴപ്പിക്കുകയും ചെയ്തിട്ടുണ്ട് كَثِيرًا വളരെ(ആളുകളെ) وَلَا تَزِدِ നീ വര്‍ദ്ധിപ്പിക്കരുതേ الظَّالِمِينَ അക്രമികള്‍ക്കു إِلَّا ضَلَالًا വഴിപിഴവല്ലാതെ
എത്ര മാത്രം മനോവേദനയോടു കൂടിയാണ് നൂഹ് (അ) നബി തന്റെ ജനതയെപ്പറ്റി അല്ലാഹുവിന്റെ മുമ്പില്‍ സങ്കടപ്പെടുന്നതെന്ന് ആലോചിച്ചു നോക്കുക! പ്രബോധനത്തില്‍ അംഗീകരിക്കപ്പെടുവാനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം ഉപയോഗിച്ചുനോക്കി. 950 കൊല്ലത്തോളം ഇടമുറിയാതെ, വിശ്രമമില്ലാതെ, അദ്ദേഹം ആ പരിശ്രമം തുടര്‍ന്നു കൊണ്ടിരുന്നു. സൂ:ഹൂദ് 40ല്‍ പ്രസ്താവിച്ചതു പോലെ, അൽപമാത്രം ആളുകളല്ലാതെ അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം സ്വീകരിച്ചില്ല. ആ ജനത വിശ്വസിച്ചില്ലെന്ന് മാത്രമല്ല, പരിഹാസം, ധിക്കാരം, അഹംഭാവം ആദിയായവയില്‍ അവര്‍ അതിരുകവിയുകയും ചെയ്തു. അവരില്‍ നിന്ന് ഇനി ഒട്ടും നന്മ പ്രതീക്ഷിക്കുവാനില്ലെന്നും, അവര്‍ അവശേഷിക്കുന്ന കാലത്തോളം അവരില്‍ നിന്ന് അക്രമവും മാര്‍ഗ്ഗതടസ്സവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നും, അദ്ദേഹത്തിന് ബോധ്യമായി. ഈ അവസരത്തിലാണ് അദ്ദേഹം അവര്‍ക്കെതിരില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നത്. 26ഉം 27ഉം വചനങ്ങളില്‍ നിന്ന് ഇത് കൂടുതല്‍ വ്യക്തമാകുന്നതാണ്.
24-ാം വചനത്തിലെ നൂഹ് (അ) നബിയുടെ പ്രാര്‍ത്ഥനയുടെ താൽപര്യം, അക്രമികളായ ആ ജനതയുടെ കുതന്ത്രപ്രവര്‍ത്തനങ്ങളില്‍ അവര്‍ക്ക് പരാജയം നൽകണമെന്നും, അവരുടെ തോന്നിയവാസങ്ങള്‍ക്കും അവര്‍ മൂലമുണ്ടാകുന്ന ശല്യങ്ങള്‍ക്കും അറുതിവരത്തക്ക വണ്ണം അവര്‍ക്ക് വല്ല ആപത്തോ നാശമോ സംഭവിക്കണമെന്നും ആയിരിക്കാവുന്നതാണ്. തുടര്‍ന്നുള്ള വചനങ്ങളില്‍ നിന്ന് അതാണ് മനസ്സിലാകുന്നത്. الله اعلم
‘സ്വത്തും മക്കളും നഷ്ടമല്ലാതെ മറ്റൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ലാത്തവര്‍’ എന്ന് (21-ാം വചനത്തില്‍) പ്രസ്താവിച്ചത് അവരിലുള്ള നേതാക്കളെയും, ധനികന്മാരെയും കുറിച്ചാകുന്നു. പാമരന്മാരും സാധാരണക്കാരും അവരെ അനുകരിക്കുകയും പ്രേരണകള്‍ക്ക് വഴിപ്പെടുകയും ചെയ്തു. ഇതാണ് 24-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. നൂഹ് (അ) എന്തുതന്നെ പറഞ്ഞാലും ശരി, നമ്മുടെ ദൈവങ്ങളെ വിട്ടുകളയരുതെന്ന് നേതാക്കള്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചു. വിഗ്രഹങ്ങളെ ഉദ്ദേശിച്ചാണ് ‘ദൈവങ്ങള്‍’ എന്ന് പറഞ്ഞതെന്ന് സ്പഷ്ടമാണ്. അവയില്‍ കൂടുതല്‍ പ്രധാനപ്പെട്ട അഞ്ചെണ്ണത്തിന്റെ പേരുകളത്രെ 23-ാം വചനത്തില്‍ കാണുന്നത്. സജ്ജനങ്ങളായിരുന്ന ചില ആളുകള്‍ മരണപ്പെട്ടശേഷം, പിശാചിന്റെ പ്രേരണയനുസരിച്ച് ആദ്യം അവരുടെ പ്രതിമകള്‍ സ്ഥാപിക്കപ്പെടുകയും, ക്രമേണ അവ ആരാധ്യദൈവങ്ങളായി മാറുകയുമാണുണ്ടായതെന്നും, ഇതേ പേരുകളിലുള്ള വിഗ്രഹങ്ങള്‍ കാലാന്തരത്തില്‍ അറബികള്‍ക്കിടയിലും പ്രചാരത്തില്‍ വന്നുവെന്നും ഇബ്നു അബ്ബാസ് (റ) പ്രസ്താവിച്ചതായി ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു. ഇവക്കുപുറമെ‘ലാത്ത, ഉസ്സാ, മനാത്ത മുതലായ പല വിഗ്രഹങ്ങള്‍ അറബികള്‍ക്ക് വേറെയും ഉണ്ടായിരുന്നു. (വിഗ്രഹാരാധനയെ സംബന്ധിച്ച് കൂടുതല്‍ വിവരം ഈ സൂറത്തിന്റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണുക.) നൂഹ് (അ)ന്റെ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നൽകി. അല്ലാഹു പറയുന്നു:-
- مِّمَّا خَطِيٓـَٰٔتِهِمْ أُغْرِقُوا۟ فَأُدْخِلُوا۟ نَارًا فَلَمْ يَجِدُوا۟ لَهُم مِّن دُونِ ٱللَّهِ أَنصَارًا ﴾٢٥﴿
- അവരുടെ തെറ്റുകളാല്‍ തന്നെ അവര്‍ മുക്കി നശിപ്പിക്കപ്പെട്ടു; എന്നിട്ട് അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോള്‍, അവര്‍, തങ്ങള്‍ക്കു അല്ലാഹു അല്ലാതെയുള്ള സഹായികളെ കണ്ടെത്തിയില്ല.
- مِّمَّا خَطِيئَاتِهِمْ അവരുടെ തെറ്റു (കുറ്റം)കളാല്‍ (തന്നെ) أُغْرِقُوا അവര്‍ മു(ക്കിനശിപ്പി)ക്കപ്പെട്ടു فَأُدْخِلُوا എന്നിട്ട് അവര്‍ പ്രവേശിപ്പിക്കപ്പെട്ടു نَارًا അഗ്നിയില്‍ فَلَمْ يَجِدُوا അപ്പോള്‍ അവര്‍ കണ്ടെത്തിയില്ല, അവര്‍ക്ക് കിട്ടിയില്ല لَهُم അവര്‍ക്ക് مِّن دُونِ اللَّـهِ അല്ലാഹുവിന് പുറമെ أَنصَارًا സഹായികളെ
നൂഹ് (അ) നബിയില്‍ വിശ്വസിക്കാതിരുന്ന ആ ജനത ഒന്നടങ്കം ജലപ്രളയത്തില്‍ നശിച്ചുപോയതും, അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്ന അൽപം സത്യവിശ്വാസികളും അദ്ദേഹവും അല്ലാഹുവിന്റെ കൽപനപ്രകാരം കപ്പലില്‍ കയറി രക്ഷപ്പെട്ടതും പ്രസിദ്ധമാണല്ലോ. ഇത് അവര്‍ക്ക് ലഭിച്ച ഐഹികശിക്ഷയാണ്. പരലോകത്തിലോ നരകാഗ്നിയും! ഇതെല്ലാം അവരുടെ സ്വന്തം തെറ്റുകുറ്റങ്ങള്‍ നിമിത്തമല്ലാതെ സംഭവിച്ചിട്ടില്ല. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
അവര്‍ ‘മുക്കിനശിപ്പിക്കപ്പെട്ടു’ എന്നു പറഞ്ഞതിനോട് ചേർത്തു കൊണ്ട് فَأُدْخِلُوا نَارًا (എന്നിട്ട് അവര്‍ അഗ്നിയില്‍ പ്രവേശിപ്പിക്കപ്പെട്ടു) എന്ന് പറഞ്ഞിരിക്കുന്നത് ക്വിയാമത്തുനാളില്‍ അവരെ നരകത്തില്‍ പ്രവേശിപ്പിക്കുന്നതിനെയും, അവര്‍ അതിന് അർഹരായി കഴിഞ്ഞിട്ടുള്ളതിനെയും ഉദ്ദേശിച്ചായിരിക്കാം. അല്ലെങ്കില്‍, മുങ്ങിനശിച്ചതോടൊപ്പം തന്നെ അവരെ അല്ലാഹു യഥാർത്ഥത്തില്‍ ഒരു അഗ്നിശിക്ഷക്ക് വിധേയമാക്കിയിട്ടുണ്ട് എന്നും വരാവുന്നതാണ്. ചെങ്കടലില്‍ മുക്കിനശിപ്പിക്കപ്പെട്ട ഫിർഔനിനെയും അവന്റെ ആൾക്കാരെയും സംബന്ധിച്ച് ‘അവര്‍ രാവിലെയും വൈകുന്നേരവും നരകത്തിങ്കല്‍ പ്രദർശിപ്പിക്കപ്പെട്ടു വരുന്നുണ്ടെ’ന്നു 40:46ല്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ടല്ലോ. മരണത്തിനു ശേഷം ക്വിയാമത്തുനാൾ വരെയുള്ള ഇടക്കാലത്ത് (عالم البرزخ)ല്‍ വെച്ച് മനുഷ്യന് സുഖമായോ ദുഃഖമായോ ഉള്ള അനുഭവങ്ങള്‍ ഉണ്ടായിരിക്കുമെന്നും, ക്വബ്റിലെ ശിക്ഷ അക്കൂട്ടത്തില്‍ പെട്ടതാണെന്നും ഖുർആനിൽ നിന്നും ഹദീഥ് മുഖേനയും സ്ഥാപിതമായിട്ടുള്ളതാണ്. അപ്പോള്‍, ജലപ്രളയത്തില്‍ നശിപ്പിക്കപ്പെട്ടത് മുതല്‍ ആ ജനതയും – ഫിർഔന്റെ ആൾക്കാരെപ്പോലെ – ഏതെങ്കിലും വിധത്തിലുള്ള ഒരു അഗ്നിശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ടായിരിക്കാം. فادخلوا (എന്നിട്ട് പ്രവേശിപ്പിക്കപ്പെട്ടു) എന്ന വാക്കിന്റെ ആദ്യത്തില്‍ കാണുന്ന അവ്യയം (الفاء) നോക്കുമ്പോള്‍, മുങ്ങി നശിച്ചതിന്റെ ഉടനെത്തന്നെ അഗ്നിപ്രവേശനവും സംഭവിച്ചിട്ടുണ്ടെന്ന് വെക്കുവാനാണ് ന്യായം കാണുന്നത്. കൂടാതെ, മുക്കി നശിപ്പിച്ചതിനെക്കുറിച്ചും, അഗ്നിയില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും – രണ്ടും തന്നെ – ഭൂതകാല (الماضي) ക്രിയ ഉപയോഗിച്ചാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നതും. والله اعلم
- وَقَالَ نُوحٌ رَّبِّ لَا تَذَرْ عَلَى ٱلْأَرْضِ مِنَ ٱلْكَٰفِرِينَ دَيَّارًا ﴾٢٦﴿
- നൂഹ് (വീണ്ടും) പറഞ്ഞു: 'എന്റെ റബ്ബേ, അവിശാസികളിൽപെട്ട ഒരു പൗരനെയും ഭൂമിക്കുമീതെ നീ (ബാക്കിയാക്കി) വിട്ടേക്കരുതേ'!
- وَقَالَ نُوحٌ നൂഹ് (വീണ്ടും) പറഞ്ഞു رَّبِّ എന്റെ റബ്ബേ لَا تَذَرْ നീ വിട്ടേക്കരുതേ عَلَى الْأَرْضِ ഭൂമിയുടെ മീതെ, ഭൂമിയില്‍ مِنَ الْكَافِرِينَ അവിശ്വാസികളില്‍ നിന്ന് دَيَّارًا ഒരു വീട്ടുകാരനെയും, ഗൃഹവാസിയെ (ഒരാളെ)യും
- إِنَّكَ إِن تَذَرْهُمْ يُضِلُّوا۟ عِبَادَكَ وَلَا يَلِدُوٓا۟ إِلَّا فَاجِرًا كَفَّارًا ﴾٢٧﴿
- '(കാരണം) നിശ്ചയമായും,അവരെ (നശിപ്പിക്കാതെ) നീ വിട്ടേക്കുന്നപക്ഷം, അവര്‍ നിന്റെ അടിയാന്മാരെ വഴിതെറ്റിച്ചുകളയുന്നതാണ്; സത്യനിഷേധക്കാരായ ദുര്‍വൃത്തരെയല്ലാതെ അവര്‍ ജനിപ്പിക്കുകയും ചെയ്കയില്ല.'
- إِنَّكَ നിശ്ചയമായും നീ إِن تَذَرْهُمْ അവരെ നീ വിട്ടേക്കുന്നപക്ഷം يُضِلُّوا അവര്‍ വഴിതെറ്റിക്കും عِبَادَكَ നിന്റെ അടിയാന്മാരെ وَلَا يَلِدُوا അവര്‍ ജനിപ്പിക്കുകയുമില്ല إِلَّا فَاجِرًا ദുര്വൃത്തരെ (തോന്നിയവാസിയെ) അല്ലാതെ كَفَّارًا സത്യനിഷേധക്കാരനായ, നന്ദികെട്ടവനായ
ആ ജനതയെക്കുറിച്ച് ഒരു സല്പ്രതീക്ഷക്ക് അവകാശമില്ലാതിരുന്നതോ, അവര്‍ കൈ കൊണ്ടുവന്ന അക്രമനയങ്ങളോ മാത്രമായിരുന്നില്ല അവർക്കെതിരില്‍ – അവരുടെ നാശത്തിനുവേണ്ടി – പ്രാർത്ഥിക്കുവാന്‍ നൂഹ് (അ) നബിയെ പ്രേരിപ്പിച്ചത്. ഭാവിയില്‍ സത്യവിശ്വാസം സ്വീകരിക്കാനിടയുള്ള ആളുകളെ – ഒരു പക്ഷേ, അദ്ദേഹത്തില്‍ വിശ്വസിച്ചവരായി നിലവിലുള്ള ചുരുക്കം വ്യക്തികളെപ്പോലും – ആ അക്രമികള്‍ വഴിപിഴപ്പിക്കുകയും പിന്തിരിപ്പിക്കുകയും ചെയ്യുമെന്നും, ആ ദുഷിച്ച ജനതയില്‍ നിന്ന് ജനിച്ചുവളരുന്ന ഭാവി തലമുറകള്‍ അവരെപ്പോലെ ദുഷിച്ച ജനതയായിരിക്കുവാനേ മാര്‍ഗമുള്ളൂവെന്നും അദ്ദേഹത്തിന്റെ ദീർഘകാല പരിചയത്തില്‍ നിന്ന് അദ്ദേഹത്തിനു ബോധ്യമായിരിക്കുന്നു. കൂടാതെ, അദ്ദേഹത്തോടൊപ്പം വിശ്വസിച്ചു കഴിഞ്ഞിട്ടുള്ള അൽപം ചിലരല്ലാതെ മേലില്‍ ആ ജനതയില്‍ നിന്ന് ആരും വിശ്വസിക്കുന്നതല്ല എന്ന് അല്ലാഹു അദ്ദേഹത്തിന് വഹ്യ് നൽകുകയും ചെയ്തിരുന്നു. (സൂ:ഹൂദ്-36). ഈ പ്രാർത്ഥന അതിനു ശേഷമായിരിക്കാനും ഇടയുണ്ട്. പ്രാവചകവര്യനായ നൂഹ് (അ) തന്റെ ജനതക്കെതിരില്‍ പ്രാർത്ഥന ചെയ്തതിന്റെ കാരണവും, ന്യായവും ഇതില്‍ നിന്ന് നല്ലപോലെ മനസ്സിലാക്കാമല്ലോ. ഫിർഔനിന്റെയും ആൾക്കാരുടെയും സത്യനിഷേധവും ധിക്കാരവും അതിരുകവിഞ്ഞു അവരെക്കുറിച്ചുള്ള പ്രതീക്ഷ പാടെ നശിച്ചപ്പോള്‍ അവർക്കെതിരില്‍ മൂസ (അ) നബിയും പ്രാർത്ഥിക്കുകയുണ്ടായിട്ടുണ്ടെന്നും, ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെട്ടുവെന്നും സൂ:യൂനുസി (88,89)ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. നൂഹ് (അ) നബിയുടെ പ്രാർത്ഥനയുടെ ബാക്കിഭാഗം ഇപ്രകാരമാണ്:-
- رَّبِّ ٱغْفِرْ لِى وَلِوَٰلِدَىَّ وَلِمَن دَخَلَ بَيْتِىَ مُؤْمِنًا وَلِلْمُؤْمِنِينَ وَٱلْمُؤْمِنَٰتِ وَلَا تَزِدِ ٱلظَّٰلِمِينَ إِلَّا تَبَارًۢا ﴾٢٨﴿
- 'എന്റെ റബ്ബേ, എനിക്കും, എന്റെ മാതാപിതാക്കൾക്കും, എന്റെ വീട്ടില്‍ സത്യവിശ്വാസിയായിക്കൊണ്ട് പ്രവേശിച്ചവർക്കും, സത്യവിശ്വാസികൾക്കും, വിശ്വാസിനികൾക്കും പൊറുത്തുതരേണമേ! അക്രമികൾക്ക് നാശ (നഷ്ട)മല്ലാതെ നീ വർദ്ധിപ്പിക്കുകയും ചെയ്യരുതേ!'
- رَّبِّ എന്റെ രക്ഷിതാവേ, റബ്ബേ اغْفِرْ لِي എനിക്ക് പൊറുത്തുതരേണമേ وَلِوَالِدَيَّ എന്റെ രണ്ടു ജനയിതാക്കള്‍ (മാതാപിതാക്കള്‍)ക്കും وَلِمَن دَخَلَ പ്രവേശിച്ചവർക്കും بَيْتِيَ എന്റെ വീട്ടില്‍ مُؤْمِنًا സത്യവിശ്വാസിയായിക്കൊണ്ടു وَلِلْمُؤْمِنِينَ സത്യവിശ്വാസികൾക്കും وَالْمُؤْمِنَاتِ സത്യവിശ്വാസിനികൾക്കും وَلَا تَزِدِ നീ വർദ്ധിപ്പിക്കുകയും അരുതേ الظَّالِمِينَ അക്രമികൾക്ക് إِلَّا تَبَارًا നാശമല്ലാതെ, നഷ്ടമല്ലാതെ
അവസാനമായി തന്റെയും, തന്റെ മാതാപിതാക്കളുടെയും, മറ്റെല്ലാ സത്യവിശ്വാസികളുടെയും പാപമോചനത്തിനുവേണ്ടി നൂഹ് (അ) നബി പ്രാർത്ഥിക്കുന്നു. അവിശ്വാസികളെക്കുറിച്ചുള്ള പ്രാർത്ഥന ഒന്നുകൂടി ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. ദുആ ചെയ്യുമ്പോള്‍ നാം സ്വീകരിക്കേണ്ടതായ ഒരു മര്യാദ ഇതില്‍ നിന്ന് നമുക്ക് മനസ്സിലാക്കുവാനുണ്ട്. അതായത് പ്രാർത്ഥനയില്‍, ആദ്യമായി സ്വന്തം കാര്യവും പിന്നീട് അവനവനുമായി കൂടുതല്‍ ബന്ധപ്പെട്ടവരുടെ കാര്യവും പ്രത്യേകം എടുത്തു പറയണം. അവസാനം പൊതുവില്‍ എല്ലാവർക്കുവേണ്ടിയും പ്രാർത്ഥിക്കണം എന്നത്രെ അത്. എന്റെ വീട് (بيتي) എന്ന് പറഞ്ഞത് അദ്ദേഹവും സത്യവിശ്വാസികളും ‘ഇബാദത്ത്’ ചെയ്തിരുന്ന പള്ളിയെ ഉദ്ദേശിച്ചാണെന്നാണ് പല വ്യാഖ്യാതാക്കളുടെയും അഭിപ്രായം. അദ്ദേഹം വസിച്ചിരുന്ന സ്വന്തം വീട് തന്നെയാണെന്നാണ് മറ്റൊരഭിപ്രായം. ഖുർആനില്‍ നിന്ന് നേർക്കു നേരെ മനസ്സിലാകുന്നതും ഇതാണ്. അൽപം ആളുകള്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നുള്ളു. അദ്ദേഹമാണെങ്കില്‍ ദീർഘകാലം ജീവിക്കുകയും ചെയ്തിരിക്കുന്നു. നാട്ടുകാരെല്ലാം ശത്രുക്കളുമാണ്. ഈ നിലക്ക് അദ്ദേഹത്തിന്റെ ജനതയിലുള്ള ഒരു സത്യവിശ്വാസിയും അദ്ദേഹത്തിന്റെ വീട്ടില്‍ പ്രവേശിക്കാത്തവരായി ഉണ്ടായിരിക്കുവാന്‍ അവകാശമില്ലല്ലോ. ഒരു നബി വചനം ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: ‘സത്യവിശ്വാസിയോടല്ലാതെ നീ ചങ്ങാത്തം കെട്ടരുത്. ഭയഭക്തനല്ലാതെ നിന്റെ ഭക്ഷണം തിന്നുകയും അരുത്.’ (അ; ദാ; തി.) നിന്റെ അടുത്ത കൂട്ടുകെട്ടും ബന്ധവും സത്യവിശ്വാസികളോടും സജ്ജനങ്ങളോടുമായിരിക്കണമെന്ന് താൽപര്യം.
ربنا اغفرلنا ولوالدينا وللمؤْمنين والمؤْمنات