വിഭാഗം - 3

47:20
  • وَيَقُولُ ٱلَّذِينَ ءَامَنُوا۟ لَوْلَا نُزِّلَتْ سُورَةٌ ۖ فَإِذَآ أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا ٱلْقِتَالُ ۙ رَأَيْتَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ ٱلْمَغْشِىِّ عَلَيْهِ مِنَ ٱلْمَوْتِ ۖ فَأَوْلَىٰ لَهُمْ ﴾٢٠﴿
  • വിശ്വസിച്ചവര്‍ പറയുന്നു: ‘ഒരു ‘സൂറത്തു’ [അദ്ധ്യായം] അവതരിപ്പിക്കപ്പെടാത്തതെന്താണ്?!’ എന്നാല്‍, (വ്യക്തമായി) നിയമം വിവരിക്കപ്പെട്ട ഒരു 'സൂറത്തു' അവതരിപ്പിക്കപ്പെടുകയും, അതില്‍ യുദ്ധത്തെക്കുറിച്ചു പ്രസ്താവിക്കപ്പെടുകയും ചെയ്‌താല്‍, ഹൃദയങ്ങളില്‍ വല്ല രോഗമുള്ളവരെ (നബിയേ) നിനക്കു കാണാം; മരണം (ആസന്നമായതു) നിമിത്തം ബോധക്ഷയം പിടിപെട്ടവന്‍ നോക്കും പ്രകാരം നിന്റെ അടുക്കലേക്കു അവര്‍ നോക്കുന്നതായിട്ടു്. എന്നാല്‍, അവര്‍ക്കു വേണ്ടതു [യോജിച്ചതു] തന്നെയാണ് (അതു)!
  • وَيَقُولُ പറയും, പറയുന്നു الَّذِينَ آمَنُوا വിശ്വസിച്ചവര്‍ لَوْلَا نُزِّلَتْ അവതരിപ്പിക്കപ്പെടാത്തതെന്താണ് سُورَةٌ ഒരു സൂറത്തു, അദ്ധ്യായം فَإِذَا أُنزِلَتْ എന്നാല്‍ അവതരിപ്പിക്കപ്പെട്ടാല്‍ سُورَةٌ مُّحْكَمَةٌ നിയമം വിവരിക്കപ്പെട്ട (നിയമപ്രധാനമായ, ബലവത്തായ) ഒരു അദ്ധ്യായം وَذُكِرَ فِيهَا അതില്‍ പ്രസ്താവിക്കപ്പെടുകയും الْقِتَالُ യുദ്ധം, യുദ്ധത്തെപ്പറ്റി رَأَيْتَ നീ (നിനക്കു) കാണും الَّذِينَ فِي قُلُوبِهِم തങ്ങളുടെ ഹൃദയങ്ങളിലുള്ളവരെ مَّرَضٌ വല്ല രോഗവും, ഒരു രോഗം يَنظُرُونَ അവര്‍ നോക്കുന്നതായി إِلَيْكَ നിന്റെ അടുക്കലേക്കു نَظَرَ الْمَغْشِيِّ عَلَيْهِ ബോധക്ഷയം, പിടിപെട്ടവന്റെ നോട്ടം مِنَ الْمَوْتِ മരണത്താല്‍ فَأَوْلَىٰ അപ്പോള്‍ വേണ്ടപ്പെട്ടതാണ് (കൂടുതല്‍ യോജിച്ചതാണ്) لَهُمْ അവര്‍ക്കു
47:21
  • طَاعَةٌ وَقَوْلٌ مَّعْرُوفٌ ۚ فَإِذَا عَزَمَ ٱلْأَمْرُ فَلَوْ صَدَقُوا۟ ٱللَّهَ لَكَانَ خَيْرًا لَّهُمْ ﴾٢١﴿
  • അനുസരണവും, ഉചിതമായ (നല്ല) വാക്കും. (അതാണ്‌ വേണ്ടതു). എനി, കാര്യം (ഉറപ്പിച്ച്) തീര്‍ച്ചയായിക്കഴിഞ്ഞാലോ, അപ്പോള്‍, അല്ലാഹുവിനോടു അവര്‍ (പറഞ്ഞ) സത്യം പാലിച്ചിരുന്നെങ്കില്‍ അതവര്‍ക്കു ഉത്തമമാകുമായിരുന്നു.
  • طَاعَةٌ അനുസരണമാണ് وَقَوْلٌ വാക്കും مَّعْرُوفٌ ഉചിതമായ, സദാചാരപരമായ, നല്ല, മര്യാദപ്പെട്ട فَإِذَا عَزَمَ എനി തീര്‍ച്ചപ്പെട്ടാല്‍, നിശ്ചയമായാല്‍ الْأَمْرُ കാര്യം فَلَوْ صَدَقُوا അപ്പോഴവര്‍ സത്യം പറയുകയാണെങ്കില്‍ (സത്യം പാലിച്ചാല്‍) اللَّـهَ അല്ലാഹുവിനോടു لَكَانَ അതാകുമായിരുന്നു خَيْرًا لَّهُمْ അവര്‍ക്കു ഗുണം, ഉത്തമം

ശത്രുക്കളാല്‍ പൊറുതിമുട്ടുകയും, മദീനയില്‍ ഇസ്‌ലാമിനു കുറെയൊക്കെ സ്വീകരണം ലഭിക്കുകയും ചെയ്തുകൊണ്ടിരുന്ന അവസരത്തില്‍, യുദ്ധസംബന്ധമായ വല്ല വഹ് യുകളും ലഭിച്ചാല്‍ കൊള്ളാമെന്നു സത്യവിശ്വാസികള്‍ ആഗ്രഹം പ്രകടിപ്പിക്കും. പ്രത്യക്ഷത്തില്‍ അവരോടൊപ്പം കപടവിശ്വാസികളും ഉണ്ടായിരിക്കുമല്ലോ. അങ്ങിനെ വല്ല വഹ്യുകളും അല്ലാഹുവില്‍നിന്നു വന്നുകഴിഞ്ഞാല്‍ കപടവിശ്വാസികളുടെ മട്ടുമാറും. അവര്‍ മരണ ഗോഷ്ടികള്‍ കാട്ടുവാന്‍ തുടങ്ങും. അതു സ്വാഭാവികവുമാണ്. നേരെമറിച്ച് കല്‍പനയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകുകയും, നല്ല വാക്കു പറയുകയുമാണവര്‍ ചെയ്യേണ്ടിയിരുന്നത്. യുദ്ധം ചെയ്യേണ്ടുന്ന സന്ദര്‍ഭം നേരിട്ടുകഴിഞ്ഞാല്‍ പിന്നെ, യാതൊരു പരിഭ്രമമോ, പ്രതിഷേധമോ കൂടാതെ അതില്‍ പങ്കെടുക്കുകയും, മുമ്പ് പ്രകടിപ്പിച്ചിരുന്ന സന്നദ്ധത പ്രായോഗികമായി തെളിയിക്കുകയും വേണ്ടിയിരുന്നു. അങ്ങിനെ ചെയ്യുന്നപക്ഷം, അതു അവര്‍ക്കു തന്നെ ഗുണമായിരിക്കുന്നതുമാണ് എന്നു സാരം.

فَأَوْلَىٰ لَهُمْ (അവര്‍ക്കു വേണ്ടതുതന്നെ) എന്ന വാക്യം രണ്ടുമൂന്നു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്.

1) യുദ്ധത്തെ സംബന്ധിക്കുന്ന വിഷയങ്ങള്‍ അവതരിക്കുമ്പോള്‍ അവരില്‍നിന്നു അത്തരം പ്രതികരണം ഉണ്ടാകുന്നത് അവരുടെ സ്ഥിതിക്കു യോജിച്ചതും സ്വാഭാവികവുമാണെന്ന്.

2) അവരുടെ സ്വഭാവം അനുരസിച്ചു അവര്‍ക്കു വേണ്ടതുണ്ട്, അഥവാ നാശമാണവര്‍ക്കുള്ളതു എന്ന്. ഈ രണ്ടു വ്യാഖ്യാനമനുസരിച്ചും ആ വാക്യം അതോടെ അവസാനിക്കുന്നതും, തൊട്ട (21-ാം) വചനവുമായി ഘടനയില്‍ ബന്ധമില്ലാത്തതുമായിരിക്കും.

3) അവരില്‍ ഉണ്ടായിരിക്കേണ്ടതു അനുസരണവും നല്ല വാക്കുകളുമാണ്‌. അഥവാ പരിഭ്രമമോ വെറുപ്പോ അല്ല എന്ന്. ഇതനുസരിച്ച് ഈ വാക്യം അപൂര്‍ണ്ണവും, തുടര്‍ന്നുള്ള ആയത്തുമായി ഘടനാബന്ധം ഉള്ളതുമായിരിക്കും. അതിന്റെ പൂര്‍ണ്ണ രൂപം فَأَوْلَى لَهُمْ طَاعَةٌ وَقَوْلٌ مَعْرُوفٌ (അപ്പോള്‍ അവര്‍ക്കു വേണ്ടതു അനുസരണവും ഉചിതമായ വാക്കുമാകുന്നു.) എന്നുമായിരിക്കും. കപടവിശ്വാസികളെ ഉന്നംവെച്ചു കൊണ്ടു അല്ലാഹു ചോദിക്കുന്നു:-

47:22
  • فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ ﴾٢٢﴿
  • എന്നാല്‍, നിങ്ങള്‍ കൈകാര്യം നേടിയാല്‍, ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ രക്തബന്ധങ്ങളെ മുറിച്ചുകളയുകയും ചെയ്തേക്കുമോ?!
  • فَهَلْ عَسَيْتُمْ അപ്പോള്‍ (എന്നാല്‍) നിങ്ങളായേക്കുമോ إِن تَوَلَّيْتُمْ നിങ്ങള്‍ കൈകാര്യം (അധികാരം) നേടിയാല്‍ أَن تُفْسِدُوا നിങ്ങള്‍ കുഴപ്പമുണ്ടാക്കുവാന്‍ فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَتُقَطِّعُوا മുറിച്ചുകളയുവാനും أَرْحَامَكُمْ നിങ്ങളുടെ രക്ത (കുടുംബ) ബന്ധങ്ങള്‍

അതെ, നിങ്ങളുടെ സ്ഥിതി മേല്‍ചൂണ്ടിക്കാട്ടിയതുപോലെയായിരിക്കെ, നിങ്ങളുടെ പക്കലെങ്ങാനും ജനങ്ങളുടെ കൈകാര്യവും അധികാരവും വന്നു കഴിഞ്ഞാല്‍, നിങ്ങള്‍ ചെയ്തേക്കുക നാട്ടില്‍ പലതും കുഴപ്പവും വഴക്കും ഉണ്ടാക്കലായിരിക്കും എന്നു താല്‍പര്യം. അല്ലാഹു പറയുന്നു:

47:23
  • أُو۟لَـٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَـٰرَهُمْ ﴾٢٣﴿
  • അക്കൂട്ടര്‍, അല്ലാഹു ശപിച്ചിട്ടുള്ളവരത്രെ. അങ്ങനെ അവന്‍ അവര്‍ക്കു ബധിരത
    നല്‍കുകയും, അവരുടെ കണ്ണുകളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു.
  • أُولَـٰئِكَ الَّذِينَ അവര്‍ യാതൊരു കൂട്ടരത്രെ لَعَنَهُمُ അവരെ ശപിച്ചിരിക്കുന്നു اللَّـهُ അല്ലാഹു
    فَأَصَمَّهُمْ അങ്ങനെ അവര്‍ക്കു ബധിരത (കേട്ടുകൂടായ്മ) യുണ്ടാക്കി وَأَعْمَىٰ അന്ധമാക്കുകയും ചെയ്തു أَبْصَارَهُمْ അവരുടെ കണ്ണുകളെ, കാഴചകളെ
47:24
  • أَفَلَا يَتَدَبَّرُونَ ٱلْقُرْءَانَ أَمْ عَلَىٰ قُلُوبٍ أَقْفَالُهَآ ﴾٢٤﴿
  • അവര്‍ക്കു ഖുര്‍ആന്‍ ഉറ്റാലോചിച്ചു നോക്കിക്കൂടേ?! [എന്നാലവര്‍ക്കു കാര്യം
    ഗ്രഹിക്കാമല്ലോ] അതല്ല, (ഒരുപക്ഷേ) വല്ല ഹൃദയങ്ങളിലും അവയുടേതായ പൂട്ടുകള്‍
    ഉണ്ടോ?!
  • أَفَلَا يَتَدَبَّرُونَ എന്നാലവര്‍ക്കു ഉറ്റാലോചിച്ചുകൂടെ, ആലോചിക്കുന്നില്ലേ الْقُرْآنَ ഖുര്‍ആനെ
    أَمْ അതല്ല (ഉണ്ടോ) عَلَىٰ قُلُوبٍ വല്ല ഹൃദയങ്ങളിലും, ഹൃദയങ്ങളുടെമേല്‍ أَقْفَالُهَا അവയുടെ പൂട്ടുകള്‍

ബധിരന്‍മാരാക്കി എന്നും അന്ധന്മാരാക്കി എന്നും പറഞ്ഞതും, ഹൃദയങ്ങള്‍ക്കു പൂട്ടുവെച്ചിട്ടുണ്ടോ എന്നു ചോദിച്ചതും, ആ കപടവിശ്വാസികളുടെ ഹൃദയങ്ങളിലേക്കു നന്മ പ്രവേശിക്കുവാന്‍ മാര്‍ഗ്ഗമില്ലാത്ത വിധം അവ ദുഷിച്ചുപോയിരിക്കുന്നുവെന്നു കാണിക്കുകയാണ്. ‘അവരുടെ ഹൃദയങ്ങളില്‍ പൂട്ടുകളുണ്ടോ’ എന്നു ചോദിക്കേണ്ടുന്ന സ്ഥാനത്ത് ‘വല്ല ഹൃദയങ്ങളിലും പൂട്ടുകളുണ്ടോ’ എന്നു ചോദിച്ചതു അവരുടെ സ്ഥിതിയെക്കുറിച്ചു ആശ്ചര്യം പ്രകടിപ്പിച്ചതുമാകുന്നു.

47:25
  • إِنَّ ٱلَّذِينَ ٱرْتَدُّوا۟ عَلَىٰٓ أَدْبَـٰرِهِم مِّنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَى ۙ ٱلشَّيْطَـٰنُ سَوَّلَ لَهُمْ وَأَمْلَىٰ لَهُمْ ﴾٢٥﴿
  • നിശ്ചയമായും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞശേഷം പിന്നോട്ടു തിരിച്ചുപോയിട്ടുള്ളവര്‍, അവര്‍ക്കു പിശാചു (അവരുടെ ചെയ്തികളെ) അലംകൃതമാക്കിക്കൊടുത്തിരിക്കുകയാണ്. അവര്‍ക്കവര്‍ (വ്യാമോഹങ്ങളെ) അയച്ചിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരുകൂട്ടര്‍ ارْتَدُّوا തിരിച്ചുപോയ, ഭ്രഷ്ടരായ, മടങ്ങിപ്പോയ عَلَىٰ أَدْبَارِهِم തങ്ങളുടെ പിന്നോട്ടു (പിന്‍തിരിഞ്ഞു) مِّن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്റെ الْهُدَى സന്മാര്‍ഗ്ഗം الشَّيْطَانُ പിശാചു سَوَّلَ لَهُمْ അവര്‍ക്കു അലംകൃതമാക്കിക്കൊടുത്തിരിക്കുന്നു وَأَمْلَىٰ അയച്ചു കൊടുക്കുക (നീട്ടിക്കൊടുക്കുക) യും ചെയ്തു لَهُمْ അവര്‍ക്കു
47:26
  • ذَٰلِكَ بِأَنَّهُمْ قَالُوا۟ لِلَّذِينَ كَرِهُوا۟ مَا نَزَّلَ ٱللَّهُ سَنُطِيعُكُمْ فِى بَعْضِ ٱلْأَمْرِ ۖ وَٱللَّهُ يَعْلَمُ إِسْرَارَهُمْ ﴾٢٦﴿
  • അത്, അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തിട്ടുള്ളവരോടു അവര്‍ പറഞ്ഞതുനിമിത്തമത്രെ: ‘ചില കാര്യത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം’ എന്ന്. അല്ലാഹുവാകട്ടെ, അവര്‍ രഹസ്യമാക്കുന്നതു അറിയുകയും ചെയ്യുന്നു.
  • ذَٰلِكَ അതു بِأَنَّهُمْ قَالُوا അവര്‍ പറഞ്ഞതുകൊണ്ടത്രെ لِلَّذِينَ كَرِهُوا വെറുത്തവരോടു مَا نَزَّلَ اللَّـهُ അല്ലാഹു ഇറക്കിയതിനെ سَنُطِيعُكُمْ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാം فِي بَعْضِ الْأَمْرِ ചില കാര്യത്തില്‍ وَاللَّـهُ يَعْلَمُ അല്ലാഹു അറിയും, അറിയുന്നു إِسْرَارَهُمْ അവരുടെ രഹസ്യമാക്കല്‍, രഹസ്യം പറയല്‍

അല്ലാഹു അവതരിപ്പിച്ചതിനെ വെറുത്തവര്‍ എന്നു പറഞ്ഞതു ഇസ്‌ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ അവിശ്വാസികളെക്കുറിച്ചാകുന്നു. അവരുമായി സ്വകാര്യ കൂട്ടുകെട്ടുകള്‍ പുലര്‍ത്തിക്കൊണ്ടിരിക്കുകയാണ് കപടവിശ്വാസികള്‍ ചെയ്യുന്നത്. ഞങ്ങള്‍ വെളിയില്‍ മുസ്‌ലിംകളുടെ കൂടെയാണെങ്കിലും, എല്ലാ വിഷയത്തിലും അവരുമായി ഞങ്ങള്‍ യോജിക്കുന്നില്ല, ചില കാര്യങ്ങളിലെല്ലാം ഞങ്ങള്‍ നിങ്ങള്‍ക്കു വിധേയരാണ് എന്നിങ്ങിനെ അവര്‍ അവിശ്വാസികളെ ധരിപ്പിക്കുകയും, അതിനാവശ്യമായ കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കുകയും അവരുടെ പതിവാണ്. യുദ്ധസംബന്ധമായ കാര്യങ്ങളിലാണ് ഇത്തരം ഗൂഢപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അവര്‍ നടത്തുക. ഇതൊന്നും അല്ലാഹുവിന് അജ്ഞാതമല്ല, അവരുടെ എല്ലാ രഹസ്യങ്ങളും അവന്‍ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നു അവരെ അല്ലാഹു താക്കീതു ചെയ്യുന്നു.

47:27
  • فَكَيْفَ إِذَا تَوَفَّتْهُمُ ٱلْمَلَـٰٓئِكَةُ يَضْرِبُونَ وُجُوهَهُمْ وَأَدْبَـٰرَهُمْ ﴾٢٧﴿
  • (ഇങ്ങിനെയൊക്കെയാണ് കാര്യം.) എന്നിരിക്കെ, അവരുടെ മുഖങ്ങളെയും, പിന്‍പുറങ്ങളെയും അടിച്ചുകൊണ്ട് മലക്കുകള്‍ അവരെ പൂര്‍ണ്ണമായി പിടിച്ചെടുക്കുമ്പോള്‍ [മരണപ്പെടുത്തുമ്പോള്‍] എങ്ങിനെയിരിക്കും അവരുടെ സ്ഥിതി?!
  • فَكَيْفَ എന്നാല്‍ എങ്ങിനെയിരിക്കും إِذَا تَوَفَّتْهُمُ അവരെ പൂര്‍ണ്ണമായി പിടിക്കുമ്പോള്‍ الْمَلَائِكَةُ മലക്കുകള്‍ يَضْرِبُونَ അവര്‍ അടിച്ചുകൊണ്ടു وُجُوهَهُمْ അവരുടെ മുഖങ്ങളെ, മുഖത്തു وَأَدْبَارَهُمْ പിന്‍ പുറങ്ങളെയും, പുറത്തും
47:28
  • ذَٰلِكَ بِأَنَّهُمُ ٱتَّبَعُوا۟ مَآ أَسْخَطَ ٱللَّهَ وَكَرِهُوا۟ رِضْوَٰنَهُۥ فَأَحْبَطَ أَعْمَـٰلَهُمْ ﴾٢٨﴿
  • അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന കാര്യത്തെ അവര്‍ പിന്‍പറ്റുകയും, അവന്റെ പ്രീതിയെ അവര്‍ വെറുക്കുകയും ചെയ്തതുകൊണ്ടാണ് അത്. അതിനാല്‍ അവരുടെ കര്‍മ്മങ്ങളെ അവന്‍ ഫലശൂന്യമാക്കിയിരിക്കുന്നു.
  • ذَٰلِكَ അതു بِأَنَّهُمُ اتَّبَعُوا അവര്‍ പിന്‍പറ്റിയതുകൊണ്ടാണ് مَا أَسْخَطَ اللَّـهَ അല്ലാഹുവിനെ ക്രോധപ്പെടുത്തുന്ന (കോപപ്പെടുത്തുന്ന) കാര്യം وَكَرِهُوا അവര്‍ വെറുക്കുകയും (ചെയ്തതു) رِضْوَانَهُ അവന്റെ പ്രീതി, പൊരുത്തം فَأَحْبَطَ അതിനാല്‍ അവന്‍ ഫലശൂന്യമാക്കി أَعْمَالَهُمْ അവരുടെ പ്രവര്‍ത്തന (കര്‍മ്മ)ങ്ങളെ

പരലോകജീവിതത്തിന്റെ മാത്രമല്ല, മരണവേളയില്‍ മലക്കുകളില്‍നിന്നു അവര്‍ക്കു ചില ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നും, അതിനുള്ള കാരണമെന്താണെന്നുമാണ് ഈ വചനങ്ങള്‍ കാണിക്കുന്നത്. മനുഷ്യന്റെ മരണവേളയില്‍ മലക്കുകള്‍ വരുമെന്നും, സജ്ജനങ്ങളുടെ അടുക്കല്‍ അവരുടെ സമീപനം വളരെ സന്തോഷകരമായ രൂപത്തിലും, ദുര്‍ജ്ജനങ്ങളുടെ അടുക്കല്‍ വളരെ കഠിനമായ രൂപത്തിലും ആയിരിക്കുമെന്നും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. (32: 11; 41: 30; 6: 93. മുതലായവ നോക്കുക) تَوَفَّى എന്ന വാക്കിന്റെ സാക്ഷാല്‍ അര്‍ത്ഥം ‘മരണപ്പെടുത്തി’ എന്നല്ലെന്നും, ‘പൂര്‍ണ്ണമായെടുത്തു’ എന്നും മറ്റുമാണെന്നും സൂഃസുമര്‍ 42ന്റെ വിവരണത്തില്‍ വായിച്ചതു ഇവിടെയും സ്മരണീയമാകുന്നു.

വിഭാഗം - 4

47:29
  • أَمْ حَسِبَ ٱلَّذِينَ فِى قُلُوبِهِم مَّرَضٌ أَن لَّن يُخْرِجَ ٱللَّهُ أَضْغَـٰنَهُمْ ﴾٢٩﴿
  • അതല്ല, (ഒരു പക്ഷേ) ഹൃദയങ്ങളില്‍ ഒരു (തരം) രോഗമുള്ളവര്‍ വിചാരിച്ചിരിക്കുന്നുവോ, അവരുടെ ഈര്‍ഷ്യതകളെ അല്ലാഹു വെളിക്കു വരുത്തുന്നതേയല്ല എന്നു?!
  • أَمْ حَسِبَ അതല്ലാ വിചാരിച്ചുവോ الَّذِينَ യാതൊരുകൂട്ടര്‍ فِي قُلُوبِهِم അവരുടെ ഹൃദയങ്ങളിളുണ്ടു مَّرَضٌ വല്ല രോഗവും, ഒരു രോഗം أَن لَّن يُخْرِجَ പുറത്താക്കുന്നതേയല്ല എന്നു اللَّـهُ അല്ലാഹു أَضْغَانَهُمْ അവരുടെ വിദ്വേഷങ്ങളെ (ഈര്‍ഷ്യത, പക)

47:30
  • وَلَوْ نَشَآءُ لَأَرَيْنَـٰكَهُمْ فَلَعَرَفْتَهُم بِسِيمَـٰهُمْ ۚ وَلَتَعْرِفَنَّهُمْ فِى لَحْنِ ٱلْقَوْلِ ۚ وَٱللَّهُ يَعْلَمُ أَعْمَـٰلَكُمْ ﴾٣٠﴿
  • (നബിയേ) നാം ഉദ്ദേശിച്ചിരുന്നെങ്കില്‍, അവരെ നിനക്കു നാം കാട്ടിത്തരുമായിരുന്നു; അങ്ങിനെ, അവരുടെ ലക്ഷണം കൊണ്ടു നിനക്കവരെ (ശരിക്കു) മനസ്സിലാക്കുകയും ചെയ്യാമായിരുന്നു. വാക്കിന്റെ ശൈലിയില്‍ (സ്വരവ്യത്യാസം കൊണ്ടു) നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാവുന്നതുമാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെല്ലാം അറിയുന്നു.
  • وَلَوْ نَشَاءُ നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ لَأَرَيْنَاكَهُمْ അവരെ നിനക്കു നാം കാണിച്ചു തരുമായിരുന്നു فَلَعَرَفْتَهُم അങ്ങനെ (എന്നിട്ടു) അവരെ നീ മനസ്സിലാക്കുമായിരുന്നു بِسِيمَاهُمْ അവരുടെ അടയാളം (പ്രത്യേകത) കൊണ്ടു وَلَتَعْرِفَنَّهُمْ നിശ്ചയമായും നിനക്കവരെ മനസ്സിലാക്കാം, പരിചയപ്പെടാം فِي لَحْنِ സംസാര ശൈലിയില്‍, സ്വരമാറ്റത്തില്‍ الْقَوْلِ വാക്കിന്റെ (പറയുന്നതിന്റെ) وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ

മുസ്‌ലിം വേഷമണിഞ്ഞ ‘മുനാഫിഖു’കളായ വ്യക്തികള്‍ ഏതൊക്കെയാണെന്നു കാട്ടിക്കൊടുക്കുവാന്‍ അല്ലാഹുവിനു കഴിയാഞ്ഞിട്ടല്ല, അവനതു വേണ്ടെന്നുവെച്ചിരിക്കുകയാണ്. അതേസമയത്തു അവരുടെ സംസാരഗതിയില്‍ നിന്നും, സ്വരങ്ങളില്‍നിന്നും തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു അവരെ തിരിച്ചറിയുവാന്‍ കഴിയുന്നതുമാണ് എന്നു സാരം. ഈ ആയത്തു അവതരിച്ചതിനുശേഷം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അങ്ങനെ, പല വ്യക്തികളെക്കുറിച്ചും മനസ്സിലാക്കിയിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്.

47:31
  • وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَـٰهِدِينَ مِنكُمْ وَٱلصَّـٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ ﴾٣١﴿
  • നിങ്ങളില്‍നിന്നുള്ള സമരശാലികളെയും, ക്ഷമാശീലന്‍മാരെയും (പ്രത്യക്ഷത്തില്‍) അറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങളെ (സ്ഥിതിഗതികളെ) പരീക്ഷിച്ചറിയുകയും ചെയ്യുന്നതുവരെ, നിശ്ചയമായും നിങ്ങളെ നാം പരീക്ഷണം ചെയ്യും.
  • وَلَنَبْلُوَنَّكُمْ നിശ്ചയമായും നാം നിങ്ങളെ പരീക്ഷണം ചെയ്യും حَتَّىٰ نَعْلَمَ നാം അറിയുന്നതുവരെ الْمُجَاهِدِينَ സമരശാലികളെ, 'ജിഹാദു' ചെയ്യുന്നവരെ مِنكُمْ നിങ്ങളില്‍നിന്നുള്ള وَالصَّابِرِينَ ക്ഷമിക്കുന്നവരെയും وَنَبْلُوَ നാം പരീക്ഷിച്ചറിയുകയും (ചെയ്യുന്നതുവരെ) أَخْبَارَكُمْ നിങ്ങളുടെ വര്‍ത്തമാനങ്ങള്‍

ഓരോരുത്തരുടെയും എല്ലാ സ്ഥിതികളും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു. എന്നിരിക്കെ, യുദ്ധം മുതലായ വിഷമഘട്ടങ്ങളെയും, മതസംബന്ധമായ വിധിവിലക്കുകളെയും ഓരോരുത്തനും എങ്ങിനെ നേരിടുമെന്ന വസ്തുത അവന് അജ്ഞാതമല്ല. പക്ഷേ, ഒരോരുത്തരുടെയും നിലപാടു അനുഭവത്തില്‍ വെളിപ്പെട്ടു കാണുവാനുള്ള പരീക്ഷണങ്ങളത്രെ അവ. പരീക്ഷണങ്ങളില്‍ ഓരോ വ്യക്തിയും സ്വീകരിച്ച നയവും നിലപാടുമനുസരിച്ചായിരിക്കും പ്രതിഫലം നല്‍കപ്പെടുന്നത്.

جهاد (ജിഹാദ്) എന്ന മൂലത്തില്‍നിന്നുള്ള കര്‍ത്തൃരൂപമത്രെ مُجاهِد (മുജാഹിദ്). ‘യുദ്ധം, ധര്‍മ്മ സമരം പരമാവധി പരിശ്രമം’ എന്നൊക്കെയാണ് അതിനു അര്‍ത്ഥം. ദേഹം കൊണ്ടും, ധനംകൊണ്ടും, വാക്കുകൊണ്ടും, പ്രവൃത്തികൊണ്ടും നടത്തപ്പെടുന്ന എല്ലാ ത്യാഗപരിശ്രമങ്ങള്‍ക്കും, ധര്‍മ്മസമരങ്ങള്‍ക്കും ‘ജിഹാദു’ എന്നു പറയാം. ചിലര്‍ ധരിക്കാറുള്ളപോലെ, ഏതെങ്കിലും ഒരു പ്രത്യേക കക്ഷിയുടെയോ, വിഭാഗത്തിന്റെയോ പേരല്ല ‘മുജാഹിദ്’.

47:32
  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ وَشَآقُّوا۟ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُمُ ٱلْهُدَىٰ لَن يَضُرُّوا۟ ٱللَّهَ شَيْـًٔا وَسَيُحْبِطُ أَعْمَـٰلَهُمْ ﴾٣٢﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) തടയുകയും, തങ്ങള്‍ക്കു സന്മാര്‍ഗ്ഗം വ്യക്തമായിക്കഴിഞ്ഞതിനുശേഷം 'റസൂലി'നോടു ചേരിപിരിയുകയും ചെയ്തിട്ടുള്ളവര്‍, അവര്‍ അല്ലാഹുവിനു ഒട്ടും ഉപദ്രവം വരുത്തുകയില്ലതന്നെ. അവരുടെ പ്രവര്‍ത്തനങ്ങളെ അവന്‍ വഴിയെ ഫലശൂന്യമാക്കുകയും ചെയ്യും.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുക (തട്ടുക, തിരിച്ചുവിടുക) യും عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ വഴിയില്‍നിന്നു وَشَاقُّوا ചേരിപിരിയുക (കക്ഷിതിരിയുക, ഭിന്നിക്കുക)യും ചെയ്ത الرَّسُولَ റസൂലിനോടു, റസൂലുമായി مِن بَعْدِ ശേഷം مَا تَبَيَّنَ لَهُمُ അവര്‍ക്കു വ്യക്തമായതിന്റെ الْهُدَىٰ സന്മാര്‍ഗ്ഗം لَن يَضُرُّوا അവര്‍ ഉപദ്രവം വരുത്തുന്നതേയല്ല اللَّـهَ അല്ലാഹുവിനു شَيْئًا യാതൊന്നും, ഒട്ടും وَسَيُحْبِطُ അവന്‍ (വഴിയെ) ഫലശൂന്യമാക്കുകയും ചെയ്യും أَعْمَالَهُمْ അവരുടെ പ്രവര്‍ത്തികളെ
47:33
  • يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَلَا تُبْطِلُوٓا۟ أَعْمَـٰلَكُمْ ﴾٣٣﴿
  • ഹേ, വിശ്വസിച്ചവരേ! നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; 'റസൂലി'നെയും അനുസരിക്കുവിന്‍; നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ വ്യര്‍ത്ഥമാക്കിക്കളയുകയും അരുത്.
  • يَا أَيُّهَا الَّذِينَ آمَنُوا ഹേ വിശ്വസിച്ചവരെ أَطِيعُوا اللَّـهَ അല്ലാഹുവിനെ അനുസരിക്കുവിന്‍ وَأَطِيعُوا الرَّسُولَ റസൂലിനെയും അനുസരിക്കുവിന്‍ وَلَا تُبْطِلُوا വ്യര്‍ത്ഥമാക്കുക (കേടുവരുത്തുക)യും ചെയ്യരുത് أَعْمَالَكُمْ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെ
47:34
  • إِنَّ ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ ثُمَّ مَاتُوا۟ وَهُمْ كُفَّارٌ فَلَن يَغْفِرَ ٱللَّهُ لَهُمْ ﴾٣٤﴿
  • നിശ്ചയമായും, അവിശ്വസിക്കുകയും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നു (ജനങ്ങളെ) തടയുകയും, പിന്നീട് തങ്ങള്‍ അവിശ്വാസികളായ നിലയില്‍ (തന്നെ) മരണപ്പെടുകയും ചെയ്തവര്‍, അല്ലാഹു അവര്‍ക്കു പൊറുത്തു കൊടുക്കുന്നതേയല്ല.
  • إِنَّ الَّذِينَ كَفَرُوا നിശ്ചയമായും അവിശ്വസിച്ചവര്‍ وَصَدُّوا തടയുകയും ചെയ്ത عَن سَبِيلِ اللَّـهِ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു ثُمَّ مَاتُوا പിന്നെ മരണപ്പെടുകയും ചെയ്ത وَهُمْ അവരായിരിക്കെ كُفَّارٌ അവിശ്വാസികള്‍ فَلَن يَغْفِرَ اللَّـهُ എന്നാല്‍ അല്ലാഹു പൊറുത്തുകൊടുക്കുന്നതേയല്ല لَهُمْ അവര്‍ക്കു

ദുര്‍ന്നടപ്പുകളും, പാപങ്ങളും നിമിത്തം സല്‍ക്കര്‍മ്മങ്ങള്‍ ഉപയോഗശൂന്യമായിത്തീര്‍ന്നേക്കും. ഓരോ പ്രവര്‍ത്തിയും അല്ലാഹുവും, റസൂലും നിര്‍ദ്ദേശിച്ചപ്രകാരം അതതിന്റെ യഥാരൂപത്തില്‍ ഹൃദയശുദ്ധിയോടുകൂടി ആയിരിക്കേണ്ടതുണ്ട്. മരണത്തിനുമുമ്പു ഏതവസരത്തിലും പശ്ചാത്തപിച്ചു മടങ്ങാവുന്നതും, അല്ലാഹു അതു സ്വീകരിക്കുന്നതുമാകുന്നു. പക്ഷേ, അവിശ്വാസിയായിക്കൊണ്ടു മരണപ്പെട്ടവരുടെ പാപങ്ങള്‍ ഒന്നുംതന്നെ അല്ലാഹു പൊറുത്തുകൊടുക്കുകയില്ല. സത്യവിശ്വാസത്തോടുകൂടിയുള്ള പശ്ചാത്താപം മാത്രമേ അവന്‍ സ്വീകരിക്കുകയുള്ളൂ.

47:35
  • فَلَا تَهِنُوا۟ وَتَدْعُوٓا۟ إِلَى ٱلسَّلْمِ وَأَنتُمُ ٱلْأَعْلَوْنَ وَٱللَّهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَـٰلَكُمْ ﴾٣٥﴿
  • ആകയാല്‍, (സത്യവിശ്വാസികളേ,) നിങ്ങള്‍ക്കു ദൗര്‍ബല്യം പിണയുകയും, നിങ്ങള്‍ ഉന്നതന്‍മാരായിരിക്കെ (ശത്രുക്കളെ) സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്. അല്ലാഹു നിങ്ങളുടെകൂടെ ഉണ്ടുതാനും. നിങ്ങളുടെ പ്രവൃത്തികളെ നിങ്ങള്‍ക്കവൻ നഷ്ടപ്പെടുത്തുകയും ചെയ്കയില്ല തന്നെ.
  • فَلَا تَهِنُوا ആകയാല്‍ നിങ്ങള്‍ ബലഹീനപ്പെടരുതു (നിങ്ങള്‍ക്കു ദൗര്‍ബ്ബല്യം പിണയരുതു) وَتَدْعُوا നിങ്ങള്‍ വിളിക്കുക (ക്ഷണിക്കുക) യും إِلَى السَّلْمِ സമാധാനത്തിലേക്കു (സന്ധിയിലേക്കു) وَأَنتُمُ നിങ്ങളായിരിക്കെ, നിങ്ങളത്രെ الْأَعْلَوْنَ ഉന്നതന്‍മാര്‍, കൂടുതല്‍ ഉയിര്‍ന്നവര്‍ وَاللَّـهُ അല്ലാഹു مَعَكُمْ നിങ്ങളുടെ കൂടെയാണ്, കൂടെയുണ്ട് وَلَن يَتِرَكُمْ അവന്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നതേയല്ല, മുറിച്ചു കളയുകയില്ല أَعْمَالَكُمْ നിങ്ങളുടെ പ്രവൃത്തികളെ, കര്‍മ്മങ്ങളെ

ശത്രുപക്ഷത്തിന്റെ സ്ഥിതിഗതികള്‍ വിവരിക്കുകയും, സത്യവിശ്വാസികള്‍ക്കു വേണ്ടുന്ന ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തശേഷം, ശത്രുക്കളുമായി കണ്ടുമുട്ടുമ്പോള്‍ അവര്‍ മനസ്സിരുത്തേണ്ടുന്ന ചില സംഗതികള്‍ അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. ധൈര്യക്ഷയവും, ദുര്‍ബ്ബലമനസ്ഥിതിയും അവരെ തീണ്ടരുതെന്നും, ശത്രുക്കളോടു അങ്ങോട്ടു ചെന്നു സന്ധിക്കപേക്ഷിക്കരുതെന്നും ഉപദേശിക്കുന്നു. അതോടൊപ്പം, ‘അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്’ എന്നും, ‘നിങ്ങളുടെ പ്രവർത്തനങ്ങളെ അവൻ നഷ്ടപ്പെടുത്തുന്നതേയല്ല’എന്നും വാഗ്ദാനം ചെയ്തുകൊണ്ട്  അവര്‍ക്കു ധൈര്യവും, മനസ്സമാധാനവും നല്‍കുകയും ചെയ്യുന്നു. അല്ലാഹു നിങ്ങളുടെ പക്ഷത്തായിരിക്കെ നിങ്ങള്‍ക്കു എന്തിനു ദൗര്‍ബ്ബല്യം നേരിടണം? അവന്റെ കക്ഷിയായിരിക്കുമല്ലോ വിജയികള്‍ (الا أن حِزْبَ اللَّهِ هُمُ الْغَالِبُونَ) നിങ്ങള്‍ യഥാര്‍ത്ഥ സത്യവിശ്വാസികളായിരിക്കുമ്പോള്‍ നിങ്ങള്‍തന്നെയായിരിക്കും ഉന്നതന്‍മാരായിരിക്കുക. (وأنتم الأعلون إن كنتم مؤمنين) എന്നൊക്കെയാണ് ഇതുമുഖേന സൂചിപ്പിക്കുന്നത്. യാതൊരു പരിതസ്ഥിതിയിലും ശത്രുക്കളുമായി സന്ധിസംസാരങ്ങള്‍ നടത്തികൂടാ എന്നല്ല ഈ വചനത്തിന്റെ ഉദ്ദേശ്യം. അതു മുസ്‌ലിംകളുടെ ദുര്‍ബ്ബലമനസ്ഥിതിയില്‍ നിന്നുളവാകുന്നതാവരുത്, അവരുടെ പവിത്രതയെ ഹനിക്കുന്നതുമാകരുത് എന്നത്രെ താല്‍പര്യം.

47:36
  • إِنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ ۚ وَإِن تُؤْمِنُوا۟ وَتَتَّقُوا۟ يُؤْتِكُمْ أُجُورَكُمْ وَلَا يَسْـَٔلْكُمْ أَمْوَٰلَكُمْ ﴾٣٦﴿
  • നിശ്ചയമായും ഐഹികജീവിതം, കളിയും, വിനോദവും തന്നെയാകുന്നു. നിങ്ങള്‍ വിശ്വസിക്കുകയും, സൂക്ഷിക്കുകയും ചെയ്യുന്നതായാല്‍ അവന്‍ നിങ്ങള്‍ക്കു നിങ്ങളുടെ പ്രതിഫലങ്ങള്‍ നല്‍കുന്നതാണ്. നിങ്ങളോടു നിങ്ങളുടെ (മുഴുവന്‍) സ്വത്തുക്കള്‍ അവന്‍ ചോദിക്കുന്നുമില്ല.
  • إِنَّمَا الْحَيَاةُ الدُّنْيَا നിശ്ചയമായും ഐഹികജീവിതം لَعِبٌ കളി (തന്നെ)യാകുന്നു وَلَهْوٌ വിനോദവും, അനാവശ്യവും وَإِن تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്ന പക്ഷം وَتَتَّقُوا നിങ്ങള്‍ സൂക്ഷിക്കുകയും يُؤْتِكُمْ എന്നാലവന്‍ നിങ്ങള്‍ക്കു തരും أُجُورَكُمْ നിങ്ങളുടെ കൂലി (പ്രതിഫലം)കള്‍ وَلَا يَسْأَلْكُمْ നിങ്ങളോടവന്‍ ചോദിക്കുന്നുമില്ല, ചോദിക്കയുമില്ല أَمْوَالَكُمْ നിങ്ങളുടെ ധനങ്ങള്‍, സ്വത്തുക്കള്‍
47:37
  • إِن يَسْـَٔلْكُمُوهَا فَيُحْفِكُمْ تَبْخَلُوا۟ وَيُخْرِجْ أَضْغَـٰنَكُمْ ﴾٣٧﴿
  • നിങ്ങളോടു അതു [സ്വത്തുക്കള്‍] ചോദിക്കുകയും, അങ്ങിനെ നിങ്ങളോടു കിണഞ്ഞാവശ്യപ്പെടുകയും ചെയ്യുന്ന പക്ഷം, നിങ്ങള്‍ ലുബ്ധത കാണിക്കുന്നതാണു; നിങ്ങളുടെ വിദ്വേഷങ്ങളെ അതു പുറത്തുകൊണ്ടുവരുകയും ചെയ്യും.
  • إِن يَسْأَلْكُمُوهَا അവന്‍ നിങ്ങളോടതു ചോദിക്കുന്ന പക്ഷം فَيُحْفِكُمْ എന്നിട്ടു നിങ്ങളോടു കിണയുകയും, ഊന്നിച്ചോദിക്കുകയും تَبْخَلُوا നിങ്ങള്‍ ലുബ്ധത (പിശുക്കു) കാണിക്കും وَيُخْرِجْ അതു പുറത്തു വരുത്തുകയും ചെയ്യും أَضْغَانَكُمْ നിങ്ങളുടെ വിദ്വേഷങ്ങളെ, ഉള്‍പകകളെ
47:38
  • هَـٰٓأَنتُمْ هَـٰٓؤُلَآءِ تُدْعَوْنَ لِتُنفِقُوا۟ فِى سَبِيلِ ٱللَّهِ فَمِنكُم مَّن يَبْخَلُ ۖ وَمَن يَبْخَلْ فَإِنَّمَا يَبْخَلُ عَن نَّفْسِهِۦ ۚ وَٱللَّهُ ٱلْغَنِىُّ وَأَنتُمُ ٱلْفُقَرَآءُ ۚ وَإِن تَتَوَلَّوْا۟ يَسْتَبْدِلْ قَوْمًا غَيْرَكُمْ ثُمَّ لَا يَكُونُوٓا۟ أَمْثَـٰلَكُم ﴾٣٨﴿
  • ഹേ! കൂട്ടരേ - നിങ്ങള്‍ (ഇതാ), അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുവാന്‍വേണ്ടി ക്ഷണിക്കപ്പെടുന്നു! എന്നാല്‍, നിങ്ങളില്‍ (ചിലര്‍) ലുബ്ധത കാണിക്കുന്നവരുണ്ട്. ആര്‍ ലുബ്ധത കാണിക്കുന്നുവോ അവന്‍ നിശ്ചയമായും തന്നോടുതന്നെയാണ് ലുബ്ധത കാണിക്കുന്നതും. അല്ലാഹുവാകട്ടെ, (പരാശ്രയമില്ലാത്ത) ധന്യനാകുന്നു; നിങ്ങളോ (പരാശ്രയക്കാരായ) ദരിദ്രന്‍മാരുമാകുന്നു; നിങ്ങള്‍ (അനുസരിക്കാതെ) പിന്‍തിരിയുകയാണെങ്കില്‍, നിങ്ങളല്ലാത്ത (വേറെ) ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്. എന്നിട്ട്, അവര്‍ നിങ്ങളെപ്പോലെയുള്ളവരായിരിക്കയുമില്ല.
  • هَا أَنتُمْ ഹേ, നിങ്ങള്‍ هَـٰؤُلَاءِ ഇക്കൂട്ടരാണ്, ഇങ്ങിനെയുള്ളവരാണ്, കൂട്ടരേ تُدْعَوْنَ നിങ്ങള്‍ ക്ഷണിക്കപ്പെടുന്നു لِتُنفِقُوا നിങ്ങള്‍ ചില വഴിക്കുവരാന്‍ فِي سَبِيلِ اللَّـهِ അല്ലാഹുവിന്റെ വഴിയില്‍ فَمِنكُم എന്നാല്‍ (അപ്പോള്‍) നിങ്ങളിലുണ്ടു مَّن يَبْخَلُ ലുബ്ധത കാണിക്കുന്ന ചിലര്‍ وَمَن يَبْخَلْ ആരെങ്കിലും ലുബ്ധത കാണിക്കുന്നതായാല്‍ فَإِنَّمَا يَبْخَلُ എന്നാല്‍ നിശ്ചയമായും അവന്‍ ലുബ്ധത കാണിക്കുന്നു عَن نَّفْسِهِ തന്നോടുതന്നെ وَاللَّـهُ الْغَنِيُّ അല്ലാഹു ധന്യനത്രെ, നിരാശ്രയനാണ് وَأَنتُمُ الْفُقَرَاءُ നിങ്ങള്‍ ദരിദ്രന്‍മാരുമാണ്, പരാശ്രയക്കാരാണ് وَإِن تَتَوَلَّوْا നിങ്ങള്‍ തിരിഞ്ഞു പോകുന്നപക്ഷം يَسْتَبْدِلْ അവന്‍ പകരം കൊണ്ടുവരും قَوْمًا ഒരു ജനതയെ غَيْرَكُمْ നിങ്ങളല്ലാത്ത ثُمَّ لَا يَكُونُوا പിന്നെ (എന്നിട്ടു) അവരായിരിക്കയില്ല أَمْثَالَكُم നിങ്ങളെപ്പോലുള്ളവര്‍

‘നിങ്ങളുടെ സ്വത്തുക്കള്‍ അല്ലാഹു നിങ്ങളോടു ചോദിക്കുന്നില്ല’ (ولا يسألكم أموالكم) എന്നു പറഞ്ഞതിന്റെ താല്‍പര്യം – തുടര്‍ന്നുള്ള പ്രസ്താവനകളെക്കൂടി കണക്കിലെടുക്കുമ്പോള്‍ – ഒന്നിലധികം പ്രകാരത്തില്‍ ആയിരിക്കുവാന്‍ ഇടയുണ്ട്.

1) നിങ്ങളുടെ സ്വത്തുകള്‍ മുഴുവനും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിക്കണമെന്നു അല്ലാഹു ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ക്കു വലിയ വിഷമമൊന്നും വരാത്ത അളവില്‍ ചിലവഴിക്കണമെന്നേ പറയുന്നുള്ളൂ. സക്കാത്തു മുതലായ സ്വല്‍പം ചില നിര്‍ബന്ധ കടമകളും, അതിനു പുറമെ, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിങ്ങളുടെ കഴിവനുസരിച്ചു ചിലവഴിക്കണമെന്നും മാത്രമേ അവന്‍ നിര്‍ബന്ധിക്കുന്നുള്ളൂ.

2) അല്ലാഹുവിന്റെ ആവശ്യാര്‍ത്ഥം അവന്‍ നിങ്ങളോടു സ്വത്തു അവശ്യപ്പെടുന്നില്ല. നിങ്ങളുടെ സ്വന്തം നന്മക്കുവേണ്ടി മാത്രമാണ് നിങ്ങള്‍ ചിലവഴിക്കണമെന്നാവശ്യപ്പെടുന്നത്.

3) അല്ലാഹു നിങ്ങളോടു സ്വത്തു ചിലവഴിക്കുവാന്‍ ആവശ്യപ്പെടുന്നതു ശരിയാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ അതു നിങ്ങളുടെ സ്വത്തല്ല, അല്ലാഹു നിങ്ങള്‍ക്കു നല്‍കിയതാണ്. അവന്‍ നിങ്ങളുടെ പക്കല്‍ തന്നതില്‍നിന്നു ചിലവാക്കുവാന്‍ മാത്രമാണ് അവന്‍ അവശ്യപ്പെടുന്നത്. 37-ാം വചനത്തിന്റെ ആശയത്തോടു കൂടുതല്‍ അനുയോജ്യമായിക്കാണുന്നത് ആദ്യത്തെ വ്യാഖ്യാനമാണെന്നാണ് തോന്നുന്നത്. الله اعلم

ഏതായാലും, യുദ്ധം മുതലായ പൊതുകാര്യങ്ങളില്‍ ധനം ചിലവഴിക്കുവാനുള്ള ശക്തിമത്തായ ഒരു ആഹ്വാനമാണ് ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നത്. നല്ല വിഷയത്തില്‍ ധനം ചിലവഴിക്കുവാന്‍ കിണഞ്ഞാവശ്യപ്പെടുമ്പോള്‍ പിശുക്കു കാണിക്കലും, ഹൃദയത്തില്‍ ഒളിഞ്ഞുകിടപ്പുള്ള വിദ്വേഷവും, ഉള്‍പ്പോരും വെളിക്കുചാടലും മിക്കവരുടെ സ്വഭാവമാണെന്നും, ഈ സ്വഭാവം നന്നല്ലെന്നും, അതു തങ്ങള്‍ക്കുതന്നെ ദോഷകരമാണെന്നും അല്ലാഹു പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു. ധനം ചിലവഴിക്കുവാന്‍ ആവശ്യപ്പെടുന്നതു അല്ലാഹുവിന്റെ ഗുണത്തിനുവേണ്ടിയല്ല, ചിലവഴിക്കുന്നവരുടെ സ്വന്തം നന്മക്കു വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. അവസാനം, നിങ്ങള്‍ അനുസരിക്കാതെ പിന്‍തിരിയുകയാണെങ്കില്‍ നിങ്ങള്‍ക്കു പകരം വേറൊരു ജനതയെ ഇവിടെ കൊണ്ടുവരുമെന്ന ഒരു താക്കീതും! അപ്പോള്‍, ഈ ആഹ്വാനത്തിന്റെ ഗൗരവം എത്രമാത്രമാണെന്നു ആലോചിച്ചുനോക്കുക!

يَا أَيُّهَا الَّذِينَ آمَنُوا (വിശ്വസിച്ചവരേ) എന്നു സംബോധന ചെയ്തുകൊണ്ടു ആരംഭിച്ച 33ആം വചനം തുടങ്ങി ഇതുവരെ സത്യവിശ്വാസികളെ അഭിമുഖീകരിച്ച് അല്ലാഹു പലതും പ്രസ്താവിച്ചു. അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണം, സ്വന്തം പ്രവര്‍ത്തനങ്ങളെ ഫലശൂന്യമാക്കാതിരിക്കണം, ശത്രുക്കളുടെ മുമ്പില്‍ ദൗര്‍ബ്ബല്യം കാണിക്കാതിരിക്കണം, വിശ്വാസത്തോടും സൂക്ഷ്മതയോടും ജീവിക്കണം, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധനം ചിലവഴിക്കണം എന്നിങ്ങനെ പലതും. എല്ലാം കാര്യകാരണങ്ങളോടുകൂടിത്തന്നെ അവരെ ഓര്‍മ്മപ്പെടുത്തി. അവസാനം ഇങ്ങിനെയുള്ള കാര്യങ്ങള്‍ അനുസരിക്കുവാന്‍ തയ്യാറില്ലാതെ നിങ്ങള്‍ പിന്‍തിരിഞ്ഞുപോകുകയാണെങ്കില്‍, അക്കാരണം കൊണ്ടു ഈ പ്രസ്ഥാനം – ഇസ്‌ലാമിനെ നിലനിറുത്തുവാനുള്ള ഈ സംരംഭം – മുടങ്ങുവാന്‍ പോകുന്നില്ലെന്നും, അതിനു പറ്റിയ മറ്റൊരു ജനതയെ അല്ലാഹു എഴുന്നേല്‍പ്പിക്കുമെന്നും താക്കീതുചെയ്തുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്. ഈ സംഗതി മറ്റൊരിടത്തു അല്ലാഹു ഇങ്ങിനെ വിവരിക്കുന്നു:

يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّـهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّـهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّـهُ وَاسِعٌ عَلِيمٌ – سورة المائدة ٥٤

സാരം: വിശ്വസിച്ചവരേ, നിങ്ങളില്‍ വല്ലവരും തന്റെ മതത്തെ വിട്ടുമടങ്ങി – ഭ്രഷ്ടരായി – പ്പോകുന്നതായാല്‍, വഴിയെ അല്ലാഹു ഒരു ജനതയെ കൊണ്ടുവരും: അവന്‍ അവരെ സ്നേഹിക്കുകയും, അവര്‍ അവനെ സ്നേഹിക്കുകയും ചെയ്യും. സത്യവിശ്വാസികളോടു എളിയവരും, അവിശ്വാസികളോടു ഗൗരവമുള്ളവരുമായിരിക്കും. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അവര്‍ സമരം ചെയ്യും. യാതൊരു ആക്ഷേപക്കാരന്റെ ആക്ഷേപവും അവര്‍ ഭയപ്പെടുന്നതുമല്ല. (ഇങ്ങിനെയുള്ളവരായിരിക്കും അവര്‍). അല്ലാഹുവിന്റെ അനുഗ്രഹമത്രെ അത്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതു അവന്‍ കൊടുക്കുന്നു. അല്ലാഹു വിശാലനും, സര്‍വ്വജ്ഞനുമാകുന്നു. (سورة المائدة – 54) പുതുതായി വരുന്ന ജനത നിങ്ങളെപ്പോലെയുള്ളവരായിരിക്കുകയില്ല (ثُمَّ لَا يَكُونُوا أَمْثَالَكُم) എന്നു പറഞ്ഞതിന്റെ താല്‍പര്യമെന്താണെന്നും, ആ ജനങ്ങളുടെ സവിശേഷത എന്തായിരിക്കുമെന്നും ഈ വചനത്തില്‍നിന്നു മനസ്സിലാകുന്നതാണ്.

അല്ലാഹുവിന്റെ ഈ മഹത്തായ അനുഗ്രഹം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കും സഹാബികള്‍ക്കും ലഭിക്കുകയുണ്ടായെന്നും, ആ കൃത്യം അവര്‍ തന്നെ നിര്‍വ്വഹിച്ചുവെന്നും പറയേണ്ടതില്ലല്ലോ. കല്‍ബീ (رحمه الله) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യപ്പെടുന്നു : ‘മറ്റൊരു ജനതയെ പകരം കൊണ്ടുവരുമെന്നതിനു അല്ലാഹു ഒരു ഉപാധിവെച്ചിട്ടുള്ളതു, സഹാബികളുടെ പിന്‍തിരിച്ചലാണല്ലോ. അവര്‍ പിന്‍തിരിഞ്ഞിട്ടില്ല. അതുകൊണ്ട് അവര്‍ക്കു പകരം മറ്റൊരു കൂട്ടരെ കൊണ്ടുവന്നതുമില്ല’ (فرضى الله عنهم ورضى عنا اجمعين)

[ولله الحمد وله المنة والفضل]