സൂറത്തുദ്ദുഖാന്‍ : 43-59
വിഭാഗം - 3
- إِنَّ شَجَرَتَ ٱلزَّقُّومِ ﴾٤٣﴿
- നിശ്ചയമായും 'സഖ്-ഖൂം' വൃക്ഷം;-
- إِنَّ شَجَرَتَ നിശ്ചയമായും വൃക്ഷം الزَّقُّومِ 'സഖ്-ഖൂമാ'കുന്ന
- طَعَامُ ٱلْأَثِيمِ ﴾٤٤﴿
- പാപിയായുള്ളവന്റെ ഭക്ഷണമായിരിക്കും.
- طَعَامُ الْأَثِيمِ പാപിയുടെ ഭക്ഷണമാണ്
- كَٱلْمُهْلِ يَغْلِى فِى ٱلْبُطُونِ ﴾٤٥﴿
- ഉരുകിയ (ലോഹ) ദ്രാവകംപോലെയിരിക്കും (അതു); വയറുകളില്‍ അതു തിളച്ചുമറിയും;-
- كَالْمُهْلِ ഉരുകിയ (ലോഹത്തിന്റെ) ദ്രാവകംപോലെ يَغْلِي അതു തിളച്ചുകൊണ്ടിരിക്കും فِي الْبُطُونِ വയറുകളില്‍
- كَغَلْىِ ٱلْحَمِيمِ ﴾٤٦﴿
- ചുട്ടവെള്ളം തിളച്ചുമറിയുന്നതുപോലെ!
- كَغَلْيِ തിളക്കല്‍പോലെ الْحَمِيمِ ചുടുവെള്ളത്തിന്റെ
നരകത്തിലെ ഒരു വൃക്ഷമായ ‘സഖ്-ഖൂമി’ നെപ്പറ്റി സൂ: സ്വാഫ്-ഫാത്ത് 62-66 ല്‍ വിവരിച്ചിട്ടുണ്ട്. അതിന്റെ ഫലമായിരിക്കും നരകക്കാരുടെ ആഹാരം. അതു കഴിച്ചാലുണ്ടാകുന്ന അനുഭവമാണ് അല്ലാഹു വിവരിച്ചത്. അവരുടെ ഭക്ഷണം ഇതാണെങ്കില്‍, അവരുടെ പാനീയം, കിടപ്പുസ്ഥാനം മുതലായവയും അതുപോലെത്തന്നെ ഭയങ്കരങ്ങളായിരിക്കുമല്ലോ? അല്ലാഹു നമ്മെ കാക്കട്ടെ. ആമീന്‍.
- خُذُوهُ فَٱعْتِلُوهُ إِلَىٰ سَوَآءِ ٱلْجَحِيمِ ﴾٤٧﴿
- (പറയപ്പെടും:) 'അവനെ പിടിക്കുവിന്‍; എന്നിട്ടവനെ ജ്വലിക്കുന്ന നരകത്തിന്റെ മദ്ധ്യത്തിലേക്കു വലിച്ചിഴക്കുവിന്‍!'
- خُذُوهُ അവനെ പിടിക്കുവിന്‍ فَاعْتِلُوهُ എന്നിട്ടവനെ വലിച്ചിഴക്കുവിന്‍, പിടിച്ചിടുവിന്‍ إِلَىٰ سَوَاءِ മദ്ധ്യത്തിലേക്കു الْجَحِيمِ ജ്വലിക്കുന്ന നരകത്തിന്റെ
- ثُمَّ صُبُّوا۟ فَوْقَ رَأْسِهِۦ مِنْ عَذَابِ ٱلْحَمِيمِ ﴾٤٨﴿
- 'പിന്നീടവന്റെ തലക്കുമീതെ ചുട്ടുതിളക്കുന്ന വെള്ളമാകുന്ന ശിക്ഷയില്‍നിന്നും ചൊരിയുവിന്‍!'
- ثُمَّ صُبُّوا പിന്നെ ചൊരിക്കുവിന്‍ فَوْقَ رَأْسِهِ അവന്റെ തലക്കുമീതെ مِنْ عَذَابِ الْحَمِيمِ ചുടുവെള്ളത്തിന്റെ ശിക്ഷയില്‍നിന്നു
- ذُقْ إِنَّكَ أَنتَ ٱلْعَزِيزُ ٱلْكَرِيمُ ﴾٤٩﴿
- (അവനോടു പറയപ്പെടും:) 'രുചി നോക്കൂ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും മാന്യനും!'
- ذُقْ രുചിനോക്കുക, അനുഭവിക്കുക إِنَّكَ أَنتَ നിശ്ചയമായും നീയാണ് الْعَزِيزُ പ്രതാപശാലി الْكَرِيمُ മാന്യന്‍
- إِنَّ هَٰذَا مَا كُنتُم بِهِۦ تَمْتَرُونَ ﴾٥٠﴿
- 'ഇതു നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരുന്ന (ആ) കാര്യമാണ്'.
- إِنَّ هَـٰذَا നിശ്ചയമായും ഇതു مَا كُنتُم നിങ്ങള്‍ ആയിരുന്ന ഒരു കാര്യമാണ് بِهِ അതിനെപ്പറ്റി تَمْتَرُونَ നിങ്ങള്‍ സംശയപ്പെട്ടുകൊണ്ടിരിക്കും
ഇഹത്തില്‍വെച്ച് വലിയ പ്രതാപവും മാന്യതയും നടിച്ചുകൊണ്ടും, പരലോകജീവിതത്തെയും ശിക്ഷയെയും കുറിച്ചു സംശയപ്പെട്ടു കൊണ്ടുമിരിക്കുകയായിരുന്നുവല്ലോ നീ. ഇപ്പോഴിതാ ആ ശിക്ഷ അനുഭവത്തില്‍ വന്നിരിക്കുന്നു. അന്നത്തെ അന്തസ്സും യോഗ്യതയുമെല്ലാം ഇപ്പോള്‍ നഷ്ടപ്പെട്ടില്ലേ?! എനി ഇതു അനുഭവിച്ചുകൊള്ളുക എന്നു സാരം. ‘നീ തന്നെയാണ് പ്രതാപശാലിയും മാന്യന്യം’ എന്നു അവനെ പരിഹസിച്ചു പറയുന്നതാണെന്നു പറയേണ്ടതില്ല; പാപികളുടെ ശിക്ഷയെക്കുറിച്ചു പറഞ്ഞശേഷം സജ്ജനങ്ങളുടെ സുഖസൗകര്യങ്ങളെക്കുറിച്ച് പറയുന്നു:
- إِنَّ ٱلْمُتَّقِينَ فِى مَقَامٍ أَمِينٍ ﴾٥١﴿
- നിശ്ചയമായും, ഭയഭക്തരായുള്ളവര്‍ വിശ്വസ്തമായ ഒരു വാസസ്ഥലത്തില്‍ ആയിരിക്കും;-
- إِنَّ الْمُتَّقِينَ നിശ്ചയമായും ഭയഭക്തന്‍മാര്‍, സൂക്ഷിക്കുന്നവര്‍ فِي مَقَامٍ ഒരു സ്ഥാനത്തില്‍ (വാസസ്ഥലത്തില്‍) ആയിരിക്കും أَمِينٍ നിര്‍ഭയമായ, വിശ്വസ്തമായ
- فِى جَنَّٰتٍ وَعُيُونٍ ﴾٥٢﴿
- അതായതു, സ്വര്‍ഗ്ഗത്തോപ്പുകളിലും അരുവികളിലും.
- فِي جَنَّاتٍ അതായതു സ്വര്‍ഗ്ഗങ്ങളില്‍, തോപ്പുകളില്‍ وَعُيُونٍ അരുവി (നീരുറവ)കളിലും
- يَلْبَسُونَ مِن سُندُسٍ وَإِسْتَبْرَقٍ مُّتَقَٰبِلِينَ ﴾٥٣﴿
- നേര്‍മ്മപ്പട്ടും, കട്ടിപ്പട്ടുംകൊണ്ടു അവര്‍ (വസ്ത്രം) ധരിക്കുന്നതാണ്:- അന്യോന്യം അഭിമുഖരായിക്കൊണ്ട് (സല്ലാപം നടത്തും).
- يَلْبَسُونَ അവര്‍ (വസ്ത്രം) ധരിക്കും مِن سُندُسٍ നേര്‍മ്മപ്പട്ടു കൊണ്ടു وَإِسْتَبْرَقٍ കട്ടിപ്പട്ടും مُّتَقَابِلِينَ അഭിമുഖരായിക്കൊണ്ടു
- كَذَٰلِكَ وَزَوَّجْنَٰهُم بِحُورٍ عِينٍ ﴾٥٤﴿
- അപ്രകാരമാണ് (കാര്യം). (കൂടാതെ) വിശാലനേത്രകളായ വെള്ളമെയ്യാമണികളെ നാം അവര്‍ക്കു ഇണചേര്‍ത്തു കൊടുക്കുന്നതുമാണ്.
- كَذَٰلِكَ അപ്രകാരമാണ് وَزَوَّجْنَاهُم അവര്‍ക്കു നാം ഇണചേര്‍ത്തു (ഭാര്യമാരാക്കി)കൊടുക്കയും ചെയ്യും بِحُورٍ വെളുത്ത മെയ്യാമണികളെ عِينٍ വിശാലനേത്രകളായ
- يَدْعُونَ فِيهَا بِكُلِّ فَٰكِهَةٍ ءَامِنِينَ ﴾٥٥﴿
- അവിടത്തില്‍ എല്ലാ (തരം) പഴവര്‍ഗ്ഗങ്ങള്‍ക്കും നിര്‍ഭയരായ നിലയില്‍ അവര്‍ വിളിച്ചു (ആവശ്യപ്പെട്ടു) കൊണ്ടിരിക്കും.
- يَدْعُونَ അവര്‍ വിളിക്കും, ആവശ്യപ്പെടും فِيهَا അതില്‍, അവിടത്തില്‍ بِكُلِّ فَاكِهَةٍ എല്ലാ പഴവര്‍ഗ്ഗങ്ങള്‍ക്കും آمِنِينَ നിര്‍ഭയരായിക്കൊണ്ടു, വിശ്വസ്തരായിക്കൊണ്ടു
حُورٍ (ഹൂര്‍) എന്ന വാക്കിന് വെളുത്ത സുന്ദരികള്‍ എന്നും, കണ്ണിന്റെ വെള്ളഭാഗം നല്ല വെളുപ്പും കറുത്ത ഭാഗം നല്ല കറുപ്പുമായി ആകര്‍ഷത്വമുള്ളവര്‍ എന്നും അര്‍ത്ഥങ്ങള്‍ നല്‍കപ്പെടുന്നു. عِين (‘ഈന്‍’) എന്ന വാക്കിന് വിശാലനേത്രമുള്ളവര്‍ എന്നും ആകര്‍ഷിക്കുന്ന കണ്ണുകളോടുകൂടിയവര്‍ എന്നിങ്ങിനെയും അര്‍ത്ഥങ്ങളുണ്ട്. ചുരുക്കത്തില്‍, ആകര്‍ഷകവും അതിസുന്ദരവുമായ ശരീരത്തോടും നേത്രങ്ങളോടുംകൂടിയ തരുണീമണികള്‍ എന്നു വിവക്ഷ. തങ്ങള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്തുപോകേണ്ടിവരുമെന്നോ, തങ്ങളുടെ ഏതെങ്കിലും സുഖസൗകര്യങ്ങള്‍ക്കു ഭംഗം നേരിട്ടേക്കുമെന്നോ,അവ നിര്‍ല്ലോഭം ഉപയോഗിക്കുന്നതില്‍ വല്ല മുടക്കവും ബാധിക്കുമെന്നോ ഉള്ള ഭയത്തിനോ ആശങ്കക്കോ അവിടെ അവകാശമില്ല. آمِنِينَ (നിര്‍ഭയരായ നിലയില്‍) എന്നും فِي مَقَامٍ أَمِينٍ (വിശ്വസ്തമായ വാസസ്ഥലത്തില്‍) എന്നും പറഞ്ഞതിന്റെ താല്‍പര്യം അതാണ്. ഇങ്ങിനെയുള്ള സല്‍ഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
- لَا يَذُوقُونَ فِيهَا ٱلْمَوْتَ إِلَّا ٱلْمَوْتَةَ ٱلْأُولَىٰ ۖ وَوَقَىٰهُمْ عَذَابَ ٱلْجَحِيمِ ﴾٥٦﴿
- ആദ്യത്തെ (ഒരു) മരണമല്ലാതെ, അവിടത്തില്‍ വെച്ച് (എനി) അവര്‍ മരണം അനുഭവിക്കുന്നതല്ല. ജ്വലിക്കുന്ന നരകശിക്ഷയെ അവന്‍ [അല്ലാഹു] അവര്‍ക്കു കാത്തുകൊടുക്കുകയും ചെയ്തിരിക്കുന്നു;
- لَا يَذُوقُونَ അവര്‍ ആസ്വദിക്ക (അനുഭവിക്ക)യില്ല فِيهَا അതില്‍ الْمَوْتَ മരണം إِلَّا الْمَوْتَةَ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ, ആദ്യത്തെ وَوَقَاهُمْ അവര്‍ക്കു അവന്‍ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു عَذَابَ الْجَحِيمِ ജ്വലിക്കുന്ന നരകശിക്ഷ
- فَضْلًا مِّن رَّبِّكَ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾٥٧﴿
- നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള അനുഗ്രഹത്താല്‍! അതുതന്നെയാണ് മഹത്തായ ഭാഗ്യം!
- فَضْلًا അനുഗ്രഹമായിട്ടു, ദയവായി مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നുള്ള ذَٰلِكَ هُوَ അതുതന്നെയാണ് الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ മഹത്തായ, വമ്പിച്ച
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരിയും, മുസ്‌ലിമും (رحمهما الله) ഉദ്ധരിക്കുന്നു: ‘ഒരു നല്ല ആട്ടുകൊറ്റന്റെ രൂപത്തിലായിക്കൊണ്ട് സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടക്കു മരണത്തെ കൊണ്ടു വരപ്പെടും. പിന്നീടു അതിനെ അറുക്കപ്പെടും. എന്നിട്ട് ഇങ്ങിനെ പറയപ്പെടും: ‘ഹേ, സ്വര്‍ഗ്ഗക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!’ ‘ഹേ, നരകക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!’ (متفق). വേറൊരു നബിവചനത്തില്‍ ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗക്കാരോടു പറയപ്പെടും: നിങ്ങള്‍ക്കു ആരോഗ്യത്തോടു കൂടിയിരിക്കാം – എനി നിങ്ങള്‍ക്കു ഒരിക്കലും രോഗം പിടിപെടുകയില്ല. നിങ്ങള്‍ക്കു ജീവിച്ചിരിക്കുകയും ചെയ്യാം. – എനി ഒരിക്കലും നിങ്ങള്‍ മരണപ്പെടുകയില്ല. നിങ്ങള്‍ക്കു സുഖസൗകര്യത്തോടെയിരിക്കാം – എനി ഒരിക്കലും നിങ്ങള്‍ക്കു നിരാശ ബാധിക്കയില്ല. നിങ്ങള്‍ക്കു യുവത്വത്തോടു കൂടിയിരിക്കാം – എനി ഒരിക്കലും നിങ്ങളെ വാര്‍ദ്ധക്യം പിടിപെടുകയില്ല.’ (മുസ്‌ലിം).
അല്ലാഹു ഈ അദ്ധ്യായം ഇങ്ങിനെ അവസാനിപ്പിക്കുന്നു:-
- فَإِنَّمَا يَسَّرْنَٰهُ بِلِسَانِكَ لَعَلَّهُمْ يَتَذَكَّرُونَ ﴾٥٨﴿
- എന്നാല്‍, (നബിയേ) നാം ഇതിനെ (ഖുര്‍ആനെ) നിന്റെ ഭാഷയില്‍ എളുപ്പമാക്കി (സൗകര്യപ്പെടുത്തി)ത്തന്നിരിക്കുന്നതു, അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി മാത്രമാകുന്നു.
- فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാം അതിനെ എളുപ്പമാക്കി بِلِسَانِكَ നിന്‍റെ ഭാഷയില്‍ لَعَلَّهُمْ يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി (മാത്രം)
- فَٱرْتَقِبْ إِنَّهُم مُّرْتَقِبُونَ ﴾٥٩﴿
- ആകയാല്‍, നീ പ്രതീക്ഷിച്ചുകൊള്ളുക; നിശ്ചയമായും അവര്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ്.
- فَارْتَقِبْ ആകയാല്‍ നീ പ്രതീക്ഷിച്ചുകൊള്ളുക إِنَّهُم നിശ്ചയമായും അവര്‍ مُّرْتَقِبُونَ പ്രതീക്ഷിക്കുന്നവരാണ്
ഖുര്‍ആന്‍ അവതരിക്കുന്നതു അറബികളിലാണല്ലോ, അവര്‍ മുഖാന്തരമാണ് അതു മറ്റുള്ളവരില്‍ എത്തിച്ചേരുന്നതും. അതുകൊണ്ടാണതു അറബിഭാഷയിലായതും, നിഷ്പ്രയാസം ഗ്രഹിക്കുവാനും കൈകാര്യം ചെയ്‌വാനും അവര്‍ക്കു സൗകര്യപ്പെടത്തക്കവിധം അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ, അവര്‍ ചിന്തിക്കുന്നില്ല, ഉറ്റാലോചിക്കുന്നുമില്ല. അതാണ് അവര്‍ക്കു പറ്റിയ നാശം. എന്നത്രെ 58-ാം വചനത്തിലെ ആശയം. അവസാനം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു പറയുന്നു: തനിക്കു അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള സഹായങ്ങള്‍ താമസം വിനാ ലഭിക്കുന്നതാണ്. അതു സുപ്രതീക്ഷയോടെ കാത്തിരുന്നുകൊള്ളുക. വല്ല ആപത്തും പിണഞ്ഞേക്കുമെന്നും, അങ്ങിനെ തൗഹീദിന്റെ പ്രസ്ഥാനം തടയപ്പെട്ടു പോകുമെന്നും മറ്റുമുള്ള ചില പ്രതീക്ഷകളോടുകൂടി കാത്തിരിക്കുകയാണ് മുശ്രിക്കുകള്‍ ചെയ്യുന്നത്. ആരുടെ പ്രതീക്ഷയാണ് അനുഭവത്തില്‍ വരുകയെന്നു കാണാമല്ലോ. والله أعلم
اللهم اجعلنا من المتقين الفائزين والحمد لله اولا واخرا