വിഭാഗം - 2

44:30
  • وَلَقَدْ نَجَّيْنَا بَنِىٓ إِسْرَٰٓءِيلَ مِنَ ٱلْعَذَابِ ٱلْمُهِينِ ﴾٣٠﴿
  • തീര്‍ച്ചയായും, ഇസ്രാഈല്‍ സന്തതികളെ നിന്ദ്യമായ ശിക്ഷയില്‍നിന്ന് നാം രക്ഷപ്പെടുത്തി;-
  • وَلَقَدْ نَجَّيْنَا തീര്‍ച്ചയായും നാം രക്ഷപ്പെടുത്തി بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ مِنَ الْعَذَابِ ശിക്ഷയില്‍നിന്നു الْمُهِينِ നിന്ദ്യമായ, അപമാനപ്പെടുത്തുന്ന
44:31
  • مِن فِرْعَوْنَ ۚ إِنَّهُۥ كَانَ عَالِيًا مِّنَ ٱلْمُسْرِفِينَ ﴾٣١﴿
  • അതായതു, ഫിര്‍ഔനില്‍നിന്നു. കാരണം, അവന്‍ അതിരുകവിഞ്ഞവരില്‍പെട്ട ഒരു പൊങ്ങച്ചക്കാരനായിരുന്നു.
  • مِن فِرْعَوْنَ അതായതു ഫിര്‍ഔനില്‍ നിന്നു إِنَّهُ كَانَ നിശ്ചയമായും അവനായിരുന്നു عَالِيًا പൊങ്ങച്ചക്കാരന്‍, ഉന്നതന്‍, ഗര്‍വ്വിഷ്ഠന്‍ مِّنَ الْمُسْرِفِينَ അതിരു കവിഞ്ഞവരില്‍പെട്ട
44:32
  • وَلَقَدِ ٱخْتَرْنَـٰهُمْ عَلَىٰ عِلْمٍ عَلَى ٱلْعَـٰلَمِينَ ﴾٣٢﴿
  • അറിഞ്ഞുകൊണ്ടുതന്നെ ലോകരെക്കാള്‍ അവരെ നാം (ഉത്തമന്‍മാരാക്കി) തിരഞ്ഞെടുക്കുകയുണ്ടായി.
  • وَلَقَدِ اخْتَرْنَاهُمْ അവരെ നാം തിരഞ്ഞെടുത്തിട്ടുണ്ടു, ഉത്തമമാക്കുകയുണ്ടായി عَلَىٰ عِلْمٍ അറിവോടെ (അറിഞ്ഞുകൊണ്ടു) عَلَى الْعَالَمِينَ ലോകരെക്കാള്‍
44:33
  • وَءَاتَيْنَـٰهُم مِّنَ ٱلْـَٔايَـٰتِ مَا فِيهِ بَلَـٰٓؤٌا۟ مُّبِينٌ ﴾٣٣﴿
  • ദൃഷ്ടാന്തങ്ങളില്‍നിന്നും വ്യക്തമായ പരീക്ഷണം ഉള്‍ക്കൊള്ളുന്നവ (പലതും) അവര്‍ക്കു നാം നല്‍കുകയും ചെയ്തിരുന്നു.
  • وَآتَيْنَاهُم അവര്‍ക്കു നാം കൊടുക്കുകയും ചെയ്തു مِّنَ الْآيَاتِ ദൃഷ്ടാന്തങ്ങളില്‍നിന്നു مَا യാതൊന്നു فِيهِ അതിലുണ്ടു بَلَاءٌ مُّبِينٌ സ്പഷ്ടമായ പരീക്ഷണം

അവരുടെ എല്ലാ സ്ഥിതിഗതികളും അറിഞ്ഞും, കണക്കിലെടുത്തുംകൊണ്ടുതന്നെയാണ് അവരുടെ കാലത്തുള്ള ഇതര സമുദായങ്ങളെക്കാള്‍ അവര്‍ക്കു പല ശ്രേഷ്ഠതകളും നല്‍കി അല്ലാഹു അനുഗ്രഹിച്ചത്. എത്രയോ പ്രവാചകന്‍മാരും, രാജാക്കളും അവരില്‍ ഉണ്ടായി. കൂടാതെ നിയമപ്രമാണവും വേദഗ്രന്ഥവുമായ തൗറാത്തു ലഭിച്ചതും, സീനാ താഴ്‌വരയില്‍വെച്ചു ‘മന്നാ’യും ‘സല്‍വാ’യും (ഒരുതരം പക്ഷിയും കട്ടിത്തേനും) ലഭിച്ചതും, മേഘത്തണല്‍ നല്‍കിയതും – അങ്ങിനെ പലതും – ഇസ്രാഈല്യര്‍ക്കു ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളത്രെ. സംസ്കാരത്തിലും, പരിഷ്കാരത്തിലും മറ്റുള്ളവരെ അപേക്ഷിച്ചു അവര്‍ മുമ്പിലായിരുന്നു. ഇതര സമുദായങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞിട്ടില്ലാത്ത പല പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും അല്ലാഹു അവര്‍ക്കു കാട്ടിക്കൊടുക്കുകയുമുണ്ടായി. അതെല്ലാം അവര്‍ എങ്ങിനെ ഉപയോഗപ്പെടുത്തുമെന്നുള്ള ഒരു പരീക്ഷണവും കൂടിയായിരുന്നു അത്. അടുത്ത വചനങ്ങളില്‍ അറബി മുശ്രിക്കുകളെപ്പറ്റി പറയുന്നു:

44:34
  • إِنَّ هَـٰٓؤُلَآءِ لَيَقُولُونَ ﴾٣٤﴿
  • നിശ്ചയമായും ഇക്കൂട്ടര്‍ (ഇതാ) പറഞ്ഞുകൊണ്ടിരിക്കുന്നു:
  • إِنَّ هَـٰؤُلَاءِ നിശ്ചയമായും ഇക്കൂട്ടര്‍ لَيَقُولُونَ പറയുന്നു
44:35
  • إِنْ هِىَ إِلَّا مَوْتَتُنَا ٱلْأُولَىٰ وَمَا نَحْنُ بِمُنشَرِينَ ﴾٣٥﴿
  • 'കാര്യം: നമ്മുടെ ഒന്നാമത്തെ മരണമല്ലാതെ (മറ്റൊന്നും) ഇല്ല; നാം ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരുമല്ല.'
  • إِنْ هِيَ അതു (കാര്യം) അല്ല, ഇല്ല إِلَّا مَوْتَتُنَا നമ്മുടെ മരണമല്ലാതെ الْأُولَىٰ ഒന്നാമത്തെ وَمَا نَحْنُ നാം അല്ല താനും بِمُنشَرِينَ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവര്‍
44:36
  • فَأْتُوا۟ بِـَٔابَآئِنَآ إِن كُنتُمْ صَـٰدِقِينَ ﴾٣٦﴿
  • 'എന്നാല്‍, (അങ്ങിനെയുണ്ടെങ്കില്‍) നമ്മുടെ പിതാക്കളെ നിങ്ങള്‍ കൊണ്ടുവരുവിന്‍ - നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍'.
  • فَأْتُوا എന്നാല്‍ നിങ്ങള്‍ വരുവിന്‍ بِآبَائِنَا നമ്മുടെ പിതാക്കളെക്കൊണ്ടു إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍

മരണത്തോടുകൂടി മനുഷ്യന്റെ കഥ അവസാനിച്ചു പോകുന്നു, പിന്നീട് മറ്റൊരു ജീവിതമോ സുഖദുഃഖമോ ഒന്നും സംഭവിക്കുവാനില്ല എന്നത്രെ മുശ്രിക്കുകള്‍ പറയുന്നത്. മരണാനന്തരമുള്ള ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി പറയുമ്പോള്‍, അതിനെ നിഷേധിക്കുവാന്‍ അവര്‍ പറയാറുള്ള ഒരു ദുര്‍ന്യായമാണ്: ‘അങ്ങിനെയാണെങ്കില്‍ മരിച്ചുപോയ നമ്മുടെ പൂര്‍വ്വികന്‍മാരെ എന്താണ് കാണാത്തത്? അവരെ നിങ്ങളൊന്നു ഇങ്ങുകൊണ്ടുവരിന്‍…..’ എന്നൊക്കെ. മരണാനന്തരജീവിതം ഈ ലോകത്തു വെച്ചല്ലാത്ത സ്ഥിതിക്കു ഈ ന്യായം കേവലം ബാലിശമാണെന്നു പറയേണ്ടതില്ലല്ലോ. അല്ലാഹു അവരെ താക്കീതു ചെയ്യുന്നു:

44:37
  • أَهُمْ خَيْرٌ أَمْ قَوْمُ تُبَّعٍ وَٱلَّذِينَ مِن قَبْلِهِمْ ۚ أَهْلَكْنَـٰهُمْ ۖ إِنَّهُمْ كَانُوا۟ مُجْرِمِينَ ﴾٣٧﴿
  • ഇവരാണോ ഉത്തമന്‍മാര്‍, അതല്ല, 'തുബ്ബഇ'ന്‍റെ ജനതയും, അവരുടെ മുമ്പുണ്ടായിരുന്നവരുമോ? - അവരെ(യെല്ലാം) നാം നശിപ്പിച്ചിരിക്കുന്നു. (കാരണം) അവര്‍ കുറ്റവാളികളായിരുന്നു.
  • أَهُمْ അവരാണോ, ഇവരാണോ خَيْرٌ ഉത്തമം أَمْ قَوْمُ تُبَّعٍ അതല്ല തുബ്ബഇന്‍റെ ജനതയോ وَالَّذِينَ യതൊരുവരും مِن قَبْلِهِمْ അവരുടെ മുമ്പുള്ള أَهْلَكْنَاهُمْ അവരെ നാം നശിപ്പിച്ചു إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു مُجْرِمِينَ കുറ്റവാളികള്‍

സത്യനിഷേധത്തിന്റെയും അക്രമത്തിന്റെയും കാരണമായി ഇവരെക്കാള്‍ ഊക്കന്‍മാരായിരുന്നവരെല്ലാം നമ്മുടെ ശിക്ഷക്കു പാത്രമായിത്തീര്‍ന്നു. അവരുടെ അതേ നില ഇവരും തുടരുകയാണെങ്കില്‍, അവരെപ്പോലെ ഇവരും നമ്മുടെ ശിക്ഷക്കു ബാധ്യസ്ഥരായിത്തീരുമെന്ന് ഓര്‍ത്തുകൊള്ളട്ടെ എന്നുസാരം.

ഈജിപ്തിലെ ഖിബ്-ത്ത്വീ (കൊപ്തീ) രാജാക്കള്‍ക്കു ഫിര്‍ഔന്‍മാര്‍ (الفراعنة = ഫറോവമാര്‍) എന്നു പറയപ്പെടുന്നതുപോലെ, യമനിലെ ഒരു പുരാതന രാജകുടുംബത്തിനു തുബ്ബഉകള്‍ (التبايعة) എന്നു പറയപ്പെടുന്നു. ക്രിസ്താബ്ദത്തിനു 115 കൊല്ലം മുമ്പുമുതല്‍ ക്രിസ്താബ്ദം 525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും വളരെ പ്രശസ്തമാംവണ്ണം ഇവര്‍ ഭരിച്ചു പോന്നു. സുലൈമാന്‍ (عليه السلام) നബിയെ സന്ദര്‍ശിച്ച ബല്‍ഖീസ് രാജ്ഞിയും, സൂറത്തുല്‍ കഹ്ഫില്‍ പ്രസ്താവിച്ച ദുല്‍ഖര്‍നൈനി (ذو القرنين)യാണെന്നു ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ള ഇഫ്‌രീഖശും (إفريقش) ഈ രാജവര്‍ഗ്ഗത്തില്‍ പെട്ടവരത്രെ. ഈ ആയത്തില്‍ പ്രസ്താവിച്ച തുബ്ബഉ് (تُبَّع) ഒരു സല്‍പുരുഷനായിരുന്നു. അദ്ദേഹം സത്യവിശ്വാസത്തിലേക്കും സദാചാരത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ ജനത വഴിപിഴക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ പേര്‍ അബൂകര്‍ബ് എന്ന അസ്അദ് (أسعد أبو كرب) എന്നാണ് അറിയപ്പെടുന്നത്. ദുല്‍ഖര്‍നൈനി യമന്‍കാരനായിരുന്നുവെന്ന അഭിപ്രായക്കാരില്‍ ചിലരാണ് ഇദ്ദേഹമായിരുന്നു ദുല്‍ഖര്‍നൈനി എന്നു പ്രസ്താവിക്കുന്നത്. ഒരു നബി വചനത്തില്‍ ‘തുബ്ബഇനെ നിങ്ങള്‍ പഴിക്കരുത്; അദ്ദേഹം മുസ്ലിമായിരുന്നു,’ എന്നു വന്നിട്ടുണ്ട്. (അ; ത്വ). ആയിശാ (رضي الله عنها) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ‘തുബ്ബഉ് ഒരു സല്‍പുരുഷനായിരുന്നു. അല്ലാഹു അദ്ദേഹത്തിന്‍റെ ജനതയെപ്പറ്റി ആക്ഷേപിച്ചു പറഞ്ഞതും, അദ്ദേഹത്തെപ്പറ്റി ആക്ഷേപിക്കാതിരുന്നതും കണ്ടുകൂടേ!’ (ഹാകിം).

44:38
  • وَمَا خَلَقْنَا ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا لَـٰعِبِينَ ﴾٣٨﴿
  • ആകാശങ്ങളെയും, ഭൂമിയെയും, രണ്ടിനുമിടയിലുള്ളവയെയും നാം കളിച്ചുകൊണ്ടു (വ്യഥാ) സൃഷ്ടിച്ചിരിക്കുകയല്ല.
  • وَمَا خَلَقْنَا നാം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിച്ചതല്ല السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതും لَاعِبِينَ കളിക്കുന്നവരായി, കളിച്ചുകൊണ്ടു
44:39
  • مَا خَلَقْنَـٰهُمَآ إِلَّا بِٱلْحَقِّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٣٩﴿
  • (ന്യായമായ) കാര്യത്തോടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, അവരില്‍ അധികമാളും അറിയുന്നില്ല.
  • مَا خَلَقْنَاهُمَا അതു രണ്ടും നാം സൃഷ്ടിച്ചിട്ടില്ല إِلَّا بِالْحَقِّ കാര്യ (ന്യായ)ത്തോടെയല്ലാതെ وَلَـٰكِنَّ أَكْثَرَهُمْ എങ്കിലും അവരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല

അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും, വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും, അതിലെ സര്‍വ്വചരാചരങ്ങളും. ഗൗരവമേറിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്. അല്ലാതെ, കേവലം ഒരു കളിവിനോദമെന്ന നിലക്കു വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാര്‍ത്ഥ്യം മിക്ക ജനങ്ങളും മനസ്സിലാക്കുന്നില്ല. മനുഷ്യന്‍ ജനിക്കുന്നു. കുറെ കഴിയുമ്പോള്‍ അവന്‍ മരണമടയുന്നു എന്നതില്‍ കവിഞ്ഞ് മറ്റൊന്നും അവര്‍ക്ക് അറിഞ്ഞു കൂടാ. അങ്ങനെ, അവരുടെ ജീവിതലക്ഷ്യമെന്താണെന്നു അവര്‍ക്കു എത്തും പിടിയുമില്ലാതിരിക്കുകയാണ്.

أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ – المؤمنون : ١١٥

(നിങ്ങളെ നാം വൃഥാ സൃഷിടിച്ചിരിക്കുക മാത്രമാണെന്നും, നിങ്ങള്‍ നമ്മുടെ അടുക്കലേക്കു മടക്കപ്പെടുന്നതല്ലെന്നും നിങ്ങള്‍ വിചാരിച്ചുവോ?! 23:115).

44:40
  • إِنَّ يَوْمَ ٱلْفَصْلِ مِيقَـٰتُهُمْ أَجْمَعِينَ ﴾٤٠﴿
  • നിശ്ചയമായും (അന്തിമ) തീരുമാനത്തിന്‍റെ ദിവസം, അവരെല്ലാവരുടെയും നിശ്ചിത [നിര്‍ണ്ണായക] സമയമാകുന്നു;-
  • إِنَّ يَوْمَ الْفَصْلِ നിശ്ചയമായും തീരുമാനത്തിന്‍റെ (അന്തിമ വിധിയുടെ) ദിവസം مِيقَاتُهُمْ അവരുടെ നിശ്ചിത സമയമാണ്, നിര്‍ണ്ണായക അവധിയാണ് أَجْمَعِينَ എല്ലാവരുടെയും.
44:41
  • يَوْمَ لَا يُغْنِى مَوْلًى عَن مَّوْلًى شَيْـًٔا وَلَا هُمْ يُنصَرُونَ ﴾٤١﴿
  • അതായതു, ഒരു ബന്ധുവും (വേറെ) ഒരു ബന്ധുവിനു ഒട്ടും ഉപകരിക്കാത്ത ദിവസം. അവര്‍, സഹായിക്കപ്പെടുന്നതുമല്ല.
  • يَوْمَ لَا يُغْنِي ഉപകാരം (പരിഹാരം) ചെയ്യാത്ത ദിവസം مَوْلًى ഒരു ബന്ധു, മിത്രം عَن مَّوْلًى ഒരു ബന്ധുവിനു, മിത്രത്തിനു شَيْئًا യാതൊന്നും, ഒട്ടും وَلَا هُمْ അവര്‍ ഇല്ലതാനും يُنصَرُونَ സഹായിക്കപ്പെടുക

44:42
  • إِلَّا مَن رَّحِمَ ٱللَّهُ ۚ إِنَّهُۥ هُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٤٢﴿
  • -അല്ലാഹു കരുണചെയ്തവരൊഴികെ. നിശ്ചയമായും, അവന്‍തന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
  • إِلَّا مَن رَّحِمَ കരുണ (കൃപ) ചെയ്തവരൊഴികെ اللَّـهُ അല്ലാഹു إِنَّهُ هُوَ നിശ്ചയമായും അവന്‍ തന്നെ الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

തീരുമാനത്തിന്റെ ദിവസമാകുന്ന ഖിയാമത്തുനാളില്‍ കുറ്റവാളികള്‍ക്കു നരകശിക്ഷയാണല്ലോ ആധാരം. നരകത്തിലെ സ്ഥിതിഗതികളാണ് തുടര്‍ന്നു വിവരിക്കുന്നത്.