സൂറത്തുദ്ദുഖാന്‍ : 01-29
ദുഖാൻ (പുക)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 59 – വിഭാഗം (റുകൂഅ്) 3
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
- وَٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
- സ്പഷ്ടമായ വേദഗ്രന്ഥം തന്നെയാണ (സത്യം)!
- وَالْكِتَابِ ഗ്രന്ഥംതന്നെ الْمُبِينِ സ്പഷ്ടമായ
- إِنَّآ أَنزَلْنَـٰهُ فِى لَيْلَةٍ مُّبَـٰرَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴾٣﴿
- നിശ്ചയമായും, നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. (കാരണം:) നാം മുന്നറിയിപ്പു നല്‍കുന്നവരാകുന്നു.
- إِنَّا أَنزَلْنَاهُ നിശ്ചയമായും നാം അതു അവതരിപ്പിച്ചു فِي لَيْلَةٍ ഒരു രാത്രിയില്‍ مُّبَارَكَةٍ അനുഗ്രഹീതമായ, ആശീര്‍വദിക്കപ്പെട്ട إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُنذِرِينَ മുന്നറിയിപ്പു നല്‍കുന്നവര്‍
- فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴾٤﴿
- യുക്തിമത്തായ എല്ലാ കാര്യവും അതില്‍ [ആ രാത്രിയില്‍] വേര്‍തിരി(ച്ചു വിവരി)ക്കപ്പെടുന്നു;
- فِيهَا അതില്‍ يُفْرَقُ വേര്‍തിരിക്കപ്പെടുന്നു, വിവേചിക്കപ്പെടും كُلُّ أَمْرٍ എല്ലാ കാര്യവും حَكِيمٍ യുക്തിമത്തായ, തത്വപൂര്‍ണ്ണമായ, ബലവത്തായ
- أَمْرًا مِّنْ عِندِنَآ ۚ إِنَّا كُنَّا مُرْسِلِينَ ﴾٥﴿
- -നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്. (കാരണം:) നാം ദൗത്യം നല്‍കുന്ന [റസൂലുകളെ അയക്കുന്ന]വരാകുന്നു;
- أَمْرًا കല്‍പനയായിട്ടു, കാര്യമെന്നനിലക്കു مِّنْ عِندِنَا നമ്മുടെ പക്കലുള്ള إِنَّا كُنَّا നിശ്ചയമായും നാം ആകുന്നു مُرْسِلِينَ അയക്കുന്നവര്‍, ദൗത്യം നല്‍കുന്നവര്‍
- رَحْمَةً مِّن رَّبِّكَ ۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦﴿
- നിന്റെ രക്ഷിതാവിങ്കല്‍നിന്നുള്ള കാരുണ്യമായിക്കൊണ്ട്. നിശ്ചയമായും, അവന്‍ തന്നെയാണ് (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനും.
- رَحْمَةً കാരുണ്യമായിട്ടു مِّن رَّبِّكَ നിന്റെ റബ്ബിങ്കല്‍നിന്നുള്ള إِنَّهُ هُوَ അവന്‍തന്നെയാണ് السَّمِيعُ കേള്‍ക്കുന്നവന്‍ الْعَلِيمُ അറിയുന്നവന്‍
- رَبِّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴾٧﴿
- അതായതു, ആകാശങ്ങളുടെയും, ഭൂമിയുടെയും, അവ രണ്ടിനുമിടയിലുള്ളതിന്റെയും രക്ഷിതാവിന്റെ (കാരുണ്യം); - നിങ്ങള്‍ ദൃഢവിശ്വാസികളാണെങ്കില്‍.
- رَبِّ السَّمَاوَاتِ അതായതു ആകാശങ്ങളുടെ റബ്ബിന്റെ وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ദൃഢ (ഉറച്ച) വിശ്വാസികള്‍
- لَآ إِلَـٰهَ إِلَّا هُوَ يُحْىِۦ وَيُمِيتُ ۖ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ﴾٨﴿
- അവനല്ലാതെ ആരാധ്യനേയില്ല; അവന്‍ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമാകുന്നു (അവന്‍).
- لَا إِلَـٰهَ ഒരു ആരാധ്യനുമില്ല إِلَّا هُوَ അവനല്ലാതെ يُحْيِي അവന്‍ ജീവിപ്പിക്കുന്നു وَيُمِيتُ മരിപ്പിക്കുകയും ചെയ്യുന്നു رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَرَبُّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ് الْأَوَّلِينَ പൂര്‍വ്വികന്‍മാരായ
വാചകഘടനയില്‍ പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്ന ഈ വചനങ്ങളില്‍ പല വിഷയങ്ങളും അല്ലാഹു ഉണര്‍ത്തുന്നു. വക്രതയും കെട്ടിപ്പിണവും കൂടാതെ വിഷയങ്ങള്‍ സ്പഷ്ടമായി വിവരിക്കുന്ന വിശുദ്ധ ഖുര്‍ആന്റെ പേരില്‍ സത്യം ചെയ്തുകൊണ്ട് ആ ഗ്രന്ഥം ഒരു അനുഗ്രഹീതരാത്രിയിലാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും, ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ടുന്നതും, അവര്‍ക്കു നേരിടുവാനിരിക്കുന്നതുമായ കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയാണ് അതിന്റെ അവതരണോദ്ദേശ്യമെന്നും 2ഉം 3ഉം വചനങ്ങളില്‍ പ്രസ്താവിക്കുന്നു.
‘അനുഗ്രഹീതമായ ഒരു രാത്രി’ (لَيْلَة مُّبَارَكَة) കൊണ്ടു വിവക്ഷ ‘റമസാന്‍ മാസത്തില്‍ ലൈലത്തുല്‍ – ഖദ്ര്‍’ (لَيْلَةُ الْقَدْرِ) എന്ന പേരില്‍ അറിയപ്പെടുന്ന ദിവസമത്രെ. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതു റമസാന്‍ മാസത്തില്‍ ആണെന്ന് (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ) സൂറത്തുല്‍ ബഖറഃയിലും, അതിനെ ലൈലത്തുല്‍ ഖദ്റില്‍ അവതരിപ്പിച്ചിരിക്കുന്നു എന്ന് (إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ) സൂറത്തുല്‍ ഖദ്റിലും പ്രസ്താവിച്ചിരിക്കുന്നു. ശഅ്ബാന്‍ മാസത്തിലെ പതിനഞ്ചാം രാത്രിയാണ് ഉദ്ദേശ്യമെന്നു ചിലര്‍ പറയാറുള്ളതു ശരിയല്ലെന്നു പ്രധാനപ്പെട്ട മുഫസ്സിറുകളെല്ലാം ചൂണ്ടിക്കാട്ടുന്നതു ഇതുകൊണ്ടാകുന്നു.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു പ്രവാചകത്വം ലഭിച്ചതുമുതല്‍ 23 കൊല്ലക്കാലം കൊണ്ടായിരുന്നു ഖുര്‍ആന്റെ അവതാരണം പൂര്‍ത്തിയായതെന്ന വസ്തുത പ്രസിദ്ധമാണ്. രാവും പകലും, നാട്ടിലും യാത്രയിലും, ഗ്രീഷ്മത്തിലും വസന്തത്തിലുമെന്നീ വ്യത്യാസമൊന്നുംകൂടാതെ, സന്ദര്‍ഭത്തിനും ആവശ്യത്തിനും അനുസരിച്ചായിരുന്നു അത്. എന്നിരിക്കെ, ഒരു രാത്രിയില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നു പറഞ്ഞതിന്റെ താല്‍പര്യം എന്താണ്? ഈ വിഷയത്തില്‍ രണ്ടു അഭിപ്രായങ്ങളാണ് പ്രസക്തമായിട്ടുള്ളത്.
1). അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന മൂലഗ്രന്ഥത്തി (أُمِّ الْكِتَاب) ല്‍ നിന്ന് – അഥവാ ‘ലൗഹുല്‍ മഹ്ഫൂള്വി’ (اللوح المحفوظ) ല്‍ നിന്ന് – ഖുര്‍ആന്റെ മുഴുവന്‍ ഭാഗവും അടുത്ത ആകാശലോകത്തേക്കു ആ രാത്രിയില്‍ അവതരിപ്പിച്ചു; പിന്നീടു ആവശ്യാനുസരണം കുറേശ്ശെയായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്ക് അവിടെനിന്നു അവതരിപ്പിച്ചുകൊണ്ടിരുന്നു. ഇബ്നു അബ്ബാസ് (رضي الله عنهما) മുതലായവരുടെ വ്യാഖ്യാനമാണിത്. മുഫസ്സിറുകളില്‍ അധികമാളുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്നത്. ഇബ്നു അബ്ബാസ് (رضي الله عنهما) ല്‍ നിന്നു ഹാകിം, ബൈഹഖി, നസാഈ, ത്വബ്റാനീ (رَحِمَهُمُ الله) മുതലായ പല മഹാന്‍മാരും ഇതു നിവേദനം ചെയ്തിട്ടുണ്ട്. (كما في الاتقان) ഇതാണ് ശരിയും സ്വീകാര്യവുമായ അഭിപ്രായമെന്നു ഇമാം അസ്ഖലാനീ (رحمه الله) പ്രത്യേകം എടുത്തു പറയുകയും ചെയ്തിരിക്കുന്നു.
2). ഖുര്‍ആന്‍റെ അവതാരണം ആരംഭിച്ചതു പ്രസ്തുത രാത്രിയിലാകുന്നുവെന്നാണ് ഇമാം ശുഅ്ബീ (رحمه الله) മുതലായവരുടെ വ്യാഖ്യാനം. പല മുഫസ്സിറുകളും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ രണ്ടു അഭിപ്രായങ്ങളും തമ്മില്‍ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോധമില്ലതാനും. الله أعلم
പക്ഷേ, ഹിറാഗുഹയില്‍വെച്ച് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു ഒന്നാമതായി ഖുര്‍ആന്‍ അവതരിച്ചതു ഏതു ദിവസത്തിലായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാന്‍ മതിയായ തെളിവുകളില്ല. റമസാന്‍ പതിനേഴായിരുന്നുവെന്നാണ് സൂക്ഷ്മാന്വേഷികളായ ചില പണ്ഡിതന്‍മാര്‍ പറയുന്നത്. അതല്ല, റമസാന്റെ ഒടുവിലത്തെ പത്തില്‍ ഒരു രാത്രിയായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം. ഇതിനെപ്പറ്റി സൂറത്തുല്‍ ഖദ്റില്‍ വെച്ചു കുറെകൂടി വിവരം പ്രതീക്ഷിക്കാവുന്നതാണ്. إِن شَاءَ اللَّـهُ. ഏതായാലും, ആ രാത്രിയെപ്പറ്റി ‘അനുഗ്രഹീതമായതു -അഥവാ ആശീര്‍വ്വദിക്കപ്പെട്ടതു’ (مُّبَارَكَة) എന്നു വിശേഷിപ്പിച്ചതില്‍ അടങ്ങിയ തത്വം ശ്രദ്ധേയമാകുന്നു. യുക്തിമത്തായ എല്ലാ കാര്യങ്ങളും ആ രാത്രിയില്‍ വേര്‍തിരിച്ച് വിവേചനം ചെയ്യപ്പെടുന്നു. (فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ) ഇതാണത്.
كُلُّ أَمْرٍ حَكِيمٍ എന്ന വാക്കിന് ‘യുക്തമായ എല്ലാ കാര്യങ്ങളും’ എന്നും ‘ബലവത്തായ എല്ലാ കാര്യങ്ങളും’ എന്നും ഉദ്ദേശ്യാര്‍ത്ഥങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. ‘നമ്മുടെ പക്കല്‍നിന്നുള്ള കല്‍പനയായിക്കൊണ്ട്’ (أَمْرًا مِّنْ عِندِنَا) എന്നു പറഞ്ഞിരിക്കകൊണ്ട് രണ്ടാമത്തെ അര്‍ത്ഥത്തിനാണ് കൂടുതല്‍ ന്യായം കാണുന്നത്. അല്ലാഹുവിന്റെ പക്കല്‍നിന്നുള്ളതാകയാല്‍ മാറ്റത്തിരുത്തങ്ങള്‍ക്കോ, ഏതെങ്കിലും ന്യൂനതകള്‍ക്കോ ഇടമില്ലാത്തവിധം സുശക്തവും ബലവത്തുമായ കാര്യങ്ങള്‍ ആ രാത്രിയില്‍ പ്രത്യേകം പ്രത്യേകം വിവരിക്കപ്പെടുമെന്നു ഈ വാക്കു സൂചിപ്പിക്കുന്നു. എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ ‘ലൗഹുല്‍ മഹ്ഫൂള്വി’ല്‍ നിന്നു അതതു കൊല്ലങ്ങളില്‍ ലോകത്തു നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങള്‍ മലക്കുകള്‍ക്കു ആ രാത്രിയില്‍ വിവരിച്ചുകൊടുക്കുമെന്നാണ് 4-ാം വചനത്തിന്റെ വ്യാഖ്യാനമായി പ്രധാന മുഫസ്സിറുകള്‍ പൊതുവില്‍ അംഗീകരിച്ചിട്ടുള്ളത്. ഇബ്നു ഉമര്‍ (رضي الله عنهما), മുജാഹിദ് (رحمه الله), അബൂമാലിക് (رحمه الله), ള്വഹ്-ഹാക് (رحمه الله) തുടങ്ങിയവര്‍ പ്രസ്താവിക്കുന്നതും അതു തന്നെയാകുന്നു. ‘ലൈലത്തുല്‍ ഖദ്ര്‍’ കൊല്ലംതോറും ആവര്‍ത്തിക്കപ്പെടുന്ന ഒരു വിശേഷരാത്രിയാണെന്ന അടിസ്ഥാനത്തിലാണ് ഈ വ്യാഖ്യാനം എന്നു സ്പഷ്ടമാണ്. ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയ ആ ഒരേ ഒരു രാത്രിക്കാണ് ‘ലൈലത്തുല്‍ ഖദ്ര്‍’ എന്നു പറയുന്നതെന്നത്രെ മറ്റു ചിലരുടെ അഭിപ്രായം. ഖുര്‍ആന്റെ അവതാരണംമുഖേന, സത്യാസത്യ വിവേചനവും, ലോകര്‍ക്കു വേണ്ടുന്ന മാര്‍ഗ്ഗദര്‍ശനവും നല്‍കുവാന്‍ ആരംഭിച്ചതിനെയാണ് ഈ വചനം ചൂണ്ടിക്കാട്ടുന്നതു എന്നുമാണ് ഈ അഭിപ്രായക്കാര്‍ പറയുന്നത്.
ലൈലത്തുല്‍ ഖദ്റില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചുവെന്നു പറഞ്ഞതു ഖുര്‍ആന്‍ അവതരിപ്പിക്കുവാന്‍ തുടങ്ങിയതിനെ ഉദ്ദേശിച്ചാണെന്നുവെച്ചാല്‍പോലും
ലോകരുടെ എല്ലാ സ്ഥിതിഗതികളും, ആവശ്യങ്ങളും കണ്ടറിയുന്നവനാണ് അല്ലാഹു. അവന്റെ കാരുണ്യം നിമിത്തമാണ് അവന്‍ ഖുര്‍ആന്‍ മുതലായ വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചും, പ്രവാചകന്‍മാരെ അയച്ചും ജനങ്ങള്‍ക്കു സന്ദേശങ്ങള്‍ എത്തിക്കുന്നത്. അവനാണ് സര്‍വ്വലോകനിയന്താവും, ആരാധനക്കര്‍ഹനും എന്നൊക്കെയാണ് തുടര്‍ന്നുള്ള വചനങ്ങളില്‍ പ്രസ്താവിച്ചതിന്റെ ചുരുക്കം.
- بَلْ هُمْ فِى شَكٍّ يَلْعَبُونَ ﴾٩﴿
- എങ്കിലും, അവര്‍ [അവിശ്വാസികള്‍] സംശയത്തില്‍ (പെട്ട്) കളിച്ചു കൊണ്ടിരിക്കുകയാണ്.
- بَلْ هُمْ എങ്കിലും (പക്ഷേ) അവര്‍ فِي شَكٍّ സംശയത്തില്‍ يَلْعَبُونَ കളിക്കുകയാണ്, വിളയാടുന്നു
- فَٱرْتَقِبْ يَوْمَ تَأْتِى ٱلسَّمَآءُ بِدُخَانٍ مُّبِينٍ ﴾١٠﴿
- അതിനാല്‍, ആകാശം സ്പഷ്ടമായ ഒരു (തരം) പുകയും കൊണ്ടുവരുന്ന ദിവസം നീ പ്രതീക്ഷിക്കുക ; -
- فَارْتَقِبْ അതിനാല്‍ നീ പ്രതീക്ഷിക്കുക يَوْمَ تَأْتِي വരുന്ന ദിവസം السَّمَاءُ ആകാശം بِدُخَانٍ ഒരു പുകയുംകൊണ്ടു مُّبِينٍ സ്പഷ്ടമായ, വ്യക്തമായ
- يَغْشَى ٱلنَّاسَ ۖ هَـٰذَا عَذَابٌ أَلِيمٌ ﴾١١﴿
- അതു മനുഷ്യരെ മൂടുന്നതാണ്. ഇതു വേദനയേറിയ ഒരു ശിക്ഷയായിരിക്കും.
- يَغْشَى النَّاسَ അതു മനുഷ്യരെ മൂടും هَـٰذَا ഇതു عَذَابٌ أَلِيمٌ വേദനയേറിയ ഒരു ശിക്ഷയാണ്
- رَّبَّنَا ٱكْشِفْ عَنَّا ٱلْعَذَابَ إِنَّا مُؤْمِنُونَ ﴾١٢﴿
- (അവര്‍ പറയും:) 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്നു ശിക്ഷ ഒഴിവാക്കിത്തരേണമേ! നിശ്ചയമായും, ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്'.
- رَّبَّنَا ഞങ്ങളുടെ റബ്ബേ اكْشِفْ عَنَّا ഞങ്ങളില്‍നിന്നു ഒഴിവാക്കി (തുറവിയാക്കി)ത്തരണേ الْعَذَابَ ശിക്ഷയെ إِنَّا مُؤْمِنُونَ നിശ്ചയമായും ഞങ്ങള്‍ വിശ്വസിക്കുന്നവരാണ്
- أَنَّىٰ لَهُمُ ٱلذِّكْرَىٰ وَقَدْ جَآءَهُمْ رَسُولٌ مُّبِينٌ ﴾١٣﴿
- എവിടെനിന്നാണ് അവര്‍ക്ക് ഉപദേശം (ഫലപ്രദമാകുന്നതു)? അവരുടെ അടുക്കല്‍ സ്പഷ്ടമായ ഒരു റസൂല്‍ [ദൈവദൂതന്‍] ചെന്നിട്ടുണ്ടല്ലോ! -
- أَنَّىٰ എങ്ങിനെ (എവിടെ നിന്നു) لَهُمُ അവര്‍ക്കു الذِّكْرَىٰ ഓര്‍മ്മ, ബോധം, ഉപദേശം وَقَدْ جَاءَهُمْ അവര്‍ക്കു വന്നിട്ടുണ്ട് رَسُولٌ مُّبِينٌ സ്പഷ്ടമായ ഒരു റസൂല്‍
- ثُمَّ تَوَلَّوْا۟ عَنْهُ وَقَالُوا۟ مُعَلَّمٌ مَّجْنُونٌ ﴾١٤﴿
- എന്നിട്ട് അവര്‍ അദ്ദേഹത്തില്‍നിന്ന് പിന്‍മാറിക്കളയുകയാണ് ചെയ്തത്. അവര്‍ പറയുകയും ചെയ്തു: 'അഭ്യസിക്കപ്പെട്ടവന്‍, ഭ്രാന്തന്‍' (എന്നൊക്കെ)!
- ثُمَّ تَوَلَّوْا عَنْهُ എന്നിട്ടു അദ്ദേഹത്തില്‍നിന്നു അവര്‍ പിന്‍മാറി (തിരിഞ്ഞുപോയി) وَقَالُوا അവര്‍ പറയുകയും ചെയ്തു مُعَلَّمٌ അഭ്യസിപ്പിക്കപ്പെട്ട (പഠിപ്പിക്കപ്പെട്ട) ഒരുവന്‍ مَّجْنُونٌ ഭ്രാന്തന്‍
- إِنَّا كَاشِفُوا۟ ٱلْعَذَابِ قَلِيلًا ۚ إِنَّكُمْ عَآئِدُونَ ﴾١٥﴿
- നാം ശിക്ഷ അല്‍പമൊന്ന്‍ ഒഴിവാക്കിക്കൊടുക്കുന്നതാണ്. (അവിശ്വാസികളേ) നിശ്ചയമായും നിങ്ങള്‍ (വീണ്ടും) മടങ്ങുന്നവരാകുന്നു.
- إِنَّا كَاشِفُو നാം ഒഴിവാക്കുന്ന (തുറവിയാക്കുന്ന)വരാണ് الْعَذَابِ ശിക്ഷയെ قَلِيلًا അല്‍പം, കുറച്ചു إِنَّكُمْ നിശ്ചയമായും നിങ്ങള്‍ عَائِدُونَ മടങ്ങുന്നവരാണ്, ആവര്‍ത്തിക്കുന്നവരാണ്
- يَوْمَ نَبْطِشُ ٱلْبَطْشَةَ ٱلْكُبْرَىٰٓ إِنَّا مُنتَقِمُونَ ﴾١٦﴿
- ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം! നിശ്ചയമായും (അന്ന്) നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരായിരിക്കും.
- يَوْمَ نَبْطِشُ നാം പിടിക്കുന്ന ദിവസം الْبَطْشَةَ الْكُبْرَىٰ ഏറ്റവും വലിയ പിടുത്തം إِنَّا مُنتَقِمُونَ നിശ്ചയമായും നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരാണ്
ആകാശം പുക കൊണ്ടുവരുന്ന ദിവസം (يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُّبِينٍ) എന്നു പറഞ്ഞതു കഴിഞ്ഞുപോയ ഒരു സംഭവത്തെ ഉദ്ദേശിച്ചാണോ, ഖിയാമത്തുനാളിന്റെ അടയാളങ്ങളില്‍ ഒന്നായി വരുവാനിരിക്കുന്ന ഒരു സംഭവത്തെ ഉദ്ദേശിച്ചാണോ, എന്നു വ്യാഖ്യാതാക്കള്‍ക്കിടയില്‍ രണ്ടു പക്ഷമുണ്ട്. ഇബ്നു മസ്ഊദ് (رضي الله عنه) ന്റെയും മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയും അഭിപ്രായം ഒന്നാമത്തേതാകുന്നു. രണ്ടാമത്തേതു ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെയും മറ്റു ചിലരുടെയും അഭിപ്രായവുമാണ്. ഇമാം ബുഖാരിയും മുസ്‌ലിമും (رحمهما الله) ഉദ്ധരിച്ച ഒരു ഹദീസിന്റെ സാരം ഇപ്രകാരമാകുന്നു: ‘ഖിയാമത്തുനാളിനടുത്തു സംഭവിക്കാനിരിക്കുന്ന ഒരു പുകയാണ് ഇതു എന്നു കൂഫായില്‍വെച്ച് ഒരാള്‍ പ്രസ്താവിക്കുകയുണ്ടായി. അതിനെപ്പറ്റി മസ്റൂഖ് (مَسْرُوق رضي الله عنه) ഇബ്നു മസ്ഊദ് (رضي الله عنه) നോടു ചോദിച്ചു. നിശ്ചയമില്ലാത്തതിനെക്കുറിച്ചു അല്ലാഹുവിനറിയാം എന്നു പറഞ്ഞാല്‍ പോരേ എന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചു കൊണ്ട് ഇബ്നു മസ്ഊദു (رضي الله عنه) ഇങ്ങിനെ പ്രസ്താവിച്ചു:-
‘ഖുറൈശികളുടെ ധിക്കാരം മുഴുത്തപ്പോള്‍, മുമ്പ് യൂസുഫ് (عليه الصلاة والسلام) നബിയുടെ കാലത്തുണ്ടായതു പോലെയുള്ള ഒരു ക്ഷാമം വഴി അവരെ പാകപ്പെടുത്തണമെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. അങ്ങിനെ, ക്ഷാമം പിടിപെടുകയും, അവര്‍ എല്ലും ശവവും ഭക്ഷിക്കേണ്ടിവരികയും ചെയ്തു. പട്ടിണിയുടെ കാഠിന്യം നിമിത്തം മേല്‍പ്പോട്ടു നോക്കിയാല്‍ ആകമാനം പുകമൂടിയതായി അവര്‍ക്കു തോന്നിയിരുന്നു. ഈ ശിക്ഷയില്‍ നിന്നു തങ്ങളെ ഒഴിവാക്കിത്തരുവാന്‍ പ്രാര്‍ത്ഥിക്കണമെന്നും, തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്നും അവര്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു അപേക്ഷിച്ചു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രാര്‍ത്ഥിക്കുകയും മഴ വര്‍ഷിച്ച് സുഖം കൈവരുകയും ഉണ്ടായി. ഈ അവസരത്തിലായിരുന്നു إِنَّا كَاشِفُو الْعَذَابِ قَلِيلًا ۚ إِنَّكُمْ عَائِدُونَ (നാം ശിക്ഷ അല്‍പമൊന്നു ഒഴിവാക്കുന്നതാണ്. നിശ്ചയമായും നിങ്ങള്‍ വീണ്ടും മടങ്ങുന്നവരാണ്.) എന്ന് അല്ലാഹു അവതരിപ്പിച്ചത്. സൗഖ്യം ലഭിച്ചപ്പോള്‍ അവര്‍ പഴയപടിതന്നെ ആയിത്തീരുകയും ചെയ്തു. അപ്പോള്‍ يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَىٰ إِنَّا مُنتَقِمُونَ (നാം ഏറ്റവും വലിയ പിടുത്തം പിടിക്കുന്ന ദിവസം! നാം പ്രതികാരശിക്ഷ നടത്തുന്നവരാണ്.) എന്ന വചനം അവതരിച്ചു. അങ്ങിനെ, ബദ്ര്‍ യുദ്ധത്തില്‍വെച്ചു അല്ലാഹു അവരില്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തു. (ബു; മു).
കഴിഞ്ഞുപോയ രണ്ടു സംഭവങ്ങളാണ് ‘പുക’ (الدخان) യും ‘ഏറ്റവും വലിയ പിടുത്ത’ (الْبَطْشَةَ الْكُبْرَىٰ) വും, എന്നു ഈ ഹദീസില്‍ നിന്നു വ്യക്തമാകുന്നു. ഈ ശിക്ഷക്കുള്ള കാരണമാണ് 9-ാം വചനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ശിക്ഷയെക്കുറിച്ചുള്ള താക്കീതും, അതിന്റെ സ്വഭാവവുമാണ് 10ഉം 11ഉം വചനങ്ങളില്‍ കാണുന്നത്. 12-ാം വചനത്തില്‍ ശിക്ഷയില്‍നിന്നു മോചനം നല്‍കുവാനുള്ള അവരുടെ അപേക്ഷയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ ദൗത്യവും, ഉപദേശങ്ങളും സ്വീകരിക്കാത്തതിരിക്കട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ പറ്റി അവര്‍ പല അസംബന്ധങ്ങളും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ‘ഇവനെ ആരൊക്കെയോ എന്തൊക്കെയോ പഠിപ്പിച്ചുവിട്ടതാണ്’ എന്നും, ‘ഇവനൊരു ഭ്രാന്തനാണ്’ എന്നുമൊക്കെപ്പറഞ്ഞു പരിഹസിച്ചുകൊണ്ടിരിക്കുകയാണവര്‍
ഖിയാമത്തുനാളിന്റെ അടയാളങ്ങളായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിച്ച കൂട്ടത്തില്‍ ഒന്ന് ‘പുക’ (الدخان) യാണെന്നു ഹുദൈഫഃ (رضي الله عنه) യും അബൂഹുറൈറ (رضي الله عنه) യും പറഞ്ഞതായി മുസ്‌ലിം (رحمه الله) നിവേദനം ചെയ്തിട്ടുണ്ട്. ഈ പുകയാണ് ഇവിടെയും ഉദ്ദേശ്യമെന്നും, വമ്പിച്ച പിടുത്തം കൊണ്ടുദ്ദേശ്യം ഖിയാമത്തുനാളിലെ പിടുത്തമാണെന്നുമാണ് ഇബ്നു അബ്ബാസ് (رضي الله عنهما) മുതലായ ചിലരുടെ അഭിപ്രായം. ഇബ്നുഅബ്ബാസ് (رضي الله عنهما) പ്രസ്താവിച്ചതായി ഇബ്നുജരീര്‍ (رحمه الله) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ‘ഏറ്റവും വലിയ പിടുത്തം’ എന്നു പറഞ്ഞതു ബദര്‍ യുദ്ധമാണെന്നു ഇബ്നുമസ്ഊദു (رضي الله عنه) പറയുന്നു. എന്റെ അഭിപ്രായം അതു ഖിയാമത്തുനാളാണെന്നാകുന്നു.’ ഇബ്നു കഥീര്‍ (رحمه الله) ചൂണ്ടിക്കാട്ടിയതുപോലെ, ഇബ്നു മസ്ഊദ് (رضي الله عنه) ന്റെ വ്യാഖ്യാനം അനുസരിച്ച് ഒരു പുക യഥാര്‍ത്ഥത്തില്‍ ഉണ്ടായിട്ടില്ലെന്നും, പട്ടിണിയുടെ കാഠിന്യം നിമിത്തം മേല്പോട്ടു നോക്കിയാല്‍ പുക മൂടിയ പ്രതീതി ഖുറൈശികള്‍ക്കു തോന്നുക മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും വ്യക്തമാണ്. ഖുര്‍ആനിലാകട്ടെ, ആകാശം പുകകൊണ്ടുവരുമെന്നും, അതു സ്പഷ്ടമായ പുകയായിരിക്കുമെന്നും, ആ പുക മനുഷ്യരെ മൂടുമെന്നും, ഇതു വേദനയേറിയ ഒരു ശിക്ഷയാണെന്നും വ്യക്തമായി പ്രസ്താവിച്ചിരിക്കയാണ്. ഇതു കണക്കിലെടുക്കുമ്പോള്‍ ഇബ്നു അബ്ബാസ് (رضي الله عنهما) ന്റെ അഭിപ്രായത്തിനാണ് കൂടുതല്‍ പ്രസക്തി കാണുന്നത്. എനി, ഈ ആയത്തില്‍ പ്രസ്താവിച്ച പുക ഇബ്നു മസ്ഊദ് (رضي الله عنه) പ്രസ്താവിച്ച അതേ പുക തന്നെയാണെന്നുവെച്ചാലും, ഖിയാമത്തുനാളില്‍ മറ്റൊരു പുക – നബിവചനത്തില്‍ പ്രസ്താവിക്കപ്പെട്ട പുക – വേറെയും ഉണ്ടാകുന്നതിനു വിരോധമില്ല. എല്ലാറ്റിലും വെച്ചു ഏറ്റവും വമ്പിച്ച പിടുത്തത്തിന്റെ ദിവസം അതാണല്ലോ. ഖിയാമത്തുനാളില്‍ ശിക്ഷയില്‍ നിന്നു ഒഴിവാക്കിക്കൊടുത്താല്‍ ഞങ്ങള്‍ മേലില്‍ വിശ്വസിച്ചു കൊള്ളാമെന്നു അവിശ്വാസികള്‍ അപേക്ഷിക്കുമെന്നും, ഐഹിക ജീവിതത്തിലേക്കു രണ്ടാമതു മടക്കിയാലും അവര്‍ പഴയ നിലതന്നെ ആവര്‍ത്തിക്കുമെന്നും ഖുര്‍ആന്‍ പലപ്പോഴും പ്രസ്താവിക്കാറുള്ളതുമാകുന്നു. الله أعلم
- وَلَقَدْ فَتَنَّا قَبْلَهُمْ قَوْمَ فِرْعَوْنَ وَجَآءَهُمْ رَسُولٌ كَرِيمٌ ﴾١٧﴿
- തീര്‍ച്ചയായും, ഇവരുടെ മുമ്പ് ഫിര്‍ഔന്റെ ജനതയെ നാം പരീക്ഷണം ചെയ്കയുണ്ടായി. മാന്യനായ ഒരു റസൂല്‍ അവരുടെ അടുക്കല്‍ ചെല്ലുകയും ചെയ്തു.
- وَلَقَدْ فَتَنَّا തീര്‍ച്ചയായും നാം പരീക്ഷിക്കയുണ്ടായി قَبْلَهُمْ ഇവരുടെ മുമ്പ് قَوْمَ فِرْعَوْنَ ഫിര്‍ഔന്റെ ജനതയെ وَجَاءَهُمْ അവര്‍ക്കു ചെല്ലുക (വരുക)യും ചെയ്തു رَسُولٌ كَرِيمٌ മാന്യനായ ഒരു ദൂതന്‍
- أَنْ أَدُّوٓا۟ إِلَىَّ عِبَادَ ٱللَّهِ ۖ إِنِّى لَكُمْ رَسُولٌ أَمِينٌ ﴾١٨﴿
- (ദൗത്യം ഇവയാണ്:) 'അല്ലാഹുവിന്റെ അടിയാന്മാരെ എനിക്കു വിട്ടുതന്നേക്കുവിന്‍; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തനായ ഒരു റസൂലാകുന്നു' എന്നും; -
- أَنْ أَدُّوا നിങ്ങള്‍ വിട്ടുതരിന്‍ (ചേര്‍ത്തുതരിന്‍) إِلَيَّ എനിക്കു, എന്നിലേക്കു عِبَادَ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാരെ إِنِّي لَكُمْ നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു رَسُولٌ أَمِينٌ വിശ്വസ്തനായ ഒരു റസൂലാണ്
- وَأَن لَّا تَعْلُوا۟ عَلَى ٱللَّهِ ۖ إِنِّىٓ ءَاتِيكُم بِسُلْطَـٰنٍ مُّبِينٍ ﴾١٩﴿
- 'നിങ്ങള്‍ അല്ലാഹുവിനെതിരില്‍ ഔന്നത്യം [പൊങ്ങച്ചം] കാണിക്കരുതു്; നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു സ്പഷ്ടമായ (അധികൃതലക്ഷ്യം) കൊണ്ടുവന്നു തരാം' എന്നും.
- وَأَن لَّا تَعْلُوا നിങ്ങള്‍ ഔന്നത്യം (പൊങ്ങച്ചം) കാട്ടരുതെന്നും عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ إِنِّي آتِيكُم നിശ്ചയമായും ഞാന്‍ നിങ്ങള്‍ക്കു വരാം, തരാം بِسُلْطَانٍ مُّبِين പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ടു
- وَإِنِّى عُذْتُ بِرَبِّى وَرَبِّكُمْ أَن تَرْجُمُونِ ﴾٢٠﴿
- 'നിങ്ങള്‍ എന്നെ എറിഞ്ഞാട്ടുന്നതിനെപ്പറ്റി എന്റെയും നിങ്ങളുടെയും രക്ഷിതാവായുള്ളവനില്‍ ഞാന്‍ ശരണം പ്രാപിക്കുന്നു.'
- وَإِنِّي عُذْتُ ഞാന്‍ ശരണം (രക്ഷ) പ്രാപിക്കുന്നു بِرَبِّي എന്റെ റബ്ബില്‍ وَرَبِّكُمْ നിങ്ങളുടെയും റബ്ബ് أَن تَرْجُمُونِ നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞു കൊല്ലുന്ന)തിനെപ്പറ്റി
- وَإِن لَّمْ تُؤْمِنُوا۟ لِى فَٱعْتَزِلُونِ ﴾٢١﴿
- 'നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കില്‍, എന്നെ നിങ്ങള്‍ വിട്ടകന്നുപോയിക്കൊള്ളുവിന്‍'.
- وَإِن لَّمْ تُؤْمِنُوا നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ لِي എന്നെ (ഞാന്‍ പറയുന്നതു) فَاعْتَزِلُونِ നിങ്ങളെന്നെ വിട്ടു (അകന്നു) പോകുക
ഇസ്റാഈല്യരെ മര്‍ദ്ദിക്കുന്നതു നിറുത്തല്‍ ചെയ്യുകയും അവരെ തന്നോടൊപ്പം (ഫലസ്തീനിലേക്കു) വിട്ടയക്കുകയും വേണമെന്നു മൂസാനബി (عليه الصلاة والسلام) ആവശ്യപ്പെട്ടിരുന്നു. (ത്വാഹാ: 47) ‘അല്ലാഹുവിന്റെ അടിയാന്‍മാരെ വിട്ടുതരണം’ എന്നു പറഞ്ഞതിന്റെ താല്‍പര്യവും അതു തന്നെയാകുന്നു. ‘എറിഞ്ഞാട്ടുക’ എന്നര്‍ത്ഥം കല്‍പ്പിച്ച تَرْجُمُونِ എന്ന പദത്തിനു ‘എറിഞ്ഞുകൊല്ലുക, ബഹിഷ്കരിക്കുക, മര്‍ദ്ദിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളും വരാവുന്നതാണ്. ഞാന്‍ പറയുന്നതു നിങ്ങള്‍ക്കു വിശ്വാസമില്ലെങ്കില്‍ നിങ്ങളെന്നെ സ്വൈര്യം കെടുത്താതിരിക്കുകയെങ്കിലും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ഫിര്‍ഔനും ജനതയും അദ്ദേഹത്തിന്റെ വാക്കുകള്‍ ഒന്നും ചെവിക്കൊണ്ടില്ല; അവര്‍ ധിക്കാരം തുടരുകതന്നെ ചെയ്തു.
- فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوْمٌ مُّجْرِمُونَ ﴾٢٢﴿
- അങ്ങനെ, അദ്ദേഹം തന്റെ റബ്ബിനെ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു: 'ഇക്കൂട്ടര്‍ കുറ്റവാളികളായ ഒരു ജനതയാണ്!' [വേണ്ടുന്ന നടപടി എടുക്കണേ!] എന്ന്.
- فَدَعَا അപ്പോഴദ്ദേഹം വിളിച്ചു, പ്രാര്‍ത്ഥിച്ചു رَبَّهُ തന്റെ റബ്ബിനെ أَنَّ هَـٰؤُلَاءِ ഇക്കൂട്ടരാണെന്നു قَوْمٌ مُّجْرِمُونَ കുറ്റവാളികളായ ഒരു ജനത
- فَأَسْرِ بِعِبَادِى لَيْلًا إِنَّكُم مُّتَّبَعُونَ ﴾٢٣﴿
- (റബ്ബ് മറുപടി നല്‍കി:) 'എന്നാല്‍ നീ എന്റെ അടിയാന്‍മാരെയുംകൊണ്ട് ഒരു രാത്രിയില്‍ രാപ്രയാണം ചെയ്യുക;
നിശ്ചയമായും, നിങ്ങള്‍ പിന്‍തുടരപ്പെടുന്നവരായിരിക്കും.' - فَأَسْرِ എന്നാല്‍ നീ രാവുയാത്ര ചെയ്യുക بِعِبَادِي എന്റെ അടിയാന്‍മാരെയും കൊണ്ടു لَيْلًا രാത്രിയില്‍ إِنَّكُم നിശ്ചയമായും നിങ്ങള്‍ مُّتَّبَعُونَ പിന്‍തുടരപ്പെടുന്നവരാണ്
- وَٱتْرُكِ ٱلْبَحْرَ رَهْوًا ۖ إِنَّهُمْ جُندٌ مُّغْرَقُونَ ﴾٢٤﴿
- 'തുറന്ന് വിശാലമായ നിലയില്‍ സമുദ്രത്തെ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും, അവര്‍ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാകുന്നു.
- وَاتْرُكِ നീ വിട്ടുപോകുക (ഉപേക്ഷിക്കുക)യും ചെയ്യുക الْبَحْرَ സമുദ്രത്തെ رَهْوًا തുറന്നതായി, വിശാലമായതായി, ശാന്തമായി إِنَّهُمْ നിശ്ചയമായും അവര്‍ جُندٌ ഒരു സൈന്യമാണ്, പട്ടാളമാണ് مُّغْرَقُونَ മുക്കിനശിപ്പിക്കപ്പെടുന്നവരായ
ഒരു രാത്രി ഇസ്രാഈല്യരെയും കൂട്ടി രഹസ്യമായി പുറപ്പെട്ട് ചെങ്കടല്‍ കടന്നുപോകണം. നിങ്ങള്‍ അക്കരെ പറ്റുമ്പോഴേക്കും ഫിര്‍ഔനും ജനതയും നിങ്ങളുടെ പിന്നാലെ വരും, നിങ്ങള്‍ക്കുവേണ്ടി സമുദ്രത്തില്‍ തുറക്കപ്പെടുന്ന മാര്‍ഗ്ഗത്തില്‍കൂടി അവര്‍ നിങ്ങളെ പിന്‍തുടര്‍ന്നുവരുമാറ് ആ സമുദ്രമാര്‍ഗ്ഗം തുറന്നിരുന്നു കൊള്ളട്ടെ, അവരതില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വെള്ളം അന്യോന്യം കൂട്ടിമുട്ടി അവര്‍ മുങ്ങി നശിച്ചുകൊള്ളും എന്നു സാരം. മൂസാ (عليه الصلاة والسلام) നബിയോടു സമുദ്രത്തെ വടികൊണ്ടു അടിക്കുവാന്‍ കല്‍പ്പിച്ചതും, അപ്പോള്‍ സമുദ്രജലം മലന്തിണ്ണപോലെ ഇരുവശത്തേക്കും ചിറച്ചു നിന്നതും, ആ വഴിയില്‍ കൂടി അവര്‍ സമുദ്രം കടന്നു രക്ഷപ്പെട്ടതും സൂ: ത്വാഹായിലും, ശുഅറാഇലും അല്ലാഹു വിവരിച്ചതാണ്.
ഇസ്റാഈല്‍ ജനത സമുദ്രം കടന്നു കഴിഞ്ഞശേഷം തങ്ങളുടെ പിന്നാലെ ഫിര്‍ഔനും കൂട്ടരും വരുന്നത് കണ്ട് അവര്‍ തങ്ങളെ പിടികൂടിയേക്കുമോ എന്നു ഭയപ്പെടുകയും, സമുദ്രം പഴയപടി ആയിത്തീരുവാന്‍വേണ്ടി മൂസാ നബി (عليه الصلاة والسلام) വീണ്ടും വടികൊണ്ടു സമുദ്രത്തെ അടിക്കുവാന്‍ ഉദ്യമിക്കുകയും ചെയ്തപ്പോഴായിരുന്നു وَاتْرُكِ الْبَحْرَ رَهْوًا (സമുദ്രത്തെ തുറന്നു വിശാലമായ നിലയില്‍ വിട്ടുപോകുക.) എന്ന കല്‍പ്പന ഉണ്ടായത് എന്ന് ഖത്താദഃ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഈ വാക്യത്തിനു സമുദ്രത്തെ അതിന്റെ പാട്ടില്‍ വിട്ടേക്കുക (اترك البحر على حالته) എന്നു പ്രധാന മുഫസ്സിറുകള്‍ അര്‍ത്ഥം നല്‍കുന്നത്. നേരം പുലര്‍ന്നപ്പോഴേക്കും ഫിര്‍ഔനും കൂട്ടരും പിന്നാലെ വന്നെത്തിയെന്നും, രണ്ടുകൂട്ടരും പരസ്പരം കണ്ടുതുടങ്ങിയപ്പോള്‍ ഇസ്രാഈല്യര്‍ മൂസാ (عليه الصلاة والسلام) നബിയോടു സങ്കടപ്പെട്ടുവെന്നും, അദ്ദേഹം അവരെ സമധാനിപ്പിച്ചുവെന്നും ശുഅറാഉ് 61-63 ലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോള്‍, ചിറച്ചു നില്‍ക്കുന്ന സമുദ്രജലം തമ്മില്‍ കൂട്ടി ആ മാര്‍ഗ്ഗം അടഞ്ഞുകാണുവാന്‍ ഇസ്രാഈല്യര്‍ ആഗ്രഹിക്കുന്നതു സ്വാഭാവികമാണ്.
മൂസാ (عليه الصلاة والسلام) നബിയും ഇസ്രാഈല്യരും ചെങ്കടല്‍ കടന്നു രക്ഷപ്പെട്ടതു ഒരു അസാധാരണ സംഭവമൊന്നുമല്ലെന്നും അവര്‍ സമുദ്രത്തില്‍ ആഴം കുറഞ്ഞ സ്ഥലങ്ങളില്‍ക്കൂടി വടി കുത്തി നടന്നു രക്ഷപ്പെട്ടതാണെന്നും, ഫിര്‍ഔനും കൂട്ടുകാരുമാകട്ടെ, മുമ്പും പിമ്പും നോക്കാതെ ദ്രുതഗതിയില്‍ സമുദ്രത്തില്‍ ഇറങ്ങി നടന്നതുകൊണ്ട് ഒരു കയത്തില്‍ ചാടി മുങ്ങിപ്പോയതാണെന്നും മറ്റും തനി പരിഹാസ്യവും ബാലിശവുമായ ചില പുത്തന്‍ യുക്തിവാദങ്ങള്‍ അടുത്തകാലത്തു രംഗപ്രവേശം ചെയ്തിട്ടുള്ളതിനെയും, അതിനുവേണ്ടി പല ഖുര്‍ആന്‍ വാക്യങ്ങളെയും ദുര്‍വ്യാഖ്യാനം ചെയ്തും, കള്ളത്തെളിവുകള്‍ നിര്‍മ്മിച്ചും അവര്‍ സാഹസപ്പെടേണ്ടി വന്നിട്ടുള്ളതിനെയും സംബന്ധിച്ച് സൂ: ത്വാഹായുടെ അവസാനത്തിലുള്ള വ്യാഖ്യാനക്കുറിപ്പില്‍ നാം വിശദീകരിച്ചിരിക്കുന്നു. 24-ാം വചനത്തിലെ رَهْوًا എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ ഇവര്‍ നടത്തിയ കൃത്രിമങ്ങളും അതില്‍ തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.
- كَمْ تَرَكُوا۟ مِن جَنَّـٰتٍ وَعُيُونٍ ﴾٢٥﴿
- എത്രയാണവര്‍ ഉപേക്ഷിച്ച് (വിട്ടു) പോയത്? തോട്ടങ്ങളായും, അരുവികളായും! -
- كَمْ تَرَكُوا എത്രയാണവര്‍ ഉപേക്ഷിച്ചു (വിട്ടു) പോയതു مِن جَنَّاتٍ തോട്ടങ്ങളായും وَعُيُونٍ അരുവി (നീരുറവു)കളും
- وَزُرُوعٍ وَمَقَامٍ كَرِيمٍ ﴾٢٦﴿
- കൃഷികളായും, മാന്യമായ വാസസ്ഥലമായും!! -
- وَزُرُوعٍ വിള(കൃഷി)കളും وَمَقَامٍ വാസസ്ഥലവും, പാര്‍പ്പിടവും كَرِيمٍ മാന്യമായ
- وَنَعْمَةٍ كَانُوا۟ فِيهَا فَـٰكِهِينَ ﴾٢٧﴿
- സുഖസൗകര്യമായും!!! അവര്‍ അതില്‍ സുഖിയന്‍മാരായിരുന്നു.
- وَنَعْمَةٍ സുഖസൗകര്യവും, അനുഗ്രഹവും كَانُوا فِيهَا അതില്‍ അവരായിരുന്നു فَاكِهِينَ സൗഖ്യം അനുഭവിക്കുന്നവര്‍, സുഖിയന്‍മാര്‍
- كَذَٰلِكَ ۖ وَأَوْرَثْنَـٰهَا قَوْمًا ءَاخَرِينَ ﴾٢٨﴿
- അപ്രകാരമാണ് (അവരുടെ കലാശം)! വേറെ ഒരു ജനതക്ക് നാം അവയെ(ല്ലാം) അനന്തരാവകാശമാക്കുകയും ചെയ്തു.
- كَذَٰلِكَ അപ്രകാരമാണ് وَأَوْرَثْنَاهَا നാമതിനെ അനന്തരമാക്കിക്കൊടുക്കയും ചെയ്തു قَوْمًا آخَرِينَ വേറെ ഒരു ജനതക്കു
- فَمَا بَكَتْ عَلَيْهِمُ ٱلسَّمَآءُ وَٱلْأَرْضُ وَمَا كَانُوا۟ مُنظَرِينَ ﴾٢٩﴿
- എന്നിട്ട്, അവരുടെ പേരില്‍ ആകാശവും, ഭൂമിയും കരഞ്ഞില്ല; അവര്‍ കാലതാമസം നല്‍കപ്പെട്ടവരായതുമില്ല.
- فَمَا بَكَتْ എന്നിട്ടു കരഞ്ഞില്ല عَلَيْهِمُ അവരുടെ പേരില്‍ السَّمَاءُ ആകാശം وَالْأَرْضُ ഭൂമിയും وَمَا كَانُوا അവര്‍ ആയിരുന്നതു (ആയതു)മില്ല مُنظَرِينَ കാലതാമസം (ഒഴിവു) നല്‍കപ്പെടുന്നവര്‍
ഫലഭൂയിഷ്ഠമായ തോട്ടങ്ങള്‍, സമൃദ്ധമായ കൃഷിനിലങ്ങള്‍, നാടാകെ സമ്പന്നമാക്കുന്ന നീല ജലാശയങ്ങള്‍ സുഖസമ്പൂര്‍ണ്ണമായ വാസസ്ഥലങ്ങള്‍, മണിമാളികകള്‍ എന്നിങ്ങിനെ ജീവിതത്തിന്റെയും ആഡംബരത്തിന്റെയും കണക്കറ്റ ഉപാധികളെ എന്നെന്നേക്കുമായി ഈജിപ്തില്‍ മറ്റുള്ളവര്‍ക്കായി വിട്ടേച്ചു കൊണ്ടാണവര്‍ ചെങ്കടലില്‍ മുങ്ങി നശിച്ചത്. ലോകചരിത്രത്തില്‍ ഇണ കാണാത്ത ഒരു മഹാ സംഭവമായിരുന്നു അത്. ഫിര്‍ഔന്റെയും ജനതയുടെയും മുന്‍നില നോക്കുകയാണെങ്കില്‍, ഇതുകണ്ട് ആകാശവും ഭൂമിയും പൊട്ടിക്കരയേണ്ടതായിരുന്നുവെന്നുവേണം പറയുവാന്‍. പക്ഷേ, അതൊന്നും ഉണ്ടായില്ല. അവര്‍ക്കുവേണ്ടി കണ്ണുനീരൊഴുക്കാന്‍ ആരും ഉണ്ടായതുമില്ല. കാരണം, ഭൂമിയില്‍ അവരുടേതായ സല്‍പ്രവര്‍ത്തനങ്ങളൊന്നും അവശേഷിച്ചിട്ടില്ല. ആകാശത്തേക്കു അവരുടെ സല്‍ക്കര്‍മ്മങ്ങളൊന്നും കയറിപ്പോയിട്ടുമില്ല. അവരുടെ അതുപര്യന്തമുള്ള പ്രതാപത്തെ ഓര്‍ത്തോ, ഇപ്പോഴത്തെ ദാരുണാവസ്ഥ ഓര്‍ത്തോ താല്‍ക്കാലികമായെങ്കിലും ശിക്ഷയില്‍നിന്നു വല്ല ഒഴിവും നല്‍കപ്പെടുകയും ഉണ്ടായില്ല. മുങ്ങി നശിക്കാറായപ്പോള്‍ ഫിര്‍ഔന്‍ പശ്ചാത്തപിച്ചു നോക്കി. പക്ഷേ, ഇതുവരെയും ധിക്കാരം പ്രവര്‍ത്തിക്കുകയും കുഴപ്പമുണ്ടാക്കുകയും ചെയ്തു. ഇപ്പോഴാണോ വിശ്വസിക്കുവാന്‍ തയ്യാറാകുന്നത്?! എന്നായിരുന്നു അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള മറുപടി. (സൂ: യൂനുസ് : 91).
ഐശ്വര്യം, സമൃദ്ധി, പരിഷ്കാരം, ഭൗതികപ്രതാപം എന്നീ തുറകളില്‍ ക്രിസ്താബ്ദത്തിനു ഏകദേശം നാലായിരം കൊല്ലം മുതല്‍ക്കേ വളരെ കീര്‍ത്തിയാര്‍ജ്ജിച്ച രാജ്യമാണ് ഈജിപ്ത്. പൗരാണിക ചരിത്രത്തില്‍ മാത്രമല്ല, ആധുനികചരിത്രത്തിലും ഈജിപ്തിന്റെ സ്ഥാനം പ്രസിദ്ധമാണ്. ലോക പ്രസിദ്ധമായ നീലനദിയും, അതിന്റെ നിരവധി ശാഖോപശാഖകളും, അവയ്ക്കിടയില്‍ പച്ചവിരിച്ചു പരന്നുകിടക്കുന്ന ഫലഭൂയിഷ്ഠമായ കൃഷിസ്ഥലങ്ങളും അല്ലാഹു ആ രാജ്യത്തിനു നല്‍കിയ വമ്പിച്ച അനുഗ്രഹമത്രെ. പ്രകൃത്യാ തന്നെ അല്ലാഹു നല്‍കിയ ഈ അനുഗ്രഹങ്ങള്‍ നീലനദിയുടെ പല അണക്കെട്ടുകള്‍മൂലം പൂര്‍വ്വാധികം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അസ്വാന്‍ അണക്കെട്ട് എന്ന പേരില്‍ അറിയപ്പെടുന്നതും, ലോകത്തെ അണക്കെട്ടുകളില്‍വെച്ചു ഏറ്റവും വമ്പിച്ചതും ഭീമവുമായ ഒരു അണക്കെട്ടു കെട്ടി നീലനദിയിലെ വെള്ളം ഉപയോഗപ്പെടുത്തി ലക്ഷക്കണക്കില്‍ ഏക്ര സ്ഥലങ്ങള്‍ കൃഷിനിലങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങള്‍ ഈജിപ്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. വളരെക്കാലം നീണ്ടുനിന്ന ഫറോവാ രാജവംശത്തിനുശേഷം, ആ രാജ്യത്തെ പലരും ഭരിച്ചുപോന്നിട്ടുണ്ട്. അശ്-ശൂരികള്‍, ബാബിലോണ്യര്‍, അബീസീനിയക്കാര്‍, പേര്‍ഷ്യക്കാര്‍, ഗ്രീക്കുകാര്‍, എന്നിവരും, പിന്നീടു റോമക്കാരും, പിന്നീടു അറബികളും ഭരിച്ചു. പിന്നീടു തൂലൂന്‍കാര്‍, ഇഖ്ശീദികള്‍, ഫാത്തിമികള്‍, അടിമരാജാക്കള്‍, തുര്‍ക്കികള്‍, ഫ്രാന്‍സുകാര്‍ ഇംഗ്ലീഷുകാര്‍ എന്നിവരെല്ലാം അവിടെ ആധിപത്യം നടത്തിയിട്ടുണ്ട്.