വിഭാഗം - 5

37:139
  • وَإِنَّ يُونُسَ لَمِنَ ٱلْمُرْسَلِينَ ﴾١٣٩﴿
  • യൂനുസുംതന്നെ 'മു൪സലു'കളില്‍ പെട്ടവനാകുന്നു.
  • وَإِنَّ يُونُسَ നിശ്ചയമായും യൂനുസും لَمِنَ الْمُرْسَلِينَ മു൪സലുകളില്‍ പെട്ടവന്‍ തന്നെ
37:140
  • إِذْ أَبَقَ إِلَى ٱلْفُلْكِ ٱلْمَشْحُونِ ﴾١٤٠﴿
  • ഭാരം നിറക്കപ്പെട്ട കപ്പലിലേക്കു അദ്ദേഹം ഓടിപ്പോയ സന്ദര്‍ഭം (ഓര്‍ക്കുക).
  • إِذْ أَبَقَ അദ്ദേഹം ഓടിപ്പോയ (ഒളിച്ചുപോയ) സന്ദര്‍ഭം إِلَى الْفُلْكِ കപ്പലിലേക്ക് الْمَشْحُونِ സാമാനം (ഭാരം) നിറക്കപ്പെട്ട
37:141
  • فَسَاهَمَ فَكَانَ مِنَ ٱلْمُدْحَضِينَ ﴾١٤١﴿
  • എന്നിട്ട് അദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു (ജയംപരീക്ഷിച്ചു). അപ്പോഴദ്ദേഹം തോല്പിക്കപ്പെട്ടവരില്‍ ആയിത്തീര്‍ന്നു.
  • فَسَاهَمَ എന്നിട്ടദ്ദേഹം നറുക്കെടുപ്പില്‍ പങ്കെടുത്തു فَكَانَ അപ്പോള്‍ ആകുന്നു مِنَ الْمُدْحَضِينَ തോല്പിക്കപ്പെട്ട (പരാജയപ്പെട്ട)വരില്‍
37:142
  • فَٱلْتَقَمَهُ ٱلْحُوتُ وَهُوَ مُلِيمٌ ﴾١٤٢﴿
  • അങ്ങനെ, താന്‍ ആക്ഷേപവിധേയനായിരിക്കെ അദ്ദേഹത്തെ മത്സ്യം വിഴുങ്ങി.
  • فَالْتَقَمَهُ അങ്ങനെ അദ്ദേഹത്തെ വിഴുങ്ങി الْحُوتُ മത്സ്യം وَهُوَ അദ്ദേഹം (ആയിരിക്കെ) مُلِيمٌ ആക്ഷേപവിധേയന്‍ - സ്വയം കുറ്റപ്പെടുത്തുന്നവന്‍

യൂനുസ് (عليه السلام) നബിയുടെ കഥ സൂ: അമ്പിയാഉ് 87, 88 വചനങ്ങളിലും, അവയുടെ വ്യാഖ്യാനത്തിലും ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രബോധനവും, ഉപദേശവും നാട്ടുകാര്‍ വകവെക്കാതായപ്പോള്‍ അവരുടെമേല്‍ കോപിച്ചുകൊണ്ട് അദ്ദേഹം സ്ഥലംവിട്ടുപോയി. ഒരു കപ്പലില്‍ കയറുകയും, വര്‍ദ്ധിച്ച കാറ്റും കോളും നിമിത്തം കപ്പലിന്റെ സ്ഥിതി ആപല്‍ക്കരമാവുകയും ഉണ്ടായി. കപ്പലിലെ ഭാരം കുറക്കുവാനായി യാത്രക്കാര്‍ക്കിടയില്‍ ഒരു നറുക്കെടുപ്പു നടത്തപ്പെട്ടു. അതില്‍ അദ്ദേഹം പരാജയപ്പെട്ടു കപ്പലില്‍നിന്നു പുറംതള്ളപ്പെടുകയും ചെയ്തു. സമുദ്രത്തില്‍വെച്ച് ഒരു മത്സ്യം അദ്ദേഹത്തെ വിഴുങ്ങി. സ്ഥലം വിട്ടുപോകാന്‍ അല്ലാഹുവില്‍ നിന്നുള്ള അനുവാദം ലഭിക്കുന്നതിനുമുമ്പായിരുന്നു അദ്ദേഹത്തിന്റെ യാത്ര. അതുകൊണ്ടാണ് ഓടിപ്പോയി (أَبَقَ) എന്നും, ആക്ഷേപവിധേയന്‍ (مُلِيمٌ) എന്നും അദ്ദേഹത്തെപ്പറ്റി അല്ലാഹു പറഞ്ഞത്. യജമാനന്റെ സമ്മതമില്ലാതെ ഒളിച്ചോടിപ്പോകുന്ന അടിമകളെപ്പോലെയാണ് അദ്ദേഹത്തിന്റെ പോക്ക് ഉണ്ടായതെന്നും, തന്റെ പേരിലുള്ള ആക്ഷേപത്തിനു താന്‍തന്നെയായിരുന്നു കാരണക്കാരനെന്നും താല്‍പര്യം.

37:143
  • فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ ﴾١٤٣﴿
  • എന്നാല്‍, അദ്ദേഹം 'തസ്ബീഹു' [പ്രകീര്‍ത്തനം] നടത്തുന്നവരില്‍പ്പെട്ടവനല്ലായിരുന്നുവെങ്കില്‍.-
  • فَلَوْلَا എന്നാല്‍ ഇല്ലായിരുന്നുവെങ്കില്‍ أَنَّهُ كَانَ അദ്ദേഹം ആയിരുന്നുവെന്നുള്ളതു مِنَ الْمُسَبِّحِينَ തസ്ബീഹു നടത്തുന്നവരില്‍പെട്ട(വന്‍)
37:144
  • لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ ﴾١٤٤﴿
  • അവര്‍ [ജനങ്ങള്‍] ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസംവരെ അതിന്റെ വയറ്റില്‍ (തന്നെ) അദ്ദേഹം കഴിഞ്ഞുകൂടേണ്ടി വരുമായിരുന്നു!
  • لَلَبِثَ അദ്ദേഹം താമസിക്കുക (കഴിഞ്ഞുകൂടുക) തന്നെ ചെയ്തിരുന്നു فِي بَطْنِهِ അതിന്റെ വയറ്റില്‍ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന
37:145
  • ۞ فَنَبَذْنَٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ ﴾١٤٥﴿
  • എന്നിട്ട്, അദ്ദേഹം അനാരോഗ്യനായ നിലയില്‍, അദ്ദേഹത്തെ നാം (ആ) നഗ്നപ്രദേശത്തു ഇട്ടുകൊടുത്തു.
  • فَنَبَذْنَاهُ എന്നിട്ടു നാം അദ്ദേഹത്തെ എറിഞ്ഞു, ഇട്ടു بِالْعَرَاءِ നഗ്നമായ (ഒഴിഞ്ഞ) സ്ഥലത്തു وَهُوَ അദ്ദേഹം ആയിരിക്കെ سَقِيمٌ അനാരോഗ്യന്‍, രോഗി
37:146
  • وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ ﴾١٤٦﴿
  • അദ്ദേഹത്തിനുമീതെ ചുരക്കാവര്‍ഗ്ഗത്തില്‍പെട്ട ഒരു മരം (അഥവാ ചെടി) നാം ഉല്‍പാദിപ്പിക്കുകയും ചെയ്തു.
  • وَأَنبَتْنَا നാം ഉല്‍പാദിപ്പിക്കുക (മുളപ്പിക്കു)കയും ചെയ്തു عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ شَجَرَةً ഒരു മരം, ചെടി مِّن يَقْطِينٍ ചുരങ്ങ (ചുരക്ക) വര്‍ഗ്ഗത്തില്‍പെട്ട

മത്സ്യം അദ്ദേഹത്തെ കരയിലെറിഞ്ഞു. കേവലം വിജനപ്രദേശവും, രക്ഷാസൗകര്യങ്ങളില്ലാത്തതുമായ ഒരു സ്ഥലത്തായിരുന്നു അത്. മല്‍സ്യത്തിന്റെ വയറ്റില്‍നിന്നു പുറത്തെറിയപ്പെട്ടപ്പോള്‍ അദ്ദേഹം അങ്ങേഅറ്റം അവശനായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അല്ലാഹു അദ്ദേഹത്തെ പാഴാക്കിയില്ല. അദ്ദേഹത്തിനു തണലും വിശ്രമസ്ഥാനവും നല്‍കുമാറുള്ള ഒരു മരം – അഥവാ ചുരക്കാവര്‍ഗ്ഗത്തില്‍പെട്ട ഒരു ചെടി – അല്ലാഹു അവിടെ ഏര്‍പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ പക്കല്‍ വന്നുപോയ ഒരു അബദ്ധം നിമിത്തമാണ് ഈ അത്യാഹിതം സംഭവിച്ചതെങ്കിലും, അദ്ദേഹം വളരെ ഭയഭക്തിയും ദൈവസ്മരണയും ഉള്ള ആളായിരുന്നതുകൊണ്ട് അല്ലാഹു അദ്ദേഹത്തിനു രക്ഷയും സഹായവും നല്‍കി. അല്ലായിരുന്നുവെങ്കില്‍, അദ്ദേഹം മല്‍സ്യത്തിന്റെ വയറ്റില്‍വെച്ചു മരണം അടയുകയും, അതദ്ദേഹത്തിന്റെ ഖബ്റായിത്തീരുകയും ചെയ്യുമായിരുന്നു.

يَقْطِينٍ (യഖ്ത്ത്വീന്‍) എന്ന പദത്തിനാണ് ചുരക്കാവര്‍ഗ്ഗം എന്നു നാം അര്‍ത്ഥം കല്പിച്ചത്. മത്തന്‍, വെള്ളരി, ചുരക്കാ എന്നിവപോലെ പടര്‍ന്നു വളരുന്ന വള്ളിച്ചെടികള്‍ക്കു ഈ വാക്കു ഉപയോഗിക്കപ്പെടുന്നു. ചുരക്കാ – അഥവാ ചുരങ്ങാ – വള്ളിയാണിവിടെ ഉദ്ദേശ്യമെന്നാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. ഏതായാലും യൂനുസ് (عليه السلام) നബിക്ക് അടിയില്‍ വിരിച്ചുകിടക്കുവാനും മുകളില്‍ തണല്‍ ലഭിക്കുവാനും അതിന്റെ ഇലപടലങ്ങളും ഭക്ഷണത്തിനു ഒരുപക്ഷേ, അതിന്റെ ഫലവും ഉപയോഗിക്കപ്പെട്ടിരിക്കുമെന്നു കരുതാം. വാഴയായിരുന്നു പ്രസ്തുത ചെടിയെന്നും ചിലര്‍ പറഞ്ഞു കാണുന്നു. അല്ലാഹുവിനറിയാം. شَجَرَة എന്ന വാക്കിന് വൃക്ഷം അല്ലെങ്കില്‍ മരം എന്നാണ് സാധാരണ അര്‍ത്ഥം നല്‍കാറുള്ളതെങ്കിലും, ചെടിക്കും, വള്ളിക്കും ആ വാക്കു ഉപയോഗിക്കാറുണ്ടുതാനും. വൃക്ഷം ഏതായിരുന്നാലും ശരി, അല്ലാഹു യൂനുസ് (عليه السلام) നബിക്കു ആ സന്ദര്‍ഭത്തില്‍ വേണ്ടുന്ന ശുശ്രൂഷക്കുള്ള മാര്‍ഗ്ഗങ്ങള്‍ ഒരുക്കിക്കൊടുത്തതാണ് നാമിവിടെ മനസ്സിരുത്തേണ്ടത്.

37:147
  • وَأَرْسَلْنَٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ ﴾١٤٧﴿
  • നൂറായിരം [ഒരു ലക്ഷം] - അഥവാ കൂടുതല്‍ വരുന്ന - ആളുകളിലേക്കു അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു.
  • وَأَرْسَلْنَاهُ നാം അദ്ദേഹത്തെ അയക്കയും ചെയ്തു إِلَىٰ مِائَةِ أَلْفٍ നൂറായിരം (ലക്ഷം) ആളുകളിലേക്ക്‌ أَوْ يَزِيدُونَ അല്ലെങ്കില്‍ അധികരിക്കുന്ന(വരിലേക്ക്)
37:148
  • فَـَٔامَنُوا۟ فَمَتَّعْنَٰهُمْ إِلَىٰ حِينٍ ﴾١٤٨﴿
  • എന്നിട്ടു അവര്‍ വിശ്വസിച്ചു. അങ്ങനെ, അവര്‍ക്കു കുറെ കാലത്തോളം നാം സുഖജീവിതം നല്‍കുകയും ചെയ്തു.
  • فَآمَنُوا എന്നിട്ടു അവര്‍ വിശ്വസിച്ചു فَمَتَّعْنَاهُمْ അങ്ങനെ അവര്‍ക്കു നാം സുഖജീവിതം നല്‍കി إِلَىٰ حِينٍ കുറെ കാലത്തേക്ക്

അശ്-ശൂര്‍ രാജാക്കളുടെ ഒരു പ്രധാന നഗരിയായ നീനുവാ (نينوى) യായിരുന്നു യൂനുസ് (عليه السلام) ന്റെ രാജ്യം. ഒരു ലക്ഷത്തിലധികം ജനസംഖ്യ വരുന്ന ആ നാട്ടിലേക്കു തന്നെ അദ്ദേഹം വീണ്ടും നിയോഗിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പ്രബോധന ഫലമായി അവര്‍ സത്യവിശ്വാസം സ്വീകരിക്കുകയും, അങ്ങിനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്കു ലഭിക്കുകയും, വളരെക്കാലം അവര്‍ സുഖൈശ്വര്യങ്ങളോടെ കഴിഞ്ഞുകൂടുകയും ചെയ്തു. ഇറാഖിന്റെ വടക്കുഭാഗത്തു ടൈഗ്രിസ്‌ നദിയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു രാജ്യമാണ് നീനുവാ. (*). ഒരു ലക്ഷത്തിലധികം ജനസംഖ്യ ഉണ്ടായിരുന്നുവെന്നു പറയുമ്പോള്‍, നീനുവാപട്ടണം അക്കാലത്തെ ഒരു പ്രധാന നഗരമായിരുന്നുവെന്നു മനസ്സിലാക്കാമല്ലോ. സത്യവിശ്വാസം സ്വീകരിച്ചവരില്‍ അന്നത്തെ രാജാവും ഉള്‍പ്പെട്ടിരുന്നുവെന്നു പറയപ്പെടുന്നു. യൂനുസ് നബി (عليه السلام) രണ്ടാമതു നിയോഗിക്കപ്പെട്ടതു സ്വന്തം നാട്ടിലേക്കായിരുന്നില്ല എന്നും ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. الله اعلم .


(*) 6-ാം പടം നോക്കുക.


അറബിയില്‍ – മറ്റു ചില ഭാഷകളെപ്പോലെത്തന്നെ – ഒരു ലക്ഷം എന്ന അര്‍ത്ഥത്തിലുള്ള ഒറ്റവാക്കില്ലാത്തതുകൊണ്ടാണ് مِائَة أَلْف (നൂറായിരം) എന്നു പറയുന്നത്. മേല്‍പ്രസ്താവിക്കപ്പെട്ട പല ചരിത്ര സംഭവങ്ങളെയും വിവരിച്ചശേഷം അല്ലാഹു പറയുന്നു:-

37:149
  • فَٱسْتَفْتِهِمْ أَلِرَبِّكَ ٱلْبَنَاتُ وَلَهُمُ ٱلْبَنُونَ ﴾١٤٩﴿
  • (നബിയേ) എന്നാല്‍ അവരോട് [ബഹുദൈവ വിശ്വാസികളോടു] വിധി അന്വേഷിക്കുക: 'പെണ്‍മക്കള്‍ നിന്റെ രക്ഷിതാവിനും, ആണ്‍മക്കള്‍ അവര്‍ക്കുമാണോ?!'-
  • فَاسْتَفْتِهِمْ എന്നാലവരോടു വിധി (അഭിപ്രായം) അന്വേഷിക്കുക أَلِرَبِّكَ നിന്റെ റബ്ബിന്നോ الْبَنَاتُ പെണ്‍മക്കള്‍ وَلَهُمُ അവര്‍ക്കുമാണോ الْبَنُونَ ആണ്‍മക്കള്‍
37:150
  • أَمْ خَلَقْنَا ٱلْمَلَٰٓئِكَةَ إِنَٰثًا وَهُمْ شَٰهِدُونَ ﴾١٥٠﴿
  • 'അഥവാ അവര്‍ ദൃക്സാക്ഷികളായിക്കൊണ്ടു മലക്കുകളെ നാം സ്ത്രീകളായി സൃഷ്ടിച്ചിരിക്കുന്നുവോ?!' എന്ന്.
  • أَمْ خَلَقْنَا അഥവാ (അതല്ലെങ്കില്‍) നാം സൃഷ്ടിച്ചിരിക്കുന്നുവോ الْمَلَائِكَةَ മലക്കുകളെ إِنَاثًا പെണ്ണുങ്ങളായി وَهُمْ അവര്‍ (ആയിരിക്കെ) شَاهِدُونَ സാക്ഷികള്‍, ഹാജറുള്ളവര്‍

മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു മുശ്രിക്കുകള്‍ വിശ്വസിച്ചിരുന്നു. മലക്കുകളുടെ നാമത്തതില്‍ വിഗ്രഹങ്ങളുണ്ടാക്കി അവര്‍ ആരാധിക്കയും ചെയ്തിരുന്നു. പെണ്‍മക്കള്‍ ജീവിക്കുന്നതു ദുശ്ശകുനവും, അപമാനവുമായിക്കരുതി അവരെ ജീവനോടെ കുഴിച്ചുമൂടുക പതിവാക്കിയിരുന്ന അവര്‍, അല്ലാഹുവിനു മക്കളുണ്ടെന്നു മാത്രമല്ല, അതു പെണ്‍മക്കളാണെന്നുകൂടി പറയുന്നു. അതിനെക്കുറിച്ച് അല്ലാഹു ആക്ഷേപിക്കുകയാണ്. മലക്കുകളെ സൃഷ്ടിച്ചതു അല്ലാഹുവാണല്ലോ. അവന്‍ അവരെ ആണെന്നും പെണ്ണെന്നും തരംതിരിച്ചിട്ടില്ല. എന്നിരിക്കെ, മലക്കുകളെപ്പറ്റി പെണ്‍മക്കളെന്നു വിധികല്പിക്കുവാന്‍ എന്തു ന്യായമാണുള്ളത്?! അവരെ സൃഷ്ടിച്ചിപ്പോള്‍ ഇവര്‍ അവിടെ ഹാജറുണ്ടായിരിക്കുകയും, സ്ത്രീകളാക്കി സൃഷ്ടിച്ചതു കണ്ടിരിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അതിനു ന്യായമുണ്ടായിരുന്നു. അതില്ലല്ലോ.

37:151
  • أَلَآ إِنَّهُم مِّنْ إِفْكِهِمْ لَيَقُولُونَ ﴾١٥١﴿
  • അല്ലാ! (അറിഞ്ഞേക്കുക:) നിശ്ചയമായും അവര്‍, തങ്ങളുടെ കള്ളംനിമിത്തം പറയുന്നു:
  • أَلَا അല്ലാ, അറിയുക إِنَّهُم നിശ്ചയമായും അവര്‍ مِّنْ إِفْكِهِمْ അവരുടെ കള്ളം നിമിത്തം, നുണയാല്‍ لَيَقُولُونَ അവര്‍ പറയുന്നു
37:152
  • وَلَدَ ٱللَّهُ وَإِنَّهُمْ لَكَٰذِبُونَ ﴾١٥٢﴿
  • 'അല്ലാഹു (സന്താനം) ജനിപ്പിച്ചിരിക്കുന്നു' എന്നു! നിശ്ചയമായും, അവര്‍ വ്യാജം പറയുന്നവര്‍ തന്നെ.
  • وَلَدَ اللَّـهُ അല്ലാഹു (മക്കളെ) ജനിപ്പിച്ചു എന്ന് وَإِنَّهُمْ നിശ്ചയമായും അവര്‍ لَكَاذِبُونَ വ്യാജം പറയുന്നവര്‍ തന്നെ
37:153
  • أَصْطَفَى ٱلْبَنَاتِ عَلَى ٱلْبَنِينَ ﴾١٥٣﴿
  • അവന്‍ ആണ്‍മക്കളെക്കാള്‍ (പ്രാധാന്യം നല്‍കി) പെണ്‍മക്കളെ തിരഞ്ഞെടുത്തിരിക്കുകയോ?!
  • أَصْطَفَى അവന്‍ തിരഞ്ഞെടുക്ക (പ്രാധാന്യം നല്‍കി)യോ الْبَنَاتِ പെണ്‍മക്കളെ عَلَى الْبَنِينَ ആണ്‍മക്കളെക്കാള്‍
37:154
  • مَا لَكُمْ كَيْفَ تَحْكُمُونَ ﴾١٥٤﴿
  • (ഹേ, മുശ്രിക്കുകളേ,) നിങ്ങള്‍ക്കെന്താണ്?! എങ്ങിനെ(യൊക്കെ)യാണ് നിങ്ങള്‍ വിധി കല്പിക്കുന്നത്?!!
  • مَا لَكُمْ നിങ്ങള്‍ക്കെന്താണ് كَيْفَ تَحْكُمُونَ നിങ്ങള്‍ എങ്ങിനെയാണ് വിധിക്കുന്നത്
37:155
  • أَفَلَا تَذَكَّرُونَ ﴾١٥٥﴿
  • അപ്പോള്‍, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
  • أَفَلَا تَذَكَّرُونَ അപ്പോള്‍ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
37:156
  • أَمْ لَكُمْ سُلْطَٰنٌ مُّبِينٌ ﴾١٥٦﴿
  • അഥവാ, സ്പഷ്ടമായ വല്ല അധികൃതലക്ഷ്യവും നിങ്ങള്‍ക്കുണ്ടോ?!
  • أَمْ لَكُمْ അഥവാ നിങ്ങള്‍ക്കുണ്ടോ سُلْطَانٌ വല്ല അധികൃതലക്ഷ്യവും, പ്രമാണവും مُّبِينٌ പ്രത്യക്ഷമായ, സ്പഷ്ടമായ
37:157
  • فَأْتُوا۟ بِكِتَٰبِكُمْ إِن كُنتُمْ صَٰدِقِينَ ﴾١٥٧﴿
  • എന്നാല്‍, നിങ്ങളുടെ ഗ്രന്ഥം [രേഖ] കൊണ്ടു വരുവിന്‍, നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍!
  • فَأْتُوا എന്നാല്‍ വരുവിന്‍ بِكِتَابِكُمْ നിങ്ങളുടെ ഗ്രന്ഥവും കൊണ്ടു, രേഖയുമായി إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍

അല്ലാഹുവിനു സന്താനങ്ങളുണ്ടെന്ന വ്യാജവാദത്തിനുപുറമെ മറ്റൊരു അനീതിയും കൂടിയാണ്, ആ മക്കള്‍ പെണ്‍മക്കളാണെന്നുള്ള വാദം. കളവുകെട്ടിപ്പറയുന്നതിലും വേണ്ടേ അല്‍പമെങ്കിലും നീതി?! അതും ഇല്ലാത്തതിന്റെ പേരിലാണ് അല്ലാഹു ഇവരെപ്പറ്റി ഇത്ര ശക്തിയായ ഭാഷയില്‍ ആക്ഷേപിക്കുന്നത്. സൂറത്തുന്നജ്മില്‍ അല്ലാഹു ഇവരോടു ചോദിക്കുന്നതു ഇങ്ങിനെയാണ്‌:

أَلَكُمُ الذَّكَرُ وَلَهُ الْأُنثَىٰ ﴿٢١﴾ تِلْكَ إِذًا قِسْمَةٌ ضِيزَىٰ ﴿٢٢﴾ – سورة النجم

(നിങ്ങള്‍ക്കു ആണും അവനു പെണ്ണുമാണോ? എന്നാലതു അക്രമപരമായ ഒരു ഓഹരിയാണ്.). അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും ഒട്ടും അനുയോജ്യമല്ലാത്ത ഇത്തരം നിര൪ത്ഥവാദങ്ങളില്‍പെട്ട ഇവരുടെ മറ്റൊരു വാദമാണ് അടുത്ത ആയത്തില്‍ കാണുന്നത്:

37:158
  • وَجَعَلُوا۟ بَيْنَهُۥ وَبَيْنَ ٱلْجِنَّةِ نَسَبًا ۚ وَلَقَدْ عَلِمَتِ ٱلْجِنَّةُ إِنَّهُمْ لَمُحْضَرُونَ ﴾١٥٨﴿
  • അവര്‍, അവന്‍റെ [അല്ലാഹുവിന്‍റെ]യും, 'ജിന്നു' വര്‍ഗ്ഗത്തിന്‍റെയും ഇടയില്‍ ഒരു കുടുംബബന്ധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു! തീര്‍ച്ചയായും, 'ജിന്നു'കള്‍ക്കറിയാം അവര്‍ (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവരാണെന്ന്.
  • وَجَعَلُوا അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُ അവന്‍റെ ഇടയില്‍ وَبَيْنَ الْجِنَّةِ ജിന്നുകളുടെ ഇടയിലും نَسَبًا ഒരു കുടുംബബന്ധം وَلَقَدْ عَلِمَتِ തീര്‍ച്ചയായും അറിയാം, അറിഞ്ഞിട്ടുണ്ട് الْجِنَّةُ ജിന്നുകള്‍ക്കു, ജിന്നുകള്‍ إِنَّهُمْ നിശ്ചയമായും അവര്‍ (ഇവര്‍) لَمُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍ തന്നെ (എന്നു)
37:159
  • سُبْحَٰنَ ٱللَّهِ عَمَّا يَصِفُونَ ﴾١٥٩﴿
  • അവര്‍ വര്‍ണ്ണിച്ചു പറയുന്നതില്‍നിന്നു അല്ലാഹു എത്രയോ പരിശുദ്ധനത്രെ!-
  • سُبْحَانَ اللَّـهِ അല്ലാഹു മഹാപരിശുദ്ധനത്രെ عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു (വിവരിച്ചു) പറയുന്നതില്‍ നിന്നു
37:160
  • إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ ﴾١٦٠﴿
  • അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരായ) അടിയാന്‍മാരൊഴികെ [അവര്‍ അതില്‍ ഉള്‍പ്പെടുന്നതല്ല.]
  • إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ കളങ്കരഹിതരാക്കപ്പെട്ട

ഇവിടെ ജിന്നു (الْجِنَّةُ) എന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം മലക്കുകളാണെന്നാണ് ഭൂരിപക്ഷം മുഫസ്സിറുകളും പ്രസ്താവിച്ചിരിക്കുന്നത്. ഇതിന്റെ മുമ്പും പിമ്പുമുള്ള ആയത്തുകളില്‍ മലക്കുകളെക്കുറിച്ചാണ് പ്രധാനമായും സംസാരിക്കുന്നതും. ‘ജിന്നു’ എന്ന വാക്കിനെക്കുറിച്ചാണ് ആലോചിക്കാനുള്ളത്. ഖുര്‍ആന്റെ പ്രത്യേക നിഘണ്ടുവായ ‘മുഫ്റദാത്തി’ല്‍, ‘മറവു’ (ستر) എന്ന അര്‍ത്ഥത്തിലുള്ള ധാതുവില്‍നിന്നാണ് ആ പേര്‍ വന്നിരിക്കുന്നതെന്നു വിവരിച്ചശേഷം ഇമാം റാഗിബ് (റ) ഇപ്രകാരം പറയുന്നു:-

‘ജിന്ന്’ (الْجِنَّةُ) എന്ന വാക്കു രണ്ടുപ്രകാരത്തില്‍ ഉപയോഗിക്കപ്പെടാറുണ്ട്: മനുഷ്യന്‍ (انس) എന്നതിന്റെ എതിരില്‍ പഞ്ചേന്ദ്രിയങ്ങള്‍ക്കതീതമായി മറഞ്ഞുനില്‍ക്കുന്ന ആത്മീയജീവികള്‍ എന്നതാണ് അവയിലൊന്ന്. ഇതനുസരിച്ച് ഈ വാക്കില്‍ മലക്കുകളും, ശൈത്താന്‍മാരും ഉള്‍പ്പെടും. അപ്പോള്‍ മലക്കുകളെല്ലാം ജിന്നുവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടും. എല്ലാം ജിന്നുകളും മലക്കായിരിക്കയില്ല. ഈ അടിസ്ഥാനത്തിലാണ് അബൂസ്വാലിഹ് മലക്കുകളെല്ലാം ജിന്നുകളാണെന്നു പറയുന്നത്. ആത്മീയജീവികളില്‍പെട്ട ഒരു പ്രത്യേക വിഭാഗമാണ്‌ ജിന്ന് എന്നത്രെ മറ്റൊരാഭിപ്രായം. അതായതു, ആത്മീയജീവികള്‍ മൂന്നു തരമാണ്: അതില്‍ ഉത്തമവിഭാഗത്തെ മലക്കുകളെന്നും. അധമവിഭാഗത്തെ ശൈത്താന്‍മാരെന്നും, മദ്ധ്യമവിഭാഗത്തെ ജിന്നുകളെന്നും പറയുന്നു. وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ (ഞങ്ങളില്‍ മുസ്‌ലിംകളുമുണ്ട്, നീതി കെട്ടവരുമുണ്ട്) എന്നും (*) മറ്റുമുള്ള ഖുര്‍ആന്‍ വചനങ്ങള്‍ ഇതു മനസ്സിലാക്കിത്തരുന്നു.’ (المفردات للامام الراغب – رح)


(*). ജിന്നുകളുടെ വാക്യങ്ങളായി സൂ: ജിന്നില്‍ അല്ലാഹു ഉദ്ധരിച്ചതാണു ഇത്.


മലക്കുകളാണ് ഇവിടെ ഉദ്ദേശ്യം എന്നുവെക്കുമ്പോള്‍, അവര്‍ക്കും അല്ലാഹുവിനുമിടയില്‍ മുശ്രിക്കുകള്‍ കുടുംബബന്ധം സ്ഥാപിക്കുന്നുവെന്നു പറഞ്ഞതിന്റെ താല്‍പര്യം വ്യക്തമാണ്. മലക്കുകള്‍ അല്ലാഹുവിന്റെ പുത്രിമാരാണെന്ന വാദം അനുസരിച്ച് അല്ലാഹുവും അവരും ഒരേ വര്‍ഗ്ഗത്തില്‍ പെട്ടവരാണെന്നും, അല്ലാഹു അവരുടെ ജനയിതാവാണെന്നും വരണമല്ലോ! (تعالى الله عن ذلك).

എനി, ആ വാക്കുകൊണ്ടുദ്ദേശ്യം, സാധാരണ അറിയപ്പെടുന്ന അര്‍ത്ഥങ്ങളിലുള്ള ജിന്നുകള്‍തന്നെയാണെന്നു വെക്കുകയാണെങ്കില്‍, ആയത്തിന്റെ താല്‍പര്യം ഇപ്രകാരമായിരിക്കാം: ജിന്നുകളിലെ നേതാക്കളായ ചിലരുടെ പെണ്‍മക്കളെ അല്ലാഹു വിവാഹം കഴിച്ചിട്ടുള്ളതായി ഖുസാഅഃ (خزاعة) ഗോത്രക്കാരും, കിനാനഃ (كنانة) ഗോത്രക്കാരും വിശ്വസിച്ചിരുന്നുവെന്നും, ജിന്നുവര്‍ഗ്ഗവും അല്ലാഹുവും തമ്മില്‍ വൈവാഹികബന്ധമുള്ളതായി യഹൂദരും പറഞ്ഞിരുന്നുവെന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. നന്മയുടെയും, തിന്മയുടെയും ദൈവങ്ങളായി രണ്ടു സഹോദരദൈവങ്ങള്‍ ഉണ്ടെന്നും ഇതില്‍ നന്‍മയുടെ ദൈവമാണ് അല്ലാഹു എന്നും, മറ്റേതു പിശാചാണെന്നും വേറെ ചിലരും വിശ്വസിച്ചിരുന്നു. ഇതുപോലെയുള്ള പല അന്ധവിശ്വാസങ്ങളും, വാദങ്ങളും ഇന്ത്യയിലെ ചില വിഭാഗക്കാരിലും കാണാവുന്നതാണ്. കൂടാതെ, സൂ: സബഉ് 41ന്റെ വിവരണത്തില്‍ നാം ചൂണ്ടിക്കാണിച്ചതുപോലെ, ജിന്നുകളെ പലരും ആരാധ്യദൈവങ്ങളായി സ്വീകരിച്ചിട്ടുള്ളതും പ്രസ്താവ്യമാണ്. ഇതെല്ലാം, ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അല്ലാഹുവിനും അവര്‍ക്കും ഇടയില്‍ കുടുംബബന്ധം സ്ഥാപിക്കലാണെന്നു പറയേണ്ടതില്ല. ഏതു തരത്തിലുള്ള കുടുംബബന്ധമായിരുന്നാലും, അതില്‍നിന്നെല്ലാം അല്ലാഹു മഹാ പരിശുദ്ധനത്രെ! മേല്‍പറഞ്ഞ വ്യാജവാദികളോടു അല്ലാഹു പറയുന്നു:-

37:161
  • فَإِنَّكُمْ وَمَا تَعْبُدُونَ ﴾١٦١﴿
  • എന്നാല്‍, നിങ്ങളും, നിങ്ങള്‍ ആരാധിച്ചുവരുന്നവയും തന്നെ, -
  • فَإِنَّكُمْ എന്നാല്‍ നിങ്ങള്‍ وَمَا تَعْبُدُونَ നിങ്ങള്‍ ആരാധിച്ചു വരുന്നവയും
37:162
  • مَآ أَنتُمْ عَلَيْهِ بِفَٰتِنِينَ ﴾١٦٢﴿
  • നിങ്ങള്‍ അവന് [അല്ലാഹുവിന്] എതിരില്‍ കുഴപ്പത്തിലാക്കുന്നവരല്ല;-
  • مَا أَنتُمْ നിങ്ങളല്ല (ഇല്ല) عَلَيْهِ അവന്‍റെമേല്‍ (എതിരായി) بِفَاتِنِينَ കുഴപ്പത്തിലാക്കുന്നവര്‍
37:163
  • إِلَّا مَنْ هُوَ صَالِ ٱلْجَحِيمِ ﴾١٦٣﴿
  • ഏതൊരുവന്‍ ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണോ അവനെയല്ലാതെ.
  • إِلَّا مَنْ യാതൊരുവനെയല്ലാതെ هُوَ അവന്‍ صَالِ الْجَحِيمِ ജ്വലിക്കുന്ന നരകത്തില്‍ കടന്നെരിയുന്നവനാണ്

ഹേ, മുശ്രിക്കുകളേ, നരകാഗ്നിയില്‍ കടന്നെരിയുവാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നവരും, സത്യവിശ്വാസം സ്വീകരിക്കുകയില്ലെന്നു അല്ലാഹുവിനറിയാവുന്നവരുമായ ആളുകളെമാത്രമേ നിങ്ങള്‍ക്കു വഴിപിഴപ്പിക്കുവാനും, കുഴപ്പത്തിലാക്കുവാനും സാധിക്കുകയുള്ളു. അല്ലാതെ, അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനു വിരുദ്ധമായി മറ്റാരെയും കുഴപ്പത്തിലാക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല എന്നു സാരം. മലക്കുകളെക്കുറിച്ചു മുശ്രിക്കുകള്‍ ധരിക്കുകയും, വാദിക്കുകയും ചെയ്യുന്ന ചിലതെല്ലാം മുകളില്‍ പറഞ്ഞുവല്ലോ. എന്നാല്‍, മലക്കുകളുടെ നിലയെന്തായിരിക്കും? അവരുടെ വാചകങ്ങളില്‍തന്നെ അല്ലാഹു അതു ചൂണ്ടിക്കാട്ടുന്നു. മലക്കുകള്‍ പറയുകയാണ്‌:-

37:164
  • وَمَا مِنَّآ إِلَّا لَهُۥ مَقَامٌ مَّعْلُومٌ ﴾١٦٤﴿
  • 'ഞങ്ങളില്‍പെട്ടവര്‍ക്കു (ഒരാള്‍ക്കും തന്നെ) ഒരു അറിയപ്പെട്ട (നിശ്ചിത) സ്ഥാനം ഇല്ലാതേയില്ല.
  • وَمَا مِنَّا ഞങ്ങളില്‍നിന്നു (ഒരാളും) ഇല്ല إِلَّا لَهُ തനിക്കില്ലാതെ مَقَامٌ ഒരുസ്ഥാനം مَّعْلُومٌ അറിയപ്പെട്ട (നിര്‍ണ്ണയിക്കപ്പെട്ട, നിശ്ചിത)
37:165
  • وَإِنَّا لَنَحْنُ ٱلصَّآفُّونَ ﴾١٦٥﴿
  • 'നിശ്ചയമായും ഞങ്ങള്‍തന്നെയാണ്, അണികെട്ടി നില്‍ക്കുന്നവരും.'
  • وَإِنَّا لَنَحْنُ നിശ്ചയമായും ഞങ്ങള്‍തന്നെ الصَّافُّونَ അണികെട്ടിനില്‍ക്കുന്നവര്‍
37:166
  • وَإِنَّا لَنَحْنُ ٱلْمُسَبِّحُونَ ﴾١٦٦﴿
  • 'നിശ്ചയമായും, ഞങ്ങള്‍തന്നെയാണ് 'തസ്ബീഹ്' [അല്ലാഹുവിന്‍റെ പ്രകീര്‍ത്തനം] നടത്തുന്നവരും.'
  • وَإِنَّا لَنَحْنُ ഞങ്ങള്‍ തന്നെയാണ് الْمُسَبِّحُونَ തസ്ബീഹു നടത്തുന്നവരും

ഓരോ മലക്കിനും ഓരോ നിശ്ചിത പദവിയും സ്ഥാനവുമുണ്ട്. അതനുസരിച്ചായിരിക്കും അവരുടെ ആരാധനാകര്‍മ്മങ്ങളും, ദൈവ കീര്‍ത്തനങ്ങളും തുടങ്ങി എല്ലാ കാര്യങ്ങളും നടത്തപ്പെടുന്നത്. അവരവരുടെ നിലപാടനുസരിച്ചുള്ള സ്ഥാനങ്ങളില്‍ അണിനിരന്നുകൊണ്ടായിരിക്കും അവര്‍ തങ്ങളുടെ കര്‍മ്മങ്ങള്‍ നടത്തുക. അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെയും, പരിശുദ്ധതയെയും പ്രകീര്‍ത്തനം ചെയ്യുക അവരുടെ നിത്യപതിവാകുന്നു. സൂറത്തിന്റെ ആദ്യത്തില്‍ മലക്കുകളെപ്പറ്റി പ്രസ്താവിച്ച പല കാര്യങ്ങളും ഇവിടെയും സ്മരണീയമാണ്.

വക്താക്കളുടെ പേര്‍ വ്യക്തമായി പ്രസ്താവിക്കാതെയുള്ള ഉദ്ധരണികള്‍ ഇതുപോലെ ഖുര്‍ആനില്‍ വേറെയും പലതും കാണാം. അതിന്റെ സാഹിത്യ ശൈലികളില്‍ ഒന്നാണത്. അവയുടെ വക്താക്കള്‍ ആരാണെന്നു സന്ദര്‍ഭംകൊണ്ടു മനസ്സിലാക്കേണ്ടതും, മനസ്സിലാക്കാവുന്നതുമാകുന്നു. ഈ മൂന്നു വചനങ്ങളുടെ വക്താക്കള്‍ മലക്കുകളാണെന്നാണ് മിക്കവാറും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ അഭിപ്രായം. കൂടുതല്‍ വ്യക്തവും അനുയോജ്യവും അതുതന്നെ. സത്യവിശ്വാസികളുടെ വാക്കുകളെന്ന നിലക്കാണവ ഉദ്ധരിച്ചിട്ടുള്ളതെന്നും ചുരുക്കം ചിലര്‍ പ്രസ്താവിച്ചു കാണുന്നു. മുശ്രിക്കുകളെ സംബന്ധിച്ചാണ് അടുത്ത വചനങ്ങളില്‍ പറയുന്നത്:

37:167
  • وَإِن كَانُوا۟ لَيَقُولُونَ ﴾١٦٧﴿
  • നിശ്ചയമായും അവര്‍ പറഞ്ഞു വന്നിരുന്നു:
  • وَإِن كَانُوا നിശ്ചയമായും അവരായിരുന്നു لَيَقُولُونَ പറയും
37:168
  • لَوْ أَنَّ عِندَنَا ذِكْرًا مِّنَ ٱلْأَوَّلِينَ ﴾١٦٨﴿
  • ഞങ്ങളുടെ അടുക്കല്‍ പൂര്‍വ്വികന്‍മാരില്‍ നിന്നുള്ള വല്ല (വേദ) പ്രമാണവും ഉണ്ടായിരുന്നുവെങ്കില്‍,-
  • لَوْ أَنَّ عِندَنَا ഞങ്ങളുടെ അടുക്കല്‍ ഉണ്ടായിരുന്നെങ്കില്‍ ذِكْرًا വല്ല പ്രമാണവും, പ്രബോധനവും مِّنَ الْأَوَّلِينَ പൂര്‍വ്വികന്‍മാരില്‍നിന്നു
37:169
  • لَكُنَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ ﴾١٦٩﴿
  • 'ഞങ്ങള്‍ അല്ലാഹുവിന്‍റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധന്മാരായ) അടിയാന്‍മാരായിരുന്നേനെ!'
  • لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു عِبَادَ اللَّـهِ അല്ലാഹുവിന്‍റെ അടിയാന്‍മാര്‍ الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട, ശുദ്ധരാക്കപ്പെട്ട
37:170
  • فَكَفَرُوا۟ بِهِۦ ۖ فَسَوْفَ يَعْلَمُونَ ﴾١٧٠﴿
  • എന്നിട്ട് ഇതില്‍ (ഈ വേദഗ്രന്ഥത്തില്‍) അവര്‍ അവിശ്വസിച്ചു. അതിനാല്‍, വഴിയെ അവര്‍ക്കു അറിയാറാകും.
  • فَكَفَرُوا بِهِ എന്നിട്ടു അവര്‍ അതില്‍ (ഇതില്‍) അവിശ്വസിച്ചു فَسَوْفَ അതിനാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയും, അവര്‍ക്കറിയാം

തങ്ങള്‍ക്കൊരു വേദഗ്രന്ഥം ഉണ്ടായിരുന്നുവെങ്കില്‍ തങ്ങള്‍ നിഷ്കളങ്കരായ സജ്ജനങ്ങളാകുമായിരുന്നുവെന്നു മോഹിച്ചും, പറഞ്ഞുംകൊണ്ടിരുന്ന അവര്‍ക്കു ഖുര്‍ആനാകുന്ന വേദഗ്രന്ഥം വന്നപ്പോള്‍, സന്തോഷപൂര്‍വ്വം അതു സ്വീകരിക്കുന്നതിനു പകരം അതിനെ നിഷേധിക്കയാണ് അവര്‍ ചെയ്തത്, അതിന്റെ ഫലം വഴിയെ അവര്‍ക്കറിയാമെന്നു അല്ലാഹു താക്കീതു ചെയ്യുന്നു. സൂ: ഫാത്ത്വിര്‍ 42ല്‍ ഇതിനെപ്പറ്റി പ്രസ്താവിച്ചതു ഓര്‍ക്കുക.

37:171
  • وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا ٱلْمُرْسَلِينَ ﴾١٧١﴿
  • 'മു൪സലു'കളായ നമ്മുടെ അടിയാന്‍മാര്‍ക്കു നമ്മുടെ വാക്കു മുമ്പു (തന്നെ) ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട്:
  • وَلَقَدْ سَبَقَتْ തീര്‍ച്ചയായും മുമ്പുണ്ടായിട്ടുണ്ടു, മുന്‍കഴിഞ്ഞിരിക്കുന്നു كَلِمَتُنَا നമ്മുടെ വാക്കു, വാക്യം لِعِبَادِنَا നമ്മുടെ അടിയാന്‍മാര്‍ക്കു الْمُرْسَلِينَ മൂര്‍സലുകളായ

37:172
  • إِنَّهُمْ لَهُمُ ٱلْمَنصُورُونَ ﴾١٧٢﴿
  • 'നിശ്ചയമായും അവര്‍ത്തന്നെയാണ് സഹായം നല്‍കപ്പെടുന്നവര്‍' എന്ന് :-
  • إِنَّهُمْ നിശ്ചയമായും അവര്‍ لَهُمُ അവര്‍ തന്നെ الْمَنصُورُونَ സഹായം നല്‍കപ്പെടുന്നവര്‍
37:173
  • وَإِنَّ جُندَنَا لَهُمُ ٱلْغَٰلِبُونَ ﴾١٧٣﴿
  • 'നമ്മുടെ സൈന്യം തന്നെയാണ് വിജയികള്‍' എന്നും!
  • وَإِنَّ جُندَنَا നിശ്ചയമായും നമ്മുടെ സൈന്യം لَهُمُ അവര്‍ തന്നെ الْغَالِبُونَ വിജയികള്‍, ശക്തികവിഞ്ഞവര്‍

നബി (സ്വ) തിരുമേനിക്കും, സത്യവിശ്വാസികള്‍ക്കും – ലോകാവസാനംവരെയുള്ള എല്ലാ സത്യവിശ്വാസികള്‍ക്കും – അങ്ങേഅറ്റം മനസ്സമാധാനവും ധൈര്യവും പ്രദാനം ചെയ്യുന്ന ഒരു മഹത്തായ വാക്യമാണിത്. അതെ, അല്ലാഹുവില്‍നിന്നുള്ള മഹത്തായ ഒരു വാഗ്ദാനം! പൂര്‍വ്വികന്‍മാരായ മൂര്‍സലുകളടക്കം എല്ലാവരോടും നല്‍കി വന്നിട്ടുള്ള വാഗ്ദാനമത്രെ അത്. മുര്‍സലുകളും, അവരുടെ യഥാര്‍ത്ഥ അനുയായികളുമായിരിക്കും അല്ലാഹുവിന്റെ സഹായത്തിനു പാത്രമാകുക, ഇഹത്തിലും പരത്തിലും വിജയം കൈവരുന്നതും അവര്‍ക്കായിരിക്കും. ഇതാണാ വാഗ്ദാനം. നബിമാരുടെ അനുയായികള്‍ നേരായ മാര്‍ഗ്ഗം തെറ്റാതിരുന്ന എല്ലാ കാലത്തും ഇതു അനുഭവത്തില്‍ വന്നിട്ടുമുണ്ട്. മേലിലും തുടരുകയും ചെയ്യും. ഏതെങ്കിലും രംഗങ്ങളില്‍ വല്ലപ്പോഴും പ്രത്യക്ഷത്തില്‍ ഇതിനെതിരു സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിനു പ്രത്യേക കാരണവുമുണ്ടായിരിക്കും. ഏതായാലും അന്തിമവിജയം അവര്‍ക്കുതന്നെ ആയിരിക്കുകയും ചെയ്യും. وَالْعَاقِبَةُ لِلْمُتَّقِينَ (ശുഭപര്യവസാനം ഭയഭക്തന്മാര്‍ക്കായിരിക്കും). സൂറത്തുല്‍ മുഅ്മിനില്‍ അല്ലാഹു പറയുന്നു:

إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ – المؤمن 51

(നിശ്ചയമായും നമ്മുടെ ദൂതന്‍മാരെയും, വിശ്വസിച്ചിട്ടുള്ളവരെയും, ഐഹിക ജീവിതത്തിലും സാക്ഷികള്‍ നില്‍കുന്ന ദിവസവും – ഖിയാമത്തു നാളിലും – നാം സഹായിക്കുന്നതാണ്. 40:51.)

അല്ലാഹുവില്‍ നിന്നുള്ള വിജയവും സഹായവും ലഭിക്കുന്ന സത്യവിശ്വാസികളില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പ്പെടുത്തട്ടെ. ആമീന്‍.

37:174
  • فَتَوَلَّ عَنْهُمْ حَتَّىٰ حِينٍ ﴾١٧٤﴿
  • (നബിയേ) അതിനാല്‍, ഒരു (കുറഞ്ഞ) സമയംവരേക്കും നീ അവരില്‍ നിന്നു തിരിഞ്ഞുകളയുക.
  • فَتَوَلَّ ആകയാല്‍ നീ തിരിഞ്ഞുകളയുക, മാറുക عَنْهُمْ അവരില്‍നിന്നു, അവരെവിട്ട് حَتَّىٰ حِينٍ ഒരു സമയം (കാലം) വരെ
37:175
  • وَأَبْصِرْهُمْ فَسَوْفَ يُبْصِرُونَ ﴾١٧٥﴿
  • അവരെ(ക്കുറിച്ച്) നീ കണ്ടറിയുകയും ചെയ്യുക. അവര്‍ വഴിയെ കണ്ടറിഞ്ഞേക്കുന്നതാണ്!
  • وَأَبْصِرْهُمْ അവരെ കാണുകയും (കണ്ടറിയുകയും) ചെയ്യുക فَسَوْفَ എന്നാല്‍ വഴിയെ يُبْصِرُونَ അവര്‍ കാണും, കണ്ടറിയും

അല്‍പകാലംകൂടി ക്ഷമിച്ചാല്‍മതി, അപ്പോഴേക്കും സത്യവിശ്വാസികളുടെ വിജയവും, ഈ അവിശ്വാസികളുടെ പരാജയവും സാക്ഷാല്‍ക്കരിക്കപ്പെടുമെന്നു അല്ലാഹു നബി(സ്വ)യെ ഉണര്‍ത്തുന്നു. ഈ വാഗ്ദാനം ഏറെത്താമസിയാതെ ശരിക്കും അനുഭവത്തില്‍ വന്നിട്ടുണ്ടെന്നു പറയേണ്ടതില്ലല്ലോ.

37:176
  • أَفَبِعَذَابِنَا يَسْتَعْجِلُونَ ﴾١٧٦﴿
  • എന്നിരിക്കെ, നമ്മുടെ ശിക്ഷയെക്കുറിച്ചാണോ അവര്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നത്?!
  • أَفَبِعَذَابِنَا എന്നിരിക്കെ നമ്മുടെ ശിക്ഷയെക്കുറിച്ചോ يَسْتَعْجِلُونَ അവര്‍ ധൃതി കൂട്ടുന്നതു

37:177
  • فَإِذَا نَزَلَ بِسَاحَتِهِمْ فَسَآءَ صَبَاحُ ٱلْمُنذَرِينَ ﴾١٧٧﴿
  • എന്നാല്‍, അതവരുടെ മുറ്റത്തു (അവരില്‍) വന്നിറങ്ങിയാല്‍. അപ്പോള്‍ (ആ) മുന്നറിയിപ്പു നല്‍കപ്പെട്ടവരുടെ പ്രഭാതം എത്രയോ മോശപ്പെട്ടതായിരിക്കും!
  • فَإِذَا نَزَلَ എന്നാലതു ഇറങ്ങിവന്നാല്‍ بِسَاحَتِهِمْ അവരുടെ മുറ്റത്തു, അങ്കണത്തില്‍, ഉമ്മറത്തു فَسَاءَ അപ്പോള്‍ വളരെ മോശമായിരിക്കും صَبَاحُ الْمُنذَرِينَ താക്കീതു ചെയ്യപ്പെട്ടവരുടെ പ്രഭാതം

നമ്മുടെ ശിക്ഷയെക്കുറിച്ചു പരിഹസിച്ച് തിരക്കുകൂട്ടേണ്ടതില്ല. അതു താമസംവിനാ അവരുടെ ഉമ്മറത്തു വന്നെത്താതിരിക്കയില്ല. അതു വരുന്ന ദിവസം അതവരുടെ ദിവസങ്ങളില്‍വെച്ച് ഏറ്റവും മോശപ്പെട്ടതായിരിക്കും. അന്നത്തെ പ്രഭാതം അവരില്‍ പുലരുന്നതു അവര്‍ക്കു ഏറ്റവും വലിയ ദുശ്ശകുനവുമായിരിക്കും.

37:178
  • وَتَوَلَّ عَنْهُمْ حَتَّىٰ حِينٍ ﴾١٧٨﴿
  • (നബിയേ) അതിനാല്‍, ഒരു (കുറഞ്ഞ) സമയം വരേക്കും നീ അവരില്‍നിന്നു തിരിഞ്ഞുകളയുക.
  • وَتَوَلَّ അതിനാല്‍ നീ മാറി (തിരിഞ്ഞു) പോകുക عَنْهُمْ അവരില്‍നിന്നു حَتَّىٰ حِينٍ ഒരു (കുറച്ചു) കാലം (സമയം) വരെ
37:179
  • وَأَبْصِرْ فَسَوْفَ يُبْصِرُونَ ﴾١٧٩﴿
  • നീ കണ്ടറിയുകയും ചെയ്യുക; വഴിയെ അവര്‍ കണ്ടറിഞ്ഞേക്കുന്നതാണ്.
  • وَأَبْصِرْ കാണുക (കണ്ടറിയുക, നോക്കുക)യും ചെയ്യുക فَسَوْفَ എന്നാല്‍ വഴിയെ يُبْصِرُونَ അവര്‍ കണ്ടറിയും

വിഷയത്തിന്റെ ഗൗരവം നിമിത്തം അല്ലാഹു അവരെ ആവര്‍ത്തിച്ചു താക്കീതുചെയ്യുകയാണ്. ഈ സൂറത്തില്‍ ഇതേവരെ പ്രസ്താവിച്ച വിഷയങ്ങളുടെ രത്നച്ചുരുക്കവും, അവയില്‍നിന്നു ലഭിക്കേണ്ടുന്ന പാഠങ്ങളുടെ സംക്ഷിപ്ത സാരവും അടങ്ങുന്നതാണ് അടുത്ത വചനം. അതോടെ അല്ലാഹു ഈ അദ്ധ്യായം അവസാനിപ്പിക്കുകയും ചെയ്യുന്നു.

37:180
  • سُبْحَٰنَ رَبِّكَ رَبِّ ٱلْعِزَّةِ عَمَّا يَصِفُونَ ﴾١٨٠﴿
  • പ്രതാപത്തിന്‍റെ ഉടമസ്ഥനായ നിന്‍റെ റബ്ബ് (അവനെക്കുറിച്ച്) അവര്‍ വര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും എത്രയോ പരിശുദ്ധന്‍!
  • سُبْحَانَ എത്രയോ (വളരെ) പരിശുദ്ധന്‍ (പരിശുദ്ധപ്പെടുത്തുന്നു) رَبِّكَ നിന്‍റെ റബ്ബ്, റബ്ബിനെ رَبِّ الْعِزَّةِ പ്രതാപത്തിന്‍റെ റബ്ബായ (നാഥനായ, ഉടമസ്ഥനായ) عَمَّا يَصِفُونَ അവര്‍ വര്‍ണ്ണിച്ചു (വിവരിച്ചു) പറയുന്നതില്‍നിന്നു
37:181
  • وَسَلَٰمٌ عَلَى ٱلْمُرْسَلِينَ ﴾١٨١﴿
  • മുര്‍സലുകളുടെ പേരില്‍ 'സലാമും' [സമാധാനശാന്തിയും]!!
  • وَسَلَامٌ സലാമും, സമധാനശാന്തിയും عَلَى الْمُرْسَلِينَ മുര്‍സലുകളുടെമേല്‍
37:182
  • وَٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ ﴾١٨٢﴿
  • സര്‍വ്വസ്തുതിയും (സര്‍വ്വ) ലോകരക്ഷിതാവായ അല്ലാഹുവിനും!!!
  • وَالْحَمْدُ സ്തുതി, പുകഴ്ച്ച(യെല്ലാം) لِلَّـهِ അല്ലാഹുവിനു (മാത്രമാണ്) رَبِّ الْعَالَمِينَ ലോക (ലോകരുടെ) രക്ഷിതാവായ

رَبّ (റബ്ബ്) എന്ന വാക്കിന് ‘രക്ഷിതാവ്, വളര്‍ത്തുന്നവന്‍, ഉടമസ്ഥന്‍, യജമാനന്‍, നാഥന്‍, തമ്പുരാന്‍’ എന്നൊക്കെ സന്ദര്‍ഭോചിതം അര്‍ത്ഥം വരുന്നതാണ്. തസ്ബീഹിന്റെ വാക്യമായ سُبْحَانَ اللهِ (സുബ്ഹാനല്ലാഹി) എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെപ്പറ്റി സൂ: റൂം 17ന്റെ വിവരണത്തില്‍ പ്രസ്താവിച്ചതു ഓര്‍ക്കുക. എല്ലാവിധ പോരായ്മയില്‍നിന്നും, എല്ലാവിധ ന്യൂനതകളില്‍നിന്നും അല്ലാഹു തികച്ചും പരിശുദ്ധനാണെന്ന പ്രകീര്‍ത്തനമാണ് ‘തസ്ബീഹ്’ എല്ലാ മഹത്വത്തിന്റെയും, പ്രതാപത്തിന്റെയും, പരിപൂര്‍ണ്ണതയുടെയും പാരമ്യം പ്രാപിച്ചവനെന്ന നിലക്കു അല്ലാഹുവിനെ സ്തുതിച്ചു വാഴ്ത്തുന്ന സ്തോത്രമാണ് ‘ഹംദു’ (الْحَمْدُ لِلَّـهِ) അതുകൊണ്ടാണ് ഇവിടെയും മറ്റു പല സ്ഥലങ്ങളിലും തസ്ബീഹും ഹംദും ഒന്നിച്ചുപറയപ്പെടുന്നത്. തസ്ബീഹിനും ഹംദിനും ഇടയില്‍വെച്ചു അല്ലാഹുവിന്റെ ദൗത്യവാഹകന്‍മാരും, സന്ദേശ പ്രബോധകന്‍മാരുമായ മുര്‍സലുകള്‍ക്കു സമധാനശാന്തി നേര്ന്നിട്ടുള്ളതു മുര്‍സലുകളുടെ മഹത്തായ സ്ഥാനപദവിയെ കുറിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ കുറിച്ചുള്ള ബോധവും, അറിവും ഉണ്ടായിരിക്കുക, മുര്‍സലുകളുടെ അദ്ധ്യാപനങ്ങളെ അനുഗമിക്കുക, ഇതില്‍പരം ഉല്‍കൃഷ്ടമായ മറ്റൊന്നുംതന്നെ ഇല്ലല്ലോ.

നമസ്കാരത്തിനുശേഷവും മറ്റും ഈ മൂന്നു വചനങ്ങള്‍ ചൊല്ലുവാന്‍ ചില ഹദീസുകളില്‍ പ്രോത്സാഹനം നല്‍കപ്പെട്ടിട്ടുണ്ട്. ഇബ്നുഅബീ ഹാതിം (റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ഖിയാമത്തുനാളില്‍ ഏറ്റവും മികവായ താപ്പുകൊണ്ടു പ്രതിഫലം അളന്നുകിട്ടുവാന്‍ ആര്‍ക്കെങ്കിലും സന്തോഷമുള്ള പക്ഷം, അവന്‍ ഇരിക്കുന്ന ഇരിപ്പിടത്തില്‍ നിന്നു അവസാനം എഴുന്നേറ്റുപോകുവാനുദ്ദേശിക്കുമ്പോള്‍ ഈ വചനങ്ങള്‍ (മൂന്നും) പറഞ്ഞു കൊള്ളട്ടെ.’

. سُبْحَانَ رَبِّكَ رَبِّ الْعِزَّةِ عَمَّا يَصِفُونَ .وَسَلَامٌ عَلَى الْمُرْسَلِينَ .وَالْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ

(رواه ابن ابي حاتم عن الشعبى مرفوعا وعن على موقوفا)
—————–

(النبيبض ضحوة يوم الجمعة ٢٢ ربيع الاول ١٣٨٩ ام والتوبد صباح يوم الاثنين ٢٨ جمادى الاول ٨٣١ ه)