വിഭാഗം - 4

37:114
  • وَلَقَدْ مَنَنَّا عَلَىٰ مُوسَىٰ وَهَٰرُونَ ﴾١١٤﴿
  • തീര്‍ച്ചയായും, മൂസായുടെയും ഹാറൂന്റെയും പേരില്‍ നാം ദാക്ഷിണ്യം (അഥവാ അനുഗ്രഹം) ചെയ്തിരിക്കുന്നു.
  • وَلَقَدْ مَنَنَّا തീര്‍ച്ചയായും നാം ദാക്ഷിണ്യം (അനുഗ്രഹം) ചെയ്തിരിക്കുന്നു عَلَىٰ مُوسَىٰ മൂസായുടെ മേല്‍ وَهَارُونَ ഹാറൂന്‍റെയും
37:115
  • وَنَجَّيْنَٰهُمَا وَقَوْمَهُمَا مِنَ ٱلْكَرْبِ ٱلْعَظِيمِ ﴾١١٥﴿
  • രണ്ടുപേരെയും, അവരുടെ ജനതയെയും വമ്പിച്ച സങ്കടത്തില്‍ [വിപത്തില്‍] നിന്നു നാം രക്ഷപ്പെടുത്തുകയും ചെയ്തു.
  • وَنَجَّيْنَاهُمَا രണ്ടുപേരെയും നാം രക്ഷപ്പെടുത്തുകയും ചെയ്തു وَقَوْمَهُمَا അവരുടെയും ജനതയെയും مِنَ الْكَرْبِ സങ്കടത്തില്‍ (ദുഃഖത്തില്‍) നിന്നു الْعَظِيمِ വമ്പിച്ച, മഹാ
37:116
  • وَنَصَرْنَٰهُمْ فَكَانُوا۟ هُمُ ٱلْغَٰلِبِينَ ﴾١١٦﴿
  • അവരെ നാം സഹായിക്കയും ചെയ്തു. അങ്ങനെ, വിജയികള്‍ അവര്‍ തന്നെ ആയിത്തീര്‍ന്നു.
  • وَنَصَرْنَاهُمْ അവരെ നാം സഹായിക്കുകയും ചെയ്തു فَكَانُوا അങ്ങനെഅവരായി هُمُ അവര്‍ തന്നെ الْغَالِبِينَ വിജയികള്‍

ഇസ്രാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ കൊലപ്പെടുത്തുക, അടിമകളാക്കുക, കഠിന ജോലികള്‍ ചെയ്യിക്കുക തുടങ്ങി ഫിര്‍ഔന്‍ നടത്തിയിരുന്ന അക്രമങ്ങളാണ് വമ്പിച്ച സങ്കടം – അഥവാ വിപത്തു – എന്നു പറഞ്ഞത്. ഇസ്രാഈല്യര്‍ ഫിര്‍ഔനില്‍നിന്നു രക്ഷപ്പെട്ടതും, പിന്നീടു പ്രതാപവും സംസ്കാരവും സിദ്ധിച്ച ജനതയായിത്തീര്‍ന്നതും പ്രസിദ്ധമാണല്ലോ.

37:117
  • وَءَاتَيْنَٰهُمَا ٱلْكِتَٰبَ ٱلْمُسْتَبِينَ ﴾١١٧﴿
  • രണ്ടുപേര്‍ക്കും നാം (ആ) വ്യക്തമായി വിവരിക്കുന്ന ഗ്രന്ഥം [തൗറാത്തു] നല്‍കുകയും ചെയ്തു.
  • وَآتَيْنَاهُمَا രണ്ടാള്‍ക്കും നാം കൊടുക്കുകയും ചെയ്തു الْكِتَابَ വേദഗ്രന്ഥം الْمُسْتَبِينَ വ്യക്തമായി വിവരിക്കുന്ന
37:118
  • وَهَدَيْنَٰهُمَا ٱلصِّرَٰطَ ٱلْمُسْتَقِيمَ ﴾١١٨﴿
  • രണ്ടുപേര്‍ക്കും നാം ചൊവ്വായ പാത കാട്ടിക്കൊടുക്കുകയും ചെയ്തു.
  • وَهَدَيْنَاهُمَا രണ്ടുപേര്‍ക്കും നാം കാട്ടിക്കൊടുക്കുകയും ചെയ്തു الصِّرَاطَ പാത, വഴി الْمُسْتَقِيمَ ചൊവ്വായ, നേരായ
37:119
  • وَتَرَكْنَا عَلَيْهِمَا فِى ٱلْءَاخِرِينَ ﴾١١٩﴿
  • രണ്ടാളുടെമേലും, പിന്നീടു വരുന്നവരില്‍ നാം (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
  • وَتَرَكْنَا നാം ബാക്കിയാക്കുകയും ചെയ്തു عَلَيْهِمَا രണ്ടാളുടെ പേരിലും فِي الْآخِرِينَ പിന്നീടുള്ളവരില്‍
37:120
  • سَلَٰمٌ عَلَىٰ مُوسَىٰ وَهَٰرُونَ ﴾١٢٠﴿
  • മൂസായുടെയും, ഹാറൂന്റെയും പേരില്‍ 'സലാം' [സംധാനശാന്തി]!.
  • سَلَامٌ സലാം عَلَىٰ مُوسَىٰ മൂസായുടെ മേല്‍ وَهَارُونَ ഹാറൂന്റെയും
37:121
  • إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾١٢١﴿
  • നാം അങ്ങിനെയാണ് സുകൃതവാന്മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
  • إِنَّا നിശ്ചയമായും നാം كَذَٰلِكَ അപ്രകാരം نَجْزِي നാം പ്രതിഫലം നല്‍കുന്നു الْمُحْسِنِينَ സുകൃതവാന്മാര്‍ക്കു

37:122
  • إِنَّهُمَا مِنْ عِبَادِنَا ٱلْمُؤْمِنِينَ ﴾١٢٢﴿
  • നിശ്ചയമായും, അവര്‍ രണ്ടുപേരും നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍ പെട്ടവരാണ്.
  • إِنَّهُمَا നിശ്ചയമായും അവര്‍ രണ്ടാളും مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവരാണ് الْمُؤْمِنِينَ സത്യവിശ്വാസികളായ
37:123
  • وَإِنَّ إِلْيَاسَ لَمِنَ ٱلْمُرْسَلِينَ ﴾١٢٣﴿
  • ഇല്‍യാസും തന്നെ, 'മുര്‍സലുകളില്‍ പെട്ടവനാകുന്നു.
  • وَإِنَّ إِلْيَاسَ നിശ്ചയമായും ഇല്‍യാസും لَمِنَ الْمُرْسَلِينَ മൂര്‍സലുകളില്‍ പെട്ടവന്‍തന്നെ
37:124
  • إِذْ قَالَ لِقَوْمِهِۦٓ أَلَا تَتَّقُونَ ﴾١٢٤﴿
  • അദ്ദേഹം തന്റെ ജനതയോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): 'നിങ്ങള്‍ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!
  • إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്റെ ജനതയോട് أَلَا تَتَّقُونَ നിങ്ങള്‍ സൂക്ഷിക്കുന്നില്ലേ
37:125
  • أَتَدْعُونَ بَعْلًا وَتَذَرُونَ أَحْسَنَ ٱلْخَٰلِقِينَ ﴾١٢٥﴿
  • 'നിങ്ങള്‍ 'ബഅ്-ലി'നെ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുകയും, ഏറ്റവും നല്ല സൃഷ്ടാവിനെ വിട്ടുകളയുകയും ചെയ്യുകയാണോ?-
  • أَتَدْعُونَ നിങ്ങള്‍ വിളിക്കുന്നുവോ بَعْلًا 'ബഅ്-ലി'നെ وَتَذَرُونَ നിങ്ങള്‍ വിട്ടുകളയുകയും أَحْسَنَ الْخَالِقِينَ സൃഷ്ടികര്‍ത്താക്കളില്‍ ഏറ്റവും ഉത്തമനെ (ഏറ്റവും നല്ല സൃഷ്ടാവിനെ)
37:126
  • ٱللَّهَ رَبَّكُمْ وَرَبَّ ءَابَآئِكُمُ ٱلْأَوَّلِينَ ﴾١٢٦﴿
  • 'അതായതു, നിങ്ങളുടെ രക്ഷിതാവും, നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവുമായ അല്ലാഹുവിനെ!'
  • اللَّـهَ അതായതു അല്ലാഹുവിനെ رَبَّكُمْ നിങ്ങളുടെ രക്ഷിതാവായ وَرَبَّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും രക്ഷിതാവായ الْأَوَّلِينَ പൂര്‍വ്വികന്‍മാരായ
37:127
  • فَكَذَّبُوهُ فَإِنَّهُمْ لَمُحْضَرُونَ ﴾١٢٧﴿
  • എന്നിട്ടു അവര്‍ അദ്ദേഹത്തെ വ്യാജമാക്കി. അതിനാല്‍ അവര്‍ നിശ്ചയമായും (ശിക്ഷയില്‍) ഹാജറാക്കപ്പെടുന്നവരാകുന്നു:-
  • فَكَذَّبُوهُ എന്നിട്ടവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَإِنَّهُمْ അതിനാല്‍ അവര്‍ لَمُحْضَرُونَ ഹാജറാക്കപ്പെടുന്നവര്‍ തന്നെ
37:128
  • إِلَّا عِبَادَ ٱللَّهِ ٱلْمُخْلَصِينَ ﴾١٢٨﴿
  • അല്ലാഹുവിന്റെ കളങ്കരഹിതരാക്കപ്പെട്ട (ശുദ്ധരായ) അടിയാന്‍മാരൊഴികെ.
  • إِلَّا عِبَادَ اللَّـهِ അല്ലാഹുവിന്റെ അടിയാന്‍മാരൊഴികെ الْمُخْلَصِينَ കളങ്കരഹിതരാക്ക (ശുദ്ധിയാക്ക)പ്പെട്ട
37:129
  • وَتَرَكْنَا عَلَيْهِ فِى ٱلْءَاخِرِينَ ﴾١٢٩﴿
  • അദ്ദേഹത്തിന്റെ മേല്‍ നാം പിന്നീടുള്ളവരില്‍ (സല്‍കീര്‍ത്തി) ബാക്കിയാക്കുകയും ചെയ്തു.
  • وَتَرَكْنَا നാം ബാക്കിയാക്കുകയും ചെയ്തു عَلَيْهِ അദ്ദേഹത്തിന്റെമേല്‍ فِي الْآخِرِينَ പിന്നീടുള്ളവരില്‍
37:130
  • سَلَٰمٌ عَلَىٰٓ إِلْ يَاسِينَ ﴾١٣٠﴿
  • ഇല്‍യാസിന്റെ (അഥവാ ഇല്‍യാസിന്റെ ആള്‍ക്കാരുടെ) മേല്‍ സലാം [സമധാനശാന്തി]!
  • سَلَامٌ സലാം عَلَىٰ إِلْ يَاسِينَ ഇല്‍യാസിന്റെമേല്‍, ഇല്‍യാസിന്റെ ആള്‍ക്കാരില്‍

37:131
  • إِنَّا كَذَٰلِكَ نَجْزِى ٱلْمُحْسِنِينَ ﴾١٣١﴿
  • നാം അപ്രകാരമാണ് സുകൃതവാന്‍മാര്‍ക്കു പ്രതിഫലം കൊടുക്കുന്നത്.
  • إِنَّا كَذَٰلِكَ നിശ്ചയമായും നാം അപ്രകാരം نَجْزِي الْمُحْسِنِينَ സുകൃതവാന്‍മാര്‍ക്കു പ്രതിഫലം നല്‍കുന്നു
37:132
  • إِنَّهُۥ مِنْ عِبَادِنَا ٱلْمُؤْمِنِينَ ﴾١٣٢﴿
  • നിശ്ചയമായും അദ്ദേഹം നമ്മുടെ സത്യവിശ്വാസികളായ അടിയാന്‍മാരില്‍പെട്ടവനാകുന്നു.
  • إِنَّهُ നിശ്ചയമായും അദ്ദേഹം مِنْ عِبَادِنَا നമ്മുടെ അടിയാന്‍മാരില്‍ പെട്ടവനാണ് الْمُؤْمِنِينَ സത്യവിശാസികളായ

ഹാറൂന്‍ (عليه السلام) നബിയുടെ സന്തതികളില്‍പെട്ട ഒരു ഇസ്രാഈലീ പ്രവാചകനായിരുന്നു ഇല്‍യാസ് നബി (عليه السلام) എന്നാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. യൂശഉ് (يوشع – عليه السلام) നബിയുടെ പിന്‍ഗാമിയായിരുന്നുവെന്നും ചിലര്‍ പ്രസ്താവിക്കുന്നു. അദ്ദേഹത്തിന്റെജനത ആരാധിച്ചുവന്നിരുന്ന ഒരു വിഗ്രഹമാണ്‌ ‘ബഅ്-ല്‍’ (بعل) എന്നും, അദ്ദേഹത്തിന്റെ രാജ്യം ബഅ്-ലബക്ക് (بعلبك) ആയിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. ബൈബ്ളില്‍ (1 രാജാക്കള്‍ 17ലും മറ്റും) പ്രസ്താവിക്കപ്പെട്ടിട്ടുള്ള ഏലിയാപ്രവാചകനാണ് (*) ഇല്‍യാസ് (عليه السلام) എന്നു കരുതുപ്പെടുന്നു. الله اعلم


(*). ഗലീലാ (ജലീലിയാ) കടല്‍, യോര്‍ദ്ദാന്‍ (ജോര്‍ഡാന്‍) നദി, ചാവുകടല്‍ (ബഹ്ര്‍ലൂത്ത്വ്) ഇവയുടെ കിഴക്കു സുരിയാ (സിരിയാ) വനാന്തരംവരെ നീണ്ടുകിടക്കുന്ന ഗിലെയാദ് നാട്ടിലെ തിശ്ബി എന്ന ഗ്രാമത്തിലായിരുന്നു ഏലിയാ പ്രവാചകന്റെ ജനനമെന്നും. അദ്ദേഹം വളരെ മതപ്രബോധന കൃത്യങ്ങള്‍ നിര്‍വ്വഹിച്ചിട്ടുണ്ടെന്നും ക്രി.മു. 875-851 കാലത്തായിരുന്നു അതെന്നും വേദപുസ്തകനിഘണ്ടുവില്‍ പറയുന്നു.


യഥാര്‍ത്ഥ സൃഷ്ടികര്‍ത്താവു അല്ലാഹുമാത്രമേയുള്ളുവെങ്കിലും, ഏതെങ്കിലും വസ്തുക്കള്‍ക്കു രൂപം നല്‍കുന്നവരെപ്പറ്റി അവയുടെ സൃഷ്ടാക്കള്‍ എന്നു പറയപ്പെടാറുണ്ടല്ലോ. ഇതുപോലെയുള്ള ഏതെങ്കിലും അര്‍ത്ഥത്തില്‍ സൃഷ്ടികര്‍ത്താക്കളായി കരുതപ്പെടുന്ന എല്ലാവരിലുംവെച്ച് ഏറ്റവും നല്ലവന്‍ എന്നാണ് أَحْسَنَ الْخَالِقِينَ (സൃഷ്ടാക്കളില്‍ വെച്ച് ഏറ്റവും നല്ലവന്‍ – അഥവാ ഏറ്റവും നല്ല സൃഷ്ടാവു) എന്ന വാക്കിന്റെ താല്‍പര്യം. പരമശൂന്യതയില്‍ നിന്നു വസ്തുക്കള്‍ക്കു അസ്തിത്വം നല്‍കുന്നവന്‍ എന്ന അര്‍ത്ഥത്തിലുള്ള ഏക സൃഷ്ടാവു അല്ലാഹു തന്നെ. . اللَّـهُ خَالِقُ كُلِّ شَيْءٍ :الزمر: ٦٢ (അല്ലാഹു എല്ലാ വസ്തുക്കളുടെയും സൃഷ്ടാവത്രെ).

37:133
  • وَإِنَّ لُوطًا لَّمِنَ ٱلْمُرْسَلِينَ ﴾١٣٣﴿
  • ലൂത്ത്വും തന്നെ 'മൂര്‍സലു'കളില്‍പ്പെട്ടവനാകുന്നു.
  • وَإِنَّ لُوطًا നിശ്ചയമായും ലൂത്ത്വ് لَّمِنَ الْمُرْسَلِينَ മുര്‍സലുകളില്‍പെട്ടവന്‍ തന്നെ
37:134
  • إِذْ نَجَّيْنَٰهُ وَأَهْلَهُۥٓ أَجْمَعِينَ ﴾١٣٤﴿
  • അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സ്വന്തക്കാരെ മുഴുവനും നാം രക്ഷപ്പെടുത്തിയ സന്ദര്‍ഭം (ഓര്‍ക്കുക);
  • إِذْ نَجَّيْنَاهُ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തിയ സന്ദര്‍ഭം وَأَهْلَهُ തന്റെ സ്വന്തക്കാരെ (വീട്ടുകാരെ)യും أَجْمَعِينَ മുഴുവനും
37:135
  • إِلَّا عَجُوزًا فِى ٱلْغَٰبِرِينَ ﴾١٣٥﴿
  • -അവശേഷിച്ചവരില്‍പെട്ട ഒരു വൃദ്ധസ്ത്രീയെ ഒഴികെ.
  • إِلَّا عَجُوزًا ഒരു വൃദ്ധസ്ത്രീ (കിഴവി) ഒഴികെ فِي الْغَابِرِينَ അവശേഷിച്ച (പിന്തിനിന്നവരില്‍പെട്ട)
37:136
  • ثُمَّ دَمَّرْنَا ٱلْءَاخَرِينَ ﴾١٣٦﴿
  • പിന്നെ, മറ്റുള്ളവരെ നാം തകര്‍ത്തു (നിശ്ശേഷം നശിപ്പിച്ചു) കളഞ്ഞു.
  • ثُمَّ പിന്നെ دَمَّرْنَا നാം തകര്‍ത്തു الْآخَرِينَ മറ്റേവരെ

37:137
  • وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ ﴾١٣٧﴿
  • നിങ്ങള്‍ പ്രഭാതവേളയിലായിക്കൊണ്ട് നിശ്ചയമായും അവരില്‍ കൂടി കടന്നു പോകാറുണ്ടല്ലോ;-
  • وَإِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَتَمُرُّونَ നിങ്ങള്‍ കടന്നു (നടന്നു) പോകുന്നു عَلَيْهِم അവരില്‍കൂടി مُّصْبِحِينَ പ്രഭാതവേളയിലായിക്കൊണ്ട്
37:138
  • وَبِٱلَّيْلِ ۗ أَفَلَا تَعْقِلُونَ ﴾١٣٨﴿
  • രാത്രിയിലും (കടന്നുപോകാറുണ്ട്) എന്നിട്ടും നിങ്ങള്‍ ബുദ്ധികൊടു(ത്തു ചിന്തി)ക്കുന്നില്ലേ?!
  • وَبِاللَّيْلِ രാത്രിയിലും أَفَلَا تَعْقِلُونَ അപ്പോള്‍ (എന്നിട്ടും) നിങ്ങള്‍ ബുദ്ധികൊടുക്കുന്നില്ലേ, ചിന്തിക്കുന്നില്ലേ

ലൂത്ത്വ് (عليه السلام) നബിയുടെ കഥയും, അദ്ദേഹത്തിന്റെ ജനതക്കു ബാധിച്ച ശിക്ഷയും സൂ: ഹൂദിലും ശുഅറാഇലും വിശദമായി പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. അറബികള്‍ ശാമിലേക്കു സാധാരണ കച്ചവടയാത്രകള്‍ നടത്താറുണ്ടായിരുന്നു. ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യത്തിനടുത്തുകൂടിയാണ് അവരുടെ യാത്രാമാര്‍ഗ്ഗം. മിക്കവാറും കാലത്തും, ചിലപ്പോള്‍ രാത്രിയിലുമായിരിക്കും അവര്‍ അതിലെ കടന്നുപോകുക. ആ രാജ്യം നശിപ്പിക്കപ്പെട്ടതിന്റെ അടയാളങ്ങളും, അവശിഷ്ടങ്ങളുമായി പലതും ആ അവസരത്തില്‍ അവര്‍ കാണാറുള്ളതാണ്. അതുകൊണ്ടാണ് ‘എന്നിട്ടും നിങ്ങള്‍ ബുദ്ധികൊടുത്തു ആലോചിക്കുന്നില്ലേ’ എന്നു അല്ലാഹു ചോദിക്കുന്നത്.