ഈസാ (അ) നബിയും ക്രിസ്ത്യാനികളും

ഈസാ (അ) നബിയുടെ ജനനത്തെക്കുറിച്ചു സൂ: മര്‍യമിലും, സൂ: ആലുഇംറാനിലും ആകുന്നു ഖുര്‍ആന്‍ വിവരിച്ചിട്ടുള്ളത്. സകരിയ്യാ (അ) നബിയുടെ പ്രാര്‍ത്ഥനയും, യഹ്‌യാ (അ) നബിയുടെ ജനനവും വിവരിച്ചതിനെത്തുടര്‍ന്നാണ്‌ സൂറത്തു മര്‍യമില്‍ ആ വിവരണം ആരംഭിച്ചത്. നാലു ഇഞ്ചീലുകളില്‍ (*) ഒന്നായ സെന്‍റു ലൂക്കോസിന്‍റെ ഇഞ്ചീലും സൂ: മര്‍യമിലെ വിവരണത്തോടു മിക്കവാറും യോജിച്ചുകാണാം. ആലുഇംറാനിലാകട്ടെ, ഇതിനു മുമ്പുണ്ടായ മറ്റൊരു സംഭവത്തെ – മര്‍യം (അ)ന്‍റെ ജനനവും, ബൈത്തുല്‍ മുഖദ്ദസില്‍ വെച്ചുള്ള അവരുടെ സംരക്ഷണവും – വിവരിച്ചതിനെ തുടര്‍ന്നാണ്‌ ഈ കഥ വിവരിക്കുന്നത്. മര്‍യമിനെ സംബന്ധിച്ച വിഷയത്തില്‍ ഇഞ്ചീലുകള്‍ നാലും മൗനമവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാല്‍ ക്രി. 19-ാം നൂറ്റാണ്ടില്‍ വത്തിക്കാന്‍ ഗ്രന്ഥാലയത്തില്‍ നിന്നു ‘ഉപേക്ഷിക്കപ്പെട്ട ഇഞ്ചീലുകളുടെ ചില കോപ്പികള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍യമിന്‍റെ ജനനത്തെക്കുറിച്ചു കാണാതായിപ്പോയ ഭാഗം ഇവമൂലം വെളിക്കുവന്നിരിക്കുകയാണ്.

‘ഉപേക്ഷിക്കപ്പെട്ട ഇഞ്ചീലുകള്‍’ എന്നു പറഞ്ഞതു: ക്രിസ്താബ്ദം 1-ാം നൂറ്റാണ്ടു മുതല്‍ 4-ാം നൂറ്റാണ്ടിന്‍റെ ആരംഭംവരേയും ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്നതും, പ്രമാണിക്കപ്പെട്ടു വന്നിരുന്നതുമായ 21 ലധികം ഇഞ്ചീലുകളാണ്. (**) പക്ഷേ, പിന്നീടു ക്രി. 325ല്‍ ചേര്‍ന്ന ക്രിസ്തീയ കൗൺസിൽ അവയില്‍ നാലെണ്ണംമാത്രം തിരഞ്ഞെടുത്തു ബാക്കിയെല്ലാം ‘ഉപേക്ഷിക്കപ്പെട്ടതാ’യി തള്ളുകയാണുണ്ടായത്. ഈ തീരുമാനം ചരിത്രപരമോ, വിജ്ഞാനപരമോ ആയ ഒരു അടിസ്ഥാനത്തിലല്ല ഉണ്ടായത്. കേവലം ഒരു ഭാഗ്യപരീക്ഷണരൂപത്തില്‍ മാത്രമായിരുന്നു നടത്തപ്പെട്ടത്.


(*) മത്തായി, ലൂക്കോസ്, മാര്‍ക്കോസ്, യോഹന്നാന്‍ എന്നീ നാലു സുവിശേഷങ്ങള്‍. ഇവയാണ് ‘പുതിയ നിയമപുസ്തകങ്ങള്‍ ‘ (New Testaments) എന്നറിയപ്പെടുന്ന ഇഞ്ചീലിലെ പ്രധാന പുസ്തകങ്ങള്‍

(**) 21 നു താഴെയെന്നും നൂറുകണക്കിലുണ്ടെന്നും വേറെയും അഭിപ്രായങ്ങളുണ്ട്.


വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തു ഈസാ (അ)നെ സംബന്ധിച്ചു ക്രിസ്ത്യാനികള്‍ക്കിടയില്‍ നാലു അടിസ്ഥാന വിശ്വാസങ്ങളാണ് ഉണ്ടായിരുന്നത്.

(1) പിതാവില്ലാതെ ജനിച്ചുവെന്ന വിശ്വാസം.
(2) ക്രൂശിക്കപ്പെടുകയും, പിന്നീടു പുനര്‍ജീവിച്ചു എഴുന്നേല്‍ക്കുകയും ചെയ്തുവെന്ന വിശ്വാസം.
(3) അദ്ദേഹത്തിന്‍റെ ദൈവത്വ (الالوهية)ത്തിലുള്ള വിശ്വാസം.
(4) പാപപരിഹാര സിദ്ധാന്തം. അഥവാ മോക്ഷത്തിനുള്ള മാര്‍ഗ്ഗം ഇപ്പോള്‍ കര്‍മ്മങ്ങളല്ല – മിസീഹാ (ഈസാ) യുടെ പാപപരിഹാരതത്വ (كفارة) ത്തിലുള്ള വിശ്വാസമാണ് എന്ന വിശ്വാസം.

കുരിശുസംഭവത്തെ – ഈസാ (അ) കുരിശില്‍ തറക്കപ്പെട്ടിട്ടുണ്ടെന്ന വിശ്വാസത്തെ (عقيدة الصاب) – ഖുര്‍ആന്‍ പാടെ നിഷേധിച്ചിരിക്കുകയാണ്. അദ്ദേഹം കൊല്ലപ്പെട്ടിട്ടുമില്ല, ക്രൂശിക്കപ്പെട്ടിട്ടുമില്ല, അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥസംഭവം എന്താണെന്നു അവര്‍ക്ക് തിരിയാതെ പോയതാണ് എന്നു ഖുര്‍ആന്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. (സൂ: നിസാഉ്:157) അദ്ദേഹം സാക്ഷാല്‍ ദൈവമെന്നോ, ത്രിയേകദൈവമെന്നോ, ദൈവപുത്രനെന്നോ ഉള്ള ദൈവത്വവാദവും ഖുര്‍ആന്‍ ഖണ്ഡിതമായി നിഷേധിക്കുന്നു. അങ്ങിനെ വിശ്വസിക്കുന്നതും, പറയുന്നതും തനി ‘കുഫ്ര്‍’ (അവിശ്വാസം) ആണെന്നു അതു ആവര്‍ത്തിച്ചു പറയുന്നു. പാപപരിഹാരത്തിന്‍റെയും, പ്രായശ്ചിത്തത്തിന്‍റേയും സിദ്ധാന്തവും ഖുര്‍ആന്‍ എതിര്‍ക്കുന്നു. പാപമോചനം ലഭിക്കുവാനുള്ള മാര്‍ഗ്ഗം അല്ലാഹുവിന്‍റെ ഏകത്വത്തിലുള്ള വിശ്വാസവും, സല്‍ക്കര്‍മ്മങ്ങളും മാത്രമാണ്; ഒരാളുടെ പാപം മറ്റൊരാള്‍ ഏറ്റെടുക്കുകയോ, മറ്റൊരാളുടെ മേല്‍ ചുമത്തപ്പെടുകയോ ഇല്ല എന്നും ഖുര്‍ആന്‍ തീര്‍ത്തുപറയുന്നു.

എനി, മേല്‍പറഞ്ഞ നാലു വാദങ്ങളില്‍ ബാക്കിയുള്ളതു, അദ്ദേഹം പിതാവില്ലാതെ ജനിച്ചുവെന്ന കാര്യമാകുന്നു. മറ്റു മൂന്നു വാദങ്ങളും പോലെ ഇതും സത്യമല്ലായിരുന്നുവെങ്കില്‍, ഇതും ഖുര്‍ആന്‍ സ്പഷ്ടമായ ഭാഷയില്‍ ഖണ്ഡിക്കേണ്ടതായിരുന്നു. അങ്ങിനെ ചെയ്തില്ല. പിതാവില്ലാതെ ജനിച്ച ആളാണ്‌ ഈസാ(അ) എന്ന നിഗമനം വെച്ചുകൊണ്ടു ഖുര്‍ആന്‍ പരിശോധിക്കുമ്പോള്‍, ആ വാദത്തെ ഖുര്‍ആന്‍ അനുകൂലിക്കുന്നതായി മനസ്സിലാക്കാവുന്നതാണ്. പക്ഷേ, മറ്റു മൂന്നു കാര്യവും പോലെ, ഈ വസ്തുത ഖുര്‍ആന്‍ അത്ര വെട്ടിത്തുറന്നു പറഞ്ഞിട്ടില്ല. ഇക്കാരണത്താല്‍, പിതാവില്ലാതെ ജനിച്ചുവെന്നതിനു എതിരായ ചില വ്യാഖ്യാനങ്ങള്‍, ഈ വിഷയത്തില്‍ നടത്തുവാന്‍ ചില ആളുകള്‍ പരിശ്രമം നടത്തുകയുണ്ടായിട്ടുണ്ട്. വാസ്തവത്തില്‍, ഈ വിഷയകമായി വന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ എല്ലാം മുമ്പില്‍ വെച്ചുകൊണ്ടും, അവയുടെ മുമ്പും പിമ്പുമുള്ള പ്രസ്താവനകളും, അവയുടെ സന്ദര്‍ഭവും ഗൗനിച്ചുകൊണ്ടും അവയെ വീക്ഷിക്കുന്ന പക്ഷം, പിതാവില്ലാതെയുള്ള അദ്ദേഹത്തിന്‍റെ ജനനത്തെ ഖുര്‍ആന്‍ വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്നു കാണാം.

ഈസാ(അ) ന്‍റെ ജനനത്തെ സംബന്ധിച്ചു അങ്ങേഅറ്റം പരസ്പരവൈരുദ്ധ്യമുള്ള രണ്ടു വാദങ്ങളാണ് ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തു ഉണ്ടായിരുന്നതെന്ന പരമാര്‍ത്ഥം നാം ഓര്‍ക്കേണ്ടതുണ്ട്. തികച്ചും നിഷിദ്ധമായ ഒരു കൂട്ടുകെട്ടില്‍ നിന്നാണ് അദ്ദേഹം ജനിച്ചതെന്ന് ഒരു കക്ഷി- അതെ, ജൂതന്മാര്‍ – പറയുന്നു. അതേ അവസരത്തില്‍ അനുവദനീയമായ രൂപത്തിലാണെന്നു മാത്രമല്ല- ദൈവികമായ ഒരു ദൃഷ്ടാന്തത്തിന്‍റെ രൂപത്തിലും കൂടിയാണ് അതെന്നു രണ്ടാമതൊരു കക്ഷിയും – ക്രിസ്ത്യാനികളും – വാദിക്കുന്നു. ഒരു മൂന്നമാനെന്നനിലക്കാണ് ഖുര്‍ആന്‍ ഇവിടെ തീരുമാനം കല്‍പിക്കേണ്ടതുള്ളത്. യാതൊരു വീഴ്ചയും വരുത്താതെ ഖുര്‍ആന്‍ അതിന്‍റെ വിധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്; അതു പറഞ്ഞു :-

إِنَّ اللَّـهَ اصْطَفَاكِ وَطَهَّرَ‌كِ وَاصْطَفَاكِ عَلَىٰ نِسَاءِ الْعَالَمِينَ – ال عمران : ٤٢

അതായത് : (മര്‍യമേ) നിശ്ചയമായും, നിന്നെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു; നിന്നെ അവന്‍ ശുദ്ധിയുള്ളവളാക്കുകയും, ലോകവനിതകളേക്കാള്‍ പരിശുദ്ധിയുള്ളവളാക്കുകയും ചെയ്തിരിക്കുന്നു. (സൂ: ആലുഇംറാന്‍;42)
ജൂതന്‍മാരുടെ വാദത്തെ ഖണ്ഡിക്കുവാന്‍ ഇതിലപ്പുറം എനി എന്താണ് വേണ്ടത്? ഖുര്‍ആന്‍ ഇതുകൊണ്ടും മതിയാക്കിയില്ല. ജൂതന്മാരില്‍ അല്ലാഹുവിന്‍റെ ശാപകോപങ്ങള്‍ക്കു ഹേതുക്കളായ സംഗതികള്‍ എടുത്തുപറയുന്ന കൂട്ടത്തില്‍, അതു ഇങ്ങിനെ പ്രസ്താവിക്കുന്നു:

وَبِكُفْرِ‌هِمْ وَقَوْلِهِمْ عَلَىٰ مَرْ‌يَمَ بُهْتَانًا عَظِيمًا – النساء : ١٥٦

സാരം: അവരുടെ അവിശ്വാസം കൊണ്ടും, മര്‍യമിന്‍റെ പേരില്‍ വമ്പിച്ച അപരാധം (നുണ) അവര്‍ പറഞ്ഞുണ്ടാക്കിയതുകൊണ്ടുമാണത്. (സൂ: നിസാഉ്;156) ഇതിനും പുറമെ, ജനനസംഭവത്തെ ഇഞ്ചീലില്‍ പറഞ്ഞതിനു വിരുദ്ധമല്ലാത്ത രൂപത്തില്‍ ഖുര്‍ആന്‍ വിവരിക്കുകയും ചെയ്തു.

സൂറത്തു മര്‍യം 20- 21 വചനങ്ങളില്‍ أَنَّىٰ يَكُونُ لِي غُلَامٌ (എനിക്കു എങ്ങിനെയാണ് കുട്ടിയുണ്ടാവുക?) എന്നു തുടങ്ങിയ ഭാഗം നാം വായിച്ചുവല്ലോ. ബൈബ്ള്‍ ഇവിടെ പറയുന്നതു നോക്കുക: ‘മറിയ ദൂതനോട്: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ അത് എങ്ങിനെ സംഭവിക്കും എന്നു പറഞ്ഞു. അതിന് ദൂതന്‍: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും. അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും…..’ (ലൂക്കോസ്: 1ല്‍ 34) ഇത്രയും പറഞ്ഞതില്‍ നിന്നു, പിതാവില്ലാതെയുള്ള ഈസാ(അ) നബിയുടെ ജനനത്തെ ഖുര്‍ആന്‍ പരിപൂര്‍ണ്ണമായി അംഗീകരിച്ചിട്ടുണ്ടെന്നു സ്പഷ്ടമാണല്ലോ.

ജൂതന്മാര്‍ പറഞ്ഞുണ്ടാക്കിയതും, ക്രിസ്ത്യാനികള്‍ ഗ്രഹിച്ചതുമല്ലാത്ത മൂന്നാമതൊരു വാദം കൂടി നിലവിലുണ്ട്. മര്‍യമിനു യൂസുഫ് എന്നു പേരായ ഒരു ഭര്‍ത്താവുണ്ടായിരുന്നുവെന്നും, അദ്ദേഹത്തില്‍നിന്നാണ് (ഈസാ (അ) )ന്‍റെ ജനനമെന്നും ആകുന്നു ആ വാദം. ഖുര്‍ആന്‍റെ അനുകൂലം ഈ വാദത്തിനുണ്ടെന്നു വരുവാന്‍ യാതൊരു ന്യായവുമില്ല. കാരണം, മേല്‍പറഞ്ഞ രണ്ടു വാദങ്ങളെയും കുറിച്ചു ഇത്രയും പറഞ്ഞ ഖുര്‍ആന്‍ ഇതിനെപ്പറ്റി ഒരക്ഷരവും പറയാതെ വിട്ടുകളഞ്ഞുവെന്നോ?: ഭിന്നാഭിപ്രായങ്ങളില്‍ യഥാര്‍ത്ഥതീരുമാനവും, ഊഹാപോഹങ്ങളില്‍ വിജ്ഞാനപ്രദവും, യുക്തവുമായ പ്രഖ്യാപനം ചെയ്യുന്ന ഖുര്‍ആന്‍, ഇതിനെപ്പറ്റി പാടെ മൗനം അവലംബിച്ചുവെന്നോ?!

ക്രിസ്ത്യാനികളും ജൂതന്മാരും തമ്മില്‍ ഈ വിഷയത്തില്‍ മാത്രമല്ല ഭിന്നിപ്പുള്ളത്. ഈസാ (അ) നബിയുടെ പ്രവാചകത്വത്തിലും ജൂതര്‍ക്കു നിഷേധമുണ്ട്. വെറും ഒരു വഞ്ചകനായ ജാലവിദ്യക്കാരനായേ അദ്ദേഹത്തെ അവര്‍ ഗണിച്ചിട്ടുള്ളു. ക്രിസ്ത്യാനികളാകട്ടെ, അദ്ദേഹത്തെ പ്രവാചകനെന്നല്ല, ദൈവമാക്കുകയും ചെയ്യുന്നു. ഈ രണ്ടു പക്ഷത്തെയും ഖുര്‍ആന്‍ ഉച്ചൈസ്തരം ഖണ്ഡിച്ചു. ഒരു കൂട്ടരില്‍ ഇങ്ങേഅറ്റത്തെ വീഴ്ചയും, മറ്റേ കൂട്ടരില്‍ അങ്ങേഅറ്റത്തെ അതിരുകവിച്ചലുമാണുള്ളതെന്നു വെളിവാക്കിക്കൊണ്ടു അദ്ദേഹം അല്ലാഹുവിന്‍റെ അടിയാനായ ഒരു പ്രവാചകന്‍ മാത്രമാണെന്നു ഖുര്‍ആന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

യേശുക്രിസ്തു ദൈവപുത്രനാണെന്ന ക്രിസ്തീയവാദത്തിനു അവര്‍ ഏറ്റവും വലിയ അവലംബമാക്കുന്നതു അദ്ദേഹത്തിന്‍റെ ആശ്ചര്യകരമായ ജനനത്തെയാകുന്നു. എന്നിട്ടുപോലും ആ ജനനത്തെ ഖുര്‍ആന്‍ നിഷേധിച്ചില്ല- അനുകൂലിക്കുകയാണ് ചെയ്തത്. അതോടുകൂടി അദ്ദേഹം ദൈവമോ, ദൈവപുത്രനോ ആണെന്ന വാദങ്ങളെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ അതു ഖണ്ഡിക്കുകയും ചെയ്തു. സാധാരണപോലെ ഒരു പിതാവില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ ജനനമുണ്ടായിട്ടുള്ളതെങ്കില്‍ ‘മര്‍യമിന്‍റെ മകന്‍ ഈസാ’ എന്നതിനു പകരം ഒരൊറ്റപ്രാവശ്യമെങ്കിലും ‘യൂസുഫിന്‍റെ മകന്‍ ഈസാ’ എന്നൊരു വാക്കു പറഞ്ഞാല്‍ മതിയാകുമായിരുന്നു അദ്ദേഹം ദൈവമാണെന്ന ക്രിസ്തീയ വാദം അടിയോടെ തകര്‍ന്നുപോകുവാന്‍. അത് പറയാതെ, യേശു മര്‍യമിന്‍റെ ഗര്‍ഭാശയത്തില്‍ താമസിച്ചു പ്രസവിക്കപ്പെടേണ്ടിവന്നതുകൊണ്ടുതന്നെ അദ്ദേഹം ഒരു മനുഷ്യനും, ദൈവത്തിന്‍റെ അടിമയും ആയിത്തീരുന്നുവെന്നു സമര്‍ത്ഥിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.

ഈസാ(അ) ന്‍റെ ജനനം കേവലം ഒരു സാധാരണസംഭവമായി ചിത്രീകരിക്കുവാന്‍ ചില ആളുകള്‍ മുതിരാറുണ്ടെന്നു പറഞ്ഞുവല്ലോ. മര്‍യമിനും, യൂസുഫിനുമിടയില്‍ നടന്നതായി (ലൂക്കോസ് 1:27ലും മറ്റും) പറയപ്പെടുന്ന ഒരു വിവാഹാലോചനയെ പൊക്കിപ്പിടിച്ചു കൊണ്ടാണ് ഇക്കൂട്ടര്‍ ആ പാഴ്‌വേല നടത്തുന്നത്. വിവാഹാലോചന നടന്നതു ശരിയായിരുന്നാല്‍ തന്നെ ഇവര്‍ക്കിടയില്‍ വിവാഹവും കൂട്ടുകെട്ടും നടന്നതായി യാതൊരു തെളിവുമില്ല. കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കഥമാത്രമാണത്. ജൂതന്‍മാരുടെ ആദ്യകാല പ്രസ്താവനകളും അതിനു എതിരായിരുന്നു. അവര്‍ മര്‍യമിന്‍റെ പേരില്‍ ആരോപണങ്ങള്‍ നടത്തിയപ്പോള്‍, അതില്‍ യൂസുഫിന്‍റെ പേര്‍ പറഞ്ഞിരുന്നില്ല; ഏതോ ഒരു പാന്ഥന്‍ അട്ടാലിയുടെ പേരായിരുന്നു പറഞ്ഞുവന്നിരുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഈസാ (അ) പിതാവില്‍ നിന്നു ജനിച്ചതാണെന്നു ഖുര്‍ആനില്‍ നിന്നു വരുത്തിത്തീര്‍ക്കുവാനുള്ള ആരുടെ പരിശ്രമവും, തനിസാഹസവും, വാസ്തവവിരുദ്ധവുമാണെന്നു ഖണ്ഡിതമായി പറയാം.

നാം, ഖുര്‍ആനെ മനസ്സിലാക്കുന്നതു അതിനെ അത്ഭുതപൂജകന്മാരുടെ ഒരു പുസ്തകമാക്കികൊണ്ടാകരുത്. അതുപോലെത്തന്നെ, അവരില്‍നിന്നു രക്ഷപ്പെടുവാനായി, അതിനെ ദുര്‍വ്യാഖ്യാനം നടത്തിക്കൊണ്ടും ആകരുത്. അതു അറബിഭാഷയിലാണുള്ളത്. അതിനു അതിന്‍റേതായ ചില പ്രത്യേകതകളുണ്ട്; അറബിഭാഷയുടേതായ ചില ശൈലീസമ്പ്രദായങ്ങളുമുണ്ട്: സരളമായ വാചകഘടനയും, ഹൃദ്യമായ പ്രതിപാദനരീതിയുമുണ്ട്. ആകയാല്‍, നിഷ്പക്ഷതയോടും, സത്യാന്വേഷണത്തോടും കൂടി- അല്ലാഹുവിന്‍റെ വചനമാണെന്ന ബോധത്തോടും ബഹുമാനത്തോടും കൂടി – അതു എന്തു പറഞ്ഞുതരുന്നുവോ അതു ഏറ്റക്കുറവു ചെയ്യാതെ സ്വീകരിക്കുവാനുള്ള തയ്യാറോടുകൂടി- ആയിരിക്കണം, നാം അതിനെ സമീപിക്കുന്നത്. അപ്പോള്‍ കെട്ടിക്കുടുക്കും ഇടമുഴയും കൂടാതെ ഏതൊരു സാരം നമുക്കു ലഭിക്കുന്നുവോ ആ സാരം യാതൊരു സങ്കോചവും വൈമനസ്യവും കാണിക്കാതെ, നാം സ്വീകരിക്കണം. വക്രമനസ്ഥിതിയോ, ഒരു പ്രത്യേക താത്പര്യമോ അതിനുമുമ്പില്‍ നമുക്കുണ്ടായിരിക്കരുത്. അങ്ങിനെ ആകുന്നപക്ഷം, നമുക്കു ഖുര്‍ആനില്‍ നിന്നു ലഭിക്കുന്ന ഫലം ആകാശക്കോട്ടകള്‍ മാത്രമായിരിക്കും. വിജ്ഞാനവും, യാഥാര്‍ത്ഥ്യവുമാകുന്ന ഒരു കോടതി നമുക്കുണ്ട്. എല്ലാ കൃത്രിമവും അതിന്‍റെ വിചാരണയില്‍ പരാജയപ്പെടുകയേ ഉണ്ടാവുകയുള്ളു.

ഈസാ (അ) നബിയുടെയും, ആദം (അ) നബിയുടെയും സ്ഥിതി (പിതാവില്ലാത്ത വിഷയത്തില്‍) ഒരു പോലെയാണെന്നു അല്ലാഹു പ്രസ്താവിച്ചതു 36-ാം വചനത്തിന്‍റെ വിവരണത്തില്‍ നാം കണ്ടു. അല്ലാഹുവിന്‍റെ വചനവും, അവന്‍റെ പക്കല്‍നിന്നുള്ള ആത്മാവും മാത്രമാണ് മര്‍യമിന്‍റെ മകന്‍ ഈസാ എന്നു ഖുര്‍ആന്‍ ഉറപ്പിച്ചു പറഞ്ഞതു 40-ാം വചനത്തിന്‍റെ വിവരണത്തിലും നാം ഉദ്ധരിച്ചു. ഒരു മനുഷ്യനും എന്നെ സ്പര്‍ശിക്കുകയോ, ഞാനൊരു ദുര്‍വൃത്തയായിരിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്കു എനിക്ക് എങ്ങിനെ കുട്ടിയുണ്ടാകുമെന്ന് മര്‍യം മലക്കിനോട് ചോദിച്ചു. അതു ശരിയാണെന്നും, പക്ഷെ ഇതൊരു ദൃഷ്ടാന്തമാക്കുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്നും മലക്കു മറുപടിയും പറഞ്ഞു. ഇതു ഇതേ സൂറത്തു 20, 21 ല്‍ നാം വായിച്ചു. ആലുഇംറാന്‍ 47 ലും ഈ സംഗതി സ്പഷ്ടമാക്കിയിട്ടുണ്ട്. മര്‍യം തന്‍റെ ഗുഹ്യസ്ഥാനം (യാതൊരു ദുര്‍വൃത്തിയും ചെയ്യാതെ) കാത്തു രക്ഷിച്ചിട്ടുള്ളതും, അല്ലാഹു അവന്‍റെ പക്കല്‍നിന്നുള്ള ആത്മാവു അവളില്‍ ഊതിയതു നിമിത്തമാണ് അവള്‍ക്കു – അസാധാരണനിലയില്‍ – മകനുണ്ടായതെന്നു സൂ: അമ്പിയാഉ് 91-ലും, സൂ: തഹ്‌രീമിന്‍റെ അവസാനത്തിലും കാണാം. എനിയും പല ഖുര്‍ആന്‍ വചനങ്ങളും ഇപ്പറഞ്ഞകാര്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നതായി കാണാം. എന്നിരിക്കെ, ഖുര്‍ആനില്‍ വിശ്വസിക്കുന്നതായി വാദിക്കുന്ന ഏതൊരുവനും ഈസാ (അ) നബിയുടെ ജനനം, ഏതെങ്കിലും ഒരു പിതാവില്‍ നിന്നായിരിക്കുമോ എന്നു സംശയിക്കുവാന്‍പോലും യാതൊരു ന്യായവുംഇല്ല തന്നെ. വല്ലവരും സംശയിക്കുന്ന പക്ഷം അവര്‍ ഖുര്‍ആനില്‍ വിശ്വസിക്കാത്തവരായിരിക്കുവാനേ നിവൃത്തിയുള്ളു.

ولله الحمد والمنة