മർയം

മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 98 – വിഭാഗം (റുകൂഅ്) 6

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

[വചനങ്ങള്‍ 99 ആക്കിയും ചിലര്‍ എണ്ണിയിട്ടുണ്ട്. 58-ാം വചനമായ സജദഃയുടെ ആയത്തു മദനീ കാലഘട്ടത്തില്‍ അവതരിച്ചതാകുന്നു. ബാക്കി ഭാഗങ്ങളാണ് മക്കീ ഘട്ടത്തില്‍ അവതരിച്ചത്.]

19:1
 • كٓهيعٓصٓ ﴾١﴿
 • 'കാഫ് - ഹാ - യാ ഐന്‍ - സ്വാദ്.'
 • كٓهيعٓصٓ (ഉദ്ദേശം അല്ലാഹുവിനറിയാം)
19:2
 • ذِكْرُ رَحْمَتِ رَبِّكَ عَبْدَهُۥ زَكَرِيَّآ ﴾٢﴿
 • നിന്‍റെ രക്ഷിതാവ് അവന്‍റെ അടിയാന്‍ സക്കരിയ്യാക്കു ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താവനയാണ് (ഇതു).
 • ذِكْرُ പ്രസ്താവിക്കുകയാണ്, പറയുകയാണ്‌ رَحْمَتِ കാരുണ്യം, അനുഗ്രഹം رَبِّكَ നിന്‍റെ രക്ഷിതാവിന്‍റെ عَبْدَهُ തന്‍റെ അടിയാന് زَكَرِيَّا സകരിയ്യാക്ക്

ഈ സൂറത്തിലെ ഒന്നാം ആയത്തിലെന്നപോലെ, വേറെ ചില സൂറത്തുകളുടെ ആരംഭത്തിലും ഇപ്രകാരമുള്ള കേവലാക്ഷരങ്ങള്‍ കാണാവുന്നതാകുന്നു. ആകെ 29 അദ്ധ്യായങ്ങളിലാണ് അതുള്ളത്‌.  ഈ അക്ഷരങ്ങള്‍ കൊണ്ടു ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു എന്താണെന്നു ഖണ്ഡിതമായി പറയുവാന്‍ നമുക്കു സാധ്യമല്ല.സൂറത്തുകളുടെ പേരുകളാണെന്നും, ചില സൂചനാര്‍ത്ഥങ്ങളാണ് അവകൊണ്ടു ഉദ്ദേശ്യമെന്നും, അല്ലാഹുവിന്നും നബി (സ)ക്കും ഇടയിലുള്ള ചില സ്വകാര്യ സൂചനകളാണെന്നും മറ്റും അഭിപ്രായങ്ങള്‍ പറയപ്പെട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. (കൂടുതല്‍ വിവരം സൂറത്തുല്‍ ബഖറയുടെ ആരംഭത്തില്‍ കാണുക).

19:3
 • إِذْ نَادَىٰ رَبَّهُۥ نِدَآءً خَفِيًّا ﴾٣﴿
 • (അതായതു) അദ്ദേഹം തന്‍റെ രക്ഷിതാവിനെ രഹസ്യമായി വിളിച്ചപ്പോള്‍ (പ്രാര്‍ത്ഥിച്ചപ്പോള്‍);-
 • إِذْ نَادَىٰ അദ്ദേഹം വിളിച്ചപ്പോള്‍, പ്രാര്‍ത്ഥിച്ചപ്പോള്‍ رَبَّهُ തന്‍റെ റബ്ബിനെ, രക്ഷിതാവിനെ نِدَاءً ഒരു വിളി, പ്രാര്‍ത്ഥന خَفِيًّا രഹസ്യമായ
19:4
 • قَالَ رَبِّ إِنِّى وَهَنَ ٱلْعَظْمُ مِنِّى وَٱشْتَعَلَ ٱلرَّأْسُ شَيْبًا وَلَمْ أَكُنۢ بِدُعَآئِكَ رَبِّ شَقِيًّا ﴾٤﴿
 • അദ്ദേഹം (ഇങ്ങിനെ) പറഞ്ഞു: 'എന്‍റെ റബ്ബേ! നിശ്ചയമായും ഞാന്‍, എന്‍റെ എല്ലുകള്‍ ബലഹീനമായിരിക്കുന്നു; തല നരയാല്‍ കത്തിതിളങ്ങുകയും ചെയ്തിരിക്കുന്നു; നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ -എന്‍റെ റബ്ബേ- ഞാന്‍ ദുര്‍ഭാഗ്യവാനാവുകയുണ്ടായിട്ടുമില്ല!
 • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي നിശ്ചയമായും ഞാന്‍ وَهَنَ ബലഹീനമായിരിക്കുന്നു الْعَظْمُ എല്ല് مِنِّي എന്നിലുള്ള (എന്‍റെ) وَاشْتَعَلَ കത്തിതിളങ്ങുകയും (വെളുത്തുപോകുകയും) ചെയ്തു الرَّأْسُ തല شَيْبًا നരയാല്‍ وَلَمْ أَكُن ഞാന്‍ ആയിട്ടുമില്ല بِدُعَائِكَ നിന്നോടു പ്രാര്‍ത്ഥിച്ചതില്‍ رَبِّ എന്‍റെ റബ്ബേ شَقِيًّا ദുര്‍ഭാഗ്യവാന്‍, പരാജിതന്‍
19:5
 • وَإِنِّى خِفْتُ ٱلْمَوَٰلِىَ مِن وَرَآءِى وَكَانَتِ ٱمْرَأَتِى عَاقِرًا فَهَبْ لِى مِن لَّدُنكَ وَلِيًّا ﴾٥﴿
 • എന്‍റെ പിന്നീടുണ്ടാകുന്ന ബന്ധുകുടുംബങ്ങളെ (പിന്‍ തുടര്‍ച്ചക്കാരെ)ക്കുറിച്ചു ഞാന്‍ ഭയപ്പെടുന്നു; എന്‍റെ ഭാര്യ മച്ചിയായിരിക്കുകയുമാണ്. അതുകൊണ്ടു, നിന്‍റെ പക്കല്‍ നിന്നു ഒരു (നല്ല) ബന്ധുവെ (പിന്‍തുടര്‍ച്ചാവകാശിയെ) എനിക്കു നീ ദാനം നല്‍കേണമേ!
 • وَإِنِّي നിശ്ചയമായും ഞാന്‍ خِفْتُ ഞാന്‍ ഭയപ്പെട്ടു, ഭയപ്പെടുന്നു الْمَوَالِيَ ബന്ധുകുടുംബങ്ങളെ, പിന്‍തുടര്‍ച്ചക്കാരെ مِن وَرَائِي എന്‍റെ പിറകിലുള്ള, ശേഷമുള്ള وَكَانَتِ ആകുകയും ചെയ്തിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا വന്ധ്യ فَهَبْ അതുകൊണ്ടു ദാനം നല്‍കണേ لِي എനിക്കു مِن لَّدُنكَ നിന്‍റെ പക്കല്‍നിന്നു (നിന്‍റെ വകയായി) وَلِيًّا ഒരു ബന്ധുവെ (പിന്‍തുടര്‍ച്ചവകാശിയെ)
19:6
 • يَرِثُنِى وَيَرِثُ مِنْ ءَالِ يَعْقُوبَ ۖ وَٱجْعَلْهُ رَبِّ رَضِيًّا ﴾٦﴿
 • എനിക്കും, യഅ്ഖൂബ് കുടുംബത്തിനും അനന്തരവകാശിയായിത്തീരുന്ന (ഒരു ബന്ധുവെ), അവനെ -എന്‍റെ റബ്ബേ- നീ ഒരു സുസമ്മതനാക്കുകയും ചെയ്യേണമേ!
 • يَرِثُنِي അവന്‍ എന്നെ അനന്തരമെടുക്കും وَيَرِثُ അനതരമെടുക്കുകയും ചെയ്യുന്നു مِنْ آلِ يَعْقُوبَ യഅ്ഖൂബിന്‍റെ കുടുംബത്തില്‍ നിന്ന് وَاجْعَلْهُ അവനെ ആക്കുകയും വേണമേ رَبِّ എന്‍റെ റബ്ബേ رَضِيًّا സുസമ്മതന്‍, തൃപ്തന്‍

സുലൈമാന്‍ (അ) നബിയുടെ സന്തതികളില്‍പെട്ട ആളാണ്‌ സകരിയ്യാ നബി (അ). അദ്ദേഹത്തിനു 75 ഓ 80 ഓ വയസ്സായി. തല മുഴുവനും നരച്ചുവെളുത്തു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യ, ഈസാ (അ) നബിയുടെ മാതൃസഹോദരിയും, ഇംറാന്‍റെ (عمران) മകളും ആകുന്നു. അവര്‍ ഇതേവരെ പ്രസവിച്ചിട്ടില്ല. തൗഹീദും, സത്യമതവും പ്രചരിപ്പിക്കുക എന്ന അദ്ദേഹത്തിന്‍റെ കൃത്യം തന്‍റെ മരണശേഷം നിര്‍വ്വഹിക്കുവാന്‍ തക്ക പിന്‍ഗാമികളെ അദ്ദേഹം കാണുന്നില്ല. തന്‍റെ പിതാക്കളായിരുന്ന മുന്‍ പ്രവാചകന്മാര്‍ മുതല്‍ക്കേ തുടര്‍ന്നു വന്നതാണ് ഈ മഹല്‍കൃത്യം. അതു തുടര്‍ന്നു നടത്തിക്കൊണ്ടിരിക്കുവാന്‍ ആളില്ലാതെ മുറിഞ്ഞുപോകുന്നതിലുള്ള വ്യസനം അദ്ദേഹത്തെ മനസ്സമാധാനമില്ലാതാക്കിയിരിക്കുകയാണ്. ഇതല്ലാതെ, തനിക്കൊരു സന്താനമുണ്ടായിട്ടില്ലല്ലോ എന്ന വ്യസനമല്ല അദ്ദേഹത്തിനുള്ളത്. നിലവിലുള്ള തന്‍റെ കുടുംബങ്ങളാകട്ടെ, അദ്ദേഹം ഇഷ്ടപ്പെടുന്ന ആ നേര്‍മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായി അദ്ദേഹം കണ്ടതുമില്ല. അങ്ങനെ തനിക്കൊരു സന്താനംനല്‍കേണമേ എന്നു അദ്ദേഹം അല്ലാഹുവിനോടു പ്രാര്‍ത്ഥിക്കുന്നു.

പ്രാര്‍ത്ഥന നടത്തിയതു ജനസദസ്സില്‍ വെച്ചായിരുന്നില്ല. അദ്ദേഹത്തിന്‍റെ ബലഹീനതയും, പരിതസ്ഥിതിയും ആ പ്രാര്‍ത്ഥനയില്‍ എടുത്തു പറയുകയും, നല്‍കപ്പെടുന്ന കുട്ടി നല്ലവനായിരിക്കണമെന്നുകൂടി അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം അല്ലാഹുവിന്‍റെ മുമ്പില്‍ താഴ്മ അര്‍പ്പിക്കുന്നത്. എപ്പോഴും, ഏതു വിഷമാവസ്ഥയിലും അല്ലാഹുവിനോടു മാത്രമേ താന്‍ പ്രാര്‍ത്ഥിക്കാറുള്ളുവെന്നും അവയെല്ലാം തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെന്നും, അതുപോലെ ഈ പ്രാര്‍ത്ഥനയും സ്വീകരിച്ചനുഗ്രഹിക്കണമെന്നും പ്രാര്‍ത്ഥനയില്‍ സൂചിപ്പിച്ചു, ഇതു സല്‍ക്കര്‍മ്മങ്ങളെക്കൊണ്ടുള്ള ഇടതേട്ടത്തി (توسل)ന്‍റെ ഇനത്തില്‍ ഉള്‍പ്പെട്ടതാകുന്നു. അതാ, അദ്ദേഹത്തിന്‍റെ ദുആ (دعاء) സ്വീകരിക്കപ്പെടുന്നു! അല്ലാഹു പറയുന്നു:-

19:7
 • يَـٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَـٰمٍ ٱسْمُهُۥ يَحْيَىٰ لَمْ نَجْعَل لَّهُۥ مِن قَبْلُ سَمِيًّا ﴾٧﴿
 • 'ഹേ, സക്കരിയ്യാ! നിശ്ചയമായും നാം, നിനക്കു ഒരു ആണ്‍കുട്ടിയെക്കുറിച്ചു സന്തോഷവാര്‍ത്ത അറിയിക്കുന്നു; അവനുപേര്‍, 'യഹ്‌യാ' എന്നാകുന്നു;' അവനുമായി പേരൊത്ത ഒരാളെയും മുമ്പു നാം ഉണ്ടാക്കിയിട്ടില്ല.'
 • يَا زَكَرِيَّا ഹേ, സകരിയ്യാ إِنَّا നിശ്ചയമായും നാം نُبَشِّرُكَ നിനക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു بِغُلَامٍ ഒരു ആണ്‍കുട്ടിയെ(ബാലനെ)ക്കുറിച്ചു اسْمُهُ അവന്‍റെ പേര്‍ يَحْيَىٰ യഹ്‌യാ എന്നാണ് لَمْ نَجْعَل നാം ഉണ്ടാക്കിയിട്ടില്ല, ആക്കിയിട്ടില്ല لَّهُ അവനു مِن قَبْلُ മുമ്പു سَمِيًّا പേരൊത്തവനെ, തുല്യമായവനെ, നാമധാരിയെ
19:8
 • قَالَ رَبِّ أَنَّىٰ يَكُونُ لِى غُلَـٰمٌ وَكَانَتِ ٱمْرَأَتِى عَاقِرًا وَقَدْ بَلَغْتُ مِنَ ٱلْكِبَرِ عِتِيًّا ﴾٨﴿
 • അദ്ദേഹം പറഞ്ഞു: 'എന്‍റെ റബ്ബേ! എങ്ങിനെയാണു എനിക്കു ഒരു ആണ്‍കുട്ടിയുണ്ടാവുക? എന്‍റെ ഭാര്യ മച്ചിയായിരിക്കുന്നു; ഞാന്‍ വാര്‍ദ്ധക്യത്താല്‍ വരള്‍ച്ച പ്രാപിച്ചും കഴിഞ്ഞിരിക്കുന്നു?
 • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ أَنَّىٰ يَكُونُ എങ്ങിനെയാണ് ഉണ്ടാവുക لِي എനിക്കു غُلَامٌ ഒരു ആണ്‍കുട്ടി وَكَانَتِ ആയിരിക്കുന്നു امْرَأَتِي എന്‍റെ ഭാര്യ, എന്‍റെ സ്ത്രീ عَاقِرًا മച്ചി, പ്രസവിക്കാത്തവള്‍ وَقَدْ بَلَغْتُ ഞാന്‍ എത്തിയിട്ടുമുണ്ട്, പ്രാപിച്ചിട്ടുമുണ്ട്مِ نَ الْكِبَرِ വാര്‍ദ്ധക്യത്താല്‍ عِتِيًّا വരള്‍ച്ച (ബലഹീനത)
19:9
 • قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَىَّ هَيِّنٌ وَقَدْ خَلَقْتُكَ مِن قَبْلُ وَلَمْ تَكُ شَيْـًٔا ﴾٩﴿
 • അവന്‍ [ അല്ലാഹു] പറഞ്ഞു; (കാര്യം) അങ്ങിനെത്തന്നെ; നിന്‍റെ റബ്ബ് പറയുന്നു: അതു എനിക്കു ഒരു നിസ്സാര കാര്യമത്രെ; നീ യതൊരുവസ്തുവും ആയിരുന്നില്ലാതിരിക്കെ - മുമ്പു- നിന്നെ ഞാന്‍ സൃഷ്ടിച്ചുവല്ലോ'.
 • قَالَ അവന്‍ പറഞ്ഞു كَذَٰلِكَ അങ്ങിനെതന്നെ قَالَ رَبُّكَ നിന്‍റെ റബ്ബ് പറയുന്നു هُوَ അതു عَلَيَّ എനിക്കു هَيِّنٌ നിസ്സാര കാര്യമാണ് وَقَدْ خَلَقْتُكَ നിന്നെ ഞാന്‍ സൃഷ്ടിച്ചിട്ടുണ്ടല്ലോ مِن قَبْلُ മുമ്പു وَلَمْ تَكُ നീ ആയിരുന്നില്ല (എന്നിരിക്കെ) شَيْئًا ഒരു വസ്തുവും, യാതൊന്നും തന്നെ

തനിക്കൊരു ആണ്‍കുട്ടി ഉണ്ടാകുവാന്‍ പോകുന്നുവെന്നു അറിഞ്ഞപ്പോള്‍ സകരിയ്യാ (അ) നബിക്കു അത്ഭുതം തോന്നി. അല്ലാഹുവിനു എല്ലാ കാര്യത്തിനും കഴിവുണ്ടെന്നു അദ്ദേഹത്തിനു അറിയാം. അതുകൊണ്ടു തന്നെയാണ് അദേഹം ദുആ ചെയ്തതും. താനൊരു യുവാവായിരുന്ന കാലത്തുപോലും പ്രസവിക്കാതെ മച്ചിയായിരുന്ന ഭാര്യയും താനും ഇപ്പോള്‍, അങ്ങേ അറ്റം വാര്‍ദ്ധക്യം പ്രാപിച്ചിരിക്കുകയാണ്, ആ സ്ഥിതിക്കു വല്ല മാറ്റവും സംഭവിച്ചോ, അതല്ല- പുതിയ ഭാര്യ വഴിയോ, മറ്റേതെങ്കിലും തരത്തിലോ, എങ്ങിനെയാണിതു സംഭവിക്കുക? ഇതറിയുവാന്‍ അദ്ദേഹത്തിനു വെമ്പലുണ്ടാകുക സ്വാഭാവികമാണല്ലോ. അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന മറുപടി തനിക്കു മനസ്സമാധാനത്തിനും മറ്റുള്ളവര്‍ക്കു ചിന്തിക്കുവാനും ഉതകുകയും ചെയ്യും. അങ്ങനെ, അദ്ദേഹം മേല്‍കണ്ട ചോദ്യം ചോദിച്ചു. അല്ലാഹുവിന്‍റെ മറുപടിയാകട്ടെ, വളരെ അര്‍ത്ഥഗര്‍ഭവുമായിരുന്നു.

യഹ്‌യാ (അ) നബിയുടെ പേരിന്‍റെ അറബിയിലുള്ള ഉച്ചാരണ രൂപമാണ് ‘യഹ്‌യാ’ (يحيى). വേദക്കാര്‍ അദ്ദേഹത്തെ ‘യോഹന്നാ’ (يوحنا) എന്നാണ് വിളിച്ചുവരുന്നത്. ‘പേരൊത്ത ഒരാളെയും നാം മുമ്പു ഉണ്ടാക്കിയിട്ടില്ല’ എന്നു പറഞ്ഞതില്‍നിന്നു ഈ പേരുള്ള ഒരാള്‍ മുമ്പുണ്ടായിട്ടില്ലെന്നു മനസ്സിലാകുന്നു. ഇതു അദ്ദേഹത്തിന്‍റെ ഒരു പ്രത്യേകതയാകുന്നു. ചില വ്യാഖ്യാതാക്കള്‍ ‘സമിയ്യന്‍’ (سمياً) എന്ന വാക്കിനു ‘തുല്യന്‍’ അല്ലെങ്കില്‍ ‘സമന്‍’ എന്നും അര്‍ത്ഥം കല്പിച്ചിട്ടുണ്ട്. അപ്പോള്‍, അക്കാലത്തു അത്ര യോഗ്യനായ ഒരാള്‍ വേറെ ഇല്ലായിരുന്നു എന്നു സാരമായിരിക്കുന്നതാണ്. അദ്ദേഹമാണെങ്കില്‍, അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് യാതൊരു പാപവും ചെയ്യുകയാകട്ടെ, പാപം ചെയ്യണമെന്നു ഉദ്ദേശിക്കുകയാകട്ടെ ഉണ്ടായിട്ടില്ല താനും.

അദേഹം നല്‍കിയ സന്തോഷവാര്‍ത്തയെ നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ടിരിക്കുവാനും, നേരത്തെത്തന്നെ അതുകണ്ടു ആസ്വദിക്കുവാനും സക്കരിയ്യാ(അ) നബിക്കു ആഗ്രഹമായി:-

19:10
 • قَالَ رَبِّ ٱجْعَل لِّىٓ ءَايَةً ۚ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَـٰثَ لَيَالٍ سَوِيًّا ﴾١٠﴿
 • അദ്ദേഹം പറഞ്ഞു: ' എന്‍റെ റബ്ബേ! (എന്നാല്‍) നീ എനിക്കു ഒരു ദൃഷ്ടാന്തം നിശ്ചയിച്ചു തരേണമേ?' അവന്‍ [അല്ലാഹു] പറഞ്ഞു: ' ശരിയായ നിലയില്‍, മൂന്നു രാത്രി [ദിവസം] നീ ജനങ്ങളോടു സംസാരിക്കുകയില്ലെന്നുള്ളതാണ് നിനക്കു ദൃഷ്ടാന്തം.'
 • അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ اجْعَل നിശ്ചയിച്ചു തരേണമേ, ഏര്‍പ്പെടുത്തിതരേണമേ لِّي എനിക്കു آيَةً ഒരു ദൃഷ്ടാന്തം, അടയാളം قَالَ അവന്‍ പറഞ്ഞു آيَتُكَ നിന്‍റെ ദൃഷ്ടാന്തം أَلَّا تُكَلِّمَ നീ സംസാരിക്കാതിരിക്കുക എന്നതാണ് النَّاسَ ജനങ്ങളോടു, മനുഷ്യരോടു ثَلَاثَ لَيَالٍ മൂന്നു രാത്രി (ദിവസം) سَوِيًّا ശരിയായ നിലയില്‍
19:11
 • فَخَرَجَ عَلَىٰ قَوْمِهِۦ مِنَ ٱلْمِحْرَابِ فَأَوْحَىٰٓ إِلَيْهِمْ أَن سَبِّحُوا۟ بُكْرَةً وَعَشِيًّا ﴾١١﴿
 • അങ്ങനെ അദ്ദേഹം പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു (പുറത്തു വന്ന്) തന്‍റെ ജനങ്ങള്‍ക്കു പ്രത്യക്ഷപ്പെട്ടു: എന്നിട്ടു, 'നിങ്ങള്‍ രാവിലെയും, വൈകുന്നേരവും സ്തോത്രകീര്‍ത്തനം ചെയ്തുകൊള്ളുക' എന്നു അവരുടെ നേരെ ആംഗ്യം കാണിച്ചു. [സൂചന നല്‍കി.]
 • فَخَرَجَ അങ്ങനെ അദ്ദേഹം പുറപ്പെട്ടു, പ്രത്യക്ഷപ്പെട്ടു عَلَىٰ قَوْمِهِ തന്‍റെ ജനങ്ങള്‍ക്കു, ജനങ്ങളില്‍ مِنَ الْمِحْرَابِ മിഹ്റാബില്‍ നിന്നു, പ്രാര്‍ത്ഥനാ മണ്ഡപത്തില്‍ നിന്നു فَأَوْحَىٰ എന്നിട്ടു ആംഗ്യം കാട്ടി, സൂചന നല്‍കി إِلَيْهِمْ അവര്‍ക്കു, അവരോട് أَن سَبِّحُوا നിങ്ങള്‍ സ്തോത്രകീര്‍ത്തനം (തസ്ബീഹു) ചെയ്തുകൊള്ളുക എന്ന് بُكْرَةً രാവിലെ, കാലത്തു وَعَشِيًّا വൈകുന്നേരവും വൈകിയിട്ടും, സന്ധ്യാസമയത്തും

‘ശരിയായ നിലയില്‍’ എന്നു അര്‍ത്ഥം പറഞ്ഞിട്ടുള്ളതു سويا (സവിയ്യന്‍) എന്ന പദത്തെ ഉദ്ദേശിച്ചാണ്. ഇതു രണ്ടു പ്രകാരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു: രോഗമോ അംഗവൈകല്യമോ കൂടാതെ ശരിക്കു ആരോഗ്യവാനായിരിക്കെത്തന്നെ സകരിയ്യാ നബി (അ) ക്കു മൂന്നു ദിവസം സംസാരിക്കുവാന്‍ കഴിയാതെ വരുന്നതാണെന്നും, ശരിക്കും മൂന്നു രാത്രി – മൂന്നു ദിവസം – സംസാരിക്കുവാന്‍ കഴിയാതിരിക്കുമെന്നും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍: ‘ശരിയായ നിലയില്‍’ എന്ന സ്ഥിതിവിശേഷണം (حال) സകരിയ്യാ (അ) നബിയെ സംബന്ധിച്ചും രാത്രിയെ സംബന്ധിച്ചും ആയിരിക്കുവാന്‍ ഇടയുണ്ട് എന്നു സാരം. ദിവസത്തെ ഉദ്ദേശിച്ചുകൊണ്ടു ليلة (രാത്രി) എന്നു പറയുക അറബിഭാഷയില്‍ സാധാരണമാകുന്നു. അതുകൊണ്ടാണു ഇതേ സംഭവത്തെപ്പറ്റി ആലുഇംറാന്‍ 41ല്‍ ‘മൂന്നു ദിവസം’ (ثلاثة ايام) എന്നും പറഞ്ഞിരിക്കുന്നത്. محراب (മിഹ്റാബ്) കൊണ്ടു ഇവിടെ ഉദ്ദേശ്യം സാധാരണ നമ്മുടെ ഇടയില്‍ അറിയപ്പെടുന്ന തരത്തിലുള്ള മിഹ്റാബ് അല്ല. പള്ളികളില്‍ ഇന്നു പ്രചാരത്തിലുള്ള മിഹ്റാബ് നബി (സ)ക്കു ശേഷം ഉണ്ടായിത്തീര്‍ന്നതാകുന്നു. ക്രിസ്ത്യാനികളുടെ ആരാധനാസ്ഥലങ്ങളില്‍ അതിലെ പുരോഹിതന്മാര്‍ക്കു വേണ്ടി പ്രത്യേകം ഉണ്ടാക്കപ്പെടുന്ന മണ്ഡപമാണുഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

സകരിയ്യാ (അ) പതിവുപ്രകാരം ജനങ്ങളൊന്നിച്ചു പ്രാര്‍ത്ഥന നടത്തുവാന്‍, അദ്ദേഹത്തിന്‍റെ പ്രത്യേക മണ്ഡപത്തില്‍ നിന്നു ഇറങ്ങിവന്നു നോക്കുമ്പോള്‍, അദ്ദേഹത്തിനു സംസാരിക്കുവാന്‍ വയ്യാതായിരിക്കുന്നു. അതിനാല്‍, താന്‍ കൂടാതെത്തന്നെ രണ്ടുനേരവും അതു നടത്തിക്കൊള്ളുവാന്‍ അദ്ദേഹം ആംഗ്യം മൂലം അവരോടു കല്‍പിച്ചു. അദ്ദേഹം ബൈത്തുല്‍ മുഖദ്ദസ് പള്ളിയിലെ നേതാവായിരുന്നുവെന്നതു സ്മരണീയമാകുന്നു. മൂന്നു ദിവസം ജനങ്ങളോടൊപ്പം സ്തോത്രകീര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നതു സംസാരിക്കുവാന്‍ കഴിയാഞ്ഞതു കൊണ്ടുമാത്രം ആയിക്കൊള്ളണമെന്നില്ല; ആ ദിവസങ്ങളില്‍, അദ്ദേഹത്തിന് ഏകാന്തമായിക്കൊണ്ട് സ്തോത്രനമസ്കാരാദികര്‍മ്മങ്ങള്‍ ചെയ്‌വാനുണ്ടായതുകൊണ്ടായിരുന്നുവെന്നും വരാവുന്നതാണ്. അല്ലാഹുവിന്നറിയാം. ഏതായാലും, ഇസ്രായീല്യര്‍ക്ക് – അവരാണല്ലോ അദ്ദേഹത്തിന്‍റെ ജനത – രാവിലെയും വൈകുന്നേരവും ചില പ്രാര്‍ഥനാനമസ്കാരങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നുവെന്നു ഈ വചനത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാവുന്നതാകുന്നു.

സക്കരിയ്യാ (അ) നബിക്കു ലഭിച്ച സന്തോഷവാര്‍ത്ത അതാ, സാക്ഷാല്‍കരിക്കപ്പെടുന്നു! പുത്രന്‍ ജനിക്കുന്നു – സാധാരണ കുട്ടികളെപ്പോലെയല്ലാത്ത ഒരു പുത്രന്‍! അല്ലാഹു പറയുന്നതു നോക്കുക:

19:12
 • يَـٰيَحْيَىٰ خُذِ ٱلْكِتَـٰبَ بِقُوَّةٍ ۖ وَءَاتَيْنَـٰهُ ٱلْحُكْمَ صَبِيًّا ﴾١٢﴿
 • 'ഹേ, യഹ്‌യാ! വേദഗ്രന്ഥം ബലമായി സ്വീകരിച്ചുകൊള്ളുക' (എന്നു നാം പറഞ്ഞു).
  ശിശുവായിരിക്കുമ്പോള്‍ തന്നെ, നാം അവനു (വേദ) വിജ്ഞാനം നല്‍കുകയും ചെയ്തു;-
 • يَا يَحْيَىٰ ഹേ, യഹ്‌യാ خُذِ സ്വീകരിക്കുക, എടുക്കുക الْكِتَابَ വേദഗ്രന്ഥം بِقُوَّةٍ ബലമായി, ശക്തിയോടെ وَآتَيْنَاهُ അവനു നാം കൊടുത്തു الْحُكْمَ വിജ്ഞാനം, യുക്തി, വിധി صَبِيًّا ശിശുവായിരിക്കുമ്പോള്‍
19:13
 • وَحَنَانًا مِّن لَّدُنَّا وَزَكَوٰةً ۖ وَكَانَ تَقِيًّا ﴾١٣﴿
 • നമ്മുടെ പക്കല്‍നിന്നു അനുകമ്പയും, പരിശുദ്ധിയും (നല്‍കി); അവന്‍ ഒരു ഭക്തനും ആയിരുന്നു;
 • وَحَنَانًا അനുകമ്പയും, ദയയും مِّن لَّدُنَّا നമ്മുടെ പക്കല്‍നിന്നു وَزَكَاةً പരിശുദ്ധിയും وَكَانَ അവന്‍ ആയിരുന്നുതാനും تَقِيًّا ഭക്തന്‍, ഭയഭക്തിയുള്ളവന്‍, സൂക്ഷ്മതയുള്ളവന്‍
19:14
 • وَبَرًّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا ﴾١٤﴿
 • തന്‍റെ മാതാപിതാക്കള്‍ക്കു നന്മ ചെയ്യുന്നവനും (ആയിരുന്നു); അനുസരണമില്ലാത്ത ക്രൂരനായിരുന്നതുമില്ല.
 • وَبَرًّا നന്മ ചെയ്യുന്നവനും بِوَالِدَيْهِ തന്‍റെ മാതാപിതാക്കള്‍ക്കു وَلَمْ يَكُن അവന്‍ ആയിരുന്നതുമില്ല جَبَّارًا ക്രൂരന്‍, നിഷ്ഠൂരന്‍, ഡംഭുകാരന്‍, കഠിനന്‍ عَصِيًّا അനുസരണമില്ലാത്തവനായ, വിപരീതം ചെയ്യുന്ന

19:15
 • وَسَلَـٰمٌ عَلَيْهِ يَوْمَ وُلِدَ وَيَوْمَ يَمُوتُ وَيَوْمَ يُبْعَثُ حَيًّا ﴾١٥﴿
 • അവന്‍ ജനിച്ച ദിവസവും, മരിക്കുന്ന ദിവസവും, ജീവനുള്ളവനായി എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും അവനു സലാം! [ശാന്തിയുണ്ട്.]
 • وَسَلَامٌ ശാന്തി, സലാം عَلَيْهِ അവനു (ഉണ്ട്, ഉണ്ടാവട്ടെ) يَوْمَ وُلِدَ അവന്‍ ജനിച്ച ദിവസം وَيَوْمَ يَمُوتُ മരിക്കുന്ന ദിവസവും وَيَوْمَ يُبْعَثُ എഴുന്നെല്‍പ്പിക്കപ്പെടുന്ന (മരണാനന്തരം ജീവിപ്പിക്കപ്പെടുന്ന) ദിവസവും حَيًّا ജീവനുള്ളവനായിക്കൊണ്ടു

വേദഗ്രന്ഥം എന്നു പറഞ്ഞതു തൗറാത്തിനെ ഉദ്ദേശിച്ചാകുന്നു. ഈസാ (അ) നബിയുടെ മുമ്പു മതനിയമ ഗ്രന്ഥമായി നിലവിലുണ്ടായിരുന്നതു അതായിരുന്നു. വേദഗ്രന്ഥം മനസ്സിലാക്കുവാനും, ജനങ്ങളെ ഉപദേശിക്കുവാനും വേണ്ടുന്ന കഴിവും പ്രാപ്തിയും അദ്ദേഹത്തിനു ചെറുപ്പത്തില്‍തന്നെ അല്ലാഹു പ്രദാനം ചെയ്തു. വളരെ സല്‍സ്വഭാവിയും, സല്‍ഗുണസമ്പൂര്‍ണ്ണനുമായിരുന്നു അദ്ദേഹം.

حكم (ഹുക് മ്) എന്ന പദത്തിനാണ് നാം ഇവിടെ ‘വിജ്ഞാനം’ എന്നു അര്‍ത്ഥം കല്‍പിച്ചത്‌. നീതിബോധം, വിധി, എന്നും മറ്റും അതിനു അര്‍ത്ഥം പറയപ്പെട്ടിരിക്കുന്നു. പ്രവാചകത്വമാണ് ഇവിടെ അതുകൊണ്ടു ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും, അദ്ദേഹം മൂന്നോ. അല്ലെങ്കില്‍ ഏഴോ വയസ്സുള്ളപ്പോള്‍ തന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞിരിക്കുന്നു. ഇതു ശരിയാണെങ്കില്‍, യഹ്‌യാ (അ) നബിയുടെ ഒരു പ്രത്യേകതയാണ് അതു എന്ന കാര്യത്തില്‍ സംശയമില്ല. ഏതായാലും ശൈശവം മുതല്‍ക്കുതന്നെ അദ്ദേഹം അസാധാരണ ഗുണസമ്പന്നനും, ആരാധനാനിമഗ്നനുമായിരുന്നുവെന്നു തീര്‍ച്ചയാകുന്നു.

ഈസാ(അ) നബിയുടെ ജനനകഥ വിശദമായി വിവരിച്ചിട്ടുള്ള ഒരു അദ്ധ്യായമാണ്‌ ഈ സൂറത്ത്. അദ്ദേഹത്തിന്‍റെ വിഷയത്തില്‍ ക്രിസ്ത്യാനികള്‍ കെട്ടിയുണ്ടാക്കിയ അതിരു കവിഞ്ഞ പല വാദങ്ങളെയും, ജൂതന്‍മാരുടെ പല വ്യാജപ്രസ്താവനകളെയും ഖണ്ഡിച്ചുകൊണ്ടു സംഭവത്തിന്‍റെ യഥാര്‍ത്ഥരൂപം അല്ലാഹു ഈ സൂറത്തില്‍ തുടര്‍ന്നു വിവരിക്കുന്നുണ്ട്. അതിനോടു ബന്ധപ്പെട്ട ഒരു സംഭവമാണ് യഹ്‌യാ (അ) നബിയുടേതും. അവര്‍ തമ്മില്‍ കുടുംബ ബന്ധമുള്ളതുപോലെത്തന്നെ, ദൗത്യനിര്‍വ്വഹണ കാര്യത്തിലും ബന്ധമുണ്ടായിരുന്നു. ഈസാ(അ) ന്‍റെ പ്രബോധനത്തിനു വഴി തെളിയിക്കുന്ന ഒരു മുന്നോടിയായിട്ടാണ് യഹ്‌യാ (അ)ന്‍റെ ആഗമനം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, സൂ: ആലുഇംറാനില്‍ അല്ലാഹു വ്യക്തമാക്കിയിട്ടുള്ളതു പോലെ, ഈസാ (അ) നബിയുടെ മാതാവിനെ സംരക്ഷിച്ചുവന്നതും സക്കരിയാ(അ) നബി ആയിരുന്നു. മാതാവിന്‍റെ പ്രാര്‍ത്ഥനാഫലമായി മര്‍യമില്‍ പ്രത്യക്ഷപ്പെട്ട ചില ദൃഷ്ടാന്തങ്ങള്‍ സക്കരിയ്യാ (അ) നബിക്കു ആവേശം നല്‍കുകയുണ്ടായി. മക്കളില്ലാതിരുന്ന അദ്ദേഹത്തിനു സത്യപ്രബോധനം നടത്തുന്നതില്‍ തന്‍റെ പിന്‍തുടര്‍ച്ചക്കാരനായി വരത്തക്ക ഒരു മകനുണ്ടായിക്കാണുവാന്‍ അതിയായ ആഗ്രഹം തോന്നുകയും ചെയ്തു. എന്നിട്ടാണ് അദ്ദേഹം മുകളില്‍ പറഞ്ഞ പ്രകാരം ദുആ ചെയ്തത്. ഇങ്ങിനെ, പല നിലക്കും പരസ്പരബന്ധമുള്ള രണ്ടു സംഭവകഥകളാണ് യഹ്‌യാ നബിയുടേതും, ഈസാ നബിയുടേതും. عليهما السلام

മുശ്രിക്കുകളുടെ മര്‍ദ്ദനം നിമിത്തം മക്കായില്‍നിന്നു ചില സഹാബികള്‍ അബിസീനിയാ (حبشة) യിലേക്കു ഹിജറ പോകുകയും, നജ്ജാശീ (നെഗാശി) രാജാവിനെ അഭയം പ്രാപിക്കുകയും ഉണ്ടായല്ലോ. അവര്‍ അവിടെ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്തു അവരെ തങ്ങള്‍ക്കു വിട്ടുകിട്ടണമെന്നു അപേക്ഷിച്ചുകൊണ്ടും, മുസ്‌ലിംകളുടെ മേല്‍ പല അപവാദങ്ങളും ആരോപിച്ചുകൊണ്ടും ഖുറൈശികളുടെ ഒരു നിവേദകസംഘം നജ്ജാശി രാജാവിനെ സമീപിക്കുകയുണ്ടായി. ഈ അവസരത്തില്‍ രാജാവു ആ സഹാബികളെ വിളിപ്പിച്ചു പലതും അന്വേഷിക്കുകയുണ്ടായി. രാജാവു ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹവുമായുണ്ടായ സംഭാഷണത്തില്‍ ജഅ് ഫറുബ്നു അബീത്വാലിബ്‌ (جعفربن ابي طالب – رض) രാജാവിനു സൂറത്തു മര്‍യം ഓതിക്കേള്‍പ്പിച്ചു. രാജാവു സംതൃപ്തനാവുകയും, ഇസ്‌ലാം സ്വീകരിക്കുകയും ഉണ്ടായി. ഈസാ(അ) നെക്കുറിച്ചു ‘ഇഞ്ചീലി’ല്‍ അദ്ദേഹം കണ്ടതിനോടു ഖുര്‍ആന്‍ യോജിച്ചിട്ടുണ്ടെന്നു അദ്ദേഹം പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, ഇന്നു നമുക്കു ബൈബിളുകളില്‍ കാണുവാന്‍ കഴിയുന്ന ഇഞ്ചീലുകള്‍ (സുവിശേഷങ്ങള്‍) അന്നത്തേതില്‍നിന്നും കേവലം വ്യത്യസ്ത രൂപത്തിലുള്ളതാണെന്ന കാര്യം നിസ്സംശയമാണ്. എന്നിരുന്നാലും, യഹ്‌യാ (അ) നബിയുടെ ജനനകഥയില്‍ ഇന്നത്തെ ഇഞ്ചീലും ഏറെക്കുറെ ഖുര്‍ആനുമായി യോജിച്ചുകാണാം. അതിലെ ചില ഭാഗങ്ങള്‍ ഇവിടെ ഉദ്ധരിക്കുന്നതു സന്ദര്‍ഭോചിതമായിരിക്കും:-

‘യഹൂദ്യ (*) രാജാവായ ഹെറോദാവി (**) ന്‍റെ കാലത്തു അബീയാക്കൂറില്‍ സെഖര്യാവു എന്നു പേരുള്ളൊരു പുരോഹിതന്‍ ഉണ്ടായിരുന്നു. അവന്‍റെ ഭാര്യ അഹ് റോ (***) ന്‍റെ പുത്രിമാരില്‍ ഒരുത്തിയായിരുന്നു. അവള്‍ക്കു എലിശബേത്ത് എന്നു പേര്‍. ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും, കര്‍ത്താവിന്‍റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലിശബേത്ത് മച്ചിയാകകൊണ്ടു അവര്‍ക്കു സന്തതികളില്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരുമായിരുന്നു. …….. പൌരോഹിത്യ മര്യാദപ്രകാരം, കര്‍ത്താവിന്‍റെ മന്ദിരത്തില്‍ചെന്നു ധൂമം കാട്ടുവാന്‍ അവനു നറുക്കു വന്നു……… അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ ധൂമപീഠത്തിന്‍റെ വലതുഭാഗത്തു വന്നുനില്‍ക്കുന്നവനായിട്ടു അവനു പ്രത്യക്ഷമായി………… ദൂതന്‍ അവനോടു പറഞ്ഞതു: ‘ സെഖര്യാവേ, ഭയപ്പെടേണ്ടാ, നിന്‍റെ പ്രാര്‍ത്ഥനക്കു ഉത്തരമായി നിന്‍റെ ഭാര്യ എലിശബേത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു ‘യോഹന്നാന്‍’ എന്നു പേരിടണം. നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും. അവന്‍റെ ജനനത്തില്‍ പലരും സന്തോഷിക്കും. അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗര്‍ഭത്തില്‍വെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും. അവന്‍ യിസ്രായേല്‍ മക്കളില്‍ പലരേയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും…..’

‘സെഖര്യാവു ദൂതനോടു : ‘ ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്‍റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ’ എന്നു പറഞ്ഞു. ദൂതന്‍ അവനോട്: ‘ഞാന്‍ ദൈവസന്നിധിയില്‍ നില്‍കുന്ന ഗബ്രിയേല്‍ (****) ആകുന്നു; നിന്നോടു സംസാരിപ്പാനും, ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്തു നിവൃത്തി വരുവാനുള്ള എന്‍റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കും വരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും’ എന്നു ഉത്തരം പറഞ്ഞു. ജനം സെഖര്യാവിനായി കാത്തിരുന്നു. ………. അവന്‍ പുറത്തു വന്നാറെ, അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല……അവന്‍ അവര്‍ക്കു ആംഗ്യം കാട്ടി………..’ (ലൂക്കോസ്: 1ല്‍ 5- 23)

ജിബ്രീല്‍ (അ) വന്നു സുവിശേഷം അറിയിച്ചപ്പോള്‍ അതു വിശ്വസിക്കാത്തതിന്‍റെ പേരിലാണ് സകരിയ്യാ(അ) നബിക്കു സംസാരിക്കുവാന്‍ കഴിയാതെവന്നതെന്നാണല്ലോ ഇഞ്ചീലില്‍ കണ്ടത്. ഇതു ഖുര്‍ആന്‍ പറഞ്ഞതിനു എതിരാണെന്നു വ്യക്തമാണ്. അതുകൊണ്ട് അതു നമുക്കു അവഗണിക്കാം. യഹ്‌യാ (അ) നബിയുടെ കഥയില്‍ നിന്നു നമുക്കു താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കും:-

(1) അല്ലാഹുവിന്‍റെ ശക്തിമാഹാത്മ്യവും, കാരുണ്യവും അതിരറ്റതാകുന്നു. ഏതു സന്നിഗ്ദ്ധഘട്ടത്തിലും നാം നിരാശപ്പെടരുത്. നാം ചെയ്യേണ്ടതു നമ്മുടെ കഴിവനുസരിച്ചു ചെയ്യുകയും, അതിനപ്പുറമുള്ളതിലെല്ലാം അവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്യണം. ഹൃദയസാന്നിധ്യത്തോടും, ഭക്തിയാദരവോടുംകൂടി ചെയ്യുന്ന പ്രാര്‍ത്ഥന അല്ലാഹു പാഴാക്കുകയില്ല.

(2) സാധാരണ പ്രകൃതിനിയമങ്ങള്‍ക്ക് അതീതമായി ചില സംഭവങ്ങള്‍ അല്ലാഹു ഈ ലോകത്തു വെളിപ്പെടുത്തിയേക്കാവുന്നതാണ്.

(3) രഹസ്യമായി നടത്തുന്ന പ്രാര്‍ത്ഥന പ്രത്യേക ഫലം ചെയ്യുന്നതാകുന്നു. നമ്മുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹു ശരിക്കു അറിയുന്നവനാണെങ്കിലും നമ്മുടെ സാധുത്വവും അശക്തിയും സമ്മതിക്കുകയെന്ന നിലക്കു പ്രാര്‍ത്ഥനയില്‍ അതു വിസ്തരിച്ചു പറയുന്നതു നല്ലതാകുന്നു. ഹൃദയസാന്നിധ്യത്തോടും, നിഷ്കളങ്കതയോടുംകൂടിയായിരിക്കണം പ്രാര്‍ത്ഥന. രഹസ്യമായ പ്രാര്‍ത്ഥന ഇതിനു കൂടുതല്‍ ഉതകുന്നു.

(4) സന്താനങ്ങള്‍ക്കു നല്ലതും പുതിയതുമായ പേരുകള്‍ വെക്കുകയാണ് വേണ്ടത്. പേരിന്‍റെ ഉദ്ദേശ്യം തന്നെ, തിരിച്ചറിയുകയാണല്ലോ. അടുത്തടുത്ത സ്ഥലങ്ങളില്‍ ഒരേ പേര്‍ ഒന്നിലധികം ആളുകള്‍ക്കു ഉണ്ടാകുന്ന പക്ഷം ഈ ഉദ്ദേശ്യത്തിനു കോട്ടം പറ്റുന്നു. നല്ല അര്‍ത്ഥം ദ്യോതിപ്പിക്കുന്ന പേരിടുന്നതിനെ നബി (സ) വളരെ പ്രോത്സാഹിപ്പിച്ചിട്ടുള്ളതായി ഹദീസുകളിലും കാണാം.

(5) മക്കളുടെ നന്മക്കുവേണ്ടി മാതാപിതാക്കള്‍ ദുആ ചെയ്യേണ്ടതാകുന്നു.

(6) മാതാപിതാക്കള്‍ക്കു നന്മ ചെയ്യുക എന്നതു മക്കളുടെ – അവര്‍ എത്ര യോഗ്യന്‍മാരായാലും ശരി – പ്രധാന കടമയും, മഹത്തായ പുണ്യകര്‍മ്മവുമാകുന്നു.

(7) പൊതുപ്രവര്‍ത്തനത്തിലും, സമുദായസേവനത്തിലും ഏര്‍പ്പെടുന്ന ആള്‍ പൊതുജനസമ്മതനായിരിക്കേണ്ടാതാകുന്നു.

യഹ്‌യാ (അ) നബിക്കു ശൈശവത്തില്‍ തന്നെ വേദഗ്രന്ഥം കൈകാര്യം ചെയ്‌വാനുള്ള പരിപക്വതയും, കല്പനയും നല്‍കിയതിനെത്തുടര്‍ന്നു അല്ലാഹു അദ്ദേഹത്തെപ്പറ്റി എടുത്തുപറഞ്ഞിട്ടുള്ള ചില പ്രത്യേകതകളും കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്:

(1) അദ്ദേഹത്തിനു വിജ്ഞാനം നല്‍കി .
(2) അല്ലാഹുവിങ്കല്‍നിന്നുള്ള പ്രത്യേക അനുകമ്പ ലഭിച്ചു. അദ്ദേഹം ജനങ്ങളോടു വളരെ കനിവും, അനുകമ്പയും ഉള്ള ആളായിരുന്നു.
(3) പാപങ്ങളില്‍ നിന്നും, മാന്യമല്ലാത്ത കാര്യങ്ങളില്‍ നിന്നും അദ്ദേഹത്തിനു പരിശുദ്ധി നല്‍കിയിരുന്നു.
(4) അദ്ദേഹം പാപം ചെയ്‌വാന്‍ ഉദ്ദേശിക്കുക പോലും ചെയ്യാതെ, അല്ലാഹുവിന്‍റെ സകല നിയമനിര്‍ദ്ദേശങ്ങളും ശരിക്കു അനുസരിച്ചിരുന്നു.
(5) അദ്ദേഹം മാതാപിതാക്കള്‍ക്കു വളരെ നന്മചെയ്യുന്ന ആളായിരുന്നു.
(6) ഡംഭ്, അഹംഭാവം, ക്രൂരത, കാഠിന്യം ആദിയായ സ്വഭാവദോഷങ്ങളില്ലാത്ത സൗമ്യശീലനും, അനുസരണശീലനുമായിരുന്നു.


(*) യഹൂദ്യാ പടം 3 ല്‍ കാണാം.

(**) ഹിറോദോത്തസ് هيردوتس

(***) ഈ അഹ് റോന്‍ هرون അക്കാലത്തുള്ള ഒരാളാകുന്നു.മൂസാ(അ) ന്‍റെ സഹോദരന്‍ ഹാറൂന്‍ (അ) അല്ല. 28-ാം വചനത്തില്‍ വരുന്ന ഹാറൂന്‍ ഇദ്ദേഹമാണെന്നു ചിലര്‍ക്ക് അഭിപ്രായമുണ്ട്.

(****) جبريل ع എന്ന മലക്ക്


വിഭാഗം - 2

19:16
 • وَٱذْكُرْ فِى ٱلْكِتَـٰبِ مَرْيَمَ إِذِ ٱنتَبَذَتْ مِنْ أَهْلِهَا مَكَانًا شَرْقِيًّا ﴾١٦﴿
 • (നബിയേ) വേദഗ്രന്ഥത്തില്‍ മര്‍യമിനെക്കുറിച്ചും പ്രസ്താവിക്കുക: അവള്‍ തന്‍റെ സ്വന്തക്കാരില്‍ നിന്നു, കിഴക്കു ഭാഗത്തുള്ള ഒരു സ്ഥലത്തു വിട്ടു (മാറി) താമസിച്ചപ്പോള്‍;
 • وَاذْكُرْ പ്രസ്താവിക്കുക, പറയുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ (ഖുര്‍ആനില്‍) مَرْيَمَ മര്‍യമിനെക്കുറിച്ചു إِذِ انتَبَذَتْ അവള്‍ വിട്ടുമാറി താമസിച്ചപ്പോള്‍, വിട്ടുപോയപ്പോള്‍ مِنْ أَهْلِهَا അവളുടെ സ്വന്തക്കാരില്‍ (കുടുംബത്തില്‍, ആള്‍ക്കാരില്‍)നിന്നു مَكَانًا ഒരു സ്ഥലത്തു شَرْقِيًّا കിഴക്കുഭാഗത്തുള്ള
19:17
 • فَٱتَّخَذَتْ مِن دُونِهِمْ حِجَابًا فَأَرْسَلْنَآ إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا ﴾١٧﴿
 • അങ്ങനെ, അവള്‍ അവരില്‍നിന്നു (മറയത്തക്ക) ഒരു മറ സ്വീകരിച്ചു: അപ്പോള്‍, നാം അവളുടെ അടുക്കലേക്കു നമ്മുടെ ആത്മാവിനെ [ജിബ്രീലിനെ] അയച്ചു; എന്നിട്ട്, അദ്ദേഹം ശരിയായ ഒരു മനുഷ്യനായി അവള്‍ക്കു രൂപപ്പെട്ടു.
 • فَاتَّخَذَتْ എന്നിട്ടു അവള്‍ സ്വീകരിച്ചു, ഏര്‍പ്പെടുത്തി مِن دُونِهِمْ അവരില്‍ നിന്നു حِجَابًا ഒരു മറ فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു إِلَيْهَا അവളുടെ അടുക്കലേക്ക് رُوحَنَا നമ്മുടെ ആത്മാവിനെ فَتَمَثَّلَ എന്നിട്ടു അദ്ദേഹം രൂപപ്പെട്ടു, പ്രത്യക്ഷപ്പെട്ടു لَهَا അവള്‍ക്കു بَشَرًا ഒരു മനുഷ്യനായി سَوِيًّا ശരിയായ (സാധാരണപോലുള്ള)

മര്‍യം (അ) ചെറുപ്പം മുതല്‍ക്കേ ബൈത്തുല്‍മുഖദ്ദസിലെ പരിചാരികയായിരുന്നു. അവര്‍ കിഴക്കുഭാഗത്തായി ഒരിടത്തു ഏകാന്തവാസം സ്വീകരിച്ചപ്പോഴായിരുന്നു ജിബ്രീല്‍ (അ) പ്രത്യക്ഷപ്പെട്ടത്. സകരിയ്യാ (അ) നബിയുടെ ഭാര്യ ഗര്‍ഭം ധരിച്ചതിന്‍റെ ആറാം മാസത്തിലാണ് ഇതു ഉണ്ടായതെന്നും, മര്‍യം (അ) അന്നു സ്വപിതാവിന്‍റെ രാജ്യമായ നസറേത്ത് (*) എന്ന ഗലീലാ ( النصرية اوجليليا) പട്ടണത്തിലായിരുന്നുവെന്നും, ലൂക്കോസിന്‍റെ സുവിശേഷം (1: 26) പറയുന്നു. الله اعلم

‘നമ്മുടെ ആത്മാവ്’ (روحنا) എന്നു പറഞ്ഞതു ജിബ്രീല്‍ (അ) എന്നാ മലക്കിനെ ഉദ്ദേശിച്ചാകുന്നു. ‘റൂഹ്’ (ആത്മാവ്) എന്നും, റൂഹുല്‍ഖുദ്ദ്സ്’ (പരിശുദ്ധാത്മാവ്) എന്നും ജിബ്രീലിനെക്കുറിച്ചു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഈ സംഭവം ഉദ്ധരിക്കുന്നിടത്തു ‘ഗബ്രിയേല്‍’ എന്നു ബൈബിളും പറഞ്ഞിട്ടുണ്ട്. എന്നാല്‍, തനിക്കു പ്രത്യക്ഷപ്പെട്ടതു മലക്കാണെന്നു അറിഞ്ഞിട്ടില്ലാതിരുന്നതുകൊണ്ടു മര്‍യം പരിഭ്രമിച്ചു:-


(*) പടം 3 നോക്കുക


19:18
 • قَالَتْ إِنِّىٓ أَعُوذُ بِٱلرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّا ﴾١٨﴿
 • അവള്‍ പറഞ്ഞു: 'നീ ഒരു ഭക്തിയുള്ളവനാണെങ്കില്‍, നിന്നില്‍ നിന്നു ഞാന്‍ പരമകാരുണികനായുള്ളവനില്‍ ശരണം പ്രാപിക്കുന്നു.'
 • قَالَتْ അവള്‍ പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ أَعُوذُ ഞാന്‍ ശരണം പ്രാപിക്കുന്നു, അഭയം തേടുന്നു بِالرَّحْمَـٰنِ റഹ്മാനില്‍, പരമകാരുണികനില്‍ مِنكَ നിന്നില്‍ നിന്നു إِن كُنتَ നീ ആണെങ്കില്‍ تَقِيًّا ഭക്തിയുള്ളവന്‍
19:19
 • قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَـٰمًا زَكِيًّا ﴾١٩﴿
 • അദ്ദേഹം പറഞ്ഞു: 'നിനക്കു പരിശുദ്ധനായ ഒരു ആണ്‍കുട്ടിയെ (കുറിച്ചുള്ള സുവിശേഷം) പ്രദാനം ചെയ്യുന്നതിനായി, നിന്‍റെ റബ്ബിന്‍റെ ദൂതന്‍ മാത്രമാണ് ഞാന്‍.'
 • قَالَ അദ്ദേഹം പറഞ്ഞു إِنَّمَآ أَنَا നിശ്ചയമായും ഞാന്‍ رَسُولُ ദൂതന്‍ (മാത്രം) ആകുന്നു رَبِّكِ നിന്‍റെ റബ്ബിന്‍റെ لِأَهَبَ ഞാന്‍ ദാനം ചെയ്‌വാന്‍ لَكِ നിനക്കു غُلَامًا ഒരു ആണ്‍കുട്ടിയെ زَكِيًّا പരിശുദ്ധനായ
19:20
 • قَالَتْ أَنَّىٰ يَكُونُ لِى غُلَـٰمٌ وَلَمْ يَمْسَسْنِى بَشَرٌ وَلَمْ أَكُ بَغِيًّا ﴾٢٠﴿
 • അവള്‍ പറഞ്ഞു: 'എങ്ങിനെയാണ് എനിക്കു കുട്ടിയുണ്ടാകുന്നതു? ഒരു മനുഷ്യനും എന്നെ സ്പര്‍ശിച്ചിട്ടുമില്ല; ഞാന്‍ ദുര്‍വൃത്തയായിരുന്നതുമില്ല (എന്നിരിക്കെ)?!
 • قَالَتْ അവള്‍ പറഞ്ഞു أَنَّىٰ يَكُونُ എങ്ങനെയാണുണ്ടാവുക لِي എനിക്കു غُلَامٌ ഒരു ആണ്‍കുട്ടി وَلَمْ يَمْسَسْنِي എന്നെ സ്പര്‍ശിച്ചിട്ടില്ല, തൊട്ടിട്ടില്ലാതെ بَشَرٌ ഒരു മനുഷ്യനും وَلَمْ أَكُ ഞാന്‍ ആയിട്ടുമില്ല بَغِيًّا ഒരു ദുര്‍വൃത്ത, തോന്നിയവാസക്കാരി
19:21
 • قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَىَّ هَيِّنٌ ۖ وَلِنَجْعَلَهُۥٓ ءَايَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ﴾٢١﴿
 • അദ്ദേഹം പറഞ്ഞു: '(കാര്യം) അപ്രകാരം തന്നെ; നിന്‍റെ റബ്ബ് പറയുന്നു: 'അതു എനിക്കു ഒരു നിസ്സാരകാര്യമാണ്; അവനെ മനുഷ്യര്‍ക്കു ഒരു ദൃഷ്ടാന്തവും, നമ്മുടെ പക്കല്‍ നിന്നുള്ള ഒരു കാരുണ്യവും ആക്കുവാന്‍ വേണ്ടിയുമാകുന്നു. ഇതു തീരുമാനിക്കപ്പെട്ട ഒരു കാര്യവുമായിരിക്കുന്നു.'
 • قَالَ അദ്ദേഹം പറഞ്ഞു كَذَٰلِكِ അങ്ങനെത്തന്നെ, അപ്രകാരംതന്നെ قَالَ رَبُّكِ നിന്‍റെ റബ്ബ് പറയുന്നു هُوَ عَلَيَّ അതു എനിക്കു هَيِّنٌ നിസ്സാരകാര്യമാണ് وَلِنَجْعَلَهُ അവനെ ആക്കുവാനുമാണു آيَةً ഒരു ദൃഷ്ടാന്തം لِّلنَّاسِ ജനങ്ങള്‍ക്കു وَرَحْمَةً مِّنَّا നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും وَكَانَ അതായിരിക്കുന്നു أَمْرًا കാര്യം مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ട

അല്ലാഹുവിന്‍റെ ദൃഷ്ടാന്തം (اية) അവന്‍റെ പക്കല്‍ നിന്നുള്ള കാരുണ്യം അഥവാ അനുഗ്രഹം (رحمة) ഇങ്ങിനെ രണ്ടു കാര്യങ്ങളാണു ഈസാ (അ) നെപ്പറ്റി അല്ലാഹു പറഞ്ഞത്. ഈ രണ്ടു വാക്കുകളില്‍ അദ്ദേഹത്തെയും, അദ്ദേഹത്തിന്‍റെ പ്രസ്ഥാനത്തെയും അല്ലാഹു ചുരുക്കി ചിത്രീകരിച്ചിരിക്കുന്നതു കാണാം. അദ്ദേഹത്തിന്‍റെ ജനനവും, അദ്ദേഹത്തിന്‍റെ കൈക്കു വെളിപ്പെട്ട സംഭവങ്ങളും അല്ലാഹുവിന്‍റെ ശക്തിമാഹാത്മ്യങ്ങളെ പ്രകാശിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളത്രെ. അദ്ദേഹത്തിനു ലഭിച്ച ദിവ്യോല്‍ബോധനങ്ങളും, അദ്ദേഹം സമുദായത്തിനു ചെയ്ത ഉപദേശങ്ങളുമെല്ലാം മനുഷ്യസമുദായത്തിനു കാരുണ്യത്തിന്‍റെയും സന്ദേശങ്ങളുമാകുന്നു. അപ്പോള്‍ 21-ാം വചനത്തിന്‍റെ ആദ്യഭാഗം (آيَةً لِّلنَّاسِ وَرَحْمَةً مِّنَّا) അദ്ദേഹത്തിന്‍റെ ജീവചരിത്ര സംക്ഷേപമാകുന്നു ഉള്‍കൊള്ളുന്നതു എന്നു പറയാം.

19:22
 • فَحَمَلَتْهُ فَٱنتَبَذَتْ بِهِۦ مَكَانًا قَصِيًّا ﴾٢٢﴿
 • അങ്ങനെ, അവള്‍ അവനെ ഗര്‍ഭം ധരിച്ചു; എന്നിട്ടു അവള്‍ അതുമായി ഒരു ദൂരപ്പെട്ട സ്ഥലത്തു വിട്ടു (മാറി) താമസിച്ചു.
 • فَحَمَلَتْهُ അങ്ങനെ അവള്‍ അവനെ ഗര്‍ഭം ധരിച്ചു فَانتَبَذَتْ എന്നിട്ടവള്‍ വിട്ടുപോയി بِهِ അതുമായി, അതുംകൊണ്ടു مَكَانًا ഒരു സ്ഥലത്തേക്കു قَصِيًّا ദൂരപ്പെട്ട
19:23
 • فَأَجَآءَهَا ٱلْمَخَاضُ إِلَىٰ جِذْعِ ٱلنَّخْلَةِ قَالَتْ يَـٰلَيْتَنِى مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا ﴾٢٣﴿
 • അനന്തരം, പ്രസവവേദന അവളെ ഈത്തപ്പന മരത്തിന്നടുക്കലേക്ക് കൊണ്ടുവന്നു.
  അവള്‍ പറഞ്ഞു; 'ഹാ! ഇതിനുമുമ്പു തന്നെ ഞാന്‍ മരിക്കുകയും, തീരെ വിസ്മരിക്കപ്പെട്ടു പോയ ഒരാളായിത്തീരുകയും ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായേനെ!'
 • فَأَجَاءَهَا അനന്തരം അവളെ വരുത്തി, കൊണ്ടുവന്നു الْمَخَاضُ പ്രസവവേദന إِلَىٰ جِذْعِ النَّخْلَةِ ഈത്തപ്പന മരത്തിങ്കലേക്കു قَالَتْ അവള്‍ പറഞ്ഞു يَا لَيْتَنِي ഹാ ഞാന്‍ ആയെങ്കില്‍ നന്നായേനെ مِتُّ ഞാന്‍ മരണപ്പെട്ടുപോയി (എങ്കില്‍) قَبْلَ هَـٰذَا ഇതിനു മുമ്പ് وَكُنتُ ഞാന്‍ ആയിത്തീരുകയും (ചെയ്തെങ്കില്‍) نَسْيًا مَّنسِيًّا തീരെ മറക്കപ്പെട്ടുപോയ (ഒരാള്‍), പറ്റെ വിസ്മരിക്കപ്പെട്ട ഒരു വസ്തു

ഭര്‍ത്താവില്ലാതെ ഗര്‍ഭവതിയായ സ്ത്രീക്കു ജനങ്ങളില്‍നിന്നു വിട്ടകന്നു പോകുവാന്‍ തോന്നുക സ്വാഭാവികമാണല്ലോ. മര്‍യം (അ) സ്വജനങ്ങളെ വിട്ടു യഹൂദ്യായിലെ ബെത്ത് ലഹേമിലേക്കു (*) പോയി എന്നാണ് ബൈബിള്‍ (ലൂക്കോസു : 2 ല്‍ 5) പറയുന്നത്. പ്രസവവേദന വന്നപ്പോള്‍, ചാരിയിരുന്നു ആശ്വസിക്കുവാനായി ഈത്തപ്പനയുടെ അടുക്കല്‍ വന്നു തന്‍റെ നിസ്സഹായതയില്‍ അവര്‍ വ്യസനിച്ചു. ‘നേരത്തെത്തന്നെ ഞാന്‍ മരിച്ചുപോകുകയും, എന്‍റെ കാര്യം ജനങ്ങളില്‍നിന്നു തീരെ വിസ്മരിക്കപ്പെട്ടുപോകുകയും ചെയ്തിരുന്നുവെങ്കില്‍, ഹാ എത്ര നന്നായേനെ!’ എന്നിങ്ങിനെ വിലപിച്ചു.

‘തീരെ വിസ്മരിക്കപ്പെട്ട ഒരാള്‍’ എന്നതു نَسْيًا مَّنسِيًّا എന്ന വാക്കിന്‍റെ ഉദ്ദേശ്യാര്‍ത്ഥമാകുന്നു. ‘ശരാശരി’ എന്നും ‘കൃകൃത്യം’ എന്നും നാം (മലയാളക്കാര്‍) പറയാറുള്ളതുപോലെ – ശക്തികൂട്ടി പറയുമ്പോള്‍ – അറബിഭാഷയില്‍ ഉപയോഗിക്കാറുള്ള ഒരു പ്രയോഗമാണത്. നേരെ വാക്കര്‍ത്ഥം ‘മറക്കപ്പെട്ടുപോയ മറന്നതു’ എന്നാകുന്നു. അങ്ങനെ, മര്‍യം (അ) അവിടെവെച്ചു പ്രസവിച്ചു.

19:24
 • فَنَادَىٰهَا مِن تَحْتِهَآ أَلَّا تَحْزَنِى قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ﴾٢٤﴿
 • ഉടനെ, അവന്‍ അതിന്‍റെ ചുവട്ടില്‍ നിന്നു അവളെ വിളിച്ചു പറഞ്ഞു: 'വ്യസനിക്കേണ്ട, നിന്‍റെ രക്ഷിതാവു നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിത്തന്നിരിക്കുകയാണ്:
 • فَنَادَاهَا അപ്പോള്‍ അവന്‍ അവളെ വിളിച്ചു (പറഞ്ഞു) مِن تَحْتِهَا അതിന്‍റെ ചുവട്ടില്‍ നിന്നു, അവളുടെ അടിയില്‍ നിന്നു أَلَّا تَحْزَنِي നീ വ്യസനിക്കേണ്ട എന്നു قَدْ جَعَلَ ആക്കിയിട്ടുണ്ട് رَبُّكِ നിന്‍റെ റബ്ബ് تَحْتَكِ നിന്‍റെ താഴെ, നിന്‍റെ കീഴില്‍ سَرِيًّا ഒരു മഹാനെ, മാന്യനെ, ഒരു ഉറവുചാല്‍

19:25
 • وَهُزِّىٓ إِلَيْكِ بِجِذْعِ ٱلنَّخْلَةِ تُسَـٰقِطْ عَلَيْكِ رُطَبًا جَنِيًّا ﴾٢٥﴿
 • 'നിന്‍റെ അടുക്കലേക്കു (കാരക്ക വീണുകിട്ടുവാന്‍) ഈത്തപ്പന കുലുക്കിക്കൊള്ളുക; അതു നിനക്കു പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്നതാണ്.
 • وَهُزِّي നീ കുലുക്കുകയും ചെയ്തുകൊള്ളുക إِلَيْكِ നിന്‍റെ അടുക്കലേക്കു بِجِذْعِ النَّخْلَةِ ഈത്തപ്പനമരത്തെ, ഈന്തത്തടിയെ تُسَاقِطْ അത് വീഴ്ത്തിത്തരും عَلَيْكِ നിനക്കു رُطَبًا ഈത്തപ്പഴം (പഴുത്തതു) കാരക്ക جَنِيًّا പുതിയ, പുതുതായി പറിച്ചെടുത്ത
19:26
 • فَكُلِى وَٱشْرَبِى وَقَرِّى عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ ٱلْبَشَرِ أَحَدًا فَقُولِىٓ إِنِّى نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ ٱلْيَوْمَ إِنسِيًّا ﴾٢٦﴿
 • 'അങ്ങനെ, നീ തിന്നുകയും, കുടിക്കുകയും, (സന്തോഷത്താല്‍) കണ്ണുകുളിര്‍ക്കുകയും ചെയ്തുകൊള്ളുക. ഇനി, നീ മനുഷ്യരില്‍ വല്ലവരേയും കാണുകയാണെങ്കില്‍, 'പരമകാരുണികനു [അല്ലാഹുവിനു] വ്രതം അനുഷ്ഠിക്കുവാന്‍ ഞാന്‍ നേര്‍ന്നിരിക്കുകയാണ്; ആകയാല്‍, ഞാന്‍ ഇന്നു ഒരു മനുഷ്യനോടും സംസാരിക്കുകയില്ലതന്നെ' എന്നു നീ പറഞ്ഞേക്കുക'.
 • فَكُلِي അങ്ങനെ നീ തിന്നുക وَاشْرَبِي നീ കുടിക്കുകയും ചെയ്യുക وَقَرِّي നീ കുളിര്‍ക്കുകയും ചെയ്യുക, അടങ്ങുകയും ചെയ്യുക عَيْنًا കണ്ണ് فَإِمَّا تَرَيِنَّ ഇനി നീ കാണുന്ന പക്ഷംمِنَ الْبَشَرِ മനുഷ്യരില്‍ നിന്നു أَحَدًا ഒരാളെ, ആരെയെങ്കിലും فَقُولِي അപ്പോള്‍ നീ പറയുക إِنِّي നിശ്ചയമായും ഞാന്‍ نَذَرْتُ ഞാന്‍ നേര്‍ന്നിരിക്കുന്നു, നേര്‍ച്ചയാക്കിയിരിക്കുന്നു لِلرَّحْمَـٰنِ പരമകാരുണികനു (റഹ്മാനായ അല്ലാഹുവിന്) صَوْمًا വ്രതം, നോമ്പ് فَلَنْ أُكَلِّمَ ആകയാല്‍ ഞാന്‍ സംസാരിക്കുകയില്ലതന്നെ الْيَوْمَ ഇന്നു إِنسِيًّا ഒരു മനുഷ്യനോടും

വ്രതം (നോമ്പു) അനുഷ്ഠിക്കുമ്പോള്‍ സംസാരിക്കാതെ മൗനം അവലംബിക്കുന്ന സമ്പ്രദായം യഹൂദരുടെ ഇടയില്‍ പതിവുണ്ടായിരുന്നു. മര്‍യമിനെ സംബന്ധിച്ചിടത്തോളം, ജനസംസാരം ഇല്ലാതായിക്കിട്ടുവാനും ഈ മൗനവ്രതം സഹായകമായിരിക്കുമല്ലോ.

ഈത്തപ്പനയുടെ ചുവട്ടില്‍നിന്നു വിളിച്ചുപറഞ്ഞതു അപ്പോള്‍ ജനിച്ച ആ ശിശു – അതെ, ഈസാ (അ) തന്നെ ആയിരുന്നുവെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഒരു വിഭാഗം പറയുന്നത്. ഈസാ (അ) നബിയെ സംബന്ധിച്ചിടത്തോളം അതില്‍ അസാംഗത്യമൊന്നുമില്ല. വാചകത്തിന്‍റെ ഘടനയും പ്രത്യക്ഷത്തില്‍ അങ്ങിനെത്തന്നെയാണ് മനസ്സിലാക്കുന്നതും. തൊട്ടിലില്‍ ശിശുവായിക്കൊണ്ടിരിക്കെത്തന്നെ അദ്ദേഹം ജനങ്ങളോടു സംസാരിക്കുന്നതാണ് (وَيُكَلِّمُ النَّاسَ فِي الْمَهْدِ) എന്നു സൂ: ആലുഇംറാന്‍ 46-ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. താഴെ 30-ാം വചനത്തില്‍, അപ്രകാരം അദ്ദേഹം സംസാരിച്ചതായി കാണുകയും ചെയ്യാം. മര്‍യമിനു മനസ്സമാധാനവും, മനോധൈര്യവും ഉണ്ടാക്കുവാനായി അല്ലാഹു കുട്ടിയെ സംസാരിപ്പിച്ചതായിരിക്കും. മറ്റൊരു വിഭാഗക്കാര്‍ പറയുന്നത്: വിളിച്ചു പറഞ്ഞത് മലക്ക് ആയിരുന്നുവെന്നാകുന്നു. ഏതായാലും 26-ാം ആയത്തിന്‍റെ അവസാനം വരെയുള്ള ഭാഗം മുഴുവനും വിളിച്ചു പറയപ്പെട്ടതില്‍ ഉള്‍പ്പെടുന്നു.

سَرِيًّا (സരിയ്യന്‍) എന്ന വാക്കിനാണ് ‘ഒരു മഹാന്‍’ എന്നു അര്‍ത്ഥം പറഞ്ഞത്. താന്‍ പ്രസവിച്ച കുട്ടിയുടെ ഭാവിയെ സൂചിപ്പിച്ചുകൊണ്ടു മര്‍യമിന്‍റെ വ്യസനം ഇല്ലാതാക്കി സാന്ത്വനപ്പെടുത്തുവാന്‍വേണ്ടിയാകുന്നു. ‘നിന്‍റെ കീഴില്‍ ഒരു മഹാനെ ആക്കിയിരിക്കുന്നു’ വെന്നു പറഞ്ഞത്. ഭാവിയില്‍ ഒരു വലിയ മഹാനാകുവാന്‍ പോകുന്ന കുട്ടിയാണ് നീ പ്രസവിച്ചിരിക്കുന്ന ഈ കുട്ടി; നിനക്കു തല്‍ക്കാലം ഇവിടെ തിന്നുവാനും, കുടിക്കുവാനും വിഷമമില്ല; ആകയാല്‍ കുട്ടിയോടുകൂടി മനസ്സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞുകൂടിക്കൊള്ളുക എന്നു സാരം. سَرِيًّا എന്ന വാക്കിനു ഉറവുചാല്‍ എന്നും അര്‍ത്ഥമുണ്ട്. ഈ അര്‍ത്ഥമാണ് ചില വ്യാഖ്യാതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. അപ്പോള്‍, ‘ഇതാ – നിന്‍റെ താഴെയുള്ള ഉറവുചാലില്‍നിന്നു നിനക്കു വെള്ളവും ഉപയോഗിക്കാം’ എന്നു സാരമാകുന്നു.

19:27
 • فَأَتَتْ بِهِۦ قَوْمَهَا تَحْمِلُهُۥ ۖ قَالُوا۟ يَـٰمَرْيَمُ لَقَدْ جِئْتِ شَيْـًٔا فَرِيًّا ﴾٢٧﴿
 • അനന്തരം, അവനെ [കുട്ടിയെ] വഹിച്ചു [എടുത്തു]കൊണ്ടു അവള്‍ തന്‍റെ ജനങ്ങളുടെ അടുക്കല്‍ ചെന്നു. അവര്‍ പറഞ്ഞു: 'ഹേ, മര്‍യം! അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു!-
 • فَأَتَتْ بِهِ അങ്ങനെ അവള്‍ അവനെയും കൊണ്ടുവന്നു, ചെന്നു قَوْمَهَا അവളുടെ ജനങ്ങളുടെ അടുക്കല്‍ تَحْمِلُهُ അവനെ വഹിച്ചു (എടുത്തു)കൊണ്ടു قَالُوا അവര്‍ പറഞ്ഞു يَا مَرْيَمُ ഹേ മര്‍യം لَقَدْ جِئْتِ തീര്‍ച്ചയായും നീ ചെയ്തുവരുത്തി شَيْئًا ഒരു കാര്യം فَرِيًّا അത്യാശ്ചര്യകരമായ (ആക്ഷേപകരമായ)
19:28
 • يَـٰٓأُخْتَ هَـٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴾٢٨﴿
 • ഹാറൂന്‍റെ സഹോദരീ! നിന്‍റെ പിതാവു ഒരു ചീത്ത മനുഷ്യനായിരുന്നില്ല; നിന്‍റെ മാതാവു ഒരു ദുര്‍വൃത്തയും ആയിരുന്നില്ല.'
 • يَا أُخْتَ هَارُونَ ഹാറൂന്‍റെ സഹോദരി مَا كَانَ ആയിരുന്നില്ല أَبُوكِ നിന്‍റെ പിതാവു امْرَأَ سَوْءٍ ഒരു ദുഷിച്ച (ചീത്ത) മനുഷ്യന്‍ وَمَا كَانَتْ ആയിരുന്നതുമില്ല أُمُّكِ നിന്‍റെ മാതാവു بَغِيًّا ഒരു ദുര്‍വൃത്ത, തോന്ന്യാസക്കാരി
19:29
 • فَأَشَارَتْ إِلَيْهِ ۖ قَالُوا۟ كَيْفَ نُكَلِّمُ مَن كَانَ فِى ٱلْمَهْدِ صَبِيًّا ﴾٢٩﴿
 • അപ്പോള്‍ അവള്‍ അവന്‍റെ [കുട്ടിയുടെ] നേരെ ചൂണ്ടിക്കാട്ടി. അവര്‍ പറഞ്ഞു: '(കേവലം) ഒരു ശിശുവായിക്കൊണ്ടു തൊട്ടിലില്‍ ഉള്ള ഒരുവനോടു - ഞങ്ങള്‍ എങ്ങിനെയാണ്‌ സംസാരിക്കുക?'
 • فَأَشَارَتْ അപ്പോള്‍ അവള്‍ ചൂണ്ടി(ആംഗ്യം)കാട്ടി إِلَيْهِ അവനിലേക്കു قَالُوا അവര്‍ പറഞ്ഞു كَيْفَ എങ്ങിനെയാണു نُكَلِّمُ ഞങ്ങള്‍ സംസാരിക്കുക مَن كَانَ ആയിട്ടുള്ളവനോട് فِي الْمَهْدِ തൊട്ടിലില്‍ صَبِيًّا ശിശു, ശിശുവായിക്കൊണ്ടു

മര്‍യമിന്‍റെ കുടുംബത്തില്‍പ്പെട്ട സദ്‌വൃത്തനായ ഒരാളായിരുന്ന ഹാറൂനെ ഉദ്ദേശിച്ചു കൊണ്ടാണ്‌, ജനങ്ങള്‍ ‘ഹാറൂന്‍റെ സഹോദരി’ എന്നു മര്‍യമിനെ സംബോധന ചെയ്യുന്നത്. പൂര്‍വ്വ നബിമാരുടെയും, സജ്ജനങ്ങളുടെയും പേരുകള്‍ സ്വീകരിക്കുക അന്നു പതിവുണ്ടായിരുന്നു. ഇമാം മുസ്‌ലിം, തിര്‍മിദി (റ) മുതലായവര്‍ മുഗീറ: (مغيرة بن شعبة رض) യില്‍നിന്നു ഉദ്ധരിക്കുന്ന ഒരു ഹദീസു ഈ വസ്തുത വ്യക്തമാക്കിയിട്ടുണ്ട്. ആ നല്ല മനുഷ്യന്‍റെ ചാര്‍ച്ചയില്‍ ഉള്‍പ്പെട്ടവളും, മാന്യരായ മാതാപിതാക്കളുടെ മകളുമായ നീ, ഇത്തരം അപരാധകൃത്യം ചെയ്തുകളഞ്ഞുവല്ലോ എന്നു സാരം.

19:30
 • قَالَ إِنِّى عَبْدُ ٱللَّهِ ءَاتَىٰنِىَ ٱلْكِتَـٰبَ وَجَعَلَنِى نَبِيًّا ﴾٣٠﴿
 • അവന്‍ [കുട്ടി] പറഞ്ഞു: ഞാന്‍ അല്ലാഹുവിന്‍റെ അടിയാനാകുന്നു:- എനിക്കു അവന്‍ വേദഗ്രന്ഥം തന്നിരിക്കുന്നു: എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു;
 • قَالَ അവന്‍ പറഞ്ഞു إِنِّي നിശ്ചയമായും ഞാന്‍ عَبْدُ اللَّـهِ അല്ലാഹുവിന്‍റെ അടിയാനാകുന്നു آتَانِيَ അവന്‍ എനിക്കു നല്‍കിയിരിക്കുന്നു الْكِتَابَ വേദഗ്രന്ഥം وَجَعَلَنِي എന്നെ അവന്‍ ആക്കുകയും ചെയ്തു نَبِيًّا പ്രവാചകന്‍, നബി

19:31
 • وَجَعَلَنِى مُبَارَكًا أَيْنَ مَا كُنتُ وَأَوْصَـٰنِى بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمْتُ حَيًّا ﴾٣١﴿
 • 'ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു; ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തെല്ലാം നമസ്കാരവും 'സക്കാത്തും' അനുഷ്ഠിക്കുവാന്‍ അവന്‍ എന്നോടു ആജ്ഞാപിക്കുകയും ചെയ്തിരിക്കുന്നു;
 • وَجَعَلَنِي എന്നെ ആക്കുകയും ചെയ്തു مُبَارَكًا അനുഗ്രഹിക്കപ്പെട്ടവന്‍, അനുഗ്രഹീതന്‍ أَيْنَ مَا كُنتُ ഞാന്‍ എവിടെ ആയിരുന്നാലും وَأَوْصَانِي എന്നോടു അവന്‍ ആജ്ഞാപിക്കുകയും (വസിയ്യത്തു ചെയ്യുകയും) ചെയ്തു بِالصَّلَاةِ നമസ്കാരത്തിനും وَالزَّكَاةِ സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും مَا دُمْتُ ഞാന്‍ ആയിരിക്കുമ്പോഴെല്ലാം حَيًّا ജീവനുള്ളവന്‍
19:32
 • وَبَرًّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا ﴾٣٢﴿
 • എന്‍റെ മാതാവിനു നന്മ ചെയ്യുവാനും (ആക്കിയിരിക്കുന്നു); എന്നെ അവന്‍ ഒരു നിര്‍ഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല.
 • وَبَرًّا നന്മ ചെയ്യുന്നവനും, ഗുണം ചെയ്യുന്നവനും بِوَالِدَتِي എന്‍റെ മാതാവിന്നു وَلَمْ يَجْعَلْنِي എന്നെ അവന്‍ ആക്കിയിട്ടുമില്ല جَبَّارًا ക്രൂരന്‍, കഠിനന്‍, ഡംഭുകാരന്‍ شَقِيًّا നിര്‍ഭാഗ്യവാനായ
19:33
 • وَٱلسَّلَـٰمُ عَلَىَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴾٣٣﴿
 • 'ഞാന്‍ ജനിച്ച ദിവസവും, മരണപ്പെടുന്ന ദിവസവും, ഞാന്‍ ജീവനോടെ എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എനിക്കു സമാധാനം [ശാന്തി] ഉണ്ടായിരിക്കും.'
 • وَالسَّلَامُ സമാധാന, ശാന്തി, രക്ഷ عَلَيَّ എന്‍റെ മേല്‍ ഉണ്ടു يَوْمَ وُلِدتُّ ഞാന്‍ ജനിച്ച ദിവസം , പ്രസവിക്കപ്പെട്ട ദിവസം وَيَوْمَ أَمُوتُ ഞാന്‍ മരിക്കുന്ന ദിവസവും وَيَوْمَ أُبْعَثُ ഞാന്‍ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും حَيًّا ജീവനുള്ളവനായി

ശിശുവായിരുന്നപ്പോള്‍തന്നെ ഈസാ (അ) പ്രവാചകനാവുകയുണ്ടായിട്ടില്ല. ‘വേദഗ്രന്ഥം നല്‍കി’ എന്നും, ‘പ്രവാചകനാക്കി’ എന്നും പറഞ്ഞിട്ടുള്ളതു, ആ രണ്ടുകാര്യവും അടുത്തു സംഭവിക്കുവാന്‍പോകുന്നവയാണെന്നു തീര്‍ച്ചപ്പെട്ടതാകകൊണ്ടാകുന്നു. ശ്രോതാക്കളുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നതിനും, പ്രതീക്ഷിച്ചുകൊണ്ടിരിക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നതിനുമായി, വരാനിരിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ചു ഭൂതകാലരൂപത്തില്‍ സംസാരിക്കുക പതിവാകുന്നു. അല്ലാഹു പറയുന്നു:-

19:34
 • ذَٰلِكَ عِيسَى ٱبْنُ مَرْيَمَ ۚ قَوْلَ ٱلْحَقِّ ٱلَّذِى فِيهِ يَمْتَرُونَ ﴾٣٤﴿
 • അതാണ്‌, 'മര്‍യമിന്‍റെ മകന്‍ ഈസാ[യേശു]. (*) (എന്നുവെച്ചാല്‍:) യാതൊന്നില്‍ അവര്‍ തര്‍ക്കമായിക്കൊണ്ടിരുന്നുവോ ആ (വിഷയത്തിലുള്ള) സത്യവചനം !
 • ذَٰلِكَ അതു, അതാണ്‌ عِيسَى ابْنُ مَرْيَمَ മര്‍യമിന്‍റെ മകന്‍ ഈസാ قَوْلَ الْحَقِّ സത്യവചനം, യഥാര്‍ത്ഥവാക്കു الَّذِي യാതൊരു (വചനം) فِيهِ അതില്‍ يَمْتَرُونَ അവര്‍ തര്‍ക്കിക്കുന്നു, സംശയിക്കുന്നു

(*) ‘യേശു’ (يسوع – jesus) എന്നും, ‘മശീഹാ’ (المسيح – Messiah) എന്നും ‘ക്രിസ്തു’ (christ) എന്നും ‘യേശുക്രിസ്തു’ എന്നുമെല്ലാം പറയപ്പെടുന്നതു ഈസാ(അ)നെ ക്കുറിച്ചുതന്നെയാകുന്നു.

19:35
 • مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٍ ۖ سُبْحَـٰنَهُۥٓ ۚ إِذَا قَضَىٰٓ أَمْرًا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ ﴾٣٥﴿
 • ഒരു സന്താനത്തെ സ്വീകരിക്കുക എന്നതു അല്ലാഹുവിനു ഉണ്ടാകാവതല്ലതന്നെ - അവനെത്ര പരിശുദ്ധന്‍! അവന്‍ ഒരു കാര്യം തീരുമാനിക്കുന്നതായാല്‍, 'ഉണ്ടാവുക'
  എന്നു മാത്രം അതിനോടു അവന്‍ പറയുന്നു; അപ്പോഴതു ഉണ്ടാകുന്നതാകുന്നു.
 • مَا كَانَ ഉണ്ടാകവതല്ല, പാടുള്ളതല്ല لِلَّـهِ അല്ലാഹുവിനു أَن يَتَّخِذَ അവന്‍ സ്വീകരിക്കല്‍, സ്വീകരിക്കുകയെന്നതു مِن وَلَدٍ ഒരു സന്താനവും سُبْحَانَهُ അവന്‍ എത്ര പരിശുദ്ധന്‍ إِذَا قَضَىٰ അവന്‍ തീരുമാനിച്ചാല്‍ أَمْرًا ഒരു കാര്യം فَإِنَّمَا يَقُولُ എന്നാലവന്‍ പറയുക മാത്രം ചെയ്യും لَهُ അതിനോടു, അതിനെക്കുറിച്ചു كُن ഉണ്ടാകുക എന്നു (മാത്രം) فَيَكُونُ അപ്പോള്‍ അതു ഉണ്ടാകും
19:36
 • وَإِنَّ ٱللَّهَ رَبِّى وَرَبُّكُمْ فَٱعْبُدُوهُ ۚ هَـٰذَا صِرَٰطٌ مُّسْتَقِيمٌ ﴾٣٦﴿
 • (ഈസാ പ്രഖ്യാപിച്ചു:) 'നിശ്ചയമായും, അല്ലാഹു എന്‍റെയും, നിങ്ങളുടെയും രക്ഷിതാവാകുന്നു. ആകയാല്‍, നിങ്ങള്‍ അവനെ (മാത്രം) ആരാധിക്കുവിന്‍; ഇതത്രെ ചൊവ്വായമാര്‍ഗ്ഗം.'
 • وَإِنَّ اللَّـهَ നിശ്ചയമായും അല്ലാഹു رَبِّي എന്‍റെ രക്ഷിതാവാകുന്നു وَرَبُّكُمْ നിങ്ങളുടെ രക്ഷിതാവും فَاعْبُدُوهُ അതുകൊണ്ടു അവനെ ആരാധിക്കുവിന്‍ هَـٰذَا ഇതു, ഇതാണ് صِرَاطٌ മാര്‍ഗ്ഗമാണ്, മാര്‍ഗ്ഗം مُّسْتَقِيمٌ ചൊവ്വായ

33-ാം വചനം വരേക്കും ഈസാ (അ) നബിയുടെ ഉത്ഭവത്തെയും, ഉല്‍ബോധനത്തെയും സംബന്ധിച്ചുള്ള വിവരമായിരുന്നു. 34-ാം വചനം, ഈ വിഷയത്തിലുള്ള യഥാര്‍ത്ഥം ഇത്രമാത്രമാണെന്നും പ്രഖ്യാപിച്ചു. അപ്പോള്‍ അദ്ദേഹം ദൈവപുത്രനാണെന്ന ക്രിസ്തീയവാദവും, വ്യഭിചാരപുത്രനാണെന്ന യഹൂദവാദവും തനി അജ്ഞാനവും, ദുര്‍മ്മാര്‍ഗ്ഗവുമാണെന്ന ഒരു സൂചനയും അതില്‍ അടങ്ങിയിരിക്കുന്നു. 35-ാം വചനത്തില്‍, ഈസാ(അ) നബിയാകട്ടെ, മറ്റാരെങ്കിലുമാകട്ടെ, അല്ലാഹുവിന്‍റെ സന്താനമാണെന്നുവരുവാന്‍ യാതൊരു സാദ്ധ്യതയുമില്ലെന്നു സ്ഥാപിച്ചിരിക്കുന്നു. ഈസാ(അ) നബിയുടെ പ്രസ്താവനയില്‍ പെട്ടതാണ് 36-ാം വചനം. ഇടയ്ക്കുവെച്ചു 34ഉം 35ഉം വചനങ്ങളില്‍ അല്ലാഹുവിന്‍റെ വാക്കുകളാണുള്ളത്.

ഈസാ (അ) ദൈവപുത്രനാണെന്ന സിദ്ധാന്തം, സെന്‍റുപോള്‍ (പൗലോസ്) പ്രചരിപ്പിച്ചതാകുന്നു. ആദമിന്‍റെ സന്താനമായ മനുഷ്യന്‍ ജന്മനാ പാപിയാണെന്ന അടിസ്ഥാനത്തിന്മേലാണ് ഈ വാദം സ്ഥാപിക്കപ്പെടുന്നത്. ആ പാപത്തില്‍ നിന്നു മനുഷ്യനു മുക്തി ലഭിക്കുവാന്‍ ഒരു പരിഹാരം അനിവാര്യമായിരുന്നുവെന്നും, അതിനായി ദൈവകാരുണ്യം ‘ദൈവപുത്ര’ രൂപത്തില്‍ അവതരിച്ച് ആത്മാര്‍പ്പണം ചെയ്തുവെന്നും, പ്രസ്തുത രക്തം മുഖേന മനുഷ്യപാപത്തെ കഴുകിക്കളയുക മാത്രമായിരുന്നു അതിനു പരിഹാരമെന്നും ആണ്, ചുരുക്കത്തില്‍ ആ സിദ്ധാന്തത്തിന്‍റെ സാരം.

ബിംബാരാധനയുടെ ഒരു പകര്‍പ്പായ ഈ സിദ്ധാന്തത്തെ ഖുര്‍ആന്‍ ശക്തിയായി എതിര്‍ക്കുന്നു. അല്ലാഹുവിന്‍റെ അനാശ്രയത്വവും, സാര്‍വ്വത്രികമായ കഴിവും, സൃഷ്ടിഗുണങ്ങളില്‍നിന്നെല്ലാമുള്ള പരിശുദ്ധിയും അതു (ഖുര്‍ആന്‍) സ്ഥാപിക്കുകയും ചെയ്യുന്നു, മനുഷ്യരുടെ പാപപരിഹാരത്തിനു ഒരു മനുഷ്യനെ മകനായി സ്വീകരിച്ച് കുരിശില്‍ കയറ്റുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നു വരത്തക്കവണ്ണം അത്രയും ബലഹീനനല്ല, അല്ലാഹു. അന്യാശ്രയം ആവശ്യമുള്ളവര്‍ക്കുമാത്രം യോജിച്ചതത്രെ അത്. പിതാവില്ലാതെ ജനിച്ചുവെന്നതുകൊണ്ടു ഈസാ (അ) മനുഷ്യനും, അല്ലാഹുവിന്‍റെ അടിമയും അല്ലാതാകുന്നില്ല. ഏതൊരു കാര്യമാകട്ടെ, ഉണ്ടാകണമെന്നു അല്ലാഹു ഉദ്ദേശിക്കുകമാത്രമേ വേണ്ടു – അതു ഉണ്ടായിക്കൊള്ളുന്നതാണ്. ഈ വസ്തുത ക്രിസ്ത്യാനികള്‍ക്കും അറിയാവുന്നതത്രെ. പിന്നെ എന്താണീ വാദത്തിനു ഒരു അര്‍ത്ഥമുള്ളത്?!

ഈസാ (അ) നബിയുടേതിനെക്കാള്‍ അത്ഭുതകരമാണ് ആദം (അ) നബിയുടെ ഉത്ഭവം. അദ്ദേഹത്തിനു പിതാവുമില്ല, മാതാവുമില്ല. എന്നിട്ടും, അദ്ദേഹം മനുഷ്യനും, അല്ലാഹുവിന്‍റെ അടിമയും അല്ലാതാകുന്നില്ലല്ലോ. അല്ലാഹു പറയുന്നു: അല്ലാഹുവിന്‍റെ അടുക്കല്‍ ഈസാ നബിയുടെ നില, ആദമിന്‍റെ നിലപോലെത്തന്നെ: അവന്‍ അദ്ദേഹത്തെ മണ്ണില്‍നിന്നു സൃഷ്ടിച്ചു: പിന്നീടു അതിനോടു ‘ഉണ്ടാവുക’ എന്നു പറഞ്ഞു. അപ്പോഴതാ (അതു) ഉണ്ടാകുന്നു!’

(إِنَّ مَثَلَ عِيسَىٰ عِندَ اللَّـهِ كَمَثَلِ آدَمَ ۖ خَلَقَهُ مِن تُرَابٍ ثُمَّ قَالَ لَهُ كُن فَيَكُونُ – آل عمران :٥٩)

ഈസാ (അ) നബിയുടെ ജനനകഥാവിവരണത്തില്‍ നിന്നു മനസ്സിലാക്കാവുന്ന ചില സംഗതികള്‍ :-

(1) ഈ ലോകത്തു നടപ്പിലുള്ളതായി കാണപ്പെടുന്ന കാര്യകാരണബന്ധങ്ങള്‍ സുസ്ഥിരവും അഖണ്ഡവുമല്ല. പ്രകൃതിനിയമമെന്നു നാം വിചാരിച്ചും, പറഞ്ഞും വരുന്നതു വാസ്തവത്തില്‍, സാധാരണമായ ചില പതിവുകളില്‍ നിന്നും നമ്മുടെ പരിചയത്തില്‍ നിന്നും അറിയപ്പെടുന്ന നിഗമനങ്ങള്‍ക്കാകുന്നു. പ്രകൃതിയുടെ സ്രഷ്ടാവും, നിയന്താവുമായ അല്ലാഹുവിന്‍റെ അടുക്കല്‍, ആ പ്രകൃതി മറ്റൊരു പ്രകൃതിക്കു വിധേയമായിരിക്കാം. അത് സൃഷ്ടികള്‍ക്കു ഗ്രഹിക്കുക സാദ്ധ്യവുമല്ല. ഈസാ (അ)നബിയുടെ ജനനസംഭവം ഈ യാഥാര്‍ത്ഥ്യം തികച്ചും വ്യക്തമാക്കുന്നു.

(2) ഒരു കാര്യത്തിന്‍റെ സത്യാവസ്ഥ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കുവാനോ, ബോധ്യപ്പെടുത്തുവാനോ പ്രയാസമായിവരികയും, പറയുന്നതു അവര്‍ വിലവെക്കാതിരിക്കുകയും ചെയ്യുമ്പോള്‍, അവിടെ മൗനം അവലംബിക്കുന്നതു നല്ലതാകുന്നു.

(3) നമസ്കാരവും, സക്കാത്തും ഈ സമുദായത്തിലെന്നപോലെ, മുന്‍ സമുദായങ്ങളിലും കല്‍പ്പിക്കപ്പെട്ടിരുന്ന രണ്ടു പ്രധാന പുണ്യകര്‍മ്മങ്ങളാകുന്നു. അവയുടെ വിശദീകരണങ്ങളിലോ, അനുഷ്ഠാന സമ്പ്രദായങ്ങളിലോ വ്യത്യാസമുണ്ടായെന്നുവരാം.

(4) ഒരാള്‍ നിഷ്കളങ്കനും, സത്യവാനും ആകുന്നപക്ഷം ജനങ്ങളെല്ലാം അവനെ ഉപേക്ഷിച്ചാലും ഒരു പ്രത്യേക സംരക്ഷണത്തിലായി അല്ലാഹു അവനെ സഹായിക്കുന്നതാണ്.

19:37
 • فَٱخْتَلَفَ ٱلْأَحْزَابُ مِنۢ بَيْنِهِمْ ۖ فَوَيْلٌ لِّلَّذِينَ كَفَرُوا۟ مِن مَّشْهَدِ يَوْمٍ عَظِيمٍ ﴾٣٧﴿
 • എന്നിട്ടു, അവരുടെ ഇടയില്‍നിന്നു കക്ഷികള്‍ ഭിന്നിച്ചു! അതിനാല്‍ വമ്പിച്ച ഒരു ദിവസത്തെ കാഴ്ച [അനുഭവം] നിമിത്തം (ആ) അവിശ്വസിച്ചവര്‍ക്കു നാശം!
 • فَاخْتَلَفَ എന്നിട്ടു ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി الْأَحْزَابُ കക്ഷികള്‍ مِن بَيْنِهِمْ അവരുടെ ഇടയില്‍ നിന്നു فَوَيْلٌ അതിനാല്‍ നാശം لِّلَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു مِن مَّشْهَدِ (അനുഭവപ്പെടുന്ന) കാഴ്ചയാല്‍ يَوْمٍ ഒരു ദിവസത്തെ عَظِيمٍ വമ്പിച്ചതായ
19:38
 • أَسْمِعْ بِهِمْ وَأَبْصِرْ يَوْمَ يَأْتُونَنَا ۖ لَـٰكِنِ ٱلظَّـٰلِمُونَ ٱلْيَوْمَ فِى ضَلَـٰلٍ مُّبِينٍ ﴾٣٨﴿
 • നമ്മുടെ അടുക്കല്‍ അവര്‍ വരുന്ന ദിവസം, അവര്‍ക്കു എന്തൊരു കേള്‍വിയും, കാഴ്ചയുമായിരിക്കും! പക്ഷേ, ഇന്നാകട്ടെ, (ആ) അക്രമികള്‍ വ്യക്തമായ ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു.
 • أَسْمِعْ بِهِمْ അവര്‍ക്കു എന്തൊരു കേള്‍വിയാണ് (വല്ലാത്തൊരു കേള്‍വി) وَأَبْصِرْ എന്തൊരു കാഴ്ചയാണ് (വല്ലാത്തൊരു കാഴ്ച) يَوْمَ يَأْتُونَنَا അവര്‍ നമ്മുടെ അടുക്കല്‍ വരുന്ന ദിവസം لَـٰكِنِ പക്ഷേ, എങ്കിലും الظَّالِمُونَ അക്രമികള്‍ الْيَوْمَ ഇന്നു فِي ضَلَالٍ ദുര്‍മ്മാര്‍ഗ്ഗത്തിലാകുന്നു مُّبِينٍ വ്യക്തമായ, സ്പഷ്ടമായ
19:39
 • وَأَنذِرْهُمْ يَوْمَ ٱلْحَسْرَةِ إِذْ قُضِىَ ٱلْأَمْرُ وَهُمْ فِى غَفْلَةٍ وَهُمْ لَا يُؤْمِنُونَ ﴾٣٩﴿
 • (നബിയേ)നെടുംഖേദത്തിന്‍റെ ദിവസത്തെ - കാര്യം തീരുമാനിക്കപ്പെടുന്ന സന്ദര്‍ഭത്തെ - സംബന്ധിച്ചു അവര്‍ക്കു മുന്നറിയിപ്പു നല്‍കുക. അവരാകട്ടെ, അശ്രദ്ധയിലാണ്; അവര്‍ വിശ്വസിക്കുന്നുമില്ല.
 • وَأَنذِرْهُمْ അവര്‍ക്കു മുന്നറിയിപ്പു (താക്കീതു) നല്‍കുക يَوْمَ الْحَسْرَةِ നെടുംഖേദത്തിന്‍റെ ദിവസം إِذْ قُضِيَ തീരുമാനിക്കപ്പെടുമ്പോള്‍ الْأَمْرُ കാര്യം وَهُمْ അവരാകട്ടെ, അവര്‍ فِي غَفْلَةٍ അശ്രദ്ധയിലാണ്, ബോധമില്ലായ്മയിലാണ് وَهُمْ അവര്‍,അവരാകട്ടെ لَا يُؤْمِنُونَ വിശ്വസിക്കുന്നുമില്ല

19:40
 • إِنَّا نَحْنُ نَرِثُ ٱلْأَرْضَ وَمَنْ عَلَيْهَا وَإِلَيْنَا يُرْجَعُونَ ﴾٤٠﴿
 • നിശ്ചയമായും, ഭൂമിയെയും, അതിലുള്ളവരേയും അനന്തരാവകാശമെടുക്കുന്നതു നാമാണ്; നമ്മുടെ അടുക്കലേക്കുതന്നെ അവര്‍ മടക്കപ്പെടുകയും ചെയ്യും.
 • إِنَّا نَحْنُ നിശ്ചയമായും നാമാണ്, നാം തന്നെ نَرِثُ നാം അനന്തരാവകാശമെടുക്കുന്നു الْأَرْضَ ഭൂമിയെ وَمَنْ عَلَيْهَا അതിനുമീതെയുള്ളവരെയും وَإِلَيْنَا നമ്മുടെ അടുക്കലേക്ക് തന്നെ يُرْجَعُونَ അവര്‍ മടക്കപ്പെടുന്നു

ഈസാ (അ) നബിയുടെ കാലം മുതല്‍ക്കുതന്നെ ഇസ്രായീല്യര്‍ രണ്ടു വിഭാഗക്കാരായി: അദ്ദേഹത്തില്‍ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരും. അതായത്: ജൂതരും, ക്രിസ്ത്യാനികളും. പിന്നീടു ക്രിസ്ത്യാനികള്‍ക്കിടയില്‍ പിളര്‍പ്പുണ്ടായി. ആദ്യം അവര്‍ മൂന്നു കക്ഷികളായിത്തീര്‍ന്നു. ഓരോന്നിനും വെവ്വേറെ നേതാക്കളും അഭിപ്രായങ്ങളുമാണ് ഉണ്ടായിരുന്നത്.

1. യേശു ദൈവം തന്നെയായിരുന്നു, അദ്ദേഹം വന്നു ഭൂമിയില്‍ ജീവിച്ചു വാനലോകത്തേക്കു മടങ്ങിപ്പോയതാണ് എന്നു വാദിക്കുന്ന ‘യാക്കോബിയന്‍’ വിഭാഗം (اليعقبية – jacobites)

2. യേശു ദൈവപുത്രനാണു, കുറച്ചു കാലത്തേക്കു ദൈവം പുത്രനെ ഇങ്ങോട്ടയച്ചു, പിന്നീടു മടക്കിവിളിച്ചതാണു എന്നു പറയുന്ന ‘നസ്തൂരിയന്‍’ വിഭാഗം ( النسطورية – nestoriens)

3. അദ്ദേഹം ദൈവത്തിന്‍റെ സൃഷ്ടിയായ അടിയാനായിരുന്നു എന്നു വിശ്വസിക്കുന്ന ഖുസ്ത്വന്‍ത്വീന്‍ (قسطنطين) രാജാവിന്‍റെ കക്ഷി (الملكانية – Melchits).

പിന്നീട് ഇവരില്‍ പല അവാന്തര വിഭാഗങ്ങളും ഉണ്ടായി. ഓരോ കക്ഷിക്കും പ്രത്യേകമായ പല വിശ്വാസാചാരങ്ങളും ഉണ്ടായിട്ടുണ്ട്. പിതാവും,പുത്രനും, മാതാവും (ദൈവവും, യേശുവും, മറിയവും) ഇങ്ങിനെ മൂന്നു ദൈവങ്ങളാണെന്നും, പിതാവു, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ‘ത്രിഭൂതങ്ങള്‍’ (الاقانيم الثلاثة) ചേര്‍ന്ന ‘ത്രിയേകകശക്തി’ യാണ് ദൈവമെന്നും മറ്റുമുള്ള സിദ്ധാന്തങ്ങള്‍ പിന്നീടു ഉടലെടുത്തതാകുന്നു. (*) ഈ ഒടുവില്‍ പറഞ്ഞ ത്രിയേകത്വ സിദ്ധാന്തമാണ് ഇന്നു ക്രൈസ്തവലോകം പൊതുവില്‍ അംഗീകരിച്ചുവരുന്നത്. പിതാവ്, അല്ലെങ്കില്‍ പുത്രനാകുന്ന ദൈവം – ഇങ്ങിനെ രണ്ടു അഭിപ്രായമുണ്ടു – മര്‍യമില്‍ അവതരിച്ച് പരിശുദ്ധാത്മാവോടു ചേര്‍ന്ന് മനുഷ്യരൂപമെടുത്തു യേശുവായി ജനിച്ചതാണെന്നും മറ്റുമാണവര്‍ പറഞ്ഞുവരുന്നത്. ഇതൊന്നും തന്നെ, ഈസാ(അ), പ്രവാചകന്‍ അറിഞ്ഞതോ, പറഞ്ഞതോ, പഠിപ്പിച്ചതോ അല്ല എന്നുള്ളതില്‍ ഒട്ടും സംശയമില്ല. പക്ഷെ, ഒന്നിലധികം ദൈവങ്ങളിലും, ദൈവാവതാരങ്ങളിലും, പാപപരിഹാരാദികളിലും വിശ്വസിച്ചുവന്നിരുന്ന വിഗ്രഹാരാധകന്‍മാര്‍ക്കിടയില്‍ ക്രൈസ്തവമത പ്രചരണാര്‍ത്ഥം പിന്നീടു ക്രിസ്തീയ സഭകളും, പുരോഹിതന്മാരും കെട്ടിയുണ്ടാക്കിയതാകുന്നു. അങ്ങനെ, വിഗ്രഹാരാധകന്മാര്‍ക്കും തങ്ങള്‍ക്കുമിടയില്‍ വേഗം യോജിക്കാവുന്ന ഒരു പുത്തന്‍ മതം അവര്‍ സൃഷ്ടിച്ചുണ്ടാക്കി. അതിന്‍റെ താത്വികവശം വിവരിച്ചുകേള്‍ക്കുമ്പോള്‍, ഒന്നു മൂന്നായും, മൂന്നു ഒന്നായും പിതാവ് പുത്രനായും, പുത്രന്‍ പിതാവായും, ദൈവം മകനായും, മകന്‍ ദൈവമായും-അങ്ങനെ വൈരുദ്ധ്യത്തിനുമേല്‍ വൈരുദ്ധ്യം – കാണപ്പെടുന്ന ഒരു സിദ്ധാന്തമത്രെ ഇന്നു ക്രൈസ്തവ സിദ്ധാന്തം.

മേല്‍പറഞ്ഞ എല്ലാ വാദങ്ങളെയും ഖുര്‍ആന്‍ പാടെ നിഷേധിക്കുന്നു. അല്ലാഹു പറയുന്നു:-

(١ ) وَلَا تَقُولُوا ثَلَاثَةٌ ۚ انتَهُوا خَيْرًا لَّكُمْ ——- النساء :١٧١

(٢ ) لَقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ هُوَ الْمَسِيحُ ابْنُ مَرْيَمَ – المائدة :٧٢

(٣ ) لَّقَدْ كَفَرَ الَّذِينَ قَالُوا إِنَّ اللَّـهَ ثَالِثُ ثَلَاثَةٍ – المائدة :٧٣

സാരം. (1) ‘നിങ്ങള്‍ മൂന്നു ദൈവങ്ങളാണെന്നു പറയരുത്; നിങ്ങള്‍ വിരമിച്ചുകൊള്ളുക; അതു നിങ്ങള്‍ക്കു ഗുണകരമായിരിക്കും.’
(2) ‘ അല്ലാഹു തന്നെയാണു മര്‍യമിന്‍റെ മകന്‍ മസീഹു എന്നു പറയുന്നവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു.’
(3) ‘അല്ലാഹു മൂന്നില്‍ മൂന്നാമനാണെന്നു പറയുന്നവര്‍ നിശ്ചയമായും അവിശ്വസിച്ചിരിക്കുന്നു.’


(*) ത്രിയേകത്വ സിദ്ധാന്തം മുതലായവയെപ്പറ്റി കൂടുതല്‍ വിവരം മാഇദഃ, നിസാഉ് എന്നീ സൂറത്തുകളില്‍ കാണാം.

ഈസാ (അ) നബിയുടെ കാര്യത്തില്‍ ജൂതരുടെ വാദം അങ്ങേ അറ്റം നികൃഷ്ടവും നിന്ദ്യവുമാകുന്നു. എന്നാല്‍ ക്രിസ്ത്യാനികളുടെ വാദമാകട്ടെ, ഇങ്ങേഅറ്റം അതിരുകവിഞ്ഞതുമാകുന്നു. ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ മനുഷ്യത്വത്തില്‍നിന്നു ദിവ്യത്വത്തിലേക്കു ഉയര്‍ത്തുമ്പോള്‍, ജൂതന്മാര്‍ അദ്ദേഹത്തെ വ്യഭിചാരപുത്രനായും, ആഭിചാരിയായും തരം താഴ്ത്തുന്നു. അതുകൊണ്ടത്രെ, ജൂതന്മാരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാരോടായി അല്ലാഹു ഇങ്ങിനെ പറയുന്നത്:

قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ – المائدة :٧٧

സാരം: ‘ഹേ, വേദക്കാരേ! നിങ്ങളുടെ മതവിഷയത്തില്‍ സത്യമല്ലാത്തവിധം നിങ്ങള്‍ അതിരു കവിഞ്ഞുപോകരുത്. മുമ്പു വഴിപിഴക്കുകയും, വളരെ ആളുകളെ വഴിപിഴപ്പിക്കുകയും , നേര്‍മ്മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിക്കുകയും ചെയ്തിട്ടുള്ള ഒരു ജനതയുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യരുത്.’ (മാഇദ: 77)

يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّـهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّـهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ ۖ فَآمِنُوا بِاللَّـهِ وَرُسُلِهِ- النساء :١٧١

‘ഹേ, വേദക്കാരേ! നിങ്ങള്‍ നിങ്ങളുടെ മതവിഷയത്തില്‍ അതിരുകവിയരുത്. നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാത്തതു പറയുകയും ചെയ്യരുത്. നിശ്ചയമായും, മര്‍യമിന്‍റെ മകന്‍ ഈസാ എന്ന മസീഹു അല്ലാഹുവിന്‍റെ റസൂലും (ദൂതനും)അവന്‍റെ വചനവും – അതു അവന്‍ മര്‍യമിലേക്കു എത്തിച്ചതാണ്- അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്മാരിലും വിശ്വസിക്കുവിന്‍.’ (നിസാഉ് 171)

പരമ്പരാഗതമായി സിദ്ധിച്ച ആ വിശ്വാസം ക്രിസ്ത്യാനികളുടെ ഹൃദയങ്ങളില്‍ അടിയുറച്ചുപോയി. സത്യം കേള്‍ക്കുവാനുള്ള കാതും, കാണുവാനുള്ള കണ്ണും അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഒരു ദിവസം വരുവാനുണ്ട്. അന്നു അവരുടെ ബധിരതയും, അന്ധതയുമെല്ലാം നീങ്ങിപ്പോകുന്നതാകുന്നു. പക്ഷേ, ഫലമുണ്ടാകുകയില്ല. തീരാത്ത നെടുംഖേദവും, അതികഠിനമായ ശിക്ഷയുമാണവിടെ അവര്‍ക്കു അനുഭവപ്പെടുക. ഈ ഭൂമിയില്‍ ആരും സ്ഥിരമായി ജീവിക്കുന്നതല്ല. എല്ലാം അല്ലാഹുവിനു ഒഴിഞ്ഞുകൊടുത്തുകൊണ്ട് അവന്‍റെ അടുക്കല്‍ ചെല്ലേണ്ടിവരും. അതിനാല്‍, രക്ഷക്കുള്ള മാര്‍ഗ്ഗം ഇപ്പോള്‍ തന്നെ അന്വേഷിക്കേണ്ടാതാകുന്നു. എന്നിങ്ങനെയുള്ള ഒരു താക്കീതാണ് 39ഉം, 40ഉം വചനങ്ങളില്‍ അടങ്ങിയിട്ടുള്ളത്.

ഇമാം ബുഖാരി (റ) ഇമാം മുസ്‌ലിം (റ) എന്നിവരും മറ്റും നിവേദനം ചെയ്യുന്ന ഒരു നബിവചനത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു: സ്വര്‍ഗ്ഗക്കാരായ സജ്ജനങ്ങള്‍ സ്വര്‍ഗ്ഗത്തിലും, നരകക്കാരായ ദുര്‍ജ്ജനങ്ങള്‍ നരകത്തിലും പ്രവേശിച്ചുകഴിഞ്ഞശേഷം, ഇരുകൂട്ടരെയും വിളിച്ചു അവരുടെ മുമ്പാകെ മരണത്തെ ഒരു കൊറ്റനാടായി രൂപാന്തരപ്പെടുത്തി അതിനെ അറുത്തുകളയുന്നതാകുന്നു. പിന്നീടു ഇരുകൂട്ടരോടും ഇപ്രകാരം പറയപ്പെടും: ‘ഹേ, സ്വര്‍ഗ്ഗക്കാരേ! ശാശ്വതജീവിതം! എനി മരണമില്ല. ഹേ, നരകക്കാരേ! ശാശ്വതജീവിതം! എനി മരണമില്ല.’ തുടര്‍ന്നുകൊണ്ടു തിരുമേനി : ‘നെടുംഖേദത്തിന്‍റെ ദിവസത്തെ സംബന്ധിച്ചു അവര്‍ക്കു മുന്നറിയിപ്പു നല്‍കുക’

(وَأَنذِرْهُمْ يَوْمَ الْحَسْرَةِ إِذْ قُضِيَ الْأَمْرُ وَهُمْ فِي غَفْلَةٍ وَهُمْ لَا يُؤْمِنُونَ)

എന്ന 39-ാം വചനം ഓതുകയും ചെയ്തു’ ഈ ഹദീസില്‍നിന്നു ‘ നെടുംഖേദത്തിന്‍റെ ദിവസംമരണാനന്തരമുള്ളതാണെന്നു വരുന്നു. മിക്ക മുഫസ്സിറുകളും (ഖുര്‍ആന്‍ വ്യാഖ്യാതാക്കളും) അങ്ങിനെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളതും. ഈ ദിവസത്തെക്കുറിച്ചു താഴെ പറയുന്ന മറ്റൊരു അഭിപ്രായംകൂടിയുണ്ട്. ഹദീസില്‍ ഇതിനെപ്പറ്റി ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ലാത്തതുകൊണ്ടും, ആയത്തിന്‍റെ ഉള്ളടക്കത്തോടു യോജിച്ചുകാണാവുന്നതുകൊണ്ടും ആ അഭിപ്രായവും ഇവിടെ ചൂണ്ടിക്കാട്ടുന്നതു നന്നായിരിക്കും:-

37-ാം ആയത്തില്‍ يَوْمٍ عَظِيمٍ (വമ്പിച്ച ഒരു ദിവസം) എന്നും 38-ാം വചനത്തില്‍ يَوْمَ يَأْتُونَنَا (നമ്മുടെ അടുക്കല്‍ വരുന്ന ദിവസം) എന്നും പ്രസ്താവിച്ചതു മരണാനന്തരജീവിതത്തെക്കുറിച്ചാണെന്നു സ്പഷ്ടമാകുന്നു. പിന്നീടു അതിന് ശേഷം ‘നെടുംഖേദത്തിന്‍റെ ദിവസത്തെക്കുറിച്ചു അവര്‍ക്കു മുന്നറിയിപ്പു നല്‍കുക’ എന്നു 39-ാം വചനത്തില്‍ പ്രത്യേകം ഒന്നു എടുത്തു പറഞ്ഞിരിക്കെ, അതു മറ്റൊരു ദിവസത്തെക്കുറിച്ചായിരിക്കുമെന്നു കരുതാമല്ലോ. ക്രൈസ്തവ ലോകത്തിനാകമാനം ബാധിക്കുന്ന ഒരു മഹാവിപത്തായിരിക്കണം അതു. വാസ്തവത്തില്‍ അങ്ങിനെ ഒരു വിപത്തു അവര്‍ക്ക് സംഭവിച്ചിട്ടുമുണ്ട്.

സൂറത്തുമര്‍യം അവതരിച്ച് 25 കൊല്ലം കഴിഞ്ഞില്ല – അപ്പോഴേക്കും അവര്‍ക്ക് അതു വന്നെത്തി. ക്രിസ്തീയ തലസ്ഥാനവും, ക്രിസ്ത്യാനികളുടെ പുണ്യഗേഹവും, അവരുടെ കേന്ദ്രവുമായി പരിലസിച്ചിരുന്ന ജരൂശലേം (ബൈത്തുല്‍ മുഖദ്ദസ് പട്ടണം ) – അതാ പെട്ടെന്നു – അവരുടെ കയ്യില്‍നിന്നു ഒരു പുതിയ ജനതയുടെ – മുസ്‌ലിംകളുടെ – കയ്യിലേക്കു നീങ്ങിയെന്ന വാര്‍ത്ത ക്രിസ്തീയലോകത്തെ ആകമാനം സ്തംഭിപ്പിച്ചുകളഞ്ഞു. പ്രസിദ്ധ ചരിത്രകാരനായ ഗിബ്ബണ്‍ (Gibbon) പറയുകയാണ്‌: ഈ വാര്‍ത്ത കേട്ടപ്പോള്‍, ഒരക്ഷരം മിണ്ടുവാന്‍ സാധിക്കാത്ത ഒരവസ്ഥയാണ് ക്രൈസ്തവലോകത്തെ ആകമാനം ആവരണം ചെയ്തത്. കാരണം; തങ്ങള്‍ക്കു നേരിട്ട ഏറ്റവും വമ്പിച്ച ഈ അപമാനം തടയുവാന്‍, മതാദ്ധ്യക്ഷസ്ഥാനത്തുനിന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന വല്ല അമാനുഷികശക്തിക്കോ, അല്ലെങ്കില്‍ ബൈസന്തീന്‍ (*) സാമ്രാജ്യത്തിന്‍റെ വമ്പിച്ച സൈനികശക്തിക്കോ സാധ്യമായില്ല. ബൈത്തുല്‍മുഖദ്ദസിന്‍റെ മാത്രം പതനമായിരുന്നില്ല അത്. ഏഷ്യയിലേയും, ആഫ്രിക്കയിലെയും മുഴുവന്‍ ക്രൈസ്തവരുടെയും പതനം കുറിക്കുന്ന സംഭവമായിരുന്നു അത്.

സിരിയായുടെ പകുതിഭാഗം വിട്ടുകൊടുത്തിട്ടെങ്കിലും മുസ്‌ലിംകളുമായി സഖ്യത്തില്‍ ഏര്‍പ്പെടാത്തപക്ഷം, സിരിയ മുഴുവനും, റോമാ പകുതിയും നമുക്ക് നഷ്ടപ്പെടേണ്ടിവരുമെന്നു ഹിര്‍ക്കലിയൂസ് (**) ചക്രവര്‍ത്തി പറഞ്ഞുനോക്കിയെങ്കിലും, ക്രിസ്തീയപുരോഹിതന്മാര്‍ വിസമ്മതിക്കുകയാണുണ്ടായത്. ഒടുക്കം സംഭവിച്ചതു അദ്ദേഹം പറഞ്ഞതുപോലെത്തന്നെയായിരുന്നു. അബൂബക്കര്‍ (റ) സിരിയായിലേക്കു സൈന്യത്തെ അയച്ചു. ഉമര്‍ (റ) ആ കൃത്യം പൂര്‍ത്തിയാക്കുകയും ചെയ്തു. എണ്ണംകൊണ്ടും, സന്നാഹം കൊണ്ടും ആയിരക്കണക്കിനു തങ്ങള്‍ക്കു വര്‍ദ്ധനവുണ്ടായിരുന്നിട്ടും ആ ഖേദത്തിന്‍റെ ദിവസം അനുഭവിക്കുന്നതില്‍നിന്നു അവര്‍ക്കു ഒഴിവു കിട്ടിയില്ല: സിരിയായില്‍നിന്നു അന്ത്യയാത്ര പുറപ്പെട്ടുപോകുമ്പോള്‍ ലബ്നാനിലെ ഉന്നത ഗോപുരങ്ങളെ നോക്കി – കപ്പലിന്‍റെ മുകളില്‍ നിന്നുകൊണ്ടു – ഗദ് ഗദസ്വരത്തില്‍ ഹിര്‍ക്കലിയൂസ് ആ രാജ്യത്തോടു അന്ത്യയാത്ര പറഞ്ഞതു ഇന്നും ചരിത്രത്തിന്‍റെ താളുകളിലും, ചരിത്രകാരന്മാരുടെ നാവുകളിലും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു ‘പ്രിയപ്പെട്ട സിരിയാ! വിട തന്നാലും! വിട തന്നാലും! നിനക്കു സലാം! ഇനിമേല്‍ നാം തമ്മില്‍ കാണുകയില്ല! സലാം!’ ക്രൈസ്തവ ലോകത്തെ സംബന്ധിച്ചിടത്തോളം ഇതു ശരിയായ അര്‍ത്ഥത്തിലുള്ള ഒരു നെടുംഖേദത്തിന്‍റെ ദിവസം തന്നെയായിരുന്നില്ലേ? ചിന്തിച്ചുനോക്കുക! 40-ാം വചനത്തിലെ ഉള്ളടക്കം ഈ വ്യാഖ്യാനത്തോടു യോജിക്കുന്നതുകാണാം.

അടുത്ത ആയത്തു മുതല്‍ ഇബ്രാഹിം(അ) നബിയുടെ കഥ ആരംഭിക്കുന്നു:-


(*) ബൈസന്തീന്‍ ( بيزنطى- Byzantine) – റോമാസാമ്രാജ്യം
(**) റോമന്‍ കൈസറായ هرقل (Hercules).