വിഭാഗം - 3

18:18
  • وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ ۚ وَنُقَلِّبُهُمْ ذَاتَ ٱلْيَمِينِ وَذَاتَ ٱلشِّمَالِ ۖ وَكَلْبُهُم بَٰسِطٌ ذِرَاعَيْهِ بِٱلْوَصِيدِ ۚ لَوِ ٱطَّلَعْتَ عَلَيْهِمْ لَوَلَّيْتَ مِنْهُمْ فِرَارًا وَلَمُلِئْتَ مِنْهُمْ رُعْبًا ﴾١٨﴿
  • (നീ അവരെ കണ്ടിരുന്നുവെങ്കില്‍,-) അവര്‍ ഉണര്‍ന്നു കിടക്കുന്നവരാണെന്നു നീ ധരിച്ചുപോകുന്നതാണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാകുന്നു; നാം അവരെ വലത്തോട്ടും, ഇടത്തോട്ടും മറിച്ചിട്ടുകൊണ്ടുമിരിക്കുന്നു; അവരുടെ നായ, ഗുഹാമുഖത്തു അതിന്റെ രണ്ടു മുഴങ്കൈകളും നീട്ടിവെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടിരുന്നുവെങ്കില്‍, ഓടി രക്ഷപ്പെടുന്നതിനായി അവരില്‍നിന്നും നീ പിന്തിരിഞ്ഞു പോകുകയും, അവര്‍ നിമിത്തം നീ ഭയനിര്‍ഭരനായിത്തീരുകയും ചെയ്യുമായിരുന്നു!
  • وَتَحْسَبُهُمْ നീ അവരെ വിചാരിക്കും, ഗണിക്കും أَيْقَاظًا ഉണര്‍ന്നിരിക്കുന്നവരാണെന്ന് وَهُمْ അവരാകട്ടെ رُقُودٌ ഉറങ്ങുന്നവരാണ് وَنُقَلِّبُهُمْ നാം അവരെ മറിച്ചിട്ടുകൊണ്ടിരിക്കുന്നു ذَاتَ الْيَمِينِ വലത്തോട്ടു وَذَاتَ الشِّمَالِ ഇടത്തോട്ടും وَكَلْبُهُم അവരുടെ നായ بَاسِطٌ നീട്ടിയതാണ്, നീട്ടിവെച്ചിരിക്കയാണ് ذِرَاعَيْهِ അതിന്റെ രണ്ടു മുഴങ്കൈകള്‍ بِالْوَصِيدِ ഗുഹാമുഖത്തു, ഉമ്മരത്തു لَوِ اطَّلَعْتَ നീ എത്തിനോക്കിയിരുന്നുവെങ്കില്‍, നീ കണ്ടിരുന്നുവെങ്കില്‍ عَلَيْهِمْ അവരുടെ മേല്‍, അവരെ لَوَلَّيْتَ നീ പിന്‍മാറിക്കളയും, നീ പിന്തിരിയും مِنْهُمْ അവരില്‍നിന്ന് فِرَارًا പേടിച്ചോടിക്കൊണ്ട് وَلَمُلِئْتَ നീ നിറക്കപ്പെടുകയും ചെയ്യും, നീ നിര്‍ഭരനാകുകയും ചെയ്യും مِنْهُمْ അവരാല്‍, അവര്‍ നിമിത്തം رُعْبًا ഭയത്താല്‍

അവര്‍ ഗുഹയില്‍ കിടക്കുന്നത് ഒരാള്‍ നോക്കിക്കാണുന്നപക്ഷം, അവര്‍ ഉണര്‍ന്നുകിടക്കുകയാണെന്ന് അയാള്‍ക്കു തോന്നിപ്പോകുകയും, പേടിച്ചോടുകയും ചെയ്തേക്കും. എന്തോ ആവശ്യാര്‍ത്ഥം കുറച്ചു യുവാക്കള്‍ അവിടെ വിശ്രമിക്കുന്നു, ഒരു കൂറ്റന്‍ നായ പടിവാതുക്കല്‍ പാറാവുമുണ്ട്, എന്ന ഒരു പ്രതീതിയായിരിക്കും അയാള്‍ക്ക് അനുഭവപ്പെടുക. അവരുടെ കര്‍ണ്ണപുടങ്ങളെ അല്ലാഹു അടച്ചിട്ടുണ്ടെങ്കിലും, സാധാരണ ഉറങ്ങിക്കിടക്കുന്നവരില്‍ ഉണ്ടാകാറുള്ള മറ്റു യാതൊരു മാറ്റവും അവരില്‍ കാണപ്പെടുമായിരുന്നില്ല. ഇടക്കിടെ അവര്‍, ചരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്തിരുന്നു. 17-ാംവചനത്തില്‍ ഗുഹയെപ്പറ്റി വിവരിച്ചശേഷം, ഈ വചനത്തില്‍ ഗുഹയില്‍ അവര്‍ ഉറങ്ങിക്കിടക്കുമ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് ചെയ്യുന്നത്.

18:19
  • وَكَذَٰلِكَ بَعَثْنَٰهُمْ لِيَتَسَآءَلُوا۟ بَيْنَهُمْ ۚ قَالَ قَآئِلٌ مِّنْهُمْ كَمْ لَبِثْتُمْ ۖ قَالُوا۟ لَبِثْنَا يَوْمًا أَوْ بَعْضَ يَوْمٍ ۚ قَالُوا۟ رَبُّكُمْ أَعْلَمُ بِمَا لَبِثْتُمْ فَٱبْعَثُوٓا۟ أَحَدَكُم بِوَرِقِكُمْ هَٰذِهِۦٓ إِلَى ٱلْمَدِينَةِ فَلْيَنظُرْ أَيُّهَآ أَزْكَىٰ طَعَامًا فَلْيَأْتِكُم بِرِزْقٍ مِّنْهُ وَلْيَتَلَطَّفْ وَلَا يُشْعِرَنَّ بِكُمْ أَحَدًا ﴾١٩﴿
  • അപ്രകാരം, - അവര്‍ അന്യോന്യം ചോദ്യം നടത്തുവാനായി - നാം അവരെ (ഉറക്കില്‍ നിന്ന്) എഴുന്നേല്‍പ്പിച്ചു അവരില്‍നിന്നു ഒരാള്‍ (മറ്റുള്ളവരോടു) പറഞ്ഞു: 'നിങ്ങള്‍ എത്രയാണു (ഉറങ്ങി) കഴിഞ്ഞു കൂടിയത്?' അവര്‍ പറഞ്ഞു: 'നാം ഒരു ദിവസമോ, അല്ലെങ്കില്‍ ഒരു ദിവസത്തിന്റെ അല്‍പ ഭാഗമോ കഴിഞ്ഞുകൂടിയിരിക്കും.' (തിട്ടം പറയുവാന്‍ സാധിക്കാതെ) അവര്‍ പറഞ്ഞു: 'നിങ്ങള്‍ കഴിഞ്ഞുകൂടിയതിനെപ്പറ്റി നിങ്ങളുടെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്. (അതില്‍ നാം തര്‍ക്കിക്കേണ്ട), എന്നാല്‍, നിങ്ങളില്‍ ഒരാളെ ഈ വെള്ളിയുംകൊണ്ടു പട്ടണത്തിലേക്കു അയക്കുക. എന്നിട്ട് അവന്‍ അവിടെ ഏതു സ്ഥലമാണ്, ഭക്ഷണസാധനം കൂടുതല്‍ നല്ലത് എന്നു നോക്കട്ടെ; അവിടെ നിന്ന് നിങ്ങള്‍ക്കു വല്ല സഹായവും അവന്‍ (വാങ്ങി)ക്കൊണ്ടുവരട്ടെ! അവന്‍ സൂക്ഷ്മനയം കൈകൊള്ളുകയും ചെയ്യട്ടെ; നിങ്ങളെപ്പറ്റി ഒരാളെയും അറിയിക്കാതിരിക്കുകയും വേണം.
  • وَكَذَٰلِكَ അപ്രകാരം بَعَثْنَاهُمْ നാം അവരെ എഴുന്നേല്‍പിച്ചു لِيَتَسَاءَلُوا അവര്‍ അന്യോന്യം ചോദിക്കുവാനായി بَيْنَهُمْ അവര്‍ക്കിടയില്‍, അവര്‍ തമ്മില്‍ قَالَ പറഞ്ഞു قَائِلٌ ഒരു പറയുന്നവന്‍ (ഒരാള്‍), ഒരു വക്താവ് مِّنْهُمْ അവരില്‍ നിന്ന് كَمْ എത്ര (കാലം) لَبِثْتُمْ നിങ്ങള്‍ പാര്‍ത്തു, കഴിഞ്ഞുകൂടി قَالُوا അവര്‍ പറഞ്ഞു لَبِثْنَا നാം പാര്‍ത്തു, കഴിഞ്ഞുകൂടി يَوْمًا ഒരു ദിവസം أَوْ അല്ലെങ്കില്‍ بَعْضَ يَوْمٍ ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം قَالُوا അവര്‍ പറഞ്ഞു رَبُّكُمْ നിങ്ങളുടെ രക്ഷിതാവ് أَعْلَمُ കൂടുതല്‍ (നല്ലവണ്ണം) അറിയുന്നവനാണ് بِمَا لَبِثْتُمْ നിങ്ങള്‍ കഴിഞ്ഞു കൂടിയതിനെപ്പറ്റി فَابْعَثُوا എന്നാല്‍ നിങ്ങള്‍ അയക്കുവിന്‍ أَحَدَكُم നിങ്ങളിലൊരാളെ بِوَرِقِكُمْ നിങ്ങളുടെ വെള്ളിയുമായി هَـٰذِهِ ഇത് (ഈ) إِلَى الْمَدِينَةِ പട്ടണത്തിലേക്ക് فَلْيَنظُرْ എന്നിട്ട് അവന്‍ നോക്കട്ടെ أَيُّهَا അതില്‍ ഏതാണ് (ഏതു സ്ഥലമാണ്) أَزْكَىٰ കൂടുതല്‍ നല്ലത് طَعَامًا ഭക്ഷണസാധനം فَلْيَأْتِكُم എന്നിട്ടു നിങ്ങള്‍ക്ക് അവന്‍ കൊണ്ടുവരട്ടെ بِرِزْقٍ ആഹാരത്തെ مِّنْهُ അതില്‍ നിന്നു (അവിടെ നിന്ന്) وَلْيَتَلَطَّفْ അവന്‍ സൂക്ഷ്മ നയം (സൗമ്യം) സ്വീകരിക്കുകയും ചെയ്യട്ടെ وَلَا يُشْعِرَنَّ അവന്‍ അറിയിക്കാതെയും ഇരിക്കട്ടെ بِكُمْ നിങ്ങളെപ്പറ്റി أَحَدًا ഒരാളെയും
18:20
  • إِنَّهُمْ إِن يَظْهَرُوا۟ عَلَيْكُمْ يَرْجُمُوكُمْ أَوْ يُعِيدُوكُمْ فِى مِلَّتِهِمْ وَلَن تُفْلِحُوٓا۟ إِذًا أَبَدًا ﴾٢٠﴿
  • '(കാരണം:) നിശ്ചയമായും, നിങ്ങളെ കണ്ടുമുട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും; അല്ലെങ്കില്‍ (ബലം പ്രയോഗിച്ച്) നിങ്ങളെ അവരുടെ മതത്തില്‍ ആക്കിത്തീര്‍ക്കുകയും ചെയ്തേക്കും. എന്നാല്‍ (പിന്നെ) നിങ്ങള്‍ ഒരിക്കലും വിജയിക്കുകയില്ലതന്നെ.'
  • إِنَّهُمْ നിശ്ചയമായും അവര്‍ إِن يَظْهَرُوا അവര്‍ക്കു വ്യക്തമായാല്‍, കണ്ടുമുട്ടിയാല്‍ عَلَيْكُمْ നിങ്ങളെ, നിങ്ങളെപ്പറ്റി يَرْجُمُوكُمْ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും أَوْ അല്ലാത്ത പക്ഷം, അല്ലെങ്കില്‍ يُعِيدُوكُمْ നിങ്ങളെ അവര്‍ മടക്കും (ആക്കിത്തീര്‍ക്കും) فِي مِلَّتِهِمْ അവരുടെ മാര്‍ഗ്ഗത്തില്‍ (മതത്തില്‍) وَلَن تُفْلِحُوا നിങ്ങള്‍ വിജയിക്കുന്നതേ അല്ല إِذًا എന്നാല്‍, അപ്പോള്‍, അങ്ങിനെ ആയാല്‍ أَبَدًا ഒരിക്കലും

യാതൊരു അപായമോ കേടുപാടോ കൂടാതെ, ദീര്‍ഘകാലം ഗുഹയില്‍ ഉറക്കിക്കിടത്തി സംരക്ഷിച്ചതു പോലെത്തന്നെ, അല്ലാഹു അവരെ എഴുന്നേല്‍പിക്കുകയും ചെയ്തു. ഗുഹയില്‍ ഉറങ്ങിക്കഴിച്ചു കൂട്ടിയ കാലത്തെപ്പറ്റി അവര്‍ പരസ്പരം അന്വേഷിക്കുകയായി. മാസങ്ങളോ കൊല്ലങ്ങളോ ഗുഹയില്‍ കഴിച്ചു കൂട്ടിയിട്ടുണ്ടാകുമെന്ന് അവര്‍ ഊഹിച്ചതേ ഇല്ല. ദിവസമോ, മണിക്കൂറുകളോ എന്നു മാത്രമാണ് അവര്‍ക്കു സംശയം. തിട്ടം പറയുവാന്‍ ആര്‍ക്കും സാധിച്ചില്ല. ഏതായാലും, സാധാരണയില്‍ കവിഞ്ഞ ഒരു ഉറക്കായിരുന്നു അതെന്ന് അവര്‍ക്കു തോന്നിയിട്ടുണ്ട്. ഒടുക്കം ‘അല്ലാഹുവിന് അറിയാം’ എന്നു പറഞ്ഞു അവര്‍ സമാധാനിച്ചു.

ഭക്ഷണത്തിനായി, കയ്യിലുള്ള പണവും കൊണ്ട് ഒരാളെ അങ്ങാടിയിലേക്ക് അയച്ചു. പോകുന്ന ആളോട്, തങ്ങളെപ്പറ്റി ജനങ്ങള്‍ അറിയുവാന്‍ ഇടവരാതിരിക്കുന്നതിന്ന് പ്രത്യേകം മുന്‍കരുതലുകള്‍ വേണമെന്നും ഉണര്‍ത്തി. തങ്ങള്‍ ഗുഹയില്‍ പ്രവേശിക്കുമ്പോഴത്തെ ജനങ്ങളും ചുറ്റുപാടുമാണ് ഇപ്പോഴും ഉള്ളതെന്നാണ് അവരുടെ ധാരണ. അതിനാല്‍, നാട്ടുകാര്‍ തങ്ങളെപ്പറ്റി അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അവര്‍ ഓര്‍ത്തു. പക്ഷേ, ഭക്ഷണത്തിനുപോയ ആളില്‍ നിന്നുതന്നെയാണ് ജനങ്ങള്‍ അവരെപ്പറ്റി അറിയുവാനിടവന്നതും. അയാളുടെ പക്കലുണ്ടായിരുന്ന നാണയം അവര്‍ ഗുഹയില്‍ വരുന്ന കാലത്തെ നാണയമാണല്ലോ. അതു കാണുമ്പോള്‍ ജനങ്ങള്‍ അയാളെ പിടികൂടുകയും, രഹസ്യം പുറത്തുവരികയും ചെയ്തേക്കുന്നത് സ്വാഭാവികമാണ്. അങ്ങിനെത്തന്നെ സംഭവിക്കുകയും ചെയ്തു.

അവര്‍ തമ്മില്‍ നടക്കുന്ന സംഭാഷണങ്ങളില്‍ ‘നിങ്ങള്‍’ എന്നും, ‘നിങ്ങളുടെ’ എന്നുമുള്ള പ്രയോഗം അറബി ഭാഷയില്‍ സാധാരണ കാണപ്പെടുന്ന ഒരു സംസാരശൈലിയാകുന്നു. ഒരു കൂട്ടത്തിലുള്ള ആള്‍, തങ്ങളെപ്പറ്റിത്തന്നെ സംസാരിക്കുമ്പോള്‍ ‘നാം’ എന്നതിനു പകരം ‘നിങ്ങള്‍’ എന്നു പറയുക പതിവാണ്. മലയാളികള്‍ക്കിടയിലും, ഈ സമ്പ്രദായം ചിലപ്പോള്‍ കാണപ്പെടാറുണ്ട്.

18:21
  • وَكَذَٰلِكَ أَعْثَرْنَا عَلَيْهِمْ لِيَعْلَمُوٓا۟ أَنَّ وَعْدَ ٱللَّهِ حَقٌّ وَأَنَّ ٱلسَّاعَةَ لَا رَيْبَ فِيهَآ إِذْ يَتَنَٰزَعُونَ بَيْنَهُمْ أَمْرَهُمْ ۖ فَقَالُوا۟ ٱبْنُوا۟ عَلَيْهِم بُنْيَٰنًا ۖ رَّبُّهُمْ أَعْلَمُ بِهِمْ ۚ قَالَ ٱلَّذِينَ غَلَبُوا۟ عَلَىٰٓ أَمْرِهِمْ لَنَتَّخِذَنَّ عَلَيْهِم مَّسْجِدًا ﴾٢١﴿
  • അതുപോലെ (ഉറക്കില്‍ നിന്നു എഴുന്നേല്‍പിച്ചതു പോലെ) ത്തന്നെ - അല്ലാഹുവിന്റെ വാഗ്ദാനം യഥാര്‍ത്ഥമാണെന്നും, 'അന്ത്യസമയ'ത്തിന്റെ കാര്യത്തില്‍ യാതൊരു സന്ദേഹമില്ലെന്നും അവര്‍ (ജനങ്ങള്‍) അറിയുവാനായി - നാം അവരെ വെളിവാക്കിക്കൊടുത്തു. അവര്‍ തമ്മില്‍, അവരുടെ (ഗുഹാവാസികളുടെ) കാര്യത്തില്‍ തര്‍ക്കിച്ച്‌: 'അവരുടെ പേരില്‍ ഒരു കെട്ടിടം നിര്‍മ്മിക്കണം; അവരെപ്പറ്റി അവരുടെ റബ്ബിനു കൂടുതല്‍ അറിയാം' എന്നു (ഒരു കക്ഷി) പറഞ്ഞപ്പോള്‍,- കാര്യത്തില്‍ വിജയം നേടിയവര്‍ പറഞ്ഞു: 'നമുക്കു അവരുടെമേല്‍ ഒരു പള്ളി ഉണ്ടാക്കുകതന്നെ വേണം.' എന്നും.
  • وَكَذَٰلِكَ അപ്രകാരം തന്നെ أَعْثَرْنَا നാം വെളിവാക്കിക്കൊടുത്തു عَلَيْهِمْ അവരെ لِيَعْلَمُوا അവര്‍ അറിയുവാന്‍ أَنَّ وَعْدَ اللَّـهِ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം حَقٌّ യഥാര്‍ത്ഥമാണ്, സത്യമാണ് (എന്ന്) وَأَنَّ السَّاعَةَ നിശ്ചയമായും അന്ത്യസമയം (ലോകാവസാന ഘട്ടം) لَا رَيْبَ സന്ദേഹമില്ല, സംശയമില്ല (എന്നും) فِيهَا അതില്‍ إِذْ يَتَنَازَعُونَ അവര്‍ തര്‍ക്കിക്കുമ്പോള്‍ بَيْنَهُمْ അവര്‍ തമ്മില്‍ أَمْرَهُمْ അവരുടെ കാര്യത്തില്‍ فَقَالُوا അങ്ങിനെ അവര്‍ പറഞ്ഞു ابْنُوا നിങ്ങള്‍ നിര്‍മ്മിക്കണം, സ്ഥാപിക്കണം عَلَيْهِم അവരുടെ മേല്‍ بُنْيَانًا ഒരു കെട്ടിടം رَّبُّهُمْ അവരുടെ റബ്ബ്, രക്ഷിതാവ് أَعْلَمُ بِهِمْ അവരെപ്പറ്റി കൂടുതല്‍ അറിയുന്നവനാണ് قَالَ പറഞ്ഞു الَّذِينَ غَلَبُوا വിജയം നേടിയവര്‍ عَلَىٰ أَمْرِهِمْ തങ്ങളുടെ കാര്യത്തില്‍ لَنَتَّخِذَنَّ നമുക്കു ഉണ്ടാക്കുക തന്നെ വേണം (നാം ഉണ്ടാക്കുക തന്നെ ചെയ്യും), നിശ്ചയമായും ഉണ്ടാക്കും عَلَيْهِم അവരുടെ മേല്‍ مَّسْجِدًا ഒരു പള്ളി

തങ്ങളുടെ രഹസ്യം പുറത്തറിയാതിരിക്കുവാന്‍ ആ യുവാക്കള്‍ പരിശ്രമിച്ചുവെങ്കിലും അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അല്ലാഹു അതു പരസ്യമാക്കുകതന്നെ ചെയ്തു. ആ സംഭവം, എന്നെന്നേക്കും ജനങ്ങള്‍ക്ക് ഒരു പാഠവും ഉത്തമദൃഷ്ടാന്തവും ആയിത്തീരുന്നു. ഒരുകാലത്തു ജനങ്ങളുടെ അക്രമം സഹിക്കവയ്യാതെ ഗുഹയില്‍ അഭയം പ്രാപിച്ചിരുന്ന ആ യുവാക്കള്‍ ഇന്നു ജനങ്ങളുടെ അങ്ങേയറ്റത്തെ ബഹുമാനാദരവുകള്‍ക്കു പാത്രമായിരിക്കുകയാണ്. മരണശേഷം മനുഷ്യര്‍ ജീവിക്കുകയെന്നത് അസംഭവ്യമല്ല – എത്രതന്നെ കാലം കഴിഞ്ഞാലും മരണശേഷം അവനെ ജീവിപ്പിക്കുവാന്‍ അല്ലാഹുവിനു കഴിയും – എന്നു ഈ സംഭവം അവര്‍ക്കു തെളിയിച്ചുകൊടുത്തു. രഹസ്യം പുറത്തായതോടെ ജനക്കൂട്ടം അവരെ കാണുവാന്‍ സകുതൂഹലം വന്നിരിക്കുമെന്നു പറയേണ്ടതില്ല. ഏറെത്താമസിയാതെ, യുവാക്കള്‍ ഗുഹയില്‍ വെച്ചു മരണമടഞ്ഞുവെന്നാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പറഞ്ഞുകാണുന്നത്. അല്ലാഹുവിന് അറിയാം. ഏതായാലും അവരുടെ സ്മരണ നിലനിറുത്തുവാന്‍ എന്തു വേണമെന്നായി. ഗുഹയുടെ അടുത്തു ഒരു കെട്ടിടം കെട്ടാമെന്നും മറ്റുമുള്ള അഭിപ്രായക്കാരുണ്ടായെങ്കിലും, കാര്യത്തില്‍ കെല്‍പ്പും, യോഗ്യതയും ഉള്ളവര്‍ അഭിപ്രായപ്പെട്ടത് അവിടെ ഒരു പള്ളി ഉണ്ടാക്കുവാനായിരുന്നു.

ഒരു കുറിപ്പ്: ഖുര്‍ആനില്‍ വിവരിക്കപ്പെടുന്ന അസാധാരണ സംഭവങ്ങളെ, ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ മാത്രം വീക്ഷിച്ചു സാധാരണ സംഭവങ്ങളാക്കി ചിത്രീകരിക്കുവാന്‍ ശ്രമിക്കാറുള്ള ചിലരുണ്ട്. ഗുഹാവാസികളുടെ സംഭവത്തിലും അവര്‍ അതിനു മുതിര്‍ന്നു കാണാം. അതിനായി പല ദുര്‍വ്യാഖ്യാനങ്ങളും, അവരുടേതായ വിവരണവും അവര്‍ സ്വീകരിക്കുന്നു. ഗുഹാവാസികളുടെ സംഭവത്തെ അവര്‍ ചിത്രീകരിക്കുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ആദ്യം അവര്‍ മര്‍ദ്ദനം ഭയന്നു ഗുഹയില്‍ അഭയം പ്രാപിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഐഹിക സുഖങ്ങളിലേക്കു മടങ്ങുവാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. നാട്ടിലെ അന്തരീക്ഷംമാറി അവര്‍ക്ക് അനുകൂലമായിരുന്നുവെങ്കിലും, അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടുവാന്‍തന്നെ തീരുമാനിച്ചു. അഥവാ സന്യാസജീവിതം സ്വീകരിച്ചു. തപസ്സു ചെയ്യുന്നവര്‍ ഇരുന്നും നിന്നും പല പ്രകാരത്തിലും അതു സ്വീകരിക്കാറുണ്ട്. അവര്‍ അതേ സ്ഥിതിയില്‍തന്നെ മരണം പ്രാപിക്കുകയും ചെയ്യും. അങ്ങിനെയുള്ളവരെ, അവരുടെ മരണത്തിനു മുമ്പും പിമ്പും ആരും അലട്ടുകയോ, പരിശോധിക്കുകയോ ചെയ്യാറില്ല. അങ്ങിനെ, കാലാവസ്ഥ അനുകൂലമാകുകയും, ദുഷ്ടജന്തുക്കള്‍ അക്രമിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അവര്‍ മുമ്പു തപസ്സിലായിരുന്ന അതേ നിലയില്‍ – നിന്നും ഇരുന്നുംകൊണ്ട് – തന്നെ മരണശേഷവും നൂറ്റാണ്ടുകളോളം ആ മൃതദേഹങ്ങള്‍ അവശേഷിക്കും. ഇങ്ങിനെ, ഗുഹാവാസികളും അവര്‍ ജീവിച്ചിരുന്നപ്പോഴത്തെ അതേ അവസ്ഥയില്‍ മരണമടഞ്ഞു.’ ഇതാണ് അവരുടെ വിവരണരൂപം.

ഇതിനു തെളിവായി ഖുര്‍ആനില്‍നിന്നു ഇവര്‍ക്കു കൊണ്ടുവരുവാനുള്ളത്: 18-ാം വചനം ഗുഹാവാസികളുടെ മരണശേഷമുള്ള സ്ഥിതിയെക്കുറിച്ചാണെന്ന വാദവും, ആ വാദത്തിനു ഒപ്പിച്ചുകൊണ്ടുള്ള അവരുടെ സ്വന്തം വ്യാഖ്യാനവുമാകുന്നു. 11-ാം വചനം ഗുഹാവാസികളുടെ ആദ്യഘട്ടത്തെ – ഉറങ്ങിക്കിടക്കുമ്പോഴത്തെ സ്ഥിതിയെ- കുറിക്കുന്നതും, 18-ാം വചനം രണ്ടാമത്തെ ഘട്ടത്തെ – മരണശേഷമുള്ള അവസ്ഥയെ – കുറിക്കുന്നതും ആകുന്നുവെന്നാണ് ഇവര്‍ സമര്‍ത്ഥിക്കുന്നത്. ഇതു ഖുര്‍ആന്റെ പ്രസ്താവനകള്‍ക്കും, വിവരണക്രമത്തിനും നിരക്കാത്തതാണെന്നു കാണാം.

ആദ്യം 9-ാം വചനം, ഗുഹാവാസികളുടെ സംഭവത്തിലേക്കു നമ്മുടെ ശ്രദ്ധയെ ക്ഷണിച്ചു. ശേഷം 10-12 വചനങ്ങളില്‍ അതിനെ ചുരുക്കി വിവരിക്കുന്നു. 13-ാം വചനത്തില്‍ ‘അവരുടെ കഥ യഥാര്‍ത്ഥ രൂപത്തില്‍ വിവരിച്ചുതരാം’ എന്ന ഒരു മുഖവുരയോടുകൂടി, മുമ്പു പ്രസ്താവിച്ച സംക്ഷിപ്തരൂപത്തെ 14 മുതല്‍ 20 വരെയുള്ള വചനങ്ങളില്‍ വിശദീകരിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതെ, അവര്‍ ഗുഹയില്‍ ചെന്നതും, അതിന്റെ കാരണവും, അതില്‍ ഉറങ്ങിക്കിടന്നതും, അവരുടെ രഹസ്യം പുറത്തായതും വീണ്ടും വിശദീകരിക്കുന്നു. 21 മുതല്‍ 26 വരെയുള്ള വചനങ്ങളില്‍, രഹസ്യം പുറത്തായതിനുശേഷം അതിനെത്തുടര്‍ന്നുണ്ടായ വര്‍ത്തമാനങ്ങളുമാണ് പ്രസ്താവിക്കുന്നത്. ആയത്തുകള്‍ വായിക്കുമ്പോള്‍, ഈ വസ്തുത സാമാന്യമായിട്ടെങ്കിലും മനസ്സിലാക്കുവാന്‍ ആര്‍ക്കും സാധിക്കുന്നതാണ്.

13-ാം വചനത്തില്‍ മേല്‍പറഞ്ഞ മുഖവുരയെത്തുടര്‍ന്നുകൊണ്ട് – 16-ാം വചനംവരെ – ഗുഹാവാസികള്‍ ആരാണ്, ഗുഹയില്‍ വരുവാന്‍ കാരണമെന്ത്, എന്നു വിവരിക്കുന്നു. 17ല്‍ ഗുഹയുടെ സ്ഥിതിഗതികള്‍ വിവരിക്കുന്നു. 19-20ല്‍ അവരെ ഉറക്കില്‍ നിന്നു എഴുന്നേല്‍പിച്ചു എന്നു തുടങ്ങി അതിന്റെ അനന്തരസംഭവങ്ങളെയും വിവരിക്കുന്നു. ഇതെല്ലാം അവരുടെ ആദ്യഘട്ടത്തെ മരണത്തിനു മുമ്പുള്ള സ്ഥിതിയെ – കുറിച്ചു പറഞ്ഞതാണെന്നു വ്യക്തമാണ്. എന്നിരിക്കെ ഇടയ്ക്കുവെച്ച് 18-ാം വചനത്തില്‍ അവരുടെ മരണശേഷമുള്ള വര്‍ത്തമാനമാണ് പറയുന്നതെന്നു് സമര്‍ത്ഥിക്കുന്നതു തനി സാഹസമത്രെ. ഇങ്ങിനെ സമര്‍ത്ഥിക്കുകവഴി, തങ്ങളുടെ ഉദ്ദേശ്യം സാധിക്കുമാറാക്കുന്നതിന്നുവേണ്ടി ആ വചനത്തിന്റെ അര്‍ത്ഥസാരത്തിലും ഇവര്‍ക്കു കൈകടത്തേണ്ടിവന്നുപോയിട്ടുണ്ട്:-

‘അവര്‍ ഉണര്‍ന്നവരാണെന്നു നീ ധരിച്ചുപോകും, അവരാകട്ടെ ഉറങ്ങുന്നവരാണ്’ (وَتَحْسَبُهُمْ أَيْقَاظًا وَهُمْ رُقُودٌ) എന്ന വാക്യത്തിന്റെ താല്‍പര്യം എന്താണെന്നു എല്ലാവര്‍ക്കും സ്പഷ്ടമാണല്ലോ. ഇവര്‍ അതിനു കല്‍പിക്കുന്ന താല്‍പര്യമനുസരിച്ച് അതിനു ഇങ്ങിനെ അര്‍ത്ഥം വരുന്നു: ‘അവര്‍ ജീവിച്ചിരിക്കുന്നവരാണെന്നു നിനക്കു തോന്നും, വാസ്തവത്തില്‍ അവര്‍ മരണപ്പെട്ടവരാണ്.’ ആശ്ചര്യം! ‘ഉറക്കം’ (رُقُودٌ) എന്നു മരണത്തിനും, ‘ഉണര്‍ച്ച’ (يَقَظَة) എന്നു ജീവിതത്തിന്നും ഉപയോഗിക്കുന്നതു സര്‍വ്വസാധാരണമാണ്’ എന്നും, അതാണിവിടെയും ഉദ്ദേശ്യമെന്നുമാണ് ഇവരുടെ വാദം. വാദം കൊണ്ടു വാദം തെളിയിക്കുക മാത്രമാണിത്. അലങ്കാര രൂപത്തില്‍ ഒരുപക്ഷേ അങ്ങിനെ അറബിഭാഷയില്‍ പറഞ്ഞേക്കാമെങ്കിലും, ഇവിടെ അതാണ്‌ ഉദ്ദേശ്യമെന്നും, ‘അതു സര്‍വ്വസാധാരണമാണ്’ എന്നും പറഞ്ഞതിനു തെളിവു കൊണ്ടുവരേണ്ടിയിരിക്കുന്നു. ‘വലത്തോട്ടും, ഇടത്തോട്ടും നാം അവരെ മറിച്ചിട്ടുകൊണ്ടിരിക്കും.’ (وَنُقَلِّبُهُمْ ذَاتَ الْيَمِينِ وَذَاتَ الشِّمَالِ) എന്നു അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്. ഇതിനു ഇവര്‍ കല്‍പിക്കുന്ന സാരം നോക്കുക: ഗുഹയുടെ രണ്ടറ്റത്തുനിന്നും ശക്തിയായി കാറ്റടിച്ചുകൊണ്ടിരിക്കുകയും, അപ്പോള്‍ അവരുടെ മൃതശരീരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും മറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും’ എന്നാണുപോല്‍! ഇരുഭാഗത്തുനിന്നും വരുന്ന കാറ്റുകളുടെ ശക്തിയും എണ്ണവും ഏറെക്കുറെ സമമായിരിക്കുമെന്ന് ഇവര്‍ സ്ഥാപിച്ചു കാണാത്ത സ്ഥിതിക്ക്, ചിലപ്പോള്‍ കാറ്റിന്റെ ശക്തിയാല്‍ ഇവര്‍ പുറത്തേക്ക് ഉരുണ്ടുപോകുവാന്‍ ഇടയില്ലേ?! ‘തപസ്സുചെയ്യുന്നവര്‍ ഇരുന്നും, നിന്നും സാഷ്ടാംഗം ചെയ്തുംകൊണ്ടിരിക്കും, അതേ നിലയില്‍ തന്നെ അവര്‍ മരണമടയുകയും ചെയ്യും, നൂറ്റാണ്ടുകളോളം അതേ അവസ്ഥയില്‍തന്നെ മൃതദേഹങ്ങള്‍ ശേഷിക്കുകയും ചെയ്യും, അതുകൊണ്ടാണ് അവര്‍ ഉണര്‍ന്നിരിക്കുന്നവരാണെന്നു തോന്നുന്നത്’ എന്നൊക്കെയാണല്ലോ ഇവരുടെ ജല്‍പന്നങ്ങള്‍. അപ്പോള്‍, ഗുഹയുടെ ഒരു ഭാഗത്തുനിന്നു അടിക്കുന്ന കാറ്റ്, നില്‍ക്കുന്നവരേയും ഇരിക്കുന്നവരേയും നിലം പതിപ്പിച്ചശേഷം, മറുഭാഗത്തുനിന്നുവരുന്ന കാറ്റ് വീണ്ടും അവരെ ഇരുത്തുകയും എഴുന്നേറ്റുനിര്‍ത്തുകയും വേണമല്ലോ. ഇല്ലാത്തപക്ഷം, അവര്‍ തപസ്സിരുന്ന നില മാറി മരിച്ചവരെപ്പോലെ കിടക്കേണ്ടിവരികയില്ലേ?! ബുദ്ധിയുള്ളവര്‍ ആലോചിച്ചുനോക്കുക! ഇല്ലാത്തതു കെട്ടിപ്പറയുമ്പോഴും അല്‍പം പാകത വേണ്ടതായിരുന്നു.

വാസ്തവത്തില്‍ 18-ാം വചനവും, അവരുടെ ആദ്യഘട്ടത്തിലെ ഒരു അവസ്ഥയെ – ഗുഹയില്‍ ഉറങ്ങിക്കിടക്കുമ്പോഴത്തെ സ്ഥിതിയെ – തന്നെയാണ് കുറിക്കുന്നത്. അവരുടെ മരണത്തെക്കുറിച്ചോ, മരണശേഷമുള്ളതിനെക്കുറിച്ചോ അല്ല. അതിനെപ്പറ്റി ഖുര്‍ആനില്‍ വിശേഷിച്ചൊന്നും പ്രസ്താവിച്ചിട്ടുമില്ല. അവരുടെ പേരില്‍ ഒരു കെട്ടിടം നിര്‍മ്മിക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെക്കുറിച്ചു 21-ാം വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നു. അതില്‍, അവരുടെ മരണത്തെക്കുറിച്ചുള്ള സൂചന അടങ്ങിയിട്ടുണ്ടെന്നുമാത്രം. അതു എങ്ങിനെയാണ് സംഭവിച്ചതെന്നോ, മരണശേഷം അവരുടെ മൃതദേഹങ്ങള്‍ ഏതു നിലയിലായിരുന്നുവെന്നോ ഖുര്‍ആനില്‍ പറയുന്നില്ല. അല്ലാഹുവിനറിയാം.

ഗുഹാവാസികളുടെ എണ്ണത്തെസംബന്ധിച്ചു ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കങ്ങളെപ്പറ്റി അല്ലാഹു പറയുന്നു:-

18:22
  • سَيَقُولُونَ ثَلَٰثَةٌ رَّابِعُهُمْ كَلْبُهُمْ وَيَقُولُونَ خَمْسَةٌ سَادِسُهُمْ كَلْبُهُمْ رَجْمًۢا بِٱلْغَيْبِ ۖ وَيَقُولُونَ سَبْعَةٌ وَثَامِنُهُمْ كَلْبُهُمْ ۚ قُل رَّبِّىٓ أَعْلَمُ بِعِدَّتِهِم مَّا يَعْلَمُهُمْ إِلَّا قَلِيلٌ ۗ فَلَا تُمَارِ فِيهِمْ إِلَّا مِرَآءً ظَٰهِرًا وَلَا تَسْتَفْتِ فِيهِم مِّنْهُمْ أَحَدًا ﴾٢٢﴿
  • (ഗുഹാവാസികള്‍) മൂന്നാളാണ്, അവരില്‍ നാലാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ (ഒരു വിഭാഗം ആളുകള്‍) പറയും; അഞ്ചാളുകളാണ്. ആറാമത്തേതു അവരുടെ നായയാണ്‌ എന്നും അവര്‍ [ഒരു വിഭാഗം] പറയും; അദൃശ്യകാര്യത്തില്‍ ഊഹപ്രകടനം നടത്തുകയത്രെ (അവര്‍ ചെയ്യുന്നത്)!ഏഴുപേരാണ് എട്ടാമത്തേതു അവരുടെ നായയുമാണ് എന്നും [മറ്റൊരു വിഭാഗം] പറയുന്നു. (നബിയേ!) പറഞ്ഞേക്കുക: 'അവരുടെ എണ്ണത്തെക്കുറിച്ചു എന്റെ രക്ഷിതാവു ശരിക്കറിയുന്നവനാകുന്നു; അല്പം ആളുകളല്ലാതെ അവരെക്കുറിച്ചു അറിയുന്നതല്ല.' എന്നിരിക്കെ, അവരുടെ വിഷയത്തില്‍ പ്രത്യക്ഷതരത്തിലുള്ള ഒരു തര്‍ക്കമല്ലാതെ നീ തര്‍ക്കിക്കരുത്; അവരുടെ കാര്യത്തില്‍ അവരില്‍ (ജനങ്ങളില്‍ ഒരാളോടും തീരുമാനമാവശ്യപ്പെടുകയും ചെയ്യരുത്.
  • سَيَقُولُونَ അവര്‍ പറയും ثَلَاثَةٌ മൂന്നാളാണ് رَّابِعُهُمْ അവരില്‍ നാലാമത്തേതു كَلْبُهُمْ അവരുടെ നായയാണ്‌ وَيَقُولُونَ അവര്‍ പറയും خَمْسَةٌ അഞ്ചാളാണ് سَادِسُهُمْ അവരില്‍ ആറാമത്തേത് كَلْبُهُمْ അവരുടെ നായയാണ്‌ رَجْمًا ഊഹപ്രകടനം (നടത്തുന്നു.) بِالْغَيْبِ അദൃശ്യകാര്യത്തെ (മറഞ്ഞ കാര്യത്തെ)പ്പറ്റി وَيَقُولُونَ അവര്‍ പറയും سَبْعَةٌ ഏഴു പേരാണ് وَثَامِنُهُمْ അവരില്‍ ഏട്ടാമത്തേതു كَلْبُهُمْ അവരുടെ നായയാണ്‌ قُل പറയുക رَّبِّي എന്റെ രക്ഷിതാവ് أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് (കൂടുതല്‍ അറിയുന്നവനാണ്) بِعِدَّتِهِم അവരുടെ എണ്ണത്തെപ്പറ്റി مَّا يَعْلَمُهُمْ അവരെക്കുറിച്ചു അറിയുകയില്ല إِلَّا قَلِيلٌ അല്‍പം ആളുകളല്ലാതെفَلَا تُمَارِ അതിനാല്‍ (എന്നിരിക്കെ) നീ തര്‍ക്കിക്കരുതു فِيهِمْ അവരുടെ കാര്യത്തില്‍ إِلَّا مِرَاءً ഒരു (തരം) തര്‍ക്കമല്ലാതെ ظَاهِرًا പ്രത്യക്ഷമായ وَلَا تَسْتَفْتِ നീ തീരുമാനമാവശ്യപ്പെടുകയും വേണ്ട فِيهِم അവരുടെ കാര്യത്തില്‍ مِّنْهُمْ അവരില്‍ നിന്ന് أَحَدًا ഒരാളോടും, ആരോടും.

ഗുഹാവാസികളുടെ എണ്ണം മൂന്നാണ്, അഞ്ചാണ്, നായ നാലാമതാണ്, ആറാമതാണ്, എന്നിങ്ങിനെയുള്ള ഭിന്നാഭിപ്രായങ്ങളും, തര്‍ക്കങ്ങളും ജനങ്ങള്‍ക്കിടയില്‍ നടമാടിയിരുന്നു. ഈ അഭിപ്രായങ്ങള്‍ ഉദ്ധരിച്ചതിനെത്തുടര്‍ന്നു, അതെല്ലാം അദൃശ്യകാര്യങ്ങളില്‍ ലക്ഷ്യമില്ലാതെ ഊഹപ്രകടനം – അഥവാ അന്ധകാരത്തിലെ അസ്ത്രപ്രയോഗം (رَجْمًا بِالْغَيْبِ) – ആണെന്നു അല്ലാഹു പറയുന്നു. അതോടൊപ്പം, അവര്‍ ഏഴുപേരും ഏട്ടാമത്തേതു നായയുമാണെന്ന വേറെ ഒരു അഭിപ്രായം ഉദ്ധരിക്കുന്നു. അതിനുശേഷം അവരുടെ എണ്ണം അല്ലാഹുവിനു നല്ലവണ്ണം അറിയാം (رَّبِّي أَعْلَمُ بِعِدَّتِهِم) എന്നും, ചുരുക്കം ചിലര്‍ക്കല്ലാതെ അവരെപ്പറ്റി അറിയുകയില്ല (مَّا يَعْلَمُهُمْ إِلَّا قَلِيلٌ) എന്നും പറയുന്നു. ഇതില്‍നിന്നു, ഗുഹാവാസികളുടെ എണ്ണം ഏഴും, ഏട്ടാമത്തേതു നായയുമാണെന്ന അഭിപ്രായം ശരിയാണെന്നും, ആ അഭിപ്രായക്കാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളുവെന്നും മനസ്സിലാക്കുന്നതില്‍ തെറ്റില്ല. ‘ഞാന്‍ ആ കുറഞ്ഞ ആളുകളില്‍ പെട്ടവനാണ്’ എന്നു ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ഖുര്‍ആന്‍ അവരുടെ എണ്ണം ഇത്രയാണെന്നു ഖണ്ഡിതമായി പ്രസ്താവിച്ചിട്ടില്ല. ബലപ്പെട്ട ഹദീസിലും അതുകാണുന്നില്ല.

അവരുടെ എണ്ണം എത്രയായിരുന്നുവെന്നതല്ല ഇവിടെ ചിന്താവിഷയം; അവര്‍ വരിച്ച ത്യാഗം എന്തായിരുന്നുവെന്നതാണ്. ഇത്തരം സംഗതികളില്‍, തര്‍ക്കങ്ങളോ, ചുഴിഞ്ഞന്വേഷണമോ നടത്തുന്നതു പാഴ്വേലയായിരിക്കും. മനുഷ്യന്റെ അറിവിനപ്പുറമുള്ള അദൃശ്യ കാര്യങ്ങളെപ്പറ്റി ഊഹിച്ചു പറയുന്നതു ശരിയല്ല. അല്ലാഹുവില്‍നിന്നു ലഭിക്കുന്ന അറിവല്ലാതെ അവയില്‍ പ്രയോജനപ്പെടുകയില്ല. വിശദാംശങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുകയല്ല – ഗുണപാഠങ്ങളെപ്പറ്റി ചിന്തിച്ചു മനസ്സിലാക്കുകയാണ് – നാം ചെയ്യേണ്ടത്.

വിഭാഗം - 4

18:23
  • وَلَا تَقُولَنَّ لِشَا۟ىْءٍ إِنِّى فَاعِلٌ ذَٰلِكَ غَدًا ﴾٢٣﴿
  • ഒരു കാര്യത്തെക്കുറിച്ചും, ഞാനതു നാളെ ചെയ്യുന്നതാണെന്നു നിശ്ചയമായും നീ പറഞ്ഞുപോകരുത്;-
  • وَلَا تَقُولَنَّ തീര്‍ച്ചയായും (ഒരിക്കലും) നീ പറയരുതു لِشَيْءٍ ഒരു കാര്യത്തെക്കുറിച്ചും إِنِّي നിശ്ചയമായും فَاعِلٌ ഞാന്‍ ചെയ്യുന്നവനാണ് (എന്ന്) ذَٰلِكَ അത് غَدًا നാളെ.
18:24
  • إِلَّآ أَن يَشَآءَ ٱللَّهُ ۚ وَٱذْكُر رَّبَّكَ إِذَا نَسِيتَ وَقُلْ عَسَىٰٓ أَن يَهْدِيَنِ رَبِّى لِأَقْرَبَ مِنْ هَٰذَا رَشَدًا ﴾٢٤﴿
  • 'അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍' (എന്നു ചേര്‍ത്തുകൊണ്ടു) അല്ലാതെ നീ (അതു) മറന്നുപോകുന്ന പക്ഷം, നീ നിന്റെ രക്ഷിതാവിനെ ഓര്‍ത്തുകൊള്ളുക; 'ഇതിനെക്കാള്‍ അടുത്ത (സൗകര്യപ്രദമായ) നേര്‍മാര്‍ഗ്ഗത്തിലേക്കു എന്റെ റബ്ബ് എന്നെ നയിച്ചേക്കാം' എന്നു പറയുകയും ചെയ്യുക.
  • إِلَّا أَن يَشَاءَ اللَّـهُ അല്ലാഹു ഉദ്ദേശിച്ചാലെന്ന നിലക്കല്ലാതെ (إن شاء الله എന്നു പറയാതെ) وَاذْكُر നീ ഓര്‍ക്കുക رَّبَّكَ നിന്റെ രക്ഷിതാവിനെ إِذَا نَسِيتَ നീ മറന്നാല്‍ وَقُلْ നീ പറയുകയും ചെയ്യുക عَسَىٰ ആയേക്കാം أَن يَهْدِيَنِ എന്നെ നയിച്ചേക്കാം, എനിക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കിയേക്കാം رَبِّي എന്റെ രക്ഷിതാവ് لِأَقْرَبَ കൂടുതല്‍ അടുത്തതിലേക്കു مِنْ هَـٰذَا ഇതിനേക്കാള്‍ رَشَدًا നേര്‍മ്മാര്‍ഗ്ഗം, തന്റേടം, (വിജയമാര്‍ഗ്ഗം)

ഗുഹാവാസികളുടെ കഥ വിവരിച്ചുകൊണ്ടിരിക്കെ, ഇടക്കുവെച്ചു പ്രധാനമായ ഒരു വിഷയം അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുന്നു. ഒരു കാര്യം പിന്നീടു ഞാന്‍ ചെയ്യുമെന്നു മനുഷ്യന്‍ നിശ്ചയിക്കുമ്പോള്‍, അല്ലാഹു ഉദ്ദേശിച്ചുവെങ്കിലേ അതു നടപ്പില്‍ വരികയുള്ളുവെന്നു അവന്‍ ധരിച്ചിരിക്കേണ്ടതുണ്ട്. അതിനാല്‍ ഒരു കാര്യം തീര്‍ത്തു പറയുമ്പോള്‍ إن شاء الله (അല്ലാഹു ഉദ്ദേശിച്ചെങ്കില്‍) എന്നു ചേര്‍ത്തു പറയേണ്ടതാകുന്നു. സംഗതിവശാല്‍ തല്‍സമയത്തു അതു മറന്നുപോയാലും ഓര്‍മ്മ വരുമ്പോള്‍ അതു നികത്തേണ്ടതാണ്. ‘ഇന്നകാര്യം പ്രവര്‍ത്തിക്കും,’ അല്ലെങ്കില്‍ ‘പറയും’ എന്നൊരാള്‍ പറഞ്ഞുവെന്നു വെക്കുക: അയാള്‍ അതിനു മുമ്പു മരണപ്പെടുകയോ, എന്തെങ്കിലും തടസ്സം അതിനു നേരിടുകയോ ചെയ്കയില്ലെന്നു അയാള്‍ക്കു നിശ്ചയമായും തീരുമാനിക്കുവാന്‍ സാധ്യമല്ല. അതിനാല്‍, തന്റെ നിശ്ചയം അര്‍ത്ഥവത്താക്കുന്നതിനും, അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതിനും അതാവശ്യമത്രെ. മാത്രമല്ല, അല്ലാഹുവിനോടുള്ള ഭക്തിയാദരവുകളുടെ ഒരു ലക്ഷണം കൂടിയാണത്.

ആത്മാവിനെക്കുറിച്ചും, ഗുഹാവാസികളെയും ദുല്‍ഖര്‍നൈനിയെയും സംബന്ധിച്ചും – യഹൂദരുടെ പ്രേരണ പ്രകാരം – അറബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു ചോദിക്കുകയുണ്ടായി. നാളെ പറഞ്ഞു തരാമെന്നു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉത്തരം പറഞ്ഞു. ‘അല്ലാഹു ഉദ്ദേശിച്ചുവെങ്കില്‍’ എന്നു പറഞ്ഞതുമില്ല. പിന്നീടു ‘വഹ്-യു’ (ദിവ്യസന്ദേശം) വരുവാന്‍ കുറേ താമസിക്കുകയുണ്ടായി. അങ്ങിനെ, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) വിഷമിത്തിലായി. ഈ അവസരത്തിലാണ് ഈ വചനങ്ങള്‍ അവതരിച്ചത്.

24-ാം ആയത്തിന്റെ അന്ത്യത്തില്‍, ഗുഹാവാസികളുടേതുപോലെ ഒരു സംഭവം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിക്കും സംഭവിച്ചേക്കാനിടയുണ്ടെന്ന ഒരു സൂചന അടങ്ങിയിട്ടുള്ളതായിക്കാണാം. അതെ, സത്യമാര്‍ഗ്ഗത്തില്‍ സ്വജനതയുടെ അപാരമായ ശത്രുത നിമിത്തം അവിടുത്തേക്കു നാടുവിടേണ്ടി വന്നു, ഗുഹയില്‍ ഒളിച്ചിരിക്കേണ്ടി വന്നു, അനന്തരം ആ ത്യാഗങ്ങളുടെയെല്ലാം ഫലമായി അതിമഹത്തായ വിജയവും, നേട്ടവും അല്ലാഹു അവിടുത്തേക്കു നല്‍കുകയും ചെയ്തു. അടുത്ത വചനങ്ങളില്‍ കഥയുടെ ബാക്കിഭാഗം വിവരിക്കുന്നു:-

18:25
  • وَلَبِثُوا۟ فِى كَهْفِهِمْ ثَلَٰثَ مِا۟ئَةٍ سِنِينَ وَٱزْدَادُوا۟ تِسْعًا ﴾٢٥﴿
  • അവര്‍ തങ്ങളുടെ ഗുഹയില്‍ മുന്നൂറ് കൊല്ലം താമസിച്ചു; ഒമ്പത് (കൊല്ലം) അവര്‍ കൂടുതലുമെടുത്തു.
  • وَلَبِثُوا അവര്‍ താമസിച്ചു فِي كَهْفِهِمْ അവരുടെ ഗുഹയില്‍ ثَلَاثَ مِائَةٍ മുന്നൂറു سِنِينَ കൊല്ലങ്ങള്‍ وَازْدَادُوا അവര്‍ അധികമെടുത്തു تِسْعًا ഒമ്പതു (കൊല്ലം)
18:26
  • قُلِ ٱللَّهُ أَعْلَمُ بِمَا لَبِثُوا۟ ۖ لَهُۥ غَيْبُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ۖ أَبْصِرْ بِهِۦ وَأَسْمِعْ ۚ مَا لَهُم مِّن دُونِهِۦ مِن وَلِىٍّ وَلَا يُشْرِكُ فِى حُكْمِهِۦٓ أَحَدًا ﴾٢٦﴿
  • (നബിയേ!) പറയുക: 'അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്; ആകാശങ്ങളിലെയും, ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്. അവനെത്ര (വലിയ) കാഴ്ച്ചയുള്ളവന്‍! എത്ര (വലിയ) കേള്‍വിയുള്ളവന്‍! അവനല്ലാതെ, അവര്‍ക്ക് (മനുഷ്യര്‍ക്ക്) ഒരു രക്ഷകനുമില്ല; അവന്റെ അധികാരത്തില്‍ ആരെയും അവന്‍ പങ്ക് ചേര്‍ക്കുകയുമില്ല.
  • قُلِ നീ പറയുക اللَّـهُ അല്ലാഹു أَعْلَمُ നല്ലവണ്ണം അറിയുന്നവനാണ് بِمَا لَبِثُوا അവര്‍ താമസിച്ചതിനെപ്പറ്റി لَهُ അവനാകുന്നു غَيْبُ السَّمَاوَاتِ ആകാശങ്ങളിലെ അദൃശ്യജ്ഞാനം وَالْأَرْضِ ഭൂമിയിലെയും أَبْصِرْ بِهِ അവനത്രെ കാഴ്ചയുള്ളവന്‍, (അവന്‍ വലിയ കാഴ്ചയുള്ളവന്‍) وَأَسْمِعْ എത്ര (വലിയ) കേള്‍വിയുള്ളവന്‍ مَا لَهُم അവര്‍ക്കില്ല مِّن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مِن وَلِيٍّ ഒരു രക്ഷകനും, ഒരു ബന്ധുവും, കൈകാര്യകര്‍ത്താവും وَلَا يُشْرِكُ അവന്‍ പങ്കു ചേര്‍ക്കുകയുമില്ല فِي حُكْمِهِ അവന്റെ അധികാരത്തില്‍, വിധിയില്‍, ഭരണത്തില്‍ أَحَدًا ഒരാളെയും ആരെയും

സൗരവര്‍ഷക്കണക്കനുസരിച്ചു 300 കൊല്ലവും, ചാന്ദ്രവര്‍ഷക്കണക്കനുസരിച്ചു 309 കൊല്ലവുമായിരുന്നു അവരുടെ ഗുഹാവാസക്കാലം. അതിനെ സൂചിപ്പിച്ചു കൊണ്ടാണ് ‘മുന്നൂറ്റി ഒമ്പതുകൊല്ലം’ എന്നു പറയാതെ, ആദ്യം ‘മൂന്നുറു കൊല്ലം താമസിച്ചു’ എന്നും, തുടര്‍ന്നുകൊണ്ടു ‘ഒമ്പതു കൊല്ലം കൂടുതലുമെടുത്തു’ എന്നും പ്രസ്താവിച്ചതെന്നു ‘മുഫസ്സിറു’കള്‍ (ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍) പറയുന്നു. ഖുര്‍ആന്‍ അവതരിക്കുമ്പോള്‍ ഇതു സംബന്ധിച്ചു ജനമദ്ധ്യേ നടന്നിരുന്ന ഭിന്നാഭിപ്രായങ്ങളില്‍, അവരുടെ ഗുഹാവാസകാലം 300 കൊല്ലമെന്നും, 309 കൊല്ലമെന്നും തര്‍ക്കമുണ്ടായിരുന്നു. അതുകൊണ്ടാണ് അതിന്റെ സൂക്ഷ്മമായ കണക്കു ഇപ്രകാരം വിവരിച്ചതെന്നും ചിലര്‍ പറയുന്നു. ഗണിതശാസ്ത്രവും, വാനശാസ്ത്രവും പഠിക്കാത്ത നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇത്തരം വിഷയങ്ങള്‍ പ്രസ്താവിക്കുന്നതുതന്നെ, അദ്ദേഹത്തിനു ‘വഹ്-യു’ മൂലമാണ് അറിവ് ലഭിക്കുന്നതെന്നുള്ളതിന്നു ദൃഷ്ടാന്തമാകുന്നു. ചാന്ദ്ര വര്‍ഷവും സൗരവര്‍ഷവും തമ്മില്‍ ഏകദേശം 11 ദിവസത്തെ ഏറ്റക്കുറവുണ്ടെന്നും, 100 സൗരവര്‍ഷത്തിനു 103 ചാന്ദ്രവര്‍ഷം വരുമെന്നും അറിയുവാന്‍ ശാസ്ത്രീയമായ അറിവു വേണമല്ലോ.

25-ാം വചനം ഗുഹാവാസികളുടെ വാസകാലം വ്യക്തമാക്കിയതല്ല – 22-ാം വചനത്തില്‍ ജനങ്ങള്‍ പറയുന്നതായി ഉദ്ധരിച്ച മൊഴികളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ് – എന്നും ചില വ്യാഖ്യാതാക്കള്‍ പറയുന്നു. اللَّـهُ أَعْلَمُ بِمَا لَبِثُوا (അവര്‍ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്, എന്നു പറഞ്ഞിട്ടുള്ളതു ഇതിനെ ബലപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു. അല്ലാഹുവിനറിയാം.

18:27
  • وَٱتْلُ مَآ أُوحِىَ إِلَيْكَ مِن كِتَابِ رَبِّكَ ۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلْتَحَدًا ﴾٢٧﴿
  • നിന്റെ രക്ഷിതാവിന്റെ വേദഗ്രന്ഥത്തില്‍ നിന്നു നിനക്കു 'വഹ്‌യു' (ബോധനം) നല്‍കപ്പെട്ടിരിക്കുന്നതു നീ പാരായണം ചെയ്തുകൊള്ളുക. അവന്റെ വചനങ്ങള്‍ക്കു ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല. അവനല്ലാതെ യാതൊരു രക്ഷാവലംബവും നിനക്കു (ഒരിക്കലും) കിട്ടുന്നതുമല്ല.
  • وَاتْلُ നീ പാരായണം ചെയ്യുക, ഓതുക مَا أُوحِيَ വഹ്‌യ് (ബോധനം) നല്‍കപ്പെട്ടത്‌ إِلَيْكَ നിനക്ക് مِن كِتَابِ വേദഗ്രന്ഥത്തില്‍ നിന്നു رَبِّكَ നിന്റെ രക്ഷിതാവിന്റെ لَا مُبَدِّلَ ഭേദഗതി വരുത്തുന്നവനില്ല, മാറ്റിമറിക്കുന്നവനില്ല لِكَلِمَاتِهِ അവന്റെ വചനങ്ങളെ وَلَن تَجِدَ നിനക്കു കിട്ടുന്നതേയല്ല, നീ കണ്ടെത്തുകയില്ല مِن دُونِهِ അവനല്ലാതെ, അവനെക്കൂടാതെ مُلْتَحَدًا ഒരു രക്ഷാവലംബം
18:28
  • وَٱصْبِرْ نَفْسَكَ مَعَ ٱلَّذِينَ يَدْعُونَ رَبَّهُم بِٱلْغَدَوٰةِ وَٱلْعَشِىِّ يُرِيدُونَ وَجْهَهُۥ ۖ وَلَا تَعْدُ عَيْنَاكَ عَنْهُمْ تُرِيدُ زِينَةَ ٱلْحَيَوٰةِ ٱلدُّنْيَا ۖ وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُۥ عَن ذِكْرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمْرُهُۥ فُرُطًا ﴾٢٨﴿
  • തങ്ങളുടെ റബ്ബിന്റെ മുഖത്തെ (പ്രീതിയെ) ഉദ്ദേശിച്ചുകൊണ്ട്‌ കാലത്തും, വൈകുന്നേരവും അവനെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തില്‍ നീ നിന്നെ സ്ഥിരപ്പെടുത്തുക; ഐഹിക ജീവിതത്തിന്റെ അലങ്കാരത്തെ ഉദ്ദേശിച്ച് അവരില്‍നിന്നു നിന്റെ ദൃഷ്ടികള്‍ വിട്ടുപോകരുത്. നമ്മുടെ ബോധാനത്തെ സംബന്ധിച്ചു നാം ആരുടെ ഹൃദയത്തെ ബോധരഹിതമാക്കുകയും, തന്റെ ഇച്ഛയെ അവന്‍ പിന്തുടരുകയും, തന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്തിരിക്കുന്നുവോ അവനെ, നീ അനുസരിക്കുകയും ചെയ്യരുത്.
  • وَاصْبِرْ നീ സ്ഥിരപ്പെടുത്തുക, ക്ഷമവരുത്തുക نَفْسَكَ നിന്നെ, നിന്റെ ആത്മാവിനെ, ദേഹത്തെ, മനസ്സിന്നു مَعَ الَّذِينَ യാതൊരു കൂട്ടരോടുകൂടെ يَدْعُونَ അവര്‍ പ്രാര്‍ത്ഥിക്കുന്നു رَبَّهُم അവരുടെ രക്ഷിതാവിനെ بِالْغَدَاةِ രാവിലെ وَالْعَشِيِّ വൈകുന്നേരവും يُرِيدُونَ (അവര്‍) ഉദ്ദേശിച്ചുകൊണ്ട് وَجْهَهُ അവന്റെ മുഖത്തെ (പ്രീതിയെ) وَلَا تَعْدُ വിട്ടുപോകരുത് عَيْنَاكَ നിന്റെ (രണ്ടു) കണ്ണുകള്‍, ദൃഷ്ടികള്‍ عَنْهُمْ അവരില്‍ നിന്നു تُرِيدُ നീ ഉദ്ദേശിച്ചുകൊണ്ട്‌ زِينَةَ അലങ്കാരത്തെ; ഭംഗിയെ الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തിന്റെ وَلَا تُطِعْ നീ അനുസരിക്കരുതു مَنْ യാതൊരുവനെ أَغْفَلْنَا നാം ബോധരഹിതമാക്കി (അശ്രദ്ധമാക്കി) യിരിക്കുന്നു قَلْبَهُ അവന്റെ ഹൃദയത്തെ عَن ذِكْرِنَا നമ്മുടെ ബോധനത്തെ സംബന്ധിച്ചു, സ്മരണയെക്കുറിച്ച് وَاتَّبَعَ അവന്‍ പിന്‍പറ്റുകയും ചെയ്തു هَوَاهُ അവന്റെ ഇച്ഛയെ, തന്നിഷ്ടത്തെ وَكَانَ ആകുകയും ചെയ്തു أَمْرُهُ അവന്റെ കാര്യം فُرُطًا അതിരു കവിഞ്ഞതു, അതിരു വിട്ടത്

ആരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ, അല്ലാഹുവില്‍ നിന്നു ബോധനം നല്‍കപ്പെടുന്ന ഈ ഗ്രന്ഥം പാരായണം ചെയ്‌വാനും, സധൈര്യം പ്രബോധനം നടത്തുവാനും അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്നു. അവന്റെ കല്‍പനകളെയും നിയമനിര്‍ദ്ദേശങ്ങളെയും മാറ്റിമറിക്കുവാനോ, അതില്‍ ഭേദഗതി കൊണ്ടുവരുവാനോ ആര്‍ക്കും സാദ്ധ്യമല്ല; അതു അനുസരിക്കുന്നതിലല്ലാതെ ആര്‍ക്കും രക്ഷയുമില്ല എന്നു ഉണര്‍ത്തുകയും ചെയ്യുന്നു.

സത്യത്തില്‍ വിശ്വസിക്കാതെ തന്നിഷ്ടമനുസരിച്ച് ജീവിക്കുകയും, അല്ലാഹുവോടു ഭയഭക്തിയില്ലാതെ അക്രമവും അനീതിയും കൈക്കൊള്ളുകയും ചെയ്തുകൊണ്ടു – ഐഹികജീവിതത്തിന്റെ അലങ്കാരത്തെ ലക്ഷ്യമാക്കി – കഴിഞ്ഞുകൂടുന്നവരുടെ സേവയും സന്തോഷവും വകവെക്കേണ്ടതില്ല. നേരെ മറിച്ച് അല്ലാഹുവില്‍ വിശ്വസിച്ച് ഭയഭക്തരായി കഴിഞ്ഞുകൂടുന്ന ജനങ്ങള്‍ – അവര്‍ എത്രതന്നെ ദുര്‍ബ്ബലരും സാധുക്കളുമായിരുന്നുകൊള്ളട്ടെ – അവരോടുകൂടിയാണ് സഹവാസവും, കൂട്ടുകെട്ടും വേണ്ടത്. ഇങ്ങിനെയുള്ളവര്‍ തല്‍ക്കാലം നന്നേ കുറച്ചേയുള്ളൂ, അവര്‍ അശരണരാണ്, അവര്‍ക്കു വലിയ പ്രതാപമൊന്നുമില്ല എന്നിരുന്നാലും അവര്‍ സത്യപ്രബോധനത്തിനുള്ള ബീജങ്ങളാകുന്നു. അടുത്ത ഭാവിയില്‍തന്നെ ധാരാളം ഉന്നത ഫലങ്ങള്‍ നല്‍കുന്ന കൂറ്റന്‍ വൃക്ഷങ്ങളായി അവര്‍ വളരുന്നതായിരിക്കും. അവരെപ്പറ്റിയാണ് മനസ്സു വെക്കേണ്ടത്. നിഷേധബുദ്ധിയും, മര്‍ക്കടമുഷ്ടിയും ഉള്ളവരെ സംബന്ധിച്ചിടത്തോളം – വേണമെങ്കില്‍ അവര്‍ വിശ്വസിച്ചുകൊള്ളട്ടെ, അല്ലെങ്കില്‍ അവിശ്വസിച്ചുകൊള്ളട്ടെ – അതിന്റെ ഫലം അവര്‍ അനുഭവിച്ചുകൊള്ളുന്നതാണ്. അവരുടെ കാര്യത്തില്‍ മനഃസ്താപം വേണ്ടതില്ല എന്നിങ്ങനെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉപദേശിക്കുകയാണ്. ഈ സംഗതി അടുത്ത ആയത്തില്‍ കുറേക്കൂടി വ്യക്തമാക്കുന്നു:

18:29
  • وَقُلِ ٱلْحَقُّ مِن رَّبِّكُمْ ۖ فَمَن شَآءَ فَلْيُؤْمِن وَمَن شَآءَ فَلْيَكْفُرْ ۚ إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا ﴾٢٩﴿
  • നീ പറയുക: '(ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു; അതുകൊണ്ടു വേണ്ടുന്നവര്‍ വിശ്വസിച്ചു കൊള്ളട്ടെ; വേണ്ടുന്നവര്‍ അവിശ്വസിച്ചും കൊള്ളട്ടെ!' നിശ്ചയമായും അക്രമികള്‍ക്കു നാം ഒരു അഗ്നി [നരകം] ഒരുക്കിവെച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം, ലോഹദ്രാവകം പോലെയുള്ള ഒരു (തരം) വെള്ളംകൊണ്ടു അവര്‍ക്കു രക്ഷ നല്‍കപ്പെടും; അതു (അവരുടെ) മുഖങ്ങളെ ചുട്ടെരിച്ചു കളയുന്നതാകുന്നു. എത്ര ചീത്ത പാനീയം! അതു (നരകം) എത്ര ദുഷിച്ച വിശ്രമസ്ഥലവും!!
  • وَقُلِ പറയുക الْحَقُّ സത്യം, യഥാര്‍ത്ഥം, (ഈ പറയുന്ന സത്യം) مِن رَّبِّكُمْ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു فَمَن അതുകൊണ്ട് ആരെങ്കിലും شَاءَ വേണമെന്നുവെച്ചാല്‍, ഉദ്ദേശിച്ചാല്‍ فَلْيُؤْمِن (എന്നാല്‍) അവന്‍ വിശ്വസിച്ചുകൊള്ളട്ടെ وَمَن شَاءَ ആര്‍ക്കെങ്കിലും വേണമെന്നുണ്ടെങ്കില്‍ فَلْيَكْفُرْ അവര്‍ അവിശ്വസിച്ചുകൊള്ളട്ടെ إِنَّا നിശ്ചയമായും നാം أَعْتَدْنَا നാം ഒരുക്കിവെച്ചിരിക്കുന്നു لِلظَّالِمِينَ അക്രമികള്‍ക്ക് نَارًا ഒരു അഗ്നി (നരകം) أَحَاطَ വലയം ചെയ്യുന്നതാണ് بِهِمْ അവരെ سُرَادِقُهَا അതിന്റെ പുറമൂടി (പുകപടലമാകുന്ന) വിരി وَإِن يَسْتَغِيثُوا അവര്‍ വെള്ളത്തിനു അപേക്ഷിച്ചാല്‍, മുറവിളി കൂട്ടിയാല്‍ يُغَاثُوا അവര്‍ക്കു രക്ഷ (സഹായം) നല്‍കപ്പെടും بِمَاءٍ ഒരു (തരം) വെള്ളം കൊണ്ടു كَالْمُهْلِ (ചെമ്പു മുതലായവ ഉരുക്കിയ) ലോഹദ്രാവകം പോലെയുള്ള, എണ്ണക്കീടം പോലെയുള്ള يَشْوِي അതു ചുട്ടെരിക്കും الْوُجُوهَ മുഖങ്ങളെ بِئْسَ എത്ര (വളരെ) ചീത്തയാണ്‌ الشَّرَابُ (ആ) പാനീയം وَسَاءَتْ അതു (നരകം) എത്ര ദുഷിച്ചതുമാണ് مُرْتَفَقًا വിശ്രമസ്ഥലം

സത്യം ഇതാ തുറന്നുവെച്ചിരിക്കുന്നു. അതു വിശ്വസിക്കുവാനും സ്വീകരിക്കുവാനും തയ്യാറുള്ളവര്‍ അങ്ങിനെ ചെയ്തുകൊള്ളട്ടെ. ആരെയും നിര്‍ബ്ബന്ധിക്കുന്നില്ല. അതു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോ മറ്റോ കെട്ടിച്ചമച്ചുണ്ടാക്കിയതല്ല – ജനങ്ങളുടെ രക്ഷിതാവായ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്. പക്ഷേ ഒരു കാര്യം! വിശ്വസിക്കാത്ത അക്രമികള്‍ക്ക് അതികഠോരമായ നരകശിക്ഷയാണ് അനുഭവപ്പെടുക. അതിന്റെ ഭയങ്കരതക്കു ഒരൊറ്റ ഉദാഹരണം മതിയാകും: ദാഹം സഹിക്കവയ്യാതെ നരകവാസികള്‍ വെള്ളത്തിനു മുറവിളി കൂട്ടുമ്പോള്‍ നല്‍കപ്പെടുന്ന ആ വെള്ളം! ദാഹാധിക്യം നിമിത്തം അത് അവരങ്ങു കുടിച്ചുപോകും; അതോടൊപ്പം അവരുടെ മുഖമാസകലം വെന്തുരുകിപ്പോകും! ഓടി രക്ഷപ്പെടുവാനും മാര്‍ഗ്ഗമില്ല. അഗ്നിജ്വാലയും, അതിന്റെ കരിമ്പുകയുമാകുന്ന വിരികള്‍ നാനാഭാഗത്തുനിന്നും അവരെ വലയം ചെയ്തു കൊണ്ടിരിക്കുകയും ചെയ്യും. വിശ്വസിക്കുന്നവരുടെ സ്ഥിതിയാകട്ടെ, അത് താഴെ പറയുന്ന പ്രകാരമായിരിക്കും:-

18:30
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا ﴾٣٠﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ.
  • إِنَّ നിശ്ചയമായും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ إِنَّا നിശ്ചയമായും നാം لَا نُضِيعُ നാം പാഴാക്കുന്നതല്ല أَجْرَ مَنْ ഒരുവന്റെ (ഒരു കൂട്ടരുടെ) പ്രതിഫലം أَحْسَنَ അവന്‍ നന്നാക്കി عَمَلًا പ്രവര്‍ത്തനം, കര്‍മ്മം
18:31
  • أُو۟لَٰٓئِكَ لَهُمْ جَنَّٰتُ عَدْنٍ تَجْرِى مِن تَحْتِهِمُ ٱلْأَنْهَٰرُ يُحَلَّوْنَ فِيهَا مِنْ أَسَاوِرَ مِن ذَهَبٍ وَيَلْبَسُونَ ثِيَابًا خُضْرًا مِّن سُندُسٍ وَإِسْتَبْرَقٍ مُّتَّكِـِٔينَ فِيهَا عَلَى ٱلْأَرَآئِكِ ۚ نِعْمَ ٱلثَّوَابُ وَحَسُنَتْ مُرْتَفَقًا ﴾٣١﴿
  • അക്കൂട്ടരോ, അവരുടെ താഴ്ഭാഗത്തുകൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്നതായ അധിവാസത്തിന്റെ ആരാമങ്ങള്‍ [സ്വര്‍ഗ്ഗങ്ങള്‍] അവര്‍ക്കാണുള്ളത്; അവര്‍ക്ക് അവിടെ സ്വര്‍ണ്ണം കൊണ്ടുള്ള വളകള്‍ അണിയിക്കപ്പെടും; മിനുസപ്പെട്ടത്തില്‍ നിന്നും, പരുത്ത പട്ടില്‍നിന്നുമുള്ള പച്ച വസ്ത്രങ്ങള്‍ അവര്‍ ധരിക്കുകയും ചെയ്യും; (അവര്‍) അവിടെ അലംകൃത കട്ടിലുകളില്‍ ചാരിയിരുന്നു (സുഖിച്ചു) കൊണ്ടിരിക്കുന്ന നിലയിലായിരിക്കും.
    (ആ) പ്രതിഫലമത്രെ വിശിഷ്ടമായതു! അതു വളരെ നല്ല വിശ്രമസ്ഥലവും!
  • أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ അവര്‍ക്കാണ്, അവര്‍ക്കുണ്ട് جَنَّاتُ عَدْنٍ അധിവാസത്തിന്റെ (നിത്യവാസത്തിന്റെ) സ്വര്‍ഗ്ഗങ്ങള്‍ تَجْرِي ഒഴുകും, സഞ്ചരിക്കും, നടക്കും مِن تَحْتِهِمُ അവരുടെ താഴ്ഭാഗത്തു കൂടി الْأَنْهَارُ നദികള്‍, ആറുകള്‍, അരുവികള്‍ يُحَلَّوْنَ അവര്‍ക്ക് അണിയിക്കപ്പെടും فِيهَا അതില്‍, അവിടത്തില്‍ مِنْ أَسَاوِرَ വള (കൈവള)കളില്‍ നിന്ന്, കങ്കണങ്ങളില്‍ നിന്ന് مِن ذَهَبٍ സ്വര്‍ണ്ണം കൊണ്ടുള്ള وَيَلْبَسُونَ അവര്‍ ധരിക്കുകയും ചെയ്യും ثِيَابًا വസ്ത്രങ്ങളെ خُضْرًا പച്ചയായ مِّن سُندُسٍ മിനുസപ്പട്ടു (നേരിയപട്ടു) കൊണ്ടുള്ള وَإِسْتَبْرَقٍ പരുത്ത (കട്ടിയുള്ള) പട്ടും مُّتَّكِئِينَ ചാരിയിരുന്നു (സുഖിച്ചു) കൊണ്ട് فِيهَا അതില്‍, അവിടത്തില്‍ عَلَى الْأَرَائِكِ പര്യങ്കങ്ങളില്‍, അലംകൃത കട്ടിലുകളില്‍ نِعْمَ എത്ര (വളരെ) വിശിഷ്ടം الثَّوَابُ (ആ) പ്രതിഫലം وَحَسُنَتْ അതു വളരെ നല്ലതും مُرْتَفَقًا വിശ്രമസ്ഥലം

സ്വര്‍ഗ്ഗീയവസ്തുക്കള്‍ ഏതും തന്നെ, നമുക്കു പരിചയമുള്ള ഭൗതികവസ്തുക്കളെപ്പോലെ ആയിരിക്കുകയില്ല. വാസ്തവത്തില്‍, സ്വര്‍ഗ്ഗീയ വസ്തുക്കള്‍ക്കു തികച്ചും യോജിക്കുന്ന പേരുകള്‍ നമ്മുടെ ഭാഷകളിലും, വാക്കുകളിലും ഇല്ലാത്തതിനാല്‍, നമുക്കു പരിചയമുള്ള പേരുകള്‍ മൂലം നമ്മെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് നരകവസ്തുക്കളുടെയും നില. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇപ്രകാരം പറയുന്നു: ‘സ്വര്‍ഗ്ഗത്തിലെ ഒരു ചമ്മട്ടി വെക്കുന്നത്ര സ്ഥലം ഇഹത്തെക്കാലും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു.’

(مَوْضِعُ سَوْطٍ فِي الْجَنَّةِ خَيْرٌ مِنَ الدُّنْيَا وَمَا فِيهَا:- متفق عليه)