സൂറത്തുല്‍ കഹ്ഫ് : 01-17
കഹ്ഫ് (ഗുഹ)
മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 110 – വിഭാഗം (റുകുഅ്) 12
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
വിഭാഗം - 1
‘കഹ്ഫ്’ എന്നാല്‍ ഗുഹ എന്നര്‍ത്ഥം. 9 മുതല്‍ 26 കൂടിയുള്ള വചനങ്ങളില്‍ ഗുഹയില്‍ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ചു വിവരിക്കുന്നു. ഈ അദ്ധ്യായത്തിന് ‘സൂറത്തുല്‍ കഹ്ഫ്’ എന്ന് പേര്‍ ലഭിക്കാന്‍ കാരണമതാണ്. ‘ആരെങ്കിലും സൂറത്തുല്‍ കഹ്ഫിന്റെ ആദ്യത്തില്‍ നിന്നു പത്തു വചനങ്ങള്‍ പഠിച്ചാല്‍ അവന്‍ ദജ്ജാലില്‍ നിന്നു രക്ഷിക്കപ്പെടുന്നതാണ്’ എന്നു അബൂദാവൂദ്, നസാഈ, തിര്‍മദീ (رحمة الله عليهم) എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിരിക്കുന്നു. മുസ്‌ലിമും, നസാഈയും (رحمة الله عليهما) ഉദ്ധരിച്ച വേറൊരു ഹദീസില്‍ ‘അല്‍കഹ്ഫില്‍ നിന്നുള്ള പത്തു ആയത്തുകള്‍ ഓതിയാല്‍’ എന്നാണുള്ളത്. ‘ജുമുഅഃ ദിവസം (വെള്ളിയാഴ്ച്ച) സൂറത്തുല്‍ കഹ്ഫ് ഓതുന്നവനു അവന്റെയും രണ്ടു ജുമുഅയുടെയും ഇടയിലുള്ള കാലം പ്രകാശത്താല്‍ പ്രശോഭിതമായിരിക്കുന്നതാണ്.’ എന്നു ഹാകിം, ബൈഹഖീ (رحمة الله عليهما) എന്നിവര്‍ ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലും വന്നിട്ടുണ്ട്. പഠിക്കുന്നതു അര്‍ത്ഥസാരം ഗ്രഹിച്ചുകൊണ്ടും, ഓതുന്നതു അര്‍ത്ഥവും ആശയവും ഓര്‍ത്തുകൊണ്ടും ആയിരിക്കേണമെന്നു പ്രത്യേകം പറയേണ്ടതില്ല.
والتوفيق من الله
- ٱلْحَمْدُ لِلَّهِ ٱلَّذِىٓ أَنزَلَ عَلَىٰ عَبْدِهِ ٱلْكِتَٰبَ وَلَمْ يَجْعَل لَّهُۥ عِوَجَا ۜ ﴾١﴿
- അല്ലാഹുവിന് സര്‍വ്വസ്തുതിയും! - തന്റെ അടിയാന്റെ മേല്‍ വേദഗ്രന്ഥം - അതിനു യാതൊരു വക്രതയും ഉണ്ടാക്കാത്ത [വരുത്താത്ത]നിലയില്‍ അവതരിപ്പിച്ചവനത്രെ (അവന്‍).
- الْحَمْدُ സ്തുതി (സര്‍വ്വസ്തുതിയും) لِلَّـهِ അല്ലാഹുവിനാണ് الَّذِي أَنزَلَ അവതരിപ്പിച്ചവന്‍ عَلَىٰ عبْدِهِ തന്റെ അടിയാന്റെ മേല്‍ الْكِتَابَ ഗ്രന്ഥം (വേദഗ്രന്ഥം) وَلَمْ يجْعَل ആക്കിയിട്ടുമില്ല (വരുത്തീട്ടുമില്ല) لَّهُ അതിനു് عِوجًا വളവ്, വക്രത
- قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا حَسَنًا ﴾٢﴿
- അതായത്: ചൊവ്വായനിലയില്‍ (ആക്കിയിരിക്കുന്നു); അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് (പൊതുവില്‍) താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാനും വേണ്ടിയാകുന്നു (അതവതരിപ്പിച്ചതു);
- قَيِّمًا ചൊവ്വായ നിലയില്‍ لِّيُنذِرَ താക്കീതു ചെയ്വാനായി, മുന്നറിയിപ്പു നല്‍കാനായി بَأْسًا ശിക്ഷയെ (ക്കുറിച്ച്) شَدِيدًا കഠിനമായ مِّن لَّدُنْهُ അവന്റെ പക്കല്‍നിന്നുള്ള وَيُبَشِّرَ സന്തോഷവാര്‍ത്ത (സുവിശേഷം) അറിയിക്കുവാനും الْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക് الَّذِينَ يَعْمَلُونَ പ്രവര്‍ത്തിക്കുന്നവരായ الصَّالِحَاتِ സല്ക്കര്‍മ്മങ്ങളെ أَنَّ لَهُمْ അവര്‍ക്കു ഉണ്ട് എന്ന് أَجْرًا പ്രതിഫലം حَسَنًا നല്ലതായ.
- مَّٰكِثِينَ فِيهِ أَبَدًا ﴾٣﴿
- അവര്‍ അതില്‍ [പ്രതിഫലത്തില്‍] എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയില്‍.
- مَّاكِثِينَ താമസിച്ചുകൊണ്ട്, കഴിഞ്ഞുകൂടിക്കൊണ്ട് فِيهِ അതില്‍ أَبَدًا എന്നെന്നും.
- وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ﴾٤﴿
- അല്ലാഹു സന്താനം സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നവരെ (പ്രത്യേകം) താക്കീതു ചെയ്യാന്‍ വേണ്ടിയുമാകുന്നു (അവതരിപിച്ചതു).
- وَيُنذِرَ താക്കീതു ചെയ്‌വാനും الَّذِينَ قَالُوا പറഞ്ഞവരെ, പറയുന്നവരെ اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (-എന്ന്) وَلَدًا സന്താനത്തെ.
- مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِءَابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴾٥﴿
- അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ, അതിനെക്കുറിച്ച് യാതൊരു അറിവുമില്ല.
അവരുടെ വായകളില്‍ നിന്നു പുറത്തുവരുന്ന (ആ) വാക്കു വമ്പിച്ചതു തന്നെ!
അവര്‍ കളവല്ലാതെ പറയുന്നില്ല. - مَّا لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി مِنْ عِلْمٍ യാതൊരു അറിവും وَلَا لِآبَائِهِمْ അവരുടെ പിതാക്കള്‍ക്കുമില്ല كَبُرَتْ വമ്പിച്ചതായിപ്പോയി, എത്ര വലിയതാണ് كَلِمَةً (ആ-) ഒരു വാക്ക് تَخْرُجُ പുറത്തുവരുന്ന مِنْ أَفْوَاهِهِمْ അവരുടെ വായകളില്‍നിന്ന് إِن يَقُولُونَ അവര്‍ പറയുന്നില്ല إِلَّا كَذِبًا കളവല്ലാതെ, വ്യാജമല്ലാതെ.
- فَلَعَلَّكَ بَٰخِعٌ نَّفْسَكَ عَلَىٰٓ ءَاثَٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَٰذَا ٱلْحَدِيثِ أَسَفًا ﴾٦﴿
- ഈ വിഷയത്തില്‍ [ക്വുര്‍ആനില്‍] അവര്‍ വിശ്വസിക്കാതിരിക്കുന്ന പക്ഷം, നീ അവരുടെ പിന്നാലെ ദുഃഖിച്ച് നിന്റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം!
- فَلَعَلَّكَ (എന്നാല്‍-) നീ ആയേക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍, നശിപ്പിക്കുന്നവന്‍ نَّفْسَكَ നിന്റെ ആത്മാവിനെ, നിന്നെ തന്നെ عَلَىٰ آثَارِهِمْ അവരുടെ പിന്നാലെ (അവരുടെ പ്രവര്‍ത്തന ഫലമായി) إِن لَّمْ يُؤْمِنُوا അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിശ്വസിക്കാതിരിക്കുന്നപക്ഷം بِهَـٰذَا الْحَدِيثِ ഈ വിഷയത്തില്‍ أَسَفًا ദുഃഖത്താല്‍, വ്യസനത്താല്‍.
സത്യവചനങ്ങള്‍ വക്രമോ, അവ്യക്തമോ ആയിരിക്കുകയില്ല. ഒരു കാര്യത്തിന്റെ സത്യതക്കുള്ള സാര്‍വ്വത്രികമായ ഭാഷാപ്രയോഗം, കെട്ടിക്കുടുക്കും വക്രതയുമില്ലാതെ, ചൊവ്വായതും, വ്യക്തമായതുമായിരിക്കും. ക്വുര്‍ആന്റെ വാക്കുകളിലാകട്ടെ, ഉദ്ദേശ്യങ്ങളിലാകട്ടെ, തത്വങ്ങളിലാകട്ടെ, യാതൊരുവിധ വക്രതയുമില്ല; വചനങ്ങളില്‍ വെച്ചു ഏറ്റവും നേരായ വചനം അതാകുന്നു എന്നിങ്ങിനെ അല്ലാഹു ക്വുര്‍ആനെ വര്‍ണ്ണിക്കുന്നു. മാനുഷലോകത്തിന്റെ ഐഹികവും, പാരത്രികവുമായ സൌഭാഗ്യങ്ങള്‍ക്കു നിദാനമായ ആ പരിശുദ്ധ ഗ്രന്ഥം നബി മുസ്തഫാ صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനിയുടെമേല്‍ അവതരിപ്പിച്ചതിന്റെ പേരില്‍ അവന്‍ അവനെത്തന്നെ സ്തുതിക്കുകയും ചെയ്യുന്നു.
തുടര്‍ന്നുകൊണ്ട് ക്വുര്‍ആന്റെ അവതരണോദ്ദേശ്യം ചൂണ്ടിക്കാട്ടുന്നു. സത്യവിശ്വാസം കൈക്കൊള്ളുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്താലുണ്ടാകുന്ന സല്‍ഫലങ്ങളെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക (تَبْشِير) നിഷേധവും, അവിശ്വാസവും കൈക്കൊണ്ട് ദുഷ്ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ദുഷ്ഫലങ്ങളെപ്പറ്റി താക്കീതു നല്‍കുക (انذار) എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്, എക്കാലത്തും ദിവ്യസന്ദേശങ്ങള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആനും അതേ ആവശ്യാര്‍ത്ഥം അവതരിപിച്ചതാകുന്നു.
ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ പ്രായേണ ക്വുര്‍ആന്‍ പ്രാധാന്യം നല്‍കിക്കാണുന്നതു താക്കീതിനാകുന്നു. അജ്ഞതയിലും, തോന്നിയവാസത്തിലും മുഴുകിക്കിടക്കുന്ന ജനങ്ങളെ അതില്‍ നിന്നു വിമുക്തരാക്കി സത്യപാതയിലേക്കു കൊണ്ടുവരുന്നതിനു ഒന്നാമതായി വേണ്ടതു അവര്‍ സ്വീകരിച്ചുവരുന്ന മാര്‍ഗ്ഗത്തിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് അവര്‍ക്കു മുന്നറിയിപ്പു നല്‍കുകയാണല്ലോ. അതുകൊണ്ടാണ് പലപ്പോഴും നബിമാരെപ്പറ്റി ‘താക്കീതു നല്‍കുന്നവന്‍’ (نَذِير) എന്നു ക്വുര്‍ആനില്‍ പ്രയോഗിച്ചു കാണുന്നത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തില്‍ قُمْ فَأَنذِرْ – المدثر (എഴുന്നേറ്റു താക്കീതു ചെയ്യുക!) എന്നും وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ – الشعراء-٢١٤ (നിന്റെ അടുത്ത ബന്ധുക്കള്‍ക്കു താക്കീതു ചെയ്യുക!) എന്നും അല്ലാഹു കല്‍പിക്കുന്നു. നരകവാസികളോട് മലക്കുകള്‍ ഇപ്രകാരം ചോദിക്കുന്നതാണ്: أَلَمْ يَأْتِكُمْ نَذِيرٌ – الملك-٨ (നിങ്ങള്‍ക്കു താക്കീതുകാരന്‍ വന്നിരുന്നില്ലേ?!) ഇതെല്ലാം ഈ അടിസ്ഥാനത്തിലാകുന്നു.
താക്കീതു നല്‍കുന്നതിന് സ്വാഭാവികമായുള്ള ഈ സ്ഥാനം ഇവിടെയും വീക്ഷിക്കപ്പെട്ടിരിക്കുന്നു. ക്വുര്‍ആന്‍ അവതരിപ്പിച്ചതിന്റെ രണ്ടു ഉദ്ദേശ്യങ്ങളും എടുത്തുപറഞ്ഞപ്പോള്‍, ‘ശിക്ഷയെക്കുറിച്ച് താക്കീതു ചെയ്‌വാന്‍’ (لِّيُنذِرَ بَأْسًا) എന്നാണ് ആദ്യം പറഞ്ഞത്. പൊതുവിലുള്ള താക്കീതിനുശേഷം, അല്ലാഹുവിനു മക്കളുണ്ടെന്നു പറയുന്നവര്‍ക്ക് പ്രത്യേകം ഒരു താക്കീതും ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. സന്തോഷവാര്‍ത്തകള്‍ ശ്രദ്ധിക്കാതിരിക്കുന്നതിനേക്കാള്‍ ആപല്‍ക്കരം, താക്കീതുകള്‍ വിലവെക്കാതിരിക്കുന്നതാണ്.
മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നു മുശ്രിക്കുകളും, ഉസൈര്‍ (عزير) ദൈവപുത്രനാണെന്നു ജൂതന്‍മാരും, യേശുക്രിസ്തു (عيسى – عليه الصلاة والسلام) ദൈവപുത്രനാണെന്നു ക്രിസ്ത്യാനികളും പറയുന്നു. നിന്ദ്യവും നികൃഷ്ടവുമായ ഇത്തരം കളവു അല്ലാഹുവിന്റെ പേരില്‍ കെട്ടിപ്പറയുന്നവരെ പ്രത്യേകം താക്കീതു ചെയ്യുകയെന്നതു, ക്വുര്‍ആന്‍ അവതരിപ്പിച്ചതിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണെന്നു അല്ലാഹു പ്രസ്താവിക്കുന്നു. സൃഷ്ടികളുമായി യാതൊരുവിധ സാദൃശ്യവും സങ്കല്‍പിക്കപ്പെടാവതല്ലാത്തവണ്ണം എത്രയോ ഉല്‍കൃഷ്ടനും പരിശുദ്ധനുമത്രെ അവന്‍. പ്രപഞ്ചകര്‍ത്താവായ അവന്റെ പേരില്‍ ഇത്തരം അപവാദങ്ങള്‍ പറഞ്ഞേക്കുവാന്‍ ധൈര്യപ്പെടുന്നതു എത്രമാത്രം ഭയങ്കരമാണ്! യുക്തിക്കും ലക്ഷ്യത്തിനും നിരക്കാത്ത ആ വാദം മനുഷ്യനെ അങ്ങേയറ്റം വഴിപിഴപ്പിക്കുന്നതുമാകുന്നു. സത്യത്തിന്റെ കണികപോലും അതിലില്ല; വെറും പരമ്പരാഗതമായ ജല്‍പനങ്ങള്‍ മാത്രം. അതുകൊണ്ടാണ് ഇക്കൂട്ടരെപ്പറ്റി ക്വുര്‍ആന്‍ ശക്തിയായ ഭാഷയില്‍ പലപ്പോഴും ആക്ഷേപിച്ചു പറയുന്നത്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രവാചകത്വം മുതല്‍ ഹിജ്രവരെയുള്ള കാലഘട്ടത്തിനു മക്കീകാലഘട്ടം (العهد المكي) എന്നും അതിനുശേഷമുള്ളതിനു മദനീകാലഘട്ടം (العهد المدني) എന്നും പറയുന്നു. മക്കീകാലഘട്ടത്തിന്റെ അവസാനത്തില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ സൂറത്ത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും മൂര്‍ദ്ധന്ന്യത്തിലെത്തിയ ഒരു കാലമായിരുന്നു അത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അവസ്ഥയാകട്ടെ, നേരെ മറിച്ചും. അപാരമായ വ്യസനത്താല്‍ അവിടുത്തെ ഹൃദയം തിങ്ങിവിങ്ങിക്കൊണ്ടിരിക്കുകയാണ്. കോരിക്കൊടുത്തിട്ടെങ്കിലും സ്വജനങ്ങളില്‍ സന്മാര്‍ഗ്ഗബോധം ഉണ്ടാക്കുവാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടായിരുന്നെങ്കില്‍, അതിനുപോലും അവിടുന്നു തയ്യാറാകുമായിരുന്നു. സുവ്യക്തവും, അനിഷേധ്യവുമായ തെളിവുകള്‍പോലും ജനങ്ങള്‍ കണ്ണടച്ച് തള്ളിക്കളയുന്നതുകണ്ട് സഹിക്കവയ്യാതെ അവിടുത്തെ ഹൃദയം വെന്തുനീറുകയാണ്.
ജനങ്ങളില്‍ സത്യബോധവും, സന്മാര്‍ഗ്ഗനിഷ്ഠയും ഉണ്ടാക്കിക്കാണുകയെന്നത്, പ്രവാചകന്‍മാരെ സംബന്ധിച്ചിടത്തോളം, കേവലം തങ്ങള്‍ക്കു സാധിച്ചുകിട്ടേണ്ടുന്ന ഒരു കാര്യം മാത്രമല്ല; അത് അവരുടെ അതിരുകവിഞ്ഞ ഒരു ആഗ്രഹം കൂടിയാണ്. മനുഷ്യരുടെ ദുര്‍മ്മാര്‍ഗ്ഗവാസന അവരുടെ ഹൃദയങ്ങള്‍ക്ക് മാറാവ്രണമാണ്. അവര്‍ സന്മാര്‍ഗ്ഗികളായിത്തീരണമെന്ന അതിരു കവിഞ്ഞ ആഗ്രഹം അവരുടെ ഹൃദയത്തെ അധീനമാക്കുന്നു. ഒരാള്‍ സത്യത്തില്‍ നിന്ന് മുഖം തിരിക്കുന്നതിനേക്കാള്‍ കവിഞ്ഞ ഒരു മനോവ്യഥ അവര്‍ക്കു ഉണ്ടാകുവാനില്ല. ഒരാള്‍ സന്മാര്‍ഗ്ഗബോധമുള്ളവനായിക്കാണുന്നതിലധികം ആഹ്ളാദകരമായ ഒരു കാര്യവും അവര്‍ക്കില്ല. സൂറത്തു-ത്തൗബഃയില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റി അല്ലാഹു ഇങ്ങിനെ പറയുന്നു: عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ – التوبة:١٢٨ (നിങ്ങള്‍ വിഷമിക്കുന്നതു അദ്ദേഹത്തിന്നു അസഹ്യമാണ്, നിങ്ങളുടെ കാര്യത്തില്‍ അത്യാഗ്രഹിയാണ്, സത്യവിശ്വാസികളെ സംബന്ധിച്ച് കൃപയുള്ളവനും, കരുണയുള്ളവനുമാണ്.).
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ ഈ സ്ഥിതിവിശേഷത്തിനു ക്വുര്‍ആനില്‍ പലേടത്തും സാക്ഷ്യങ്ങള്‍ കാണാം. 6-ാം വചനത്തില്‍ നാം കണ്ടതും ഇതിലേക്കുള്ള സൂചനയാകുന്നു. ആയത്തിന്റെ താല്‍പര്യം ഇപ്രകാരമാകുന്നു: നബിയെ! ജനങ്ങളുടെ ദുര്‍മാര്‍ഗ്ഗവാസനയും, ധിക്കാരമനസ്ഥിതിയും കാരണമായി, ഈ ക്വുര്‍ആനില്‍ അവര്‍ വിശ്വസിക്കാത്തതിലുള്ള വ്യസനാധിക്യത്താല്‍ പിന്‍തിരിഞ്ഞുപോകുന്ന അവരുടെ പ്രവര്‍ത്തന ഫലങ്ങള്‍ ഓര്‍ത്തു ജീവനാശം പോലും വരുത്തുന്നതിനു താന്‍ മുതിരുകയാണെങ്കില്‍, അതില്‍ അല്‍ഭുതമില്ല; അത്രയ്ക്കും വലുതാണ്. തന്റെ ആഗ്രഹം; പക്ഷെ, ദുര്‍മ്മാര്‍ഗ്ഗത്തില്‍ അടിയുറച്ചു കഴിഞ്ഞവര്‍, അതില്‍ നിന്നു മടങ്ങുക പ്രയാസമാണ്; അവരെക്കുറിച്ചു താന്‍ ദുഃഖിച്ചിരിക്കേണ്ടതില്ല; തന്റെ ദൗത്യം നിര്‍വ്വഹിച്ചാല്‍ മതിയാകും’ فَإِنَّمَا عَلَيْكَ الْبَلَاغُ وَعَلَيْنَا الْحِسَابُ : الرعد:٤٠ (പ്രബോധനം മാത്രമേ നിനക്കു കടമയുള്ളു, വിചാരണ നമ്മുടെ ബാദ്ധ്യതയാണ്.).
- إِنَّا جَعَلْنَا مَا عَلَى ٱلْأَرْضِ زِينَةً لَّهَا لِنَبْلُوَهُمْ أَيُّهُمْ أَحْسَنُ عَمَلًا ﴾٧﴿
- നിശ്ചയമായും, ഭൂമുഖത്തുള്ളതിനെ നാം അതിനെ അലങ്കാരമാക്കിയിരിക്കുന്നു, അവരില്‍ [മനുഷ്യരില്‍] ആരാണ് കൂടുതല്‍ കര്‍മ്മം നല്ലവരെന്നു പരീക്ഷിക്കുവാന്‍ വേണ്ടി.
- إِنَّا നിശ്ചയമായും നാം جَعَلْنَا നാം ആക്കിയിരിക്കുന്നു مَا യാതൊന്നും عَلَى الْأَرْضِ ഭൂമിയിലുള്ള, ഭൂമുഖത്തുള്ള زِينَةً അലങ്കാരം, ഭംഗി لَّهَا അതിനു لِنَبْلُوَ (നാം) പരീക്ഷിക്കുവാനായി هُمْ അവരെ أَيُّهُمْ അവരില്‍ ആരാണ് (എന്ന്) أَحْسَنُ കൂടുതല്‍ നല്ലവന്‍ عَمَلًا കര്‍മ്മം, പ്രവൃത്തി
- وَإِنَّا لَجَٰعِلُونَ مَا عَلَيْهَا صَعِيدًا جُرُزًا ﴾٨﴿
- അതിന്മേലുള്ളതിനെ നാം തന്നെ, തരിശായ വെണ്‍ ഭൂമിയാക്കിക്കളയുന്നതുമാകുന്നു.
- وَإِنَّا നാം തന്നെ لَجَاعِلُونَ ആക്കുന്നതുമാണു, ആക്കുന്നവരാണ് مَا عَلَيْهَا അതിന്‍മേലുള്ളത് صَعِيدًا വെണ്‍ഭൂമി, മണ്ണു جُرُزًا തരിശു, പാഴ്ഭൂമി
ജീവികള്‍, സസ്യാദികള്‍, ധാതുവസ്തുക്കള്‍ എന്നിങ്ങിനെ ഈ ഭൂമിയിലുള്ളതെല്ലാം അതിനു അലങ്കാരം നല്‍കുന്നു. സൗന്ദര്യം ആസ്വദിക്കുവാനും, ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനും മനുഷ്യനു വേണ്ടതെല്ലാം അതിലുണ്ട്. അവയെ അവനു യഥേഷ്ടം ഉപയോഗിക്കാം. എന്നാല്‍, താല്‍ക്കാലിക സുഖ സൗകര്യങ്ങളും, ദേഹേച്ഛകളും നിറവേറ്റി തൃപ്തി അടയുവാന്‍ മാത്രമായിട്ടുള്ളതല്ല അവ. അവയില്‍ അടങ്ങിയ യുക്തിരഹസ്യങ്ങളും, തത്വസാരങ്ങളും മനസ്സിലാക്കുക, അവയുടെ സൃഷ്ടാവും നിയന്താവുമായ സര്‍വ്വശക്തന്റെ സൃഷ്ടിമഹാത്മ്യങ്ങളെപ്പറ്റി ചിന്തിക്കുക, അങ്ങിനെ അവനില്‍ ഭയഭക്തി അര്‍പ്പിക്കുക, അവന്റെ നിയമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ടു ജീവിക്കുക, എന്നിവയിലെല്ലാം ഓരോ മനുഷ്യന്റെയും നിലപാടെന്തായിരിക്കുമെന്നു പരീക്ഷണം നടത്തുവാനും കൂടിയാണ് അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
ആ അലങ്കാരവസ്തുക്കളെക്കുറിച്ചു വേണ്ടപോലെ ചിന്തിച്ചു അവയെ ഉപയോഗപ്പെടുത്തുന്നവനു പുണ്യഫലവും. അശ്രദ്ധ കാണിക്കുന്നവനു ശിക്ഷയും അല്ലാഹു നല്‍കും. അഥവാ, ജയാപജയം പരിശോധിക്കുന്നതിനുള്ള ഒരു പരീക്ഷണാലയമായിട്ടാണ് ഈ ലോകം കണക്കാക്കപ്പെട്ടിട്ടുള്ളത്. ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പറയാറുണ്ടായിരുന്ന ഒരു വാക്യം ഇവിടെ സ്മരണീയമാകുന്നു: ‘അല്ലാഹുവേ! നീ ഞങ്ങള്‍ക്കുവേണ്ടി അലങ്കാരമാക്കിത്തന്നതില്‍ സന്തോഷിക്കുവാനല്ലാതെ ഞങ്ങള്‍ക്ക് കഴിയുന്നതല്ല. അല്ലാഹുവേ! അതിനെ അതിന്റെ മുറയില്‍ ഞങ്ങള്‍ വിനിയോഗിക്കുവാന്‍ (സഹായം നല്‍കണമെന്നു) ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു.’
اللَّهُمَّ إِنَّا لاَ نَسْتَطِيعُ إِلاَّ أَنْ نَفْرَحَ بِمَا زَيَّنْتَهُ لَنَا، اللَّهُمَّ إِنِّي أَسْأَلُكَ أَنْ أُنْفِقَهُ فِي حَقِّهِ.- رواه البخاري
പരീക്ഷണ രംഗമായ ഈ ഭൂമിയും, അതിലുള്ള സര്‍വ്വ വസ്തുക്കളും ഒരിക്കല്‍ നാശമടയും, അതിനു ശാശ്വതമായ നിലനില്‍പില്ല. അന്നു എല്ലാവരും അല്ലാഹുവിന്റെ മുമ്പില്‍ ഹാജരായി തങ്ങളുടെ സകല കര്‍മ്മങ്ങളെക്കുറിച്ചും കൈകെട്ടി ഉത്തരം പറയേണ്ടിവരും. അന്നാണവരുടെ കര്‍മ്മഫലങ്ങള്‍ ശരിക്കു അനുഭവപ്പെടുക. അതുകൊണ്ടു – നബിയേ – തന്റെ ജനതയില്‍നിന്നു കണ്ടുംകേട്ടും വരുന്ന ധിക്കാരങ്ങളെ സംബന്ധിച്ചു ഇത്രയധികം വ്യാകുലപ്പെടേണ്ടതില്ല, എന്നു അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാശ്വസിപ്പിക്കുകയാണ്.
ഭൂമിയുടെ മുകളിലുള്ളതിനെ തരിശായ വെണ്‍ഭൂമിയാക്കുമെന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം, ലോകാവസാന സംഭവമാകുന്നു. സൂ: ത്വാഹായില്‍ ഇങ്ങിനെ കാണാം: ‘പര്‍വ്വതങ്ങളെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു. എന്നാല്‍ നീ പറയുക: എന്റെ രക്ഷിതാവ് അവയെ പൊടിച്ചു പാറ്റിക്കളയുന്നതാണ്. എന്നിട്ട്, അതിനെ സമനിരപ്പായ മൈതാനമാക്കി വിട്ടേക്കും. യാതൊരു താഴ്ച്ചയാകട്ടെ, ഉയര്‍ച്ചയാകട്ടെ, അവിടെ നീ കാണുകയില്ല.
[وَيَسْأَلُونَكَ عَنِ الْجِبَالِ فَقُلْ يَنسِفُهَا رَبِّي نَسْفًا ﴿١٠٥﴾ فَيَذَرُهَا قَاعًا صَفْصَفًا ﴿١٠٦﴾ لَّا تَرَىٰ فِيهَا عِوَجًا وَلَا أَمْتًا ﴿١٠٧﴾ – [طه ١٠٥ – ١٠٧
ഗുഹാവാസികള്‍ (أصحاب الكهفِ)
താഴെ 9 മുതല്‍ 26 വരെയുള്ള വചനങ്ങളില്‍ ‘അസ്ഹാബുല്‍ കഹ്ഫു’ – അഥവാ, ഗുഹാവാസികള്‍ – എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടംസത്യവിശ്വാസികളുടെ കഥാവിവരണമാണുള്ളത്. ഇതില്‍ നിന്നാണ് ഈ അദ്ധ്യായത്തിനു ‘സൂറത്തുല്‍ കഹ്ഫ്’ (ഗുഹയുടെ അദ്ധ്യായം) എന്നു പേര്‍ വന്നത്. അല്ലാഹുവിന്റെ അതിമഹത്തായ ശക്തിമാഹാത്മ്യത്തിനും, മനുഷ്യന്റെ മരണാനന്തര ജീവിതത്തിനും ഒരു ഉത്തമ ദൃഷ്ടാന്തമാണ് ആ സംഭവം. ആ സംഭവത്തെപ്പറ്റി ക്വുര്‍ആന്‍ അവതരിക്കും മുമ്പുതന്നെ, അറബികള്‍ക്കിടയില്‍ ചില ഐതിഹ്യങ്ങളുണ്ടായിരുന്നു. അതിന്റെ സംക്ഷിപ്ത രൂപം ഇവിടെ ഉദ്ധരിക്കാം. അതില്‍ ക്വുര്‍ആനിനോട് യോജിക്കുന്ന ഭാഗം നമുക്ക് സ്വീകരിക്കാം. ക്വുര്‍ആനിനും യുക്തിക്കും എതിരായിക്കാണുന്നതു അസ്വീകാര്യവുമായിരിക്കും. ക്വുര്‍ആനില്‍ കാണാത്തതും, മറ്റു ലക്ഷ്യങ്ങള്‍ ഇല്ലാത്തതുമായ ഭാഗങ്ങളെപ്പറ്റി മൌനം അവലംബിക്കുകയേ നിവൃത്തിയുള്ളൂ. കഥ ഇപ്രകാരമാണ്:-
ക്രിസ്ത്യാനികള്‍ ഒരു കാലത്തു ദുര്‍മ്മാര്‍ഗ്ഗത്തില്‍ മുഴുകിപ്പോകുകയും, അവര്‍ക്കിടയില്‍ വിഗ്രഹാരാധന പടര്‍ന്നുപിടിക്കുകയുമുണ്ടായി. അന്നു് ‘ദഖ്-യാനൂസ്’ (Decius – دقيانوس) എന്നു പേരായ ഒരു രാജാവുണ്ടായിരുന്നു. അയാള്‍ ജനങ്ങളെ വിഗ്രഹാരാധന ചെയ്‌വാന്‍ നിര്‍ബ്ബന്ധിച്ചുവന്നു. നിര്‍ബ്ബന്ധത്തിനു വഴങ്ങാത്ത കുറച്ചു യുവാക്കള്‍ ഉണ്ടായിരുന്നു. രാജാവ് അവരെ മര്‍ദ്ദിക്കുകയും, കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. പക്ഷേ, അവര്‍ തങ്ങളുടെ വിശ്വാസത്തില്‍നിന്നു പിന്‍മാറിയില്ല. അവരുടെ ഇളംപ്രായത്തെ മാനിച്ചുകൊണ്ടു കുറച്ചു കാലത്തേക്കു് രാജാവ് അവര്‍ക്കു ഒഴിവുകൊടുത്തു. അതിനുശേഷം അവര്‍ മടങ്ങാത്തപക്ഷം കൊലപ്പെടുത്തുമെന്നും നിശ്ചയിച്ചു. ഈ ഇടയ്ക്ക് വിഗ്രഹാരാധനയുടെ പ്രചരണാര്‍ത്ഥം രാജാവ് ഒരു സഞ്ചാരം നടത്തുകയുണ്ടായി.
ഈ തക്കം ഉപയോഗപ്പെടുത്തിക്കൊണ്ടു നമ്മുടെ യുവാക്കള്‍ സ്ഥലം വിട്ടു. തങ്ങളുടെ നാടായ ‘എഫെസൂസു്’ – അല്ലെങ്കില്‍ ‘തര്‍സൂസ്’ – (أفسوس أو طرسوس) എന്ന പട്ടണം (*) വിട്ടുപോയി. അടുത്തുള്ള ‘നീഖായൂസ്’ (نيخايوس) മലയിലെ ഒരു ഗുഹയെ അഭയം പ്രാപിച്ചു. ഏഴുപേരുള്ള ആ യുവാക്കളുടെ കൂട്ടത്തില്‍, വഴി മദ്ധ്യേവെച്ചു ഒരു ആട്ടിടയനും വന്നുചേര്‍ന്നു. അവന്റെ നായയും ഒന്നിച്ചുണ്ടായിരുന്നു. അവര്‍ക്കു ഗൂഢമായി ഭക്ഷണപാനീയങ്ങള്‍ കൊണ്ടുവന്നിരുന്നത് അവരില്‍ ഒരാളായ ‘തംലീഖാ’ (تمليخا) ആയിരുന്നു. ഒരിക്കല്‍ അദ്ദേഹം വെളിയില്‍ പോയി മടങ്ങിവന്നപ്പോള്‍, രാജാവു തിരിച്ചു വന്നിട്ടുണ്ടെന്നും, തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും വിവരം അറിയിച്ചു. അവര്‍ പരിഭ്രമത്തിലും വ്യസനത്തിലുമായി. അങ്ങനെയിരിക്കെ അല്ലാഹു അവര്‍ക്കു ഒരു ഉറക്കു നല്‍കി. ദഖ്-യാനൂസാകട്ടെ, അവരുടെ പിതാക്കളെ ഭീഷണിപ്പെടുത്തുകയായി. ഒടുക്കം അവര്‍ തങ്ങളുടെ മക്കളെപ്പറ്റി വിവരം കൊടുപ്പാന്‍ നിര്‍ബ്ബന്ധിതരായി. ഉടനെ രാജാവു ആ ഗുഹാമുഖത്തെത്തി. ഉറങ്ങിക്കിടക്കുന്ന ആ യുവാക്കളെ അകത്താക്കിക്കൊണ്ടു ഗുഹാമുഖം അടച്ചുകളഞ്ഞു.
(*). തുര്‍ക്കിയുടെ പടിഞ്ഞാറെ കടല്‍ക്കരയില്‍, സ്മിര്‍ണാ (إزمير) യില്‍നിന്നു 40-50 നാഴിക അകലെ സമുദ്രത്തില്‍ നിന്നു ഏതാണ്ടു മൂന്നു നാഴിക ദൂരത്തു – സ്ഥിതി ചെയ്തിരുന്ന ഒരു പ്രധാന റോമന്‍ പട്ടണമായിരുന്നു എഫെസൂസ് (Ephesus). അവിടെ ഒരു കുന്നിന്മേല്‍ വമ്പിച്ച ഒരു ആരാധനാ സ്ഥലവും, മലഞ്ചെരിവില്‍ 24,000 ആളുകള്‍ക്കു ഇരിക്കാവുന്ന ഒരു രംഗസ്ഥലവും ഉണ്ടായിരുന്നുപോല്‍. ഖലീഫാ വാഥിഖിന്റെ (الواثق) കാലത്തു അയക്കപ്പെട്ട ഒരു നിരീക്ഷണസംഘം അവിടെ, ‘അസ്ഹാബുല്‍ കഹ്ഫി’ന്റേതാണെന്നു അനുമാനിക്കപ്പെടുന്ന ഗുഹയും മറ്റും കണ്ടതായി പറയപ്പെടുന്നു. ‘തര്‍സൂസ്’ തുര്‍ക്കിയുടെ തെക്കേ കടലോരപ്രദേശത്തു കിഴക്കോട്ടു നീങ്ങിനില്‍ക്കുന്നു. ഭൂപടം നമ്പ്ര് 2 നോക്കുക.
സത്യവിശ്വാസം ഉള്ളില്‍ മറച്ചുവെച്ചിരുന്ന രണ്ടു പേര്‍ രാജാവിന്റെ പരിവാരങ്ങളില്‍ ഉണ്ടായിരുന്നു – ‘ബൈദറൂസും’, ‘റൂനാസും’ (بيدروس و روناس). ഇവര്‍, ആ യുവാക്കളുടെ പേരുകളും, ചരിത്രവും രണ്ടു കല്‍പലകകളില്‍ രേഖപ്പെടുത്തി ഒരു ചെമ്പുപെട്ടിയിലാക്കി അവിടെ സ്വകാര്യമായി സൂക്ഷിച്ചുവെച്ചു. കാലം അങ്ങിനെ കഴിഞ്ഞു. ദഖ്-യാനൂസിന്റെ ഭരണവും പേരുമെല്ലാം കാലയവനികക്കുള്ളില്‍ മറഞ്ഞുപോയി.
അനന്തരം, ബൈദറൂസ് എന്നു പേരുള്ള ഒരു രാജാവുണ്ടായി. 68 കൊല്ലത്തോളം ഭരണം നടത്തിയ അദ്ദേഹം, അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ആളായിരുന്നു. പ്രജകളിലാകട്ടെ, വിശ്വാസികളും, അവിശ്വാസികളുമുണ്ട്. രാജാവിനു ഈ നില സഹിക്കവയ്യായിരുന്നു. ജനങ്ങള്‍ക്കു പരലോക ജീവിതത്തെക്കുറിച്ചു ബോധമുണ്ടാകത്തക്ക ഒരു ദൃഷ്ടാന്തം വെളിപ്പെട്ടുകാണുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി അല്ലാഹുവോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഈ ഇടയ്ക്കു ഒരു ആട്ടിടയന്‍ – തന്റെ ആടുകള്‍ക്കു ഒരു താവളം ശരിപ്പെടുത്തേണ്ടുന്ന ആവശ്യാര്‍ത്ഥം – ആ ഗുഹാമുഖത്തു ചെന്നു പഴയ ഭിത്തിക്കെട്ടു പൊളിക്കുകയുണ്ടായി. അപ്പോഴായിരുന്നു ശതവര്‍ഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ആ യുവാക്കള്‍ ഉണര്‍ന്നത്. അവര്‍ എഴുന്നേറ്റിരുന്നു പ്രാര്‍ത്ഥനാ നമസ്കാരങ്ങള്‍ നടത്തുകയായി.
നാം എത്രസമയം ഉറങ്ങിയിരിക്കുമെന്നു അവര്‍ അന്യോന്യം ചോദിച്ചു. ഒരു മുഴുവന്‍ ദിവസമെന്നും, കുറച്ചു നേരമെന്നും മറ്റും പല അഭിപ്രായങ്ങള്‍ അവര്‍ പറഞ്ഞു. ‘അല്ലാഹുവിനറിയാം; ഏതായാലും, ഒരാള്‍ പുറത്തുപോയി നമ്മുടെ കയ്യിലുള്ള വെള്ളികൊടുത്തു ഭക്ഷണപദാര്‍ത്ഥം വാങ്ങിക്കൊണ്ടു വരട്ടെ’ എന്നായി. പതിവുപ്രകാരം തംലിഖാ തന്നെ പുറപ്പെട്ടു. ദഖ്-യാനൂസ് രാജാവിനെ ഭയന്ന് വളരെ കാത്തും സൂക്ഷിച്ചുംകൊണ്ടു അദ്ദേഹം അങ്ങാടിയില്‍വന്നു. വഴിയില്‍വെച്ചു ‘മസീഹി’ന്റെ (ഈസാനബിയുടെ) നാമം കേള്‍ക്കുവാന്‍ ഇട വന്നതില്‍ അയാള്‍ക്കു ആശ്ചര്യം തോന്നി. തനിക്ക് സ്ഥലം മാറിപ്പോയോ? അതോ താന്‍ സ്വപ്നം കാണുകയാണോ? എന്നൊക്കെ അയാള്‍ സംശയിച്ചുപോയി.
ഒരു കച്ചവടക്കാരന്റെ അടുക്കല്‍ചെന്ന് തംലീഖാ ഭക്ഷണ സാധനത്തിനുവേണ്ടി വെള്ളികൊടുത്തു. ആ നാണയം അയാള്‍ക്കു അപരിചിതമായിരുന്നു. അയാള്‍ ആശ്ചര്യപ്പെട്ടു. പലരും അതു തിരിച്ചും മറിച്ചും നോക്കി. ‘ഇതു പണ്ടുണ്ടായിരുന്ന ദഖ്-യാനൂസിന്റെ കാലത്തെ നാണയമാണല്ലോ! തനിക്ക് എവിടെ നിന്നാണ് നിക്ഷേപം കിട്ടിയത്? എന്നു അവര്‍ ചോദിച്ചു. പിന്നീടു അവര്‍ അദ്ദേഹത്തെ ആ നാട്ടിലെ ന്യായാധിപന്‍മാരുടെ അടുക്കല്‍ കൊണ്ടുപോയി ചോദ്യം ചെയ്തതില്‍, തംലീഖാ സംഗതികള്‍ വിവരിച്ചു: ‘ഞങ്ങളിതാ, ഇന്നലെയാണ് ഗുഹയില്‍ ചെന്നത്, വേണമെങ്കില്‍ തന്റെ കൂട്ടുകാരെ കാണിച്ചുതരാം എന്ന് അദ്ദേഹം ഉണര്‍ത്തിച്ചു. ചെന്നുകണ്ടപ്പോള്‍ ന്യായാധിപന്‍മാര്‍ക്ക് വമ്പിച്ച അത്ഭുതമായി. ഈ ന്യായാധിപന്‍മാരുടെ പേരുകള്‍ ‘അരിയൂസ്’ എന്നും, ‘ത്വന്‍ത്വിയൂസ്’ (اريوس و طنطيوس) എന്നും ആയിരുന്നു. ഗുഹയില്‍ പണ്ടു നിക്ഷേപിക്കപ്പെട്ടിരുന്ന ചെമ്പുപെട്ടിയിലെ പലകകള്‍ അവര്‍ കാണുകയും, അതില്‍ നിന്നു കാര്യം മനസ്സിലാവുകയും ചെയ്തു. അവര്‍ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടു രാജാവിനെ വിവരം അറിയിച്ചു.
അത്ഭുതപരവശനായ രാജാവ് പരിവാരസമേതം ഗുഹയുടെ അടുക്കല്‍ വന്നു യുവാക്കളെ സന്ദര്‍ശിച്ചു. ആശ്ചര്യവും സന്തോഷവും നിമിത്തം, അല്ലാഹുവിനു സുജൂദില്‍ വീഴുകയും, യുവാക്കളെപ്പിടിച്ചു ആലിംഗനം ചെയ്കയും ചെയ്തു. പിന്നീടു യുവാക്കള്‍ തങ്ങളുടെ സ്ഥാനത്തേക്കു മടങ്ങുകയും അവിടെ വെച്ചു മരണമടയുകയുമുണ്ടായി. അവരെ പെട്ടിയില്‍ മറവു ചെയ്യുവാനും, അവിടെ ഒരു ആരാധനാസ്ഥലം പണിയുവാനും രാജാവ് ഏര്‍പ്പാടും ചെയ്തു. ആ ദിവസം അവര്‍ ഒരു ഉത്സവദിവസമായി ഗണിച്ചുപോന്നു.
അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ആ കഥയുടെ ചുരുക്കമാണിത്. മരണശേഷമുള്ള പുനര്‍ജീവിതത്തിനു ക്രിസ്ത്യാനികള്‍ ഇതൊരു ദൃഷ്ടാന്തമായി എടുത്തുകാട്ടിയിരുന്നു. ക്വുര്‍ആനാകട്ടെ, പരലോകജീവിതത്തിനു ഇതു മാത്രമല്ല, അനേകം ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ടെന്നും, ഗുഹാവാസികളുടെ സംഭവം മാത്രം വലിയൊരു ആശ്ചര്യ സംഭവമായി എടുത്തുപറയുവാനില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടു മനുഷ്യബുദ്ധികളെ ചിന്തിക്കുവാന്‍ ആഹ്വാനം ചെയ്യുകയാണ്. അല്ലാഹു പറയുന്നു:-
- أَمْ حَسِبْتَ أَنَّ أَصْحَٰبَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَٰتِنَا عَجَبًا ﴾٩﴿
- (നബിയേ,) അല്ലാ! ഗുഹയുടെയും, 'റഖീമി'ന്റെയും ആള്‍ക്കാര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ഒരു ആശ്ചര്യമായിരുന്നുവെന്ന്, നീ വിചാരിക്കുന്നുവോ?
- أَمْ അല്ലാ (ഒരു പക്ഷെ) حَسِبْتَ നീ വിചാരിച്ചു (വോ) أَنَّ أَصْحَابَ الْكَهْفِ നിശ്ചയമായും ഗുഹയുടെ ആള്‍ക്കാര്‍ (ഗുഹാവാസികള്‍) وَالرَّقِيمِ റഖീമിന്റെയും كَانُوا അവരായിരുന്നു (എന്നു) مِنْ آيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ നിന്നു عَجَبًا ഒരു (വലിയ) ആശ്ചര്യം
- إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴾١٠﴿
- (ആ) യുവാക്കള്‍ ഗുഹയിലേക്കു (ചെന്നു) അഭയം പ്രാപിച്ചപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ക്കു നിന്റെ പക്കല്‍ നിന്നു കാരുണ്യം നല്‍കേണമേ! ഞങ്ങളുടെ കാര്യത്തില്‍ നീ ഞങ്ങള്‍ക്കു നേര്‍മ്മാര്‍ഗ്ഗം സജ്ജമാക്കിത്തരുകയും ചെയ്യേണമേ!!'
- إِذْ أَوَى അഭയം പ്രാപിച്ചപ്പോള്‍, ചെന്നു ചേര്‍ന്നപ്പോള്‍ الْفِتْيَةُ (ആ) യുവാക്കള്‍ إِلَى الْكَهْفِ ഗുഹയിലേക്കു فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ, രക്ഷിതാവേ آتِنَا ഞങ്ങള്‍ക്കു നല്‍കേണമേ مِن لَّدُنكَ നിന്റെ പക്കല്‍ നിന്നു رَحْمَةً കാരുണ്യം, ദയ, അനുഗ്രഹം وَهَيِّئْ സജ്ജമാക്കി (ഒരുക്കി) ത്തരുകയും വേണമേ لَنَا ഞങ്ങള്‍ക്കു مِنْ أَمْرِنَا ഞങ്ങളുടെ കാര്യത്തില്‍, കാര്യത്തെ സംബന്ധിച്ചു رَشَدًا നേര്‍മ്മാര്‍ഗ്ഗം, തന്റേടം
- فَضَرَبْنَا عَلَىٰٓ ءَاذَانِهِمْ فِى ٱلْكَهْفِ سِنِينَ عَدَدًا ﴾١١﴿
- അങ്ങനെ, ഗണ്യമായ വര്‍ഷങ്ങളോളം ആ ഗുഹയില്‍വെച്ചു നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചുകളഞ്ഞു., (അവരെ ഉറക്കി).
- فَضَرَبْنَا അങ്ങനെ നാം അടിച്ചു (അടച്ചുകളഞ്ഞു) عَلَىٰ آذَانِهِمْ അവരുടെ കാതുകള്‍ക്കു (കര്‍ണ്ണപുടങ്ങളെ) فِي الْكَهْفِ ഗുഹയില്‍ വെച്ചു سِنِينَ വര്‍ഷങ്ങള്‍, കൊല്ലങ്ങള്‍ عَدَدًا ഗണ്യമായ, കുറെ എണ്ണം
- ثُمَّ بَعَثْنَٰهُمْ لِنَعْلَمَ أَىُّ ٱلْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوٓا۟ أَمَدًا ﴾١٢﴿
- പിന്നെ, രണ്ടുകക്ഷികളില്‍ ഏതാണ്, അവര്‍ താമസിച്ചുകഴിഞ്ഞ കാലത്തെ തിട്ടപ്പെടുത്തിയതെന്നു അറിയുവാനായി നാം അവരെ എഴുന്നേല്‍പ്പിച്ചു.
- ثُمَّ പിന്നെ, പിന്നീടു بَعَثْنَاهُمْ നാം അവരെ എഴുന്നേല്‍പിച്ചു لِنَعْلَمَ നാം (നമുക്കു) അറിയുവാന്‍ വേണ്ടി, أَيُّ الْحِزْبَيْنِ രണ്ടു കക്ഷികളില്‍ ഏതാണു (എന്നു) أَحْصَىٰ തിട്ടപ്പെടുത്തി, സൂക്ഷിച്ചു, വിലയിരുത്തി, അധികം കണക്കാക്കിയവര്‍ لِمَا لَبِثُوا അവര്‍ താമസിച്ചതിനെ, കഴിച്ചുകൂട്ടിയതിനെ أَمَدًا കാലം
‘റഖീം’ (الرَّقِيم) എന്നതുകൊണ്ടുദ്ദേശ്യം, ഗുഹാവാസികളുടെ പേരുവിവരം എഴുതി ഗുഹയുടെ അടുക്കല്‍ സൂക്ഷിക്കപ്പെട്ടിരുന്ന ആ ലിഖിതഫലകമാണെന്നാണ് പല ‘മുഫസിറു’കളും (ക്വുര്‍ആന്‍ വ്യാഖ്യാതാക്കളും) പ്രസ്താവിച്ചിട്ടുള്ളത്. അത് അവരുടെ രാജ്യത്തിന്റെ പേരാണെന്നും ചിലര്‍ പറയുന്നു. ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ) ഖത്താദഃ (رحمة الله عليه) എന്നിവരില്‍ നിന്നും മറ്റും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്, ‘ഐലഃ’ (آيلة) യുടെ അടുത്തുള്ള ഒരു താഴ്വരയാണ് ‘റഖീം’ എന്നത്രെ. ‘അല്‍ അഖബ’ എന്ന പേരിലാണു ഇന്നു ‘ഐലഃ’ അറിയപ്പെടുന്നത്. കൂടാതെ ബൈബ്ളിലും റഖീമിനെ (രേക്കേം) സംബന്ധിച്ചു പറഞ്ഞിട്ടുണ്ട്.
അല്‍ അഖബ ഉള്‍ക്കടലിന്റെയും, സീനാ ഉപദ്വീപിന്റെയും വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പര്‍വ്വത നിരകളെ തൊട്ടുകിടക്കുന്ന പീഠപ്രദേശത്തായിരുന്നു ‘റഖീം’ സ്ഥിതിചെയ്തിരുന്നത്. കാലാന്തരത്തില്‍ ഈ രാജ്യം ‘പെത്രാ’ (Petraea) എന്നു പൊതുവിലും, ‘ബിത്ത്വ്റാ’ (بطرا او بطرية) എന്നു അറബികള്‍ക്കിടയിലും അറിയപ്പെട്ടു. (*). സിരിയായിലെ കര്‍ഷക വര്‍ഗ്ഗക്കാരായിരുന്ന ‘നബ്ത്ത്വീ’ വര്‍ഗ്ഗക്കാര്‍ (انباط الشام) ഇവിടെ വസിച്ചിരുന്നു. അടുത്ത ചില വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തപ്പെട്ട ചരിത്രഗവേഷണങ്ങളില്‍ ഇവിടെ രണ്ടു ഗുഹകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ഒന്നിന്റെ കിടപ്പ് ക്വുര്‍ആനില്‍ പ്രസ്താവിച്ചതുപോലെ, വെയിലും സൂര്യ കിരണവും ഉള്ളില്‍ കടക്കാത്ത വിധത്തിലാകുന്നു. മറ്റേതിന്റെ മുന്‍വശത്തു ചില കെട്ടിടങ്ങളുടെയും, കല്‍ത്തൂണുകളുടെയും അവശിഷ്ടങ്ങളുമുണ്ട്. അതു ഒരു പുരാതന ആരാധനാ സ്ഥലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
(*). സേലാ, സേലാ പെത്ര (Sela, Petra) എന്നും ഈ രാജ്യത്തിനു പേരുണ്ട്. ചാവുകടലിനു (ബഹ്ര്‍ലൂത്ത്വ്) തെക്കു 50 നാഴിക ദൂരത്തു കിഴുക്കാന്തൂക്കായ വന്‍മലകളാല്‍ ചുറ്റപ്പെട്ട അഗാധമായ താഴ്വരയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. ഏദോം (آدوم) രാജ്യം നാമാവശേഷമായതിനു ശേഷം (‘നബാത്യര്‍’ Nabations الأنباط) എന്ന വര്‍ഗ്ഗക്കാര്‍ അവിടെ തങ്ങളുടെ രാജ്യം സ്ഥാപിച്ചു. അന്നു അവിടെ വാണിജ്യം വര്‍ദ്ധിച്ചിരുന്നു. ഇപ്പോള്‍ അതു ശൂന്യമായിക്കിടക്കുകയാണ്. മലഞ്ചരുവുകളില്‍ നൈപുണ്യത്തോടെ വെട്ടിയുണ്ടാക്കിയ ക്ഷേത്രങ്ങളും കല്ലറകളും ധാരാളം ഇന്നും സ്ഥിതി ചെയ്യുന്നു. സന്ദര്‍ശകന്മാര്‍ അവ കാണുമ്പോള്‍ ആശ്ചര്യപ്പെട്ടു പോലും. യവനര്‍ ഇതിനെ പാറ എന്നര്‍ത്ഥമുള്ള ‘പൈത്രാ’ എന്നു വിളിച്ചു വന്നു. ‘സേലാ’ എന്നതിനും, ‘പാറ’, ‘കിഴുക്കാന്തൂക്കായ മല’ എന്നാണര്‍ത്ഥം ‘ (വേദപുസ്തക നിഘണ്ടുവില്‍നിന്നു). ഭൂപടം 3ഉം 4ഉം നോക്കുക.
ക്വുര്‍ആന്‍ അവതരിച്ച കാലത്ത് അറബികള്‍ക്കിടയില്‍, ‘അസ്ഹാബുല്‍ കഹ്ഫി’ന്റെ കഥ – അതില്‍ പല നീക്കുപോക്കുകളുണ്ടെങ്കിലും ശരി – പ്രചാരത്തിലുണ്ടായിരുന്നുവല്ലോ. ശാമില്‍നിന്നു വരുന്ന വേദക്കാരും, നബ്ത്ത്വീ വര്‍ഗ്ഗക്കാരും, അറബികളുമായി കച്ചവടപരമായും മറ്റും സമ്പര്‍ക്കം ഉണ്ടായിരുന്നുവെന്നതു പ്രസിദ്ധമാണ്. ഈ നിലക്ക് ഈ സംഭവം അവരില്‍ നിന്നായിരിക്കും മിക്കവാറും അറബികള്‍ അറിഞ്ഞിരിക്കുക. തുര്‍ക്കിയിലെ എഫസൂസില്‍ നടന്ന സംഭവത്തിനു അറബികള്‍ക്കിടയില്‍ അത്ര പ്രചാരം ലഭിക്കുവാന്‍ പ്രയാസവുമാണ്. താബിഈങ്ങളില്‍പെട്ട ചില മഹാന്‍മാര്‍ ‘റഖീം’ എന്നതു അവരുടെ രാജ്യത്തിന്റെ പേരാണെന്നും, ചിലര്‍ അതു ‘ഐലഃ’ യുടെ അടുത്താണെന്നും പ്രസ്താവിച്ചിട്ടുള്ളതും, പെത്രായുടെ പേര്‍ മുമ്പ് ‘രേക്കം’ – അല്ലെങ്കില്‍ ‘രേഖാ’ എന്നായിരുന്നതും, ഈ സംഭവം നടന്നതു ശാമിലായിരുന്നുവെന്ന് ചില മുഫസ്സിറുകള്‍ പ്രസ്താവിച്ചു കാണുന്നതും – എല്ലാം കൂടി – നോക്കുമ്പോള്‍ ഈ അഭിപ്രായമാണ് കൂടുതല്‍ സ്വീകാര്യമായി തോന്നുന്നത്. الله أعلم
‘നാം അവരുടെ കര്‍ണ്ണപുടങ്ങളെ അടച്ചു’ എന്നു പറഞ്ഞതു فَضَرَبْنَا عَلَىٰ آذَانِهِمْ (അവരുടെ ചെവികളില്‍ അടിച്ചു) എന്ന വാക്യത്തിന്റെ ഉദ്ദേശ്യാര്‍ത്ഥമത്രെ. ലോകത്തു നടക്കുന്ന ശബ്ദകോലാഹലങ്ങളൊന്നും കേള്‍ക്കാതിരിക്കത്തക്കവണ്ണം അവര്‍ക്ക് അല്ലാഹു ഉറക്കു നല്‍കി എന്നു സാരം. കര്‍ണ്ണപുടങ്ങളെ അടച്ചുവെന്നു പറഞ്ഞപ്പോള്‍, അവരുടെ കണ്ണുകളെപ്പറ്റി അല്ലാഹു ഒന്നും പറയുന്നില്ല; 18-ാം വചനത്തില്‍, അവര്‍ ഉറങ്ങുന്നവരാണെങ്കിലും ഉണര്‍ന്നവരാണെന്നു തോന്നുമെന്നു പറയുന്നുമുണ്ട്. ഇതില്‍നിന്നു അവര്‍ ഉറക്കിലായിരുന്നപ്പോള്‍ അവരുടെ കണ്ണുകള്‍ തുറന്നു കൊണ്ടായിരുന്നു ഉള്ളതെന്നു അനുമാനിക്കാവുന്നതാണ്. ചില മുഫസ്സിറുകള്‍ ഇങ്ങിനെ പറഞ്ഞു കാണുന്നുമുണ്ട്.
‘രണ്ടു കക്ഷികള്‍’ (الْحِزْبَيْنِ) എന്നു പറഞ്ഞതു, അവരുടെ ഗുഹാവാസകാലത്തെക്കുറിച്ചു ഭിന്നാഭിപ്രായക്കാരായിരുന്ന രണ്ടു കക്ഷികളാണെന്നും, അല്ലെങ്കില്‍ സത്യവിശ്വാസികളായ ഗുഹാവാസികളും, അവരുടെ എതിര്‍കക്ഷിയായ അവിശ്വാസികളുമാണെന്നും വരാം. ഒന്നാമത്തെ അഭിപ്രായമനുസരിച്ച് 12-ാം വചനത്തിന്റെ സാരം: ഏതു കക്ഷിയാണ്, അവര്‍ ഉറങ്ങിക്കിടന്ന കാലത്തെക്കുറിച്ച് കൂടുതല്‍ അറിയുക എന്നു പുലരുവാന്‍ വേണ്ടി അവരെ എഴുന്നേല്‍പിച്ചു വെന്നായിരിക്കും. രണ്ടാമത്തെ അഭിപ്രായം അനുസരിച്ച് സത്യവിശ്വാസികളും, അവരുടെ ശത്രുക്കളുമായ ഇരുകക്ഷികളില്‍ ഏതാണ് ആ കാലത്തിനു കൂടുതല്‍ വിലയിരുത്തിയത് എന്നു വെളിപ്പെടുത്തുവാന്‍ വേണ്ടി എന്നും സാരമാകുന്നു. അതായതു നൂറുക്കണക്കായ കൊല്ലങ്ങള്‍ ആ ഗുഹയില്‍ അവര്‍ കഴിച്ചുകൂട്ടി. അക്കാലത്തു ലോകത്തു നടന്നിരുന്ന അക്രമങ്ങളും ദുര്‍മ്മാര്‍ഗ്ഗങ്ങളും ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല. അവര്‍ ഉണര്‍ന്നെഴുന്നേറ്റതോടെ – അവരുടെ വിശ്വാസത്തിന്റെയും അതിനുവേണ്ടി അവര്‍ വരിച്ച ത്യാഗത്തിന്റെയും ഫലമായി – പെട്ടന്ന് നാട്ടിലാകമാനം വമ്പിച്ച പ്രത്യാഘാതമുണ്ടായി. പരലോക ജീവിതത്തെ നിഷേധിക്കുന്ന എത്രയോ പേര്‍ സത്യവിശ്വാസികളായി മാറി. അങ്ങിനെ നോക്കുമ്പോള്‍, കേവലം വളരെക്കാലമായി ഉറങ്ങിക്കിടക്കുകയായിരുന്ന അവരാണ് ആ കാലത്തിനു കൂടുതല്‍ വിലയിരുത്തി സൂക്ഷിച്ചതെന്നും; അക്കാലമത്രയും അവിശ്വാസികള്‍ കെട്ടിപ്പൊക്കി സ്ഥാപിച്ചിരുന്ന അവിശ്വാസത്തിന്റെ കോട്ട തകര്‍ന്നു പോയെന്നും വ്യക്തമാണല്ലോ.
മേല്‍ കഴിഞ്ഞ ആയത്തുകളുടെ ചുരുക്കസാരം ഇതാണ്: കൂടുതല്‍ നല്ലവര്‍ ആരാണെന്നു പരീക്ഷിക്കുവാനായി ഈ ഭൂമുഖത്തു അല്ലാഹു ഉണ്ടാക്കിവെച്ചിട്ടുള്ള അലങ്കാരങ്ങളാകുന്ന ദൃഷ്ടാന്തങ്ങളെ അപേക്ഷിച്ച് ഗുഹാവാസികളുടെ സംഭവം ഒരു വമ്പിച്ച ആശ്ചര്യമൊന്നുമല്ല. അല്‍പം യുവാക്കള്‍, തങ്ങളുടെ സര്‍വ്വസ്വവും അല്ലാഹുവില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടും, അവനില്‍ ദൃഢമായി വിശ്വസിച്ചുകൊണ്ടും ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. ജനങ്ങള്‍ക്കു അജ്ഞാതമായ നിലയില്‍ അല്ലാഹു അവരെ നൂറ്റാണ്ടുകളോളം ഉറക്കി. പിന്നീട് സത്യത്തിന്റെ കക്ഷിക്ക് ഒരു ദൃഷ്ടാന്തമായി അല്ലാഹു അവരെ എഴുന്നേല്‍പിക്കുകയും ചെയ്തു. ഇത്രമാത്രം!
ഗുഹാവാസികളുടെ കഥ അറബികള്‍ക്കും, വേദക്കാര്‍ക്കുമിടയില്‍ മുമ്പേ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറഞ്ഞുവല്ലോ. എന്നാല്‍ അതില്‍ സത്യാസത്യങ്ങളും ഭിന്നാഭിപ്രായങ്ങളും സ്ഥലം പിടിച്ചിരുന്നു. ആകയാല്‍, ഈ കഥയില്‍നിന്നു പഠിക്കുവാനും ചിന്തിക്കുവാനും ഉള്ള ഭാഗങ്ങള്‍ക്കു പ്രാധാന്യം നല്‍കിക്കൊണ്ടു സംഭവത്തിന്റെ യഥാര്‍ത്ഥരൂപം സംക്ഷിപ്തമായി അടുത്ത ആയത്തുകളില്‍ അല്ലാഹു വിവരിക്കുന്നു:-
വിഭാഗം - 2
- نَّحْنُ نَقُصُّ عَلَيْكَ نَبَأَهُم بِٱلْحَقِّ ۚ إِنَّهُمْ فِتْيَةٌ ءَامَنُوا۟ بِرَبِّهِمْ وَزِدْنَٰهُمْ هُدًى ﴾١٣﴿
- അവരുടെ വര്‍ത്തമാനം നാം നിനക്ക് യഥാര്‍ത്ഥ (രൂപ)ത്തില്‍ വിവരിച്ചുതരാം. അവര്‍ കുറച്ചു യുവാക്കളായിരുന്നു; അവര്‍ തങ്ങളുടെ രക്ഷിതാവില്‍ വിശ്വസിച്ചു; നാം അവര്‍ക്കു സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
- نَّحْنُ നാം, നമ്മള്‍ نَقُصُّ (നാം) വിവരിച്ചുതരുന്നു عَلَيْكَ നിനക്കു نَبَأَهُم അവരുടെ വര്‍ത്തമാനം بِالْحَقِّ യഥാര്‍ത്ഥത്തില്‍, ശരിക്കു إِنَّهُمْ നിശ്ചയമായും അവര്‍ فِتْيَةٌ (കുറച്ചു) യുവാക്കളാണ് آمَنُوا അവര്‍ വിശ്വസിച്ചു بِرَبِّهِمْ അവരുടെ രക്ഷിതാവില്‍ وَزِدْنَاهُمْ അവര്‍ക്കു നാം വര്‍ദ്ധിപ്പിക്കുകയും ചെയ്തു هُدًى സന്മാര്‍ഗ്ഗം, സന്മാര്‍ഗ്ഗബോധം
- وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا۟ فَقَالُوا۟ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ لَن نَّدْعُوَا۟ مِن دُونِهِۦٓ إِلَٰهًا ۖ لَّقَدْ قُلْنَآ إِذًا شَطَطًا ﴾١٤﴿
- അവര്‍ (സത്യത്തില്‍) നിലകൊണ്ടപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ക്ക് നാം ദാര്‍ഢ്യം നല്‍കുകയും ചെയ്തു; അതിനാല്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ റബ്ബ് ആകാശ ഭൂമികളുടെ റബ്ബാകുന്നു; അവനു പുറമെ യാതൊരു ആരാധ്യനെയും ഞങ്ങള്‍ വിളി(ച്ചു പ്രാര്‍ത്ഥി)ക്കുന്നതേയല്ല; അങ്ങിനെയായാല്‍ തീര്‍ച്ചയായും ഞങ്ങള്‍ അക്രമം പറയുകയായിത്തീരും.
- وَرَبَطْنَا നാം ദാര്‍ഢ്യം (ഉറപ്പു) നല്‍കുകയും ചെയ്തു عَلَىٰ قُلُوبِهِمْ അവരുടെ ഹൃദയങ്ങള്‍ക്കു إِذْ قَامُوا അവര്‍ നിന്നപ്പോള്‍, അവര്‍ നിലകൊണ്ടപ്പോള്‍ فَقَالُوا അപ്പോള്‍ അവര്‍ പറഞ്ഞു رَبُّنَا നമ്മുടെ റബ്ബ്, രക്ഷിതാവ് رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടേയും لَن نَّدْعُوَ നാം പ്രാര്‍ത്ഥിക്കുന്നതേയല്ല, വിളിക്കുന്നതേയല്ല مِن دُونِهِ അവനു പുറമെ, അവനെ കൂടാതെ إِلَـٰهًا ഒരു ഇലാഹിനെയും, ആരാധ്യനേയും قُلْنَا لَّقَدْ തീര്‍ച്ചയായും നാം പറഞ്ഞു പോകും (പറഞ്ഞതായിത്തീരും) إِذًا അപ്പോള്‍, അങ്ങിനെയായാല്‍ شَطَطًا അക്രമം, അനീതി
- هَٰٓؤُلَآءِ قَوْمُنَا ٱتَّخَذُوا۟ مِن دُونِهِۦٓ ءَالِهَةً ۖ لَّوْلَا يَأْتُونَ عَلَيْهِم بِسُلْطَٰنٍۭ بَيِّنٍ ۖ فَمَنْ أَظْلَمُ مِمَّنِ ٱفْتَرَىٰ عَلَى ٱللَّهِ كَذِبًا ﴾١٥﴿
- ഇവര്‍ - നമ്മുടെ ജനത - അവനുപുറമെ, പല ആരാധ്യന്‍മാരെയും സ്വീകരിച്ചിരിക്കുന്നു. അവരെ സംബന്ധിച്ച് ഒരു വ്യക്തമായ ലക്‌ഷ്യം ഇവര്‍ കൊണ്ടുവരാത്തത് എന്താണ്?! അല്ലാഹുവിന്റെമേല്‍ കളവു കെട്ടിച്ചമയ്ക്കുന്നവനേക്കാള്‍ അക്രമിയായിട്ടുള്ളവന്‍ ആരാണുള്ളത്?!'
- هَـٰؤُلَاءِ ഇക്കൂട്ടര്‍, ഇവര്‍ قَوْمُنَا നമ്മുടെ ജനങ്ങള്‍ اتَّخَذُوا അവര്‍ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു مِن دُونِهِ അവനു പുറമെ, അവനെക്കൂടാതെ آلِهَةً പല ആരാധ്യന്‍മാരേ, പല ദൈവങ്ങളെ لَّوْلَا يَأْتُونَ അവര്‍ വരാത്തതെന്ത്, അവര്‍ക്കു വന്നുകൂടേ عَلَيْهِم അവരെ സംബന്ധിച്ചു بِسُلْطَانٍ വല്ല ലക്ഷ്യവും (വല്ല തെളിവും) കൊണ്ടു بَيِّنٍ വ്യക്തമായ فَمَنْ അപ്പോള്‍ ആരാണ് أَظْلَمُ അധികം അക്രമി مِمَّنِ افْتَرَىٰ കെട്ടിച്ചമച്ചവനേക്കാള്‍, കെട്ടിയുണ്ടാക്കുന്നവനേക്കാള്‍ عَلَى اللَّـهِ അല്ലാഹുവിന്റെ മേല്‍ كَذِبًا കളവ്, വ്യാജം.
- وَإِذِ ٱعْتَزَلْتُمُوهُمْ وَمَا يَعْبُدُونَ إِلَّا ٱللَّهَ فَأْوُۥٓا۟ إِلَى ٱلْكَهْفِ يَنشُرْ لَكُمْ رَبُّكُم مِّن رَّحْمَتِهِۦ وَيُهَيِّئْ لَكُم مِّنْ أَمْرِكُم مِّرْفَقًا ﴾١٦﴿
- (അവര്‍ തമ്മില്‍ പറഞ്ഞു:) 'അവരെയും അല്ലാഹുവിനെ ഒഴിച്ച് അവര്‍ ആരാധിച്ചു വരുന്നതിനെയും നിങ്ങള്‍ വിട്ടകന്നുനിന്ന സ്ഥിതിക്ക് എനി, (ആ) ഗുഹയില്‍ ചെന്നഭയം പ്രാപിക്കുവിന്‍;- നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തെ നിങ്ങള്‍ക്ക് വിശാലപ്പെടുത്തിത്തരുകയും, നിങ്ങളുടെ കാര്യത്തെ സംബന്ധിച്ചു (വേണ്ടുന്ന) സൌകര്യം ശരിപ്പെടുത്തിത്തരുകയും ചെയ്യുന്നതാണ്.'
- وَإِذِ اعْتَزَلْتُمُوهُمْ നിങ്ങള്‍ അവരെ വിട്ടകന്നുനിന്ന സ്ഥിതിക്ക് وَمَا يَعْبُدُونَ അവര്‍ ആരാധിക്കുന്നതിനെയും إِلَّا اللَّـهَ അല്ലാഹുവിനെ ഒഴികെ فَأْوُوا അതുകൊണ്ട് അഭയം പ്രാപിക്കുവിന്‍ إِلَى الْكَهْفِ ഗുഹയിലേക്കു (ചെന്നു) يَنشُرْ വിശാലപ്പെടുത്തിത്തരും لَكُمْ നിങ്ങള്‍ക്കു رَبُّكُم നിങ്ങളുടെ റബ്ബ്, രക്ഷിതാവ് مِّن رَّحْمَتِهِ അവന്റെ കാരുണ്യത്തില്‍ നിന്ന്, കാരുണ്യത്തെ وَيُهَيِّئْ സജ്ജമാക്കി (ശരിപ്പെടുത്തി) ത്തരികയും ചെയ്യും لَكُم നിങ്ങള്‍ക്ക് مِّنْ أَمْرِكُم നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് مِّرْفَقًا സൗകര്യത്തെ, ആവശ്യമായകാര്യത്തെ
സ്വജനതയെയും, ഭരണകര്‍ത്താവിനെയും വകവെക്കാതെ ആ യുവാക്കള്‍ ഏക ഇലാഹില്‍ വിശ്വസിച്ചു; അവനെ മാത്രം ആരാധകനായി സ്വീകരിച്ചു. അവര്‍ അതു സധൈര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്തു കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചാലും അതില്‍ നിന്നു തരിപോലും പിന്‍വാങ്ങുകയില്ലെന്നു ദൃഢനിശ്ചയം ചെയ്തു. നാട്ടുകാരുമായി ഒരു വിധേനയും യോജിച്ചു കഴിയുവാന്‍ നിവൃത്തിയില്ലെന്നു കണ്ട അവര്‍, തങ്ങള്‍ക്കു അല്ലാഹുവിന്റെ കാരുണ്യവും സഹായവും നിശ്ചയമായും ലഭിക്കുമെന്ന പൂര്‍ണ്ണവിശ്വാസത്തോടുകൂടി നാടും, വീടും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഗുഹയെ അഭയം പ്രാപിച്ചു. ‘ഞങ്ങളുടെ റബ്ബ് ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബാണ്’ എന്നു തുടങ്ങിയ അവരുടെ വാക്യങ്ങളില്‍ ‘തൌഹീദി’ന്റെ (ഏകദൈവ വിശ്വാസത്തിന്റെ) മൂലതത്വങ്ങളും, ‘ശിര്‍ക്കി’ന്റെ (ബഹുദൈവ വിശ്വാസത്തിന്റെ) നിരര്‍ത്ഥതയും ചുരുക്കത്തില്‍ അടങ്ങിയിരിക്കുന്നു. ‘അവനു പുറമെ യാതൊരു ആരാധ്യനെയും ഞങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതേയല്ല.’ എന്ന വാക്യത്തില്‍, അല്ലാഹു അല്ലാത്തവരോടു പ്രാര്‍ത്ഥിക്കുന്നതു ശിര്‍ക്കിന്റെ പ്രധാന ഇനമാണെന്ന വസ്തുതയും അടങ്ങിയിരിക്കുന്നു. ഗുഹയുടെ കിടപ്പിനെപ്പറ്റി അല്ലാഹു പറയുന്നു:-
- ۞ وَتَرَى ٱلشَّمْسَ إِذَا طَلَعَت تَّزَٰوَرُ عَن كَهْفِهِمْ ذَاتَ ٱلْيَمِينِ وَإِذَا غَرَبَت تَّقْرِضُهُمْ ذَاتَ ٱلشِّمَالِ وَهُمْ فِى فَجْوَةٍ مِّنْهُ ۚ ذَٰلِكَ مِنْ ءَايَٰتِ ٱللَّهِ ۗ مَن يَهْدِ ٱللَّهُ فَهُوَ ٱلْمُهْتَدِ ۖ وَمَن يُضْلِلْ فَلَن تَجِدَ لَهُۥ وَلِيًّا مُّرْشِدًا ﴾١٧﴿
- സൂര്യന്‍ ഉദിക്കുമ്പോള്‍ അവരുടെ ഗുഹവിട്ടു വലത്തോട്ടു ചാഞ്ഞുപോകുന്നതായും, അസ്തമിക്കുമ്പോള്‍ അതവരെ മുറിച്ചു കടന്നു ഇടത്തോട്ടു പോകുന്നതായും നിനക്കു കാണാം; അവരാകട്ടെ അതില്‍നിന്നുള്ള ഒരു വിശാല സ്ഥലത്തുമാകുന്നു. അതു (എല്ലാം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്. അല്ലാഹു ആരെയെങ്കിലും നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവനാണ് നേര്‍മ്മാര്‍ഗ്ഗം സിദ്ധിച്ചവന്‍; അവന്‍ ആരെയെങ്കിലും ദുര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ അവന് നേര്‍ വഴി നല്‍കുന്ന യാതൊരു ബന്ധുവേയും നീ കണ്ടെത്തുന്നതുമല്ലതന്നെ.
- وَتَرَى നിനക്കു കാണാം, നീ കാണും الشَّمْسَ സൂര്യനെ إِذَا طَلَعَت അത് ഉദിക്കുമ്പോള്‍, ഉദിച്ചാല്‍ تَّزَاوَرُ തെറ്റുന്നതായി, ചായുന്നതായി عَن كَهْفِهِمْ അവരുടെ ഗുഹ വിട്ടു ذَاتَ الْيَمِينِ വലഭാഗം, വലത്തോട്ട് وَإِذَا غَرَبَت അത് അസ്തമിക്കുമ്പോള്‍, അസ്തമിച്ചാല്‍ تَّقْرِضُهُمْ അതവരെ മുറിച്ചു കടക്കും ذَاتَ الشِّمَالِ ഇടഭാഗം, ഇടത്തോട്ട് وَهُمْ അവരാകട്ടെ فِي فَجْوَةٍ ഒരു വിശാലസ്ഥലത്തിലാണ് مِّنْهُ അതില്‍ നിന്ന് ذَٰلِكَ അതു مِنْ آيَاتِ اللَّـهِ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ് مَن ആരെയെങ്കിലും يَهْدِ اللَّـهُ അല്ലാഹു നേര്‍മ്മാര്‍ഗ്ഗത്തിലാക്കുന്നതായാല്‍ فَهُوَ എന്നാല്‍ അവനാണ് الْمُهْتَدِ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചവന്‍ يُضْلِلْ وَمَن ആരെയെങ്കിലും അവന്‍ വഴിപിഴപ്പിക്കുന്നതായാല്‍ فَلَن تَجِدَ എന്നാല്‍ നീ കണ്ടെത്തുന്നതേയല്ല, കണ്ടെത്തുകയില്ലതന്നെ لَهُ അവന് وَلِيًّا ഒരു ബന്ധുവെ مُّرْشِدًا നേര്‍മ്മാര്‍ഗ്ഗം നല്‍കുന്ന, തന്റേടം നല്‍കുന്ന
ഗുഹ സ്ഥിതി ചെയ്തിരുന്നത് ഏതു രാജ്യത്തായിരുന്നുവെന്നു ക്വുര്‍ആന്‍ പ്രസ്താവിച്ചിട്ടില്ല. ഈലിയാ (ايلية) എന്ന ബൈത്തുല്‍ മുഖദ്ദസ്സില്‍ ആണെന്നും, മൗസുലിനടുത്തു നീനുവായിലാണെന്നും, റോമായിലാണെന്നും (*) മറ്റും പല അഭിപ്രായങ്ങള്‍ കാണാം. 9-ാം വചനത്തില്‍ ‘റഖീമി’ന്റെ വിവരണത്തില്‍, അതു ഗുഹാവാസികളുടെ രാജ്യത്തിന്റെ പേരാണെന്നുള്ള അഭിപ്രായവും, അതിനു ഉപോല്‍ബലം നല്‍കുന്ന ചില വിവരങ്ങളും നാം ചൂണ്ടിക്കാണിച്ചുവല്ലോ.
(*). പടങ്ങള്‍ 1,2,6 നോക്കുക.
സൂര്യന്‍, രാവിലെ വലത്തോട്ടും, വൈകുന്നേരം ഇടത്തോട്ടും തെറ്റിപ്പോകുമെന്നും, അങ്ങനെ ഗുഹയില്‍ കിടക്കുന്നവരെ വെയിലിന്റെ ശല്യം ബാധിക്കുകയില്ലെന്നും ഈ വചനത്തില്‍ നിന്നു വ്യക്തമാണ്. അപ്പോള്‍ ഗുഹയുടെ കിടപ്പ് തെക്കുവടക്കായിരിക്കുമെന്നും, ഗുഹാമുഖം മിക്കവാറും വടക്കോട്ടായിരിക്കുമെന്നും കരുതാവുന്നതാകുന്നു. കാരണം, മേല്‍ പറഞ്ഞ ഏത് അഭിപ്രായം നാം എടുത്താലും, ഭൂമദ്ധ്യരേഖയില്‍ നിന്ന് ഏറെക്കുറെ 30 ഡിഗ്രിയോ അതിലധികമോ വടക്കായിരുന്നു ആ രാജ്യമെന്നു തീര്‍ച്ചയാണ്. സൂര്യനാകട്ടെ, വടക്കേ അയനത്തിലും തെക്കേ അയനത്തിലും 23½ ഡിഗ്രി മാത്രമേ നീങ്ങുകയുള്ളു. ഗുഹാമുഖം വടക്കോട്ടല്ലാതാകുന്ന പക്ഷം, പകലില്‍ കുറച്ചു സമയമെങ്കിലും വെയില്‍ അതിനുള്ളില്‍ പ്രവേശിക്കേണ്ടതാണ്. ഏതായാലും, ഗുഹയെപ്പറ്റി കൂടുതല്‍ വല്ലതും അറിയുന്നതില്‍ നമുക്ക് വല്ല പ്രത്യേക പ്രയോജനവും ഉണ്ടായിരുന്നുവെങ്കില്‍, അല്ലാഹു അത് എടുത്തു പറയുമായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് നാം കൂടുതല്‍ ആരായേണ്ടതില്ല. والله أعلم