സൂറത്തുല്‍ ഹിജ്ര്‍ : 01-25
ഹിജ്ർ
മക്കയില്‍ അവതരിച്ചത് – വചനങ്ങള്‍ 99 -വിഭാഗം (റുകുഉ്) 6
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
ജുസ്ഉ് - 14
വിഭാഗം - 1
ഈ സൂറത്തിലെ 80-ാം വചനത്തില്‍ സ്വാലിഹ് നബി (عليه الصلاة والسلام) യുടെ രാജ്യമായ ഹിജ്റിനെക്കുറിച്ച് പരാമര്‍ശമുള്ളതില്‍നിന്നാണ് ഇതിന് സൂറത്തുല്‍ ഹിജ്ര്‍ എന്ന പേര് വന്നത്.
- الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍ مُّبِينٍ ﴾١﴿
- അലിഫ് ലാം റാ. (*) ഇവ (വേദ) ഗ്രന്ഥത്തിന്റെയും, (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഒരു (മഹത്തായ) ക്വുര്‍ആന്റെയും 'ആയത്തു' [സൂക്തം] കളാകുന്നു.
- الٓر 'അലിഫ് - ലാം - റാ' تِلْكَ അവ (ഇവ) آيَاتُ ആയത്തുകളാകുന്നു الْكِتَابِ (വേദ) ഗ്രന്ഥത്തിന്റെ وَقُرْآنٍ ഒരു ക്വുര്‍ആന്റെയും (പാരായണ ഗ്രന്ഥത്തിന്റെയും) مُّبِينٍ സ്പഷ്ടമായ, സ്പഷ്ടമാക്കുന്ന
- رُّبَمَا يَوَدُّ ٱلَّذِينَ كَفَرُوا۟ لَوْ كَانُوا۟ مُسْلِمِينَ ﴾٢﴿
- ചിലപ്പോഴൊക്കെ അവിശ്വാസികള്‍ കൊതിച്ചുപോകും: തങ്ങള്‍ 'മുസ്ലിം'കള്‍ [അല്ലാഹുവിനു കീഴോതുങ്ങിയവര്‍] ആയിരുന്നെങ്കില്‍ (കൊള്ളാമായിരുന്നു!) എന്ന്.
- رُّبَمَا ചിലപ്പോള്‍, ഒരുവേള يَوَدُّ കൊതിക്കും, മോഹിക്കും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَوْ كَانُوا അവരായിരുന്നെങ്കില്‍ എന്നു مُسْلِمِينَ മുസ്ലിംകള്‍
(*) അല്‍ബഖറയിലും മറ്റും വിവരിച്ചതു ഓര്‍ക്കുക.
- ذَرْهُمْ يَأْكُلُوا۟ وَيَتَمَتَّعُوا۟ وَيُلْهِهِمُ ٱلْأَمَلُ ۖ فَسَوْفَ يَعْلَمُونَ ﴾٣﴿
- (നബിയേ) അവരെ വിട്ടേക്കുക: അവര്‍ തിന്നുകയും, സുഖമനുഭവിക്കുകയും, അതിമോഹം അവരെ അശ്രദ്ധയിലാക്കുകയും ചെയ്തുകൊണ്ടിരിക്കട്ടെ; വഴിയെ അവര്‍ അറിഞ്ഞുകൊള്ളും.
- ذَرْهُمْ അവരെ വിട്ടേക്കുകيَأْكُلُوا അവര്‍ തിന്നുകൊണ്ടിരിക്കട്ടെ وَيَتَمَتَّعُوا സുഖമനുഭവിക്കുകയും ചെയ്യട്ടെ وَيُلْهِهِمُ അവരെ അശ്രദ്ധയിലാക്കുകയും الْأَمَلُ അതിമോഹം, അത്യാഗ്രഹം فَسَوْفَ എന്നാല്‍ വഴിയെ يَعْلَمُونَ അവര്‍ അറിയുന്നതാണ്
رُّبَمَا (റുബമാ) എന്നും, رُّبَّمَا (റുബ്ബമാ) എന്നും ഇവിടെ വായിക്കപ്പെട്ടിട്ടുണ്ട് അര്‍ത്ഥം രണ്ടായാലും ഒന്നു തന്നെ. ‘ചിലപ്പോള്‍, ഒരു പക്ഷേ, ഒരു വേള’ എന്നിങ്ങിനെ അല്‍പത്വത്തെ കുറിക്കുന്നതാണു ആ പദം. ചിലപ്പോള്‍ സന്ദര്‍ഭമനുസരിച്ച് ആധിക്യത്തെ സൂചിപ്പിച്ചും അതു ഉപയോഗിക്കപ്പെടാറുണ്ട്. (*). പതിവായി ഒരാളുടെ സഹായത്തെ ആശ്രയിച്ചു വരുന്ന ഒരു മനുഷ്യന്റെ നന്ദികേടിനെക്കുറിച്ചു പറയുമ്പോള്‍ ‘നീ ചിലപ്പോള്‍ എന്റെ സഹായത്തിനുവേണ്ടി വന്നേക്കും’ എന്നു അയാള്‍ പറയുമ്പോള്‍, നിനക്കു എന്റെ സഹായം എപ്പോഴും ആവശ്യമായിരിക്കുമെന്നാണല്ലോ അതിന്റെ താല്‍പര്യം. അതുപോലെ, അവിശ്വാസികള്‍ ഇപ്പോള്‍ നിഷേധത്തിന്റെ മര്‍ക്കട മുഷ്ടിയില്‍ തന്നെയാണുള്ളതെങ്കിലും വഴിയെ അവര്‍, തങ്ങള്‍ മുസ്ലിംകളായി സത്യവിശ്വാസം സ്വീകരിച്ചിരുന്നെങ്കില്‍ നന്നായേനെ എന്നു പലപ്പോഴും കൊതിച്ചുപോവുക തന്നെ ചെയ്യും; ഉപദേശങ്ങളും ദൃഷ്ടാന്തങ്ങളും വിലവെക്കാത്ത അവര്‍ തല്‍ക്കാലം അവരുടെ സുഖസൗകര്യങ്ങളിലും വ്യാമോഹങ്ങളിലും സ്വൈരവിഹാരം കൊള്ളട്ടെ; വഴിയെ അതിന്റെ ഫലം അവര്‍ അറിഞ്ഞുകൊള്ളും എന്നു സാരം.
يعنى ان اصله للتقليل وقد يراد به التكثير
മരണവേളയിലെയും, ക്വിയാമത്ത് നാളിലെയും, വിചാരണവേളയിലെയും ഭയങ്കരതകള്‍ അനുഭവപ്പെടുമ്പോഴും, സത്യവിശ്വാസികളെ സ്വര്‍ഗത്തിലേക്കും അവിശ്വാസികളെ നരകത്തിലേക്കും തിരിക്കുമ്പോഴും, നരകത്തിലെ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകുമ്പോഴും സത്യവിശ്വാസികളായ പാപികളുടെ നരകശിക്ഷയുടെ കാലാവധി കഴിഞ്ഞ ശേഷം അവര്‍ നരകത്തില്‍ നിന്ന് മോചിക്കപ്പെടുന്നത് കാണുമ്പോഴും – അങ്ങനെ പല അവസരങ്ങളിലും – അവിശ്വാസികള്‍ അപ്രകാരം കൊതിക്കുകയും പറയുകയും ചെയ്തുകൊണ്ടിരിക്കുമെന്ന് പല ക്വുര്‍ആന്‍ വചനങ്ങളില്‍ നിന്നും, നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടിട്ടുള്ളതാണ്. ഇതാണിവിടെ ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പൊതുവെ അംഗീകരിച്ചിട്ടുള്ള പ്രബലമായ വ്യാഖ്യാനം. മറ്റൊരു അഭിപ്രായപ്രകാരം, തങ്ങള്‍ മുസ്‌ലിംകളായിരുന്നെങ്കില്‍ നന്നായേനെ എന്ന് അവിശ്വാസികള്‍ കൊതിച്ചു പോകുമെന്ന് പറഞ്ഞത്, സത്യവിശ്വാസികള്‍ക്ക് ഭൂമിയില്‍ പിന്നീട് ലഭിക്കുന്ന വിജയവും സ്വാധീനവും കാണുമ്പോഴായിരിക്കും എന്നാകുന്നു. ഈ അഭിപ്രായപ്രകാരം ഇസ്ലാമിനു വിജയവും സ്വാധീനവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ആദ്യകാലത്തെ അവിശ്വാസികളെ സംബന്ധിച്ചാണ് ഈ പ്രസ്താവന എന്നുവെക്കേണ്ടി വരുന്നതാണ്. ഒന്നാമത്തെ അഭിപ്രായപ്രകാരം എല്ലാ അവിശ്വാസികളെയും സംബന്ധിച്ച ഒരു പ്രസ്താവനയായിരിക്കും ഇത്. والله أعلم
- وَمَآ أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ ﴾٤﴿
- ഒരു രാജ്യത്തെയും [രാജ്യക്കാരെയും] തന്നെ, അതിന് അറിയപ്പെട്ടതായ ഒരു (നിശ്ചിത) നിയമം ഉണ്ടായിക്കൊണ്ടല്ലാതെ നാം നശിപ്പിച്ചിട്ടില്ല.
- وَمَا أَهْلَكْنَا നാം നശിപ്പിച്ചിട്ടില്ല مِن قَرْيَةٍ ഒരു രാജ്യത്തെയും തന്നെ إِلَّا وَلَهَا അതിന് (ഉണ്ടായിട്ടു) ഇല്ലാതെ كِتَابٌ ഒരു രേഖ (നിയമം - നിശ്ചയം) مَّعْلُومٌ അറിയപ്പെട്ട
- مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَـْٔخِرُونَ ﴾٥﴿
- ഒരു സമുദായവും തന്നെ, അതിന്റെ (നിശ്ചിത) അവധിയെ മുന്‍കടക്കുകയില്ല; അവർ (അതിനപ്പുറം) പിന്തിപ്പോകുകയുമില്ല.
- مَّا تَسْبِقُ മുന്‍കടക്കുകയില്ല مِنْ أُمَّةٍ ഒരു സമുദായവും തന്നെ أَجَلَهَا അതിന്റെ അവധി وَمَا يَسْتَأْخِرُونَ അവര്‍ പിന്തിപ്പോകുകയുമില്ല
ഓരോ ജനതയുടെയും നാശം എപ്പോഴാണ്, എങ്ങിനെയാണ് എന്നോക്കെ ചില നിയമങ്ങളും വ്യവസ്ഥകളും അടങ്ങുന്ന ഓരോ അവധി അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ അവധി പൂര്‍ത്തിയാകുമ്പോഴേ അത് സംഭവിക്കൂ. അതിന് മുമ്പോ പിമ്പോ ഒരിക്കലും അത് സംഭവിക്കുകയില്ല. അതുപോലെ, ഈ മുശ്രിക്കുകള്‍ക്കുമുണ്ട് ഒരവധി. അത് വരുമ്പോള്‍ ഇവരുടെ ഊഴവും വരുമെന്ന് താല്‍പര്യം.
- وَقَالُوا۟ يَـٰٓأَيُّهَا ٱلَّذِى نُزِّلَ عَلَيْهِ ٱلذِّكْرُ إِنَّكَ لَمَجْنُونٌ ﴾٦﴿
- അവര്‍ [അവിശ്വാസികള്‍] പറയുന്നു: 'ഹേ, പ്രമാണം [ക്വുര്‍ആന്‍] ഇറക്കപ്പെട്ടിട്ടുള്ളവനേ, നിശ്ചയമായും നീ ഒരു ഭ്രാന്തന്‍ തന്നെ!
- وَقَالُوا അവര്‍ പറയുന്നു, പറയുകയാണ് يَا أَيُّهَا الَّذِي ഹേ യാതൊരുവനേ نُزِّلَ عَلَيْهِ അവന്റെ മേല്‍ ഇറക്കപ്പെട്ടിരിക്കുന്നു الذِّكْرُ പ്രമാണം, സ്മരണ إِنَّكَ നിശ്ചയമായും നീ لَمَجْنُونٌ ഒരു ഭ്രാന്തന്‍ തന്നെ
- لَّوْ مَا تَأْتِينَا بِٱلْمَلَـٰٓئِكَةِ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٧﴿
- നീ സത്യവാന്‍മാരില്‍പ്പെട്ടവനാണെങ്കില്‍ ഞങ്ങളുടെ അടുക്കല്‍ നീ മലക്കുകളെ കൊണ്ടുവരാത്തതെന്താണ്?!'
- لَّوْ مَا تَأْتِينَا നീ ഞങ്ങള്‍ക്ക് വന്നുകൂടേ, വരാത്തതെന്ത് بِالْمَلَائِكَةِ മലക്കുകളെകൊണ്ട്, മലക്കുകളുമായി إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍ പെട്ട (വന്‍).
ذِّكْر (ദിക്ര്‍) എന്ന വാക്കിന് സന്ദര്‍ഭം പോലെ ‘സ്മരണ, പ്രമാണം, കീര്‍ത്തി, പ്രസ്താവന’ എന്നൊക്കെ അര്‍ത്ഥം കല്‍പിക്കാം. ‘പ്രമാണം’ എന്ന അര്‍ത്ഥത്തിലാണ് ഇവിടെ അതുള്ളത്. അതിനോട് اَلْ (അല്‍) എന്ന അവ്യയം ചേര്‍ത്ത് الذِّكْرُ എന്നു പറയുമ്പോള്‍ അതൊരു പ്രത്യേക പ്രമാണത്തെ ഉദ്ദേശിച്ചായിരിക്കും പറയപ്പെട്ടിരിക്കുക. നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ തിരുമേനിയെ ബന്ധപ്പെടുത്തി പറഞ്ഞിരിക്കകൊണ്ട് ഇവിടെ അത് കൊണ്ടുള്ള വിവക്ഷ ക്വുര്‍ആനാണെന്നു വ്യക്തമാകുന്നു. താഴെ 9-ാം വചനത്തിന്റെയും സൂറത്തുന്നഹ്ല്‍ :43,44 എന്നീ വചനങ്ങളുടെയും വാഖ്യാനങ്ങളില്‍നിന്നു ഈ വാക്കിന്റെ ഉദ്ദേശ്യം കൂടുതല്‍ വ്യക്തമാകുന്നതാണ്.
നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യെക്കുറിച്ച് ‘ഭ്രാന്തന്‍’ എന്ന അവരുടെ ആരോപണത്തിനു കാരണം ക്വുര്‍ആന്‍ മുഖേന നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രബോധനം ചെയ്യുന്ന തത്വങ്ങളില്‍ അവര്‍ക്കുള്ള പ്രതിഷേധവും, നിഷേധവുമല്ലാതെ മറ്റൊന്നുമല്ലെന്നു സ്പഷ്ടം തന്നെ. മൂസാ (عليه الصلاة والسلام) നബിയുടെ ഒരു പ്രസ്താവനക്കു പ്രത്യുത്തരം പറയുവാന്‍ കഴിയാതെ വന്നപ്പോള്‍, ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ടു ഫിര്‍ഔന്‍ പറയുകയുണ്ടായി: ‘നിങ്ങളിലേക്കു അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ (ഈ) റസൂല്‍ ഒരു ഭ്രാന്തന്‍ തന്നെയാണ്’ എന്ന്. (26:27). അതുപോലെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ന്യായം കൊണ്ട് തോല്‍പിക്കുവാന്‍ കഴിയാത്തതുകൊണ്ട് മുശ്രിക്കുകളും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെക്കുറിച്ച് പറഞ്ഞ ഒരു ‘ഭ്രാന്തന്‍ വാക്ക്’ മാത്രമാണത്. അതിന് നേര്‍ക്കുനേരെ ഒരു മറുപടിയും പറയേണ്ടതായിട്ടില്ല.
എങ്കിലും അവരുടെ ആരോപണത്തിന് കാരണമാകുന്ന ആ പ്രമാണം നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ യുടെ സ്വന്തം വകയല്ലെന്നും, അത് അല്ലാഹു ഇറക്കിയതാണെന്നും, അവരുടെ ആഗ്രഹത്തിന് വിരുദ്ധമായി അതിനെ അവന്‍ സുരക്ഷിതമായി നിലനിര്‍ത്തുകതന്നെ ചെയ്യുമെന്നും 9-ാം വചനത്തില്‍ അതിന് മറുപടിയെന്നോണം അല്ലാഹു പ്രസ്താവിക്കുന്നുണ്ട്. എന്തുകൊണ്ടാണു ഇവന്‍ മലക്കുകളെയും കൊണ്ടുവരാത്തതെന്ന അവരുടെ ആക്ഷേപമാണ് മറ്റൊന്ന്. അതിന്റെ മറുപടിയാണ് അടുത്ത വചനത്തില്‍ കാണുന്നത്.
- مَا نُنَزِّلُ ٱلْمَلَـٰٓئِكَةَ إِلَّا بِٱلْحَقِّ وَمَا كَانُوٓا۟ إِذًا مُّنظَرِينَ ﴾٨﴿
- മലക്കുകളെ (തക്കതായ) ന്യായ പ്രകാരമല്ലാതെ നാം ഇറക്കാറില്ല; (ഇറക്കുന്ന പക്ഷം) അപ്പോള്‍, അവര്‍ (ഒഴിവ് നല്‍കി) കാത്തുവെക്കപ്പെടുന്നവരായിരിക്കയുമില്ല.
- مَا نُنَزِّلُ നാം ഇറക്കുകയില്ല, ഇറക്കാറില്ല الْمَلَائِكَةَ മലക്കുകളെ إِلَّا بِالْحَقِّ യഥാര്‍ത്ഥ മുറപ്രകാരമല്ലാത, ന്യായപ്രകാരമല്ലാതെ وَمَا كَانُوا അവരായിരിക്കയുമില്ല إِذًا അപ്പോള്‍, അന്നേരം مُّنظَرِينَ കാത്തുവെക്കപ്പെട്ട (ഒഴിവു നല്‍കപ്പെട്ട) വര്‍
ഇവര്‍ ആവശ്യപ്പെടുമ്പോഴേക്കും മലക്കുകളെ ഇറക്കുവാന്‍ പോകുന്നില്ല. ന്യായമായ ചില കാരണങ്ങളും സന്ദര്‍ഭങ്ങളുമൊക്കെ അതിനുണ്ട്. ഒരു കാര്യം അവര്‍ ഓര്‍ത്തിരിക്കട്ടെ; അങ്ങനെ സംഭവിക്കുന്ന പക്ഷം, അപ്പോള്‍ അവര്‍ക്ക് ഒഴിവ് കിട്ടി രക്ഷപ്പെടാമെന്ന് അവര്‍ വ്യാമോഹിക്കേണ്ട എന്ന് സാരം. ക്വുര്‍ആന്റെ നേരെയുള്ള വെറുപ്പില്‍ നിന്നും അമര്‍ഷത്തില്‍ നിന്നുമാണല്ലോ ഇവരുടെ ഈ ധിക്കാരങ്ങളൊക്കെ ഉത്ഭവിക്കുന്നത്. അതുകൊണ്ടൊന്നും ക്വുര്‍ആന്‍ പിന്‍വലിക്കപ്പെടുകയോ, അതിന് വല്ല ഹാനിയും സംഭവിക്കുകയോ ചെയ്കയില്ലെന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു:-
- إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَـٰفِظُونَ ﴾٩﴿
- നിശ്ചയമായും, നാം തന്നെയാണ് (ഈ) പ്രമാണത്തെ [ക്വുര്‍ആനെ] അവതരിപ്പിച്ചത്. നാം തന്നെ, അതിനെ (കാത്തു) സൂക്ഷിക്കുകയും ചെയ്തുകൊള്ളും.
- إِنَّا نَحْنُ നിശ്ചയമായും നാം തന്നെ نَزَّلْنَا നാം ഇറക്കിയിരിക്കുന്നു الذِّكْرَ പ്രമാണത്തെ, സ്മരണയെ وَإِنَّا നിശ്ചയമായും നാം لَهُ അതിനെ لَحَافِظُونَ കാക്കുന്ന (സൂക്ഷിക്കുന്ന)വർ തന്നെയുമാണ്
الذِّكْر (പ്രമാണം) കൊണ്ടുദ്ദേശിക്കപ്പെട്ടിരിക്കുന്നത് പ്രധാനമായും ക്വുര്‍ആനാണെന്ന് അല്‍പം മുമ്പ് പറഞ്ഞുവല്ലോ. ക്വുര്‍ആനെ സംബന്ധിച്ചിടത്തോളം, അതിനെ കാത്തു സൂക്ഷിക്കുമെന്നുള്ള അല്ലാഹുവിന്റെ വാഗ്ദാനം അവന്‍ തികച്ചും പാലിച്ചിട്ടുണ്ടെന്നുള്ളതില്‍ സംശയമില്ല. ആര്‍ അവിശ്വസിച്ചാലും ശരി, ആര്‍ ദുര്‍വ്യാഖ്യാനം നടത്തിയാലും ശരി, ആര്‍ ശത്രുത പുലര്‍ത്തിവന്നാലും ശരി, മുസ്‌ലിം സമുദായമദ്ധ്യേ എന്തെല്ലാം ഭിന്നിപ്പുകളുണ്ടായിരുന്നാലും ശരി, വള്ളി പുള്ളിക്ക് വ്യത്യാസം കൂടാതെ അന്ന് തൊട്ട് ഇന്നോളം അതിന്റെ സാക്ഷാല്‍ രൂപത്തില്‍ അത് നിലവിലുണ്ട്. മേലിലും അതങ്ങിനെത്തന്നെ അവശേഷിക്കുകയും ചെയ്യും. എന്നിരിക്കെ മറ്റു മതഗ്രന്ഥങ്ങളില്‍ നേരിട്ടതുപോലെ, മാറ്റത്തിരുത്തങ്ങളോ, കൂട്ടിക്കുറക്കലുകളോ അതില്‍ സംഭവിക്കുവാന്‍ നിവൃത്തിയില്ലല്ലോ. വേദഗ്രന്ഥങ്ങളടക്കം മറ്റൊരു ഗ്രന്ഥത്തിനും ലഭിക്കാത്ത ഒരു പ്രത്യേക വാഗ്ദാനമത്രെ ഇത്. വിശുദ്ധ ക്വുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്നുള്ളതിന് ഒരു പ്രത്യേക തെളിവ് തന്നെയാണ് ഈ 9-ാം വചനമെന്ന് വ്യക്തമാണ്. ക്വുര്‍ആനല്ലാത്ത ദിവ്യഗ്രന്ഥങ്ങള്‍ക്കൊന്നും ഇല്ലാത്ത ഒരു വിശേഷതയാണിത്. ക്വുര്‍ആനെ അല്ലാഹു കാത്തുസൂക്ഷിക്കുമെന്ന് പറഞ്ഞിരിക്കകൊണ്ട് അതിന്റെ വ്യാഖ്യാനവും വിശദീകരണവുമാകുന്ന നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സുന്നത്തും (വാക്കും സമ്മതവും പ്രവൃത്തിയും അടങ്ങുന്ന ചര്യയും) കാത്തുസൂക്ഷിക്കൽ അനിവാര്യമായിത്തീരുന്നു. ക്വുര്‍ആന്‍ ശരിക്ക് മനസ്സിലാകേണമെങ്കില്‍ നബിചര്യയും അറിയേണ്ടതുണ്ടല്ലോ.
- وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِى شِيَعِ ٱلْأَوَّلِينَ ﴾١٠﴿
- നിനക്ക് മുമ്പ് പൂര്‍വ്വീകന്‍മാരിലുള്ള (പല) കക്ഷികളിലായി നാം (റസൂലുകളെ) അയക്കുകയുണ്ടായിട്ടുണ്ട്.
- وَلَقَدْ أَرْسَلْنَا തീര്‍ച്ചയായും നാം അയച്ചിട്ടുണ്ട് مِن قَبْلِكَ നിന്റെ മുമ്പ് فِي شِيَعِ കക്ഷി (കൂട്ടം, സംഘം) കളില്‍ الْأَوَّلِينَ പൂര്‍വ്വീകന്‍മാരിലെ.
- وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾١١﴿
- അവര്‍ക്ക് ഒരു റസൂലും തന്നെ ചെന്നിരുന്നില്ല, അവര്‍ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടിരിക്കാതെ.
- وَمَا يَأْتِيهِم അവര്‍ക്ക് ചെന്നിരുന്നില്ല مِّن رَّسُولٍ ഒരു റസൂലും إِلَّا كَانُوا അവരായിരിക്കാതെ بِهِ അദ്ദേഹത്തെപ്പറ്റി يَسْتَهْزِئُونَ പരിഹസിക്കും
- كَذَٰلِكَ نَسْلُكُهُۥ فِى قُلُوبِ ٱلْمُجْرِمِينَ ﴾١٢﴿
- അപ്രകാരം, (ഈ) കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അതിനെ [പരിഹാസത്തെ] നാം കടത്തിവിടുന്നു;
- كَذَٰلِكَ അപ്രകാരം نَسْلُكُهُ നാമതിനെ കടത്തിവിടുന്നു فِي قُلُوبِ ഹൃദയങ്ങളില്‍ الْمُجْرِمِينَ (ഈ) കുറ്റവാളികളുടെ.
- لَا يُؤْمِنُونَ بِهِۦ ۖ وَقَدْ خَلَتْ سُنَّةُ ٱلْأَوَّلِينَ ﴾١٣﴿
- (അതെ) അവര്‍ ഇതില്‍ വിശ്വസിക്കാതെ. പൂര്‍വ്വീകന്‍മാരുടെ നടപടിക്രമം കഴിഞ്ഞുപോയിട്ടുണ്ടുതാനും.
- لَا يُؤْمِنُونَ بِهِ അവര്‍ ഇതില്‍ വിശ്വസിക്കുകയില്ല, വിശ്വസിക്കാതെ وَقَدْ خَلَتْ കഴിഞ്ഞുപോയിട്ടുണ്ട് سُنَّةُ നടപടിക്രമം الْأَوَّلِينَ പൂര്‍വ്വീകന്‍മാരുടെ, ആദ്യത്തേവരുടെ.
റസൂലിനെയും അദ്ദേഹത്തിന്റെ പ്രബോധനത്തെയും ഈ ജനങ്ങള്‍ നിഷേധിക്കുന്നത് ഒരു പുതിയ വഴക്കമൊന്നുമല്ല. മുന്‍കാലത്തും ഇതുപോലെ റസൂലുകളെ അയക്കുമ്പോള്‍ അവരുടെ ജനങ്ങള്‍ അവരെ പരിഹസിക്കലും നിഷേധിക്കലും ഉണ്ടാകാതിരുന്നില്ല. അങ്ങിനെയുള്ളവരുടെ ഹൃദയങ്ങളില്‍ അല്ലാഹു സത്യവിശ്വാസം കുത്തിത്തിരുകുക പതിവില്ല. അവര്‍ നിഷേധത്തിലും പരിഹാസത്തിലും മുഴുകിക്കൊണ്ടിരിക്കുവാന്‍ തന്നെ അല്ലാഹു വിട്ടേക്കുകയാണ് ചെയ്യുക. അതേമാതിരി ഇവരും ചെയ്യുന്നുവെന്നേയുള്ളു. മുന്‍കാലത്തെ നിഷേധികളുടെ മേല്‍ അല്ലാഹു പല നടപടികളും എടുക്കുകയുണ്ടായിട്ടുണ്ടല്ലോ. അതുപോലെ ഇവരുടെ മേലും ചില നടപടികളൊക്കെ അവന്‍ എടുത്തുകൊള്ളും എന്ന് സാരം. മുശ്രിക്കുകളുടെ നിഷേധം എത്ര കടുത്തതാണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു;-
- وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ ٱلسَّمَآءِ فَظَلُّوا۟ فِيهِ يَعْرُجُونَ ﴾١٤﴿
- ഇവരുടെ മേല്‍, ആകാശത്ത് നിന്നും ഒരു വാതില്‍ നാം തുറന്നു കൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയ് കൊണ്ടിരിക്കുകയും ചെയ്താലും-
- وَلَوْ فَتَحْنَا നാം തുറന്നിരുന്നെങ്കില്‍ عَلَيْهِم അവര്‍ക്കു, അവരുടെമേല്‍ بَابًا ഒരു വാതില്‍, കവാടം مِّنَ السَّمَاءِ ആകാശത്തുനിന്നു فَظَلُّوا فِيهِ എന്നിട്ടു അതിലൂടെ അവരായിത്തീര്‍ന്നു يَعْرُجُونَ കയറിപ്പോകും.
- لَقَالُوٓا۟ إِنَّمَا سُكِّرَتْ أَبْصَـٰرُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ ﴾١٥﴿
- അവര്‍ പറയുക തന്നെ ചെയ്യും: 'ഞങ്ങളുടെ കാഴ്ചകള്‍ക്ക് ലഹരി ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ്; (അല്ല) എങ്കിലും, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു ജനതയാകുന്നു'.
- لَقَالُوا അവര്‍ പറയുക തന്നെ ചെയ്യും إِنَّمَا سُكِّرَتْ ലഹരി (മത്തു) ബാധിപ്പിക്കപ്പെട്ടിരിക്കുക മാത്രമാണ് أَبْصَارُنَا നമ്മുടെ ദൃഷ്ടികള്‍ക്ക് بَلْ نَحْنُ എങ്കിലും ഞങ്ങള്‍ (നാം) قَوْمٌ ഒരു ജനതയാണ് مَّسْحُورُونَ മാരണം ചെയ്യപ്പെട്ട, ആഭിചാരം പിടിപെട്ടവരായ.
അവരുടെ നിഷേധം എത്രമാത്രം കടുത്തതാണെന്നോ? ഒരു പ്രത്യക്ഷ ദൃഷ്ടാന്തമെന്ന നിലക്ക് ആകാശത്തിലേക്ക് ഒരു മാര്‍ഗം അവര്‍ക്ക് തുറന്നു കൊടുത്തു അവര്‍ അതിലൂടെ മേല്‍പോട്ടു കയറിപോകുകയാണെന്നുവെക്കുക. എന്നാല്‍ പോലും അവര്‍: ഇതൊന്നും യഥാര്‍ത്ഥമല്ല – എന്തോ മാരണത്തിലും ചെപ്പടി വിദ്യയിലും പെട്ടു ഞങ്ങള്‍ക്ക് അങ്ങിനെ തോന്നിപ്പോകുകയാണ് – എന്നേ പറയൂ. അനുഭവത്തിലൂടെ കണ്ട സത്യം പോലും സമ്മതിക്കുവാന്‍ അവര്‍ തയ്യാറില്ല എന്ന് സാരം.
വിഭാഗം - 2
അല്ലാഹുവിന്റെ മഹിതമഹത്വങ്ങളും, സൃഷ്ടികൈകാര്യ വൈഭവങ്ങളും ചൂണ്ടിക്കാട്ടുന്ന ചില ദൃഷ്ടാന്തങ്ങളും, അവന്റെ മഹത്തായ അനുഗ്രഹത്തിന്റെ ചില ഉദാഹരണങ്ങളുമാണു തുടര്‍ന്നുള്ള ഏതാനും വചനങ്ങളില്‍ പ്രതിപാദിക്കപ്പെടുന്നത്.
- وَلَقَدْ جَعَلْنَا فِى ٱلسَّمَآءِ بُرُوجًا وَزَيَّنَّـٰهَا لِلنَّـٰظِرِينَ ﴾١٦﴿
- ആകാശത്തില്‍ നാം ചില ഗ്രഹമണ്ഡലങ്ങളെ (രാശികളെ) ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോക്കുന്നവര്‍ക്ക് അവയെ നാം അലങ്കാരമാക്കുകയും ചെയ്തിരിക്കുന്നു;
- وَلَقَدْ جَعَلْنَا തീര്‍ച്ചയായും നാം ആക്കി (ഏര്‍പ്പെടുത്തി) യിരിക്കുന്നു فِي السَّمَاءِ ആകാശത്തില്‍ بُرُوجًا രാശികളെ, സഞ്ചാര മണ്ഡലങ്ങളെ وَزَيَّنَّاهَا അവയെ നാം അലങ്കരിക്കുകയും ചെയ്തു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്.
- وَحَفِظْنَـٰهَا مِن كُلِّ شَيْطَـٰنٍ رَّجِيمٍ ﴾١٧﴿
- ആട്ടപ്പെട്ട എല്ലാ പിശാചില്‍ നിന്നും നാം അവയെ കാ(ത്തു സൂക്ഷി)ക്കുകയും ചെയ്തിരിക്കുന്നു;
- وَحَفِظْنَاهَا അവയെ നാം കാക്കുകയും ചെയ്തു مِن كُلِّ شَيْطَانٍ എല്ലാ പിശാചില്‍ നിന്നും رَّجِيمٍ ആട്ട (ശപിക്ക)പ്പെട്ട.
- إِلَّا مَنِ ٱسْتَرَقَ ٱلسَّمْعَ فَأَتْبَعَهُۥ شِهَابٌ مُّبِينٌ ﴾١٨﴿
- (പക്ഷേ) കട്ടുകേള്‍ക്കുവാന്‍ ശ്രമിച്ചവനൊഴികെ, അപ്പോള്‍, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.
- إِلَّا مَنِ اسْتَرَقَ കളവ് ശ്രമം നടത്തിയ (മോഷ്ടിക്കാന്‍ വന്ന) വനൊഴികെ السَّمْعَ കേള്‍വിയെ (കേള്‍ക്കുവാന്‍) فَأَتْبَعَهُ അപ്പോള്‍ അവനെ പിന്തുടരും شِهَابٌ തീജ്വാല (ഉല്‍ക്ക - ചെങ്കോല്‍) مُّبِينٌ പ്രത്യക്ഷമായ.
بُرْج (ബുര്‍ജ്) ന്റെ ബഹുവചനമാണ് بُرُوج (ബുറൂജ്). ‘കൊത്തളം, ഉന്നതമാളിക’ എന്നും മറ്റുമാണിതിന്റെ ഭാഷാര്‍ത്ഥം. നക്ഷത്ര – ഗ്രഹങ്ങളുടെ സഞ്ചാരമണ്ഡലങ്ങള്‍ക്കും ആ വാക്ക് ഉപയോഗിക്കപ്പെടുന്നു. അതനുസരിച്ചാണ് ഇതുപോലെയുള്ള സ്ഥലങ്ങളില്‍ അതിന് ‘രാശികള്‍’ എന്ന് അര്‍ത്ഥം കല്പിക്കാറുള്ളത്. ആകാശത്തില്‍ കോടിക്കണക്കിലുള്ള മഹാ നക്ഷത്രങ്ങളും, അവക്കെല്ലാം പ്രത്യേകം പ്രത്യേകം സഞ്ചാര മാര്‍ഗങ്ങളും അല്ലാഹു സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അവയെല്ലാം വ്യവസ്ഥാപിതമായി നടമാടിക്കൊണ്ടിരിക്കവേ തന്നെ, അവയെ നോക്കിക്കാണുന്നവര്‍ക്ക് അവ വമ്പിച്ചൊരു ദീപാലങ്കാരമാക്കി വെക്കുകയും ചെയ്തിരിക്കുന്നു. അതോടുകൂടി മറ്റൊരു കാര്യം കൂടി അവ മുഖേന നടക്കുന്നുണ്ട്. ആകാശ ജീവികളായ മലക്കുകളില്‍ നിന്നു (താഴെ കാണുന്ന ഹദീഥിൽ പറയുന്ന പ്രകാരം) ചില വാര്‍ത്തകള്‍ ചോര്‍ത്തിയെടുക്കുവാന്‍ വേണ്ടി മേല്‍ പോട്ടു കയറിച്ചെന്നു അവരുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ ശ്രമിക്കുന്ന പിശാചുക്കളെ എറിഞ്ഞാട്ടുവാനും, അങ്ങനെ ആകാശങ്ങളെ അവരില്‍ നിന്ന് സുരക്ഷിതമാക്കുവാനും അല്ലാഹു അവമൂലം ഏര്‍പ്പാട് ചെയ്തിരിക്കുന്നു. കട്ടുകേള്‍ക്കുവാന്‍ ചെല്ലുന്ന പിശാചുക്കളെ അവയില്‍ നിന്ന് ഒരു തരം തീ ജ്വാലകള്‍ (ഉല്‍ക്കകള്‍) പിടികൂടുന്നു. ഇതാണ് ഈ വചനങ്ങളില്‍ പറഞ്ഞതിന്റെ സാരം. സൂറത്തുല്‍ മുല്‍കില്‍ പറയുന്നു: وَلَقَدْ زَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَجَعَلْنَاهَا رُجُومًا لِّلشَّيَاطِينِ (സാരം: ഏറ്റം അടുത്ത ആകാശത്തെ നാം പല വിളക്കുകളെ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരിക്കുന്നു). വിളക്കുകള്‍ കൊണ്ട് വിവക്ഷ നക്ഷത്രങ്ങളാണെന്ന് 37:6 -ല്‍ നിന്നും മറ്റും മനസ്സിലാക്കാം.
ഉല്‍ക്കകളെയും, അവയുടെ കാരണത്തെയും സംബന്ധിച്ചു ശാസ്ത്രജ്ഞര്‍ക്ക് ചില അഭിപ്രായങ്ങളെല്ലാം പറയുവാനുണ്ടെങ്കിലും ഭൗതിക ദൃഷ്ടികള്‍ക്കോ ശാസ്ത്രങ്ങള്‍ക്കോ കണ്ടുപിടിക്കുവാന്‍ കഴിയാത്ത ഈയൊരു കാര്യം – പിശാചുക്കളെ എറിഞ്ഞാട്ടുക – കൂടി ഉല്‍ക്കകള്‍ മുഖേന നടക്കുന്നുവെന്നത്രെ അവയുടെ സൃഷ്ടാവായ അല്ലാഹു പറയുന്നത്. ഇക്കാര്യം ഇവിടെ മാത്രമല്ല, സൂറഃ സ്വാഫ്ഫാത്തിലും സൂറഃ ജിന്നിലും ഇതിനെക്കാള്‍ വ്യക്തമായും, വിശദമായും പ്രസ്താവിക്കപ്പെട്ടിട്ടുണ്ടുതാനും. കൂടാതെ ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ ഹദീഥ് നേതാക്കള്‍ വിവിധ മാര്‍ഗങ്ങളിലൂടെ രേഖപ്പെടുത്തിയിട്ടുള്ള പല നബി വചനങ്ങളിലും ഇതിനെപ്പറ്റി വിവരിച്ചു കാണാം.
ഈ 18-ാം വചനത്തിന്റെ ശീര്‍ഷകത്തിലും മറ്റും ഇമാം ബുഖാരി (رحمه الله) ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിന്റെ സാരം മാത്രം ഇവിടെ ഉദ്ധരിക്കുന്നു: നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പറയുകയാണ്: ‘അല്ലാഹു ആകാശത്തില്‍ വെച്ച് ഒരു കാര്യം തീരുമാനിച്ചാല്‍, അല്ലാഹുവിന്റെ വചനങ്ങളോടുള്ള ഭക്തി നിമിത്തം മലക്കുകള്‍ ചിറകടിക്കും. ഒരു മിനുസമായ വെള്ളക്കല്ലിന്‍മേല്‍ ചങ്ങല വലിക്കും പോലെയിരിക്കും അത്. അവരുടെ ഹൃദയങ്ങളില്‍നിന്നു നടുക്കം നീങ്ങുമ്പോള്‍ റബ്ബു പറഞ്ഞതു എന്താണെന്നു അവര്‍ ചോദിച്ചറിയും. ഇതു കട്ടു കേള്‍ക്കുന്നവര്‍ (പിശാചുക്കള്‍) കേള്‍ക്കും, അവര്‍ ഒരാള്‍ക്കുമീതെ മറ്റൊരാളായി നിലകൊള്ളുന്നുണ്ടായിരിക്കും. ചിലപ്പോള്‍ കേട്ട ആള്‍ താഴെയുള്ളവര്‍ക്കു അതു ഇട്ടു കൊടുക്കും മുമ്പു തന്നെ അവനു തീജ്വാല ബാധിക്കും. അതവനെ കരിച്ചു കളയുകയും ചെയ്യും. ചിലപ്പോള്‍, അടുത്തു നില്‍ക്കുന്നവര്‍ക്കു അതു ഇട്ടു കൊടുക്കുന്നതുവരെ ജ്വാല പിടിപെടാതെയുമിരിക്കും. അങ്ങനെ, അവരതു ഭൂമിവരെ എത്തിക്കും. എന്നിട്ട് അതു മാരണക്കാരുടെ (ഗണിതക്കാരുടെ) വായില്‍ ഇട്ടു കൊടുക്കപ്പെടും. അവര്‍ അതില്‍കൂടി നൂറു കളവും ചേര്‍ക്കും. അങ്ങനെ, ‘ഇന്നിന്ന ദിവസം ഇന്നിന്നതു ഉണ്ടാകുമെന്നു അയാള്‍ (മാരണക്കാരന്‍) നമ്മോടു പറഞ്ഞില്ലേ? അതു യഥാര്‍ത്ഥമായി കണ്ടില്ലേ?’ എന്നൊക്കെ ജനങ്ങള്‍ പറഞ്ഞേക്കും. ആകാശത്തു നിന്ന് (യഥാര്‍ത്ഥത്തില്‍) കേട്ട ആ വാക്കായിരിക്കും അത്.’ (ബു).
പിശാചുക്കളുടെ മേല്‍പ്രസ്താവിച്ച കട്ടുകേള്‍വിയെക്കുറിച്ചും, അവര്‍ക്ക് ഉല്‍ക്കകള്‍ ബാധിക്കുന്നതിനെക്കുറിച്ചും അടുത്തകാലത്ത് സ്ഥാപിത താല്പര്യക്കാരായ ചില പണ്ഡിതന്‍മാര്‍, പല ദുര്‍വ്യാഖ്യാനങ്ങളും നല്‍കി തൃപ്തിപ്പെടുകയും, ക്വുര്‍ആന്‍ വചനങ്ങള്‍ക്ക് അവരുടേതായ ചില പുതിയ അര്‍ത്ഥങ്ങള്‍ കല്പിക്കുകയും, ഹദീഥുകളുടെ നേരെ പരിഹാസവീക്ഷണം നടത്തുകയും ചെയ്തിട്ടുണ്ട്. അവയെല്ലാം തക്കതായ മറുപടി നല്‍കിക്കൊണ്ടുള്ള ഒരു ഖണ്ഡനവും, വിഷയത്തിന്റെ യഥാര്‍ത്ഥരൂപം മനസ്സിലാക്കുവാനുതകുന്ന ഒരു വിശദീകരണവും ഈ അദ്ധ്യായത്തിന്റെ അവസാനം ചേര്‍ത്ത വ്യാഖ്യാനക്കുറിപ്പില്‍ കാണാവുന്നതാണ്. കൂടാതെ, ഈ വിഷയകമായി സൂറഃ സ്വാഫ്ഫാത്തിലും, സൂറഃ ജിന്നിലും വന്നിട്ടുള്ള ആയത്തുകളും അവയുടെ വ്യാഖ്യാനവുംകൂടി നോക്കുക.
- وَٱلْأَرْضَ مَدَدْنَـٰهَا وَأَلْقَيْنَا فِيهَا رَوَٰسِىَ وَأَنۢبَتْنَا فِيهَا مِن كُلِّ شَىْءٍ مَّوْزُونٍ ﴾١٩﴿
- ഭൂമിയെ നാം (നീട്ടി) വിശാലപ്പെടുത്തുകയും, അതില്‍ നാം ഉറച്ചു നില്‍ക്കുന്ന മലകളെ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; അതില്‍ നാം തൂക്കം (അഥവാ നിശ്ചിതമായ തോതു വ്യവസ്ഥ) ചെയ്യപ്പെട്ട എല്ലാ വസ്തുക്കളില്‍ നിന്നും മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
- وَالْأَرْضَ ഭൂമിയെ مَدَدْنَاهَا അതിനെ നാം നീട്ടി (വിശാലപ്പെടുത്തി) وَأَلْقَيْنَا നാം ഇടുക (സ്ഥാപിക്കുക)യും ചെയ്തു فِيهَا അതില്‍ رَوَاسِيَ ഉറച്ചു നില്‍ക്കുന്നവയെ (മലകളെ) وَأَنبَتْنَا നാം മുളപ്പിക്കുക(ഉൽപാദിപ്പിക്കുക)യും ചെയ്തു فِيهَا അതില്‍ مِن كُلِّ شَيْءٍ എല്ലാ വസ്തുവില്‍ നിന്നും مَّوْزُونٍ തൂക്കം (തോതു നിര്‍ണ്ണയം) ചെയ്യപ്പെട്ട.
എല്ലാ ഓരോ വസ്തുവിന്റെയും പ്രത്യേകതയും ആവശ്യകതയും അനുസരിച്ചു യുക്തമായ തോതില്‍ അതാതിനു ഉല്‍പാദനം നല്‍കിയിരിക്കുന്നുവെന്നു മൊത്തത്തില്‍ ഇതിന്റെ സാരം മനസ്സിലാക്കാം. എല്ലാതരം ചെടികളുടെയും വസ്തുക്കളുടെയും ധാതുക്കളുടെ തോത് ഓരോന്നിലും വ്യത്യസ്തമാണെങ്കിലും ഓരോന്നും ക്ലിപ്തമായ തൂക്കത്തിലും തോതിലുമാണുള്ളതെന്നും, ആ തോതില്‍നിന്നു ഏതെങ്കിലും ഒരു ധാതു അല്‍പമെങ്കിലും വ്യത്യസ്തമായാല്‍ ആ വസ്തു അതല്ലാതായിത്തീരുമെന്നും ഇന്നു ശാസ്ത്രം തെളിയിച്ചിരിക്കുകയാണ്. അപ്പോള്‍, വളരെ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഈ യാഥാര്‍ത്ഥ്യം വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ളതാണ്.
- وَجَعَلْنَا لَكُمْ فِيهَا مَعَـٰيِشَ وَمَن لَّسْتُمْ لَهُۥ بِرَٰزِقِينَ ﴾٢٠﴿
- അതില്‍ നിങ്ങള്‍ക്കു നാം പല ജീവിതോപാധികളെയും ഏര്‍പ്പെടുത്തിയിരിക്കുന്നു;- (നിങ്ങള്‍ക്കുമാത്രമല്ല) നിങ്ങള്‍ ആഹാരം നല്‍കുന്നവരല്ലാത്തവര്‍ക്കും.
- وَجَعَلْنَا لَكُمْ നിങ്ങള്‍ക്കു നാം ഏര്‍പ്പെടുത്തുകയും ചെയ്തു فِيهَا അതില്‍ مَعَايِشَ പല ജീവിതോപാധികളെ وَمَن യാതൊരുവര്‍ക്കും لَّسْتُمْ നിങ്ങളല്ല لَهُ അവര്‍ക്ക് بِرَازِقِينَ ആഹാരം നല്‍കുന്നവര്‍.
ജീവിക്കുവാനാവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ ഉപാധികളും വിവിധതരം ഉപജീവനമാര്‍ഗ്ഗങ്ങളും ഭൂമിയില്‍ നിങ്ങള്‍ക്കായി അല്ലാഹു ഏര്‍പ്പെടുത്തിത്തന്നിട്ടുണ്ട്. നിങ്ങള്‍ക്കെന്നു മാത്രമല്ല, നിങ്ങള്‍ ആഹാരം നല്‍കി വരുന്നവരോ, നിങ്ങള്‍ക്കു ആഹാരം കൊടുക്കുവാന്‍ കഴിയാത്തവരോ ആയ മനുഷ്യര്‍, പക്ഷിമൃഗാദികള്‍ തുടങ്ങിയ എണ്ണമറ്റ വസ്തുക്കള്‍ക്കും വേണ്ടതായ ജീവിതോപാധികള്‍ ഭൂമിയില്‍ അവന്‍ ഏര്‍പ്പെടുത്തിവെച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍,-
- وَإِن مِّن شَىْءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعْلُومٍ ﴾٢١﴿
- ഒരു വസ്തുവും തന്നെ, അതിന്റെ (നിക്ഷേപ) ഖജനാക്കള്‍ നമ്മുടെ അടുക്കല്‍ ഇല്ലാതെയില്ല. അതിനെ (ഒന്നിനെയും) ഒരു അറിയപ്പെട്ട (നിശ്ചിത) തോതനുസരിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല.
- وَإِن مِّن شَيْءٍ ഒരു വസ്തുവും തന്നെയില്ല إِلَّا عِندَنَا നമ്മുടെ അടുക്കലില്ലാതെ خَزَائِنُهُ അതിന്റെ ഖജനാക്കള്‍ وَمَا نُنَزِّلُهُ അതിനെ നാം ഇറക്കുന്നതുമല്ല إِلَّا بِقَدَرٍ ഒരു തോതനുസരിച്ചല്ലാതെ مَّعْلُومٍ അറിയപ്പെട്ട (നിശ്ചിത).
ഈ ലോകവ്യവസ്ഥയുടെ പിന്നിലുള്ള മൗലികതത്വം ഉള്‍ക്കൊള്ളുന്ന ഒരു വചനമാണിത്. شَيْء (വസ്തു അല്ലെങ്കില്‍ വസ്തുത) എന്നു പറയപ്പെടാവുന്ന എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം നിക്ഷേപവും ഭണ്ഡാരവും അല്ലാഹുവിങ്കലാണുള്ളത്. അവ മുഴുവനും അവന്റെ അധീനത്തിലും നിയന്ത്രണത്തിലുമാണ്. എങ്ങിനെ അല്ലാതിരിക്കും? ഒരു വസ്തു ഉണ്ടാവണമെന്നു അവന്‍ ഉദ്ദേശിച്ചാല്‍ അതു ഉണ്ടാവണമെന്നു പറയുകയേ വേണ്ടൂ – അതുണ്ടായിക്കൊള്ളും (36:82). ഒരു കാര്യം അവന്‍ തീരുമാനിച്ചാല്‍ അതുണ്ടാവണമെന്നു പറയുകയേ വേണ്ടൂ – അതുണ്ടായിക്കൊള്ളും. (2:117). പക്ഷെ, ഒരു നിശ്ചിത തോതും വ്യവസ്ഥയും അനുസരിച്ചു മാത്രമേ അവയെ അവന്‍ പുറത്തിറക്കുകയും വിതരണം ചെയ്യുകയും പതിവുള്ളു. ഓരോന്നിന്റെയും സന്ദര്‍ഭം, ആവശ്യം, അളവു ആദിയായവയെല്ലാം അവന്നറിയാവുന്നതുമാകുന്നു. അഥവാ അവന്നേ അറിയാവൂ. അനുഭവം, അന്വേഷണം, പരീക്ഷണം, നിരീക്ഷണം എന്നിങ്ങനെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ അവയിലടങ്ങിയ വളരെ ചുരുക്കം രഹസ്യങ്ങള്‍ ചിലപ്പോള്‍ മനുഷ്യര്‍ക്കു അറിയുവാന്‍ കഴിഞ്ഞെന്നു വരുമെന്നു മാത്രം. وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا (നിങ്ങള്‍ക്കു അറിവില്‍നിന്നും അല്‍പമല്ലാതെ നല്‍കപ്പെട്ടിട്ടില്ല. 17:85).
ചില വസ്തുക്കള്‍ ധാരാളക്കണക്കിലും, ചിലത് അല്‍പാല്‍പമായും, ചിലത് ചില കാലങ്ങളിലും ദേശങ്ങളിലും, മറ്റു ചിലത് എല്ലാ ഇടത്തും എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ വ്യവസ്ഥയനുസരിച്ചാകുന്നു. ഒരു ചെറിയ ഉദാഹരണം നോക്കുക: ഇന്നു മനുഷ്യലോകത്തിനു – വിശേഷിച്ചും നാഗരികമായ ജനങ്ങള്‍ക്കു – ഭക്ഷണവും, വെള്ളവും കണക്കെ ഒരത്യാവശ്യവസ്തുവാണു വിദ്യുച്ഛക്തി. വന്‍നഗരങ്ങളില്‍ അതില്ലാതെ നിമിഷങ്ങള്‍ പോലും കഴിച്ചു കൂട്ടുവാന്‍ കഴിയാതായിരിക്കുന്നു. ഈ വിദ്യുച്ഛക്തി മുമ്പും ഈ ലോകത്തു സ്ഥിതി ചെയ്യുന്നുണ്ട്. പക്ഷേ, അതിന്റെ അറിവും ആവശ്യവും ഉപയോഗവുമെല്ലാം അടുത്ത കാലങ്ങളിലാണ് മനുഷ്യര്‍ക്കുണ്ടായത്. വിദ്യുച്ഛക്തിയുമായി ബന്ധപ്പെടേണ്ടുന്ന ഒരു ജീവിതരീതി അതുവരെ മനുഷര്‍ക്കുണ്ടായിരുന്നില്ല. അക്കാലത്ത് അതിനെപ്പറ്റി അറിവുണ്ടായാല്‍ തന്നെയും അതിനെ ചൂഷണം ചെയ്തു ഇന്നത്തെപ്പോലെ ഉപയോഗപ്പെടുത്തുവാനുള്ള മാര്‍ഗ്ഗങ്ങളും അജ്ഞാതമായിരുന്നു. അങ്ങനെ, ആവശ്യവും സന്ദര്‍ഭവും വന്നപ്പോള്‍ അല്ലാഹു അതിനെ പുറത്തിറക്കുകയും, അതിന്റെ പ്രയോജനവും ലഭ്യതയും വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങള്‍!
പ്രകൃതിരഹസ്യങ്ങളെപ്പറ്റി പുതിയ അറിവുകള്‍ ലഭിക്കും തോറും, പ്രകൃതി വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുവാനുള്ള കഴിവു വര്‍ദ്ധിക്കുംതോറും അല്ലാഹു നിശ്ചയിച്ച പ്രകൃതി വ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കും. രണ്ടു കണ്ണും അടച്ചുകൊണ്ടു ഈ ലോകത്തിനൊരു സ്രഷ്ടാവിനെ കാണുന്നില്ലെന്നും, ഇതു എങ്ങിനെയോ സ്വയമേവ രൂപം കൊണ്ടതായിരിക്കുമെന്നും വിഭാവനം ചെയ്യുകയും, ഈ വിഭാവനത്തെ യഥാര്‍ത്ഥമായി തെറ്റിദ്ധരിക്കുകയും ചെയ്യുന്ന വിഡ്ഢികള്‍ക്കുമാത്രമേ അതില്‍നിന്നു പാഠമൊന്നും ലഭിക്കാതിരിക്കുകയുള്ളു.
എല്ലാ വസ്തുക്കളെയും കുറിച്ചു نُنَزِّلُهُ (നാം അതിനെ ഇറക്കുന്നു) എന്നു പറഞ്ഞതിന്റെ താല്‍പര്യം അവയൊക്കെ മുകള്‍ഭാഗത്തു നിന്നു മഴ വര്‍ഷിപ്പിക്കും പോലെ കീഴ്പോട്ടു ഇറക്കുന്നുവെന്നല്ല. അവയെ ഉല്‍പാദിപ്പിക്കുകയും രംഗത്തു കൊണ്ടുവരുകയും ചെയ്യുന്നുവെന്നാകുന്നു. അതോടുകൂടി ആ പ്രയോഗത്തില്‍ മറ്റു ചില യഥാര്‍ത്ഥ്യങ്ങള്‍ കൂടി സൂചിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. എല്ലാം അല്ലാഹുവിന്റെ കല്‍പനയും പ്രവൃത്തിയും അനുസരിച്ചാണു ഉണ്ടായിത്തീരുന്നത്. ഭൗമികമായ കാര്യങ്ങളില്‍ മലക്കുകളുടെ കൈക്കും ചില പ്രവര്‍ത്തനങ്ങള്‍ നടമാടുന്നുണ്ട്. എന്നിങ്ങനെയുള്ള സൂചനകള്‍ അതില്‍ അടങ്ങിയിരിക്കുന്നു. മറ്റൊരു സ്ഥലത്തു അല്ലാഹു പറഞ്ഞ വാക്കില്‍ നിന്നു ഇതു കൂടുതല്‍ വ്യക്തമാകുന്നതാണ്. അതെ, يُدَبِّرُ الْأَمْرَ مِنَ السَّمَاءِ إِلَى الْأَرْضِ (അവന്‍ ആകാശത്തു നിന്നു ഭൂമിയിലേക്കു കാര്യം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. 32:5). അപ്പോള്‍ ‘അല്ലാഹു ഇറക്കുന്നു’ വെന്ന പ്രയോഗം കേവലം ഒരു അലങ്കാര പ്രയോഗം മാത്രമല്ലെന്നു ഇതില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. എല്ലാ വസ്തുക്കളുടെയും നിക്ഷേപം അല്ലാഹുവിങ്കലാണെന്നും, ഒരു നിശ്ചിത തോതനുസരിച്ചു അവന്‍ അവയെ ഇറക്കിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞശേഷം അതിനു ചില ഉദാഹരണങ്ങള്‍ തുടര്‍ന്നു പറയുന്നു:-
- وَأَرْسَلْنَا ٱلرِّيَـٰحَ لَوَٰقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَآءً فَأَسْقَيْنَـٰكُمُوهُ وَمَآ أَنتُمْ لَهُۥ بِخَـٰزِنِينَ ﴾٢٢﴿
- വഹിക്കുന്നവയായ (അഥവാ ഫലോല്‍പാദകങ്ങളായ) നിലയില്‍ നാം കാറ്റുകളെ അയക്കുകയും ചെയ്തിരിക്കുന്നു; അങ്ങനെ, ആകാശത്തുനിന്നു നാം (മഴ) വെള്ളം ഇറക്കി; എന്നിട്ടു നിങ്ങള്‍ക്കു അതിനെ നാം കുടിക്കുമാറാക്കിത്തന്നു. നിങ്ങള്‍ അതിനെ (നിക്ഷേപിച്ചു) സൂക്ഷിച്ചുവെക്കുന്നവരല്ലതാനും.
- وَأَرْسَلْنَا നാം അയക്കുകയും ചെയ്തു الرِّيَاحَ കാറ്റുകളെ لَوَاقِحَ വാഹിനികളായികൊണ്ടു, ഉല്‍പാദകങ്ങളായിട്ടു فَأَنزَلْنَا അങ്ങനെ (എന്നിട്ടു) നാം ഇറക്കി مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَسْقَيْنَاكُمُوهُ എന്നിട്ടു നാം നിങ്ങള്‍ക്കതിനെ കുടിക്കു (നനക്കു) മാറാക്കിത്തന്നു وَمَا أَنتُمْ നിങ്ങളല്ലതാനും لَهُ അതിനെ بِخَازِنِينَ സൂക്ഷിക്കുന്ന (നിക്ഷേപിക്കുന്ന - സംഭരിക്കുന്ന) വര്‍.
കാറ്റുകളുടെ സ്ഥിതിവിശേഷണമായിക്കൊണ്ടുള്ള لَوَاقِحَ (ലവാഖിഹ്) എന്ന വാക്കിനു കാര്‍മേഘങ്ങളെ വഹിച്ചുകൊണ്ടുപോകുന്നവ എന്നും, ഫലങ്ങളെ ഉല്‍പാദിപ്പിക്കുന്നവ എന്നും അര്‍ത്ഥം കല്‍പിക്കപ്പെട്ടുകാണാം. അല്ലാഹു കാറ്റുകളെ അയക്കുകയും അവ മേഘത്തെ ഇളക്കിവിടുകയും ചെയ്യുന്നുവെന്നും, അനന്തരം മേഘങ്ങളില്‍ നിന്നു മഴ വര്‍ഷിക്കുകയും, അതുമൂലം ഉല്‍പാദനമില്ലാതെ നിര്‍ജ്ജീവമായി കിടക്കുന്ന ഭൂമിക്കു ജീവസ്സു നല്‍കി ഉല്‍പാദനയോഗ്യമാക്കുകയും ചെയ്യുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ. (റൂം: 48-50). അപ്പോള്‍, കാറ്റുകള്‍ മേഘത്തെ വഹിച്ചുകൊണ്ടുപോകുന്നതും, അതോടുകൂടി ഭൂമിയെ ഫലോല്‍പാദകമാക്കുവാന്‍ കാരണമായിത്തീരുന്നതുമാകുന്നു.
رِيح (രീഹ് – കാറ്റു) എന്ന വാക്കിന്റെ ബഹുവചനമാണു رِيَاح (രിയാഹ് – കാറ്റുകള്‍) എങ്കിലും ഈ രണ്ടു വാക്കുകളും ക്വുര്‍ആനില്‍ ഉപയോഗിച്ച സന്ദര്‍ഭങ്ങള്‍ പരിശോധിക്കുമ്പോള്‍ ബഹുവചനരൂപത്തിലുള്ള പ്രയോഗം (رِيَاحَ) അനുഗ്രഹത്തിന്റെ കാറ്റുകളെ കുറിക്കുന്നതും, ഏകവചനരൂപത്തിലുള്ള പ്രയോഗം (رِيح) ആപല്‍ക്കരമായ കാറ്റിനെ കുറിക്കുന്നതുമായിട്ടാണു കാണപ്പെടുന്നത്. കാറ്റടിക്കുമ്പോള്‍ നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‘അല്ലാഹുവേ, നീ ഇതു കാറ്റുകളാ(رِيَاح)ക്കേണമേ, ഇതു ഒരു കാറ്റാ(رِيح)ക്കരുതേ!’ (*) എന്നു പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീഥിലും വന്നിട്ടുണ്ട്. (ബ; ശാഫിഈ)
(*). اللهُمَّ اجْعَلْهُ رِيَاحًا لَا رِيحًا
وَمَا أَنتُمْ لَهُ بِخَازِنِينَ (നിങ്ങള്‍ അതിനെ സൂക്ഷിച്ചുവെക്കുന്നവരല്ലതാനും.) എന്നു പറഞ്ഞതിന്റെ താല്‍പര്യം രണ്ടു പ്രകാരത്തിലാവാം.
(1) അല്ലാഹു അവന്റെ അനുഗ്രഹം കൊണ്ടു മഴ വര്‍ഷിച്ചു തന്നപ്പോള്‍ നിങ്ങള്‍ക്കു അതു ഉപയോഗപ്പെടുത്തുമാറായി എന്നല്ലാതെ നിങ്ങള്‍ അതു നിങ്ങളുടെ അധീനത്തില്‍ സൂക്ഷിച്ചു സംഭരിച്ചു വെച്ചിരുന്നതില്‍ നിന്നു എടുത്തു പുറത്തിറക്കിയതല്ലല്ലോ.
(2) മഴമൂലം ലഭിക്കുന്ന വെള്ളം മുഴുവനും സംഭരിച്ചു വെച്ച് കേടുപാടു കൂടാതെയും, വറ്റിയോ ഒലിച്ചോ പോകാതെയും സൂക്ഷിച്ചു നിക്ഷേപിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. അഥവാ നിങ്ങളുടെ ആവശ്യങ്ങള്‍ക്കു അപ്പപ്പോള്‍ നാം തന്നെ നിങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചു തരേണ്ടിയിരിക്കുന്നു. രണ്ടു വ്യാഖ്യാനത്തില്‍ ഏതു സ്വീകരിച്ചാലും മനുഷ്യര്‍ക്കു അല്ലാഹുവില്‍ നിന്നു ലഭിക്കുന്ന ഒരു മഹത്തായ അനുഗ്രഹമാണു മഴ എന്നത്രെ അതിലടങ്ങിയ സൂചന. والله أعلم
- وَإِنَّا لَنَحْنُ نُحْىِۦ وَنُمِيتُ وَنَحْنُ ٱلْوَٰرِثُونَ ﴾٢٣﴿
- നിശ്ചയമായും, നാം തന്നെയാണ് ജീവിപ്പിക്കുകയും, മരണപ്പെടുത്തുകയും ചെയ്യുന്നത്. നാം തന്നെയാണ് അനന്തരമെടുക്കുന്നവരും.
- وَإِنَّا നിശ്ചയമായും നാം لَنَحْنُ നാം തന്നെ نُحْيِي നാം ജീവിപ്പിക്കുന്നു وَنُمِيتُ നാം മരിപ്പിക്കുകയും ചെയ്യുന്നു وَنَحْنُ നാം (തന്നെ) الْوَارِثُونَ അനന്തരമെടുക്കുന്നവര്‍, അനന്തരാവകാശികള്‍
‘നിശ്ചയമായും, നാം തന്നെ ഭൂമിയെയും, അതിലുള്ളവരെയും അനന്തരമെടുക്കുന്നു. നമ്മുടെ അടുക്കലേക്കുതന്നെ മടക്കപ്പെടുകയും ചെയ്യും.’ (മര്‍യം:40).
- وَلَقَدْ عَلِمْنَا ٱلْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا ٱلْمُسْتَـْٔخِرِينَ ﴾٢٤﴿
- തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുന്‍ കടന്നുപോകുന്നവരെ നാം അറിഞ്ഞിട്ടുണ്ട്; തീര്‍ച്ചയായും പിന്തി നില്‍ക്കുന്നവരെയും നാം അറിഞ്ഞിട്ടുണ്ട്.
- وَلَقَدْ عَلِمْنَا തീര്‍ച്ചയായും നാം അറിഞ്ഞിട്ടുണ്ട്, നമുക്കറിയാം الْمُسْتَقْدِمِينَ മുന്‍ കടന്നുപോകുന്നവരെ مِنكُمْ നിങ്ങളില്‍ നിന്ന് وَلَقَدْ عَلِمْنَا തീര്‍ച്ചയായും നാം അറിഞ്ഞിട്ടുമുണ്ട് الْمُسْتَأْخِرِينَ പിന്തി നില്‍ക്കുന്നവരെ, പിന്നില്‍ വരുന്നവരെ
- وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُۥ حَكِيمٌ عَلِيمٌ ﴾٢٥﴿
- നിശ്ചയമായും, നിന്റെ റബ്ബ് തന്നെ അവരെ (എല്ലാം) ഒരുമിച്ചു കൂട്ടുകയും ചെയ്യുന്നു. നിശ്ചയമായും, അവന്‍ അഗാധജ്ഞനാണ്, സര്‍വ്വജ്ഞനാണ്.
- وَإِنَّ رَبَّكَ നിശ്ചയമായും നിന്റെ റബ്ബ് هُوَ അവന്‍തന്നെ يَحْشُرُهُمْ അവരെ ഒരുമിച്ചു കൂട്ടുന്നു إِنَّهُ നിശ്ചയമായും അവന്‍ حَكِيمٌ അഗാധജ്ഞനാണ്, യുക്തിമാനാണ് عَلِيمٌ (സര്‍വ്വ)ജ്ഞനാണ്
ജീവിതം, മരണം തുടങ്ങി ഏത് കാര്യത്തിലും ആരൊക്കെയാണ് മുന്നിലായിരിക്കുക എന്നും, ആരൊക്കെ പിന്നിലായിരിക്കുകയെന്നും, ആരൊക്കെ കഴിഞ്ഞു പോയെന്നും, ആരൊക്കെ ബാക്കിയുണ്ടെന്നുമൊക്കെ ശരിക്കും തിട്ടമായും നമുക്ക് മുമ്പേ അറിയാം എന്ന് സാരം.