സൂറത്തുല്‍ ഹിജ്ര് : 26-44
വിഭാഗം - 3
- وَلَقَدْ خَلَقْنَا ٱلْإِنسَـٰنَ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ ﴾٢٦﴿
- തീര്‍ച്ചയായും, (മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു.
- وَلَقَدْ خَلَقْنَا തീര്‍ച്ചയായും നാം സൃഷ്ടിച്ചിട്ടുണ്ടു الْإِنسَانَ മനുഷ്യനെ مِن صَلْصَالٍ ചിലപ്പുണ്ടാകുന്ന (ചിലചിലപ്പുള്ള) മണ്ണിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നുള്ള مَّسْنُونٍ (മൂശ പിടിച്ചു) പാകപ്പെടുത്ത (രൂപപ്പെടുത്ത) പ്പെട്ട, പശിമ പിടിച്ച് നാറ്റം വന്ന
- وَٱلْجَآنَّ خَلَقْنَـٰهُ مِن قَبْلُ مِن نَّارِ ٱلسَّمُومِ ﴾٢٧﴿
- ജിന്നിനെയും അത്യുഷ്ണമുള്ള അഗ്നിയാല്‍ നാം മുമ്പേ അതിനെ സൃഷ്ടിച്ചു.
- وَالْجَانَّ ജിന്നിനെയും خَلَقْنَاهُ നാമതിനെ സൃഷ്ടിച്ചു مِن قَبْلُ മുമ്പു, മുമ്പേ مِن نَّارِ അഗ്നിയാല്‍ السَّمُومِ അത്യുഷ്ണമുള്ള
മനുഷ്യ വര്‍ഗ്ഗത്തിന്റെയും ജിന്നു വര്‍ഗ്ഗത്തിന്റെയും ഉല്‍പത്തിയെക്കുറിച്ചാണു പ്രസ്താവിക്കുന്നത്. മനുഷ്യപിതാവായ ആദം (عليه الصلاة والسلام) നബിയെ മണ്ണുകൊണ്ടും, ജിന്നു വര്‍ഗ്ഗത്തിന്റെ പിതാവായ ഇബ്ലീസിനെ അഗ്നി കൊണ്ടുമാണു സൃഷ്ടിച്ചിരിക്കുന്നതെന്നു ക്വുര്‍ആനില്‍ ഒന്നിലധികം സ്ഥലത്തുനിന്നു വ്യക്തമാണ്. മനുഷ്യ സൃഷ്ടിയെക്കുറിച്ചു പറയുമ്പോള്‍ മണ്ണില്‍നിന്നു (مِنْ تُرَابٍ) കളിമണ്ണില്‍നിന്നു ( مِّنْ حَمَإٍ) ഒട്ടുന്ന -പശിമയുള്ള – കളിമണ്ണില്‍നിന്നു ( مِّن طِينٍ لَّازِبٍ) ചൂള മണ്ണു പോലെ ചിലപ്പുള്ളതില്‍ നിന്നു (مِن صَلْصَالٍ كَالْفَخَّارِ) എന്നിങ്ങിനെയും, ജിന്നിന്റെ സൃഷ്ടിയെക്കുറിച്ചു പറയുമ്പോള്‍ അഗ്നിയില്‍നിന്നു ( مِّن نَّارٍ)അഗ്നിയില്‍ നിന്നുള്ള ജ്വാലയില്‍ നിന്നു (مِن مَّارِجٍ مِّن نَّارٍ) എന്നിങ്ങിനെയും വ്യത്യസ്ത വാക്കുകള്‍ അല്ലാഹു ഉപയോഗിച്ചു കാണാം. ആ മണ്ണിന്റെയും, അഗ്നിയുടെയും സ്വഭാവവിശേഷങ്ങളെയാണ് ഈ വ്യത്യസ്ത വാക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടിനെപ്പറ്റിയും ഇവിടെ ഉപയോഗിച്ച വാക്കുകളുടെ ഉദ്ദേശ്യം മനസ്സിലാക്കുവാന്‍ ഇതെല്ലാം സഹായകമാകുന്നു.
കൊട്ടിയാല്‍ ‘ചല ചല’ ശബ്ദം വരുന്ന ചിലപ്പുള്ള മണ്ണിനാണു صَلْصَال എന്നു പറയുന്നത്. ചെളിമണ്ണു – അഥവാ കളിമണ്ണു – എന്നത്രെ حَمَإ ന്റെ അര്‍ത്ഥം. مَّسْنُونٍ എന്ന വാക്കിന് പഴക്കം ചെന്നു മണത്തില്‍ വ്യത്യാസം വന്ന മണ്ണ് എന്നും, പശിമയുള്ള കുഴഞ്ഞമണ്ണ് എന്നും, പശിമ പിടിച്ച് കറുപ്പ് നിറം പൂണ്ട മണ്ണ് എന്നും, മൂശ പിടിച്ചു രൂപപ്പെടുത്തി പാകപ്പെടുത്തപ്പെട്ട മണ്ണ് എന്നുമൊക്കെ അര്‍ത്ഥം നല്‍കപ്പെട്ടു കാണുന്നു. വാസ്തവത്തില്‍ ഇതൊന്നും വിഭിന്നങ്ങളായ അര്‍ത്ഥങ്ങളല്ല. മണ്‍പാത്രങ്ങളും മറ്റും ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന മണ്ണിന് ഈ ഗുണങ്ങളെല്ലാം ഉണ്ടായിരിക്കുന്നതുപോലെ, പ്രസ്തുത ഗുണങ്ങളാല്‍ മിശ്രമായ കളിമണ്ണുകൊണ്ട് രൂപപ്പെടുത്തുകയും, പിന്നീട് ചൂളവെക്കപ്പെട്ട മണ്ണ്‍പോലെ മുട്ടിയാല്‍ ചിലപ്പ് വരത്തക്കവണ്ണം ഉണങ്ങുകയും ചെയ്ത മണ്ണ് കൊണ്ടുള്ള മൂശയില്‍ നിന്നാണ് അല്ലാഹു മനുഷ്യനെ സൃഷ്‌ടിച്ചതെന്ന് മൊത്തത്തില്‍ മനസ്സിലാക്കാം. سَمُوم എന്നാല്‍, രോമകൂപങ്ങളിലൂടെ ഉള്ളിലേക്ക് തുളച്ചു കടക്കുമാറ് അത്യുഷ്ണമായത് എന്നര്‍ത്ഥം. അത്യുഷ്ണമുള്ള കാറ്റിനും سَمُوم എന്ന് പറയപ്പെടാറുണ്ട്. سَم (സമ്മ്) എന്നാല്‍ സൂചിയുടെ ദ്വാരം പോലെയുള്ള സുഷിരം – അഥവാ സൂക്ഷ്മദ്വാരം – എന്നാണര്‍ത്ഥം. അതില്‍ നിന്നാണ് ആ വാക്കിന്റെ ഉത്ഭവം (*). ചുരുക്കത്തില്‍ മനുഷ്യ പിതാവിനെ മേല്‍ വിവരിച്ച പ്രകാരമുള്ള മണ്ണിനാല്‍ സൃഷ്ടിച്ചത് വഴി മനുഷ്യ വര്‍ഗ്ഗത്തിന്റെ ഉത്ഭവം മണ്ണില്‍നിന്നും, ജിന്ന് പിതാവിനെ അത്യുഷ്ണമായ അഗ്നിയാല്‍ സൃഷ്ടിച്ചത് വഴി ജിന്ന് വര്‍ഗ്ഗത്തിന്റെ ഉത്ഭവം തീയില്‍നിന്നുമാകുന്നു. ഇങ്ങിനെ ഉത്ഭവം തൊട്ട് പ്രകൃതത്തിലും, സ്വഭാവത്തിലും വിരുദ്ധമായ രണ്ട് വര്‍ഗങ്ങളാണ് മനുഷ്യനും ജിന്നും. എന്നാല്‍, പ്രസ്തുത മണ്ണ് എവിടെ നിന്ന് എടുക്കപ്പെട്ടു, അതുകൊണ്ട് എന്തെല്ലാം ചെയ്യപ്പെട്ടു എന്നിത്യാദി വിശദീകരണങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ. ഈ വചനത്തിലും ഈ വിഷയത്തെ സംബന്ധിച്ച് വന്ന മറ്റു ആയത്തുകളിലും അതൊന്നും അല്ലാഹു വിവരിച്ചിട്ടില്ലതാനും.
(*). كما في المفردات الراغب وغيره
മനുഷ്യരും ജിന്നുകളുമെന്ന് രണ്ട് പ്രത്യേക വര്‍ഗങ്ങളില്ലെന്നും, മനുഷ്യരിലുള്ള അപരിഷ്കൃത വിഭാഗത്തിനാണ് ജിന്നുകളെന്നു പറയുന്നതെന്നും ഇപ്പോള്‍ ചില വക്രബുദ്ധികളായ ക്വുര്‍ആന്‍ വ്യാഖ്യാനക്കാര്‍ വാദിക്കുന്നുണ്ട്. ഈ ക്വുര്‍ആന്‍ വചനങ്ങള്‍ക്കും ഇതുപോലെയുള്ള മറ്റുപല വചനങ്ങള്‍ക്കും അവര്‍ അവരുടെ വകയായി ചില പുതിയ അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നല്‍കി തൃപ്തി അടയുകയും ചെയ്യുന്നു. വിശുദ്ധ ക്വുര്‍ആനില്‍ വിശ്വസിക്കുന്നവരെന്നു സ്വയം അഭിമാനിക്കുന്നതോടൊപ്പം അത്തരത്തിലുള്ള അര്‍ത്ഥവ്യാഖ്യാനങ്ങള്‍ ക്വുര്‍ആന്‍ വചനങ്ങള്‍ക്കു നല്‍കുവാനുള്ള അവരുടെ ധൈര്യം കാണുമ്പോള്‍ നാം അമ്പരന്നു പോകും! ഇവരുടെ ഈ വ്യാജവാദത്തിനെതിരെ ക്വുര്‍ആനില്‍ മറ്റു തെളിവുകളൊന്നും ഇല്ലെങ്കില്‍പോലും – വാസ്തവത്തില്‍ പല തെളിവുകളുണ്ടുതാനും – മനുഷ്യനെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ ജിന്നിനെ സൃഷ്ടിച്ചിരിക്കുന്നു (وَالْجَآنَّ خَلَقْنَاهُ مِن قَبْلُ) എന്ന ഒരൊറ്റ വാക്യംകൊണ്ടു ഇവരുടെ വാദം അടിയോടെ പൊളിഞ്ഞുപോകുന്നു. പക്ഷെ, താല്‍പര്യപൂര്‍വ്വം ഒരു മുന്‍വിധി വെച്ചുകൊണ്ടു വ്യാഖ്യാനത്തിന്നൊരുങ്ങുന്നവര്‍ക്കുണ്ടോ ഇതൊക്കെ കാണുവാനും ഗ്രഹിക്കുവാനും കഴിയുന്നു?!
- وَإِذْ قَالَ رَبُّكَ لِلْمَلَـٰٓئِكَةِ إِنِّى خَـٰلِقٌۢ بَشَرًا مِّن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ ﴾٢٨﴿
- നിന്റെ റബ്ബ് മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): '(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍നിന്നും ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കുകയാണ്'.
- وَإِذْ قَالَ പറഞ്ഞ സന്ദര്‍ഭം رَبُّكَ നിന്റെ റബ്ബ് لِلْمَلَائِكَةِ മലക്കുകളോടു إِنِّي നിശ്ചയമായും ഞാന്‍ خَالِقٌ സൃഷ്ടിക്കുന്നവനാണ് بَشَرًا ഒരു മനുഷ്യനെ مِّن صَلْصَالٍ ചിലപ്പുണ്ടാകുന്നതിനാല്‍ مِّنْ حَمَإٍ കളി (ചെളി) മണ്ണില്‍നിന്നും مَّسْنُونٍ പാകപ്പെടുത്തപ്പെട്ട (പശിമപിടിച്ചു) നാറ്റംവന്ന....
- فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَـٰجِدِينَ ﴾٢٩﴿
- 'അങ്ങനെ, ഞാന്‍ അവനെ (പൂര്‍ത്തിയാക്കി) ശരിപ്പെടുത്തുകയും, അവനില്‍ എന്റെ (വക) ആത്മാവില്‍ നിന്നും ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍, നിങ്ങള്‍ അവനു 'സുജൂദു' ചെയ്യുന്നവരായി വീഴുവിന്‍'.
- فَإِذَا سَوَّيْتُهُ അങ്ങനെ അവനെ ഞാന്‍ ശരിപ്പെടുത്തിയാല്‍ وَنَفَخْتُ ഞാന്‍ ഊതുകയും فِيهِ അവനില്‍ مِن رُّوحِي എന്റെ ആത്മാവില്‍ നിന്നു فَقَعُوا അപ്പോള്‍ നിങ്ങള്‍ വീഴുവിന്‍ لَهُ അവന്നു سَاجِدِينَ സുജൂദു ചെയ്യുന്നവരായി
- فَسَجَدَ ٱلْمَلَـٰٓئِكَةُ كُلُّهُمْ أَجْمَعُونَ ﴾٣٠﴿
- എന്നിട്ടു, മലക്കുകള്‍ എല്ലാവരും മുഴുവന്‍ (തന്നെ) 'സുജൂദു' ചെയ്തു;
- فَسَجَدَ എന്നിട്ടു (അപ്പോള്‍) സുജൂദു ചെയ്തു الْمَلَائِكَةُ മലക്കുകള്‍ كُلُّهُمْ അവരെല്ലാം أَجْمَعُونَ മുഴുവന്‍
- إِلَّآ إِبْلِيسَ أَبَىٰٓ أَن يَكُونَ مَعَ ٱلسَّـٰجِدِينَ ﴾٣١﴿
- ഇബ്ലീസ് ഒഴികെ:- അവന്‍ 'സുജൂദു' ചെയ്തവരോടൊപ്പം ആയിരിക്കുവാന്‍ വിസമ്മതിച്ചു.
- إِلَّا إِبْلِيسَ ഇബ്ലീസു ഒഴികെ أَبَىٰ അവന്‍ വിസമ്മതിച്ചു, വിലക്കി, സമ്മതിക്കാതിരുന്നു أَن يَكُونَ അവനായിരിക്കുവാന്‍ مَعَ السَّاجِدِينَ സുജൂദു ചെയ്യുന്നവരുടെ ഒപ്പം (കൂടെ)
- قَالَ يَـٰٓإِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ ٱلسَّـٰجِدِينَ ﴾٣٢﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: 'ഇബ്ലീസേ, നീ 'സുജൂദ്' ചെയ്തവരോടൊപ്പം ആകാതിരിക്കുവാന്‍ നിനക്കെന്താണു (കാരണം)?'
- قَالَ അവന്‍ പറഞ്ഞു يَا إِبْلِيسُ ഇബ്ലീസേ مَا لَكَ നിനക്കെന്താണു أَلَّا تَكُونَ നീ ആകാതിരിക്കുവാന്‍ مَعَ السَّاجِدِينَ സുജൂദ് ചെയ്യുന്നവരോടൊപ്പം
- قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُۥ مِن صَلْصَـٰلٍ مِّنْ حَمَإٍ مَّسْنُونٍ ﴾٣٣﴿
- അവന്‍ [ഇബ്ലീസു] പറഞ്ഞു: '(മൂശപിടിച്ചു) പാകപ്പെടുത്തപ്പെട്ട കളിമണ്ണില്‍ നിന്നു ചിലപ്പുണ്ടാകുന്ന മണ്ണിനാല്‍ നീ സൃഷ്ടിച്ചതായ മനുഷ്യനു സുജൂദു ചെയ്യാന്‍ ഞാനായിട്ടില്ല'.
- قَالَ അവന്‍ പറഞ്ഞു لَمْ أَكُن ഞാന്‍ ആയിട്ടില്ല, ഞാന്‍ ഇല്ല, ആകാവതല്ല لِّأَسْجُدَ ഞാന്‍ സുജൂദു ചെയ്‌വാന്‍ لِبَشَرٍ ഒരു മനുഷ്യനു خَلَقْتَهُ നീ അവനെ സൃഷ്ടിച്ചു مِن صَلْصَالٍ ചിലപ്പുണ്ടാക്കുന്നതിനാല്‍ مِّنْ حَمَإٍ കളിമണ്ണില്‍ നിന്ന്‍ مَّسْنُونٍ പാകപ്പെടുത്തപ്പെട്ട, രൂപപ്പെടുത്തപ്പെട്ട
- قَالَ فَٱخْرُجْ مِنْهَا فَإِنَّكَ رَجِيمٌ ﴾٣٤﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: എന്നാല്‍, നീ ഇവിടെ നിന്ന് പുറത്തു പോകുക; നിശ്ചയമായും, നീ ആട്ടപ്പെട്ടവനാകുന്നു.
- قَالَ അവന്‍ പറഞ്ഞു فَاخْرُجْ എന്നാല്‍ നീ പുറത്തു പോകുക مِنْهَا ഇതില്‍ (ഇവിടെ) നിന്ന് فَإِنَّكَ കാരണം നിശ്ചയമായും നീ رَجِيمٌ ആട്ടപ്പെട്ടവനാണ്
- وَإِنَّ عَلَيْكَ ٱللَّعْنَةَ إِلَىٰ يَوْمِ ٱلدِّينِ ﴾٣٥﴿
- 'നിശ്ചയമായും, നിന്റെ മേല്‍ പ്രതിഫല നടപടിയുടെ ദിവസം വരെ ശാപവുമുണ്ടായിരിക്കും'.
- وَإِنَّ عَلَيْكَ നിശ്ചയമായും നിന്റെ മേല്‍ ഉണ്ട് താനും اللَّعْنَةَ ശാപം إِلَىٰ يَوْمِ ദിവസം വരെ الدِّينِ പ്രതിഫല നടപടിയുടെ
ഇവിടെ നിന്ന് പുറത്തുപോവുക (اخْرُجْ مِنْهَا) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മലക്കുകളുടെ കൂട്ടത്തില്‍ നിന്ന് എന്നും ഉപരിലോകത്തുനിന്ന് എന്നും ആകാവുന്നതാണ്. الله أعلم
- قَالَ رَبِّ فَأَنظِرْنِىٓ إِلَىٰ يَوْمِ يُبْعَثُونَ ﴾٣٦﴿
- അവന്‍ [ഇബ്ലീസ്] പറഞ്ഞു: 'എന്റെ റബ്ബേ, എന്നാല്‍ [അങ്ങിനെയാണെങ്കില്‍] അവര്‍ [മനുഷ്യര്‍] എഴുന്നേല്‍പ്പിക്കപ്പെടുന്ന (പുനരുത്ഥാന) ദിവസംവരെ നീ എനിക്ക് (അവധി നല്‍കി) താമസം നല്‍കേണമേ!'
- قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ فَأَنظِرْنِي എന്നാല്‍ നീ എന്നെ ഒഴിവാക്കി (താമസം ചെയ്ത് - നീട്ടിവെച്ച്) തരണേ إِلَىٰ يَوْمِ ദിവസംവരെ يُبْعَثُونَ അവര്‍ എഴുന്നേല്‍പ്പിക്കപ്പെടുന്ന
- قَالَ فَإِنَّكَ مِنَ ٱلْمُنظَرِينَ ﴾٣٧﴿
- അവന്‍ [അല്ലാഹു] പറഞ്ഞു: 'എന്നാല്‍ (ശരി) നീ താമസം നല്‍കപ്പെട്ടവരില്‍ പെട്ടവന്‍ തന്നെ:-
- قَالَ അവന്‍ പറഞ്ഞു فَإِنَّكَ എന്നാല്‍ നിശ്ചയമായും നീ مِنَ الْمُنظَرِينَ ഒഴിവാക്ക (നീക്കിവെക്ക - താമസം നല്‍ക) പ്പെട്ടവരില്‍ പെട്ട(വന്‍)
- إِلَىٰ يَوْمِ ٱلْوَقْتِ ٱلْمَعْلُومِ ﴾٣٨﴿
- അറിയപ്പെട്ട (ആ നിശ്ചിത) സമയത്തിന്റെ ദിവസം വരെ.
- إِلَىٰ يَوْمِ ദിവസം വരെ الْوَقْتِ (ആ) സമയത്തിന്റെ الْمَعْلُومِ അറിയപ്പെട്ടതായ (നിശ്ചിത)
പുനരുത്ഥാന ദിവസം വരെ ഒഴിവ് കിട്ടിയാല്‍ മരണത്തില്‍ നിന്നും, അനന്തര നടപടികളില്‍ നിന്നും തനിക്ക് ഒഴിവായി കിട്ടുമെന്ന് ഒരു പക്ഷേ, പിശാച് വ്യാമോഹിച്ചിരിക്കാം. പക്ഷേ, ആ അപേക്ഷ അല്ലാഹു നിരസിക്കുകയും, അന്ത്യനാള്‍ വരെ മാത്രം ഒഴിവ് നല്‍കുകയുമാണ് ചെയ്തത്. അതോടെ തന്റെ അന്ത്യം വരുമെങ്കിലും അതു വരെ ലഭിക്കുന്ന ഒഴിവ് മുഴുവനും മനുഷ്യനെ വഴിപിഴപ്പിക്കുന്നതില്‍ വിനിയോഗിക്കുവാന്‍ അവന്റെ ദുഷ്ടത അവനെ പ്രേരിപ്പിച്ചു.
- قَالَ رَبِّ بِمَآ أَغْوَيْتَنِى لَأُزَيِّنَنَّ لَهُمْ فِى ٱلْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ ﴾٣٩﴿
- അവന്‍ പറഞ്ഞു: 'എന്റെ റബ്ബേ, നീ എന്നെ വഴികേടിലാക്കി (നിശ്ചയിച്ചി)രിക്കകൊണ്ടു, തീര്‍ച്ചയായും, ഭൂമിയില്‍ അവര്‍ക്കു ഞാന്‍ (പാപങ്ങളെ) ഭംഗിയാക്കി കാണിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും തന്നെ ചെയ്യും;-
- قَالَ അവന്‍ പറഞ്ഞു رَبِّ എന്റെ റബ്ബേ بِمَا أَغْوَيْتَنِي നീ എന്നെ വഴിപിഴവിലാക്കിയതുകൊണ്ട് لَأُزَيِّنَنَّ ഞാന്‍ ഭംഗിയാക്കികൊടുക്കുകതന്നെ ചെയ്യും لَهُمْ അവര്‍ക്കു فِي الْأَرْضِ ഭൂമിയില്‍ وَلَأُغْوِيَنَّهُمْ ഞാനവരെ വഴിപിഴപ്പിക്കുകയും തന്നെ ചെയ്യും أَجْمَعِينَ മുഴുവനും
- إِلَّا عِبَادَكَ مِنْهُمُ ٱلْمُخْلَصِينَ ﴾٤٠﴿
- '(അതെ) അവരില്‍ നിന്നുള്ള നിന്റെ നിഷ്കളങ്കരാക്കപ്പെട്ട അടിയാന്‍മാരെ ഒഴികെ.'
- إِلَّا عِبَادَكَ നിന്റെ അടിയാന്‍മാരെ ഒഴികെ مِنْهُمُ അവരില്‍ നിന്നുള്ള الْمُخْلَصِينَ നിഷ്കളങ്കരാക്കപ്പെട്ട (തനി ശുദ്ധരാക്കപ്പെട്ട)
അല്ലാഹുവിന്റെ നിഷ്കളങ്കരായ നല്ല അടിയാന്‍മാരെ ഞാന്‍ വഴിപിഴപ്പിക്കുകയില്ല – അഥവാ അതിനു എനിക്കു സാധിക്കുകയുമില്ല – എന്നു സാരം. ഇബ്ലീസു തന്നെയും സമ്മതിച്ച ഒരു യാഥാര്‍ത്ഥ്യമാണിത്. അടുത്ത വചനങ്ങളില്‍ അല്ലാഹുവും അതു ആവര്‍ത്തിച്ചുറപ്പിക്കുന്നു:-
- قَالَ هَـٰذَا صِرَٰطٌ عَلَىَّ مُسْتَقِيمٌ ﴾٤١﴿
- 'അവന്‍' [അല്ലാഹു] പറഞ്ഞു: 'ഇതു എന്റെ മേല്‍ (ബാധ്യസ്ഥമായ) നേര്‍ക്കു നേരെ (ചൊവ്വെ) യുള്ള ഒരു മാര്‍ഗ്ഗമാകുന്നു.'
- قَالَ അവന്‍ പറഞ്ഞു هَـٰذَا ഇതു صِرَاطٌ ഒരു പാത (മാര്‍ഗ്ഗം) ആകുന്നു عَلَيَّ എന്റെ മേല്‍ (ബാധ്യസ്ഥമായ) مُسْتَقِيمٌ നേരെയുള്ള, ചൊവ്വായ
അതെ, നിഷ്കളങ്കരായ എന്റെ അടിയാന്മാരെ നീ വഴിപിഴപ്പിക്കാതിരിക്കല്‍ എന്റെ ബാധ്യതയായി ഞാന്‍ സ്വീകരിക്കുന്നു. നിന്റെ ഉപദ്രവത്തില്‍ നിന്നു ഞാന്‍ അവരെ രക്ഷിക്കുക തന്നെ ചെയ്യും. ഇതില്‍ മാറ്റം വരുകയില്ല എന്നു സാരം. വിഷയം അല്ലാഹു ഒന്നുകൂടി വ്യക്തമാക്കുന്നു:-
- إِنَّ عِبَادِى لَيْسَ لَكَ عَلَيْهِمْ سُلْطَـٰنٌ إِلَّا مَنِ ٱتَّبَعَكَ مِنَ ٱلْغَاوِينَ ﴾٤٢﴿
- നിശ്ചയമായും, എന്റെ അടിയാന്‍മാര്‍ - അവരുടെമേല്‍ നിനക്കു യാതൊരു അധികാര ശക്തിയും ഇല്ല; വഴികെട്ടവരാകുന്ന നിന്നെ പിന്‍പറ്റിയവരൊഴികെ. [അവരെ മാത്രമേ നിനക്കു വഴി പിഴപ്പിക്കുവാന്‍ കഴിയൂ].
- إِنَّ عِبَادِي നിശ്ചയമായും എന്റെ അടിയാന്‍മാര്‍ لَيْسَ لَكَ നിനക്കു ഇല്ല عَلَيْهِمْ അവരുടെ മേല്‍ سُلْطَانٌ ഒരു അധികാരശക്തിയും إِلَّا مَنِ اتَّبَعَكَ നിന്നെ പിന്‍പറ്റിയവരൊഴികെ مِنَ الْغَاوِينَ വഴികെട്ടവരാകുന്ന, വഴി പിഴച്ചവരില്‍നിന്നു
- وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ ﴾٤٣﴿
- 'നിശ്ചയമായും, 'ജഹന്നം' [നരകം] അവരുടെ മുഴുവനും വാഗ്ദത്തസ്ഥാനവും തന്നെ.
- وَإِنَّ جَهَنَّمَ നിശ്ചയമായും ജഹന്നം لَمَوْعِدُهُمْ അവരുടെ വാഗ്ദത്തസ്ഥാനം തന്നെ أَجْمَعِينَ മുഴുവനും
- لَهَا سَبْعَةُ أَبْوَٰبٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ ﴾٤٤﴿
- 'അതിനു ഏഴു (പടി) വാതിലുകളുണ്ട്. എല്ലാ (ഓരോ പടി) വാതിലിനും അവരില്‍ നിന്നു (പ്രത്യേകം) വിഹിതം ചെയ്യപ്പെട്ട ഓരോ ഭാഗം (ആളുകള്‍) ഉണ്ടായിരിക്കും'.
- لَهَا അതിനുണ്ടു سَبْعَةُ ഏഴു أَبْوَابٍ വാതിലുകള്‍, കവാടങ്ങള്‍ لِّكُلِّ بَابٍ എല്ലാ വാതിലിനുമുണ്ടായിരിക്കും مِّنْهُمْ അവരില്‍ നിന്നു جُزْءٌ ഒരു (ഓരോ) ഭാഗം مَّقْسُومٌ വിഹിതം (ഓഹരി) ചെയ്യപ്പെട്ട
ഇബ്ലീസിനെ പിന്‍പറ്റിയവരെ ഏഴായി തരംതിരിച്ച് ഓരോ തരക്കാര്‍ക്കും പ്രത്യേകം തയ്യാറാക്കപ്പെട്ട ഏഴു സ്ഥാനങ്ങളില്‍ വെച്ചായിരിക്കും നരകശിക്ഷ നല്‍കപ്പെടുക എന്നു സാരം. കുറ്റത്തിന്റെ തോതനുസരിച്ചായിരിക്കും ഈ തരംതിരിക്കല്‍ എന്നും, ഓരോ തരക്കാരുടെയും തെറ്റുകള്‍ക്കനുസരിച്ചായിരിക്കും അവര്‍ക്കു ലഭിക്കുന്ന ശിക്ഷയെന്നും പറയേണ്ടതില്ല.
ആദം (عليه السلام) നബിക്കു സുജൂദു ചെയ്യാന്‍ മലക്കുകളോടു കല്‍പിച്ചതും, ഇബ്ലീസു സുജൂദു ചെയ്യാതെ അഹങ്കരിച്ചതും സംബന്ധിച്ചു അല്‍ബഖറഃ, അഅ്റാഫ് എന്നീ സൂറത്തുകളില്‍ വിശദമായി വിവരിച്ചു കഴിഞ്ഞിട്ടുള്ളതിനു പുറമെ, ഇസ്രാഉ്, അല്‍കഹ്ഫു, ത്വാഹാ, സ്വാദ് എന്നീ സൂറത്തുകളിലും ഈ സംഭവം വിവരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഇവിടെ അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല.