സൂറത്തു ഇബ്രാഹീം : 22-34
വിഭാഗം - 4
- وَقَالَ ٱلشَّيْطَـٰنُ لَمَّا قُضِىَ ٱلْأَمْرُ إِنَّ ٱللَّهَ وَعَدَكُمْ وَعْدَ ٱلْحَقِّ وَوَعَدتُّكُمْ فَأَخْلَفْتُكُمْ ۖ وَمَا كَانَ لِىَ عَلَيْكُم مِّن سُلْطَـٰنٍ إِلَّآ أَن دَعَوْتُكُمْ فَٱسْتَجَبْتُمْ لِى ۖ فَلَا تَلُومُونِى وَلُومُوٓا۟ أَنفُسَكُم ۖ مَّآ أَنَا۠ بِمُصْرِخِكُمْ وَمَآ أَنتُم بِمُصْرِخِىَّ ۖ إِنِّى كَفَرْتُ بِمَآ أَشْرَكْتُمُونِ مِن قَبْلُ ۗ إِنَّ ٱلظَّـٰلِمِينَ لَهُمْ عَذَابٌ أَلِيمٌ ﴾٢٢﴿
- കാര്യം തീരുമാനം ചെയ്യപ്പെടുമ്പോള്‍ പിശാച് പറയുന്നതാണ്: 'നിശ്ചയമായും, അല്ലാഹു നിങ്ങളോടു യഥാര്‍ത്ഥ വാഗ്ദാനം, വാഗ്ദത്തം ചെയ്തു; ഞാനും നിങ്ങളോടു (ചിലതു) വാഗ്ദാനം ചെയ്തു; എന്നാല്‍, ഞാന്‍ നിങ്ങളോടു (അതു) ലംഘിച്ചു. എനിക്കു നിങ്ങളുടെമേല്‍ യാതൊരു അധികാരവും (അഥവാ അധികൃതരേഖയും) ഉണ്ടായിരുന്നതുമില്ല; - ഞാന്‍ നിങ്ങളെ ക്ഷണിച്ചു, അപ്പോള്‍ നിങ്ങളെനിക്കു ഉത്തരം നല്‍കിയെന്നല്ലാതെ. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊള്ളുവിന്‍. ഞാന്‍ നിങ്ങളെ (രക്ഷിച്ചു) സഹായിക്കുന്നവനല്ല; നിങ്ങള്‍ എന്നെ (രക്ഷിച്ചു) സഹായിക്കുന്നവരുമല്ല. നിങ്ങള്‍ മുമ്പു എന്നെ (അല്ലാഹുവിനോടു) പങ്കുചേര്‍ത്തതിനെ ഞാന്‍ (ഇതാ) നിഷേധിച്ചിരിക്കുന്നു. നിശ്ചയമായും അക്രമികള്‍ - അവര്‍ക്കു വേദനയേറിയ ശിക്ഷയുണ്ടായിരിക്കും'
- وَقَالَ പറയുന്നതാണ് الشَّيْطَانُ പിശാച് لَمَّا قُضِيَ തീരുമാനിക്കപ്പെടുമ്പോള്‍ الْأَمْرُ കാര്യം إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു وَعَدَكُمْ നിങ്ങളോടു വാഗ്ദാനം ചെയ്തു وَعْدَ الْحَقِّ യഥാര്‍ത്ഥ വാഗ്ദാനം وَوَعَدتُّكُمْ ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു فَأَخْلَفْتُكُمْ എന്നിട്ടു ഞാന്‍ നിങ്ങളോടു എതിര്‍ (ലംഘനം) ചെയ്തു وَمَا كَانَ لِيَ എനിക്കുണ്ടായിരുന്നതുമില്ല, എനിക്കില്ലായിരുന്നു عَلَيْكُم നിങ്ങളുടെമേല്‍ مِّن سُلْطَانٍ ഒരധികാരവും, അധികൃത രേഖയും إِلَّا أَن دَعَوْتُكُمْ ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നതല്ലാതെ فَاسْتَجَبْتُمْ അപ്പോള്‍ നിങ്ങള്‍ ഉത്തരം നല്‍കി لِي എനിക്കു فَلَا تَلُومُونِي ആകയാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തരുതു, ആക്ഷേപിക്കരുത് وَلُومُوا നിങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്യുവിന്‍ أَنفُسَكُم നിങ്ങളെത്തന്നെ, നിങ്ങളുടെ സ്വന്തങ്ങളെ مَّا أَنَا ഞാനല്ല بِمُصْرِخِكُمْ നിങ്ങള്‍ക്കു സഹായം (രക്ഷ) നല്‍കുന്നവന്‍ وَمَا أَنتُم നിങ്ങളുമല്ല بِمُصْرِخِيَّ എനിക്കു സഹായം (രക്ഷ) നല്‍കുന്നവര്‍ إِنِّي كَفَرْتُ നിശ്ചയമായും ഞാന്‍ അവിശ്വസി(നിഷേധി)ച്ചിരിക്കുന്നു بِمَا أَشْرَكْتُمُونِ നിങ്ങളെന്നെ പങ്കുചേര്‍ത്തതിനെ مِن قَبْلُ മുമ്പു إِنَّ الظَّالِمِينَ നിശ്ചയമായും അക്രമികള്‍ لَهُمْ അവര്‍ക്കുണ്ടു عَذَابٌ ശിക്ഷ أَلِيمٌ വേദനയേറിയ
നേതാക്കളോ അനുയായികളോ എന്ന വ്യത്യാസം കൂടാതെ മനുഷ്യരെ വഴിപിഴപ്പിക്കുവാന്‍ ദൃഢനിശ്ചയം ചെയ്ത നികൃഷ്ടജീവിയാണല്ലോ പിശാച്. അവന്റെ ദുഷ്പ്രേരണകള്‍ക്കു വഴങ്ങിയും, അവന്റെ മധുരമോഹനങ്ങളായ വാഗ്ദാനങ്ങളില്‍ കുടുങ്ങിയും കൊണ്ടാണു മനുഷ്യന്‍ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്കു അടിമപ്പെടുന്നത്. മനുഷ്യരാകുന്ന നേതാക്കളും അനുയായികളും തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങളെപ്പറ്റി പ്രസ്താവിച്ച ശേഷം, ഇരുകൂട്ടരുടെയും ഉപദേശകനായിക്കൊണ്ടിരുന്ന പിശാചു അന്നു അവരോടു സ്വീകരിക്കുന്ന നിലപാടു എന്തായിരിക്കുമെന്നു ഈ വചനത്തില്‍ അല്ലാഹു അറിയിക്കുകയാണ്.
വിചാരണ കഴിഞ്ഞ് സജ്ജനങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കും, ദുര്‍ജ്ജനങ്ങള്‍ക്കു നരകത്തിലേക്കും വിധിയുണ്ടാകുമ്പോള്‍, തന്റെ ദുരുപദേശങ്ങള്‍ക്കു വഴങ്ങി ദുര്‍മ്മാര്‍ഗ്ഗികളായിത്തീര്‍ന്നവരോടു അവന്‍ നടത്തുന്ന ഒരു പ്രസംഗമാണിത്. അതില്‍ സംഗതികളുടെ യഥാര്‍ത്ഥരൂപം അവന്‍ തുറന്നു കാട്ടുന്നു. അവന്‍ പറയും:- നിങ്ങള്‍ നേര്‍മ്മാര്‍ഗ്ഗം സ്വീകരിക്കുന്നതായാല്‍, നിങ്ങള്‍ക്ക് രക്ഷയും വമ്പിച്ച അനുഗ്രഹങ്ങളും ലഭിക്കുമെന്നു റസൂലുകളും വേദഗ്രന്ഥങ്ങളും മുഖേന അല്ലാഹു നിങ്ങളോടു വാഗ്ദാനം ചെയ്തിരുന്നു. അതെല്ലാം സത്യവും യഥാര്‍ത്ഥവുമായിരുന്നു. അതിപ്പോള്‍ അനുഭവത്തില്‍ വരുകയും ചെയ്തു. നേരെമറിച്ച് ദുര്‍മ്മാര്‍ഗ്ഗം അവലംബിക്കുന്നപക്ഷം, എന്റെ സൈന്യങ്ങളും ആള്‍ക്കാരും മുഖേന – ഞാനും ചിലതൊക്കെ നിങ്ങളെ വ്യാമോഹിപ്പിച്ചു. സ്വര്‍ഗ്ഗമില്ല, നരകമില്ല, വിചാരണയില്ല, പുനര്‍ജീവിതമില്ല, അതൊക്കെ കേവലം ചില ഐതിഹ്യങ്ങള്‍ മാത്രമാണ്. അഥവാ അതെല്ലാം യഥാര്‍ത്ഥമാണെങ്കില്‍ തന്നെയും നിങ്ങളുടെ ദൈവങ്ങളും മഹാത്മാക്കളും നിങ്ങളെ രക്ഷപ്പെടുത്തിക്കൊള്ളും എന്നും മറ്റും. അതെല്ലാം കള്ളമായിരുന്നു. ആ കള്ളങ്ങള്‍ നിരത്തിവെച്ച് നിങ്ങളെ ഞാന്‍ തോന്നിയവാസങ്ങളിലേക്ക് ക്ഷണിച്ചുവെന്നല്ലാതെ, അതിനപ്പുറം ഞാനൊന്നും ചെയ്തിട്ടില്ല, നിങ്ങളെ നിര്‍ബന്ധിച്ചു വഴിപിഴപ്പിക്കുവാനുള്ള അധികാര ശക്തിയോ, അധികൃതമായ തെളിവുകളോ ഒന്നും എനിക്കില്ലായിരുന്നു. എന്നിട്ടും നിങ്ങളെന്റെ ക്ഷണം സ്വീകരിച്ചു മുമ്പോട്ടു വരുകയാണു ചെയ്തത്. അതുകൊണ്ടു നിങ്ങളെന്നെ പഴിച്ചിട്ടു കാര്യമില്ല – നിങ്ങളുടെ പക്കല്‍ വന്ന അമളിക്കു നിങ്ങള്‍ നിങ്ങളെത്തന്നെയാണു പഴിക്കേണ്ടത്. ഏതായാലും എനി, അന്യോന്യം സങ്കടം കേട്ടു രക്ഷ നല്‍കുവാന്‍ എനിക്കോ, നിങ്ങള്‍ക്കോ സാധ്യമല്ല. രണ്ടുകൂട്ടര്‍ക്കും വിധിക്കപ്പെട്ട ശിക്ഷ അവരവര്‍ അനുഭവിച്ചേ തീരൂ. മുമ്പ് ഇഹത്തില്‍വെച്ച് എന്നെ ആരാധിച്ചും അനുസരിച്ചും വരുകവഴി എന്നെ നിങ്ങള്‍ അല്ലാഹുവിന്നു സമമാക്കിവെക്കുകയുണ്ടായി. അന്നു ഞാനതു അനുകൂലിച്ചുവെങ്കിലും ഇപ്പോഴിതാ ആ തെറ്റില്‍ നിന്നു ഞാന്‍ ഒഴിഞ്ഞു മാറുന്നു. ഇതാ, ഞാനതു തുറന്നു നിഷേധിക്കുന്നു.
‘അക്രമികള്‍ക്കു വേദനയേറിയ ശിക്ഷയുണ്ടായിരിക്കും’ (إِنَّ الظَّالِمِينَ لَهُمْ عَذَابٌ أَلِيمٌ) എന്ന അവസാനത്തെ വാക്യം പിശാചിന്റെ വാക്കുകളില്‍ പെട്ടതായിരിക്കുവാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. ഒരു പക്ഷെ, അതിന്റെ മുമ്പത്തെ വാക്യത്തോടെ പിശാചിന്റെ വാക്കുകള്‍ അവസാനിച്ച ശേഷം – ഒരു പൊതുതത്വമെന്ന നിലക്കു – അല്ലാഹു പറഞ്ഞ വാക്കാണതെന്നും വരാവുന്നതാണ്. الله أعلم . രണ്ടായാലും ഉദ്ദേശ്യം വ്യക്തമാണല്ലോ.
ഇവിടെ ‘പിശാചു’ (الشَّيْطَانُ) എന്നു പറഞ്ഞത് മനുഷ്യവര്‍ഗ്ഗത്തിന്റെ ആജീവനാന്തശത്രുവായ ഇബ്ലീസിനെ ഉദ്ദേശിച്ചാണെന്നുള്ളതില്‍ ഭിന്നാഭിപ്രായമില്ല. പക്ഷെ, അദൃശ്യ ജീവിയായ പിശാചിനെ നിഷേധിക്കുകയും, പിശാചെന്നും ഇബ്ലീസെന്നുമൊക്കെ പറയുന്നത് മനുഷ്യരില്‍ തന്നെയുള്ള ദുശ്ശക്തികളെ ഉദ്ദേശിച്ചാണെന്നു വാദിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യാറുള്ള ചിലര്‍ക്കു മാത്രമേ ഇതില്‍ എതിരഭിപ്രായമുള്ളു. പാമര ജനങ്ങളെ വിരട്ടുന്ന മത – സമുദായ – രാഷ്ട്രീയ നേതാക്കളാണു ഇവിടെ പിശാചുകൊണ്ടു വിവക്ഷ എന്നാണവര്‍ ജല്‍പിക്കുന്നത്. അത്തരം നേതാക്കളുടെ സ്ഥിതി ഏറെക്കുറെ യഥാര്‍ത്ഥ പിശാചിന്റേതു പോലെത്തന്നെയായിരിക്കുമെന്നു ഖുര്‍ആന്‍ മുഖേനയും ഹദീസു മുഖേനയും നാമും മനസ്സിലാക്കുന്നു. പക്ഷെ, ഇവിടെ ‘പിശാചു’ കൊണ്ടുദ്ദേശ്യം അതല്ലെന്നു നമുക്കു തീര്‍ത്തും പറയാവുന്നതാണ്. (പിശാചിനെ സംബന്ധിച്ച ഇവരുടെ പുതിയ വാദങ്ങളും അവയുടെ ഖണ്ഡനങ്ങളും സൂറത്ത് ഹിജ്രിന്ന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണാം.)
- وَأُدْخِلَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا بِإِذْنِ رَبِّهِمْ ۖ تَحِيَّتُهُمْ فِيهَا سَلَـٰمٌ ﴾٢٣﴿
- വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ അടിഭാഗത്തിലൂടെ അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യും; തങ്ങളുടെ റബ്ബിന്റെ അനുമതിപ്രകാരം അതില്‍ നിത്യവാസികളായിക്കൊണ്ട്. അതില്‍വെച്ചു അവരുടെ അഭിവാദ്യം 'സലാം' (സമാധാനശാന്തി) ആയിരിക്കും.
- وَأُدْخِلَ പ്രവേശിക്കപ്പെടുകയും ചെയ്യും الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَعَمِلُوا പ്രവര്‍ത്തിക്കുകയും ചെയ്ത الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ جَنَّاتٍ സ്വര്‍ഗ്ഗങ്ങളില്‍ تَجْرِي ഒഴുകുന്ന مِن تَحْتِهَا അവയുടെ അടിയിലൂടെ الْأَنْهَارُ അരുവികള്‍, നദികള്‍ خَالِدِينَ നിത്യവാസികളായിട്ടു فِيهَا അവയില്‍ بِإِذْنِ സമ്മത (അനുമതി) പ്രകാരം رَبِّهِمْ അവരുടെ റബ്ബിന്റെ تَحِيَّتُهُمْ അവരുടെ അഭിവാദ്യം فِيهَا അവയില്‍വെച്ചു سَلَامٌ സലാമാകുന്നു, സമാധാനശാന്തിയായിരിക്കും
നരകവാസികളായ ദുര്‍ജ്ജനങ്ങള്‍ക്കു അവരുടെ സ്വന്തം ആള്‍ക്കാരില്‍ നിന്നുപോലും അറപ്പും വെറുപ്പും അനുഭവപ്പെടുമ്പോള്‍, സ്വര്‍ഗ്ഗവാസികളായ സജ്ജനങ്ങള്‍ക്കു എവിടെവെച്ചും ലഭിക്കുന്നത് സ്വാഗതവും സമാധാനത്തിന്റെ അഭിവാദ്യങ്ങളുമായിരിക്കും. അല്ലാഹുവില്‍ നിന്നും, മലക്കുകളില്‍ നിന്നും, സ്വര്‍ഗ്ഗവാസികളില്‍ നിന്നുമെല്ലാം തന്നെ അതവര്‍ക്കു ലഭിച്ചുകൊണ്ടിരിക്കും. (13:23,24; 25:75; 36:58) മുതലായവ നോക്കുക.
- أَلَمْ تَرَ كَيْفَ ضَرَبَ ٱللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِى ٱلسَّمَآءِ ﴾٢٤﴿
- നീ കണ്ടില്ലേ, അല്ലാഹു എങ്ങിനെയാണ് ഒരു ഉപമ വിവരിച്ചിരിക്കുന്നതെന്ന്? അതായതു, നല്ല (വിശിഷ്ടമായ) ഒരു വാക്കിനെ നല്ല (വിശിഷ്ടമായ) ഒരു വൃക്ഷം പോലെ (ഉപമിച്ചതു)! അതിന്റെ മുരട് ഉറച്ചു നില്‍ക്കുന്നതും, അതിന്റെ ശാഖ ആകാശത്തിലും [വളരെ ഉയര്‍ന്നു നില്‍ക്കുന്നതും] ആകുന്നു:-
- أَلَمْ تَرَ നീ കണ്ടില്ലേ كَيْفَ എങ്ങിനെ എന്നു ضَرَبَ اللَّـهُ അല്ലാഹു ആക്കി(വിവരിച്ചിരി)ക്കുന്നു مَثَلًا ഒരു ഉപമ, ഉദാഹരണം كَلِمَةً അതായതു ഒരു വാക്കിനെ طَيِّبَةً നല്ലതായ, വിശിഷ്ടമായ كَشَجَرَةٍ ഒരു വൃക്ഷം (മരം) പോലെ طَيِّبَةٍ നല്ലതായ, വിശിഷ്ട أَصْلُهَا അതിന്റെ മൂലം, മുരടു ثَابِتٌ ഉറച്ചു (സ്ഥിരപ്പെട്ടു) നില്‍ക്കുന്നതാണു وَفَرْعُهَا അതിന്റെ ശാഖ (കൊമ്പു) فِي السَّمَاءِ ആകാശത്തിലുമാണു
- تُؤْتِىٓ أُكُلَهَا كُلَّ حِينٍۭ بِإِذْنِ رَبِّهَا ۗ وَيَضْرِبُ ٱللَّهُ ٱلْأَمْثَالَ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ ﴾٢٥﴿
- അതിന്റെ റബ്ബിന്റെ ഉത്തരവു പ്രകാരം അതിന്റെ കനി [ഫലങ്ങള്‍] എല്ലാ സമയത്തും അതു നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ ഉറ്റാലോചിക്കുവാന്‍ വേണ്ടി അല്ലാഹു അവര്‍ക്കു ഉപമകള്‍ വിവരിച്ചു കൊടുക്കുന്നു.
- تُؤْتِي അതു നല്‍കും أُكُلَهَا അതിന്റെ കനി, ഭോജ്യം كُلَّ حِينٍ എല്ലാ സമയത്തും بِإِذْنِ അനുവാദപ്രകാരം رَبِّهَا അതിന്റെ റബ്ബിന്റെ وَيَضْرِبُ ആക്കുന്നു (വിവരിക്കുന്നു) اللَّـهُ അല്ലാഹു الْأَمْثَالَ ഉപമകളെ لِلنَّاسِ മനുഷ്യര്‍ക്കു لَعَلَّهُمْ അവരാകുവാന്‍വേണ്ടി, ആയേക്കാം يَتَذَكَّرُونَ അവര്‍ ഉറ്റാലോചിക്കുക, ഓര്‍മ്മിക്കുക
- وَمَثَلُ كَلِمَةٍ خَبِيثَةٍ كَشَجَرَةٍ خَبِيثَةٍ ٱجْتُثَّتْ مِن فَوْقِ ٱلْأَرْضِ مَا لَهَا مِن قَرَارٍ ﴾٢٦﴿
- ഒരു ദുഷിച്ചതായ (ചീത്ത) വാക്കിന്റെ ഉപമയാകട്ടെ,- ഭൂമിയുടെ മുകളില്‍നിന്നു (നിഷ്പ്രയാസം) പറിച്ചെടുക്കപ്പെടുന്ന ഒരു ദുഷിച്ചതായ (ചീത്ത) വൃക്ഷം പോലെയാകുന്നു;- അതിനു (സ്ഥിരമായി) ഒരു നിലനില്‍പുമില്ല.
- وَمَثَلُ ഉപമയാകട്ടെ كَلِمَةٍ خَبِيثَةٍ ചീത്ത (ദുഷിച്ച) വാക്കിന്റെ كَشَجَرَةٍ ഒരു വൃക്ഷം (മരം) പോലെയാകുന്നു خَبِيثَةٍ ദുഷിച്ച, ചീത്തയായ اجْتُثَّتْ അതു പറിച്ചെടുക്കപ്പെടുന്നതാണു مِن فَوْقِ മുകളില്‍നിന്നു الْأَرْضِ ഭൂമിയുടെ مَا لَهَا അതിന്നില്ല مِن قَرَارٍ ഒരു സ്ഥിരതയും, നിലനില്‍പും, ഉറപ്പും
‘നല്ല വാക്കു’ (كَلِمَةً طَيِّبَةً) എന്നും, ‘ചീത്തവാക്കു’ (كَلِمَةٍ خَبِيثَةٍ) എന്നും പൊതുവായി പറഞ്ഞിരിക്കകൊണ്ട് വിശിഷ്ടമായ തത്വങ്ങളും, ഉല്‍കൃഷ്ടമായ സാരങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കുകളും ‘നല്ല വാക്കി’ലും, ‘ദുഷിച്ചതത്വങ്ങളും, നികൃഷ്ടമായ സാരങ്ങളും ഉള്‍ക്കൊള്ളുന്ന എല്ലാ വാക്കുകളും ‘ചീത്തവാക്കി’ലും ഉള്‍പ്പെടുത്താവുന്നു. ഇസ്ലാമിന്റെ മുദ്രാവാക്യവും, തൗഹീദിന്റെ സാക്ഷ്യമൊഴിയുമായ لَا إِلَهَ إلَّا الله (അല്ലാഹു അല്ലാതെ ആരാധ്യനേ ഇല്ല) എന്ന വാക്യം നല്ല വാക്കുകളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം വഹിക്കുന്നുവെന്നു നിസ്സംശയം പറയാം. നേരേമറിച്ചു ശിര്‍ക്കിന്റെയും, കുഫ്രിന്റെയും വാക്കുകള്‍ ചീത്തവാക്കുകളുടെ മുന്‍പന്തിയിലും നില്‍ക്കുന്നു. അതുപോലെത്തന്നെ ‘നല്ല വൃക്ഷ’ (شَجَرَة طَيِّبَة)ത്തിന്റെയും ‘ചീത്ത വൃക്ഷ’ (شَجَرَةٍ خَبِيثَة)ത്തിന്റെയും ചില വിശേഷതകള്‍ പറയപ്പെട്ടിട്ടുണ്ടെങ്കിലും അവ കൊണ്ടുദ്ദേശിക്കപ്പെട്ട വൃക്ഷങ്ങള്‍ ഏതാണെന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. ആ സ്ഥിതിക്ക് കാറ്റ് മൂലമോ മറ്റോ പുഴങ്ങി വീഴാത്തവണ്ണം ഭൂമിയില്‍ വേരുറച്ചു നില്‍ക്കുന്ന തടിമരവും, ഒടിഞ്ഞും മുറിഞ്ഞും പോകാതെ അന്തരീക്ഷത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ശാഖകളും മേല്‍തലപ്പുകളും ഉള്ളതും, തിന്നാന്‍ കൊള്ളുന്ന കായഫലങ്ങള്‍ എല്ലാകാലത്തും ലഭിക്കുന്നതുമായ എല്ലാ വൃക്ഷങ്ങളും ‘നല്ല വൃക്ഷം’ കൊണ്ടും, വേരുറപ്പില്ലാതെ മുകള്‍ മണ്ണില്‍മാത്രം വേരുപടര്‍ന്നതും, നിഷ്പ്രയാസം പറിച്ചെടുക്കാവുന്നതും, വേഗത്തില്‍ മറിഞ്ഞുവീഴുന്നതും, അതോടൊപ്പം തിന്നാന്‍കൊള്ളാത്ത ഫലങ്ങള്‍ മാത്രം ഉണ്ടാകുന്നതുമായ എല്ലാ വൃക്ഷങ്ങളും ‘ചീത്ത വൃക്ഷം’ കൊണ്ടും ഉദ്ദേശിക്കപ്പെടാവുന്നതാകുന്നു. والله أعلم
എങ്കിലും താഴെ ഉദ്ധരിക്കുന്ന ഹദീസുകളില്‍നിന്നു മനസ്സിലാക്കാവുന്നതുപോലെ, ഈത്തപ്പനവൃക്ഷം നല്ല വൃക്ഷങ്ങളില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നു. ആട്ടങ്ങ (കാട്ടുവെള്ളരി)ച്ചെടി ചീത്തവൃക്ഷങ്ങളില്‍ പ്രഥമസ്ഥാനത്തും നില്‍ക്കുന്നു. ഈത്തപ്പനയെ സംബന്ധിച്ചിടത്തോളം നല്ല വൃക്ഷത്തിനു അല്ലാഹു പറഞ്ഞ എല്ലാ ഗുണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നു പറയേണ്ടതില്ല. അതിന്റെ ഫലമാകട്ടെ, കുരുന്നുകാലം മുതല്‍ ഉണങ്ങി കാരക്കയാകുന്നതുവരെയുള്ള വിവിധ ദശകളിലായി എല്ലാ കാലത്തും ലഭ്യമാകുന്നതും ഹൃദ്യമായ ഭക്ഷ്യപദാര്‍ത്ഥവുമാകുന്നു. ആട്ടങ്ങയെ സംബന്ധിച്ചിടത്തോളം, ചീത്ത വൃക്ഷത്തെപ്പറ്റി പ്രസ്താവിച്ച ദോഷങ്ങളെല്ലാം അതിന്നുണ്ട്. പക്ഷെ, പ്രത്യക്ഷത്തില്‍ യാതൊരു ‘വൃക്ഷ’മല്ലല്ലോ എന്നു പറയപ്പെടാം. എന്നാല്‍, شَجَرَة എന്ന വാക്കു സാധാരണ ഗതിയില്‍ വൃക്ഷത്തിന്നാണു ഉപയോഗിക്കപ്പെടാറുള്ളതെങ്കിലും ചെറിയ ചെടികളെയും, വള്ളികളെയും ഉദ്ദേശിച്ചും അതു ചിലപ്പോള്‍ ഉപയോഗിക്കപ്പെടാറുണ്ടുതാനും.
സത്യവിശ്വാസവും അവിശ്വാസവും തമ്മിലും, സത്യവിശ്വാസിയും അവിശ്വാസിയും തമ്മിലുമുള്ള ഒരു താരതമ്യമാണ് ഈ ഉപമകളില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്. അതായതു, സത്യവിശ്വാസിയുടെ വിശ്വാസം അചഞ്ചലവും സ്ഥിരപ്രതിഷ്ഠിതവുമായിരിക്കും. അവന്റെ പ്രവൃത്തികള്‍ അതിനു സാക്ഷ്യം വഹിക്കുകയും ചെയ്യും. അവന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമായതും ഇടമുറിയാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നതുമായിരിക്കും. അവിശ്വാസിയുടെ അവിശ്വാസമാകട്ടെ, അടിയുറപ്പില്ലാത്തതും, കര്‍മ്മങ്ങള്‍ ദുഷിച്ചതും ഉപയോഗശൂന്യവുമായിരിക്കും എന്നു ചുരുക്കം. ഇബ്നു ഉമര്‍ (رَضِيَ اللهُ تَعَالَى عَنْهُ) പ്രസ്താവിക്കുന്നു: ഞങ്ങള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കല്‍ ഇരിക്കുമ്പോള്‍ അവിടുന്നു ചോദിച്ചു: ‘മുസ്ലിമായ മനുഷ്യനോടു സാമ്യമുള്ളതും, ഉഷ്ണകാലത്തും, ശൈത്യകാലത്തും ഇലകൊഴിഞ്ഞുപോകാത്തതും എല്ലാകാലത്തും റബ്ബിന്റെ ഉത്തരവനുസരിച്ചു കനി നല്‍കുന്നതുമായ ഒരു വൃക്ഷത്തെക്കുറിച്ച് നിങ്ങള്‍ വര്‍ത്തമാനം പറയുവിന്‍.’ അതു ഈത്തപ്പനയാണെന്നു എന്റെ മനസ്സില്‍ തോന്നി. അബൂബക്കറും, ഉമറും (رَضِيَ اللهُ تَعَالَى عَنْهُما) ഒന്നും പറയാതിരിക്കുന്നതായി ഞാന്‍ കണ്ടു. എന്നിരിക്കെ, ഞാനത് പറയാന്‍ മടിച്ചു. അവരാരും ഒന്നും പറയാതിരുന്നപ്പോള്‍ റസൂല്‍ (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു : ‘അതു ഈത്തപ്പനയാണ്’. ഞങ്ങള്‍ എഴുന്നേറ്റുപോന്നപ്പോള്‍ ഞാന്‍ ഉമറിനോടു പറഞ്ഞു: ‘പിതാവേ, അല്ലാഹുവാണ്! അതു ഈത്തപ്പനയാണെന്നു എന്റെ മനസ്സിലുണ്ടായിരുന്നു.’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ എന്തുകൊണ്ടതു പറഞ്ഞില്ല?” ഞാന്‍ പറഞ്ഞു: ‘നിങ്ങളൊക്കെ ഒന്നും പറയുന്നതായി ഞാന്‍ കണ്ടില്ല, അതുകൊണ്ടു ഞാന്‍ വല്ലതും പറയുവാന്‍ മടിച്ചതാണ്.’ ഉമര്‍ പറഞ്ഞു: ‘അതു പറഞ്ഞതു നീ ആയിരുന്നുവെങ്കില്‍, എനിക്കു ഇന്നിന്നതൊക്കെ ലഭിക്കുന്നതിനെക്കാള്‍ ഇഷ്ടമായിരുന്നു.’ (ബു; മു). ചീത്തവൃക്ഷം (شَجَرَة خَبِيثَة) എന്നു പറഞ്ഞതു ആട്ടങ്ങ (കാട്ടുവെള്ളരി)യാണെന്നു നബി صَلَّى اللَّهُ عَلَيْهِ وَسَلَّمَ പ്രസ്താവിച്ചതായി അനസുബ്നു മാലിക് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു ഇബ്നു അബീഹാതിമും, ഇബ്നു ജരീറും (റ) മറ്റും ഉദ്ധരിച്ച ഒരു ഹദീസിലും വന്നിരിക്കുന്നു.
- ُثَبِّتُ ٱللَّهُ ٱلَّذِينَ ءَامَنُوا۟ بِٱلْقَوْلِ ٱلثَّابِتِ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَيُضِلُّ ٱللَّهُ ٱلظَّـٰلِمِينَ ۚ وَيَفْعَلُ ٱللَّهُ مَا يَشَآءُ ﴾٢٧﴿
- വിശ്വസിച്ചവരെ അല്ലാഹു ഐഹിക ജീവിതത്തിലും, പരലോകത്തിലും (സ്ഥിരമായി) ഉറച്ചുനില്‍ക്കുന്ന വാക്കുകൊണ്ടു ഉറപ്പിച്ചുനിറുത്തുന്നതാണ്. അക്രമികളെ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും; താന്‍ എന്തു ഉദ്ദേശിക്കുന്നുവോ അത് അല്ലാഹു ചെയ്യുന്നതുമാണ്.
- يُثَبِّتُ اللَّـهُ അല്ലാഹു ഉറപ്പിക്കും, സ്ഥിരപ്പെടുത്തും الَّذِينَ آمَنُوا വിശ്വസിച്ചവരെ بِالْقَوْلِ വാക്യം (വാക്കു)കൊണ്ടു الثَّابِتِ ഉറച്ചതായ, സ്ഥിരമായ فِي الْحَيَاةِ الدُّنْيَا ഐഹിക ജീവിതത്തില്‍ وَفِي الْآخِرَةِ പരലോകത്തിലും وَيُضِلُّ اللَّـهُ അല്ലാഹു വഴിപിഴവിലാക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ وَيَفْعَلُ اللَّـهُ അല്ലാഹു ചെയ്യുന്നതുമാണു مَا يَشَاءُ അവന്‍ ഉദ്ദേശിക്കുന്നതു
അഖില വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടിയും, അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും ഉള്‍പ്പെട്ടതുമായിരിക്കെ, അവന്‍ ഉദ്ദേശിച്ചതൊന്നും ചെയ്‌വാന്‍ അവനു തികച്ചും അധികാരവും ന്യായവുമുണ്ട്. لَا يُسْأَلُ عَمَّا يَفْعَلُ وَهُمْ يُسْأَلُونَ (അവന്‍ ചെയ്യുന്നതിനെപ്പറ്റി അവനോടു ചോദ്യം ചെയ്യപ്പെടുകയില്ല. അവരാകട്ടെ, ചോദ്യം ചെയ്യപ്പെടുകയും ചെയ്യും). പക്ഷെ നീതിയുക്തമല്ലാത്തതൊന്നും തന്നെ അല്ലാഹു ചെയ്കയില്ലെന്നുള്ളതിന്‍ സംശയമില്ല. وَلَا يَظْلِمُ رَبُّكَ أَحَدًا (നിന്റെ റബ്ബ് ഒരാളോടും അക്രമം ചെയ്കയില്ല). وَمَا اللَّـهُ يُرِيدُ ظُلْمًا لِّلْعَالَمِينَ (അല്ലാഹു ലോകരെ അക്രമിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.). എന്നിരിക്കെ, അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ ചെയ്യുമെന്നു പറഞ്ഞതിന്റെ താല്‍പര്യം മനസ്സിലാക്കുവാന്‍ പ്രയാസമില്ല. ഇത്തരം വിഷയങ്ങളെപ്പറ്റി ഒന്നിലധികം പ്രാവശ്യം നാം മുമ്പു ഉണര്‍ത്തിയിട്ടുള്ളതുമാകുന്നു. കൂടുതല്‍ അറിയാനാഗ്രഹിക്കുന്നവര്‍ സൂ: ഹദീദിന് ശേഷമുള്ള ‘ഖള്വാഖദ്ര്‍’ എന്ന വ്യാഖ്യാനക്കുറിപ്പും നോക്കിക്കൊള്ളട്ടെ.
കഴിഞ്ഞ വചനത്തില്‍ നല്ല വാക്കിന്റെ ഉപമ വിവരിച്ചശേഷം, അതിന്റെ വക്താക്കളും ആള്‍ക്കാരുമായ ആളുകള്‍ക്കു ഇഹത്തിലാകട്ടെ, പരത്തിലാകട്ടെ, ഒരു ചാഞ്ചല്യവും വ്യതിയാനവും വരാതെ അല്ലാഹു കാത്തുസൂക്ഷിക്കുമെന്നും, അവരെ അതില്‍ ഉറപ്പിച്ചു നിറുത്തുമെന്നും ഈ വചനം മുഖേന അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ഏതു പരീക്ഷണഘട്ടം നേരിട്ടാലും ഒരു സത്യവിശ്വാസി അവന്റെ വിശ്വാസം കൈവിടുകയില്ലെന്ന് ഉറപ്പിച്ചു പറയാം. ഇസ്ലാമിന്റെ ആരംഭഘട്ടത്തില്‍ നടന്നിട്ടുള്ള എത്രയോ സംഭവങ്ങള്‍ – വിശേഷിച്ചും ബിലാല്‍, സ്വുഹൈബ് (رَضِيَ اللهُ تَعَالَى عَنْهُما) പോലെ ആദ്യകാല വിശ്വാസികളായവരുടെ സംഭവങ്ങള്‍ – ഇതിനു മതിയായ തെളിവാകുന്നു. പരലോകത്ത് വെച്ച് ചോദ്യം ചെയ്യപ്പെടുമ്പോഴും അവര്‍ ഉത്തരം മുട്ടുകയോ പരിഭവിക്കേണ്ടിവരികയോ ചെയ്കയില്ല. ഐഹിക ജീവിതം അവസാനിച്ചശേഷം, പുനരുത്ഥാനം വരെയുള്ള ഇടക്കാലത്തു ഖബ്റുകളില്‍ വെച്ചുണ്ടാകുന്ന ചോദ്യവേളയിലും അങ്ങിനെത്തന്നെ. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പല ഹദീസുകളിലും വ്യക്തമായി പ്രസ്താവിച്ചതുപോലെ, ഖബ്റുകളില്‍ വെച്ചു മലക്കുകളുടെ ചോദ്യം ഉണ്ടാകുമ്പോഴും യാതൊരു ചാഞ്ചല്യവും പരിഭ്രമവും കൂടാതെ മറുപടി നല്‍കുവാന്‍ അവര്‍ക്കു കഴിയും.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ബറാഉബ്നു ആസിബ് (براء بن عازب – رَضِيَ اللهُ تَعَالَى عَنْهُ) ഉദ്ധരിക്കുന്നു: ‘ഖബറില്‍വെച്ച് മുസ്ലിമിനോടു ചോദ്യം നടക്കുമ്പോള്‍, അല്ലാഹു അല്ലാതെ ഇലാഹില്ലെന്നും, മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും അവന്‍ സാക്ഷ്യപ്പെടുത്തും. അതാണ് അല്ലാഹു يُثَبِّتُ اللَّـهُ الَّذِينَ آمَنُوا بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ എന്നു പറഞ്ഞത്.’ (ബുഖാരിയും മുസ്ലിമും അടക്കം പലരും നിവേദനം ചെയ്ത ഹദീസാണിത്). ഖബ്റിലെ ചോദ്യത്തെ സ്ഥാപിക്കുന്ന അനേകം ഹദീസുകള്‍ നിലവിലുണ്ട്. അവയില്‍ പലതിലും ഈ വചനം അതിനൊരു തെളിവായി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഉദ്ധരിച്ചും കാണാം. പക്ഷേ, ചിലര്‍ ധരിക്കാറുള്ളത് പോലെ സത്യവിശ്വാസികള്‍ ഖബ്‌റില്‍വെച്ച് ചോദ്യം ചെയ്യുമ്പോഴത്തെ അവസ്ഥയെ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നല്ല ആ ഹദീസുകളുടെ താല്‍പര്യം. ഇഹത്തിലും പരത്തിലും അല്ലാഹു സത്യവിശ്വാസിയെ പതറാതെ ഉറപ്പിച്ചു നിറുത്തുമെന്നു പറഞ്ഞതില്‍ ഖബ്‌റിലെ ജീവിതത്തിലെ ഉറപ്പിച്ചു നിറുത്തലും ഉള്‍പ്പെടുന്നതാണെന്നു വ്യക്തമാക്കുകയാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചെയ്തിരിക്കുന്നത്. الله أعلم (ഖബ്‌റിലെ സ്ഥിതിഗതികള്‍ സൂ: യാസീനു ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ വിവരിച്ചിരിക്കുന്നു.)
വിഭാഗം - 5
- أَلَمْ تَرَ إِلَى ٱلَّذِينَ بَدَّلُوا۟ نِعْمَتَ ٱللَّهِ كُفْرًا وَأَحَلُّوا۟ قَوْمَهُمْ دَارَ ٱلْبَوَارِ ﴾٢٨﴿
- യാതൊരു കൂട്ടരുടെ നേരെ നീ (നോക്കി) കണ്ടില്ലേ?- അല്ലാഹുവിന്റെ അനുഗ്രഹത്തെ അവര്‍ അവിശ്വാസമാക്കി മാറ്റിമറിക്കുകയും, തങ്ങളുടെ ജനങ്ങളെ അവര്‍ നാശ (നഷ്ട)ത്തിന്റെ ഭവനത്തില്‍ ഇറ(ക്കിത്താമസിപ്പി)ക്കുകയും ചെയ്തിരിക്കുന്നു!-
- أَلَمْ تَرَ നീ (നോക്കി) കണ്ടില്ലേ إِلَى الَّذِينَ യാതൊരുവരിലേക്കു بَدَّلُوا അവര്‍ മാറ്റി മറിച്ചു نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ كُفْرًا അവിശ്വാസമായി وَأَحَلُّوا അവര്‍ ഇറക്കിവെക്കുകയും ചെയ്തു قَوْمَهُمْ അവരുടെ ജനങ്ങളെ دَارَ الْبَوَارِ നാശത്തിന്റെ ഭവനത്തില്‍ (വീട്ടില്‍)
- جَهَنَّمَ يَصْلَوْنَهَا ۖ وَبِئْسَ ٱلْقَرَارُ ﴾٢٩﴿
- അതായത് 'ജഹന്നമി'ല്‍ [നരകത്തില്‍]. അവരതില്‍ കടന്നെരിയുന്നതാണ്; (ആ) താവളം എത്രയോ ചീത്തയും!
- جَهَنَّمَ അതായതു ജഹന്നമില്‍ يَصْلَوْنَهَا അവരതില്‍ കടന്നെരിയും, എരിഞ്ഞുകൊണ്ടു وَبِئْسَ എത്രയോ ചീത്ത, വളരെ മോശവും الْقَرَارُ (ആ) താവളം, തങ്ങല്‍
- وَجَعَلُوا۟ لِلَّهِ أَندَادًا لِّيُضِلُّوا۟ عَن سَبِيلِهِۦ ۗ قُلْ تَمَتَّعُوا۟ فَإِنَّ مَصِيرَكُمْ إِلَى ٱلنَّارِ ﴾٣٠﴿
- അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ നിന്നു (ജനങ്ങളെ) വഴിപിഴപ്പിക്കുവാനായി അവര്‍ അവനു ചില സമന്‍മാരെ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. പറയുക: 'നിങ്ങള്‍ സുഖം അനുഭവിച്ചുകൊള്ളുവിന്‍! എന്നാല്‍, നിങ്ങളുടെ വന്നുചേരല്‍ (അഥവാ തിരിച്ചുവരവു) നരകത്തിലേക്കായിരിക്കും.'
- وَجَعَلُوا അവര്‍ ആക്കുക (ഏര്‍പ്പെടുത്തുക - ഉണ്ടാക്കുക)യും ചെയ്തു لِلَّـهِ അല്ലാഹുവിനു أَندَادًا ചില സമന്‍മാരെ لِّيُضِلُّوا അവര്‍ വഴിപിഴപ്പിക്കുവാന്‍വേണ്ടി عَن سَبِيلِهِ അവന്റെ മാര്‍ഗ്ഗത്തില്‍നിന്നു قُلْ പറയുക تَمَتَّعُوا നിങ്ങള്‍ അനുഭവമെടുത്തു (സുഖം അനുഭവിച്ചു) കൊള്ളുവിന്‍ فَإِنَّ مَصِيرَكُمْ എന്നാല്‍ നിങ്ങളുടെ ചെന്നുചേരല്‍, തിരിച്ചെത്തല്‍, ആയിത്തീരല്‍, മടക്കം إِلَى النَّارِ നരകത്തിലേക്കാണ്
മക്കാ മുശ്രിക്കുകളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. അല്ലാഹു അവര്‍ക്കു നാടിന്റെ നേതൃത്വം നല്‍കി. യുദ്ധഭീതിയോ മറ്റൊ കൂടാതെ സമാധാനപൂര്‍വ്വം മറ്റു പ്രദേശങ്ങളില്‍ ജീവിക്കുവാനുള്ള സൗകര്യവും നല്‍കി. അവരില്‍നിന്നൊരു റസൂലിനെയും എഴുന്നേല്‍പ്പിച്ചുകൊടുത്തു. ഒരു വേദഗ്രന്ഥവും അവരില്‍ ഇറക്കി. ഇങ്ങിനെയുള്ള അനുഗ്രഹങ്ങള്‍ക്കൊക്കെ നന്ദികാണിക്കുന്നതിനു പകരം, അവ കുഫ്‍റിന്റെയും , ശിര്‍ക്കിന്റെയും മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുകയും, മറ്റുള്ളവരെക്കൂടി വഴിതെറ്റിക്കുകയുമാണവര്‍ ചെയ്തത്. അങ്ങനെ അവര്‍ പിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിച്ചു നരകാവകാശികളാക്കുകയും ചെയ്തു. അതുകൊണ്ടു കുറച്ചുനാള്‍ കൂടി അവര്‍ക്കു സ്വൈരവിഹാരം കൊള്ളാമെങ്കിലും ഒടുക്കം നരകത്തിലേക്കായിരിക്കും അവര്‍ ചെന്നെത്തുക. ഈ ധിക്കാര ജീവിതം എനി അധികനാള്‍ നീണ്ടുനില്‍ക്കുകയില്ല എന്നു സാരം. ഈ താക്കീതു പ്രഥമമായി അഭിമുഖീകരിക്കുന്നതു ഈ സൂറത്തു അവതരിക്കുമ്പോഴത്തെ മുശ്രിക്കുകളെയാണെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ ദുരുപയോഗപ്പെടുത്തി അവിശ്വാസം നിലനിര്‍ത്തുവാന്‍ മിനക്കെടുന്ന എല്ലാ ധിക്കാരികള്‍ക്കും ബാധകം തന്നെ.
- قُل لِّعِبَادِىَ ٱلَّذِينَ ءَامَنُوا۟ يُقِيمُوا۟ ٱلصَّلَوٰةَ وَيُنفِقُوا۟ مِمَّا رَزَقْنَـٰهُمْ سِرًّا وَعَلَانِيَةً مِّن قَبْلِ أَن يَأْتِىَ يَوْمٌ لَّا بَيْعٌ فِيهِ وَلَا خِلَـٰلٌ ﴾٣١﴿
- (നബിയേ) വിശ്വസിച്ചവരായ എന്റെ അടിയാന്‍മാരോടു പറയുക: അവര്‍ നമസ്കാരം നിലനിറുത്തുകയും, നാം അവര്‍ക്കു നല്‍കിയിട്ടുള്ളതില്‍നിന്നു രഹസ്യമായും പരസ്യമായും ചിലവഴിക്കുകയും ചെയ്യട്ടെ; - ക്രയ വിക്രയമാകട്ടെ ചങ്ങാത്തമാകട്ടെ ഇല്ലാത്തതായ ഒരു ദിവസം വരുന്നതിനുമുമ്പായി.
- قُل പറയുക لِّعِبَادِيَ എന്റെ അടിയാന്‍മാരോട് الَّذِينَ آمَنُوا വിശ്വസിച്ചവരായ يُقِيمُوا അവര്‍ നിലനിറുത്തട്ടെ الصَّلَاةَ നമസ്കാരത്തെ وَيُنفِقُوا അവര്‍ ചിലവഴിക്കയും مِمَّا رَزَقْنَاهُمْ നാമവര്‍ക്കു നല്‍കിയതില്‍നിന്നു سِرًّا രഹസ്യമായി وَعَلَانِيَةً പരസ്യമായും مِّن قَبْلِ മുമ്പു أَن يَأْتِيَ വരുന്നതിന്റെ يَوْمٌ ഒരു ദിവസം لَّا بَيْعٌ വില്‍പന (ക്രയവിക്രയം - കൊള്ളക്കൊടുതി) ഇല്ല فِيهِ അതില്‍ وَلَا خِلَالٌ ചങ്ങാത്തവുമില്ല
അഥവാ ഖിയാമത്തുനാള്‍ വരുന്നതിനു മുമ്പ് എന്നര്‍ത്ഥം. സത്യവിശ്വാസം സ്വീകരിച്ചാല്‍ പിന്നെ അനുഷ്ഠിക്കുവാനുള്ള സദാചാര കര്‍മ്മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു കര്‍മ്മങ്ങളാണല്ലോ നമസ്കാരവും, ദാനധര്‍മ്മവും. നമസ്കാരത്തെപ്പറ്റി പ്രസ്താവിക്കുന്ന മിക്ക സ്ഥലങ്ങളിലും ദാനധര്‍മ്മങ്ങളെക്കുറിച്ചും അതോടൊപ്പം പ്രസ്താവിക്കുക ഖുര്‍ആന്റെ പതിവാകുന്നു. നല്ല കര്‍മ്മങ്ങള്‍ വഴിയല്ലാതെ, എന്തെങ്കിലും പ്രതിഫലമോ മോചന മൂല്യമോ നല്‍കിയോ, അല്ലെങ്കില്‍ സ്നേഹതാല്പര്യങ്ങളുടെ സ്വാധീനംകൊണ്ടോ രക്ഷകിട്ടാത്ത ദിവസമാണ് ഖിയാമത്ത് നാള്‍. അതുകൊണ്ടു അന്നേക്കുവേണ്ടി ഈ ജീവിതത്തില്‍വെച്ചു തന്നെ സമ്പാദിക്കണമെന്നു സാരം. രഹസ്യമായും പരസ്യമായും ധനം ചിലവഴിക്കുവാന്‍ കല്‍പിച്ചതിന്റെ ഉദ്ദേശ്യവും മറ്റും 2 :274; 13 :22; 35 :29 എന്നിവിടങ്ങളില്‍ വിവരിച്ചതു നോക്കുക.
- ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزْقًا لَّكُمْ ۖ وَسَخَّرَ لَكُمُ ٱلْفُلْكَ لِتَجْرِىَ فِى ٱلْبَحْرِ بِأَمْرِهِۦ ۖ وَسَخَّرَ لَكُمُ ٱلْأَنْهَـٰرَ ﴾٣٢﴿
- അല്ലാഹുവത്രെ, ആകാശങ്ങളെയും ഭൂമിയും സൃഷ്ടിച്ചവന്‍; ആകാശത്തുനിന്ന് അവന്‍ വെള്ളം [മഴ] ഇറക്കുകയും, എന്നിട്ടു നിങ്ങള്‍ക്കു ഉപജീവനത്തിനുവേണ്ടി അതുമൂലം ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും (പലതും) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു: സമുദ്രത്തില്‍ അവന്റെ കല്‍പന പ്രകാരം കപ്പലുകള്‍ സഞ്ചരിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്കു വിധേയമാക്കിത്തരുകയും ചെയ്തിരിക്കുന്നു; നിങ്ങള്‍ക്കു നദികളെയും അവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു.
- اللَّـهُ അല്ലാഹുവത്രെ الَّذِي خَلَقَ സൃഷ്ടിച്ചവന്‍ السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയെയും وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു مِنَ السَّمَاءِ ആകാശത്തുനിന്നു مَاءً വെള്ളം فَأَخْرَجَ بِهِ എന്നിട്ടതുമൂലം (അതുകൊണ്ടു) പുറപ്പെടുവിച്ചു (ഉല്‍പാദിപ്പിച്ചു) مِنَ الثَّمَرَاتِ ഫലവര്‍ഗ്ഗങ്ങളില്‍നിന്ന് رِزْقًا ഉപജീവനമായിട്ടു, ആഹാരത്തെ لَّكُمْ നിങ്ങള്‍ക്ക് وَسَخَّرَ അവന്‍ കീഴ്പ്പെടുത്തുക(വിധേയമാക്കുക)യും ചെയ്തു لَكُمُ നിങ്ങള്‍ക്കു الْفُلْكَ കപ്പലുകളെ لِتَجْرِيَ അവ നടക്കു(സഞ്ചരിക്കു)വാന്‍വേണ്ടി فِي الْبَحْرِ സമുദ്രത്തില്‍ بِأَمْرِهِ അവന്റെ കല്‍പ്പനപ്രകാരം وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു الْأَنْهَارَ നദി (പുഴ - അരുവി)കളെ
- وَسَخَّرَ لَكُمُ ٱلشَّمْسَ وَٱلْقَمَرَ دَآئِبَيْنِ ۖ وَسَخَّرَ لَكُمُ ٱلَّيْلَ وَٱلنَّهَارَ ﴾٣٣﴿
- പതിവായി (സഞ്ചരിച്ചു) കൊണ്ടിരിക്കുന്ന നിലയില്‍, സൂര്യനെയും, ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിരിക്കുന്നു; രാത്രിയെയും, പകലിനെയും നിങ്ങള്‍ക്കവന്‍ വിധേയമാക്കിത്തന്നിരിക്കുന്നു;
- وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു الشَّمْسَ സൂര്യനെ وَالْقَمَرَ ചന്ദ്രനെയും دَائِبَيْنِ (രണ്ടും) പതിവായ നിലയില്‍ وَسَخَّرَ لَكُمُ നിങ്ങള്‍ക്കു വിധേയമാക്കുകയും ചെയ്തു اللَّيْلَ രാവിനെ (രാത്രിയെ) وَالنَّهَارَ പകലിനെയും
- وَءَاتَىٰكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا۟ نِعْمَتَ ٱللَّهِ لَا تُحْصُوهَآ ۗ إِنَّ ٱلْإِنسَـٰنَ لَظَلُومٌ كَفَّارٌ ﴾٣٤﴿
- (എന്നുവേണ്ടാ) നിങ്ങള്‍ അവനോടു (ആവശ്യപ്പെട്ടു) ചോദിച്ച എല്ലാറ്റില്‍ നിന്നും അവന്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം, നിങ്ങള്‍ അതു കണക്കാക്കുകയില്ല. [അതിനു സാധ്യമല്ല]. നിശ്ചയമായും മനുഷ്യന്‍, അക്രമകാരിയും, (വളരെ) നന്ദികെട്ടവനും തന്നെ!
- وَآتَاكُم നിങ്ങള്‍ക്കവന്‍ നല്‍കുകയും ചെയ്തു مِّن كُلِّ എല്ലാറ്റില്‍നിന്നും مَا سَأَلْتُمُوهُ അവനോടു നിങ്ങള്‍ ചോദിച്ചതായ وَإِن تَعُدُّوا നിങ്ങള്‍ എണ്ണുന്നപക്ഷം نِعْمَتَ اللَّـهِ അല്ലാഹുവിന്റെ അനുഗ്രഹത്തെ لَا تُحْصُوهَا നിങ്ങളതിനെ ക്ലിപ്തപ്പെടുത്തുക (കണക്കാക്കുക)യില്ല إِنَّ الْإِنسَانَ നിശ്ചയമായും മനുഷ്യന്‍ لَظَلُومٌ അക്രമകാരിതന്നെയാണു كَفَّارٌ (വളരെ) നന്ദികെട്ടവനാണ്
ബുദ്ധിപരമായി അങ്ങേഅറ്റം താഴേകിടയിലുള്ളവരും, ഇങ്ങേഅറ്റം മേലേകിടയിലുള്ളവരും വ്യത്യാസമില്ലാതെ എല്ലാവരും നിത്യേന കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്നവയും, അല്ലാഹുവിന്റെ പരമമായ കഴിവിനെയും, സൃഷ്ടിവൈഭവത്തെയും, കൈകാര്യ നിയന്ത്രണത്തെയും സാക്ഷീകരിച്ചുകൊണ്ടിരിക്കുന്നവയും, അവന്റെ ഏകത്വത്തെയും, കൃപാകടാക്ഷത്തെയും വിളിച്ചോതിക്കൊണ്ടിരിക്കുന്നവയുമായ കുറേ ദൃഷ്ടാന്തങ്ങളും, നിത്യാനുഗ്രഹങ്ങളുമാണ് ഈ വചനങ്ങളില്‍ അല്ലാഹു മനുഷ്യരെ ഓര്‍മ്മിപ്പിക്കുന്നത്. പ്രഥമ വീക്ഷണത്തില്‍തന്നെ ഗ്രഹിക്കാവുന്ന ഇതെല്ലാം അനുഭവത്തിലുണ്ടായിരുന്നിട്ടും മനുഷ്യന്‍ അല്ലാഹു അല്ലാത്തവരെ ദൈവങ്ങളാക്കി ആരാധിച്ചും, അവന്റെ കല്‍പനാ നിര്‍ദ്ദേശങ്ങള്‍ അതിലംഘിച്ചും, അവന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദികേടു കാണിച്ചും കൊണ്ടിരിക്കുന്നത് അങ്ങേഅറ്റം അനീതിയും കൂറില്ലായ്മയുമാണെന്നു താല്‍പര്യം.
മേല്‍പറഞ്ഞ വസ്തുക്കളെയെല്ലാം നിങ്ങള്‍ക്കു വിധേയമാക്കിത്തന്നിട്ടുണ്ടെന്നു പറഞ്ഞതിന്റെ താല്പര്യം, മനുഷ്യന്റെ ആവശ്യങ്ങള്‍ക്കും ജീവിതസമ്പ്രദായത്തിനും ഉപയുക്തമായ നിലയില്‍ അവയുടെ നിയന്ത്രണവും കൈകാര്യവും അവന്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നും, ഓരോന്നിനും അവന്‍ നിശ്ചയിച്ചുവെച്ചിട്ടുള്ള വ്യവസ്ഥകളും, അവയുടെ ഫലങ്ങളും മനുഷ്യനു അനുകൂലമായിട്ടാണിരിക്കുന്നതെന്നുമാകുന്നു. സൂര്യ ചന്ദ്രന്‍മാരെയോ, രാപ്പകലുകളെയോ മനുഷ്യനു അവന്റെ ഇഷ്ടംപോലെ മാറ്റിമറിക്കുവാനോ, അവര്‍ക്കു ഇഷ്ടാനുസരണം പുതിയ ഒരു വ്യവസ്ഥ ഏര്‍പ്പെടുത്തുവാനോ മനുഷ്യനു കഴിയുമെന്നല്ല അര്‍ത്ഥം. എന്നാല്‍, ചന്ദ്രനിലോ സൂര്യനില്‍തന്നെയോ മനുഷ്യന്‍ പോയിവരുകയോ, നിരീക്ഷണ പരീക്ഷണങ്ങള്‍ നടത്തുകയോ, അങ്ങനെ അവമൂലം മുമ്പില്ലാത്ത വല്ല അറിവുകളും പ്രയോജനങ്ങളും സിദ്ധിക്കുമാറുള്ള വല്ല കണ്ടുപിടിത്തങ്ങളും കണ്ടുപിടിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യതയെ ഈ വചനങ്ങളോ, ഇതുപോലെയുള്ള മറ്റുവചനങ്ങളോ നിഷേധിക്കുന്നില്ലതാനും. അതിനുള്ള വിരോധവും ഇതിലില്ലല്ലോ.
സൂ: ലുഖ്മാനില്‍ അല്ലാഹു പറയുന്നു: أَلَمْ تَرَوْا أَنَّ اللَّـهَ سَخَّرَ لَكُم مَّا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً (സാരം: ആകാശങ്ങളിലും ഭൂമിയിലുമുള്ളതിനെ അല്ലാഹു നിങ്ങള്‍ക്കു വിധേയമാക്കിത്തരുകയും, അവന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കവന്‍ പ്രത്യക്ഷമായും പരോക്ഷമായും വിശാലമാക്കിത്തരുകയും ചെയ്തിരിക്കുന്നതു നീ കണ്ടില്ലേ?! (31:20). അപ്പോള്‍, ഉപരിയാകാശത്തിലോ, ഭൂമിയിലോ മുമ്പില്ലാത്ത നിരീക്ഷണപരീക്ഷണങ്ങള്‍ നടത്തുകയും, ആ വഴിക്കു അവയില്‍നിന്നു മുമ്പില്ലാത്ത വല്ല പ്രയോജനങ്ങളും നേടിയെടുക്കുകയും മനുഷ്യന്‍ ചെയ്യുന്നുവെങ്കില്‍ അതു അല്ലാഹുവിന്റെ ഈ വിധേയമാക്കലില്‍ ഉള്‍പെട്ടതുതന്നെയാകുന്നു. പ്രത്യക്ഷമായും, പരോക്ഷമായും അവന്റെ അനുഗ്രഹങ്ങളെ അവന്‍ വിശാലപ്പെടുത്തിത്തന്നിരിക്കുന്നുവെന്നു ഈ വചനത്തില്‍ പ്രസ്താവിച്ചിരിക്കുന്നതു പ്രത്യേകം സ്മരണീയമത്രെ.
وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ (നിങ്ങള്‍ അവനോടു ചോദിച്ച എല്ലാറ്റില്‍ നിന്നും അവന്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തിരിക്കുന്നു) എന്ന വാക്യത്തിന്റെ സാരം, നിങ്ങള്‍ക്കാവശ്യവും പ്രയോജനകരവുമായ വസ്തുക്കളില്‍ നിന്നെല്ലാം തന്നെ ഒരു വ്യവസ്ഥയനുസരിച്ചു അവന്‍ നല്‍കിയിട്ടുണ്ടു എന്നാകുന്നു. എന്നല്ലാതെ, മനുഷ്യര്‍, വായകൊണ്ടു ചോദിച്ചതെല്ലാം നല്‍കിയെന്നല്ല ഉദ്ദേശ്യം. മനുഷ്യന്‍ വാക്കുമൂലം ചോദിക്കാത്ത എത്രയോ അനുഗ്രഹങ്ങള്‍ അല്ലാഹു അവന്നു നല്‍കിക്കൊണ്ടിരിക്കുന്നതും, മനുഷ്യന്‍ ചോദിക്കുന്ന പല കാര്യങ്ങളും അവന്നു സിദ്ധിക്കാതിരിക്കുന്നതും, വ്യക്തമാണല്ലോ. وَإِن تَعُدُّوا نِعْمَتَ اللَّـهِ لَا تُحْصُوهَا (അല്ലാഹുവിന്റെ അനുഗ്രഹത്തെ നിങ്ങള്‍ എണ്ണുന്നപക്ഷം അതു നിങ്ങള്‍ കണക്കാക്കുകയില്ല) എന്ന വാക്യത്തിനു യാതൊരു വിശദീകരണവും ആവശ്യമില്ല. ഒരു മനുഷ്യന്‍ അവന്റെ ജീവിതകാലം മുഴുവനും വിനിയോഗിച്ചാലും അവനു അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളെ ശരിക്കും എണ്ണിത്തീര്‍ക്കുവാന്‍ അവനു സാധ്യമാകുകയില്ല. പിന്നെയല്ലേ, മനുഷ്യര്‍ക്ക് പൊതുവേയുള്ള അനുഗ്രഹങ്ങള്‍ കണക്കാക്കുന്നു?! ഇമാം ശാഫിഈ (رحمه الله) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെടുന്ന ഒരു സ്തുതിവാക്യം ഈ യാഥാര്‍ത്ഥ്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. അതിങ്ങനെയാണ്: الحمد لله الذي لا يؤدى شكر نعمة من نعمه ، إلا بنعمة توجب على مؤدي ماضي نعمه بأدائها نعمة حادثة توجب عليه شكره بها . (സാരം: അല്ലാഹുവിനു സര്‍വ്വ സ്തുതിയും! അവന്റെ അനുഗ്രഹങ്ങളില്‍ ഒന്നിന്നും തന്നെ നന്ദി നിര്‍വ്വഹിക്കുന്നതായാല്‍ അതു നിര്‍വ്വഹിക്കുന്നവന്‍ അവന്നു നന്ദി ചെയ്‌വാന്‍ കടമപ്പെടുന്നവിധം ഒരു പുതിയ അനുഗ്രഹം കൂടി ലഭിച്ചുകൊണ്ടല്ലാതെ നന്ദി കാണിക്കുവാന്‍ കഴിയുകയില്ല. അങ്ങിനെയുള്ളവനാണവന്‍ – അതെ, അല്ലാഹു).
യഥാര്‍ത്ഥം ഇങ്ങിനെയിരിക്കെ, അല്ലാഹുവില്‍ വിശ്വസിക്കാതെയും, അവനു പങ്കുകാരെയും സമന്‍മാരെയും സങ്കല്‍പ്പിച്ചും, അവന്റെ വിധിവിലക്കുകള്‍ അവഗണിച്ചുകൊണ്ടു കഴിഞ്ഞുകൂടുന്ന മനുഷ്യന്‍ കടുത്ത അക്രമിയല്ലേ? നന്ദികെട്ടവനല്ലേ?! അതെ, അവന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ. (إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ) മനുഷ്യന്റെ പൊതുവിലുള്ള അവസ്ഥയാണ് അല്ലാഹു ഇപ്പറഞ്ഞത്. മറ്റൊരു സ്ഥലത്തു അല്ലാഹു പറയുന്നു: ‘എന്റെ അടിയാന്മാരില്‍നിന്നും നന്ദിയുള്ളവര്‍ കുറവാകുന്നു. (وقليل من عبادي الشكور) അല്ലാഹുവിന്റെ കണക്കറ്റ അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കുന്ന നല്ല അടിയാന്‍മാരില്‍ അവന്‍ നമ്മെയെല്ലാം ഉള്‍പെടുത്തി അനുഗ്രഹിക്കട്ടെ. ആമീന്‍.