വിഭാഗം - 7

10:61
  • وَمَا تَكُونُ فِى شَأْنٍ وَمَا تَتْلُوا۟ مِنْهُ مِن قُرْءَانٍ وَلَا تَعْمَلُونَ مِنْ عَمَلٍ إِلَّا كُنَّا عَلَيْكُمْ شُهُودًا إِذْ تُفِيضُونَ فِيهِ ۚ وَمَا يَعْزُبُ عَن رَّبِّكَ مِن مِّثْقَالِ ذَرَّةٍ فِى ٱلْأَرْضِ وَلَا فِى ٱلسَّمَآءِ وَلَآ أَصْغَرَ مِن ذَٰلِكَ وَلَآ أَكْبَرَ إِلَّا فِى كِتَٰبٍ مُّبِينٍ ﴾٦١﴿
  • (നബിയേ) നീ വല്ല കാര്യത്തിലും ആയിരിക്കുകയാകട്ടെ, അത്‌ സംബന്ധിച്ച്‌ ക്വുര്‍ആനില്‍ നിന്നും (വല്ലതും) പാരായണം ചെയ്യുകയാകട്ടെ ചെയ്‌കയില്ല; നിങ്ങള്‍ [മനുഷ്യര്‍] വല്ല പ്രവൃത്തിയും പ്രവര്‍ത്തിക്കുകയും ചെയ്‌കയില്ല; നിങ്ങള്‍ അതില്‍ മുഴുകികൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ മേല്‍നാം (ദൃക്‌) സാക്ഷികളായിരിക്കാതെ. ഭൂമിയിലാകട്ടെ, ആകാശത്തിലാകട്ടെ, ഒരു അണുത്തൂക്കവും (തന്നെ) നിന്‍റെ റബ്ബില്‍ നിന്നും വിട്ടുപോകുകയില്ല; അതിനെക്കാള്‍ ചെറുതാവട്ടെ, വലുതാകട്ടെ ഇല്ല, (അത്‌) സ്‌പഷ്‌ടമായ ഒരു (രേഖാ) ഗ്രന്ഥത്തില്‍ഇല്ലാതെ.
  • وَمَا تَكُونُ നീ ആയിരിക്കയില്ല فِي شَأْنٍ ഒരു കാര്യത്തിലും, വല്ല വിഷയത്തിലും وَمَا تَتْلُو നീ പാരായണം ചെയ്‌കയുമില്ല مِنْهُ അത്‌ സംബന്ധിച്ച്‌ مِن قُرْآنٍ ഒരു ക്വുര്‍ആനും, ക്വുര്‍ആനില്‍നിന്നും (വല്ലതും) وَلَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുകയുമില്ല مِنْ عَمَلٍ ഒരു പ്രവൃത്തിയും, പ്രവൃത്തിയായിട്ട്‌ (വല്ലതും) إِلَّا كُنَّا നാം ആയിരിക്കാതെ عَلَيْكُمْ നിങ്ങളുടെ മേല്‍ شُهُودًا സാക്ഷികള്‍, സന്നദ്ധര്‍ إِذْ تُفِيضُونَ നിങ്ങള്‍ മുഴുകിക്കൊണ്ടിരിക്കുമ്പോള്‍ فِيهِ അതില്‍ وَمَا يَعْزُبُ വിട്ട്‌ (തെറ്റി-മറഞ്ഞു) പോകയുമില്ല عَن رَّبِّكَ നിന്‍റെ റബ്ബില്‍ നിന്ന്‌, റബ്ബിനെ വിട്ട്‌ مِن مِّثْقَالِ തൂക്കത്തില്‍ നിന്നും (ഒന്നും-ഒരളവും) ذَرَّةٍ ഒരണുവിന്‍റെ فِي الْأَرْضِ ഭൂമിയില്‍ وَلَا فِي السَّمَاءِ ആകാശത്തിലുമില്ല وَلَا أَصْغَرَ കൂടുതല്‍ ചെറിയതുമില്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْبَرَ കൂടുതല്‍ വലുതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍(രേഖയില്‍) ഇല്ലാതെ مُّبِينٍ സ്‌പഷ്‌ടമായ, വ്യക്തമായ

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യാകട്ടെ, മറ്റുള്ളവരാകട്ടെ, ഏതെങ്കിലും വിഷയത്തില്‍ ഏര്‍പ്പെടുകയോ, വല്ല പ്രവൃത്തിയും ചെയ്യുകയോ ചെയ്യുന്നപക്ഷം അല്ലാഹു അത്‌ കണ്ടറിയാതിരിക്കുകയില്ല. ആകാശഭൂമികളിലുള്ള ഏതൊരു വസ്‌തുവും- അത്‌ എത്ര തന്നെ വലുതോ ചെറുതോ ആയിരുന്നാലും- അവന്‍റെ അറിവില്‍പെടാത്തതുമില്ല. എല്ലാറ്റിന്‍റെയും കണക്കും തോതുമൊക്കെ അവന്‍ കൃത്യമായി രേഖപ്പെടുത്തി വെച്ചിട്ടുമുണ്ട്‌ എന്ന്‌ സാരം. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ ക്വുര്‍ആന്‍ പാരായണത്തെപ്പറ്റി പ്രത്യേകം എടുത്ത്‌ പറഞ്ഞത്‌, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ പ്രധാന ജോലി അതായതു കൊണ്ടായിരിക്കാം. الّله اعلم

ഭാവി കാര്യങ്ങളെക്കുറിച്ച്‌ മൊത്തത്തിലുള്ള അറിവേ അല്ലാഹുവിനുള്ളുവെന്നും, അതത്‌ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമേ ഓരോന്നിനെക്കുറിച്ചും അവന്‌ വിശദമായി അറിയുകയുള്ളൂവെന്നും ചില തല്‍പരകക്ഷികള്‍ ജല്‍പിക്കാറുള്ളത്‌ തികച്ചും സത്യവിരുദ്ധമാണെന്ന്‌ ഈ വചനത്തില്‍ നിന്നും ഇതുപോലുള്ള മറ്റു ചില വചനങ്ങളില്‍ നിന്നും സ്‌പഷ്‌ടമായി മനസ്സിലാക്കാം. എല്ലാം അവന്‍ സൃഷ്‌ടിച്ചത്‌ (الَّلهُ خَالِقُ كُلِّ شَيْءٍ) ഓരോന്നും സൃഷ്‌ടിച്ചതാകട്ടെ, ശരിക്ക്‌ കണക്കും വ്യവസ്ഥയും വെച്ചുകൊണ്ടും (إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ – القمر ٤٩) എന്നിരിക്കെ ഏതെങ്കിലും ഒരു കാര്യം -അല്ലെങ്കില്‍ വസ്‌തു- അവന്‍ അറിയാതിരിക്കുന്നതെങ്ങിനെയാണ്‌?!

10:62
  • أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴾٦٢﴿
  • (അല്ലാ! അറിയുക; ) നിശ്ചയമായും അല്ലാഹുവിന്‍റെ `വലിയ്യു'കള്‍ [മിത്രങ്ങള്‍], അവരുടെ മേല്‍ ഒരു ഭയവുമില്ല; അവര്‍ വ്യസനിക്കുകയും ചെയ്‌കയില്ല.
  • أَلَا അല്ലാ, അറിയുക إِنَّ أَوْلِيَاءَ വലിയ്യു (മിത്രം)കള്‍ اللَّهِ അല്ലാഹുവിന്‍റെ لَا خَوْفٌ ഒരു ഭയവുമില്ല عَلَيْهِمْ അവരുടെ മേല്‍ وَلَا هُمْ അവരില്ലതാനും يَحْزَنُونَ അവര്‍ വ്യസനിക്കും
10:63
  • ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ ﴾٦٣﴿
  • (അതെ,) വിശ്വസിക്കുകയും, സൂക്ഷ്‌മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്‌തവര്‍. [ഇവരാണ്‌ അല്ലാഹുവിന്‍റെ 'വലിയ്യു'കള്‍.]
  • الَّذِينَ آمَنُوا വിശ്വസിച്ചവര്‍ وَكَانُوا അവര്‍ ആയിരിക്കുകയും ചെയ്‌തു يَتَّقُونَ അവര്‍ സൂക്ഷ്‌മത പാലിക്കും
10:64
  • لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْءَاخِرَةِ ۚ لَا تَبْدِيلَ لِكَلِمَٰتِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴾٦٤﴿
  • അവര്‍ക്കത്രെ, ഇഹലോക ജീവിതത്തിലും, പരലോകത്തിലും സന്തോഷവാര്‍ത്ത (യുള്ളത്‌). അല്ലാഹുവിന്‍റെ വാക്കുകള്‍ക്ക്‌ മാറ്റം വരുത്തലില്ല. അതുതന്നെയാണ്‌ വമ്പിച്ച ഭാഗ്യം!
  • لَهُمُ അവര്‍ക്കുണ്ട്‌, അവര്‍ക്കാണ്‌ الْبُشْرَىٰ സന്തോഷവാര്‍ത്ത فِي الْحَيَاةِ ജീവിതത്തില്‍ الدُّنْيَا ഇഹത്തിലെ, ഐഹിക وَفِي الْآخِرَةِ പരലോകത്തിലും لَا تَبْدِيلَ മാറ്റം വരുത്തലില്ല, പകരമാക്കലില്ല لِكَلِمَاتِ വാക്കുകള്‍ക്ക്‌, വചനങ്ങളെ اللَّهِ അല്ലാഹുവിന്‍റെ ذَٰلِكَ هُوَ അതുതന്നെയാണ്‌ الْفَوْزُ ഭാഗ്യം, വിജയം الْعَظِيمُ വമ്പിച്ച, മഹാ

10:65
  • وَلَا يَحْزُنكَ قَوْلُهُمْ ۘ إِنَّ ٱلْعِزَّةَ لِلَّهِ جَمِيعًا ۚ هُوَ ٱلسَّمِيعُ ٱلْعَلِيمُ ﴾٦٥﴿
  • (നബിയേ) അവരുടെ [മുശ്‌രിക്കുകളുടെ] വാക്ക്‌ നിന്നെ വ്യസനിപ്പിക്കരുത്‌. നിശ്ചയമായും, പ്രതാപം മുഴുവനും അല്ലാഹുവിനാകുന്നു. അവന്‍ (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമത്രെ.
  • وَلَا يَحْزُنكَ നിന്നെ വ്യസനിപ്പിക്കരുത്‌ قَوْلُهُمْ അവരുടെ വാക്ക്‌, അവര്‍ പറയുന്നത്‌ إِنَّ الْعِزَّةَ നിശ്ചയമായും പ്രതാപം لِلَّهِ അല്ലാഹുവിനാണ്‌ جَمِيعًا മുഴുവനും هُوَ അവന്‍ السَّمِيعُ കേള്‍ക്കുന്നവനത്രെ الْعَلِيمُ അറിയുന്നവന്‍

മുശ്‌രിക്കുകളുടെ ഭാഗത്ത്‌ നിന്ന്‌ പരിഹാസത്തിന്‍റെയും ആക്ഷേപത്തിന്‍റെയും ഭീഷണിയുടെയും രൂപത്തില്‍ പല തോന്നിയവാസ വാക്കുകളും കേട്ടുകൊണ്ടിരിക്കും. ചിലതെല്ലാം കേള്‍ക്കുമ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു വ്യസനം തോന്നുക സ്വാഭാവികമാണല്ലോ. ഇതിനെപ്പറ്റി ഒരിടത്ത്‌ അല്ലാഹു പറയുന്നു: …..قَدْ نَعْلَمُ إِنَّهُ لَيَحْزُنُكَ الَّذي ييَقُولُونَ (അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്‌ നിന്നെ വ്യസനിപ്പിക്കുകതന്നെ ചെയ്യുന്നുവെന്ന്‌ നാം അറിയുന്നുണ്ട്‌ എന്നാല്‍, അവര്‍ നിന്നെ വ്യാജമാക്കുകയല്ല; പക്ഷേ, ആ അക്രമികള്‍ അല്ലാഹുവിന്‍റെ ആയത്തുകളെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌. (6: 33) അത്തരം വാക്കുകളിലൊന്നും വ്യസനിക്കേണ്ടതില്ല, അവര്‍ക്ക്‌ വില കല്‍പിക്കേണ്ടതുമില്ല, അവമൂലം ഒന്നും സംഭവിക്കാനും പോകുന്നില്ല, അതിനെതിരില്‍ വേണ്ടുന്ന നടപടികള്‍ അല്ലാഹു എടുത്തുകൊള്ളും, ശക്തിയും, പ്രതാപവുമെല്ലാം അവനു മാത്രമാണുള്ളത്‌, അവന്‍റെ നടപടിക്ക്‌ കീഴൊതുങ്ങാത്തവരാരുംതന്നെയില്ല, എന്നൊക്കെ അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ സമാധാനിപ്പിക്കുകയാണ്‌. മറ്റൊരു സ്ഥലത്ത്‌ അല്ലാഹു പറയുന്നു: ……كَتَبَ اللَّهُ لأغْلِبَنَّ أَنَا وَرُسُليِ (നിശ്ചയമായും ഞാനും എന്‍റെ റസൂലുകളും ജയിക്കുകതന്നെ ചെയ്യുമെന്ന്‌ അല്ലാഹു രേഖപ്പെടുത്തി വെച്ചിരിക്കുന്നു. നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാകുന്നു. (58:21)

10:66
  • أَلَآ إِنَّ لِلَّهِ مَن فِى ٱلسَّمَٰوَٰتِ وَمَن فِى ٱلْأَرْضِ ۗ وَمَا يَتَّبِعُ ٱلَّذِينَ يَدْعُونَ مِن دُونِ ٱللَّهِ شُرَكَآءَ ۚ إِن يَتَّبِعُونَ إِلَّا ٱلظَّنَّ وَإِنْ هُمْ إِلَّا يَخْرُصُونَ ﴾٦٦﴿
  • അല്ലാ! (അറിയുക:) നിശ്ചയമായും, അല്ലാഹുവിന്‍റെതാണ്‌ ആകാശങ്ങളിലുള്ളവരും, ഭൂമിയിലുള്ളവരും (ഒക്കെ). അല്ലാഹുവിന്‌ പുറമെ അവര്‍ വിളി(ച്ചു പ്രാര്‍ത്ഥി)ച്ചു കൊണ്ടിരിക്കുന്നവര്‍ (യഥാര്‍ത്ഥത്തില്‍) 'പങ്കാളി' കളെ പിന്‍പറ്റുന്നില്ല. (അതെ,) ഊഹത്തെയല്ലാതെ അവര്‍ പിന്‍പറ്റുന്നില്ല; അവര്‍ മതിപ്പിട്ട്‌ (കളവ്‌) പറയുകയല്ലാതെ ചെയ്യുന്നുമില്ല.
  • أَلَا അല്ലാ, അറിയുക إِنَّ لِلَّهِ നിശ്ചയമായും അല്ലാഹുവിനാണ്‌, അല്ലാഹുവിന്‍റെതാണ്‌ مَن فِي السَّمَاوَاتِ ആകാശത്തിലുള്ളവര്‍ وَمَن فِي الْأَرْضِ ഭൂമിയിലുള്ളവരും وَمَا يَتَّبِعُ പിന്‍പറ്റുന്നില്ല الَّذِينَ يَدْعُونَ വിളിക്കുന്ന (പ്രാര്‍ത്ഥിക്കുന്ന)വര്‍ مِن دُونِ اللَّهِ അല്ലാഹുവിന്‌ പുറമെ شُرَكَاءَ പങ്കാളികളെ, കൂട്ടുകാരെ إِن يَتَّبِعُونَ അവര്‍ പിന്‍പറ്റുന്നില്ല إِلَّا الظَّنَّ ഊഹത്തെ (ധാരണയെ) അല്ലാതെ وَإِنْ هُمْ അവരല്ലതാനും إِلَّا يَخْرُصُونَ മതിപ്പിടുക (അനുമാനം പറയുക)യല്ലാതെ

ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന്‍റെ സൃഷ്‌ടികളും, അടിമകളും, അവന്‍റെ നിയന്ത്രണത്തില്‍ കഴിയുന്നവരുമാകുന്നു. എന്നിരിക്കെ, അവരില്‍ ആരെങ്കിലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളിലോ ഗുണമാഹാത്മ്യങ്ങളിലോ അവന്‌ പങ്കാളികളായിരിക്കുവാന്‍ നിവൃത്തിയില്ല. ബുദ്ധിയുള്ള ജീവികളുടെ സ്ഥിതിതന്നെ ഇതാണെങ്കില്‍, ബുദ്ധിയോ ജീവനോ ഇല്ലാത്ത നിര്‍ജ്ജീവ വസ്‌തുക്കളുടെ കാര്യം പറയേണ്ടതുമില്ലല്ലോ. അപ്പോള്‍ ഈ മുശ്‌രിക്കുകള്‍ ചില സൃഷ്‌ടികളെ അല്ലാഹുവിന്‍റെ പങ്കാളികളായി സങ്കല്‍പിച്ചുകൊണ്ട്‌ ആരാധിച്ചും പ്രാര്‍ത്ഥിച്ചും വരുന്നതോ? വാസ്‌തവത്തില്‍ അതൊന്നും തന്നെ അല്ലാഹുവിന്‍റെ പങ്കാളികളല്ല. പിന്നെയോ? വെറും ചില ഊഹത്തെയും അനുമാനത്തെയും അടിസ്ഥാനമാക്കി അവയെ അവന്‍റെ പങ്കുകാരാണെന്ന്‌ സങ്കല്‍പിച്ചുകൊണ്ടിരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അതില്‍ സത്യത്തിന്‍റെയോ, ന്യായത്തിന്‍റെയോ കണികപോലുമില്ല. എന്നൊക്കെയാണ്‌ ഇവിടെ അല്ലാഹു പറഞ്ഞതിന്‍റെ താല്‍പര്യം.

10:67
  • هُوَ ٱلَّذِى جَعَلَ لَكُمُ ٱلَّيْلَ لِتَسْكُنُوا۟ فِيهِ وَٱلنَّهَارَ مُبْصِرًا ۚ إِنَّ فِى ذَٰلِكَ لَءَايَٰتٍ لِّقَوْمٍ يَسْمَعُونَ ﴾٦٧﴿
  • അവനത്രെ നിങ്ങള്‍ക്ക്‌,? നിങ്ങള്‍ അതില്‍ അടങ്ങി (ശാന്തമാ)യിരിക്കുവാന്‍ വേണ്ടി രാത്രിയെയും, കണ്ടറിയത്തക്ക നിലയില്‍ പകലിനെയും ഏര്‍പ്പെടുത്തിത്തന്നവന്‍. നിശ്ചയമായും, കേട്ടറിയുന്ന ജനങ്ങള്‍ക്ക്‌ അതില്‍ പല ദൃഷ്‌ടാന്തങ്ങളുമുണ്ട്‌.
  • هُوَ الَّذِي അവന്‍ യാതൊരുവന്‍, അവനത്രെയാതൊരുവന്‍ جَعَلَ لَكُمُ നിങ്ങള്‍ക്ക്‌ ആക്കി (ഏര്‍പ്പെടുത്തി)യ اللَّيْلَ രാത്രിയെ لِتَسْكُنُوا നിങ്ങള്‍ അടങ്ങിയിരിക്കുവാന്‍, ശാന്തമായിരിക്കുവാന്‍ فِيهِ അതില്‍ وَالنَّهَارَ പകലിനെയും مُبْصِرًا കാണത്തക്കവിധത്തില്‍ إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട്‌ لَآيَاتٍ പല ദൃഷ്‌ടാന്തങ്ങള്‍ لِّقَوْمٍ ഒരു ജനതക്ക്‌ يَسْمَعُونَ കേള്‍ക്കുന്ന, കേട്ടറിയുന്ന

രാപ്പകലുകളുടെ യാഥാര്‍ത്ഥ്യങ്ങളെയും, അവയുടെ ക്രമീകരണ വ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങളെയും സംബന്ധിച്ച്‌ ചിന്തിച്ചാല്‍തന്നെയും അല്ലാഹുവിന്‌ പങ്കാളികള്‍ ഉണ്ടായിരിക്കുക സാധ്യമല്ലെന്ന്‌ അന്വേഷണ ബുദ്ധിയുള്ളവര്‍ക്ക്‌ വ്യക്തമായി മനസ്സിലാക്കുവാന്‍ കഴിയും.

10:68
  • قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ۗ سُبْحَٰنَهُۥ ۖ هُوَ ٱلْغَنِىُّ ۖ لَهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۚ إِنْ عِندَكُم مِّن سُلْطَٰنٍۭ بِهَٰذَآ ۚ أَتَقُولُونَ عَلَى ٱللَّهِ مَا لَا تَعْلَمُونَ ﴾٦٨﴿
  • അവര്‍ പറയുകയാണ്‌: 'അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു'വെന്ന്‌. അവന്‍ മഹാ പരിശുദ്ധന്‍! അവനത്രെ (പരാശ്രയമില്ലാത്ത) ധന്യന്‍; അവന്‍റെതാണ്‌ ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (മുഴുവന്‍). ഇതിനെപ്പറ്റി നിങ്ങളുടെ പക്കല്‍ യാതൊരു (ആധികാരിക) രേഖയും ഇല്ല. അല്ലാഹുവിന്‍റെമേല്‍ നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത്‌ നിങ്ങള്‍ (കെട്ടി) പറയുന്നുവോ?!'
  • قَالُوا അവര്‍ പറഞ്ഞു, പറയുകയാണ്‌ اتَّخَذَ ഏര്‍പ്പെടുത്തി, സ്വീകരിച്ചു, ഉണ്ടാക്കി (എന്ന്‌) اللَّهُ അല്ലാഹു وَلَدًا സന്താനത്തെ سُبْحَانَهُ അവന്‍ മഹാ പരിശുദ്ധന്‍, അവനെ വാഴ്‌ത്തുന്നു هُوَ അവന്‍, അവനത്രെ الْغَنِيُّ ധന്യനത്രെ, ധന്യനായുള്ളവന്‍, നിരാശ്രയന്‍ لَهُ അവനാണ്‌, അവന്‍റെതാണ്‌ مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതും وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും إِنْ عِندَكُم നിങ്ങളുടെ അടുക്കല്‍ (പക്കല്‍) ഇല്ല مِّن سُلْطَانٍ ഒരു (അധികൃത) രേഖയും بِهَٰذَا ഇതിന്‌, ഇതിനെപ്പറ്റി أَتَقُولُونَ നിങ്ങള്‍ പറയുകയോ, പറഞ്ഞുണ്ടാക്കുന്നുവോ عَلَى اللَّهِ അല്ലാഹുവിന്‍റെ പേരില്‍ (മേല്‍) مَا لَا تَعْلَمُونَ നിങ്ങള്‍(ക്ക്‌) അറിയാത്തത്‌
10:69
  • قُلْ إِنَّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ لَا يُفْلِحُونَ ﴾٦٩﴿
  • പറയുക: 'നിശ്ചയമായും, അല്ലാഹുവിന്‍റെമേല്‍ വ്യാജം കെട്ടിച്ചമക്കുന്നവര്‍ വിജയിക്കുകയില്ല.'
  • قُلْ നീ പറയുക إِنَّ നിശ്ചയമായും الَّذِينَ يَفْتَرُونَ കെട്ടിച്ചമക്കുന്നവര്‍ عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ الْكَذِبَ വ്യാജം, അസത്യം لَا يُفْلِحُونَ അവര്‍ വിജയിക്കുകയില്ല
10:70
  • مَتَٰعٌ فِى ٱلدُّنْيَا ثُمَّ إِلَيْنَا مَرْجِعُهُمْ ثُمَّ نُذِيقُهُمُ ٱلْعَذَابَ ٱلشَّدِيدَ بِمَا كَانُوا۟ يَكْفُرُونَ ﴾٧٠﴿
  • ഇഹത്തിലുള്ള ഒരു (തരം) സുഖമെടുക്കല്‍! (അത്രമാത്രം.) പിന്നെ, നമ്മുടെ അടുക്കലേക്കാണ്‌ അവരുടെ മടങ്ങി വരവ്‌. പിന്നെ, അവര്‍ അവിശ്വസിച്ചിരുന്നത്‌ നിമിത്തം അവരെ നാം കഠിനമായ ശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.
  • مَتَاعٌ ഒരു സുഖമെടുക്കല്‍ فِي الدُّنْيَا ഇഹത്തില്‍ ثُمَّ إِلَيْنَا പിന്നെ നമ്മുടെ അടുക്കലേക്കാണ്‌ مَرْجِعُهُمْ അവരുടെ മടങ്ങിവരവ്‌ ثُمَّ نُذِيقُهُمُ പിന്നെ നാമവരെ ആസ്വദിപ്പിക്കും, അനുഭവിപ്പിക്കും الْعَذَابَ ശിക്ഷയെ الشَّدِيدَ കഠിനമായ بِمَا كَانُوا അവരായിരുന്നതു നിമിത്തം يَكْفُرُونَ അവര്‍ അവിശ്വസിക്കും

മലക്കുകള്‍ അല്ലാഹുവിന്‍റെ പെണ്‍മക്കളാണെന്ന്‌ മുശ്‌രിക്കുകളും, ഉസൈര്‍ (അ) അല്ലാഹുവിന്‍റെ പുത്രനാണെന്ന്‌ ചില യഹൂദികളും, ഈസാ (അ) അല്ലാഹുവിന്‍റെ പുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞു വരുന്നതിനെക്കുറിച്ചാണ്‌ ഈ വചനങ്ങളില്‍ പ്രസ്‌താവിക്കുന്നത്‌. സന്താന വാദത്തെ അടിയോടെ ഖണ്‌ഡിക്കുന്ന ഏതാനും യാഥാര്‍ത്ഥ്യങ്ങളും. പ്രസ്‌തുത വാദക്കാര്‍ക്കുള്ള ചില താക്കീതുകളുമാണ്‌ അവയുടെ ഉള്ളടക്കം. അങ്ങേയറ്റം അപലപനീയമായ ഈ വാദത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്‌ ആദ്യമായി അല്ലാഹു പറഞ്ഞ വാക്ക്‌ سُبْحَانَهُ (അവന്‍ മഹാ പരിശുദ്ധന്‍!) എന്നത്രെ. അവന്‍റെ മഹിതമഹത്വത്തിനും, അത്യുല്‍കൃഷ്‌ട ഗുണമാഹാത്മ്യങ്ങള്‍ക്കും ഒട്ടും തന്നെ യോജിക്കാത്തതും, അവന്‍റെ പരിശുദ്ധിയെ ഇടിച്ചുതാഴ്‌ത്തി അവനെ സൃഷ്‌ടികളോട്‌ സാദൃശ്യപ്പെടുത്തുന്നതുമായ ഒരു വാദമാണതെന്നാണ്‌ ആ വാക്ക്‌ സൂചിപ്പിക്കുന്നത്‌. ഈ വിഷയത്തെക്കുറിച്ച്‌ ആക്ഷേപിക്കുന്ന മിക്ക സ്ഥലങ്ങളിലും ക്വുര്‍ആനില്‍ അല്ലാഹു ഇതേവാക്ക്‌ പറഞ്ഞിരിക്കുന്നത്‌ കാണാം.

ഈ സന്താന വാദക്കാരെപ്പറ്റി അല്ലാഹുവിനുള്ള വെറുപ്പും, ആ വാദത്തിന്‍റെ ഗൗരവവും എത്രമാത്രം കടുത്തതാണെന്ന്‌ സൂറത്ത്‌ മര്‍യമിലെ വചനങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാം. അവരെ അഭിമുഖീകരിച്ചുകൊണ്ട്‌ അല്ലാഹു പറയുന്നു: ‘വളരെ ഘോരമായ ഒരു കാര്യമാണ്‌ നിങ്ങള്‍ ചെയ്‌തത്‌. ഇതുനിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും, മലകള്‍ തകര്‍ന്നുവീഴുകയും ചെയ്യുമാറാകുന്നു! അതെ, പരമകാരുണികനായുള്ളവന്‌ മക്കളുണ്ടെന്ന്‌ വാദിച്ചതിനാല്‍! സന്താനത്തെ സ്വീകരിക്കുകയെന്നത്‌ പരമ കാരുണികന്‌- അല്ലാഹുവിന്‌- യോജിക്കുന്നതല്ല. ആകാശഭൂമികളിലുള്ളവരെല്ലാം തന്നെ പരമകാരുണികന്‍റെ അടുക്കല്‍ അടിമയായി വരുന്നവരല്ലാതെ ഇല്ല. അവന്‍ അവരെ സൂക്ഷ്‌മമായി അറിയുകയും, അവരെ എണ്ണിക്കണക്കാക്കുകയും ചെയ്‌തിട്ടുണ്ട്‌.’ (മര്‍യം: 89 – 94)

സന്താനമുണ്ടായിരിക്കുന്നതില്‍നിന്നും അവന്‍ എത്രയോ പരിശുദ്ധനാണെന്ന്‌ പറഞ്ഞശേഷം, ആ പരിശുദ്ധിയുടെ പശ്ചാത്തലങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു.

(1) അവന്‍ ധന്യനാണ്‌. ആരുടെയും ആശ്രയം അവന്നില്ല, ഇണയോ, തുണയോ, മക്കളോ, കുടുംബമോ ഒന്നും അവന്നാവശ്യമില്ല. ഒരു കാര്യത്തിലും ആരുടെയും സഹായമോ, സഹകരണമോ, കൂട്ടോ ഒന്നും അവന്‌ വേണ്ടതില്ല.

(2) സന്താനങ്ങളെന്ന്‌ പറയപ്പെടുന്നവരടക്കം ആകാശഭൂമികളിലുള്ള സര്‍വ്വ വസ്‌തുക്കളും അവന്‍റെതാണ്‌. എല്ലാം അവന്‍റെ സൃഷ്‌ടി. അവന്‍ ഉടമ. എല്ലാം അവന്‍റെ നിയന്ത്രണത്തിനധീനം. എന്നിരിക്കെ, അതില്‍ ചിലര്‍ മാത്രം എങ്ങിനെ അവന്‍റെ മക്കളാകും?!

(3) ശരി, എന്നാല്‍ പിന്നെ ഈ വാദത്തിന്‌ വല്ല രേഖയുമുണ്ടോ? ഇല്ല. ഒരു വേദഗ്രന്ഥമോ, ബുദ്ധിപരമായ വല്ല തെളിവോ, അറിവോ ഒന്നും തന്നെ അതിനില്ല.

(4) സ്വീകാര്യമായ തെളിവോ രേഖാമൂലമുള്ള അറിവോ കൂടാതെ അല്ലാഹുവിന്‍റെ പേരില്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന ഒരു വാദം മാത്രമാണത്‌.

ഇത്രയും കടുത്ത നുണ കെട്ടിപ്പറയുന്നവര്‍ ഒരിക്കലും വിജയിക്കുവാന്‍ പോകുന്നില്ല. തല്‍ക്കാലം ഈ ലോകത്ത്‌ അല്‍പസമയത്തെ സുഖജീവിതം അവര്‍ക്കുണ്ടായിരിക്കുമെങ്കിലും താമസിയാതെ അവര്‍ നമ്മുടെ അടുത്തേക്കുതന്നെ തിരിച്ചു വരാതിരിക്കില്ല. അപ്പോഴറിയാം ആ ധിക്കാരത്തിന്‍റെയും സത്യനിഷേധത്തിന്‍റെയും തിക്തഫലം എന്ന്‌ അവസാനം അവരെ അല്ലാഹു താക്കീത്‌ ചെയ്യുന്നു.

വിഭാഗം - 8

10:71
  • ۞ وَٱتْلُ عَلَيْهِمْ نَبَأَ نُوحٍ إِذْ قَالَ لِقَوْمِهِۦ يَٰقَوْمِ إِن كَانَ كَبُرَ عَلَيْكُم مَّقَامِى وَتَذْكِيرِى بِـَٔايَٰتِ ٱللَّهِ فَعَلَى ٱللَّهِ تَوَكَّلْتُ فَأَجْمِعُوٓا۟ أَمْرَكُمْ وَشُرَكَآءَكُمْ ثُمَّ لَا يَكُنْ أَمْرُكُمْ عَلَيْكُمْ غُمَّةً ثُمَّ ٱقْضُوٓا۟ إِلَىَّ وَلَا تُنظِرُونِ ﴾٧١﴿
  • (നബിയേ,) അവര്‍ക്ക്‌ നൂഹിന്‍റെ വൃത്താന്തം ഓതിക്കേള്‍പ്പിക്കുക. (അതായത്‌) അദ്ദേഹം തന്‍റെ ജനങ്ങളോട്‌ പറഞ്ഞ സന്ദര്‍ഭം: `എന്‍റെ ജനങ്ങളേ, എന്‍റെ നിലപാടും, അല്ലാഹുവിന്‍റെ `ആയത്ത്‌' [ലക്ഷ്യം] കളെക്കുറിച്ചുള്ള എന്‍റെ ഓര്‍മിപ്പിക്കലും നിങ്ങള്‍ക്ക്‌ വളരെ വലുതായി [അസഹ്യമായി]ട്ടുണ്ടെങ്കില്‍, അല്ലാഹുവിന്‍റെ മേല്‍ ഞാന്‍ (ഇതാ) ഭരമേല്‍പിച്ചിരിക്കുന്നു. `എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ പങ്കാളികളോടുകൂടി നിങ്ങളുടെ കാര്യം ഏകോപി(ച്ചുറ)പ്പിച്ചു കൊള്ളുവിന്‍; പിന്നെ, നിങ്ങളുടെ കാര്യം നിങ്ങള്‍ക്ക്‌ ഒരവ്യക്തതയായിരിക്കരുത്‌. [ഒരു തുറന്ന തീരുമാനം എടുത്തു കൊള്ളുക] പിന്നീട്‌, എന്‍റെനേരെ നിങ്ങള്‍(അത്‌) നിര്‍വ്വഹിച്ചു കൊള്ളുക; എനിക്ക്‌ നിങ്ങള്‍ താമസം നല്‍കുകയും വേണ്ടാ.
  • وَاتْلُ നീ ഓതിക്കൊടുക്കുക, ഓതിക്കേള്‍പ്പിക്കൂ عَلَيْهِمْ അവര്‍ക്ക്‌ نَبَأَ نُوحٍ നൂഹിന്‍റെ വൃത്താന്തം, വര്‍ത്തമാനം إِذْ قَالَ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം لِقَوْمِهِ തന്‍റെ ജനതയോട്‌ يَا قَوْمِ എന്‍റെ ജനങ്ങളേ إِن كَانَ ആണെങ്കില്‍ كَبُرَ വളരെ വലുതായി (അസഹ്യമായി), വമ്പിച്ചതായിപ്പോയി (എങ്കില്‍) عَلَيْكُم നിങ്ങള്‍ക്ക്‌ مَّقَامِي എന്‍റെ നിലപാട്‌, സ്ഥാനം وَتَذْكِيرِي എന്‍റെ ഓര്‍മിപ്പിക്കലും, ഉപദേശവും بِآيَاتِ اللَّهِ അല്ലാഹുവിന്‍റെ ആയത്തുകളെപ്പറ്റി فَعَلَى اللَّهِ എന്നാല്‍ അല്ലാഹുവിന്‍റെ മേല്‍ تَوَكَّلْتُ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു فَأَجْمِعُوا എന്നാല്‍ (എനി) നിങ്ങള്‍ ഏകോപിപ്പിച്ചു (ഒരുമിച്ചുറപ്പിച്ചു) കൊള്ളുക أَمْرَكُمْ നിങ്ങളുടെ കാര്യം وَشُرَكَاءَكُمْ നിങ്ങളുടെ പങ്കാളികളോടുകൂടി, പങ്കാളികളും (ചേര്‍ന്ന്‌) ثُمَّ لَا يَكُنْ പിന്നെ ആയിരിക്കരുത്‌ أَمْرُكُمْ നിങ്ങളുടെ കാര്യം عَلَيْكُمْ നിങ്ങളില്‍, നിങ്ങള്‍ക്ക്‌ غُمَّةً ഒരു മൂടല്‍ (അവ്യക്തത) ثُمَّ اقْضُوا പിന്നെ നിങ്ങള്‍ നിര്‍വ്വഹിച്ചുകൊള്ളുവിന്‍ إِلَيَّ എന്‍റെ നേരെ وَلَا تُنظِرُونِ നിങ്ങള്‍ എന്നെ നോക്കിക്കാക്കുക (എനിക്ക്‌ താമസം നല്‍കുക)യും വേണ്ടാ
10:72
  • فَإِن تَوَلَّيْتُمْ فَمَا سَأَلْتُكُم مِّنْ أَجْرٍ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَأُمِرْتُ أَنْ أَكُونَ مِنَ ٱلْمُسْلِمِينَ ﴾٧٢﴿
  • എനി, നിങ്ങള്‍ തിരിഞ്ഞു പോകുകയാണെങ്കില്‍ (അങ്ങനെ പോയ്‌ക്കോളൂ) ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിച്ചിട്ടില്ല. എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ പേരിലല്ലാതെ (മറ്റാരുടെ പേരിലും ബാധ്യത) ഇല്ല. ഞാന്‍ 'മുസ്‌ലിം' കളില്‍ പെട്ടവനായിരിക്കുവാന്‍ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു.'
  • فَإِن تَوَلَّيْتُمْ എനി (എന്നാല്‍) നിങ്ങള്‍ തിരിഞ്ഞു കളയുന്ന പക്ഷം فَمَا سَأَلْتُكُم എന്നാല്‍ ഞാന്‍ നിങ്ങളോട്‌ ചോദിച്ചിട്ടില്ല مِّنْ أَجْرٍ ഒരു പ്രതിഫലവും إِنْ أَجْرِيَ എന്‍റെ പ്രതിഫലം إِلَّا ഇല്ല (അല്ല) عَلَى اللَّهِ അല്ലാഹുവിന്‍റെ പേരിലല്ലാതെ وَأُمِرْتُ ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു أَنْ أَكُونَ ഞാനായിരിക്കുവാന്‍ مِنَ الْمُسْلِمِينَ മുസ്‌ലിംകളില്‍ പെട്ട (വന്‍)
10:73
  • فَكَذَّبُوهُ فَنَجَّيْنَٰهُ وَمَن مَّعَهُۥ فِى ٱلْفُلْكِ وَجَعَلْنَٰهُمْ خَلَٰٓئِفَ وَأَغْرَقْنَا ٱلَّذِينَ كَذَّبُوا۟ بِـَٔايَٰتِنَا ۖ فَٱنظُرْ كَيْفَ كَانَ عَٰقِبَةُ ٱلْمُنذَرِينَ ﴾٧٣﴿
  • എന്നിട്ട്‌ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി; അപ്പോള്‍, അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും കപ്പലില്‍ (കയറ്റി) നാം രക്ഷപ്പെടുത്തി. അവരെ നാം (ഭൂമിയില്‍) പിന്‍ഗാമികളാക്കുകയും ചെയ്‌തു. നമ്മുടെ 'ആയത്ത്‌' [ലക്ഷ്യം] കളെ വ്യാജമാക്കിയവരെ നാം മുക്കി നശിപ്പിക്കുകയും ചെയ്‌തു. അപ്പോള്‍, നോക്കുക: (ആ) മുന്നറിയിപ്പ്‌ നല്‍കപ്പെട്ടവരുടെ പര്യവസാനം എങ്ങിനെ ആയെന്ന്‌!
  • فَكَذَّبُوهُ എന്നിട്ട്‌ അവര്‍ അദ്ദേഹത്തെ വ്യാജമാക്കി فَنَجَّيْنَاهُ അപ്പോള്‍ അദ്ദേഹത്തെ നാം രക്ഷപ്പെടുത്തി وَمَن مَّعَهُ അദ്ദേഹത്തിന്‍റെ കൂടെയുള്ളവരെയും فِي الْفُلْكِ കപ്പലില്‍ وَجَعَلْنَاهُمْ അവരെ നാം ആക്കുകയും ചെയ്‌തു خَلَائِفَ പിന്‍ഗാമികള്‍, പിന്നീട്‌ മാറി വരുന്നവര്‍ وَأَغْرَقْنَا നാം മുക്കി (നശിപ്പിച്ചു) കളയുകയും ചെയ്‌തു الَّذِينَ كَذَّبُوا വ്യാജമാക്കിയവരെ بِآيَاتِنَا നമ്മുടെ ആയത്തുകളെ فَانظُرْ അപ്പോള്‍ നീ നോക്കുക كَيْفَ كَانَ എങ്ങിനെ ആയെന്ന്‌ عَاقِبَةُ പര്യവസാനം, കലാശം الْمُنذَرِينَ താക്കീത്‌ (മുന്നറിയിപ്പ്‌) നല്‍കപ്പെട്ടവരുടെ

ബഹുദൈവ വിശ്വാസികളായ സത്യനിഷേധികളെ സംബന്ധിച്ച്‌ പലതും കഴിഞ്ഞ വചനങ്ങളില്‍ പ്രസ്‌താവിച്ചു കഴിഞ്ഞു. അടുത്ത വചനം മുതല്‍ ഏതാനും വചനങ്ങളിലായി അവരെപ്പോലെ മുന്‍സമുദായങ്ങളില്‍ കഴിഞ്ഞുപോയ ചില സത്യനിഷേധികളുടെ അനുഭവ പാഠങ്ങള്‍ വിവരിച്ചുകൊണ്ട്‌ അതിലേക്ക്‌ അവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അല്ലാഹു പറയുന്നു:-

ഈ 73-ാം വചനത്തില്‍ നിന്നും തുടര്‍ന്ന്‌ വരുന്ന 74-ാം വചനത്തില്‍ നിന്നും മറ്റും മനസ്സിലാകുന്നതു പോലെ, ദിവ്യ ദൗത്യവുമായി ഒരു സമുദായത്തിലേക്ക്‌ അയക്കപ്പെട്ട ആദ്യത്തെ റസൂല്‍ നൂഹ്‌ നബി (അ)യായിട്ടാണ്‌ അറിയപ്പെടുന്നത്‌. അദ്ദേഹത്തിന്‍റെ സമുദായത്തില്‍ നിന്നായിരുന്നു വിഗ്രഹാരാധനയുടെ ഉല്‍ഭവവും. അവരെ തൗഹീദിലേക്കും സത്യവിശ്വാസത്തിലേക്കും ക്ഷണിച്ചുകൊണ്ട്‌ 950 കൊല്ലം അദ്ദേഹം അവരില്‍ ജീവിച്ചു. അല്‍പമാത്രം വ്യക്തികളൊഴിച്ച്‌ മറ്റുള്ളവരെല്ലാം അദ്ദേഹത്തെ നിഷേധിക്കുകയും ധിക്കരിക്കുകയുമാണ്‌ ചെയ്‌തത്‌. ഇവരുടെ പര്യവസാനം ഈ മുശ്‌രിക്കുകളെ കേള്‍പിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട്‌ കല്‍പിച്ചുകൊണ്ട്‌ ആ നീണ്ട ചരിത്രത്തിന്‍റെ രത്‌നച്ചുരുക്കം ഈ വചനങ്ങളില്‍ അല്ലാഹു വിവരിക്കുകയാണ്‌.

നൂഹ്‌ (അ) ആ ജനതയോട്‌ പറഞ്ഞതിന്‍റെ സാരം ഇതാണ്‌: ഞാന്‍ ഇത്രയും കാലം നിങ്ങളില്‍ ഇങ്ങനെ ജീവിച്ചതും, നിങ്ങളെ സത്യത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ അല്ലാഹുവിന്‍റെ ലക്ഷ്യദൃഷ്‌ടാന്തങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നതും നിങ്ങള്‍ക്ക്‌ സഹിക്കുവാന്‍ കഴിയാതായിരിക്കുകയാണ്‌; അങ്ങനെയാണെങ്കില്‍, എനിക്കതുകൊണ്ട്‌ ഒന്നും വരാനില്ല. എന്‍റെ കാര്യം മുഴുവനും ഞാന്‍ അല്ലാഹുവില്‍ അര്‍പ്പിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ എന്‍റെ നേരെ വല്ല നടപടിയും എടുക്കണമെങ്കില്‍ അത്‌ നിങ്ങള്‍ ചെയ്‌തുകൊള്ളുക. അതിനായി നിങ്ങളും, നിങ്ങള്‍ അല്ലാഹുവിന്‍റെ പങ്കാളികളായി ഗണിച്ചുവരുന്ന നിങ്ങളുടെ ആരാധ്യന്‍മാരും ചേര്‍ന്ന്‌ കൂടിയാലോചിച്ച്‌ ഒത്തൊരുമിച്ച്‌ യാതൊരു സംശയത്തിനും പഴുതില്ലാത്തവണ്ണം വല്ല തുറന്ന തീരുമാനവും എടുത്തുകൊള്ളുക. എന്നിട്ടത്‌ നടത്തിക്കൊള്ളുക. എന്നെ സംബന്ധിച്ച്‌ യാതൊരു ഒഴിവും അയവും നിങ്ങള്‍ ചെയ്‌തുതരേണ്ടതില്ല താനും. കണ്ടമാനം നിങ്ങളുടെ തീരുമാനം നിങ്ങള്‍ നടപ്പിലാക്കിക്കൊള്ളുക. എന്‍റെ ഉപദേശങ്ങള്‍ക്ക്‌ നിങ്ങള്‍ വിലകല്‍പിക്കാതെ അവഗണിക്കുന്നതുകൊണ്ട്‌ എനിക്ക്‌ ഒന്നും നഷ്‌ടപ്പെടാനില്ല. ഒരു പ്രതിഫലവും നിങ്ങളോട്‌ അതിന്‍റെ പേരില്‍ ഞാന്‍ ആവശ്യപ്പെടുന്നില്ലല്ലോ. എനിക്ക്‌ പ്രതിഫലം നല്‍കേണ്ടുന്ന ബാധ്യത അല്ലാഹുവിന്‌ മാത്രമാണ്‌. അതവന്‍ ചെയ്‌തുകൊള്ളും. നിങ്ങള്‍ എന്ത്‌ നിലപാട്‌ സ്വീകരിച്ചാലും ശരി, ഞാന്‍ ഒരു മുസ്‌ലിമായി (അവന്‌ കീഴ്‌പ്പെട്ടവനായി)രിക്കണമെന്നാണ്‌ എന്നോടവന്‍ കല്‍പിച്ചിരിക്കുന്നത്‌. അത്‌ ഞാന്‍ പാലിക്കുകതന്നെ ചെയ്യും. നിങ്ങളുടെ എതിര്‍പ്പുകളൊന്നും എനിക്ക്‌ തടസ്സമാകയില്ല.

നൂഹ്‌ നബി (അ) യുടെ ഉപദേശങ്ങളും, താക്കീതുകളും ആ ജനത ചെവിക്കൊണ്ടില്ല. അതുമൂലം അവരില്‍ അല്ലാഹു ജലപ്രളയം അയച്ചു. അല്ലാഹു മുന്‍കൂട്ടി അറിയിച്ചിരുന്ന പ്രകാരം നൂഹ്‌ (അ) തയ്യാറാക്കിയിരുന്ന കപ്പലില്‍ കയറി അദ്ദേഹവും, അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നവരും രക്ഷപ്പെട്ടു. ആ ജനത മുഴുവനും മുങ്ങിനശിക്കുകയും ചെയ്‌തു. കപ്പലില്‍ രക്ഷപ്പെട്ടവരില്‍ നിന്നാണ്‌ പിന്നീടുള്ള തലമുറകള്‍ ഉണ്ടായിക്കൊണ്ടിരുന്നത്‌. ഇങ്ങനെയാണ്‌ ആ സത്യനിഷേധികളായ ജനതയുടെ അന്ത്യം കലാശിച്ചത്‌. അത്‌ ഈ ജനതയും ഓര്‍ത്തിരിക്കട്ടെ എന്ന്‌ അല്ലാഹു ഓര്‍മപ്പെടുത്തുകയാണ്‌. അടുത്ത സൂറത്തില്‍ ഈ സംഭവം കൂടുതല്‍ വിശദമായി വിവരിക്കുന്നതാണ്‌. إِن شَاءَ اللَّهُ

10:74
  • ثُمَّ بَعَثْنَا مِنۢ بَعْدِهِۦ رُسُلًا إِلَىٰ قَوْمِهِمْ فَجَآءُوهُم بِٱلْبَيِّنَٰتِ فَمَا كَانُوا۟ لِيُؤْمِنُوا۟ بِمَا كَذَّبُوا۟ بِهِۦ مِن قَبْلُ ۚ كَذَٰلِكَ نَطْبَعُ عَلَىٰ قُلُوبِ ٱلْمُعْتَدِينَ ﴾٧٤﴿
  • പിന്നീട്‌ അദ്ദേഹത്തിന്‌ ശേഷം പല റസൂലുകളെയും അവ (രവ)രുടെ ജനതയിലേക്ക്‌ നാം നിയോഗിച്ചയച്ചു. എന്നിട്ട്‌ അവര്‍ വ്യക്തമായ തെളിവുകളുമായി അവരില്‍ ചെന്നു. എന്നാല്‍, മുമ്പ്‌ അവര്‍ യാതൊന്നിനെ വ്യാജമാക്കിയോ അതില്‍ അവര്‍ [ആ ജനങ്ങള്‍] വിശ്വസിക്കുവാന്‍ (തയ്യാര്‍) ആയില്ല. അപ്രകാരം, അതിക്രമിച്ചവരുടെ ഹൃദയങ്ങള്‍ക്ക്‌ നാം മുദ്ര കുത്തുന്നു.
  • ثُمَّ بَعَثْنَا പിന്നെ നാം എഴുന്നേല്‍പിച്ചു (നിയോഗിച്ചു), അയച്ചു مِن بَعْدِهِ അദ്ദേഹത്തിന്‍റെ ശേഷം رُسُلًا റസൂലുകളെ, പല റസൂലുകളെയും إِلَىٰ قَوْمِهِمْ അവരുടെ ജനങ്ങളിലേക്ക്‌ فَجَاءُوهُم എന്നിട്ട്‌ അവര്‍ അവരില്‍ (അവരുടെ അടുക്കല്‍) ചെന്നു, വന്നു بِالْبَيِّنَاتِ വ്യക്തമായ തെളിവുകളുമായി فَمَا كَانُوا എന്നിട്ട്‌ അവരായില്ല لِيُؤْمِنُوا അവര്‍ വിശ്വസിക്കുവാന്‍ (തയ്യാര്‍), വിശ്വസിക്കുക بِمَا അവര്‍ യാതൊന്നിനെ كَذَّبُوا വ്യാജമാക്കിയോ بِهِ അതില്‍ مِن قَبْلُ മുമ്പ്‌, മുമ്പേ كَذَٰلِكَ അപ്രകാരം نَطْبَعُ നാം മുദ്രവെക്കുന്നു عَلَىٰ قُلُوبِ ഹൃദയങ്ങള്‍ക്ക്‌ الْمُعْتَدِينَ അതിര്‌ വിട്ടവരുടെ, അതിക്രമികളുടെ

വ്യക്തമായ തെളിവുകളോടുകൂടി റസൂലുകള്‍ അവരെ നേര്‍വഴിയിലേക്ക്‌ ക്ഷണിച്ചിട്ടും അവര്‍ തങ്ങളുടെ പഴയ വിശ്വാസാചാരങ്ങള്‍ കൈവിടാതെ നിഷേധത്തില്‍ ശഠിച്ചുനില്‍ക്കുകയാണ്‌ ചെയ്‌തത്‌. അങ്ങനെ, അവരുടെ ഹൃദയങ്ങളിലേക്ക്‌ നന്‍മ പ്രവേശിക്കാതിരിക്കത്തക്കവണ്ണം അല്ലാഹു അവര്‍ക്ക്‌ മുദ്രവെച്ചു. ദുര്‍വാശിയിലും മല്‍സരബുദ്ധിയിലും അതിരുകവിഞ്ഞുകൊണ്ടിരിക്കുന്ന ധിക്കാരികളില്‍ അല്ലാഹുവിന്‍റെ ഒരു നടപടിച്ചട്ടമാണത്‌. നൂഹ്‌ നബി (അ)ക്കും, മൂസാ നബി (അ) ക്കുമിടയില്‍ കഴിഞ്ഞുപോയ ഹൂദ്‌, സ്വാലിഹ്‌ (അ) മുതലായവരുടെ സമുദായങ്ങളെക്കുറിച്ച്‌ പൊതുവിലുള്ള ഒരു പ്രസ്‌താവനയാണ്‌ ഈ വചനം.

10:75
  • ثُمَّ بَعَثْنَا مِنۢ بَعْدِهِم مُّوسَىٰ وَهَٰرُونَ إِلَىٰ فِرْعَوْنَ وَمَلَإِي۟هِۦ بِـَٔايَٰتِنَا فَٱسْتَكْبَرُوا۟ وَكَانُوا۟ قَوْمًا مُّجْرِمِينَ ﴾٧٥﴿
  • പിന്നീട്‌, അവരുടെ ശേഷം നമ്മുടെ ദൃഷ്‌ടാന്തങ്ങളുമായി ഫിര്‍ഔന്‍റെയും, അവന്‍റെ പ്രധാനികളുടെയും അടുക്കലേക്ക്‌ നാം മൂസായെയും, ഹാറൂനെയും നിയോഗിച്ചയച്ചു. എന്നിട്ട്‌ അവര്‍ അഹംഭാവം നടിച്ചു. അവര്‍ കുറ്റവാളികളായ ഒരു ജനതയായിരുന്നു.
  • ثُمَّ بَعَثْنَا പിന്നെ നാം എഴുന്നേല്‍പിച്ചു, നിയോഗിച്ചയച്ചു مِن بَعْدِهِم അവരുടെ ശേഷം مُّوسَىٰ മൂസായെ وَهَارُونَ ഹാറൂനെയും إِلَىٰ فِرْعَوْنَ ഫിര്‍ഔന്‍റെ അടുക്കലേക്ക്‌ وَمَلَئِهِ അവന്‍റെ പ്രധാനികളുടെ (കൂട്ടുകാരുടെ) യും بِآيَاتِنَا നമ്മുടെ ആയത്തുകളുമായി, ദൃഷ്‌ടാന്തങ്ങള്‍ സഹിതം فَاسْتَكْبَرُوا എന്നിട്ട്‌ (അപ്പോള്‍) അവര്‍ ഗര്‍വ്വ്‌ (വലുപ്പം) നടിച്ചു وَكَانُوا അവരായിരുന്നു قَوْمًا ഒരുജനത مُّجْرِمِينَ കുറ്റവാളികളായ
10:76
  • فَلَمَّا جَآءَهُمُ ٱلْحَقُّ مِنْ عِندِنَا قَالُوٓا۟ إِنَّ هَٰذَا لَسِحْرٌ مُّبِينٌ ﴾٧٦﴿
  • അങ്ങനെ, അവര്‍ക്ക്‌ നമ്മുടെ പക്കല്‍നിന്നും യഥാര്‍ത്ഥം വന്നപ്പോള്‍ അവര്‍ പറഞ്ഞു: 'നിശ്ചയമായും, ഇത്‌ സ്‌പഷ്‌ടമായ ഒരു ജാലവിദ്യതന്നെ.'
  • فَلَمَّا جَاءَهُمُ അങ്ങനെ അവര്‍ക്ക്‌ വന്ന(ചെന്ന)പ്പോള്‍ الْحَقُّ യഥാര്‍ത്ഥം مِنْ عِندِنَا നമ്മുടെ അടുക്കല്‍നിന്ന്‌ قَالُوا അവര്‍ പറഞ്ഞു إِنَّ هَٰذَا നിശ്ചയമായും ഇത്‌ لَسِحْرٌ ജാലവിദ്യ (മാരണം- ആഭിചാരം) തന്നെ مُّبِينٌ സ്‌പഷ്‌ടമായ, തനി

മൂസാ നബി (അ) യുടെ വടി സര്‍പ്പമായി മാറുക, കൈ വെള്ളയായി പ്രകാശിക്കുക മുതലായ അദ്ദേഹത്തിന്‍റെ കൈക്കുണ്ടായ ദൃഷ്‌ടാന്തങ്ങളെക്കുറിച്ചാണ്‌ അവര്‍ ജാലവിദ്യയെന്ന്‌ പറഞ്ഞുതള്ളിക്കളഞ്ഞത്‌.

10:77
  • قَالَ مُوسَىٰٓ أَتَقُولُونَ لِلْحَقِّ لَمَّا جَآءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ ٱلسَّٰحِرُونَ ﴾٧٧﴿
  • മൂസാ പറഞ്ഞു: നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥം വന്നപ്പോള്‍ അതിനെക്കുറിച്ച്‌ നിങ്ങള്‍ (ജാലമെന്ന്‌) പറയുകയോ?! ജാലവിദ്യയാണോ ഇത്‌?! ജാലവിദ്യക്കാര്‍ വിജയം പ്രാപിക്കയില്ല താനും.
  • قَالَ مُوسَىٰ മൂസാ പറഞ്ഞു أَتَقُولُونَ നിങ്ങള്‍ പറയുന്നുവോ, പറഞ്ഞുണ്ടാക്കുകയോ لِلْحَقِّ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ لَمَّا جَاءَكُمْ അത്‌ നിങ്ങള്‍ക്ക്‌ വന്നപ്പോള്‍ أَسِحْرٌ സിഹ്‌റാണോ, ജാലവിദ്യയോ هَٰذَا ഇത്‌ وَلَا يُفْلِحُ വിജയിക്കയില്ല താനും, വിജയിക്കുന്നതുമല്ല السَّاحِرُونَ ജാലവിദ്യക്കാര്‍
10:78
  • قَالُوٓا۟ أَجِئْتَنَا لِتَلْفِتَنَا عَمَّا وَجَدْنَا عَلَيْهِ ءَابَآءَنَا وَتَكُونَ لَكُمَا ٱلْكِبْرِيَآءُ فِى ٱلْأَرْضِ وَمَا نَحْنُ لَكُمَا بِمُؤْمِنِينَ ﴾٧٨﴿
  • അവര്‍ പറഞ്ഞു: 'ഞങ്ങളുടെ പിതാക്കളെ ഞങ്ങള്‍ കണ്ടെത്തിയതില്‍ നിന്നും ഞങ്ങളെ തിരിച്ചു വിടുവാന്‍ വേണ്ടി നീ ഞങ്ങളില്‍ വന്നിരിക്കുകയാണോ?! ഭൂമിയില്‍ വലിപ്പത്തരം നിങ്ങള്‍ക്ക്‌ രണ്ടാള്‍ക്കും ആയിത്തീരുവാനും? ഞങ്ങള്‍ നിങ്ങളെ രണ്ടാളെയും വിശ്വസിക്കുന്നവരേയല്ലതാനും.
  • قَالُوا അവര്‍ പറഞ്ഞു أَجِئْتَنَا നീ ഞങ്ങളില്‍ (ഞങ്ങള്‍ക്ക്‌) വന്നിരിക്കയാണോ لِتَلْفِتَنَا ഞങ്ങളെ നീ തിരിച്ചുവിടുവാന്‍വേണ്ടി عَمَّا യാതൊന്നില്‍ നിന്ന്‌ وَجَدْنَا ഞങ്ങള്‍ കണ്ടെത്തി عَلَيْهِ അതില്‍, അതുപ്രകാരം آبَاءَنَا ഞങ്ങളുടെ പിതാക്കളെ وَتَكُونَ ആയിരിക്കുവാനും لَكُمَا നിങ്ങള്‍ രണ്ടാള്‍ക്കും الْكِبْرِيَاءُ വലുപ്പത്തരം, മൂപ്പത്തരം فِي الْأَرْضِ ഭൂമിയില്‍, നാട്ടില്‍ وَمَا نَحْنُ ഞങ്ങളല്ല (അല്ലതാനും) لَكُمَا നിങ്ങളെ രണ്ടാളെയും بِمُؤْمِنِينَ വിശ്വസിക്കുന്നവര്‍

പൂര്‍വ്വികന്‍മാരില്‍ നിന്ന്‌ പരമ്പരാഗതമായി ഞങ്ങള്‍ സ്വീകരിച്ചു വന്ന ഈ പരദൈവാരാധനയൊക്കെ നിറുത്തിവെച്ച്‌ നിങ്ങളുടെ ഈ പുതിയ മതത്തിലേക്ക്‌ ഞങ്ങളെ കിട്ടുകയില്ല. അങ്ങനെ, തനിക്കും തന്‍റെ സഹോദരന്‍ ഹാറൂന്നും നാട്ടില്‍ മൂപ്പത്തരം നേടാമെന്ന്‌ കരുതേണ്ട. നിങ്ങള്‍ രണ്ടാളും പറയുന്നത്‌ ഒരിക്കലും ഞങ്ങള്‍ വിശ്വസിക്കുന്ന പ്രശ്‌നമേയില്ല എന്ന്‌ സാരം.

10:79
  • وَقَالَ فِرْعَوْنُ ٱئْتُونِى بِكُلِّ سَٰحِرٍ عَلِيمٍ ﴾٧٩﴿
  • ഫിര്‍ഔന്‍ പറഞ്ഞു: '(വിദഗ്‌ധമായ) അറിവുള്ള എല്ലാ ജാലവിദ്യക്കാരെയും നിങ്ങള്‍ എന്‍റെ അടുക്കലേക്ക്‌ കൊണ്ടുവരുവിന്‍'
  • وَقَالَ പറഞ്ഞു, പറയുകയും ചെയ്‌തു فِرْعَوْنُ ഫിര്‍ഔന്‍ ائْتُونِي എനിക്കുവരുവിന്‍ بِكُلِّ سَاحِرٍ എല്ലാ ജാലവിദ്യക്കാരെയും കൊണ്ട്‌ عَلِيمٍ അറിവുള്ളവരായ (വിദഗ്‌ധരായ)
10:80
  • فَلَمَّا جَآءَ ٱلسَّحَرَةُ قَالَ لَهُم مُّوسَىٰٓ أَلْقُوا۟ مَآ أَنتُم مُّلْقُونَ ﴾٨٠﴿
  • അങ്ങനെ, ജാലവിദ്യക്കാര്‍ വന്നപ്പോള്‍, അവരോട്‌ മൂസാ പറഞ്ഞു: `നിങ്ങള്‍ ഇടുന്നതെന്തോ അത്‌ ഇട്ടേക്കുവിന്‍.'
  • فَلَمَّا جَاءَ അങ്ങനെ വന്നപ്പോള്‍ السَّحَرَةُ ജാലവിദ്യക്കാര്‍ قَالَ لَهُم അവരോട്‌ പറഞ്ഞു مُّوسَىٰ മൂസാ أَلْقُوا നിങ്ങള്‍ ഇടുവിന്‍, ഇട്ടേക്കുക مَا أَنتُم നിങ്ങള്‍ ആയിട്ടുള്ളത്‌ مُّلْقُونَ ഇടുന്നവര്‍

ജാലവിദ്യക്കാര്‍ അവരുടെ വിദ്യകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ആവശ്യമായിരുന്ന വടി, കയര്‍ മുതലായ സാമഗ്രികള്‍ കൊണ്ടുവന്നിരുന്നു. അവ നിലത്തിട്ടുകൊണ്ട്‌ നിങ്ങള്‍ നിങ്ങളുടെ വിദ്യകള്‍ ആദ്യം പ്രദര്‍ശിപ്പിച്ചുകൊള്ളുക എന്നര്‍ത്ഥം.

10:81
  • فَلَمَّآ أَلْقَوْا۟ قَالَ مُوسَىٰ مَا جِئْتُم بِهِ ٱلسِّحْرُ ۖ إِنَّ ٱللَّهَ سَيُبْطِلُهُۥٓ ۖ إِنَّ ٱللَّهَ لَا يُصْلِحُ عَمَلَ ٱلْمُفْسِدِينَ ﴾٨١﴿
  • അങ്ങനെ അവര്‍ ഇട്ടപ്പോള്‍ മൂസാ പറഞ്ഞു: 'നിങ്ങള്‍കൊണ്ടുവന്നത്‌ [ഈ പ്രദര്‍ശിപ്പിച്ചത്‌] ജാലവിദ്യയാണ്‌; നിശ്ചയമായും അല്ലാഹു അതിനെ വിഫലമാക്കിയേക്കുന്നതാണ്‌ നിശ്ചയമായും അല്ലാഹു, കുഴപ്പം പ്രവര്‍ത്തിക്കുന്നവരുടെ പ്രവര്‍ത്തനത്തെ നന്നാക്കുകയില്ല.
  • فَلَمَّا أَلْقَوْا അങ്ങനെ അവര്‍ ഇട്ടപ്പോള്‍ قَالَ مُوسَىٰ മൂസാ പറഞ്ഞു مَا جِئْتُم بِهِ നിങ്ങള്‍ കൊണ്ടുവന്നത്‌ السِّحْرُ ജാലവിദ്യയാണ്‌ إِنَّ اللَّهَ നിശ്ചയമായും അല്ലാഹു سَيُبْطِلُهُ അതിനെ വിഫലമാക്കിയേക്കും, വിഫലമായിക്കൊള്ളും إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يُصْلِحُ അവന്‍ നന്നാക്കുകയില്ല عَمَلَ പ്രവൃത്തിയെ الْمُفْسِدِينَ കുഴപ്പം (നാശം) പ്രവര്‍ത്തിക്കുന്നവരുടെ
10:82
  • وَيُحِقُّ ٱللَّهُ ٱلْحَقَّ بِكَلِمَٰتِهِۦ وَلَوْ كَرِهَ ٱلْمُجْرِمُونَ ﴾٨٢﴿
  • അല്ലാഹു അവന്‍റെ വാക്യങ്ങള്‍ വഴി യഥാര്‍ത്ഥത്തെ യഥാര്‍ത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും; കുറ്റവാളികള്‍ വെറുത്താലും ശരി'.
  • وَيُحِقُّ اللَّهُ അല്ലാഹു യഥാര്‍ത്ഥമാക്കുകയും ചെയ്യും الْحَقَّ യഥാര്‍ത്ഥത്തെ بِكَلِمَاتِهِ അവന്‍റെ വാക്ക്‌ (വചനം-വാക്യം)കള്‍ കൊണ്ട്‌ وَلَوْ كَرِهَ വെറുത്താലും ശരി, അനിഷ്‌ടപ്പെട്ടാലും الْمُجْرِمُونَ കുറ്റവാളികള്‍

ജാലവിദ്യക്കാര്‍ തങ്ങളുടെ സാമഗ്രികള്‍ നിലത്തിട്ടപ്പോള്‍ അവ ജനദൃഷ്‌ടിയില്‍ പാമ്പുകളായി തോന്നി. മൂസാ (അ) വടിയിട്ടപ്പോള്‍ അതൊരു യഥാര്‍ത്ഥ സര്‍പ്പമായി മാറുകയും, അവയെ വിഴുങ്ങുകയും ചെയ്‌തു. ജാലവിദ്യക്കാരുടെ പ്രവര്‍ത്തനം വിഫലമാകുകയും, അവര്‍ പരാജയം സമ്മതിച്ചു മൂസാ നബി (അ) യില്‍ വിശ്വസിക്കുകയും ചെയ്‌തു. ഫിര്‍ഔനും കൂട്ടരും അവരുടെ നേരെ അക്രമമര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടതല്ലാതെ, സത്യം സ്വീകരിക്കുകയുണ്ടായില്ല. വിശദവിവരം അഅ്‌റാഫ്‌, ത്വാഹാ മുതലായ സൂറത്തുകളില്‍ കാണാവുന്നതാണ്‌.