സൂറത്തു യൂനുസ് : 41-60
വിഭാഗം - 5
- وَإِن كَذَّبُوكَ فَقُل لِّى عَمَلِى وَلَكُمْ عَمَلُكُمْ ۖ أَنتُم بَرِيٓـُٔونَ مِمَّآ أَعْمَلُ وَأَنَا۠ بَرِىٓءٌ مِّمَّا تَعْمَلُونَ ﴾٤١﴿
- അവര്‍ നിന്നെ വ്യാജമാക്കുന്ന പക്ഷം, നീ പറയുക: 'എനിക്ക് എന്‍റെ കര്‍മം; നിങ്ങള്‍ക്ക് നിങ്ങളുടെ കര്‍മവും. ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് നിങ്ങള്‍ മുക്തരാണ്; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഞാനും മുക്തനാകുന്നു.'
- وَإِن كَذَّبُوكَ അവര്‍ നിന്നെ വ്യാജമാക്കുന്നപക്ഷം فَقُل നീ പറയുകلِّي عَمَلِي എനിക്ക്‌എന്‍റെ പ്രവൃത്തി (കര്‍മം) وَلَكُمْ നിങ്ങള്‍ക്കും (ഉണ്ടായിരിക്കും) عَمَلُكُمْ നിങ്ങളുടെ പ്രവൃത്തി (കര്‍മം) أَنتُم നിങ്ങള്‍ بَرِيئُونَ മുക്തരാണ്, നിരപരാധി (നിരുത്തരവാദി) കളാണ് مِمَّا أَعْمَلُ ഞാന്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് وَأَنَا بَرِيءٌ ഞാനും മുക്തനാണ്, നിരപരാധിയാണ് مِّمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്
- وَمِنْهُم مَّن يَسْتَمِعُونَ إِلَيْكَ ۚ أَفَأَنتَ تُسْمِعُ ٱلصُّمَّ وَلَوْ كَانُوا۟ لَا يَعْقِلُونَ ﴾٤٢﴿
- അവരില്‍നിന്നും ചിലര്‍, നിന്നിലേക്ക് ചെവികൊടുക്കുന്നവരുമുണ്ട്. എന്നാല്‍, ബധിരന്‍മാരെ- അവര്‍ ബുദ്ധികൊടു (ത്തു ഗ്രഹി) ക്കാതിരുന്നാലും - നീ കേള്‍പ്പിക്കുമോ?!
- وَمِنْهُم അവരിലുണ്ട്, അവരില്‍നിന്ന് (ചിലര്‍) مَّن يَسْتَمِعُونَ ചെവികൊടുക്കുന്ന (ശ്രദ്ധിച്ചു കേള്‍ക്കുന്ന)വര്‍ إِلَيْكَ നിന്നിലേക്ക് أَفَأَنتَ എന്നാല്‍ നീയോ تُسْمِعُ കേള്‍പ്പിക്കു(മോ) الصُّمَّ ബധിരന്മാരെ, കാത്‌കേള്‍ക്കാത്തവരെ وَلَوْ كَانُوا അവരായിരുന്നാലും لَا يَعْقِلُونَ അവര്‍ബുദ്ധി ഉപയോഗിക്കാതെ, ഗ്രഹിക്കാതെ
- وَمِنْهُم مَّن يَنظُرُ إِلَيْكَ ۚ أَفَأَنتَ تَهْدِى ٱلْعُمْىَ وَلَوْ كَانُوا۟ لَا يُبْصِرُونَ ﴾٤٣﴿
- അവരില്‍നിന്നും ചിലര്‍, നിന്നിലേക്ക് നോക്കുന്നവരുമുണ്ട്. എന്നാല്‍, അന്ധന്‍മാരെ - അവര്‍ കണ്ടറിയാതിരുന്നാലും - നീ വഴി കാട്ടുമോ?!
- وَمِنْهُم അവരിലുണ്ട്, അവരില്‍ (ചിലര്‍) مَّن يَنظُرُ നോക്കുന്നവര്‍, നോക്കുന്നവരുണ്ട് إِلَيْكَ നിന്‍റെ നേരെ, നിന്നിലേക്ക് أَفَأَنتَ എന്നാല്‍ നീയോ تَهْدِي വഴികാട്ടു (മോ) الْعُمْيَ അന്ധന്‍മാരെ, കാഴ്‌ചയില്ലാത്തവരെ وَلَوْ كَانُوا അവരായിരുന്നാലും لَا يُبْصِرُونَ അവര്‍കാണുന്നില്ല, കാണാത്ത (വര്‍)
- إِنَّ ٱللَّهَ لَا يَظْلِمُ ٱلنَّاسَ شَيْـًٔا وَلَٰكِنَّ ٱلنَّاسَ أَنفُسَهُمْ يَظْلِمُونَ ﴾٤٤﴿
- നിശ്ചയമായും അല്ലാഹു, മനുഷ്യരോട് ഒട്ടും (തന്നെ) അക്രമം പ്രവര്‍ത്തിക്കുകയില്ല; എങ്കിലും, മനുഷ്യര്‍ അവരുടെ സ്വന്തങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കുന്നു.
- إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَا يَظْلِمُ അക്രമം ചെയ്‌കയില്ല النَّاسَ മനുഷ്യരെ, മനുഷ്യരോട് شَيْئًا യാതൊന്നും, ഒട്ടും وَلَٰكِنَّ എങ്കിലും النَّاسَ മനുഷ്യര്‍ أَنفُسَهُمْ അവരുടെ സ്വന്തങ്ങളോട് (ആത്മാക്കളോട്, ദേഹങ്ങളോട്) يَظْلِمُونَ അവര്‍ അക്രമം ചെയ്യുന്നു
മേല്‍കണ്ടതുപോലെ, ആ സത്യനിഷേധികളുടെ നിഷേധത്തിനും അവിശ്വാസത്തിനും നീതീകരണമൊന്നുമില്ല. അവരെ നന്നാക്കിത്തീര്‍ക്കുവാന്‍ പാടുപെട്ടിട്ട് കാര്യമില്ല. നിങ്ങള്‍ കണ്ടതുപോലെ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളുക, നിങ്ങളുടെ ഉത്തരവാദിത്വം എനിക്കോ, എന്‍റെ ഉത്തരവാദിത്വം നിങ്ങള്‍ക്കോ ഇല്ല എന്ന് പറഞ്ഞു അവരില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയേ വേണ്ടൂ. അവരില്‍പെട്ട ചിലര്‍ നീ പറയുന്നതും ഓതിക്കേള്‍പിക്കുന്നതും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നത് കാണാം. ചിലര്‍ കാര്യം മനസ്സിലാക്കാനെന്നപോലെ മുഖത്ത് നോക്കിയിരിക്കുന്നതും കാണാം. എന്നാല്‍, അവരൊന്നും ചിന്തിച്ചു ഗ്രഹിക്കുവാനോ, സത്യം മനസ്സിലാക്കുവാനോ വേണ്ടിയല്ല അങ്ങിനെ ചെയ്യുന്നത്. പ്രത്യക്ഷത്തില്‍, അവര്‍ കേള്‍വിയും കാഴ്‌ചയുമുള്ളവരാണെങ്കിലും ബധിരന്‍മാരുടെയും, അന്ധന്‍മാരുടെയും സ്ഥിതിയാണ് അവര്‍ക്കുള്ളത്. ബധിരന്‍മാരെ കേള്‍പിച്ചും, അന്ധന്‍മാര്‍ക്ക് വഴികാട്ടിയും നേര്‍വഴിക്കാക്കുവാന്‍ നിനക്ക് കഴിയുകയില്ലല്ലോ. അതുകൊണ്ട് അവരെപ്പറ്റി അവഗണിച്ചുകൊള്ളുക. ഇപ്രകാരം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ അല്ലാഹു ഉണര്‍ത്തുകയാണ്.
- وَيَوْمَ يَحْشُرُهُمْ كَأَن لَّمْ يَلْبَثُوٓا۟ إِلَّا سَاعَةً مِّنَ ٱلنَّهَارِ يَتَعَارَفُونَ بَيْنَهُمْ ۚ قَدْ خَسِرَ ٱلَّذِينَ كَذَّبُوا۟ بِلِقَآءِ ٱللَّهِ وَمَا كَانُوا۟ مُهْتَدِينَ ﴾٤٥﴿
- പകലില്‍നിന്നും ഒരു നാഴിക (സമയം) അല്ലാതെ അവര്‍ (മുമ്പ്) കഴിഞ്ഞു കൂടിയിട്ടില്ലെന്നോണം അവരെ അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം; അവര്‍തങ്ങള്‍ക്കിടയില്‍അന്യോന്യം അറിയുന്നതാണ്. അല്ലാഹുവുമായി കണ്ടുമുട്ടുന്നതിനെ വ്യാജമാക്കിയവര്‍ക്ക് നഷ്‌ടപ്പെട്ടുപോയി; അവര്‍ നേര്‍മാര്‍ഗം പ്രാപിച്ചവരായിരുന്നുമില്ല.
- وَيَوْمَ ദിവസം يَحْشُرُهُمْ അവന്‍അവരെ ഒരുമിച്ചുകൂട്ടുന്ന كَأَن എന്ന പോലെ, എന്നോണം لَّمْ يَلْبَثُوا അവര്‍താമസിച്ചി (കഴിഞ്ഞു കൂടിയി) ട്ടില്ല إِلَّا سَاعَةً ഒരു നാഴികയല്ലാതെ مِّنَ النَّهَارِ പകലില്‍നിന്നുള്ള يَتَعَارَفُونَ അവര്‍അന്യോന്യം അറിയും, പരിചയപ്പെടും بَيْنَهُمْ അവര്‍ക്കിടയില്‍ قَدْ خَسِرَ നഷ്‌ടപ്പെട്ടിട്ടുണ്ട്, നഷ്‌ടമടഞ്ഞുപോയി الَّذِينَ كَذَّبُوا വ്യാജമാക്കിയവര്‍ بِلِقَاءِ اللَّهِ അല്ലാഹുവുമായി കാണുന്നതിനെ وَمَا كَانُوا അവര്‍ ആയിരുന്നുമില്ല مُهْتَدِينَ നേര്‍മാര്‍ഗം പ്രാപിച്ചവര്‍
മഹ്‌ശര്‍മഹാസമ്മേളനത്തില്‍എല്ലാവരും ഒരുമിച്ചു കൂട്ടപ്പെടുന്ന അവസരത്തില്‍, അന്നത്തെ അതിഗൗരവങ്ങളായ സ്ഥിതിഗതികളും, പാരത്രിക ജീവിതത്തിന്‍റെ അന്ത്യമില്ലായ്‌മയും കണ്ടറിയുമ്പോള്‍, അവിശ്വാസികളായ ആളുകള്‍ക്ക് മുമ്പ്‌തങ്ങളില്‍ കഴിഞ്ഞുപോയതെല്ലാം അങ്ങേയറ്റം നിസ്സാരമായി അനുഭവപ്പെടും. ഇതിനു മുമ്പ് ഭൂമിയില്‍ ആകെ ഒരു നാഴിക നേരമേ തങ്ങള്‍ താമസിച്ചിട്ടുള്ളൂവെന്ന് തോന്നും. മുമ്പ് അന്യോന്യം പരിചയമുണ്ടായിരുന്നവര്‍ തമ്മില്‍ കാണുമ്പോള്‍, തങ്ങള്‍ വേര്‍പ്പെട്ടിട്ട് അധിക കാലമൊന്നും കഴിഞ്ഞിട്ടില്ലാത്തവണ്ണം അന്യോന്യം തിരിച്ചറിയുകയും ചെയ്യും. ഇഹത്തിലായിരുന്നപ്പോള്‍ പരലോക ജീവിതത്തെയും, അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജറാക്കപ്പെടുന്നതിനെയും നിഷേധിച്ചു കൊണ്ടിരുന്നവര്‍ മുഴുവനും ഈ അവസരത്തില്‍ രക്ഷാമാര്‍ഗമില്ലാതെ നഷ്‌ടത്തിലും കഷ്‌ടത്തിലും അകപ്പെട്ടുകഴിഞ്ഞിരിക്കും.
ക്വിയാമത്തുനാളിലെ അതിഭയങ്കരങ്ങളായ സംഭവവികാസങ്ങളും, അവമൂലം ഏര്‍പ്പെടുന്ന അങ്കലാപ്പും കാരണമായി, അതിന് മുമ്പ് ഈ ഭൂമിയില്‍ -മരണം വരെയും, മരണം മുതല്‍ പുനരുത്ഥാന വരെയുമുള്ള കാലത്ത്- വളരെ കുറഞ്ഞ സമയം മാത്രമേ കഴിഞ്ഞു കൂടിയിട്ടുള്ളൂവെന്നുള്ള അവിശ്വാസികളുടെ ഈ തോന്നലിനെപ്പറ്റി ഒന്നിലധികം സ്ഥലങ്ങളില്‍ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. (ത്വാഹ:103, റൂം:55, അഹ്‌ക്വാഫ്:35, നാസിആത്ത്:46 മുതലായവ നോക്കുക.) ഈ വചനങ്ങളത്രയും ദുര്‍വ്യാഖ്യാനം ചെയ്‌തു കൊണ്ട് ഇപ്പോള്‍ ചില ആധുനികാശയക്കാര്‍ മരണപ്പെട്ടവര്‍ക്ക് ക്വബ്‌റുകളില്‍ വെച്ചുണ്ടാകുന്ന അനുഭവങ്ങളെക്കുറിച്ച് വന്നിട്ടുള്ള ഹദീഥുകളെല്ലാം നിഷേധിക്കുകയും, പരിഹാസപൂര്‍വ്വം തള്ളിക്കളയുകയും ചെയ്യുന്നത് കാണാം. അവര്‍ അല്‍പസമയമല്ലാതെ കഴിഞ്ഞു കൂടിയിട്ടില്ലെന്ന് അവര്‍ക്ക് തോന്നുവാന്‍കാരണം, അവര്‍ ക്വബ്‌റുകളില്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുകയായിരുന്നതു കൊണ്ടാണെന്നും മറ്റുമാണ് അവരുടെ സമര്‍ത്ഥനം. ഇത് തികച്ചും വാസ്‌തവ വിരുദ്ധവും ക്വുര്‍ആന്‍റെ വാക്കുകള്‍ക്കും ഹദീഥുകള്‍ക്കും എതിരുമാണ്. കൂടുതല്‍ ഗ്രഹിക്കാന്‍ സൂറത്തുല്‍ മുഅ്‌മിനൂന്‍റെ അവസാനത്തില്‍ കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക.
- وَإِمَّا نُرِيَنَّكَ بَعْضَ ٱلَّذِى نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا مَرْجِعُهُمْ ثُمَّ ٱللَّهُ شَهِيدٌ عَلَىٰ مَا يَفْعَلُونَ ﴾٤٦﴿
- (ഒരുപക്ഷേ,) അവരെ നാം താക്കീത് നല്‍കിവരുന്നതില്‍ ചിലത് നാം നിനക്ക്‌കാണിച്ചുതരുകയോ, അല്ലെങ്കില്‍നിന്നെ [നിന്‍റെ ആത്മാവിനെ] നാം പിടിച്ചെടുക്കുകയോ ചെയ്യുന്ന പക്ഷം, എന്നാല്‍ നമ്മിലേക്ക് തന്നെയായിരിക്കും അവരുടെ മടങ്ങിവരവ്. പിന്നെ, അവര്‍ ചെയ്‌തു കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സാക്ഷിയായിരിക്കും [അപ്പോള്‍ അവന്‍ വേണ്ടത് ചെയ്‌തുകൊള്ളും.]
- وَإِمَّا نُرِيَنَّكَ (ഒരുപക്ഷേ - വല്ലപ്പോഴും) നിനക്ക് നാം കാണിച്ചു തരുന്ന പക്ഷം بَعْضَ ചിലത് الَّذِي نَعِدُهُمْ അവരോട്‌നാം വാഗ്‌ദത്തം (താക്കീത്) ചെയ്യുന്ന أَوْ نَتَوَفَّيَنَّكَ അല്ലെങ്കില്‍ നിന്നെ നാം പിടിച്ചെടുക്കുന്ന (മുഴുവനുമായെടുക്കുന്ന) പക്ഷം فَإِلَيْنَا എന്നാല്‍നമ്മിലേക്കാണ് مَرْجِعُهُمْ അവരുടെ മടക്കം, മടങ്ങിവരവ് ثُمَّ اللَّهُ പിന്നെ അല്ലാഹു شَهِيدٌ സാക്ഷിയാണ് عَلَىٰ مَا يَفْعَلُونَ അവര്‍ ചെയ്യുന്നതിന്
- وَلِكُلِّ أُمَّةٍ رَّسُولٌ ۖ فَإِذَا جَآءَ رَسُولُهُمْ قُضِىَ بَيْنَهُم بِٱلْقِسْطِ وَهُمْ لَا يُظْلَمُونَ ﴾٤٧﴿
- എല്ലാ (ഓരോ) സമുദായത്തിനുമുണ്ടായിരിക്കും ഒരു റസൂല്‍. അങ്ങനെ, അവരുടെ റസൂല്‍ (അവര്‍ക്ക്) വന്നാല്‍, അവര്‍ക്കിടയില്‍ നീതി മുറയനുസരിച്ച് (കാര്യം) തീരുമാനിക്കപ്പെടുന്നതാണ്; അവരാകട്ടെ, അനീതി ചെയ്യപ്പെടുകയില്ലതാനും.
- وَلِكُلِّ أُمَّةٍ എല്ലാ സമുദായത്തിനുമുണ്ട് رَّسُولٌ ഒരു (ഓരോ) റസൂല്‍ فَإِذَا جَاءَ എന്നിട്ട് (അങ്ങിനെ) വന്നാല്‍ رَسُولُهُمْ അവരുടെ റസൂല്‍ قُضِيَ തീരുമാനിക്ക (വിധിക്ക) പ്പെടും بَيْنَهُم അവര്‍ക്കിടയില്‍ بِالْقِسْطِ നീതി മുറയനുസരിച്ച് وَهُمْ അവര്‍ لَا يُظْلَمُونَ അക്രമിക്ക (അനീതി ചെയ്യ) പ്പെടുകയില്ല
സാരം: ഈ സത്യനിഷേധികളെ താക്കീതു ചെയ്‌തു വരുന്ന ശിക്ഷകളില്‍ -കൊല, പരാജയം, അപമാനം തുടങ്ങിയവയില്‍- ചിലത് ഒരു പക്ഷേ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യുടെ കാലത്ത് തന്നെ സംഭവിക്കുകയും, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)ക്ക് അത് കാണുവാന്‍ സാധിക്കുകയും ചെയ്‌തേക്കാം. അല്ലെങ്കില്‍ അതിന് മുമ്പുതന്നെ അതൊന്നും കാണുവാന്‍ കഴിയാത്തവണ്ണം നേരത്തേ തന്നെ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) സ്വര്‍ഗം പൂകിയെന്നും വരാം. രണ്ടില്‍ ഏത് സംഭവിച്ചാലും അവര്‍ മടങ്ങി എത്തുന്നത് അല്ലാഹുവിങ്കലേക്കായിരിക്കും. അവര്‍ ചെയ്യുന്നതെല്ലാം അവന്‍ കണ്ടറിഞ്ഞു കൊണ്ടിരിക്കുന്നുമുണ്ട്. അപ്പോള്‍, അവരുടെ മേല്‍ എടുക്കേണ്ടുന്ന നടപടി അവന്‍ എടുക്കുക തന്നെ ചെയ്യും. ഓരോ സമുദായത്തെയും മാര്‍ഗദര്‍ശനം ചെയ്യാന്‍ അല്ലാഹു പ്രത്യേകം റസൂലുകളെ അയക്കാറുണ്ട്. റസൂലുകളെ അയക്കാതെ ആരുടെ മേലും ശിക്ഷാനടപടി എടുക്കാറില്ല. (وَمَا كُنَّا مُعَذِّبِينَ حَتَّى نَبْعَثَ رَسُولا) റസൂലുകള്‍ വന്ന് പ്രബോധനം നടത്തുകയും തെളിവുകള്‍ നല്‍കുകയും ചെയ്‌തു കഴിഞ്ഞാല്‍, പിന്നീട് നീതിയും ന്യായവും അനുസരിച്ച് നിഷേധികളുടെ മേല്‍നടപടി സ്വീകരിക്കുക പതിവാണ്. റസൂലുകളും സത്യവിശ്വാസികളും വിജയിക്കുകയും ചെയ്യും. പക്ഷേ, നിഷേധികളോട് – അവര്‍ നിഷേധികളാണെന്നു വെച്ച്- യാതൊരു അനീതിയും അല്ലാഹു ചെയ്‌കയില്ലതാനും.
- وَيَقُولُونَ مَتَىٰ هَٰذَا ٱلْوَعْدُ إِن كُنتُمْ صَٰدِقِينَ ﴾٤٨﴿
- അവര്‍ [അവിശ്വാസികള്‍] പറയുന്നു: 'എപ്പോഴാണ് ഈ വാഗ്‌ദത്തം (നിറവേറല്‍) - നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍?!'
- وَيَقُولُونَ അവര്‍ പറയും, പറയുന്നു مَتَىٰ എപ്പോഴാണ് هَٰذَا الْوَعْدُ ഈ വാഗ്‌ദത്തം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
- قُل لَّآ أَمْلِكُ لِنَفْسِى ضَرًّا وَلَا نَفْعًا إِلَّا مَا شَآءَ ٱللَّهُ ۗ لِكُلِّ أُمَّةٍ أَجَلٌ ۚ إِذَا جَآءَ أَجَلُهُمْ فَلَا يَسْتَـْٔخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴾٤٩﴿
- പറയുക: എന്‍റെ 'സ്വന്തത്തിന് (തന്നെ) ഒരു ഉപദ്രവമാകട്ടെ, ഒരു ഉപകാരമാകട്ടെ, ഞാന്‍ അധീനമാക്കുന്നില്ല, അല്ലാഹു ഉദ്ദേശിച്ചതല്ലാതെ. 'എല്ലാ സമുദായത്തിനുമുണ്ട് ഒരു അവധി. അവരുടെ അവധി വന്നാല്‍, അപ്പോള്‍അവര്‍ഒരു നാഴിക (സമയം) പിന്നോട്ട് പോകുകയാകട്ടെ, മുന്നോട്ട് പോകുകയാകട്ടെ ചെയ്‌കയില്ല.'
- قُل നീ പറയുക لَّا أَمْلِكُ ഞാന്‍ അധീനമാക്കുന്നില്ല (എനിക്ക്‌കഴിവില്ല) لِنَفْسِي എന്‍റെ സ്വന്തത്തിന് ضَرًّا ഒരു ഉപദ്രവം وَلَا نَفْعًا ഒരു ഉപകാരവുമില്ല إِلَّا مَا شَاءَ ഉദ്ദേശിച്ചതല്ലാതെ اللَّهُ അല്ലാഹു لِكُلِّ أُمَّةٍ എല്ലാ സമുദായത്തിനുമുണ്ട് أَجَلٌ ഒരു അവധി إِذَا جَاءَ വന്നാല്‍ أَجَلُهُمْ അവരുടെ അവധി فَلَا يَسْتَأْخِرُونَ അപ്പോള്‍ അവര്‍ പിന്തിപ്പോകയില്ല, പിന്നോട്ടാകുകയില്ല سَاعَةً ഒരു നാഴികയും وَلَا يَسْتَقْدِمُونَ അവര്‍ മുന്തിപ്പോകുകയുമില്ല, മുന്നോട്ടുമാകയില്ല
- قُلْ أَرَءَيْتُمْ إِنْ أَتَىٰكُمْ عَذَابُهُۥ بَيَٰتًا أَوْ نَهَارًا مَّاذَا يَسْتَعْجِلُ مِنْهُ ٱلْمُجْرِمُونَ ﴾٥٠﴿
- പറയുക: 'കണ്ടുവോ (-നിങ്ങളൊന്നു പറയുവിന്‍): രാത്രി സമയത്തോ, പകലിലോ അവന്‍റെ ശിക്ഷ നിങ്ങള്‍ക്ക്‌വന്നെത്തിയെങ്കില്‍, അതില്‍നിന്ന്‌ഏതൊന്നിനായിരിക്കും (ഈ) കുറ്റവാളികള്‍ധൃതികാണിക്കുക?!
- കുകയുമില്ല, മുന്നോട്ടുമാകയില്ല قُلْ നീ പറയുക أَرَأَيْتُمْ നിങ്ങള്‍ കണ്ടുവോ (പറയുവിന്‍) إِنْ أَتَاكُمْ നിങ്ങള്‍ക്ക് വന്നെങ്കില്‍ عَذَابُهُ അവന്‍റെ ശിക്ഷ بَيَاتًا രാത്രി സമയത്ത് أَوْ نَهَارًا അല്ലെങ്കില്‍ പകലില്‍ مَّاذَا എന്തൊന്നാണ്, ഏതിനാണ് يَسْتَعْجِلُ ധൃതികൂട്ടുന്നത്, ബദ്ധപ്പെടുന്നത് مِنْهُ അതില്‍ നിന്ന് الْمُجْرِمُونَ കുറ്റവാളികള്‍
- أَثُمَّ إِذَا مَا وَقَعَ ءَامَنتُم بِهِۦٓ ۚ ءَآلْـَٰٔنَ وَقَدْ كُنتُم بِهِۦ تَسْتَعْجِلُونَ ﴾٥١﴿
- അത് സംഭവിച്ചാല്‍ പിന്നീടാണോ നിങ്ങളതില്‍ വിശ്വസിക്കുന്നത്?! 'ഇപ്പോഴോ (വിശ്വസിക്കുന്നത്)? നിങ്ങള്‍ ഇതിന് [ഈ ശിക്ഷക്ക്] ധൃതി കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ' (എന്നായിരിക്കും അപ്പോള്‍പറയപ്പെടുക.)
- أَثُمَّ പിന്നെയോ إِذَا مَا وَقَعَ അത് സംഭവിച്ചാല്‍, അതുണ്ടാകുമ്പോള്‍ آمَنتُم بِهِ അതില്‍ നിങ്ങള്‍ വിശ്വസിക്കുന്നത് آلْآنَ ഇപ്പോഴോ, ഇന്നേരമോ وَقَدْ كُنتُم നിങ്ങളായിരിക്കെ, നിങ്ങളായിരുന്നുവല്ലോ بِهِ അതിന്, അതിനെപ്പറ്റി تَسْتَعْجِلُونَ നിങ്ങള്‍ ധൃതി കൂട്ടും
- ثُمَّ قِيلَ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ ﴾٥٢﴿
- പിന്നീട്, അക്രമം പ്രവര്‍ത്തിച്ചവരോട്‌പറയപ്പെടും: 'നിങ്ങള്‍ ശാശ്വത ശിക്ഷ ആസ്വദിച്ചു കൊള്ളുവിന്‍! നിങ്ങള്‍ (പ്രവര്‍ത്തിച്ച്) സമ്പാദിച്ചിരുന്നതിനല്ലാതെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ?!'
- ثُمَّ പിന്നെ قِيلَ പറയപ്പെടും لِلَّذِينَ ظَلَمُوا അക്രമം ചെയ്‌തവരോട് ذُوقُوا നിങ്ങള്‍ ആസ്വദിക്കുവിന്‍ عَذَابَ ശിക്ഷയെ الْخُلْدِ ശാശ്വതത്തിന്‍റെ, സ്ഥിരതയുടെ هَلْ تُجْزَوْنَ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുമോ إِلَّا بِمَا യാതൊന്നിനല്ലാതെ كُنتُمْ നിങ്ങളായിരുന്നു تَكْسِبُونَ നിങ്ങള്‍ സമ്പാദിക്കും, പ്രവര്‍ത്തിച്ചുവെക്കും
സത്യവിശ്വാസികള്‍ക്ക്‌രക്ഷയും വിജയവും ലഭിക്കും. അവിശ്വാസികള്‍ക്ക് ശിക്ഷയും പരാജയവും അനുഭവപ്പെടും എന്നൊക്കെ നിങ്ങള്‍ പറയുന്നുണ്ടല്ലോ; അതൊക്കെ സത്യമാണെങ്കില്‍ എന്താണത് സംഭവിക്കാത്തത്? എപ്പോഴായിരിക്കും അതുണ്ടാവുക? എന്നിങ്ങനെ അവിശ്വാസികള്‍ പരിഹസിച്ചു പറയാറുള്ളതിന് എങ്ങിനെ മറുപടി പറയേണമെന്ന് അല്ലാഹു നബിക്കു പഠിപ്പിക്കുകയാണ്. മറുപടിയില്‍ അടങ്ങിയ തത്വങ്ങള്‍ ഇങ്ങിനെ വിവരിക്കാം:-
(1) മറ്റുള്ളവരുടെ കാര്യം ഇരിക്കട്ടെ, എന്‍റെ സ്വന്തം കാര്യത്തില്‍പോലും അല്ലാഹു ഉദ്ദേശിച്ച പോലെ സംഭവിക്കുമെന്നേ എനിക്ക് പറയുവാന്‍ സാധിക്കൂ. അവന്‍ ഉദ്ദേശിക്കുന്നതിനപ്പുറം വല്ല ഉപദ്രവം ഉണ്ടാക്കുവാനോ അത് തടുക്കുവാനോ, വല്ല ഉപകാരവും ചെയ്യാനോ, അത് ഉണ്ടാക്കാതിരിക്കുവനോ എനിക്ക് കഴിവില്ല. അവന്‍ നല്‍കിയത് അനുഭവിക്കുകയും, അവന്‍ അറിയിച്ചത് അറിയുകയും മാത്രമേ എനിക്ക് നിവൃത്തിയുള്ളൂ. പിന്നെ എങ്ങിനെയാണ് ആ വാഗ്‌ദത്തങ്ങളൊക്കെ ഇന്നപ്പോള്‍ സംഭവിക്കുമെന്ന് ഞാന്‍ അറിയുക?!
(2) എന്നാല്‍ ഒരു വാസ്‌തവം നിങ്ങള്‍ മനസ്സിലാക്കണം: ഓരോ സമുദായത്തിനും – അത് ഇന്നപ്പോള്‍ നശിക്കും അല്ലെങ്കില്‍ ശിക്ഷിക്കപ്പെടും എന്നൊക്കെ – അല്ലാഹു ഒരു നിശ്ചയവും അവധിയും വെച്ചിട്ടുണ്ട്. അത് അതേ പോലെത്തന്നെ സംഭവിക്കും, അതില്‍ ഒരു നിമിഷം പോലും ഏറ്റക്കുറവ് സംഭവിക്കുകയില്ല.
(3) ആ ശിക്ഷ ഒരു പക്ഷേ രാത്രിയിലോ പകലിലോ പെട്ടെന്നാവാം സംഭവിക്കുന്നത്. ഒന്നും തീര്‍ത്ത് പറയുവാന്‍ വയ്യ. എന്നാല്‍, അത് സംഭവിക്കുമ്പോള്‍ ഇപ്പോള്‍ ധൃതി കൂട്ടിക്കൊണ്ടിരിക്കുന്ന ഈ പാപികളാരെങ്കിലും അപ്പോള്‍ ധൃതികൂട്ടുവാന്‍ ധൈര്യപ്പെടുമോ? ധൃതികൂട്ടുമെങ്കില്‍ ഏത് ശിക്ഷക്കായിരിക്കും ധൃതികൂട്ടുക?! അതെ, ഈ ധൃതികൂട്ടലൊന്നും വേണ്ടിയിരുന്നില്ലെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് ബോധ്യമാകും.
(4) അത് സംഭവിക്കുന്നത് എപ്പോഴായാലും അപ്പോള്‍ വിശ്വസിക്കാമെന്നാണോ നിങ്ങളുടെ ഭാവം? എങ്കില്‍ അത് പ്രയോജനപ്പെടുവാന്‍ പോകുന്നില്ല. അപ്പോള്‍ വിശ്വസിക്കുന്നവരോട്: ‘ഈ ശിക്ഷക്ക് തിരക്കു കൂട്ടിയിരുന്നവരാണല്ലോ നിങ്ങള്‍, എന്നിട്ട് ഇപ്പോഴാണോ നിങ്ങള്‍ വിശ്വസിക്കുവാന്‍ പോകുന്നത്?! ഈ വിശ്വാസം സ്വീകാര്യമല്ല’ എന്നായിരിക്കും പറയപ്പെടുക. അപ്പോഴത്തെ ആ വിശ്വാസം സ്വീകരിക്കപ്പെടുകയില്ലെന്ന് മാത്രമല്ല, ശാശ്വതമായ നരക ശിക്ഷ അനുഭവിച്ചു കൊള്ളണമെന്ന വിധിയും കൂടിയായിരിക്കും ലഭിക്കുക. അത് നിങ്ങളുടെ കര്‍മഫലമല്ലാതെ മറ്റൊന്നുമല്ലതാനും.
- ۞ وَيَسْتَنۢبِـُٔونَكَ أَحَقٌّ هُوَ ۖ قُلْ إِى وَرَبِّىٓ إِنَّهُۥ لَحَقٌّ ۖ وَمَآ أَنتُم بِمُعْجِزِينَ ﴾٥٣﴿
- (നബിയേ) നിന്നോടവര്‍ വര്‍ത്തമാനമന്വേഷിക്കുന്നു: യഥാര്‍ത്ഥമാണോ അത്? എന്ന്! നീ പറയുക: 'ഓ! എന്‍റെ റബ്ബ് തന്നെയാണ (സത്യം)! നിശ്ചയമായും അത് യഥാര്‍ത്ഥം തന്നെ! നിങ്ങള്‍ (പിടിയില്‍പെടാതെ) അശക്തരാക്കുന്നവരല്ലതാനും.'
- وَيَسْتَنبِئُونَكَ അവര്‍ നിന്നോട്‌വര്‍ത്തമാനം (വിവരം) തേടുന്നു, അന്വേഷിക്കുന്നു أَحَقٌّ യഥാര്‍ത്ഥം (സത്യം) ആണോ هُوَ അത് قُلْ നീ പറയുക إِي ഓ, അതെ, ഉവ്വ് وَرَبِّي എന്‍റെ റബ്ബ് തന്നെ സത്യം إِنَّهُ നിശ്ചയമായും അത് لَحَقٌّ യാഥാര്‍ത്ഥ്യം തന്നെ وَمَا أَنتُم നിങ്ങളല്ല താനും بِمُعْجِزِينَ അശക്തമാക്കുന്നവര്‍, പരാജയപ്പെടുത്തുന്നവര്‍
മനുഷ്യന്‍ മരിച്ചു മണ്ണായിട്ടും ജീവിപ്പിക്കപ്പെടും, മുന്‍ജീവിതത്തില്‍ ചെയ്‌തതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടും, അതനുസരിച്ച് രക്ഷാശിക്ഷകള്‍ക്ക് വിധേയനാകും എന്നൊക്കെ നിങ്ങള്‍ പറയുന്നത് യഥാര്‍ത്ഥം തന്നെയാണോ? അതല്ല കേവലം തമാശയോ? സത്യനിഷേധികളുടെ ഇത്തരം ചോദ്യത്തിന് ഇപ്രകാരം മറുപടി പറയണമെന്ന് അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോട് കല്‍പിക്കുന്നു: ‘ഓ! സംശയിക്കേണ്ട! എന്‍റെ റബ്ബിനെത്തന്നെ സത്യം! അക്ഷരംപ്രതി ശരിയാണത്. നിങ്ങള്‍ മണ്ണായി നശിച്ചാലും അല്ലാഹുവിന്‍റെ പിടിയില്‍ അകപ്പെടാതെ അവനെ പരാജയപ്പെടുത്തി രക്ഷപ്പെടുവാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കുമെന്ന് നിങ്ങള്‍ കരുതേണ്ട.’
وَرَبِّي (എന്‍റെ റബ്ബിനെത്തന്നെ സത്യം!) എന്നിത്രയും ശക്തിയായ സ്വരത്തില്‍ സത്യം ചെയ്‌തുകൊണ്ട് അവിശ്വാസികളോട് മറുപടി പറയുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് കല്‍പിക്കുന്ന മൂന്ന് സ്ഥലമാണ് ക്വുര്‍ആനില്‍ ആകെയുള്ളത്. ഒന്ന് ഇതുതന്നെ. മറ്റൊന്ന്: അന്ത്യ സമയം വന്നെത്തുകയില്ലെന്ന് പറയുന്നവരോട് ……بلَى وَرَبِّي لَتَأْتِيَنَّكُمْ (ഇല്ലാതെ! എന്‍റെ റബ്ബ് തന്നെയാണ! അത് നിങ്ങള്‍ക്ക് വന്നെത്തുക തന്നെ ചെയ്യും.) എന്ന് പറയുവാന്‍ സൂറത്ത് സബഉ്: 3ല്‍ കല്‍പിച്ചതാകുന്നു. മൂന്നാമത്തേത്: മരണാനന്തരം ജനങ്ങള്‍ എഴുനേല്‍പിക്കപ്പെടുകയില്ലെന്ന് ജല്‍പിക്കുന്നവരോട് قُلْ بَلى وَرَبِّي لَتُبْعَثُنَّ (നീ പറയുക; ഇല്ലാതേ! എന്‍റെ റബ്ബിനെത്തന്നെയാണ! തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുക തന്നെ ചെയ്യും) എന്ന് പറയുവാന്‍ സൂഃ തഗാബുന്‍: 7ല്‍ കല്‍പിച്ചതുമാകുന്നു. നിഷേധികള്‍ അവരുടെ നിഷേധവേളയില്‍ ഉപയോഗിച്ച അതേ വാക്കുകളെത്തന്നെയാണ് ഇവിടങ്ങളിലെല്ലാം ഖണ്‌ഡിച്ചിരിക്കുന്നതെന്ന് പ്രസ്‌താവ്യമത്രെ. മരണാനന്തര ജീവിതത്തെയും, പരലോക ജീവിതത്തെയും നിഷേധിക്കുന്നതിന്‍റെ ഗൗരവത്തെയും, അതില്‍ അവരോട് അല്ലാഹുവിനുള്ള അതികഠിനമായ അമര്‍ഷത്തെയുമാണിത് കാണിക്കുന്നത്.
വിഭാഗം - 6
- وَلَوْ أَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِى ٱلْأَرْضِ لَٱفْتَدَتْ بِهِۦ ۗ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ ۖ وَقُضِىَ بَيْنَهُم بِٱلْقِسْطِ ۚ وَهُمْ لَا يُظْلَمُونَ ﴾٥٤﴿
- അക്രമം പ്രവര്‍ത്തിച്ച എല്ലാ (ഓരോ) വ്യക്തിക്കും ഭൂമിയിലുള്ളത് (മുഴുവന്‍) ഉണ്ടായിരുന്നാലും, അത് അതിനെ തെണ്ടം കൊടു(ത്ത് മോചനത്തിനു ശ്രമി)ക്കുക തന്നെ ചെയ്യും. ശിക്ഷയെ കാണുമ്പോള്‍ അവര്‍ഖേദം മറച്ചുവെക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതി മുറയനുസരിച്ച് തീരുമാനിക്കപ്പെടുകയും ചെയ്യും; അവരാകട്ടെ, അക്രമം ചെയ്യപ്പെടുന്നതുമല്ല.
- وَلَوْ أَنَّ ആയിരു(ഉണ്ടായിരു)ന്നെങ്കില്‍ لِكُلِّ نَفْسٍ എല്ലാ ആള്‍ക്കും, വ്യക്തിക്കും ظَلَمَتْ അക്രമം ചെയ്‌ത مَا فِي الْأَرْضِ ഭൂമിയിലുള്ളത് لَافْتَدَتْ അത് തെണ്ടം കൊടുക്കുക (മോചനത്തിന് പ്രായശ്ചിത്തം നല്‍കുക) തന്നെ ചെയ്യുമായിരുന്നു بِهِ അതിനെ, അതുകൊണ്ട് وَأَسَرُّوا അവര്‍ രഹസ്യമായി (മറച്ചു) വെക്കുകയും ചെയ്യും النَّدَامَةَ ഖേദത്തെ لَمَّا رَأَوُا അവര്‍ കാണുമ്പോള്‍, കണ്ട അവസരത്തില്‍ الْعَذَابَ ശിക്ഷയെ وَقُضِيَ തീരുമാനിക്കപ്പെടുകയും ചെയ്യും بَيْنَهُم അവര്‍ക്കിടയില്‍ بِالْقِسْطِ നീതി മുറ പ്രകാരം وَهُمْ അവരാകട്ടെ لَا يُظْلَمُونَ അക്രമം ചെയ്യപ്പെടുകയില്ല
തങ്ങള്‍ക്ക് ലഭിക്കുവാന്‍ പോകുന്ന ശിക്ഷാവകുപ്പുകള്‍ കണ്‍മുമ്പില്‍ കാണുമ്പോള്‍, തങ്ങള്‍ ചെയ്‌തിരുന്ന അക്രമങ്ങളെക്കുറിച്ച് അവര്‍ക്ക് ലജ്ജയും അപമാനവും അനുഭവപ്പെടും. അതുകൊണ്ട് അപ്പോള്‍ തങ്ങളുടെ ഖേദം കഴിയുന്നത്ര മറച്ചുപിടിക്കുവാന്‍ അവര്‍ ശ്രമിക്കും എന്ന് താല്‍പര്യം. പക്ഷേ അതിനുശേഷം ഖേദവും വ്യസനവും ഒതുക്കിവെക്കുവാന്‍ കഴിയാതെ അവര്‍ പരസ്യമായിത്തന്നെ സങ്കടം വിളിച്ചു പറയുകയും ചെയ്യുമെന്ന് വേറെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. …….يَا حَسْرَتَى على مَا فَرَّطتُ (ഹാ! സങ്കടമേ! അല്ലാഹുവിന്‍റെ വിഷയത്തില്‍ ഞാന്‍ വീഴ്‌ച വരുത്തിയല്ലോ! ഞാന്‍ കളിയാക്കുന്നവനായിപ്പോയല്ലോ!) എന്നൊക്കെ അവര്‍ പറയുമെന്ന് സൂഃ സുമര്‍: 56 ല്‍കാണാം. …….رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا (റബ്ബേ! ഞങ്ങളുടെ ദൗര്‍ഭാഗ്യം ഞങ്ങളില്‍ കവിഞ്ഞുപോയി. ഞങ്ങള്‍ വഴി പിഴച്ച ആളുകളായിത്തീര്‍ന്നു!) എന്നും മറ്റും പറയുമെന്ന് സൂഃ മുഅ്‌മിനൂന്‍: 106,107 വചനങ്ങളിലും കാണാവുന്നതാണ്.
- أَلَآ إِنَّ لِلَّهِ مَا فِى ٱلسَّمَٰوَٰتِ وَٱلْأَرْضِ ۗ أَلَآ إِنَّ وَعْدَ ٱللَّهِ حَقٌّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ ﴾٥٥﴿
- അല്ലാ! (-അറിയുക:) നിശ്ചയമായും, ആകാശങ്ങളിലും ഭൂമിയിലുമുള്ളതും (ഒക്കെ) അല്ലാഹുവിന്‍റെതാകുന്നു. അല്ലാ! (-അറിയുക:) നിശ്ചയമായും, അല്ലാഹുവിന്‍റെ വാഗ്‌ദത്തം യഥാര്‍ത്ഥമാകുന്നു. എങ്കിലും, അവരില്‍ അധികമാളും അറിയുന്നില്ല.
- أَلَا അല്ലാ, അല്ലേ (അറിയുക) إِنَّ لِلَّهِ നിശ്ചയമായും അല്ലാഹുവിനാണ് مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളത് وَالْأَرْضِ ഭൂമിയിലും أَلَا അല്ലാ (അറിയുക) إِنَّ وَعْدَ നിശ്ചയമായും വാഗ്‌ദത്തം اللَّهِ അല്ലാഹുവിന്‍റെ حَقٌّ യഥാര്‍ത്ഥമാകുന്നു وَلَٰكِنَّ എങ്കിലും, പക്ഷേ أَكْثَرَهُمْ അവരില്‍ അധികവും لَا يَعْلَمُونَ അവര്‍ അറിയുന്നില്ല
- هُوَ يُحْىِۦ وَيُمِيتُ وَإِلَيْهِ تُرْجَعُونَ ﴾٥٦﴿
- അവന്‍, ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു; അവങ്കലേക്കു തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.
- هُوَ يُحْيِي അവന്‍ ജീവിപ്പിക്കുന്നു, അവനത്രെ ജീവിപ്പിക്കുന്നത് وَيُمِيتُ മരണപ്പെടുത്തുകയും ചെയ്യുന്നു وَإِلَيْهِ അവനിലേക്ക് തന്നെ تُرْجَعُونَ നിങ്ങള്‍ മടക്കപ്പെടുന്നു
- يَٰٓأَيُّهَا ٱلنَّاسُ قَدْ جَآءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَآءٌ لِّمَا فِى ٱلصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ ﴾٥٧﴿
- ഹേ, മനുഷ്യരേ, നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് നിങ്ങള്‍ക്ക് സദുപദേശവും, നെഞ്ചുകളിലുള്ളതിന് [ഹൃദയരോഗങ്ങള്‍ക്ക്] ശമനവും വന്നിട്ടുണ്ട്; സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും, കാരുണ്യവും (വന്നിട്ടുണ്ട്).
- يَا أَيُّهَا النَّاسُ ഹേ മനുഷ്യരേ قَدْ جَاءَتْكُم നിങ്ങള്‍ക്ക്‌വന്നിട്ടുണ്ട് مَّوْعِظَةٌ സദുപദേശം مِّن رَّبِّكُمْ നിങ്ങളുടെ റബ്ബിങ്കല്‍ നിന്ന് وَشِفَاءٌ ശമനവും, ആശ്വാസവും لِّمَا فِي الصُّدُورِ നെഞ്ചു (ഹൃദയം) കളിലുള്ളതിന് وَهُدًى മാര്‍ഗദര്‍ശവും, നേര്‍മാര്‍ഗവും وَرَحْمَةٌ കാരുണ്യവും لِّلْمُؤْمِنِينَ സത്യവിശ്വാസികള്‍ക്ക്
- قُلْ بِفَضْلِ ٱللَّهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴾٥٨﴿
- പറയുക: 'അല്ലാഹുവിന്‍റെ ദയവ് (അഥവാ അനുഗ്രഹം) കൊണ്ടും, അവന്‍റെ കാരുണ്യം കൊണ്ടുമത്രെ (അത്) - അത്‌കൊണ്ടു തന്നെ- അവര്‍ ആഹ്‌ളാദിക്കട്ടെ! അത്, അവര്‍ ശേഖരിച്ചു (സമ്പാദിച്ചു) കൊണ്ടിരിക്കുന്നതിനെക്കാള്‍ (ഒക്കെ) ഉത്തമമാകുന്നു.
- قُلْ നീ പറയുക بِفَضْلِ اللَّهِ അല്ലാഹുവിന്‍റെ ദയവും (അനുഗ്രഹം) കൊണ്ടും وَبِرَحْمَتِهِ അവന്‍റെ കാരുണ്യം കൊണ്ടും فَبِذَٰلِكَ അതുകൊണ്ടു തന്നെ فَلْيَفْرَحُوا എന്നാലവര്‍ സന്തോഷിച്ച്(ആഹ്‌ളാദം കൊള്ളട്ടെ) هُوَ خَيْرٌ അത് ഗുണകരമാണ്, ഉത്തമമാണ് مِّمَّا يَجْمَعُونَ അവര്‍ ഒരുമിച്ച് (ശേഖരിച്ചു) കൂട്ടുന്നതിനേക്കാള്‍
മനുഷ്യവര്‍ഗത്തിന് ആകമാനം സദുപദേശമത്രെ വിശുദ്ധ ക്വുര്‍ആന്‍. അന്ധവിശ്വാസം, കാപട്യം, സംശയം ആദിയായ മനോരോഗങ്ങള്‍ക്ക് അത് ശമനം നല്‍കുകയും ചെയ്യുന്നു. അതില്‍ വിശ്വസിക്കുകയും, അതിന്‍റെ അദ്ധ്യാപനങ്ങളെ അനുസരിക്കുകയും ചെയ്യുന്നവര്‍ക്കാകട്ടെ, അത് മാര്‍ഗദര്‍ശനവും കാരുണ്യവുമാകുന്നു. അതവരെ നേര്‍വഴിക്ക് നയിക്കും. അവരുടെ ഭാവിജീവിതത്തിനും, ശാശ്വത സൗഭാഗ്യത്തിന്നും അത് കാരണമാകുകയും ചെയ്യും. അതില്‍ വിശ്വസിക്കാത്തവര്‍ക്ക് അത് പ്രയോജനം ചെയ്യുകയില്ലെന്ന് മാത്രമല്ല, അവര്‍ക്കെതിരെയുള്ള തെളിവു കൂടിയായിരിക്കും അത്. അങ്ങനെ, അതവര്‍ക്ക് കൂടുതല്‍ നഷ്‌ടമായിട്ടാണ് കലാശിക്കുക.
وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ ۙ وَلَا يَزِيدُ الظَّالِمِينَ إِلَّا خَسَارًا
(സാരം: ക്വുര്‍ആന്‍മുഖേന സത്യവിശ്വാസികള്‍ക്ക് രോഗശമനവും കാരുണ്യവുമായുള്ളതിനെ നാം അവതരിപ്പിക്കുന്നു. അക്രമികള്‍ക്ക് അത് നഷ്‌ടത്തെയല്ലാതെ വര്‍ദ്ധിപ്പിക്കുകയില്ല. (17:82)
ഐഹികജീവിതത്തില്‍ വെച്ചു മനുഷ്യന് നേടിയെടുക്കുവാനുള്ള ഏതൊരു നേട്ടത്തെക്കാളും ശ്രേഷ്‌ഠവും ഉത്തമവുമാണ് ഈ ക്വുര്‍ആനും, അതുവഴി അല്ലാഹുവിങ്കല്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങളും കാരുണ്യവും അതുകൊണ്ട് അതിലാണ് മനുഷ്യന്‍ സന്തോഷം കൊള്ളേണ്ടതും, അതിനാണ് മുന്‍ഗണന നല്‍കേണ്ടതും. ഐഹികനേട്ടങ്ങള്‍- അവ എത്രതന്നെ ഉയര്‍ന്നതും വര്‍ദ്ധിച്ചതുമാണെങ്കിലും- മരണത്തോടെ അത് അവസാനിക്കുമല്ലോ. ക്വുര്‍ആന്‍ മുഖേന ലഭിക്കുന്ന നേട്ടങ്ങളാകട്ടെ, ഈ ലോകത്തും പരലോകത്തും ശേഷിക്കുകയും ചെയ്യുന്നു.
- قُلْ أَرَءَيْتُم مَّآ أَنزَلَ ٱللَّهُ لَكُم مِّن رِّزْقٍ فَجَعَلْتُم مِّنْهُ حَرَامًا وَحَلَٰلًا قُلْ ءَآللَّهُ أَذِنَ لَكُمْ ۖ أَمْ عَلَى ٱللَّهِ تَفْتَرُونَ ﴾٥٩﴿
- നീ പറയുക: 'നിങ്ങള്‍ കണ്ടുവോ, ആഹാരമായി അല്ലാഹു നിങ്ങള്‍ക്കു വേണ്ടി ഇറക്കിത്തന്നിട്ടുള്ളത്? എന്നിട്ട്, നിങ്ങള്‍ അതില്‍ നിന്നും (ചിലത്) നിഷിദ്ധവും, (ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു?' പറയുക: 'അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം നല്‍കിയത്; അതല്ല, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ കെട്ടിച്ചമക്കുകയാണോ? (പറയുവിന്‍ കേള്‍ക്കട്ടെ)!'
- قُلْ നീ പറയുക أَرَأَيْتُم നിങ്ങള്‍കണ്ടുവോ (പറയൂ) مَّا أَنزَلَ ഇറക്കിയതിനെ اللَّهُ അല്ലാഹു لَكُم നിങ്ങള്‍ക്കുവേണ്ടി مِّن رِّزْقٍ ആഹാരമായിട്ട്, ഉപജീവനത്തില്‍ നിന്നും فَجَعَلْتُم എന്നിട്ട് നിങ്ങള്‍ ആക്കി مِّنْهُ അതില്‍ നിന്ന് (ചിലത്) حَرَامًا നിഷിദ്ധം وَحَلَالًا അനുവദനീയവും قُلْ നീ പറയുക آللَّهُ അല്ലാഹുവാണോ أَذِنَ لَكُمْ നിങ്ങള്‍ക്ക് അനുവാദം (സമ്മതം) തന്നത് أَمْ عَلَى اللَّهِ അതല്ല അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ تَفْتَرُونَ കെട്ടിപ്പറയുന്നുവോ
- وَمَا ظَنُّ ٱلَّذِينَ يَفْتَرُونَ عَلَى ٱللَّهِ ٱلْكَذِبَ يَوْمَ ٱلْقِيَٰمَةِ ۗ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكْثَرَهُمْ لَا يَشْكُرُونَ ﴾٦٠﴿
- അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുന്നവരുടെ വിചാരം ക്വിയാമത്തുനാളില്‍ എന്തായിരിക്കും?! നിശ്ചയമായും, അല്ലാഹു, മനുഷ്യരുടെ പേരില്‍ ദയവ് (അഥവാ അനുഗ്രഹം) ഉള്ളവന്‍ തന്നെ. എങ്കിലും, അവരില്‍ അധികമാളും നന്ദി ചെയ്യുന്നില്ല.
- وَمَا ظَنُّ എന്താണ് വിചാരം, ധാരണയെന്താണ് الَّذِينَ يَفْتَرُونَ കെട്ടിച്ചമക്കുന്നവരുടെ عَلَى اللَّهِ അല്ലാഹുവിന്‍റെ മേല്‍ الْكَذِبَ വ്യാജം, കളവ് يَوْمَ الْقِيَامَةِ ക്വിയാമത്ത് നാളില്‍, നാളിനെപ്പറ്റി إِنَّ اللَّهَ നിശ്ചയമായും അല്ലാഹു لَذُو فَضْلٍ ദയവ് (അനുഗ്രഹം) ഉള്ളവന്‍ തന്നെ عَلَى النَّاسِ മനുഷ്യരുടെ മേല്‍ وَلَٰكِنَّ എങ്കിലും أَكْثَرَهُمْ അവരില്‍ അധികവും لَا يَشْكُرُونَ അവര്‍ നന്ദി ചെയ്യുന്നില്ല
മനുഷ്യര്‍ക്ക ഉപജീവനത്തിനായി ധാരാളം ജീവികളും സസ്യവര്‍ഗങ്ങളും അല്ലാഹു ഭൂമിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ അനുഗ്രഹം വേണ്ടതുപോലെ ആസ്വദിക്കുവാന്‍ കൂട്ടാക്കാതെ, അവയില്‍ ചിലത് മതദൃഷ്‌ട്യാ നിഷിദ്ധമാക്കിയും, ചിലത് അനുവദനീയമാക്കിയും തരം തിരിക്കുന്നവരെ അല്ലാഹു ആക്ഷേപിക്കുന്നു. ഈ തരംതിരിക്കലിനുള്ള സമ്മതം നിങ്ങള്‍ക്ക് എവിടെ നിന്ന് കിട്ടി? അവയുടെ സ്രഷ്‌ടാവും ദാതാവുമായ അല്ലാഹു അതിന് അനുവാദം നല്‍കിയിട്ടുണ്ടോ? ഇല്ലെന്ന് തീര്‍ച്ചയാണ്. അപ്പോള്‍, നിങ്ങള്‍ അല്ലാഹുവിന്‍റെ മേല്‍കെട്ടിയുണ്ടാക്കിയ വ്യാജം മാത്രമാണത്. അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമച്ചവര്‍ക്ക് ക്വിയാമത്തുനാളില്‍ നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുകള്‍ അതിഭയങ്കരവും, അവരുടെ വിഭാവനത്തിനും ധാരണക്കും അതീതവുമായിരിക്കുമെന്ന് അവര്‍ ഓര്‍ത്തുകൊള്ളട്ടെ എന്ന് അവരെ അല്ലാഹു താക്കീത് ചെയ്യുന്നു. മനുഷ്യര്‍ക്ക് ആഹാരത്തിനായി ധാരാളക്കണക്കില്‍ വിഭവങ്ങള്‍ അല്ലാഹു സൃഷ്‌ടിച്ചുവെച്ചിട്ടുള്ളത് അവന് അവരോടുള്ള ദയാദാക്ഷിണ്യം കൊണ്ടാണ്. അതിന് നന്ദി കാണിക്കുകയാണ് അവര്‍ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, മിക്ക ആളുകളും- ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍- നന്ദിയില്ലാത്തവരായിട്ടാണിരിക്കുന്നത്. ആ നന്ദികേടില്‍ നിന്നാണ് ഇത്തരം പ്രവണതകള്‍ ഉണ്ടായിത്തീരുന്നത് എന്നൊക്കെയാണ് അവസാനത്തെ വാക്യത്തിലടങ്ങിയ സൂചന.
വിഗ്രഹങ്ങളുടെ പേരിലും മറ്റുമായി ചിലതരം ആടുമാടൊട്ടകങ്ങളെയും, കൃഷിവിഭവങ്ങളെയും മുശ്‌രിക്കുകള്‍ നിഷിദ്ധമാക്കി വെച്ചിരുന്നതിനെ സൂചിപ്പിച്ചു കൊണ്ടുള്ളതാണ് ഈ വചനങ്ങള്‍. ഈ വിഷയകമായി സൂഃ മാഇദഃ 106 അന്‍ആം: 136, 138, 139 മുതലായ സ്ഥലങ്ങളില്‍ മുമ്പ് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹുവും അവന്‍റെ റസൂലും നിഷിദ്ധമാക്കിയിട്ടില്ലാത്ത വസ്‌തുക്കളെ എന്തെങ്കിലും ന്യായം പറഞ്ഞ് മതത്തില്‍ നിഷിദ്ധമാക്കുന്നവരെല്ലാം ഈ ആക്ഷേപത്തിന് വിധേയര്‍തന്നെ. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ ആസ്വദിക്കുന്നത് അവനോട് നന്ദി കാണിക്കലും, അതിന് തടസ്സമുണ്ടാക്കുന്നത് നന്ദികേട് കാണിക്കലുമാകുന്നു. അബുല്‍ അഹ്‌വസ്വ് (റ) അദ്ദേഹത്തിന്‍റെ പിതാവ് പ്രസ്‌താവിച്ചതായി ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ഞാന്‍ വളരെ താണതരത്തിലുള്ള വേഷത്തില്‍ നബി തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ അടുക്കല്‍ചെന്നു. അവിടുന്ന് ചോദിച്ചു: `തനിക്ക് സ്വത്ത് വല്ലതും ഉണ്ടോ?’ ഞാന്‍ പറഞ്ഞു: ‘ഉണ്ട്.’ തിരുമേനി ചോദിച്ചു: ‘എന്ത് സ്വത്താണുള്ളത്?’ ഞാന്‍ പറഞ്ഞു: ‘ഒട്ടകം, അടിമ, കുതിര, ആട് ഇതെല്ലാം തന്നെയുണ്ട്. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘തനിക്ക് അല്ലാഹു സ്വത്ത് നല്‍കിയ സ്ഥിതിക്ക് തനിക്ക് അവന്‍ നല്‍കിയ അനുഗ്രഹത്തിന്‍റെയും, ആദരവിന്‍റെയും അടയാളം തന്നില്‍ കാണപ്പെടട്ടെ.’ (അ). ഈ തത്വം ഉള്‍കൊള്ളുന്ന ഹദീഥുകള്‍വേറെയും കാണാം.