വിഭാഗം - 5

19:66
  • وَيَقُولُ ٱلْإِنسَـٰنُ أَءِذَا مَا مِتُّ لَسَوْفَ أُخْرَجُ حَيًّا ﴾٦٦﴿
  • മനുഷ്യന്‍ പറയുന്നു: ' ഞാന്‍ മരണപ്പെട്ടുപോയാലുണ്ടോ, ജീവനുള്ളവനായി പിന്നെ പുറത്തുകൊണ്ടുവരപ്പെടുന്നു?! [അതു സംഭവ്യമല്ല]' എന്ന്.
  • وَيَقُول പറയും, പറയുന്നു الْإِنسَانُ മനുഷ്യന്‍ أَإِذَا مَا مِتُّ ഞാന്‍ മരിച്ചുപോയാലുണ്ടോ, ഞാന്‍ മരണപ്പെട്ടിട്ടാണോ لَسَوْفَ തീര്‍ച്ചയായും പിന്നീടു أُخْرَجُ ഞാന്‍ പുറത്തുകൊണ്ടുവരപ്പെടുന്നു حَيًّا ജീവനുള്ളവനായി
19:67
  • أَوَلَا يَذْكُرُ ٱلْإِنسَـٰنُ أَنَّا خَلَقْنَـٰهُ مِن قَبْلُ وَلَمْ يَكُ شَيْـًٔا ﴾٦٧﴿
  • മനുഷ്യന്‍ ഓര്‍ക്കുന്നില്ലേ; താന്‍ യാതൊന്നും ആയിരുന്നില്ലാത്ത ഘട്ടത്തില്‍, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?!
  • أَوَلَا يَذْكُرُ ഓര്‍ക്കുന്നില്ലേ الْإِنسَانُ മനുഷ്യന്‍ أَنَّا خَلَقْنَاهُ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്നു مِن قَبْلُ മുമ്പു وَلَمْ يَكُ അവന്‍ആയിരുന്നില്ലാത്തപ്പോള്‍, അവന്‍ ആയിരുന്നതുമില്ല شَيْئًا ഒരു വസ്തുവും, യാതൊന്നും
19:68
  • فَوَرَبِّكَ لَنَحْشُرَنَّهُمْ وَٱلشَّيَـٰطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا ﴾٦٨﴿
  • (നബിയേ,) എന്നാല്‍, നിന്‍റെ റബ്ബ്തന്നെയാണ (സത്യം)! നിശ്ചയമായും, അവരെയും (എല്ലാ) 'ചെകുത്താന്‍മാരെ' [പിശാചുക്കളെ]യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീടു, അവരെ മുട്ടുകുത്തിയവരായ നിലയില്‍, നരകത്തിനു ചുറ്റും നാം ഹാജരാക്കുകയും ചെയ്യും.
  • فَوَرَبِّكَ എന്നാല്‍ നിന്‍റെ റബ്ബ് തന്നെയാണ്لَ نَحْشُرَنَّهُمْ നിശ്ചയമായും നാം അവരെ ഒരുമിച്ചു കൂട്ടും وَالشَّيَاطِينَ പിശാചുക്കളെയും, ചെകുത്താന്‍മാരെയും ثُمَّ പിന്നെ പിന്നീടു لَنُحْضِرَنَّهُمْ നിശ്ചയമായും നാം അവരെ ഹാജരാക്കും حَوْلَ جَهَنَّمَ 'ജഹന്നമി'നു (നരകത്തിനു)ചുറ്റും جِثِيًّا മുട്ടുകുത്തിയവരായിക്കൊണ്ടു
19:69
  • ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى ٱلرَّحْمَـٰنِ عِتِيًّا ﴾٦٩﴿
  • പിന്നീടു, പരമകാരുണികനായുള്ളവനോടു കൂടുതല്‍ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളില്‍നിന്നും നാം വേര്‍തിരിക്കുന്നതുമാകുന്നു,
  • ثُمَّ പിന്നെ لَنَنزِعَنَّ നിശ്ചയമായും നാം വേര്‍തിരിക്കും, നീക്കി എടുക്കും مِن كُلِّ شِيعَةٍ എല്ലാ കക്ഷിയില്‍ നിന്നും أَيُّهُمْ അവരില്‍ ഏതു കൂട്ടരാണോ (അവരെ) أَشَدُّ കൂടുതല്‍ കഠിനമായവര്‍ عَلَى الرَّحْمَـٰنِ പരമകാരുണികനോടു عِتِيًّا ധിക്കാരം
19:70
  • ثُمَّ لَنَحْنُ أَعْلَمُ بِٱلَّذِينَ هُمْ أَوْلَىٰ بِهَا صِلِيًّا ﴾٧٠﴿
  • പിന്നെ, അതില്‍ [നരകത്തില്‍]കടന്നു എരിയുവാന്‍ അവരില്‍ ഏറ്റവും അര്‍ഹതയുള്ളവരെക്കുറിച്ചു നാം നല്ല വണ്ണം അറിയുന്നവനാകുന്നു.
  • ثُمَّ പിന്നെ لَنَحْنُ തീര്‍ച്ചയായും നാം أَعْلَمُ നല്ല പോലെ അറിയുന്നവനാണ് بِالَّذِينَ ഒരു കൂട്ടരെപ്പറ്റി هُمْ അവര്‍ أَوْلَىٰ കൂടുതല്‍ അര്‍ഹതയുള്ളവരാണ്, കൂടുതല്‍ ബന്ധപ്പെട്ടവരാണ് بِهَا അതിനു, അതിനോടു صِلِيًّا കടന്നെരിയുവാന്‍, കടന്നെരിയുന്നതിനു

അല്ലാഹുവിലും, പരലോകജീവിതത്തിലും വിശ്വാസമില്ലാത്തവരെ ഇരുത്തിചിന്തിപ്പിക്കത്തക്ക ഒരു ചോദ്യമാണ് 67-ാം വചനത്തില്‍ കാണുന്ന ചോദ്യം. ‘അതെ, മനുഷ്യന്‍ യാതൊന്നുംതന്നെ അല്ലാതിരുന്ന ഘട്ടത്തില്‍, മുമ്പ് അവനെ നാം സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നുവെന്നു അവന്‍ ഓര്‍ക്കുന്നില്ലേ?!’ ഒരു പക്ഷേ, പെട്ടെന്നു വല്ലവരും ഉത്തരം പറഞ്ഞേക്കും: ‘ഞാന്‍ എന്‍റെ മാതാപിതാക്കളില്‍ ‘ജനിച്ചവരാണല്ലോ’ എന്ന്. അതല്ലെങ്കില്‍ ‘ഇന്ദ്രിയത്തില്‍ നിന്നുണ്ടായി’ എന്നോ, ‘മണ്ണില്‍നിന്നു ഉല്‍ഭൂതനായി’ എന്നോ മറ്റോ പറഞ്ഞേക്കാം. എന്നാല്‍, ഒരോരുത്തന്‍റെയും ഉത്ഭവത്തെപ്പറ്റി പിന്നോട്ടു പിന്നോട്ടു കടന്നു ചെന്നു പരിശോധിക്കുമ്പോള്‍, നമ്മുടെ ബുദ്ധി- നിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ ബുദ്ധി – ഒടുക്കം ഒരു ശുദ്ധശൂന്യതയില്‍ ചെന്നത്താതിരിക്കുവാന്‍ നിവൃത്തിയില്ല. അതെ, അങ്ങനെ തികച്ചും ശുദ്ധശൂന്യമായ ഒരവസ്ഥയില്‍ നിന്നാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ഈ ബോധം അവനു വരുന്നില്ലെങ്കില്‍ അവന്‍റെ കാര്യം നിരാശാജനകം തന്നെ. ഈ ഓര്‍മ്മ അവനുണ്ടാകുന്ന പക്ഷം, അവന്‍ തന്‍റെ സ്രഷ്ടാവിലും, ഭാവിജീവിതത്തിലുമെല്ലാം വിശ്വസിക്കാതിരിക്കുകയില്ല താനും.

19:71
  • وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ﴾٧١﴿
  • അതിനടുക്കല്‍ [നരകത്തിങ്കല്‍] വരുന്നവരല്ലാതെ നിങ്ങളില്‍ (ആരും) ഇല്ല; അതു [അക്കാര്യം] നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ അനിവാര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു.
  • وَإِن مِّنكُمْ നിങ്ങളില്‍ ഇല്ല إِلَّا وَارِدُهَا അതിനടുക്കല്‍ വരുന്നവരല്ലാതെ كَانَ അതാകുന്നു, അതായിരിക്കുന്നു عَلَىٰ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ حَتْمًا അനിവാര്യം, (ഒഴിവില്ലാത്തതു) مَّقْضِيًّا തീരുമാനം ചെയ്യപ്പെട്ടതു, വിധിക്കപ്പെട്ടതു
19:72
  • ثُمَّ نُنَجِّى ٱلَّذِينَ ٱتَّقَوا۟ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيًّا ﴾٧٢﴿
  • പിന്നീടു സൂക്ഷിച്ചുവന്നിട്ടുള്ളവരെ [സജ്ജനങ്ങളെ] നാം രക്ഷപ്പെടുത്തുകയും, അക്രമകാരികളെ മുട്ടുകുത്തിയവരായിക്കൊണ്ടു അതില്‍തന്നെ വിട്ടേക്കുന്നതുമാണ്.
  • ثُمَّ പിന്നീടു نُنَجِّي നാം രക്ഷപ്പെടുത്തുന്നതാണ് الَّذِينَ യാതൊരു കൂട്ടരെ اتَّقَوا അവര്‍ സൂക്ഷിച്ചു വന്നു, കാത്തുസൂക്ഷിച്ചു ( ഭയഭക്തികാണിച്ചു) وَّنَذَرُ നാം വിട്ടേക്കുകയും ചെയ്യും الظَّالِمِينَ അക്രമികളെ فِيهَا അതില്‍ جِثِيًّا മുട്ടുകുത്തിയവരായികൊണ്ടു

എല്ലാവരെയും അല്ലാഹു നരകത്തിനു ചുറ്റും ഹാജരാക്കുന്നു. അനന്തരം ദോഷബാധയെ സൂക്ഷിച്ചുവന്ന ഭയഭക്തന്മാരെ അതില്‍ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതില്‍ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു. നരകത്തിലെ അതിഭയങ്കരമായ കാഴ്ചകള്‍, ചുറ്റുപാടും നിന്നു നോക്കികണ്ടറിഞ്ഞശേഷം, സല്‍ഭാഗ്യവാന്‍മാര്‍ അവരുടെ വിശ്വാസത്തിന്‍റെയും, കര്‍മ്മത്തിന്‍റെയും നിലപാടനുസരിച്ചുള്ള വേഗതയില്‍, അവിടെനിന്നു രക്ഷപ്പെട്ടു സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നു. മിന്നല്‍ വേഗത്തില്‍, വായുവേഗത്തില്‍, പക്ഷികളുടെ വേഗതയില്‍, കുതിരയുടെ വേഗതയില്‍ ഇങ്ങിനെ വിവിധ നിലയിലായിരിക്കും അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയെന്നു നബി വചനങ്ങളില്‍ വന്നിട്ടുണ്ട്. ദുര്‍ഭാഗ്യവാന്‍മാരാകട്ടെ, നരകത്തില്‍നിന്നു രക്ഷകിട്ടാതെ അതില്‍ വീണു കരിയുകയും, അവരവരുടെ അന്ധതയുടെയും, ധിക്കാരത്തിന്‍റെയും തോതനുസരിച്ചു ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

19:73
  • وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالَ ٱلَّذِينَ كَفَرُوا۟ لِلَّذِينَ ءَامَنُوٓا۟ أَىُّ ٱلْفَرِيقَيْنِ خَيْرٌ مَّقَامًا وَأَحْسَنُ نَدِيًّا ﴾٧٣﴿
  • വ്യക്തമായ തെളിവുകളായിക്കൊണ്ടു നമ്മുടെ ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, അവിശ്വസിച്ചവര്‍ വിശ്വസിച്ചവരോടു പറയുന്നതാണ്: 'രണ്ടില്‍ ഏതുവിഭാഗക്കാരാണു, ഏറ്റവും നല്ല സ്ഥാനമുള്ളവരും, കൂടുതല്‍ ഭംഗിയുള്ള സഭക്കാരും?!' എന്നു.
  • وَإِذَا تُتْلَىٰ ഓതികേള്‍പ്പിക്കപ്പെട്ടാല്‍, ഓതിക്കൊടുക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ലക്ഷ്യങ്ങള്‍ بَيِّنَاتٍ വ്യക്തമായ തെളിവുകളായിക്കൊണ്ട് قَالَ പറയുന്നതാണ് الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلَّذِينَ آمَنُوا വിശ്വസിച്ചവരോട് أَيُّ الْفَرِيقَيْنِ രണ്ടുവിഭാഗത്തില്‍ ഏതാണു, രണ്ടില്‍ ഏതു സംഘമാണ് خَيْرٌ നല്ലതു, കൂടുതല്‍ നല്ലതു مَّقَامًا സ്ഥാനത്തില്‍ وَأَحْسَنُ കൂടുതല്‍ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും نَدِيًّا സഭ, യോഗം, സഭയില്‍
19:74
  • وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَحْسَنُ أَثَـٰثًا وَرِءْيًا ﴾٧٤﴿
  • എത്ര തലമുറകളെയാണ്‌ ഇവരുടെമുമ്പ് നാം നശിപ്പിച്ചുകളഞ്ഞിട്ടുള്ളതു! അവരാകട്ടെ, സാധനസാമഗ്രികളിലും, കാണ്മാനും (ഇവരെക്കാള്‍) മെച്ചപ്പെട്ടവരുമായിരുന്നു.
  • وَكَمْ എത്ര, എത്രയോ أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم അവരുടെ മുമ്പ് مِّن قَرْنٍ തലമുറകളെ, തലമുറയില്‍നിന്നു هُمْ അവര്‍ أَحْسَنُ നല്ലവര്‍, മെച്ചപ്പെട്ടവരാണ് أَثَاثًا സാധനസാമഗ്രികള്‍, ഉപകരണങ്ങള്‍ وَرِئْيًا കാണ്മാനും, കാഴ്ചയിലും

ഭൗതികമായ സ്വാധീനശക്തിയോ, സുഖസൗകര്യങ്ങളോ രൂപലാവണ്യങ്ങളോ ഒന്നും തന്നെ നമ്മുടെ ശിക്ഷണ നടപടിയില്‍ നിന്നു അവരെ രക്ഷപ്പെടുത്തുവാന്‍ പര്യാപ്തമായില്ല, എന്നു സാരം.

19:75
  • قُلْ مَن كَانَ فِى ٱلضَّلَـٰلَةِ فَلْيَمْدُدْ لَهُ ٱلرَّحْمَـٰنُ مَدًّا ۚ حَتَّىٰٓ إِذَا رَأَوْا۟ مَا يُوعَدُونَ إِمَّا ٱلْعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعْلَمُونَ مَنْ هُوَ شَرٌّ مَّكَانًا وَأَضْعَفُ جُندًا ﴾٧٥﴿
  • (നബിയേ) പറയുക: ' വല്ലവനും ദുര്‍മ്മാര്‍ഗത്തിലായിരിക്കുകയാണെങ്കില്‍, പരമകാരുണികനായുള്ളവന്‍ അവനു അയച്ചയച്ചുകൊടുത്തുകൊള്ളട്ടെ!' - അങ്ങനെ, തങ്ങള്‍ക്കു താക്കീതു നല്‍കപ്പെടുന്നതു - ഒന്നുകില്‍ ശിക്ഷ, അല്ലെങ്കില്‍ അന്ത്യസമയം - അവര്‍ കാണുമ്പോള്‍. ആരാണ് സ്ഥാനം (കൂടുതല്‍) ചീത്തയായവരെന്നും, സംഘം കൂടുതല്‍ ബലഹീനമായവരെന്നും അവര്‍ അറിഞ്ഞുകൊള്ളും!
  • قُلْ പറയുക مَن كَانَ ആരെങ്കിലും ആയെങ്കില്‍ فِي الضَّلَالَةِ ദുര്‍മ്മാര്‍ഗ്ഗത്തില്‍, വഴിപിഴവില്‍ فَلْيَمْدُدْ അയച്ചുകൊടുത്തുകൊള്ളട്ടെ لَهُ അവനു الرَّحْمَـٰنُ പരമകാരുണികന്‍ مَدًّا ഒരു അയച്ചുകൊടുക്കല്‍ (അയച്ചയച്ചു) حَتَّىٰ അങ്ങനെ (ഇതുവരെ) إِذَا رَأَوْا അവര്‍ കാണുന്നതായാല്‍, കാണുമ്പോള്‍ مَا يُوعَدُونَ അവരോടുതാക്കീതു ചെയ്യപ്പെടുന്നതു إِمَّا الْعَذَابَ ഒന്നുകില്‍ ശിക്ഷയെ وَإِمَّا السَّاعَةَ ഒന്നുകില്‍ (അല്ലെങ്കില്‍) അന്ത്യസമയത്തെ فَسَيَعْلَمُونَ അപ്പോള്‍ അവര്‍ അറിഞ്ഞുകൊള്ളും مَنْ ആരാണു, ഏതുകൂട്ടരാണു هُوَ അവര്‍ (അക്കൂട്ടര്‍) അവന്‍ شَرٌّ ചീത്തയായവര്‍, മോശപ്പെട്ടവര്‍ مَّكَانًا സ്ഥാനം, സ്ഥാനത്തില്‍ وَأَضْعَفُ കൂടുതല്‍ ദുര്‍ബ്ബലരും ശക്തി കുറഞ്ഞവരും جُندًا സംഘം, പട്ടാളം (ജനസ്വാധീനം)
19:76
  • وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهْتَدَوْا۟ هُدًى ۗ وَٱلْبَـٰقِيَـٰتُ ٱلصَّـٰلِحَـٰتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ مَّرَدًّا ﴾٧٦﴿
  • സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവനു അല്ലാഹു സന്മാര്‍ഗ്ഗം [സന്മാര്‍ഗ്ഗബോധം] വര്‍ദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകര്‍മ്മങ്ങള്‍, നിന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരിണാമഫലമുള്ളതുമാകുന്നു.
  • وَيَزِيدُ اللَّـهُ അല്ലാഹു വര്‍ദ്ധിപ്പിക്കും لَّذِينَ اهْتَدَوْا സന്മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവര്‍ക്കു, സന്മാര്‍ഗ്ഗം പ്രാപിച്ചവര്‍ക്കു هُدًى സന്മാര്‍ഗ്ഗം (സന്മാര്‍ഗ്ഗബോധം) وَالْبَاقِيَاتُ ശാശ്വത കര്‍മ്മങ്ങള്‍, നിലനില്‍ക്കുന്നവ الصَّالِحَاتُ നല്ലവ خَيْرٌ ഉത്തമമാണ്, നല്ലതാണ് عِندَ رَبِّكَ നിന്‍റെ റബ്ബിന്‍റെ അടുക്കല്‍ ثَوَابًا പ്രതിഫലം وَخَيْرٌ ഉത്തമവും, നല്ലതും مَّرَدًّا പരിണാമം, മടക്കം, പര്യവസാനം

ഹിജ്റയുടെ മുമ്പ് മദ്ധ്യദശയില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ അദ്ധ്യായം. സത്യപ്രബോധനത്തില്‍ വിശ്വസിക്കുന്നവര്‍ അന്നു ഭൗതികമായ കഴിവുകളൊന്നുമില്ലാത്ത ദുര്‍ബ്ബലരായിരുന്നു. നിഷേധകന്മാരുടെ നിലയാകട്ടെ നേരെ മറിച്ചും. ഐഹികമായ എല്ലാ സുഖസൗകര്യങ്ങളും അവര്‍ക്കുണ്ട്. നബി (സ) തിരുമേനിയും സഹാബികളും സമ്മേളിക്കുന്ന സദസ്സ് കേവലം ചെറുതാണ്. പേരും പ്രശസ്തിയുമില്ലാത്ത കുറേ സാധുക്കളാണ് അതില്‍ പങ്കുകൊണ്ടിരുന്നത്. അതേ അവസരത്തില്‍ ഖുറൈശികള്‍ ‘ദാറുന്നദ് വ’ത്തില്‍ (*) ചേരുന്ന യോഗങ്ങളാകട്ടെ, കുബേരന്മാരുടെയും, നേതാക്കളുടെയും മഹാസമ്മേളനങ്ങളുമാണ്. സാധനസാമഗ്രികളിലും, ബാഹ്യമായ ആഢംബരമോടികളിലും അവരുടെ നില ഉന്നതമായിരുന്നു.

തല്‍ഫലമായി, വിശുദ്ധഖുര്‍ആനില്‍ സത്യവിശ്വാസികള്‍ക്ക് നല്‍കപ്പെടുന്ന സന്തോഷവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അവിശ്വാസികള്‍ പരിഹസിക്കുകയും, അഹങ്കാരപൂര്‍വ്വം പലതും പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ പെട്ടതാണ് മേല്‍ പ്രസ്താവിച്ച ചോദ്യങ്ങളും. ആര്‍ക്കാണ് കൂടുതല്‍ പ്രതാപവും സ്വാധീനവുമുള്ളത്? ആരുടെ സദസ്സാണ് കൂടുതല്‍ അന്തസ്സുള്ളത്? എന്നിങ്ങനെ പലതും. ഇത്തരം വാക്കുകള്‍ ഇന്നും ചില ആളുകള്‍ സദ്‌വൃത്തരായ ആളുകളെക്കുറിച്ച് പറഞ്ഞുകേള്‍ക്കാറുള്ളതാണ്. ഇങ്ങിനെയുള്ളവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതിന്‍റെ സാരം ഇതാകുന്നു: അല്ലാഹുവിന്‍റെ ഭരണചട്ടം അവര്‍ മനസ്സിലാക്കുന്നില്ല. ദുര്‍മ്മാര്‍ഗ്ഗത്തില്‍ അടിയുറച്ച് നില്‍ക്കുന്നവര്‍ക്ക് അല്ലാഹു കുറേ അയച്ചുവിട്ടുകൊടുക്കുക പതിവാകുന്നു. അതുപോലെത്തന്നെ, സന്മാര്‍ഗ്ഗചാരികളായ ആളുകള്‍ക്കു സന്മാര്‍ഗ്ഗബോധവും, അതിനുള്ള സാഹചര്യങ്ങളും അധികരിപ്പിച്ചുകൊടുക്കലും അവന്‍റെ പതിവത്രെ. ഈ നടപടിയാണ് ഇവിടെയും അവന്‍ സ്വീകരിച്ചിട്ടുള്ളത്. സല്‍ക്കര്‍മ്മ ദുഷ്ക്കര്‍മ്മങ്ങള്‍ക്ക് അപ്പപ്പോള്‍തന്നെ അവന്‍ തികഞ്ഞ പ്രതിഫലം കൊടുക്കുകയല്ല ചെയ്യുന്നത്. ഓരോന്നിന്‍റേയും പ്രതിഫലം പൂര്‍ത്തിയായും, പരിപൂര്‍ണ്ണമായും നല്‍കപ്പെടുന്നതിനു ഒരു സമയമുണ്ട്. അപ്പോള്‍ മാത്രമേ ഓരോ വിഭാഗക്കാര്‍ക്കും അവരുടെ യഥാര്‍ത്ഥവും, സ്ഥിരവുമായ നിലപാടുകള്‍ ഇന്നതാണെന്ന് ശരിക്ക് വെളിപ്പെടുകയുള്ളു. അതുകൊണ്ട് തല്‍ക്കാലത്തെ സുഖസൗകര്യങ്ങളും, സ്വാധീനശക്തികളും കണ്ടു അവര്‍ വഞ്ചിതരാകേണ്ടതില്ല.

ബുഖാരി, മുസ്‌ലിം (റ) മുതലായ ഹദീസു പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയ ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ഒരു പ്രധാന സഹാബിയായ ഖബ്ബാബുബ്നുല്‍ – അറത്ത് (خباب بن الارت – رض ) പറയുകയാണ്‌: ‘എനിക്കു ആസ്വുബ്നു വാഇലി (عاس بن وائل ) ന്‍റെ പക്കല്‍ നിന്നു കുറച്ചു കടം കിട്ടുവാനുണ്ടായിരുന്നു. അത് തന്നുതീര്‍ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഞാന്‍ അയാളെ സമീപിച്ചു. അയാള്‍ ഇങ്ങിനെ പറഞ്ഞു: ഇല്ല – നീ മുഹമ്മദില്‍ അവിശ്വസിക്കാതെ ഞാന്‍ അതു തന്നുതീര്‍ക്കയില്ല.’ ഞാന്‍ പറഞ്ഞു: ‘ഇല്ല – അല്ലാഹുവാണേ! നീ മരണപ്പെടുകയും, പുനരെഴുന്നേല്‍പ്പിക്കപ്പെടുകയും ചെയ്യുക എന്നല്ലാതെ ഒരിക്കലും ഞാന്‍ മുഹമ്മദില്‍ അവിശ്വസിക്കുകയില്ല.’ അപ്പോള്‍ ആസ്വു പറഞ്ഞു: (ശരി) എന്നാല്‍ ഞാന്‍ മരണപ്പെട്ട് എഴുന്നേല്‍പ്പിക്കപ്പെടുമ്പോള്‍ നീ എന്‍റെ അടുക്കല്‍ വന്നുകൊള്ളുക; എനിക്കവിടെ സമ്പത്തും, സന്തതികളും ഉണ്ടായിരിക്കും; അപ്പോള്‍ ഞാന്‍ നിന്‍റെ കടം തന്നുതീര്‍ത്തുകൊള്ളാം’ ഈ അവസരത്തിലാണ് …….. أَفَرَأَيْتَ الَّذِي كَفَرَ എന്ന ( അടുത്ത) വചനം അവതരിച്ചത്. ആസ്വിനെ മാത്രമല്ല, പരലോകജീവിതത്തെ നിഷേധിക്കുകയും, അതിനെക്കുറിച്ചു പുച്ഛമായി സംസാരിക്കുകയും ചെയ്യുന്നവരെയെല്ലാം തന്നെ കഠിനമായി താക്കീതു ചെയ്തുകൊണ്ടു അല്ലാഹു പറയുന്നു:-


(*) ഖുറൈശികള്‍ കാര്യാലോചനകള്‍ നടത്തിയിരുന്ന ആലോചനാഹാളാണ് ദാറുന്നദ് വത്ത് (دار الندوة)

19:77
  • أَفَرَءَيْتَ ٱلَّذِى كَفَرَ بِـَٔايَـٰتِنَا وَقَالَ لَأُوتَيَنَّ مَالًا وَوَلَدًا ﴾٧٧﴿
  • എന്നാല്‍, നമ്മുടെ ലക്ഷ്യങ്ങളില്‍ അവിശ്വസിക്കുകയും, 'എനിക്കു നിശ്ചയമായും സ്വത്തും സന്താനവും നല്‍കപ്പെടു'മെന്നു പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബിയേ)?!
  • أَفَرَأَيْتَ എന്നാല്‍ നീ കണ്ടുവോ الَّذِي كَفَرَ അവിശ്വസിച്ചവനെ بِآيَاتِنَا നമ്മുടെ ലക്ഷ്യങ്ങളില്‍ وَقَالَ അവന്‍ പറയുകയും ചെയ്തു لَأُوتَيَنَّ നിശ്ചയമായും എനിക്കു നല്‍കപ്പെടും مَالًا സ്വത്തും, ധനം وَوَلَدًا സന്താനവും, മക്കളും
19:78
  • أَطَّلَعَ ٱلْغَيْبَ أَمِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا ﴾٧٨﴿
  • അവന്‍ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല ഉടമ്പടിയും ഉണ്ടാക്കിവെച്ചിട്ടുണ്ടോ?!
  • أَطَّلَعَ അവന്‍ നോക്കിക്കണ്ടുവോ الْغَيْبَ അദൃശ്യകാര്യം أَمِ അഥവാ, അതോ, അല്ലാത്തപക്ഷം اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു (വോ) عِندَ الرَّحْمَـٰنِ പരമകാരുണികന്‍റെ അടുക്കല്‍ عَهْدًا വല്ല ഉടമ്പടിയും
19:79
  • كَلَّا ۚ سَنَكْتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلْعَذَابِ مَدًّا ﴾٧٩﴿
  • അങ്ങിനെയില്ല;- അവന്‍ പറയുന്നതു നാം രേഖപ്പെടുത്തുന്നതാകുന്നു; അവനു നാം ശിക്ഷ കൂട്ടിക്കൂട്ടികൊടുക്കുകയും ചെയ്യും.
  • كَلَّا അങ്ങിനെയില്ല سَنَكْتُبُ നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ് مَا يَقُولُ അവന്‍ പറയുന്നത് وَنَمُدُّ لَهُ അവനു നാം കൂട്ടി (വര്‍ദ്ധിപ്പിച്ചു, നീട്ടി) കൊടുക്കുകയും ചെയ്യും مِنَ الْعَذَابِ ശിക്ഷയില്‍നിന്നു مَدًّا ഒരു കൂട്ടല്‍, നീട്ടല്‍, വര്‍ദ്ധിപ്പിക്കല്‍
19:80
  • وَنَرِثُهُۥ مَا يَقُولُ وَيَأْتِينَا فَرْدًا ﴾٨٠﴿
  • അവന്‍ (ആ) പറയുന്നതു [സ്വത്തും സന്താനവും] അവനോടു നാം അവകാശമെടുക്കുകയും, അവന്‍ നമ്മുടെ അടുക്കല്‍ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു.
  • وَنَرِثُهُ നാം അവനോട് അവകാശമെടുക്കുകയും ചെയ്യും مَا يَقُولُ അവന്‍ പറയുന്നത് وَيَأْتِينَا അവന്‍ നമ്മുടെ അടുക്കല്‍ വരുകയും ചെയ്യും فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി

അവന്‍റെ സന്താനമോ, സമ്പത്തോ ഒന്നും തന്നെ അവിടെ- പരലോകത്തു- ഉപകരിക്കുകയില്ല. അവന്‍ നിസ്സഹായനായിട്ടാണ് അല്ലാഹുവിന്‍റെ മുമ്പില്‍ വരുക. അവിടെ അവനു ലഭിക്കുവാനുള്ളതു വമ്പിച്ച ശിക്ഷ മാത്രമായിരിക്കും എന്നു സാരം. മനുഷ്യന്‍ താല്‍ക്കാലിക സുഖലഹരിയില്‍ മദോന്മത്തനായിക്കൊണ്ടിരിക്കുമ്പോള്‍ അതെല്ലാം തനിക്കു സ്വായത്തവും, സ്ഥിരാവകാശാവുമാണെന്നു ധരിച്ചുപോകുന്നു. അവന്‍റെ ജീവിതവും, അതില്‍ നടമാടിക്കൊണ്ടിരിക്കുന്ന നവംനവങ്ങളായ മാറ്റങ്ങളും, അവയുടെ അനന്തരസംഭവങ്ങളും ഒന്നുംതന്നെ അവന്‍റെ അധീനത്തിലല്ല സ്ഥിതിചെയ്യുന്നത്. ഈ പരമാര്‍ത്ഥത്തെ അവന്‍ വിസ്മരിച്ചുകളയുന്നു.അദൃശ്യവൃത്താന്തങ്ങള്‍ കണ്ടറിയുകയോ അല്ലാഹുവില്‍ നിന്നു യാതൊരു കരാറും എഴുതിവാങ്ങുകയോ ചെയ്തിട്ടില്ലാത്ത അവന്‍ എങ്ങിനെയാണതിനു ധൈര്യപ്പെടുന്നതെന്നത്രെ അല്ലാഹു ചോദിക്കുന്നത്. നിമിഷനേരം കൊണ്ടു കൊട്ടാരത്തില്‍ നിന്നു കുടിലിലേക്കും, സ്വന്തം മണിമാളികയില്‍ നിന്നു അന്യന്‍റെ കോലായയിലേക്കും നീങ്ങുവാന്‍ ഇടവന്നേക്കാമെന്നു അവന്‍ ഓര്‍ക്കാത്തതു ആശ്ചര്യം തന്നെ.

പരലോകനിഷേധികളെക്കുറിച്ചു പലതും വിവരിച്ചശേഷം, തങ്ങളുടെ വിഗ്രഹാദിദൈവങ്ങളുടെ ശുപാര്‍ശ മൂലം തങ്ങള്‍ക്കു രക്ഷ കിട്ടിയേക്കുമെന്നു ധരിച്ചുവരുന്ന ബഹുദൈവവിശ്വാസികളെക്കുറിച്ചു പ്രസ്താവിക്കുന്നു:

19:81
  • وَٱتَّخَذُوا۟ مِن دُونِ ٱللَّهِ ءَالِهَةً لِّيَكُونُوا۟ لَهُمْ عِزًّا ﴾٨١﴿
  • തങ്ങള്‍ക്കു സഹായശക്തി ആയിത്തീരുവാന്‍വേണ്ടി അവര്‍ [അവിശ്വാസികള്‍] അല്ലാഹുവിനു പുറമെ (മറ്റു) ചില ആരാധ്യന്‍മാരെ സ്വീകരിച്ചിരിക്കുകയാണ്.
  • وَاتَّخَذُوا അവര്‍ സ്വീകരിച്ചു, ഉണ്ടാക്കി مِن دُونِ اللَّـهِ അല്ലാഹുവിനുപുറമെ آلِهَةً പല ദൈവങ്ങളെ لِّيَكُونُوا അവര്‍ ആയിത്തീരുവാന്‍വേണ്ടി لَهُمْ അവര്‍ക്ക്, ഇവര്‍ക്ക് عِزًّا ശക്തി, സഹായശക്തി
19:82
  • كَلَّا ۚ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا ﴾٨٢﴿
  • അങ്ങനെയല്ല; അവര്‍ ഇവരുടെ ആരാധനയെ (ത്തന്നെ) നിഷേധിക്കുകയും, ഇവര്‍ക്ക് എതിരായിത്തീരുകയും ചെയ്യുന്നതാണ്.
  • كَلَّا അങ്ങിനെയല്ല سَيَكْفُرُونَ അവര്‍ നിഷേധിക്കും بِعِبَادَتِهِمْ അവരുടെ ആരാധനയെ وَيَكُونُونَ അവര്‍ ആയിത്തീരുകയും ചെയ്യും عَلَيْهِمْ അവര്‍ക്ക്, ഇവര്‍ക്ക് ضِدًّا എതിര്‍, എതിരില്‍

പരദൈവങ്ങളെ സ്വീകരിക്കുന്നതിനു മുശ്രിക്കുകള്‍ ന്യായം പറഞ്ഞിരുന്നതു, അവര്‍ തങ്ങള്‍ക്കു അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യുമെന്നായിരുന്നു. എന്നാല്‍, പരലോകത്തു വെച്ചു സംഭവിക്കുന്നതു നേരെ മറിച്ചായിരിക്കും. അവര്‍ തങ്ങളെ ആരാധിച്ചിരുന്നുവെന്നതു പോലും ആ ദൈവങ്ങള്‍ നിഷേധിക്കുകയും, അവര്‍ അവരുടെ വിരോധികളായിത്തീരുകയുമാണുണ്ടാകുക.

വിഭാഗം - 6

19:83
  • أَلَمْ تَرَ أَنَّآ أَرْسَلْنَا ٱلشَّيَـٰطِينَ عَلَى ٱلْكَـٰفِرِينَ تَؤُزُّهُمْ أَزًّا ﴾٨٣﴿
  • (നബിയേ) നീ കാണുന്നില്ലേ - അവിശ്വാസികളില്‍ - അവരെ ഇളക്കിഇളക്കി വിട്ടുകൊണ്ടിരിക്കുന്ന നിലയില്‍ - പിശാചുക്കളെ നാം അയച്ചിരിക്കുന്നത്?!
  • أَلَمْ تَرَ നീ കണ്ടില്ലേ, കാണുന്നില്ലേ أَنَّا أَرْسَلْنَا നാം അയച്ചിട്ടുണ്ടെന്നു الشَّيَاطِينَ പിശാചുക്കളെ عَلَى الْكَافِرِينَ അവിശ്വാസികളില്‍ تَؤُزُّهُمْ അവരെ ഇളക്കിക്കൊണ്ടു أَزًّا ഒരു ഇളക്കിവിടല്‍
19:84
  • فَلَا تَعْجَلْ عَلَيْهِمْ ۖ إِنَّمَا نَعُدُّ لَهُمْ عَدًّا ﴾٨٤﴿
  • അതിനാല്‍, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവര്‍ക്കു (സമയമാകുന്നതു) നാം എണ്ണി എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.
  • فَلَا تَعْجَلْ ആകയാല്‍ നീ ധൃതിപ്പെടരുത് عَلَيْهِمْ അവരെപ്പറ്റി إِنَّمَا نَعُدُّ നാം എണ്ണിക്കൊണ്ടിരിക്കുക മാത്രമാണ് لَهُمْ അവര്‍ക്കു عَدًّا ഒരു എണ്ണല്‍

അവിശ്വാസികള്‍ക്കു അവരുടെ ഹിതമനുസരിച്ചു കൂത്താടി നടക്കുവാനും, സത്യത്തിന്‍റെ നേരെ കണ്ണടച്ചു പരിഹാസം കൊള്ളുവാനും അവരെ പ്രേരിപ്പിച്ചുവിടുന്ന ഒരു തരം പിശാചുക്കളെ അല്ലാഹു അയച്ചുവിട്ടിരിക്കുകയാണ്.  യഥേഷ്ടം പ്രവര്‍ത്തിക്കുന്നതില്‍നിന്നു തല്‍ക്കാലം അല്ലാഹു അവരെ തടയുന്നില്ല. അവരുടെ ധിക്കാരത്തിന്‍റെ പ്രതിഫലം നല്‍കുന്ന സമയം വിദൂരമൊന്നുമല്ല. ഓരോ നാഴികയും, ഓരോ വിനാഴികയും അതിലേക്കുള്ള സമീപനമത്രെ. അധികം താമസിയാതെ അതിന്‍റെ എണ്ണം പൂര്‍ത്തിയാകുന്നതാണ്. പൗരസ്ത്യ മഹാകവിയായ ശൗഖീബേഗ് (شوقي بك) പറഞ്ഞതെത്ര വാസ്തവം! – دقات قلب المرء قائلة له ، ان الحياة دقائق و ثوانى (മനുഷ്യന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകള്‍ അവനോടു പറഞ്ഞുകൊണ്ടിരിക്കുകയാണ്: ജീവിതമെന്നാല്‍, മിനിട്ടുകളും സെക്കന്‍റുകളുമാകുന്നു.) അങ്ങനെ, ആ സമയം ഇതാ എത്താറായി. എത്തിക്കഴിഞ്ഞാല്‍ ഓരോന്നിന്‍റെയും, ഓരോരുത്തരുടേയും പ്രതിഫലങ്ങള്‍ ശരിക്കും, കൃത്യമായും, നല്‍കപ്പെടും – സംശയിക്കേണ്ടതില്ല. ബന്ധപ്പെടേണ്ടതുമില്ല. എല്ലാ ഓരോ കാര്യത്തിന്‍റേയും പ്രതിഫലം പരലോകത്തുവെച്ച് മാത്രമാണ് ലഭിക്കുകയെന്നും, ഇവിടെവെച്ച് ഏതു പ്രവൃത്തിക്കും ഫലം പ്രത്യക്ഷപ്പെടുകയില്ല എന്നും ധരിക്കുന്നതു ശരിയല്ല. പരലോകത്തേക്കു നീട്ടിവെക്കുന്ന ഭാഗവും, ഇവിടെവച്ചു തന്നെ അനുഭവപ്പെടുന്ന ഭാഗവും അതിലുണ്ടായിരിക്കും. നോക്കുക: അതാ ആ മുശ്രിക്കുകളുടെ ധിക്കാരഫലം അവര്‍ അനുഭവിക്കാന്‍ എത്ര കാലം കഴിയേണ്ടി വന്നു?! സൂറത്തു മര്‍യം അവതരിച്ച് കവിഞ്ഞ പക്ഷം പത്തുകൊല്ലം മാത്രം! അവരുടെ ധിക്കാരത്തിന്‍റെ ഭരണവും, ഭരണകൂടവും അവിടെ നിന്നു തുടച്ചുനീക്കപ്പെട്ടു. ഇസ്‌ലാമിന്‍റെ വിജയം പ്രത്യക്ഷപ്പെടുകയും ചെയ്തു. അതുപോലെ എത്രയോ ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.

19:85
  • يَوْمَ نَحْشُرُ ٱلْمُتَّقِينَ إِلَى ٱلرَّحْمَـٰنِ وَفْدًا ﴾٨٥﴿
  • ഭയഭക്തന്മാരെ പരമകാരുണികനായുള്ളവന്‍റെ അടുക്കലേക്കു അതിഥികളെന്ന നിലയില്‍ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം;
  • يَوْمَ نَحْشُرُ നാം ഒരുമിച്ചുകൂട്ടുന്ന ദിവസം الْمُتَّقِينَ ഭയഭക്തന്‍മാരെ, സൂക്ഷിക്കുന്നവരെ إِلَى الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ)അടുക്കലേക്ക് وَفْدًا അതിഥികളെന്ന നിലയില്‍, നിവേദകസംഘമായി
19:86
  • وَنَسُوقُ ٱلْمُجْرِمِينَ إِلَىٰ جَهَنَّمَ وِرْدًا ﴾٨٦﴿
  • കുറ്റവാളികളെ ദാഹിച്ചവരായികൊണ്ടു നരകത്തിലേക്കു നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).-
  • وَنَسُوقُ നാം തെളിക്കുകയും ചെയ്യുന്ന الْمُجْرِمِينَ കുറ്റവാളികളെ إِلَىٰ جَهَنَّمَ നരകത്തിലേക്കു وِرْدًا ദാഹിച്ചവരായി
19:87
  • لَّا يَمْلِكُونَ ٱلشَّفَـٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحْمَـٰنِ عَهْدًا ﴾٨٧﴿
  • (അന്ന്) പരമകാരുണികനായുള്ളവന്‍റെ അടുക്കല്‍ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാര്‍ശക്കു അധികാരമുണ്ടായിരിക്കുന്നതല്ല.
  • لَّا يَمْلِكُونَ അവര്‍ക്കു അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല الشَّفَاعَةَ ശുപാര്‍ശക്കു إِلَّا مَنِ ഒരുവനൊഴികെ اتَّخَذَ അവന്‍ ഉണ്ടാക്കിവെച്ചു, ഏര്‍പ്പെടുത്തി عِندَ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَهْدًا കരാറു, ഉടമ്പടി

സജ്ജനങ്ങളായ ഭയഭക്തന്‍മാരെ അതിഥികളെപ്പോലെ ആദരിച്ചും, നിവേദകസംഘത്തെപ്പോലെ ബഹുമാനിച്ചും കൊണ്ടായിരിക്കും ഖിയാമത്തുനാളില്‍ ഒരുമിച്ചുകൂട്ടുക. ദുര്‍ജ്ജനങ്ങളാകുന്ന കുറ്റവാളികളെ ദാഹിച്ചു വലഞ്ഞ മൃഗങ്ങളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുമത്രെ കൊണ്ടുവരപ്പെടുക. സജ്ജനങ്ങള്‍, പരമകാരുണികനായ അല്ലാഹു അവന്‍റെ അനുഗ്രഹത്താല്‍ ഒരുക്കിവെച്ചിട്ടുള്ള സ്വര്‍ഗ്ഗത്തിലേക്ക് നയിക്കപ്പെടും. ദുര്‍ജ്ജനങ്ങള്‍, അവരുടെ ഫലം അനുഭവിക്കേണ്ടതിനായി നരകത്തിലേക്ക് വലിച്ചിഴക്കപ്പെടുകയും ചെയ്യും. സത്യവിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും വഴി അല്ലാഹുവിങ്കല്‍ നല്ല നില സമ്പാദിച്ചവര്‍ക്കുമാത്രമേ അവിടെ ശുപാര്‍ശയുടെ പ്രശ്നമുള്ളു. ശുപാര്‍ശചെയ്‌വാനും, ശുപാര്‍ശ അനുഭവിക്കുവാനുമുള്ള അനുവാദം അവര്‍ക്കു മാത്രമേ നല്‍കപ്പെടുകയുമുള്ളു. സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചവര്‍ക്കു വാഗ്ദാനം ചെയ്യപ്പെട്ട സല്‍ഫലങ്ങള്‍ ലഭിക്കുവാന്‍ അര്‍ഹരായിത്തീര്‍ന്നവരെപ്പറ്റിയാണ്‌ ‘അല്ലാഹുവിങ്കല്‍ കരാറുണ്ടാക്കിവെച്ചവര്‍’ എന്നു പറഞ്ഞത്.

19:88
  • وَقَالُوا۟ ٱتَّخَذَ ٱلرَّحْمَـٰنُ وَلَدًا ﴾٨٨﴿
  • അവര്‍ പറയുന്നു: 'പരമകാരുണികനായുള്ളവന്‍ [അല്ലാഹു] സന്താനം സ്വീകരിച്ചിരിക്കുന്നു' എന്നു!
  • وَقَالُوا അവര്‍ പറയുന്നു اتَّخَذَ ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു الرَّحْمَـٰنُ പരമകാരുണികന്‍ وَلَدًا സന്താനം, മക്കള്‍
19:89
  • لَّقَدْ جِئْتُمْ شَيْـًٔا إِدًّا ﴾٨٩﴿
  • (ഹേ, ഇതു പറയുന്നവരെ!) തീര്‍ച്ചയായും നിങ്ങള്‍ ഘോരമായ ഒരു കാര്യം ചെയ്തിരിക്കയാണു!-
  • لَّقَدْ جِئْتُمْ തീര്‍ച്ചയായും നിങ്ങള്‍ ചെയ്തു, വരുത്തി شَيْئًا ഒരു കാര്യം إِدًّا ഘോരമായ, നികൃഷ്ടമായ, വമ്പിച്ച
19:90
  • تَكَادُ ٱلسَّمَـٰوَٰتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ ٱلْأَرْضُ وَتَخِرُّ ٱلْجِبَالُ هَدًّا ﴾٩٠﴿
  • അതുനിമിത്തം, ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകള്‍ (പൊട്ടിത്തകര്‍ന്നു)വീഴുകയും ചെയ്യാറാകുന്നു.
  • تَكَادُ ആവാറാകുന്നു السَّمَاوَاتُ ആകാശങ്ങള്‍ يَتَفَطَّرْنَ പൊട്ടിപ്പിളരുവാന്‍ مِنْهُ അതുനിമിത്തം وَتَنشَقُّ (വീണ്ടും) പിളരുവനും الْأَرْضُ ഭൂമി وَتَخِرُّ വീണു (തകര്‍ന്നു) പോവാനും الْجِبَالُ മലകള്‍ هَدًّا തകര്‍ന്നു, ഇടിഞ്ഞു, പൊളിഞ്ഞു
19:91
  • أَن دَعَوْا۟ لِلرَّحْمَـٰنِ وَلَدًا ﴾٩١﴿
  • (അതെ) പരമകാരുണികനായുള്ളവനു സന്താനം (ഉണ്ടെന്നു) അവര്‍ വാദിച്ചതിനാല്‍! [അത്രയും ഗൗരവമേറിയതത്രെ, ആ വാദം.]
  • أَن دَعَوْا അവര്‍ വാദിച്ചതിനാല്‍ لِلرَّحْمَـٰنِ പരമകാരുണികനു وَلَدًا സന്താനം (ഉണ്ടെന്നു) മക്കളെ
19:92
  • وَمَا يَنۢبَغِى لِلرَّحْمَـٰنِ أَن يَتَّخِذَ وَلَدًا ﴾٩٢﴿
  • സന്താനത്തെ സ്വീകരിക്കുക എന്നതു പരമകാരുണികനായുള്ളവനു യുക്തമായിരിക്കയില്ല.
  • وَمَا يَنبَغِي യോജിക്കുകയില്ല, യുക്തമാവുകയില്ല,ചേരുകയില്ല لِلرَّحْمَـٰنِ പരമകാരുണികനു أَن يَتَّخِذَ അവന്‍ സ്വീകരിക്കുന്നത് وَلَدًا സന്താനത്തെ
19:93
  • إِن كُلُّ مَن فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ إِلَّآ ءَاتِى ٱلرَّحْمَـٰنِ عَبْدًا ﴾٩٣﴿
  • ആകാശങ്ങളിലും, ഭൂമിയിലും ഉള്ളവരെല്ലാം (ഓരോരുത്തനും) പരമകാരുണികന്‍റെ അടുക്കല്‍ അടിയാനായിവരുന്നവരല്ലാതെയില്ല.
  • إِن كُلُّ എല്ലാവരും (ഓരോരുത്തനും) അല്ല مَن فِي السَّمَاوَاتِ ആകാശങ്ങളിലുളവര്‍ وَالْأَرْضِ ഭൂമിയിലും إِلَّا آتِي വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ الرَّحْمَـٰنِ റഹ്മാന്‍റെ അടുക്കല്‍ عَبْدًا അടിയാനായി, അടിമയായി
19:94
  • لَّقَدْ أَحْصَىٰهُمْ وَعَدَّهُمْ عَدًّا ﴾٩٤﴿
  • തീര്‍ച്ചയായും, അവരെ (മുഴുവനും) അവന്‍ ക്ലിപ്തമായി അറിയുകയും. (ശരിക്കു)എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു.
  • لَّقَدْ തീര്‍ച്ചയായും أَحْصَاهُمْ അവന്‍ അവരെ ക്ലിപ്തമായി അറിയുന്നതാണ് وَعَدَّهُمْ അവരെ എണ്ണുക (കണക്കാക്കുക)യും ചെയ്തിരിക്കുന്നു عَدًّا ഒരു (ശരിയായ) എണ്ണല്‍
19:95
  • وَكُلُّهُمْ ءَاتِيهِ يَوْمَ ٱلْقِيَـٰمَةِ فَرْدًا ﴾٩٥﴿
  • അവരില്‍ ഓരോരുത്തനും 'ഖിയാമത്തു' നാളില്‍ ഒറ്റപ്പെട്ടവനായി അവന്‍റെ അടുക്കല്‍ വരുന്നവരത്രെ.
  • وَكُلُّهُمْ അവരെല്ലാവരും آتِيهِ അവന്‍റെ അടുക്കല്‍ വരുന്നതാണ് يَوْمَ الْقِيَامَةِ ഖിയാമത്തുനാളില്‍ فَرْدًا ഒറ്റയായി, ഒറ്റപ്പെട്ടവനായി

സൃഷ്ടികളുടെ എണ്ണം, വണ്ണം സ്വഭാവം, പ്രവൃത്തി, വാക്കു, ശ്വാസം, പര്യവസാനം എന്നുവേണ്ട ചെറുതും വലുതുമായ സര്‍വ്വകാര്യങ്ങളും – സ്ഥലകാലവ്യത്യാസമില്ലാതെ – അല്ലാഹു അറിയുന്നു. ഓരോരുത്തനും, ഏകനും നിസ്സഹായനുമായിട്ടത്രെ ഖിയാമത്തുനാളില്‍ അവന്‍റെ മുമ്പാകെ വരുന്നത്. അവന്‍റെ രക്ഷയും തുണയുമല്ലാതെ അവിടെ ആര്‍ക്കും യാതൊരു അവലംബവും ഇല്ലതന്നെ. അവന്‍റെ പ്രീതിയും, രക്ഷയും ലഭിക്കുവാനുള്ള ഏക മാര്‍ഗ്ഗം അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു:-

19:96
  • إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ سَيَجْعَلُ لَهُمُ ٱلرَّحْمَـٰنُ وُدًّا ﴾٩٦﴿
  • നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവര്‍ക്കു പരമകാരുണികനായുള്ളവന്‍ സ്നേഹം ഏര്‍പ്പെടുത്തിക്കൊടുക്കുന്നതാണ്.
  • إِنَّ الَّذِينَ നിശ്ചയമായും യാതൊരു കൂട്ടര്‍ آمَنُوا അവര്‍ വിശ്വസിച്ചു وَعَمِلُوا അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങളെ سَيَجْعَلُ ഉണ്ടാക്കികൊടുക്കും, ഏര്‍പ്പെടുത്തികൊടുക്കും لَهُمُ അവര്‍ക്കു الرَّحْمَـٰنُ പരമകാരുണികന്‍ وُدًّا സ്നേഹം , താൽപര്യം

അതായതു: അല്ലാഹുവിന്‍റെയും, മലക്കുകളുടെയും, ഭൂമിയിലുള്ളവരുടെയുമെല്ലാം സ്നേഹം അവര്‍ക്കു ലഭിക്കുന്നതാകുന്നു. നബി (സ) ഇപ്രകാരം അരുളിചെയ്തതായി ബുഖാരി, മുസ്‌ലിം, തിര്‍മദി (റ) മുതലായവര്‍ നിവേദനം ചെയ്യുന്നു.

 وعنه عن النبي، صلى الله عليه وسلم، قال‏:‏ ‏”‏إذا أحب الله العبد نادى جبريل‏:‏ إن الله تعالى يحب فلانًا، فأحببه، فيحبه جبريل، فينادي في أهل السماء‏:‏ إن الله يحب فلانًا، فأحبوه، فيحبه أهل السماء، ثم يوضع له القبول في الأرض‏”‏ ‏(‏‏(‏متفق عليه‏)‏‏)

وفي رواية لمسلم ‏:‏ قال رسول الله صلى الله عليه وسلم‏:‏ ‏”‏إن الله تعالى إذا أحب عبدًا دعا جبريل، فقال ‏:‏ إني أحب فلانًا فأحببه، فيحبه جبريل، ثم ينادي في السماء، فيقول‏:‏ إن الله يحب فلانًا، فأحبوه فيحبه أهل السماء، ثم يوضع له القبول في الأرض، وإذا أبغض عبدًا دعا جبريل فيقول‏:‏ إني أبغض فلانًا، فأبغضه، فيبغضه جبريل، ثم ينادي في أهل السماء، إن الله يبغض فلانًا، فأبغضوه، ثم توضع له البغضاء في الأرض‏”‏‏.‏

 

സാരം: ‘അല്ലാഹു ഒരു അടിയാനെ സ്നേഹിക്കുന്നപക്ഷം ജിബ്രീലിനോടു അവന്‍ പറയും: ‘ഇന്ന ആളെ ഞാന്‍ സ്നേഹിക്കുന്നുണ്ട്, അതിനാല്‍ നീയും അവനെ സ്നേഹിക്കുക’ എന്നു. അങ്ങനെ, അതു ആകാശത്തില്‍ വിളിച്ചു പറയപ്പെടും. പിന്നീടു അവനു ഭൂമിയിലും സ്നേഹമുണ്ടായിത്തീരുന്നു. അതാണു അല്ലാഹു ഈ (96-ാം) വചനത്തില്‍ പറയുന്നത്. തിരുമേനി ഈ വചനം ഓതുകയും ചെയ്തു.

19:97
  • فَإِنَّمَا يَسَّرْنَـٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلْمُتَّقِينَ وَتُنذِرَ بِهِۦ قَوْمًا لُّدًّا ﴾٩٧﴿
  • എന്നാല്‍, ഇതു[ഖുര്‍ആന്‍] നാം നിന്‍റെ ഭാഷയില്‍ (അവതരിപ്പിച്ച്) എളുപ്പമാക്കിത്തന്നിരിക്കുന്നതു, ഭയഭക്തന്‍മാര്‍ക്കു ഇതുകൊണ്ട് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും, കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീതുചെയ്യുവാനും വേണ്ടിത്തന്നെയാണ്.
  • فَإِنَّمَا يَسَّرْنَاهُ എന്നാല്‍ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടുത്തിയിരിക്കുന്നു بِلِسَانِكَ നിന്‍റെ ഭാഷയില്‍ لِتُبَشِّرَ നീ സന്തോഷവാര്‍ത്ത അറിയിക്കുവാന്‍ (തന്നെ) بِهِ അതുകൊണ്ടു, അതു മൂലം الْمُتَّقِينَ ഭയഭക്തന്‍മാര്‍ക്ക് وَتُنذِرَ നീ താക്കീതു നല്‍കുവാനും മുന്നറിയിപ്പ് നല്‍കുവാനും (തന്നെ), بِهِ അതുകൊണ്ട് قَوْمًا ഒരു ജനതക്കു لُّدًّا കുതര്‍ക്കികളായ
19:98
  • وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًۢا ﴾٩٨﴿
  • എത്രയോ തലമുറകളെ ഇവര്‍ക്കു മുമ്പു നാം നശിപ്പിച്ചുകളഞ്ഞിരിക്കുന്നു!
    അവരില്‍നിന്നു ഒരാളെയെങ്കിലും നീ കാണുന്നുണ്ടോ? അല്ലെങ്കില്‍, അവരുടേതായ വല്ല ലഘുശബ്ദവും നീ കേള്‍ക്കുന്നുണ്ടോ?!
  • وَكَمْ എത്രയോ. എത്ര أَهْلَكْنَا നാം നശിപ്പിച്ചിരിക്കുന്നു قَبْلَهُم ഇവരുടെ മുമ്പ് مِّن قَرْنٍ തലമുറകളില്‍ നിന്നു, തലമുറകളായി هَلْ تُحِسُّ നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ مِنْهُم അവരില്‍ നിന്നു مِّنْ أَحَدٍ ഒരാളെയെങ്കിലും (ആരെയെങ്കിലും) أَوْ تَسْمَعُ അല്ലെങ്കില്‍ നീ കേള്‍ക്കുന്നുണ്ടോ لَهُمْ അവരുടെ, അവര്‍ക്കു رِكْزًا ലഘുശബ്ദം (വല്ല നേരിയ ശബ്ദവും)

ഇല്ല, ഒന്നുമില്ല. ഇങ്ങിനി മടങ്ങിവരാത്തവണ്ണം അവരെല്ലാം നാമാവശേഷമായിപ്പോയി! ഈ നിയമം ഇവര്‍ക്കും- നിലവിലുള്ള അവിശ്വാസികള്‍ക്കും – ബാധകമാണെന്നു ഇവര്‍ ഓര്‍ത്തുകൊള്ളട്ടെ എന്നു സാരം. ‘നിന്‍റെ ഭാഷയില്‍’ (بِلِسَانِكَ) എന്നു പറഞ്ഞതിന്‍റെ ഉദ്ദേശ്യം അറബിഭാഷയില്‍ എന്നാണെന്നു വ്യക്തമാണ്. ഖുര്‍ആന്‍ അറബി ഭാഷയില്‍ അവതരിപ്പിക്കുവാനുള്ള കാരണം അടുത്ത സൂറത്ത് 113-ാം വചനത്തിന്‍റെ വിവരണത്തില്‍ വെച്ചു നമുക്കുവായിക്കാം. اِن شاء الله

ഈ സൂറത്തിന്‍റെ ആദ്യവചനങ്ങളില്‍ പ്രതിപാദിച്ച വിഷയങ്ങളില്‍ ചിലതു അവസാന വചനങ്ങളിലും ആവര്‍ത്തിക്കപ്പെട്ടുകാണാം. അതായതു: ഈസാ(അ) നെ ക്കുറിച്ചു ക്രിസ്ത്യാനികള്‍ക്കുള്ള പിഴച്ച വിശ്വാസം 35, 36 വചനങ്ങളില്‍ അല്ലാഹു പറഞ്ഞു. അന്ത്യദിനത്തില്‍ ജനങ്ങള്‍ രണ്ടുതരക്കാരായിരിക്കുമെന്നും, ഒന്ന് ‘മുത്തഖീ’കളും മറ്റൊന്നു ‘മുജ് രിമു’കളും ആണെന്നും, അഥവാ ദോഷബാധയെ സൂക്ഷിച്ചു നടക്കുന്ന ഭയഭക്തന്മാരും, സത്യത്തെ ധിക്കരിച്ചു നടക്കുന്ന കുറ്റവാളികളും, ഒന്നാമത്തെ വിഭാഗത്തിനു മോക്ഷവും, രണ്ടാമത്തെ വിഭാഗത്തിനു ശിക്ഷയുമാണ്‌ അനുഭവപ്പെടുക എന്നും പ്രസ്താവിച്ചു. ഈ ലോകത്തുള്ളതുപോലെ, ശുപാര്‍ശകൊണ്ടു രക്ഷ നേടുവാന്‍ അവിടെ ഒരു നിവര്‍ത്തിയുമില്ലെന്നും വ്യക്തമാക്കി. എന്നിരിക്കെ, ഈസാ(അ) നെ മനുഷ്യപാപങ്ങള്‍ക്കെല്ലാം പ്രായശ്ചിത്തമായി സങ്കല്‍പ്പിക്കുന്നതിലും, അദ്ദേഹത്തിന്‍റെ ശുപാര്‍ശ കൊണ്ടു മോക്ഷം നേടാമെന്നു വിചാരിക്കുന്നതിലും അര്‍ത്ഥമില്ലല്ലോ.

തുടര്‍ന്നുകൊണ്ടു: ഈസാ (അ) നബിയോ മറ്റാരെങ്കിലുമോ ദൈവപുത്രനാണെന്ന വാദത്തിന്‍റെ കഴമ്പില്ലായ്മ ചൂണ്ടിക്കാട്ടുന്നു. ആകാശഭൂമികളെയും, മറ്റെല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന കര്‍ത്താവിനു ഒരു പുത്രന്‍റെ ആവശ്യം നേരിട്ടുവെന്നു ധരിക്കുന്നതില്‍പരം വിഡ്ഢിത്തം മറ്റെന്താണ്?! ഈ അന്ധവിശ്വാസത്തെ അടിയോടെ ഖണ്ഡിക്കുന്ന തത്വം ഒരൊറ്റ വാചകത്തില്‍ അല്ലാഹു വിവരിക്കുന്നു. യാതൊരു സംശയത്തിനും വകയില്ലാത്ത ആ വാക്യം സ്വയം വ്യക്തമാണ്. ഹൃദയത്തെ ആകര്‍ഷിക്കുന്ന ഒരു ഖണ്ഡിതതത്വം! ഹൃദയത്തെ തട്ടിയുണര്‍ത്തുന്ന ശൈലിയും! إِن كُلُّ مَن فِي السَّمَاوَاتِ وَالْأَرْضِ إِلَّا آتِي الرَّحْمَـٰنِ عَبْدًا അതെ, സൃഷ്ടിലോകത്തുള്ള ഏതൊരുവനും – ഈസാ (അ)യാകട്ടെ, മറ്റാരെങ്കിലുമാകട്ടെ- സ്രഷ്ടാവിന്‍റെ സന്നിധിയില്‍ അടിമയുടെ നില മാത്രമേയുള്ളു. എന്നുവെച്ചാല്‍ : യജമാനത്വവും, ആരാധ്യതയും- അഥവാ സംരക്ഷകത്വവും ദൈവത്വവും ( الربوبية و الالوهية ) അല്ലാഹുവിനു മാത്രമാണ്. മറ്റുള്ള വസ്തുവിനെല്ലാമുള്ളത് അടിമത്തവും, ആരാധനാര്‍പ്പണവും ( العبودية و العبادة ) മാത്രം.

യേശുവിന്‍റെ ദൈവത്വത്തില്‍ വിശ്വസിക്കുന്നവരേ! ഈ യാഥാര്‍ത്ഥ്യം നിങ്ങള്‍ക്കു നിഷേധിക്കാമോ? ഇല്ലെങ്കില്‍ പിന്നെ, ഈസാ (അ) നബിക്കും അല്ലാഹുവിന്‍റെ മുമ്പില്‍ വെറും അടിമയായിരിക്കുവാനേ അര്‍ഹതയുള്ളു- ആരാധ്യനായിരിക്കുവാന്‍ അര്‍ഹതയില്ല; ദാസനായിരിക്കുവാനേ നിവൃത്തിയുള്ളൂ – യജമാനനായിരിക്കുക സാധ്യമല്ല; ദൈവികവിധിക്കു വിധേയനാകുവാനേ തരമുള്ളു- വിധികര്‍ത്താവായിരിക്കുവാന്‍ മാര്‍ഗ്ഗമില്ല. സൃഷ്ടികളെല്ലാം അവന്‍റെ അടിയാന്മാരായിരിക്കുക, ഒരാള്‍ മാത്രം അതില്‍ നിന്നു ഒഴിവായിരിക്കുക, അതു ഉണ്ടാകാവതല്ല.

96-98ല്‍, സൂറത്തിനെ ഉപസംഹരിപ്പിച്ചുകൊണ്ടുള്ള ഉപദേശമാകുന്നു. പ്രധാനമായ രണ്ടു തത്വങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്:

(1) സത്യവിശ്വാസത്തിന്‍റെയും സല്‍ക്കര്‍മ്മങ്ങളുടെയും മാര്‍ഗ്ഗം സ്വീകരിച്ചവര്‍ക്കു താമസിയാതെ അല്ലാഹു ജനഹൃദയങ്ങള്‍ തുറന്നുകൊടുക്കുന്നതും, അങ്ങിനെ അവര്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവരായി പരിണമിക്കുന്നതുമാകുന്നു. ഈ ഭാഗ്യം നേടിക്കഴിഞ്ഞവര്‍ – വ്യക്തിയാകട്ടെ, ജനതയാകട്ടെ – ഭൂമുഖത്തു നേതൃത്വവും സ്വീകരണവും ഉള്ളവരായിരിക്കുമല്ലോ.

(2) സത്യത്തിനെതിരില്‍ അക്രമവും ധിക്കാരവും കാണിക്കുന്നവര്‍ക്ക് മുമ്പു നശിപ്പിക്കപ്പെട്ടുപോയ ജനങ്ങളുടെ അനുഭവമാണ് ഉണ്ടാവുക. അഥവാ അവരുടെ ‘പേരും ചൂരും’ നിലനില്‍ക്കുകയില്ല. ഈ രണ്ടു കാര്യങ്ങളും ഇസ്‌ലാമിന്‍റെ ആദ്യകാലത്തു – അടുത്തടുത്ത കാലങ്ങളിലായി- നമ്മുടെ സമുദായം കണ്ടുകഴിഞ്ഞതാണ്:-

അതാ, ഒരു കാലം നമുക്കു കഴിഞ്ഞുപോയി; ലോകം നമ്മെ സ്നേഹിച്ചു; മാനിച്ചു. നമ്മുടെ ഉപദ്രവമോ അക്രമമോ ഭയന്നിട്ടല്ല – നീതിയും മര്യാദയും കാംക്ഷിച്ചു മാത്രം. ജനങ്ങള്‍ നമ്മിലേക്കു ഓടിവന്നു; നമ്മെ വിളിച്ചുവരുത്തി. പട്ടണങ്ങള്‍ അവയുടെ കവാടം നമുക്കു തുറന്നുതന്നു. കോട്ടകളുടെ താക്കോലുകള്‍ നമുക്കു എല്പിക്കപ്പെട്ടു. കാരണം? അന്നു നമ്മുടെ വിശ്വാസകര്‍മ്മങ്ങള്‍ പരിശുദ്ധങ്ങളായിരുന്നു.

അജ്നാദീനിലെയും, യര്‍മൂക്കിലെയും (*) പോര്‍ക്കളങ്ങളില്‍, ബൈസന്തീന്‍ (റോമാ) സാമ്രാജ്യസേന മുസ്‌ലിംകളോടു പടപൊരുതുമ്പോള്‍, സിരിയാ നിവാസികള്‍ അവര്‍ക്കു സ്നേഹസന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുസ്രാപട്ടണം അതിന്‍റെ കവാടം തുറന്നുകൊടുത്തു. ഹിംസു( حمص) നിവാസികള്‍ അവര്‍ക്കു പല ഒത്താശകളും ചെയ്തുകൊടുത്തു. ത്വറാബല്‍സ് (طرابلس )അവരെ സ്വീകരിക്കുവാന്‍ തക്കം പാര്‍ത്തുകൊണ്ടിരിക്കുകയായിരുന്നു. സ്വൂര്‍ ( صور) പട്ടണം, അതിന്‍റെ കോട്ടയില്‍ കാവല്‍ക്കാര്‍ വേണ്ടതില്ലെന്നുവെച്ചു. (**) മുസ്ലിംകള്‍ ഈജിപ്തിന്‍റെ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ അവരെ സ്വാഗതം ചെയ്തതു ക്രിസ്ത്യാനികളായിരുന്നു. അവര്‍ അവിടെ പ്രവേശിച്ചപ്പോള്‍ യാതൊരു മാര്‍ഗ്ഗ തടസ്സവും അവരെ ബാധിച്ചില്ലെന്നു മാത്രമല്ല, ഭക്ഷണാദിസാധന സാമഗ്രികള്‍ക്കുപോലും അവര്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതെല്ലം ഒന്നാം വിഭാഗത്തെ സംബന്ധിച്ച പഴയ ചരിത്രങ്ങളാണ്.

രണ്ടാം വിഭാഗക്കാരുടെ കര്‍മ്മഫലത്തെക്കുറിച്ചു അധികമൊന്നും പറയേണ്ടതായിട്ടില്ല. ഈ ഖുര്‍ആന്‍ വചനം അവതരിച്ചു 15 കൊല്ലങ്ങളായപ്പോഴേക്കും, വിശുദ്ധഖുര്‍ആന്‍റെ പ്രബോധനത്തെ ധിക്കാരപൂര്‍വ്വം – സര്‍വ്വശക്തിയുമുപയോഗിച്ചു – എതിര്‍ത്തിരുന്ന വന്‍ ശക്തികളെല്ലാം മുഖം കുത്തിനിലംപതിച്ചു കഴിഞ്ഞു. ആ ചരിത്രം, ഗ്രന്ഥങ്ങളുടെ താളുകളില്‍ നിറഞ്ഞു കിടക്കുകയാണല്ലോ.

و الحمدلله رب العالمين


(*) ശാം രാജ്യങ്ങളില്‍പ്പെട്ട രണ്ടു രാജ്യങ്ങള്‍
(*) സ്ഥലങ്ങള്‍ ഫലസ്തീന്‍ – സിരിയാ പടങ്ങളില്‍ കാണാം.