സൂറത്ത് മര്‍യം : 41-65
വിഭാഗം - 3
- وَٱذْكُرْ فِى ٱلْكِتَٰبِ إِبْرَٰهِيمَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا ﴾٤١﴿
- വേദഗ്രന്ഥത്തില്‍ ഇബ്രാഹീമിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം പരമസത്യവാനും, പ്രവാചകനുമായിരുന്നു.
- وَاذْكُرْ പ്രസ്താവിക്കുക, പറയുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِبْرَاهِيمَ ഇബ്രാഹീമിനെക്കുറിച്ചു, ഇബ്രാഹീമിനെ إِنَّهُ നിശ്ചയമായും അദ്ദേഹം كَانَ ആയിരുന്നു صِدِّيقًا പരമസത്യവാന്‍, സത്യസന്ധന്‍ نَّبِيًّا പ്രവാചകന്‍
- إِذْ قَالَ لِأَبِيهِ يَٰٓأَبَتِ لِمَ تَعْبُدُ مَا لَا يَسْمَعُ وَلَا يُبْصِرُ وَلَا يُغْنِى عَنكَ شَيْـًٔا ﴾٤٢﴿
- അദ്ദേഹം തന്‍റെ പിതാവിനോടു പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക:) 'എന്‍റെ പിതാവേ! എന്തിനായിട്ടാണ്, കേള്‍ക്കുകയാകട്ടെ, കാണുകയാകട്ടെ, ഒരു കാര്യത്തിനും നിങ്ങള്‍ക്കു ഉപകരിക്കുകയാകട്ടെ ചെയ്യാത്തതിനെ [ബിംബത്തെ] നിങ്ങള്‍ ആരാധിക്കുന്നത്?!
- إِذْ قَالَ അദ്ദേഹം പറഞ്ഞപ്പോള്‍ لِأَبِيهِ തന്‍റെ പിതാവിനോടു يَا أَبَتِ എന്‍റെ പിതാവേ لِمَ تَعْبُدُ എന്തിനാണ് നിങ്ങള്‍ ആരാധിക്കുന്നതു, ഇബാദത്തു ചെയ്യുന്നതു مَا لَا يَسْمَعُ കേള്‍ക്കാത്തതിനെ وَلَا يُبْصِرُ കാണുകയുമില്ലാത്ത وَلَا يُغْنِي ഉപകരിക്കുകയുമില്ലാത്ത عَنكَ താങ്കള്‍ക്കു
شَيْئًا ഒരു കാര്യത്തിനും, ഒട്ടും തന്നെ
- يَٰٓأَبَتِ إِنِّى قَدْ جَآءَنِى مِنَ ٱلْعِلْمِ مَا لَمْ يَأْتِكَ فَٱتَّبِعْنِىٓ أَهْدِكَ صِرَٰطًا سَوِيًّا ﴾٤٣﴿
- 'എന്‍റെ പിതാവേ! നിങ്ങള്‍ക്കു സിദ്ധിച്ചിട്ടില്ലാത്ത ചില അറിവു എനിക്കു ലഭിച്ചിട്ടുണ്ട്; ആകയാല്‍, നിങ്ങള്‍ എന്നെ പിന്‍തുടരുക, ഞാന്‍ നിങ്ങള്‍ക്കു ശരിയായ മാര്‍ഗ്ഗം കാണിച്ചു തന്നുകൊള്ളാം.
- يَا أَبَتِ എന്‍റെ പിതാവേ إِنِّي നിശ്ചയമായും ഞാന്‍ قَدْ جَاءَنِي എനിക്കു വന്നിട്ടുണ്ട്, ലഭിച്ചിട്ടുണ്ട് مِنَ الْعِلْمِ അറിവില്‍ നിന്നു ( ചിലതു) مَا لَمْ يَأْتِكَ നിങ്ങള്‍ക്കു സിദ്ധിക്കാത്ത, വന്നെത്താത്തതു فَاتَّبِعْنِي അതുകൊണ്ടു എന്നെ പിന്‍തുടരുക أَهْدِكَ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം, മാര്‍ഗ്ഗദര്‍ശനം നല്‍കാം صِرَاطًا മാര്‍ഗ്ഗം, മാര്‍ഗ്ഗത്തിലേക്ക്, മാര്‍ഗ്ഗത്തില്‍ سَوِيًّا ശരിയായ, നേരായ
- يَٰٓأَبَتِ لَا تَعْبُدِ ٱلشَّيْطَٰنَ ۖ إِنَّ ٱلشَّيْطَٰنَ كَانَ لِلرَّحْمَٰنِ عَصِيًّا ﴾٤٤﴿
- 'പിതാവേ! നിങ്ങള്‍ പിശാചിനെ ആരാധിക്കരുതു: നിശ്ചയമായും പിശാചു പരമകാരുണികനോടു [അല്ലാഹുവിനോടു] അനുസരണമില്ലാത്തവനാകുന്നു.
- يَا أَبَتِ എന്‍റെ പിതാവേ لَا تَعْبُدِ നിങ്ങള്‍ ആരാധിക്കരുത്, ഇബാദത്തു ചെയ്യരുതു الشَّيْطَانَ പിശാചിന്നു إِنَّ الشَّيْطَانَ നിശ്ചയമായും പിശാചു كَانَ ആകുന്നു, ആയിരിക്കുന്നു لِلرَّحْمَـٰنِ പരമകാരുണികന്നു, റഹ്മാനായുള്ളവനു عَصِيًّا അനുസരണമില്ലാത്തവന്‍, എതിരു നടക്കുന്നവന്‍, അനുസരണം കെട്ടവന്‍
- يَٰٓأَبَتِ إِنِّىٓ أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ ٱلرَّحْمَٰنِ فَتَكُونَ لِلشَّيْطَٰنِ وَلِيًّا ﴾٤٥﴿
- 'പിതാവേ! പരമകാരുണികനില്‍നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു; അപ്പോള്‍, നിങ്ങള്‍ പിശാചിനു ഒരു ബന്ധുവായിത്തീരുന്നതാണ്.'
- يَا أَبَتِ എന്‍റെ പിതാവേ إِنِّي أَخَافُ നിശ്ചയമായും ഞാന്‍ ഭയപ്പെടുന്നു أَن يَمَسَّكَ നിങ്ങളെ സ്പര്‍ശിക്കും (ബാധിക്കും) എന്ന് عَذَابٌ വല്ല ശിക്ഷയും مِّنَ الرَّحْمَـٰنِ പരമകാരുണികനില്‍ നിന്നു فَتَكُونَ അപ്പോള്‍ നിങ്ങളായിത്തീരും لِلشَّيْطَانِ പിശാചിനു وَلِيًّا ബന്ധു
ബിംബാരാധനയില്‍ മുളച്ചുവളര്‍ന്ന ഒരാളായിരുന്നു, ഇബ്രാഹീം (അ) നബിയുടെ പിതാവായ ആസര്‍ (ازر). പിതൃബഹുമാനവും, വാത്സല്യവും സര്‍വ്വത്ര പ്രകടമാക്കിക്കൊണ്ടു ഇബ്രാഹീം (അ) പിതാവിനെ ഉപദേശിക്കുന്നു. വിഗ്രഹാരാധനയുടെ നിരര്‍ത്ഥതയും, അതിന്‍റെ ഭവിഷ്യത്തും പിതാവു പിഴച്ചുപോകുന്നതിലുള്ള താങ്ങാനാവാത്ത വ്യസനവും ആ വാചകങ്ങളില്‍ നാം കാണുന്നു. ‘എന്‍റെ പിതാവേ, എന്‍റെ പിതാവേ’ എന്നാവര്‍ത്തിച്ചു വിളിച്ചുകൊണ്ടു വളരെ ആദരവോടെയാണ് അദ്ദേഹം പിതാവിനെ ഉപദേശിക്കുന്നത്. പിതാവാകട്ടെ, പിശാചിന്‍റെ പ്രേരണകള്‍ക്കും അഭീഷ്ടങ്ങള്‍ക്കും തികച്ചും അടിമപ്പെട്ടിരിക്കയാണ്. അതുകൊണ്ടാണു ‘നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്’ എന്നു അദ്ദേഹം പറയുന്നതും. പുത്രന്‍റെ ഉപദേശം പിതാവു വിലവെക്കുന്നില്ലെന്നു മാത്രമല്ല, പുത്രനോടു കയര്‍ക്കുകകൂടി ചെയ്യുന്നു:
- قَالَ أَرَاغِبٌ أَنتَ عَنْ ءَالِهَتِى يَٰٓإِبْرَٰهِيمُ ۖ لَئِن لَّمْ تَنتَهِ لَأَرْجُمَنَّكَ ۖ وَٱهْجُرْنِى مَلِيًّا ﴾٤٦﴿
- അയാള്‍ പറഞ്ഞു: ' എന്‍റെ ഇലാഹുകളെ [ആരാധ്യന്മാരെ] വേണ്ടെന്നു വെക്കുന്നവനാണോ നീ - ഇബ്രാഹീമേ!? നീ (ഇതില്‍ നിന്നു) വിരമിക്കുന്നില്ലെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടുക തന്നെ ചെയ്യും; സുരക്ഷിതനായി നീ എന്നെ വിട്ടേച്ചു പോയിക്കൊള്ളുക!'
- قَالَ അദ്ദേഹം പറഞ്ഞു أَرَاغِبٌ താല്പര്യമില്ലാത്തവനാണോ, ആഗ്രഹിക്കുന്നവനാണോ أَنتَ നീ عَنْ آلِهَتِي എന്‍റെ ഇലാഹുകളെ വിട്ടു(കളയുവാന്‍) يَا إِبْرَاهِيمُ ഇബ്രാഹീമേ لَئِن لَّمْ تَنتَهِ നീ വിരമിക്കുന്നില്ലെങ്കില്‍ لَأَرْجُمَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ എറിഞ്ഞാട്ടും وَاهْجُرْنِي നീ എന്നെ വിട്ടേച്ചു (ഉപേക്ഷിച്ചു) പോകണം مَلِيًّا സുരക്ഷിതനായ നിലയില്‍, കുറേകാലം
ഇതായിരുന്നു പിതാവിന്‍റെ മറുപടി. ഉപദേശം സ്വീകരിക്കുന്നതുപോകട്ടെ, അതിനെപ്പറ്റി യാതൊന്നും ചിന്തിക്കുവാന്‍പോലും പിതാവു തയ്യാറില്ല. മാത്രമല്ല, മകനു കനത്ത ഒരു താക്കീതും! തൌഹീദില്‍ (ഏകദൈവ വിശ്വാസത്തില്‍) നിന്നു വിരമിച്ചു ശിര്‍ക്കിന്‍റെ (ബഹുദൈവ വിശ്വാസത്തിന്‍റെ) മാര്‍ഗ്ഗം സ്വീകരിക്കാത്തപക്ഷം നിന്നെ ഞാന്‍ എറിഞ്ഞാട്ടും, തല്‍ക്കാലം നിനക്കു രക്ഷ വേണമെങ്കില്‍ നീ എന്നെ വിട്ടേച്ചുപോയിക്കൊള്ളുക. ഇതായിരുന്നു താക്കീതു. ملياً (മലിയ്യന്‍) എന്ന വാക്കിനു കുറേ കാലത്തേക്കു എന്നും അര്‍ത്ഥം വരാം. രണ്ടായാലും ഉദ്ദേശ്യം വ്യക്തമാണ്. ഇബ്രാഹീം (അ) പിതാവിനു നല്‍കുന്ന പ്രത്യുത്തരം ഇപ്രകാരമായിരുന്നു:
- قَالَ سَلَٰمٌ عَلَيْكَ ۖ سَأَسْتَغْفِرُ لَكَ رَبِّىٓ ۖ إِنَّهُۥ كَانَ بِى حَفِيًّا ﴾٤٧﴿
- അദ്ദേഹം പറഞ്ഞു: 'നിങ്ങള്‍ക്കു 'സലാം' നിങ്ങള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ റബ്ബിനോടു പാപമോചനത്തിനര്‍ത്ഥിച്ചുകൊള്ളാം; നിശ്ചയമായും, അവന്‍ എന്നോടു വളരെ കനിവുള്ളവനാകുന്നു.
- قَالَ അദ്ദേഹം പറഞ്ഞു سَلَامٌ സലാം, സമാധാനം عَلَيْكَ നിങ്ങള്‍ക്കു سَأَسْتَغْفِرُ ഞാന്‍ പാപമോചനം തേടാം لَكَ നിങ്ങള്‍ക്കു (വേണ്ടി) رَبِّي എന്‍റെ റബ്ബിനോടു إِنَّهُ നിശ്ചയമായും അവന്‍ كَانَ ആകുന്നു بِي എന്നെപ്പറ്റി, എന്നില്‍ حَفِيًّا വളരെ കനിവുള്ളവന്‍
- وَأَعْتَزِلُكُمْ وَمَا تَدْعُونَ مِن دُونِ ٱللَّهِ وَأَدْعُوا۟ رَبِّى عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّى شَقِيًّا ﴾٤٨﴿
- 'നിങ്ങളെയും, അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളി(ച്ചുപ്രാര്‍ത്ഥി)ച്ചുവരുന്നതിനെയും ഞാന്‍ വിട്ടൊഴിഞ്ഞു പോകയാണ്; ഞാന്‍ എന്‍റെ റബ്ബിനെവിളി (ച്ചുപ്രാര്‍ത്ഥി)ച്ചു കൊണ്ടിരിക്കയും ചെയ്യും. എന്‍റെ റബ്ബിനെ വിളിക്കുന്നതില്‍ ഞാന്‍ ദൗര്‍ഭാഗ്യവനാകാതിരുന്നേക്കാം.
- وَأَعْتَزِلُكُمْ ഞാന്‍ നിങ്ങളെ വിട്ടൊഴിഞ്ഞുപോകുന്നു وَمَا تَدْعُونَ നിങ്ങള്‍ വിളിക്കുന്നതിനേയും, പ്രാര്‍ത്ഥിക്കുന്നതിനേയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ وَأَدْعُو ഞാന്‍ വിളിക്കുകയും (പ്രാര്‍ത്ഥിക്കുകയും)ചെയ്യും رَبِّي എന്‍റെ രക്ഷിതാവിനെ عَسَىٰ ആയേക്കാം أَلَّا أَكُونَ ഞാന്‍ ആകാതിരിക്കുവാന്‍ بِدُعَاءِ വിളിക്കുന്നതു (പ്രാര്‍ത്ഥിക്കുന്നതു)കൊണ്ടു رَبِّي എന്‍റെ റബ്ബിനെ شَقِيًّا ദുര്‍ഭാഗ്യവാന്‍, പരാജിതന്‍
പുത്രവാത്സല്യം പോലും പ്രകടമാക്കാത്ത മറുപടിയായിരുന്നു പിതാവു നല്‍കിയതെന്നു പറയേണ്ടതില്ല. അങ്ങനെ, ഇബ്രാഹീം (അ) പിതാവിനോടു സലാം ചൊല്ലിപ്പിരിഞ്ഞു. അപ്പോഴും പിതാവിന്‍റെ കാര്യത്തില്‍ അദ്ദേഹം നിരാശപ്പെട്ടിരുന്നില്ല. ഞാന്‍ നിങ്ങള്‍ക്കു പാപമോചനം തേടിക്കൊള്ളാമെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിടവാങ്ങുന്നത്. അദ്ദേഹം അതു ചെയ്യുകയും ചെയ്തു. പക്ഷേ, പിതാവു അല്ലാഹുവിന്‍റെ ശത്രുവും പിശാചിന്‍റെ ബന്ധുവും തന്നെയാണെന്നു പിന്നീടു അദ്ദേഹത്തിനു ഉറപ്പായി. അതോടെ അതു നിര്‍ത്തലാക്കുകയും ചെയ്തു. ഇതിനെക്കുറിച്ചു അല്ലാഹു ഇപ്രകാരം പറയുന്നു.
وَمَا كَانَ اسْتِغْفَارُ إِبْرَاهِيمَ لِأَبِيهِ إِلَّا عَن مَّوْعِدَةٍ وَعَدَهَا إِيَّاهُ فَلَمَّا تَبَيَّنَ لَهُ أَنَّهُ عَدُوٌّ لِّلَّـهِ تَبَرَّأَ مِنْهُ – التوبة : ١١٤
സാരം: ഇബ്രാഹീം തന്‍റെ പിതാവിനുവേണ്ടി പാപമോചനത്തിനര്‍ത്ഥിച്ചത് അദ്ദേഹത്തോടു ചെയ്തിരുന്ന ഒരു വാഗ്ദാനം മൂലമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നാല്‍, അദ്ദേഹം അല്ലാഹുവിന്‍റെ ശത്രുവാണെന്നു തനിക്കു വ്യക്തമായപ്പോള്‍ അദ്ദേഹത്തില്‍നിന്നു താന്‍ ഒഴിഞ്ഞു നില്‍ക്കുക തന്നെ ചെയ്തു. (തൗബ:114)
തൗഹീദിന്‍റെ മാര്‍ഗ്ഗത്തില്‍ എന്തു ത്യാഗവും വരിക്കുവാന്‍ ഇബ്രാഹിം (അ) നബി തയ്യാറായിരുന്നു. അദ്ദേഹം നാടും വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ചുകൊണ്ടു സ്വദേശമായ ഇറാഖില്‍നിന്നു ശാമിലേക്കു വന്നു. കന്‍ആന്‍ പ്രദേശത്തു (*) താമസമാക്കി. കൂടെ സഹോദരപുത്രന്‍ ലൂത്ത്വ് (അ) നബിയും ഉണ്ടായിരുന്നു. പിന്നീടു മക്കളും, മക്കളുടെ മക്കളുമായി ആ കുടുംബം പെരുകിപ്പെരുകി വരികയും, പുതിയൊരു ലോകചരിത്രം തന്നെ സൃഷ്ടിക്കുകയും ചെയ്തു. അടുത്ത ആയത്തുകളില്‍ ഇതിനെപ്പറ്റി സൂചിപ്പിക്കുന്നു. (ഇബ്രാഹിം (അ) നബിയുടെ ചരിത്രം വിശദമായി സൂറത്തുല്‍ ഇബ്രാഹീമിന്‍റെ തുടക്കത്തില്‍ നാം വിവരിച്ചിട്ടുണ്ട്.)
(*) സ്ഥലങ്ങള്‍ പടം 6-ല്‍ കാണുക.
- فَلَمَّا ٱعْتَزَلَهُمْ وَمَا يَعْبُدُونَ مِن دُونِ ٱللَّهِ وَهَبْنَا لَهُۥٓ إِسْحَٰقَ وَيَعْقُوبَ ۖ وَكُلًّا جَعَلْنَا نَبِيًّا ﴾٤٩﴿
- അങ്ങനെ,അവരെയും, അവര്‍ അല്ലാഹുവിനു പുറമെ ആരാധിച്ചു വരുന്നവയെയും അദ്ദേഹം വിട്ടൊഴിഞ്ഞു പോയാറെ, അദ്ദേഹത്തിനു (പുത്രന്‍) ഇസ്ഹാഖിനെയും, (പൗത്രന്‍) യഅ്ഖൂബിനെയും നാം പ്രദാനം ചെയ്തു; എല്ലാ (ഓരോരു)വരെയും നാം നബിമാരാക്കുകയും ചെയ്തു.
- فَلَمَّا اعْتَزَلَهُمْ അങ്ങനെ അദ്ദേഹം അവരെ വിട്ടൊഴിഞ്ഞപ്പോള്‍ وَمَا يَعْبُدُونَ അവര്‍ ആരാധിക്കുന്നവയെയും مِن دُونِ اللَّـهِ അല്ലാഹുവിനു പുറമെ وَهَبْنَا നാം പ്രദാനം ചെയ്തു, ദാനം കൊടുത്തു لَهُ അദ്ദേഹത്തിനു إِسْحَاقَ ഇസ്ഹാഖിനെ وَيَعْقُوبَ യഅ്ഖൂബിനേയും وَكُلًّا എല്ലാവരേയും, ഓരോരുത്തരെയും جَعَلْنَا നാം ആക്കി نَبِيًّا നബി, പ്രവാചകന്‍
- وَوَهَبْنَا لَهُم مِّن رَّحْمَتِنَا وَجَعَلْنَا لَهُمْ لِسَانَ صِدْقٍ عَلِيًّا ﴾٥٠﴿
- നമ്മുടെ അനുഗ്രഹത്തില്‍ നിന്നും അവര്‍ക്കു നാം പ്രദാനം ചെയ്കയും, സത്യത്തിന്‍റെ ഉന്നതമായ (സല്‍)കീര്‍ത്തി അവര്‍ക്കു ഉണ്ടാക്കികൊടുക്കുകയും ചെയ്തു.
- وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُم അവര്‍ക്കു مِّن رَّحْمَتِنَا നമ്മുടെ അനുഗ്രഹത്തില്‍ നിന്നു, കാരുണ്യത്തില്‍ നിന്നു وَجَعَلْنَا നാം ഉണ്ടാക്കുകയും ചെയ്തു, ഏര്‍പ്പെടുത്തുകയും ചെയ്തു لَهُمْ അവര്‍ക്കു لِسَانَ صِدْقٍ സത്യത്തിന്‍റെ കീര്‍ത്തി (സല്‍കീര്‍ത്തി) عَلِيًّا ഉന്നതമായ, ഉന്നതമായ നിലയില്‍
ഒരു കാലത്തും മങ്ങിപ്പോകാത്തവണ്ണം ജനങ്ങളില്‍ നിന്നുള്ള പ്രശംസയും, അഭിനന്ദനവും അവര്‍ക്കുണ്ടായിരിക്കുമെന്നു സാരം. ജൂതര്‍, ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍ എന്നീ തരവ്യത്യാസമില്ലാതെ, ദൈവീക മതസ്ഥരെല്ലാം തന്നെ അവരെ പ്രശംസിക്കുന്നവരും ബഹുമാനിക്കുന്നവരുമാകുന്നു. ലോകാവസാനംവരെ ഈ കീര്‍ത്തി നിലനില്‍ക്കുകയും ചെയ്യും. നമസ്കാരം, ഹജ്ജ് മുതലായ കര്‍മ്മങ്ങളില്‍പോലും ഈ പ്രവാചക കുടുംബത്തിന്‍റെ സ്മരണകള്‍ കാണാവുന്നതാണ്.
ഇബ്രാഹിം (അ) നബിയുടെ പുത്രനാണ് ഇസ്ഹാഖ് (അ). ഇദ്ദേഹത്തിന്‍റെ മകനാണ് യഅ്ഖൂബ് (അ). പ്രവാചകന്മാരില്‍ അധികഭാഗവും യഅ്ഖൂബ് (അ) നബിയുടെ സന്താനപരമ്പരയില്‍പെട്ടവരാകുന്നു. പന്ത്രണ്ടു ഗോത്രങ്ങളുള്ള ഇസ്രാഈല്‍ (യിസ്രായേല്‍) വംശത്തിന്‍റെ പിതാവുമാണ് അദ്ദേഹം. ഇസ്ഹാഖ് (അ) നബിയുടെ സഹോദരനായ ഇസ്മാഈല്‍ (അ) നബിയുടെ സന്തതികളില്‍ നിന്നാണ് മുഹമ്മദ് (സ) തിരുമേനി ജനിച്ചത്. അപ്പോള്‍ വമ്പിച്ച രണ്ടു വംശപരമ്പരകളായ ഇസ്രാഈല്‍ വംശങ്ങളും, ഇസ്മാഈല്‍ വംശങ്ങളും (അറബികളും) ഇബ്രാഹിം (അ) തിരുമേനിയുടെ സന്തതികളാകുന്നു. (*)
ഒരു കാര്യം ഇവിടെവെച്ചു നാം മനസ്സിലാക്കേണ്ടതുണ്ട്. 48-ാം വചനത്തില്‍, ‘ നിങ്ങള്‍ വിളിച്ചുവരുന്നവ’ അല്ലെങ്കില്‍ ‘പ്രാര്‍ത്ഥിച്ചുവരുന്നവ’ (وَمَا تَدْعُونَ) എന്നും ‘ഞാന്‍ വിളിച്ചുകൊണ്ടിരിക്കും’ അല്ലെങ്കില്‍ ‘ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും’ (وَأَدْعُو) എന്നും പറഞ്ഞുവല്ലോ. ഈ രണ്ടു ക്രിയാരൂപങ്ങളുടെയും ധാതു (المصدر) അതേ വചനത്തില്‍ തന്നെ കാണുന്ന ‘ദുആ’ (دعاء) എന്നാ പദമാകുന്നു. ഇതിനു ‘വിളിക്കുക, പ്രാര്‍ത്ഥിക്കുക, വിളിച്ചു പ്രാര്‍ത്ഥിക്കുക, തേടുക, ക്ഷണിക്കുക, അപേക്ഷിക്കുക’ എന്നിങ്ങിനെയുള്ള അര്‍ത്ഥങ്ങളെല്ലാം വരുന്നതാണ്. ഒരു അദൃശ്യശക്തിക്കു മുമ്പില്‍ ഭക്തിയോടുകൂടി ചെയ്യുന്ന അപേക്ഷക്കാണ് ‘പ്രാര്‍ത്ഥന’ എന്നു പറയുന്നതു. ഈ അര്‍ത്ഥത്തിലാണ് ‘ദുആ’ എന്ന പദവും, അതില്‍നിന്നു ഉല്‍ഭവിക്കുന്ന മറ്റുള്ള പദരൂപങ്ങളും അധികവും ഉപയോഗിക്കപ്പെടാറുള്ളത്. പ്രാര്‍ത്ഥിക്കുക എന്ന അര്‍ത്ഥത്തില്‍ തന്നെ ‘പടച്ചവനെ വിളിക്കുക’ എന്നും അല്ലാഹുവിനോടു തേടുക എന്നും മറ്റും മലയാളികളായ നാം പറയാറുള്ളതുപോലെ, ദുആയുടെ അര്‍ത്ഥത്തില്‍ അറബിഭാഷയിലും വേറെ ചില വാക്കുകള്‍ ഉപയോഗിക്കാറുണ്ട്. ഉദാഹരണമായി 3-ാം വചനത്തില്‍ സകരിയ്യാ (അ) പ്രാര്‍ത്ഥിച്ചതിനെപ്പറ്റി ‘വിളിച്ചു’ എന്നര്‍ത്ഥമാകുന്ന ‘നാഥാ’ (نادى) എന്ന പദമാണല്ലോ ഉള്ളത്. ആ ‘വിളി’ (نداء) കൊണ്ടുദ്ദേശ്യം ‘പ്രാര്‍ത്ഥന’ തന്നെയാണെന്നു അടുത്ത 4-ാം വചനത്തിന്‍റെ അവസാനഭാഗത്തില്‍നിന്നു തന്നെ വ്യക്തമാകുന്നതാണ്. മാത്രമല്ല, സകരിയ്യാ (അ) നബിയുടെ അതേ സംഭവത്തെപ്പറ്റി സൂ:ആലുഇംറാന്‍ 38ല്‍ ‘സകരിയ്യാ (അ) തന്‍റെ റബ്ബിനോട് പ്രാര്‍ത്ഥിച്ചു’ (دَعَا زَكَرِيَّا رَبَّهُ) എന്നാണ് പറയുന്നതും. ചുരുക്കിപ്പറഞ്ഞാല്‍ ‘ദുആ’യുടെയും ‘പ്രാര്‍ത്ഥന’യുടെയും അര്‍ത്ഥത്തില്‍ വേറെയും പദങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ട്;
മേല്‍കാണിച്ച അര്‍ത്ഥത്തിലുള്ള എല്ലാ ‘ദുആ’യും (പ്രാര്‍ത്ഥനയും) ‘ഇബാദത്താ’കുന്ന ആരാധന (عبادة) യില്‍ ഉള്‍പ്പെട്ടതാകുന്നു. ‘ഇബാദത്താ’കട്ടെ, അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ചെയ്‌വാന്‍ പാടില്ലെന്നു പറയേണ്ടതില്ല. അപ്പോള്‍ അല്ലാഹുവിന്നല്ലാതെ പ്രാര്‍ത്ഥന (ദുആ) ചെയ്‌വാനും പാടില്ലെന്നു വ്യക്തമാണ്. 48, 49 വചനങ്ങളില്‍ നിന്നു തന്നെ ഈ വസ്തുത മനസ്സിലാക്കുവാന്‍ കഴിയും. 48-ാം വചനത്തില്‍ ഇബ്രാഹീം (അ) നബി: ‘ഞാന്‍ നിങ്ങളെയും നിങ്ങള്‍ വിളിക്കുന്നവരെയും വിട്ടൊഴിഞ്ഞു പോകുന്നു’ എന്നും, ‘എന്‍റെ റബ്ബിനെ വിളിക്കു’മെന്നും പറഞ്ഞു. 49-ാം വചനത്തില്‍ അദ്ദേഹം വിട്ടൊഴിഞ്ഞുപോയതിനെപ്പറ്റി പ്രസ്താവിച്ചപ്പോള്‍, ‘ അവരെയും അവര്‍ ആരാധിക്കുന്നവ (ഇബാദത്ത് ചെയ്യുന്നവ) യെയും വിട്ടുപോയാറെ’ എന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇതുപോലെ വേറെ സ്ഥലങ്ങളിലും കാണാവുന്നതാകുന്നു. എന്നുവെച്ചാല്‍, ഒരേ കാര്യത്തെകുറിച്ചുതന്നെ ‘ദുആ’ എന്നും, ‘ഇബാദത്ത്’ എന്നും ഉപയോഗിച്ചുകാണാം. ‘ഇബാദത്തി’ല്‍ ഉള്‍പ്പെട്ടതാണെന്നു മാത്രമല്ല, ഇബാദത്തിന്‍റെ ഇനങ്ങളില്‍ അതിപ്രധാനമായതു കൂടിയാണ് ‘ദുആ’ എന്ന പ്രാര്‍ത്ഥന. നബി (സ) തിരുമേനി ഇപ്രകാരം പറയുന്നു: الدعاء مخ العبادة – الترمدى പ്രാര്‍ത്ഥന, ആരാധനയുടെ മജ്ജയാകുന്നു.(തി) മറ്റൊരിക്കല്‍ അവിടുന്നു പറഞ്ഞതു ഇങ്ങിനെയാണ്: الدعاء هو العبادة – احمد ابوداود و غيرها (പ്രാര്‍ത്ഥന തന്നെയാണ് ആരാധന അ; ദാ) ഇതുകൊണ്ടാണ്, പലപ്പോഴും ‘ദുആ’ (دعاء) എന്ന ധാതുവില്‍നിന്നു ഉല്‍ഭവിക്കുന്ന പദങ്ങളുടെ ഉദേശ്യം വിവരിക്കുന്ന വേളയില്‍, ചില വ്യാഖ്യാതാക്കള്‍ ‘ഇബാദത്ത്’ (عبادة) എന്ന ധാതുവില്‍നിന്നുള്ള പദങ്ങളെക്കൊണ്ടു വ്യഖ്യാനിച്ചുകാണുന്നതും.
(*)12 ഇസ്രായീല്‍ ഗോത്രങ്ങളുടെ വാസസ്ഥലങ്ങള്‍ പടം 5ലും അറബി ഗോത്രങ്ങളുടെ വാസസ്ഥലങ്ങള്‍ പടം 8ലും 11ലും കാണാം.
വിഭാഗം - 4
- وَٱذْكُرْ فِى ٱلْكِتَٰبِ مُوسَىٰٓ ۚ إِنَّهُۥ كَانَ مُخْلَصًا وَكَانَ رَسُولًا نَّبِيًّا ﴾٥١﴿
- (നബിയേ) വേദഗ്രന്ഥത്തില്‍ മൂസായെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു നിഷ്കളങ്കനായിരുന്നു; ഒരു ദൂതനും പ്രവാചകനും [റസൂലും നബിയും] ആയിരുന്നു.
- وَاذْكُرْ പറയുക, പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ مُوسَىٰ മൂസായെക്കുറിച്ചു إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു, مُخْلَصًا നിഷ്കളങ്കന്‍ (ശുദ്ധന്‍) وَكَانَ ആദ്ധേഹം ആയിരുന്നു, ആവുകയും ചെയ്തിരുന്നു رَسُولًا ഒരു റസൂല്‍, ദൂതന്‍ نَّبِيًّا പ്രവാചകന്‍, പ്രവാചകനായ
- وَنَٰدَيْنَٰهُ مِن جَانِبِ ٱلطُّورِ ٱلْأَيْمَنِ وَقَرَّبْنَٰهُ نَجِيًّا ﴾٥٢﴿
- (സീനാ) പര്‍വ്വതത്തിന്‍റെ വലതുഭാഗത്തുനിന്നു അദ്ദേഹത്തെ നാം വിളിക്കുകയും, ഒരു രഹസ്യഭാഷിതനെന്ന നിലയില്‍ അദ്ദേഹത്തിനു നാം സാമീപ്യം നല്‍കുകയും ചെയ്തു.
- وَنَادَيْنَاهُ നാം അദ്ദേഹത്തെ വിളിച്ചു مِن جَانِبِ الطُّورِ (സീനാ) പര്‍വ്വതത്തിന്‍റെ ഭാഗത്തു നിന്നു الْأَيْمَنِ വലത്തെ وَقَرَّبْنَاهُ അദ്ദേഹത്തിനു നാം സാമീപ്യം (അടുപ്പം) നല്‍കുകയും ചെയ്തു نَجِيًّا സ്വകാര്യഭാഷിതനായി, സ്വകാര്യം പറയുന്നവനായി
- وَوَهَبْنَا لَهُۥ مِن رَّحْمَتِنَآ أَخَاهُ هَٰرُونَ نَبِيًّا ﴾٥٣﴿
- നമ്മുടെ അനുഗ്രഹത്താല്‍ തന്‍റെ സഹോദരന്‍ ഹാറൂനിനെ ഒരു പ്രവാചകനായ നിലയില്‍, നാം അദ്ദേഹത്തിനു പ്രദാനം ചെയ്കയും ചെയ്തു.
- وَوَهَبْنَا നാം പ്രദാനം ചെയ്കയും ചെയ്തു لَهُ അദ്ദേഹത്തിനു مِن رَّحْمَتِنَا നമ്മുടെ അനുഗ്രഹത്താല്‍, കാരുണ്യത്താല്‍ أَخَاهُ അദ്ദേഹത്തിന്‍റെ സഹോദരനെ هَارُونَ ഹാറൂനിനെ نَبِيًّا പ്രവാചകനായി, നബിയായി
മൂസാ (അ) നബിയുടെ ചരിത്രം അടുത്ത സൂറത്തില്‍ സുദീര്‍ഘം വിവരിച്ചിട്ടുണ്ട്. അധികവിവരം അവിടെവെച്ചു കാണാവുന്നതാണ്. ആ ചരിത്രത്തിലെ ചില വശങ്ങള്‍ സ്പര്‍ശിക്കുക മാത്രമാണ് ഈ വചനങ്ങള്‍ ചെയ്യുന്നത്. പ്രബോധനകൃത്യം നിര്‍വ്വഹിക്കുന്നതില്‍ തന്നെ സഹായിക്കുന്ന ഒരു സഹായകനായി സഹോദരന്‍ ഹാറൂന്‍ (അ) നബിയേയും നിശ്ചയിച്ചുകൊടുക്കണമെന്നു മൂസാ(അ) അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു. അതിന്‍റെ ഫലമായി അല്ലാഹു അദ്ദേഹത്തെ മൂസാ (അ) നബിയുടെ സഹായകനും ഒരു നബിയുമായി നിശ്ചയിക്കുകയും ചെയ്തു. സാധാരണ മറ്റു നബിമാര്‍ക്കു സിദ്ധിച്ചിട്ടില്ലാത്ത ഒരനുഗ്രഹമാണത്. ഇതുപോലെത്തന്നെ, അല്ലാഹുവിന്‍റെ ഭാഷണം മദ്ധ്യവര്‍ത്തിയില്ലാതെ നേരിട്ട് കേട്ടതും മൂസാ (അ) നബിക്കുമാത്രം സിദ്ധിച്ച അതിമഹത്തായ ഒരു അനുഗ്രഹമാകുന്നു.
‘ത്വൂര്‍’ (الطور) എന്ന വാക്കിനു പര്‍വ്വതം എന്നര്‍ത്ഥമാണെങ്കിലും സീനാപര്‍വ്വതത്തെ ഉദ്ദേശിച്ചു പല സ്ഥലത്തും ഖുര്‍ആനില്‍ ആ വാക്ക് ഉപയോഗിച്ചുകാണുന്നുണ്ട്. മൂസാ (അ) നബിക്കു ആദ്യമായി വഹ്‌യ് (ദിവ്യസന്ദേശം) ലഭിച്ചതും, അല്ലാഹുവിന്‍റെ സംഭാഷണം കേള്‍ക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ചതും, തൗറാത്ത് ലഭിച്ചതുമെല്ലാം സീനായില്‍ വെച്ചായിരുന്നു. അദേഹം മദ് യനില്‍ (*) നിന്നു ഈജിപ്തിലേക്കു പോകുമ്പോള്‍ വഴിമദ്ധ്യേ തന്നെ അഭിമുഖീകരിച്ചു നില്‍കുന്ന പര്‍വ്വതത്തിന്‍റെ വലതുഭാഗത്തുവെച്ചാണ് അല്ലാഹുവിന്‍റെ വിളിയുണ്ടായത്. സീനാ അര്‍ദ്ധദ്വീപു അറേബ്യയുടെ ഏതാണ്ടു വടക്കുപടിഞ്ഞാറും. ഈജിപ്തില്‍നിന്നു ഏതാണ്ടു തെക്കുകിഴക്കുമായി സ്ഥിതിചെയ്യുന്നു.(**)
(*) പടം 4 നോക്കുക
(**) പടം 4 നോക്കുക
‘ലാമി’നു ‘ഇ’കാര (كسرة) ത്തോടു കൂടി مُخلِصا എന്നും, ‘അ’കാര (فتحة) ത്തോടുകൂടി مُخلَصا എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തെ വായന അനുസരിച്ചാണ് ‘നിഷ്കളങ്കന്‍’ എന്നു നാം ആയത്തിനു തര്‍ജ്ജമ കല്‍പിച്ചത്. രണ്ടാമത്തേതനുസരിച്ചു ആ വാക്കിനു ‘ശുദ്ധി ചെയ്യപ്പെട്ടവന്‍’ എന്നോ ‘തിരഞ്ഞെടുക്കപ്പെട്ടവന്‍’ എന്നോ അര്‍ത്ഥം പറയാവുന്നതാകുന്നു.
- وَٱذْكُرْ فِى ٱلْكِتَٰبِ إِسْمَٰعِيلَ ۚ إِنَّهُۥ كَانَ صَادِقَ ٱلْوَعْدِ وَكَانَ رَسُولًا نَّبِيًّا ﴾٥٤﴿
- വേദഗ്രന്ഥത്തില്‍ ഇസ്മാഈലിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവനായിരുന്നു; ഒരു റസൂലും നബിയും [ദൂതനും പ്രവാചകനും] ആയിരുന്നു.
- وَاذْكُرْ പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِسْمَاعِيلَ ഇസ്മാഈലിനെക്കുറിച്ച് إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു صَادِقَ الْوَعْدِ വാഗ്ദാനത്തില്‍ സത്യം പാലിക്കുന്നവന്‍ وَكَانَ ആകുകയും ചെയ്തിരുന്നു رَسُولًا റസൂല്‍, ദൂതന്‍ نَّبِيًّا നബി, പ്രവാചകന്‍
- وَكَانَ يَأْمُرُ أَهْلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرْضِيًّا ﴾٥٥﴿
- അദ്ദേഹം തന്‍റെ ആള്‍ക്കാരോടു നമസ്കാരത്തിനും 'സകാത്തി'നും [വിശുദ്ധ ധര്‍മ്മത്തിനും] ആജ്ഞാപിക്കാറുണ്ടായിരുന്നു; തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ അദ്ദേഹം സുസമ്മതനുമായിരുന്നു.
- وَكَانَ അദ്ദേഹം ആയിരുന്നു يَأْمُرُ ആജ്ഞാപിക്കും أَهْلَهُ തന്‍റെ ആള്‍ക്കാരോട്, സ്വന്തക്കാരോട് بِالصَّلَاةِ നമസ്കാരത്തിനു وَالزَّكَاةِ സക്കാത്തിനും, വിശുദ്ധധര്‍മ്മത്തിനും وَكَانَ ആകുകയും ചെയ്തിരുന്നു عِندَ رَبِّهِ തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ مَرْضِيًّا സുസമ്മതന്‍, തൃപ്തന്‍
ഇബ്രാഹീം (അ) നബിയുടെ പുത്രനും, അറബികളുടെ വംശപിതാവുമായ ഇസ്മാഈല്‍ (അ) നബിയുടെ ജീവചരിത്രസംക്ഷേപം ഈ രണ്ടു ആയത്തുകളില്‍ അടങ്ങുന്നു. അദ്ദേഹത്തിന്‍റെ മൂന്നു സവിശേഷഗുണങ്ങള്‍ പ്രത്യേകം ശ്രദ്ധാര്‍ഹമാണ്:
(1) അദ്ദേഹം വാഗ്ദാനത്തില്‍ സത്യം പാലിച്ചിരുന്നു.
(2) അദ്ദേഹം സ്വന്തക്കാരോട് നമസ്കാരത്തിനും വിശുദ്ധധര്‍മ്മത്തിനും ആജ്ഞാപിക്കാറുണ്ടായിരുന്നു.
(3) അദ്ദേഹം റബ്ബിന്‍റെ അടുക്കല്‍ സുസമ്മതനായിരുന്നു.
‘നിന്നെ അറുക്കുവാന്‍ എനിക്കു അല്ലാഹുവിന്‍റെ കല്‍പന കിട്ടിയിട്ടുണ്ടെ’ന്ന് പിതാവു അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘പിതാവേ! കല്‍പിക്കപ്പെട്ടതു ചെയ്തുകൊള്ളുക! അല്ലാഹു ഉദ്ദേശിക്കുന്നതായാല്‍, ക്ഷമയുള്ളവനായി എന്നെ നിങ്ങള്‍ക്കു കാണാവുന്നതാകുന്നു.’ (يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ – سورة الصافات ١٠٢) ഈ വാഗ്ദാനം അദ്ദേഹം പാലിച്ച സംഭവം ലോകപ്രസിദ്ധമാണ്. എന്നിരിക്കെ ഒന്നാമത്തെ സവിശേഷഗുണത്തിനു വേറെ ഉദാഹരണം ആവശ്യമില്ല. വര്‍ത്തമാനത്തില്‍ കളവുപറയുക, വിശ്വസിച്ചാല്‍ ചതിക്കുക, വാഗ്ദാനം ലംഘിക്കുക എന്നീ മൂന്നുകാര്യങ്ങള്‍ കപടവിശ്വാസിയുടെ ലക്ഷണങ്ങളാണെന്നത്രെ നബി (സ) തിരുമേനി അരുളിചെയ്യുന്നത്. ഈ മൂന്നുകാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു നിലകൊള്ളുന്നവയുമാണ്. വാഗ്ദാനപാലനത്തിനു ഇസ്‌ലാം കല്‍പിക്കുന്ന വമ്പിച്ച സ്ഥാനം ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.
ജനങ്ങളോടു പൊതുവിലും, സ്വന്തക്കാരോടു പ്രത്യേകിച്ചും സല്‍ക്കര്‍മ്മങ്ങളെക്കുറിച്ചു ഉപദേശിക്കലും, ദുഷ്ക്കര്‍മ്മങ്ങളെപ്പറ്റി വിരോധിക്കലും ഇസ്‌ലാമില്‍ വളരെ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിട്ടുള്ളതാകുന്നു. قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا – سورة التحريم – ٦ (നിങ്ങളെയും നിങ്ങളുടെ സ്വന്തക്കാരേയും നരകാഗ്നിയില്‍ നിന്നു കാത്തുരക്ഷിക്കുവിന്‍) എന്നതുപോലെയുള്ള പല ഖുര്‍ആന്‍ വചനങ്ങളും, പല ഹദീസുകളും ഇക്കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിത്തരുന്നുണ്ട്. സല്‍ക്കര്‍മ്മങ്ങളില്‍വെച്ചു ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളാണ് നമസ്കാരവും സക്കാത്തും. അല്ലാഹുവിനും അടിയാനും ഇടക്കുള്ള ബാധ്യതകളില്‍വെച്ചു നമസ്കാരവും, അടിയാനും ജനങ്ങളും തമ്മിലുള്ള ബാധ്യതകളില്‍വെച്ചു സക്കാത്തും കൂടുതല്‍ ശ്രേഷ്ഠത അര്‍ഹിക്കുന്നു. അപ്പോള്‍, സ്വന്തം നിലക്കും, മറ്റുള്ളവരെ സംബന്ധിക്കുന്ന ബാധ്യത എന്ന നിലക്കും ഉള്ള എല്ലാ പ്രധാന കടമകളും ഇസ്മാഈല്‍ (അ) നിറവേറ്റിയിരുന്നു എന്നുസാരം വരുന്നു.
ഒരു സമുദായത്തിന്‍റെ സ്ഥാപകനും, നേതാവുമാകുന്ന ആള്‍ക്കു ആവശ്യം ഉണ്ടായിരിക്കേണ്ടുന്ന ഗുണമാണ്, വാക്കിലും, പ്രവൃത്തിയിലും, വാഗ്ദാനത്തിലും സത്യം പാലിക്കുക എന്നത്. അതും അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം, ഭയഭക്തി, അനുസരണശീലം, ആദിയായവ സ്വജനങ്ങളില്‍ ഉളവാക്കുക, അഥവാ, അവരെ ആത്മീയശുദ്ധിയുള്ള ജനതയാക്കിതീര്‍ക്കുക, ഇതാണു നേതാവിന്‍റെ മറ്റൊരു കടമ. ഇതിനും പുറമെ, ആ ജനത ഒരു സുസംഘടിത ജനതയായിത്തീരുന്നതിനു അവരുടെ സാമൂഹ്യജീവിതം പരസ്പര സഹായ സഹകരണാടിസ്ഥാനത്തിലും, സ്നേഹത്തിലും ആക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇതെല്ലാം ഇസ്മാഈല്‍ (അ) നബി ശരിക്കും നിര്‍വ്വഹിച്ചിരുന്നുവെന്നും മേല്‍ക്കണ്ട ചരിത്രസംക്ഷേപത്തില്‍നിന്നു മനസ്സിലാക്കാം. ഇങ്ങിനെയുള്ള ഒരു മഹാന്‍ അല്ലാഹുവിന്‍റെ അടുക്കല്‍ തീര്‍ച്ചയായും സുസമ്മതനായിരിക്കുമെന്നു വ്യക്തമാണ്.
- وَٱذْكُرْ فِى ٱلْكِتَٰبِ إِدْرِيسَ ۚ إِنَّهُۥ كَانَ صِدِّيقًا نَّبِيًّا ﴾٥٦﴿
- വേദഗ്രന്ഥത്തില്‍ ഇദ് രീസിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു പരമസത്യവാനും, പ്രവാചകനും ആയിരുന്നു;
- وَاذْكُرْ പ്രസ്താവിക്കുക فِي الْكِتَابِ വേദഗ്രന്ഥത്തില്‍ إِدْرِيسَ ഇദ് രീസിനെക്കുറിച്ചു إِنَّهُ كَانَ നിശ്ചയമായും അദ്ദേഹം ആയിരുന്നു صِدِّيقًا പരമസത്യവാന്‍, സത്യസന്ധന്‍ نَّبِيًّا നബി, പ്രവാചകന്‍
- وَرَفَعْنَٰهُ مَكَانًا عَلِيًّا ﴾٥٧﴿
- നാം അദ്ദേഹത്തെ ഉന്നതമായ ഒരു സ്ഥാനത്തു ഉയര്‍ത്തിയിരിക്കുന്നു.
- وَرَفَعْنَاهُ നാം അദ്ദേഹത്തെ ഉയര്‍ത്തുകയും ചെയ്തു مَكَانًا ഒരു സ്ഥാനത്തു عَلِيًّا ഉന്നതമായ, ഉയര്‍ന്ന
ഉന്നതമായ സ്ഥാനവും നിലപാടും അദ്ദേഹത്തിനു നല്‍കിയിരിക്കുന്നു എന്നു സാരം. ഈ ഒടുവിലെ വചനത്തിന് ‘ഉന്നതമായ ഒരു സ്ഥലത്തേക്കു നാം അദ്ദേഹത്തെ ഉയര്‍ത്തിയിരിക്കുന്നു’ എന്നു ചിലര്‍ അര്‍ത്ഥം കല്‍പിച്ചുകാണുന്നു. ആകാശത്തിലേക്കോ, അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കോ ഇദ് രീസ് (അ) നബിയെ അല്ലാഹു ഉയര്‍ത്തിയിട്ടുണ്ടെന്നും, അദ്ദേഹം അവിടെയാണു ഇപ്പോഴും ഉള്ളതെന്നും ആ അര്‍ത്ഥത്തിനു അവര്‍ വ്യാഖ്യാനവും നല്‍കുന്നു. ഇതിനു വിശദീകരണം കൊടുക്കുന്ന പല കഥകളും ചില കിതാബുകളിലുണ്ട്. ഖുര്‍ആനിലോ, ഹദീസിലോ ഈ വ്യാഖ്യാനത്തിനു പിന്‍ബലം കാണുന്നില്ല.
ഇദ് രീസ് (അ)ന്‍റെ സാക്ഷാല്‍ പേര്‍ ‘ഹാനോഖ്’ അല്ലെങ്കില്‍ ‘അഖ്നോഖ്’ (خنوخ او اخنوخ) എന്നാകുന്നു. ‘ ഊസരീസ്’ (اوزريس) എന്നും, ‘അസ്വീരിസ്’ (اسويرس) എന്നും അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്. ഇദ് രീസ് (اِدريس) എന്നതു അദ്ദേഹത്തിന്‍റെ സാക്ഷാല്‍ പേരിന്‍റെ അറബി വകഭേദമാണെന്നും, സ്ഥാനപ്പേരാണെന്നും പക്ഷാന്തരമുണ്ട്. അദ്ദേഹം നൂഹ് (അ) നബിയുടെ പിതാവിന്‍റെ പിതാമഹാനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ‘ഹാനൂക്കിന്‍റെ ആയുഷ്ക്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. ഹാനൂക്ക് ദൈവത്തോടുകൂടെ നടന്നു. ദൈവം അവനെ എടുത്തുകൊണ്ടു പോയതിനാല്‍ കാണാതെയായി.’ എന്നു ബൈബ്ള്‍ (ഉല്‍പത്തി: 5ല്‍ 23, 24) പറയുന്നു. ഒരു പക്ഷേ ഈ പറഞ്ഞതില്‍ നിന്നായിരിക്കാം അദ്ദേഹത്തെ സംബന്ധിച്ചു മേല്‍ സൂചിപ്പിച്ച കഥകള്‍ ഉടലെടുത്തത്. الله اعلم
ആദ്യമായി പേനകൊണ്ടെഴുതിയത്, വസ്ത്രം തുന്നുവാന്‍ തുടങ്ങിയത്, ഗണിതവും കണക്കും ആദ്യം പഠിച്ചത്, ഇങ്ങിനെ പലതും അദ്ദേഹത്തിന്‍റെ പ്രത്യേകതകളായി പല ചരിത്രകാരന്മാരും, ഖുര്‍ആന്‍ വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാചകപ്രധാനികളായ പലരെക്കുറിച്ചും പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു:
- أُو۟لَٰٓئِكَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنْ حَمَلْنَا مَعَ نُوحٍ وَمِن ذُرِّيَّةِ إِبْرَٰهِيمَ وَإِسْرَٰٓءِيلَ وَمِمَّنْ هَدَيْنَا وَٱجْتَبَيْنَآ ۚ إِذَا تُتْلَىٰ عَلَيْهِمْ ءَايَٰتُ ٱلرَّحْمَٰنِ خَرُّوا۟ سُجَّدًا وَبُكِيًّا ۩ ﴾٥٨﴿
- അക്കൂട്ടര്‍ [മേല്‍ പ്രസ്താവിക്കപ്പെട്ടവര്‍] ആദമിന്‍റെ സന്തതികളില്‍നിന്നു അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള പ്രവാചകന്മാരാകുന്നു. നൂഹിന്‍റെ കൂടെ നാം [അല്ലാഹു; കപ്പലില്‍] വഹിച്ചു കൊണ്ടു പോയവരിലും, ഇബ്രാഹീമിന്‍റെയും, ഇസ്രാഈലിന്‍റെ [യഅ്ഖൂബിന്‍റെ]യും സന്തതികളിലുംപെട്ടവരും; നാം സന്മാര്‍ഗ്ഗം നല്‍കുകയും തിരെഞ്ഞെടുക്കുകയും ചെയ്തവരില്‍പെട്ടവരും ആകുന്നു. 'പരമകാരുണിക'ന്‍റെ [അല്ലാഹുവിന്‍റെ] ലക്ഷ്യങ്ങള്‍ അവര്‍ക്കു ഓതികേള്‍പ്പിക്കപ്പെടുന്നതായാല്‍, 'സുജൂദ്' [സാഷ്ടാംഗം] ചെയ്യുന്നവരായും, കരയുന്നവരായും കൊണ്ടു അവര്‍ നിലംപതിച്ചു പോകുന്നതാണ്.
- أُولَـٰئِكَ അക്കൂട്ടര്‍ (അവരെല്ലാം) الَّذِينَ യാതൊരു കൂട്ടരാണ് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِم അവരില്‍, അവര്‍ക്കു مِّنَ النَّبِيِّينَ നബിമാരില്‍, നബിമാരുമായുള്ള مِن ذُرِّيَّةِ آدَمَ ആദമിന്‍റെ സന്തതികളില്‍നിന്നു وَمِمَّنْ യാതൊരു കൂട്ടരില്‍ നിന്നും حَمَلْنَا നാം വഹിച്ചുകൊണ്ടുപോയ مَعَ نُوحٍ നൂഹിന്‍റെ കൂടെ وَمِن ذُرِّيَّةِ إِبْرَاهِيمَ ഇബ്രാഹീമിന്‍റെ സന്തതികളില്‍ നിന്നും وَإِسْرَائِيلَ ഇസ്രാഈലിന്‍റെ (യഅ്ഖൂബിന്‍റെ) യും وَمِمَّنْ هَدَيْنَا നാം മാര്‍ഗ്ഗദര്‍ശനം ചെയ്തവരില്‍ നിന്നും وَاجْتَبَيْنَا നാം തിരെഞ്ഞെടുക്കുകയും ചെയ്തു إِذَا تُتْلَىٰ ഓതികൊടുക്കപ്പെട്ടാല്‍, ഓതി കേള്‍പ്പിക്കപ്പെട്ടാല്‍ عَلَيْهِمْ അവര്‍ക്കു, അവരില്‍ آيَاتُ الرَّحْمَـٰنِ റഹ്മാന്‍റെ (പരമകാരുണികന്‍റെ) ലക്ഷ്യങ്ങള്‍ (വേദവാക്യങ്ങള്‍) خَرُّوا അവര്‍ നിലം പതിക്കും, വീണുപോകും سُجَّدًا സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നവരായി وَبُكِيًّا കരയുന്നവരായും
സുജൂദിന്‍റെ ആയത്തുകളില്‍ – ഓതുകയോ, കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ഒരു സുജൂദു ചെയ്യേണ്ടതുള്ള ആയത്തുകളില്‍ ഒന്നാണ് – ഈ ആയത്തും. അല്ലാഹുവിനു സുജൂദു (സാഷ്ടാംഗനമസ്കാരം) ചെയ്‌വാന്‍ പ്രോല്‍സാഹിപ്പിച്ചുകൊണ്ടുള്ള വേറെ ചില ആയത്തുകള്‍ക്കു ശേഷവും ഇതുപോലെ സുജൂദു ചെയ്യേണ്ടതുണ്ടെന്ന് നബി (സ)യുടെ സുന്നത്തില്‍ വന്നിട്ടുണ്ട്. ഓത്തിന്‍റെ സുജൂദു (سجود التلاوة) എന്ന പേരിലാണ് ഈ സുജൂദുകള്‍ അറിയപ്പെടുന്നത്: മേല്‍പറഞ്ഞ നബിമാരുടെ ഒരു മാതൃക എന്ന നിലക്ക് ഇവിടെ നാമും അല്ലാഹുവിനു ഒരു സുജൂദു ചെയ്യുന്നതു അനുയോജ്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഈ സൂറത്തില്‍ ഇതുവരെ പ്രസ്താവിക്കപ്പെട്ട എല്ലാ നബിമാരും, ആദം നബിയുടെ സന്തതികള്‍ തന്നെ. നൂഹ് നബിയുടെ കാലത്തുണ്ടായ ചരിത്രപ്രസിദ്ധമായ ജലപ്രളയത്തില്‍ അദ്ദേഹമൊന്നിച്ചു കപ്പലില്‍ കയറി രക്ഷപ്പെട്ടവരുടെ സന്തതികളിലും എല്ലാവരും ഉള്‍പ്പെടുന്നു. ഇബ്രാഹീം നബിയുടെ സന്തതികളില്‍ ഇസ്ഹാഖ്, യഅ്ഖൂബ്, ഇസ്മാഈല്‍, മൂസാ, ഹാറുന്‍, സകരിയ്യാ, യഹ്‌യാ, ഈസാ എന്നീ നബിമാർ ഉൾപ്പെടുന്നു. ഇസ്രാഈൽ എന്ന യഅ്ഖൂബിന്റെ സന്തതികളിൽ മൂസാ, ഹാറൂൻ, സകരിയ്യാ, യഹ്‌യാ, ഈസാ عليهم السلام (എല്ലാവരിലും സമാധാനശാന്തി ഉണ്ടായിരിക്കട്ടെ!) എന്നിവരും ഉള്‍പ്പെടുന്നു. ‘നാം സന്മാര്‍ഗ്ഗം നല്‍കുകയും, തിരെഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവര്‍’ എന്നു വിശേഷിപ്പിച്ചതില്‍ എല്ലാവരും വീണ്ടും ഉള്‍പ്പെടുന്നു.
ഇപ്പറഞ്ഞ മഹാന്‍മാരെല്ലാം തന്നെ, അല്ലാഹുവോടു അങ്ങേഅറ്റത്തെ ഭക്തിയുള്ളവരും, അവന്‍റെ കല്‍പനകളും, സന്ദേശങ്ങളും, ദൃഷ്ടാന്തങ്ങളുമാകുന്ന ലക്ഷ്യങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസമുള്ളവരും ആയിരുന്നു. അവരുടെ വിനയാധിക്യവും, ഭയഭക്തിയും നിമിത്തം, അല്ലാഹുവിന്‍റെ ലക്ഷ്യങ്ങള്‍ കേള്‍ക്കുമ്പോഴേക്കും അവര്‍ കരഞ്ഞുകൊണ്ടു സുജൂദായി വീണുപോകുമായിരുന്നു. അല്ലാഹുവിന്‍റെ തിരുവചനങ്ങളും ലക്ഷ്യങ്ങളും കേള്‍ക്കുമ്പോള്‍ കരയുക എന്നതു അതിനോടുള്ള ബഹുമാനവും, അവനോടുള്ള ഭക്തിയുമാണ് കാണിക്കുന്നതെന്ന് സ്പഷ്ടമാണല്ലോ. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കരയുന്നതിനു നബിവചനങ്ങളില്‍ പ്രോല്‍സാഹിക്കപ്പെട്ടിട്ടുള്ളതു ഇതുകൊണ്ടാകുന്നു.
- ۞ فَخَلَفَ مِنۢ بَعْدِهِمْ خَلْفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَٰتِ ۖ فَسَوْفَ يَلْقَوْنَ غَيًّا ﴾٥٩﴿
- എന്നാല്‍, അവരുടെ [ആ നബിമാരുടെ] ശേഷം, ഒരു (തരം) പിന്‍ഗാമികള്‍ പിന്നീടു സ്ഥാനത്തുവന്നു; അവര്‍ നമസ്കാരം പാഴാക്കികളയുകയും, സ്വേച്ഛകളെ പിന്‍തുടരുകയും ചെയ്തു: അതിനാല്‍ അവര്‍ ദുര്‍മ്മാര്‍ഗ്ഗ(ഫലം) പുറകെ കണ്ടെത്തുന്നതാണ്:-
- فَخَلَفَ എന്നാല്‍ പിന്നീടുസ്ഥാനത്തുവന്നു, എന്നിട്ടു പിന്നിട്ടുണ്ടായി مِن بَعْدِهِمْ അവരുടെ (ആ നബിമാരുടെ) ശേഷം خَلْفٌ ഒരു (തരം) പിന്‍ഗാമികള്‍ أَضَاعُوا അവര്‍ പാഴാക്കി الصَّلَاةَ നമസ്കാരം وَاتَّبَعُوا അവര്‍ പിന്‍തുടരുകയും ചെയ്തു الشَّهَوَاتِ ദേഹേച്ഛകളെ, സ്വേച്ഛകളെ, തന്നിഷ്ടങ്ങളെ فَسَوْفَ ആകയാല്‍ പുറകെ, വഴിയെ يَلْقَوْنَ അവര്‍ കണ്ടെത്തും غَيًّا ദുര്‍മ്മാര്‍ഗ്ഗം (ദുര്‍മ്മാര്‍ഗ്ഗഫലം)
- إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ شَيْـًٔا ﴾٦٠﴿
- പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ ഒഴികെ. അവരാകട്ടെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതാണ്; അവര്‍ ഒട്ടും തന്നെ അക്രമിക്കപ്പെടുന്നതുമല്ല;-
- إِلَّا مَن യാതൊരുവരൊഴികെ تَابَ അവര്‍ പശ്ചാത്തപിച്ചു, ഖേദിച്ചുമടങ്ങി وَآمَنَ വിശ്വസിക്കുകയും ചെയ്തു وَعَمِلَ അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു صَالِحًا സല്‍ക്കര്‍മ്മം, നല്ലതു فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ يَدْخُلُونَ അവര്‍ പ്രവേശിക്കും الْجَنَّةَ സ്വര്‍ഗ്ഗത്തില്‍ وَلَا يُظْلَمُون അവര്‍ അക്രമിക്കപ്പെടുകയുമില്ല شَيْئًا ഒട്ടും, ഒന്നും
മേല്‍പറഞ്ഞ നബിമാരുടെ കാലങ്ങള്‍ക്കുശേഷം അവരുടെ പിന്‍ഗാമികളായി രംഗത്തുവന്ന ഓരോ തലമുറകള്‍, ആ പ്രവാചകന്മാരാല്‍ പ്രബോധനം ചെയ്യപ്പെട്ട സത്യമാര്‍ഗ്ഗത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ വിസ്മരിച്ചു കളഞ്ഞു. അതിന്‍റെ സത്തയും അന്തസാരവും പാഴാക്കി. അവര്‍ തങ്ങളുടെ ദേഹേഛകളെ പൂജിക്കുന്നവരായിത്തീര്‍ന്നു. ഇന്നും ആ മഹാന്മാരുടെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്ന കക്ഷികളുടെ നില മിക്കവാറും അതുതന്നെ. അതിന്‍റെ ദുരന്തഫലം അവര്‍ അനുഭവിക്കാതിരിക്കുകയില്ല.
മനുഷ്യന്‍ എത്രതന്നെ പിഴച്ചുപോയാലും, അതില്‍നിന്നു ഖേദിച്ചു പശ്ചാത്തപിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കും. അവന്‍ കാരുണ്യവാനും കരുണാനിധിയുമാകുന്നു. പശ്ചാത്താപത്തിന്‍റെ അടിസ്ഥാനം ശരിയായ വിശ്വാസവും, അതിന്‍റെ അനിവാര്യഫലം സല്‍ക്കര്‍മ്മവുമാണ്. അതിനാല്‍, അതു രണ്ടും പ്രകടമാകുമ്പോഴേ പശ്ചാത്താപം യഥാര്‍ത്ഥമായിത്തീരുകയുള്ളു. ഇത്തരത്തിലുള്ള പശ്ചാത്താപം മൂലം, ചെയ്തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നു മാത്രമല്ല, പാപം ചെയ്യാത്തവനെപ്പോലെ ആയിത്തീരുകയും ചെയ്യുന്നു. ‘അവര്‍ ഒട്ടും അക്രമിക്കപ്പെടുകയില്ല’ (وَلَا يُظْلَمُونَ شَيْئًا) എന്ന വാക്യത്തില്‍ നിന്നു തന്നെ ഇതു മനസ്സിലാക്കാം. ‘പാപത്തില്‍ നിന്നു പശ്ചാത്തപിക്കുന്നവന്‍ പാപമില്ലാത്തവനെപോലെയാകുന്നു.’ (التًائِبُ مِن الذَنبِ كمن لا ذنبَ له) എന്നു നബി വചനത്തിലും വന്നിട്ടുണ്ട്. അത്രയുമല്ല, പാപങ്ങളുടെ സ്ഥാനത്തു കാരുണ്യവാനായ അല്ലാഹു പുണ്യകര്‍മ്മങ്ങളുടെ പ്രതിഫലം നല്‍കുകകൂടി ചെയ്യുന്നതാണെന്നു സൂറത്തുല്‍ ഫുര്‍ഖാനില്‍ നമ്മെ അറിയിക്കുന്നു.
إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ – سورة الفرقان – ٧٠
‘….. പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ – അവരാകട്ടെ, അവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കളയുന്നതാണ്.’
പ്രവാചകന്മാരുടെ മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ചവരുടെ രണ്ടു ദുര്‍ഗുണങ്ങളാണ് അല്ലാഹു ഇവിടെ എടുത്തുപറഞ്ഞത് – നമസ്കാരം പാഴാക്കിയതും, സ്വേച്ഛകളെ പിന്‍പറ്റിയതും, ഇതു ശ്രദ്ധേയമാകുന്നു. ആരാധനകളുടെ കഴമ്പായ നമസ്കാരം വിശ്വാസത്തിന്‍റെ ചൈതന്യമാകുന്നു. അതിന്‍റെ സാക്ഷാല്‍ ചൈതന്യം പോയിക്കഴിഞ്ഞാല്‍ മറ്റുള്ള നന്മകളെല്ലാം നഷ്ടമായിത്തീരുന്നതാണ്. നേരെമറിച്ച് പാപങ്ങളുടെയെല്ലാം നിദാനം ഇച്ഛാപൂജയല്ലാതെ മറ്റെന്താണ്?! ദൈവവിശ്വാസികളും, അല്ലാത്തവരും തമ്മിലുള്ള വ്യത്യാസവും നമസ്കാരം മുഖേനയാണ് യഥാര്‍ത്ഥീകരിക്കുന്നത്. ഒരു ദൈവത്തില്‍ വിശ്വസിക്കുന്ന ഒരാള്‍, അവന്‍ വിശ്വസിക്കുന്ന ദൈവത്തെ പ്രാര്‍ത്ഥിച്ചും, ആ ദൈവത്തെ ഭക്തിപൂര്‍വ്വം ആരാധിച്ചും വരുക സ്വാഭാവികമാണ്. ദൈവനിഷേധികള്‍ക്കാകട്ടെ, സ്വേച്ഛകള്‍ പൂര്‍ത്തിയാക്കുകയെന്നതില്‍ കവിഞ്ഞു ഒന്നും വേണ്ടാതായിട്ടില്ലല്ലോ.
അതുകൊണ്ടാണ് നമസ്കാരമാകുന്ന പ്രാര്‍ത്ഥനാകര്‍മ്മം വിശ്വാസത്തിന്‍റെ സാക്ഷാല്‍ അടയാളമായി ഗണിക്കപ്പെട്ടിട്ടുള്ളത്. നമസ്കാരത്തിന്‍റെ നിര്‍വ്വഹണ രൂപങ്ങളില്‍, മതങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടെങ്കിലും, എല്ലാ മതസ്ഥരും അവരുടെ മതജീവിതത്തിന്‍റെ അടിസ്ഥാനം നമസ്കാരത്തിന്‍മേല്‍ കെട്ടിപ്പടുത്തു കാണാവുന്നതാണ്. ഇതു അലങ്കോലപ്പെട്ടുപോകുന്നതോടുകൂടി മതപരമായ ജീവിതവും താറുമാറായിത്തീരുന്നു. ഒരാളുടെ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടക്കുള്ള വരമ്പു നമസ്കാരമാണെന്ന് നബി (സ) തിരുമേനി അരുളിചെയ്ത ഒരു ഹദീസ് (إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلَاةِ) ഈ പരമാര്‍ത്ഥമാണ് ചൂണ്ടിക്കാട്ടുന്നത്.
പശ്ചാത്തപിക്കുന്നവര്‍ക്കു യാതൊരു കുറവും കോട്ടവും പറ്റാതെ, സ്വര്‍ഗ്ഗം പൂകുവാനുള്ള ഭാഗ്യം ലഭിക്കുമെന്നു പറഞ്ഞുവല്ലോ. പ്രസ്തുത സ്വര്‍ഗ്ഗത്തിന്‍റെ ചുരുങ്ങിയ വിവരണമാണു അടുത്ത വചനങ്ങളിലുള്ളത്.
- جَنَّٰتِ عَدْنٍ ٱلَّتِى وَعَدَ ٱلرَّحْمَٰنُ عِبَادَهُۥ بِٱلْغَيْبِ ۚ إِنَّهُۥ كَانَ وَعْدُهُۥ مَأْتِيًّا ﴾٦١﴿
- അതായതു, പരമകാരുണികന്‍ [അല്ലാഹു] അവന്‍റെ (സ്വന്തം) അടിയാന്മാരോടു, അദൃശ്യമായ നിലയില്‍ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങളില്‍ (പ്രവേശിക്കും); നിശ്ചയമായും, അവന്‍റെ വാഗ്ദാനം (നിറവേറ്റി) കൊടുക്കപ്പെടുന്നതു തന്നെയാകുന്നു.
- جَنَّاتِ عَدْنٍ (അതായതു) സ്ഥിരവാസത്തിന്‍റെ സ്വര്‍ഗ്ഗങ്ങള്‍ الَّتِي യാതൊരുവിധമുള്ള وَعَدَ الرَّحْمَـٰنُ റഹ്മാന്‍ (പരമകാരുണികന്‍) വാഗ്ദാനം ചെയ്തിരിക്കുന്നു عِبَادَهُ അവന്‍റെ അടിയാന്മാരോടു بِالْغَيْبِ അദൃശ്യമായ (കാണപ്പെടാത്ത) നിലയില്‍ إِنَّهُ كَانَ നിശ്ചയമായും ആകുന്നു وَعْدُهُ അവന്‍റെ വാഗ്ദാനം مَأْتِيًّا നല്‍കപ്പെടുന്നതു, കൊടുക്കപ്പെടുന്നതു
- لَّا يَسْمَعُونَ فِيهَا لَغْوًا إِلَّا سَلَٰمًا ۖ وَلَهُمْ رِزْقُهُمْ فِيهَا بُكْرَةً وَعَشِيًّا ﴾٦٢﴿
- അവര്‍ അവിടെവെച്ച് 'സലാമ'ല്ലാതെ - നിരര്‍ത്ഥകമായ യാതൊന്നും - കേള്‍ക്കുകയില്ല. അവര്‍ക്കു അവിടെ, തങ്ങളുടെ ഉപജീവനം [ആഹാരം] കാലത്തും വയ്യിട്ടും ഉണ്ടായിരിക്കുന്നതുമാണ്.
- لَّا يَسْمَعُونَ അവര്‍ കേള്‍ക്കയില്ല فِيهَا അതില്‍, അവിടെവെച്ചു لَغْوًا ഒരു നിരര്‍ത്ഥവും അനാവശ്യവും إِلَّا سَلَامًا 'സലാമ'ല്ലാതെ, സമാധാനശാന്തിയല്ലാതെ وَلَهُمْ അവര്‍ക്കുണ്ടായിരിക്കുകയും ചെയ്യും رِزْقُهُمْ അവരുടെ ആഹാരം, ഉപജീവനം. ജീവിത വിഭവം فِيهَا അതില്‍, അവിടത്തില്‍ بُكْرَةً രാവിലെ, കാലത്തു وَعَشِيًّا വൈകുന്നേരവും, വയ്യിട്ടും
- تِلْكَ ٱلْجَنَّةُ ٱلَّتِى نُورِثُ مِنْ عِبَادِنَا مَن كَانَ تَقِيًّا ﴾٦٣﴿
- നമ്മുടെ അടിയാന്മാരില്‍നിന്നു ആര്‍ ഭയഭക്തരായിരുന്നുവോ അവര്‍ക്കു നാം അവകാശപ്പെടുത്തിക്കൊടുക്കുന്ന സ്വര്‍ഗ്ഗമത്രെ, അത്.
- تِلْكَ അതു(അപ്പറഞ്ഞതു) الْجَنَّةُ സ്വര്‍ഗ്ഗമാകുന്നു الَّتِي യാതൊരു (സ്വര്‍ഗ്ഗം) نُورِثُ നാം അവകാശപ്പെടുത്തികൊടുക്കും مِنْ عِبَادِنَا നമ്മുടെ അടിയാന്മാരില്‍ നിന്നു مَن كَانَ ആയിട്ടുള്ളവനു تَقِيًّا ഭയഭക്തന്‍, സൂക്ഷ്മതയുള്ളവന്‍
അല്ലാഹുവിന്‍റെ പ്രീതിക്കു പാത്രീഭവിക്കുന്ന ഭയഭക്തന്മാരായ അവന്‍റെ അടിയാന്മാര്‍ക്ക് അവന്‍ വാഗ്ദാനം ചെയ്ത സ്വര്‍ഗ്ഗത്തില്‍ – അത് നേരില്‍ കാണാതെത്തന്നെ – അവര്‍ വിശ്വസിക്കുകയും, ആ മഹാഭാഗ്യസിദ്ധിക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്തു. കേവലം അദൃശ്യമെന്നുവെച്ച് അവര്‍ അതു അവഗണിച്ചില്ല. അതിനാല്‍ സര്‍വ്വസുഖസമ്പൂര്‍ണ്ണമായ നിലയില്‍ അതവര്‍ക്കു അല്ലാഹു അവകാശപ്പെടുത്തിയിരിക്കയാണ്. അനാവശ്യങ്ങളോ, അസഭ്യങ്ങളോ ആയ ഒരു ശബ്ദവും അവര്‍ അവിടെ കേള്‍ക്കേണ്ടി വരികയില്ല. എവിടെയും – മലക്കുകളില്‍ നിന്നും തമ്മതമ്മിലുമായി – ശാന്തിയുടെയും, സമാധാനത്തിന്‍റെയും സന്ദേശമാകുന്ന സലാം മാത്രമായിരിക്കും അവരെ സ്വാഗതം ചെയ്യുക. ഇഹത്തിലും, പരത്തിലുമെല്ലാം തന്നെ, മനുഷ്യനു ഏറ്റവുമധികം ആനന്ദപ്രദമായി സമാധാനമല്ലാതെ മറ്റെന്താണുള്ളത്?! അതുകൊണ്ടുതന്നെയാണു, മുസ്‌ലിംകള്‍ തമ്മില്‍ കാണുമ്പോഴും, നമസ്കാരത്തിലുമൊക്കെ സലാമിന്‍റെ വിവിധ രൂപങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളതും.
ഭക്ഷണപാനീയങ്ങള്‍ തുടങ്ങിയ ജീവിത വിഭവങ്ങള്‍ നിരന്തരമായും, പരിപൂര്‍ണ്ണമായും അവര്‍ക്കവിടെ ലഭിക്കുന്നു. അവര്‍ ഇച്ഛിക്കുകയും, ആഗ്രഹിക്കുകയും ചെയ്യുന്നതെന്തോ അതെല്ലാം അവര്‍ക്കവിടെയുണ്ട്.
وَلَكُمْ فِيهَا مَا تَشْتَهِي أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ – سورة فصلت – ٣١
(നിങ്ങള്‍ എന്തു ഇച്ഛിക്കുന്നുവോ അതു നിങ്ങള്‍ക്ക് അവിടെയുണ്ട്, നിങ്ങള്‍ എന്തു ആവശ്യപ്പെടുന്നുവോ അതും നിങ്ങള്‍ക്ക് അവിടെയുണ്ട്.) ‘കാലത്തും വയ്യിട്ടും’ എന്നു പറഞ്ഞതിന്‍റെ താല്‍പര്യം നിത്യവും നിരന്തരവും എന്നത്രെ.
മുന്‍കഴിഞ്ഞുപോയ പ്രവാചകവര്യന്മാരില്‍ പലരുടെയും ചരിത്രങ്ങള്‍ വിവരിച്ചു. പിന്നീടു അവരുടെ പിന്‍ഗാമികളുടെ നിലപാടുകളും വിവരിച്ചു. തുടര്‍ന്നുകൊണ്ട് പാപങ്ങളില്‍നിന്നു പശ്ചാത്തപിച്ചു സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുന്നവരുടെ മഹത്തായ പ്രതിഫലത്തെപ്പറ്റി ഉണര്‍ത്തുകയും ചെയ്തു. അടുത്തതായി പ്രവാചകന്‍മാര്‍ക്കു ദിവ്യസന്ദേശങ്ങള്‍ കൊണ്ടുവരുന്ന മലക്കുകള്‍ വരുന്നതു അല്ലാഹുവിന്‍റെ കല്‍പനപ്രകാരം മാത്രമാണെന്നും, പ്രവാചകന്മാര്‍ ആശിക്കുമ്പോഴെല്ലാം അതു ലഭിക്കുന്നതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് നബി (സ) യെ സമാശ്വസിപ്പിക്കുകയാണ്. ഒരവസരത്തില്‍ നബി (സ) തിരുമേനിക്കു വഹ്‌യു (ദിവ്യസന്ദേശം) വരുവാന്‍ സാധാരണയില്‍കവിഞ്ഞ് താമസിക്കുകയുണ്ടായി. പ്രസ്തുത ഭാഗ്യം എപ്പോഴും സിദ്ധിച്ചുകൊണ്ടിരിക്കുവാന്‍ സ്വാഭാവികമായും ആശിച്ചുകൊണ്ടിരിക്കുന്ന തിരുമേനിക്കു അതിനാല്‍ മനഃക്ലേശം നേരിട്ടു. അതിനും പുറമെ മുശ്രിക്കുകളുടെ പരിഹാസവാക്കുകളും കേട്ടപ്പോള്‍ മനോദുഃഖം അധികമാകുകയും, ആവേശം വര്‍ദ്ധിക്കുകയും ചെയ്തു. അടുത്ത പ്രാവശ്യം ജിബ്രീല്‍ (അ) വന്നപ്പോള്‍ തിരുമേനി ചോദിച്ചു: ‘ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതിലും കൂടുതലായി നമ്മെ സന്ദര്‍ശിക്കുവാന്‍ വരുന്നതിനു താങ്കള്‍ക്കെന്താണു മുടക്കം?!’ (ما يمنعك ان تزورنا اكثر مما تزورنا) ഇതിനെത്തുടര്‍ന്നു ജനങ്ങള്‍ മനസ്സിലാക്കിയിരിക്കേണ്ടുന്ന ഒരു വലിയ തത്വം അടക്കം ചെയ്തുകൊണ്ടുള്ള താഴെ കാണുന്ന വചനം – മലക്കിന്‍റെ ഭാഷയിലായി – അല്ലാഹു അവതരിപ്പിച്ചു:-
- وَمَا نَتَنَزَّلُ إِلَّا بِأَمْرِ رَبِّكَ ۖ لَهُۥ مَا بَيْنَ أَيْدِينَا وَمَا خَلْفَنَا وَمَا بَيْنَ ذَٰلِكَ ۚ وَمَا كَانَ رَبُّكَ نَسِيًّا ﴾٦٤﴿
- (നബിയേ,) തന്‍റെ രക്ഷിതാവിന്‍റെ കല്‍പനപ്രകാരമല്ലാതെ ഞങ്ങള്‍ [മലക്കുകള്‍] ഇറങ്ങുന്നില്ല; നമ്മുടെ മുന്നിലുള്ളതും, പിന്നിലുള്ളതും, അതിനിടയിലുള്ളതും (എല്ലാം) അവന്‍റേതുതന്നെ; തന്‍റെ രക്ഷിതാവു വിസ്മരിക്കുന്നവനല്ല;
- وَمَا نَتَنَزَّلُ ഞങ്ങള്‍ ഇറങ്ങുന്നില്ല إِلَّا بِأَمْرِ കല്‍പനപ്രകാരമല്ലാതെ رَبِّكَ നിന്‍റെ റബ്ബിന്‍റെ لَهُ അവന്‍റേതാണ്, അവന്നാണ് مَا بَيْنَ أَيْدِينَا നമ്മുടെ മുന്നിലുള്ളതു وَمَا خَلْفَنَا നമ്മുടെ പിന്നിലുള്ളതും وَمَا بَيْنَ ذَٰلِكَ അതിന്‍റെ ഇടയിലുള്ളതും وَمَا كَانَ അല്ല, ആയിട്ടില്ല رَبُّكَ നിന്‍റെ റബ്ബ്, തന്‍റെ റബ്ബ് نَسِيًّا മറക്കുന്നവന്‍, മറവിക്കാരന്‍
- رَّبُّ ٱلسَّمَٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَا فَٱعْبُدْهُ وَٱصْطَبِرْ لِعِبَٰدَتِهِۦ ۚ هَلْ تَعْلَمُ لَهُۥ سَمِيًّا ﴾٦٥﴿
- '(അവന്‍) ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയുടെ ഇടയിലുള്ളതിന്‍റെയും റബ്ബാകുന്നു. അതിനാല്‍, അവനെ (മാത്രം) ആരാധിച്ചുകൊള്ളുക; അവനെ ആരാധിക്കുന്നതില്‍ സഹനമെടുക്കുകയും ചെയ്തുകൊള്ളുക. അവനോടു പേരൊത്ത വല്ലവരെയും താന്‍ അറിയുമോ?! [ഇല്ല]
- رَّبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബാണ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا അവ രണ്ടിനുമിടയിലുള്ളതിന്‍റെയും فَاعْبُدْهُ ആകയാല്‍ നീ അവനെ ആരാധിക്കുക وَاصْطَبِرْ സഹനമെടുക്കുക (ക്ഷമ സ്വീകരിക്കുക)യും ചെയ്യുക لِعِبَادَتِهِ അവനെ ആരാധിക്കുന്നതില്‍, അവനെ ആരാധിക്കുന്നതിനായി هَلْ تَعْلَمُ നീ അറിയുമോ, നിനക്കറിയാമോ لَهُ അവനു سَمِيًّا പേരൊത്തവനെ, തുല്യനെ, നാമധാരിയെ
ആകാശഭൂമികളെയും, അവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്ന മറ്റു വസ്തുക്കളെയും സൃഷ്ടിച്ച് രക്ഷിച്ച് പരിപാലിച്ചുവരുന്ന രക്ഷിതാവ്, പ്രപഞ്ചകാര്യങ്ങളുടെ നിയന്താവ് എന്നിങ്ങനെയുള്ള നാമത്തിനു അര്‍ഹന്‍ തന്‍റെ റബ്ബായ അല്ലാഹുവാണല്ലോ. ഈ പേരിനോ, അല്ലെങ്കില്‍ അവന്‍റെ ഉല്‍കൃഷ്ടഗുണങ്ങളെ വര്‍ണ്ണിച്ചുകാണിക്കുന്ന മറ്റേതെങ്കിലും നാമങ്ങള്‍ക്കോ അര്‍ഹതയുള്ള വേറെ വല്ലവരെയും തനിക്കു അറിയാമോ? ഇല്ലെന്നു തീര്‍ച്ചയാണ്. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. ആ വിഷയത്തില്‍ നേരിട്ടേക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും, വിഷമങ്ങളെയും സഹനപൂര്‍വ്വം തരണം ചെയ്തു മുന്നോട്ടുപോയിക്കൊണ്ടിരിക്കണം എന്നു സാരം. പ്രത്യക്ഷത്തില്‍, ഈ കല്‍പന നബി (സ)യെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും, സമുദായത്തിലെ ഓരോ വ്യക്തിയേയും ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തമാണ്. പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അതില്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളേയും സഹനത്തോടെ തരണം ചെയ്യുക എന്നിങ്ങനെ രണ്ടു കാര്യമാണ് ഈ കല്‍പനയില്‍ അടങ്ങിയിരിക്കുന്നത്. വാസ്തവത്തില്‍ ഈ രണ്ടു കാര്യങ്ങളില്‍ ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും അടങ്ങിയിട്ടുണ്ടെന്നു പറയാം.