സൂറത്തുന്നാസിആത്ത് : 27-46
വിഭാഗം - 2
- ءَأَنتُمْ أَشَدُّ خَلْقًا أَمِ ٱلسَّمَآءُ ۚ بَنَىٰهَا ﴾٢٧﴿
- നിങ്ങളാണോ സൃഷ്ടിക്കപ്പെടുവാന്‍ കൂടുതല്‍ പ്രയാസപ്പെട്ടവര്‍, അതല്ല, ആകാശമോ?! അതിനെ അവന് നിര്‍മിച്ചിരിക്കുന്നു.
- أَأَنتُمْ നിങ്ങളാണോ أَشَدُّ കൂടുതല്‍ ശക്തമായവര്‍, പ്രയാസപ്പെട്ടവര്‍ خَلْقًا സൃഷ്ടിയില്‍ أَمِ السَّمَاءُ അതല്ല ആകാശമോ بَنَاهَا അതവന് നിര്മ്മി(സ്ഥാപി)ച്ചിരിക്കുന്നു
- رَفَعَ سَمْكَهَا فَسَوَّىٰهَا ﴾٢٨﴿
- അതിന്റെ മേല്‍ഭാഗം അവന് ഉയര്‍ത്തി; അങ്ങനെ അതിനെ (പരിപൂര്‍ണമായി) ശരിപ്പെടുത്തി.
- رَفَعَ അവന് ഉയര്‍ത്തി سَمْكَهَا അതിന്റെ മേല്‍ (ഉപരി) ഭാഗം فَسَوَّاهَا അങ്ങനെ അതിനെ ശരിപ്പെടുത്തി
- وَأَغْطَشَ لَيْلَهَا وَأَخْرَجَ ضُحَىٰهَا ﴾٢٩﴿
- അതിലെ രാത്രിയെ അവന് ഇരുട്ടിയതാക്കുകയും, അതിലെ വെളിച്ചം [പകലിനെ] അവന് പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു;
- وَأَغْطَشَ അവന് ഇരുട്ടിയതാക്കുകയും ചെയ്തു لَيْلَهَا അതിന്റെ രാത്രിയെ وَأَخْرَجَ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു ضُحَاهَا അതിന്റെ വെളിച്ചം
- وَٱلْأَرْضَ بَعْدَ ذَٰلِكَ دَحَىٰهَآ ﴾٣٠﴿
- ഭൂമിയെ അതിനുശേഷം അവന് (പരത്തി) വിതാനിക്കുകയും ചെയ്തിരിക്കുന്നു;
- وَالْأَرْضَ ഭൂമിയെയും بَعْدَ ذَلِكَ അതിനുശേഷം دَحَاهَا അതിനെ അവന് പരത്തി, വിതാനം ചെയ്തു
- أَخْرَجَ مِنْهَا مَآءَهَا وَمَرْعَىٰهَا ﴾٣١﴿
- അതില്‍ നിന്ന് അതിലെ (ഉറവു) ജലവും അതിലെ മേച്ചില്‍ സ്ഥലവും [സസ്യലതാദികളും] അവന് പുറപ്പെടുവിച്ചു;
- أَخْرَجَ പുറപ്പെടുവിച്ചു مِنْهَا അതില്‍ നിന്ന് مَاءَهَا അതിലെ വെള്ളം وَمَرْعَاهَا അതിലെ മേച്ചില്‍ (മേയുന്ന) സ്ഥലവും
- وَٱلْجِبَالَ أَرْسَىٰهَا ﴾٣٢﴿
- മലകളെയും (അതില്‍) ആണിയിട്ടുറപ്പിച്ചു:-
- وَالْجِبَالَ മലകളെയും أَرْسَاهَا അവയെ അവന് ആണിയിട്ടു, ഉറപ്പിച്ചു
- مَتَٰعًا لَّكُمْ وَلِأَنْعَٰمِكُمْ ﴾٣٣﴿
- നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്.
- مَتَاعًا ഉപയോഗത്തിനായിട്ട് لَّكُمْ നിങ്ങള്‍ക്കും وَلِأَنْعَامِكُمْ നിങ്ങളുടെ കന്നുകാലികള്‍ക്കും
ഇതെല്ലാം ചെയ്ത അല്ലാഹുവിന് നിങ്ങള്‍ക്ക് രണ്ടാമതൊരു ജീവിതം നല്കുവാനും പരലോകമെന്ന മറ്റൊരു ലോകം സൃഷ്ടിക്കുവാനും കഴിയാതെ വരുമോ ?! ആലോചിച്ചു നോക്കുക. നിത്യസത്യങ്ങളാകുന്ന ഇത്തരം ദൃഷ്ടാന്തങ്ങളെ മുമ്പില്‍ വെച്ചുകൊണ്ട് അല്ലാഹു പറയുന്നു:-
- فَإِذَا جَآءَتِ ٱلطَّآمَّةُ ٱلْكُبْرَىٰ ﴾٣٤﴿
- എന്നാല്‍ (എല്ലാറ്റിനെയും) അടക്കിജയിക്കുന്ന ഏറ്റവും വലിയ വിപത്തു വന്നാല്‍!-
- فَإِذَا جَاءَتِ എന്നാല്‍ വന്നാല്‍, വരുമ്പോള്‍ الطَّامَّةُ അടക്കി ജയിക്കുന്ന (മഹാ) വിപത്ത് الْكُبْرَى വമ്പിച്ച, ഏറ്റവും വലിയ
- يَوْمَ يَتَذَكَّرُ ٱلْإِنسَٰنُ مَا سَعَىٰ ﴾٣٥﴿
- അതായത് മനുഷ്യന് താന്‍ പ്രവര്‍ത്തി (ച്ചു വെ) ച്ചതിനെക്കുറിച്ച് ഓര്‍മിക്കുന്ന ദിവസം;-
- يَوْمَ يَتَذَكَّرُ ഓര്‍മിക്കുന്ന ദിവസം الْإِنسَانُ മനുഷ്യന് مَا سَعَى അവന് പ്രയത്നിച്ചത് (ചെയ്തുവെച്ചത്), പരിശ്രമിച്ചത്
- وَبُرِّزَتِ ٱلْجَحِيمُ لِمَن يَرَىٰ ﴾٣٦﴿
- കത്തിജ്വലിക്കുന്ന നരകം, കാണാവുന്നവര്‍ക്കു (കാണുവാന്‍) വേണ്ടി വെളിക്കുകൊണ്ടു വരപ്പെടുകയും ചെയ്യുന്ന (ദിവസം):-
- وَبُرِّزَتِ വെളിക്കുവരുത്തപ്പെടുകയും ചെയ്യുന്ന الْجَحِيمُ കത്തിജ്വലിക്കുന്ന നരകം لِمَن يَرَى കാണുന്നവര്‍ക്ക്
- فَأَمَّا مَن طَغَىٰ ﴾٣٧﴿
- എന്നാലപ്പോള്‍, യാതൊരുവന് അതിരുവിട്ടിരിക്കുന്നുവോ,-
- فَأَمَّا مَن എന്നാലപ്പോള്‍ യാതൊരുവന് طَغَى അതിരുവിട്ടു
- وَءَاثَرَ ٱلْحَيَوٰةَ ٱلدُّنْيَا ﴾٣٨﴿
- ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരിക്കുന്നുവോ'-
- وَءَاثَرَ പ്രാധാന്യം നല്‍കുകയും (തിരഞ്ഞെടുക്കുകയും) الْحَيَاةَ الدُّنْيَا ഐഹിക ജീവിതത്തിന്, ജീവിതത്തെ
- فَإِنَّ ٱلْجَحِيمَ هِىَ ٱلْمَأْوَىٰ ﴾٣٩﴿
- (അവന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതസ്ഥാനം.
- فَإِنَّ الْجَحِيمَ എന്നാല്‍ കത്തിജ്വലിക്കുന്ന നരകം هِيَ الْمَأْوَى അതുതന്നെ സങ്കേതസ്ഥാനം
- وَأَمَّا مَنْ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفْسَ عَنِ ٱلْهَوَىٰ ﴾٤٠﴿
- അപ്പോള്‍, യാതൊരുവന് തന്റെ റബ്ബിന്റെ സ്ഥാനത്തെ [അവന്റെ മുമ്പില്‍ നില്‍ക്കുന്നതിനെ] ഭയപ്പെടുകയും, മനസ്സിനെ ഇച്ഛയില്‍ നിന്ന് വിലക്കിനിറുത്തുകയും ചെയ്തിരിക്കുന്നുവോ,-
- وَأَمَّا مَنْ خَافَ അപ്പോള്‍ പേടിച്ചവനോ, യാതൊരുവന് ഭയപ്പെട്ടുവോ مَقَامَ رَبِّهِ തന്റെ റബ്ബിന്റെ സ്ഥാനം (റബ്ബിങ്കല്‍ നില്‍ക്കുന്നതിനെ) وَنَهَى النَّفْسَ മനസ്സിനെ (ദേഹത്തെ) വിലക്കുക (തടയുക)കയും ചെയ്ത عَنِ الْهَوَى ഇച്ഛയില്‍ നിന്ന്
- فَإِنَّ ٱلْجَنَّةَ هِىَ ٱلْمَأْوَىٰ ﴾٤١﴿
- (അവന്) സ്വര്‍ഗം തന്നെയാണ് സങ്കേതസ്ഥാനം.
- فَإِنَّ الْجَنَّةَ എന്നാല്‍ നിശ്ചയമായും സ്വര്‍ഗം هِيَ الْمَأْوَى അതു തന്നെയാണ് സങ്കേതസ്ഥാനം
എല്ലാവിധ അത്യാപത്തുകളെയും വിസ്മരിപ്പിച്ചു കളയുന്നതും ലോകത്തെ ആകമാനം ബാധിക്കുന്നതുമായ ഏറ്റവും വലിയ വിപത്തായിരിക്കും ഖിയാമത്തു നാളിലെ വിപത്തുകള്‍. അതുകൊണ്ടാണ് അതിന് الطامة الكبرى (എല്ലാറ്റിനെയും അതിജയിക്കുന്ന ഏറ്റവും വലിയ വിപത്തു) എന്നു പറഞ്ഞിരിക്കുന്നത്. അന്നുമനുഷ്യന്‍ ഏതേതു കാര്യങ്ങള്‍ മറന്നാലും ശരി, ഒരു കാര്യം അവന്നു ഓര്‍മ്മവരും. താന്‍ ഇഹത്തില്‍ വെച്ചു ചെയ്ത കര്‍മ്മങ്ങളത്രെ അത്. അവന്റെ ചെറുതും വലുതുമായ കര്‍മങ്ങള്‍ ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥം അവന്റെ കയ്യില്‍ കൊടുക്കപ്പെടുകയും ചെയ്യും. അപ്പോള്‍, തങ്ങള്‍ അനുഭവിക്കുവാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചു കുറ്റവാളികള്ക്കുണ്ടാക്കുന്ന പേടിയും പരിഭ്രമവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. കൂടാതെ, എല്ലാവര്ക്കും കാണത്തക്കവിധം നരകം അടുത്തു തയ്യാറുണ്ടായിരിക്കുകയും ചെയ്യും. ഇത് അവരുടെ വിഭ്രാന്തി കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നു. പക്ഷെ, സജ്ജനങ്ങള്‍ക്ക് ഇങ്ങനെയുള്ള പരിഭ്രമങ്ങളൊന്നും ബാധിക്കാതെ അല്ലാഹു കാത്തു രക്ഷിക്കുന്നതാണ്. വിചാരണക്കു ശേഷം അല്ലാഹുവില്‍ നിന്നുണ്ടാകുന്ന വിധിയുടെ ചുരുക്കമാണ് 37-41ല്‍ കാണുന്നത്.
ദുഷ്കര്‍മങ്ങളുടെ പശ്ചാത്തലമായി അല്ലാഹു എടുത്തു കാണിച്ച രണ്ടു കാര്യങ്ങള്‍ ശ്രദ്ധേയമാകുന്നു. ഒന്ന് യാഥാര്‍ത്ഥ്യങ്ങളെയും ധാര്‍മിക മൂല്യങ്ങളെയും ധിക്കരിക്കുന്നതിലുള്ള അതിരുകവിയല്‍, മറ്റൊന്ന് ഐഹിക ജീവിതത്തിന് അതര്‍ഹിക്കുന്നതില്‍ കവിഞ്ഞ് പ്രാധാന്യം നല്കല്. നേരെ മറിച്ച് സല്‍കര്‍മ്മങ്ങള്‍ക്ക് നിദാനമായ രണ്ടു കാര്യങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒന്ന് : റബ്ബിന്റെ മുമ്പില്‍ ഹാജരാകേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയം. മറ്റൊന്ന് : ദേഹേച്ഛകളില്‍ നിന്നു മനസ്സിനെ തടഞ്ഞുനിറുത്തുക. ആദ്യത്തെ രണ്ടില്‍ നിന്നും ഉടലെടുക്കുന്നതെല്ലാം പാപങ്ങളും ഒടുവിലത്തെ രണ്ടിൽ നിന്നും ഉടലെടുക്കുന്നതെല്ലാം പുണ്യങ്ങളും ആയിരിക്കും. അല്ലാഹു നമ്മെ പുണ്യവാന്മാരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ. ആമീന്‍.
- يَسْـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرْسَىٰهَا ﴾٤٢﴿
- (നബിയേ) അന്ത്യഘട്ടത്തെക്കുറിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു: ‘ഏതവസരത്തിലാണ് അതിന്റെ സ്ഥാപനം [അതു സംഭവിക്കല്‍]?’ എന്ന്.
- يَسْأَلُونَكَ അവര്‍ നിന്നോടു ചോദിക്കുന്നു عَنِ السَّاعَةِ അന്ത്യ ഘട്ടത്തെപ്പറ്റി أَيَّانَ ഏതവസരമാണ് مُرْسَاهَا അതിന്റെ സ്ഥാപനം (സംഭവിക്കല്‍)
- فِيمَ أَنتَ مِن ذِكْرَىٰهَآ ﴾٤٣﴿
- അതിന്റെ പ്രസ്താവനയെ സംബന്ധിച്ച് എന്തൊരു നിലയിലാണ് നീയുള്ളത്? [നിനക്കു അതിനെപ്പറ്റി ഒന്നും അറിഞ്ഞു കൂടല്ലോ]
- فِيمَ എന്തിലാണ് (ഏതവസ്ഥ - ഏതുനില - യിലാണ്) أَنتَ നീ مِن ذِكْرَاهَا അതിന്റെ പ്രസ്താവനയെ (അതിനെക്കുറിച്ചു പറയുന്നത്) സംബന്ധിച്ച്
- إِلَىٰ رَبِّكَ مُنتَهَىٰهَآ ﴾٤٤﴿
- നിന്റെ രബ്ബിങ്കലേക്കാണ് അതിന്റെ കലാശം. [അത് അവന്നു മാത്രമേ അറിഞ്ഞുകൂടു].
- إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്കാണ് مُنتَهَاهَا അതിന്റെ കലാശം, ചെന്നവസാനിക്കല്‍
- إِنَّمَآ أَنتَ مُنذِرُ مَن يَخْشَىٰهَا ﴾٤٥﴿
- നിശ്ചയമായും അതിനെ ഭയപ്പെടുന്നവര്‍ക്ക് മുന്നറിയിപ്പ് നല്കുന്നവന് മാത്രമാകുന്നു നീ.
- إِنَّمَا أَنتَ നിശ്ചയമായും നീ مُنذِرُ താക്കീതു (മുന്നറിയിപ്പു) നല്കുന്നവന് (മാത്രം) مَن يَخْشَاهَا അതിനെ ഭയപ്പെടുന്നവര്‍ക്ക്
- كَأَنَّهُمْ يَوْمَ يَرَوْنَهَا لَمْ يَلْبَثُوٓا۟ إِلَّا عَشِيَّةً أَوْ ضُحَىٰهَا ﴾٤٦﴿
- അതിനെ അവര്‍ കാണുന്ന ദിവസം ഒരു സായാഹ്ന (സമയ)മോ, അല്ലെങ്കില്‍ അതിന്റെ പൂര്‍വ്വാഹ്ന(സമയ)മോ അല്ലാതെ അവര്‍ (ഇഹത്തില്‍) കഴിഞ്ഞുകൂടിയിട്ടില്ലെന്ന പോലെയിരിക്കും! [അത്രക്കും ഭയങ്കരമായിരിക്കും അത്]
- كَأَنَّهُمْ അവര്‍ (ആകുന്നു) എന്നപോലെയിരിക്കും يَوْمَ يَرَوْنَهَا അതിനെ അവര്‍ കാണുന്ന ദിവസം لَمْ يَلْبَثُوا അവര്‍ താമസിച്ചിട്ടില്ല, കഴിഞ്ഞുകൂടിയിട്ടില്ല (എന്നപോലെ)إِلَّا عَشِيَّةً ഒരു സായാഹ്നം (വൈകുന്നേരം) അല്ലാതെ أَوْ ضُحَاهَا അല്ലെങ്കില്‍ അതിന്റെ പൂര്‍വ്വാഹ്നം (ഇളയുച്ച സമയം - രാവിലെ)
അന്ത്യനാളിനെ പറ്റി ഖുര്‍ആനും, നബി (സ്വ)യും സാധാരണ ഓര്‍മിപ്പിക്കാറും താക്കീതു ചെയ്യാറുമുണ്ടല്ലോ. എന്നാല്‍, അത് എപ്പോഴാണ് ഉണ്ടാകുക എന്നു നിഷേധികള്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കും. അതിനുള്ള മറുപടിയാണിത്. മറുപടിയുടെ താല്പര്യം ഇതാണ് : അത് എപ്പോഴാണെന്നു നബി (സ്വ)ക്കോ മറ്റാര്‍ക്കെങ്കിലുമോ അറിഞ്ഞുകൂട. അല്ലാഹുവിനു മാത്രം അറിയാവുന്നതും അവന് ആര്‍ക്കും അറിയിച്ചുകൊടുക്കാത്തതുമായ ഒരു പരമ രഹസ്യമാണ്. എന്നാല്‍, നബി (സ്വ)യോട് അതിനെക്കുറിച്ചു അവര്‍ ചോദിക്കുന്നതു കണ്ടാല്‍, നബി (സ്വ)ക്ക് അതു സംബന്ധിച്ചു വല്ല അറിവുമുണ്ടെന്നു തോന്നിപ്പോകും. (يسألونك كأنك حفى عنها) അല്ലാഹു അറിയിച്ചു കൊടുക്കാതെ അവിടുത്തേക്ക് എന്തറിയാനാണ്?! അല്ലാഹുവിന്റെ കല്പനപ്രകാരം അതിനെക്കുറിച്ചു ഭയപ്പെടുന്നവര്‍ക്ക് തിരുമേനി അതിനെപ്പറ്റി താക്കീതു നല്‍കുന്നുവെന്നുമാത്രം. എത്ര ഓര്‍മിപ്പിച്ചിട്ടും ഭയപ്പാടുവരാത്തവരെ താക്കീതു ചെയ്തിട്ട് ഫലമില്ലല്ലോ. വാസ്തവത്തില്‍, അതിന്റെ സമയത്തെക്കുറിച്ചല്ല, അതിന്റെ ഗൗരവത്തെക്കുറിച്ചാണ് അവര്‍ അന്വേഷിക്കേണ്ടത്. കാരണം, അത് സംഭവിക്കുമ്പോള്‍ അവരുടെ പരമ ലക്ഷ്യമായിരുന്ന ഐഹിക ജീവിതത്തില്‍ അവര്‍ കേവലം ഒരു പകലിന്റെ സന്ധ്യാസമയത്തോളം, അല്ലെങ്കില്‍ അതിന്റെ രാവിലത്തെ സമയത്തോളം മാത്രമേ താമസിച്ചിട്ടുള്ളുവെന്ന് അവര്‍ക്ക് തോന്നും. അത്രയും ഭയങ്കരമായിരിക്കും അത്. അന്ത്യമില്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കമായിരിക്കും അത്.
اعاذنا الله من اهوال يوم القيامة وعذابه وتفضل علينا برحمته وفضله وله الحمد والمنة وصلى الله على نبينا محمد وآله وصحبه ومن اتبعهم باحسان الى يوم الدين