നാസിആത്ത് (ഊരിയെടുക്കുന്നവ)
മക്കായിൽ അവതരിച്ചത് – വചനങ്ങൾ 46 – വിഭാഗം (റുകൂഅ്) 2

بِسْمِ اللَّـهِ الرَّحْمَـنِ الرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

79:1
  • وَٱلنَّـٰزِعَـٰتِ غَرْقًا ﴾١﴿
  • മുഴുകി പ്രവേശിച്ച് (നിര്‍ദ്ദയം) ഊരിയെടുക്കുന്നവ തന്നെയാണ (സത്യം)!
  • وَالنَّازِعَاتِ ഊരിയെടുക്കുന്നവ (നീക്കുന്നവ, പിടിച്ചുവലിക്കുന്നവ) തന്നെയാണ غَرْقًا മുങ്ങി (മുഴുകി പ്രവേശിച്ചു - നിർദ്ദയമായി)ക്കൊണ്ടു
79:2
  • وَٱلنَّـٰشِطَـٰتِ نَشْطًا ﴾٢﴿
  • വേഗതയിൽ (സൗമ്യമായി) അഴിച്ചുവിടുന്നവ തന്നെയാണ (സത്യം)!
  • وَالنَّاشِطَات അഴിച്ചുവിടുന്നവ (വേഗം എടുക്കുന്നവ) തന്നെയാണ نَشْطًا ഒരു (വേഗത്തിലുള്ള - സൗമ്യമായ) അഴിച്ചുവിടൽ
79:3
  • وَٱلسَّـٰبِحَـٰتِ سَبْحًا ﴾٣﴿
  • ഒരു (ശക്തമായ) ഒഴുക്കു ഒഴുകിവരുന്നവ തന്നെയാണ (സത്യം)!
  • وَالسَّابِحَاتِ നീന്തുന്ന (ഒഴുകിവരുന്ന - വേഗം ഇറങ്ങിവരുന്ന)വ തന്നെയാണ سَبْحًا ഒരു (ശക്തമായ) നീന്തൽ, ഇറങ്ങൽ
79:4
  • فَٱلسَّـٰبِقَـٰتِ سَبْقًا ﴾٤﴿
  • എന്നിട്ട്, മുന്നോട്ടു കുതിച്ചു പോകുന്നവ തന്നെയാണ (സത്യം)!
  • فَالسَّابِقَاتِ എന്നിട്ടു (അങ്ങനെ) മുൻകടക്കുന്നവ (മുന്നോട്ടു ഗമിക്കുന്ന കുതിച്ചു പോകുന്നവ) തന്നെയാണ سَبْقًا മുൻകടക്കൽ (ഊക്കോടെ)
79:5
  • فَٱلْمُدَبِّرَٰتِ أَمْرًا ﴾٥﴿
  • എന്നിട്ട്, കൽപന (വ്യവസ്ഥപ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെയാണ (സത്യം)!
  • فَالْمُدَبِّرَاتِ എന്നിട്ടു (അങ്ങനെ, പിന്നെ) ചിട്ടപ്പെടുത്തുന്ന (വ്യവസ്ഥപ്പെടുത്തുന്ന - പരിപാടിയിടുന്ന) വതന്നെയാണ أَمْرًا കൽപനയെ, കാര്യത്തെ

മരണസമയത്തു മനുഷ്യരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകളെക്കൊണ്ടു അല്ലാഹു ഈ വചനങ്ങളിൽ സത്യം ചെയ്യുന്നു. അതോടൊപ്പം അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു. അവിശ്വാസികളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതു വളരെ നിർദ്ദയമായ രീതിയിലായിരിക്കും. ഒരു ജലാശയത്തിന്നടിയിൽ മുങ്ങിത്തപ്പുന്നതുപോലെ ശരീരത്തിന്റെ നാനാഭാഗങ്ങളിലും അവർ മുഴുകി പ്രവേശിക്കും. മരണമടയുന്നവൻ അതിനാൽ അങ്ങേയറ്റം വേദനയും യാതനയും അനുഭവിക്കയും ചെയ്യും. ഇതാണ് 1-ാം വചനത്തിൽ സൂചിപ്പിക്കുന്നത്. അവിശ്വാസികളുടെ മരണവേളയിൽ മലക്കുകൾ അവരോടു വളരെ പരുഷമായ നിലയിൽ പെരുമാറുന്നതിനെപ്പറ്റി സൂ: മുഹമ്മദു 27ലും, അൻഫാൽ 50ലും, ആൻആം 93ലും പ്രസ്താവിച്ചിട്ടുള്ളതു സ്മരണീയമാകുന്നു. എന്നാൽ, സജ്ജനങ്ങളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതാകട്ടെ, വളരെ സൗമ്യത്തിലും വേഗത്തിലുമായിരിക്കും. അഥവാ കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ചുകൊണ്ടു പോകുന്നതുപോലെ വളരെ വേഗത്തിലും സന്തോഷത്തോടു കൂടിയുമായിരിക്കും. മലക്കുകൾ അവർക്കു സലാം പറയുകയും, സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു. സൂ: നഹ്ൽ 32ല്‍ ഇതിനെക്കുറിച്ച്‌ പ്രസ്താവിക്കുന്നതു കാണാം. 2-ാം വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു ഇതിനെപ്പറ്റിയാണ്. 3-ാം വചനത്തിൽ, ആകാശത്തുനിന്നു മലക്കുകൾ അതിവേഗം ഇറങ്ങിവരുന്നതിനെയും, 4-ാം വചനത്തിൽ, അനന്തരം സജ്ജനങ്ങളുടെയും ദുർജനങ്ങളുടെയും ആത്മാക്കളെകൊണ്ടു ചെല്ലുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക സ്ഥാനങ്ങളിലേക്കു ധൃതിയിൽകൊണ്ടുപോയി എത്തിക്കുന്നതിനെയും സൂചിപ്പിച്ചിരിക്കുന്നു. മേൽ വിവരിച്ചതും അതല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ചു മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5-ാം വചനത്തിൽ സൂചന.

ഈ അഞ്ചു സത്യവാചകങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. അഞ്ചും – അല്ലെങ്കിൽ ആദ്യത്തെ നാലും – നക്ഷത്രങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്കളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പു നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾകൊള്ളിക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്നു സമ്മതിക്കാം. പക്ഷേ, സ്വഹാബികളിൽനിന്നും, മുൻഗാമികളായ മഹാന്മാരിൽനിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചുവന്നിട്ടുള്ളതു നാം ഒന്നാമതു വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാലു വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടതു മലക്കുകളല്ലെന്നുവെച്ചാൽപോലും, അഞ്ചാം വചനത്തിൽ  ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതു മലക്കുകൾ തന്നെയാണെന്ന കാര്യത്തിൽ ഖുർആൻ വ്യാഖ്യാതാക്കളെല്ലാം യോജിച്ചവരാണെന്നു ഇമാം റാസി (رحمه الله), ഇബ്നു കഥീർ (رحمه الله)  മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാക്കുന്നു.

79:6
  • يَوْمَ تَرْجُفُ ٱلرَّاجِفَةُ ﴾٦﴿
  • കിടിലം കൊള്ളുന്നതു കിടിലംകൊള്ളുന്ന ദിവസം!-
  • يَوْمَ تَرْجُفُ വിറകൊള്ളുന്ന (കിടിലംകൊള്ളുന്ന) ദിവസം الرَّاجِفَةُ വിറ (കിടിലം) കൊള്ളുന്നതു
79:7
  • تَتْبَعُهَا ٱلرَّادِفَةُ ﴾٧﴿
  • പിന്നാലെ വരുന്നതു അതിനെത്തുടർന്നു വരുന്നതാണ്.
  • تَتْبَعُهَا അതിനെ പിൻതുടരും, തുടർന്നുവരും الرَّادِفَةُ തുടർന്നു വരുന്നതു, പിന്നാലെയുള്ളത്
79:8
  • قُلُوبٌ يَوْمَئِذٍ وَاجِفَةٌ ﴾٨﴿
  • അന്നത്തെ ദിവസം ചില ഹൃദയങ്ങൾ (പേടിച്ചു) വിറകൊള്ളുന്നവയായിരിക്കും;
  • قُلُوبٌ ചില ഹൃദയങ്ങൾ يَوْمَئِذٍ അന്നു وَاجِفَةٌ ഭയവിഹ്വലമായിരിക്കും, വിറകൊള്ളുന്നതായിരിക്കും
79:9
  • أَبْصَـٰرُهَا خَـٰشِعَةٌ ﴾٩﴿
  • അവയുടെ കണ്ണുകൾ (വിനയപ്പെട്ടു) താഴ്മചെയ്യുന്നവയായിരിക്കും.
  • أَبْصَارُهَا അവയുടെ കണ്ണുകൾ, ദൃഷ്ടികൾ خَاشِعَةٌ താഴ്മ (ഭക്തി - വിനയം - എളിമ) കാട്ടുന്നതായിരിക്കും

ഖിയാമത്തുനാളിൽ ലോകം ആകമാനം കിടുകിട വിറപ്പിക്കുന്ന ആദ്യത്തെ കാഹളം ഊത്തിനെക്കുറിച്ചാണ് 6-ാം വചനത്തിൽ സൂചിപ്പിക്കുന്നത്. അതിനുശേഷം, എല്ലാവരെയും ഉയിർത്തെഴുന്നേൽപിക്കുന്ന രണ്ടാമത്തെ ഊത്താണ് 7-ാം വചനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് ഊത്തുകളെക്കുറിച്ചും ഖുർആൻ ഒന്നിലധികം സ്ഥലത്തു പ്രസ്താവിച്ചിട്ടുള്ളതാണ്. അവിശ്വാസികൾക്കു അന്നത്തെ ദിവസം അങ്ങേയറ്റം ഭയവും, പരിഭ്രാന്തിയും, അപമാനവും നേരിടും. അതിനുള്ള കാരണം ഇതാണ്:-

79:10
  • يَقُولُونَ أَءِنَّا لَمَرْدُودُونَ فِى ٱلْحَافِرَةِ ﴾١٠﴿
  • അവർ പറയുന്നു: 'നിശ്ചയമായും, നാം കുഴിയിൽ വെച്ച് (മുൻസ്ഥിതിയിൽ) മടക്കപ്പെടുന്നവരാണോ?!'
  • يَقُولُونَ അവർ പറയുന്നു, പറയും أَإِنَّا നാമോ, നാമാണോ لَمَرْدُودُونَ മടക്കപ്പെടുന്നവർ തന്നെ فِي الْحَافِرَةِ കുഴിയിൽ (ഖബ്റിൽ) വെച്ച് മുൻസ്ഥിതിയിൽ
79:11
  • أَءِذَا كُنَّا عِظَـٰمًا نَّخِرَةً ﴾١١﴿
  • 'നാം ജീർണ്ണിച്ച് എല്ലുകളായിത്തീർന്നിട്ടാണോ (ആ മടക്കം)?!'
  • أَإِذَاكُنَّا നാം ആയിട്ടാണോ عِظَامًا എല്ലു (അസ്ഥി)കള്‍ نَّخِرَةً ദ്രവിച്ച, ജീർണ്ണിച്ച, നുരുമ്പിയ
79:12
  • قَالُوا۟ تِلْكَ إِذًا كَرَّةٌ خَاسِرَةٌ ﴾١٢﴿
  • അവർ പറയുകയാണ്‌: ‘അങ്ങിനെയാണെങ്കിൽ, നഷ്ടകരമായ ഒരു തിരിച്ചുവരവത്രെ അത്.’
  • قَالُوا അവർ പറഞ്ഞു, പറയുകയാണ്‌ تِلْكَ അതു إِذًا എന്നാൽ (അങ്ങനെയാണെങ്കിൽ) كَرَّةٌ ഒരു തിരിച്ചുവരവാണു, മടക്കമത്രെ خَاسِرَةٌ നഷ്ടകരമായ

حَافِرَةِ എന്ന വാക്കിനു ‘കുഴി’ എന്നർത്ഥം. ‘വന്ന വഴിക്കു തന്നെ മടങ്ങി’, ‘വന്നപാടെ തിരിച്ചുപോയി’ എന്നിങ്ങിനെയുള്ള അർത്ഥത്തിൽ رَجَعَ فِي حَافِرَتِهِ (അവൻ തന്റെ കുഴിയിൽവെച്ചു മടങ്ങി) എന്നു അറബിയിൽ പറയപ്പെടാറുണ്ട്. ‘നിന്ന കുഴിയിൽനിന്നു നീങ്ങിയില്ല’ എന്നും മറ്റും മലയാളത്തിലും പറയാറുണ്ടല്ലോ. അതുപോലെയുള്ള ഒരു പ്രയോഗമാണിതും. ഇതനുസരിച്ച് (10-ാം വചനത്തിൽ) فِي الْحَافِرَةِ എന്നതിനു في الحالة الاولى (മുൻസ്ഥിതിയിൽ) എന്നാണ് പല വ്യാഖ്യാതാക്കളും അർത്ഥം കൽപ്പിച്ചിരിക്കുന്നത്. ‘ഖബറുകളാകുന്ന കുഴിയിൽ വെച്ച്’ എന്നും അർത്ഥം കൽപ്പിക്കപ്പെട്ടിട്ടുണ്ട്. രണ്ടായാലും സാരം വ്യക്തമാണ്. മരണാനന്തരജീവിതത്തെ നിഷേധിക്കുന്ന മുശ്‌രിക്കുകള്‍ പരിഹാസപൂർവ്വം പറയുന്ന വാക്കുകളാണ് അല്ലാഹു ഈ വചനങ്ങളില്‍ ഉദ്ധരിച്ചിരിക്കുന്നത്. മരണശേഷം എല്ലുകൾപോലും ദ്രവിച്ചു ജീർണിച്ചു കഴിഞ്ഞിട്ടു പിന്നെയും ഞങ്ങളെ ഖബ്‌റുകളില്‍ വെച്ച് മുൻസ്ഥിതിയില്‍ ജീവിപ്പിക്കുമെന്നാണോ നിങ്ങള്‍ പറയുന്നത്? ആശ്ചര്യം! അങ്ങിനെയാണെങ്കില്‍ അതു ഞങ്ങളെ സംബന്ധിച്ചിടത്തോളം വമ്പിച്ച നഷ്ടമായിരിക്കുമല്ലോ. ഞങ്ങള്‍ ആ ജീവിതത്തിലേക്കുള്ള യാതൊരു ഒരുക്കവും ചെയ്തിട്ടില്ലല്ലോ എന്നു സാരം.

‘അങ്ങിനെയാണെങ്കില്‍ അതു നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും. (تِلْكَ إِذًا كَرَّةٌ خَاسِرَةٌ)’ എന്നു ആ സത്യനിഷേധികള്‍ പരിഹാസപൂർവ്വം പറയുന്ന വാക്കാണെങ്കിലും ബുദ്ധിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുമാറുള്ള ഒരു യാഥാർത്ഥ്യം ആ വാക്കില്‍ അടങ്ങിയിരിക്കുന്നു. താഴെ കാണുന്ന കവിവാക്യം ആ യാഥാർത്ഥ്യം ചൂണ്ടിക്കാട്ടുന്നു:-

قالَ المُنَجِّمُ وَالطَبيبُ كِلاهُما  *  لَن يُحْشَرَ الاَ مْواتُ قُلْتُ اِلَيْكُما

اِنْ صَحَّ قَوْلُكُمَا فَلَسْتُ بِخاسِر *  اَوْ صَحَّ قَوْلِي فَالخسارُ عَلَيْكُمَا

(സാരം: ഗോളശാസ്ത്രകാരനും ശരീരശാസ്ത്രക്കാരനും പറയുന്നു, മരണപ്പെട്ടവര്‍ ഒരുമിച്ചുകൂട്ടപ്പെടുകയില്ല എന്ന്. ഞാന്‍ പറയുന്നു: നിൽക്കട്ടെ! നിങ്ങള്‍ പറഞ്ഞതു ശരിയാണെങ്കില്‍, ഞാന്‍ നഷ്ടക്കാരനല്ല. അഥവാ ഞാന്‍ പറഞ്ഞതു ശരിയാണെങ്കില്‍, നഷ്ടം സംഭവിക്കുന്നതു നിങ്ങള്‍ രണ്ടുകൂട്ടർക്കുമായിരിക്കും). മരണാന്തര ജീവിതം യഥാർത്ഥത്തില്‍ സംഭവിക്കുകയില്ലെന്നു വരുന്നപക്ഷം നിങ്ങളെപ്പോലെത്തന്നെ എനിക്കും യാതൊരു ദോഷവും ബാധിക്കാനില്ല; നേരെമറിച്ച് ഞാന്‍ പറയുംപോലെ, അതു യഥാർത്ഥമായി സംഭവിക്കുമെന്നുവന്നാല്‍, നിശ്ചയമായും നിങ്ങൾക്കു വമ്പിച്ച നാശമാണുണ്ടായിരിക്കുക. എനിക്കൊരു നഷ്ടവും വരാനില്ല. കാരണം, ഞാന്‍ നേരത്തെത്തന്നെ അതില്‍ വിശ്വസിക്കുകയും, ആ അടിസ്ഥാനത്തില്‍ ജീവിക്കുകയും ചെയുന്നു. നിങ്ങള്‍ അതിനെ നിഷേധിക്കുന്നവരാകകൊണ്ടു അതിനായി യാതൊരു ഒരുക്കവും നിങ്ങള്‍ ചെയ്യുന്നില്ല എന്നു താൽപര്യം. അല്ലാഹു പറയുന്നു:-

79:13
  • فَإِنَّمَا هِىَ زَجْرَةٌ وَٰحِدَةٌ ﴾١٣﴿
  • എന്നാല്‍, അതു ഒരേ ഒരു (ഘോര) ശബ്ദം മാത്രമായിരിക്കും.
  • فَإِنَّمَاهِيَ എന്നാല്‍ നിശ്ചയമായും അതു زَجْرَةٌ (വമ്പിച്ച) ഒരു ശബ്ദം ഇരമ്പല്‍ (മാത്രം) ആയിരിക്കും وَاحِدَةٌ ഒരേ, ഏക
79:14
  • فَإِذَا هُم بِٱلسَّاهِرَةِ ﴾١٤﴿
  • അപ്പോഴേക്ക് അവരതാ ഭൂമുഖത്തായിരിക്കും!
  • فَإِذَاهُم അപ്പോള്‍ അവരതാ بِالسَّاهِرَةِ ഭൂമുഖത്തു (ഭൂമിയില്‍ - നഗ്നമായ മൈതാനത്തു) ആയിരിക്കും

കാഹളത്തില്‍ ഊതപ്പെടുമ്പോള്‍ ഭൂമിയുടെ ഇന്നത്തെ നിലയെല്ലാം മാറിപ്പോകുമെന്നും, എല്ലാം സമനിരപ്പാക്കപ്പെടുന്നതാണെന്നും ഖുർആനില്‍ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതാണ്. രണ്ടാമത്തെ ഊത്തിനെത്തുടർന്നു എല്ലാവരും ഖബ്‌റുകളിൽനിന്നു പെട്ടെന്നു എഴുന്നേറ്റു പുറത്തുവരുകയും, ‘മഹ്ശറിൽ’ സമ്മേളിക്കുകയും ചെയ്യും. ഇതാണ് വചനങ്ങളില്‍ പ്രസ്താവിക്കുന്നത്. അടുത്ത വചനങ്ങളില്‍ ഈ മുശ്‌രിക്കുകളെക്കാള്‍ വമ്പിച്ച ശക്തനും ധിക്കാരിയുമായിരുന്ന ഫിർഔന്റെ ചരിത്രം ഓർമിപ്പിക്കുന്നു:-

79:15
  • هَلْ أَتَىٰكَ حَدِيثُ مُوسَىٰٓ ﴾١٥﴿
  • (നബിയേ) നിനക്കു മൂസായുടെ വർത്തമാനം വന്നിരിക്കുന്നുവോ?!-
  • هَلْ أَتَاكَ നിനക്കു വന്നിരിക്കുന്നുവോ حَدِيثُ مُوسَى മൂസായുടെ വർത്തമാനം, വിഷയം
79:16
  • إِذْ نَادَىٰهُ رَبُّهُۥ بِٱلْوَادِ ٱلْمُقَدَّسِ طُوًى ﴾١٦﴿
  • അതായതു, 'ത്വുവാ' എന്ന പരിശുദ്ധ താഴ്‌വരയില്‍വെച്ച് അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം:-
  • إِذْ نَادَاهُ അദ്ദേഹത്തെ വിളിച്ചുപറഞ്ഞ സന്ദർഭം رَبُّهُ അദ്ദേഹത്തിന്റെ റബ്ബ് بِالْوَادِ الْمُقَدَّسِ പരിശുദ്ധമാക്കപ്പെട്ട താഴ്‌വരയില്‍വെച്ചു طُوًى അതായതു ത്വൂവാ, ത്വുവാ എന്ന
79:17
  • ٱذْهَبْ إِلَىٰ فِرْعَوْنَ إِنَّهُۥ طَغَىٰ ﴾١٧﴿
  • 'നീ ഫിർഔന്റെ അടുക്കലേക്കു പോയിക്കൊള്ളുക; നിശ്ചയമായും, അവന്‍ (ധിക്കാരത്തില്‍) അതിരുകവിഞ്ഞിരിക്കുന്നു.
  • اذْهَبْ നീ പോകുക إِلَى فِرْعَوْنَ ഫിർഔൻറെ അടുക്കലേക്കു إِنَّهُ طَغَى നിശ്ചയമായും അവന്‍ അതിരുവിട്ടിരിക്കുന്നു (ധിക്കാരം മുഴുത്തിരിക്കുന്നു)
79:18
  • فَقُلْ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ ﴾١٨﴿
  • എന്നിട്ടു പറയുക: 'നീ പരിശുദ്ധി പ്രാപിക്കേണ്ടതിലേക്കു നിനക്കു ഒരുക്കമുണ്ടോ?-
  • فَقُلْ എന്നിട്ടു പറയുക هَل لَّكَ നിനക്കു (ഒരുക്കം - തയ്യാര്‍ - ആവശ്യം) ഉണ്ടോ إِلَى أَن تَزَكَّى നീ പരിശുദ്ധി പ്രാപിക്കുവാന്‍ (നന്നായിത്തീരാന്‍)
79:19
  • وَأَهْدِيَكَ إِلَىٰ رَبِّكَ فَتَخْشَىٰ ﴾١٩﴿
  • ‘നിന്റെ റബ്ബിങ്കലേക്കു ഞാന്‍ നിനക്കു മാർഗദർശനം നൽകുകയും, അങ്ങിനെ നീ (അവനെ) ഭയപ്പെടുകയും ചെയ്യുന്നതിനും (ഒരുക്കമുണ്ടോ)?
  • وَأَهْدِيَكَ ഞാന്‍ നിനക്കു മാർഗദർശനം നൽകുവാനും إِلَى رَبِّكَ നിന്റെ റബ്ബിങ്കലേക്കു فَتَخْشَى അങ്ങനെ നീ ഭയപ്പെടുവാനും

സീനാപർവ്വതത്തിലെ ത്വുവാ താഴ്‌വരയിൽവെച്ചു അല്ലാഹു മൂസാ (عليه السلام) നബിയോടു സംസാരിച്ച വിവരം സൂറത്തു ത്വാഹായില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ആ സംസാരത്തിന്റെ ഒരു ഭാഗമാണ് ഇവിടെ അല്ലാഹു ഉദ്ധരിക്കുന്നത്.

79:20
  • فَأَرَىٰهُ ٱلْـَٔايَةَ ٱلْكُبْرَىٰ ﴾٢٠﴿
  • അങ്ങനെ, അദ്ദേഹം അവനു (ആ) വമ്പിച്ച ദൃഷ്ടാന്തം കാട്ടിക്കൊടുത്തു.
  • فَأَرَاهُ അങ്ങനെ (എന്നിട്ടു) അദ്ദേഹം അവനു കാട്ടിക്കൊടുത്തു الْآيَةَ الْكُبْرَى വമ്പിച്ച (വളരെ വലിയ) ദൃഷ്ടാന്തം
79:21
  • فَكَذَّبَ وَعَصَىٰ ﴾٢١﴿
  • എന്നാല്‍, അവന്‍ വ്യാജമാക്കുകയും, അനുസരണക്കേടു കാണിക്കുകയും ചെയ്തു.
  • فَكَذَّبَ അപ്പോള്‍ (എന്നിട്ടു) അവന്‍ വ്യാജമാക്കി وَعَصَى അനുസരണക്കേടു (എതിരു) പ്രവര്‍ത്തിക്കയും ചെയ്തു
79:22
  • ثُمَّ أَدْبَرَ يَسْعَىٰ ﴾٢٢﴿
  • പിന്നീടു അവന്‍ (എതിരായ) പരിശ്രമം നടത്തിക്കൊണ്ടു പിന്നോട്ടുപോയി.
  • ثُمَّ أَدْبَرَ പിന്നെ അവന്‍ പിന്നോക്കം പോയി, പിന്നിട്ടു يَسْعَى പരിശ്രമിച്ചുക്കൊണ്ടു
79:23
  • فَحَشَرَ فَنَادَىٰ ﴾٢٣﴿
  • അങ്ങനെ, അവന്‍ (തന്റെ ആള്‍ക്കാരെ) ശേഖരിച്ചു; എന്നിട്ടു വിളിച്ചു (പ്രഖ്യാപിച്ചു):-
  • فَحَشَرَ അങ്ങനെ അവന്‍ ശേഖരിച്ചു, ഒരുമിച്ചുകൂട്ടി فَنَادَى എന്നിട്ടു വിളിച്ചു (പറഞ്ഞു - പ്രഖ്യാപിച്ചു)
79:24
  • فَقَالَ أَنَا۠ رَبُّكُمُ ٱلْأَعْلَىٰ ﴾٢٤﴿
  • അവന്‍ പറഞ്ഞു: 'ഞാന്‍ നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബാകുന്നു.'
  • فَقَالَ അവന്‍ പറഞ്ഞു أَنَا رَبُّكُمُ ഞാന്‍ നിങ്ങളുടെ റബ്ബാണ് الْأَعْلَى ഏറ്റവും ഉന്നതനായ

മൂസാ (عليه السلام) നബിയുടെ ദൗത്യത്തെയും പ്രബോധനത്തെയും നിഷേധിക്കുകയും, അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്തുവെന്നു മാത്രമല്ല, അദ്ദേഹത്തിനു എതിരായ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളുമായി ഫിര്‍ഔന്‍ പിന്നോട്ടു പോയിക്കൊണ്ടുമിരുന്നു. ഒടുക്കം, ജനമദ്ധ്യെ അവരുടെ ഏറ്റവും ഉന്നതനായ റബ്ബു താന്‍ തന്നെയാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

مَا عَلِمْتُ لَكُم مِّنْ إِلَـهٍ غَيْرِي : سورة القصص : 38

 (ഞാനല്ലാതെ മറ്റൊരു ആരാധ്യനും നിങ്ങള്‍ക്കുള്ളതായി ഞാന്‍ അറിയുന്നില്ല) എന്നും അവന്‍ അവരോടു പറയുകയുണ്ടായി. ഫിര്‍ഔന്റെ ഔദ്ധത്യവും, ധിക്കാരമനസ്ഥിതിയും എത്രത്തോളമാണെന്നു ഇതില്‍നിന്നു ഊഹിക്കാമല്ലോ. ഇതെല്ലാം വകവെച്ചുകൊടുക്കുമാറ് ആ ജനതയില്‍ അവന്നുണ്ടായിരുന്ന സ്വാധീനവും പ്രതാപവും ഇതില്‍നിന്നു അനുമാനിക്കാവുന്നതുമാണ്.

79:25
  • فَأَخَذَهُ ٱللَّهُ نَكَالَ ٱلْـَٔاخِرَةِ وَٱلْأُولَىٰٓ ﴾٢٥﴿
  • അപ്പോള്‍ അല്ലാഹു അവനെ പരലോകത്തിന്റെയും ആദ്യലോക [ഇഹലോക] ത്തിന്റെയും ശിക്ഷാനടപടിയായി പിടിച്ചു (ശിക്ഷിച്ചു).
  • فَأَخَذَهُ അപ്പോള്‍ അവനെ പിടിച്ചു (ശിക്ഷിച്ചു) اللَّـهُ അല്ലാഹു نَكَالَ ശിക്ഷാ നടപടിയായി, തടവായിട്ടു, വിലങ്ങായിട്ടു الْآخِرَةِ അവസാനത്തേതിന്റെ (പരലോകത്തിന്റെ) وَالْأُولَى ആദ്യത്തേതിന്റെയും (ഇഹലോകത്തിന്റെയും)
79:26
  • إِنَّ فِى ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰٓ ﴾٢٦﴿
  • നിശ്ചയമായും ഭയപ്പെടുന്നവര്‍ക്കു അതില്‍ ഒരു വലിയ ചിന്താപാഠമുണ്ട്.
  • إِنَّ فِي ذَلِكَ നിശ്ചയമായും അതിലുണ്ട് لَعِبْرَةً ഒരു ചിന്താപാഠം, ഗുണപാഠം لِّمَن يَخْشَى ഭയപ്പെടുന്നവര്‍ക്ക്

നൈല്‍ നദിയില്‍വെച്ച് അവന്‍ വെള്ളത്തില്‍ മുക്കികൊല്ലപ്പെട്ടു. ഇതു ഇഹത്തില്‍വെച്ചു ലഭിച്ച ശിക്ഷയാണ്. തുടര്‍ന്നു പരലോകത്തു നരകത്തില്‍ അഗ്നിശിക്ഷയും! ഒരു മഹാസാമ്രാജ്യത്തിന്റെ സര്‍വ്വാധിപതിയായിരുന്ന ഫിര്‍ഔന്റെ അതിദാരുണമായ പര്യവസാനത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്ന ആര്‍ക്കും വമ്പിച്ച പാഠമുണ്ടെന്നു തീര്‍ച്ചതന്നെ.