സബഅ്

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 54 – വിഭാഗം (റുകുഉ്) 6

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍

വിഭാഗം - 1

34:1
  • ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْـَٔاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴾١﴿
  • അല്ലാഹുവിനത്രെ സര്‍വ്വസ്തുതിയും! ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) യാതൊരുവനുള്ളതാണോ അവന്നു് (സ്തുതി). പരലോകത്തിലും അവന്നു തന്നെയാണ് സ്തുതി. അഗാധജ്ഞനും, സൂക്ഷ്മജ്ഞനും അവനത്രെ.
  • الْحَمْدُ സ്തുതി (സ്തുതിയായിട്ടുള്ളതെല്ലാം) لِلَّـهِ അല്ലാഹുവിനാണ് الَّذِي യാതൊരുവന്‍ لَهُ അവന്നാണ്‌ مَا فِي السَّمَاوَاتِ ആകാശങ്ങളിലുള്ളതു وَمَا فِي الْأَرْضِ ഭൂമിയിലുള്ളതും وَلَهُ الْحَمْدُ അവനുതന്നെയാണ് സ്തുതി فِي الْآخِرَةِ പരലോകത്തു وَهُوَ അവന്‍, അവനത്രെ الْحَكِيمُ അഗാധജ്ഞന്‍ الْخَبِيرُ സൂക്ഷ്മജ്ഞന്‍
34:2
  • يَعْلَمُ مَا يَلِجُ فِى ٱلْأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ ٱلسَّمَآءِ وَمَا يَعْرُجُ فِيهَا ۚ وَهُوَ ٱلرَّحِيمُ ٱلْغَفُورُ ﴾٢﴿
  • ഭൂമിയില്‍ കടന്നുകൂടുന്നതും, അതില്‍നിന്നു പുറത്തുവരുന്നതും, ആകാശത്തുനിന്നു ഇറങ്ങുന്നതും, അതില്‍ കേറിച്ചെല്ലുന്നതും (എല്ലാം) അവന്‍ അറിയുന്നു. അവനത്രെ കരുണാനിധിയും വളരെ പൊറുക്കുന്നവനുമായുള്ളവന്‍
  • يَعْلَمُ അവന്‍ അറിയുന്നു مَا يَلِجُ പ്രവേശിക്കുന്നതു, കടന്നുവരുന്നതു فِي الْأَرْضِ ഭൂമിയില്‍ وَمَا يَخْرُجُ പുറത്തുവരുന്നതും مِنْهَا അതില്‍നിന്നു وَمَا يَنزِلُ ഇറങ്ങുന്നതും مِنَ السَّمَاءِ ആകാശത്തുനിന്നു وَمَا يَعْرُجُ കയറിവരുന്നതും فِيهَا അതില്‍ وَهُوَ അവന്‍ (തന്നെ) الرَّحِيمُ കരുണാനിധി الْغَفُورُ (വളരെ) പൊറുക്കുന്നവന്‍

പ്രത്യക്ഷമായും, പരോക്ഷമായും ആകാശഭൂമികളില്‍ അനുനിമിഷം വര്‍ഷിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹ കോടികളുടെ പേരില്‍ – നടക്കുന്നതും നടക്കേണ്ടതുമായ – എല്ലാ സ്തുതികീര്‍ത്തനങ്ങളുടെയും അര്‍ഹതയും, അവകാശവും അല്ലാഹുവിനാകുന്നു. പരലോകത്തുവെച്ച് അവന്റെ നല്ല അടിയാന്മാര്‍ക്കു അനുഭവപ്പെടുന്ന എല്ലാ അനുഗ്രഹങ്ങളെക്കുറിച്ചുള്ള സ്തുതിയും അവനുമാത്രമാകുന്നു.

നിക്ഷേപങ്ങള്‍, ധാതുവസ്തുക്കള്‍, മരിച്ചുമണ്ണടിഞ്ഞവര്‍, ദ്രവിച്ചു നശിച്ചുപോയവ, വറ്റിപോയ ജലാംശങ്ങള്‍ പുരാണാവശിഷ്ടങ്ങള്‍ എന്നിങ്ങനെ ഭൂമിക്കുള്ളില്‍ പ്രവേശിച്ചുകഴിഞ്ഞ സകലവും അല്ലാഹു അറിയുന്നു. സസ്യങ്ങള്‍, ജീവികള്‍, ഉറവുകള്‍ ആദിയായി ഭൂമിക്കുള്ളില്‍ നിന്നു വെളിക്കുവരുന്ന വസ്തുക്കളെയും അവന്‍ അറിയുന്നു. മഴ, മഞ്ഞു, കാറ്റ്, ഇടി, മലക്കുകള്‍, ദൈവീക കല്‍പനകള്‍ എന്നിത്യാദി ആകാശത്തുനിന്നു ഭൂമിയിലേക്കു വരുന്നവയെയും, മനുഷ്യകര്‍മ്മങ്ങള്‍, ആത്മാക്കള്‍, മലക്കുകള്‍. ആവി, വാതകം, റോക്കറ്റു മുതലായി ഭൂമിയില്‍ നിന്ന് മേല്‍പോട്ടുയര്‍ന്നുപോകുന്ന സര്‍വ്വത്തെയും അല്ലാഹു അറിയുന്നു. അല്‍പജ്ഞാനികള്‍ ധരിക്കുന്നതുപോലെ – അല്ലെങ്കില്‍ വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുള്ളതുപോലെ – അവന്‍ കാര്യങ്ങളെ മൊത്തത്തില്‍മാത്രം അറിയുകയല്ല ചെയ്യുന്നത്. എല്ലാ ഓരോ കാര്യവും ശരിക്കുശരിയായി സവിസ്തരം അറിയുന്ന അഗാധജ്ഞനും, സൂക്ഷ്മജ്ഞനുമത്രെ അവന്‍. (അടുത്ത വചനത്തിന്റെ അവസാനഭാഗവും ശ്രദ്ധിക്കുക.)

34:3
  • وَقَالَ ٱلَّذِينَ كَفَرُوا۟ لَا تَأْتِينَا ٱلسَّاعَةُ ۖ قُلْ بَلَىٰ وَرَبِّى لَتَأْتِيَنَّكُمْ عَـٰلِمِ ٱلْغَيْبِ ۖ لَا يَعْزُبُ عَنْهُ مِثْقَالُ ذَرَّةٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَلَآ أَصْغَرُ مِن ذَٰلِكَ وَلَآ أَكْبَرُ إِلَّا فِى كِتَـٰبٍ مُّبِينٍ ﴾٣﴿
  • അവിശ്വസിച്ചവര്‍ പറയുകയാണ്‌ : 'അന്ത്യസമയം നമുക്കു വരികയില്ല' എന്നു! (നബിയേ) പറയുക: 'ഇല്ലാതേ! അദൃശ്യത്തെ അറിയുന്നവനായ എന്റെ രക്ഷിതാവുതന്നെയാണ (സത്യം)! അതു നിശ്ചയമായും നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും. ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുത്തൂക്കവും അവനില്‍നിന്നു് (അവനറിയാതെ) വിട്ടുപോകുന്നതല്ല. അതിനെക്കാള്‍ ചെറുതാകട്ടെ, വലുതാകട്ടെ. (ഒന്നും തന്നെ) സ്പഷ്ടമായ ഒരു ഗ്രന്ഥത്തില്‍ ഇല്ലാതെ (രേഖപ്പെടുത്തപ്പെടാതെ)യില്ല.'
  • وَقَالَ പറഞ്ഞു, പറയുകയാണ്‌ الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَا تَأْتِينَا നമുക്കു വരികയില്ല السَّاعَةُ അന്ത്യസമയം قُلْ പറയുക بَلَىٰ ഇല്ലാതേ, (ഉണ്ട്) وَرَبِّي എന്റെ റബ്ബുതന്നെയാണു لَتَأْتِيَنَّكُمْ അതു നിങ്ങള്‍ക്കു വരുകതന്നെ ചെയ്യും عَالِمِ الْغَيْبِ അദൃശ്യത്തെ അറിയുന്നവനായ (റബ്ബ്) لَا يَعْزُبُ വിട്ടുപോക(ഒഴിവാക)യില്ല عَنْهُ അവനില്‍നിന്നു مِثْقَالُ ذَرَّةٍ ഒരു അണുതൂക്കവും فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലും ഇല്ല وَلَا أَصْغَرُ ചെറിയതുമില്ല مِن ذَٰلِكَ അതിനെക്കാള്‍ وَلَا أَكْبَرُ വലിയതുമില്ല إِلَّا فِي كِتَابٍ ഒരു ഗ്രന്ഥത്തില്‍ (രേഖയില്‍) ഇല്ലാതെ مُّبِينٍ സ്പഷ്ടമായ, വ്യക്തമായ

പുനരുത്ഥാനത്തെ പരിഹാസപൂര്‍വ്വം നിഷേധിക്കുന്നവരോട് അല്ലാഹുവില്‍ ആണയിട്ടു (സത്യം ചെയ്തു, കൊണ്ടു മറുപടി കൊടുക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കുന്ന മൂന്നു ഖുര്‍ആന്‍ വചനങ്ങളില്‍ രണ്ടാമത്തേതാണിത്). ഒന്നാമത്തേതു:

 وَيَسْتَنبِئُونَكَ أَحَقٌّ هُوَ ۖ قُلْ إِي وَرَبِّي إِنَّهُ لَحَقٌّ : سورة يونس: ٥٣

(അതു യഥാര്‍ത്ഥമാണോ എന്ന് അവര്‍ നിന്നോടു വര്‍ത്തമാനമന്വേഷിക്കുന്നു. പറയുക: ഓ! എന്റെ റബ്ബുതന്നെയാണ! നിശ്ചയമായും അതു യഥാര്‍ത്ഥംതന്നെ. (സൂ.യൂനുസ്: 53). മൂന്നാമത്തെ വചനം:

زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ : سورة التغابن :٧

(അവിശ്വസിച്ചവര്‍ ജല്‍പിക്കുകയാണു, അവര്‍ പുനരെഴുന്നേല്‍പിക്കപ്പെടുകയില്ലെന്നു! പറയുക: എന്റെ റബ്ബുതന്നെയാണ! നിശ്ചയമായും നിങ്ങള്‍ പുനരെഴുന്നേല്‍പിക്കപ്പെടുന്നതാണു (സൂ: തഗാബുന്‍: 7). വിഷയത്തിന്റെ ഗൗരവമാണ് ഈ വചനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ആയത്തിലെ ആശയം ഒന്നുകൂടി വ്യക്തമായ ഭാഷയില്‍ ഈ വചനങ്ങളില്‍ പ്രസ്താവിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാകുന്നു.

34:4
  • لِّيَجْزِىَ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ ۚ أُو۟لَـٰٓئِكَ لَهُم مَّغْفِرَةٌ وَرِزْقٌ كَرِيمٌ ﴾٤﴿
  • വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കു പ്രതിഫലം നല്‍കുവാന്‍വേണ്ടിയാകുന്നു (അത്). അക്കൂട്ടരാകട്ടെ, അവര്‍ക്കു പാപമോചനവും, മാന്യമായ ഉപജീവനവുമുണ്ടായിരിക്കും
  • لِّيَجْزِيَ അവന്‍ പ്രതിഫലം കൊടുക്കുവാന്‍വേണ്ടി الَّذِينَ آمَنُوا വിശ്വസിച്ചവര്‍ക്കു وَعَمِلُوا الصَّالِحَاتِ സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കയും ചെയ്ത أُولَـٰئِكَ അക്കൂട്ടര്‍ لَهُم അവര്‍ക്കുണ്ട് مَّغْفِرَةٌ പാപമോചനം وَرِزْقٌ ഉപജീവനവും, ആഹാരവും كَرِيمٌ മാന്യമായ
34:5
  • وَٱلَّذِينَ سَعَوْ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ لَهُمْ عَذَابٌ مِّن رِّجْزٍ أَلِيمٌ ﴾٥﴿
  • (നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായിക്കൊണ്ട് നമ്മുടെ 'ആയത്തു'കളില്‍ (കുഴപ്പത്തിന്) പരിശ്രമം നടത്തിയിട്ടുള്ളവരാകട്ടെ, അക്കൂട്ടര്‍ക്കു വേദനയേറിയ കഠിന ദണ്ഡനയാകുന്ന ശിക്ഷയുമുണ്ടായിരിക്കും.
  • وَالَّذِينَ سَعَوْا പരിശ്രമം നടത്തിയ (കുഴപ്പമുണ്ടാക്കുന്ന)വര്‍ فِي آيَاتِنَا നമ്മുടെ ലക്ഷ്യ(ദൃഷ്ടാന്ത)ങ്ങളില്‍ مُعَاجِزِينَ അസാധ്യമാക്കുന്നവരായിട്ടു, (പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു) أُولَـٰئِكَ അക്കൂട്ടര്‍ لَهُمْ عَذَابٌ അവര്‍ക്കുണ്ട് ശിക്ഷ مِّن رِّجْزٍ കഠിന ദണ്ഡനയാകുന്ന, കടുത്തയാതനയില്‍പെട്ട أَلِيمٌ വേദനയേറിയ
34:6
  • وَيَرَى ٱلَّذِينَ أُوتُوا۟ ٱلْعِلْمَ ٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ هُوَ ٱلْحَقَّ وَيَهْدِىٓ إِلَىٰ صِرَٰطِ ٱلْعَزِيزِ ٱلْحَمِيدِ ﴾٦﴿
  • അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍ കണ്ടറിയുന്നതാണ്: നിന്റെ രക്ഷിതാവിങ്കല്‍ നിന്നു നിനക്കു ഇറക്കപ്പെട്ടിട്ടുള്ളതു തന്നെയാണ്, യഥാര്‍ത്ഥമെന്നും, സ്തുത്യര്‍ഹനായ പ്രതാപശാലിയായുള്ളവന്റെ [അല്ലാഹുവിന്റെ] പാതയിലേക്കു അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നുവെന്നും
  • وَيَرَى കാണുന്നതാണ് الَّذِينَ أُوتُوا നല്‍കപ്പെട്ടവര്‍ الْعِلْمَ അറിവു الَّذِي أُنزِلَ ഇറക്കപ്പെട്ടതു إِلَيْكَ നിനക്കു مِن رَّبِّكَ നിന്റെ റബ്ബിങ്കല്‍ നിന്നു هُوَ الْحَقَّ അതു തന്നെയാണ് യഥാര്‍ത്ഥം (എന്നു) وَيَهْدِي അതു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു എന്നും إِلَىٰ صِرَاطِ الْعَزِيزِ പ്രതാപശാലിയുടെ പാതയിലേക്കു الْحَمِيدِ സ്തുത്യര്‍ഹാനായ

‘അറിവു നല്‍കപ്പെട്ടിട്ടുള്ളവര്‍’ എന്നു പറഞ്ഞതു വേദഗ്രന്ഥങ്ങളെയും, മതകാര്യങ്ങളെയുംകുറിച്ചു അറിയുന്നവരെപ്പറ്റിയാണ്‌, ലൗകികമോ ശാസ്ത്രീയമോ ആയ അറിവുകള്‍ ആ യാഥാര്‍ത്ഥ്യം അറിയുവാന്‍ മതിയാവുകയില്ലല്ലോ. (5-ാം വചനത്തിലെ ആശയത്തെക്കുറിച്ചു താഴെ 38-ാം വചനത്തില്‍ പ്രസ്താവിക്കുന്നുണ്ട്.)

34:7
  • وَقَالَ ٱلَّذِينَ كَفَرُوا۟ هَلْ نَدُلُّكُمْ عَلَىٰ رَجُلٍ يُنَبِّئُكُمْ إِذَا مُزِّقْتُمْ كُلَّ مُمَزَّقٍ إِنَّكُمْ لَفِى خَلْقٍ جَدِيدٍ ﴾٧﴿
  • അവിശ്വസിച്ചവര്‍ പറയുകയാണ്: 'നിങ്ങള്‍ എല്ലാ വിധേനയും (നശിച്ചു) ഛിന്നഭിന്നമാക്കപ്പെട്ടാല്‍, (വീണ്ടും) നിങ്ങള്‍ ഒരു പുതിയ സൃഷ്ടിയില്‍തന്നെ ആയിരിക്കുമെന്നു നിങ്ങളോടു വര്‍ത്തമാനം അറിയിക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ?!
  • وَقَالَ പറഞ്ഞു, പറയുന്നു الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ هَلْ نَدُلُّكُمْ ഞങ്ങള്‍ നിങ്ങള്‍ക്കു അറിയിച്ചുതരട്ടെയോ عَلَىٰ رَجُلٍ ഒരു പുരുഷനെ (മനുഷ്യനെ)പ്പറ്റി يُنَبِّئُكُمْ നിങ്ങള്‍ക്കു വര്‍ത്തമാനമറിയിക്കുന്ന إِذَا مُزِّقْتُمْ നിങ്ങള്‍ ഛിന്നഭിന്നമാക്കപ്പെട്ടാല്‍, പിച്ചിച്ചീന്തപ്പെട്ടാല്‍ كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّكُمْ നിശ്ചയമായും നിങ്ങള്‍ لَفِي خَلْقٍ ഒരു സൃഷ്ടിയില്‍ തന്നെയായിരിക്കും جَدِيدٍ പുതുതായ
34:8
  • أَفْتَرَىٰ عَلَى ٱللَّهِ كَذِبًا أَم بِهِۦ جِنَّةٌۢ ۗ بَلِ ٱلَّذِينَ لَا يُؤْمِنُونَ بِٱلْـَٔاخِرَةِ فِى ٱلْعَذَابِ وَٱلضَّلَـٰلِ ٱلْبَعِيدِ ﴾٨﴿
  • അവന്‍ അല്ലാഹുവിന്റെമേല്‍ കളവു കെട്ടിച്ചമയ്ക്കുകയാണോ, അതല്ല, അവനു വല്ല ഭ്രാന്തുമുണ്ടോ?!' പക്ഷെ, പരലോകത്തില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷയിലും, വിദൂരമായ വഴിപിഴവിലുമായിരിക്കും.
  • أَفْتَرَىٰ അവന്‍ കെട്ടിച്ചമച്ചിരിക്കയാണോ عَلَى اللَّـهِ അല്ലാഹുവിന്റെമേല്‍ كَذِبًا കളവു, വ്യാജം أَم بِهِ അതല്ല (ഒരുപക്ഷെ) അവന്നുണ്ടോ جِنَّةٌ വല്ല ഭ്രാന്തും بَلِ പക്ഷേ, എങ്കിലും الَّذِينَ لَا يُؤْمِنُونَ വിശ്വസിക്കാത്തവര്‍ بِالْآخِرَةِ പരലോകത്തില്‍ فِي الْعَذَابِ ശിക്ഷയിലായിരിക്കും وَالضَّلَالِ വഴിപിഴവിലും الْبَعِيدِ വിദൂരമായ, അകന്ന
34:9
  • أَفَلَمْ يَرَوْا۟ إِلَىٰ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ إِن نَّشَأْ نَخْسِفْ بِهِمُ ٱلْأَرْضَ أَوْ نُسْقِطْ عَلَيْهِمْ كِسَفًا مِّنَ ٱلسَّمَآءِ ۚ إِنَّ فِى ذَٰلِكَ لَـَٔايَةً لِّكُلِّ عَبْدٍ مُّنِيبٍ ﴾٩﴿
  • എന്നാല്‍, ആകാശത്തില്‍നിന്നും, ഭൂമിയില്‍നിന്നും അവരുടെ മുന്നിലും പിന്നിലുമുള്ളതിലേക്ക് അവര്‍ നോക്കിക്കാണുന്നില്ലേ?! നാം ഉദ്ദേശിക്കുകയാണെങ്കില്‍, നാമവരെ ഭൂമിയില്‍ ആഴ്ത്തിക്കളയും; അല്ലെങ്കില്‍, ആകാശത്തുനിന്ന് അവരുടെമേല്‍ നാം തുണ്ടങ്ങള്‍ വീഴ്ത്തും. നിശ്ചയമായും (അല്ലാഹുവിലേക്കു) മനസ്സു മടങ്ങുന്ന എല്ലാ അടിയാന്നും അതില്‍ ദൃഷ്ടാന്തമുണ്ട്.
  • أَفَلَمْ يَرَوْا എന്നാലവര്‍ കണ്ടില്ലേ; നോക്കുന്നില്ലേ إِلَىٰ مَا യാതൊന്നിലേക്കു بَيْنَ أَيْدِيهِمْ അവരുടെ മുന്നിലുള്ള وَمَا خَلْفَهُم അവരുടെ പിന്നിലുള്ളതിലേക്കും مِّنَ السَّمَاءِ ആകാശത്തുനിന്നു് وَالْأَرْضِ ഭൂമിയില്‍നിന്നും إِن نَّشَأْ നാം ഉദ്ദേശിക്കുന്നുവെങ്കില്‍ نَخْسِفْ بِهِمُ അവരെ നാം വിഴുങ്ങിക്കും, ആഴ്ത്തും الْأَرْضَ ഭൂമിയെ, ഭൂമിയില്‍ أَوْ نُسْقِطْ അല്ലെങ്കില്‍ നാം വീഴ്ത്തും عَلَيْهِمْ അവരുടെ മീതെ كِسَفًا കഷ്ണങ്ങളെ, തുണ്ടുകളെ مِّنَ السَّمَاءِ ആകാശത്തുനിന്നു് إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു ദൃഷ്ടാന്തം لِّكُلِّ عَبْدٍ എല്ലാ (ഓരോ) അടിയാന്നും مُّنِيبٍ മനസ്സുമടങ്ങുന്ന, ഭക്തിപ്പെട്ടുവരുന്ന

മരണാനന്തരജീവിതത്തെപ്പറ്റി നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രസ്താവിക്കുന്നതിനെ പരിഹസിച്ചുകൊണ്ടു മുശ്രിക്കുകള്‍ പറയാറുള്ള ചില വാക്യങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ആയത്തുകളുടെ ആശയം സ്പഷ്ടമാണല്ലോ. അടുത്ത ആയത്തുകളില്‍ ദാവൂദ് (عليه الصلاة والسلام) നബിക്കും, സുലൈമാന്‍ (عليه الصلاة والسلام) നബിക്കും നല്‍കപ്പെട്ട ചില പ്രത്യേകാനുഗ്രഹങ്ങളെക്കുറിച്ചു പറയുന്നു:

വിഭാഗം - 2

34:10
  • وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًا ۖ يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ ﴾١٠﴿
  • ദാവൂദിനു നമ്മുടെ വകയായി ഒരു (പ്രത്യേക) അനുഗ്രഹം (അഥവാ ശ്രേഷ്ഠത) നാം നല്‍കയുണ്ടായിട്ടുണ്ട്;- അതായത്: 'ഹേ, പര്‍വ്വതങ്ങളേ, അദ്ദേഹത്തോടൊപ്പം - പക്ഷികളുമൊന്നിച്ചു - കീര്‍ത്തനമാവര്‍ത്തിക്കുക!' (എന്നു പറഞ്ഞു). അദ്ദേഹത്തിനു നാം ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു;-
  • وَلَقَدْ آتَيْنَا തീര്‍ച്ചയായും നാം നല്‍കിയിട്ടുണ്ട് دَاوُودَ ദാവൂദിനു مِنَّا നമ്മില്‍നിന്നു (നമ്മുടെ വക) فَضْلًا ഒരനുഗ്രഹം, ദയവു, ശ്രേഷ്ഠത يَا جِبَالُ ഹേ, പര്‍വ്വതങ്ങളേ, മലകളേ أَوِّبِي (കീര്‍ത്തനം) ആവര്‍ത്തിക്കുക, മടക്കിചെയ്യുക مَعَهُ അദ്ദേഹത്തോടൊപ്പം وَالطَّيْرَ പക്ഷികളുമൊന്നിച്ചു, പക്ഷികളോടും (വിളിച്ചുപറഞ്ഞു) وَأَلَنَّا നാം മയപ്പെടുത്തി (മൃദുവാക്കി) കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു الْحَدِيدَ ഇരുമ്പ്
34:11
  • أَنِ ٱعْمَلْ سَـٰبِغَـٰتٍ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌ ﴾١١﴿
  • (നാം കൽപിച്ചു :) 'വിശാലമയവയെ [വലിയ പടയങ്കികളെ] നിര്‍മ്മിക്കുക; (കണ്ണികള്‍) മടയുന്നതില്‍ തോതു കണക്കാക്കുകയും ചെയ്യുക' എന്ന്; 'നിങ്ങള്‍ (എല്ലാവരും) സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും വേണം; നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞാന്‍ കണ്ടറിയുന്നവനാകുന്നു' (എന്നും).
  • أَنِ اعْمَلْ നിര്‍മ്മിക്കുക എന്നു سَابِغَاتٍ വിശാലമായവയെ وَقَدِّرْ തോതുവെക്കണം (കണക്കാക്കിയുണ്ടാക്കണം) എന്നും فِي السَّرْدِ മടച്ചിലില്‍, നെയ്ത്തില്‍ وَاعْمَلُوا നിങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും صَالِحًا സല്‍ക്കര്‍മ്മം إِنِّي നിശ്ചയമായും ഞാന്‍ بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرٌ കണ്ടറിയുന്നവനാണ്

അല്ലാഹുവിനു ‘തസ്ബീഹു’ (പ്രകീര്‍ത്തനം) നടത്തുന്നതില്‍ ദാവൂദ് (عليه الصلاة والسلام) നബിയോടൊപ്പം പങ്കെടുക്കത്തക്കവണ്ണം മലകളെയും, പക്ഷികളെയും അല്ലാഹു അദ്ദേഹത്തിനു കീഴ്പെടുത്തിക്കൊടുത്തതിനെക്കുറിച്ചാണ് 10-ാം വചനത്തില്‍ ആദ്യം പ്രസ്താവിച്ചിരിക്കുന്നത്. സൂറത്തുല്‍ അമ്പിയാഉ് 79-ാം വചനത്തിലും അതിന്റെ വിവരണത്തിലും ഇതിനെപ്പറ്റി നാം വേണ്ടതുപോലെ വിവരിച്ചിട്ടുള്ളതുകൊണ്ടു ഇവിടെ അതാവര്‍ത്തിക്കുന്നില്ല. ഈ വിഷയത്തെ അന്യഥാ ചിലര്‍ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചും നാം അവിടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഇരുമ്പുകൊണ്ടുള്ള സാധനസാമഗ്രികള്‍ വളരെ വേഗത്തില്‍ നിര്‍മ്മിക്കുവാന്‍തക്കവണ്ണം അല്ലാഹു ദാവൂദ് (عليه الصلاة والسلام) നബിക്കു അതിനെ മൃദുവാക്കിക്കൊടുത്തിരുന്നുവെന്നാണ് 10-ാം വചനത്തിന്റെ അവസാന വാക്യത്തില്‍ പ്രസ്താവിക്കുന്നത്. മെഴുകോ, പൊടിമാവോ കൊണ്ടെന്നപോലെ, അത്രവേഗത്തില്‍ ഇരുമ്പുകൊണ്ടു ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിനു സാദ്ധ്യമായിരുന്നുവെന്നു പല മഹാന്മാരും പറഞ്ഞുകാണുന്നു. ഇതിനെക്കുറിച്ച്‌ ചിലര്‍: ‘അങ്ങിനെയാണെങ്കില്‍ അതുകൊണ്ടു എങ്ങിനെയാണ് വാളും മറ്റും ഉണ്ടാക്കുക?’ എന്നു പരിഹാസപൂര്‍വ്വം ചോദിക്കാറുണ്ട്. ഇരുമ്പു കഴിയുന്നത്ര കാച്ചി പതംവരുത്തിയാണ് ഉപകരണങ്ങളുണ്ടാക്കുകയെന്നും, പിന്നീടതു ഊട്ടി ശരിപ്പെടുത്തുമ്പോള്‍ പഴയപടി കടുപ്പമുള്ളതായിത്തീരുകയാണ് ചെയ്യുന്നതെന്നും ഓര്‍ക്കാതെയുള്ള ഒരു ചോദ്യമത്രെ അത്. മെഴുകിനോടും, മാവിനോടും ഉപമിച്ചതു കേവലം ഒരു ഉപമാലങ്കാരമാണെങ്കിലും, മറ്റാര്‍ക്കുമുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യം ഈ വിഷയത്തില്‍ ദാവൂദു (عليه الصلاة والسلام) നബിക്കു ലഭിച്ചിരുന്നുവെന്നു തീര്‍ച്ചയാണ്. അല്ലാമാ സയ്യിദുഖുതുബ് ചൂണ്ടിക്കാണിച്ചതുപോലെ, സാധാരണപോലെ ഇരുമ്പു കാച്ചി ചൂടുപിടിപ്പിച്ച് പതം വരുത്തി പണിയെടുക്കുവാന്‍ പാകമാക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. സാധാരണമാര്‍ഗ്ഗത്തിലൂടെയല്ലാതെ ഇരുമ്പു മയമാക്കികിട്ടുന്ന ഒരു ‘മുഅ്ജിസത്ത്’ (അമാനുഷികസംഭവം) ആയിരുന്നു അത് എന്നാണ് മനസ്സിലാക്കേണ്ടത്. الله ٲعلم . അല്ലാത്തപക്ഷം ഈ പ്രസ്താവനക്കു വിശിഷ്യാ സ്ഥാനമില്ലല്ലോ. ദാവൂദ് (عليه الصلاة والسلام)നു നല്‍കിയ ചില പ്രത്യേകാനുഗ്രഹങ്ങളെന്ന നിലക്കാണ് ഇതും, മലകളുടെയും പക്ഷികളുടെയും പ്രകീര്‍ത്തനവും അല്ലാഹു ഇവിടെയും മറ്റു പലേടത്തും എടുത്തുപറയുന്നത്.

ദാവൂദ് (عليه الصلاة والسلام) നബിക്കു പടച്ചട്ട – പടയങ്കി – നിര്‍മ്മാണം പഠിപ്പിച്ചതിനെക്കുറിച്ചാണ് 11-ാം വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതിനെപ്പറ്റി സൂ: അമ്പിയാഉ് : 80ലും അതിന്റെ വിവരണത്തിലും കൂടുതല്‍ വിവരം നമുക്കു കഴിഞ്ഞുപോയിരിക്കുന്നു. പടച്ചട്ട മടഞ്ഞുണ്ടാക്കുമ്പോള്‍ അതിന്റെ കണ്ണികളെല്ലാം, അളവും തോതും കൃത്യപ്പെടുത്തിക്കൊള്ളണമെന്ന നിര്‍ദ്ദേശം സൂ: അമ്പിയാഇല്‍ ഇല്ലാത്തതാണ്. ദാവൂദ് (عليه الصلاة والسلام) നു മുമ്പു പടച്ചട്ടകള്‍ ഉണ്ടായിരുന്നുവെങ്കിലും അവ ഇരുമ്പുതകിടു കൊണ്ടുണ്ടാക്കപ്പെട്ടവയായിരുന്നതിനാല്‍, ഭാരം കൂടുതലും ഉപയോഗിക്കാന്‍ സൗകര്യം കുറവും ആയിരുന്നുവെന്നും, ഇരുമ്പുകമ്പികള്‍കൊണ്ടു പരിഷ്കൃത രൂപത്തില്‍ പടയങ്കിമടഞ്ഞുണ്ടാക്കിയതു ആദ്യമായി ദാവൂദ് (عليه الصلاة والسلام) നബിയാണെന്നും മഖാത്തില്‍ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. الله اعلم

മേല്‍പ്രസ്താവിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞതോടൊപ്പംതന്നെ, ദാവൂദ് (عليه الصلاة والسلام) നബിയും, അദ്ദേഹത്തിന്റെ ആള്‍ക്കാരും സല്‍ക്കര്‍മ്മങ്ങള്‍വഴി അതിനു നന്ദിചെയ്യേണ്ടതുണ്ടെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അങ്ങിനെയുള്ള അനുഗ്രഹങ്ങളെ അവര്‍ എപ്രകാരം ഉപയോഗപ്പെടുത്തുന്നുവെന്നും, അതില്‍ അവര്‍ നന്ദിയുള്ളവരാണോ എന്നും അല്ലാഹു വീക്ഷിച്ചു കൊണ്ടിരിക്കുന്നുവെന്നു താക്കീതുംചെയ്യുന്നു.

34:12
  • وَلِسُلَيْمَـٰنَ ٱلرِّيحَ غُدُوُّهَا شَهْرٌ وَرَوَاحُهَا شَهْرٌ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ ﴾١٢﴿
  • സുലൈമാന്നു കാറ്റിനെയും (കീഴ്പ്പെടുത്തിക്കൊടുത്തു); അതിന്റെ കാലത്തെപോക്ക് ഒരു മാസ(ത്തെ ദൂര)വും, അതിന്റെ വൈകുന്നേരത്തെ വരവ് ഒരു മാസ(ത്തെ ദൂര)വും ആകുന്നു. അദ്ദേഹത്തിന് നാം ചെമ്പുദ്രാവകത്തിന്റെ ഉറവു ഒഴുക്കിക്കൊടുക്കുകയും ചെയ്തു. തന്റെ റബ്ബിന്റെ ഉത്തരവനുസരിച്ച് അദ്ദേഹത്തിന്റെ മുമ്പില്‍വെച്ച് പ്രവൃത്തിയെടുക്കുന്നവര്‍ ജിന്നുകളില്‍ പെട്ടവരും ഉണ്ടായിരുന്നു. അവരില്‍ [ജിന്നുകളില്‍] നിന്ന് ആരെങ്കിലും നമ്മുടെ കല്പനവിട്ടു തെറ്റിപ്പോകുന്ന പക്ഷം, നാം അവനു ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷയില്‍ നിന്നും ആസ്വദിപ്പിക്കുന്നതാകുന്നു.
  • وَلِسُلَيْمَانَ സുലൈമാന്നും الرِّيحَ കാറ്റിനെ غُدُوُّهَا അതിന്റെ കാലത്തെ പോക്കു (പുറപ്പാടു) شَهْرٌ ഒരു മാസ (ദൂര)മാണ് وَرَوَاحُهَا അതിന്റെ വൈകുന്നേരത്തെ വരവു (മടക്കം) شَهْرٌ ഒരു മാസമാകുന്നു وَأَسَلْنَا لَهُ നാം ഒരുക്കി(ഒലിപ്പിച്ചു) കൊടുക്കുകയും ചെയ്തു لَهُ അദ്ദേഹത്തിനു عَيْنَ الْقِطْرِ ചെമ്പുദ്രാവകത്തിന്റെ ഉറവു وَمِنَ الْجِنِّ ജിന്നില്‍ പെട്ടവരാണ്, ജിന്നില്‍നിന്നും مَن ചിലര്‍, ചിലരെ (കീഴ്പ്പെടുത്തി) يَعْمَلُ പ്രവര്‍ത്തിയെടുക്കുന്ന بَيْنَ يَدَيْهِ അദ്ദേഹത്തിന്റെ മുമ്പില്‍ (സാന്നിദ്ധ്യത്തില്‍) بِإِذْنِ رَبِّهِ തന്റെ റബ്ബിന്റെ ഉത്തരവനുസരിച്ച്, അനുവാദം കൊണ്ടു وَمَن يَزِغْ ആരെങ്കിലും തെറ്റിപ്പോയാല്‍ مِنْهُمْ അവരില്‍നിന്നു عَنْ أَمْرِنَا നമ്മുടെ കല്പന വിട്ടു نُذِقْهُ നാമവനെ ആസ്വദിപ്പിക്കും مِنْ عَذَابِ ശിക്ഷയില്‍ നിന്നു السَّعِيرِ ജ്വലിക്കുന്ന തീയിന്റെ

രാവിലെ മുതല്‍ ഉച്ചവരേക്കു ഒരു മാസത്തെ സാധാരണ യാത്രാദൂരവും, ഉച്ചക്കുശേഷം രാത്രിവരേക്കു ഒരു മാസത്തെ യാത്രാദൂരവും സഞ്ചരിക്കുവാന്‍ അല്ലാഹു സുലൈമാന്‍ (عليه الصلاة والسلام) നബിക്കു കാറ്റിനെ സഹായകമാക്കിക്കൊടുത്തിരുന്നു. കാറ്റിന്റെ സഹായത്താല്‍ അദ്ദേഹം തേരില്‍ കയറി ഉച്ചയാകുമ്പോഴേക്കു തലസ്ഥാനമായ ദിമിശ്ഖി (ഡമസ്കസി)ല്‍ നിന്നു ഇസ്തഖ്റിലേക്കും, രാത്രിയാകുമ്പോഴേക്കു അവിടെനിന്നു കാബൂളിലേക്കും എത്തിയിരുന്നുവെന്നു ഹസന്‍ബസരീ (رحمه الله) പ്രസ്താവിച്ചുകാണുന്നു. الله اعلم. സുലൈമാന്‍ (عليه الصلاة والسلام) നബിക്കു കീഴ്പ്പെടുത്തിക്കൊടുക്കപ്പെട്ട കാറ്റു സാധാരണപോലെയുള്ള കാറ്റല്ലായിരുന്നുവെന്നും, അതൊരു പ്രത്യേക കാറ്റുതന്നെയായിരുന്നുവെന്നും ഇമാംറാസീ (رحمه الله) എടുത്തുപറഞ്ഞിട്ടുണ്ട്. അതു വാസ്തവമാണെന്നുതന്നെയാണ് മനസ്സിലാക്കേണ്ടതും. അദ്ദേഹം അതിനു പറഞ്ഞ ഒരു തെളിവു ഇതാണ് : ഈ കാറ്റിനെക്കുറിച്ചു പറയുമ്പോള്‍ ഖുര്‍ആന്‍ ഏകവചനമായിക്കൊണ്ടു الرِّيح എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അല്ലാത്തപക്ഷം – അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഖുര്‍ആന്റെ പതിവുപ്രകാരം – ബഹുവചനമായിക്കൊണ്ടു الرِّياح എന്നു പറയേണ്ടതായിരുന്നു. വളരെ ശ്രദ്ധേയമായ ഒരു തെളിവാണിത്. കൂടുതല്‍ വിവരം സൂ: അമ്പിയാഉ് 82ലും വിവരണത്തിലും നോക്കുക.

ചെമ്പുദ്രാവകത്തിന്റെ ഉറവൊഴുക്കിക്കൊടുത്തതാണ് സുലൈമാന്‍ (عليه الصلاة والسلام) നബിക്കു നല്‍കപ്പെട്ട മറ്റൊരു അനുഗ്രഹം. ധാരാളം ചെമ്പ് ലഭിക്കുന്ന ഖനികള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും, ഉറവുജലം പോലെ ഉദ്ദേശപ്രകാരം അതു ഉപയോഗപ്പെടുത്താന്‍ സൗകര്യം നല്‍കുകയും ചെയ്തിരുന്നുവെന്നു സാരം. പിതാവിന്റെ കാലത്തു പല പ്രകാരത്തിലും ഇരുമ്പു നിഷ്പ്രയാസം ഉപയോഗിക്കുവാന്‍ സാധിപ്പിച്ചതുപോലെ, ചെമ്പുകൊണ്ടുള്ള പലതും അതീശീഘ്രം നിര്‍മ്മിക്കുവാന്‍ പുത്രന്റെ കാലത്തും അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തു. താര്‍ മുതലായ വസ്തുക്കളെപ്പോലെ, അദ്ദേഹത്തിന്റെ കാലത്തു ഖനികളില്‍ ചെമ്പും ഒഴുകിയിരുന്നുവെന്നും ചിലര്‍ പ്രസ്താവിച്ചു കാണുന്നു. അല്ലാഹുവിനറിയാം.

അടുത്ത ആയത്തില്‍ കാണുന്നതുപോലെ വമ്പിച്ച കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതിനായി മനുഷ്യനുപുറമെ, ജിന്നുവര്‍ഗ്ഗത്തെയും അല്ലാഹു സുലൈമാന്‍ (عليه الصلاة والسلام) നബിക്കു കീഴ്പ്പെടുത്തിക്കൊടുത്തിരുന്നു. ഇതും അദ്ദേഹത്തിനു മാത്രം സിദ്ധിച്ച ഒരനുഗ്രഹമത്രെ. ജോലികളില്‍ ജിന്നുകളെ ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചു കിട്ടിയതു ഒരസാധാരണസംഭവമെന്ന നിലക്കായിരുന്നു. അതുകൊണ്ടാണ് ‘തന്റെ റബ്ബിന്റെ ഉത്തരവനുസരിച്ചു പ്രവര്‍ത്തിക്കുന്നവര്‍’ (بِإِذْنِ رَبِّهِ) എന്നു പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നത്. മാത്രമല്ല, ജിന്നുകളെക്കൊണ്ടു സാധാരണമായി മനുഷ്യര്‍ക്കു ജോലി ചെയ്യിപ്പിക്കുവാന്‍ സാധ്യവുമല്ലല്ലോ. അപ്പോള്‍ സുലൈമാന്‍ (عليه الصلاة والسلام) നബിക്കു വിധേയരായിരിക്കുവാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. തക്കം കിട്ടിയാല്‍ അവര്‍ അതില്‍നിന്നു കുതറിപ്പോകുകയും ചെയ്തേക്കുമായിരുന്നു. ‘അദ്ദേഹത്തിന്റെ മുമ്പില്‍ പ്രവൃത്തി ചെയ്യുന്നവര്‍’ (مَن يَعْمَلُ بَيْنَ يَدَيْهِ) എന്നും, നമ്മുടെ കല്‍പ്പന വിട്ടു അവരില്‍ ആരെങ്കിലും തെറ്റിപ്പോകുന്നപക്ഷം അവനു ജ്വലിക്കുന്ന തീയില്‍ നിന്നും നാം ആസ്വദിപ്പിക്കും.’ (…..وَمَن يَزِغْ مِنْهُمْ) എന്നും പ്രസ്താവിച്ചതില്‍ നിന്നു ഇതു മനസ്സിലാക്കാം.

സുലൈമാന്‍ (عليه الصلاة والسلام) നബിയുടെ പട്ടാളത്തില്‍ ജിന്നുവിഭാഗവും ഉണ്ടായിരുന്നതായി സൂ: നംലു: 17ലും, അദ്ദേഹത്തിനുവേണ്ടി സമുദ്രത്തില്‍ മുങ്ങുകയും മറ്റും ചെയ്തിരുന്ന പിശാചുക്കള്‍ ഉണ്ടായിരുന്നതായി അമ്പിയാഉ് 82-ലും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. നാമതു ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍, ജോലി ചെയ്തിരുന്ന സമ്പ്രദായം എന്താണ്, അവരെ നയിച്ചിരുന്നത് എങ്ങിനെയൊക്കെയാണ് എന്നൊന്നും നമുക്കറിവില്ല. മറ്റാരുടെയും കാലത്തു അറിയപ്പെടാത്ത പല വമ്പിച്ച പ്രവര്‍ത്തനങ്ങളും, നിര്‍മ്മാണങ്ങളും സുലൈമാന്‍ (عليه الصلاة والسلام)ന്റെ കാലത്തു നടന്നിരുന്നുവെന്നതു ഖുര്‍ആന്‍കൊണ്ടും, ചരിത്രംകൊണ്ടും തെളിഞ്ഞതാകുന്നു. ജിന്നുകള്‍ സുലൈമാന്‍ (عليه الصلاة والسلام) നബിക്കുവേണ്ടി പണിചെയ്തിരുന്ന ചില വസ്തുക്കളെ അടുത്ത ആയത്തില്‍ അല്ലാഹു എടുത്തുപറയുന്നു:

34:13
  • يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَـٰرِيبَ وَتَمَـٰثِيلَ وَجِفَانٍ كَٱلْجَوَابِ وَقُدُورٍ رَّاسِيَـٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًا ۚ وَقَلِيلٌ مِّنْ عِبَادِىَ ٱلشَّكُورُ ﴾١٣﴿
  • അദ്ദേഹത്തിനുവേണ്ടി മണ്ഡപങ്ങള്‍ (അഥവാ കൂറ്റന്‍ കെട്ടിടങ്ങള്‍), പ്രതിമകള്‍, ജലാശയങ്ങളെപ്പോലുള്ള (വമ്പിച്ച) തൊട്ടിപ്പാത്രങ്ങള്‍, (ഇളകാതെ) ഉറച്ചുനില്‍ക്കുന്ന കിടാരങ്ങള്‍ മുതലായി അദ്ദേഹം ഉദ്ദേശിക്കുന്നതു അവര്‍ പണിതു കൊടുത്തിരുന്നു.
    (നാം പറഞ്ഞു:) 'നിങ്ങള്‍ - ദാവൂദിന്റെ കുടുംബമേ- നന്ദിയായി പ്രവര്‍ത്തിക്കുവിന്‍!' എന്റെ അടിയാന്മാരില്‍ നിന്നു നന്ദിയുള്ളവര്‍ കുറവാകുന്നു.
  • يَعْمَلُونَ അവര്‍ പണിതിരുന്നു, പ്രവര്‍ത്തിച്ചിരുന്നു لَهُ അദ്ദേഹത്തിന് مَا يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നതു مِن مَّحَارِيبَ 'മിഹ്റാബ്' (മണ്ഡപം, മന്ദിരം)കളായിട്ട് وَتَمَاثِيلَ പ്രതിമകളായും وَجِفَانٍ തൊട്ടിപ്പാത്രങ്ങളായും كَالْجَوَابِ വെള്ളത്തള(ജലാശയ)ങ്ങള്‍ പോലെയുള്ള وَقُدُورٍ കിടാരങ്ങളും, കല(പാചകപാത്ര)ങ്ങളും رَّاسِيَاتٍ ഉറച്ചുനില്‍ക്കുന്ന, നിശ്ചലമായ اعْمَلُوا പ്രവര്‍ത്തിക്കുവിന്‍ آلَ دَاوُودَ ദാവൂദിന്റെ കുടുംബമേ, ആള്‍ക്കാരേ شُكْرًا നന്ദിയായി, നന്ദിയെ وَقَلِيلٌ കുറവാണ് مِّنْ عِبَادِيَ എന്റെ അടിയാന്മാരില്‍നിന്നു الشَّكُورُ നന്ദിയുള്ളവര്‍

ജിന്നുകള്‍ അദ്ദേഹത്തിനുവേണ്ടി പണിതീര്‍ത്തിരുന്ന നാലു വസ്തുക്കളെയാണ് അല്ലാഹു എടുത്തു കാട്ടിയതു.

1) ഉന്നതസൗധങ്ങള്‍, വമ്പിച്ച പ്രാര്‍ത്ഥനാമണ്ഡപങ്ങള്‍ മുതലായ കൂറ്റന്‍ കെട്ടിടങ്ങള്‍, അഥവാ ‘മിഹ്റാബു’കള്‍ (مَّحَارِيبَ) ക്രിസ്തീയപള്ളികളിലെ പ്രാര്‍ത്ഥനാമണ്ഡപങ്ങള്‍ക്കും, മുസ്‌ലിംപള്ളികളില്‍ ‘ഇമാമിനു നില്‍ക്കുവാനുള്ള പ്രത്യേക കമാനങ്ങള്‍ക്കും കാലാന്തരത്തില്‍ ഈ വാക്കു ഉപയോഗിക്കപ്പെട്ടുവരുന്നു. പക്ഷേ, ഇവിടെ മേല്‍പ്പറഞ്ഞ അര്‍ത്ഥത്തിലാണ് അതു ഉപയോഗിച്ചിട്ടുള്ളത്.

2) പ്രതിമകള്‍ (تَمَاثِيلَ) കാണികളില്‍ രാജകീയമായ അന്തസ്സും, ഗംഭീരതയും അങ്കുരിപ്പിക്കുവാന്‍ വേണ്ടി, സിംഹാസനങ്ങള്‍, കൊട്ടാരങ്ങള്‍, ഗോപുരങ്ങള്‍ ആദിയായവയില്‍ സിംഹം, ആന മുതലായതിന്റെ പ്രതിമകള്‍ സ്ഥാപിക്കപ്പെടാറുണ്ടല്ലോ. അതുപോലെ സുലൈമാന്‍ (عليه الصلاة والسلام) നബിക്കുവേണ്ടിയും നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്നാണ് ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. വലിയ വീടുകളും മറ്റും നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനു മാതൃകയെന്നോണം, ഉദ്ദേശിക്കപ്പെട്ട കെട്ടിടത്തിന്റെ പ്രതിമ ഉണ്ടാക്കപ്പെടാറുണ്ട്. അതുപോലെ, അദ്ദേഹം നിര്‍മ്മിക്കുവാന്‍ പോകുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെയും, കൊട്ടാരങ്ങളുടെയും പ്രതിമകളും, യുദ്ധ സംബന്ധമായ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുവാന്‍വേണ്ടി ശത്രുക്കളുടെ കോട്ട മുതലായതിന്റെ പ്രതിമകളും ആയിരിക്കാം അതുകൊണ്ടുദ്ദേശമെന്നു ചിലരും പറഞ്ഞുകാണാം. ഏതായാലും രാജകീയവും, ഭരണപരവുമായ ഉദ്ദേശ്യങ്ങളായിരിക്കും അതിലുള്ളതെന്നു കരുതാം. الله ٲعلم

3) കുളം, ‘ഹൌളു’ മുതലായ വലിയ വെള്ളത്തളങ്ങളോളം വലുപ്പമുള്ളതും, വളരെ ആളുകള്‍ക്കു ഒന്നിച്ചുപയോഗിക്കാവുന്നതുമായ വമ്പിച്ച തൊട്ടിപ്പാത്രങ്ങള്‍ (جِفَانٍ كَالْجَوَابِ) അഥവാ തളികപ്പാത്രങ്ങള്‍.

4) കാലുകളിലോ മറ്റോ ഭൂമിയില്‍ ഉറപ്പിച്ചുവെച്ചതും, സ്ഥലമാറ്റം ചെയ്‌വാന്‍ സൗകര്യമില്ലാത്തതുമായ വമ്പിച്ച കിടാരങ്ങള്‍ (قُدُورٍ رَّاسِيَاتٍ) അഥവാ പാചകപാത്രങ്ങള്‍. ഈ നാലിനെയുംകുറിച്ചു പ്രസ്താവിച്ചശേഷം തന്റെ തഫ്സീറില്‍ അല്ലാമഃ സയ്യിദ് ഖുത്ത്ബ് പറയുകയാണ്: ‘അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് സുലൈമാന്‍ (عليه الصلاة والسلام) നബിക്കുവേണ്ടി ഉണ്ടാക്കുവാന്‍ ജിന്നുകളെ അവന്‍ കീഴ്പ്പെടുത്തിക്കൊടുത്തതിന്റെ ചില മാതൃകകളാണ് ഈ പറഞ്ഞവ. അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍പ്പെട്ട ചില അസാധാരണ വസ്തുക്കളെന്ന നിലക്കല്ലാതെ, അവയ്ക്കു രൂപം നല്‍കുവാനോ, കാരണം പറയുവാനോ യാതൊരു മാര്‍ഗ്ഗവുമില്ല. ഇതാണതിന്റെ വ്യക്തമായ ഏകവ്യാഖ്യാനം. (في ظلال القرأن).

ഇങ്ങിനെയുള്ള അതിമഹത്തായ അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നതിന്റെ പേരില്‍ എപ്പോഴും അല്ലാഹുവിനോടു നന്ദിയുള്ളവരാകണമെന്നും നന്ദിയുടെ അടയാളങ്ങള്‍ പ്രവര്‍ത്തനംമുഖേന പ്രകടിപ്പിക്കണമെന്നും – ദാവൂദിന്റെ കുടുംബമേ എന്നു വിളിച്ചുകൊണ്ട് – അല്ലാഹു സുലൈമാന്‍ (عليه الصلاة والسلام) നബിയെയും, അദ്ദേഹത്തിന്റെ ജനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. ദാവൂദു (عليه الصلاة والسلام) ന്റെ പുത്രനും, അനന്തരാവകാശിയുമാണ്‌ സുലൈമാന്‍ (عليه الصلاة والسلام). അതുല്യമായ ആ രാജകീയപ്രതാപങ്ങളെല്ലാം പിതാവില്‍നിന്ന് അനന്തരസിദ്ധമാണ്. പിതാവിന്റെ കുടുംബങ്ങളും, അദ്ദേഹത്തിന്റെ ആള്‍ക്കാരും ഒന്നുതന്നെ. അപ്പോള്‍, ‘ദാവൂദിന്റെ കുടുംബമേ’ എന്നു വിളിച്ചതിന്റെ കാരണം വ്യക്തമാണ്. നബിമാരോടുള്ള ഇത്തരം കല്‍പനകള്‍ നബിമാരുടെ സമുദായക്കാരായ നാമും പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. والله الموافق

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മിമ്പറില്‍ (പ്രസംഗപീഠത്തില്‍) കയറി ഈ വചനം ഓതിക്കൊണ്ടു ഇപ്രകാരം പറഞ്ഞതായി തിര്‍മദീ (رحمه الله) ഉദ്ധരിക്കുന്നു: ‘മൂന്നു കാര്യം ആര്‍ക്കു നല്‍കപ്പെട്ടിട്ടുണ്ടോ അവന് ദാവൂദ് (عليه الصلاة والسلام) ന്റെ കുടുംബത്തിനു നല്‍കപ്പെട്ടതുപോലെയുള്ളതു നല്‍കപ്പെട്ടിരിക്കുന്നു.’ അപ്പോള്‍ സഹാബികള്‍ ചോദിച്ചു: ‘ഏതാണവ?’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘തൃപ്തിയിലും, കോപത്തിലും നീതിപാലനം; ദാരിദ്ര്യത്തിലും ധനത്തിലും മിതപാലനം; രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയം’

(الْعَدْلُ فِي الرِّضَا وَالْغَضَبِ وَالْقَصْدُ فِي الْفَقْرِ وَالْغِنَى وَ خَشْيَةُ اللَّهِ فِي السِّرِّ وَالْعَلانِيَةِ : الترمذي)

ഈ മൂന്നു ഗുണം ഒരാളില്‍ ഉണ്ടായാല്‍ അയാള്‍ ദാവൂദ് (عليه الصلاة والسلام) ന്റെ കുടുംബത്തെപ്പോലെ നന്ദിയുള്ളവരായിത്തീരുമെന്നു സാരം. മുഗീറഃ (رضي الله عنه) പറയുന്നു: നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) രണ്ടുകാലിലും നീരുകെട്ടുന്നതുവരെ നമസ്കാരം നിര്‍വ്വഹിക്കുകയുണ്ടായി. ‘എന്തിനാണ് അങ്ങുന്നു ഇങ്ങിനെ ചെയ്യുന്നത്? അങ്ങേക്കു കഴിഞ്ഞുപോയതും, വരാനുള്ളതുമായ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടുണ്ടല്ലോ!’ എന്നു ചോദിക്കപ്പെട്ടു. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: أَفَلاَ أَكُونَ عَبْدًا شَكُورًا (അപ്പോള്‍ ഞാന്‍ നന്ദിയുള്ള ഒരു അടിയാനായിരിക്കേണ്ടതില്ലേ?! (ബു;മു).

നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞതായി ഇബ്നുഉമര്‍ (رضي الله عنهما) ഉദ്ധരിക്കുന്നു: (സുന്നത്തായ) നമസ്ക്കാരത്തില്‍വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടതു ദാവൂദ് നബിയുടെ നമസ്കാരമാണ്. (സുന്നത്തു) നോമ്പില്‍വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പുമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതിഭാഗം ഉറങ്ങുകയും, മൂന്നിലൊരുഭാഗം നമസ്കരിക്കുകയും (വീണ്ടും) ആറിലൊരുഭാഗം ഉറങ്ങുകയും ചെയ്തിരുന്നു. ഒരു ദിവസം നോമ്പ് പിടിക്കുകയും ഒരു ദിവസം നോമ്പു വിടുകയും ചെയ്തിരുന്നു.(ബു; മു). മറ്റൊരു ഹദീസില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി ഇപ്രകാരം പറയുന്നു: ‘സ്വന്തം കൈകളുടെ പ്രയത്നംകൊണ്ടു ഉപജീവനം കഴിക്കുന്നതിനെക്കാള്‍ ഉത്തമമായൊരു ഭക്ഷണവും യാതൊരാള്‍ക്കും കഴിക്കുവാനില്ല. അല്ലാഹുവിന്റെ പ്രവാചകനായ ദാവൂദ് (عليه الصلاة والسلام) അദ്ദേഹത്തിന്റെ കൈകളുടെ പ്രവര്‍ത്തനംകൊണ്ടായിരുന്നു ഉപജീവനം കഴിച്ചിരുന്നത്! (ബു.).

സാധാരണക്കാരന്‍മുതല്‍ ചക്രവര്‍ത്തിമാര്‍വരെയുള്ള ഓരോ സത്യവിശ്വാസിക്കും മാതൃക ദാവൂദ് (عليه الصلاة والسلام) നബിയിലുണ്ടെന്നും, അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിന്നും നല്‍കിയ രാജകീയപ്രതാപങ്ങളൊന്നും സല്‍ക്കര്‍മ്മം ചെയ്യുന്നതിനോ, അല്ലാഹുവിനു നന്ദിചെയ്യുന്നതിനോ അവര്‍ക്കു തടസ്സമായിരുന്നില്ലെന്നും ഇതില്‍നിന്നു സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇതുപോലെയുള്ള ചരിത്രങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുതരുന്നതും. കഴിഞ്ഞ വചനങ്ങളില്‍നിന്നു സുലൈമാന്‍ (عليه الصلاة والسلام) നബിയുടെ ശക്തിപ്രതാപങ്ങളും, നിസ്തുലമായ യോഗ്യതയും വ്യക്തമായി. പക്ഷേ, അതൊന്നും അദ്ദേഹത്തിന് മരണത്തില്‍നിന്നു ഒഴിവു നല്‍കിയില്ല. അല്ലാഹുവിന്റെ കല്‍പന വന്നപ്പോള്‍ അതദ്ദേഹം ഏറ്റുവാങ്ങുകതന്നെ വേണ്ടിവന്നു. അല്ലാഹു പറയുന്നു:

34:14
  • فَلَمَّا قَضَيْنَا عَلَيْهِ ٱلْمَوْتَ مَا دَلَّهُمْ عَلَىٰ مَوْتِهِۦٓ إِلَّا دَآبَّةُ ٱلْأَرْضِ تَأْكُلُ مِنسَأَتَهُۥ ۖ فَلَمَّا خَرَّ تَبَيَّنَتِ ٱلْجِنُّ أَن لَّوْ كَانُوا۟ يَعْلَمُونَ ٱلْغَيْبَ مَا لَبِثُوا۟ فِى ٱلْعَذَابِ ٱلْمُهِينِ ﴾١٤﴿
  • അങ്ങനെ, അദ്ദേഹത്തിന്റെമേല്‍ നാം മരണം വിധിച്ചപ്പോള്‍, അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വടി തിന്നു (നശിപ്പിച്ചു) കൊണ്ടിരുന്ന ചിതല്‍ ജീവിയല്ലാതെ (മറ്റാരും) അവര്‍ക്കു അറിവു നല്‍കുകയുണ്ടായില്ല. എന്നിട്ടു അദ്ദേഹം (മരണശേഷം) നിലംപതിച്ചപ്പോള്‍ ജിന്നുകള്‍ക്കു വ്യക്തമായി: തങ്ങള്‍ അദൃശ്യകാര്യം അറിയുമായിരുന്നുവെങ്കില്‍, തങ്ങള്‍ (ഈ) നിന്ദ്യമായ ശിക്ഷയില്‍ [ദുരിതത്തില്‍] കഴിഞ്ഞുകൂടേണ്ടിവരുമായിരുന്നില്ല എന്നു.
  • فَلَمَّا قَضَيْنَا അങ്ങിനെ നാം വിധിച്ചപ്പോള്‍ عَلَيْهِ അദ്ദേഹത്തിന്റെ മേല്‍ الْمَوْتَ മരണം مَا دَلَّهُمْ അവര്‍ക്കു അറിയിച്ചില്ല عَلَىٰ مَوْتِهِ അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി إِلَّا دَابَّةُ الْأَرْضِ ചിതല്‍ ജീവിയല്ലാതെ, ഭൂമിയിലെ ജീവിയല്ലാതെ تَأْكُلُ തിന്നുകൊണ്ടിരുന്ന مِنسَأَتَهُ അദ്ദേഹത്തിന്റെ വടി, ഊന്നുവടി فَلَمَّا خَرَّ അങ്ങനെ അദ്ദേഹം നിലം പതിച്ചപ്പോള്‍, വീണപ്പോള്‍ تَبَيَّنَتِ വ്യക്തമായി (മനസ്സിലാക്കി) الْجِنُّ ജിന്നുകള്‍ക്ക് (ജിന്നുകള്‍) أَن لَّوْ كَانُوا അവരായിരുന്നുവെങ്കില്‍ എന്നു يَعْلَمُونَ അറിയു(മായിരുന്നുവെങ്കില്‍) الْغَيْبَ അദൃശ്യകാര്യം مَا لَبِثُوا അവര്‍ കഴിഞ്ഞുകൂടുമായിരുന്നില്ല فِي الْعَذَابِ ശിക്ഷയില്‍ الْمُهِينِ നിന്ദ്യമായ, അപമാനകരമായ

പതിവുപ്രകാരം സുലൈമാന്‍ നബി (عليه الصلاة والسلام) തന്റെ വടി ഊന്നിപ്പിടിച്ചുകൊണ്ട് ആരാധനയിലോ മറ്റോ ആയിരിക്കെ, അദ്ദേഹത്തിന്റെ ആയുഷ്കാലത്തിന് അല്ലാഹു വിരാമമിട്ടു. അവന്റെ വിധി ആരിലും, എപ്പോഴും, നടപ്പാകുമല്ലോ. മരണപ്പെട്ടുവെങ്കിലും, ആ സ്ഥിതിയില്‍ – അദ്ദേഹം വടി ഊന്നിപ്പിടിച്ച അതേരൂപത്തില്‍ – തന്നെ അവശേഷിച്ചു. നിലംപതിച്ചില്ല. മരണവാര്‍ത്ത ആരും അറിഞ്ഞതുമില്ല. മിന്നലേറ്റോ മറ്റോ പെട്ടെന്നു മരണം സംഭവിക്കുമ്പോള്‍ ഇപ്രകാരം ഉണ്ടാകാറുണ്ടല്ലോ. കുറേകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഊന്നുവടിക്കു ചിതല്‍ ബാധിച്ചു. ആ വടിയുടെ നിലതെറ്റുകയും അദ്ദേഹം നിലംപതിക്കുകയും ചെയ്തു. അപ്പോഴാണ്‌ അദ്ദേഹം മരണപ്പെട്ടിട്ടുണ്ടെന്നു് അറിവായത്. തങ്ങള്‍ അദൃശ്യകാര്യങ്ങളെ അറിയുന്നവരാണെന്ന് ജിന്നുകള്‍ വാദിക്കാറുണ്ടായിരുന്നു. ഈ വാദം തീരെ ശരിയല്ലെന്നും, അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ സുലൈമാന്‍ നബി (عليه الصلاة والسلام) മരണപ്പെട്ട വസ്തുത നേരത്തെത്തന്നെ തങ്ങള്‍ അറിയേണ്ടതായിരുന്നുവെന്നും, അദ്ദേഹം മരിച്ച അതേ നിമിഷത്തില്‍തന്നെ തങ്ങള്‍ക്കു ഈ ശ്രമകരമായ ജോലികളില്‍നിന്നു ഒഴിഞ്ഞുപോയി രക്ഷപ്പെടാമായിരുന്നു എന്നും ജിന്നുകള്‍ക്കു ബോധ്യമായി. അവര്‍ നിര്‍ബ്ബന്ധിതരായി കല്‍പനക്കു വഴങ്ങിയിരിക്കുകയാണല്ലോ.

ഇത്രയും കാര്യങ്ങള്‍ ആയത്തിന്റെ വാചകങ്ങളില്‍നിന്നും, പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ വിശദീകരണങ്ങളില്‍നിന്നും നമുക്കു ഗ്രഹിക്കാവുന്നതാകുന്നു. കുത്തിപ്പിടിച്ചു നില്‍ക്കുന്ന ആ വടിയുടെ അടിഭാഗം കുറച്ചു ചിതല്‍ പറ്റുന്നതോടെത്തന്നെ തൂക്കത്തിന്റെ സമനില തെറ്റുകയും, മൃതദേഹം മറിഞ്ഞുവീഴുകയും ചെയ്യുമെന്നു പറയേണ്ടതില്ല. ഇതിനു കൊല്ലങ്ങളോ മാസങ്ങളോ ആവശ്യമില്ല. അല്‍പം ദിവസങ്ങളോ ഏതാനും മണിക്കൂറുകളോ കഴിഞ്ഞാലും മതിയായേക്കും. പക്ഷെ, അദ്ദേഹം വീണപ്പോള്‍, തങ്ങള്‍ക്കു അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ ഈ നിന്ദ്യമായ ദുരിതത്തില്‍ കഴിഞ്ഞുകൂടേണ്ടിയിരുന്നില്ല….. (فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ الخ) എന്നു പറഞ്ഞതില്‍നിന്നു അദ്ദേഹം മരണപ്പെട്ടതിനും, നിലംപതിച്ചതിനുമിടയില്‍ കുറച്ചു ദിവസങ്ങളെങ്കിലും കഴിഞ്ഞിട്ടുണ്ടാവണമെന്നത്രെ മനസ്സിലാക്കേണ്ടത്. യഥാര്‍ത്ഥത്തില്‍ അതെത്ര നാളായിരുന്നുവെന്നു നിര്‍ണ്ണയിക്കുവാന്‍ തെളിവില്ല.

മരണം സംഭവിച്ചപ്പോള്‍ സുലൈമാന്‍ നബി (عليه الصلاة والسلام) എവിടെയായിരുന്നു? അദ്ദേഹം ഒരു സ്വകാര്യസ്ഥലത്തായിരുന്നുവോ, അല്ലേ? ജനങ്ങള്‍ക്കു അദ്ദേഹത്തെ കാണാമായിരുന്നോ, ഇല്ലേ? വടികുത്തി നില്‍ക്കുകയായിരുന്നുവോ? അതോ, ഇരിക്കുകയായിരുന്നോ? ഇതിനെപ്പറ്റി ഒന്നും തീര്‍ത്തുപറയുവാന്‍ നിവൃത്തിയില്ല. (ഈ സംഭവത്തിനു – സുലൈമാന്‍ നബി (عليه الصلاة والسلام) യുടെ മറ്റു സംഭവങ്ങളില്‍ ചെയ്തപോലെ – ചിലര്‍ പുതിയ രൂപങ്ങള്‍ നല്‍കി ചിത്രീകരിച്ചുകാണുന്നതിനെപ്പറ്റി ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ നിരൂപണം ചെയ്തിട്ടുള്ളതു നോക്കുക.)

ഈ അദ്ധ്യായത്തിനു സൂ: ‘സബഉ’ എന്നു പേരുവരാന്‍ കാരണമായ ‘സബഉ’ ഗോത്രത്തിന്റെ കഥയാണ് അടുത്ത വചനം മുതല്‍ക്കുള്ളത്. സബഉകാരും, സുലൈമാന്‍ (عليه الصلاة والسلام) നബിയും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നതു സൂ: നംലില്‍നിന്നു മനസ്സിലായിട്ടുള്ളതാണല്ലോ.

34:15
  • لَقَدْ كَانَ لِسَبَإٍ فِى مَسْكَنِهِمْ ءَايَةٌ ۖ جَنَّتَانِ عَن يَمِينٍ وَشِمَالٍ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌ طَيِّبَةٌ وَرَبٌّ غَفُورٌ ﴾١٥﴿
  • 'സബഉ' ഗോത്രത്തിനു അവരുടെ വാസസ്ഥലത്തു ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ടായിരുന്നു. അതായതു: വലഭാഗത്തും, ഇടഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍! (നാം പറഞ്ഞിരുന്നു:) 'നിങ്ങളുടെ റബ്ബിന്റെ (പക്കല്‍നിന്നുള്ള) ആഹാരത്തില്‍ നിന്നു നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവിന്‍; അവനു നന്ദിചെയ്യുകയും ചെയ്യുവിന്‍. (നല്ല) ശുദ്ധമായ ഒരു രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു റബ്ബും!!'
  • لَقَدْ كَانَ ഉണ്ടായിട്ടുണ്ടായിരുന്നു, തീര്‍ച്ചയായും ഉണ്ടായി لِسَبَإٍ സബഉഗോത്രത്തിനു فِي مَسْكَنِهِمْ അവരുടെ വാസസ്ഥലത്തില്‍ آيَةٌ ഒരു ദൃഷ്ടാന്തം جَنَّتَانِ അതായതു രണ്ടുതോട്ടങ്ങള്‍ عَن يَمِينٍ വലഭാഗത്തും وَشِمَالٍ ഇടഭാഗത്തും كُلُوا ഭക്ഷിക്കു(തിന്നു)വിന്‍ مِن رِّزْقِ رَبِّكُمْ നിങ്ങളുടെ റബ്ബിന്റെ ആഹാര(ഉപജീവന)ത്തില്‍നിന്നു وَاشْكُرُوا നന്ദിയും കാണിക്കുവിന്‍ لَهُ അവനു بَلْدَةٌ ഒരു രാജ്യം طَيِّبَةٌ നല്ല, ശുദ്ധമായ, സന്തുഷ്ടമായ وَرَبٌّ ഒരു രക്ഷിതാവും غَفُورٌ വളരെ പൊറുക്കുന്ന
34:16
  • فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍ وَأَثْلٍ وَشَىْءٍ مِّن سِدْرٍ قَلِيلٍ ﴾١٦﴿
  • എന്നിട്ടു അവര്‍ (നന്ദികെട്ടവരായി) തിരിഞ്ഞുകളഞ്ഞു. അപ്പോള്‍, അവരുടെമേല്‍ നാം അണക്കെട്ടിന്റെ ജലപ്രവാഹത്തെ അയച്ചു. അവരുടെ (ആ) രണ്ടു തോട്ടങ്ങള്‍ക്കു പകരം തിന്‍മാന്‍ പറ്റാത്ത (കൈപ്പുള്ള) ഫലങ്ങളും, 'അഥ്ല്‍' വൃക്ഷവും, അൽപം 'സിദ്റ് വര്‍ഗ്ഗത്തില്‍പെട്ട ചിലതും ഉള്ള രണ്ടുതോട്ടങ്ങളെ അവര്‍ക്കു നാം മാറ്റിക്കൊടുക്കുകയും ചെയ്തു.
  • فَأَعْرَضُوا എന്നിട്ടവര്‍ തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു, വിട്ടു عَلَيْهِمْ അവരില്‍ سَيْلَ الْعَرِمِ അണക്കെട്ടിന്റെ ജലപ്രവാഹം, വെള്ളപ്പൊക്കം, മലവെള്ളം وَبَدَّلْنَاهُم അവര്‍ക്കു നാം പകരം (മാറ്റി) കൊടുക്കുകയും ചെയ്തു بِجَنَّتَيْهِمْ അവരുടെ രണ്ടു തോട്ടങ്ങള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങളെ ذَوَاتَيْ أُكُلٍ ഒരു (തരം) തീനി (ഫലം) ഉള്ളവയായ خَمْطٍ തിന്‍മാന്‍ കൊള്ളാത്ത (കയ്പുള്ള, ചവര്‍പ്പുള്ള) وَأَثْلٍ അഥ്ല്‍ മരവും وَشَيْءٍ ഒരു (കുറഞ്ഞ) വസ്തുവും مِّن سِدْرٍ സിദ്റു (ഇലന്ത) വര്‍ഗ്ഗത്തില്‍നിന്ന് قَلِيلٍ അൽപമായ

34:17
  • ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ ﴾١٧﴿
  • അത് അവര്‍ (അവിശ്വസിച്ച്) നന്ദികേടു കാണിച്ചതുനിമിത്തം നാമവര്‍ക്കു പ്രതിഫലം നല്‍കിയതാണ്. നന്ദികെട്ടവരോടല്ലാതെ നാം (ഇത്തരം) പ്രതിഫലനടപടി എടുക്കുമോ?!
  • ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കിയിരിക്കയാണ് بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടു, നന്ദികേടു കാണിച്ചതിനാല്‍ وَهَلْ نُجَازِي നാം പ്രതിഫലനടപടി എടുക്കുമോ إِلَّا الْكَفُورَ നന്ദികെട്ടവരോടല്ലാതെ

ചരിത്രപ്രസിദ്ധമായ ഒരു വലിയ സംഭവത്തെയാണ് ഈ വചനങ്ങളില്‍ അല്ലാഹു ഓര്‍മ്മിപ്പിക്കുന്നത്. അറേബ്യാ ഉപദ്വീപിന്റെ തെക്കുഭാഗത്തായി സമുദ്രതീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് യമന്‍. (*) പടിഞ്ഞാറുഭാഗം ചെങ്കടലും, തെക്കുഭാഗം അറബിക്കടലും സ്ഥിതിചെയ്യുന്നു. യമനിലെ നിവാസികളായിരുന്ന പ്രാചീന അറബിഗോത്രങ്ങളെ വളരെക്കാലം ഭരിച്ചുവന്ന ‘ഖഹ്ത്വാനി (القخطانى) വംശത്തിന്റെ ആദിപിതാവായ ഖഹ്ത്വാന്റെ പൗത്രനായിരുന്നു ‘സബഉ്’ (سبأ) ഇദ്ദേഹത്തിനുശേഷം ആ വംശപരമ്പര ‘സബഉ’ഗോത്രം എന്ന പേരില്‍ അറിയപ്പെട്ടു. തലസ്ഥാനമായ സ്വന്‍ആഇ (صنعاء)ല്‍ നിന്നു മൂന്നു ദിവസത്തെ യാത്രാദൂരത്തായിരുന്നു മആരിബ് (مآرب) ഇവരുടെ വാസസ്ഥലമായിരുന്നു ഇത്. അവിടെ രാജ്യം വാണിരുന്നവരില്‍ ഒരാളായിരുന്നു ബില്‍ഖീസ് റാണിയും. ‘തുബ്ബഉ’ (تبع) എന്ന പേരിലാണ് ആ രാജവംശം അറിയപ്പെടുന്നത്. സദ്‌വൃത്തരായ ദൈവവിശ്വാസികളും, അല്ലാത്തവരും ഇവരില്‍ ഉണ്ടായിട്ടുണ്ട്. ചില രാജാക്കളുടെ കാലത്ത് രാജ്യത്തിന്റെ അതിരും, പ്രശസ്തിയുമെല്ലാം വളരെ വികസിച്ചിരുന്നു.


(*) ഭൂപടം 8 നോക്കുക


തുബ്ബഉവംശത്തിന്റെ സ്മരണകളായിക്കൊണ്ട് പല അവശിഷ്ടങ്ങളും ഇന്നും അവിടെ അവശേഷിക്കുന്നുണ്ടെന്നാണ് ചരിത്രങ്ങളില്‍ കാണുന്നത്. സബഉഗോത്രത്തെയും, ഖുര്‍ആനില്‍ പ്രസ്താവിച്ച ഈ അണക്കെട്ടിനെയും സംബന്ധിച്ചു പല ചരിത്രകാരന്‍മാരും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ വിശ്വാസമായതും, വസ്തുനിഷ്ഠമായതും, ആധുനികനിരീക്ഷണഫലങ്ങളോടു കൂടുതല്‍ യോജിച്ചതുമാണ് ഹമദാനീ എന്ന മഹാന്റെ ‘അറേബ്യാ ദ്വീപിന്റെ വിവരണം (وصف جزيرة العرب – الهمدانى) എന്ന ഗ്രന്ഥം.

ഫലസമൃദ്ധവും, നാട്ടുകാര്‍ക്ക് ക്ഷേമൈശ്വര്യത്തോടെ കഴിഞ്ഞുകൂടുവാന്‍ മതിയായതുമായ രണ്ടു വമ്പിച്ച തോട്ടങ്ങള്‍ ആ നാട്ടിലുണ്ടായിരുന്നു. ഏതോ ഒരു നല്ല മനുഷ്യനായ രാജാവിന്റെ ഭരണകാലത്തു നിര്‍മ്മിക്കപ്പെട്ട ഒരു പടുകൂറ്റന്‍അണക്കെട്ടില്‍നിന്നായിരുന്നു അതിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്തിരുന്ന ആ വിശാലമായ തോട്ടങ്ങള്‍ക്കു വേണ്ടത്ര വെള്ളം സിദ്ധിച്ചിരുന്നത്. ക്രമേണ നാട്ടുകാര്‍ ദുര്‍ന്നടപ്പുകാരും, അല്ലാഹുവിനോടു നന്ദിയില്ലാത്തവരുമായിത്തീര്‍ന്നു. പ്രവാചകന്‍മാരുടെ പ്രബോധനങ്ങളും, ഉപദേശങ്ങളും അവര്‍ നിരസിച്ചു. ഈ അവസരത്തിലാണ് അല്ലാഹു ആ വമ്പിച്ച ശിക്ഷ നല്‍കിയത്. അണക്കെട്ടു പൊട്ടിത്തകര്‍ന്നു തരിപ്പണമായി, അതോടെ വമ്പിച്ച ജലപ്രവാഹവും! തോട്ടങ്ങളെല്ലാം നാമാവശേഷമായി. നാടു നശിക്കുകയും ആള്‍നാശം സംഭവിക്കുകയും ചെയ്തു. തോട്ടങ്ങള്‍ നശിച്ചതുമാത്രമല്ല, ജനങ്ങളുടെ വാസസ്ഥലങ്ങള്‍ താറുമാറാകുകയും, അവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ, ജനങ്ങള്‍ അവിടവിടെയായി ചിന്നിച്ചിതറി. പിന്നിടവിടെ ഉണ്ടായിത്തീര്‍ന്നതു ഇരുഭാഗത്തും മിക്കവാറും ഉപയോഗശൂന്യമായതും, ഉപജീവനയോഗ്യമല്ലാത്തതുമായ വൃക്ഷങ്ങളും ചെടികളുമാണ്. വരണ്ടു കിടക്കുന്ന തരിശുഭൂമികളിലും, പാറക്കുന്നിന്‍പ്രദേശങ്ങളിലും ഉണ്ടാകാറുള്ള ചുരുക്കം ചില ചെടികളും മരങ്ങളും മാത്രം. ഇതാണ് ആ നന്ദികേടിനു ഈ ലോകത്തുവെച്ചു അല്ലാഹു അവരില്‍ എടുത്ത ശിക്ഷാനടപടി.

അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ആസ്വദിച്ചു സുഖമായി ജീവിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം. അവനെ ധിക്കരിക്കുന്ന എല്ലാ ജനങ്ങളും – ഏതുകാലത്തും പ്രദേശത്തുമുള്ളവരും – ഇത്തരം ശിക്ഷകള്‍ അല്ലാഹുവിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതിനെ ഭയപ്പെടേണ്ടതാണ്. അതിനുവേണ്ടിത്തന്നെയാണ് അല്ലാഹു ഈ സംഭവം നമ്മെ ഉണര്‍ത്തുന്നതും. ഇതുപോലെയുള്ള ശിക്ഷാസംഭവങ്ങള്‍ പലതും ഇടക്കിടെ ചിലേടത്തു സംഭവിക്കാറുള്ളതു നാം കണ്ടുംകേട്ടും കൊണ്ടിരിക്കുന്നു. പക്ഷേ, സത്യവിശ്വാസവും, ഉറ്റുവിചാരവുമുള്ളവര്‍ക്കുമാത്രമേ അതില്‍ നിന്നെല്ലാം പാഠം ലഭിക്കുന്നുള്ളു. അല്ലാത്തവര്‍ അതെല്ലാം പ്രകൃതികോപമോ, യാദൃച്ഛികസംഭവമോ ആക്കിത്തള്ളുകയും ചെയ്യും. അല്ലാഹു പറഞ്ഞതുപോലെ, മനുഷ്യന്‍ സ്വഭാവേന അക്രമിയും വിഡ്ഢിയുമാണല്ലോ. (إِنَّهُ كَانَ ظَلُومًا جَهُولًا)

അണക്കെട്ടു പൊട്ടി രാജ്യം തരിശായശേഷം, സബഉകാര്‍ക്ക് പിന്നീടുണ്ടായിത്തീര്‍ന്ന നാമമാത്ര തോട്ടങ്ങളിലെ പ്രധാന ഉല്‍പന്നങ്ങളെയാണ് അല്ലാഹു ആയത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. കൈപ്പു, ചവര്‍പ്പു മുതലായ ദുസ്വാദുനിമിത്തം തിന്നാന്‍കൊള്ളാത്ത ഫലങ്ങള്‍ക്കാണ് اُكُلٍ خَمْط എന്നു പറയുന്നത്. اَثْل (അഥ്ല്‍) എന്ന വാക്കിനു ചില നിഘണ്ടുകളില്‍ ‘പിച്ചുലം, ഭാനുകം, മന്നച്ചെടി’ എന്നൊക്കെ അര്‍ത്ഥം പറഞ്ഞുകാണുന്നു. എങ്കിലും, ഏതാണ് ഈ വൃക്ഷം- അല്ലെങ്കില്‍ ചെടി – എന്നു മനസ്സിലാകുന്നില്ല. കാറ്റാടിമരം എന്ന് പറയപ്പെടുന്ന ‘ത്വര്‍ഫാഇ’ (طرفاء) ന്റെ ഇനത്തില്‍പെട്ടതാണ് ഇതെന്നു ചിലര്‍ പറയുന്നു. ഈ മരം കായയില്ലാത്തതാണുതാനും. ‘സിദ്ര്‍’ എന്ന വാക്കിനു ‘ഇലന്തമരം’ എന്നു സാധാരണ അര്‍ത്ഥം പറയാറുള്ളതാണ്. ഇതു ധാരാളം മുള്ളുകളുള്ള മരമാണെങ്കിലും, ഇതിന്റെ ഫലം ഏറെക്കുറെ ഉപയോഗപ്രദമായതുകൊണ്ടാണ് അല്പം ഇലന്തമരവും (و سِدْرٍ قَلِيلٍ) എന്നു അല്ലാഹു പ്രത്യേകം പ്രസ്താവിച്ചതെന്നു ഇബ്നുകഥീര്‍ (رضي الله عنهما) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ രാജ്യങ്ങളില്‍ കാണപ്പെടാത്തതും, അറേബ്യായിലെ ചില പ്രദേശങ്ങളില്‍ പ്രത്യേകം കാണപ്പെടുന്നതുമാകകൊണ്ട് ഇവയെപ്പറ്റി നമുക്കു സൂക്ഷ്മമായി നിര്‍ണ്ണയിക്കുവാന്‍ പ്രയാസമാണ്. ആയത്തിന്റെ ആശയവും, അതില്‍നിന്നുള്ള പാഠവും ഗ്രഹിക്കുവാന്‍ അതാവശ്യമില്ലതാനും.

അണക്കെട്ടിനെപ്പറ്റി കൂടുതല്‍ വിവരം ഈ സൂറത്തിനുശേഷം നല്‍കീട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ നിന്നും പടത്തില്‍നിന്നും അറിയാവുന്നതാണ്. സബഉകാരുടെ നന്ദികേടിന്റെ ചില ഉദാഹരണങ്ങള്‍ അടുത്ത ആയത്തില്‍ അല്ലാഹു വ്യക്തമാക്കുന്നു:-

34:18
  • وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًى ظَـٰهِرَةً وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ ﴾١٨﴿
  • അവരുടെ [സബഉഗോത്രത്തിന്റെ]യും, നാം അഭിവൃദ്ധി നല്‍കിയിട്ടുള്ള രാജ്യങ്ങളുടെയും ഇടയില്‍ പ്രത്യക്ഷമായ പല രാജ്യങ്ങളെയും നാം ഉണ്ടാക്കി; അവയിലൂടെ സഞ്ചാരത്തിന് നാം തോതു കണക്കാക്കുയും ചെയ്തു. (നാം പറഞ്ഞു:) 'അവയില്‍കൂടി നിങ്ങള്‍ രാവുംപകലും നിര്‍ഭയരായിക്കൊണ്ട് സഞ്ചരിച്ചുകൊള്ളുവിന്‍!'
  • وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُمْ അവരുടെ ഇടയില്‍ وَبَيْنَ الْقُرَى രാജ്യങ്ങളുടെയും ഇടയില്‍ الَّتِي بَارَكْنَا നാം ബര്‍ക്കത്ത് (അഭിവൃദ്ധി) നല്‍കിയിട്ടുള്ള فِيهَا അതില്‍ قُرًى ظَاهِرَةً പ്രത്യക്ഷമായ ചില രാജ്യങ്ങളെ وَقَدَّرْنَا നാം കണക്കാക്കുക (തോതുനിര്‍ണ്ണയിക്കുക)യും ചെയ്തു فِيهَا അവയിലൂടെ السَّيْرَ സഞ്ചാരം, നടത്തം سِيرُوا സഞ്ചരിക്കുവിന്‍ فِيهَا അവയിലൂടെ لَيَالِيَ രാത്രികളിലും وَأَيَّامًا ദിനങ്ങളി (പകലുകളി)ലും آمِنِينَ നിര്‍ഭയരായിട്ടു
34:19
  • فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍ لِّكُلِّ صَبَّارٍ شَكُورٍ ﴾١٩﴿
  • എന്നാല്‍, അവര്‍ പറഞ്ഞു: 'ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ നീ ദൂരമേര്‍പ്പെടുത്തിത്തരേണമേ!' അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു. അതിനാല്‍, നാം അവരെ (പഴക്കം ചെന്ന) വര്‍ത്തമാനങ്ങളാക്കിത്തീര്‍ക്കുകയും, എല്ലാ വിധേനയും അവരെ (നശിപ്പിച്ച്) ഛിന്നഭിന്നമാക്കുകയും ചെയ്തു. നിശ്ചയമായും, അതില്‍ നന്ദികാണിക്കുന്ന ക്ഷമാശീലരായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുമുണ്ട്
  • فَقَالُوا എന്നാലവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ بَاعِدْ നീ ദൂരമുണ്ടാക്കണേ, അകലപ്പെടുത്തണേ بَيْنَ أَسْفَارِنَا ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ وَظَلَمُوا അവര്‍ അക്രമവും ചെയ്തു أَنفُسَهُمْ അവരോടു തന്നെ فَجَعَلْنَاهُمْ അപ്പോള്‍ നാമവരെ ആക്കി أَحَادِيثَ വര്‍ത്തമാനങ്ങള്‍ (കഥകള്‍) وَمَزَّقْنَاهُمْ നാമവരെ ഛിന്നഭിന്നമാക്കുകയും ചെയ്തു كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്‍മാര്‍ക്കും شَكُورٍ നന്ദിയുള്ള, കൃതജ്ഞരായ

‘നാം അഭിവൃദ്ധി നല്‍കിയ രാജ്യങ്ങള്‍ (الْقُرَى الَّتِي بَارَكْنَا فِيهَا)’ എന്നു പറഞ്ഞതു ശാം (സിരിയാ) രാജ്യങ്ങളെക്കുറിച്ചാണെന്നാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. സബഉ ജനതക്കു അവരുടെ നാട്ടില്‍നിന്നു ശാം വരെയുള്ള യാത്രാമാര്‍ഗ്ഗത്തില്‍, യാതൊരു വിഷമവും കൂടാതെ രാവും പകലും നിര്‍ബാധം സഞ്ചരിക്കത്തക്കവിധത്തില്‍ അടുത്തടുത്ത് ജനവാസമുള്ള താവളങ്ങളും ഗ്രാമങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടു രാവിലെ യാത്ര തുടങ്ങിയാല്‍ ഉച്ചക്കു ഇറങ്ങി വിശ്രമിക്കുവാനും, ആഹാരവും മറ്റും കഴിക്കുവാനും വേണ്ടുന്ന സൗകര്യങ്ങളുണ്ടായിരുന്നു. ഉച്ചക്കു ശേഷം പുറപ്പെട്ടാല്‍ രാത്രി ഇറങ്ങി താവളമടിക്കുവാന്‍ വേണ്ടുന്ന സൗകര്യങ്ങളും ആവശ്യമനുസരിച്ചു അവര്‍ക്കുണ്ടായിരുന്നു. ഇതാണ് 18-ാം വചനത്തിന്റെ സാരം. ‘അഭിവൃദ്ധി നല്‍കിയ രാജ്യങ്ങള്‍’ കൊണ്ടു വിവക്ഷ മസ്ഖത്തു മുതലായ (കിഴക്കെ കടല്‍തീരപ്രദേശങ്ങളായ) രാജ്യങ്ങളായിരിക്കാമെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. യമനില്‍ നിന്നു വടക്കോട്ടു ശാമിലേക്കുള്ള മാര്‍ഗ്ഗത്തില്‍ മുമ്പ് ജനവാസം അത്രത്തോളം ഉണ്ടായിരുന്നതിന്റെ ലക്ഷണം കാണുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. എങ്കിലും, ആദ്യത്തെ അഭിപ്രായമാണ് ശരിയായിരിക്കുവാന്‍ കൂടുതല്‍ ന്യായം കാണുന്നത്. الله ٲعلم

ശൈത്യകാലത്തു യമനിലേക്കും, ഉഷ്ണകാലത്തു ശാമിലേക്കും ഖുറൈശികള്‍ കച്ചവടയാത്ര നടത്താറുണ്ടായിരുന്നു. യമനില്‍നിന്നു ശാമിലേക്കുള്ള മാര്‍ഗ്ഗമാകട്ടെ, മക്കാപരിസരത്തുകൂടിയാണുതാനും. അറേബ്യായുടെ ചരിത്രഭൂപടങ്ങളില്‍ ഈ മാര്‍ഗ്ഗം അടയാളപ്പെടുത്തിക്കാണാം. അതേസമയത്ത് സബഉ ജനതയുടെ പ്രതാപകാലങ്ങളില്‍, അവര്‍ക്കു ഈജിപ്ത് (മിസ്ര്), സിരിയാ (ശാം) മുതലായ മദ്ധ്യധരണ്യാഴി പ്രദേശങ്ങളുമായും, യുപ്രട്ടീസ്, ടൈഗ്രീസ് (ഫുറാത്ത്, ദിജ്ലഃ) എന്നീ നദീതീരപ്രദേശങ്ങളുമായും കച്ചവടബന്ധവും മറ്റും ഉണ്ടായിരുന്നതായി ചരിത്രങ്ങളുമുണ്ട്. ഒന്നാമത്തെ യാത്രാമാര്‍ഗ്ഗം ചെങ്കടല്‍ തീരപ്രദേശങ്ങളും, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ (*) തീരങ്ങളുമാകുന്നു. യമനില്‍നിന്നു ശാമിലേക്കു പോകുമ്പോള്‍, മക്ക, മദീന, ഹിജ്ര്‍, തബൂക്ക്, മദ് യന്‍, പെത്രാ (സേലാ), ലൂത്ത്വ് (عليه الصلاة والسلام) നബിയുടെ രാജ്യങ്ങള്‍, ബസ്രാ എന്നിവിടങ്ങളില്‍കൂടി ദിമിശ്ഖി (ഡമസ്കസി)ലെത്തുന്നു. ഇറാഖിലെ നദീതീരപ്രദേശങ്ങളിലേക്കു പോകുമ്പോള്‍, ഹളറമൂത്ത്, മസ്ഖത്ത്, ബഹ്റൈന്‍ എന്നീ പ്രദേശങ്ങള്‍ കടന്നുപോകുന്നു. ശാമിലേക്കുള്ള അറബികളുടെ യാത്രാമാര്‍ഗ്ഗത്തെക്കുറിച്ച് സൂ: ഹിജ്ര്‍ 76ഉം 79ഉം വചനങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.


(*) ഇപ്പോള്‍ അറേബ്യന്‍ ഉള്‍ക്കടല്‍ എന്നാണ് പറയാറുള്ളത്.


മേല്‍ക്കാണിച്ചതുപോലുള്ള അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കുന്നതിനുപകരം അവര്‍ ക്രമേണ നന്ദികേടു കാണിക്കയാണുണ്ടായത്. യാത്രാമദ്ധ്യെ അടുത്തടുത്തു രാജ്യങ്ങളും ജനങ്ങളും ഉള്ളതുകൊണ്ടു യാത്രയുടെ രസം അനുഭവപ്പെടുന്നില്ല; സാധുക്കള്‍ക്കും പ്രമാണിമാര്‍ക്കും യാത്രാ സൗകര്യം ഒരുപോലെയാണ്; വലിയ യാത്രാസംഘങ്ങളെ സംഘടിപ്പിച്ച് ആഘോഷത്തോടും ആര്‍ഭാടങ്ങളോടും കൂടി യാത്ര നടത്തുവാന്‍ ഇതൊരു തടസ്സമാണ്. എന്നിങ്ങിനെ അവര്‍ക്കു പരാതിയായി. അതിനാല്‍, ഇടക്കിടെ മരുഭൂമിയും, വിജനപ്രദേശവുമായിരിക്കണം; വിശ്രമത്തിനുള്ള താവളങ്ങള്‍ തമ്മില്‍ കുറെ അകലമുണ്ടായിരിക്കണം. എന്നായി അവരുടെ ആവശ്യം. ഇതു വാസ്തവത്തില്‍ ക്രൂരവും, ധിക്കാരപരവുമാണെന്നു മാത്രമല്ല, അവരോടു തന്നെ അവര്‍ ചെയ്യുന്ന അനീതിയുമാണല്ലോ. ഇതിന്റെ ഫലമായി നാനാവിധേന അല്ലാഹു അവരെ ഛിന്നഭിന്നമാക്കി. കുറെഭാഗം നശിച്ചുപോയി. കുറെഭാഗം ദൂരപ്രദേശങ്ങളില്‍ അലഞ്ഞുതിരിയേണ്ടിവന്നു. പലരും പലേടത്തായി താവളമുറപ്പിച്ചു. സബഇന്റെ ഓരോ ശാഖകളായ ജഫ്നഃ (جفنة) ശാമിലും, ഔസും, ഖസ്റജും (الاوس والخزرج) യഥ്രിബിലും (മദീനായിലും), അസ്ദിന്റെ ഒരു വിഭാഗം (ازدسراة) സറാത്തിലും മറ്റൊരു വിഭാഗം (ازدعمان) ഉമ്മാനിലും വസിച്ചുവന്നു. അങ്ങനെ, വളരെക്കാലം വമ്പിച്ച കീര്‍ത്തിയും പ്രതാപവുമുണ്ടായിരുന്ന സബഉ് വര്‍ഗ്ഗം പഴങ്കഥകളായിമാത്രം അവശേഷിച്ചു. ‘സബഉഗോത്രക്കാരെപ്പോലെ ഛിന്നിച്ചിതറി’ (تفرقوا أيدي سبأ) എന്നൊരു ഉപമാവാക്യം അറബികളില്‍ ഇന്നും ഉപയോഗിക്കാറുള്ളതു സ്മരണീയമാകുന്നു.

ആപത്തുകളിലും, വിഷമങ്ങളിലും ക്ഷമയും സഹനവും കൈക്കൊള്ളുകയും, സുഖത്തിലും സന്തോഷത്തിലും നന്ദികാണിക്കുകയും ചെയ്യുന്നവര്‍ക്ക് – അവര്‍ വ്യക്തികളാകട്ടെ, സമൂഹമാകട്ടെ – ഇതില്ലെല്ലാം ധാരാളം ദൃഷ്ടാന്താവും പാഠവും ലഭിക്കുവാനുണ്ട്. (إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ) അതവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ആ രണ്ടു സ്വഭാവവുമില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അടുത്ത വചനത്തില്‍ സബഇനെക്കുറിച്ചു അല്ലാഹു തുടര്‍ന്നു പ്രസ്താവിച്ചതില്‍നിന്നു മനസ്സിലാക്കാം:-

34:20
  • وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًا مِّنَ ٱلْمُؤْمِنِينَ ﴾٢٠﴿
  • തീര്‍ച്ചയായും, ഇബ്ലീസു തന്റെ ധാരണ അവരില്‍ സത്യമാക്കുകയുണ്ടായി. അങ്ങനെ - സത്യവിശ്വാസികളില്‍നിന്നു ഒരു വിഭാഗം ഒഴിച്ച് - അവര്‍ (മുഴുവനും) അവനെ പിന്‍പറ്റി
  • وَلَقَدْ صَدَّقَ തീര്‍ച്ചയായും സത്യമാക്കിയിട്ടുണ്ട് عَلَيْهِمْ അവരില്‍ إِبْلِيسُ ഇബ്ലീസ് ظَنَّهُ അവന്റെ ധാരണ, വിചാരം فَاتَّبَعُوهُ അങ്ങനെ അവര്‍ അവനെ പിന്‍പറ്റി إِلَّا فَرِيقًا ഒരു വിഭാഗം ഒഴികെ مِّنَ الْمُؤْمِنِينَ സത്യവിശ്വാസികളില്‍നിന്നു
34:21
  • وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌ ﴾٢١﴿
  • അവനു അവരുടെമേല്‍ യാതൊരു അധികാരശക്തിയും ഉണ്ടായിരുന്നില്ല; പക്ഷെ, പരലോകത്തെക്കുറിച്ച് സംശയത്തില്‍ സ്ഥിതിചെയ്യുന്നവരില്‍നിന്ന് അതില്‍ വിശ്വസിക്കുന്നവരെ നമുക്കു (വേര്‍തിരിച്ച്) അറിയുവാന്‍ വേണ്ടിയാകുന്നു (അതുണ്ടായത്). നിന്റെ റബ്ബ് എല്ലാ വസ്തുവിന്റെമേലും സൂക്ഷ്മവീക്ഷണം ചെയ്യുന്നവനാണ്
  • وَمَا كَانَ ഇല്ല, ഉണ്ടായിരുന്നില്ല لَهُ അവനു عَلَيْهِم അവരുടെമേല്‍ مِّن سُلْطَانٍ ഒരധികാരവും, ശക്തിയും إِلَّا പക്ഷേ, എങ്കിലും لِنَعْلَمَ നാം (നമുക്ക്) അറിയാന്‍വേണ്ടി مَن يُؤْمِنُ വിശ്വസിക്കുന്നവരെ بِالْآخِرَةِ പരലോകത്തില്‍ مِمَّنْ യാതൊരാളില്‍നിന്നു هُوَ അവന്‍ مِنْهَا അതിനെക്കുറിച്ച് فِي شَكٍّ സംശയത്തിലാണ് وَرَبُّكَ നിന്റെ റബ്ബ് عَلَىٰ كُلِّ شَيْءٍ എല്ലാ വസ്തുവിന്റെ മേലും حَفِيظٌ സൂക്ഷിച്ചു(വീക്ഷിച്ചു) വരുന്നവനാണ്

നിഷ്കളങ്കരല്ലാത്ത ആളുകളെ താന്‍ വഴിപിഴപ്പിക്കുമെന്നു ഇബ്ലീസ് ശപഥം ചെയ്തിട്ടുള്ള വിവരം ഖുര്‍ആന്‍ പലേടത്തും ഉണര്‍ത്തിയിട്ടുള്ളതാണ്. അവന്റെ ധാരണയും, ആഗ്രഹവും അവരെ സംബന്ധിച്ചേടത്തോളം നടപ്പാകുന്നതല്ല. അതെ, അവര്‍ അവന്റെ ദുഷ്പ്രേരണകള്‍ക്കും, ദുരുപദേശങ്ങള്‍ക്കും വശംവദരാകുകയില്ല. നിഷ്കളങ്കരല്ലാത്തവരെ നിര്‍ബ്ബന്ധിച്ചു വഴിപിഴപ്പിക്കുവാനുള്ള അധികാരശക്തി ഇബ്ലീസിന്നില്ലെങ്കിലും അവര്‍ അവനെ നേതാവാക്കി പിന്‍പറ്റുകയും, അവന്റെ കെണിയിലകപ്പെടുകയും ചെയ്യും. ഇതാണ് സബഉഗോത്രക്കാരിലും സംഭവിച്ചതു. ഇങ്ങിനെ ഇബ്ലീസിന്ന് അഭിമാനിക്കുവാന്‍ അവസരം ലഭിക്കുന്നതിന്റെ രഹസ്യം യഥാര്‍ത്ഥ സത്യവിശ്വാസികളെയും അല്ലാത്തവരെയും വേര്‍തിരിക്കുക എന്നുള്ളതാകുന്നു.

വിഭാഗം - 3

34:22
  • قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍ وَمَا لَهُۥ مِنْهُم مِّن ظَهِيرٍ ﴾٢٢﴿
  • (നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ആരാധ്യരായി) ജല്പിക്കുന്നവരെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊള്ളുക; ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുതൂക്കവും അവര്‍ അധീനമാക്കുന്നില്ല; അവ രണ്ടിലും അവര്‍ക്കു യാതൊരു പങ്കും ഇല്ല; അവരില്‍നിന്നു അവനു് [അല്ലാഹുവിനു] യാതൊരു പിന്‍തുണക്കാരനും ഇല്ല.
  • قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ الَّذِينَ زَعَمْتُم നിങ്ങള്‍ ജല്പിക്കുന്നവരെ مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ അധീനമാക്കുന്നില്ല (ശക്തരല്ല) مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല وَمَا لَهُمْ അവര്‍ക്കു ഇല്ലതാനും فِيهِمَا അവ രണ്ടിലും مِن شِرْكٍ ഒരു പങ്കും وَمَا لَهُ അവന്നില്ല مِنْهُم അവരില്‍നിന്നു مِّن ظَهِيرٍ ഒരു പിന്‍തുണക്കാരനും
34:23
  • وَلَا تَنفَعُ ٱلشَّفَـٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ ﴾٢٣﴿
  • അവന്‍ സമ്മതം നല്‍കിയവര്‍ക്കല്ലാതെ അവന്റെ അടുക്കല്‍ ശുപാര്‍ശ ഫലപ്പെടുന്നതുമല്ല. അങ്ങനെ, അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങുമ്പോള്‍ അവര്‍ (തമ്മില്‍) പറയും: 'നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്!' അവര്‍ (മറുപടി) പറയും: 'ന്യായമായുള്ളതുതന്നെ. അവന്‍ വലിയ (മഹാനായ) ഉന്നതനത്രെ!'
  • وَلَا تَنفَعُ ഫലം ചെയ്കയുമില്ല الشَّفَاعَةُ ശുപാര്‍ശ عِندَهُ അവന്റെ അടുക്കല്‍ إِلَّا لِمَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവനു അവന്‍ സമ്മതം നല്‍കി حَتَّىٰ إِذَا فُزِّعَ അങ്ങനെ പരിഭ്രമം നീക്കപ്പെട്ടാല്‍ (നീങ്ങിയാല്‍) عَن قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍നിന്നു قَالُوا അവര്‍ പറയും مَاذَا قَالَ എന്തുപറഞ്ഞു رَبُّكُمْ നിങ്ങളുടെ റബ്ബ് قَالُوا അവര്‍ പറയും الْحَقَّ ന്യായം (വേണ്ടപ്പെട്ടതു) തന്നെ وَهُوَ അവന്‍, അവനത്രെ الْعَلِيُّ ഉന്നതന്‍ الْكَبِيرُ വലിയവന്‍, മഹാന്‍

ആകാശഭൂമികളുടെ സൃഷ്ടാവ് അല്ലാഹുവാണെങ്കിലും അവയിലെ കൈകാര്യങ്ങള്‍ നടത്തുന്നതു ചില മഹാത്മാക്കളാണെന്നു ചിലര്‍; ഭൂമിയിലെ ചില വസ്തുക്കളെ സൃഷ്ടിച്ചിരിക്കുന്നതു അല്ലാഹു അല്ലാത്ത ഏതോ ചില അദൃശ്യശക്തികളാണെന്നു ചിലര്‍; ജനനം, മരണം, സുഖം, ദുഃഖം ആദിയായവ ഏര്‍പ്പെടുത്തുന്നതില്‍ ചില ദേവീദേവന്മാര്‍ക്കും മഹാത്മാക്കള്‍ക്കും പങ്കുണ്ടെന്നു മറ്റു ചിലര്‍; എല്ലാം അല്ലാഹുവിന്റെ അധികാരാതിര്‍ത്തിയില്‍ ഉള്‍ക്കൊണ്ടതാണെങ്കിലും അവന്റെ മുമ്പില്‍ ശുപാര്‍ശ നടത്തി ഉദ്ദേശ്യം സാധിപ്പിക്കുവാന്‍ മഹാത്മാക്കള്‍ക്കും, ആരാധ്യ വസ്തുക്കള്‍ക്കും കഴിയുമെന്നു വേറെ ചിലര്‍; ഇങ്ങിനെ പലതരത്തിലുള്ള വിശ്വാസവും വാദവും പുലര്‍ത്തിക്കൊണ്ടിരിക്കുന്നവരെ ശിര്‍ക്കിന്റെ ആള്‍ക്കാരില്‍ കാണാം. ഇവര്‍ക്കെല്ലാമുള്ള ഖണ്ഡനം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു.

വലിയവരുടെ മുമ്പില്‍ ശുപാര്‍ശയും, സ്വാധീനവും ചെലുത്തി ഐഹിക കാര്യങ്ങള്‍ സാധിപ്പിക്കുന്നതുപോലെ അല്ലാഹുവിങ്കല്‍ സാധ്യമല്ല. അവന്‍ ആര്‍ക്കു സമ്മതം നല്‍കിയോ, ആര്‍ക്കുവേണ്ടി സമ്മതം നല്‍കിയോ, അവര്‍ക്കു മാത്രമേ ശുപാര്‍ശ ചെയ്‌വാനും, ചെയ്യപ്പെടുവാനും സാധ്യമാകൂ. അവിശ്വാസികള്‍ക്കു അല്ലാഹുവിന്റെ മുമ്പില്‍ ഏതെങ്കിലും പ്രകാരത്തിലുള്ള ശുപാര്‍ശക്കോ, പ്രതീക്ഷക്കോ, അവകാശമില്ലെന്നു വ്യക്തമാണ്. എന്നിരിക്കെ, ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ സത്യവിശ്വാസികളും, ശുപാര്‍ശക്കാര്‍, മലക്കുകള്‍, നബിമാര്‍ മുതലായവരുമായിരിക്കുമല്ലോ. ആരായാലുംശരി, പ്രത്യേകം അനുമതി കിട്ടിയല്ലാതെ അല്ലാഹുവിന്റെ മുമ്പില്‍ സംസാരിക്കുവാന്‍പോലും അവര്‍ ശക്തരല്ലതാനും. അല്ലാഹു പറയുന്നു:

(١): يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَقَالَ صَوَابًا : سورة النبإ
(٢): وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّـهُ لِمَن يَشَاءُ وَيَرْضَىٰ : سورة النجم
(٣): وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ : سورة الأنبياء

(സാരം: 1. ‘റൂഹും’ മലക്കുകളും അണിയായി നില്‍ക്കുന്ന ആ ദിവസം, പരമകാരുണികന്‍ ആര്‍ക്കു സമ്മതം നല്‍കുകയും, താന്‍ നേരായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ സംസാരിക്കുകയില്ല. (സൂ: നബഉ്).
2. ആകാശത്തില്‍ എത്രയോ മലക്കുകളുണ്ട് – അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കുവേണ്ടി അവന്‍ സമ്മതം കൊടുക്കുന്നതിനുശേഷമല്ലാതെ – അവരുടെ ശുപാര്‍ശ ഒട്ടും ഫലപ്പെടുകയില്ല. (സൂ: അന്നജ്മു).
3. അവന്‍ – അല്ലാഹു – തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ – മലക്കുകള്‍ – ശുപാര്‍ശ ചെയ്കയില്ല. (സൂ: അമ്പിയാഉ്).

‘ശുപാര്‍ശയുടെ ഹദീസു’ (حديث الشفاعة) എന്നപേരില്‍ പ്രസിദ്ധമായതും, ബുഖാരി, മുസ്‌ലിം (رحمهما الله) തുടങ്ങിയ മഹാന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതുമായ ഹദീസില്‍ ‘മഹ്ശറില്‍’ വെച്ച് നടക്കുന്ന ഏറ്റവും വമ്പിച്ച ശുപാര്‍ശ ഏതാണെന്നു വിവരിച്ചിരിക്കുന്നു. അതിന്റെ ചുരുക്കം ഇതാണ്: ‘ജനങ്ങളെല്ലാം താങ്ങാന്‍വയ്യാത്ത വ്യസനത്തിലും ഭയത്തിലുമായിരിക്കെ അവര്‍ ആദം (عليه الصلاة والسلام) നബിയുടെയും, പിന്നീടു നൂഹ് (عليه الصلاة والسلام) നബി, ഇബ്രാഹീം (عليه الصلاة والسلام) നബി മുതലായ നബിമാരുടെയും അടുക്കല്‍ചെന്ന് തങ്ങളുടെ കാര്യത്തില്‍ വിചാരണ നടത്തി തീരുമാനമെടുക്കുവാന്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്നപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് താന്‍ അതിനര്‍ഹനല്ലെന്നു മറുപടികൊടുക്കും. അവസാനം അവര്‍ മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അടുക്കല്‍ ചെന്നപേക്ഷിക്കും, തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അല്ലാഹുവിനു സുജൂദായിവീഴുകയും, ചില പ്രത്യേക സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. അല്ലാഹുവില്‍നിന്നു ഇങ്ങിനെ ഉത്തരവു ലഭിക്കും: ‘തല ഉയര്‍ത്തുക, മുഹമ്മദേ! പറയൂ, കേള്‍ക്കാം! ചോദിക്കൂ, തരാം! ശുപാര്‍ശ ചെയ്തുകൊള്ളുക, ശുപാര്‍ശ സ്വീകരിക്കാം!’.

(ارْفَعْ رَأْسَكَ يَا مُحَمَّدُ ، وَقُلْ يُسْمَعْ لَكَ ، وَسَلْ تُعْطَهْ ، وَاشْفَعْ تُشَفَّعْ – مختصرا من المتفق عليه)

വര്‍ണ്ണിക്കുവാന്‍ അസാധ്യമായ ആ ഗൗരവഘട്ടത്തില്‍, അല്ലാഹുവിന്റെ കാരുണ്യം സത്യവിശ്വാസികളില്‍ വര്‍ഷിക്കുന്നു. ഭയവിഹ്വലതയും, പരിഭ്രമവും അവരുടെ ഹൃദയങ്ങളില്‍നിന്നു നീങ്ങുകയും ചെയുന്നു. ദീര്‍ഘമായ പരിഭ്രമത്തിനുശേഷം ലഭിച്ച ആ ആശ്വാസവാര്‍ത്തയെക്കുറിച്ചു അവര്‍ അന്യോന്യം ചോദിക്കുകയാണ്: ‘റബ്ബ് എന്തുപറഞ്ഞു?’ (مَاذَا قَالَ رَبُّكُمْ) ഇങ്ങിനെ മറുപടി ലഭിക്കും: ‘ന്യായമായതുതന്നെ! അല്ലാഹു അത്യുന്നതനാണ്, അതിമഹാനാണ്.’ (الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ) എന്ന്.

34:24
  • قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَـٰلٍ مُّبِينٍ ﴾٢٤﴿
  • (നബിയേ) പറയുക: 'ആകാശങ്ങളില്‍നിന്നും, ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നതു ആരാണ്?' പറയുക: 'അല്ലാഹു (തന്നെ). നിശ്ചയമായും ഞങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍, സന്‍മാര്‍ഗ്ഗത്തിലാണ്; അല്ലെങ്കില്‍ സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്.'
  • قُلْ പറയുക مَن يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) തരുന്നതാരാണ് مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും قُلِ اللَّـهُ പറയുക അല്ലാഹുവാണ് وَإِنَّا നിശ്ചയമായും ഞങ്ങള്‍ أَوْ إِيَّاكُمْ അല്ലെങ്കില്‍ നിങ്ങള്‍ لَعَلَىٰ هُدًى സന്‍മാര്‍ഗ്ഗത്തില്‍തന്നെ أَوْ فِي ضَلَالٍ അല്ലെങ്കില്‍ ദുര്‍മ്മാര്‍ഗ്ഗത്തി(പിഴവി)ലാണ് مُّبِينٍ സ്പഷ്ടമായ
34:25
  • قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ ﴾٢٥﴿
  • പറയുക: 'ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങളോടു ചോദിക്കപ്പെടുകയില്ല; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കപ്പെടുന്നതല്ല.'
  • قُل പറയുക لَّا تُسْأَلُونَ നിങ്ങളോട് ചോദിക്കപ്പെടുകയുമില്ല عَمَّا أَجْرَمْنَا ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി وَلَا نُسْأَلُ ഞങ്ങളോടു ചോദിക്കപ്പെടുകയുമില്ല عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

34:26
  • قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ ﴾٢٦﴿
  • പറയുക: 'നമ്മുടെ രക്ഷിതാവ് നമ്മുടെയിടയില്‍ ഒരുമിച്ചുകൂട്ടും; പിന്നീടു നമുക്കിടയില്‍ യഥാര്‍ത്ഥ (ന്യായ) പ്രകാരം തീര്‍പ്പുണ്ടാക്കുന്നതാണ്. സര്‍വ്വജ്ഞനായ തീര്‍പ്പു കല്പിക്കുന്നവന്‍ അവനത്രെ.'
  • قُلْ പറയുക يَجْمَعُ بَيْنَنَا നമ്മുടെ ഇടയില്‍ ഒരുമിച്ചുകൂട്ടും رَبُّنَا നമ്മുടെ റബ്ബ് ثُمَّ يَفْتَحُ പിന്നെ അവന്‍ തുറവിയുണ്ടാക്കും (തീര്‍പ്പ്‌ കല്പിക്കും) بَيْنَنَا നമുക്കിടയില്‍ بِالْحَقِّ ന്യായപ്രകാരം സത്യമനുസരിച്ചു وَهُوَ അവന്‍, അവനത്രെ الْفَتَّاحُ തുറവിയാക്കുന്ന(തീര്‍പ്പു കല്പിക്കുന്ന)വന്‍ الْعَلِيمُ സര്‍വ്വജ്ഞനായ
34:27
  • قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ ﴾٢٧﴿
  • പറയുക: പങ്കുകാരെന്ന നിലയില്‍ നിങ്ങള്‍ അവനോടു കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്കു കാട്ടിത്തരുവിന്‍! (ഞാനൊന്നു കാണട്ടെ) 'അങ്ങിനെയില്ല! [അതു സാധ്യമല്ല.] എന്നാലവന്‍, അല്ലാഹുവാണ്; അഗാധജ്ഞനായ പ്രതാപശാലിയാണ്.
  • قُلْ പറയുക أَرُونِيَ എനിക്കു കാണിച്ചുതരുവിന്‍ الَّذِينَ أَلْحَقْتُم നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ بِهِ അവനോടു شُرَكَاءَ പങ്കുകാരായി كَلَّا അങ്ങിനെയില്ല بَلْ هُوَ എന്നാല്‍ (എങ്കിലും) അവന്‍ اللَّـهُ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനായ

ആകാശത്തുനിന്നു മഴയും മറ്റും ഇറക്കി, ഭൂമിയില്‍ ഉല്പാദനമുണ്ടാക്കി, ജനങ്ങള്‍ക്കു ഉപജീവനമാര്‍ഗ്ഗങ്ങളൊരുക്കുന്നവന്‍ അല്ലാഹുവാണെന്നു മുശ്രിക്കുകളും സമ്മതിക്കുന്നു. ആ സ്ഥിതിക്ക് അവന്‍ മാത്രമേ ആരാധനക്ക് അര്‍ഹനാകുകയുള്ളുവെന്നും അവര്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്ന സത്യവിശ്വാസികളാണോ പിഴച്ചവര്‍, അതല്ല തങ്ങളോ എന്നു അവര്‍ക്കു കാണുവാന്‍ പ്രയാസമില്ല. രണ്ടിലൊരു കൂട്ടര്‍ സന്‍മാര്‍ഗ്ഗത്തിലും, മറ്റേവര്‍ ദുര്‍മ്മാര്‍ഗ്ഗത്തിലുമെന്നല്ലാതെ – ഇരുകൂട്ടരും ഒരുപോലെയാണെന്നു – വരുവാന്‍ നിവൃത്തിയില്ലല്ലോ. ഓരോരുത്തരുടെയും തെറ്റുകുറ്റങ്ങള്‍ക്കു ഉത്തരവാദി അവരവര്‍ തന്നെയാണുതാനും. ആകയാല്‍, അല്പം മനസ്സാക്ഷിയോടുകൂടി ഒന്നു ചിന്തിച്ചാല്‍ തങ്ങളുടെ അബദ്ധം തങ്ങള്‍ക്കു വ്യക്തമാകുമെന്ന് മുശ്രിക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. അതിനവര്‍ തയ്യാറില്ലാത്തപക്ഷം എല്ലാവരെയും അല്ലാഹു അവന്റെ മുമ്പില്‍ ഒരുമിച്ചുകൂട്ടി ന്യായമായ തീരുമാനമുണ്ടാക്കിക്കൊള്ളുമെന്നു താക്കീതു ചെയ്കയും ചെയ്യുന്നു. ഈ വാക്യങ്ങളിലെ ആശയം ഗൗരവതരമാണെങ്കിലും, അവയുടെ ശൈലി എത്ര മിതവും, സൗമ്യവുമാണെന്നുനോക്കുക!

അല്ലാഹുവിനു സമന്‍മാരാക്കി സങ്കൽപിച്ചുകൊണ്ടു പലരെയും മുശ്രിക്കുകള്‍ ദൈവങ്ങളായി സ്വീകരിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരെങ്കിലും, അല്ലാഹുവിന്റെ മഹത്തായ ഗുണഗണങ്ങളോ, ശക്തിമാഹാത്മ്യങ്ങളോ – ഭാഗികമായെങ്കിലും – അവകാശപ്പെടാവുന്നവര്‍ ഇല്ലതന്നെ. ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ എന്നു 27-ാം വചനത്തില്‍ അവരെ വെല്ലുവിളിക്കുന്നു. ‘ഇല്ല, അതൊരിക്കലും സാധ്യമല്ല’. എന്നു തീര്‍ത്തുപറയുകയും, അല്ലാഹു മാത്രമെ ആരാധ്യനുള്ളുവെന്നു സ്ഥാപിക്കുകയും ചെയ്യുന്നു.