സൂറത്തു ‘സബഉ്’ : 29-54
- وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٢٨﴿
- (നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.
- وَمَا أَرْسَلْنَاكَ നിന്നെ നാം അയച്ചിട്ടില്ല إِلَّا كَافَّةً ആകമാനമായിട്ടല്ലാതെ لِّلنَّاسِ മനുഷ്യര്‍ക്കു بَشِيرًا സന്തോഷവാര്‍ത്ത അറിയിക്കുന്നവനായി وَنَذِيرًا താക്കീതു നല്‍കുന്നവനായും وَلَـٰكِنَّ എങ്കിലും, പക്ഷെ أَكْثَرَ النَّاسِ മനുഷ്യരിലധികവും لَا يَعْلَمُونَ അറിയുന്നില്ല
നബി മുഹമ്മദ് (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ മുമ്പുള്ള പ്രവാചകന്‍മാരെല്ലാം, ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തിലേക്കും, കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. മനുഷ്യ സമൂഹത്തിന്റെ അന്നത്തെ പരിതസ്ഥിതിയായിരുന്നു അതിനു കാരണം. ബുദ്ധിപരമായും, സാമൂഹ്യമായും, നാഗരീകമായും മനുഷ്യന്‍ വളര്‍ന്നുവരികയായിരുന്നു. ആവശ്യമായ പക്വതയും, പാകതയും അവരില്‍ സംജാതമായിത്തുടങ്ങിയ ഘട്ടത്തിലാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനി റസൂലായി നിയോഗിക്കപ്പെട്ടത്. ലോകാവസാനം വരെയുള്ള മനുഷ്യന്റെ വളര്‍ച്ചക്ക് അനുയോജ്യമായിക്കൊണ്ട് ലോകാവസാനംവരെ അവശേഷിക്കുന്ന ഒരു വേദഗ്രന്ഥവും അദ്ദേഹത്തിനു നല്‍കപ്പെട്ടു. എനി ഒരു റസൂലോ, പ്രവാചകനോ അയക്കപ്പെടേണ്ടുന്ന ആവശ്യമില്ല. അതുകൊണ്ട് അദ്ദേഹം എല്ലാ മനുഷ്യസമുദായത്തിനും എല്ലാ കാലത്തേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
സജ്ജനങ്ങള്‍ക്കു സന്തോഷ വാര്‍ത്തയും, ദുര്‍ജ്ജനങ്ങള്‍ക്കു താക്കീതും നല്‍കുകയാണ് ഒരു റസൂലിനു മൊത്തത്തില്‍ നിര്‍വ്വഹിക്കേണ്ടതുള്ളത്. അതാണദ്ദേഹം ചെയ്യുന്നതും. അദ്ദേഹത്തിന്റെ പ്രബോധനം ഏതെങ്കിലും ഒരു വിഭാഗത്തിനോ, ജനതക്കോ മാത്രം ഉള്ളതല്ല. അദ്ദേഹത്തിന്റെ ദൗത്യം അറബികള്‍ക്കോ, മുസ്‌ലിംകള്‍ക്കോ മാത്രവുമല്ല. സൂ: അഅ്റാഫ് 158ല്‍ അല്ലാഹു പറയുന്നു: ‘പറയുക: ‘ഹേ, മനുഷ്യരെ, ആകാശ ഭൂമികളുടെ രാജത്വം ഏതൊരുവനുള്ളതാണോ ആ അല്ലാഹു നിങ്ങളിലേക്കു മുഴുവനുമായി അയച്ച ദൂതനാണ് ഞാന്‍.’.
(قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا : سورة الأعراف :١٥٨)
(സൂ: അഹ്സാബ് 40-ാം വചനത്തിന്റെ വിവരണത്തില്‍ ഈ വിഷയകമായി പ്രസ്താവിച്ചിട്ടുള്ളതു ഓര്‍മ്മിക്കുക.)
- وَيَقُولُونَ مَتَىٰ هَـٰذَا ٱلْوَعْدُ إِن كُنتُمْ صَـٰدِقِينَ ﴾٢٩﴿
- അവര്‍ [അവിശ്വാസികള്‍] പറയുന്നു: 'എപ്പോഴാണ് ഈ വാഗ്ദാനം (ഉണ്ടാവുക) നിങ്ങള്‍ സത്യം പറയുന്നവരാണെങ്കില്‍!?'
- وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْوَعْدُ ഈ വാഗ്ദാനം إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യം പറയുന്നവര്‍
- قُل لَّكُم مِّيعَادُ يَوْمٍ لَّا تَسْتَـْٔخِرُونَ عَنْهُ سَاعَةً وَلَا تَسْتَقْدِمُونَ ﴾٣٠﴿
- (നബിയേ) പറയുക: 'നിങ്ങള്‍ക്കു ഒരു നിശ്ചിത ദിവസമുണ്ട്; (അതു വരുമ്പോള്‍) നിങ്ങള്‍ അതുവിട്ട് ഒരു നാഴിക സമയവും പിന്നോട്ടു പോകുകയില്ല; മുന്നോട്ടും പോകുകയില്ല'.
- قُل പറയുക لَّكُم നിങ്ങള്‍ക്കുണ്ട് مِّيعَادُ يَوْمٍ ഒരു നിശ്ചിത ദിവസം, ദിവസത്തിന്റെ നിശ്ചയം لَّا تَسْتَأْخِرُونَ നിങ്ങള്‍ പിന്നോട്ട് പോകയില്ല, പിന്തുകയില്ല عَنْهُ അതില്‍നിന്നു, അതുവിട്ടു سَاعَةً ഒരു നാഴികയും وَلَا تَسْتَقْدِمُونَ നിങ്ങള്‍ മുന്നോട്ടു പോകയുമില്ല, മുന്തുകയുമില്ല
‘പുനരുത്ഥാനത്തെക്കുറിച്ചു നിങ്ങള്‍ പറയാറുണ്ടല്ലോ. അതു വാസ്തവമാണെങ്കില്‍ അതെപ്പോഴാണ് സംഭവിക്കുക? അതൊന്നു പറഞ്ഞു തരണം’ എന്നു അവിശ്വാസികള്‍ പരിഹാസപൂര്‍വ്വം ചോദിക്കുകയാണ്. ‘അതിനൊരു നിശ്ചിതസമയമുണ്ട്. അതു എപ്പോഴാണെന്നു പറയാന്‍ വയ്യ. പക്ഷേ, അതു വന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്നു യാതൊരു രക്ഷയും, നീക്കുപോക്കും ലഭിക്കുന്നതല്ല. ഇതാണ് നിങ്ങള്‍ ആലോചിക്കേണ്ടത്’ എന്നാണതിനുള്ള മറുപടി.
വിഭാഗം - 4
- وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ ﴾٣١﴿
- അവിശ്വസിച്ചവര്‍ പറയുകയാണ്: 'ഈ ഖുര്‍ആനിലാകട്ടെ, ഇതിന്റെ മുമ്പുള്ളതിലാകട്ടെ, ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ'. (ആ) അക്രമികള്‍ - അവരില്‍ ചിലര്‍ ചിലരുടെ നേരെ വാക്ക് [സംസാരം] ആവര്‍ത്തിച്ചു (തര്‍ക്കിച്ചു) കൊണ്ട് - തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ നിറുത്തപ്പെട്ടവരാകുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍?! (ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും.) അതായത്: ബലഹീനരായി ഗണിക്കപ്പെട്ടിട്ടുള്ളവര്‍ വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു പറയും: 'നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളാകുമായിരുന്നു!'.
- وَقَالَ പറഞ്ഞു (പറയുന്നു) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ بِهَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ وَلَا بِالَّذِي യാതൊന്നിലുമില്ല بَيْنَ يَدَيْهِ അതിന്റെ മുമ്പിലുള്ള وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുകയാണെങ്കില്‍ إِذِ الظَّالِمُونَ അക്രമികളാകുന്ന സന്ദര്‍ഭം مَوْقُوفُونَ നിറുത്തപ്പെട്ടവര്‍ عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്റെ അടുക്കല്‍ يَرْجِعُ ആവര്‍ത്തിച്ചുകൊണ്ടു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരോട് الْقَوْلَ വാക്കു(സംസാരം) يَقُولُ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരെന്നു (ഗര്‍വ്വ്) നടിച്ചവരോടു لَوْلَا أَنتُمْ നിങ്ങളിലായിരുന്നുവെങ്കില്‍ لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു مُؤْمِنِينَ സത്യവിശ്വാസികള്‍
- قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ ﴾٣٢﴿
- വലിയവരെന്നു (ഗര്‍വ്വു) നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോടു പറയും: 'ഞങ്ങളാണോ, നിങ്ങള്‍ക്കു സന്‍മാര്‍ഗ്ഗം വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്നു തടഞ്ഞത്?! പക്ഷേ, നിങ്ങള്‍ (സ്വയം) കുറ്റവാളികളായിരുന്നു.'
- قَالَ പറയും الَّذِينَ اسْتَكْبَرُوا വലുപ്പം (ഗര്‍വ്വ്) നടിച്ചവര്‍ لِلَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവരോടു أَنَحْنُ ഞങ്ങളാണോ صَدَدْنَاكُمْ നിങ്ങളെ തടഞ്ഞു, തട്ടിത്തിരിച്ചതു عَنِ الْهُدَىٰ സന്‍മാര്‍ഗ്ഗത്തില്‍ നിന്നു, നേര്‍മ്മാര്‍ഗ്ഗം വിട്ടു بَعْدَ إِذْ جَاءَكُم അതു നിങ്ങള്‍ക്കു വന്നതിനുശേഷം بَلْ പക്ഷേ كُنتُم നിങ്ങളായിരുന്നു مُّجْرِمِينَ കുറ്റവാളികള്‍
- وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَـٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ ﴾٣٣﴿
- ബലഹീനരായി ഗണിക്കപ്പെട്ടവര്‍, വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു വീണ്ടും പറയും; 'എങ്കിലും, രാവും പകലുമുള്ള (നിങ്ങളുടെ) കുതന്ത്രം! ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കുന്നതിനും, അവനു സമന്‍മാരെ ആക്കുന്നതിനും നിങ്ങള്‍ ഞങ്ങളോട് ആജ്ഞാപിച്ചു കൊണ്ടിരുന്നപ്പോഴത്തെ (കുതന്ത്രം! അതാണ് ഞങ്ങളെ തടഞ്ഞത്)'. ശിക്ഷ കാണുന്ന അവസരത്തില്‍ അവര്‍ (ഇരുകൂട്ടരും) ഖേദം മറച്ചുവെക്കുന്നതാണ്. അവിശ്വസിച്ചവരുടെ കഴുത്തുകളില്‍ നാം ആമങ്ങള്‍ [വിലങ്ങുകള്‍] ഏര്‍പ്പെടുത്തുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതിനല്ലാതെ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ?!
- وَقَالَ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരായി നടിച്ചവരോടു بَلْ എങ്കിലും, പക്ഷേ مَكْرُ اللَّيْلِ രാത്രിയിലെ കുതന്ത്രം وَالنَّهَارِ പകലിലെയും إِذْ تَأْمُرُونَنَا നിങ്ങള്‍ ഞങ്ങളോടു ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോള്‍ أَن نَّكْفُرَ ഞങ്ങള്‍ അവിശ്വസിക്കുവാന്‍ بِاللَّـه അല്ലാഹുവില്‍ وَنَجْعَلَ لَهُ ഞങ്ങള്‍ അവനു ആക്കുവാനും أَندَادًا സമന്‍മാരെ, തുല്യന്‍മാരെ وَأَسَرُّوا അവര്‍ സ്വകാര്യമാക്കും (മറച്ചുവെക്കും) النَّدَامَةَ ഖേദം لَمَّا رَأَوُا അവര്‍ കാണുമ്പോള്‍ الْعَذَابَ ശിക്ഷ وَجَعَلْنَا നാം ആക്കുകയും ചെയ്യും الْأَغْلَالَ ആമങ്ങളെ, വിലങ്ങുകളെ فِي أَعْنَاقِ കഴുത്തുകളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ هَلْ يُجْزَوْنَ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന
ഖുര്‍ആനെയും, അതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളെയും നിഷേധിക്കുകമാത്രമല്ല, ഒരിക്കലും തങ്ങളതില്‍ വിശ്വസിക്കുകയില്ലെന്നു അഹങ്കാരപൂര്‍വ്വം പ്രഖ്യാപിക്കുകയും ചെയ്യുന്ന ആ ധിക്കാരികള്‍, അല്ലാഹുവിന്റെ മുമ്പില്‍ ഹാജറാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചില രംഗങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്. അവരില്‍ അവിശ്വാസത്തിനും ദുര്‍മ്മാര്‍ഗ്ഗത്തിനും കൊടിപിടിച്ചും, അവയുടെ പ്രചാരണത്തിന് വേണ്ടി ഭഗീരഥപ്രയത്നങ്ങള്‍ നടത്തിയും, കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്ന വലിയവരും, അവരുടെ ഇംഗിതത്തിനും താളത്തിനും വഴങ്ങിക്കൊണ്ടിരുന്ന അനുഗാമികളും പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുന്നതാണ്. പക്ഷേ, ഫലമെന്തു? ശിക്ഷയില്‍ രണ്ടുകൂട്ടരും പങ്കാളികള്‍തന്നെ.
ഒരു വിഭാഗത്തിനു മറ്റേവിഭാഗത്തെ പഴിചാരി ഒഴിവാകുവാന്‍ മാര്‍ഗ്ഗമില്ലെന്നു കാണുമ്പോള്‍ – അപമാനവും നിരാശയും നിമിത്തം – അവര്‍ മിണ്ടുവാന്‍ കഴിയാതെ മൗനമവലംബിക്കുന്നതിനെക്കുറിച്ചാണ് وَأَسَرُّوا النَّدَامَةَ (അവര്‍ ഖേദം മറച്ചുവെക്കും) എന്നു പറഞ്ഞത്. ശിക്ഷ അനുഭവിക്കുമ്പോള്‍ സഹിക്കവയ്യാതെ, അവര്‍ നിലവിളിച്ച് അട്ടഹസിക്കുകയും, രക്ഷക്കപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നു മറ്റു വചനങ്ങളില്‍ പറഞ്ഞിട്ടുള്ളതു അവരുടെ വേറെ ചില രംഗങ്ങളെ വിവരിച്ചതാകുന്നു.
- وَمَآ أَرْسَلْنَا فِى قَرْيَةٍ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ ﴾٣٤﴿
- ഒരു രാജ്യത്തും തന്നെ, വല്ല താക്കീതുകാരനേയും നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല: 'നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ നിശ്ചയമായും അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാണ്' എന്ന്.
- وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖലോലുപന്മാര്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വാസികളാണ് (നിഷേധികളാണ്)
- وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًا وَأَوْلَـٰدًا وَمَا نَحْنُ بِمُعَذَّبِينَ ﴾٣٥﴿
- 'ഞങ്ങള്‍, സ്വത്തുക്കളും, മക്കളും അധികമുള്ളവരാകുന്നു; ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ലതാനും' എന്നും അവര്‍ പറയും.
- وَقَالُوا അവര്‍ പറയുകയും ചെയ്യും نَحْنُ ഞങ്ങള്‍ أَكْثَرُ കൂടുതലുള്ളവരാണ് أَمْوَالًا സ്വത്തുക്കള്‍ وَأَوْلَادًا മക്കളും وَمَا نَحْنُ ഞങ്ങളല്ലതാനും بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍
- قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ وَيَقْدِرُ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ ﴾٣٦﴿
- പറയുക (നബിയേ): 'നിശ്ചയമായും എന്റെ റബ്ബ് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപജീവനം വിശാലപ്പെടുത്തികൊടുക്കുന്നു; (അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കുകയും ചെയ്യുന്നു. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല.'
- قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് يَبْسُطُ വിശാലപ്പെടുത്തുന്നു, നീട്ടിക്കൊടുക്കുന്നു الرِّزْقَ ഉപജീവനം, ആഹാരം لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു وَيَقْدِرُ കുടുസ്സാക്കുക (കണക്കാക്കുക, ഇടുക്കമാക്കുക)യും ചെയ്യുന്നു وَلَـٰكِنَّ എങ്കിലും أَكْثَرَ النَّاسِ മനുഷ്യരില്‍ അധികവും لَا يَعْلَمُونَ അറിയുന്നില്ല
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ പ്രബോധനത്തില്‍ വിശ്വസിക്കുന്നവര്‍ താരതമ്യേന സാധുക്കളും, സാധാരണക്കാരുമാണ്. ഖുറൈശി പ്രമാണികളായ ആളുകളാകട്ടെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ധിക്കരിക്കുകയും, അവഹേളിക്കുകയുമാണ് ചെയ്യുന്നത്. ഇതില്‍ അസ്വാസ്ഥ്യപ്പെടേണ്ടതില്ലെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. കാരണം, സുഖജീവിതത്തിനാവശ്യമായ ഉപാധികള്‍ ലഭിക്കുകയും, അങ്ങനെ ഭൗതികമായ ആഢംബരജീവിതത്തില്‍ ലയിക്കുകയും ചെയ്തിട്ടുള്ള ആളുകള്‍ പ്രവാചകന്‍മാരെ നിഷേധിക്കലും, ദിവ്യദൗത്യങ്ങളെ അവഹേളിക്കലും പണ്ടുമുതല്‍ക്കേയുള്ള ഒരു പാരമ്പര്യമാണ്. ഓരോ പ്രവാചകന്റെയും കാലത്തുള്ള സുഖലോലുപന്‍മാരുടെ നില ഇതുതന്നെയായിരുന്നു. ഈ സമുദായത്തില്‍മാത്രം കാണപ്പെടുന്ന ഒരു പ്രവണതയല്ല ഇത്.
സത്യപ്രബോധനത്തെ നിരാകരിക്കലോ, പ്രവാചകന്‍മാരെ നിഷേധിക്കലോ മാത്രമല്ല ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സുഖസൗകര്യങ്ങളില്‍ അഹങ്കരിക്കുകയും, അതെല്ലാം തങ്ങളുടെ യോഗ്യതയുടെ അടയാളമായി ഗണിക്കുകയും ചെയ്യും. അല്ലാഹുവിങ്കല്‍ തങ്ങള്‍ക്കുള്ള പ്രത്യേക അടുപ്പംമൂലമാണ് അവന്‍ തങ്ങള്‍ക്കു ഇതെല്ലം നല്‍കിയിരിക്കുന്നതെന്നും, ആകയാല്‍ തങ്ങളൊരിക്കലും അല്ലാഹുവിന്റെ ശിക്ഷക്കു പാത്രമാകുകയില്ലെന്നുമായിരിക്കും അവരുടെ ധാരണ. പ്രവാചകന്‍മാരുടെ കാലത്തും അവരെ നിഷേധിക്കുന്ന അവിശ്വാസികളിലും മാത്രമല്ല ഇത്തരം സ്വഭാവങ്ങള്‍ കാണപ്പെടുക. ഭൗതികസുഖങ്ങള്‍ക്കും, ദേഹേച്ഛകള്‍ക്കും മുന്‍ഗണന നല്‍കിവരുന്ന ധനികരും പ്രമാണികളുമായ എല്ലാവരിലും – അവര്‍ മുസ്‌ലിംകളോ അമുസ്‌ലിംകളോ ആകട്ടെ – ഏറെക്കുറെ ഈ സ്വഭാവങ്ങള്‍ കാണാവുന്നതാണ്. അടുത്ത വചനങ്ങളില്‍ ഇത്തരം ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള മറുപടി കാണുക:
വിഭാഗം - 5
- وَمَآ أَمْوَٰلُكُمْ وَلَآ أَوْلَـٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَـٰلِحًا فَأُو۟لَـٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَـٰتِ ءَامِنُونَ ﴾٣٧﴿
- നിങ്ങളുടെ സ്വത്തുക്കളാകട്ടെ, നിങ്ങളുടെ മക്കളാകട്ടെ, നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്കു സാമീപ്യസ്ഥാനം നല്‍കുന്നവയല്ല തന്നെ; പക്ഷെ, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാരോ അക്കൂട്ടര്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ളതിനു് ഇരട്ടി പ്രതിഫലമുണ്ടായിരിക്കും. അവരാകട്ടെ, മണിമന്ദിരങ്ങളില്‍ നിര്‍ഭയരുമായിരിക്കും.
- وَمَا أَمْوَالُكُمْ നിങ്ങളുടെ സ്വത്തുക്കളല്ല وَلَا أَوْلَادُكُم നിങ്ങളുടെ മക്കളുമല്ല بِالَّتِي تُقَرِّبُكُمْ നിങ്ങളെ അടുപ്പിക്കുന്ന (സാമീപ്യം നല്‍കുന്ന)വ عِندَنَا നമ്മുടെ അടുക്കല്‍ زُلْفَىٰ ഒരു സാമീപ്യം (സാമീപ്യസ്ഥാനം) إِلَّا مَنْ آمَنَ പക്ഷെ ആരെങ്കിലും വിശ്വസിച്ചാല്‍, വിശ്വസിച്ചവര്‍ക്കൊഴികെ وَعَمِلَ صَالِحًا സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും فَأُولَـٰئِكَ എന്നാല്‍ അക്കൂട്ടര്‍ لَهُمْ അവര്‍ക്കുണ്ട് جَزَاءُ الضِّعْفِ ഇരട്ട പ്രതിഫലം بِمَا عَمِلُوا അവര്‍ പ്രവര്‍ത്തിച്ചതിനു وَهُمْ അവരാകട്ടെ فِي الْغُرُفَاتِ മണിമാളികകളില്‍, കൊട്ടാരങ്ങളില്‍ آمِنُونَ നിര്‍ഭയരായിരിക്കും, സ്വസ്ഥരായിരിക്കും
ഉപജീവനമാര്‍ഗ്ഗങ്ങള്‍ ചിലര്‍ക്കു വിശാലമായും, മറ്റുചിലര്‍ക്കു കുടുസ്സായും ലഭിക്കുന്നു. കൂടുതല്‍ ലഭിക്കുന്നവര്‍ക്കു അവരുടെ കുത്തകാവകാശമായതുകൊണ്ടോ, അവരുടെ ഏതെങ്കിലും അര്‍ഹതകൊണ്ടോ ലഭിക്കുന്നതല്ല അത്. ലഭിക്കാത്തവര്‍ക്കു അവരുടെ ഏതെങ്കിലും സ്ഥാനക്കുറവുകൊണ്ടു ലഭിക്കാത്തതുമല്ല. എല്ലാം അല്ലാഹു കണക്കാക്കുന്നതാണ്. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൂടുതലായും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു കുറവായും അവന്‍ നല്‍കുന്നു. അതെല്ലാം ചില യുക്തിരഹസ്യങ്ങളുടെ അടിസ്ഥാനത്തില്‍ അവന്‍ നിശ്ചയിക്കുന്നതാണ്. മനുഷ്യന്റെ യോഗ്യതയോ അയോഗ്യതയോ, നന്മയോ തിന്മയോ കണക്കാക്കുവാനുള്ള അളവുകോലല്ല അത്. ഈ വാസ്തവം അധിമാളുകളും അറിയുന്നില്ല. അതുകൊണ്ടാണ് അത്തരം ധാരണകള്‍ക്ക് അവര്‍ വശംവദരാകുന്നത്.
ധനം, ഐശ്വര്യം, സന്താനം മുതലായവ സിദ്ധിച്ചതുകൊണ്ടുമാത്രം അല്ലാഹുവിങ്കല്‍ യാതൊരു സ്ഥാനവലിപ്പമോ, സാമീപ്യമോ ആര്‍ക്കും ലഭിക്കുന്നില്ല. അവ വിനിയോഗിക്കേണ്ടുന്നപ്രകാരം വിനിയോഗിക്കുന്നവര്‍ക്കു അതു വമ്പിച്ച നേട്ടമായിരിക്കും. അല്ലാത്തവര്‍ക്കു അതു നഷ്ടത്തിനും നാശത്തിനും മാത്രം ഹേതുവായിത്തീരുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ധനവും മക്കളുമെല്ലാംതന്നെ ഒരു പരീക്ഷണമാകുന്നു. أَنَّمَا أَمْوَالُكُمْ وَأَوْلَادُكُمْ فِتْنَةٌ : سورة الأنفال അതുകൊണ്ട് സത്യവിശ്വാസത്തോടുകൂടി സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, തങ്ങള്‍ക്കു സിദ്ധിച്ച അനുഗ്രഹങ്ങളെ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്കു കൂടുതല്‍ ഇരട്ടി പുണ്യഫലം ലഭിക്കുന്നു. കാരണം, മറ്റുള്ളവര്‍ ചെയ്യുന്ന സല്‍ക്കര്‍മ്മങ്ങളില്‍ ഇവരും പങ്കുകാരാണെന്നതിനു പുറമെ, പ്രസ്തുത അനുഗ്രഹങ്ങളെ നല്ല മാര്‍ഗ്ഗത്തില്‍ വിനിയോഗിക്കുവാനുള്ള അവസരംകൂടി ഇവര്‍ക്കുണ്ടല്ലോ. അങ്ങനെ, ഇവര്‍ക്കു കൂടുതല്‍ ഉന്നതമായ സ്വര്‍ഗ്ഗീയപദവികള്‍ ലഭിക്കുവാന്‍ അവ കാരണമായിത്തീരുന്നു.
ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസ് ഇവിടെ പ്രസ്താവ്യമാണ്. അതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: ‘ധനികന്മാരായ ആളുകള്‍ ഞങ്ങളെപ്പോലെ നമസ്കാരം, നോമ്പു മുതലായ കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വരുന്നു. അതേസമയത്ത് ഹജ്ജ്, ഉംറഃ, ജിഹാദ് (ധര്‍മ്മസമരം), ദാനധര്‍മ്മങ്ങള്‍ ആദിയായ സല്‍ക്കര്‍മ്മങ്ങളും അവര്‍ ചെയ്യുന്നു. അങ്ങനെ, സല്‍ക്കര്‍മ്മങ്ങളില്‍ ഉന്നതമായ സ്ഥാനം ധനികന്മാര്‍ കൈക്കലാക്കുന്നുവല്ലോ?,’ എന്നിങ്ങിനെ മുഹാജിറുകളില്‍ ദരിദ്രന്മാരായ സഹാബികള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു സങ്കടപ്പെടുകയുണ്ടായി. തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മറുപടി പറഞ്ഞു: ‘നിങ്ങളുടെ മുമ്പില്‍ കടന്നിട്ടുള്ളവരുടെ ഒപ്പം എത്തിച്ചേരുവാനും, നിങ്ങളുടെ പിന്നാലെ വരുന്നവരുടെ മുമ്പില്‍ കടക്കുവാനും പറ്റുന്ന ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്കു പഠിപിച്ചുതരാം: നിങ്ങള്‍ ഓരോ നമസ്കാരത്തിനുശേഷവും മുപ്പത്തിമൂന്നീതു് പ്രാവശ്യം തസ്ബീഹും, ഹംദും, തക്ബീറും (سبحان الله، الحمد لله، الله ٲكبر എന്ന്) ചൊല്ലുക’. പിന്നീടു അവര്‍ വീണ്ടും വന്നു ഇങ്ങിനെ അറിയിച്ചു: ‘ധനികന്മാരായ ഞങ്ങളുടെ സഹോദരങ്ങളും അപ്രകാരം ചെയ്തുവരുന്നുവല്ലോ!’ അപ്പോള്‍ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഈ ഖുര്‍ആന്‍ വചനം ഒതുകയാണ് ചെയ്തത്: ذَٰلِكَ فَضْلُ اللَّـهِ يُؤْتِيهِ مَن يَشَاءُ (അതു അല്ലാഹുവിന്റെ അനുഗ്രഹമാണ്, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അതവന്‍ കൊടുക്കുന്നു.)’
മനുഷ്യന്‍ മരണപ്പെട്ടാലും മുറിഞ്ഞുപോകാതെ അവശേഷിക്കുന്നതു മൂന്നു കാര്യങ്ങളാണെന്നു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) അരുളിച്ചെയ്തിട്ടുള്ളതു പ്രസിദ്ധമാണ്. നിലനില്‍ക്കുന്ന ദാനധര്‍മ്മങ്ങള്‍, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന സല്‍ക്കര്‍മ്മികളായ മക്കള്‍ ഇവയാണത്. അപ്പോള്‍, സ്വത്തും, മക്കളും – അവയെ ശരിയാംവണ്ണം ഉപയോഗപ്പെടുത്തിയാല്‍ – മനുഷ്യനു എത്രമാത്രം അവന്റെ ഭാവിനന്‍മക്കു ഉപകരിക്കുമെന്ന് ആലോചിച്ചു നോക്കുക! നേരെമറിച്ച് അവയെ ദുരുപയോഗപ്പെടുത്തുന്നപക്ഷം അതു ഭാവിജീവിതത്തെ അങ്ങേഅറ്റം നഷ്ടപ്പെടുത്തുകയും ചെയ്യും. ഇങ്ങിനെയുള്ളവരോടു പരലോകത്തുവെച്ചു പറയപ്പെടുന്നതു ഇപ്രകാരമായിരിക്കും:
أَذْهَبْتُمْ طَيِّبَاتِكُمْ فِي حَيَاتِكُمُ الدُّنْيَا وَاسْتَمْتَعْتُم بِهَا فَالْيَوْمَ تُجْزَوْنَ عَذَابَ الْهُونِ : سورة الأحقاف
സാരം: ‘നിങ്ങള്‍ക്കു ലഭിച്ച നല്ല വിഭവങ്ങളെ നിങ്ങള്‍ നിങ്ങളുടെ ഐഹികജീവിതത്തില്‍വെച്ച് നശിപ്പിച്ചുകളയുകയും, അവമൂലം നിങ്ങള്‍ സുഖമനുഭവിക്കുകയും ചെയ്തു. ആകയാല്‍ ഇന്ന് – നിങ്ങള്‍ ഭൂമിയില്‍ ന്യായമില്ലാതെ ഗര്‍വ്വ് നടിച്ചുകൊണ്ടിരിക്കുകയും, നിങ്ങള്‍ തോന്നിയവാസം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്ത കാരണത്താല്‍ – നിങ്ങള്‍ക്കു നിന്ദ്യതയുടെ ശിക്ഷ പ്രതിഫലം നല്‍കപ്പെടുന്നു.’ (സൂ: അഹ്ഖാഫ് – 20). മേല്‍കണ്ട ആശയങ്ങളെ അടുത്ത ആയത്തുകളില്‍ വീണ്ടും ആവര്‍ത്തിച്ചു കാണാം:-
- وَٱلَّذِينَ يَسْعَوْنَ فِىٓ ءَايَـٰتِنَا مُعَـٰجِزِينَ أُو۟لَـٰٓئِكَ فِى ٱلْعَذَابِ مُحْضَرُونَ ﴾٣٨﴿
- (നമ്മെ) പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ട് നമ്മുടെ 'ആയത്തുകളി'ല്‍ (കുഴപ്പത്തിനു) പരിശ്രമിക്കുന്നവരാകട്ടെ, അക്കൂട്ടര്‍ ശിക്ഷയില്‍ ഹാജറാക്കപ്പെടുന്നവരാകുന്നു.
- وَالَّذِينَ يَسْعَوْنَ (കുഴപ്പത്തിനു) പരിശ്രമിക്കുന്നവര്‍ فِي آيَاتِنَا നമ്മുടെ ആയത്തുകളില്‍, ലക്ഷ്യങ്ങളില്‍ مُعَاجِزِينَ അസാധ്യരാക്കിക്കൊണ്ട്, പരാജയപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരായി أُولَـٰئِكَ അക്കൂട്ടര്‍ فِي الْعَذَابِ ശിക്ഷയില്‍ مُحْضَرُونَ ഹാജറാക്കപ്പെടുന്നവരാണ്
- قُلْ إِنَّ رَبِّى يَبْسُطُ ٱلرِّزْقَ لِمَن يَشَآءُ مِنْ عِبَادِهِۦ وَيَقْدِرُ لَهُۥ ۚ وَمَآ أَنفَقْتُم مِّن شَىْءٍ فَهُوَ يُخْلِفُهُۥ ۖ وَهُوَ خَيْرُ ٱلرَّٰزِقِينَ ﴾٣٩﴿
- പറയുക: 'നിശ്ചയമായും എന്റെ റബ്ബ് തന്റെ അടിയാന്മാരില്‍നിന്നു താന്‍ ഉദ്ദേശിക്കുന്നവര്‍ക്കു ഉപജീവനം വിശാലപ്പെടുത്തികൊടുക്കുകയും, (താനുദ്ദേശിക്കുന്നവര്‍ക്ക്) കുടുസ്സാക്കികൊടുക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഏതൊരു വസ്തു ചിലവഴിക്കുന്നതായാലും അവന്‍ നിങ്ങള്‍ക്ക് അതിനു പകരം തരുന്നതാണ്. അവന്‍, ഉപജീവനം നല്‍കുന്നവരില്‍വെച്ച് ഉത്തമനുമത്രെ.'
- قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് يَبْسُطُ الرِّزْقَ ഉപജീവനം വിശാലപ്പെടുത്തുന്നു لِمَن يَشَاءُ അവന്‍ ഉദ്ദേശിക്കുന്നവര്‍ക്കു مِنْ عِبَادِهِ തന്റെ അടിയാന്‍മാരില്‍നിന്നു وَيَقْدِرُ കുടുസ്സാക്കുകയും ചെയ്യുന്നു لَهُ അവനു് وَمَا أَنفَقْتُم നിങ്ങള്‍ ചിലവ് ചെയ്യുന്നത് مِّن شَيْءٍ ഏതൊരു വസ്തുവെയും فَهُوَ എന്നാലവന്‍ يُخْلِفُهُ അതിനു പകരം നല്‍കുന്നു وَهُوَ അവന്‍ خَيْرُ الرَّازِقِينَ ഉപജീവനം നല്‍കുന്നവരില്‍ ഉത്തമനുമാണ്
പിഴച്ച ആദര്‍ശലക്ഷ്യങ്ങളുള്ളവരും, ഭൗതികതാല്‍പര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുന്നവരും അല്ലാഹുവിന്റെ ആയത്തുകളില്‍ – ദൃഷ്ടാന്തങ്ങളും വേദവാക്യങ്ങളുമാകുന്ന ലക്ഷ്യങ്ങളില്‍ – കുഴപ്പമുണ്ടാക്കുവാന്‍ ശ്രമിക്കുക പതിവാണ്. ചിലര്‍ അവയെ നിഷേധിക്കും, ചിലര്‍ അവഗണിച്ചുതള്ളും, മറ്റുചിലര്‍ ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കി തൃപ്തിയടയും. വേറെ ചിലര്‍ അതെല്ലാം ഇക്കാലത്തേക്കു പറ്റിയതല്ലെന്നു സമര്‍ത്ഥിക്കും. ഇങ്ങിനെ പലരും പലതും. അല്ലാഹുവിനു മനുഷ്യന്റെ ഗുണദോഷങ്ങളെപ്പറ്റി വേണ്ടത്ര അറിഞ്ഞുകൂടാ എന്നും. അവന്റെ ലക്ഷ്യങ്ങള്‍ വേണ്ടത്ര പ്രായോഗികമല്ല എന്നുമാണിവരുടെ നാട്യം. ഇങ്ങിനെയുള്ളവര്‍ക്കു ചുരുങ്ങിയ വാക്കില്‍ കനത്ത താക്കീതാണ് 38-ആം വചനവും, മുകളില്‍ വായിച്ച 5-ാം വചനവും നല്‍കുന്നത്.
മനുഷ്യരെല്ലാം അല്ലാഹുവിന്റെ അടിയാന്മാരാണ്. എല്ലാവര്‍ക്കും അവന്‍ ഉപജീവനം നല്‍കുകയും ചെയ്യും.
وَمَا مِن دَابَّةٍ فِي الْأَرْضِ إِلَّا عَلَى اللَّـهِ رِزْقُهَا : سورة هود
(ഭൂമിയിലുള്ള ഏതൊരു ജീവിയാകട്ടെ, അതിനു ഉപജീവനം നല്‍കുന്നതു അല്ലാഹുവിന്റെമേല്‍ ബാധ്യത ഇല്ലാത്തതില്ല.) പക്ഷെ, മുമ്പു പറഞ്ഞതുപോലെ, അവനുമാത്രം വിശദമായി അറിയാവുന്ന ചില യുക്തിരഹസ്യങ്ങളനുസരിച്ച് അവന്‍ ചിലര്‍ക്കു വിശാലമായും ചിലര്‍ക്കു ഇടുക്കമായും അതു വിതരണം ചെയ്യുന്നു. അതില്‍ വ്യത്യാസം വരുത്തുവാന്‍ ആര്‍ക്കും സാധ്യമല്ല. ദാവൂദ് (അ), സുലൈമാന്‍ (അ) മുതലായ നബിമാര്‍ക്കു അവന്‍ ധാരാളം സമ്പത്ത് നല്‍കി. ഈസാ നബി (عليه السلام), മുഹമ്മദു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) മുതലായ നബിമാര്‍ നിര്‍ദ്ധനന്‍മാരായിരുന്നു. നേരെമറിച്ചു ദുഷ്ടന്‍മാരായ ആളുകളിലും ധാരാളം ധനവാന്‍മാരെയും, ദരിദ്രന്‍മാരെയും കാണാം. അതാണ് ഇതിനു കാരണം. അപ്പോള്‍ ധനവും, ദാരിദ്ര്യവും – രണ്ടുംതന്നെ- ഓരോ പരീക്ഷണങ്ങളാണ്.
وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً : سورة الأنبياء
(തിന്മകൊണ്ടും, നന്മകൊണ്ടും നാം നിങ്ങളെ പരീക്ഷണം നടത്തുന്നതാണ്. ദാരിദ്ര്യത്തിലും, വിഷമത്തിലും ക്ഷമ കൈകൊള്ളണം. ധനത്തിലും സന്തോഷത്തിലും നന്ദി കൈകൊള്ളുകയും അവയെ സല്‍ക്കാര്യങ്ങളില്‍ ഉപയോഗപ്പെടുത്തുകയും വേണം.
നല്ല മാര്‍ഗ്ഗത്തില്‍ ചിലവഴിക്കുന്ന ധനം വാസ്തവത്തില്‍ നശിക്കുകയല്ല, വളരുകയാണ് ചെയ്യുന്നത്. അല്ലാഹു അതിനു കൂടുതല്‍ മെച്ചപ്പെട്ട പ്രതിഫലം നല്‍കുന്നു. പരലോകത്തുവെച്ചു ലഭിക്കുന്ന പ്രതിഫലം ഏതു നിലക്കും മെച്ചപ്പെട്ടതുതന്നെ. ഇഹത്തില്‍വെച്ചും അല്ലാഹുവിന്റെ കാരുണ്യവും, സഹായവും ലഭിക്കുവാന്‍ അതു കാരണമാകുന്നു. കൂടാതെ, സഹജീവികളില്‍നിന്നുള്ള സ്നേഹാദരവുകള്‍, സഹായസഹകരണങ്ങള്‍, പ്രാര്‍ത്ഥന എന്നിവയും മനസ്സന്തോഷവും അതുമൂലം സിദ്ധിക്കുവാനുണ്ട്, പക്ഷേ, ചിലവഴിക്കുന്നതു അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചായിരിക്കേണ്ടതാണ്. ചിലവഴിച്ചതിന്‍റെ ഫലം ഭാവിയിലേക്കും അവശേഷിക്കുന്നു. ചിലവഴിക്കാത്ത ധനം ഉടമസ്ഥനെ വിട്ടുപിരിയുകയും, ചിലപ്പോള്‍ അവനുതന്നെ ആപത്തുണ്ടാക്കുകയും ചെയ്യും. ഒരിക്കല്‍ ഒരു ആട്ടിനെ അറുത്ത അവസരത്തില്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ചോദിച്ചു: ‘എനി എന്തു ബാക്കിയുണ്ട്?’ ആയിശാ (رضي الله عنها) പറഞ്ഞു: അതിന്റെ കറകല്ലാതെ ഒന്നും ബാക്കിയില്ല.’ തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പറഞ്ഞു: ‘എല്ലാം ബാക്കിയുണ്ട് – കറകൊഴിച്ച്.’ (ബു; മു). കറകു വീട്ടാവശ്യത്തിലും, ബാക്കിഭാഗം ധര്‍മ്മത്തിലും വിനിയോഗിച്ചിരുന്നതാണ് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഇങ്ങിനെ പറയുവാന്‍ കാരണം.
ആഹാരമാര്‍ഗ്ഗം എല്ലാവര്‍ക്കും ഒരേ അളവില്‍ നല്‍കാതിരുന്നതു ഈ ലോകവ്യവസ്ഥയുടെ ഒരാവശ്യമാണെന്നു സൂറത്തു- സുഖ്റൂഫു : 32ല്‍ വെച്ചു നമുക്കു കാണാം. إن شاء الله
- وَيَوْمَ يَحْشُرُهُمْ جَمِيعًا ثُمَّ يَقُولُ لِلْمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ ﴾٤٠﴿
- അവരെ മുഴുവനും അവന്‍[അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക); പിന്നീട് അവന്‍ മലക്കുകളോടു പറയും: 'ഇക്കൂട്ടര്‍ നിങ്ങളെയായിരുന്നുവോ ആരാധിച്ചിരുന്നത്?!'
- وَيَوْمَ يَحْشُرُهُمْ അവരെ അവന്‍ ഒരുമിച്ചുകൂട്ടുന്ന ദിവസം جَمِيعًا മുഴുവനും, എല്ലാം ثُمَّ يَقُولُ പിന്നെ അവന്‍ പറയും لِلْمَلَائِكَةِ മലക്കുകളോടു أَهَـٰؤُلَاءِ ഇക്കൂട്ടര്‍ (ആയിരുന്നോ) إِيَّاكُمْ നിങ്ങളെ كَانُوا يَعْبُدُونَ ആരാധിച്ചുവരുക(യായിരുന്നോ)
- قَالُوا۟ سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ ﴾٤١﴿
- അവര്‍ പറയും: 'നീ എത്രയോ പരിശുദ്ധന്‍! നീയത്രെ ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍ - അവരല്ല. പക്ഷേ അവര്‍ ജിന്നുകളെ ആരാധിച്ചുവരികയായിരുന്നു. അവരില്‍ അധികമാളും അവരില്‍ വിശ്വസിക്കുന്നവരാകുന്നു.'
- قَالُوا അവര്‍ പറയും سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു أَنتَ നീ, നീയത്രെ وَلِيُّنَا ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍, കാര്യകര്‍ത്താവു مِن دُونِهِم അവരെക്കൂടാതെ (അവരല്ല) بَلْ പക്ഷേ (എങ്കിലും) كَانُوا يَعْبُدُونَ അവര്‍ ആരാധിച്ചുവന്നിരുന്നു الْجِنَّ ജിന്നുകളെ أَكْثَرُهُم അവരിലധികവും بِهِم അവരില്‍ مُّؤْمِنُونَ വിശ്വസിക്കുന്നവരാണ്
മലക്കുകളെ അധിക്ഷേപിക്കുകയല്ല – അല്ലാഹു അല്ലാത്തവരെ ആരാധിച്ചുവന്നവരുടെ അപരാധം സ്ഥാപിക്കുകയും, അവരെ അധിക്ഷേപിക്കുകയുമാണ് – ഈ ചോദ്യത്തിന്റെ താല്‍പര്യം. ഇതുപോലെ, ഈസാ (عليه السلام) നബിയെയും, മാതാവിനെയും ആരാധിച്ചുവന്നവരെക്കുറിച്ചു ഈസാ (عليه السلام) നബിയോടും അല്ലാഹു പരലോകത്തുവെച്ചു ചോദിക്കുമെന്നും, അദ്ദേഹം അവരെ നിഷേധിച്ചുകൊണ്ടു മറുപടി പറയുമെന്നും, സൂറത്തുല്‍ മാഇദഃ 116ലും പ്രസ്താവിച്ചുകാണാം.
അല്ലാഹു അല്ലാത്ത ദൈവങ്ങളെ ആരാധിച്ചു വരുന്നവരില്‍ പല തരക്കാരുണ്ട്. ചിലര്‍ മലക്കുകളുടെ പേരില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നു; ചിലര്‍ ദേവീദേവന്മാരെ ആരാധിക്കുന്നു; ചിലര്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചും പ്രതിഷ്ഠിക്കാതെയും പിശാചുക്കളെ ആരാധിക്കുന്നു; ചിലര്‍ പ്രേതങ്ങളെയും, ‘കാരണവന്‍മാരെയും’ ആരാധിക്കുന്നു. മുസ്‌ലീം പാമരന്മാരില്‍പോലും പിശാചുക്കളെ ആരാധിക്കുന്ന ചിലരുണ്ടെന്നതു വളരെ ദുഃഖകരമായ ഒരു വാസ്തവമത്രെ. പക്ഷേ, അവരുടെ ആരാധ്യരായ പിശാചുക്കളെക്കുറിച്ച് ‘ജിന്നു’കളെന്നോ, ‘മലക്കു’കളെന്നോ അറബിപ്പേര്‍ പറഞ്ഞു അവര്‍ സമാധാനിക്കും. ചിലപ്പോള്‍ തങ്ങളുടെ പിശാചുക്കള്‍ക്കു (ചേക്കുട്ടി, കോയസ്സന്‍ മുതലായ) മുസ്ലിം നാമങ്ങള്‍ നല്‍കിയും തൃപ്തി അടയും. അത്രമാത്രം. തങ്ങളുടെ ആരാധ്യന്മാര്‍ തങ്ങള്‍ക്കു ഗുണവും ദോഷവും ചെയ്‌വാന്‍ കഴിവുള്ളവരാണെന്നും, അസാധാരണമായ ചില കഴിവുകള്‍ അവര്‍ക്കുണ്ടെന്നും, അവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്നും, അവര്‍ക്കുവേണ്ടി ചില കര്‍മ്മങ്ങളും വഴിപാടുകളും ചെയ്യേണ്ടതുണ്ടെന്നും മറ്റുമുള്ള ധാരണകള്‍ പലരിലും കാണാം. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് മലക്കുകളോടു അല്ലാഹു മേല്‍കണ്ട ചോദ്യം ചോദിക്കുന്നത്.
മലക്കുകളുടെ മറുപടിയുടെ സാരം ഇതാണ്: അല്ലാഹുവേ, അവര്‍ ഞങ്ങളെ ആരാധിക്കുകയോ, ഞങ്ങള്‍ അതിനു അനുകൂലിക്കുകയോ ചെയ്യുന്ന പ്രശ്നമേ ഇല്ല. ആരാധനക്കര്‍ഹത നിനക്കുമാത്രമാണല്ലോ. നീ പരമപരിശുദ്ധനും, എല്ലാ മഹാത്മ്യങ്ങളുടെയും നാഥനുമാണ്. ഞങ്ങളുടെ കൈകാര്യവും, ഞങ്ങളുടെ രക്ഷയും, ഞങ്ങളുടെ സഹായവുമെല്ലാം നിന്റെറെ പക്കലാണ്. ഞങ്ങളും അവരുമായി യാതൊരു മൈത്രിയോ ബന്ധമോ ഇല്ല. ഞങ്ങളറിയാതെയും, ഞങ്ങളുടെ യാതൊരു പ്രേരണകൂടാതെയും അവര്‍ ഞങ്ങളെ ആരാധിച്ചിട്ടുണ്ടെങ്കില്‍, അതുകൊണ്ടുതന്നെ അവര്‍ ഞങ്ങളുടെ ശത്രുക്കളാണ്. വാസ്തവത്തില്‍ അവര്‍ ജിന്നുവര്‍ഗ്ഗമായ പിശാചുക്കളെ ആരാധിക്കുകയും, അവരുടെ പ്രേരണകളില്‍ വഞ്ചിതരാവുകയുമാണ് ചെയ്തിരുന്നത്. ചിലര്‍ യാഥാര്‍ത്ഥ്യം ഓര്‍ക്കാതെ വിഡ്ഢിത്തം പ്രവര്‍ത്തിച്ചതായിരിക്കാമെങ്കിലും, മിക്കവരും ജിന്നുകളില്‍ തികച്ചും ദിവ്യത്വം കല്‍പിക്കുന്നവരും വിശ്വാസം അര്‍പ്പിക്കുന്നവരും തന്നെയായിരുന്നു.
ഇബ്ലീസും അവന്റെ വര്‍ഗ്ഗക്കാരുമാണ് ഇവിടെ ‘ജിന്നുകള്‍ (الْجِنّ) കൊണ്ട് ഉദ്ദേശ്യം. ‘ജിന്നു’ എന്നു പറയുന്നതു മനുഷ്യര്‍ക്ക് അഗോചരമായ ഒരു വര്‍ഗ്ഗമാണ്. അതുകൊണ്ട് അതില്‍ മനുഷ്യന്‍ ഉള്‍പ്പെടുന്നില്ല. ജിന്നിലും മനുഷ്യരിലും ഉള്‍പ്പെട്ട ദുഷിച്ച ആളുകള്‍ക്കു ‘പിശാചുക്കള്‍’ (الشياطين) എന്നു പറയപ്പെടും. പക്ഷെ, ജിന്നുവര്‍ഗ്ഗത്തിലെ പിശാചുക്കളെ ഉദ്ദേശിച്ചാണ് സാധാരണ ‘പിശാചുക്കള്‍’ (الشياطين) എന്നു പറയാറുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടുവര്‍ഗ്ഗത്തിലുള്ളവരെയും ഉദ്ദേശിച്ചുകൊണ്ടും ആ വാക്കു ഉപയോഗിച്ചേക്കും. ഖുര്‍ആനില്‍ രണ്ടിനും ഉദാഹരണം കാണും. (കൂടുതല്‍ വിവരം സൂ: ഹിജ്റിന്നുശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണാം). إن شاء الله
- فَٱلْيَوْمَ لَا يَمْلِكُ بَعْضُكُمْ لِبَعْضٍ نَّفْعًا وَلَا ضَرًّا وَنَقُولُ لِلَّذِينَ ظَلَمُوا۟ ذُوقُوا۟ عَذَابَ ٱلنَّارِ ٱلَّتِى كُنتُم بِهَا تُكَذِّبُونَ ﴾٤٢﴿
- അന്ന് നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് (അന്യോന്യം) ഒരു ഉപകാരം ചെയ്‌വാനാകട്ടെ, ഉപദ്രവം ചെയ്‌വാനാകട്ടെ കഴിവുണ്ടാകുന്നതല്ല. അക്രമം പ്രവര്‍ത്തിച്ചവരോടു നാം പറയുകയും ചെയ്യും: 'നിങ്ങള്‍ വ്യാജമാക്കിയിരുന്ന (ആ) നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുവിന്‍!'.
- فَالْيَوْمَ അന്ന് لَا يَمْلِكُ സ്വാധീനപ്പെടുത്തുകയില്ല (കഴിയുകയില്ല) بَعْضُكُمْ നിങ്ങളില്‍ ചിലര്‍ لِبَعْضٍ ചിലര്‍ക്കു نَّفْعًا ഉപകാരം ചെയ്‌വാന്‍ وَلَا ضَرًّا ഉപദ്രവം ചെയ്‌വാനും ഇല്ല وَنَقُولُ നാം പറയുകയും ചെയ്യും لِلَّذِينَ ظَلَمُوا അക്രമം ചെയ്തവരോട് ذُوقُوا ആസ്വദിക്കുവിന്‍, രുചി നോക്കുവിന്‍ عَذَابَ النَّارِ നരകത്തിലെ ശിക്ഷ الَّتِي كُنتُم നിങ്ങളായിരുന്നതായ بِهَا അതിനെ تُكَذِّبُونَ വ്യാജമാക്കും
ഇവര്‍ക്കു യാതൊരു രക്ഷക്കും മാര്‍ഗ്ഗമില്ലാതായിത്തീര്‍ന്നതിന്റെ കാരണം അടുത്ത ആയത്തില്‍ നിന്നു മനസ്സിലാക്കാം:
- وَإِذَا تُتْلَىٰ عَلَيْهِمْ ءَايَـٰتُنَا بَيِّنَـٰتٍ قَالُوا۟ مَا هَـٰذَآ إِلَّا رَجُلٌ يُرِيدُ أَن يَصُدَّكُمْ عَمَّا كَانَ يَعْبُدُ ءَابَآؤُكُمْ وَقَالُوا۟ مَا هَـٰذَآ إِلَّآ إِفْكٌ مُّفْتَرًى ۚ وَقَالَ ٱلَّذِينَ كَفَرُوا۟ لِلْحَقِّ لَمَّا جَآءَهُمْ إِنْ هَـٰذَآ إِلَّا سِحْرٌ مُّبِينٌ ﴾٤٣﴿
- നമ്മുടെ 'ആയത്തുക'ള്‍ വ്യക്തമായ നിലയില്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കപ്പെടുന്നതായാല്‍ അവര്‍ പറയും: 'ഇവന്‍ നിങ്ങളുടെ പിതാക്കള്‍ ആരാധിച്ചുവരുന്നതില്‍നിന്ന് നിങ്ങളെ തടയുവാന്‍ ഉദ്ദേശിക്കുന്ന ഒരു മനുഷ്യന്‍ എന്നല്ലാതെ (മറ്റൊന്നും) അല്ല'. 'ഇതു കെട്ടിച്ചമക്കപ്പെട്ട ഒരു കള്ളം [നുണ] അല്ലാതെ (മറ്റൊന്നും) അല്ല' എന്നും അവര്‍ പറയും. (ആ) അവിശ്വസിച്ചവര്‍ യഥാര്‍ത്ഥത്തെക്കുറിച്ച് - അതവര്‍ക്കു വന്നെത്തിയപ്പോള്‍ - പറയുകയാണ്: 'ഇതു പ്രത്യക്ഷമായ ഒരു ജാലമല്ലാതെ (മറ്റൊന്നും) അല്ല'.
- وَإِذَا تُتْلَىٰ ഓതിക്കൊടുക്കപ്പെടുന്നതായാല്‍ عَلَيْهِمْ അവര്‍ക്കു آيَاتُنَا നമ്മുടെ ആയത്തുകള്‍ بَيِّنَاتٍ വ്യക്തങ്ങളായ നിലയില്‍ قَالُوا അവര്‍ പറയും مَا هَـٰذَا ഇവനല്ല إِلَّا رَجُلٌ ഒരു പുരുഷന്‍ (മനുഷ്യന്‍) അല്ലാതെ يُرِيدُ അവന്‍ ഉദ്ദേശിക്കുന്നു أَن يَصُدَّكُمْ നിങ്ങളെ തടയുവാന്‍ عَمَّا كَانَ ആയിരുന്നതില്‍നിന്നു يَعْبُدُ ആരാധിക്കും آبَاؤُكُمْ നിങ്ങളുടെ പിതാക്കള്‍ وَقَالُوا അവര്‍ പറയുകയും ചെയ്യും مَا هَـٰذَا ഇതല്ല إِلَّا إِفْكٌ കള്ളം (നുണ) അല്ലാതെ مُّفْتَرًى കെട്ടിച്ചമക്കപ്പെട്ട وَقَالَ പറയുകയും ചെയ്യും الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لِلْحَقِّ യഥാര്‍ത്ഥ (സത്യ)ത്തെക്കുറിച്ചു لَمَّا جَاءَهُمْ അതവര്‍ക്കു വന്നപ്പോള്‍ إِنْ هَـٰذَا ഇതല്ല إِلَّا سِحْرٌ ഒരു ജാലം (ചെപ്പിടിവിദ്യ) അല്ലാതെ مُّبِينٌ പ്രത്യക്ഷമായ
- وَمَآ ءَاتَيْنَـٰهُم مِّن كُتُبٍ يَدْرُسُونَهَا ۖ وَمَآ أَرْسَلْنَآ إِلَيْهِمْ قَبْلَكَ مِن نَّذِيرٍ ﴾٤٤﴿
- അവര്‍ പഠിച്ചറിയുമാറുള്ള യാതൊരു വേദഗ്രന്ഥങ്ങളും നാം അവര്‍ക്കു കൊടുത്തിട്ടില്ല; നിനക്കുമുമ്പ് അവരിലേക്കു ഒരു താക്കീതുകാരനെയും നാം അയച്ചിട്ടുമില്ല.
- وَمَا آتَيْنَاهُم നാമവര്‍ക്കു നല്‍കിയിട്ടില്ല مِّن كُتُبٍ വേദഗ്രന്ഥങ്ങളൊന്നും يَدْرُسُونَهَا അവര്‍ പഠിച്ചറിയുന്ന وَمَا أَرْسَلْنَا നാം അയച്ചിട്ടുമില്ല إِلَيْهِمْ അവരിലേക്കു قَبْلَكَ നിന്റെ മുമ്പ് مِن نَّذِيرٍ ഒരു താക്കീതുകാരനെയും
അവിശ്വാസികളുടെ ഒന്നാമത്തെ ആരോപണം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെപ്പറ്റിയും, രണ്ടാമത്തേതു ഖുര്‍ആനെപ്പറ്റിയും, മൂന്നാമത്തേതു ഖുര്‍ആനും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യും പ്രബോധനം ചെയ്യുന്ന തത്വങ്ങളെ സംബന്ധിച്ചുമാകുന്നു. നിരര്‍ത്ഥങ്ങളായ ഈ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ഇവര്‍ക്കു വല്ല അര്‍ഹതയും ഉണ്ടോ? ഇല്ല. വേദഗ്രന്ഥത്തെക്കുറിച്ചുള്ള പരിചയമോ, പ്രവാചകന്‍മാര്‍ മുഖേന സിദ്ധിച്ച അറിവോ ഇവര്‍ക്കുണ്ടായിരുന്നെങ്കില്‍, അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിധി കല്‍പ്പിക്കുവാന്‍ ഇവര്‍ക്കു ന്യായമുണ്ടായിരുന്നു: അറബി മുശ്രിക്കുകള്‍ക്കു അതു രണ്ടും ഇല്ലല്ലോ.
- وَكَذَّبَ ٱلَّذِينَ مِن قَبْلِهِمْ وَمَا بَلَغُوا۟ مِعْشَارَ مَآ ءَاتَيْنَـٰهُمْ فَكَذَّبُوا۟ رُسُلِى ۖ فَكَيْفَ كَانَ نَكِيرِ ﴾٤٥﴿
- ഇവര്‍ക്കുമുമ്പുള്ളവരും വ്യാജമാക്കിയിരിക്കുന്നു. അവര്‍ക്കു നാം നല്‍കിയതിന്റെ പത്തിലൊരംശത്തിങ്കല്‍ ഇവര്‍ എത്തിച്ചേര്‍ന്നിട്ടുമില്ല. അങ്ങനെ, അവര്‍ എന്റെ ദൂതന്‍മാരെ വ്യാജമാക്കി. അപ്പോള്‍ എന്റെ പ്രതിഷേധം എപ്രകാരമാണുണ്ടായത്?! (ഇവരൊന്നു അന്വേഷിക്കട്ടെ.)
- وَكَذَّبَ الَّذِينَ യാതൊരുകൂട്ടരും കളവാക്കി مِن قَبْلِهِمْ ഇവരുടെമുമ്പുള്ള وَمَا بَلَغُوا ഇവര്‍ എത്തിയിട്ടുമില്ല مِعْشَارَ مَا യാതൊന്നിന്റെ പത്തിലൊരംശം آتَيْنَاهُمْ നാമവര്‍ക്കു നല്‍കിയ فَكَذَّبُوا എന്നിട്ടവര്‍ വ്യാജമാക്കി رُسُلِي എന്റെ ദൂതന്‍മാരെ فَكَيْفَ كَانَ അപ്പോള്‍ എങ്ങിനെ ആയി, ഉണ്ടായി نَكِيرِ എന്റെ പ്രതിഷേധം, വെറുപ്പ്
സൂ: റൂം 9ല്‍ പ്രസ്താവിച്ചതു പോലെ, ഇവരെക്കാള്‍ ശക്തിയും, പ്രതാപവും, നാഗരീകതയും, ആയുസ്സുമെല്ലാം ഉണ്ടായിരുന്നിട്ടും അവരുടെ അക്രമത്തിനു നടപടി എടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു തടസ്സവുമുണ്ടായില്ല. എന്നിരിക്കെ, അവരുടെ ദശമാനക്കണക്കിനു പോലും ശക്തി ലഭിച്ചിട്ടില്ലാത്ത ഇവരില്‍ ശിക്ഷാ നടപടി എടുക്കുന്നതിനുണ്ടോ വല്ല മുടക്കും?!
വിഭാഗം - 6
- قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌ لَّكُم بَيْنَ يَدَىْ عَذَابٍ شَدِيدٍ ﴾٤٦﴿
- (നബിയേ) പറയുക: 'ഒരൊറ്റ കാര്യം മാത്രം ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു: നിങ്ങള്‍ അല്ലാഹുവിനുവേണ്ടി, ഈരണ്ടാളായും, ഓരോരുത്തരായും എഴുന്നേല്‍ക്കുക [തയ്യാറാവുക]; പിന്നെ നിങ്ങള്‍ ചിന്തിച്ചുനോക്കുക! (ഇത്രമാത്രം). നിങ്ങളുടെ സുഹൃത്തിനു യാതൊരു ഭ്രാന്തുമില്ല; കഠിനമായ ഒരു ശിക്ഷയുടെ മുമ്പില്‍ അദ്ദേഹം നിങ്ങള്‍ക്കൊരു താക്കീതുകരനാണെന്നല്ലാതെ (മറ്റൊന്നും) അല്ല.'
- قُلْ പറയുക إِنَّمَا أَعِظُكُم നിശ്ചയമായും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു(ള്ളു) بِوَاحِدَةٍ ഒറ്റകാര്യം (മാത്രം) أَن تَقُومُوا നിങ്ങള്‍ എഴുന്നേല്‍ക്കണ (തയ്യാറാകണ)മെന്നു لِلَّـهِ അല്ലാഹുവിനുവേണ്ടി مَثْنَىٰ ഈരണ്ടാളായിട്ടു وَفُرَادَىٰ ഓരോരുത്തരായിട്ടും ثُمَّ تَتَفَكَّرُوا പിന്നെ നിങ്ങള്‍ ചിന്തിക്കുക مَا بِصَاحِبِكُم നിങ്ങളുടെ ആളില്‍ (സുഹൃത്തില്‍, ചങ്ങാതിയില്‍) ഇല്ല مِّن جِنَّةٍ യാതൊരു ഭ്രാന്തും إِنْ هُوَ അദ്ദേഹമല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ لَّكُم നിങ്ങള്‍ക്കു بَيْنَ يَدَيْ عَذَابٍ ഒരു ശിക്ഷയുടെ മുമ്പില്‍ شَدِيدٍ കഠിനമായ
- قُلْ مَا سَأَلْتُكُم مِّنْ أَجْرٍ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍ شَهِيدٌ ﴾٤٧﴿
- പറയുക: 'ഞാന്‍ നിങ്ങളോട് പ്രതിഫലമായി വല്ലതുംചോദിക്കുന്നപക്ഷം അതു നിങ്ങള്‍ക്കുവേണ്ടിയാകുന്നു. എന്റെ പ്രതിഫലം അല്ലാഹുവിന്റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അവന്‍ എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.
- قُلْ പറയുക مَا سَأَلْتُكُم ഞാന്‍ നിങ്ങളോടു എന്തു ചോദിച്ചുവോ (വല്ലതും ചോദിച്ചാല്‍) مِّنْ أَجْرٍ പ്രതിഫലമായിട്ടു فَهُوَ لَكُمْ എന്നാലതു നിങ്ങള്‍ക്കു വേണ്ടിയാണ് إِنْ أَجْرِيَ എന്റെ പ്രതിഫലമല്ല إِلَّا عَلَى اللَّـهِ അല്ലാഹുവിന്റെ പേരിലല്ലാതെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്റെമേലും شَهِيدٌ സാക്ഷ്യം വഹിക്കുന്നവനാണ്, സന്നദ്ധനാണ്
എത്ര മഹത്തായ ഉപദേശം: ബുദ്ധിയും മനസ്സാക്ഷിയുമുള്ള ഏതൊരാള്‍ക്കും നിരസിക്കാനാവാത്ത ഉപദേശം! മനുഷ്യ സൃഷ്ടാവ് – മനുഷ്യന്റെ മനസ്സാക്ഷിയെയും, മനശ്ശാസ്ത്രത്തെയും കുറിച്ച് സസൂക്ഷ്മം അറിയുന്ന അല്ലാഹു – അവതരിപ്പിച്ച ഈ പ്രമേയം അസ്വീകാര്യമായിക്കാണുന്നവന്‍ നിശ്ചയമായും ഭാഗും കെട്ടവന്‍ തന്നെ, ബുദ്ധിശൂന്യമോ, മനസ്സാക്ഷി പണയപ്പെട്ടവനോ അല്ലാത്ത ആര്‍ക്കും ഇതവഗണിക്കുക സാധ്യമല്ല.
ഒരാള്‍ ഒരു കാര്യത്തെക്കുറിച്ച് തുറന്ന ഹൃദയത്തോടെ സ്വയം ചിന്തിക്കുന്നപക്ഷം അവന്റെ മനസ്സാക്ഷി അവനു നേര്‍വഴി ചൂണ്ടിക്കാട്ടാതിരിക്കുകയില്ല. പരസ്പരം ഗുണകാംക്ഷികളായ രണ്ടു സ്നേഹിതന്‍മാര്‍ ചേര്‍ന്നു ആത്മാര്‍ത്ഥതയോടെ അഭിപ്രായം കൈമാറിക്കൊണ്ട് ചര്‍ച്ച നടത്തുമ്പോഴും അവര്‍ തങ്ങളുടെ കാര്യത്തില്‍ ഒരു നല്ല തീരുമാനത്തില്‍ എത്തിച്ചേരും. പക്ഷെ, കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് സത്യാന്വേഷണം നടത്തുമ്പോള്‍ അത് സ്വസ്ഥതക്കും, കാര്യക്ഷ്മമായി ചിന്തിക്കുന്നതിനും ഭംഗം വരുത്തിയേക്കും. ചിന്താഗതി ചിതറിപ്പോകുവാനും, പരപ്രേരണകള്‍ രംഗപ്രവേശം ചെയ്‌വാനും പക്ഷപരമായ സമീപനങ്ങള്‍ ഉടലെടുക്കുവാനും അതു കാരണമാകുകയും ചെയ്യും. ആശയക്കുഴപ്പത്തിനും കക്ഷിവഴക്കുകള്‍ക്കും പാത്രമായിട്ടുള്ള വിഷയങ്ങളെക്കുറിച്ച് സത്യാന്വേഷണം നടത്തുവാനും, തര്‍ക്കശാസ്ത്രത്തിന്റെയോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെയോ നിര്‍ബ്ബന്ധത്തിനു വിധേയമാകാത്ത പരിശുദ്ധമായ തീരുമാനം കണ്ടെത്തുവാനും ഏറ്റവും ഉപയുക്തമായ മാര്‍ഗ്ഗമത്രെ സ്വകാര്യവിചിന്തനം. ഈ തത്വം അടിസ്ഥാനമാക്കിയാണ് ഇമാംശാഫീ (റ) പറഞ്ഞതു: ‘ഒരാള്‍ തന്റെ സഹോദരനെ സ്വകാര്യമായി ഉപദേശിക്കുന്നപക്ഷം, അവന്‍ അവനെ അലങ്കരിക്കുകയായിരിക്കും. ഒരാള്‍ തന്റെ സഹോദരനെ പരസ്യമായി ഉപദേശിക്കുന്നപക്ഷം, അവന്‍ അവനെ വികലപ്പെടുത്തുകയായിരിക്കും. (من نصح أخاه سر فقد زانه ومن نصحه أخاه جهراً فقد شانه).
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയുടെ അതുപര്യന്തമുള്ള എല്ലാ ചരിത്രവും അവര്‍ക്കറിയാം. നാട്ടിലെ ജനങ്ങളുടെ എല്ലാ ശോച്യാവസ്ഥയും അവര്‍ കണ്ടുകൊണ്ടിരിക്കുന്നു. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്തുവരുന്ന തത്വങ്ങളാകട്ടെ, അങ്ങേഅറ്റം പ്രായോഗികവും, സനാതനവും. എന്നിരിക്കെ, ആത്മാര്‍ത്ഥതയോടും, നിഷ്കളങ്ക ഹൃദയത്തോടും കൂടി – ഓരോരുത്തന്‍ സ്വന്തമായോ, മറ്റൊരുവനോടു കൂട്ടുചേര്‍ന്നോ – അല്‍പം ചിന്തിച്ചുനോക്കുകയേ വേണ്ടതുള്ളു, എന്നാലവര്‍ക്കു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ സത്യാവസ്ഥ ബോധ്യപ്പെടാതിരിക്കുകയില്ല. അതുകൊണ്ടു അതിനു തയ്യാറാകുവാന്‍ അവരെ ഉപദേശിക്കണമെന്നും, എന്തെങ്കിലും സ്വാര്‍ത്ഥോദ്ദേശ്യത്തോടുകൂടിയല്ല ഈ പ്രബോധനകൃത്യം നിര്‍വ്വഹിക്കുന്നതു – അവരുടെ ഗുണത്തെമാത്രം ഉദ്ദേശിച്ചാണ് – എന്ന വസ്തുത അവരെ ഓര്‍മ്മിപ്പിക്കണമെന്നും നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്‍പിക്കയാണ്. ആശയക്കുഴപ്പം നേരിടുന്ന വിഷയങ്ങളില്‍ മനസ്സമാധാനം കൈവരുന്നതിന് ആത്മാര്‍ത്ഥതയോടുകൂടി സ്വതന്ത്രമായും സ്വസ്ഥമായും സ്വയം ചിന്തിക്കേണ്ടതുണ്ടെന്നും, ഉപദേഷ്ടാക്കളായ ആളുകള്‍ നിസ്വാര്‍ത്ഥരായിരിക്കേണ്ടതുണ്ടെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. والله الموفق
- قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ ﴾٤٨﴿
- പറയുക: 'നിശ്ചയമായും എന്റെ റബ്ബ് യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു; (അവന്‍) അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്.'
- قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്റെ റബ്ബ് يَقْذِفُ ഇടുന്നു, എറിയുന്നു بِالْحَقِّ യഥാര്‍ത്ഥത്തെ, യഥാര്‍ത്ഥംകൊണ്ടു عَلَّامُ الْغُيُوبِ അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്
- قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ ﴾٤٩﴿
- പറയുക: 'യഥാര്‍ത്ഥം വന്നു (കഴിഞ്ഞു). നിരര്‍ത്ഥമായത് തുടക്കമുണ്ടാക്കുകയുമില്ല. ആവര്‍ത്തനം ചെയ്കയുമില്ല.'
- قُلْ പറയുക جَاءَ الْحَقُّ യഥാര്‍ത്ഥം (സത്യം) വന്നു وَمَا يُبْدِئُ തുടക്കമുണ്ടാക്കുക (തുടങ്ങിവെക്കുക)യില്ല الْبَاطِلُ നിരര്‍ത്ഥം, അയഥാര്‍ത്ഥം وَمَا يُعِيدُ അതു ആവര്‍ത്തനമുണ്ടാക്കുക (ആവര്‍ത്തിക്ക)യുമില്ല
‘ഹഖ്-ഖു’ (الْحَقُّ) എന്ന പദത്തിന് സന്ദര്‍ഭമനുസരിച്ച് ‘സത്യം, ന്യായം, പരമാര്‍ത്ഥം, യഥാര്‍ത്ഥം, മുറ, ശരിയായതു, ധര്‍മ്മം, കടമ, അവകാശം, അധികാരം, കാര്യം, വാസ്തവം, വേണ്ടപ്പെട്ടതു’ എന്നൊക്കെ അര്‍ത്ഥം വരുന്നതാണ്. ഇതിന്റെ വിപരീതാര്‍ത്ഥങ്ങളില്‍ വരുന്ന പദമത്രെ ‘ബാത്ത്വില്‍’ (الْبَاطِلُ).
യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു – അഥവാ എറിഞ്ഞുകൊടുക്കുന്നു (يَقْذِفُ بِالْحَقِّ)- എന്നു പറഞ്ഞതിന്റെ താൽപര്യം, അല്ലാഹു നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കു സത്യയാഥാര്‍ത്ഥ്യങ്ങളെ വഹ്-യുമൂലം എത്തിച്ചുകൊടുക്കുന്നു എന്നത്രെ. ഈ വാക്യത്തിനു ‘യഥാര്‍ത്ഥം കൊണ്ടു എറിയുന്നു’ എന്നും അര്‍ത്ഥം വരാവുന്നതാണ്. അപ്പോള്‍ – സൂ: അമ്പിയാഉ് 18ല്‍ കാണുന്നതുപോലെ – സത്യമായുള്ളതുകൊണ്ട് അസത്യമായതിനെ എറിഞ്ഞുതകര്‍ക്കുന്നു എന്നായിരിക്കും ഉദ്ദേശ്യം. ആദ്യത്തെ വചനത്തിലെ ആശയം ബലപ്പെടുത്തുകയാണ് രണ്ടാമത്തെ വചനം ചെയ്യുന്നത്. അതായതു, സത്യം – അഥവാ ഇസ്ലാമികവ്യവസ്ഥ – വന്നുകഴിഞ്ഞു, അസത്യത്തിനു എനി തലപൊക്കുവാനും, നിലനില്‍ക്കുവാനും സാധ്യതയില്ല എന്നുസാരം. ഈ അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു നീതിവാക്യം കൂടിയാണ് وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ എന്ന വാചകം.
- قُلْ إِن ضَلَلْتُ فَإِنَّمَآ أَضِلُّ عَلَىٰ نَفْسِى ۖ وَإِنِ ٱهْتَدَيْتُ فَبِمَا يُوحِىٓ إِلَىَّ رَبِّىٓ ۚ إِنَّهُۥ سَمِيعٌ قَرِيبٌ ﴾٥٠﴿
- പറയുക: 'ഞാന്‍ വഴിപിഴച്ചിട്ടുണ്ടെങ്കില്‍, എന്റെ പേരില്‍ (ദോഷം വരുത്തി) തന്നെയാണ് ഞാന്‍ വഴി പിഴക്കുന്നത്. ഞാന്‍ നേര്‍മ്മാര്‍ഗ്ഗം പ്രാപിച്ചിട്ടുണ്ടെങ്കില്‍ (അത്), എന്റെ റബ്ബ് എനിക്കു 'വഹ്-യു' നല്‍കുന്നതുകൊണ്ടുമാണ്. നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ്; സമീപസ്ഥനാണ്.
- قُلْ പറയുക إِن ضَلَلْتُ ഞാന്‍ വഴിപിഴച്ചെങ്കില്‍ فَإِنَّمَا أَضِلُّ എന്നാല്‍ നിശ്ചയമായും ഞാന്‍ വഴിപിഴക്കുന്നു عَلَىٰ نَفْسِي എന്റെ പേരില്‍ (മാത്രം) وَإِنِ اهْتَدَيْتُ ഞാന്‍ നേര്‍മാര്‍ഗ്ഗം പ്രാപിച്ചെങ്കില്‍ فَبِمَا يُوحِي എന്നാല്‍ വഹ്-യു (ബോധനം) നല്‍കുന്നതുകൊണ്ടുമാണ് إِلَيَّ എനിക്കു رَبِّي എന്റെ റബ്ബ് إِنَّهُ سَمِيعٌ നിശ്ചയമായും അവന്‍ കേള്‍ക്കുന്നവനാണ് قَرِيبٌ സമീപസ്ഥനാണ്, അടുത്തവനാണ്.
നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യുടെ മാര്‍ഗ്ഗം ശരിയാണോ തെറ്റാണോ എന്ന സംശയത്തോടുകൂടിയുള്ള ഒരു പ്രസ്താവനയല്ല. സത്യനിഷേധികളെ ചിന്തിപ്പിക്കുവാനും, ആകര്‍ഷിക്കുവാനും വേണ്ടിയുള്ള ഒരു സമീപനനയമാണ് – ഇത്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പാപങ്ങളില്‍നിന്നു സുരക്ഷിതനായിരിക്കെ, എന്റെ തിന്‍മകള്‍ക്കു ഞാന്‍ തന്നെ ഉത്തരവാദിയാണെന്നും, എന്റെ നന്‍മകള്‍ അല്ലാഹുവിന്റെ സഹായത്താല്‍ ലഭിക്കുന്നതാണെന്നും പ്രഖ്യാപിക്കുവാന്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യോടു കല്പിച്ചിരിക്കുന്നതു നാം പ്രത്യേകം മനസ്സിരുത്തേണ്ടുന്ന ഒരു വിഷയമാകുന്നു.
- وَلَوْ تَرَىٰٓ إِذْ فَزِعُوا۟ فَلَا فَوْتَ وَأُخِذُوا۟ مِن مَّكَانٍ قَرِيبٍ ﴾٥١﴿
- അവര്‍ പേടിച്ചു നടുങ്ങുന്ന സന്ദര്‍ഭം നീ കാണുകയാണെങ്കില്‍ (ഹാ, ഭയങ്കരം തന്നെ)! അപ്പോള്‍ പിടിയില്‍ (പെടാതെ) ഒഴിവാകലേ ഇല്ല. സമീപസ്ഥലത്തുനിന്നുതന്നെ അവര്‍ പിടിക്കപ്പെടുകയും ചെയ്യും.
- وَلَوْ تَرَىٰ നീ കാണുകയാണെങ്കില്‍, കണ്ടിരുന്നെങ്കില്‍ إِذْ فَزِعُوا അവര്‍ പേടിച്ചു നടുങ്ങുമ്പോള്‍ فَلَا فَوْتَ അപ്പോള്‍ ഒഴിവാകല്‍ (പാഴാകല്‍) ഇല്ല وَأُخِذُوا അവര്‍ പിടിക്കപെടുകയും ചെയ്യും مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു قَرِيبٍ അടുത്ത, സമീപമായ
ഇപ്പോള്‍ എത്ര കേമന്മാരും, ധീരന്‍മാരുമാണെങ്കിലും ആ അവിശ്വാസികള്‍ പരലോകത്തെത്തുമ്പോള്‍ അങ്ങേഅറ്റം ഭയവിഹ്വലരായിരിക്കും. രക്ഷപ്പെടുവാന്‍ ഒരു മാര്‍ഗ്ഗവും അവര്‍ക്കില്ല. ഓടിപ്പോകുവാന്‍ അവര്‍ ശ്രമിച്ചേക്കും. പക്ഷേ, സ്ഥലംവിടാന്‍ അനുവദിക്കാതെ നിന്നിടത്തുവെച്ചുതന്നെ അവരെ പിടികൂടും.
- وَقَالُوٓا۟ ءَامَنَّا بِهِۦ وَأَنَّىٰ لَهُمُ ٱلتَّنَاوُشُ مِن مَّكَانٍۭ بَعِيدٍ ﴾٥٢﴿
- അവര്‍ (അപ്പോള്‍) പറയുകയും ചെയ്യും: 'ഞങ്ങള്‍ അതില്‍ വിശ്വസിച്ചു' എന്ന്. (പ്രാപ്യമല്ലാത്ത) വിദൂരസ്ഥലത്തു നിന്നു എങ്ങിനെയാണ് അവര്‍ക്കു (വേഗമതു) കരസ്ഥമാകല്‍?-
- وَقَالُوا അവര്‍ പറയുകയും ചെയ്യും آمَنَّا بِهِ ഞങ്ങള്‍ അതില്‍ (അദ്ദേഹത്തില്‍) വിശ്വസിച്ചു وَأَنَّىٰ لَهُمُ എങ്ങിനെയാണ് (എവിടെനിന്നാണ്) അവര്‍ക്കു التَّنَاوُشُ കരസ്ഥമാകല്‍, കയ്പറ്റല്‍, കിട്ടല്‍ مِن مَّكَانٍ ഒരു സ്ഥലത്തുനിന്നു بَعِيدٍ വിദൂരമായ, അകന്ന
- وَقَدْ كَفَرُوا۟ بِهِۦ مِن قَبْلُ ۖ وَيَقْذِفُونَ بِٱلْغَيْبِ مِن مَّكَانٍۭ بَعِيدٍ ﴾٥٣﴿
- അവര്‍ മുമ്പ് അതില്‍ അവിശ്വസിച്ചിരിക്കയാണല്ലോ! വിദൂരസ്ഥലത്തുനിന്ന് അവര്‍ കാണാതെ (ഊഹാസ്ത്രം) എറിയുകയും ചെയ്തിരുന്നു.
- وَقَدْ كَفَرُوا അവര്‍ അവിശ്വസിച്ചിട്ടുണ്ടു, അവിശ്വസിച്ചിരിക്കെ بِهِ അതില്‍, അദ്ദേഹത്തില്‍ مِن قَبْلُ മുമ്പ് وَيَقْذِفُونَ അവര്‍ എറിയുകയും (ആരോപിക്കയും) ചെയ്തിരുന്നു بِالْغَيْبِ അദൃശ്യത്തില്‍ (കാണാതെ, ഊഹിച്ചുകൊണ്ടു) مِن مَّكَانٍ بَعِيدٍ വിദൂരസ്ഥലത്തുനിന്നു
വിശ്വസിക്കേണ്ടുന്ന സമയമെല്ലാം അവര്‍ പാഴാക്കിക്കളഞ്ഞു. എന്നിട്ട് ഇപ്പോള്‍ ശിക്ഷ കണ്‍മുമ്പില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ വിശ്വസിച്ചുവെന്നു പറയുന്നു. വിശ്വസിക്കുവാനുള്ള സന്ദര്‍ഭം എനി പ്രാപിക്കാനാവാത്ത വിധം ദൂരപ്പെട്ടുപോയിരിക്കുന്നു. ഈ അവസരത്തില്‍ എങ്ങിനെയാണ് ഇത്രവേഗം അവര്‍ക്കു വിശ്വാസം ഉണ്ടായിത്തീര്‍ന്നത്?! ഇതേവരെ അതിനെക്കുറിച്ചു ചിന്തിക്കുകയോ, അതിനെ സമീപിച്ചുനോക്കുകയോ അവര്‍ ചെയ്തില്ല. അങ്ങകലെ നിന്ന് വെറും ഊഹത്തെ അടിസ്ഥാനമാക്കി ആരോപണങ്ങള്‍ ഉന്നയിക്കുകയും, ആക്ഷേപത്തിന്റെ ശരവര്‍ഷം പൊഴിക്കുകയുമാണവര്‍ ചെയ്തിരുന്നത്. ജാലമാണ്, ഭ്രാന്താണ്, തനി വ്യാജമാണ് എന്നൊക്കെ പറഞ്ഞു കാലം കഴിക്കുകയാണല്ലോ അവര്‍ ചെയ്തത്. എന്നുസാരം.
‘അതില്‍ വിശ്വസിച്ചു’ (آمَنَّا بِهِ) എന്നും ‘അതില്‍ അവിശ്വസിച്ചു’ (كَفَرُوا بِهِ) എന്നും പറഞ്ഞതിലുള്ള സര്‍വ്വനാമം (ضمير) കൊണ്ടുദ്ദേശ്യം നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) പ്രബോധനം ചെയ്ത സത്യയാഥാര്‍ത്ഥ്യം (الْحَقُّ) ആകുന്നു. ഒരുപക്ഷേ അത് നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഉദ്ദേശിച്ചായിരിക്കുവാനും സാധ്യതയുണ്ട്. അപ്പോള്‍ بِهِ എന്നതിനു രണ്ടേടത്തും ‘അദ്ദേഹത്തില്‍’ എന്നു അര്‍ത്ഥം കൊടുക്കാം.
- وَحِيلَ بَيْنَهُمْ وَبَيْنَ مَا يَشْتَهُونَ كَمَا فُعِلَ بِأَشْيَاعِهِم مِّن قَبْلُ ۚ إِنَّهُمْ كَانُوا۟ فِى شَكٍّ مُّرِيبٍۭ ﴾٥٤﴿
- അവരുടെയും, അവര്‍ ഇച്ഛിക്കുന്നതിന്റെയും ഇടയില്‍ മറ ഇടപ്പെടും [തടസ്സം നേരിടും]; മുമ്പുണ്ടായിരുന്ന അവരുടെ കക്ഷികളെക്കൊണ്ടു ചെയ്യപ്പെട്ടതു പോലെ(ത്തന്നെ). (കാരണം) നിശ്ചയമായും അവര്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന സംശയത്തിലായിരുന്നു.
- وَحِيلَ മറയിടപ്പെടും, (തടയപ്പെടും) بَيْنَهُمْ അവര്‍ക്കിടയില്‍ وَبَيْنَ مَا يَشْتَهُونَ അവര്‍ ഇച്ഛിക്കുന്നതിനിടയിലും كَمَا فُعِلَ ചെയ്യപ്പെട്ടതുപോലെ بِأَشْيَاعِهِم അവരുടെ കക്ഷികളെക്കൊണ്ടു مِّن قَبْلُ മുമ്പ്, മുമ്പുള്ള إِنَّهُمْ كَانُوا നിശ്ചയമായും അവരായിരുന്നു فِي شَكٍّ സംശയത്തില്‍ مُّرِيبٍ ആശയക്കുഴപ്പമുണ്ടാക്കുന്ന, സന്ദേഹകരമായ
എനി അവര്‍ എന്തുതന്നെ ഇച്ഛിച്ചിട്ടും ഫലമില്ല. മുമ്പ് ഇവരെപ്പോലെ അവിശ്വാസികളായി ജീവിച്ചിരുന്ന എല്ലാ വിഭാഗക്കാരിലും എടുക്കപ്പെടുന്ന അതേ ശിക്ഷാനടപടി ഇവരിലും നടത്തപ്പെടും. കാരണം, സത്യത്തില്‍ വിശ്വസിക്കാതെ, ആശയക്കുഴപ്പവും സംശയവുമായി തങ്ങളുടെ ജീവിതകാലം അവര്‍ പാഴാക്കിയതുതന്നെ.
والله الموفق والمعين وله الحمد والمنة
التسويد قبيل ظهر يوم الثلثاء ٢٨ ربيع الاخر ١٣٨١ه – الموافق ١٠/١٠/٦١م]
[ والتبيبض مسآء يوم الاتنين ١١ صفر ١٣٨٩ – الموافق ٢٨/٤/٦٩م