Annex

ലൂത്ത്വ്‌ കടല്‍ (بحر لوط)

സിറിയാ – ഫലസ്തീന്‍ തടാകങ്ങളില്‍വെച്ച് ഏറ്റവും വലിയ തടാകമാണ് ലൂത്ത് കടല്‍ (‘ബഹ്ര്‍ ലൂത്ത്’) അഥവാ ലൂത്ത് തടാകം (ബുഹൈറത്ത് ലൂത്ത്വ്‌) അല്‍ഖുദ്സ് പട്ടണത്തില്‍ നിന്ന് ഏതാണ്ട് തെക്കുകിഴക്ക് ഭാഗത്ത് 18 നാഴിക അകലെയായി ഇത് സ്ഥിതിചെയ്യുന്നു. തടാകം, തെക്കുവടക്കില്‍ 50 നാഴിക നീളവും, കിഴക്കു പടിഞ്ഞാറില്‍ 10 നാഴിക വീതിയും കാണും. സമുദ്ര വിതാനത്തില്‍നിന്നും 1316 അടി താഴെയാണ് തടാകത്തിന്‍റെ ഉപരിതലം നിലകൊള്ളുന്നത്. വടക്കുഭാഗത്ത് 400മീറ്റര്‍ വരെ ആഴമുണ്ടെങ്കിലും തെക്കേവശം മിക്കവാറും 6 മീറ്റര്‍ ആഴമേയുള്ളു. ജോര്‍ഡാന്‍ നദി (نهر الاردن) യില്‍ നിന്നും മറ്റുമായി ധാരാളം ജലം നിത്യേന അതില്‍ പതിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും അതിന്‍റെ ജലവിതാനത്തില്‍ ഏറ്റക്കുറവ്‌ കാണാറില്ല. നിരീക്ഷകന്‍മാരുടെ കണക്കുപ്രകാരം ദിനംപ്രതി 60ലക്ഷം ഘനമീറ്റര്‍ വെള്ളം അതില്‍ വന്നുചേരുന്നുണ്ട്. ഈ വെള്ളമത്രയും നീരാവിയായിപ്പോയിക്കൊണ്ടിരിക്കുകയാണോ, അതല്ല തടാകത്തിന്‍റെ അടിഭാഗത്തുള്ള വല്ല നീരുമാര്‍ഗ്ഗത്തിലൂടെയും സമുദ്രത്തിലോ മറ്റോ ചെന്നുചേര്‍ന്നുകൊണ്ടിരിക്കുകയാണോ എന്നു തീരുമാനിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.

തടാകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വെള്ളം ഒരേ തോതിലുള്ള ഘനമല്ല ഉള്ളത്. ഉപ്പുരസവും അതുപോലെത്തന്നെ വ്യത്യസ്തമാകുന്നു. പൊതുവില്‍ പറയുകയാണെങ്കില്‍, ഇരുപത്തഞ്ചു ശതമാനംകണ്ട് ഉപ്പ് കലര്‍ന്നിട്ടുള്ളതുകൊണ്ട് അതില്‍ ജീവികള്‍ വളരുന്നില്ല. സാധാരണ സമുദ്രജലത്തില്‍ നാലുശതമാനം വരെയാണ് ഉപ്പ് കലരാറുള്ളത്. മേല്‍പറഞ്ഞ തോതിന്റെ മുക്കാല്‍ ഭാഗം സാധാരണ കറിയുപ്പും ബാക്കി മാത്രം മറ്റു ധാതുക്കളുമാകുന്നു. കാഴ്ചയില്‍ ജലം ശുദ്ധമായും, തെളിഞ്ഞുമിരിക്കും. പക്ഷേ, വെള്ളം ഉപയോഗിക്കുന്നത് ഉപദ്രവകരമാകുന്നു. ഒരുതരം എണ്ണപശ ദേഹത്തില്‍ പതിയുന്നതിനാല്‍ വെള്ളം തട്ടിയ സ്ഥലം നല്ല വെള്ളംകൊണ്ട് വേറെ കഴുകാത്തപക്ഷം, ശരീരത്തില്‍ ഒരുതരം ചൊറിയുണ്ടായിത്തീരുന്നു. കടല്‍ സ്നാനത്തിനു പോകാറുള്ളവര്‍ തന്നെയും ജോര്‍ഡാന്‍ നദീമുഖത്താണ് അതിന്ന്‍ പോകുക. മാത്രമല്ല, അനന്തരം അവര്‍ നദീജലത്തില്‍നിന്ന് കുളിക്കുകയും ചെയ്യും. വെള്ളത്തിന്റെ കട്ടി കാരണമായി, വേഗം വെളളത്തില്‍ ആണ്ടുപോകുന്ന ചില സാധനങ്ങള്‍കൂടി ഇതില്‍ പൊന്തി നിന്നേക്കും. ആകയാല്‍, നീന്തല്‍ അറിയാത്ത ആള്‍ക്ക് തല മാത്രം പൊക്കിപ്പിടിച്ചു വെള്ളത്തില്‍ മുങ്ങിപ്പോകാതെ രക്ഷപ്പെടുവാന്‍ സാധിക്കും.

തടാകത്തിന്‍റെ താഴ്വരപ്രദേശങ്ങള്‍ ജനവാസവും, വൃക്ഷങ്ങളുമില്ലാത്തവയാണ്. സഞ്ചാരി വര്‍ഗ്ഗങ്ങളായ ചുരുക്കം ചിലര്‍, ശൈത്യകാലത്ത് അവിടവിടെ തമ്പുകെട്ടി താമസിച്ചുവെന്നു വരാം. വടക്കു കിഴക്കുപ്രദേശം ഒഴിച്ച് ബാക്കി ഭാഗമെല്ലാം മലമ്പ്രദേശങ്ങളും വനങ്ങളുമാകുന്നു. മലകളില്ലാത്ത സ്ഥലങ്ങള്‍ സസ്യലതാദികളില്ലാത്ത ഉപ്പു കലര്‍ന്ന മൈതാനങ്ങളുമാണ്. നദീതീരങ്ങള്‍ മാത്രം ഫലവത്തായിക്കാണാം. മുന്‍കാലത്ത് അവിടെ ഒരുതരം കയ്പുള്ള മുന്തിരി വളര്‍ന്നിരുന്നതായി ബൈബിളില്‍ നിന്നു മനസ്സിലാകുന്നു. ഇപ്പോഴും തടാകത്തിന്റെ അടുത്ത പ്രദേശങ്ങളില്‍ കായ്ക്കാറുള്ള മിക്ക വൃക്ഷങ്ങളുടെയും ഫലങ്ങള്‍, കാണുവാന്‍ കൗതുകമുണ്ടെങ്കിലും, അവയുടെ ഉള്ളില്‍ ഒരുതരം ചാരപ്പൊടിയായിരിക്കും ഉണ്ടായിരിക്കുക. ഇക്കാലംവരെയും ആ പ്രദേശങ്ങള്‍ ഉല്‍പാദനയോഗ്യമായിക്കഴിഞ്ഞിട്ടില്ല. എങ്കിലും മണ്ണെണ്ണ, ഗന്ധകം, താര്‍ മുതലായ പല വസ്തുക്കളും അവിടെനിന്ന് ലഭിക്കുന്നുണ്ട്.

ഈ തടാകത്തിന്റെ വ്യത്യസ്ത നാമങ്ങള്‍ തന്നെ അതിന്റെ സ്വഭാവവും ചരിത്രവും സൂചിപ്പിക്കുന്നവയാണ്. ആകയാല്‍ അതിവിടെ എടുത്തുകാട്ടുന്നത് ഉപകാരമായിരിക്കും:-

 

നമ്പര്‍ പേരുകള്‍   കുറിപ്പുകള്‍
  അറബിയില്‍ മലയാളത്തില്‍  
1. بحر لوط ലൂത്ത്വ്‌ കടല്‍

(Lut Sea)

ലൂത്ത്വ്‌ (അ) നബിയെ അല്ലാഹു രക്ഷിച്ചതും അദ്ദേഹത്തിന്റെ ജനതയെ നശിപ്പിച്ചതും, 1ഉം 2ഉം പേരുകള്‍ സൂചിപ്പിക്കുന്നു.
2. بحيرة لوط ലൂത്ത്വ്‌ തടാകം നാലുപുറവും കരയാല്‍ ചുറ്റപ്പെട്ടതുകൊണ്ട് തടാകമെന്നും, കേവലം വലുതാകകൊണ്ട്  കടല്‍ എന്നും പറയന്നു.
3. البحر الميت ചാവുകടല്‍ (Dead Sea) ജീവികള്‍ വളരുന്നില്ല, അതിയായ കാറ്റില്ലാത്തപ്പോള്‍ നിശ്ചലമായിരിക്കയും ചെയ്യും.
4. البحر المنتن ദുര്‍ഗ്ഗന്ധക്കടല്‍ വെള്ളത്തില്‍ ധാരാളം ദ്രവകവസ്തുക്കളുള്ളതുകൊണ്ട് അതില്‍നിന്ന് അസഹ്യമായ ഒരുതരം നാറ്റം വമിക്കുന്നു.
5. بحيرة الملح ഉപ്പുതടാകം, ഉപ്പുകടല്‍ ഉപ്പിന്റെ അംശം അധികമുണ്ട്.
6. بحيرة الزفت താര്‍തടാകം, താര്‍കടല്‍ ഒരുതരം താറിന്റെ അംശം കലര്‍ന്നിരിക്കുന്നു.
7. البحر الشرقي കിഴക്കേ കടല്‍ മദ്ധ്യധരണ്യാഴിയുടെ കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.
8. بحيرة البرية മരുഭൂ തടാകം സിറിയന്‍ മരുഭൂമിയെയും, അറേബ്യന്‍ മരുഭൂമിയെയും തൊട്ടുകിടക്കുന്നു.
9. بحيرة سدوم സോദോം തടാകം. ലൂത്ത്വ്‌ നബിയുടെ സമുദായക്കാ൪ നിവസിച്ചിരുന്ന അഞ്ച് രാജ്യങ്ങളില്‍ പ്രധാനപ്പെട്ട സോദോം പട്ടണം അതില്‍ മുങ്ങിപ്പോയിരിക്കുന്നു. മറ്റൊരു പ്രധാന രാജ്യമായിരുന്ന ഗോമോറായും (غمورية) വേറെ മൂന്നു രാജ്യങ്ങളും ശിക്ഷയില്‍ നശിക്കുകയുണ്ടായിട്ടുണ്ട്.

 

ഈ കടലിന്‍റെ ഏതേതു ഭാഗങ്ങളിലായിരുന്നു നാമാവശേഷമായിപ്പോയ രാജ്യങ്ങളെന്നുള്ളതില്‍ ഭിന്നാഭിപ്രായമുണ്ടെങ്കിലും, ആ രാജ്യങ്ങള്‍ ഈ കടലോരപ്രദേശങ്ങളായിരുന്നുവെന്നും, അവ അഞ്ചും അല്ലാഹുവിന്‍റെ കോപശാപങ്ങള്‍ക്ക് പാത്രമായി നശിപ്പിക്കപ്പെട്ടുവെന്നുമുള്ളതില്‍ സംശയമില്ല.

ഖുര്‍ആനിലും, ബൈബ്ലിലും വ്യക്തമായി പറഞ്ഞിട്ടുള്ള ഈ ചരിത്രസംഭവം, ഒരു പഴങ്കഥയോ, കടങ്കഥയോ മാത്രമാണെന്നും മതപ്രമാണങ്ങളില്‍ വിശ്വസിക്കാത്ത ചിലര്‍ പ്രസ്താവിക്കാറുണ്ട്. എന്നാല്‍, അടുത്തകാലത്തു നടത്തപ്പെട്ടിട്ടുള്ള ഡോക്ടര്‍ ആള്‍ബറാട്ടിന്‍റേതുപോലുള്ള നിരീക്ഷണങ്ങള്‍, 4000 കൊല്ലം മുമ്പു കഴിഞ്ഞ ആ സംഭവം – അതിന്‍റെ എല്ലാ വിശദീകരണങ്ങളോടും കൂടിത്തന്നെ – തികച്ചും വാസ്തവമാണെന്ന് തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. (*)


(*). غالي ما مر في وصف البحر مأخوذ عن تفسير الجواهر للطنطاوى و تفسير المراغي – م تى


ഹിജാസ് മുതലായ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഫലസ്തീനിലേക്കും ശാമിലേക്കും (സിറിയയിലേക്കും) കച്ചവടസംഘങ്ങള്‍ യാത്രചെയ്യുക പതിവായിരുന്നു. ആ യാത്രകള്‍ ഈ തടാകത്തിന്‍റെ തീരപ്രദേശങ്ങളില്‍ കൂടിയായിരിക്കകൊണ്ട് അവര്‍ക്ക് അവിടങ്ങളിലെ സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുവാനും, ആ പ്രദേശങ്ങളിലെ നിവാസികളായ വേദക്കാരില്‍ നിന്ന് കേട്ടു മനസ്സിലാക്കുവാനും സാധിച്ചിരുന്നു. അതുകൊണ്ടാണ്, ഖുര്‍ആനില്‍ മുന്‍സമുദായങ്ങളുടെ കഥകള്‍ വിവരിക്കുന്ന കൂട്ടത്തില്‍; ലൂത്ത്വ്‌ (അ) നബിയുടെ സമുദായത്തിന്‍റെ സംഭവത്തെപ്പറ്റി പറയുമ്പോള്‍ അക്കാര്യം പ്രത്യേകം അവിശ്വാസികളെ അനുസ്മരിപ്പിച്ചു കാണുന്നത്. ഉദാഹരണമായി:-

(1).സൂ: ഫൂര്‍ഖാനില്‍ لَقَدْ أَتَوْا عَلَى الْقَرْيَةِ الخ എന്ന് തുടങ്ങിയുള്ള 40-ാം വചനത്തില്‍ ‘ആ ചീത്തമഴ വര്‍ഷിപ്പിക്കപ്പെട്ട നാട്ടിലൂടെ അവര്‍ വന്നിട്ടുണ്ടല്ലോ. അപ്പോള്‍ അവരത് കണ്ടിരുന്നില്ലേ?!’ എന്ന് അല്ലാഹു പറയുന്നു. (2). ഈ രാജ്യത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് സൂ: അങ്കബൂത്ത് 35ല്‍ وَلَقَد تَّرَكْنَا مِنْهَا آيَةً بَيِّنَةً لِّقَوْمٍ يَعْقِلُونَ (തീര്‍ച്ചയായും മനസ്സിരുത്തുന്ന ജനങ്ങള്‍ക്ക് അതില്‍ നിന്നും വ്യക്തമായ ഒരു ദൃഷ്ടാന്തം നാം ബാക്കിയാക്കിയിരിക്കുന്നു) എന്നു പറയുന്നു. (3) നശിച്ചുപോയ ആ സമുദായത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട് സൂ: വസ്സ്വാഫ്-ഫാത്തി 137-138ല്‍

﴾وَإِنَّكُمْ لَتَمُرُّونَ عَلَيْهِم مُّصْبِحِينَ ﴿١٣٧﴾ وَبِاللَّيْلِ ۗ أَفَلَا تَعْقِلُونَ ﴿١٣٨

(നിങ്ങള്‍ പ്രഭാതവേളയിലായി അവരില്‍കൂടി കടന്നുപോയിക്കൊണ്ടിരിക്കുന്നു, രാത്രിയിലും പോകാറുണ്ട്. എന്നിട്ടും നിങ്ങള്‍ മനസ്സിരുത്തുന്നില്ലേ?!) എന്നു ചോദിക്കുന്നു. വെളുക്കാന്‍ കാലത്തോ, രാത്രിയോ ആയിരിക്കും യാത്രാസംഘം സാധാരണ ആ വഴി കടന്നുപോകാറുള്ളത് എന്ന് കൂടി ഇതില്‍നിന്നു മനസ്സിലാക്കാം. الله أعلم

[كان الفراغ من تسويد هذا القدر٢٨صفر١٣٨١ه الموافق ١١-٨-٦١ م والفراغ من تبييضه ضحوة الخميس ٤ ذى الحجة ١٣٨٦ ه الموافق ٦٧-٣-١٦]

ولله الحمد والمنة