ശുഅറാ (കവികൾ)

മക്കായില്‍ അവതരിച്ചത് – വചനങ്ങള്‍ 227 – വിഭാഗം (റുകുഅ്) 11

(അവസാനത്തെ 4 വചനങ്ങള്‍ മദീനായില്‍ അവതരിച്ചത്)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍

വിഭാഗം - 1

26:1
 • طسٓمٓ ﴾١﴿
 • 'ത്വാ-സീന്‍-മീം.' (*)
 • طسٓمٓ 'ത്വാ-സീന്‍-മീം'
26:2
 • تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ٱلْمُبِينِ ﴾٢﴿
 • (താഴെ കാണുന്ന) അവ സുവ്യക്തമായ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാകുന്നു.
 • تِلْكَ അത്, അവ آيَاتُ الْكِتَابِ വേദഗ്രന്ഥത്തിലെ സൂക്തങ്ങളാണ്, ആയത്തുകളാണ് الْمُبِينِ സുവ്യക്തമായ, സ്പഷ്ടമായ
26:3
 • لَعَلَّكَ بَـٰخِعٌ نَّفْسَكَ أَلَّا يَكُونُوا۟ مُؤْمِنِينَ ﴾٣﴿
 • അവര്‍ വിശ്വാസികളാകാത്തതിനാല്‍ നീ നിന്‍റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം! (അത് വേണ്ടാ.)
 • لَعَلَّكَ നീ ആയേക്കാം, ആയിരിക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍ نَّفْسَكَ നിന്‍റെ ആത്മാവിനെ, ജീവനെ, നിന്നെത്തന്നെ أَلَّا يَكُونُوا അവര്‍ ആകാത്തതിനാല്‍ مُؤْمِنِينَ വിശ്വാസികള്‍, വിശ്വസിച്ചവര്‍
26:4
 • إِن نَّشَأْ نُنَزِّلْ عَلَيْهِم مِّنَ ٱلسَّمَآءِ ءَايَةً فَظَلَّتْ أَعْنَـٰقُهُمْ لَهَا خَـٰضِعِينَ ﴾٤﴿
 • നാം ഉദ്ദേശിക്കുന്നപക്ഷം, അവരുടെ മേല്‍ ഒരു ദൃഷ്ടാന്തം ആകാശത്തുനിന്നും നാം ഇറക്കുന്നതാണ്; അപ്പോള്‍ അവരുടെ പിരടികള്‍ അതിന് കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യുന്നതാണ്. (പക്ഷേ, അങ്ങിനെ ഉദ്ദേശിച്ചിട്ടില്ല).
 • إِن نَّشَأْ നാം ഉദ്ദേശിക്കുന്നപക്ഷം نُنَزِّلْ നാം ഇറക്കും, അവതരിപ്പിക്കും عَلَيْهِم അവരുടെമേല്‍, അവരില്‍ مِّنَ السَّمَاءِ ആകാശത്തുനിന്ന് آيَةً ഒരു ദൃഷ്ടാന്തം فَظَلَّتْ അപ്പോള്‍ ആയിത്തീരുന്നതാണ് أَعْنَاقُهُمْ അവരുടെ പിരടികള്‍ لَهَا അതിന്, അതിലേക്ക് خَاضِعِينَ കീഴൊതുങ്ങുന്നവ

(*). ഇങ്ങിനെയുള്ള കേവലാക്ഷരങ്ങളെക്കുറിച്ച് നാം ഇതിനുമുമ്പ് പലപ്രാവശ്യം സംസാരിച്ചിട്ടുള്ളതാണ്.

26:5
 • وَمَا يَأْتِيهِم مِّن ذِكْرٍ مِّنَ ٱلرَّحْمَـٰنِ مُحْدَثٍ إِلَّا كَانُوا۟ عَنْهُ مُعْرِضِينَ ﴾٥﴿
 • പരമകാരുണികനായുള്ളവന്‍റെ പക്കല്‍നിന്നും പുതുതായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനവും തന്നെ - അവരതില്‍ നിന്ന് തിരിഞ്ഞുകളയുന്നവരായിട്ടല്ലാതെ - അവര്‍ക്ക് വരുന്നില്ല! (ഏതുതന്നെ വന്നാലും അവര്‍ തിരിഞ്ഞുകളയുന്നു).
 • وَمَا يَأْتِيهِم അവര്‍ക്ക് വരുന്നില്ല, ചെല്ലുന്നില്ല مِّن ذِكْرٍ ഒരു ഉല്‍ബോധനവും തന്നെ, ഒരു സ്മരണയും مِّنَ الرَّحْمَـٰنِ റഹ്മാനില്‍നിന്ന്, പരമകാരുണികനില്‍നിന്ന് مُحْدَثٍ പുതുതായി നല്‍കപ്പെട്ട, പുത്തനായ إِلَّا كَانُوا അവര്‍ ആയിട്ടല്ലാതെ, ആകാതെ عَنْهُ അതിനെപ്പറ്റി, അതില്‍നിന്ന് مُعْرِضِينَ തിരിഞ്ഞുകളയുന്നവ൪, അശ്രദ്ധര്‍
26:6
 • فَقَدْ كَذَّبُوا۟ فَسَيَأْتِيهِمْ أَنۢبَـٰٓؤُا۟ مَا كَانُوا۟ بِهِۦ يَسْتَهْزِءُونَ ﴾٦﴿
 • അങ്ങനെ, അവര്‍ വ്യാജമാക്കിയിരിക്കുകയാണ്; അതിനാല്‍, ഏതൊന്നില്‍ അവര്‍ പരിഹാസം കൊള്ളുന്നുവോ അതിന്‍റെ [ആ ശിക്ഷയുടെ] വൃത്താന്തങ്ങള്‍ അവര്‍ക്ക് വന്നുകൊള്ളും.
 • فَقَدْ كَذَّبُوا അങ്ങനെ അവര്‍ വ്യാജമാക്കിക്കളഞ്ഞു فَسَيَأْتِيهِمْ അതിനാല്‍ അവര്‍ക്ക് വന്നുകൊള്ളും, വരും أَنبَاؤُا مَا യതൊന്നിന്‍റെ വൃത്താന്തങ്ങള്‍ كَانُوا അവരാകുന്നു, ആയിരിക്കുന്നു بِهِ അതുകൊണ്ട്, അതിനെപ്പറ്റി يَسْتَهْزِئُونَ പരിഹാസംകൊള്ളുക, പുച്ഛിക്കുന്ന(വര്‍)

മുശ്രിക്കുകളുടെ ഉപദ്രവം അതിന്‍റെ പാരമ്യത്തിലെത്തിയിരുന്ന ഘട്ടത്തില്‍ അവതരിച്ച സൂറത്തുകളില്‍ ഒന്നാണ് ഈ സൂറത്തും. കഴിയുന്നത്ര അപവാദങ്ങളും, ആക്ഷേപങ്ങളും അവര്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കയാണ്. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ഒന്നിനു മറുപടി കൊടുക്കുമ്പോള്‍, അവര്‍ വേറെ ഒന്നു മുന്നോട്ടു കൊണ്ടുവരും. ചിലപ്പോള്‍ നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യോട് ‘നീ പ്രവാചകനാണെങ്കില്‍ ആ മലകള്‍ ഇങ്ങോട്ടു കൊണ്ടുവരുക, അല്ലെങ്കില്‍ ഇവിടെ ഒരു പുഴയുണ്ടാക്കൂ’ എന്നിങ്ങിനെ തനി ബാലിശമായ ആവശ്യങ്ങള്‍ ഉന്നയിക്കും. നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) ക്കാണെങ്കില്‍, അവ൪ വിശ്വസിച്ചുകാണുവാനുള്ള അത്യാഗ്രഹത്തിനും, അവരുടെ മര്‍ക്കടമുഷ്ടിയിലുള്ള വ്യസനത്തിനും കണക്കുമില്ല. അവരിലാകട്ടെ, മത്സരവും, വാശിയും കൂടിക്കൊണ്ടുമിരിക്കുന്നു. ഈ അവസരത്തില്‍ ഈ സൂറത്തു മുഖേന അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ)യെ മനസ്സമാധാനപ്പെടുത്തി ആശ്വസിപ്പിക്കുകയാണ്. അത്രയൊന്നും വ്യാകുലപ്പെട്ട് വിഷമിക്കേണ്ടതില്ല, ദൗത്യം നിര്‍വ്വഹിക്കല്‍ മാത്രമാണ് തന്‍റെ ചുമതല. അവരെ സംബന്ധിച്ചുള്ള നടപടി ഞാന്‍ ആയിക്കൊള്ളാം; മുന്‍കഴിഞ്ഞ പ്രവാചകന്‍മാര്‍ക്കും അവരുടെ ജനങ്ങള്‍ക്കുമിടയിലും ഇപ്രകാരമൊക്കെ ഉണ്ടായിട്ടുണ്ട് എന്നിങ്ങനെ – പല നബിമാരുടെയും കഥകള്‍ തുടര്‍ന്ന് വിവരിച്ചുകൊണ്ട് – അല്ലാഹു തിരുമേനി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) യെ ഇതു മുഖേന സാന്ത്വനപ്പെടുത്തുന്നു.

26:7
 • أَوَلَمْ يَرَوْا۟ إِلَى ٱلْأَرْضِ كَمْ أَنۢبَتْنَا فِيهَا مِن كُلِّ زَوْجٍ كَرِيمٍ ﴾٧﴿
 • ഭൂമിയിലേക്ക്‌ അവര്‍ നോക്കുന്നില്ലേ - എല്ലാ(തരം) ഉല്‍കൃഷ്ടമായ ഇണവസ്തുക്കളില്‍ നിന്നുമായി - എത്രയാണ് നാമതില്‍ മുളപ്പിച്ചിട്ടുള്ളത് എന്ന്?!
 • أَوَلَمْ يَرَوْا അവര്‍ കാണുന്നില്ലേ, നോക്കുന്നില്ലേ إِلَى الْأَرْضِ ഭൂമിയിലേക്ക്‌ كَمْ എത്രയാണ് (എത്രയോ) أَنبَتْنَا നാം മുളപ്പിച്ചിരിക്കുന്നു, ഉല്‍പാദിപ്പിച്ചിരിക്കുന്നു فِيهَا അതില്‍ مِن كُلِّ زَوْجٍ എല്ലാ ഇണകളുമായിട്ട്, ഇണകളില്‍ നിന്നും كَرِيمٍ മാന്യമായ, ഉല്‍കൃഷ്ടമായ

26:8
 • إِنَّ فِى ذَٰلِكَ لَـَٔايَةً ۖ وَمَا كَانَ أَكْثَرُهُم مُّؤْمِنِينَ ﴾٨﴿
 • നിശ്ചയമായും, അതില്‍ ഒരു (വമ്പിച്ച) ദൃഷ്ടാന്തം ഉണ്ട്. (എങ്കിലും) അവരില്‍ അധികമാളും വിശ്വസിക്കുന്നവരല്ല.
 • .إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَةً ഒരു (വമ്പിച്ച) ദൃഷ്ടാന്തം وَمَا كَانَ അല്ല, ആയിട്ടില്ല أَكْثَرُهُم അവരില്‍ അധികവും مُّؤْمِنِينَ വിശ്വസിക്കുന്നവര്‍, വിശ്വാസികള്‍
26:9
 • وَإِنَّ رَبَّكَ لَهُوَ ٱلْعَزِيزُ ٱلرَّحِيمُ ﴾٩﴿
 • നിശ്ചയമായും, നിന്‍റെ രക്ഷിതാവുതന്നെയാണ് പ്രതാപശാലിയും, കരുണാനിധിയും.
 • وَإِنَّ رَبَّكَ നിശ്ചയമായും നിന്‍റെ റബ്ബ് لَهُوَ അവന്‍തന്നെയാണ് الْعَزِيزُ പ്രതാപശാലി الرَّحِيمُ കരുണാനിധി

ചരിത്രപരമായ ദൃഷ്ടാന്തങ്ങള്‍ വിവരിക്കുന്നതിനു മുമ്പായി പ്രകൃതിപരമായ ഒരു ദൃഷ്ടാന്തം – എല്ലാവ൪ക്കും സദാ കണ്ടറിയാവുന്ന ഒരു ദൃഷ്ടാന്തം – അല്ലാഹു ചൂണ്ടിക്കാട്ടുന്നു: വിവിധ വര്‍ഗ്ഗങ്ങളും, അനേകതരം ജാതികളും ഉള്‍കൊള്ളുന്ന സസ്യലോകം! അവയുടെ ഉല്‍പാദനം, കൗതുകം, ഉപയോഗം, ഘടനാക്രമം ആദിയായവയിലും, മുളച്ച് തഴച്ച് വളര്‍ച്ചയെത്തിയശേഷം നാശോന്‍മുകമായിത്തീര്‍ന്ന്‍ വീണ്ടും ഉല്‍പാദിതമായിക്കൊണ്ടിരിക്കുന്നതിലും ബുദ്ധികൊടുത്തു ആലോചിക്കുന്നപക്ഷം, ഈ അവിശ്വാസികള്‍ക്ക്‌ വേറെ ദൃഷ്ടാന്തങ്ങള്‍ അന്വേഷിക്കേണ്ടുന്ന ആവശ്യമില്ല. അല്ലാഹുവിലും മരണാനന്തരജീവിത്തതിലും വിശ്വസിക്കുവാന്‍ ഉപയുക്തമായ ധാരാളം തെളിവുകള്‍ അതില്‍തന്നെയുണ്ട്‌. പക്ഷേ, അതില്‍ ചിന്തിക്കാത്തതുകൊണ്ട് മിക്കവരും സത്യവിശ്വാസം സ്വീകരിക്കുവാന്‍ തയ്യാറില്ലാതിരിക്കുകയാണ്. വാസ്തവത്തില്‍ – അവര്‍ വിശ്വസിക്കാത്തതിന്‍റെ ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നല്ലാതെ – അല്ലാഹുവിന്‍റെ ശക്തിപ്രതാപങ്ങള്‍ക്കോ, അവന്‍റെ മഹത്വത്തിനോ അതുമൂലം യാതൊരു കോട്ടവും ബാധിക്കുന്നതല്ലതന്നെ. അവന്‍ തികച്ചും പ്രതാപശാലിതന്നെയാണ്. അതേ സമയത്ത് കരുണാനിധിയുമാകുന്നു എന്നിങ്ങിനെ അവിശ്വാസികളെ ഉണര്‍ത്തിക്കൊണ്ട് അടുത്ത വചനം മുതല്‍ പല ചരിത്രസംഭവങ്ങലിലേക്കും അവരുടെ ശ്രദ്ധ ക്ഷണിക്കുന്നു.

വിഭാഗം - 2

26:10
 • وَإِذْ نَادَىٰ رَبُّكَ مُوسَىٰٓ أَنِ ٱئْتِ ٱلْقَوْمَ ٱلظَّـٰلِمِينَ ﴾١٠﴿
 • (നബിയേ) നിന്‍റെ രക്ഷിതാവ് മൂസായോട്‌ (ആ) അക്രമികളായ ജനങ്ങളുടെ അടുക്കല്‍ ചെല്ലുക എന്ന് വിളിച്ചുകല്‍പിച്ച സന്ദര്‍ഭം (ഓര്‍ക്കുക);
 • وَإِذْ نَادَىٰ വിളിച്ചു പറഞ്ഞ (കല്‍പിച്ച) സന്ദര്‍ഭം, വിളിച്ചപ്പോള്‍ رَبُّكَ നിന്‍റെ റബ്ബ് مُوسَىٰ മൂസായെ أَنِ ائْتِ ചെല്ലണമെന്ന് الْقَوْمَ ജനങ്ങളുടെ അടുക്കല്‍ الظَّالِمِينَ അക്രമികളായ
26:11
 • قَوْمَ فِرْعَوْنَ ۚ أَلَا يَتَّقُونَ ﴾١١﴿
 • അതായത്, ഫി൪ഔന്‍റെ ജനതയുടെ അടുക്കല്‍ - അവര്‍ സൂക്ഷിക്കുകയില്ലേ (എന്ന് നോക്കുക)?!
 • قَوْمَ فِرْعَوْنَ അതായതു ഫി൪ഔന്‍റെ ജനത أَلَا يَتَّقُونَ അവര്‍ ഭയപ്പെടുകയില്ലേ, സൂക്ഷിക്കാത്തതെന്താണ്

26:12
 • قَالَ رَبِّ إِنِّىٓ أَخَافُ أَن يُكَذِّبُونِ ﴾١٢﴿
 • അദ്ദേഹം പറഞ്ഞു: 'രക്ഷിതാവേ, എന്നെ അവര്‍ വ്യാജമാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു:
 • قَالَ അദ്ദേഹം പറഞ്ഞു رَبِّ എന്‍റെ റബ്ബേ إِنِّي أَخَافُ ഞാന്‍ ഭയപ്പെടുന്നു أَن يُكَذِّبُونِ അവര്‍ എന്നെ വ്യാജമാക്കുമെന്നു
26:13
 • وَيَضِيقُ صَدْرِى وَلَا يَنطَلِقُ لِسَانِى فَأَرْسِلْ إِلَىٰ هَـٰرُونَ ﴾١٣﴿
 • 'എന്‍റെ മനസ്സ് ഇടുങ്ങിപ്പോയേക്കും, എനിക്കു നാവോട്ടം (സംസാരവൈഭവം) ഉണ്ടാകാതിരിക്കുകയും ചെയ്തേക്കും; ആകയാല്‍, ഹാറൂന്‍റെ അടുക്കലേക്ക്‌ നീ (ദൂതനെ) അയച്ചാലും!
 • وَيَضِيقُ ഇടുങ്ങുകയും ചെയ്യും, ഞെരുങ്ങും, കുടുസ്സാവാം صَدْرِي എന്‍റെ നെഞ്ഞ് (മനസ്സ്) وَلَا يَنطَلِقُ ഓടാതിരിക്കയും (വടിവില്ലാതിരിക്കയും) ചെയ്യും لِسَانِي എന്‍റെ നാവ് فَأَرْسِلْ ആകയാല്‍ നീ അയക്കുക (ദൂതനെ) إِلَىٰ هَارُونَ ഹാറൂന്‍റെ അടുക്കലേക്ക്‌
26:14
 • وَلَهُمْ عَلَىَّ ذَنۢبٌ فَأَخَافُ أَن يَقْتُلُونِ ﴾١٤﴿
 • '(മാത്രമല്ല) എന്‍റെമേല്‍ അവര്‍ക്കു ഒരു കുറ്റവും (ആരോപിക്കുവാന്‍) ഉണ്ട്. അതിനാല്‍, അവര്‍ എന്നെ കൊന്നുകളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'
 • وَلَهُمْ അവര്‍ക്കുണ്ട് عَلَيَّ എന്‍റെ മേല്‍, എന്‍റെ പേരില്‍ ذَنبٌ ഒരു കുറ്റം, തെറ്റ് فَأَخَافُ അതിനാല്‍ ഞാന്‍ ഭയപ്പെടുന്നു أَن يَقْتُلُونِ അവരെന്നെ കൊല്ലുമെന്നു, കൊല്ലുന്നതിനെ

മൂസാ (അ) നബിയുടെ കഥ കുറെ വിശദീകരിച്ചു പറഞ്ഞിട്ടുള്ള സൂറത്തുകളില്‍ ഒന്നാണ് ഇതും. സൂ: ത്വാഹായില്‍ കൂടുതല്‍ വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ഓരോ വശത്തിന്‍റെയും ആവശ്യമായ വ്യാഖ്യാനത്തോടുകൂടി അവിടെ നാം വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ അതാവ൪ത്തിച്ച് ദീ൪ഘിപ്പിക്കാതെ അത്യാവശ്യ വിവരണംകൊണ്ട് മതിയാക്കുകയാണ്.

‘ഹാറൂന്‍റെ അടുക്കലേക്ക്‌ ദൂതനെ – അഥവാ മലക്കിനെ – അയക്കുക’ എന്ന് പറഞ്ഞതിന്‍റെ താല്‍പര്യം തനിക്ക് ഒരു സഹായകന്‍ എന്ന നിലക്ക് അദ്ദേഹത്തെ റസൂലായി നിയോഗിച്ചു തരണമെന്നായിരുന്നു. ‘എന്‍റെ മേല്‍ അവര്‍ക്ക് ഒരു കുറ്റം ആരോപിക്കുവാനുണ്ട്’ എന്ന് പറഞ്ഞത്, അദ്ദേഹം മുമ്പ് ഒരു ഖിബ്ത്തിയെ കൊലപ്പെടുത്തിയ സംഭവത്തെ ഉദ്ദേശിച്ചാണ്‌. മൂസാ (അ) നബിയുടെ അപേക്ഷ അല്ലാഹു അനുവദിച്ചുകൊടുത്തു.

26:15
 • قَالَ كَلَّا ۖ فَٱذْهَبَا بِـَٔايَـٰتِنَآ ۖ إِنَّا مَعَكُم مُّسْتَمِعُونَ ﴾١٥﴿
 • അവന്‍ [അല്ലാഹു] പറഞ്ഞു: 'ഒരിക്കലുമില്ല; എന്നാല്‍ നിങ്ങള്‍ രണ്ടുപേരും നമ്മുടെ ദൃഷ്ടാന്തങ്ങളുമായി പോയിക്കൊള്ളുക. നിശ്ചയമായും, നാം നിങ്ങളുടെകൂടെ (എല്ലാം) കേട്ടു കൊണ്ടിരിക്കുന്നതാണ്. (ഞാന്‍ നിങ്ങളെ സഹായിക്കും.).
 • قَالَ അവന്‍ പറഞ്ഞു كَلَّا ഒരിക്കലുമില്ല, അങ്ങനെയല്ല, അതുവേണ്ടാ فَاذْهَبَا എന്നാല്‍ രണ്ടാളും പോകുക بِآيَاتِنَا നമ്മുടെ ദൃഷ്ടാന്തങ്ങളുംകൊണ്ട് إِنَّا നിശ്ചയമായും നാം مَعَكُم നിങ്ങളുടെകൂടെ, ഒന്നിച്ച് مُّسْتَمِعُونَ കേട്ടുകൊണ്ടിരിക്കുന്നതാണ്, ശ്രദ്ധിച്ചു കേള്‍ക്കുന്നവരാണ്‌

26:16
 • فَأْتِيَا فِرْعَوْنَ فَقُولَآ إِنَّا رَسُولُ رَبِّ ٱلْعَـٰلَمِينَ ﴾١٦﴿
 • 'എന്നിട്ട് നിങ്ങള്‍ ഫി൪ഔന്‍റെയടുക്കല്‍ ചെന്ന് ഞങ്ങള്‍ രണ്ടുപേരും ലോകരക്ഷിതാവിന്‍റെ ദൂതന്‍മാരാണ് എന്നു പറയുക;
 • فَأْتِيَا എന്നിട്ടു രണ്ടുപേരും ചെല്ലുവിന്‍ فِرْعَوْنَ ഫി൪ഔന്‍റെ അടുക്കല്‍ فَقُولَا എന്നിട്ടു പറയുവിന്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ رَسُولُ ദൂതന്‍മാരാണ് رَبِّ الْعَالَمِينَ ലോകരക്ഷിതാവിന്‍റെ, ലോകരുടെ റബ്ബിന്‍റെ
26:17
 • أَنْ أَرْسِلْ مَعَنَا بَنِىٓ إِسْرَٰٓءِيلَ ﴾١٧﴿
 • '-ഇസ്രാഈല്‍ സന്തതികളെ ഞങ്ങളുടെ കൂടെ നീ വിട്ടയച്ചു തരേണമെന്ന്. (ഇതാണ് ദൗത്യം).
 • أَنْ أَرْسِلْ നീ വിട്ടയച്ചു തരണമെന്നു مَعَنَا ഞങ്ങളുടെകൂടെ, ഒപ്പം بَنِي إِسْرَائِيلَ ഇസ്രാഈല്‍ സന്തതികളെ (ഗോത്രത്തെ)

തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കുക എന്നതാണ് എല്ലാ റസൂലുകളുടെയും പ്രഥമപ്രധാനമായ കടമ. ഇതിനുപുറമെ, ധാര്‍മ്മികമായും, സദാചാരപരമായുമുള്ള നിയമനിര്‍ദ്ദേശങ്ങളും അവര്‍ അറിയിച്ചു കൊടുക്കേണ്ടതുണ്ട്. എന്നാല്‍, അതതു ജനങ്ങളുടെ പരിതസ്ഥിതിയനുസരിച്ച് ചില പ്രവാചകന്‍മാര്‍ക്ക് പ്രത്യേകമായി ചില കടമകളും നിര്‍വ്വഹിക്കേണ്ടതുണ്ടായിരിക്കും. ഈ സൂറത്തില്‍ തുടര്‍ന്നുവരുന്ന നബിമാരുടെ കഥകളില്‍നിന്നും മറ്റും ഇത് മനസ്സിലാക്കാം. ഫി൪ഔന്‍റെയും, ഇസ്രാഈല്‍ ഗോത്രക്കാരുടെയും പ്രത്യേക പരിതസ്ഥിതി നിമിത്തം, ഇസ്രാഈല്യരെ ഫി൪ഔനില്‍ നിന്ന് മോചിപ്പിക്കുകയെന്നത് മൂസാ (അ) നബിയെ സംബന്ധിച്ചിടത്തോളം, വളരെ പ്രധാനപ്പെട്ട ഒരു പ്രത്യേക കര്‍ത്തവ്യമായിരുന്നു. ഇസ്രാഈല്‍ ജനത ഏറെക്കുറെ 400 കൊല്ലത്തോളമായി ഖിബ്ത്തികളുടെ (ഈജിപ്തുകാരുടെ) അടിമകളും ഭൃത്യന്‍മാരുമായി കഴിഞ്ഞുകൂടുകയാണ്. അതികഠിനമായ മര്‍ദ്ദനങ്ങള്‍ സഹിച്ചു കൊണ്ടാണവര്‍ ഈജിപ്തില്‍ ജീവിച്ചുവരുന്നത്. അവരില്‍ മുന്‍കഴിഞ്ഞുപോയിട്ടുള്ള പ്രവാചകന്‍മാരാല്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള ഫലസ്തീന്‍ പ്രദേശത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോയി രക്ഷപ്പെടുത്തുവാന്‍ അവരെ തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നാണ് മൂസാ (അ) ഫി൪ഔനോട് അല്ലാഹുവിന്‍റെ കല്‍പനപ്രകാരം ആവശ്യപ്പെടുന്നത്. അവനുണ്ടോ അതിന് സമ്മതിക്കുന്നു?!-

26:18
 • قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ ﴾١٨﴿
 • അവന്‍ [ഫി൪ഔന്‍] പറഞ്ഞു: 'കുട്ടിയായിരുന്നപ്പോള്‍ ഞങ്ങളുടെ കൂട്ടത്തില്‍ നിന്നെ ഞങ്ങള്‍ വളര്‍ത്തിവന്നില്ലേ?! നിന്‍റെ ആയുഷ്കാലത്തില്‍നിന്നു കുറേ കൊല്ലങ്ങള്‍ ഞങ്ങളുടെ ഇടയില്‍ നീ കഴിഞ്ഞുകൂടുകയും ചെയ്തിരിക്കുന്നു?!'
 • قَالَ അവന്‍ പറഞ്ഞു أَلَمْ نُرَبِّكَ ഞങ്ങള്‍ നിന്നെ വളര്‍ത്തിവന്നില്ലേ فِينَا ഞങ്ങളില്‍, ഞങ്ങളുടെ ഇടയില്‍ وَلِيدًا കുട്ടിയായിരിക്കെ, ശിശുവായിരിക്കെ وَلَبِثْتَ നീ കഴിഞ്ഞുകൂടുകയും ചെയ്തു, താമസിക്കുകയും ചെയ്തു فِينَا ഞങ്ങളില്‍, ഞങ്ങളുടെഇടയില്‍ مِنْ عُمُرِكَ നിന്‍റെ ആയുഷ്കാലത്തില്‍ നിന്നു سِنِينَ കുറെ കൊല്ലങ്ങള്‍
26:19
 • وَفَعَلْتَ فَعْلَتَكَ ٱلَّتِى فَعَلْتَ وَأَنتَ مِنَ ٱلْكَـٰفِرِينَ ﴾١٩﴿
 • 'നീ ചെയ്തിട്ടുള്ള (ആ ദുഷ്‌)പ്രവൃത്തിയും നീ ചെയ്തു. 'നീ കൃതഘ്നന്‍മാരില്‍ പെട്ടവന്‍തന്നെ!'
 • وَفَعَلْتَ നീ പ്രവര്‍ത്തിക്കയും ചെയ്തു فَعْلَتَكَ നിന്‍റെ (ദുഷിച്ച) പ്രവൃത്തി, വിക്രിയ الَّتِي فَعَلْتَ നീ ചെയ്ത, പ്രവര്‍ത്തിച്ച وَأَنتَ നീ, നീയാകട്ടെ مِنَ الْكَافِرِينَ നന്ദികെട്ടവരില്‍ പെട്ടവന്‍തന്നെ, കൃതഘ്നരില്‍ പെട്ടവനാണ്

മൂസാ (അ) നബിയെ ഒരു കുറ്റവാളിയും, നന്ദികെട്ടവനും, ധിക്കാരിയുമായി ചിത്രീകരിക്കുവനാണ്, ഫി൪ഔന്‍ ഇതൊക്കെപ്പറയുന്നത്. നീ ഒരു ചോരക്കുഞ്ഞായിരുന്നപ്പോള്‍, ഞങ്ങള്‍ നിന്നെ നദിയില്‍നിന്ന് രക്ഷപ്പെടുത്തി; ഞങ്ങള്‍ ലാളിച്ചുവളര്‍ത്തി; വളരെക്കാലം നീ ഞങ്ങളുടെ ഇടയില്‍ സുഖസമ്പൂര്‍ണ്ണനായി കഴിഞ്ഞുകൂടി. ഇതെല്ലാം ഇരിക്കവെ ഞങ്ങളുടെ കൂട്ടത്തില്‍ ഒരാളെ നീ കൊലചെയ്ത് നാടുവിടുകയും ചെയ്തു. ഇത്രയും നന്ദികേട് കാട്ടിയ ശേഷം – ഇപ്പോഴിതാ – ഒരു പുതിയ മതവും, വാദവുമായി വന്നിരിക്കുന്നു! എന്നത്രെ ഫി൪ഔന്‍റെ ആക്ഷേപം.

മൂസാ (അ) നബി അവരുടെ കൂട്ടത്തില്‍ 18 കൊല്ലമാണ് കഴിഞ്ഞുകൂടിയതെന്നും അതല്ല 30 കൊല്ലമാണെന്നും പറയപ്പെടുന്നു. ദിവ്യദൗത്യവുമായി ഈജിപ്തില്‍ വന്നശേഷം ഒരു കൊല്ലത്തെ പരിശ്രമം കൊണ്ടാണ് ഫി൪ഔന്‍റെ സന്നിധിയില്‍ അഭിമുഖസംഭാഷണത്തിന് അവസരം ലഭിച്ചതെന്നും ചിലര്‍ പറഞ്ഞുകാണുന്നു. الله أعلم

26:20
 • قَالَ فَعَلْتُهَآ إِذًا وَأَنَا۠ مِنَ ٱلضَّآلِّينَ ﴾٢٠﴿
 • അദ്ദേഹം പറഞ്ഞു: 'ആ അവസരത്തില്‍ ഞാനതു ചെയ്കയുണ്ടായി; ഞാന്‍ (സന്‍മാര്‍ഗ്ഗമറിയാതെ) പിഴവു ബാധിച്ചവരില്‍പെട്ടവനായിരുന്നു.
 • قَالَ അദ്ദേഹം പറഞ്ഞു فَعَلْتُهَا അതു ഞാന്‍ പ്രവര്‍ത്തിച്ചു, ചെയ്തു إِذًا അപ്പോള്‍, ആ അവസരത്തില്‍ وَأَنَا ഞാനാകട്ടെ, ഞാന്‍ مِنَ الضَّالِّينَ (അറിവില്ലാതെ) പിഴവുപിണഞ്ഞവരില്‍ പെട്ടവനായിരുന്നു
26:21
 • فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِى رَبِّى حُكْمًا وَجَعَلَنِى مِنَ ٱلْمُرْسَلِينَ ﴾٢١﴿
 • 'അങ്ങനെ, നിങ്ങളെ ഭയപ്പെട്ടപ്പോള്‍ നിങ്ങളില്‍ നിന്ന് ഞാന്‍ ഓടിപ്പോയി. അനന്തരം എന്‍റെ റബ്ബ് എനിക്കു വിജ്ഞാനം പ്രദാനംചെയ്തു; എന്നെ അവന്‍ മുര്‍സലുകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
 • فَفَرَرْتُ അങ്ങനെ (അതിനാല്‍) ഞാന്‍ ഓടിപ്പോയി مِنكُمْ നിങ്ങളില്‍ നിന്നു لَمَّا خِفْتُكُمْ ഞാന്‍ നിങ്ങളെ ഭയപ്പെട്ടപ്പോള്‍ فَوَهَبَ അനന്തരം (എന്നിട്ടു) പ്രദാനംചെയ്തു لِي എനിക്കു رَبِّي എന്‍റെ റബ്ബ് حُكْمًا വിജ്ഞാനം, വിധി, അധികാരം وَجَعَلَنِي എന്നെ അവന്‍ ആക്കുക (ഉള്‍പ്പെടുത്തുക)യും ചെയ്തു مِنَ الْمُرْسَلِينَ മുര്‍സലുകളില്‍
26:22
 • وَتِلْكَ نِعْمَةٌ تَمُنُّهَا عَلَىَّ أَنْ عَبَّدتَّ بَنِىٓ إِسْرَٰٓءِيلَ ﴾٢٢﴿
 • 'അതാകട്ടെ, ഇസ്രാഈല്‍ സന്തതികളെ നീ അടിമകളാക്കിവെച്ചതിനാല്‍, എന്‍റെമേല്‍ നീ എടുത്തു പറയുന്ന ഒരനുഗ്രഹമത്രെ'.
 • وَتِلْكَ അതു,അതാകട്ടെ نِعْمَةٌ ഒരു അനുഗ്രഹമാണ് تَمُنُّهَا അതു നീ എടുത്തു പറയുന്നു, ദാക്ഷിണ്യം പറയുന്നു عَلَيَّ എന്‍റെമേല്‍ أَنْ عَبَّدتَّ നീ അടിമകളാക്കിയതിനാല്‍ بَنِي إِسْرَائِيلَ ഇസ്രാഈല്‍, സന്തതികളെ

മൂസാ (അ) ആദ്യമായി കുറ്റം സമ്മതിക്കുകയും, ആ കൈതെറ്റ് വന്നുപോയ പരിതസ്ഥിതി വിവരിക്കുകയും ചെയ്തു. ഇന്ന് എനിക്ക് ലഭിച്ചിട്ടുള്ള അറിവും, ബോധവും അന്നെനിക്കുണ്ടായിരുന്നില്ല; എന്‍റെ പക്കല്‍ അബദ്ധത്തില്‍ വന്നുപോയ ആ കുറ്റത്തിന് നിങ്ങളെന്നെ കൊന്നുകളയുമെന്ന് പേടിച്ച് ഞാന്‍ നാടുവിടുകയാണുണ്ടായത്. ഇപ്പോള്‍, അല്ലാഹു എനിക്ക് വിജ്ഞാനവും, പ്രവാചകത്വവും നല്‍കിയിരിക്കുന്നു, ആ നിലക്കാണ് ഞാന്‍ നിങ്ങളുടെ അടുക്കല്‍ അവന്‍റെ ദൗത്യവും കൊണ്ടു വന്നിരിക്കുന്നത്. പിന്നെ, നിങ്ങള്‍ എനിക്ക് ചെയ്ത ചില അനുഗ്രഹങ്ങള്‍ എടുത്തുപറയുകയുണ്ടായി. വാസ്തവത്തില്‍ അത് നിങ്ങളുടെ ഒരു അനുഗ്രഹമായി എടുത്തുദ്ധരിക്കുവാന്‍ സംഗതിയായത്‌ ഇസ്രാഈല്യരെ ആകമാനം നീ അടിമകളാക്കി നിര്‍ദ്ദാക്ഷിണ്യം മര്‍ദ്ദിച്ചുവന്നതുകൊണ്ടാണല്ലോ. അതില്ലായിരുന്നുവെങ്കില്‍, മറ്റു കുട്ടികളെപ്പോലെ ഞാനും എന്‍റെ വീട്ടില്‍ എന്‍റെ കുടുംബത്തിന്‍റെ കീഴില്‍ തന്നെ വളര്‍ന്നുവരുമായിരുന്നു. ആ സ്ഥിതിക്ക് അതൊരു ദയാദാക്ഷിണ്യമായി എടുത്തു പറയാനില്ല. എന്നൊക്കെയാണ് മൂസാ (അ) നബി മറുപടി പറയുന്നത്.

‘ഞങ്ങള്‍ ലോകരക്ഷിതാവിന്‍റെ ദൂതന്‍മാരാണെന്ന്’ മൂസാ (അ) പറഞ്ഞുവല്ലോ. ഫി൪ഔന് അത് സഹിക്കാന്‍ കഴിഞ്ഞില്ല.

26:23
 • قَالَ فِرْعَوْنُ وَمَا رَبُّ ٱلْعَـٰلَمِينَ ﴾٢٣﴿
 • ഫി൪ഔന്‍ പറഞ്ഞു: 'എന്താണ് ലോകരക്ഷിതാവ് (എന്നു പറയുന്നത്)?!'
 • قَالَ فِرْعَوْنُ ഫി൪ഔന്‍ പറഞ്ഞു وَمَا എന്താണ്, ഏതാണ് رَبُّ الْعَالَمِينَ ലോകരക്ഷിതാവ്, ലോകരുടെ റബ്ബ്
26:24
 • قَالَ رَبُّ ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَمَا بَيْنَهُمَآ ۖ إِن كُنتُم مُّوقِنِينَ ﴾٢٤﴿
 • അദ്ദേഹം പറഞ്ഞു: 'ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവാണ്‌. നിങ്ങള്‍ ദൃഢവിശ്വാസമുള്ളവരാണെങ്കില്‍!'
 • قَالَ അദ്ദേഹം പറഞ്ഞു رَبُّ السَّمَاوَاتِ ആകാശങ്ങളുടെ റബ്ബ് وَالْأَرْضِ ഭൂമിയുടെയും وَمَا بَيْنَهُمَا രണ്ടിനുമിടയിലുള്ളതിന്‍റെയും إِن كُنتُم നിങ്ങളാണെങ്കില്‍ مُّوقِنِينَ ഉറപ്പിക്കുന്നവര്‍, ദൃഢമായി വിശ്വസിക്കുന്നവര്‍

ഇത് കേട്ടപ്പോള്‍ അവന്‍ ആശ്ചര്യം പ്രകടിപ്പിച്ചു. താനല്ലാതെ മറ്റൊരു റബ്ബും, ഇലാഹും ഇല്ലെന്ന് വാദം മുഴക്കിയിരുന്ന അവന്‍ അത് പരിഹാസ്യമാക്കുവാന്‍ ശ്രമം നടത്തി.

26:25
 • قَالَ لِمَنْ حَوْلَهُۥٓ أَلَا تَسْتَمِعُونَ ﴾٢٥﴿
 • അവന്‍ തന്‍റെ ചുറ്റുമുള്ളവരോടു പറഞ്ഞു: 'നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ (-ഇവന്‍ പറയുന്നത്)?!'
 • قَالَ അവന്‍ പറഞ്ഞു لِمَنْ യാതൊരുവരോടു حَوْلَهُ അവന്‍റെ ചുറ്റുമുള്ള أَلَا تَسْتَمِعُونَ നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കുന്നില്ലേ
26:26
 • قَالَ رَبُّكُمْ وَرَبُّ ءَابَآئِكُمُ ٱلْأَوَّلِينَ ﴾٢٦﴿
 • അദ്ദേഹം പറഞ്ഞു: 'നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂര്‍വ്വികന്‍മാരായ പിതാക്കളുടെ രക്ഷിതാവും തന്നെ.'
 • قَالَ അദ്ദേഹം പറഞ്ഞു رَبُّكُمْ നിങ്ങളുടെ റബ്ബാണ് وَرَبُّ آبَائِكُمُ നിങ്ങളുടെ പിതാക്കളുടെയും റബ്ബാണ് الْأَوَّلِينَ പൂര്‍വ്വികന്‍മാരായ, ആദ്യത്തേവരായ

ഇങ്ങിനെ, മൂസാ (അ) നബി കാര്യം ഒന്നുകൂടി വ്യക്തമാക്കി. പക്ഷേ, ഫി൪ഔന്‍ പരിഹാസം വിട്ട് ശുണ്ഠിയിലേക്ക് നീങ്ങി.

26:27
 • قَالَ إِنَّ رَسُولَكُمُ ٱلَّذِىٓ أُرْسِلَ إِلَيْكُمْ لَمَجْنُونٌ ﴾٢٧﴿
 • അവന്‍ (സദസ്യരോടു) പറഞ്ഞു: 'നിങ്ങളുടെ അടുക്കലേക്ക്‌ അയക്കപ്പെട്ടിട്ടുള്ള നിങ്ങളുടെ (ഈ) റസൂല്‍ നിശ്ചയമായും ഭ്രാന്തന്‍ തന്നെയാണ്.!'
 • قَالَ അവന്‍ പറഞ്ഞു إِنَّ رَسُولَكُمُ നിശ്ചയമായും നിങ്ങളുടെ റസൂല്‍ الَّذِي أُرْسِلَ അയക്കപ്പെട്ടവനായ إِلَيْكُمْ നിങ്ങളിലേക്ക് لَمَجْنُونٌ ഭ്രാന്തന്‍തന്നെ

26:28
 • قَالَ رَبُّ ٱلْمَشْرِقِ وَٱلْمَغْرِبِ وَمَا بَيْنَهُمَآ ۖ إِن كُنتُمْ تَعْقِلُونَ ﴾٢٨﴿
 • അദ്ദേഹം പറഞ്ഞു: 'ഉദയസ്ഥാനത്തിന്‍റെയും, അസ്തമയ സ്ഥാനത്തിന്‍റെയും, അവ രണ്ടിനുമിടയിലുള്ളതിന്‍റെയും റബ്ബാകുന്നു (അവന്‍) -നിങ്ങള്‍ മനസ്സിരുത്തുന്നുണ്ടെങ്കില്‍!'
 • قَالَ അദ്ദേഹം പറഞ്ഞു رَبُّ الْمَشْرِقِ ഉദയസ്ഥാനത്തിന്‍റെ റബ്ബാണ് وَالْمَغْرِبِ അസ്തമനസ്ഥാനത്തിന്‍റെയും وَمَا بَيْنَهُمَا രണ്ടിനുമിടയ്ക്കുള്ളതിന്‍റെയും إِن كُنتُمْ നിങ്ങളാണെങ്കില്‍ تَعْقِلُونَ മനസ്സിരുത്തുന്ന, ബുദ്ധികൊടുക്കുന്നവര്‍

ഫി൪ഔന്ന് ഔദ്ധത്യം വര്‍ദ്ധിച്ചു. ന്യായത്തില്‍കൂടി സംസാരിക്കുവാന്‍ അവന്‍ വഴി കാണുന്നില്ല. അങ്ങനെ ശക്തി ഉപയോഗിക്കുവാന്‍ മുതിര്‍ന്നു ഗര്‍ജ്ജിക്കുകയായി.

26:29
 • قَالَ لَئِنِ ٱتَّخَذْتَ إِلَـٰهًا غَيْرِى لَأَجْعَلَنَّكَ مِنَ ٱلْمَسْجُونِينَ ﴾٢٩﴿
 • അവന്‍ പറഞ്ഞു: 'ഞാനല്ലാത്ത വല്ല ഇലാഹിനെയും നീ സ്വീകരിക്കുകയാണെങ്കില്‍, നിശ്ചയമായും ഞാന്‍ നിന്നെ തടവുകാരുടെ കൂട്ടത്തിലാക്കുക തന്നെ ചെയ്യും.'
 • قَالَ അവന്‍ പറഞ്ഞു لَئِنِ اتَّخَذْتَ നീ സ്വീകരിക്കുന്നപക്ഷം, ഏര്‍പ്പെടുത്തിയാല്‍ إِلَـٰهًا غَيْرِي ഞാനല്ലാത്ത ഒരു ഇലാഹിനെ لَأَجْعَلَنَّكَ നിശ്ചയമായും ഞാന്‍ നിന്നെ ആക്കുകതന്നെ ചെയ്യും مِنَ الْمَسْجُونِينَ തടവുകാരില്‍, ബന്ധനത്തിലാക്കപ്പെട്ടവരില്‍
26:30
 • قَالَ أَوَلَوْ جِئْتُكَ بِشَىْءٍ مُّبِينٍ ﴾٣٠﴿
 • അദ്ദേഹം പറഞ്ഞു: 'ഞാന്‍ സുപ്രത്യക്ഷമായ ഒരു കാര്യം [ദൃഷ്ടാന്തം] നിനക്ക് കൊണ്ടുവന്നാലോ?! (നീ സമ്മതിക്കുകയില്ലേ?)'
 • قَالَ അദ്ദേഹം പറഞ്ഞു أَوَلَوْ جِئْتُكَ ഞാന്‍ നിനക്കു വന്നുവെങ്കിലോ بِشَيْءٍ ഒരു വസ്തുവുംകൊണ്ട് مُّبِينٍ സ്പഷ്ടമായ, വ്യക്തമായ
26:31
 • قَالَ فَأْتِ بِهِۦٓ إِن كُنتَ مِنَ ٱلصَّـٰدِقِينَ ﴾٣١﴿
 • അവന്‍ പറഞ്ഞു: 'എന്നാല്‍, നീ അതു കൊണ്ടുവരുക. നീ സത്യവാന്‍മാരില്‍പെട്ടനവാണെങ്കില്‍!'
 • قَالَ അവന്‍ പറഞ്ഞു فَأْتِ എന്നാല്‍ നീ വാ بِهِ അതുംകൊണ്ട് إِن كُنتَ നീ ആകുന്നുവെങ്കില്‍ مِنَ الصَّادِقِينَ സത്യവാന്‍മാരില്‍
26:32
 • فَأَلْقَىٰ عَصَاهُ فَإِذَا هِىَ ثُعْبَانٌ مُّبِينٌ ﴾٣٢﴿
 • അങ്ങനെ, അദ്ദേഹം തന്‍റെവടി (താഴെ) ഇട്ടു; അപ്പോഴതാ, അതൊരു പ്രത്യക്ഷമായ പാമ്പ്!
 • فَأَلْقَىٰ അങ്ങനെ അദ്ദേഹം ഇട്ടു عَصَاهُ തന്‍റെ വടി فَإِذَا هِيَ അപ്പോഴതാ അത് ثُعْبَانٌ ഒരു പാമ്പ്, സര്‍പ്പം مُّبِينٌ പ്രത്യക്ഷമായ
26:33
 • وَنَزَعَ يَدَهُۥ فَإِذَا هِىَ بَيْضَآءُ لِلنَّـٰظِرِينَ ﴾٣٣﴿
 • അദ്ദേഹം തന്‍റെ കൈ (കക്ഷത്തുനിന്ന്) പുറത്തേക്കെടുത്തു; അപ്പോഴതാ - നോക്കുന്നവര്‍ക്ക് - അതൊരു വെളുത്ത വസ്തു!
 • وَنَزَعَ അദ്ദേഹം പുറത്തെടുത്തു, ഊരിഎടുത്തു يَدَهُ തന്‍റെ കൈ فَإِذَا هِيَ അപ്പോഴതാ അത് بَيْضَاءُ ഒരു വെളുത്തവസ്തു, വെളുത്തതാകുന്നു لِلنَّاظِرِينَ നോക്കുന്നവര്‍ക്ക്

ഫി൪ഔന്‍ ശക്തി ഉപയോഗിക്കുവാനുള്ള ഭാവമാണെന്ന് കണ്ടപ്പോള്‍, മൂസാ (അ) ന്യായവാദത്തില്‍ നിന്നും ദൃഷ്ടാന്തത്തിലേക്കു തിരിഞ്ഞു. കണ്ടാല്‍ ആരും സമ്മതിക്കത്തക്ക ദൃഷ്ടാന്തം കാട്ടിത്തന്നാല്‍ സമ്മതിക്കുമോ, എന്നായി. എന്നാലതൊന്ന് കാണട്ടെ, എന്ന് ഫി൪ഔനും, പക്ഷേ, മൂസാ (അ) വടിയുടെയും, കയ്യിന്‍റെയും ദൃഷ്ടാന്തങ്ങള്‍ കാണിച്ചപ്പോള്‍ ജാലവിദ്യയെന്നു പറഞ്ഞു തള്ളുവാനും, ദുര്‍വ്യാഖ്യാനം ചെയ്‌വാനും ഫി൪ഔന്‍ മുതിരുകയായി;-